☛ ഒന്നാമത്തെ ആദാമും ഒടുക്കത്തെ ആദാമും:
➦ “ഒന്നാം മനുഷ്യനായ ആദാം ജീവനുള്ള ദേഹിയായിത്തീർന്നു എന്നു എഴുതിയുമിരിക്കുന്നുവല്ലോ, ഒടുക്കത്തെ ആദാം ജീവിപ്പിക്കുന്ന ആത്മാവായി.” (1കൊരി, 15:45 – ഉല്പ, 2:7; യോഹ, 7:38-39).
☛ “ആദാം” (Adam) എന്ന എബ്രായ, ഗ്രീക്ക് പുല്ലിംഗ നാമത്തിന് (Masculine Noun) “മനുഷ്യൻ, മനുഷ്യജാതി” എന്നീ അർത്ഥമാണുള്ളത്. പഴയനിയമത്തിൽ ആദ്യമനുഷ്യൻ്റെയും (1ദിന, 1:1) ഒരു പട്ടണത്തിൻ്റെയും (യോശു, 3:16) പേരായും, മനുഷ്യൻ (Adam), മനുഷ്യർ (Ha’adam – Men) എന്നീ സാമാന്യ അർത്ഥത്തിലും ആദാം എന്ന നാമം ഉപയോഗിച്ചിട്ടുണ്ട്: (ഉല്പ, 1:27 – ഉല്പ, 6:2).
☛ പുതിയനിയമത്തിൽ “ആദാം” (Adam) എന്ന പുല്ലിംഗ സംജ്ഞാനാമം (Proper Masculine Noun) ഒൻപത് പ്രാവശ്യമുണ്ട്. ഒരു പ്രാവശ്യം ക്രിസ്തുവിനും (1കൊരി, 15:45) എട്ടുപ്രാവശ്യം ആദ്യമനുഷ്യനും ഉപയോഗിച്ചിട്ടുണ്ട്: (ലൂക്കൊ, 3:38 – ലൂക്കൊ, 3:38; റോമ, 5:14; 1കൊരി, 15:22; 1കൊരി, 15:45; 1തിമൊ, 2:13; 1തിമൊ, 2:14; യൂദാ, 1:14). എന്നാൽ “മനുഷ്യൻ” എന്ന സാമാന്യ അർത്ഥത്തിൽ പുതിയനിയമത്തിൽ കാണുന്നില്ല.
☛ ഒന്നാമത്തെ ആദാമും ഒടുക്കത്തെ ആദാമും താരതമ്യം:
❶ ഒന്നാമത്തെ ആദാം ബൈബിൾ വംശാവലിയിൽ ഒന്നാമനാണ് ⁃ ഒടുക്കത്തെ ആദാം വംശാവലിയിൽ ഒടുക്കത്തവനാണ്: (ലൂക്കൊ, 3:23 – ലൂക്കൊ, 3:38).
❷ ഒന്നാമത്തെ ആദാമും ദൈവപുത്രനാണ് (Theou huios – The son of God) ⁃ ഒടുക്കത്തെ ആദാമും ദൈവപുത്രനാണ് (Theou huios – The son of God): (ലൂക്കൊ, 3:38 – മത്താ, 14:33)
❸ ഒന്നാമത്തെ ആദാമും മനുഷ്യനാണ് ⁃ ഒടുക്കത്തെ ആദാമും മനുഷ്യനാണ്: (ഉല്പ, 2:7 – യോഹ, 8:40)
❹ ഒന്നാമത്തെ ആദാം ഭൂമിയിൽനിന്ന് മണ്ണുകൊണ്ടുള്ള ഒന്നാം മനുഷ്യനും ⁃ ഒടുക്കത്തെ ആദാം സ്വർഗ്ഗത്തിൽനിന്നുള്ള രണ്ടാം മനുഷ്യനുമാണ്: (1കൊരി, 15:45). “ഒന്നാം മനുഷ്യൻ” (Ho protos anthropos – The first man), “രണ്ടാം മനുഷ്യൻ” (Ho deuteros 𝐝𝐞𝐮𝐭𝐞𝐫𝐨𝐬 anthropos – The second man) എന്നീ പ്രയോഗങ്ങൾ രണ്ടുപേരും ഒരുപോലെ മനുഷ്യരാണെന്ന് അസന്ദിഗ്ദ്ധമായി തെളിയിക്കുന്നതാണ്.
❺ ഒന്നാമത്തെ ആദാം പാപരഹിതനായി സൃഷ്ടിക്കപ്പെട്ടു ⁃ ഒടുക്കത്തെ ആദാം പാപരഹിതനായി പരിശുദ്ധാത്മാവിനാൽ ഉല്പാദിതനായി: (ഉല്പ, 1:27 – മത്താ, 1:20-23; ലൂക്കൊ, 2:21; ലൂക്കൊ, 1:35; 2കൊരി, 5:21; എബ്രാ, 7:26; 1പത്രൊ, 2:22; 1യോഹ, 3:5)
❻ ഒന്നാമത്തെ ആദാം ക്രിസ്തുവിൻ്റെ പ്രതിരൂപവും ⁃ ഒടുക്കത്തെ ആദാം അദൃശ്യനായ ദൈവത്തിൻ്റെ പ്രതിമയും ആണ്: (റോമ, 5:14 – കൊലൊ, 1:15)
❼ ഒന്നാമത്തെ ആദാം മനുഷ്യവർഗ്ഗത്തിൻ്റെ പിതാവാണ് ⁃ ഒടുക്കത്ത ആദാം മനുഷ്യവർഗ്ഗത്തിൻ്റെ രക്ഷിതാവാണ്: (പ്രവൃ, 17:26 – ലൂക്കൊ, 2:11; യോഹ, 4:42; 1യോഹ, 4:14)
❽ ഒന്നാമത്തെ ആദാമിൻ്റെ ലംഘനത്താൽ മരണം ലോകത്തിൽ കടന്നു ⁃ ഒടുക്കത്തിൻ്റെ ആദാമിനാൽ കൃപയുടെയും നീതിദാനത്തിന്റെയും സമൃദ്ധിയാൽ ജീവൻ (നിത്യജീവൻ) ലോകത്തിൽ വന്നു: (റോമ, 5:17; റോമ, 5:15; യോഹ, 3:15-16; പ്രവൃ, 15:11; 1കൊരി, 15:21-22)
❾ ഒന്നാമത്തെ ആദാമിൻ്റെ ലംഘനത്താൽ സകലമനുഷ്യർക്കും ശിക്ഷാവിധിവന്നു ⁃ ഒടുക്കത്തെ ആദാമിൻ്റെ നീതിയാൽ സകലമനുഷ്യർക്കും ജീവകാരണമായ നീതീകരണം വന്നു: (റോമ, 5:18; റോമ, 5:16)
❿ ഒന്നാമത്തെ ആദാം മുഖാന്തരം മനുഷ്യരും സർവ്വസൃഷ്ടിയും പാപത്തിനും ശാപത്തിനും വിധേയമായി ⁃ ഒടുക്കത്തെ ആദാം മുഖാന്തരം മനുഷ്യർക്കും ഈറ്റുനോവേടെയിരിക്കുന്ന സർവ്വസൃഷ്ടിക്കും ഉദ്ധാരണം ഉണ്ടായി/ഉണ്ടാകും: (ഉല്പ, 3:17-19; റോമ, 5:12 – റോമ, 8:19-22; കൊലൊ, 1:15-20)
⓫ ഒന്നാമത്തെ ആദാമിൻ്റെ അനുസരണക്കേടിനാൽ അനേകർ പാപികളായിത്തീർന്നു ⁃ ഒടുക്കത്തെ ആദാമിൻ്റെ അനുസരണത്താൽ അനേകർ നീതിമാന്മാരായിത്തീരും: (റോമ, 5:19; എബ്രാ, 5:8)
⓬ ഒന്നാമത്തെ ആദാം മുഖാന്തരം പാപവും ശാപവും ലോകത്തിൽ കടന്നു ⁃ ഒടുക്കത്തെ ആദാം മുഖാന്തരം സ്വർഗ്ഗത്തിലെ സകല ആത്മികാനുഗ്രഹങ്ങളും ലഭിച്ചു: (ഉല്പ, 3:17; റോമ, 5:12 – എഫെ, 1:3)
⓭ ഒന്നാമത്തെ ആദാം ദൈവകല്പന ലംഘിച്ച് പാപംചെയ്ത് തൻ്റെ സന്തതികളെയെല്ലാം നിത്യശിക്ഷയ്ക്ക് യോഗ്യരാക്കി; ഒടുക്കത്തെ ആദാം പാപരഹിതനായി ജീവിച്ചുമരിച്ച് പാപികളായ മനുഷ്യർക്ക് നിത്യരക്ഷയുടെ കാരണഭൂതനായിത്തീർന്നു: (റോമ, 5:16 – എബ്രാ, 5:9)
⓮ ഒന്നാമത്തെ ആദാം ജീവനുള്ള ദേഹിയായിത്തീർന്നു ⁃ ഒടുക്കത്തെ ആദാം ജീവിപ്പിക്കുന്ന ആത്മാവായി. (1കൊരി, 15:45; ഉല്പ, 2:7). Ho eschatos Adam eis pneuma zoopoioum എന്ന ഗ്രീക്ക് പ്രയോഗത്തിന് “ഒടുക്കത്തെ ആദാം ജീവിപ്പിക്കുന്ന അഥവാ, ജീവനേകുന്ന ആത്മാവായിത്തീർന്നു” (The last Adam became a life-giving spirt) എന്നാണർത്ഥം. [കാണുക: BIB – NKJV]. ഒന്നാമത്തെ ആദാം പാപചെയ്ത് സകല ജഡത്തിൻ്റെയും ആത്മാക്കളുടെ അന്തകനായിത്തീർന്നപ്പോൾ, ഒടുക്കത്തെ ആദാം തന്നിൽ വിശ്വസിക്കുന്ന സകല മനുഷ്യരുടെയുയും ആത്മാക്കൾക്ക് നിത്യജീവൻ നല്ക്കുന്നവനായി. യേശുവിൻ്റെ ജനനമരണപുനരുത്ഥാനങ്ങളുടെ ഫലമായിട്ടാണ് ജീവിപ്പിക്കുന്ന ആത്മാവ് നമുക്ക് ലഭിച്ചത്: (യോഹ, 6:63; യോഹ, 7:37-39; പ്രവൃ, 2:33). അങ്ങനെയവൻ ജീവൻ നല്കുന്ന ആത്മാവായി. അഥവാ, നമുക്ക് ആത്മജീവൻ നല്കുന്നവനായി.
⓯ ഒന്നാമത്തെ ആദാം പാപരഹിതനായി സൃഷ്ടിക്കപ്പെട്ടുവെങ്കിലും പാപംചെയ്ത് ദൈവതേജസ്സ് നഷ്ടപ്പെടുത്തുകയും പാപിയായി മരിക്കുകയും, സകല മനുഷ്യരെയും പാപികളാക്കുകയും ചെയ്തു ⁃ ഒടുക്കത്തെ ആദാം പാപരഹിതനായി ജനിച്ചുജീവിച്ചു മനുഷ്യരുടെ പാപം തൻ്റെ ശരീരത്തിൽ വഹിച്ചുകൊണ്ട് പാപമാക്കപ്പെട്ട് മരിക്കുകയും മനുഷ്യരുടെ പാപത്തിന് പരിഹാരം വരുത്തി പാപരഹിതനായി ഉയിർക്കുകയും ചെയ്തവനാണ്: (റോമ, 3:23; റോമ, 5:12 – 2കൊരി, 5:21; 1പത്രൊ, 2:24; 1യോഹ, 3:5). ആദാമിൻ്റെ സന്തതിപരമ്പരയിൽ ആദാമിൻ്റെ പാപമില്ലാതെ ജനിക്കുകയും വാക്കിലോ, പ്രവൃത്തിയിലോ പാപത്തിൻ്റെ ലാഞ്ചനപോലും ഏശാതെ ജനിച്ചുജീവിച്ചുമരിച്ചുയിർത്ത ഏകമനുഷ്യൻ യേശുക്രിസ്തു മാത്രമാണ്: (റോമ, 5:15).
☛ ഉപസംഹാരം:
➦ മനുഷ്യരുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ വഹിച്ചുകൊണ്ട് ദൈവത്തിനും മനുഷ്യർക്കുമിടയിൽ മദ്ധ്യസ്ഥനായ മഹാപുരോഹിതനായി നിന്നുകൊണ്ട്, തന്നെത്താൻ മറുവിലയായി ഏകദൈവത്തിനർപ്പിച്ചത് മനുഷ്യനായ ക്രിസ്തുയേശുവാണ്: “അവൻ (ദൈവം) സകലമനുഷ്യരും രക്ഷപ്രാപിപ്പാനും സത്യത്തിന്റെ പരിജ്ഞാനത്തിൽ എത്തുവാനും ഇച്ഛിക്കുന്നു. ദൈവം ഒരുവനല്ലോ. ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ. തക്കസമയത്തു അറിയിക്കേണ്ടിയ ഈ സാക്ഷ്യത്തിന്നായി ഞാൻ പ്രസംഗിയും അപ്പൊസ്തലനുമായി – ഭോഷ്കല്ല, പരമാർത്ഥം തന്നേ പറയുന്നു – ജാതികളെ വിശ്വാസവും സത്യവും ഉപദേശിപ്പാൻ നിയമിക്കപ്പെട്ടിരിക്കുന്നു.” (1തിമൊ, 2:4-7 ⁃ 1പത്രൊ, 2:24; യോഹ, 1:29). ➟താണ് സകലമനുഷ്യരും രക്ഷപ്രാപിക്കാനും സത്യത്തിൻ്റെ പരിജ്ഞാനത്തിൽ എത്തുവാനും ദൈവം ഇച്ഛിക്കുന്ന വസ്തുതയും ജാതികളുടെ രക്ഷയ്ക്കായി പൗലൊസിനെ ഭരമേല്പിച്ച സുവിശേഷവും.
☛ ക്രൂശിൽ മരിച്ച പുരുഷനായ (Man) നസറായനായ യേശുവിനെ മൂന്നാംദിവസം ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ചിച്ചിട്ടാണ് മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവും പ്രഭുവുമായി തൻ്റെ വലങ്കയ്യാൽ ഉയർത്തിയത്: (പ്രവൃ, 2:24; പ്രവൃ, 2:36; പ്രവൃ, 5:31). “ലംഘനത്തിന്റെ കാര്യവും കൃപാവരത്തിന്റെ കാര്യവും ഒരുപോലെയല്ല; ഏകന്റെ ലംഘനത്താൽ അനേകർ മരിച്ചു എങ്കിൽ ദൈവകൃപയും ഏകമനഷ്യനായ യേശുക്രിസ്തുവിന്റെ കൃപയാലുള്ള ദാനവും അനേകർക്കു വേണ്ടി ഏറ്റവും അധികം കവിഞ്ഞിരിക്കുന്നു.” (റോമ, 5:15). യേശുക്രിസ്തു എന്ന ഏകമനുഷ്യനെ തള്ളുന്നവൻ സ്വന്തരക്ഷയാണ് തള്ളുന്നത്. [കാണുക: പൗലൊസ് അറിയിച്ച സുവിശേഷം, ക്രിസ്തുവിനെ അറിയുക]
☛ മമ്രേയുടെ തോപ്പിൽ അബ്രാഹാം കണ്ടത് ആരെയാണ്?
➦ ഉല്പത്തി 18-ാം അദ്ധ്യായത്തിൽ മമ്രേയുടെ തോപ്പിൽ അബ്രാഹാമിന് പ്രത്യക്ഷനായത് ത്രിത്വമാണെന്ന് ട്രിനിറ്റി വിചാരിക്കുന്നു. ബൈബിളിലെന്നല്ല, ഈ അണ്ടകടാഹത്തിൽ ഒരിടത്തും ട്രിനിറ്റി വിശ്വസിക്കുന്ന ഒരു ദൈവമുള്ളതായി തെളിവില്ല. യഹോവയുടെ മനുഷ്യപ്രത്യക്ഷതയാണ് അബ്രാഹാം കണ്ടത്. നമുക്ക് വേദഭാഗം പരിശോധിക്കാം:
☛ “അനന്തരം യഹോവ അവന്നു മമ്രേയുടെ തോപ്പിൽവെച്ചു പ്രത്യക്ഷനായി; വെയിലുറെച്ചപ്പോൾ അവൻ കൂടാരവാതിൽക്കൽ ഇരിക്കയായിരുന്നു. അവൻ തലപൊക്കി നോക്കിയപ്പോൾ മൂന്നു പുരുഷന്മാർ തന്റെ നേരെ നില്ക്കുന്നതു കണ്ടു; അവരെ കണ്ടപ്പോൾ അവൻ കൂടാരവാതിൽക്കൽ നിന്നു അവരെ എതിരേല്പാൻ ഓടിച്ചെന്നു നിലംവരെ കുനിഞ്ഞു:” (ഉല്പ, 18:1-2). 1-ാം വാക്യത്തിൽ, “യഹോവ അബ്രാഹാമിനു മമ്രേയുടെ തോപ്പിൽവെച്ചു പ്രത്യക്ഷനായി” എന്നാണ് കാണുന്നത്. ആ പ്രയോഗത്തിൽത്തന്നെ ട്രിനിറ്റിയുടെ ഉപദേശം പൊളിഞ്ഞു. യഹോവ ഒരുത്തൻ മാത്രമാണെന്ന് അനേകം വാക്യങ്ങളിൽ പറഞ്ഞിട്ടുണ്ട്. [കാണുക: യഹോവ ഒരുത്തൻ മാത്രം]. 2-ാം വാക്യത്തിൽ, “അവൻ തലപൊക്കി നോക്കിയപ്പോൾ മൂന്നു പുരുഷന്മാർ തന്റെ നേരെ നില്ക്കുന്നതു കണ്ടു❞ എന്നാണ് പറഞ്ഞിരിക്കുന്നത്. “ഷ്ലോഷാ അനാഷീം” (Shloshah anashim) എന്ന എബ്രായ പ്രയോഗത്തിൻ്റെ അർത്ഥം “മൂന്നു പുരുഷന്മാർ” (Three men) എന്നാണ്. (KJV). “അനാഷീം” (Anashim) എന്നപദം മനുഷ്യരിലെ പുരുഷന്മാരെ കുറിക്കുന്ന നാമപദം (masculine noun) ആണ്. എന്നാൽ ദൈവം പുരുഷനോ, സ്ത്രീയോ അല്ല; ദൈവത്തിന് ലിംഗഭേദമില്ല. “ഞാൻ മനുഷ്യനല്ല ദൈവം അത്രേ” എന്നാണ് യഹോവ പറയുന്നത്: (ഹോശേ, 11:9 – ഇയ്യോ, 9:32). എന്നാൽ അബ്രാഹാം കണ്ടതാകട്ടെ, മൂന്നു മനുഷ്യരെയാണ്. മൂന്ന് പുരുഷന്മാരിൽ ഒരുത്തനെ “യഹോവ” എന്ന് എഴുത്തുകാരനായ മോശെ പത്തുപ്രാവശ്യം വിശേഷിപ്പിച്ചിട്ടുണ്ട്: (18:1; 18:13; 18:14; 18:17; 18:19; 18:19; 18:20; 18:22; 18:26; 18:33). 22-വാക്യം: “അങ്ങനെ ആ പുരുഷന്മാർ അവിടെനിന്നു തിരിഞ്ഞു സൊദോമിലേക്കു പോയി. അബ്രാഹാമോ യഹോവയുടെ സന്നിധിയിൽ തന്നേ നിന്നു.” (ഉല്പ, 18:22). ഈ വേദഭാഗത്ത്, അബ്രാഹാം യഹോവയുടെ അല്ലെങ്കിൽ, യഹോവ എന്ന് പേർപറയപ്പെട്ട പുരുഷൻ്റെ സന്നിധിയിൽ നില്ക്കുമ്പോൾ, ആ പുരുഷന്മാർ (രണ്ടുപേർ) സൊദോമിലേക്കു പോയതായി കാണാം. 19-ാം അദ്ധ്യായം 1-ാം വാക്യം: “ആ രണ്ടുദൂതന്മാർ വൈകുന്നേരത്തു സൊദോമിൽ എത്തി; ലോത്ത് സൊദോംപട്ടണ വാതിൽക്കൽ ഇരിക്കയായിരുന്നു; അവരെ കണ്ടിട്ടു ലോത്ത് എഴുന്നേറ്റു എതിരേറ്റു ചെന്നു നിലംവരെ കുനിഞ്ഞു നമസ്കരിച്ചു.” (ഉല്പ, 19:1). ഈ വേദഭാഗത്ത്, രണ്ടു “ദൂതന്മാർ” (Mal’akhim – Angels) സൊദോമിൽ എത്തിയതായി പറഞ്ഞിട്ടുണ്ട്. മേല്പറഞ്ഞ നാല് വേദഭാഗങ്ങളിൽനിന്ന് ചില കാര്യങ്ങൾ മനസ്സിലാക്കാം: ഒന്നാം വാക്യത്തിൽ, യഹോവ പ്രത്യക്ഷനായി എന്നാണ് പറഞ്ഞിരിക്കുന്നത്. എന്നാൽ അബ്രാഹാം കണ്ടത്, മൂന്നു പുരുഷന്മാരെ (മനുഷ്യർ) ആണ്. അതിനാൽ, ദൈവത്തെയല്ല; മനുഷ്യരെയാണ് അബ്രാഹാം കണ്ടതെന്ന് വ്യക്തമാണ്. അതിൽ ഒരുത്തൻ എഴുത്തുകാരനാൽ “യഹോവ” എന്ന നാമം വിശേഷിപ്പിക്കപ്പെട്ടിരിക്കുന്ന മനുഷ്യനാണ്. മറ്റു രണ്ടുപേർ ദൂതന്മാരാണ്. തന്മൂലം, യഹോവ എന്നു പേർ വിശേഷിപ്പിക്കപ്പെട്ട പുരുഷൻ യഹോവയായ ദൈവത്തിൻ്റെ മനുഷ്യപ്രത്യക്ഷതയാണെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം. ➟പുതിയനിയമത്തിലെ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിന് അഥവാ, മനുഷ്യപ്രത്യക്ഷതയ്ക്ക് വ്യക്തമായ തെളിവാണ് മമ്രേയുടെ തോപ്പിലെ സംഭവം: (1Tim, 3:16 – Joh, 1:18; യോഹ, 8:40). [കാണുക: ക്രിസ്തുവിനെ അറിയുക, ദൈവഭക്തിയുടെ മർമ്മം]
☛ യഹോവ ഒരുത്തൻ മാത്രം:
➦ “യിസ്രായേലേ, കേൾക്ക; യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകൻ തന്നേ.” (ആവ, 6:4). ത്രിത്വത്തെ ന്യായീകരിക്കാൻ മൂന്ന് യഹോവയുണ്ടെന്ന് ത്രിത്വവിശ്വാസികൾ പഠിപ്പിക്കുന്നു. എന്നാൽ ഞാൻ ഒരുത്തൻ മാത്രമാണ് ദൈവമെന്നാണ് അതിൽ ഒരു യഹോവ പറയുന്നത്. അപ്പോൾ ബാക്കി രണ്ടുപേർ ദൈവമല്ലേ? യഹോവ ഒരുത്തൻ മാത്രമാണെന്നും യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്നും പഴയനിയമത്തിലെ മശീഹമാരും ഭക്തന്മാരും ആവർത്തിച്ചു പറയുന്നു:
❶ ഞാൻ യഹോവയാകുന്നു; മറ്റൊരുത്തനുമില്ല; ഞാനല്ലാതെ ഒരു ദൈവവുമില്ല (I am the LORD, and there is none else, there is no God beside me): (യെശ, 45:5 – KJV).
❷ ഞാനല്ലാതെ മറ്റൊരുത്തനും ഇല്ല; ഞാൻ യഹോവയാകുന്നു; മറ്റൊരുത്തനും ഇല്ല. [That thereis none beside me. I am the LORD, and there is none else]: (യെശ, 45:6 – KJV).
❸ ഞാൻ തന്നേ യഹോവ; വേറൊരുത്തനും ഇല്ല [I am the LORD; and there is none else]: (യെശ, 45:18 – KJV).
❹ ഞാൻ നിങ്ങളുടെ ദൈവമായ യഹോവ, മറ്റൊരുത്തന്നുമില്ല [I am the LORD your God, and none else]: (യോവേ, 2:27 – KJV).
❺ യഹോവയായ ഞാൻ നിന്റെ ദൈവം ആകുന്നു. ഞാൻ അല്ലാതെ അന്യദൈവങ്ങൾ നിനക്കു ഉണ്ടാകരുതു [I am the LORD thy God, … Thou shalt have no other gods before me]. (പുറ, 20:2-3; ആവ, 5:6-7 – KJV).
❻ ഞാൻ യഹോവ അതുതന്നേ എന്റെ നാമം; ഞാൻ എന്റെ മഹത്വം മറ്റൊരുത്തന്നും എന്റെ സ്തുതി വിഗ്രഹങ്ങൾക്കും വിട്ടുകൊടുക്കയില്ല [I am the LORD: that is my name: and my glory will I not give to another, neither my praise to graven images]. (യെശ, 42:8 – KJV).
❼ യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം ദൈവം ആകുന്നു [O LORD God of Israel, thou art the God, …. even thou alone]: (2രാജാ, 19:15 – KJV).
❽ നീ ഒരുത്തൻ മാത്രം യഹോവയായ ദൈവം [Thou art the LORD God, even thou only]: (2രാജാ, 19:19 – KJV).
❾ നീ, നീ മാത്രം യഹോവ ആകുന്നു [Thou, even thou, art LORD alone]: (നെഹെ, 9:6 – KJV).
❿ യഹോവ എന്നു നാമമുള്ള നീ മാത്രം സർവ്വഭൂമിക്കും മീതെ അത്യുന്നതൻ [That thou, whose name alone is JEHOVAH, art the most high over all the earth]: (സങ്കീ, 83:18 – KJV).
⓫ സൈന്യങ്ങളുടെ യഹോവേ, നീ ഒരുത്തൻ മാത്രം ദൈവമാകുന്നു O LORD of hosts, God of Israel, … thou art the God, even thou alone]: (യെശ, 37:16 – KJV).
⓬ ഞങ്ങളുടെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം യഹോവ [O LORD our God, thou art the LORD, even thou only]: (യെശ, 37:20 – KJV).
☛ മുന്നു യഹോവയുണ്ടെങ്കിൽ, “ഞാൻ നിങ്ങളുടെ ദൈവമായ യഹോവ, മറ്റൊരുത്തന്നുമില്ല; ഞാൻ അല്ലാതെ മറ്റൊരു ദൈവവുമില്ല” എന്ന് അതിലൊരു യഹോവ ആവർത്തിച്ച് പറയുമായിരുന്നോ?
☛ മുന്നു യഹോവയുണ്ടെങ്കിൽ, അതിലൊരുത്തൻ മാത്രമാണ് യഹോവയെന്നും, ഒരുത്തൻ മാത്രമാണ് യഹോവയായ ദൈവമെന്നും പഴയനിയമത്തിലെ മശീഹമാരും ഭക്തന്മാരും ആവർത്തിച്ച് പറയുമായിരുന്നോ?
☛ ഞാൻ ഒരുത്തൻ മാത്രമാണ് ദൈവമെന്ന് യഹോവയായ ഏകദൈവവും, യഹോവ ഒരുത്തൻ മാത്രമാണെന്നും യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്നും പഴയനിയമത്തിലെ മശീഹമാരും ഭക്തന്മാരും ആവർത്തിച്ചാവർത്തിച്ച് പറയുമ്പോഴാണ്, ഏകസത്യദൈവത്തെ ത്രിമൂർത്തി ബഹുദൈവമാക്കാൻ, മൂന്ന് യഹോവയുണ്ടെന്ന കൊടിയ കൾട്ടുപദേശം ട്രിനിറ്റി പഠിപ്പിക്കുന്നത്.
☛ മൂന്ന് യഹോവയുണ്ടെന്ന് പറയുന്ന വചനവിരുദ്ധതയെ, പുതിയനിയമത്തിൽ ദൈവപുത്രനായ യേശുവും ഒരു യെഹൂദാ ശാസ്ത്രിയുംകൂടി ഖണ്ഡിച്ചുവെച്ചിട്ടുണ്ട്: യിസ്രായേലിൻ്റെ ഷേമ പ്രഖ്യാപനമാണ് യേശു മുഖ്യകല്പനയായി പഠിപ്പിച്ചത്: “എല്ലാറ്റിലും മുഖ്യകല്പനയോ: “യിസ്രായേലേ, കേൾക്ക; നമ്മുടെ ദൈവമായ കർത്താവു ഏക കർത്താവു.നിന്റെ ദൈവമായ കർത്താവിനെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടും കൂടെ സ്നേഹിക്കേണം, എന്നു ആകുന്നു.” (മർക്കൊ, 12:29-30 – ആവ, 6:4-5). യെഹൂദന്മാർ ദിവസവും രണ്ടുനേരം ചൊല്ലുന്ന (രാവിലെയും വൈകുന്നേരവും) ചൊല്ലുന്ന, യഹോവയായ ഏകദൈവത്തിലുള്ള വിശ്വാസത്തിന്റെയും ദൈവത്തെ പൂർണ്ണഹൃദയത്തോടെ സ്നേഹിക്കണമെന്ന കൽപ്പനയുടെയും പ്രഖ്യാപനമാണിത്. യേശു ഇവിടെ “യഹോവ ഒരുത്തൻ മാത്രമാണ് ദൈവം” എന്ന് വളരെ വ്യക്തമായാണ് പഠിപ്പിക്കുന്നത്. എന്നാൽ ചിലർ ഇതിനെ “ഏകൻ” എന്നാൽ ഒരുവനല്ല; പലരാണെന്ന് വ്യാഖ്യാനിക്കുന്നു. എന്നാൽ അത് ദുർവ്യാഖ്യാനമാണെന്ന് യേശുവിൻ്റെ വാക്കുകേട്ട ശാസ്ത്രിയുടെ മറുപടിയിൽനിന്ന് മനസ്സിലാക്കാം: “നന്നു, ഗുരോ, നീ പറഞ്ഞതു സത്യം തന്നേ; ഏകനേയുള്ളൂ; അവനല്ലാതെ മറ്റൊരുത്തനുമില്ല.” (മർക്കൊ, 12:32). ശാസ്ത്രിയുടെ വാക്കുകൾ ശ്രദ്ധിക്കുക: “യഹോവ ഏകനേയുള്ളൂ; അവനല്ലാതെ മറ്റൊരുത്തനുമില്ല.” ഇവിടെ ഗ്രീക്കിൽ പ്രഥമപുരുഷ ഏകവചനത്തിലുള്ള (3rd Person Singular) മൂന്ന് പ്രയോഗങ്ങൾ കാണാം: “heis estin ⁃ He is one ⁃ അവൻ ഏകനേയുള്ളൂ”, “our estin allos ⁃ there is no other ⁃ മറ്റൊരുത്തനുമില്ല”, “plen autou ⁃ besides him ⁃ അവനല്ലാതെ.” അതായത്, ദൈവം യഹോവ ഒരുത്തൻ മാത്രമാണെന്ന് അസന്ദിഗ്ദ്ധമായാണ് ശാസ്ത്രി യേശുവിനോട് പറയുന്നത്. ഇതുകേട്ട യേശുവിൻ്റെ പ്രത്യുത്തരം അതിലും ശ്രദ്ധേയമാണ്: “അവൻ ബുദ്ധിയോടെ ഉത്തരം പറഞ്ഞു എന്നു യേശു കണ്ടിട്ടു: നീ ദൈവരാജ്യത്തോടു അകന്നവനല്ല എന്നു പറഞ്ഞു.” (മർക്കൊ, 12:34). ദൈവം ത്രിത്വമാണെന്ന് വിശ്വസിക്കുന്നവരല്ല; ദൈവം പിതാവായ യഹോവ ഒരുത്തൻ മാത്രമാണെന്ന് വിശ്വസിക്കുന്നവരാണ് ദൈവരാജ്യത്തോട് അടുത്തുനിൽക്കുന്നത്. എന്നാൽ ജാതികളിൽനിന്ന് ദൈവത്തിൻ്റെ കൃപയാൽ അവനോടു അടുത്തുവന്നവർ, ഏകസത്യദൈവമായ യഹോവയെ ത്രിമൂർത്തി ബഹുദൈവമാക്കി അവനെ നിന്ദിക്കുന്നു. ദൈവത്തിൻ്റെ വചനം വിശ്വസിക്കുന്നവനോ, ഭാഷയുടെ ബാലപാഠമെങ്കിലും അറിവുള്ളവനോ മൂന്ന് യഹോവയുണ്ടെന്ന ബൈബിൾ വിരുദ്ധത പറയില്ല. മുഖ്യ കല്പന ലംഘിക്കുന്ന അതിമാരക ഉപദേശമാണ് ത്രിത്വം. [കാണുക: എല്ലാറ്റിലും മുഖ്യകല്പന].
☛ യെഹൂദന്മാർ ക്രിസ്തുവിൽ വിശ്വസിക്കാത്തവരോ?
➦ യെഹൂദന്മാർ ക്രിസ്തുവിൽ വിശ്വസിക്കാത്തവരാണെന്ന് കരുതുന്നവരാണ് ക്രൈസ്തവരിൽ അധികവും. എന്നാൽ മശീഹ എന്ന സത്യത്തിലും പ്രത്യാശയിലും വിശ്വസിക്കാത്ത ഒരൊറ്റ യെഹൂദനും ഈ ഭൂമുഖത്തില്ല എന്നതാണ് യഥാർത്ഥ വസ്തുത. രണ്ടുവിധത്തിൽ അത് വ്യക്തമാക്കാം.
❶ ക്രിസ്തുയേശു മൂലക്കല്ലായും അപ്പൊസ്തലന്മാരും പ്രവാചകന്മാരുമെന്ന അടിസ്ഥാനത്തിന്മേൽ ദൈവസഭ പണിയപ്പെട്ടതുതന്നെ യെഹൂദന്മാരിലൂടെയാണ്. (എഫെ, 2:20). മൂലക്കല്ലായ ക്രിസ്തുവും അപ്പൊസ്തലന്മാരും പ്രവാചകന്മാരും എല്ലാം യെഹൂദന്മാരായിരുന്നു. യേശുവിൻ്റെ ക്രൂശീകരണവും പുനരുത്ഥാനവും സ്വർഗ്ഗാരോഹണവും സഭാസ്ഥാപനവും എ.ഡി. 33-ലാണ്. ഏകദേശം നാലു വർഷങ്ങൾക്കുശേഷം എ,ഡി. 37–ലാണ് ശമര്യയിൽ സുവിശേഷം എത്തുന്നത്. പിന്നെയും ഏകദേശം നാലു വർഷങ്ങൾക്കുശേഷം എ,ഡി. 41-ലാണ് ജാതികളിലേക്ക് സുവിശേഷം എത്തുന്നത്. അതായത്, ആദ്യത്തെ നാലുവർഷം യെഹൂദന്മാരുടെ ഇടയിലായിരുന്നു ആദിമസഭയുടെ സുവിശേഷഘോഷണം. സുവിശേഷം വിശ്വസിച്ചവരെല്ലാം യെഹൂദന്മാരായിരുന്നു. പത്രൊസിൻ്റെ പ്രഥമ പ്രസംഗത്തിൽത്തെന്നെ മൂവായിരംപേർ വിശ്വസിച്ച് സഭയോട് ചേർന്നു. (പ്രവൃ, 2:41). അനന്തരം പത്രൊസിൽനിന്നും യോഹന്നാനിൽനിന്നും വചനംകേട്ട് വിശ്വസിച്ചവരിൽ, “പുരുഷന്മാരുടെ എണ്ണംതന്നെ അയ്യായിരത്തോളം ആയി” എന്നാണ് പറയുന്നത്. (പ്രവൃ, 4:4). പുരുഷന്മാരുടെ എണ്ണം അയ്യായിരത്തോളം എന്ന് പറഞ്ഞാൽ, അവരുടെ ഭാര്യമാരും മക്കളും ഉൻപ്പെട്ടിട്ടില്ല. ഓരോരുത്തന് ഭാര്യയും രണ്ടോ, മൂന്നോ മക്കളും എന്ന് കണക്കാക്കിയാൽ, 20–25 ആയിരമാകും. ആറാം അദ്ധ്യായത്തിൽ വായിക്കുന്നത്: “ദൈവവചനം പരന്നു, യെരൂശലേമില്‍ ശിഷ്യന്മാരുടെ എണ്ണം ഏറ്റവും പെരുകി, പുരോഹിതന്മാരിലും വലിയൊരു കൂട്ടം വിശ്വാസത്തിന് അധീനരായിത്തീര്‍ന്നു” എന്നാണ്. (പ്രവൃ, 6:7). പിന്നെ എണ്ണമൊന്നും പറയുന്നില്ല; ഏറ്റവും പെരുകിയെന്നാണ് പറയുന്നത്. അതെല്ലാം യെഹൂദന്മാരായിരുന്നു. ശമര്യരും ജാതികളും ചേർന്നപ്പോൾ, വിശ്വാസികളല്ല; സഭകളാണ് ദിവസേന പെരുകിയത്. (അപ്പ 16:5). “രക്ഷ യെഹൂദന്മാരുടെ ഇടയിൽനിന്നല്ലോ വരുന്നതു” എന്നാണ് ക്രിസ്തു പഠിപ്പിച്ചത്. (യോഹ, 4:22). തന്മൂലം, യെഹൂദന്മാർ ക്രിസ്തുവിൽ വിശ്വസിക്കുന്നില്ല എന്ന് പറയുന്നതിൽ അടിസ്ഥാനമൊന്നുമില്ല. അന്നുമാത്രമല്ല, ഇന്നും യേശുക്രിസ്തുവിൽ വിശ്വസിക്കുന്ന യെഹൂദന്മാർ അനവദിയുണ്ട്. അന്നുമിന്നും യേശുവിൽ വിശ്വസിക്കാത്തവരാണ് അധികമെന്നേയുള്ളൂ.
❷ വിശ്വസിക്കാത്ത യെഹൂദന്മാർ “ക്രിസ്തു/മശീഹായിൽ” (അഭിഷിക്തൻ) വിശ്വസിക്കാത്തവരല്ല. “യേശു” എന്ന് പേരുള്ള ക്രിസ്തുവിൽ വിശ്വസിക്കാത്തവരാണ്. അതായത്, രണ്ടായിരം വർഷംമുമ്പ് പരിശുദ്ധാത്മാവിനാൽ കന്യകയിൽ ഉല്പാദിതനായി ജനിച്ചുജീവിച്ച് ക്രൂശിൽമരിച്ച് ദൈവത്താൽ ഉയിർപ്പിക്കപ്പെട്ട്, മനുഷ്യർക്ക് രക്ഷയെരുക്കിയ യേശുവെന്ന് പേരുള്ള ക്രിസ്തുവിൽ അവർ വിശ്വസിക്കുന്നില്ല. അവരുടെ വിശ്വാസപ്രകാരം, രക്ഷിതാവായ “മശീഹ” (ക്രിസ്തു) ഇതുവരെ ഭൂമിയിൽ ജനിച്ചിട്ടില്ല; ജനിക്കുവാൻ ഇരിക്കുന്നതേയുള്ളൂ. അതുകൊണ്ട്, യേശുവിൽ വിശ്വസിക്കാത്ത യെഹൂദന്മാർ “മശീഹയിൽ” (ക്രിസ്തുവിൽ) വിശ്വസിക്കാത്തവരാണ് എന്നർത്ഥമില്ല. അവർ തങ്ങളുടെ രക്ഷകനായ മശീഹ വന്ന് തങ്ങളെ രക്ഷിക്കുമെന്ന് എല്ലായ്പ്പോഴും വിശ്വസിച്ചുകൊണ്ട് നോക്കിപ്പാർക്കുന്നവരാണ്. അതായത്, “യേശുവെന്ന ക്രിസ്തുവിൽ വിശ്വസിക്കുന്നവരും വിശ്വസിക്കാത്തവരുമുണ്ട്; എന്നാൽ രക്ഷിതാവായ ‘ക്രിസ്തുവിൽ’ (മശീഹ) വിശ്വസിക്കാത്ത ഒറ്റ യെഹൂദനും ഭൂമുഖത്തില്ല.” മറിച്ചുള്ള ചിന്തകൾ ബൈബിൾപരമല്ല. യേശുവിൽ വിശ്വസിക്കാത്തവർ, അവൻ രക്ഷിതാവായ ക്രിസ്തു ആണെന്ന് അറിയാത്തതുകൊണ്ടാണ് വിശ്വസിക്കാത്തത്. അല്ലാതെ അവർ ക്രിസ്തു വിരോധികൾ ആയതുകൊണ്ടല്ല. ഒരുനാൾ അവർ തങ്ങൾ കുത്തിയവങ്കലേക്ക് നോക്കി രക്ഷപ്രാപിക്കുന്ന സുദിനം വരും: (വെളി, 1:7; സെഖ, 12:10). അന്ന് യിസ്രായേൽ മുഴുവനും രക്ഷിക്കപ്പെടും: (റോമ, 11:26).
☛ യേശു പഴയനിയമത്തിൽ ദൂതനായി ഉണ്ടായിരുന്നോ?
➦ യേശു പഴയനിയമത്തിൽ ദൂതനായി ഉണ്ടായിരുന്നു എന്ന വിചിത്രവാദം പലരും ഉയർത്താറുണ്ട്. എന്നാൽ അതിൽ വല്ല കഴമ്പുമുണ്ടോന്ന് നമുക്ക് പരിശോധിക്കാം:
❶ മൂൾപ്പടർപ്പിൽ പ്രത്യക്ഷനായ ദൂതൻ യേശുവാണോ?
➦ “അവിടെ യഹോവയുടെ ദൂതൻ ഒരു മുൾപടർപ്പിന്റെ നടുവിൽനിന്നു അഗ്നിജ്വാലയിൽ അവന്നു പ്രത്യക്ഷനായി. അവൻ നോക്കിയാറെ മുൾപടർപ്പു തീ പിടിച്ചു കത്തുന്നതും മുൾപടർപ്പു വെന്തുപോകാതിരിക്കുന്നതും കണ്ടു. മുൾപടർപ്പു വെന്തുപോകാതിരിക്കുന്ന ഈ വലിയ കാഴ്ച എന്തെന്നു ഞാൻ ചെന്നു നോക്കട്ടെ എന്നു മോശെ പറഞ്ഞു. നോക്കേണ്ടതിന്നു അവൻ വരുന്നതു യഹോവ കണ്ടപ്പോൾ ദൈവം മുൾപടർപ്പിന്റെ നടുവിൽ നിന്നു അവനെ മോശേ, മോശെ എന്നു വിളിച്ചു. അതിന്നു അവൻ: ഇതാ, ഞാൻ എന്നു പറഞ്ഞു. അപ്പോൾ അവൻ: ഇങ്ങോട്ടു അടുക്കരുതു; നീ നില്ക്കുന്ന സ്ഥലം വിശുദ്ധഭൂമിയാകയാൽ കാലിൽനിന്നു ചെരിപ്പു അഴിച്ചുകളക എന്നു കല്പിച്ചു. ഞാൻ അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവുമായി, നിന്റെ പിതാവിന്റെ ദൈവം ആകുന്നു എന്നും അവൻ അരുളിച്ചെയ്തു. മോശെ ദൈവത്തെ നോക്കുവാൻ ഭയപ്പെട്ടു മുഖം മൂടി.” (പുറ, 3:2-6). ഈ വേദഭാഗത്ത് പ്രത്യക്ഷനായ ദൂതൻ യേശുവാണെന്ന് ട്രിനിറ്റി വിചാരിക്കുന്നു. 2-ാം വാക്യത്തിൽ, യഹോവയുടെ “ദൂതൻ” (malak – Angel) പ്രത്യക്ഷനായി എന്നാണ് പറഞ്ഞിരിക്കുന്നത്. പുതിയനിയമത്തിലും അത് പറഞ്ഞിട്ടുണ്ട്: “നാല്പതാണ്ടു കഴിഞ്ഞപ്പോൾ സീനായ്മലയുടെ മരുഭൂമിയിൽ ഒരു ദൈവദൂതൻ മുൾപടർപ്പിലെ അഗ്നിജ്വാലയിൽ അവന്നു പ്രത്യക്ഷനായി.” (പ്രവൃ, 7:30). ഈ വേദഭാഗത്തും, ദൈവത്തിൻ്റെ “ദൂതൻ” (Angelos – Angel) പ്രത്യക്ഷനായി എന്നാണ് പറഞ്ഞിരിക്കുന്നത്. 3-ാം വാക്യത്തിൽ, മുൾപടർപ്പു കത്തിയിട്ടും വെന്തുപോകാത്ത കാഴ്ച എന്തെന്നറിയാൻ, മോശെ അടുത്തേക്ക് ചെല്ലുന്നതായി കാണാം. 4-ാം വാക്യത്തിൽ, “മോശെ വരുന്നതു യഹോവ കണ്ടപ്പോൾ ദൈവം മുൾപടർപ്പിന്റെ നടുവിൽ നിന്നു അവനെ മോശേ, മോശെ എന്നു വിളിച്ചു. അതിന്നു അവൻ: ഇതാ, ഞാൻ എന്നു പറഞ്ഞു.” ഈ വേദഭാഗം ശ്രദ്ധിച്ചാൽ, മോശെയെ കാണുന്നതും അവനെ പേർചൊല്ലി വിളിക്കുന്നതും യഹോയായ ദൈവമാണെന്ന് മനസ്സിലാക്കാം. 5-ാം വാക്യത്തിൽ, “ദൈവം: ഇങ്ങോട്ടു അടുക്കരുതു; നീ നില്ക്കുന്ന സ്ഥലം വിശുദ്ധഭൂമിയാകയാൽ കാലിൽനിന്നു ചെരിപ്പു അഴിച്ചുകളക എന്നു കല്പിച്ചു.” ➟ഈ വേദഭാഗത്തും ദൈവമാണ് സംസാരിക്കുന്നത്. 6-ാം വാക്യത്തിൻ്റെ ആദ്യഭാഗത്ത്, “ഞാൻ അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവുമായി, നിന്റെ പിതാവിന്റെ ദൈവം ആകുന്നു” എന്ന് അരുളിച്ചെയ്തതും യഹോവയാണ്.6-ാം വാക്യത്തിൻ്റെ അടുഭാഗത്ത്, “മോശെ ദൈവത്തെ നോക്കുവാൻ ഭയപ്പെട്ടു മുഖം മൂടി” എന്നാണ് വായിക്കുന്നത്. അതായത്,2-ാം വാക്യത്തിൽ, യഹോവയുടെ ദൂതൻ മുൾപ്പടർപ്പിൽ പ്രത്യക്ഷനായി എന്ന് പറയുന്നതൊഴികെ, സംസാരിക്കുന്നതും മോശെയെ കാണുന്നതും മോശെ നോക്കാൻ ഭയപ്പെട്ടതും യഹോവയായ ദൈവത്തെയാണ്. ➟മുന്നാം അദ്ധ്യായത്തിൽ മാത്രമല്ല; തുടർന്നുള്ള എല്ലാ അദ്ധ്യായത്തിലും ദൈവമാണ് സംസാരിക്കുന്നത്. മുൾപ്പർപ്പിൽ പ്രത്യക്ഷനായ ദൂതൻ സംസാരിക്കുന്നില്ലെന്ന് മാത്രമല്ല; അവനെക്കുറിച്ച് ഒരു പരാമർശംപോലും തുടർന്നങ്ങോട്ടു കാണാൻ കഴിയില്ല. 3:4-മുതൽ 4:17-വരെയുള്ള വാക്യങ്ങളിൽ പതിനഞ്ചു പ്രാവശ്യം യഹോവ സംസാരിക്കുന്നതായി പറഞ്ഞിട്ടുണ്ട്. ഇരുപത്തഞ്ചു പ്രാവശ്യം ദൈവമെന്ന് പറഞ്ഞിട്ടുണ്ട്. യഹോവ മോശെയ്ക്ക് പ്രത്യക്ഷമായി എന്നു മൂന്നുവട്ടം പറഞ്ഞിട്ടുണ്ട്: (പുറ, 3:16; 3:18; 6:3 – പുറ, 4:1; 4:5). മറ്റൊരു ദൂതനെക്കുറിച്ചുള്ള പരാമർശം കാണുന്നത് 14:19-ലാണ്. ട്രിനിറ്റി വിചാരിക്കുന്നതുപോലെ അവിടെ പ്രത്യക്ഷനായ ദൂതൻ യേശുവാണെങ്കിൽ, അവൻ സ്വയമായി സംസാരിക്കാതിരിക്കുമോ? ട്രിനിറ്റിക്ക് പിതാവിനോട് സമനായ ദൈവമാണ് യേശു. ദൈവമായ യേശു പ്രത്യക്ഷനായിട്ട് ആ ദൈവം മിണ്ടാതിരിക്കുകയും ആ ദൈവത്തിലൂടെ മറ്റൊരു ദൈവം സംസാരിച്ചു എന്നൊക്കെ പറഞ്ഞാൽ എങ്ങനെയിരിക്കും?
☛ എന്താണ് അവിടുത്തെ സംഭവമെന്ന് ചോദിച്ചാൽ: തീയായി അവിടെ മോശെയ്ക്ക് ദൃശ്യമായത് ദൂതനാണ്. ദൈവം തൻ്റെ ദൂതന്മാരെ കാറ്റുകളും അഗ്നിജ്വാലകളും ആക്കുന്നതിനെപ്പറ്റി സങ്കീർത്തകൻ പറഞ്ഞിട്ടുണ്ട്: (സങ്കീ, 104:4 – എബ്രാ, 1:7). അതായത്, ദൂതൻ യഹോവയെ പ്രതിനിധീകരിക്കുന്ന പ്രത്യക്ഷതയാണ്. അഥവാ, തൻ്റെ സൃഷ്ടിയായ ദൂതൻ മുഖാന്തരം യഹോവയായ ദൈവമാണ് അഗ്നിജ്വാലയിൽ പ്രത്യക്ഷനായത്. ഉദാ: ദൈവം തൻ്റെ ജനത്തോട് മിക്കപ്പോഴും സംസാരിക്കുന്നത് നേരിട്ടല്ല; പ്രവാചകന്മാർ മുഖാന്തരമാണ്: “ഞാൻ യഹോവ അതുതന്നേ എന്റെ നാമം; ഞാൻ എന്റെ മഹത്വം മറ്റൊരുത്തന്നും എന്റെ സ്തുതി വിഗ്രഹങ്ങൾക്കും വിട്ടുകൊടുക്കയില്ല.” (യെശ, 42:8). ഈ വേദഭാഗത്ത്, “ഞാൻ, എൻ്റെ” എന്നിങ്ങനെ ഉത്തമപുരുഷനിൽ ജനത്തോട് നേരിട്ട് സംസാരിക്കുന്നത് യെശയ്യാ പ്രവാചകനാണ്. എന്നാൽ സംസാരിക്കുന്നത് അവൻ്റെ വാക്കുകളല്ല; യഹോവയായ ദൈവത്തിൻ്റെ വാക്കുകളാണ്. ദൈവത്തിൻ്റെ വായാണ് പ്രവാചകന്മാർ. ഇവിടെ, യെശയ്യാവിലൂടെ ദൈവം സംസാരിച്ചു. അവിടെ, ദൂതൻ്റെ പ്രത്യക്ഷതയിലൂടെ ദൈവം സംസാരിക്കുന്നു. രണ്ടിടത്തും ദൈവമാണ് സംസാരിക്കുന്നത്. പുതിയനിയമത്തിൽ, കൃപയും ശക്തിയും നിറഞ്ഞ് സ്തെഫാനൊസ് പഴയനിയമചരിത്രം പരിശുദ്ധാത്മാവിൽ പ്രസ്ഥാവിക്കുമ്പോൾ വ്യക്തമായി അക്കാര്യം പറഞ്ഞിട്ടുണ്ട്: “നിന്നെ അധികാരിയും ന്യായകർത്താവും ആക്കിയതാർ എന്നിങ്ങനെ അവർ തള്ളിപ്പറഞ്ഞ ഈ മോശെയെ ദൈവം മുൾപടർപ്പിൽ പ്രത്യക്ഷനായ ദൂതൻ മുഖാന്തരം അധികാരിയും വീണ്ടെടുപ്പുകാരനും ആക്കി അയച്ചു.” (പ്രവൃ, 7:35 – പ്രവൃ, 7:30). ദൈവം മിസ്രയീമ്യ ദാസ്യത്തിൽനിന്ന് തൻ്റെ ജനത്തെ രക്ഷിക്കാൻ മോശെയെ അധികാരിയും വീണ്ടെടുപ്പുകാരനും ആക്കിയത് ദൂതൻ മുഖാന്തരമാണെന്ന് ഈ വേദഭാഗത്ത് വ്യക്തമാക്കാമല്ലോ? (പുറ, 3:10). അതായത്, മുൾപ്പടർപ്പിൽ പ്രത്യക്ഷനായ ദൂതൻ ദൈവപുത്രായ ക്രിസ്തുവാണെന്ന് ട്രിനിറ്റി വിശ്വാസികൾ പറയുന്നതല്ലാതെ, കൃപയും ശക്തിയും നിറഞ്ഞ സ്തഫാനൊസിനും അതെഴുതിവെച്ച ലൂക്കൊസിനും അക്കാര്യം അറിയില്ലായിരുന്നു. മൂൾപ്പടർപ്പിൽ പ്രത്യക്ഷനായ ദൂതൻ യേശുക്രിസ്തുവാണെങ്കിൽ, മോശെ അക്കാര്യം മറച്ചുവെക്കുമോ? സ്തെഫാനോസ് അക്കാര്യം അറിയാതിരിക്കുമോ? ലൂക്കൊസ് ദൂതനാണെന്ന് എഴുതിവെക്കുമോ?
☛ മുൾപ്പടർപ്പിൽ ദൂതൻ മുഖാന്തരം യഹോവയാണ് പ്രത്യക്ഷനായത് എന്നതിന് വേറെയും തെളിവുണ്ട്: “മുൾപ്പടർപ്പിൽ വസിച്ചവന്റെ പ്രസാദം യോസേഫിന്റെ ശിരസ്സിന്മേലും തന്റെ സഹോദരന്മാരിൽ പ്രഭുവായവന്റെ നെറുകമേലും വരുമാറാകട്ടെ.” (ആവ, 33:16). തീയിൽ വെളിപ്പെട്ടുകൊണ്ടാണ് യഹോവ ന്യായപ്രമാണം നല്കിയത്: “ഞങ്ങളുടെ ദൈവമായ യഹോവ തന്റെ തേജസ്സും മഹത്വവും ഞങ്ങളെ കാണിച്ചിരിക്കുന്നുവല്ലോ; തീയുടെ നടുവിൽനിന്നു അവന്റെ ശബ്ദം ഞങ്ങൾ കേട്ടിരിക്കുന്നു; ദൈവം മനുഷ്യരോടു സംസാരിച്ചിട്ടും അവർ ജീവനോടിരിക്കുമെന്നു ഞങ്ങൾ ഇന്നു കണ്ടുമിരിക്കുന്നു.” (ആവ, 5:24).
❷ എന്റെ നാമം അവനിൽ ഉണ്ട്:
➦ “ഇതാ, വഴിയിൽ നിന്നെ കാക്കേണ്ടതിന്നും ഞാൻ നിയമിച്ചിരിക്കുന്ന സ്ഥലത്തേക്കു നിന്നെ കൊണ്ടുപോകേണ്ടതിന്നും ഞാൻ ഒരു ദൂതനെ നിന്റെ മുമ്പിൽ അയക്കുന്നു. നീ അവനെ ശ്രദ്ധിച്ചു അവന്റെ വാക്കു കേൾക്കേണം; അവനോടു വികടിക്കരുതു; അവൻ നിങ്ങളുടെ അതിക്രമങ്ങളെ ക്ഷമിക്കയില്ല; എന്റെ നാമം അവനിൽ ഉണ്ടു.” (പുറ, 23:20-21). ഈ വേദഭാഗത്ത് പറയുന്ന ദൂതനും (malak – Angel) യേശുക്രിസ്തു ആണെന്ന് ട്രിനിറ്റി വിചാരിക്കുന്നു. “എന്റെ നാമം അവനിൽ ഉണ്ടു” എന്ന് പറഞ്ഞിരിക്കുന്നതാണ് കാരണം. ദൈവം തൻ്റെ നാമത്തിൽ അല്ലെങ്കിൽ, നാമവുമായി ഒരു ദൂതനെ അയച്ചാൽ യേശുക്രിസ്തു ആകുമോ? ട്രിനിറ്റിയുടെ വിശ്വാസപ്രകാരം, യഹോവയ്ക്ക് തുല്യനായ ദൈവമാണ് യേശുക്രിസ്തു. ദൈവമായ യേശുക്രിസ്തുവിനെ യിസ്രായേൽ ജനത്തിൻ്റെ മുമ്പെ അയക്കുമ്പോൾ, ദൈവം സൃഷ്ടിയായ ദൂതനായി മാറുമോ?
☛ ദാവീദ് ഫെലിസ്ത്യനോടു പറഞ്ഞതു നോക്കുക: “നീ വാളും കുന്തവും വേലുമായി എന്റെ നേരെ വരുന്നു; ഞാനോ നീ നിന്ദിച്ചിട്ടുള്ള യിസ്രായേൽനിരകളുടെ ദൈവമായ സൈന്യങ്ങളുടെ യഹോവയുടെ നാമത്തിൽ നിന്റെ നേരെ വരുന്നു.” (1ശമൂ, 17:45). യഹോവയുടെ നാമത്തിൽ ദാവീദ് ഫെലിസ്ത്യനെ കൊന്നതുകൊണ്ട് ദാവീദ് യേശുക്രിസ്തു ആകുമോ? ഇങ്ങനെയാണ് ബൈബിൾ വ്യാഖ്യാനിക്കുന്നതെങ്കിൽ, മൂന്നല്ല (ത്രിത്വം) മുപ്പത്തിമുക്കോടി ദൈവത്തെ വേണമെങ്കിലും ഉണ്ടാക്കാം.
❸ സമ്മുഖദൂതൻ:
➦ “അവരുടെ കഷ്ടതയിൽ ഒക്കെയും അവൻ കഷ്ടപ്പെട്ടു; അവന്റെ സമ്മുഖദൂതൻ അവരെ രക്ഷിച്ചു; തന്റെ സ്നേഹത്തിലും കനിവിലും അവൻ അവരെ വീണ്ടെടുത്തു; പുരാതനകാലത്തൊക്കെയും അവൻ അവരെ ചുമന്നുകൊണ്ടു നടന്നു.” (യെശ, 63:9). ഈ വേദഭാഗത്ത് പറയുന്ന സമ്മുഖദൂതനും യേശുക്രിസ്തു ആണെനാണ് ട്രിനിറ്റി പറയുന്നത്. “സമ്മുഖദൂതൻ” എബ്രായയിൽ “Malakh panav” എന്നാണ്. അതിൻ്റെ അർത്ഥം, “അവൻ്റെ മുഖത്തിൻ്റെ ദൂതൻ/അവൻ്റെ സാന്നിധ്യമാകുന്ന ദൂതൻ” എന്നാണ്. ഇംഗ്ലീഷിൽ, ❝“സാന്നിധ്യത്തിൻ്റെ ദൂതൻ” (The angel of his presence) എന്നാണ്: (KJV). “സാന്നിധ്യമാകുന്ന ദൂതൻ” (സ.വേ.പു.സ.പ), “തിരുസന്നിധിയിലെ മാലാഖ” (വി.ഗ്ര) എന്നൊക്കെയാണ് മറ്റു മലയാളം പരിഭാഷകളിൽ കാണുന്നത്. യെഹൂദന്മാരുടെ ഔദ്യോഗിക ബൈബിളായ തനാഖിൽ അതിൻ്റെ വ്യാഖ്യാനവും കൊടുത്തിട്ടുണ്ട്: അതിൽ ദൂതൻ മിഖായേൽ (Michael) ആണെന്നാണ് പറഞ്ഞിരിക്കുന്നത്: (കാണുക: Tanakh).അതായത്, ദൈവം തൻ്റെ സാന്നിദ്ധ്യമാകുന്ന ദൂതനെ (malak – Angel) അയച്ചാണ് അവരെ രക്ഷിച്ചത്. ചിലർ അതിനെ പുതിയനിയമ രക്ഷയായി തെറ്റിദ്ധരിച്ചിട്ടുണ്ട്; അതുകൊണ്ടാണ് യേശുക്രിസ്തു ആണെന്ന് പലരും കരുതുന്നത്. ഒരു വാക്യത്തെ സന്ദർഭത്തിൽനിന്ന് അടർത്തിമാറ്റിയിട്ട് ഉപദേശം ഉണ്ടാക്കുന്നതിൻ്റെ കുഴപ്പമാണത്. അടുത്തവാക്യം: “എന്നാൽ അവർ മത്സരിച്ചു അവന്റെ പരിശുദ്ധാത്മാവിനെ ദുഃഖിപ്പിച്ചു; അതുകൊണ്ടു അവൻ അവർക്കു ശത്രുവായ്തീർന്നു താൻ തന്നേ അവരോടു യുദ്ധം ചെയ്തു.” (യെശ, 63:10). അത് യിസ്രായേലിനെക്കുറിച്ചാണെന്ന് മനസ്സിലാക്കാൻ വല്ല പ്രയാസവുമുണ്ടോ? പരിശുദ്ധാത്മാവിനെ തള്ളിക്കളഞ്ഞിട്ട്, യഹോവ പുതിയനിയമ വിശ്വാസികളുടെ ശത്രുവാണോ? അടുത്തവാക്യത്തിൽ, ദൈവം ശത്രുവായിത്തീർന്നപ്പോൾ അവർ മോശെയുടെ കാലമോർത്ത് പിറുപിറുത്തതായി കാണാം. (യെശ, 63:11). യേശുക്രിസ്തുവിലൂടെ രക്ഷപ്രാപിച്ച ആരെങ്കിലും മോശെയുടെ കാലത്തെ സൗഭാഗ്യമോർത്ത് ദൈവത്തോടു പിറുപിറുക്കുമോ? ഇങ്ങനെയാണ് പലരുടെയും ബൈബിൾ വ്യാഖ്യാനം! മോശെയുടെ കാലത്തിനുശേഷം ദൈവം തൻ്റെ ദൂതനെ അയച്ച് പലപ്പോഴും യിസ്രായേലിനെ രക്ഷിച്ച കാര്യമാണ് അവിടെ പറയുന്നത്. ദൈവത്തിന് മുമ്പെ ഒരു പുത്രനുണ്ടായിരുന്നെങ്കിൽ, ആ പുത്രനെ അയച്ചാണ് രക്ഷിച്ചിരുന്നതെങ്കിൽ ദൈവമോ, എഴുത്തുകാരോ അത് പറയാൻ ലജ്ജിക്കുമായിരുന്നോ?
❹ ദൈവപുത്രനോടു ഒത്തവൻ:
➦ “ശദ്രക്, മേശക്, അബേദ്നെഗോ എന്നീ മൂന്നു പുരുഷന്മാരോ ബന്ധിക്കപ്പെട്ടവരായി എരിയുന്ന തീച്ചൂളയിൽ വീണു. നെബൂഖദ്നേസർ രാജാവു ഭ്രമിച്ചു വേഗത്തിൽ എഴുന്നേറ്റു മന്ത്രിമാരോടു: നാം മൂന്നു പുരുഷന്മാരെ അല്ലയോ ബന്ധിച്ചു തീയിൽ ഇട്ടതു ഇന്നു ചോദിച്ചതിന്നു അവർ: സത്യം തന്നേ രാജാവേ എന്നു രാജാവിനോടു ഉണർത്തിച്ചു. അതിന്നു അവൻ: നാലു പുരുഷന്മാർ കെട്ടഴിഞ്ഞു തീയിൽ നടക്കുന്നതു ഞാൻ കാണുന്നു; അവർക്കു ഒരു കേടും തട്ടീട്ടില്ല; നാലാമത്തവന്റെ രൂപം ഒരു ദൈവപുത്രനോടു ഒത്തിരിക്കുന്നു എന്നു കല്പിച്ചു.” (ദാനീ, 3:23-25). ഈ വേദഭാഗത്ത്, നാലാമനായി തീച്ചൂളയിൽ കണ്ട “ദൈവപുത്രനോടു ഒത്തവൻ” യേശുക്രിസ്തു ആണെന്നാണ് ട്രിനിറ്റിയുടെ മറ്റൊരു വാദം; അങ്ങനെയൊരു പാട്ടുപോലും ഉണ്ടെന്നാണ് എൻ്റെ ഓർമ്മ. എന്നാൽ “നാലാമത്തവന്റെ രൂപം ഒരു ദൈവപുത്രനോടു ഒത്തിരിക്കുന്നു” എന്നുപറഞ്ഞ നെബൂഖദ്നേസർ രാജാവുതന്നെ അതാരാണെന്ന് പറഞ്ഞിട്ടുണ്ട്: “അപ്പോൾ നെബൂഖദ്നേസർ കല്പിച്ചതു: ശദ്രക്കിന്റെയും മേശക്കിന്റെയും അബേദ്നെഗോവിന്റെയും ദൈവം വാഴ്ത്തപ്പെട്ടവൻ; തങ്കൽ ആശ്രയിക്കയും സ്വന്തദൈവത്തെയല്ലാതെ വേറൊരു ദൈവത്തെയും സേവിക്കയോ നമസ്കരിക്കയോ ചെയ്യാതിരിക്കത്തക്കവണ്ണം രാജകല്പനക്കുടെ മറുത്തു തങ്ങളുടെ ദേഹത്തെ ഏല്പിച്ചുകൊടുക്കയും ചെയ്ത തന്റെ ദാസന്മാരെ അവൻ സ്വദൂതനെ അയച്ചു വിടുവിച്ചിരിക്കുന്നുവല്ലോ.” (ദാനീ, 3:28). ➟°ഈ വേദഭാഗത്ത്, ദൈവം തൻ്റെ “ദൂതനെ” (malak – Angel) അയച്ചാണ് വിടുവിച്ചതെന്ന് അസന്ദിഗ്ദ്ധമായി പറഞ്ഞിട്ടുണ്ട്.
❺ സിംഹത്തിൻ്റെ വായടച്ചത് യേശുക്രിസ്തുവോ?
സിംഹക്കുഴിയിൽ ഇറങ്ങി സിംഹങ്ങളുടെ വായടച്ചതും യേശുവാണെന്ന് കാരുതുന്നവരുണ്ട്. എന്നാൽ ദൈവം തൻ്റെ ദൂതനെ അയച്ചാണ് സിംഹങ്ങളുടെ വായടച്ചത്: “സിംഹങ്ങൾ എനിക്കു കേടുവരുത്താതിരിക്കേണ്ടതിന്നു എന്റെ ദൈവം തന്റെ ദൂതനെ അയച്ചു അവയുടെ വായടെച്ചുകളഞ്ഞു; അവന്റെ സന്നിധിയിൽ ഞാൻ കുറ്റമില്ലാത്തവൻ; രാജാവേ, തിരുമുമ്പിലും ഞാൻ ഒരു ദോഷവും ചെയ്തിട്ടില്ല എന്നു ഉണർത്തിച്ചു.” (ദാനീ, 6:22). ഈ വേദഭാഗത്ത്, ദൈവം അവൻ്റെ ദൂതനെ (malak – Angel) അയച്ചാണ് രക്ഷിച്ചതെന്ന് വ്യക്തമായി എഴുതിവെച്ചിട്ടുണ്ട്. പഴയനിയമത്തിൽ ഇല്ലാത്ത ക്രിസ്തുവിനെയാണ് വ്യാജവ്യാഖ്യാനങ്ങളാൽ ഉണ്ടെന്ന് സ്ഥാപിക്കാൻ പലരും ശ്രമിക്കുന്നത്, ക്രിസ്തുവും അപ്പൊസ്തലന്മാരും പഠിപ്പിച്ച പിതാവായ ഏകസത്യദൈത്തെ (Father, the only true God) തള്ളിയിട്ട്, ത്രിമൂർത്തി ദൈവത്തിൽ വിശ്വസിക്കാനാണ് ദുരുപദേശങ്ങൾ പടച്ചുണ്ടാക്കുന്നത്. സ്വയം നാശത്തിൻ്റെ കുഴിതോണ്ടുന്നവരാണ് ട്രിനിറ്റി വിശ്വാസികൾ. [കാണുക: അന്ത്യകാലത്ത് വെളിപ്പെട്ടവൻ, ക്രിസ്തു ദൂതനാണോ?]
☛ യേശുവിനെ ക്രിസ്തുവല്ല എന്നു നിഷേധിക്കുന്നവർ:
➦ “യേശുവിനെ ക്രിസ്തുവല്ല എന്നു നിഷേധിക്കുന്നവൻ അല്ലാതെ കള്ളൻ ആർ ആകുന്നു? പിതാവിനെയും പുത്രനെയും നിഷേധിക്കുന്നവൻതന്നെ എതിർക്രിസ്തു ആകുന്നു.” (1യോഹ, 2:22). അടുത്തവാക്യം: “യേശുവിനെ ക്രിസ്തു എന്നു വിശ്വസിക്കുന്നവൻ എല്ലാം ദൈവത്തിൽനിന്നു ജനിച്ചിരിക്കുന്നു.” (1യോഹ, 5:1). “ക്രിസ്തു” (Christos) എന്ന ഗ്രീക്കുപദത്തിനും “മശീഹാ” (Masiah) എന്ന എബ്രായ പദത്തിനും അഭിഷിക്തൻ (ദൈവത്താൽ അഭിഷേകം പ്രാപിച്ചവൻ) എന്നാണർത്ഥം. “ദൈവം തൻ്റെ ശുശ്രൂഷകൾക്കായി മനുഷ്യരെ തൻ്റെ ആത്മാവിനാൽ ബലപ്പെടുത്തുന്ന ശുശ്രൂഷയാണ് അഭിഷേകം.” പ്രവചനംപോലെ, യേശുവും ആ വിധത്തിൽ യോർദ്ദാനിൽവെച്ച് ദൈവത്താൽ അഭിഷേകം പ്രാപിച്ച് ക്രിസ്തു (അഭിഷിക്തൻ) ആയവനും (യെശ, 61:1; ലൂക്കൊ, 3:22;പ്രവൃ, 10:38 – പ്രവൃ, 4:27), ആത്മാവിൽ നിറഞ്ഞവനും (ലൂക്കൊ, 4:1), ആത്മാവിൻ്റെ ശക്തിയോടെ തൻ്റെ ശുശ്രൂഷ ചെയ്തവനുമാണ്: (ലൂക്കൊ, 4:14-15). നസറെത്തിലെ പള്ളിയിലെ തൻ്റെ പ്രഥമശുശ്രൂഷയിൽ യെശയ്യാപ്രവചനം ഉദ്ധരിച്ചുകൊണ്ട്, താൻ ക്രിസ്തു (അഭിഷിക്തൻ) ആയത് അപ്പോഴാണെന്ന് യേശുതന്നെ സംശയലേശമന്യേ പറഞ്ഞിട്ടുണ്ട്: (യെശ, 61:1-2;ലൂക്കൊ, 4:16-21). [കാണുക: പരിശുദ്ധാത്മാവിലുള്ള യേശുവിൻ്റെ ജീവിതം]
☛ ദൈവം അഭിഷിക്തൻ (ക്രിസ്തു) അല്ല; അഭിഷേകദാതാവാണ്: “നസറായനായ യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതും ദൈവം അവനോടുകൂടെ ഇരുന്നതുകൊണ്ടു അവൻ നന്മചെയ്തും പിശാചു ബാധിച്ചവരെ ഒക്കെയും സൌഖ്യമാക്കിയുംകൊണ്ടു സഞ്ചരിച്ചതുമായ വിവരം തന്നേ നിങ്ങൾ അറിയുന്നുവല്ലോ.” (പ്രവൃ, 10:38). ദൈവം ദൈവത്തെയല്ല; യേശു എന്ന് പേരുള്ള മനുഷ്യനെയാണ് അഭിഷേകം ചെയ്തത്: (യോഹ, 9:11)
☛ ആദിസഭയ്ക്ക് യേശുക്രിസ്തു ദൈവമല്ലായിരുന്നു; ദൈവം അഭിഷേകം ചെയ്ത അവൻ്റെ പരിശുദ്ധ ദാസനായിരുന്നു: “നീ അഭിഷേകം ചെയ്ത യേശു എന്ന നിന്റെ പരിശുദ്ധദാസൻ” എന്നാണ് അവനെ വിശേഷിപ്പിച്ചത്: (പ്രവൃ, 4:27). ആദിമസഭ അവനെ നാലുപ്രാവശ്യം ദൈവത്തിൻ്റെ “ദാസൻ” (Servant) എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. “പൈസ്” (Pais) എന്ന ഗ്രീക്കുപദം യേശുവിന് ആറുപ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. (ലൂക്കൊ, 2:43 – മത്താ, 12:17; പ്രവൃ, 3:13; 3:26; 4:27;4:30). അതിൽ ലൂക്കൊസിൽ “ബാലൻ” (Boy) എന്നും ബാക്കിയെല്ലായിടത്തും “ദാസൻ” (𝐒𝐞𝐫𝐯𝐚𝐧𝐭) എന്നുമാണ്. ഇത് കുട്ടികളെയും ദാസൻ/സേവകനെയും അഭിന്നമായി ഉപയോഗിക്കുന്ന പദമാണ്. ഇതേപദം യിസ്രായേലിന് ഒരുപ്രാവശ്യവും ദാവീദിന് രണ്ടുപ്രാവശ്യവും ഉപയോഗിച്ചിട്ടുണ്ട്: (ലൂക്കൊ, 1:55 – ലൂക്കൊ, 1:71; പ്രവൃ, 4:26).
☛ ദൈവം, ദൈവത്തെയല്ല അഭിഷേകം ചെയ്യുന്നത്; മനുഷ്യരെയാണ്. ദൈവത്തിന് അനേകം ക്രിസ്തുക്കൾ (മശീഹമാർ) ഉണ്ട്. അതിൽ പേർ പറഞ്ഞിരിക്കുന്ന ഇരുപതോളം പേരുണ്ട്: (2ശമൂ, 23:1). അഭിഷിക്തന്മാരിൽ ഒരു ദൂതനെപ്പോലും കാണാൻ കഴിയില്ല. എന്തെന്നാൽ ദൂതന്മാരെ ദൈവം ശക്തന്മാരായാണ് സൃഷ്ടിച്ചിരിക്കുന്നത്: (2രാജാ, 19:35). യേശു ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) മനുഷ്യൻ (യോഹ, 8:40) ആയതുകൊണ്ടാണ്, ദൈവം അവനെ തൻ്റെ ആത്മാവിനാൽ അഭിഷേകംചെയ്ത് ബലപ്പെടുത്തിയത്. [കാണുക: പരിശുദ്ധാത്മാവിലുള്ള യേശുവിൻ്റെ ജീവിതം]. ഇതൊക്കെ പുതിയനിയമത്തിൻ്റെ ആദ്യഭാഗത്തുതന്നെ എഴുതി വെച്ചിരിക്കുന്ന വസ്തുതകളാണ്. ദൈവപുത്രനായ യേശു ദൈവമാണെങ്കിൽ, യോർദ്ദാനിൽവെച്ച് പിതാവ് അവനെ അഭിഷേകം ചെയ്തത് എന്തിനാണ്? ഒരു ദൈവം മറ്റൊരു ദൈവത്തെ തൻ്റെ ആത്മാവിനാൽ ശക്തിപ്പെടുത്തിയെന്ന് പറഞ്ഞാൽ അതെങ്ങനെ സദുപദേശമാകും? അവൻ ദൈവമാണെങ്കിൽ, ദൂതന്മാർക്കുപോലും ആവശ്യമില്ലാത്ത അഭിഷേകം അവന് ആവശ്യമായി വന്നത് എന്തുകൊണ്ടാണ്?
☛ യേശുവിനെ ക്രിസ്തു അല്ല എന്ന് നിഷേധിക്കുന്നവൻ കള്ളനാണെന്ന് പറഞ്ഞത് യോഹന്നാൻ ആണല്ലോ? അതേ യോഹന്നാൻ്റെ സുവിശേഷത്തിലാണ്, യേശു താൻ ദൈവമല്ല; മനുഷ്യനാണെന്ന് ഖണ്ഡിതമായി പഠിപ്പിച്ചിരിക്കുന്നത്. പിതാവാണ് ❛ഏകദൈവം❜ (The only God) എന്നും (Joh, 5:44), ഏകസത്യദൈവം (The only true God) എന്നും (Joh, 17:3), താൻ മനുഷ്യനാണ് (𝐌𝐚𝐧) എന്നുമാണ് യേശു പഠിപ്പിച്ചത്: (യോഹ, 8:40). ഏകദൈവം ഗ്രീക്കിൽ Monos Theos ആണ്. മോണോസ് തെയോസിൻ്റെ അർത്ഥം: ഒരു ദൈവം” എന്നല്ല; “ഒരേയൊരു ദൈവം” (the only God) എന്നാണ്. ദൈവം ഒരുത്തൻ മാത്രമാണെന്ന് Monos കൊണ്ട് ഖണ്ഡിതമായി പുത്രൻ പഠിപ്പിച്ചാൽ, ദൈവം ത്രിത്വമല്ലെന്നാണ് അർത്ഥം. ഗ്രീക്കിൽ Pater ho monos alethinos Theos എന്നാൽ: “പിതാവ് സത്യദൈവം” എന്നല്ല; “പിതാവാണ് ഒരേയൊരു സത്യദൈവം” അല്ലെങ്കിൽ, “പിതാവ് മാത്രമാണ് സത്യദൈവം” (Father, the only true God) എന്നാണ്. “പിതാവ് മാത്രമാണ് (only) സത്യദൈവം” എന്ന് Monos കൊണ്ട് വായിൽ വഞ്ചനയില്ലാത്ത പുത്രൻ പഠിപ്പിച്ചാൽ, പിതാവല്ലാതെ പുത്രനും സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള മറ്റൊരുത്തനും സത്യദൈവം അല്ലെന്നാണർത്ഥം. “ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു” (യോഹ, 8:40). ഇവിടെ ദൈവത്തിൽനിന്ന് മനുഷ്യനായ തന്നെ വ്യക്തമായി വേർതിരിച്ച് പഠിപ്പിക്കുകവഴി, താൻ ദൈവമല്ല; മനുഷ്യനാണെന്ന് സംശയലേശമെന്യേ പുത്രൻ വ്യക്തമാക്കി. യേശു ദൈവം എന്ന നിലയിൽ ചെയ്ത ഒരു പ്രവർത്തിയും ബൈബിളിൽ കാണാൻ കഴിയില്ല. പിന്നെ യേശു എന്ന് പേരുള്ള മനുഷ്യനെ (യോഹ, 9:11) ദൈവം ആക്കുന്നത് എന്തിനാണ്? [കാണുക: ഏകമനുഷ്യനായ യേശുക്രിസ്തു, ക്രിസ്തുവിനെ അറിയുക, ദൈവപുത്രനായ ക്രിസ്തു ദൈവമാണോ?]
☛ പിതാവായ യഹോവയല്ലാതെ മറ്റൊരു ദൈവം സ്വർഗ്ഗത്തിലും ഭൂമിയിലും ഇല്ലെന്നാണ് പഴയപുതിയനിയമങ്ങൾ അസന്ദിഗ്ദ്ധമായി പറയുന്നത്: “മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39 – ആവ, 3:24; യോശു, 2:11; 1രാജാ, 8:23; 2ദിന, 6:14; സങ്കീ, 73:25). ➟“ഏകദൈവമല്ലാതെ ദൈവമില്ല എന്നും നാം അറിയുന്നു. പല ദേവന്മാരും പല കർത്താക്കന്മാരും ഉണ്ടു എന്നു പറയുന്നുവല്ലോ. ആകാശത്തിലോ ഭൂമിയിലോ ദേവന്മാർ (gods) എന്നു പേരുള്ളവർ (വിളിക്കപ്പെടുന്നവർ) ഉണ്ടെന്നുവരികിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു.” (1കൊരി, 8:4-6). “ഏകദൈവമല്ലാതെ ദൈവമില്ല എന്നും നാം അറിയുന്നു” എന്ന് പറഞ്ഞിട്ട്, ആ ദൈവം ത്രിത്വമാണെന്നല്ല പറയുന്നത്, പിതാവായ ഏകദൈവമേ നമുക്കുള്ളെന്നാണ് പറയുന്നത്. ➟ഇതും നോക്കുക: (റോമ, 16:26, എഫെ, 4:6; 1തിമൊ, 1:17; യൂദാ, 1:24). ക്രിസ്തു തൻ്റെ ശുശ്രൂഷയിലൂടെയും മഹാപൂരോഹിത്യ പ്രാർത്ഥനയിലൂടെയും അക്കാര്യമാണ് അസന്ദിഗ്ദ്ധമായി പഠിപ്പിച്ചത്: (മത്താ, 4:10; മത്താ, 24:36; മർക്കൊ, 12:29; യോഹ, 5:44; യോഹ, 17:3).
☛ ക്രിസ്തു മനുഷ്യനാണെന്ന് ഏറ്റവും അധികം പറഞ്ഞിട്ടുള്ളതും യോഹന്നാൻ്റെ സുവിശേഷത്തിലാണ്. (യോഹ, 1:30;3:27;4:29;5:12;7:46;8:40;9:11;9:16;9:24;10:33;11:47;11:50;18:14;18:17;18:29;19:5). യേശുവിൻ്റെ അമ്മ മറിയയാണെന്ന് യോഹന്നാനിൽ ഏഴുപ്രാവശ്യം പറഞ്ഞിട്ടുണ്ട്: (യോഹ, 2:1;യോഹ, 2:3;യോഹ, 2:5;യോഹ, 2:12;യോഹ, 6:42;യോഹ, 19:25;യോഹ, 19:26). താൻ ദൈവമല്ല; മനുഷ്യനാണെന്ന യേശുവിൻ്റെ വാക്കുകളും, അവൻ മനുഷ്യനാണെന്ന് ഏറ്റവും അധികം (16 പ്രാവശ്യം) എഴുതിവെച്ചിരിക്കുന്നവനുമായ യോഹന്നാനാണ് ചോദിക്കുന്നത്: “യേശുവിനെ ക്രിസ്തുവല്ല എന്നു നിഷേധിക്കുന്നവൻ അല്ലാതെ കള്ളൻ ആർ ആകുന്നു.” എന്താണതിൻ്റെ അർത്ഥം?
☛ അഭിഷേകദാതാവ് ദൈവവും അഭിഷിക്തൻ മനുഷ്യനുമാണ്; അതാണ് യോഹന്നാന്റെ വിഷയം. യേശു ദൈവത്താൽ അഭിഷേകം പ്രാപിച്ച മനുഷ്യനാണെന്ന് വിശ്വസിക്കാത്തവൻ അഥവാ, അവൻ്റെ ക്രിസ്തുത്വം നിഷേധിക്കുന്നവനാണ് കള്ളനും എതിർക്രിസ്തുവും എന്നാണ് ക്രിസ്തുവിൻ്റെ മാറിൽ ചാരിക്കിടന്നിട്ടുള്ള പ്രിയശിഷ്യൻ പറയുന്നത്. ദൈവപുത്രനായ യേശു മനുഷ്യനല്ല; ദൈവമാണെന്ന് പറയുന്നവരെല്ലാം അവൻ്റെ അസ്തിത്വവും (Existence) മനുഷ്യത്വവും (Humanity) ക്രിസ്തുത്വവും (Christhood) പുത്രത്വവും (Sonship) കർത്തൃത്വവും (Lordship) ചരിത്രപരതയും (Historisty) നിഷേധിക്കുന്ന കള്ളന്മാരാണ്. നമുക്കുവേണ്ടി മരിച്ചത് മരണമില്ലാത്ത ദൈവമോ, ദൂതനോ അല്ല; ദൈവത്തിൻ്റെ അഭിഷിക്തനായ യേശുവെന്ന് പേരുള്ള മനുഷ്യനാണ്: (യോഹ, 9:11) അത് വിശ്വസിക്കാതെ, അവനെയും ദൈവമാക്കുന്നവർ കള്ളനും എതിർക്രിസ്തുവും: (1തിമൊ, 2:6). അതാണ് യോഹന്നാൻ്റെ ലേഖനത്തിൽ പറയുന്ന പ്രധാന വിഷയം. അപ്പോൾ യോഹന്നാൻ പറയുന്ന കള്ളൻ ആരാണ്? സംശയമൊന്നും വേണ്ട: “അഭിഷിക്തനായ മനുഷ്യനെ (ക്രിസ്തു) ഏകദൈവമാക്കുന്നവരും അവനെയും ദൈവമാക്കി ബഹുദൈവമാക്കി വിശ്വസിക്കുന്നവരുമാണ് യോഹന്നാൻ പറഞ്ഞ ആൾ.”
☛ അടുത്തവാക്യത്തിൽ യോഹന്നാൻ പറയുന്നത്: “യേശുവിനെ ക്രിസ്തു എന്നു വിശ്വസിക്കുന്നവൻ എല്ലാം ദൈവത്തിൽനിന്നു ജനിച്ചിരിക്കുന്നു.” (1യോഹ, 5:1). യേശു ദൈവമാണെന്ന് വിശ്വസിക്കുന്നവനല്ല; അവൻ ദൈവത്താൽ അഭിഷേകം പ്രാപിച്ച മനുഷ്യൻ (ക്രിസ്തു) ആണെന്ന് വിശ്വസിക്കുന്നവനാണ് ദൈവത്തിൽനിന്ന് ജനിച്ചവൻ.
☛ ദൈവകൃപയും ഏകമനുഷ്യനായ യേശുക്രിസ്തുവിൻ്റെ കൃപയുമാണ് മനുഷ്യൻ്റെ രക്ഷ: (റോമ, 5:15;പ്രവൃ, 15:11). നമ്മുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ വഹിച്ചുകൊണ്ട് (1പത്രൊ, 2:24), ഏകദൈവത്തിനും മനുഷ്യർക്കുമിടയിൽ മദ്ധ്യസ്ഥനായ മഹാപുരോഹിതനായി നിന്നുകൊണ്ട്, തന്നെത്താൻ ദൈവത്തിന് യാഗമാക്കിയ മനുഷ്യനായ ക്രിസ്തുയേശുവിനെ മരണത്തിൽനിന്ന് ഉയിർപ്പിച്ചിട്ടാണ്, മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവായി ദൈവം തൻ്റെ വലങ്കയ്യാൽ ഉയർത്തിയത്: (1തിമൊ, 2:5-6;പ്രവൃ, 2:23-24;2:36;5:31). ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ച് നമ്മുടെ രക്ഷിതാവായ കർത്താവാക്കിയ, “യേശുവിനെ കർത്താവു എന്നു വായികൊണ്ടു ഏറ്റുപറകയും ദൈവം അവനെ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേല്പിച്ചു എന്നു ഹൃദയംകൊണ്ടു വിശ്വസിക്കയും ചെയ്താൽ നീ രക്ഷിക്കപ്പെടും” എന്നാണ് പൗലൊസ് പറയുന്നത്: (റോമ, 10:9). പിതാവായ ഏകദൈവത്തെയും മനുഷ്യനായ ക്രിസ്തുയേശുവിനെയുമാണ് ജാതികൾ രക്ഷയ്ക്കായി വിശ്വസിക്കേണ്ടത്: (1തിമൊ, 2:4-7). അല്ലാതെ, മരണമില്ലാത്ത ദൈവം മരിച്ചുവെന്നും വേറൊരു ദൈവം ഉയിർപ്പിച്ചു എന്നു വിശ്വസിക്കുന്നത് രക്ഷയല്ല; ശിക്ഷയാണ്. ➤[കാണുക: പൗലൊസ് അറിയിച്ച സുവിശേഷം, ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക].
◾പരമാർത്ഥജ്ഞാനം 𝟙
◾പരമാർത്ഥജ്ഞാനം 𝟚
◾പരമാർത്ഥജ്ഞാനം 𝟜
◾പരമാർത്ഥജ്ഞാനം 𝟝
◾പരമാർത്ഥജ്ഞാനം 𝟞
5 thoughts on “പരമാർത്ഥജ്ഞാനം 3”