വെളിപ്പാടും അവതാരവും

വെളിപ്പാടും അവതാരവും

“ജീവനുള്ള ദൈവം ജഡത്തിലുള്ള വെളിപ്പെട്ടു; ആത്മാവിൽ നീതീകരിക്കപ്പെട്ടു; ദൂതന്മാർക്കു പ്രത്യക്ഷനായി; ജാതികളുടെ ഇടയിൽ പ്രസംഗിക്കപ്പെട്ടു; ലോകത്തിൽ വിശ്വസിക്കപ്പെട്ടു; തേജസ്സിൽ എടുക്കപ്പെട്ടു എന്നിങ്ങനെ ദൈവഭക്തിയുടെ മർമ്മം സമ്മതമാംവണ്ണം വലിയതാകുന്നു.” (1തിമൊ, 3:16)

ദൈവത്തിൻ്റെ അവതാരമാണ് ക്രിസ്തുവെന്ന് ക്രൈസ്തവസഭയിലെ ഭൂരിപക്ഷം പേരും വിശ്വസിക്കുന്നു. അവതാരവും (Incarnation) വെളിപ്പാടും (Manifestation) ഒന്നാണെന്ന് വിചാരിക്കുന്നവരുമുണ്ട്. എന്നാൽ ദൈവത്തിന് അവതാരമല്ല; വെളിപ്പാടാണുള്ളതെന്ന് ബൈബിൾ വ്യക്തമാക്കുന്നു. പഴയനിയമത്തിലും പുതിയനിയമത്തിലും ഉള്ളത് ഏകദൈവത്തിൻ്റെ വെളിപ്പാട് അഥവാ പ്രത്യക്ഷതയാണ്. ദൈവം അവതരിച്ചിട്ടില്ല എന്നല്ല; ദൈവത്തിന് അവതരിക്കാൻ കഴിയില്ലെന്നതാണ് ബൈബിൾ വെളിപ്പെടുത്തുന്ന വസ്തുത. എന്തെന്നാൽ ദൈവം ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവൻ അഥവാ മാറ്റമോ മാറ്റത്തിൻ്റെ നിഴലോ ഇല്ലാത്തവനാണ്. (യാക്കോ, 1:17). തൻ്റെ സ്വഭാവവും സ്വരൂപവും ത്യജിച്ചുകൊണ്ട് അവന് അവതാരമെടുക്കാൻ കഴിയില്ല. (മലാ, 3:6; 2തിമൊ, 2:13). അവതാരവും വെളിപ്പാടും തമ്മിലുള്ള വ്യത്യാസംപോലും അനേകർക്കും അറിയില്ലെന്നതാണ് വസ്തുത. വെളിപ്പാട് അഥവാ പ്രത്യക്ഷത: “ഗതിഭേദത്താലുള്ള ആഛാദനമില്ലാത്ത അഗോചരനായ ദൈവം തൻ്റെ സ്ഥായിയായ അവസ്ഥയിൽ ഇരിക്കുമ്പോൾത്തന്നെ, മറ്റെവിടെയും താൻ ഇച്ഛിക്കുന്നവരുടെ മുമ്പിൽ അവർക്കു ഗോചരമായ വിധത്തിൽ ദൈവമായോ, അദൃശ്യനായ ആത്മാവായോ, മനുഷ്യനായോ, വചനമായോ തന്നെത്തന്നെ ദൃശ്യമാക്കുന്നതാണ് വെളിപ്പാട് അഥവാ പ്രത്യക്ഷത.” അവതാരം: “ദൈവം തൻ്റെ സ്ഥായിയായ രൂപം ത്യജിച്ചിട്ട് മറ്റൊരു രൂപമെടുക്കുന്നതാണ് അവതാരം.” അവതാരം ജാതികളുടെ സങ്കല്പമാണ്; അവർപോലും അതൊരു വസ്തുതയായി കണക്കാക്കുന്നില്ലെന്ന് അറിയുമ്പോഴാണ് ത്രിത്വമെന്ന ഉപദേശം എത്ര ഹീനമാണെന്ന് മനസ്സിലാകുന്നത്. ബൈബിൾവിരുദ്ധ ഉപദേശം സ്ഥാപിക്കാൻ അവതാരമെന്ന ജാതീയ സങ്കല്പമാണ് ത്രിത്വം സത്യദൈവത്തോടു കൂട്ടിക്കെട്ടാൻ ശ്രമിക്കുന്നത്.

ഏകദൈവത്തിൻ്റെ പ്രകൃതി: ബൈബിൾ വെളിപ്പെടുത്തുന്ന ഏകദൈവത്തിൻ്റെ വെളിപ്പാട് അഥവാ പ്രത്യക്ഷത എന്താണെന്ന് മനസ്സിലാക്കാൻ ആദ്യമറിയേണ്ടത് ദൈവത്തിൻ്റെ പ്രകൃതിയാണ്. “അക്ഷയനും ആദൃശ്യനും ആത്മാവും ആകാശങ്ങളും ഭൂമിയും നിറഞ്ഞുനില്ക്കുന്നവനും ആരുമൊരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനും ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവനുമായ ഏകദൈവം (monos theos) ആണ് നമുക്കുള്ളത്:” (1തിമൊ, 1:17; യോഹ, 4:24; യിരെ, 23:23,24; യോഹ, 1:18; 1തിമൊ, 6:16; യാക്കോ, 1:17; മലാ, 3:6). ദൈവം അദൃശ്യനാണെന്നു മൂന്നുവട്ടവും (കൊലൊ, 1:15; 1തിമൊ, 1:17; എബ്രാ, 11:27) ദൈവത്തെ ആരുമൊരുനാളും കണ്ടിട്ടില്ലെന്നു രണ്ടുവട്ടവും (യോഹ, 1:18; 1യോഹ, 4:12) ദൈവത്തെ കാണ്മാൻ കഴിയില്ലെന്നു ഒരുവട്ടവും പറഞ്ഞിട്ടുണ്ട്: (1തിമൊ, 6:16). “അവനിലല്ലോ നാം ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നതു” എന്നാണ് പൗലൊസ് പറയുന്നത്: (പ്രവൃ, 7:28). അവനിലാണ് നാം ചരിക്കയും ഇരിക്കുകയും ചെയ്യുന്നതെന്നു പറഞ്ഞാൽ; ദൈവം പ്രപഞ്ചം മുഴുവൻ നിറഞ്ഞുനില്ക്കുകയാണ് എന്നല്ല; സകലതും അഥവാ പ്രപഞ്ചംമുഴുവൻ ദൈവത്തിലുള്ളിലാണ് സ്ഥിതി ചെയ്യുന്നതെന്നാണ് മനസ്സിലാക്കേണ്ടത്. ജ്ഞാനികളിൽ ജ്ഞാനിയായ ശലോമോൻ പറയുന്നതും നോക്കുക: “എന്നാൽ ദൈവം യഥാർത്ഥമായി ഭൂമിയിൽ വസിക്കുമോ? സ്വർഗ്ഗത്തിലും സ്വർഗ്ഗാധിസ്വർഗ്ഗത്തിലും നീ അടങ്ങുകയില്ലല്ലോ; പിന്നെ ഞാൻ പണിതിരിക്കുന്ന ഈ ആലയത്തിൽ അടങ്ങുന്നതു എങ്ങനെ?” (1രാജാ, 8:27; 2ദിന, 2:6; 6:18. ഒ.നോ: സങ്കീ, 139: 7-10; യിരെ, 23:23,24).

സർവ്വപ്രപഞ്ചവും നിറഞ്ഞുനില്ക്കുന്ന അദൃശ്യനും ആത്മാവുമായ ദൈവം തൻ്റെ സ്ഥായിയായ അവസ്ഥയും അസ്തിത്വവും ത്യജിച്ചുകൊണ്ടല്ല പ്രത്യക്ഷനാകുന്നത്. അദൃശ്യനായ ഏകദൈവം ഗതിഭേദത്താൽ ആഛാദനമില്ലാത്തവനാകയാൽ തൻ്റെ അസ്തിത്വം തനിക്ക് ത്യജിക്കാൻ കഴിയില്ല. “അഗോചരനായ ദൈവം തൻ്റെ സ്ഥായിയായ അസ്തിത്വത്തിൽ മാറ്റംവരാത്തവനായി ഇരിക്കുമ്പോൻത്തന്നെ, മനുഷ്യർക്ക് തന്നെത്തന്നെ ദൃഷ്ടിഗോചരമാക്കാൻ താനെടുക്കുന്ന പുതിയ അസ്തിത്വത്തെയാണ് വെളിപ്പാട് അഥവാ പ്രത്യക്ഷതയെന്നു പറയുന്നത്.” ദൈവത്തിൻ്റെ അറുപതോളം പ്രത്യക്ഷതകൾ ബൈബിളിലുണ്ട്. അതിൽ വ്യത്യസ്തമായ ചില പ്രത്യക്ഷതകളുണ്ട്: സർവ്വശക്തിയുള്ള ദൈവയുള്ള പ്രത്യക്ഷത: (ഉല്പ, 17:1–പുറ, 6:3). മനുഷ്യനായുള്ള പ്രത്യക്ഷത: (ഉല്പ, 18:1,2). യഹോവയെന്ന നാമത്തിലുള്ള പ്രത്യക്ഷത: (പുറ, 4:5–6:3). മേഘത്തിലുള്ള പ്രത്യക്ഷത: (ലേവ്യ, 16-2–പുറ, 25:22). മേഘസ്തംഭത്തിലുള്ള പ്രത്യക്ഷത: (ആവ, 31:15). യേശുവെന്ന നാമത്തിൽ മനുഷ്യപ്രത്യക്ഷത: (1തിമൊ, 3:14-16; 1പത്രൊ, 1:20), അദൃശ്യനായ ആത്മാവായുള്ള പ്രത്യക്ഷത: (ലൂക്കൊ, 2:22–പ്രവൃ, 2:3). യേശുവെന്ന നാമത്തിൽ ദൈവമായുള്ള പ്രത്യക്ഷത: (യോഹ, 20:28). മനുഷ്യപുത്രനോടു സദൃശ്യനായ പ്രത്യക്ഷത: (വെളി, 1:13), ഏഴാത്മാവായുള്ള പ്രത്യക്ഷത: (വെളി, 4-5–3:1), ലോകസ്ഥാപനംമുതൽ അറുക്കപ്പെട്ട കുഞ്ഞാടായുള്ള പ്രത്യക്ഷത: (വെളി, 5:6–13:8) തുടങ്ങിയ നിലകളിൽ അദൃശ്യനായ ഏകദൈവത്തിൻ്റെ പ്രത്യക്ഷതകൾ കാണാം.

പ്രത്യക്ഷതകളുടെ പൂർണ്ണത: ദൈവത്തിൻ്റെ എല്ലാപ്രത്യക്ഷതകളും അതിൽത്തന്നെ പൂർണ്ണമായിരിക്കും. അതിൻ്റെ തെളിവാണ് പുതിയനിയമത്തിലെ മനുഷ്യപ്രത്യക്ഷത. ദൈവഭക്തിയുടെ മർമ്മത്തിൽ “God was manifest in the flesh” എന്നാണ് KJV-യിൽ കാണുന്നത്: (1തിമൊ, 3:16). എന്നാൽ അത് പൂർണ്ണമായും ശരിയല്ല. ഭാഷയിലെ സർവ്വനാമം അറിയാമെങ്കിൽ “അവൻ ജഡത്തിൽ വെളിപ്പെട്ടു” എന്നതിലെ “അവൻ” എന്ന സർവ്വനാമം മാറ്റിയിട്ട് തൽസ്ഥാനത്ത് “നാമം” ചേർത്താൽ “ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു” (The Living God was manifest in the flesh) എന്നു കിട്ടും. ജീവനുള്ള ദൈവവും ശാശ്വതരാജാവും യഹോവയാണ്: (യിരെ, 10:10). അതായത്, പൗലൊസ് പറയുന്നത് യഹോവയായ ദൈവമാണ് ജഡത്തിൽ അഥവാ മനുഷ്യനായി വെളിപ്പെട്ട് നമ്മുടെ പാപപരിഹാരം വരുത്തിയതെന്നാണ്. അതാണ് ദൈവഭക്തിയുടെ മർമ്മം: (1തിമൊ, 3:14-16. ഒ.നോ: മത്താ, 1:21; ലൂക്കൊ, 1:68; ഫിലി, 2:6-8; 1തിമൊ, 3:14-16; എബ്രാ, 2:14,15). അദൃശ്യനായ ഏകദൈവം മനുഷ്യരുടെ പാപപരിഹാരാർത്ഥം പുതിയൊരു മനഷ്യാസ്തിത്വം എടുക്കുകയായിരുന്നു: “ആകയാൽ ലോകത്തിൽ വരുമ്പോൾ: ഹനനയാഗവും വഴിപാടും നീ ഇച്ഛിച്ചില്ല; എന്നാൽ ഒരു ശരീരം നീ എനിക്കു ഒരുക്കിയിരിക്കുന്നു.” (എബ്രാ, 10:5; സങ്കീ, 6-8). അതായത്, മനുഷ്യരെല്ലാം പാപികളായതുകൊണ്ട് (ഇയ്യോ, 15:14; 25:4; സഭാ, 7:20; റോമ, 3:23; 5:12) മനുഷ്യനു മനുഷ്യൻ്റെ പാപം പോക്കാൻ കഴിയാത്തതിനാൽ (സങ്കീ, 49:7-9), മനുഷ്യരുടെ പാപത്തിൻ്റെ കുറ്റം സ്രഷ്ടാവായ തൻ്റെ കുറ്റമായി കണ്ടുകൊണ്ട്, പാപത്തിൻ്റെ ശമ്പളം മരണം (റോമ, 6:23), പാപം ചെയ്യുന്ന ദേഹി മരിക്കും (യെഹെ, 18:4), രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല (എബ്രാ, 9:22) എന്ന ദൈവനീതി നിവൃത്തിക്കാൻ ഏകദൈവംതന്നെയാണ് യേശുവെന്ന സംജ്ഞാനാമത്തിലും (മത്താ, 1:21; ലൂക്കൊ, 1:32) ദൈവപുത്രനെന്ന അഭിധാനത്തിലും (ലൂക്കൊ, 1:32,35) പാപമറിയാത്ത മനുഷ്യനായി വെളിപ്പെട്ട് പാപപരിഹാരം വരുത്തിയത്. (മത്താ, 1:21; ലൂക്കൊ, 1:68; യോഹ, 3:13; 2കൊരി, 5:21; ഫിലി, 2:6-8; 1തിമൊ, 3:16; എബ്രാ, 2:14,15).

പൂർണ്ണമനുഷ്യൻ: അക്ഷയനും അദൃശ്യനുമായ ഏകദൈവത്തിൻ്റെ ജഡത്തിലെ പ്രത്യക്ഷതയായ ദൈവപുത്രനായ യേശു ദൈവമായിരുന്നില്ല; പാമറിയാത്ത ഒരു പൂർണ്ണമനുഷ്യൻ ആയിരുന്നു. ദൈവപുത്രനായ യേശുവിന് ഏതൊരു മനുഷ്യനെപ്പോലെയും ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ,26:38) ആത്മാവും (മനുഷ്യാത്മാവ്) ഉണ്ടായിരുന്നു: (ലൂക്കൊ, 23:46). ക്രിസ്തുവിൻ്റെ സാക്ഷ്യം: താൻ ദൈവമല്ലെന്നും “ഏകദൈവം (The only God) അഥവാ ദൈവം ഒരുത്തൻ മാത്രമാണെന്നും (യോഹ, 5:44), പിതാവാണ് ഏകസത്യദൈവം (Father, the only true God) അഥവാ ദൈവം പിതാവ് മാത്രമാണെന്നും (യോഹ, 17:3) അവനെമാത്രം ആരാധിക്കണമെന്നും (മത്താ, 4:10; ലൂക്കൊ, 4:8), പിതാവ് മാത്രമാണ് സകലവും അറിയുന്നതെന്നും (മത്താ,24:36) ലൂക്കൊ, 4:8) പിതാവ്, എന്നെക്കാളും (യോഹ, 14:28) എല്ലാവരെക്കാളും വലിയവനാണെന്നും (യോഹ, 10:29) പറഞ്ഞുകൊണ്ട് താൻ ദൈവമല്ലെന്നു ദൈവപുത്രൻതന്നെ സാക്ഷ്യം പറഞ്ഞിരിക്കുന്നു. തനിക്കൊരു ദൈവമുണ്ടെന്നും: “എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു എന്നു അവരോടു പറക.” (യോഹ, 20:17. ഒ.നോ: മത്താ, 27:46; മർക്കൊ, 15:34) ദൈവപുത്രൻ സാക്ഷ്യം പറഞ്ഞിരിക്കുന്നു. താൻ മനുഷ്യനാണെന്നും “എന്നാൽ ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു; അങ്ങനെ അബ്രാഹാം ചെയ്തില്ലല്ലോ.” (യോഹ, 8:40) എന്നിങ്ങനെ ദൈവത്തിന്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നു വന്ന (ലൂക്കൊ, 2:52) മനുഷ്യനായ ദൈവപുത്രൻ സാക്ഷ്യം പറഞ്ഞിരിക്കുന്നു.

അപ്പൊസ്തലന്മാരുടെ സാക്ഷ്യം: ദൈവപുത്രൻ ദൈവമല്ലെന്നും “പിതാവായ ഏകദൈവമേ നമുക്കുള്ളു” (1കൊരി, 8:6. ഒ.നോ: യോഹ, 8:41; 17:3; എഫെ, 4:6എബ്രാ, 2:11), ദൈവപുത്രൻ മനുഷ്യനാണെന്നും “ദൈവം ഒരുവനല്ലോ. ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.” (1തിമൊ, 2:6. ഒ.നോ: മത്താ, 9:8; 11:19; 26:72; 26:74; മർക്കൊ, 14:71; 15:39; ലൂക്കൊ, 23:4; 23:6; 23:14; 23:47; യോഹ, 1:14; 1:30; 4:29; 5:12; 7:46; 8:40; 9:11; 9:16; 9:24; 10:33; 11:47; 11:50; 18:14; 18:17; 18:29; 19:5; പ്രവൃ, 2:23; 5:28; 17:31; റോമ, 5:15; 1കൊരി, 15:21; 15:47; 2കൊരി, 11:2; ഫിലി, 2:8; 1തിമൊ, 3:16), ജനിച്ചതും വളർന്നതും ജീവിച്ചതും മരിച്ചതും മനുഷ്യനാണെന്നും (ലൂക്കൊ, 1:35; 2:52; യോഹ, 8:40; 10:33; 1തിമൊ, 2:6), ദൈവപുത്രനൊരു ദൈവമുണ്ടെന്നും “നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായി എന്നേക്കും വാഴ്ത്തപ്പെട്ടവൻ ഞാൻ ഭോഷ്കല്ല പറയുന്നതു എന്നറിയുന്നു.” (2കൊരി, 11:31; യോഹ, 20:17; എഫെ, 1:3; 1:17) അപ്പൊസ്തലന്മാർ സാക്ഷ്യം പറഞ്ഞിരിക്കുന്നു.

ജനിച്ചതും വളർന്നതും ജീവിച്ചതും (ലൂക്കൊ, 1:35; 2:52; യോഹ, 8:40; 10:33) ക്രൂശിൽ മരിച്ചതും മനുഷ്യനാണ്: “എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.” (1തിമൊ, 2:6). ക്രിസ്തുവിന് എല്ലാ മനുഷ്യനെപ്പോലെ ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38; ലൂക്കൊ, 23:46) ആത്മാവും (ലൂക്കൊ, 23:46) ഉണ്ടായിരുന്നു. അവൻ മരണസമയത്ത് തൻ്റെ മനുഷ്യാത്മാവിനെ പിതാവിൻ്റെ കയ്യിൽ ഏല്പിച്ചു. (ലൂക്കൊ, 23:46). തന്നെത്തന്നെ മരണത്തിന് ഏല്പിച്ചത് ദൈവാത്മാവിനാലാണ്: (എബ്രാ, 9:14). മൂന്നാംനാൾ ക്രിസ്തുവിനെ ഉയിർപ്പിച്ചത് ദൈവമാണ്: “ദൈവമോ മരണപാശങ്ങളെ അഴിച്ചിട്ടു അവനെ ഉയിർത്തെഴുന്നേല്പിച്ചു. മരണം അവനെ പിടിച്ചു വെക്കുന്നതു അസാദ്ധ്യമായിരുന്നു.” (പ്രവൃ, 2:24. ഒ.നോ: 2:31; 4:10; 5:30; 10:40; 13:30; 13:32; 13:37; 17:31; റോമ, 4:25; 1കൊരി, 6:14; 2കൊരി, 1:9; 4:14; ഗലാ, 11; 1തെസ്സ, 1:19). മനുഷ്യൻ്റെ പാപം വഹിച്ചുകൊണ്ട് ക്രൂശിൽമരിച്ച യേശുവെന പാപമറിയാത്ത മനുഷ്യനെ ദൈവം ഉയിർപ്പിച്ച് മനുഷ്യൻ്റെ രക്ഷിതായ കർത്താവും ക്രിസ്തുവുമാക്കി: “ആകയാൽ നിങ്ങൾ ക്രൂശിച്ച ഈ യേശുവിനെ തന്നേ ദൈവം കർത്താവും ക്രിസ്തുവുമാക്കിവെച്ചു എന്നു യിസ്രായേൽ ഗൃഹം ഒക്കെയും നിശ്ചയമായി അറിഞ്ഞുകൊള്ളട്ടെ.” (പ്രവൃ, 2:36. ഒ.നോ: ലൂകൊ, 2:11; 1പത്രൊ, 2:24). പാപത്തിൽ മരിച്ചവരായിരുന്ന മനുഷ്യർക്ക് പുനരുത്ഥാനജീവൻ ലഭിച്ചത് യേശുവെന്ന പാപമറിയാത്ത മനുഷ്യൻ്റെ മരണം മൂലമാണ്: “മനുഷ്യൻ മൂലം മരണം ഉണ്ടാകയാൽ മരിച്ചവരുടെ പുനരുത്ഥാനവും മനുഷ്യൻ മൂലം ഉണ്ടായി.” (1കൊരി, 15:21). ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ യേശു എന്ന ദൈവപുത്രൻ ദൈവമായിരുന്നില്ല; പൂർണ്ണമനുഷ്യനായിരുന്നു. ദൈവത്തിൻ്റെ ഓരോ വെളിപ്പാടുകളും അതിൽത്തന്നെ പൂണ്ണമായിരിക്കുമെന്ന് അതിനാൽ തെളിയുന്നു.

പഴയനിയമത്തിലും പുതിയനിയമത്തിലും ദൈവത്തിന് പ്രത്യക്ഷതകളാണുള്ളത്: അബ്രാഹാമിനു അഞ്ചു പ്രാവശ്യവും; യിസ്ഹാക്കിനു രണ്ടു പ്രാവശ്യവും; യാക്കോബിനു രണ്ടുപ്രാവശ്യവും; മോശെയ്ക്ക് അഞ്ചുപ്രാവശ്യം; അഹരോൻ, നാദാബ്, അബീഹൂ, എഴുപത് മൂപ്പന്മാർ, യിസ്രായേൽ ജനം; ബിലെയാമിനു നാലുപ്രാവശ്യം; യഹോവ ശമൂവേലിനു വചനമായി നാലുപ്രാവശ്യം അല്ലാതെ രണ്ടു പ്രാവശ്യവും; ദാവീദ്, ശലോമോൻ, മീഖായാവ്, ഇയ്യോബ്, യെശയ്യാവ്, യിരെമ്യാവ് യെഹെസ്ക്കേൽ, ദാനീയേൽ, ആമോസ് തുടങ്ങിയവർക്കെല്ലാം പ്രത്യക്ഷനായിട്ടുണ്ട്. യേശുക്രിസ്തുവിൻ്റെ ജഡത്തിലുള്ള ശുശ്രൂഷയോടുള്ള ബന്ധത്തിൽ പത്തുപ്രാവശ്യവും; പുനരുത്ഥാനത്തിനു ശേഷം വന്നതിനെക്കുറിക്കാൻ പതിമൂന്നു പ്രാവശ്യവും; മഹത്വത്തിൽ ഇനി വരുവാനുള്ളതിനെ കുറിക്കാൻ പതിനെട്ട് പ്രാവശ്യവും പ്രത്യക്ഷതയെന്നാണ് പറഞ്ഞിരിക്കുന്നത്. ഒരിക്കൽപ്പോലും അവതാരമെന്ന് പറഞ്ഞിട്ടില്ല. (കാണുക: യഹോവയുടെ പ്രത്യക്ഷതകൾ)

ദൈവത്തിൻ്റെ ജഡത്തിലുള്ള വെളിപ്പാട് പുതിയനിയത്തിൽ മാത്രമുള്ള സംഗതിയല്ല; പഴയനിയമത്തിലും ദൈവം ജഡത്തിൽ അഥവാ മനുഷ്യനായി വെളിപ്പെട്ടിട്ടുണ്ട്. “അനന്തരം യഹോവ അവന്നു മമ്രേയുടെ തോപ്പിൽവെച്ചു പ്രത്യക്ഷനായി; വെയിലുറെച്ചപ്പോൾ അവൻ കൂടാരവാതിൽക്കൽ ഇരിക്കയായിരുന്നു. അബ്രാഹാം തലപൊക്കി നോക്കിയപ്പോൾ മൂന്നു പുരുഷന്മാർ തന്റെ നേരെ നില്ക്കുന്നതു കണ്ടു; അവരെ കണ്ടപ്പോൾ അവൻ കൂടാരവാതിൽക്കൽ നിന്നു അവരെ എതിരേല്പാൻ ഓടിച്ചെന്നു നിലംവരെ കുനിഞ്ഞു:” (ഉല്പ, 18:2). അബ്രാഹാം മമ്രേയുടെ തോപ്പിൽ കണ്ടത് ദൈവത്തെയല്ല; മൂന്നു പുരുഷന്മാർ അഥവാ മനുഷ്യരെയാണ്. അബ്രാഹാമിനു പ്രത്യക്ഷനായ മൂന്നു പുരുഷന്മാരിൽ ഒരാൾ യഹോവയും രണ്ടുപേർ ദൂതന്മാരും ആയിരുന്നു. പത്തുപ്രാവശ്യം അവിടെ യഹോവയെന്ന് പേർ പറഞ്ഞിട്ടുണ്ട്. (ഉല്പ, 18:1,13,14,17,19,19, 20,22,26,33). രണ്ടുപേർ ദൂതന്മാരായിരുന്നു: “അങ്ങനെ ആ പുരുഷന്മാർ അവിടെനിന്നു തിരിഞ്ഞു സൊദോമിലേക്കു പോയി. അബ്രാഹാമോ യഹോവയുടെ സന്നിധിയിൽ തന്നേ നിന്നു.” (ഉല്പ, 18:22). അബ്രാഹാം യഹോവയുടെ അടുക്കൽ നില്ക്കുമ്പോൾ, വന്ന മനുഷ്യരിൽ രണ്ടുപേർ സോദോമിലേക്ക് പോയതായി മനസ്സിലാക്കാമല്ലോ. അടുത്ത അദ്ധ്യായത്തിൻ്റെ ആരംഭത്തിൽ കൃത്യമായി അത് ദൂതന്മാരായിരുന്നു എന്ന് കൃത്യമായി പറഞ്ഞിട്ടുണ്ട്: “ആ രണ്ടുദൂതന്മാർ (Angels – Malak) വൈകുന്നേരത്തു സൊദോമിൽ എത്തി; ലോത്ത് സൊദോംപട്ടണ വാതിൽക്കൽ ഇരിക്കയായിരുന്നു; അവരെ കാണ്ടിട്ടു ലോത്ത് എഴുന്നേറ്റു എതിരേറ്റു ചെന്നു നിലംവരെ കുനിഞ്ഞു നമസ്കരിച്ചു:” (ഉല്പ, 19:1). പൂർണ്ണമനുഷ്യരായിട്ടാണ് യഹോവയും ദൂതന്മാരും അവരുടെ മുമ്പിൽ പ്രത്യക്ഷരായതെന്നതിന് തെളിവാണ്, അബ്രാഹാം യഹോവയെയും ചേർത്ത് മൂന്നു മനുഷ്യരെ നിലംവരെ കുനിഞ്ഞു നമസ്കരിച്ചതും, ലോത്ത് ദൂതന്മാരായ രണ്ടു മനുഷ്യരെ നിലംവരെ കുനിഞ്ഞു നമസ്കരിച്ചതും. എബ്രായയിലും ഗ്രീക്കിലും ദൈവത്തെ നമസ്കരിക്കുന്നതനും മനുഷ്യരെ ആചാരപരമായി നമസ്കരിക്കുന്നതിനും ഒരേ പദമാണ് ഉപയോഗിച്ചിരിക്കുന്നത്. യഹോവ കൂടെയുള്ളപ്പോഴും ദൂതന്മാർ മാത്രമുള്ളപ്പോഴും നിലംവരെ കുനിഞ്ഞു നമസ്കരിച്ചത് പൂർണ്ണമനുഷ്യർ മാത്രമായി പ്രത്യക്ഷരായതുകൊണ്ടാണ്. യഹോവ ദൈവമായിട്ടു തന്നെയാണ് പ്രത്യക്ഷനായതെങ്കിൽ, അവരെ എതിരേറ്റു നിലംവരെ കുനിഞ്ഞു (meet them and bowed low to the ground) എന്നു പറയാതെ, ദൈവത്തെ പ്രത്യേകമായി ‘അവനെ കുനിഞ്ഞു നമസ്കരിച്ചു’ എന്നു പറയുമായിരുന്നു. 

ഇനിയും തെളിവുണ്ട്: അബ്രാഹാം അവരോടു പറഞ്ഞത്: “യജമാനനേ, എന്നോടു കൃപയുണ്ടെങ്കിൽ അടിയനെ കടന്നുപോകരുതേ. അസാരം വെള്ളം കൊണ്ടുവന്നു നിങ്ങളുടെ കാലുകളെ കഴുകട്ടെ; വൃക്ഷത്തിൻ കീഴിൽ ഇരിപ്പിൻ. ഞാൻ ഒരു മുറി അപ്പം കൊണ്ടുവരാം; വിശപ്പു അടക്കീട്ടു നിങ്ങൾക്കു പോകാം; ഇതിന്നായിട്ടല്ലോ നിങ്ങൾ അടിയന്റെ അടുക്കൽ കയറിവന്നതു എന്നു പറഞ്ഞു. നീ പറഞ്ഞതുപോലെ ആകട്ടെ എന്നു അവർ പറഞ്ഞു.” (ഉല്പത്തി 18:3-5). അബ്രാഹാമിൻ്റെ അടുക്കൽ ഭക്ഷണം കഴിക്കാൻ വന്ന വഴിയാത്രക്കാരായാണ് അവൻ അവരെ മനസ്സിലാക്കിയത്. തുടർന്ന്, അവൻ സാറയോട് മാവു കുഴച്ച് ഭക്ഷണമുണ്ടാക്കുവാൻ കല്പിക്കുകയും, ഇളയതും നല്ലതുമായൊരു കാളക്കുട്ടിയെ പിടിച്ചു ഒരു ബാല്യക്കാരന്റെ പക്കൽ കൊടുത്തു, അതിനെ പാകം ചെയ്യാനും കല്പിച്ചു. (18:6,7). അതിൻ്റെശേഷം, വെണ്ണയും പാലും അപ്പവും കാളയിറച്ചിയും കൂട്ടി അവർ ഭക്ഷണം കഴിച്ചതായും കാണാം. (18:9). തുടർന്ന്, യഹോവ യിസ്ഹാക്കിനെക്കുറിച്ചുള്ള വാഗ്ദത്തം പുതുക്കുകയും സോദോമിൻ്റെ ന്യായവിധിയെക്കുറിച്ച് അബ്രാഹാമുമായി ദീർഘമായൊരു സംഭാഷണം കഴിഞ്ഞശേഷം മടങ്ങിപ്പോയതായി കാണാം. (18:9-33). കുറഞ്ഞത്, ആറേഴുനാഴിക യഹോവ അബ്രാഹാമിനൊപ്പം അവിടെ ചിലവഴിച്ചതായിക്കാണാം. യേശു യെഹൂദന്മാരോട് പറയുന്നത് ഈ സംഭവത്തെക്കുറിച്ചാണെന്ന് ന്യായമായിട്ടും മനസ്സിലാക്കാം: “നിങ്ങളുടെ പിതാവായ അബ്രാഹാം എന്റെ ദിവസം കാണും എന്നുള്ളതുകൊണ്ടു ഉല്ലസിച്ചു; അവൻ കണ്ടു സന്തോഷിച്ചുമിരിക്കുന്നു.” (യോഹ, 8:56). എന്നുവെച്ചാൽ അബ്രാഹാമിൻ്റെ അടുക്കൽ മനുഷ്യനായി പ്രത്യക്ഷനായവൻ ആരാണോ, അവൻ തന്നെയാണ് പുതിയനിയമത്തിലും മനുഷ്യനായി വെളിപ്പെട്ടത്. (1തിമൊ, 3:14-16). [കാണുക: അബ്രാഹാം ട്രിനിറ്റിയെ ആരാധിച്ചുവോ?]

പുതിയനിയമത്തിലെ പ്രത്യക്ഷത: “അവൻ (ജീവനുള്ള ദൈവം) ജഡത്തിൽ വെളിപ്പെട്ടു; ആത്മാവിൽ നീതീകരിക്കപ്പെട്ടു; ദൂതന്മാർക്കു പ്രത്യക്ഷനായി; ജാതികളുടെ ഇടയിൽ പ്രസംഗിക്കപ്പെട്ടു; ലോകത്തിൽ വിശ്വസിക്കപ്പെട്ടു; തേജസ്സിൽ എടുക്കപ്പെട്ടു എന്നിങ്ങനെ ദൈവഭക്തിയുടെ മർമ്മം സമ്മതമാംവണ്ണം വലിയതാകുന്നു.” (1തിമൊ, 3:16). യേശു ദൈവത്തോടൊപ്പം ഉണ്ടായിരുന്ന നിത്യപുത്രനും ദൈവവുമായിരുന്നു; ജഡത്തിലും അവന് ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉണ്ടായിരുന്നു എന്നൊക്കെ വിശ്വസിക്കുന്നവരാണ് അധികവും. എന്നാൽ ബൈബിളിൽ അതിന് യാതൊരു തെളിവുമില്ല. കന്യകയായ മറിയയിൽ ഉരുവാകുന്നതിനു മുമ്പെ യേശുവെന്നൊരു മനുഷ്യൻ ഇല്ലായിരുന്നു. (മത്താ, 1:16; ലൂക്കൊ, 2:7). യോർദ്ദാനിലെ സ്നാനത്തിൽ ദൈവം തൻ്റെ പരിശുദ്ധാത്മാവിലും ശക്തിയാലും അഭിഷേകം ചെയ്യുന്നതുവരെ യേശുവെന്ന് പേരുള്ള ഒരു അഭിഷിക്തൻ അഥവാ ക്രിസ്തു ദൈവത്തിനില്ലായിരുന്നു. (മത്താ, 3:16; പ്രവൃ, 10:38). സ്നാനാനന്തരം “ഇവൻ എന്റെ പ്രിയപുത്രൻ” എന്ന് സ്വർഗ്ഗത്തിൽനിന്ന് പിതാവ് അരുളിച്ചെയ്യുന്നതുവരെ യേശുവെന്ന് പേരുള്ള ഒരു ദൈവപുത്രനും ഇല്ലായിരുന്നു. (മത്താ, 1:17). ‘അവൻ ദൈവപുത്രനെന്നു വിളിക്കപ്പെടും’ എന്ന ഗബ്രിയേൽ ദൂതൻ്റെ പ്രവചനത്തിൻ്റെ നിവൃത്തിയായിരുന്നു സ്വർഗ്ഗത്തിൽനിന്നു കേട്ട പിതാവിൻ്റെ ശബ്ദം. (ലൂക്കൊ, 1:32,35). ജനനത്തിനു മുമ്പെ ഉണ്ടായിരുന്നത് ക്രിസ്തുവിനെക്കുറിച്ചുള്ള പ്രവചനങ്ങളാണ്: “അവൻ ലോകസ്ഥാപനത്തിന്നു മുമ്പെ മുന്നറിയപ്പെട്ടവനും അവൻ മുഖാന്തരം ദൈവത്തിൽ വിശ്വസിക്കുന്ന നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്തു വെളിപ്പെട്ടവനും ആകുന്നു.” (1പത്രൊ, 1:20. ഒ.നോ: ലൂക്കൊ, 22:37; 24:44; യോഹ, 5:46; എബ്രാ, 1:2; 10:7). പഴയനിയമം, യേശുവെന്ന അഭിഷിക്തനായ മനുഷ്യനെക്കുറിച്ചുള്ള പ്രവചനവും പുതിയനിയമം, അതിൻ്റെ നിവൃത്തിയുമാണ്. പ്രവചനമെന്നാൽ; ‘മേലാൽ അഥവാ ഭാവിയിൽ സംഭവിപ്പാനുള്ളതു’ എന്നാണ്. (ദാനീ, 2:45). ആരംഭത്തിങ്കൽ തന്നേ അവസാനവും പൂർവ്വകാലത്തു തന്നേ മേലാൽ സംഭവിപ്പാനുള്ളതും പ്രസ്താവിക്കുന്നത് ദൈവമാണ്. (യെശ, 46:10). അവന് ഭോഷ്കു പറയായാൻ കഴിയില്ല. (എബ്രാ, 6:18). എന്തെന്നാൽ വ്യാജം പറവാൻ അവൻ മനുഷ്യനല്ല. (സംഖ്യാ, 23:19). പിന്നെങ്ങനെ, ജനനത്തിനു മുമ്പെ അഭിഷിക്തമനുഷ്യനായ യേശു ഉണ്ടായിരുന്നെന്ന് പറയും? (കാണുക: അവൻ ജഡത്തിൽ വെളിപ്പെട്ടു)

“മനുഷ്യൻ മൂലം മരണം ഉണ്ടാകയാൽ മരിച്ചവരുടെ പുനരുത്ഥാനവും മനുഷ്യൻ മൂലം ഉണ്ടായി.” (1കൊരി, 15:21). യേശുക്രിസ്തു ജഡത്തിൽ ദൈവമായിരുന്നില്ല; പൂർണ്ണമനുഷ്യൻ ആയിരുന്നു. (മത്താ, 1:16; യോഹ, 1:1; 1തിമൊ, 2:6). അബ്രാഹാമിൻ്റെയും ദാവീദിൻ്റെയും സന്തതിയായി കന്യകയായ ഒരു സ്ത്രീയിൽ ജനിച്ച്, ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നുവന്നിട്ട്, യോർദ്ദാനിലെ സ്നാനത്തിൽ ദൈവം തൻ്റെ പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തപ്പോഴാണ് ക്രിസ്തു ആയതും തന്നെത്താൻ യാഗമർപ്പിക്കാൻ മഹാപുരോഹിതനായതും. (മത്താ, 1:16; ലൂക്കൊ, 2:52; മത്താ, 3:16; പ്രവൃ, 10:38; എബ്രാ, 3:1). ആ മനുഷ്യ മഹാപുരോഹിതനായ ക്രിസ്തുവാണ് മദ്ധ്യസ്ഥനും മറുവിലയും സൃരഭ്യവാസനയുമായി ദൈവത്തിന് തന്നെത്തന്നെ യാഗമാക്കിയത്. (എഫെ, 5:2). “ദൈവം ഒരുവനല്ലോ. ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.” (1തിമൊ, 2:5,6).

വെളിപ്പാടായാലും അവതാരമായാലും എന്താണ് കുഴപ്പമെന്ന് വളരെ ലാഘവത്തോടെയും ഏറെ പുച്ഛത്തോടെയും ചോദിക്കുന്ന അനേകരെ ഞാൻ കണ്ടിട്ടുണ്ട്. ബൈബിൾവിരുദ്ധ ഉപദേശങ്ങളോടുള്ള വിശ്വാസികളുടെ മൃദുസമീപനമാണ് ക്രൈസ്തവസഭയിലെ എണ്ണമില്ലാത്ത ദുരുപദേശങ്ങൾക്കു കാരണം. വെളിപ്പെട്ടവനെ അവതരിച്ചവനാക്കിയാൽ എന്താണ് കുഴപ്പമറിയാമോ? മനുഷ്യരുടെ പാപപരിഹാരാർത്ഥം അന്ത്യകാലത്ത് അഥവാ കാലസമ്പൂർണ്ണതയിലാണ് ഏകദൈവം ജഡത്തിൽ വെളിപ്പെട്ടത്. (ഗലാ, 4:4; 1തിമൊ, 3:16; എബ്രാ, 1:2; 1പത്രൊ, 1:20). എന്നുവെച്ചാൽ; വെളിപ്പെടുന്നതിനു മുമ്പോ, വെളിപ്പാടിൻ്റെ ദൗത്യം പൂർത്തിയാക്കി അപ്രത്യക്ഷനായ ശേഷമോ വെളിപ്പാട് അഥവാ വെളിപ്പെട്ട മനുഷ്യൻ ഉണ്ടാകുകയില്ല. ആരോണോ മനുഷ്യനായി വെളിപ്പെട്ടത് അവൻ മാത്രമാണ് ആദ്യനും അന്ത്യനും ഇന്നലെയും ഇന്നും എന്നെന്നേക്കും അനന്യനായ മഹാദൈവം. (തീത്തൊ, 2:12; എബ്രാ, 13:8; വെളി, 1:17). ഏകദൈവത്തിന് അവതരിക്കാൻ കഴിയില്ല; അതിനാണ് ത്രിത്വം പുത്രനെ മറ്റൊരു ദൈവവ്യക്തിയും, ഏകദൈവത്തെ ബഹുദൈവവും ആക്കിയത്. എന്തെന്നാൽ അവതാരത്തിന് സ്വർഗ്ഗത്തിലും ഭൂമിയിലും ഒരുപോലെ ആയിരിക്കാൻ കഴിയില്ല. (യോഹ, 3:13). എന്നാൽ ത്രിത്വവിശ്വാസത്തിന് അവതാരമെന്ന ജാതീയ സങ്കല്പംപോലും യോജിക്കില്ലെന്നതാണ് വസ്തുത: ക്രൂശിൽ മരിച്ചത് ദൈവമല്ല; ദൈവത്തിൻ്റെ വെളിപ്പാടായ പാപമറിയാത്ത മനുഷ്യനാണ്. (1കൊരി, 15:21; 2കൊരി, 5:21; ഫിലി, 2:8; 1തിമൊ, 2:6). ദൂതന്മാർക്കുപോലും വംശാവലിയോ ജനനമോ മരണമോ ഇല്ലാതിരിക്കെ, ദൈവം വംശാവലിയോടുകൂടി ജനിച്ചുജീവിച്ചു മരിച്ചുയിർത്തു എന്നു പഠിപ്പിക്കുന്നവരാണ് ത്രിത്വക്കാർ. എന്നാൽ, ക്രിസ്തുവിന് ജഡത്തിൽ ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉണ്ടെന്നുള്ള വിശ്വാസം അവതാരത്തിന് യോജിക്കുന്ന ഉപദേശമേയല്ല. തൻ്റെ സ്വരൂപം ത്യജിച്ചുകൊണ്ട് മാത്രമേ അവതരിക്കാൻ കഴിയുകയുള്ളു. ദൈവത്വവുമായാണ് മനുഷ്യനായതെങ്കിൽ ത്രിത്വദൈവം അവതാരവുമല്ല വെളിപ്പാടുമല്ലെന്ന് വരും. മറ്റൊരു പ്രയോഗം കണ്ടെത്തേണ്ടിവരും. ചുരുക്കിപ്പറഞ്ഞാൽ; ഏകസത്യദൈവമായ യഹോവ അഥവാ യേശുക്രിസ്തുവിനെ ബഹുദൈവം ആക്കാൻ ഉപായിയായ സർപ്പം സംവിധാനം ചെയ്ത ത്രിത്വനാടകത്തിലെ ഒരു രംഗമാണ് അവതാരമെന്ന പേഗൻ സങ്കല്പം; അതിലെ അഭിനേതാക്കളാണ് ത്രിത്വവിശ്വാസികൾ.

ദൈവത്തിൻ്റെ അനേകം പ്രത്യക്ഷതകളെക്കുറിച്ച് ബൈബിളിൽ പറഞ്ഞിട്ടുണ്ട്. അതിൽ വ്യത്യസ്തമായ ചില പ്രത്യക്ഷതകൾ കാണിക്കാം:

1. അക്ഷയനും അദൃശ്യനും ആരുമൊരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായ ഏകദൈവം: (കൊലൊ, 1:15; 1തിമൊ, 1:17; എബ്രാ, 11:27; യോഹ, 1:18; 1യോഹ, 4:12; 1തിമൊ, 6:16). ആരുമൊരുനാളും കണ്ടിട്ടില്ലാത്ത കാരണത്താൽ ഈ ദൈവം വ്യക്തിയല്ലെന്നു ആരും പറയുമെന്നു തോന്നുന്നില്ല.

2. പഴയനിയമഭക്തന്മാർ സ്വർഗ്ഗസിംഹാസനത്തിൽ ഇരിക്കുന്നതായി കണ്ട പിതാവായ യഹോവ. മീഖായവും (1രാജാ, 22:19) യെശയ്യാവും (6:1-5) യെഹെസ്ക്കേലും (1:26-28) ദാനീയേലും (7:9,10) സ്വർഗ്ഗത്തിൽ ഇരിക്കുന്നതായി കണ്ടിട്ടുണ്ട്. ‘ദൂതന്മാർ എൻ്റെ പിതാവിൻ്റെ മുഖം എപ്പോഴും കാണുന്നു’ എന്നു മനുഷ്യനായ യേശു പറഞ്ഞത് ഇതാണ്: (മത്താ, 18:11). ഇതു മാത്രമാണ് അദൃശ്യനായ ദൈവത്തിൻ്റെ നിത്യമായ പ്രത്യക്ഷത. ഈ ദൈവം ദൂതന്മാരുടെ മദ്ധ്യേയിരുന്ന് നിത്യം ആരാധന സ്വീകരിക്കുന്നതായി യോഹന്നാൻ സാക്ഷ്യപ്പെടുത്തുന്നു: (വെളി, 4:8).

3. മമ്രേയുടെ തോപ്പിൽ അബ്രാഹാമിനു മനുഷ്യനായി വെളിപ്പെട്ടു ആറേഴുനാഴിക അവനോടുകൂടെ പാർത്ത്, ഭക്ഷണപാനീയങ്ങൾ കഴിച്ചു അവനെ അനുഗ്രഹിച്ചു മടങ്ങിപ്പോയ മനുഷ്യൻ: (ഉല്പ,18:1-8). അവിടെ വെളിപ്പെട്ട മൂന്നു പുരുഷന്മാരിൽ ഒരാൾ യഹോവ ആയിരുന്നെന്ന് കൃത്യമായി പറഞ്ഞിട്ടുണ്ട്: (18:1-19:1).

4. വചനമായുള്ള വെളിപ്പാട്: (1ശമൂ, 3:23; 147:19. ഒ.നോ: പുറ, 3:4-6). ഇത് ദൈവത്തിൻ്റെ വായിലെ വചനമാണ്: (ആവ, 8:3;  2ദിന, 36:12; ഇയ്യോ, 22:22; സങ്കീ, 119:72; യെശ, 45:23; 55:11; 59:21; യിരെ, 9:20; യെഹെ, 3:17; 33:7; മത്താ, 4:4; ലൂക്കൊ, 4:4). ആ വചനത്താലാണ് ആകാശവും ഭൂമിയും സൃഷ്ടിച്ചത്: (സങ്കീ, 33:6. ഒ.നോ: ഉല്പ, 1:3). കാലസമ്പൂർണ്ണതയിൽ ‘ജഡമായിത്തീർന്നു’ എന്നു യോഹന്നാൻ പറഞ്ഞിരിക്കുന്ന വചനം ഇതാണ്: (1:10).

5. ജഡത്തിൽ വെളിപ്പെട്ട മനുഷ്യനായ ക്രിസ്തുയേശു: (1തിമൊ, 3:16; 1പത്രൊ, 1:20). ക്രൂശിൽ മരിച്ചത് ദൈവമല്ല; പാപമറിയാത്ത മനുഷ്യനാണ്: (യോഹ, 8:40; 9:11; റോമ, 5:15; 1കൊരി, 15:21; 15:45; 15:47; 1തിമൊ, 2:6). ദൈവത്തിന് മരിക്കാൻ കഴിയില്ലെന്ന ശിശുസഹജമായ അറിവുപോലും ത്രിത്വത്തിനില്ല.

6. ലേഖനങ്ങളിൽ കാണുന്ന മഹാദൈവമായ യേശുക്രിസ്തു: (തീത്തൊ, 2:12).

7. സകല സത്യത്തിലും വഴി നടത്തുന്ന അദൃശ്യനായ പരിശുദ്ധാത്മാവ്: (യോഹ, 16:13). ദേഹരൂപത്തിൽ സ്നാപകനും (ലൂക്കൊ, 3:22) പിളർന്ന നാവിൻ്റെ രൂപത്തിൽ അപ്പൊസ്തലന്മാരും കണ്ടിട്ടുണ്ട്: (പ്രവൃ, 2:3).

8. ദൈവത്തിൻ്റെ ഏഴ് ആത്മാവ്: (വെളി, 1:4; 3:1; 4:5). ദൈവസിംഹാസനത്തിനു മുമ്പിലുള്ള ഏഴാത്മാവിൻ്റെ പക്കൽനിന്ന് യോഹന്നാൻ സഭയ്ക്ക് കൃപയും സമാധാനവും ആശംസിച്ചു: (വെളി, 1:4).

9. മനുഷ്യപുത്രനോടു സദൃശ്യനായി മഹാതേജസ്സോടെ പത്മോസിൽ യേഹാന്നാനു വെളിപ്പെട്ട യേശുക്രിസ്തു: (വെളി, 1:12-18).

10. സിംഹാസനത്തിൻ്റെയും ജീവികളുടെയും മൂപ്പന്മാരുടെയും മദ്ധ്യത്തിൽ അറുക്കപ്പെട്ടതുപോലെ നില്ക്കുന്ന കുഞ്ഞാട്: (വെളി, 5:6,12; 6:1; 7:17). ഈ കുഞ്ഞാട് ലോകസ്ഥാപനംമുതൽ അറുക്കപ്പെട്ടതാണ്: (വെളി, 13:8). യേശുക്രിസ്തു കാലസമ്പൂർണ്ണതയിലാണ് ക്രൂശിക്കപ്പെട്ടത്: (ഗലാ, 4:4).

ദൈവത്തിൻ്റെ വെളിപ്പാടുകളെ ഒന്നു, രണ്ടു, മൂന്നു, നാലു എന്നിങ്ങനെ എണ്ണിയാൽ, ദൈവം ത്രിത്വത്തിലും ചതുർത്വത്തിലുമൊന്നും നില്ക്കില്ല. നമുക്കൊന്നു കൂട്ടിനോക്കാം: 1+1+1+1+1+1+1+7+1+1=16. അദൃശ്യനായ ഏകദൈവവും (monos theos) ആ ദൈവത്തിൻ്റെ അനേകം പ്രത്യക്ഷതകളിൽ വ്യത്യസ്തമായ പതിനഞ്ച് വ്യത്യസ്തമാ പ്രത്യക്ഷതകളാണ് മുകളിലുള്ളത്. കൂടാതെ, അഗ്നിസ്തംഭത്തിലും മേഘത്തിലും തേജസ്സിലുമൊക്കെ ദൈവം വെളിപ്പെട്ടിട്ടുണ്ട്. ത്രിത്വക്കാർ ഒന്നാഞ്ഞുപിടിച്ചാൽ മുപ്പത്തിമുക്കോടി ദൈവങ്ങളാക്കാം. ഓരോരോ കൾട്ട് ഉപദേശങ്ങൾ!

യോഹന്നാൻ്റെ സുവിശേഷത്തിലെ ചില വാക്യങ്ങൾ വായിച്ചാൽ യേശുക്രിസ്തു വെളിപ്പെടുകയല്ല; സ്വർഗ്ഗത്തിൽനിന്ന് നേരിട്ട് ഇറങ്ങിവന്നതാണെന്ന് തോന്നും. “ഞാൻ എന്റെ ഇഷ്ടമല്ല, എന്നെ അയച്ചവന്റെ ഇഷ്ടമത്രേ ചെയ്‍വാൻ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവന്നിരിക്കുന്നതു.” (യോഹ, 6:38). “സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവന്നു” എന്നത് ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനെ കുറിക്കുന്ന മറ്റൊരു പ്രയോഗമാണ്; യേശു അക്ഷരാർത്ഥത്തിൽ സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവരികയായിരുന്നില്ല; കന്യകയായ മറിയയിലൂടെ ജനിക്കുകയായിരുന്നു എന്ന് എല്ലാവർക്കും അറിയാം. “പിതാക്കന്മാർക്കു തിന്നുവാൻ സ്വർഗ്ഗത്തിൽ നിന്നു അപ്പം കൊടുത്തു” എന്നു പറഞ്ഞിട്ടുണ്ട്. (യോഹ, 6:31). അപ്പം സ്വർഗ്ഗത്തിൽനിന്നു ദൈവം ഇട്ടുകൊടുത്തതല്ലല്ലോ? “സ്വർഗ്ഗത്തിൽ നിന്നു ഇറങ്ങിവന്ന അപ്പം ഇതു ആകുന്നു” എന്ന് യേശു തന്നെക്കുറിച്ചുതന്നെ പറയുന്നു. (യോഹ, 6:58). അക്ഷരാർത്ഥത്തിൽ യേശു സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവന്നതാണെന്നു മനസ്സിലാക്കിയാൽ അവൻ മനുഷ്യനായിരുന്നില്ല; അപ്പമായിരുന്നു എന്നും മനസ്സിലാക്കണ്ടേ? “ഞാൻ ജീവന്റെ അപ്പം ആകുന്നു. നിങ്ങളുടെ പിതാക്കന്മാർ മരുഭൂമിയിൽ മന്നാ തിന്നിട്ടും മരിച്ചുവല്ലോ. ഇതോ തിന്നുന്നവൻ മരിക്കാതിരിക്കേണ്ടതിന്നു സ്വർഗ്ഗത്തിൽനിന്നു ഇറങ്ങുന്ന അപ്പം ആകുന്നു.” (യോഹ, 6:48-50). ആത്മീയമായും ആലങ്കാരികമായും പറഞ്ഞിരിക്കൂന്നതിനെ അക്ഷരാർത്ഥത്തിൽ മനസ്സിലാക്കിയാൽ; നിത്യജീവൻ ലഭിക്കാൻ യേശുവിനെ കടിച്ചുപറിച്ച് തിന്നേണ്ടിവരും. “സ്വർഗ്ഗത്തിൽ നിന്നു കൊടുത്തിട്ടല്ലാതെ മനുഷ്യന്നു ഒന്നും ലഭിപ്പാൻ കഴികയില്ല” എന്ന് യോഹന്നാൻ സ്നാപകൻ പറഞ്ഞു. (യോഹ, 3:27). ദൈവം മനുഷ്യർക്ക് സ്വർഗ്ഗത്തിൽനിന്ന് ഓരോന്ന് ഇട്ടുകൊടുക്കുകയാണെന്ന് ആരെങ്കിലും പറയുമോ? “പിതാവു പുത്രനെ ലോകരക്ഷിതാവായിട്ടു അയച്ചിരിക്കുന്നു” എന്നു പറഞ്ഞിട്ടുണ്ട്. (യോഹ, 1 4:14). അതുപോലെ, “ദൈവം അയച്ചിട്ടു ഒരു മനുഷ്യൻ വന്നു” എന്നു സ്നാപകനെക്കുറിച്ചും പറഞ്ഞിട്ടുണ്ട്. (യോഹ, 1:6). യേശു ദൈവത്തിൻ്റെ അടുക്കൽ ഉണ്ടായിരുന്ന മറ്റൊരു വ്യക്തിയാണെങ്കിൽ യോഹന്നാനും ദൈവത്തിൻ്റെ അടുക്കൽ ഉണ്ടായിരുന്നതാണെന്ന് മനസ്സിലാക്കണ്ടേ? യോഹന്നാൻ മാത്രമല്ല, എല്ലാ പ്രവാചകന്മാരെയും ദൈവം അയച്ചതാണ്; അവരൊക്കെ ദൈവത്തിൻ്റെ വലത്തും ഇടത്തുമായി ഉണ്ടായിരുന്നവരാണെന്ന് ആരും വിശ്വസിക്കുന്നില്ല. പിന്നെ ദൈവത്തിൻ്റെ പ്രത്യക്ഷതയായ ക്രിസ്തു അഥവാ അഭിക്തനെങ്ങനെ ഉണ്ടാകും? എന്നാൽ എന്നുമെന്നേക്കും ഉള്ളതാരാണ്? അഭിഷിക്തമനുഷ്യനായി അഥവാ മനുഷ്യരുടെ പാപപരിഹാർത്ഥം മനുഷ്യനായി പ്രത്യക്ഷനായത് ആരാണോ അവനാണ് ഇന്നലെയും ഇന്നും എന്നെന്നേക്കും അനന്യനായ മഹാദൈവം. (തീത്തൊ, 2:12; എബ്രാ, 13:8). അക്ഷരാർത്ഥത്തിൽ യേശു ദൈവത്തിൻ്റെ കൂടെയുണ്ടായിരുന്ന മറ്റൊരു വ്യക്തിയോ, ദൈവം അയച്ചിട്ടുവന്ന വ്യക്തിയോ, ഇറങ്ങിവന്ന വ്യക്തിയോ ആണെങ്കിൽ സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവന്നപ്പോഴും  സ്വർഗ്ഗത്തിൽത്തന്നെ ഇരിക്കുന്നതെങ്ങനെയാണ്? യേശു പറയുന്നു: ഞാൻ സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവന്നപ്പോഴും സ്ർഗ്ഗത്തിൽത്തന്നെ ഇരിക്കുന്നു. (യോഹ, 3:13). അതാണ് ദൈവത്തിൻ്റെ പ്രത്യക്ഷതയെന്ന് പറയുന്നത്. സത്യം അറികയും സത്യം ഏവരെയും സ്വതന്ത്രന്മാരാക്കുകയും ചെയ്യട്ടെ!

ബാഹ്യമായ രണ്ടു തെളിവുകൾ: ദൈവം അവതരിക്കുകയല്ല വെളിപ്പെടുകയാണ് ചെയ്തതെന്ന് എല്ലാ പെന്തെക്കൊസ്ത് ബ്രദ്റൻ പണ്ഡിതന്മാർക്കും അറിയാം. എന്നാൽ അവരുടെ പ്രസ്ഥാനത്തിൻ്റെ വിഴുപ്പു ചുമക്കുകയെന്ന ബാധ്യത അവർക്കുള്ളതിനാൽ അവരത് പരസ്യമായി അംഗീകരിക്കില്ല. എങ്കിലും ചില പ്രത്യേക സാഹചര്യത്തിൽ അവരിൽനിന്നുതന്നെ അറിഞ്ഞോ അറിയാതെയോ സത്യം പുറത്തുവരും. അങ്ങനെയുള്ള രണ്ടു തെളിവുകളാണ് ചുടെ ചേർക്കുന്നത്:

1. ആദ്യത്തേത്, ബ്രദ്റൻ സഭയുടെ സ്ഥാപകനേതാവും ക്രൈസ്തപണ്ഡിതനും ഭാഷാപണ്ഡിതനുമായ ശ്രീ കെ.വി. സൈമൺ സാറിൻ്റെ ത്രിത്വപ്രബോധിക എന്ന പുസ്തകത്തിൽ നിന്നുള്ള തെളിവാണ്. 1തിമൊഥെയൊസ് 3:14:16-ൽ ജീവനുള്ള ദൈവമാണ് ജഡത്തിൽ വെളിപ്പെട്ടതെന്ന് “അവൻ” എന്ന സർവ്വനാമത്തോടുള്ള ബന്ധത്തിൽ അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹം ത്രിത്വവിശ്വാസിയാണെങ്കിലും ഭാഷയുടെ വ്യാകരണനിയമത്തെ മറിച്ചുകളയാൻ ശ്രമിച്ചിട്ടില്ലെന്നുള്ളത് ഒരു വലിയ കാര്യമാണ്.

2. പെന്തെക്കൊസ്തു പാസ്റ്ററും പണ്ഡിതനും വാഗ്മിയുമായ അനിൽ കൊടിത്തോട്ടത്തിൻ്റെതായ ഒരു വീഡിയോ ക്ലിപ്പ് ലഭിച്ചിട്ടുണ്ട്. അതിൽ ദൈവത്തിന് അവതാരമല്ല; വെളിപ്പാടാണുള്ളതെന്ന് വ്യക്തമായി അദ്ദേഹം പറഞ്ഞിട്ടുണ്ട്. (കാണുക: അവതാരമല്ല; വെളിപ്പാട് (കൊടിത്തോട്ടം)

പ്രത്യക്ഷനായവൻ പാപമറിയാത്ത മനുഷ്യൻ: ദൈവം മാനവകുലത്തിനു ഒരുക്കിയിരിക്കുന്ന ആദ്ധ്യാത്മിക രക്ഷയെക്കുറിച്ച് വസ്തുനിഷ്ഠമായി പഠിക്കുന്നവൻ ജഡത്തിൽ വന്നവൻ പൂർണ്ണദൈവമാണെന്ന് ഒരിക്കലും പറയില്ല. സമസ്തവും സൃഷ്ടിച്ച സർവ്വശക്തൻ മനുഷ്യനായി വെളിപ്പെടാതെ മനുഷ്യൻ്റെ പാപംപോക്കാൻ കഴിയില്ലായിരുന്നോ? കഴിയില്ലായിരുന്നു! അതാണുത്തരം. ദൈവത്തിൻ്റെ കല്പനകൾ ആരൊക്കെ ലംഘിച്ചാലും കല്പന പുറപ്പെടുവിച്ച തനിക്കത് പിൻവലിക്കാനോ, ലംഘിക്കാനോ കഴിയില്ല. ‘പാപം ചെയ്യുന്ന ദേഹി മരിക്കും’ (യെഹെ, 18:4), ‘പാപത്തിൻ്റെ ശമ്പളം മരണം’ (റോമ, 6:23), ‘രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല’ (എബ്രാ, 9:22) എന്ന ദൈവനീതി നിവൃത്തിക്കാനാണ് ദൈവം മനുഷ്യനായത്. (മത്താ, 3:15). പഴയനിയമത്തിൽ വീണ്ടെടുപ്പുകാരൻ്റെ നാലു യോഗ്യതകൾ പറഞ്ഞിട്ടുണ്ട്. ഒന്ന്; വീണ്ടെടുപ്പുകാരൻ ചാർച്ചക്കാരനായിരിക്കണം: പരിശുദ്ധനായ ദൈവം പാപിയായ മനുഷ്യൻ്റെ ബന്ധുവാകുന്നതെങ്ങനെ? അതിനാണവൻ ദൈവത്വം കൂടാത മനുഷ്യനായി പ്രത്യക്ഷനായത്. (മത്താ, 1:21; ലൂക്കൊ, 1:68; ഫിലി, 2:6:8; 1തിമൊ, 3:15,16; എബ്രാ, 2:14,15). തന്നെത്താൻ ഒഴിച്ചു വേഷത്തിൽ മനുഷ്യനായി എന്ന ഫിലിപ്പ്യരിലെ പ്രയോഗവും നോക്കുക: (2:8). പാപികളായ മനുഷ്യൻ്റെ ബന്ധുവാകാനാണ് അവൻ പാപമറിയത്ത പൂർണ്ണമനുഷ്യൻ മാത്രമായി ലോകത്തിൽ വെളിപ്പെട്ടത്. രണ്ട്; വീണ്ടെടുപ്പുവില കൊടുക്കാനുള്ള കഴിവ് വീണ്ടെടുപ്പുകാരനുണ്ടാകണം: മനുഷ്യർക്കാർക്കും ദൈവത്തിനു വീണ്ടെടുപ്പുവില കൊടുക്കാൻ കഴിയില്ലെന്നു ബൈബിൾ പറയുന്നു. (സങ്കീ, 49:7-10). കാരണം, സകല മനുഷ്യരും പാപികളാണ്. (ഇയ്യോ, 15:14; 25:4; സഭാ, 7:20; റോമ, 3:23; 5:12). തന്മൂലം, ദൈവം മനുഷ്യനായി വെളിപ്പെട്ട് തൻ്റെ പാപമില്ലാത്ത രക്തം മറുവിലയായി നല്കിയാണ് വീണ്ടെടുപ്പു സാധിച്ചത്. (പ്രവൃ, 20:28; 1പത്രൊ, 1:18,19). മനുഷ്യൻ്റെ വീണ്ടെടുപ്പുവില കൊടുക്കേണ്ടത് സാത്താനല്ല; ദൈവത്തിനാണ്. അതു നല്കേണ്ടത് ദൈവമല്ല; മനുഷ്യനാണ്: (1കൊരി, 15:21). യേശു പൂർണ്ണദൈവവും പൂർണ്ണമനുഷ്യനുമാണെന്ന് ത്രിത്വം വിശ്വസിക്കുന്നു; യാതൊരു തെളിവും ബൈബിളിലില്ല. അങ്ങനെയാണെങ്കിൽ, പൂർണ്ണദൈവവുമായ പുത്രൻ മറ്റേതു ദൈവത്തിനാണ് വീണ്ടെടുപ്പുവില നല്കിയത്? ദൈവം ഒന്നല്ലേയുള്ളൂ? ദൈവം ദൈവത്തിനുതന്നെ വീണ്ടെടുപ്പുവില നല്കിയെന്നു പറഞ്ഞാൽ അതൊരു വസ്തുതയായി കണക്കാക്കാൻ പറ്റുമോ? ഒരു പ്രഹേളികയാണെന്നു പറയേണ്ടിവരും.. മൂന്ന്; വീണ്ടെടുപ്പുകാരന് വീണ്ടെടുക്കാൻ മനസ്സുണ്ടാകണം: മനുഷ്യപുത്രൻ തന്നെത്താൻ മരണത്തിനു ഏല്പിച്ചുകൊടുത്തവനാണ്. (ഗലാ, 1:3; 2:20; എഫെ, 5:2; 5:27; ഫിലി, 2:8; 1തിമൊ,2:6; തീത്തൊ, 2:14; എബ്രാ, 7:27; 9:14). ‘മനസ്സോടെ ശാപമരത്തിൽ തൂങ്ങി’ എന്നു പാട്ടുപാടിയാൽ പോര; മഹത്വധാരിയായ ഏകസത്യദൈവമാണ് മഹത്വം വെടിഞ്ഞ് മനുഷ്യനായി മരിച്ചതെന്ന് വിശ്വസിക്കുകയും വേണം. നാല്; വീണ്ടെടുപ്പുകാരൻ വീണ്ടെടുപ്പ് ആവശ്യമില്ലാത്തവനായിരിക്കണം: അടിമയ്ക്ക് അടിമയേയോ, പാപിക്കു പാപിയേയോ വീണ്ടെടുക്കാൻ കഴിയില്ല. അതുകൊണ്ടാണ് ദൈവം മനുഷ്യനായത്. ജഡത്തിൽ വന്നവൻ ദൈവവും ആണെങ്കിൽ, ‘പാപം അറിയാത്തവൻ’ (2കൊരി, 5:21), അവൻ പാപം ചെയ്തിട്ടില്ല; അവൻ്റെ വായിൽ വഞ്ചന ഒന്നു ഉണ്ടായിരുന്നില്ല’ (1പത്രൊ, 2:22) എന്നൊക്കെ പറഞ്ഞാൽ അതിനെന്തത്ഥമാണുള്ളത്? മനുഷ്യനല്ലാതെ, ദൈവത്തിനു പാപം ചെയ്യാൻ കഴിയുമോ? അടുത്തത്; ‘പാപം ഒഴികെ സർവ്വത്തിലും നമുക്കു തുല്യമായി പരീക്ഷിക്കപ്പെട്ടു’ (എബ്രാ, 4:16) ആര്; ദൈവമോ? ജഡത്തിൽ വന്നവൻ പൂർണ്ണദൈവവും ആണെങ്കിൽ എങ്ങനെ പരീക്ഷിക്കപ്പെട്ടു എന്നു പറയാൻ കഴിയും? ദൈവത്തിനും പരീക്ഷയോ! ഇതെന്താ നാടകമോ? മഹത്വധാരിയായ സർവ്വശക്തൻ മനുഷ്യനായി പ്രത്യക്ഷനാകാതെ ന്യായപ്രമാണപ്രകാരമുള്ള വീണ്ടെടുപ്പു സാദ്ധ്യമാകില്ല. അതുകൊണ്ടാണ് ദൈവം ജഡത്തിൽ വെളിപ്പെട്ടത്: (മത്താ, 1:1; ലൂക്കൊ, 1:68, 76,77; ഫിലി, 2:6-8; 1തിമൊ, 3:15,16; എബ്രാ, 2:14,15). ജഡത്തിൽ വന്നവൻ പൂർണ്ണദൈവവും ആണെന്നു പറഞ്ഞാൽ, വീണ്ടെടുപ്പെന്നല്ല; വീണ്ടെടുപ്പുനാടകം എന്നു പറയേണ്ടിവരും. സാക്ഷാൽ ദൈവം ജഡത്തിൽ വെളിപ്പെട്ടപോൾ മനുഷ്യൻ മാത്രമായതുകൊണ്ടാണ് മനുഷ്യരുടെ ചാർച്ചക്കാരനായതും എന്നേക്കുമുള്ളൊരു വീണ്ടെടുപ്പു സാധിച്ചതും. (എബ്രാ, 9:12). സത്യം അറികയും സത്യം നിങ്ങളെ സ്വതന്ത്രമാക്കുകയും ചെയ്യട്ടെ!

“പുത്രൻ, ഏകദൈവത്തിൻ്റെ (monos theos) ജഡത്തിലുള്ള വെളിപ്പാടാണെന്നു ദൈവഭക്തിയുടെ മർമ്മത്തിൽ പൗലൊസ് പറയുന്നു: (1തിമൊ, 3:14-16). അവൻ അന്ത്യകാലത്താണ് വെളിപ്പെട്ടതെന്നു അപ്പൊസ്തലന്മാരിൽ പ്രഥമനും പ്രധാനിയുമായ പത്രോസ് പറയുന്നു: (1പത്രൊ, 1:20). അന്ത്യകാലത്ത് വെളിപ്പെട്ടവൻ അഥവാ പ്രത്യക്ഷനായവൻ പ്രത്യക്ഷതയ്ക്ക് മുമ്പേ ഉണ്ടാകുമോ? പ്രത്യക്ഷനായവൻ അപ്രത്യക്ഷമായാൽ പിന്നെയും ആ പ്രത്യക്ഷശരീരം ഉണ്ടാകുമോ?”

4 thoughts on “വെളിപ്പാടും അവതാരവും”

    1. സാറിന് ഒന്നും മനസ്സിലായില്ലെങ്കിൽ പിന്നെ, എങ്ങനെ അങ്ങയെ പറഞ്ഞു മനസ്സിലാക്കും. ഗതിഭേദത്താൽ ആഛാദനമില്ലാത്ത ദൈവം, പേഗൻ അന്ധവിശ്വാസം പ്രകാരം അവതാരമെടുത്തു എന്നു പറഞ്ഞാൽ അങ്ങയ്ക്ക് മനസ്സിലാകുമല്ലോ; അങ്ങത് വിശ്വസിച്ചാൽ മതി. ദൈവം അനുഗ്രഹിക്കട്ടെ!

Leave a Reply

Your email address will not be published. Required fields are marked *