Category Archives: Uncategorized

പരിശുദ്ധാത്മസ്നാനം

പരിശുദ്ധാത്മസ്നാനം

“ശരീരം ഒന്നും, അതിന്നു അവയവം പലതും ശരീരത്തിന്റെ അവയവം പലതായിരിക്കെ എല്ലാം ഒരു ശരീരവും ആയിരിക്കുന്നതുപോലെ ആകുന്നു ക്രിസ്തുവും. യെഹൂദന്മാരോ യവനന്മാരോ ദാസന്മാരോ സ്വതന്ത്രരോ നാം എല്ലാവരും ഏകശരീരമാകുമാറു ഒരേ ആത്മാവിൽ സ്നാനം ഏറ്റും എല്ലാവരും ഒരേ ആത്മാവിനെ പാനം ചെയ്തുമിരിക്കുന്നു.” (1കൊരി, 12:12,13). സുവിശേഷം അഥവാ വിശ്വാസത്തിൻ്റെ പ്രസംഗത്താലാണ് പരിശുദ്ധാത്മസ്നാനം നടക്കുന്നത്. (ഗലാ, 3:2. ഒ.നോ: എഫെ, 1:13,14). ആത്മസ്നാനത്തിലൂടെ ഒരു വ്യക്തി ക്രിസ്തുവിന്റെ ശരീരത്തിന്റെ അവയവമായി മാറുന്നു. എല്ലാ വിശ്വാസികളുടെയും ജീവിതത്തിൽ ഇത് പൂർത്തിയായി കഴിഞ്ഞതാണ്. വീണ്ടും ജനനത്തിനുശേഷം നടക്കേണ്ട ഒന്നല്ലിത്. പെന്തെകൊസ്തുനാളിൽ ആരംഭിച്ച പരിശുദ്ധാത്മസ്നാനം അവസാന വ്യക്തിവരെയും സഭയിൽ ചേർക്കപ്പെടുന്നതുവരെ തുടർന്നുകൊണ്ടിരിക്കും. പരിശുദ്ധാത്മസ്നാനം ഒരിക്കൽ മാത്രമാണ്; വീണ്ടെടുക്കപ്പെടുമ്പോൾ. അപ്പൊസ്തല പ്രവൃത്തികൾ 2-ലെ പരിശുദ്ധാത്മസ്നാനം ക്രൈസ്തവസഭയുടെ ജനനം കുറിച്ചു. പെന്തെക്കൊസ്തിലെ ആത്മസ്നാനം പരിശുദ്ധാത്മാവിൻ്റെ അവരോഹണത്തോടൊപ്പം സംഭവിച്ച ആത്മീയചരിത്ര പ്രക്രിയയാണ്. വലിയ മുഴക്കത്തോടും ദൃശ്യമായ അടയാളങ്ങളോടും കൂടെ അരങ്ങേറിയ ആ ചരിത്രസംഭവം ആവർത്തിക്കപ്പെടാവുന്നതല്ല. ആവർത്തിക്കപ്പെടുന്നത് ആത്മസ്നാനമാണ്. പ്രവൃത്തി 8-ൽ ശമര്യർ ആത്മസ്നാനം ലഭിക്കുകയും ക്രിസ്തുവിന്റെ ശരീരമായ സഭയിൽ ചേർക്കപ്പെടുകയും ചെയ്തു. (പ്രവൃ, 8:14-18). അവിടെ ഏതോ ഒരു അടയാളമുണ്ടായെങ്കിലും പെന്തെക്കൊസ്തിലെ ചരിത്രസംഭവങ്ങളൊന്നും ഉണ്ടായില്ല. പ്രവൃത്തി 10-ൽ ജാതികൾ ആത്മസ്നാനത്താൽ സഭയിൽ ചേർക്കപ്പെട്ടു. (പ്രവൃ, 10:34-48). അവിടെ അന്യഭാഷയിൽ സംസാരിച്ചെങ്കിലും പെന്തെക്കൊസ്തിലെ ചരിത്രസംഭവങ്ങളൊന്നും ആവർത്തിച്ചില്ല. എന്തെന്നാൽ പെന്തെക്കൊസ്തിലെ ആത്മസ്നാനം സഭയുടെ സ്ഥാപനമായിരുന്നു.

കൃപായുഗത്തിനു മാത്രമുള്ളതാണ് പരിശുദ്ധാത്മസ്നാനം. മറ്റൊരു യുഗത്തിലും പരിശുദ്ധാത്മസ്നാനം നടന്നതായി തെളിവില്ല. ഏകാത്മാവിൽ സ്നാനപ്പെട്ടത് ഏകശരീരത്തിൽ അംഗമാകുന്നതിനു വേണ്ടിയാണ്. (1കൊരി, 12:13). ഒരു വ്യക്തിയെ ക്രിസ്തുവിന്റെ ശരീരത്തിൽ ആക്കിവെക്കുന്നതു പരിശുദ്ധാത്മാവ് നൽകുന്ന സ്നാനം കൊണ്ടാണ്. ക്രിസ്തുവിന്റെ ശരീരമായ സഭയ്ക്ക് അടിസ്ഥാനം ക്രിസ്തുവിന്റെ മരണപുനരുത്ഥാന സ്വർഗ്ഗാരോഹണങ്ങളാണ്. അതു നടക്കുന്നത് കൃപായുഗത്തിലാണ്. തന്മൂലം പരിശുദ്ധാത്മസ്നാനം കൃപായുഗത്തിനു മാത്രമുള്ളതാണ്. പരിശുദ്ധാത്മാവിന്റെ സ്നാനത്തെക്കുറിച്ച് പഴയനിയമത്തിൽ സൂചനയില്ല. പഴയനിയമത്തിൽ ആരും പരിശുദ്ധാത്മസ്നാനം പ്രാപിച്ചതായി പറയപ്പെട്ടിട്ടും ഇല്ല. ക്രിസ്തുവിന്റെ ഭൗമിക ശുശ്രൂഷാകാലത്തും പരിശുദ്ധാത്മസ്നാനം നടന്നിട്ടില്ല. ക്രിസ്തുവിന്റെ പുനരുത്ഥാനശേഷം സ്വർഗ്ഗാരോഹണത്തിനു മുമ്പു “നിങ്ങൾക്കോ ഇനി ഏറെനാൾ കഴിയും മുമ്പേ പരിശുദ്ധാത്മാവുകൊണ്ടു സ്നാനം ലഭിക്കും” എന്നു ക്രിസ്തു കല്പിച്ചു. (പ്രവൃ, 1:5). പെന്തെക്കൊസ്തിനെ പരാമർശിച്ചപ്പോൾ പരിശുദ്ധാത്മ സ്നാനം നടന്നുകഴിഞ്ഞതായി പത്രൊസ് പ്രസ്താവിച്ചു. (പ്രവൃ, 11:15-17). സഹസ്രാബ്ദയുഗത്തിൽ പരിശുദ്ധാത്മാവിന്റെ പ്രവർത്തനം സജീവമായി ഉണ്ടായിരിക്കും. എന്നാൽ പരിശുദ്ധാത്മാവിന്റെ സ്നാപനത്തെക്കുറിച്ചു ഒരു സൂചനയും ഇല്ല. പരിശുദ്ധാത്മസ്നാനം ഈ യുഗത്തിനു മാത്രമുള്ളതാണ്. ഈ യുഗത്തിലെ എല്ലാ വിശ്വാസികൾക്കും പരിശുദ്ധാത്മസ്നാനം ലഭിക്കുന്നുണ്ട്. 

പരിശുദ്ധാത്മസ്നാനത്താൽ വിശ്വാസികൾ ക്രിസ്തുവിന്റെ ശരീരത്തിലെ അവയവങ്ങളായി മാറുന്നു. ക്രിസ്തുവിന്റെ ശരീരത്തിലെ അവയവം ആക്കപ്പെടുക എന്നത് പുനരുത്ഥാന നിലയിൽ ക്രിസ്തുവിനോടു ഏകീഭവിക്കുന്നതിനെ കാണിക്കുന്നു. വിശ്വാസികളെ ക്രിസ്തുവിന്റെ ക്രൂശീകരണത്തോടു ബന്ധിപ്പിക്കുന്നതിനുള്ള ഉപാധിയും പരിശുദ്ധാത്മാസ്നാനമാണ്. (കൊലൊ, 2:12; റോമ, 6:1-10). ആത്മസ്നാനത്താൽ ക്രിസ്തുവിന്റെ മരണം, അടക്കം, പുനരുത്ഥാനം ഇവയോടു ബന്ധിക്കപ്പെട്ട വിശ്വാസിയുടെ പാപപ്രകൃതി ക്രിസ്തുവിനോടു കൂടെ ക്രൂശിക്കപ്പെടുകയും പാപത്തിന്റെ മേൽ വിശ്വാസി വിജയം നേടുകയും ചെയ്യുന്നു. ആത്മസ്നാനംകൊണ്ട് പ്രത്യേക ശക്തിയോ കഴിവോ ലഭിക്കുന്നില്ല. പ്രത്യേക ശക്തി ലഭിക്കുവാനുള്ള പദവിയിൽ നമ്മെ ക്രിസ്തുവിൽ ആക്കിവെക്കുകയാണ് പരിശുദ്ധാത്മസ്നാനം. പരിശുദ്ധാത്മ സ്നാനത്തിനു ശേഷവും കൊരിന്തിലെ വിശ്വാസികൾ ജഡികരായിരുന്നു. അവരോടാണ് ”എല്ലാവരും ഒരേ അത്മാവിൽ സ്നാനം ഏറ്റും” എന്ന് അപ്പൊസ്തലൻ പറഞ്ഞത്. ജഡികത്വത്തിൽ നിന്ന് മുക്തരാകുവാൻ അവരോടു ആത്മസ്നാനം പ്രാപിക്കുവാൻ അപ്പൊസ്തലൻ ആവശ്യപ്പെട്ടില്ലെന്നതും ശ്രദ്ധേയമാണ്. ഗലാത്യയിലെ വിശ്വാസികൾ സ്നാനം ഏറ്റവരും ക്രിസ്തുവിനെ ധരിച്ചവരും ആയിരുന്നെങ്കിലും അന്യ സുവിശേഷത്തിലേക്കു മടങ്ങിപ്പോവുകയും ബലഹീനവും ദരിദ്രവും ആയ ആദിപാഠങ്ങളിലേക്ക് തിരിയുകയും ചെയ്തതും കുറിക്കൊള്ളുക. (ഗലാ, 3:27; 1:6; 4:39).

വ്യക്തി സുവിശേഷം കേൾക്കുമ്പോഴാണ് ആത്മസ്നാനം നടക്കുന്നത്. ആത്മസ്നാനത്താലാണ് വ്യക്തി വീണ്ടും ജനിക്കുന്നത്. അല്ലാതെ വീണ്ടുംജനിച്ചശേഷം കാത്തിരുന്ന് പ്രാപിക്കേണ്ട ഒന്നല്ല. ആത്മാവിലുള്ള ജനനം ദൃശ്യമായ ഒരു പ്രക്രിയയല്ലെന്ന് യേശുക്രിസ്തു വ്യക്തമാക്കിയിട്ടുണ്ട്. (യോഹ, 3:8). തന്മൂലം, പ്രത്യക്ഷമായ അടയാളങ്ങളൊന്നും പ്രതീക്ഷിക്കേണ്ടതില്ല. ആത്മസ്നാനത്താലാണ് ഒരുവൻ ക്രിസ്തുവിന്റെ ശരീരത്തിന്റെ അവയവമായി മാറുന്നത്. (1കൊരി, 12:13). ശരീരം മുമ്പേയുള്ളതുകൊണ്ടാണല്ലോ അവയവത്തിന് ശരീരത്തോട് ചേരാൻ കഴിയുന്നത്. തന്മൂലം പെന്തെക്കൊസ്തിലെ ആത്മസ്നാനമെന്ന ആത്മീയ ചരിത്രപ്രക്രിയ ക്രിസ്തുവിന്റെ ശരീരമായ സഭയുടെ ജനനമായിരുന്നു എന്നു മനസ്സിലാക്കാം. അഥവാ ക്രിസ്തുയേശു മൂലക്കല്ലും അപ്പൊസ്തലന്മാരും പ്രവാചകന്മാരും എന്ന അടിസ്ഥാനമാണ് പെന്തെക്കൊസ്തു നാളിൽ യെരുശലേമിൽ ഇട്ടത്. (എഫെ, 2:20). ആ അടിസ്ഥാനത്തിന്മേലാണ് ഓരോ വിശ്വാസികളും ആത്മാവിനാൽ അഥവാ ആത്മസ്നാനത്താൽ പണിയപ്പെടുത്തത്. (എഫെ, 2:21,22). “ഞാൻ എന്റെ സഭയെ പണിയും; പാതാളഗോപുരങ്ങൾ അതിനെ ജയിക്കയില്ല” (മത്താ, 16:18) എന്ന യേശുക്രിസ്തുവിന്റെ പ്രഖ്യാപനത്തിന്റെ നിവൃത്തിയാണ് പെന്തെക്കൊസ്തിലെ ആത്മസ്നാനം. ആത്മസ്നാനദാതാവ് ക്രിസ്തുവാണ്. (മത്താ, 3:11, മർക്കൊ, 1:8, ലൂക്കൊ, 3:16). ആത്മസ്നാനം വ്യക്തികളിൽ ആവർത്തിക്കപ്പെടുന്നതല്ല; ആത്മനിറവ് ആവർത്തിക്കപ്പെടുന്നതാണ്. (പ്രവൃ, 2:4; 4:8; 4:31).

ആത്മസ്നാനം ഒരു വിഹഗവീക്ഷണം

ആത്മസ്നാനത്തെക്കുറിച്ച് സമഗ്രമായി ചിന്തിക്കുമ്പോൾ, ഇന്നത്തെ സാഹചര്യത്തിൽ നാല് ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തേണ്ടത് ആവശ്യമാണ്. ഒന്ന്; ആത്മസ്നാനത്തിനായി കാത്തിരിക്കണമോ? രണ്ട്; ആത്മസ്നാനത്തിന് അടയാളമുണ്ടോ? മൂന്ന്; പെന്തെക്കൊസ്തിൽ എല്ലാവരും അന്യഭാഷയിൽ സംസാരിച്ചുവോ? അപ്പൊസ്തലൻ പറയുന്നു; “ഞാൻ ഇതൊന്നു മാത്രം നിങ്ങളോടു ഗ്രഹിപ്പാൻ ഇച്ഛിക്കുന്നു; നിങ്ങൾക്കു ആത്മാവു ലഭിച്ചതു ന്യായപ്രമാണത്തിന്റെ പ്രവൃത്തിയാലോ വിശ്വാസത്തിന്റെ പ്രസംഗം കേട്ടതിനാലോ?” “ഗലാ, 3:2). “പരിശുദ്ധാത്മാവിൽ അല്ലാതെ യേശു കർത്താവു എന്നു പറവാൻ ആർക്കും കഴികയുമില്ല എന്നു ഞാൻ നിങ്ങളെ ഗ്രഹിപ്പിക്കുന്നു.” (1കൊരി, 12:3). “യെഹൂദന്മാരോ യവനന്മാരോ ദാസന്മാരോ സ്വതന്ത്രരോ നാം എല്ലാവരും ഏകശരീരമാകുമാറു ഒരേ ആത്മാവിൽ സ്നാനം ഏറ്റും എല്ലാവരും ഒരേ ആത്മാവിനെ പാനംചെയ്തുമിരിക്കുന്നു.” (1കൊരി, 12:13). ഈ മൂന്നു വാക്യങ്ങളും ചേർത്തു ചിന്തിക്കുമ്പോൾ, പരിശുദ്ധാത്മാവ് വ്യക്തിയിൽ ഒരു രണ്ടാമനുഭവമല്ലെന്നും, പരിശുദ്ധാത്മ സ്നാനത്താലാണ് വ്യക്തി വീണ്ടും ജനിക്കുന്നതെന്നു വ്യക്തമാകും. അങ്ങനെ വരുമ്പോൾ മുകളിൽ ഉന്നയിച്ച ചോദ്യങ്ങൾ അപ്രസക്തമാകും. എന്നിരുന്നാലും സത്യവിശ്വാസികളുടെ ഇടയിൽപോലും വലിയ ആശയക്കുഴപ്പങ്ങൾ നിലനില്ക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ ഏതൊരു ചോദ്യത്തിനും ഉത്തരം കണ്ടെത്തേണ്ടത് ദൈവമക്കളുടെ ആവശ്യമാണ്. ആരുടേയും പഠിപ്പിക്കലുകളും ഉപദേശങ്ങളും വിലയിരുത്താതെ, നിഷ്പക്ഷമായി ദൈവവചനത്തിൽ നിന്ന് ഉത്തരം കണ്ടെത്തുവാനാണ് നാം ശ്രമിക്കുന്നത്:

1. ആത്മസ്നാനത്തിനായി കാത്തിരിക്കണമോ?

നമ്മുടെ കർത്താവായ യേശുക്രിസ്തു അപ്പൊസ്തലന്മാരോട് “നിങ്ങൾ യെരൂശലേമിൽനിന്നു വാങ്ങിപ്പോകാതെ എന്നോടു കേട്ട പിതാവിന്റെ വാഗ്ദത്തത്തിനായി കാത്തിരിക്കേണം” (പ്രവൃ, 1:4) എന്നു പറഞ്ഞതിന്റെ വെളിച്ചത്തിലാണ് ഇങ്ങനെയൊരു ചിന്ത ഉടലെടുത്തത്. എന്നാൽ അപ്പൊസ്തല പ്രവൃത്തികൾ എഴുതിയ ലൂക്കൊസിന്റെ തന്നെ സുവിശേഷത്തിൽ ‘ഉയരത്തിൽ നിന്ന് ശക്തി ധരിക്കുവോളം നഗരത്തിൽ പാർപ്പിൻ’ എന്നാണ്. (24:49). ഇതിനോട് ക്രിസ്തുവിന്റെ വാക്കുകളും ചേർത്തു ചിന്തിച്ചാൽ കാര്യം വ്യക്തമാകും. “എന്നാൽ പരിശുദ്ധാത്മാവു നിങ്ങളുടെ മേൽ വരുമ്പോൾ നിങ്ങൾ ശക്തി ലഭിച്ചിട്ടു യെരൂശലേമിലും യെഹൂദ്യയിൽ എല്ലാടത്തും ശമര്യയിലും ഭൂമിയുടെ അറ്റത്തോളവും എന്റെ സാക്ഷികൾ ആകും.” (പ്രവൃ, 1:8). യെരൂശലേമിൽ തുടങ്ങി നിങ്ങളെൻ്റെ സാക്ഷികളാകുവാൻ ഞാൻ ആത്മാവിനെ അയക്കുംവരെ യെരൂശലേമിൽതന്നെ പാർപ്പിൻ എന്നാണ് ക്രിസ്തു പറയുന്നത്. ഇതു കുറച്ചുകൂടി വ്യക്തമാകാൻ സത്യവേദപുസ്തകം നൂതന പരിഭാഷ ചേർക്കുന്നു: “നിങ്ങള്‍ യെരൂശലേം വിട്ടുപോകരുത്; എന്‍റെ പിതാവു വാഗ്ദാനം ചെയ്തിട്ടുള്ളതു ലഭിക്കുന്നതിനുവേണ്ടി കാത്തിരിക്കുക; അതേപ്പറ്റി ഞാന്‍ നിങ്ങളോടു പറഞ്ഞിട്ടുണ്ടല്ലോ.” നിങ്ങൾ യെരൂശലേം വിട്ടുപോകരുതെന്നാണ് കല്പന. അടുത്തഭാഗം മനസ്സിലാക്കേണ്ടത് ഉയരത്തിൽ നിന്ന് ശക്തി ധരിക്കുവോളം നഗരത്തിൽ പാർപ്പിൻ (ലൂക്കൊ, 24:49). വാഗ്ദത്തം നിവൃത്തിയാകുമ്പോൾ അവർ കാത്തിരിക്കുകയായിരുന്നില്ല: “പെന്തെക്കൊസ്തനാൾ വന്നപ്പോൾ എല്ലാവരും ഒരു സ്ഥലത്തു ഒന്നിച്ചു കൂടിയിരുന്നു.” (പ്രവൃ, 2:1). അതായത്, വാഗ്ദത്തനിവൃത്തിക്കു സമയമായെന്ന് മനസ്സിലാക്കിയ അവർ ഒന്നിച്ചു കൂടിയിരിക്കുക മാത്രമായിരുന്നു.

അവിടെ കാത്തിരിപ്പ് (wait) എന്നതിന് ഗ്രീക്കിൽ ‘മെനൊ’ (meno) എന്നാണ്. ആ പദത്തെ മറ്റു സ്ഥാനങ്ങളിൽ പാർപ്പിൻ (മത്താ, 10:11; മർക്കൊ, 6:10; ലൂക്കൊ, 9:4), പാർത്തു (മർക്കൊ, 14:34; ലൂക്കൊ, 1:56; 8:27), താമസിച്ചു (മത്താ, 26:28) എന്നിങ്ങനെയാണ് സത്യവേദപുസ്തകത്തിലെ തർജ്ജമ. കാത്തിരുപ്പെന്ന് ഒരിടത്ത് പൗലൊസ് പറയുന്നുണ്ട്: “ബന്ധനങ്ങളും കഷ്ടങ്ങളും എനിക്കായി കാത്തിരിക്കുന്നു.” അവിടെ പൗലൊസ് എന്ന വ്യക്തിയല്ല കാത്തിരുന്നത്; ബന്ധനങ്ങളും കഷ്ടങ്ങളുമാണ്. എന്നാൽ യഥാർത്ഥ കാത്തിരുപ്പിനെ കുറിക്കുന്നത് മറ്റുചില വാക്കുകളാണ്: യിസ്രായേലിൻ്റെ ആശ്വാസത്തിനായി കാത്തിരുന്ന (prosdechomai, ലൂക്കൊ, 2:25), പലൊസ് അഥേനയിൽ കാത്തിരിക്കുമ്പോൾ (ekdechomai, പ്രവൃ, 17:16), യേശുക്രിസ്തുവിൻ്റെ പ്രത്യക്ഷത കാത്തിരിക്കുന്നു (apekdechomai, 1കൊരി, 1:7) തുടങ്ങിയവ. 

എന്തുകൊണ്ടാണ് യെരൂശലേമിൽ പാർപ്പാൻ യേശു ശിഷ്യന്മാരോട് കല്പിച്ചത്; ലോകത്തിൻ്റെ കേന്ദ്രവും വിശുദ്ധസ്ഥലവുമാണ് യെരൂശലേം. കൂടാതെ, യേശുവിന്റെ കന്യകാജനനം, സ്നാനം, മരണം, അടക്കം, ഉത്ഥാനം, സ്വർഗ്ഗാരോഹണം ഇവയൊക്കെയും യെരൂശലേമിലായിരുന്നു. തന്മൂലം ദൈവസഭയുടെ സ്ഥാപനവും യെരുശലേമിൽ തന്നെയാണ് വേണ്ടത് “അവന്റെ നാമത്തിൽ മാനസാന്തരവും പാപമോചനവും യെരൂശലേമിൽ തുടങ്ങി സകലജാതികളിലും പ്രസംഗിക്കയും വേണം എന്നിങ്ങനെ എഴുതിയിരിക്കുന്നു.” (ലൂക്കൊ, 24:47). ഇതിൽനിന്നും ശിഷ്യന്മാരോട് കാത്തിരിക്കാനല്ല പറഞ്ഞതെന്നും, ഗലീലക്കാരായ ശിഷ്യന്മാർ (അ,പ്ര 2:7) തങ്ങളുടെ പട്ടണമായ ഗലീലയിലേക്ക് മടങ്ങിപ്പോകാതെ, തന്റെ വാഗ്ദത്തത്തിനായി യെരുശലേമിൽ തങ്ങണമെന്നാണ് കല്പിച്ചതെന്നും വ്യക്തമല്ലേ? യേശു സ്വർഗ്ഗാരോഹണം ചെയ്യുന്നതിനു മുമ്പുതന്നേ, ശിഷ്യന്മാർ ഗലീലയിൽ തങ്ങളുടെ പഴയ തൊഴിലിലേക്ക് മടങ്ങിപ്പോയവരാണ് (യോഹ, 23:2,3) എന്നുംകൂടി ചിന്തിക്കുമ്പോൾ കാത്തിരിക്കാനല്ല;  യെരൂശലേം വിട്ടുപോകരുതെന്നാണ് യേശു അവരോടു പറഞ്ഞതെന്ന് ഏറ്റവും സ്പഷ്ടമാണ്. 

ഇത് ഒന്നുകൂടി ഗ്രഹിക്കാൻ സഹായകരമായ മറ്റൊരു തെളിവുകൂടിയുണ്ട്.; യിസ്രായേൽ ജനത്തിന് ദൈവം നിയമിച്ചുകൊടുത്ത ഏഴ് വാർഷീക ഉത്സവങ്ങളും ക്രിസ്തുവിന്റെ രക്ഷണ്യവേലയ്ക്ക് നിഴലുകളാണ്. നീസാൻ 14 പെസഹ, നീസാൻ 15 ‘പുളിപ്പില്ലാത്തപ്പം: ‘നമ്മുടെ പെസഹാക്കുഞ്ഞാട് അറുക്കപ്പെട്ടിരിക്കുന്നു’ (1കൊരി, 5:7); ‘ആകയാൽ പുളിപ്പില്ലായ്മകൊണ്ട് ഉത്സവം ആചരിപ്പിൻ’ (1കൊരി, 5:8). നീസാൻ 17 ആദ്യഫലപ്പെരുന്നാൾ: ‘ക്രിസ്തു നിദ്രകൊണ്ടവരിൽ ആദ്യഫലമായി ഉയിർത്തിരിക്കുന്നു.’ (1കൊരി, 15:20). സീവാൻ 6 ഞായർ പെന്തെക്കൊസ്തു പെരുന്നാൾ: ആദ്യഫലക്കറ്റ നീരാജനം ചെയ്തതു തുടങ്ങി ഏഴു ശബ്ബത്ത് എണ്ണി പിറ്റേന്ന് കൊയ്ത്ത് പെരുന്നാളായ പെന്തെക്കൊസ്താണ്. ഇത് യെഹൂദന്മാരായ ശിഷ്യന്മാർക്ക് നല്ലവണ്ണമറിയാം. അതുകൊണ്ടാണ്, “പെന്തെക്കസ്തുനാൾ വന്നപ്പോൾ എല്ലാവരും ഒരു സ്ഥലത്തു ഒന്നിച്ചു കൂടിയിരുന്നു” എന്നു കാണുന്നത്. (അ,പ്ര, 2:1). ഇവർ കാത്തിരുന്നാലും, കിടന്നുറങ്ങിയാലും, മറ്റുവല്ല ജോലിയിലും ഏർപ്പെട്ടിരുന്നാലും പെന്തെക്കൊസ്തുനാൾ വരും, പരിശുദ്ധാത്മാവ് ഇവരുടെമേൽ വരുകയും ആത്മാക്കളെ കൊയ്തെടുക്കുകയും ചെയ്യും. പിന്നെ കാത്തിരുന്നു എന്നു വിചാരിക്കുന്നതിൽ എന്തു പ്രസക്തിയാണ് ഉള്ളത്. മാത്രമല്ല ദൈവത്തിന്റെ ദാനം കാത്തിരിപ്പെന്ന ‘പ്രവൃത്തി’ കൂടാതെ ലഭിക്കുകില്ല എന്നു വന്നാൽ, പരിശുദ്ധാത്മാവിനെ ദാനമെന്നല്ല ‘അവരുടെ കാത്തിരുപ്പിൻ്റെ പ്രതിഫലം’ എന്നു പറയേണ്ടിവരും. ((പ്രവൃ, 2:38).

ഇനിയും പ്രധാനപ്പെട്ട ഒരു സംഗതി പറയാം: ദൈവത്തിൻ്റെ വാഗ്ദാനം അഥവാ വാഗ്ദത്തമാണ് പരിശുദ്ധാത്മാവ്; അത് സഭയ്ക്ക് പിതാവും പുത്രനും നല്കിയിരിക്കുന്ന ഉറപ്പാണ്. (ലൂക്കൊ, 24:49; പ്രവൃ, 1:4; 2:33; 38,38). “ദൈവത്തിന്റെ വാഗ്ദത്തങ്ങൾ എത്ര ഉണ്ടെങ്കിലും അവനിൽ ഉവ്വു എന്നത്രേ; അതുകൊണ്ടു ഞങ്ങളാൽ ദൈവത്തിന്നു മഹത്വം ഉണ്ടാകുമാറു അവനിൽ ആമേൻ എന്നും തന്നേ.” (2കൊരി 1:20). ദൈവത്തിൻ്റെ വാഗ്ദത്തം ലഭിക്കാൻ മനുഷ്യൻ കാത്തിരുപ്പുപോലെ എന്തെങ്കിലും പ്രവൃത്തി ചെയ്യേണ്ട ആവശ്യമുണ്ടോ? ഒരുദാഹരണം പറയാം: കല്ദയരുടെ പട്ടണമായ ഊരിൽനിന്നു ദൈവം അബ്രാഹാമിനെ വിളിച്ച് ‘ഞാൻ നിന്നെ കാണിപ്പാനിരിക്കുന്ന ദേശത്തേക്ക് പോക’ എന്നു പറഞ്ഞപ്പോൾ, വിശ്വാസത്താൽ എവിടേക്കു പോകുന്നു എന്നറിയാതെ പുറപ്പെട്ടവനാണ് അബ്രാഹാം. അബ്രാഹാമിന് ദൈവം ഒരു മകനെ നല്കാമെന്നു പറഞ്ഞപ്പോൾ താനത് വിശ്വസിച്ചുവെങ്കിലും അതിനായി കാത്തിരുന്നില്ലെന്നു മാത്രമല്ല, സാറാമ്മച്ചീടെ വാക്കുകേട്ട് മിസ്രയീമ്യദാസിയിൽ ഒരു മകനെ ജനിക്കുകയും ചെയ്തു. ‘ഞാൻ പറഞ്ഞ വാഗ്ദത്തത്തിനായി ഇവൻ കാത്തിരുന്നില്ലല്ലോ’ എന്നുപറഞ്ഞ് ദൈവം വാഗ്ദത്തം മാറ്റിയോ? ഇല്ല. തൊണ്ണുറ്റൊമ്പത് വയസായപ്പോൾ ദൈവം പിന്നെയും പറഞ്ഞു; ‘ഞാൻ നിനക്കൊരു മകനെ തരും.’ ഇതുകേട്ട അബ്രാഹാം ചിരിച്ചൂന്നല്ല; വീണുകിടന്ന് ചിരിച്ചൂന്നാണ് പറയുന്നത്: “അപ്പോൾ അബ്രാഹാം കവിണ്ണുവീണു ചിരിച്ചു: നൂറു വയസ്സുള്ളവന്നു മകൻ ജനിക്കുമോ? തൊണ്ണൂറു വയസ്സുള്ള സാറാ പ്രസവിക്കുമോ? എന്നു തന്റെ ഹൃദയത്തിൽ പറഞ്ഞു.” (ഉല്പ, 17:17). ചിരിക്കുക മാത്രമല്ല; ഇതസാദ്ധ്യമെന്ന് ഉള്ളിൽ പറയുകകൂടി ചെയ്തു. പിറ്റേക്കൊല്ലം സാറയും ദൈവവാഗ്ദത്തം കേട്ട് ചിരിച്ചു. (ഉല്പ, 18:12). ഇപ്പൊ അവർക്ക് വല്ല വിശ്വാസവുമുണ്ടോ? വാഗ്ദത്തം നിവൃത്തിയാകുമെന്ന് ഒരു വിശ്വാസവും അവർക്കിപ്പോഴില്ല. എന്നിട്ട് സാറാ ഗർഭിണിയായില്ലേ? യിസ്ഹാക്കിനെ പ്രസവിച്ചില്ലേ? വാഗ്ദത്തം നിവൃത്തിയായില്ലേ???… വാഗ്ദത്തം ചെയ്തവൻ സർവ്വശക്തനാണ് വിശ്വാസിച്ചില്ലേലും കാത്തിരുന്നില്ലേലും ഇനി അവിശ്വസിച്ചാലും അത് നിറവേറുകതന്ന ചെയ്യും. ഭോഷ്ക്ക് പറയുവാനും വാക്കു മാറുവാനും താൻ വാക്കു പറഞ്ഞതോർത്ത് അനുതപിക്കാനും അവൻ മനുഷ്യനല്ല. 

എല്ലാറ്റിലും രസകരമായ കാര്യം ഇതൊന്നുമല്ല: “ദൈവം വാഗ്ദത്തങ്ങളിൽ വിശ്വസ്തനും വാക്കുമാറാത്തവനാണ്; അവൻ്റെ വാഗ്ദത്തം നീ നിരസിച്ചാലും അവൻ നിന്നെ ഓടിച്ചിട്ട് അനുഗ്രഹിക്കുമെന്നു പ്രസംഗിച്ച് വിശ്വാസികളുടെ പോക്കറ്റ് കാലിയാക്കുന്ന പാസ്റ്ററന്മാർ തന്നെയാണ് ദൈവത്തിൻ്റെ വാഗ്ദത്തവും, ദാനവുമായ പരിശുദ്ധാത്മാവിനെ അദ്ധ്വാനിച്ച് കഷ്ടപ്പെട്ട് കാത്തിരുന്ന് പ്രാപിക്കണമെന്ന് പഠിപ്പിക്കുന്നതും! എങ്ങനെയുണ്ട്?

2. ആത്മസ്നാനത്തിന് അടയാളമുണ്ടോ?

ആത്മസ്നാനത്തിന്റെ ഏകവും പ്രത്യക്ഷവുമായ അടയാളം അന്യഭാഷയാണെന്ന് വിചാരിക്കുന്നവരുണ്ട്. അതിനുകാരണം കൊർന്നല്യോസിന്റെ ഭവനക്കാരും, എഫെസൊസിലെ ശിഷ്യന്മാരും ആത്മാവു വന്നപ്പോൾ അന്യഭാഷയിൽ സംസാരിച്ചു എന്നുള്ളതാണ്. എന്നാൽ പെന്തെക്കൊസ്തിനുശേഷം  ആത്മസ്നാനത്തിൻ്റെ മൂന്ന് അനുഭവങ്ങളാണ് ദൈവവചനത്തിലുള്ളത്. അത് മൂന്നും വ്യത്യസ്തങ്ങളാണുതാനും. ശമര്യയിൽ ഏതോ ഒരു അടയാളമാണുണ്ടായത്. കൊർന്നല്യോസിന്റെ ഭവനക്കാർ അന്യഭാഷകളിൽ സംസാരിച്ചു. എഫെസൊസിലെ ശിഷ്യന്മാർ അന്യഭാഷകളിൽ സംസാരിക്കുകയും പ്രവചിക്കുകയും ചെയ്തു. മൂന്നിടത്തും അനുഭവങ്ങൾ വിവിധങ്ങളാണെങ്കിലും പ്രത്യക്ഷമായൊരടയാളം ഉണ്ടായിട്ടുണ്ട്. ഇതിന്റെ ആവശ്യകത എന്താണെന്ന് ദൈവവചനം നമുക്കൊന്ന് പരിശോധിക്കാം. കർത്താവ് ഫിലിപ്പോസ് മുഖാന്തരം വളരെ അത്ഭുതങ്ങളും വീര്യപ്രവൃത്തികളും ചെയ്യുകയും, ശമര്യർ കർത്താവായ യേശുവിൽ വിശ്വസിച്ച് സ്നാനമേല്ക്കുകയും ചെയ്തു. (പ്രവൃ, 8:4-13). അതറിഞ്ഞ പത്രൊസും യോഹന്നാനും ശമര്യയിൽ എത്തുകയും, അവർക്കുവേണ്ടി പ്രാർത്ഥിച്ചപ്പോൾ ആത്മാവു ലഭിക്കുകയും, പ്രത്യക്ഷമായ ഒരടയാളം ഉണ്ടാകുകയും ചെയ്തു. (പ്രവൃ, 8:14-18). ഇവിടെ രണ്ടു കാര്യങ്ങൾ ചിന്തനീയമാണ്. ഒന്ന്; ആത്മസ്നാനത്തിന്നു താമസം നേരിട്ടതെന്താണ്. രണ്ട്; അടയാളത്തിന്റെ ആവശ്യമെന്തായിരുന്നു. ഒന്ന്; മത്തായിയുടെ സുവിശേഷത്തിൽ പത്രൊസ് ക്രിസ്തുവിനെ ഏറ്റുപറയുമ്പോൾ, ‘സ്വർഗ്ഗരാജ്യത്തിന്റെ താക്കോൽ’ എന്ന വിശേഷാധികാരം ക്രിസ്തു പത്രൊസിനു കൈമാറുന്നുണ്ട്. (16:14-19). സ്വർഗ്ഗത്തിലും ഭൂമിയിലും കെട്ടുവാനും അഴിക്കുവാനുമുള്ള അധികാരം എല്ലാ ശിഷ്യന്മാർക്കും യേശു നൽകിയിട്ടുണ്ട്. (മത്താ, 18:18). പക്ഷെ സ്വർഗ്ഗരാജ്യത്തിലേക്ക് (സഭ) പ്രവേശനം നൽകുന്നതിനുള്ള അധികാരം പത്രൊസിനു മാത്രമാണ് നൽകുന്നത്. ഭൂമിയിൽ യെഹൂദനെ കൂടാതെ രണ്ടു വിഭാഗങ്ങൾ കൂടി മാത്രമേയുള്ളൂ. ഒന്ന് ശമര്യരും, മറ്റൊന്ന് ജാതികളും. ശമര്യരോട് സുവിശേഷമറിയിച്ച ഫിലിപ്പോസിന് സ്വർഗ്ഗരാജ്യത്തിലേക്ക് പ്രവേശനം നൽകുന്നതിനുള്ള അധികാരം ഇല്ലായിരുന്നു. ആ അധികാരം പത്രൊസിൽ മാത്രം നിഷിപ്തമായിരുന്നു. ഫിലിപ്പോസ് പരിശുദ്ധാത്മാവ് നിറഞ്ഞവനും യേശുവിന്റെ നാമത്തിൽ അത്ഭുതങ്ങളും അടയാളങ്ങളും പ്രവർത്തിച്ചവനുമാണ്. എന്നിട്ടും ഫിലിപ്പോസ് സുവിശേഷമറിയിക്കുകയും സ്നാനപ്പടുത്തുകയും ചെയ്തിട്ടും പരിശുദ്ധാത്മാവ് വന്നില്ല. എന്നാൽ പത്രൊസ് കൊർന്നല്യോസിന്റെ ഭവനത്തിൽ സുവിശേഷം അറിയിച്ചപ്പോൾ തന്നേ പരിശുദ്ധാത്മാവ് വരുകയും ചെയ്തു. ഇവിടെ ഫിലിപ്പോസിനേക്കൾ എന്തു വിശേഷതയാണ് പത്രൊസിനുള്ളത് എന്ന ചോദ്യത്തിനും ഒറ്റ ഉത്തരമേയുള്ളൂ. ‘സ്വർഗ്ഗരാജ്യത്തിന്റെ താക്കോലെന്ന വിശേഷാധികാരം കൈവശമുള്ളവനാണ് പത്രൊസ്.’ തന്മൂലം ഫിലിപ്പോസ് സുവിശേഷം അറിയിച്ചപ്പോൾതന്നേ ആത്മസ്നാനം നടന്നാലും പത്രൊസ് അവരെ അംഗീകരിക്കുകയോ ദൈവസഭയിലേക്ക് പ്രവേശനം നൽകുകയോ ചെയ്യില്ലായിരുന്നു. രണ്ടാം അദ്ധ്യായത്തിൽ പത്രൊസിന്റെ നേതൃത്വത്തിൽ യെഹൂദർക്ക് ദൈവസഭയിലേക്കു പ്രവേശനം നൽകുന്നു. എട്ടാം അദ്ധ്യായത്തിൽ ശമര്യർക്ക് പ്രവേശനം നൽകുന്നു. പത്താം അദ്ധ്യായത്തിൽ ജാതികൾക്ക് പ്രവേശനം നൽകുന്നു. പത്രൊസിനെ സംബന്ധിച്ച് താനൊരു പക്കാ യെഹൂദനാണെന്ന് പത്താമദ്ധ്യായത്തിലെ സംഭവം തെളിയിക്കുന്നു. (പ്രവൃ, 10: 9-16). ആദ്യം ദർശനമുണ്ടായത് ജാതീയനായ കൊർന്നേല്യൊസിനായിരുന്നു. ദൂതൻ ദർശനത്തിൽ, ‘പത്രൊസ് എന്നുപേരുള്ള ശീമോനെ വരുത്തുക’ എന്നു പറഞ്ഞപ്പോൾത്തന്നേ, കൊർന്നേല്യൊസ് തന്റെ രണ്ടു വേലക്കാരെ പത്രൊസിന്റെ അടുക്കലേക്കയച്ചു. (പ്രവൃ,, 10:3, 7). പക്ഷെ, പത്രൊസിനെ അനുനയിപ്പിക്കാൻ മൂന്നു പ്രാവശ്യം തുപ്പട്ടി ഇറക്കി കാണിക്കേണ്ടതായി വന്നു. (10:6). ഇതിൽനിന്ന് പത്രൊസ് ജാതികളോട് എത്ര വേർപെട്ടവനാണെന്ന് മനസ്സിലാക്കാം. പത്രൊസ് മാത്രമല്ല എല്ലാ നല്ല യെഹൂദന്മാരും അങ്ങനെ തന്നെയാണ്. ശമര്യരോടും യെഹൂദന്റെ ശത്രുത വളരെ വലുതാണ്. (2രാജാ, 14:8-14, 2ദിന, 25:5-13, 17-24, മത്താ, 10:5, ലൂക്കൊ, 9:52-55, യോഹ, 4:9). ഒരു യെഹൂദൻ ഗലീലയിൽ നിന്ന് യെഹൂദ്യയിൽ പോകുന്നതും, യെഹൂദ്യയിൽ നിന്ന് ഗലീലയിലേക്ക് പോകുന്നതും രണ്ടു പ്രാവശ്യം യോർദ്ദാൻ മുറിച്ചുകടന്ന് യോർദ്ദാനക്കരെക്കൂടിയാണ്. ശമര്യയിൽക്കൂടി എളുപ്പം എത്താമെന്നിരിക്കെ, ഇരട്ടിയിലധികം ദൂരം അവർ സഞ്ചരിക്കുമെന്നുള്ളത് അവരുടെ ശത്രുതയുടെ തീവ്രത വെളിവാക്കുന്നു. തന്മുലം ഫിലിപ്പോസിന്റെ കയ്യാൽ സ്നാനപ്പെട്ടുവെങ്കിലും, തങ്ങളെപ്പോലെ ആത്മാവ് ലഭിച്ചവരാണെന്ന് പത്രൊസിന് ബോധ്യപ്പെട്ടാൽ മാത്രമേ ദൈവസഭയുടെ അംഗങ്ങളായി അവരെ സ്വീകരിക്കുകയുള്ളു. അതുകൊണ്ടാണ് പത്രൊസിന്റെ സാന്നിദ്ധ്യത്തിൽ കർത്താവ് അവർക്ക് ആത്മസ്നാനം നൽകിയത്. 

രണ്ട്; അടയാളത്തിന്റെ ആവശ്യമെന്താണ് എന്നുള്ളതാണ്? ഒന്നാമത് യെഹൂദന്റെ പൊതുസ്വഭാവമാണ് അടയാളം ചോദിക്കുക എന്നത്. (1കൊരി, 1:21). രണ്ടാമത് പരിശുദ്ധാത്മാവിനെ ആർക്കും കാണാൻ കഴിയില്ല. (യോഹ, 3:8). തന്മൂലം അവർക്ക് ആത്മാവ് ലഭിച്ചു എന്ന് പത്രൊസിന് ബോധ്യമാകണമെങ്കിൽ, പ്രത്യക്ഷമായൊരു അടയാളം ഉണ്ടാകണം. കൊർന്നേല്യൊസിന്റെ ഭവനത്തിൽ സംഭവിച്ചത് അതിനൊരു തെളിവാണ്. പത്രൊസ് സുവിശേഷം അറിയിക്കുമ്പൊൾ തന്നേ അവരിൽ പരിശുദ്ധാത്മാവ് വരുകയും, അവരെ സ്നാനപ്പെടുത്തുകയും ചെയ്യുന്നു. (പ്രവൃ, 10:44-48). ഇവിടെ ചിന്തനീയമായ ഒരു വിഷയമുണ്ട്; കൊർന്നേല്യൊസിനെ പോലൊരു ജാതീയ കുടുംബത്തെ സ്നാനപ്പെടുത്തി സഭയിൽ ചേർക്കുന്നതിനോട് എതിർപ്പ് കാണിക്കാമായിരുന്ന ആറ് യെഹൂദാ ക്രിസ്ത്യാനികളുമൊന്നിച്ചാണ് പത്രൊസ് പോയത്. (11:12). അവർ പത്രൊസ് കണ്ടിരുന്ന ദർശനം കണ്ടിരുന്നുമില്ല. യഥാർത്ഥത്തിൽ കൊർന്നേല്യൊസും കൂടെയുള്ളവരും അന്യഭാഷയിൽ സംസാരിക്കുന്നത് കേട്ടപ്പോൾ ഈ ആറുപേരും വിസ്മയിച്ചു. (10:46). പെന്തെക്കൊസ്തിന് ചില നാളുകൾക്ക്ശേഷം സംഭവിച്ചതാകകൊണ്ട് അന്യഭാഷകളിൽ വിശ്വാസം വരാഞ്ഞിട്ടല്ല, മറിച്ച് ജാതികൾ ദൈവത്തിന് സ്വീകാര്യമാണെന്ന് അവർ വിശ്വസിച്ചിരുന്നില്ല എന്നതിനാലാണ് അതിശയിച്ചത്. ഈ ആറ് സഹോദരന്മാർക്കും മനസ്സിലാകാത്ത ഒരു ഭാഷയാണവർ സംസാരിച്ചിരുന്നതെങ്കിൽ, അവരെ സ്നാനപ്പെടുത്തുവാൻ അവർ പത്രൊസിനെ അനുവദിക്കുമായിരുന്നോ? പകരം ജാതികളോടുള്ള വിവേചനം എടുത്തുകാണിക്കാൻ അവർ ഉത്സാഹിക്കുമായിരുന്നു. കൊർന്നേല്യൊസിനും കൂട്ടർക്കും എന്തോ ഭ്രമം പിടിച്ചിരിക്കയാണന്നു പറഞ്ഞ് പത്രൊസിനെ പിൻതിരിപ്പിക്കാൻ ശ്രമിക്കുമായിരുന്നു. പെന്തെക്കൊസ്തുനാളിൽ യെരൂശലേമിൽ വന്ന സന്ദർശകർക്ക് ബോധ്യമായതുപോലെ, തങ്ങൾക്ക് മനസ്സിലാകുന്ന ഭാഷയിൽ അവർ ദൈവത്തെ സ്തുതിക്കുന്നതുകേട്ട് ഇവർക്കും പൂർണ്ണ ബോധ്യംവന്നു. ഇറ്റലിക്കാരനായ കൊർന്നല്യോസ് തന്റെ സ്വന്തഭാഷയായ ലത്തീനിൽ സംസാരിക്കുന്നതോ, റോമാ സാമ്രാജ്യത്തിലെ ഔദ്യോഗിക ഭാഷയായ ഗ്രീക്കിൽ സംസാരിക്കുന്നതോ ഒരു അത്ഭുതമായിരിക്കയില്ല, മറിച്ച് റോമാക്കാരന് അപരിചിതമായ എബ്രായഭാഷയിൽ യെഹൂദനല്ലാത്ത ഒരാൾ ദൈവത്തെ മഹത്വപ്പെടുത്തുന്നത് അത്ഭുതം തന്നെയായിരിക്കും. ശമര്യയിലെ കാര്യവും ഇതിൽനിന്ന് വിഭിന്നമായിരിക്കില്ല. അവിടെയും ഒരടയാളം ഉണ്ടായിരുന്നു. അത് ശിമോൻ കണ്ടതാണ്. (8:18). അത് അന്യഭാഷയാണെങ്കിൽ, പേഗൻ മതത്തിലോ മറ്റു ജാതീയമതങ്ങളിലോ നടപ്പുള്ള കേവലം അവ്യക്തമായ ഒരു ജല്പനം ആയിരിക്കില്ല. (മത്താ, 6:7). മറിച്ച് പത്രൊസിനും യോഹന്നാനും മനസ്സിലാകുന്ന വ്യക്തമായ ഭാഷ തന്നെയായിരിക്കും. ഇതിനൊരു തെളിവാണ് പതിനൊന്നാം അദ്ധ്യായം. ജാതികളെ സ്നാനപ്പെടത്തിയതിനെക്കുറിച്ച് യെരുശലേം സഭയിൽ വാദമുണ്ടായപ്പോൾ, ”പരിശുദ്ധാത്മാവ് ആദിയിൽ നമ്മുടെമേൽ എന്നപോലെ അവരുടെമേലും വന്നു” (പ്രവൃ, 11:15) എന്ന് പത്രൊസ് തെളിയിക്കുന്നത് ഈ അന്യഭാഷയുടെ വെളിച്ചത്തിലാണ്. പരിശുദ്ധാത്മസ്നാനം നടന്ന വസ്തുത ഒരടയാളം കൂടാതെ പത്രൊസിന് സ്വയമായി ബോധ്യപ്പെടുകയോ, മറ്റുള്ളവരെ ബോധ്യപ്പടുത്തുവാനോ സാധ്യമല്ല. തന്നിമിത്തം യെരൂശലേമിലെ സഹോദരങ്ങൾ പറഞ്ഞതും ശ്രദ്ധേയമാണ്. “അവർ ഇതു കേട്ടപ്പോൾ മിണ്ടാതിരുന്നു: അങ്ങനെ ആയാൽ ദൈവം ജാതികൾക്കും ജീവപ്രാപ്തിക്കായി മാനസാന്തരം നല്കിയല്ലോ എന്നു പറഞ്ഞു ദൈവത്തെ മഹത്വപ്പെടുത്തി.” (പ്രവൃ, 11:18).

എഫെസൊസിലെ സംഭവം കുറച്ചുകൂടി വ്യത്യസ്ഥമാണ്. അവിടെ പത്രൊസിന്റെ ആവശ്യമില്ല. കാരണം അവർ യോഹന്നാന്റെ സ്നാനമേറ്റ യെഹൂദന്മാർ തന്നെയാണ്. ഭൂമിയിലുള്ള സകല മനുഷ്യരെയും പ്രതിനിധീകരിച്ചുകൊണ്ട് യെഹൂദനും, ശമര്യനും, ജാതികൾക്കും കർത്താവ് പത്രൊസ് മുഖാന്തരം സ്വർഗ്ഗരാജ്യത്തിലേക്ക് പ്രവേശനം നൽകിക്കഴിഞ്ഞു. എങ്കിലും എഫെസൊസിൽ സംഭവിച്ച കാര്യങ്ങൾ ചിന്തിക്കേണ്ടതുണ്ട്. യോഹന്നാന്റെ സ്നാനമേറ്റിരുന്നവർ രണ്ടാമതൊരിക്കൽക്കൂടി കർത്താവായ യേശുവിന്റെ നാമത്തിൽ സ്നാനമേൽക്കുകയും, പൗലൊസ് അവർക്കുവേണ്ടി പ്രാർത്ഥിച്ചപ്പോൾ പരിശുദ്ധാത്മാവും കൃപാവരങ്ങളും അവർക്ക് ലഭിക്കുകയും ചെയ്തു. (പ്രവൃ, 19:1-7). അവിടെ പരിശുദ്ധാത്മാവ് അന്യഭാഷയോടും പ്രവചനത്തോടും കൂടെ വെളിപ്പെട്ടത് എന്തിനാണെന്ന് മനസ്സിലാക്കണം. അവർ മുമ്പേ യോഹന്നാന്റെ സ്നാനമേറ്റവരായിരുന്നു. യോഹന്നാൻ അവരുടെ ദൃഷ്ടിയിൽ ഒരു കുറഞ്ഞ പുള്ളിയല്ല. ദൈവം ആരെ കർത്താവും രക്ഷിതാവുമാക്കി വെച്ചുവോ, ആ ക്രിസ്തുവുനെ സ്നാനം കഴിപ്പിച്ചയാളാണ്. ആ ശിഷ്യന്മാർ രണ്ടാമതൊരിക്കൽ കൂടി യേശുവിന്റെ നാമത്തിൽ സ്നാനമേൽക്കുമ്പോൾ, അവർക്കു പ്രത്യക്ഷമായ കൃപാവരങ്ങൾ ലഭിച്ചില്ലെങ്കിൽ, അഥവാ അവർക്കു പരിശുദ്ധാത്മാവിനെ വ്യക്തിപരമായി അറിയാൻ കഴിഞ്ഞില്ലെങ്കിൽ, അവർ യേശുവിലുള്ള സ്നാനത്തെ സംശയിക്കാൻ ഇടയാകുമായിരുന്നു. ഞങ്ങൾ മുമ്പേ ഇരുന്നപോലെ ഇപ്പോഴുമിരിക്കുന്നു. യേശുവിന്റെ നാമത്തിൽ സ്നാനമേറ്റിട്ടും ഒരു വ്യത്യാസവുമുണ്ടായില്ല എന്നു പറയുമായിരുന്നു. തന്മൂലം അവർക്ക് അടയാളത്തോടുകൂടി ആത്മസ്നാനം നൽകേണ്ടത് സ്വർഗ്ഗത്തിന്റെ ആവശ്യമായിരുന്നു. മാത്രമല്ല പൗലൊസ് അവരുടെമേൽ കൈവെച്ചതും അവർക്കുവേണ്ടി പ്രർത്ഥിച്ചതും പരിശുദ്ധാത്മാവിനു വേണ്ടിയല്ല. കാരണം പരിശുദ്ധാത്മാവ് ആരുടെയും കൈവെപ്പിന്റെ ഫലവും പ്രാർത്ഥനയുടെ മറുപടിയുമല്ല. പ്രത്യുത ദൈവത്തിന്റെ വാഗ്ദത്തവും ദാനവുമാണ്. (പ്രവൃ,, 1:4, 2:38). പൗലൊസ് കൈവെച്ചതും പ്രാർത്ഥിച്ചതും കൃപാവരങ്ങൾക്കു വേണ്ടിയാണ്. അതിന് വേദപുസ്തകത്തിൽ തെളിവുമുണ്ട്. (2തിമൊ, 1:6). അർത്ഥാൽ; എഫെസൊസിലെ വിഷയം ക്രിസ്തീയ സ്നാനം അഥവാ, യേശുവിൻ്റെ നാമത്തിലുള്ള സ്നാനനത്തിൻ്റെ ശ്രേഷ്ഠതയാണ്. 

“ഇന്നത്തെ അന്യഭാഷകൾ വ്യാജമാണെന്ന് പറയുമ്പോൾ അവർ പറയുന്ന ഒരുദാഹരണമുണ്ട്: “ഒറിജിനൽ നോട്ടുള്ളതുകൊണ്ടാണ് വ്യാജനോട്ടുള്ളത്.” മോദി അഞ്ചൂറിൻ്റെയും ആയിരത്തിൻ്റെയും നോട്ട് നിരോധിച്ചിട്ട് അഞ്ചുവർഷമായി. ഇപ്പോഴും അത് ചിലവാക്കാൻ ശ്രമിച്ച് പിടിക്കപ്പെടുന്നവരില്ലേ? അതുപോലെ മാത്രമേയുള്ളു അന്യഭാഷക്കാർ. ദൈവം അന്യഭാഷ നിർത്തലാക്കിയിട്ട് 1920-ലേറെ വർഷങ്ങൾ കഴിഞ്ഞു. ഇപ്പോഴും പലരും അന്യായമായി അതേ ഭാഷതന്നേ പറഞ്ഞുകൊണ്ടിരിക്കുന്നു.”

3. പെന്തെക്കൊസ്തിൽ എല്ലാവരും അന്യഭാഷകളിൽ സംസാരിച്ചുവോ?

ആത്മസ്നാനത്തിന്റെ ഏകവും പ്രത്യക്ഷവുമായ അടയാളമല്ല അന്യഭാഷ എന്നതിന് തെളിവ് പെന്തെക്കൊസ്ത് അനുഭവത്തിൽ തന്നെയുണ്ട്. രണ്ടാം വാക്യം; വീടു മുഴുവൻ നിറച്ച ഒരു മുഴക്കമണ്ടായി — വീടു മുഴുവൻ നിറച്ചൊരു മുഴക്കം ആരെങ്കിലുമൊരാൾ കേട്ടില്ലെന്ന് പറയാൻ പറ്റില്ല. മൂന്നാം വാക്യം; പിളർന്നിരിക്കുന്ന നാവുകൾ അവരിൽ ഓരോരുത്തന്റെ മേൽ പതിഞ്ഞു — (each of them) അതിൽനിന്ന് ആരും ഒഴിവായില്ല. നാലാം വാക്യം; എല്ലാവരും പരിശുദ്ധാത്മാവ് നിറഞ്ഞു — പരിശുദ്ധാത്മാവും എല്ലാവർക്കും ലഭിച്ചു. അടുത്ത ഭാഗം; ആത്മാവ് അവർക്ക് ഉച്ചരിപ്പാൻ നൽകിയതുപോലെ അന്യഭാഷകളിൽ സംസാരിച്ചു തുടങ്ങി. (പ്രവൃ, 2:2-4). മുഴക്കം വീടു മുഴുവൻ നിറെച്ചു. പിളർന്ന നാവ് എല്ലാവരുടെമേലും പതിഞ്ഞു. എല്ലാവരും പരിശുദ്ധാത്മാവ് നിറഞ്ഞു. എല്ലാവരും അന്യഭാഷ സംസാരിച്ചുവെന്ന് രേഖപ്പടുത്താത്തത് എന്താണ്? ഇവിടെ എല്ലാവരും അന്യഭാഷ സംസാരിച്ചിരുന്നു എങ്കിൽ, ഒരമിത കൃതൃപ്പിന്റെ ആവശ്യമെന്താണ്? ഈ വാക്യം സത്യവേദപുസ്തകം നൂതന പരിഭാഷയിൽനിന്നും കുറച്ചുകൂടി വ്യക്തമായി മനസ്സിലാക്കാം. “എല്ലാവരും പരിശുദ്ധാത്മാവുകൊണ്ടു നിറഞ്ഞു; ആത്മാവ് അവര്‍ക്ക് ഉച്ചരിക്കുവാന്‍ നല്‌കിയ വരം അനുസരിച്ച് വിവിധ ഭാഷകളില്‍ അവര്‍ സംസാരിക്കുവാന്‍ തുടങ്ങി.” (2:4). ആത്മാവ് ആർക്കൊക്കെ ഭാഷണവരം നൽകിയോ അവരൊക്കെ അന്യഭാഷകളിൽ സംസാരിച്ചു. കൊരിന്ത്യ ലേഖനപ്രകാരം എല്ലാവർക്കും ഒരേ വരംതന്നേ ലഭിക്കണമെന്ന് ശഠിക്കുവാനും പാടില്ല. (1കൊരി, 12:4-31). മാത്രമല്ല പ്രവൃത്തി 2:15 വാക്യപ്രകാരം പത്രൊസ് അന്യഭാഷയിൽ സംസാരിച്ചിട്ടില്ലെന്നും വ്യക്തമാണ്. പെന്തെക്കൊസ്തിൽ ശിഷ്യന്മാർ പറഞ്ഞ അന്യഭാഷകൾ കേട്ട്, അവരെ ലഹരി പിടിച്ചവരെന്ന് പരിഹസിച്ചവരോടാണ് പത്രൊസ് സംസാരിക്കുന്നത്. താൻ പറയുന്നത്; ‘ഇവർ ലഹരി പിടിച്ചവരല്ല’ എന്നാണ്. (2:15). പത്രൊസ് അന്യഭാഷ സംസാരിച്ചിരുന്നുവെങ്കിൽ ‘ഇവർ’ എന്നല്ല ‘ഞങ്ങൾ’ എന്നു പറയുമായിരുന്നു. ‘ഞങ്ങൾ’ എന്നുപയോഗിക്കാൻ മൂലഭാഷയിൽ വാക്കുകളില്ല എന്ന് വിചാരിക്കരുത്. ‘എസ്മെൻ’ (ഞങ്ങൾ) എന്നു പുതിയനിയമത്തിൽ അനേകം പ്രാവശ്യമുണ്ട്. പെന്തെക്കൊസ്തിൽ മറ്റു ശിഷ്യന്മാർ അന്യഭാഷകളിൽ സംസാരിച്ചപ്പോൾ, പത്രൊസിനു മാത്രം വരങ്ങളൊന്നും കിട്ടിയില്ലേയെന്ന് നിഷ്പക്ഷബുദ്ധികൾ ചോദിച്ചേക്കാം. പത്രൊസ് പല രോഗികളെ സൗഖ്യമാക്കിയതായി കാണാം: സുന്ദരം ദേവാലയഗോപുരത്തിലെ മുടന്തനെ സൗഖ്യമാക്കി (പ്രവൃ, 3:6-7), പത്രൊസിന്റെ നിഴൽ വീണ് അനേകം രോഗികൾ സൗഖ്യമായി (പ്രവൃ, 5:15-16), പക്ഷവാതരോഗിയായ ഐനെയാസിന്റെ സൗഖ്യം (പ്രവൃ, 9:32-35), തബീഥായെ ഉയർപ്പിച്ചും (പ്രവൃ, 9:36-43) ഇതൊക്കെ ദൈവസഭയുടെ ദ്രുതഗതിയിലുള്ള വളർച്ചയ്ക്ക് കാരണമായ പത്രൊസിനു ലഭിച്ച വരമാണ്. പത്രൊസിനു ജ്ഞാനവരവും ഉണ്ടായിരുന്നു. (പ്രവൃ, 5:1-11).

പെന്തെക്കൊസ്തിലെ അന്യഭാഷകളാകട്ടെ; കേവലം ഒരടയാളമായിരുന്നില്ല. പ്രത്യുത അന്യഭാഷകളിൽ അവർ സുവിശേഷം അറിയിക്കുകയായിരുന്നു. അവിടെ ഓടിക്കുടിയ വിവിധ ഭാഷക്കാരായ യെഹൂദന്മാർ താന്താങ്ങളുടെ ഭാഷയിൽ ദൈവത്തിന്റെ വൻകാര്യങ്ങളാണ് കേട്ടത്. (2:8,11). എന്നാൽ അന്യഭാഷക്കാരിൽ നിന്ന് ദൈവത്തിന്റെ വൻകാര്യങ്ങൾ കേട്ട് ഗ്രഹിച്ചവരോടല്ല, പത്രൊസ് സ്വന്തഭാഷയിൽ സംസാരിക്കുന്നത്. അന്യഭാഷയിൽ സംസാരിച്ച ദൈവത്തിന്റെ വൻകാര്യങ്ങളെ വിശ്വസിക്കാതെ, ഇവർ പുതുവീഞ്ഞ് കുടിച്ചിരിക്കുന്നു എന്നു പരിഹസിച്ചവരോടാണ് പത്രൊസ് സ്വന്തഭാഷയിൽ സംസാരിക്കുന്നത്. ഫലത്തിൽ രണ്ടുകൂട്ടരും ദൈവത്തിന്റെ വൻകാര്യങ്ങളാണ് പ്രസ്താവിച്ചത്. അന്യഭാഷയിലും സ്വന്തഭാഷയിലും. ഇതിനൊരു തെളിവാണ് 4:30,31 വാക്യം “സൌഖ്യമാക്കുവാൻ നിന്റെ കൈ നീട്ടുന്നതിനാലും നിന്റെ പരിശുദ്ധദാസനായ യേശുവിന്റെ നാമത്താൽ അടയാളങ്ങളും അത്ഭുതങ്ങളും ഉണ്ടാകുന്നതിനാലും നിന്റെ വചനം പൂർണ്ണധൈര്യത്തോടും കൂടെ പ്രസ്താവിപ്പാൻ നിന്റെ ദാസന്മാർക്കു കൃപ നല്കേണമേ. ഇങ്ങനെ പ്രാർത്ഥിച്ചപ്പോൾ അവർ കൂടിയിരുന്ന സ്ഥലം കുലുങ്ങി; എല്ലാവരും പരിശുദ്ധാത്മാവു നിറഞ്ഞവരായി ദൈവവചനം ധൈര്യത്തോടെ പ്രസ്താവിച്ചു.” ഇവിടെ നോക്കുക: പെന്തെക്കൊസ്തിൽ ആത്മാവിൽ നിറഞ്ഞ അപ്പൊസ്തലന്മാർ അന്യഭാഷയിലും സ്വന്തഭാഷയിലും സുവിശേഷമറിയിച്ചു; വീണ്ടും ആത്മനിറവുണ്ടായപ്പോൾ ദൈവവചനം ശക്തിയോടെ പ്രസംഗിക്കുന്നു. ഇതിൽനിന്നും ഒരുകാര്യം പകൽപോലെ വ്യക്തമാണ്, പെന്തെക്കൊസ്തിലെ ആത്മസ്നാനത്തോടൊപ്പം ഉണ്ടായ മൂന്ന് അടയാളങ്ങൾ (സ്വർഗ്ഗം തുറന്നത്, മുഴക്കം, അഗ്നിനാവ്) ആവർത്തിക്കാൻ പാടില്ലാത്ത ചരിത്രസംഭവമായിരുന്നു. (2:2,3). ആത്മനിറവിന് അടയാളമുണ്ടായിരുന്നു: അത് ദൈവവചനം ധൈര്യത്തോടെ പ്രസംഗിക്കലായിരുന്നു; ഒരു കൂട്ടർ അന്യഭാഷയിലും, പത്രൊസ് സ്വന്തഭാഷയിലും. അപ്പൊസ്തല പ്രവൃത്തികളിലെ മറ്റു വേദഭാഗങ്ങളും ഈ വസ്തുത ശരിവെക്കുന്നതാണ്. (4:8, 31, 6:8-7:53, 13:9-12). മാത്രമല്ല പത്രൊസ് ഒഴികെയുള്ള ശിഷ്യന്മാർ മാത്രമാണ് അന്യഭാഷകളിൽ സംസാരിച്ചതെന്നും തെളിയുന്നു. 

കുറിപ്പ്: രക്ഷയോടുള്ള ബന്ധത്തിൽ പരിശുദ്ധാത്മാവിൻ്റെ പ്രവൃത്തികളായ ആത്മസ്നാനം, ആത്മദാനം, ആത്മാധിവാസം, ആത്മാഭിഷേകം, ആത്മമുദ്ര, ആത്മാച്ചാരം തുടങ്ങിയവ വ്യത്യസ്ത വിഷയങ്ങളായി ബൈബിളിൽ നിന്നു പഠിക്കാൻ കഴിയുമെങ്കിലും, വ്യക്തിയിൽ ഇത് വെവ്വേറെ അനുഭവങ്ങളല്ല; ഏകകാലികമാണ്. അഥവാ, വീണ്ടുംജനനസമയത്ത് ഒരിക്കലായി സംഭവിക്കുന്നതാണ്. എന്നാൽ ആത്മനിറവാകട്ടെ; ആവർത്തന സ്വഭാവമുള്ളതാണ്. പെന്തെക്കൊസ്തിൽ ആത്മസ്നാനാന്തരം ആത്മാവിൽ നിറഞ്ഞ അപ്പൊസ്തലന്മാർ വീണ്ടുംവീണ്ടും ആത്മാവിൽ നിറയുന്നതായി കാണാം. (പ്രവൃ, 2:4; 4:8; 4:31). കൂടാതെ, ആത്മാവു നിറഞ്ഞ അനവധി സംഭവങ്ങൾ ദൈവവചനത്തിലുണ്ട്. (പ്രവൃ, 6:3, 5, 8; 7:55; 11:24; 13:9; 52). ആത്മാവിൽ നിറയുവാൻ കല്പനയുമുണ്ട്: “വീഞ്ഞുകുടിച്ചു മത്തരാകരുത്; അതു നിങ്ങളെ നശിപ്പിക്കും; ആത്മാവിലാണ് നിങ്ങള്‍ നിറയേണ്ടത്.” (എഫെ, 5:18, സ.വേ.പു.നൂ.പ). “ആത്മാവിനാല്‍ പൂരിതരാകുവിന്‍.” (പി.ഒ.സി). “ആത്മാവിനാല്‍ നിറയ്ക്കപ്പെടുക.” (ഇ.ആർ.വി). തന്മൂലം, ആത്മനിറവ് ഒരു ഒറ്റപ്പെട്ട സംഭവമല്ലെന്ന് മനസ്സിലാക്കാം. സുവിശേഷ ഘോഷണത്തിന് തടസ്സം നേരിടുമ്പോഴും (പ്രവൃ, 4:31), ശുശ്രൂഷയ്ക്ക് വിഘ്നം വരുമ്പോഴും (പ്രവൃ, 13:9), ജീവിതത്തിൽ പരിശോധനകളും പ്രതികൂലങ്ങളും വരുമ്പോഴും ആത്മനിറവ് അനിവാര്യമാണ്. വിശ്വാസ ജീവിതത്തിന്റെ വളർച്ചയ്ക്കും പക്വതയ്ക്കും വീണ്ടും വീണ്ടുംവീണ്ടും ആത്മാവിൽ നിറയേണ്ടത് ആവശ്യമാണ്. ആത്മനിറവിന് വ്യക്തിയുടെ ഭാഗത്തുനിന്ന് സമ്പൂർണ്ണ സമർപ്പണവും പ്രാർത്ഥനയും സ്ഥിരീകരണവും വചനധ്യാനവും അനിവാര്യമാണ്. വിജയകരമായ ക്രിസ്തീയ ജീവിതത്തിന് ആത്മനിറവ് ഒരിക്കലും ഒഴിച്ചുകൂടാനാവാത്ത വസ്തുതയാണ്. ഇതിനാണ് വിശ്വാസി വാഞ്ഛിക്കേണ്ടതും വില മുടക്കേണ്ടതും. എന്നാൽ നിർഭാഗ്യകരമെന്നു പറയട്ടെ; വിശ്വാസികളിൽ ചിലർ:  ആത്മസ്നാനം, ആത്മാഭിഷേകം തുടങ്ങിയ ദൈവത്തിൻ്റെ കൃപയാലുള്ള ദാനത്തെ അഥവാ, ഒരിക്കൽ സിദ്ധമായതൊക്കെയും പ്രവൃത്തികളാൽ (കാത്തിരുപ്പ്, പ്രാർത്ഥന, ഉപവാസം) വീണ്ടും പ്രാപിക്കണമെന്ന് പഠിപ്പിക്കുന്നു; അഥവാ, സ്വപ്രയഗ്നത്താൽ ആർജ്ജിച്ചെടുക്കണമെന്ന് വിചാരിക്കുന്നു. മറ്റു ചിലർ ഇത് ദൈവദാനമാണെന്നും, സിദ്ധമായതാണെന്നും അറിയുന്നുവെങ്കിലും; പരിശുദ്ധാത്മാവിലും ദൈവവചനത്തിലും ആശ്രയിച്ചു കൊണ്ട് വിശ്വാസി ആർജ്ജിച്ചെടുക്കേണ്ട ആത്മനിറവിനെക്കുറിച്ച് മിണ്ടുന്നില്ല. ഒന്നാമത്തെ കൂട്ടർ; ശമര്യയിലെ ശിമോനെപ്പോലെ ദൈവത്തിൻ്റെ ദാനത്തെ വിലകൊടുത്ത് വീണ്ടും പ്രാപിക്കണമെന്നു പഠിപ്പിക്കവഴി, ദൈവത്തെ വെല്ലുവിളിക്കയാണ്. രണ്ടാമത്തെ കൂട്ടർ; ആത്മനിറവിനെക്കുറിച്ച് പഠിപ്പിക്കായ്കവഴി പരിശുദ്ധാത്മശക്തി തള്ളുന്നു. ഫലത്തിൽ രണ്ടും വിശ്വാസികൾക്ക് ദോഷമായി ഭവിക്കുന്നു. ആത്മനിറവ് കൂടാതെ ഫലപ്രദമായാരു ക്രിസ്തീയശുശ്രൂഷയും വിശുദ്ധജീവിതവും നയിക്കാൻ ആർക്കും കഴിയില്ല. ദൈവവചനവുമായി ഒത്തുനോക്കി ബോധ്യപ്പെട്ടാൽ മാത്രം വിശ്വസിക്കുക; ദൈവം അനുഗ്രഹിക്കട്ടെ!

പൂർണ്ണമായത് എന്താണ്?

പൂർണ്ണമായത് എന്താണ്?

“സ്നേഹം ഒരുനാളും ഉതിർന്നുപോകയില്ല. പ്രവചനവരമോ, അതു നീങ്ങിപ്പോകും; ഭാഷാവരമോ, അതു നിന്നുപോകും; ജ്ഞാനമോ, അതു നീങ്ങിപ്പോകും. അംശമായി മാത്രം നാം അറിയുന്നു; അംശമായി മാത്രം പ്രവചിക്കുന്നു; പൂർണ്ണമായതു വരുമ്പോഴോ അംശമായതു നീങ്ങിപ്പോകും. ഞാൻ ശിശുവായിരുന്നപ്പോൾ ശിശുവിനെപ്പോലെ സംസാരിച്ചു, ശിശുവിനെപ്പോലെ ചിന്തിച്ചു, ശിശുവിനെപ്പോലെ നിരൂപിച്ചു; പുരുഷനായ ശേഷമോ ഞാൻ ശിശുവിന്നുള്ളതു ത്യജിച്ചുകളഞ്ഞു. ഇപ്പോൾ നാം കണ്ണാടിയിൽ കടമൊഴിയായി കാണുന്നു; അപ്പോൾ മുഖാമുഖമായി കാണും; ഇപ്പോൾ ഞാൻ അംശമായി അറിയുന്നു; അപ്പോഴോ ഞാൻ അറിയപ്പെട്ടതുപോലെ തന്നേ അറിയും, ആകയാൽ വിശ്വാസം, പ്രത്യാശ, സ്നേഹം ഈ മൂന്നും നിലനില്ക്കുന്നു; ഇവയിൽ വലിയതോ സ്നേഹം തന്നേ.” (1കൊരി, 13:8-13).

എന്താണ് പൂർണ്ണമായത്  എന്നതിനെച്ചൊല്ലി മൂന്ന് വാദങ്ങൾ ഞാൻ കേട്ടിട്ടുണ്ട്: 

1. സ്നേഹം: സ്നേഹത്തിന്റെ പൂർണ്ണതയാണ് ഇനിയും വരുവാനുള്ളത്. 

2. കർത്താവ്: കർത്താവിന്റെ രണ്ടാമത്തെ വരമാണ് പൂർണ്ണമായത്. 

3. ദൈവവചനം: വെളിപ്പാടുകളുടെ പൂർണ്ണതയായ ദൈവവചനം. ഇവ ഓരോന്നും വേദപുസ്തക വെളിച്ചത്തിൽ പരിശോധിച്ചാൽ അപ്പൊസ്തലൻ പറയുന്ന പൂർണ്ണമായത് ഏതാണെന്ന് നിസംശയം ഗ്രഹിക്കുവാൻ സാധിക്കും.

സ്നേഹം

1. സ്നേഹത്തിന്റെ പൂർണ്ണത ക്രൂശിൽ നിറവേറിക്കഴിഞ്ഞതാണ്. “തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന് ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു.” (യോഹ, 3:16). “സ്നേഹിതന്മാർക്ക് വേണ്ടി ജീവനെ കൊടുക്കുന്നതിലും അധികമുള്ള സ്നേഹം ആർക്കും ഇല്ല.” (യോഹ, 16:13). “തന്റെ ഏകജാതനായ പുത്രനെ നാം അവനാൽ ജീവിക്കേണ്ടതിനു ലോകത്തിലേക്കു അയച്ചു എന്നുള്ളതിനാൽ ദൈവത്തിനു നമ്മോടുള്ള സ്നേഹം പ്രത്യക്ഷമായി.” (1യോഹ, 4:9). “നാം ദൈവത്തെ സ്നേഹിച്ചതല്ല, അവൻ നമ്മെ സ്നേഹിച്ചു തന്റെ പുത്രനെ നമ്മുടെ പാപങ്ങൾക്കു പ്രയശ്ചിത്തം ആകുവാൻ അയച്ചതു തന്നെ സാക്ഷാൽ സ്നേഹം ആകുന്നു.” (1യോഹ, 4:10). “ദൈവസ്നേഹം നമ്മിൽ തികഞ്ഞുമിരിക്കുന്നു.” (1യോഹ, 4:12). “സ്വന്തപുത്രനെ ആദരിക്കാതെ നമുക്കു എല്ലാവർക്കും വേണ്ടി ഏല്പിച്ചുതന്നവൻ അവനോടുകൂടെ സകലവും നമുക്കു നല്കാതിരിക്കുമോ?” (റോമ, 8:32). ക്രിസ്തുവിൻ്റെ ക്രൂശുമരണം സ്നേഹത്തിൻ്റെ പൂർണ്ണതയല്ലെങ്കിൽ ഇനിയൊരു പൂർണ്ണത ദൈവത്തിൻ്റെ പക്കൽപ്പോലുമില്ല; അതിനായിട്ട് ആരുമിനി മഞ്ഞുകൊള്ളേണ്ട. (എഫെ, 1:3).

കർത്താവ്

1. 8-ാം വാക്യം, ജ്ഞാനമോ അത് നീങ്ങിപ്പോകും: പൂർണ്ണമായത് കർത്താവിന്റെ വരവാണെങ്കിൽ അന്ന് ജ്ഞാനം നീങ്ങിപ്പോകുമെന്ന് പറഞ്ഞാൽ, ദൈവവചനം തന്നിൽത്തന്നെ ഛിദ്രിച്ചുപോയെന്ന് പറയേണ്ടിവരും. പുനരുത്ഥാനം ഇല്ല എന്നു വിശ്വസിക്കുന്ന സദുക്യരുടെ ചോദ്യത്തിന് മറുപടിയായി യേശു പറയുന്നു; “ആ ലോകത്തിനും മരിച്ചവരിൽ നിന്നുള്ള പുനരുത്ഥാനത്തിനും യോഗ്യരായവർ വിവാഹം കഴിക്കുകയുമില്ല; വിവാഹത്തിനു കൊടുക്കപ്പെടുകയുമില്ല; അവർക്കു ഇനി മരിക്കുവാനും കഴിയുകയില്ല. അവർ പുനരുത്ഥാന പുത്രന്മാരാകയാൽ ദൈവദൂതതുല്യരും ദൈവപുത്രന്മാരും ആകുന്നു.” (ലൂക്കൊ, 20:35,36). ദൈവദൂതനായിരുന്ന ലുസിഫറിനെ സൃഷ്ടിച്ച നാളിൽ അവൻ എങ്ങനെയായിരുന്നു എന്ന് ദൈവവചനത്തിൽ രേഖപ്പെടുത്തിയിരിക്കുന്നതും നോക്കുക; “നീ മാതൃകാ മുദ്രയാകുന്നു; നീ ജ്ഞാനസമ്പൂർണ്ണനും സൗന്ദര്യസമ്പൂർണ്ണനും തന്നേ.” (യെഹെ, 28:12). “നിന്റെ സൗന്ദര്യം നിമിത്തം നിന്റെ ഹൃദയം ഗർവ്വിച്ചു; നിന്റെ പ്രഭനിമിത്തം നീ നിന്റെ ജ്ഞാനത്തെ വഷളാക്കി.” (യെഹെ, 28:17). ഇതിൽനിന്ന് കർത്താവിന്റെ വരവിൽ ദൈവദൂതതുല്യരും ദൈവപുത്രന്മാരുമാകുന്ന വിശ്വാസികളുടെ ജ്ഞാനം നീങ്ങിപ്പോകുകയല്ല; പ്രത്യുത ജ്ഞാനസമ്പൂർണ്ണരാകുകയാണ് (ഏദെൻ അനുഭവം) ചെയ്യുന്നത്. 

കർത്താവിന്റെ വരവാണ് പൂർണ്ണമായതെന്നു വ്യർത്ഥമായി സ്ഥാപിക്കുവാൻ ശ്രമിക്കുന്നവർ ഇന്ന് ഏറെയാണ്. അവർ പറയുന്നത്; ദൈവവചനമാണ് പൂർണ്ണമായതെങ്കിൽ, പൂർണ്ണമായ വചനം വെളിപ്പെട്ടപ്പോൾ ജ്ഞാനം നിന്നുപോകേണ്ടതല്ലേ? പ്രത്യുത, ഇന്ന് ജ്ഞാനം വർദ്ധിക്കുകയാണ് ചെയ്തിരിക്കുന്നത്. ഇതിന്റെ ഉത്തരം ലളിതമാണ്. അന്ത്യകാലത്ത് വർദ്ധിച്ചിരിക്കുന്ന ജ്ഞാനം കൃപാവരമായ ജ്ഞാനമാണോ? ‘ഭൂമിയെ ദൈവം മനുഷ്യർക്കു കൊടുത്തിരിക്കുന്നു’ (സങ്കീ, 115:16) എന്നു ബൈബിൾ പറയുമ്പോൾ; ചന്ദ്രനിലും, ചൊവ്വയിലും, സൂര്യനിലുംവരെ മനുഷ്യൻ കടന്നുകയറാൻ നോക്കുന്നത് ദൈവീക ജ്ഞാനത്താലാണോ? തമ്മിൽത്തമ്മിൽ സ്നേഹിക്കാൻ ബൈബിൾ പറയുമ്പോൾ; മനുഷ്യൻ മനുഷ്യനെ കൊല്ലുന്നതും, രാജ്യം രാജ്യങ്ങളെ നശിപ്പിക്കാൻ ആയുധങ്ങൾ സ്വരുക്കൂട്ടുന്നതും കൃപാവരമായ ജ്ഞാനമോ? ദൈവം ദോഷങ്ങളാൽ ആരെയും പരീക്ഷിക്കുകയില്ലെന്നു പറയുമ്പോൾ; ചൈന കൊറോണ വൈറസിനെ പടച്ചുവിട്ട് ലോകത്തെ തകർക്കാൻ ശ്രമിക്കുന്നത് ദൈവജ്ഞാനത്താലോ? ഇന്ന് വർദ്ധിച്ചിരിക്കുന്ന ജ്ഞാനം മാനുഷീക ജ്ഞാനമാണ്. അതും ദൈവവചനത്തിന്റെ നിവൃത്തിയാണ്; അന്ത്യകാലത്ത് ജ്ഞാനം വർദ്ധിക്കുമെന്ന് വചനത്തിൽ പറഞ്ഞിട്ടുണ്ട്. (ദാനി, 12:4). എന്നാൽ അപ്പൊസ്തലൻ നീങ്ങിപ്പോകുമെന്ന് പറഞ്ഞിരിക്കുന്നത് കൃപാവരമായ ജ്ഞാനമാണ്. ഈ ജ്ഞാനത്താൽ മറ്റുള്ളവരുടെ ഹൃദയരഹസ്യം വരെ കണ്ടെത്തുവാൻ കഴിയുമായിരുന്നു. (പ്രവൃ, 5:3,4, 9). ഈ ജ്ഞാനം പൂർണ്ണമായ ദൈവവചനം വെളിപ്പെട്ടപ്പോൾ നീങ്ങിപ്പോയി. ഇനിയും കർത്താവിന്റെ വരവിൽ മാത്രമേ എല്ലാവരും ജ്ഞാനസമ്പൂർണ്ണരാകുകയുള്ളൂ. ദൈവികമായ ജ്ഞാനം ആർക്കുമില്ലെന്നല്ല പറഞ്ഞതിനർത്ഥം: കൃപാവരമായ ജ്ഞാനം മറ്റുള്ളവരുടെ ഹൃദയരഹസ്യംപോലും കണ്ടെത്താൻ (ദൈവത്തിന്നു മാത്രം കഴിയുന്ന) കഴിയുന്നതാണ്. വരമായ ആ ജ്ഞാനമില്ല; ദൈവമക്കളെന്ന നിലയിലുള്ള ജ്ഞാനം വീണ്ടുംജനിച്ച എല്ലാവർക്കുമുണ്ട്.

2. 9-ാം വാക്യം, അംശമായി മാത്രം നാം അറിയുന്നു; അംശമായി മാത്രം പ്രവചിക്കുന്നു: ഇവിടെ കർത്താവിന്റെ രണ്ടാമത്തെ വരവിനെയാണ് പൂർണ്ണമായത് എന്നു പറയുന്നതെങ്കിൽ, അതുവരെയും ദൈവമക്കളുടെ അറിവ് അംശം (അപൂർണ്ണം) ആയിരിക്കും എന്നുകൂടി പറയേണ്ടി വരും. അപ്പൊസ്തലന്റെ പ്രാർത്ഥന ശ്രദ്ധിക്കുക; “നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും മഹത്വവുമുള്ള പിതാവുമായവൻ നിങ്ങൾക്കു തന്നെക്കുറിച്ചുള്ള പരിജ്ഞാനത്തിൽ ജ്ഞാനത്തിന്റെയും വെളിപ്പാടിന്റെയും ആത്മാവിനെ തരേണ്ടതിനും , നിങ്ങളുടെ ഹൃദയദൃഷ്ടി പ്രകാശിച്ചിട്ടു അവന്റെ വിളിയായുള്ള ആശ ഇന്നതെന്നും, വിശുദ്ധന്മാരിൽ അവന്റെ അവകാശത്തിന്റെ മഹിമാധനം ഇന്നതെന്നും, അവന്റെ ബലത്തിൽ വല്ലഭത്വത്തിന്റെ വ്യാപാരത്താൽ വിശ്വസിക്കുന്ന നമുക്കുവേണ്ടി വ്യാപരിക്കുന്ന അവന്റെ ശക്തിയുടെ അളവറ്റ വലിപ്പം ഇന്നതെന്നും നിങ്ങൾ അറിയേണ്ടതിനും പ്രാർത്ഥിക്കുന്നു.” (എഫെ, 1:17-19 ). “പരിജ്ഞാനത്തെ കവിയുന്ന ക്രിസ്തുവിന്റെ സ്നേഹത്തെ അറിയുവാനും പ്രാപ്തരാക്കുകയും ദൈവത്തിന്റെ എല്ലാ നിറവിനോളം നിറഞ്ഞുവരുകയും വേണം എന്നും പ്രാർത്ഥിക്കുന്നു.” (എഫെ, 3:19). കർത്താവിൻ്റെ വരവുവരെ ദൈവമക്കൾക്ക് അംശമായ അറിവാണ് ഉണ്ടാകുന്നതെങ്കിൽ അപ്പൊസ്തലൻ്റെ പ്രാർത്ഥനയുടെ അർത്ഥമെന്താണ്? അപ്പൊസ്തലൻ തിമൊഥയൊസിനോടു പറയുന്നു: “സത്യത്തിന്റെ തൂണും അടിസ്ഥാനവുമായി ജീവനുള്ള ദൈവത്തിന്റെ സഭയാകുന്ന ദൈവാലയത്തിൽ നടക്കേണ്ടത് എങ്ങനെയെന്നു നീ അറിയേണ്ടതിന് ഇത് എഴുതുന്നു.” (1തിമൊ, 3:15). “നീയോ ഇന്നവരോടു പഠിച്ചു എന്ന് ഓർക്കുകയും ക്രിസ്തുയേശുവിലുള്ള വിശ്വാസത്താൽ നിന്നെ രക്ഷയ്ക്കു ജ്ഞാനിയാക്കുവാനും മതിയായ തിരുവെഴുത്തുകളെ ബാല്യം മുതൽ അറിയുകയും ചെയ്യുന്നതുകൊണ്ട് നീ പഠിച്ചും നിശ്ചയം പ്രാപിച്ചും ഇരിക്കുന്നതിൽ നിലനിൽക്കുക.” (2തിമൊ, 3:14,15). വിശ്വാസികളെ ജ്ഞാനിയാക്കുന്നത് തിരുവെഴുത്താണെന്നാണ് ഇവിടെ പറയുന്നത്. “ക്രിസ്തു വിശ്വാസത്താൽ നിങ്ങളുടെ ഹൃദയങ്ങളിൽ വസിക്കേണ്ടതിനും, വരം നല്കണം എന്നും, നിങ്ങൾ സ്നേഹത്തിൽ വേരൂന്നി അടിസ്ഥാനപ്പെട്ടവരായി വീതിയും നീളവും ഉയരവും ആഴവും എന്ത് എന്ന് സകല വിശുദ്ധന്മാരോടുകൂടെ ഗ്രഹിക്കണം.” (എഫെ, 3:17,18). ആകയാൽ സൂക്ഷ്മതയോടെ അജ്ഞാനികളായിട്ടല്ല ജ്ഞാനികളായിട്ട് നടക്കുവാൻ നോക്കുവിൻ.” (എഫെ, 5:15). “അറിവില്ലാത്തവരും അസ്ഥിരന്മാരുമായവർ ശേഷം തിരുവെഴുത്തുകളെപ്പോലെ അതും തങ്ങളുടെ നാശത്തിനായി കോട്ടിക്കളയുന്നു.” (2പത്രൊ, 3:16). “ക്രിസ്തു എന്ന തലയോളം സകലത്തിലും വളരുവാൻ ഇടയാകും.” (എഫെ, 4:15). ഇതിൽനിന്ന് ദൈവമക്കൾക്ക് അംശമായുള്ള അറിവല്ല; പൂർണ്ണമായ അറിവ് വേണമെന്നാണ് ദൈവവചനം പഠിപ്പിക്കുന്നത്.

3. 10-ാം വാക്യം, പൂർണ്ണമായതു വരുമ്പോഴോ അംശമായതു നീങ്ങിപ്പോകും: “അംശമായി മാത്രം അറിയുന്നു ; അംശമായി മാത്രം പ്രവചിക്കുന്നു ; പൂർണ്ണമായതു വരുമ്പോഴോ അംശമായതു നീങ്ങിപ്പോകും.” (വാ: 9,10). ഇവിടെ പറയുന്നത്; ഇപ്പോൾ നമ്മുടെ അറിവും പൂർണ്ണമല്ല, പ്രവചനവും പൂർണ്ണമല്ല. ഈ അപൂർണ്ണതയുടെ പൂർണ്ണതയാണ് ഇനിയും വരുവാനുള്ളത്. അല്ലെങ്കിൽ അറിവിന്റെ പൂർണ്ണതയും പ്രവചനത്തിന്റെ പൂർണ്ണതയുമാണ് (വെളി, 22:18,19) വരുവാനുള്ളത്. തന്മൂലം നമുക്ക് ഇപ്പോൾ ഉള്ള അംശമായ (അപൂർണ്ണമായ) അറിവും, അംശമായ പ്രവചനവും നീങ്ങിപ്പോകും. പി.ഒ.സിയിൽ ‘പൂർണ്ണമായവ’ എന്നാണ്. ഇത് കർത്താവിൻ്റെ പ്രത്യക്ഷതയെ കുറിക്കുന്ന പദമാണോ???… ഇവിടെ കർത്താവിന്റെ രണ്ടാമത്തെ വരവിനെയാണ് പൂർണ്ണമായത് എന്ന് സ്ഥാപിക്കുവാൻ ശ്രമിച്ചാൽ, കർത്താവിന്റെ ഒന്നാമത്തെ വരവ് അപൂർണ്ണമായിരുന്നു എന്നു സമ്മതിക്കേണ്ടി വരുും. അത് ക്രിസ്തീയ വിശ്വാസത്തിന്റെ അടിത്തറ ഇളക്കുന്ന ദുരുപദേശമായി മാറും. തന്മൂലം ഈ വസ്തുത വ്യക്തമായി ഗ്രഹിക്കുവാൻ മറ്റു പരിഭാഷകളിൽ നിന്നുള്ള വാക്യങ്ങൾ ചുവടെ ചേർക്കുന്നു:

“എന്തെന്നാല്‍ നമ്മുടെ ജ്ഞാനം അപൂര്‍ണമാണ്; നമ്മുടെ പ്രവചനവും അപൂര്‍ണമാണ്. എന്നാല്‍ പൂര്‍ണമായതു വരുമ്പോള്‍ അപൂര്‍ണമായത് അപ്രത്യക്ഷമാകും.” (1 കൊരി, 13:9-10: സ.വേ.പു.നൂ.പ)

“ഭാഗീകമായി മാത്രം നാം അറിയുന്നു; ഭാഗീകമായി മാത്രം പ്രവചിക്കുന്നു; പൂർണ്ണമായതു വരുമ്പോഴോ ഭാഗീകമായതു നീങ്ങിപ്പോകും.” (വി.സ.പു)

“കാരണം നമ്മുടെ അറിവും പൂർണ്ണമല്ല, നമ്മുടെ പ്രവചനവും പൂർണ്ണമല്ല. പൂർണ്ണമായതു വരുമ്പോൾ അപുർണ്ണമായത് ഇല്ലാതാകും.” (1കൊരി, 13:9,10, മ.ബൈ)

“നമ്മുടെ അറിവും പ്രവചനവും അപൂർണ്ണമാണ്. പൂർണ്ണമായവ ഉദിക്കുമ്പോൾ അപൂർണ്ണമായവ അസ്തമിക്കുന്നു.” (പി.ഒ.സി) 

മേലുദ്ധരിച്ച വാക്യങ്ങളിൽ നിന്ന് ഒരു കാര്യം വ്യക്തമാണ്. എന്താണ് അംശമായിരുന്നത്, അല്ലെങ്കിൽ അപൂർണ്ണമായിരുന്നത്, അതുമല്ലെങ്കിൽ എന്താണ് ഭാഗീകമായിരുന്നത് അതിന്റെ പൂർണ്ണതയാണ് വെളിപ്പെടുവാനുള്ളത്. അത് ഒരിക്കലും യേശുക്രിസ്തു അല്ല. കാരണം, എബ്രായലേഖകൻ പറയുന്നു: “യേശുക്രിസ്തു ഇന്നലെയും ഇന്നും എന്നെന്നേക്കും അനന്യൻ (ഒരേ ആൾ) തന്നേ.” (എബ്രാ, 13:8). അവൻ മാറ്റമില്ലാത്ത കർത്താവാകുന്നു.

4. 10-ാം വാക്യത്തിൽ ‘പൂർണ്ണമായതു’ എന്നാണ് എഴുതിയിരിക്കുന്നത്; പി.ഒ.സിയിൽ ‘പൂർണ്ണമായവ’ എന്നും: ഇത് നപുംസകലിംഗമാണ്. World Bible Translation Center (ERV)-യിൽനിന്ന് ആ വാക്യം ചേർക്കുന്നു. “പക്ഷേ എപ്പോള്‍ പൂര്‍ണ്ണത കൈവരുന്നുവോ അപ്പോള്‍ അപൂര്‍ണ്ണമായവ അവസാനിക്കും.” കർത്താവിൻ്റെ വരവിനെപ്പറ്റിയല്ലല്ലോ പൗലൊസ് അവിടെ പറയുന്നത്. മാത്രമല്ല, കർത്താവിന്റെ വരവിനെക്കുറിക്കുന്ന വേദഭാഗങ്ങളൊന്നും അത്, അവ എന്നിങ്ങനെ നപുംസകലിംഗത്തിലല്ല എഴുതിയിരിക്കുന്നത്. ചുവടെ ചേർക്കുന്നു: 

1. പിതാവിൻ്റെ മഹത്വത്തിൽ ദൂതന്മാരുമായി വരും (മത്താ, 16:27; മർക്കൊ, 8:38)
2. മനുഷ്യപുത്രൻ തൻ്റെ തേജസ്സിൽ ദൂതന്മാരുമായി വരും (മത്താ, 25:31)
3. മനുഷ്യപുത്രന്റെ വരവ് (മത്താ, 24:3,27,37,39,44)
4. മനുഷ്യപുത്രൻ ആകാശമേഘങ്ങളെ വാഹനമാക്കി വരും (മത്താ, 26:64; മർക്കൊ, 13:26; 14:62; ലൂക്കൊ, 21:27)
5. മനുഷ്യപുത്രൻ തന്റെയും പിതാവിന്റെയും വിശുദ്ധദൂതന്മാരുടെയും മഹത്വത്തിൽ വരുമ്പോൾ (ലൂക്കൊ, 9:36)
6. മനുഷ്യപുത്രൻ വെളിപ്പെടുന്ന നാളിൽ (ലൂക്കൊ, 17:30)
7. പിന്നെയും വന്ന് നിങ്ങളെ ചേർക്കും( യോഹ, 14:3)
8. അവൻ വീണ്ടും വരും: (പ്രവൃ, 1:11)
9. കർത്താവായ യേശുക്രിസ്തുവിന്റെ പ്രത്യക്ഷത (1കൊരി, 1:7; 1തെസ്സ, 5:23; 2തെസ്സ, 2:1)
10. കർത്താവായ യേശുക്രിസ്തുവിന്റെ നാൾ (1കൊരി, 1:8, 5:5, 2കൊരി, 1:14, ഫിലി, 1:4, 10, 2:16, 1തെസ്സ, 5:2, 2തെസ്സ, 2:2)
11. കർത്താവ് വരുവോളം (1കൊരി, 11:26)
12. അവന്റെ വരവ് (1കൊരി, 15:23)
13. ജീവനായ ക്രിസ്തു വെളിപ്പെടുമ്പോൾ (കൊലൊ, 3:4)
14. അവന്റെ പ്രത്യക്ഷത (1തെസ്സ, 2:19, 2തിമൊ, 4:1,8, 2പത്രൊ 3:3, 1യോഹ, 2:28)
15. സകല വിശുദ്ധന്മാരുമായി വരുന്ന പ്രത്യക്ഷത (1തെസ്സ, 3:13)
16. കർത്താവിന്റെ പ്രത്യക്ഷത (1തെസ്സ, 4:15, യാക്കോ, 5:7,8)
17. കർത്താവ് സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവരുകയും (1തെസ്സ, 4:16)
18. സ്വർഗ്ഗത്തിൽനിന്നു അഗ്നിജ്വാലയിൽ പ്രത്യക്ഷനായി (2തെസ്സ, 1:6)
18. കർത്താവിൻ്റെ നാൾ അടുത്തിരിക്കുന്നു (2തെസ്സ, 2:2)
20. തന്റെ പ്രത്യക്ഷത (2തെസ്സ, 2:8)
15. കർത്താവായ യേശുവിന്റെ പ്രത്യക്ഷത (1തിമൊ, 6:13)
21. യേശുക്രിസ്തുവിന്റെ തേജസ്സിന്റെ പ്രത്യക്ഷത (തീത്തൊ, 2:12)
22. രണ്ടാമത് പ്രത്യക്ഷനാകും (എബ്രാ, 9:28)
18. വരുവാനുള്ളവൻ വരും താമസിക്കുകയില്ല (എബ്രാ, 10:37)
23. യേശുക്രിസ്തുവിന്റെ പ്രത്യക്ഷത (1പത്രൊ, 1:7, 13)
24. അവന്റെ തേജസ്സിന്റെ പ്രത്യക്ഷത (1പത്രൊ, 4:13)
21. ഇടയശ്രേഷ്ഠൻ പ്രത്യക്ഷനാകുമ്പോൾ (1പത്രൊ, 5:4)
25. കർത്താവായ യേശുക്രിസ്തുവിന്റെ ശക്തിയും പ്രത്യക്ഷതയും (2പത്രൊ, 1:16)
26. കർത്താവ് തന്റെ വാഗ്ദത്തം നിവർത്തിപ്പാൻ താമസിക്കുന്നില്ല (2പത്രൊ, 3:9)
27. കർത്താവിന്റെ ദിവസം കള്ളനെപ്പോലെ വരും (2പത്രൊ, 3:10)
28. ദൈവദിവസത്തിന്റെ വരവ് (2പത്രാ, 3:11)
26. അവൻ പ്രത്യക്ഷനാകുമ്പോൾ (1യോഹ, 3:2)
29. ആയിരമായിരം വിശീദ്ധന്മാരോടുകൂടി വന്നിരിക്കുന്നു (യൂദാ, 1:14). മേലുദ്ധരിച്ചതിൽനിന്ന് പൂർണ്ണമായത് കർത്താവിന്റെ വരവിനെ സൂചിപ്പിക്കുന്ന പദമല്ലെന്ന് നിസംശയം മനസ്സിലാക്കാം. തന്നെയുമല്ല, പണ്ഡിതശ്രേഷ്ടനായ പൗലൊസ് കർത്താവിന്റെ മഹത്വപൂർണ്ണമായ പ്രത്യക്ഷതയെ നപുംസകലിംഗത്തിൽ കേവലം അവ്യക്തമായി എഴുതിയെന്നു പറഞ്ഞാൽ അത് അദ്ദേഹത്തെ അവഹേളിക്കുന്നതിന് തുല്യമാണ്. 

5. 11-ാം വാക്യം, കർത്താവിന്റ വരവുവരെ സഭ ശൈശവപ്രായത്തിൽ തുടരും: “ഞാൻ ശിശുവായിരുന്നപ്പോൾ ശിശുവിനെപ്പോലെ സംസാരിച്ചു , ശിശുവിനെപ്പോലെ ചിന്തിച്ചു, ശിശുവിനെപ്പോലെ നിരൂപിച്ചു.” പൂർണ്ണമായത് കർത്താവിന്റെ വരവാണെങ്കിൽ, 11-ാം വാക്യപ്രകാരം കർത്താവിന്റെ വരവുവരെ സഭ ശൈശവ്രപ്രായത്തിൽ തുടരേണ്ടിവരും. അങ്ങനെ വന്നാൽ അത് വേദവിപരീതവും, സഭകളുടെ ആത്മീയാധഃപതനത്തിനു കാരണവും ആയിത്തീരും. കൊരിന്ത്യരുടെ ആത്മീയ ശൈശവത്തെ അപ്പൊസ്തലൻ ശാസിക്കുന്നതായി കാണാം. “എന്നാൽ സഹോദരന്മാരെ, നിങ്ങളോട് എനിക്ക് ആത്മീകന്മാരോട് എന്നപോലെയല്ല, ജഡികന്മാരോട് എന്നപോലെ ക്രിസ്തുവിൽ ശിശുക്കളായവരോട് എന്നപോലെ അത് സംസാരിക്കുവാൻ കഴിഞ്ഞുള്ളൂ. ഭക്ഷണമല്ല, പാൽ അത്രേ ഞാൻ നിങ്ങൾക്കു തന്നത്, ഭക്ഷിക്കുവാൻ നിങ്ങൾക്കു കഴിവില്ലായിരുന്നു; ഇപ്പോഴും കഴിവായിട്ടില്ല; ഇന്നും നിങ്ങൾ ജഡികന്മാരല്ലോ; നിങ്ങളുടെ ഇടയിൽ ഈഷ്യയും പിണക്കവും ഇരിക്കെ നിങ്ങൾ ജഡികമാരും ശേഷം മനുഷ്യരെപ്പോലെ നടക്കുന്നവരുമല്ലയോ.” (1കൊരി, 3:1-3). “സഹോദരന്മാരെ, ബുദ്ധിയിൽ കുഞ്ഞുങ്ങൾ ആകരുത്; തിന്മയ്ക്ക് ശിശുക്കൾ ആയിരിക്കുവിൻ; ബുദ്ധിയിലോ മുതിർന്നവരാകുവിൻ.” (1കൊരി, 14:20 ). “അതു നാം എല്ലാവരും വിശ്വാസത്തിലും ദൈവപുത്രനെക്കുറിച്ചുള്ള പരിജ്ഞാനത്തിലുമുള്ള ഐക്യതയും തികഞ്ഞ പുരുഷത്വവും ക്രിസ്തവിന്റെ സമ്പൂർണ്ണതയായ പ്രായത്തിന്റെ അളവും പ്രാപിക്കുവോളം വിശുദ്ധന്മാരുടെ യഥാസ്ഥാനത്തിനായുള്ള ശുശ്രൂഷയുടെ വേലയ്ക്കും, ക്രിസ്തുവിന്റെ ശരീരത്തിന്റെ ആത്മീക വർദ്ധനയ്ക്കും ആകുന്നു.” (എഫെ, 4:12,13). “അങ്ങനെ നാം ഇനി മനുഷ്യരുടെ ചതിയാലും ഉപായത്താലും തെറ്റിച്ചുകളയുന്ന തന്ത്രങ്ങളിൽ കുടുങ്ങിപ്പോകുവാൻ തക്കവണ്ണം ഉപദേശത്തിന്റെ ഓരോ കാറ്റിനാൽ അലഞ്ഞുഴലുന്ന ശിശുക്കൾ ആയിരിക്കാതെ സ്നേഹത്തിൽ സത്യം സംസാരിച്ചുകൊണ്ട് ക്രിസ്തു എന്ന തലയോളം സകലത്തിലും വളരുവാൻ ഇടയാകും.” (എഫെ, 4:14,15). “പാൽ കുടിക്കുന്നവൻ എല്ലാം നീതിയുടെ വചനത്തിൽ പരിചയമില്ലാത്തവനത്രേ, അവൻ ശിശുവല്ലോ. കട്ടിയായുള്ള ആഹാരം നന്മതിന്മകളെ തിരിച്ചറിയുവാൻ തഴക്കത്താൽ അഭ്യസിച്ച ഇന്ദ്രിയങ്ങളുള്ളവരായി പ്രായം തികഞ്ഞവർക്കേ പറ്റുകയുള്ളു.” (എബ്രാ, 5:13,14). ശിശുക്കളായിരിക്കുവാനല്ല; പ്രത്യുത പരിജ്ഞാനപൂർത്തി പ്രാപിക്കുവാനാണ് ദൈവവചനം നമ്മോട് ആവശ്യപ്പെടുന്നത്. മനുഷ്യരെ സംബന്ധിച്ച് ആത്മീയമായി വളരുവാൻ ഒരു പരിധിയും വെച്ചിട്ടില്ലെന്ന് മുകളിൽ എഴുതിയ വാക്യങ്ങളിൽനിന്ന് മനസ്സിലാക്കാം. അതുകൊണ്ടുതന്നെ ഇവിടെ പറഞ്ഞിരിക്കുന്ന ‘പൂർണ്ണമായതു’ കർത്താവിന്റെ വരവല്ലെന്നും പൂർണ്ണമായ ദൈവവചനം വെളിപ്പെടുമ്പോൾ; വചനമെന്ന കട്ടിയാഹാരം ഭക്ഷിച്ച് പുരുഷനായ ശേഷം ശിശുവിനുള്ളത് ത്യജിച്ചു കളയുമെന്നുമാണ് അപ്പൊസ്തലൻ പറഞ്ഞിരിക്കുന്നതെന്ന് യാതൊരു ഉപാധികളും കൂടാതെ ഗ്രഹിക്കാവുന്നതാണ്. 

6. 12-ാം വാക്യം, ഇപ്പോൾ നാം കണ്ണാടിയിൽ കടമൊഴിയായി (അവ്യക്തം) കാണുന്നു; അപ്പോൾ മുഖാമുഖമായി കാണും: അപ്പോൾ മുഖാമുഖം കാണും എന്നു പറഞ്ഞിരിക്കുന്നതുകൊണ് കർത്താവിനെ മുഖാമുഖം കാണും എന്നാണ് പലരും ധരിച്ചിരിക്കുന്നത്. അത് വാക്യം ശരിയായിട്ട് മനസ്സിലാകാഞ്ഞിട്ടാണ്. ഇപ്പോൾ കണ്ണാടിയിൽ കടമൊഴിയായി അഥവാ അവ്യക്തമായി കാണുന്നു. അവ്യക്തതയുടെ പൂർണ്ണതയാണ് ഇനി വരുവാനുള്ളത്. അത് കർത്താവിന്റെ മുഖമല്ല പ്രത്യുത വ്യക്തമായ കാഴ്ച എന്നാണ് അർത്ഥമാക്കുന്നത്. ഇന്ന് അവ്യക്തമായി കാണുന്നത് നാളെ വ്യക്തമായി കാണുവാനിടയാകും. മറ്റൊരു പരിഭാഷ ചേർക്കുന്നു: “ഇപ്പോള്‍ നമ്മള്‍ കാണുന്നത് ഒരു ഇരുണ്ട കണ്ണാടിയിലേക്കു നോക്കുന്നപോലെയാണ്. എന്നാല്‍ ആ സമയം, ഭാവിയില്‍ നമുക്കു വ്യക്തമായി കാണാം. ഇപ്പോള്‍ എനിക്കു ഒരു ഭാഗം മാത്രമേ അറിയൂ.” ഇവിടെ വ്യക്തമല്ലേ, കർത്താവിൻ്റെ മുഖമല്ല കാണുന്നത്; വ്യക്തമായ കാഴ്ചയെക്കുറിച്ചാണ് പറയുന്നത്. അടുത്തഭാഗം: “എന്നാല്‍ ആ സമയം, ദൈവം എന്നെ അറിയുന്നപോലെ എനിക്ക് എല്ലാമറിയാന്‍ കഴിയും.” (ERV-ml, 2007). 

“അപ്പോഴാകട്ടെ ദൈവം എന്നെ പൂര്‍ണമായി അറിയുന്നതുപോലെ ഞാനും പൂര്‍ണമായി അറിയും.” (പി.ഒ.സി)

“അപ്പോൾ, ദൈവം എന്നെ സമ്പൂർണമായി അറിയുന്നതുപോലെ എന്റെ അറിവും പൂർണതയുള്ളതായിരിക്കും.” (മ.ബൈ)

ഇവിടെ ദൈവത്തെ കാണുകയല്ല . പ്രത്യുത അറിയുകയാണെന്ന് വ്യക്തമാകുന്നു. ഇന്നത്തെ കണ്ണാടികൾ വ്യക്തമായി കാണുന്നതു കൊണ്ട് അന്നത്തെ കണ്ണാടികളും വ്യക്തമായാണ് കണ്ടിരുന്നത് എന്ന് ധരിക്കരുത്. അന്നത്തെ കണ്ണാടികൾ ലോഹം മിനുക്കി ഉണ്ടാക്കിയതായിരുന്നു. അതിലെ കാഴ്ച അവ്യക്തവും വികൃതവുമായിരുന്നു. കൊരിന്തു പട്ടണം ഇത്തരം കണ്ണാടികൾക്ക് പ്രസിദ്ധമായിരുന്നു. അതുകൊണ്ടാണ് പൗലൊസ് അപ്പൊസ്തലൻ ഇങ്ങനെയൊരു ഉപമ എഴുതിച്ചേർത്തത്. മറിച്ച് കർത്താവിന്റെ വരവുവരെ നമ്മുടെ കാഴ്ച അവ്യക്തമായിരിക്കുമെന്നു വന്നാൽ നാം ഉപയോഗിക്കുന്ന വേദപുസ്തകത്തിന് എന്ത് വിശ്വാസിയതയാണുള്ളത്. ദൈവവചനം അപൂർണ്ണമാണെന്ന് സമ്മതിക്കേണ്ടിവരും. എന്നാൽ ദൈവവചനം അതിൽത്തന്നെ പൂർണ്ണമാണെന്ന് ചരിതഭാഗത്തും, ഉപദേശഭാഗത്തും, പ്രവചനഭാഗത്തും തിരുവെഴുത്തുകൾ തന്നെ സാക്ഷ്യം നൽകുന്നു. 

ചരിത്രഭാഗം: “ഞാൻ നിങ്ങളോടു കല്പ്പിക്കുന്ന നിങ്ങളുടെ ദൈവമായ യഹോവയുടെ കല്പനകളെ നിങ്ങൾ പ്രമാണിക്കണം. ഞാൻ നിങ്ങളോടു കല്പിക്കുന്ന വചനത്തോടു കൂട്ടുകയോ അതിൽനിന്നു കുറയ്ക്കുകയോ ചെയ്യരുത്.” (ആവ, 4:2). 

ഉപദേശഭാഗം: “അവന്റെ വചനങ്ങളോടു നീ ഒന്നും കൂട്ടരുത്; അവൻ നിന്നെ വിസ്തരിച്ചിട്ടു നീ കള്ളനാകുവാൻ ഇടവരരുത്.” (സദൃ, 30:6). 

പ്രവചനഭാഗം: “ഈ പുസ്തകത്തിലെ പ്രവചനം കേൾക്കുന്ന എവനോടും ഞാൻ സാക്ഷീകരിക്കുന്നതെന്തെന്നാൽ: അതിനോട് ആരെങ്കിലും കൂട്ടിയാൽ ഈ പുസ്തകത്തിൽ എഴുതിയ ബാധകളെ ദൈവം അവനു വരുത്തും. ഈ പ്രവചന പുസ്തകത്തിലെ വചനത്തിൽ നിന്ന് ആരെങ്കിലും വല്ലതും നീക്കിക്കളഞ്ഞാൽ ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്ന ജീവവൃക്ഷത്തിലും വിശുദ്ധനഗരത്തിലും അവനുള്ള അംശം ദൈവം നീക്കിക്കളയും.” (വെളി, 22:18,19). 

ദൈവചനത്തോട് ഒന്നും കൂട്ടുകയും കുറയ്ക്കുകയും ചെയ്യരുതെന്നു പറഞ്ഞാൽ, അതിനർത്ഥം ബൈബിൾ പൂർണ്ണമാണെന്നല്ലേ? ഇനിയും കർത്താവിന്റെ വരവുവരെ നമ്മുടെ കാഴ്ച അവ്യക്തമായിരുക്കുമെന്നു പറയുന്നവർ ശ്രദ്ധിക്കുക. അത് വചനമാകുന്ന കർത്താവിനോടും, ലിഖിതവചനമാകുന്ന വേദപുസ്തകത്തിനോടുമുള്ള അവഗണന എന്നേ വരൂ.

7. 13-ാം വാക്യം, ആകയാൽ വിശ്വാസം, പ്രത്യാശ, സ്നേഹം ഈ മൂന്നും നിലനില്ക്കുന്നു; ഇവയിൽ വലിയതോ സ്നേഹം തന്നേ: ‘പൂർണ്ണമായതു’ കർത്താവിന്റെ വരവാണെങ്കിൽ കർത്താവ് വന്നതിനു ശേഷവും നിലനിൽക്കുന്ന മൂന്ന് വരങ്ങളെക്കുറിച്ചാണ് അപ്പൊസ്തലൻ ഓർമ്മിപ്പിക്കുന്നത്. ഏതാണ്ട് മുപ്പത് വരങ്ങളെപ്പറ്റി ബൈബിളിൽ പറഞ്ഞിട്ടുണ്ട്:

1. നിത്യജീവൻ ( റോമ, 6:23)
2. അപ്പൊസ്തലന്മാർ (1കൊരി, 12:28; എഫെ, 4:11)
3. പ്രവാചകൻ (റോമ, 12:6; 1കൊരി, 12:10; 12:28; എഫെ, 4:11)
4. ഉപദേശം, ഉപദേഷ്ടാവ് (റോമ, 12:7; 1കൊരി, 12:28; 14:26; എഫെ, 4:11)
5. അടയാളങ്ങൾ (പ്രവൃ, 14:3)
6. അത്ഭുതങ്ങൾ (പ്രവൃ, 14:3)
7. വീര്യപ്രവൃത്തികൾ (പ്രവൃ, 8:13; 14:3)
8. രോഗശാന്തികളുടെ വരം (1കൊരി, 12:9; 12:28)
9. ജ്ഞാനത്തിൻ്റെ വചനം (1കൊരി, 12:8)
10. പരിജ്ഞാനത്തിൻ്റെ വചനം (1കൊരി, 12:8)
11. വിശ്വാസം (1കൊരി, 12:9; 13:13)
12. പ്രത്യാശ (1കൊരി, 13:13)
13. സ്നേഹം (1കൊരി, 13:8, 13)
14. ആത്മാക്കളുടെ വിവേചനം (1കൊരി, 12:10)
15. ഭാഷാവരം (1കൊരി, 12:10; 12:28; 13:8)
16. ഭാഷകളുടെ വ്യാഖ്യാനം (1കൊരി, 12:10, 31; 14:13, 27,28)
17. സഹായം കെയ്യുവാനുള്ള വരം (1കൊരി, 12:28)
18. പരിപാലനവരം (1കൊരി, 12:28)
19. സങ്കീർത്തനം (1കൊരി, 14:26)
20. വെളിപ്പാട് (1കൊരി, 14:26)
21. സുവിശേഷവരം (എഫെ, 4:11)
22. ഇടയൻ (എഫെ, 4:11)
23. ശുശ്രൂഷ (റോമ, 12:7)
24. പ്രബോധനം (റോമ, 12:8)
25. ദാനം ചെയ്യൽ (റോമ, 12:8)
26. സഭാഭരണം (റോമ, 12:8)
27. കരുണ കാണിക്കൽ (റോമ, 12:8)
28. കഷ്ടം അനുഭവിപ്പാനുള്ള വരം (ഫിലി, 1:29)
29. വിവാഹജീവിതം (1കൊരി, 7:7)
30. അവിവാഹിത ജീവിതം (1കൊരി, 7:7). [കൃപാവരങ്ങളെക്കുറിച്ച് വിശദമായറിയാൻ കാണുക: കൃപാവരങ്ങൾ]

അതിൽ പൂർണ്ണമായത് വരുമ്പോൾ മൂന്നു വരങ്ങൾ നിന്നുപോകുമെന്നും (13:8), മൂന്നു വരങ്ങൾ നിലനില്ക്കുമെന്നും (13:3), അതിൽ ഒരു വരമായ സ്നേഹം ‘ഒരുനാളും ഉതിർന്നുപോകയില്ല (13:8)’ എന്നും 8-മുതൽ 13-വരെയുള്ള വാക്യങ്ങളിൽ പറഞ്ഞിട്ടുണ്ട്. കൂടാതെ,  ക്രിസ്തുവിൻ്റെ ക്രൂശുമരണത്തിൻ്റെ ഫലവും ദൈവത്തിൻ്റെ കൃപാവരവുമായ നിത്യജീവനും എന്നേക്കും നില്ക്കുന്ന കൃപാവരമാണ്. (റോമ, 6:23). ഇവിടെ സ്നേഹം ഒരുനാളും ഉതിർന്നുപോകുകയില്ല എന്നെഴുതിയിരിക്കുന്നതുകൊണ്ട് സ്നേഹത്തെക്കുറിച്ച് ചിന്തിക്കേണ്ട ആവശ്യമില്ല. അത് നിത്യതവരെയും നിലനില്ക്കുന്ന വരമാണെന്ന് മനസ്സിലാക്കാം. എന്നാൽ കർത്താവിന്റെ വരവിനുശേഷം വിശ്വാസത്തിന്റേയും പ്രത്യാശയുടേയും ആവശ്യമെന്താണെന്ന് ചിന്തിക്കേണ്ടതുണ്ട്. 

വിശ്വാസം: “വിശ്വാസം എന്നതോ, ആശിക്കുന്നതിന്റെ ഉറപ്പും കാണാത്ത കാര്യങ്ങളുടെ നിശ്ചയവും ആകുന്നു.” (എബ്രാ, 11:1). ഇതിന് വേറെ ചില മലയാള പരിഭാഷകൾ കൂടി ചുവടെ ചേർക്കുന്നു: 

“വിശ്വാസം എന്നത് നാം പ്രത്യാശിക്കുന്നതിനെക്കുറിച്ചുള്ള ഉറപ്പും, അദൃശ്യകാര്യങ്ങളെക്കുറിച്ചുള്ള നിശ്ചയവുമാണ്.” (സ.വേ.പു.നൂ.പ)

“വിശ്വാസം എന്നതോ, പ്രത്യാശിക്കുന്നതിൻ്റെ ഉറപ്പും കാണാത്ത കാര്യങ്ങളുടെ നിശ്ചയവും ആകുന്നു.” (വി.സ.വേ.പു)

“വിശ്വാസം എന്നതു പ്രത്യാശിക്കുന്നവ ലഭിക്കുമെന്ന ഉറപ്പും കാണപ്പെടാത്തവ ഉണ്ട് എന്ന ബോധ്യവുമാണ്.” (പി.ഒ.സി)  

“നാം പ്രത്യാശിക്കുന്ന വസ്തുക്കളെ സംബന്ധിച്ച ഉറപ്പും, കാണുന്നില്ലെങ്കിലും അവ യാഥാര്‍ത്ഥ്യവും എന്ന് അറിയുന്നതുമാണ് വിശ്വാസം.” (ഇ.ആർ.വി.മ)

“വിശ്വാസം പ്രതീക്ഷയിൽ ഇരിക്കുന്നവയെക്കുറിച്ചു അവ പ്രവൃത്തി രൂപത്തിൽ ആയിത്തീർന്നിരുന്നാൽ എന്നപോലെയുള്ള ഉറപ്പും കാണപ്പെടാത്തവയുടെ വെളിപാടും ആകുന്നു.” (റോമ, ക.പ.മാ) 

“വിശ്വാസം എന്നതു ആശയിൽ ഇരിക്കുന്ന സംഗതികളുടെ പ്രവർത്തന രൂപത്തിലുള്ള നിർണ്ണയവും അദ്യശ്യവിഷയങ്ങളുടെ ദർശനവും ആകുന്നു.” (കോ.മ.പ) 

“എന്നാൽ വിശ്വാസം എന്നതോ, ധൈര്യത്തോടെ ചിലത് പ്രതീക്ഷിക്കുന്ന ഒരുവന്റെ ഉറപ്പാണ്. അത് കാണാൻ കഴിയാത്ത കാര്യങ്ങളുടെ നിശ്ചയവും ആകുന്നു.” (മ.ബൈ)

“വിശ്വാസം എന്നത് നാം പ്രത്യാശിക്കുന്നവയുടെ ഉറപ്പും നമുക്ക് അദൃശ്യമായ കാര്യങ്ങളുടെ നിശ്ചയവും ആകുന്നു.” (മ.ബൈ.നൂ)

കാണുന്ന കാര്യത്തെക്കുറിച്ചല്ല; ഇനിയും കാണാത്ത ഒരു സംഗതിയെക്കുറിച്ചുള്ള (ബോധ്യവും , ഉറപ്പും, ദർശനവും, വെളിപ്പാടും) നിശ്ചയമാണ് വിശ്വാസം. അദൃശ്യകാര്യങ്ങളെ കാണാനുള്ള കണ്ണാണ് വിശ്വാസം. (എബാ, 11:27.  അദൃശ്യകാര്യങ്ങൾ സ്ഥിതിചെയ്യുന്നു എന്ന് ഉറപ്പു തരിക മാത്രമല്ല വിശ്വാസം ചെയ്യുന്നത്, അവയെ വിശ്വാസിയുടെ പ്രയോഗിക ജീവിതത്തിലേക്ക് കൊണ്ടുവരികയും ചെയ്യുന്നു.  

പ്രത്യാശ: വരാനുള്ളവയെ മാത്രം വിശ്വാസത്തോടെ നോക്കിപ്പാർക്കുന്നതാണ് പ്രത്യാശ. നാം വിശ്വസിക്കുന്നതുകൊണ്ടാണ് പ്രത്യാശിക്കുന്നത്. വിശ്വാസം അവസാനിക്കുമ്പോൾ പ്രത്യാശ തിരോഭവിക്കുന്നു. അല്ലെങ്കിൽ വിശ്വാസത്തിന്റെ പൂർണ്ണതയാണ് പ്രത്യാശ. പ്രത്യാശയുടെ അടിസ്ഥാനം വിശ്വാസവും വിശ്വാസത്തിന്റെ അടിസ്ഥാനം ദൈവ വാഗ്ദത്തങ്ങളുമാണ്. “പ്രത്യാശയാലല്ലോ നാം രക്ഷിക്കപ്പെട്ടിരിക്കുന്നത്, കാണുന്ന പ്രത്യാശയോ പ്രത്യാശയല്ല; ഒരുത്തൻ കാണുന്നതിനായി ഇനി പ്രത്യാശിക്കുന്നത് എന്തിന്? നാം കാണാത്തതിനായി പ്രത്യാശിക്കുന്നു . എങ്കിലോ അതിനായി ക്ഷമയോടെ കാത്തിരിക്കുന്നു.” (റോമ, 8:24,25). “ഞങ്ങളോ വിശ്വാസത്താൽ നീതിലഭിക്കും എന്നുള്ള പ്രത്യാശാനിവൃത്തിയെ ആത്മാവിനാൽ കാത്തിരിക്കുന്നു.” (ഗലാ, 5:5). ലോകമെമ്പാടുമുള്ള വിശുദ്ധന്മാരുടെ ആശയും ഉറപ്പും പ്രത്യാശയും കർത്താവായ യേശുക്രിസ്തുവാണ്. 

“ഞാൻ ക്രിസ്തു എന്ന ഏകപുരുഷനു നിങ്ങളെ നിർമ്മലകന്യകയായി ഏല്പിക്കുവാൻ വിവാഹനിശ്ചയം ചെയ്തിരിക്കുന്നു.” (2കൊരി, 11:2). മണവാളൻ തന്നെ ചേർക്കുവാൻ വേഗത്തിൽ വരുമെന്നതാണ് കാന്തയുടെ വിശ്വാസം; കാന്തനുമായി ചേർന്നുകഴിയുമ്പോൾ കാന്തയുടെ പ്രത്യാശയും പൂർണ്ണമാകും. “കർത്താവ് താൻ ഗംഭീരനാദത്തോടും പ്രധാനദൂതന്റെ ശബ്ദത്തോടും ദൈവത്തിന്റെ കാഹളത്തോടും കൂടെ സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവരുകയും ക്രിസ്തുവിൽ മരിച്ചവർ മുമ്പേ ഉയർത്തെഴുന്നേല്ക്കുകയും ചെയ്യും. പിന്നെ ജീവനോടെ ശേഷിക്കുന്ന നാം അവരോട് ഒരുമിച്ച് ആകാശത്തിൽ കർത്താവിനെ എതിരേല്ക്കുവാൻ മേഘങ്ങളിൽ എടുക്കപ്പെടും; ഇങ്ങനെ നാം എപ്പോഴും കർത്താവിനോടുകൂടെ ഇരിക്കും.” (1തെസ്സ, 4:16,17). ഇതാണ് സഭയുടെ വിശ്വാസത്തിന്റേയും പ്രത്യാശയുടേയും പൂർണ്ണത. തന്മൂലം കർത്താവിനോടുകൂടെ എടുക്കപ്പെട്ടുകഴിഞ്ഞാൽ വിശ്വസത്തിന്റേയും പ്രത്യാശയുടേയും ആവശ്യമില്ല. (റോമ, 8:24). അതുകൊണ്ടുതന്നെ ‘പൂർണ്ണമായതു’ എന്ന് അപ്പൊസ്തലൻ പറഞ്ഞിരിക്കുന്നത് ഒരിക്കലും കർത്താവിന്റെ വരവല്ല. മറിച്ചായാൽ കർത്താവിന്റെ വരവിനുശേഷവും വിശ്വാസവും പ്രത്യാശയും നിലനില്ക്കും. (1കൊരി, 13:3). അങ്ങനെ വന്നാൽ സഭ കർത്താവിനോടുകൂടെ മണിയറവാസം ചെയ്യുമ്പോഴും വേറൊരുത്തനെ വിശ്വസിക്കുകയും അവനായി പ്രത്യാശിക്കുകയും ചേയ്യേണ്ടിവരും. അതിനെ ദൈവവചനം പരസംഗമെന്നും, വ്യഭിചാരവുമെന്നാണ് പറയുന്നത്. ഇങ്ങനെയൊരു നീചപ്രവൃത്തി സഭയെക്കൊണ്ട് ചെയ്യിക്കണമെന്ന് ആർക്കാണ് ഇത്രയാഗ്രഹം. 

അപ്പൊസ്തലൻ ഈ അദ്ധ്യായത്തിൽ ഊന്നിപ്പറഞ്ഞിരിക്കുന്ന കാര്യം പൂർണ്ണമായത് വരുമ്പോൾ അംശമായ പ്രവചനവും, അന്യഭാഷയും ജ്ഞാനവും നിന്നുപോകുമെന്നാണ്. പ്രത്യുത, ഇത് കർത്താവിന്റെ വരവിലാണ് നിന്നുപോകുന്നതെന്ന ദുരുപദേശം സഭയെ പഠിപ്പിക്കുന്നവർ, കർത്താവു വന്നശേഷം മറ്റു കൃപാവരങ്ങളുടെ ആവശ്യമെന്താണ് എന്നുകൂടി പഠിപ്പിക്കേണ്ടതല്ലേ??? ‘പൂർണ്ണമായതു’ കർത്താവിൻ്റെ വരവാണെന്ന് കരുതുന്നവർ പറയുന്നത്; അന്യഭാഷയും, പ്രവചനവും, ജ്ഞാനവും കർത്താവിൻ്റെ വരവുവരെ ഉണ്ടാകുമെന്നാണ്. അക്കൂട്ടർ രണ്ട് ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞാൽ പൂർണ്ണമായത് കർത്താവിൻ്റെ വരവുതന്നേ: 

ഒന്ന്: കർത്താവിൻ്റെ വരവിനുശേഷം ബാക്കി കൃപാവരങ്ങൾ എന്തുചെയ്യും??? ചോദ്യം വിശദമായി: വരങ്ങൾ നീങ്ങിപ്പോകുമെന്നല്ല; മൂന്ന് വരങ്ങൾ നീങ്ങിപ്പോകുമെന്ന് കൃത്യമായിട്ടാണ് എഴുതിയിരിക്കുന്നത്. (13:8). കർത്താവ് വന്നുകഴിഞ്ഞാൽ സഭ ഭൂമിയിലുണ്ടാകില്ല; സ്വർഗ്ഗത്തിലായിരിക്കും; അവിടെ ബാക്കി വരങ്ങളുടെ ആവശ്യമെന്താണ്??? ഉദാ: സ്വർഗ്ഗത്തിൽ ആര് ആരെ ഉപദേശിക്കും? ആരുടെ രോഗം സൗഖ്യമാക്കും? ആരെ പരിപാലിക്കും? ആർക്ക് സഹായം ചെയ്യും? ആരോട് സുവിശേഷം അറിയിക്കും? ആരെ ശുശ്രൂഷിക്കും? ആരെ പ്രബോധിപ്പിക്കും? ആർക്ക് ദാനം ചെയ്യും? ആരോട് കരുണ കാണിക്കും? അപ്പൊസ്തലൻ വിവാഹ ജീവിതത്തെയും കൃപാവരമായിട്ടാണ് (1കൊരി, 7:7) പറയുന്നത്. എന്നാൽ യേശുക്രിസ്തു വളരെ സ്പഷ്ടമായിട്ടു പറയുന്നു; ദൈവരാജ്യത്തിൽ ആരും വിവാഹം കഴിക്കുകയില്ല. (ലൂക്കൊ, 20:34,35). പഠിപ്പിക്കുന്നത് ദുരുപദേശമാണെങ്കിലും ഒരു ചേർച്ചയൊക്കെ വേണ്ടേ?  

രണ്ട്: കർത്താവിൻ്റെ വരവിനുശേഷം വിശ്വാസത്തിൻ്റെയും പ്രത്യാശയുടേയും ആവശ്യമെന്താണ്??? ചോദ്യം വിശദമായി: നീങ്ങിപ്പോകുന്ന വരങ്ങളെക്കുറിച്ചു മാത്രമല്ല; നിലനില്ക്കുന്ന മൂന്ന് വരങ്ങളെക്കുറിച്ചും ആ വേദഭാഗത്തുതന്നെ പറഞ്ഞിട്ടുണ്ട്; വിശ്വാസം, പ്രത്യാശ, സ്നേഹം. (13:13). അവിടെ ‘സ്നേഹം അനശ്വരമാകുന്നു’ (13:8) എന്നെഴുതിയിട്ടുണ്ട്. അതിനാൽ സ്നേഹത്തെക്കുറിച്ചല്ല ചോദ്യം. കർത്താവ് തൻ്റെ സഭയെ ചേർത്തുകഴിഞ്ഞാൽ സഭയ്ക്ക് പിന്നെ വിശ്വാസവും, പ്രത്യാശയും എന്തിനാണ്? ആരോടാണ്???

പരിശുദ്ധാത്മാവാണ് താൻ ഇച്ഛിക്കുംപോലെ ഓരോരുത്തനും വരങ്ങൾ കൊടുക്കുന്നത്. (1കൊരി, 12:11). കർത്താവ് വന്നുകഴിഞ്ഞാൽ പരിശുദ്ധാത്മാവും, സഭയും, വരങ്ങളും ഒന്നും ഭൂമിയിലുണ്ടാകില്ല; വേദപുസ്തകം പോലും നിഷ്ക്രിയമാകും. പിന്നെ, കർത്താവിൻ്റെ വരവിൽ മൂന്ന് വരങ്ങൾ മാത്രം നീങ്ങിപ്പോകുമെന്ന് അപ്പൊസ്തലൻ പറയുമോ??? വേദപുസ്തകത്തിലുള്ളത് ദൈവത്തിൻ്റെ അരുളപ്പാടുകളാണന്ന് അറിയുക; വല്ലവിധേനയും വായിച്ചാൽ എന്തുചെയ്യും?

ദൈവവചനം 

മേൽവിവരിച്ചതിൽ നിന്ന് ‘പൂർണ്ണമായതു’ സ്നേഹവുമല്ല കർത്താവിന്റെ വരവുമല്ല എന്നു തെളിയുന്നു. തന്മൂലം അപ്പൊസ്തലൻ പറയുന്ന പൂർണ്ണമായത്  ദൈവവചനമാണെന്ന് ഒരു വിശദീകരണവും കൂടാതെ ആർക്കും മനസ്സിലാകും. എന്നാലും എല്ലാവരുടേയും ഉറപ്പിനായി ചില കാര്യങ്ങൾകൂടി ചുവടെ ചേർക്കുന്നു. അപ്പൊസ്തലൻ A.D.57-ൽ ആണ് മക്കദോന്യയിലിരുന്ന് കൊരിന്ത്യർക്ക് ലേഖനമെഴുതുന്നത്. താൻ ലേഖനമെഴുതുന്ന കാലത്തൊന്നും പൂർണ്ണമായ ദൈവീക വെളിപ്പാടുകൾ സഭയ്ക്ക് രേഖയാക്കി കിട്ടിയിരുന്നില്ല. സഭയ്ക്ക് ആവശ്യമുള്ളതൊക്കെയും അപ്പൊസ്തലന്മാർക്കും, പ്രവാചകന്മാർക്കും ദൈവം അപ്പപ്പോൾ വെളിപ്പെടുത്തി കൊടുക്കുകയായിരുന്നു. (1കൊരി, 2:7, എഫെ, 3:5). പുതിയനിയമത്തിലെ പുസ്തകങ്ങളെല്ലാം രേഖയാക്കി കിട്ടുവാൻ പിന്നെയും വർഷങ്ങളെടുത്തു. താൻ AD 67-ൽ റോമിൽ വച്ച് തിമൊഥയാസിനുള്ള രണ്ടാമത്തെ ലേഖനവും എഴുതിക്കഴിഞ്ഞ് ഇഹലോകവാസം വെടിഞ്ഞു. പിന്നെയും ഏകദേശം മുപ്പത് വർഷങ്ങൾക്ക് ശേഷമാണ് യോഹന്നാൻ അപ്പൊസ്തലൻ തന്റെ പുസ്തകങ്ങൾ എഴുതുന്നത്. പുതിയനിയമത്തിലെ ഒടുവിലത്തെ പുസ്തകവും എഴുതിക്കഴിഞ്ഞപ്പോൾ. വിശ്വാസികൾ അറിഞ്ഞിരിക്കേണ്ട സത്യങ്ങൾ എല്ലാം പൂർണ്ണമായി, പൂർണ്ണമായതുവന്നു. തിരുവെഴുത്തുകൾ പൂർണ്ണമായി എഴുതിക്കിട്ടുന്നതുവരെ അപ്പൊസ്തലന്മാരും പ്രവാചകമാരും വായ്മൊഴിയായ് നൽകുന്ന ഉപദേശങ്ങൾ ദൈവനിശ്വസ്തമാണെന്ന് തെളിയിക്കുവാനും അതിനെ ഉറപ്പിക്കുവാനും വേണ്ടിയായിരുന്നു അത്ഭുതവരങ്ങളെ കർത്താവ് നൽകിയിരുന്നത്. (മർക്കൊ, 16 20). പ്രവചനം, അന്യഭാഷ, ജ്ഞാനം, വീര്യപവ്യത്തികൾ ഇവയെല്ലാം അത്ഭുതവരങ്ങളായിരുന്നു. 

യോഹന്നാൻ അപ്പൊസ്തലന്റെ പുസ്തകങ്ങളെക്കൂടാതെ വേദപുസ്തകം അപൂർണ്ണമാണെന്നുള്ളത് തർക്കമറ്റ കാര്യമാണ്. സങ്കീർത്തനവും, റോമാലേഖനവും കഴിഞ്ഞാൽ യോഹന്നാന്റെ സുവിശേഷത്തപ്പോലെ സ്വാധീനത ചെലുത്തിയിട്ടുള്ള മറ്റൊരു പുസ്തകമില്ല. അക്രൈസ്തവരോട് സുവിശേഷം അറിയിക്കാൻ നാല് സുവിശേഷങ്ങളിലും വെച്ച് ഇതാണ് തിരഞ്ഞെടുക്കാറുള്ളത്. ഈ സുവിശേഷത്തിന്റെ പ്രാധാന്യവും സ്വാധീനതയും അതിൽത്തന്നെ വെളിപ്പെടുത്തിയിരിക്കുന്നു: “യേശു ദൈവപുത്രനായ ക്രിസ്തു എന്നു നിങ്ങൾ വിശ്വസിക്കേണ്ടതിനും വിശ്വസിച്ചിട്ടു അവന്റെ നാമത്തിൽ നിങ്ങൾക്ക് ജീവൻ ഉണ്ടാകേണ്ടതിനും ഇത് എഴുതിയിരിക്കുന്നു.” (യോഹ, 20:31). നിത്യജീവനേക്കാൾ വലുതാണോ അന്യഭാഷയും, പ്രവചനവും ജ്ഞാനവും???

പൗലൊസ് അപ്പൊസ്തലനു ലഭിച്ച വെളിപ്പാടനുസരിച്ച്: “പിന്നെ ജീവനോടെ ശേഷിക്കുന്ന നാം അവരോടൊരുമിച്ച് ആകാശത്തിൽ കർത്താവിനെ എതിരേല്ക്കുവാൻ മേഘങ്ങളിൽ എടുക്കപ്പെടും; ഇങ്ങനെ നാം എപ്പോഴും കർത്താവിനോടുകൂടെ ഇരിക്കും” (1തെസ്സ, 4:17) എന്നായിരുന്നു. ആയിരമാണ്ടു വാഴ്ചയെക്കുറിച്ചും, നിത്യതയെക്കുറിച്ചും വെളിപ്പെട്ടത് യോഹന്നാൻ അപ്പൊസ്തലനായിരുന്നു. അതുകൊണ്ടാണ് പൂർണ്ണമായത് വെളിപ്പെടുംവരെ അംശങ്ങളായ പ്രവചനവും, അന്യഭാഷയും, ജ്ഞാനവും ഉണ്ടാകുമെന്നും, പൂർണ്ണമായ ദൈവവചനം വെളിപ്പെട്ടുകഴിഞ്ഞാൽ അതെല്ലാം നീങ്ങിപ്പോകുമെന്നും പറഞ്ഞത്. ദൈവമൊഴികെ ഭൂമിയിൽ എന്തെങ്കിലും പൂർണ്ണതയുള്ളതുണ്ടെങ്കിൽ അത് ദൈവവചനം (ബൈബിൾ) മാത്രമാണ്. അതുകൊണ്ടുതന്നെ ഈ കൃപായുഗത്തിൽ ദൈവവചനത്തിന് മുകളിൽ മറ്റൊരു കൃപാവരങ്ങളും ദൈവം ആർക്കും നൽകിയിട്ടില്ല. വചനമായി വെളിപ്പെട്ട കർത്താവ് ലിഖിതവചനത്തിലൂടെയാണ് തൻ്റെ മക്കളെ നടത്തുന്നത്. എപ്പോൾ പൂർണ്ണമായ ദൈവവചനം ലഭിച്ചുവോ, അപ്പോൾ അംശവും അപൂർണ്ണവുമായ വരങ്ങളൊക്കെയും അസ്തമിച്ചു. “പക്ഷേ എപ്പോള്‍ പൂര്‍ണ്ണത കൈവരുന്നുവോ അപ്പോള്‍ അപൂര്‍ണ്ണമായവ അവസാനിക്കും.” (1കൊരി, 13:10. World Bible Translation Center, ERV). ഒന്നുകൂടി പറഞ്ഞാൽ: 1കൊരിന്തർ 13:10-ൽ പൗലൊസ് പറയുന്നത് ആസന്നഭാവിയിൽത്തന്നെ നിന്നുപോകുന്ന മൂന്നു വരങ്ങളെക്കുറിച്ചാണ്. പൂർണ്ണമായ വേദപുസ്തകം വന്നപ്പോൾ ആ വരങ്ങൾ നിന്നുപോകുകയും ചെയ്തു. പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കട്ടെ;

ബൈബിളിൽനിന്നു പരിശോധിച്ച് ഉറപ്പുവന്നാൽമാത്രം വിശ്വസിക്കുക; ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ട!

ഞാനാകുന്നവൻ ഞാനാകുന്നു

.. ഞാനാകുന്നവൻ ഞാനാകുന്നു (I AM WHO I AM)

യെരൂശലേം ദൈവാലയത്തിൽ വച്ച് യേശു യെഹൂദന്മാരോട് ഇപ്രകാരം പറഞ്ഞു; “ആകയാൽ നിങ്ങളുടെ പാപങ്ങളിൽ നിങ്ങൾ മരിക്കും എന്നു ഞാൻ നിങ്ങളോടു പറഞ്ഞു; ഞാൻ അങ്ങനെയുള്ളവൻ എന്നു വിശ്വസിക്കാഞ്ഞാൽ നിങ്ങൾ നിങ്ങളുടെ പാപങ്ങളിൽ മരിക്കും എന്നു പറഞ്ഞു.” (യോഹ, 8:24). ഈ വാക്യത്തിലെ ‘ഞാൻ അങ്ങനെയുള്ളവൻ’ എന്ന ഭാഗം കൃത്യമല്ലാത്തതുകൊണ്ട് സത്യവേദപുസ്തകം CL പരിഭാഷയിലെ വാക്യം ചേർക്കുന്നു: “നിങ്ങളുടെ പാപങ്ങളില്‍ നിങ്ങള്‍ മരിക്കുമെന്നു ഞാന്‍ പറഞ്ഞുവല്ലോ. ഞാനാകുന്നവന്‍ ഞാന്‍തന്നെ എന്ന് നിങ്ങള്‍ വിശ്വസിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ പാപങ്ങളില്‍ മരിക്കും.” (യോഹ, 8:24). ഇവിടെ ”ഞാനാകുന്നവന്‍ ഞാന്‍തന്നെ” എന്നാണ് യേശു പറയുന്നത്. ആരാണീ ഞാനാകുന്നവൻ? പുറപ്പാടു പുസ്തകത്തിൽ ഉത്തരമുണ്ട്: “മോശെ ദൈവത്തോടു: ഞാൻ യിസ്രായേൽമക്കളുടെ അടുക്കൽ ചെന്നു: നിങ്ങളുടെ പിതാക്കന്മാരുടെ ദൈവം എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു എന്നു പറയുമ്പോൾ: അവന്റെ നാമം എന്തെന്നു അവർ എന്നോടു ചോദിച്ചാൽ ഞാൻ അവരോടു എന്തു പറയേണം എന്നു ചോദിച്ചു. അതിന്നു ദൈവം മോശെയോടു: ഞാൻ ആകുന്നവൻ ഞാൻ ആകുന്നു; ഞാൻ ആകുന്നു എന്നുള്ളവൻ എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു എന്നിങ്ങനെ നീ യിസ്രായേൽമക്കളോടു പറയേണം എന്നു കല്പിച്ചു. ദൈവം പിന്നെയും മോശെയോടു അരുളിച്ചെയ്തതെന്തന്നാൽ: നീ യിസ്രായേൽമക്കളോടു ഇപ്രകാരം പറയേണം: അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവുമായി നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു; ഇതു എന്നേക്കും എന്റെ നാമവും തലമുറതലമുറയായി എന്റെ ജ്ഞാപകവും ആകുന്നു.” (പുറ. 3:13-15). ‘ഞാനാകുന്നവൻ ഞാനാകുന്നു’ എന്നതു എബ്രായയിൽ എഹ്യെഹ് അസർ എഹ്യെഹ് (אֶֽהְיֶ֖ה אֲשֶׁ֣ר אֶֽהְיֶ֑ה – eh·yeh eser eh·yeh) അത്രേ. ഏഹ്യെഹ്, യഹോവ അഥവാ യാഹ്വേ (יהוה – യ് ഹ് വ് ഹ്) എന്നീ രണ്ടു നാമങ്ങളുടെയും ധാത്വർത്ഥം ‘സ്വയം നിലനില്ക്കുന്നവൻ’ (Self existence) എന്നാണ്. ഞാൻ ആകുന്നു എന്നു ദൈവത്തെക്കുറിച്ചു പറയുമ്പോൾ ആ ‘ആകുന്നു’ എന്ന ഉണ്മ മറ്റൊന്നിന്റെ ഉണ്മയോടും തുല്യപ്പെടുത്താവുന്നതല്ല. തന്റെ അസ്തിത്വത്തിനു കാരണം തന്നിൽ തന്നെയാണ് മറ്റൊന്നിലല്ല. ഞാൻ ആകുന്നതു ഞാൻ ആകുന്നതിനാലാണ്. അതായത്, “ഞാൻ ആകുന്നവൻ അഥവാ ഞാൻ യഹോവയാണെന്ന് നിങ്ങള്‍ വിശ്വസിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ പാപങ്ങളില്‍ മരിക്കും” എന്നാണ് യേശു യെഹൂദന്മാരോട് പ്രസ്താവിക്കുന്നത്.

യോഹന്നാൻ 8:24-ലെ ”ഞാൻ അങ്ങനെയുള്ളവൻ എന്നു വിശ്വസിക്കാഞ്ഞാൽ” എന്ന തർജ്ജമ കൃത്യമല്ലാത്തതുകൊണ്ടാണ് 2013-ൽ ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ തന്നെ പ്രസിദ്ധീകരിച്ച നൂതന പരിഭാഷയായ സത്യവേദപുസ്തകം (CL) Common/Contemporary language version-ൽ മേല്പറഞ്ഞ വാക്യം തിരുത്തി തർജ്ജമ ചെയ്തത്. പി.ഒ.സി.യിലും, മലയാളം ബൈബിൾ BCS, MSV, ERV പരിഭാകളിലും, പല ഇംഗ്ലീഷ് പരിഭാഷകളിലും I AM who I AM (GNT, PHILLIPS, TPT, WE); എന്നാണ് തർജ്ജമ ചെയ്തിരിക്കുന്നത്. ചില ഇംഗ്ലീഷ് പരിഭാഷകളിൽ I AM the ONE  (AMP, DLNT, GW, NOG, NTE) എന്നും, Orthodox Jewish Bible (OJB)-യിൽ പ്രസ്തുത വാക്യത്തിനകത്ത് പുറപ്പാട് 3:14-16-ഉം, യെശയ്യാവ് 41:4-ഉം ബ്രാക്കറ്റിൽ കൊടുത്തിട്ടുണ്ട്. സത്യവേദപുസ്തകം പരിഷ്ക്കരിച്ച പതിപ്പിൽ ആ വാക്യം തിരുത്താൻ കാരണം; മേല്പറഞ്ഞ രണ്ടു വാക്യങ്ങളിലും ഗ്രീക്കിൽ ‘അവൻ’ (he) എന്ന പദമില്ല; ”എഗോ എയിമി അഥവാ ഞാൻ ആകുന്നു” (I AM) മാത്രമേയുള്ളു. അത് മുൾപ്പടർപ്പിൽ ദൂതൻ മുഖാന്തരം പ്രത്യക്ഷനായ യഹോവ മോശെയോട് പറഞ്ഞ തൻ്റെ പേരാണ്.

ഒരുപക്ഷെ ത്രിത്വവിശ്വാസികൾ പറയുമായിരിക്കും സത്യവേദപുസ്തകം നൂതന പരിഭാഷ ശരിയല്ല; ഞങ്ങൾ വിശ്വസിക്കുന്നില്ലെന്ന്. ഒരുകാര്യം ഓർക്കുക: ബൈബിളിൻ്റെ മൂലഗ്രന്ഥത്തിനു മാത്രമേ അബദ്ധരാഹിത്യം അവകാശപ്പെടാൻ കഴിയൂ. പരിഭാഷകളിലെല്ലാം തെറ്റു കടന്നുകൂടിയിട്ടുണ്ട്. അതുകൊണ്ടുതന്നെ പല അംഗീകൃത പരിഭാഷകൾക്കും രണ്ടാമതൊരു പരിഭാഷ കൂടിയുണ്ട്. Geneva, KJV, NIV ഇദ്യാദി ഇംഗ്ലീഷ് ബൈബിളുകളും, മലയാളം (ഓശാന), സത്യവേദപുസ്തകം തുടങ്ങിയവയ്ക്കും നൂതന പരിഭാഷകളുണ്ട്. യോഹന്നാൻ 8:24-ൽ മാത്രമല്ല, പല വാക്യങ്ങളുടേയും പരിഭാഷ കൃത്യമല്ല. ഉദാ: ‘ജീവികൾക്കും മരിച്ചവർക്കും ന്യായാധിപതി’ (പ്രവൃ, 10:42; 2തിമൊ, 2:4:1; 1പത്രൊ, 4:5). ഈ വാക്യങ്ങളിലെ ‘ജീവികൾ’ കൃത്യമല്ല; ‘ജീവിച്ചിരിക്കുന്നവർ’ എന്നാണ് വരേണ്ടത്. 2കൊരിന്ത്യർ 7:10-ലെ ”ദൈവഹിതപ്രകാരമുള്ള ദുഃഖം അനുതാപം വരാത്ത മാനസാന്തരത്തെ രക്ഷെക്കായി ഉളവാക്കുന്നു” ഇതു ശരിയായ പ്രയോഗമല്ല; അനുതാപമില്ലാതെ മാനസാന്തരമുണ്ടാകില്ല. നൂതന പരിഭാഷയിൽ നോക്കുക: “ദൈവം ഉപയോഗിച്ച ദുഃഖം രക്ഷയിലേക്കു നയിക്കുന്ന അനുതാപഹൃദയം ഉളവാക്കി.” ഇതാണ് ശരിയായ വാക്യം. എബ്രായർ 9:28-ലെ “തനിക്കായി കാത്തുനില്ക്കുന്നവരുടെ രക്ഷെക്കായി അവൻ പാപം കൂടാതെ രണ്ടാമതു പ്രത്യക്ഷനാകും.” ഈ പ്രയോഗവും ശരിയല്ല; നൂതന പരിഭാഷ നോക്കുക: “ഇനി പാപപരിഹാരാര്‍ഥമല്ല, തന്നെ കാത്തിരിക്കുന്നവരെ രക്ഷിക്കുന്നതിനുവേണ്ടിയാണ് ക്രിസ്തു വീണ്ടും പ്രത്യക്ഷനാകുന്നത്.” ഇതുപോലെ പല വാക്യങ്ങളുമുണ്ട്. ബൈബിൾ സൊസൈറ്റിയുടെ ഒന്നാമത്തെ സത്യവേദപുസ്തകം കുറ്റമറ്റതായിരുന്നെങ്കിൽ അതിൻ്റെതന്നെ എത്രവേണമെങ്കിലും പകർപ്പുകൾ എടുക്കാമെന്നിരിക്കെ, ഒരു നൂതന പരിഭാഷയെക്കുറിച്ച് അവർ ചിന്തിക്കില്ലായിരുന്നു. ഇനി ബൈബിളിൽത്തന്നെ ഇതിനു തെളിവുണ്ട്. എബ്രായലേഖകൻ പഴയപുതിയ നിയമങ്ങളെക്കുറിച്ച് ഇപ്രകാരം പറയുന്നു: “ഒന്നാമത്തെ നിയമം കുറവില്ലാത്തതായിരുന്നു എങ്കിൽ രണ്ടാമത്തേതിന്നു ഇടം അന്വേഷിക്കയില്ലായിരുന്നു.” (എബ്രാ, 8:7). ന്യായപ്രമാണം അഥവാ പഴയനിയമം കുറ്റമറ്റതായിരുന്നെങ്കിൽ പുതിയനിയമത്തിൻ്റെ ആവശ്യമില്ലായിരുന്നു. ”പുതിയതു എന്നു പറയുന്നതിനാൽ ആദ്യത്തേതിനെ പഴയതാക്കിയിരിക്കുന്നു.” (8:13). കർത്താവിൻ്റെ അമ്മ മറിയയെക്കുറിച്ചുള്ള ചില ഭാഗങ്ങൾ ഒഴികെ (ഉദാ: ലൂക്കൊ, 1:28) പി.ഒ.സി. ബൈബിൾ പരിഭാഷയുടെ കൃത്യത പല പണ്ഡിതന്മാരും അംഗീകരിച്ചിട്ടുണ്ട്. അതിൽ യോഹന്നാൻ 8:24, 8:28 വാക്യങ്ങളും; പുറപ്പാട് 3:14-16 വാക്യങ്ങളും താരതമ്യപ്പെടുത്തി നോക്കിയാലും ഈ വസ്തുത വ്യക്തമാകും.

ഭൂരിപക്ഷം ഇംഗ്ലീഷ് പരിഭാഷകളിലും യോഹന്നാൻ 8:24-ൽ I am he എന്നാണ് പരിഭാഷ ചെയ്തിരിക്കുന്നത്. അതിൻ്റെപോലും കൃത്യമായ പരിഭാഷയല്ല നമ്മുടെ സത്യവേദപുസ്തകത്തിൽ ഉള്ളത്; ‘ഞാൻ അങ്ങനെയുള്ളവൻ’ എന്നാണ്. ‘I am he’ എന്നതിനെ ‘ഞാനാണ് അവൻ; ഞാൻ അവനാണ്; ഞാൻ അവൻ ആകുന്നു; ഞാൻ തന്നേ അവൻ’ എന്നോക്കെ തജ്ജമ ചെയ്യാം. 8:24-ലെ പരിഭാഷ കൃത്യമല്ലെന്നു നമ്മുടെ ബൈബിളിൽത്തന്നെ തെളിവുണ്ട്. 8:28-ൽ I am he എന്നതിനെ ‘ഞാൻ തന്നേ അവൻ’ എന്നാണ് തർജ്ജമ. ആരാണീ അവൻ? അവൻ, അവൾ, അത്, ഇത്, അദ്ദേഹം, ഇദ്ദേഹം, നി, നിന്നോട്, നിനക്ക് എന്നൊക്കെ പറയുന്നത് സർവ്വനാമം (pronoun) ആണ്. നാമം ആവർത്തിച്ചു ഉപയോഗിക്കുമ്പോഴുള്ള വിരസത ഒഴിവാക്കാനാണ് സർവ്വനാമം ഉപയോഗിക്കുന്നത്. സർവ്വനാമങ്ങൾ മൂന്ന് വിധത്തിലുണ്ട്. ഉത്തമപുരുഷൻ, മധ്യമപുരുഷൻ, പ്രഥമപുരുഷൻ. സംസാരിക്കുന്നയാൾ ഉത്തമപുരുഷൻ; ആരോടു പറയുന്നുവോ അവൻ മധ്യമപുരുഷൻ; ആരെക്കുറിച്ചു പറയുന്നുവോ അവൻ പ്രഥമപുരുഷൻ. ഇവിടെ സംസാരിക്കുന്ന യേശുവാണ് ഉത്തമപുരുഷൻ. യെഹൂദന്മാരോടാണ് പറയുന്നത്; അവരാണ് മധ്യമപുരുഷൻ. ‘ഞാനാണ് അവൻ’ അഥവാ, അവനെക്കുറിച്ചാണ് പറയുന്നത്; ‘അവൻ’ ആണ് പ്രഥമപുരുഷൻ. ബൈബിളാകട്ടെ ഏതൊരു പുസ്തകമാകട്ടെ; സർവ്വനാമത്തിൻ്റെ ഉടയവനെയറിയാൻ ആ വാക്യത്തിൻ്റെ മുകളിൽ നോക്കിയാൽ മതി. 19-ാം വാക്യം: “നിങ്ങൾ എന്നെ ആകട്ടെ എന്റെ പിതാവിനെ ആകട്ടെ അറിയുന്നില്ല; എന്നെ അറിഞ്ഞു എങ്കിൽ എന്റെ പിതാവിനെയും അറിയുമായിരുന്നു.” നാം ചിന്തിക്കുന്ന വാക്യത്തിൻ്റെ മുകളിൽ മൂന്നു പ്രാവശ്യം ‘പിതാവിനെ’ കുറിച്ച് പറഞ്ഞിട്ടുണ്ട്. (16, 18, 19). ഈ വാക്യത്തിൻ്റെ താഴെയും ഏഴു പ്രാവശ്യം പിതാവെന്നും, നാലു പ്രാവശ്യം ദൈവമെന്നും പറയുന്നുണ്ട്. അതായത്, 11-ാം വാക്യംവരെ വ്യഭിചാരത്തിൽ പിടിക്കപ്പെട്ട സ്ത്രീയുടെ സംഭവം കഴിച്ചാൽ, അദ്ധ്യായം മുഴുവൻ പിതാവിനെക്കുറിച്ചാണ് പറയുന്നത്. എന്നുവെച്ചാൽ 8:24-ൽ പറയുന്ന ‘അവൻ’ പിതാവാണെന്ന് സ്പഷ്ടമായി തെളിയുന്നു. അപ്പോൾ ‘ഞാൻ തന്നേ അവൻ’ എന്നു പറഞ്ഞാൽ; ഞാൻ തന്നേ പിതാവ് അഥവാ, ഞാൻ തന്നേ യഹോവ എന്നു സ്ഫടികസ്ഫുടമായാണ് യേശു പറയുന്നത്. യേശുപറഞ്ഞ ‘അവൻ’ പിതാവു തന്നെയാണെന്ന് ആ വാക്യത്തിനടിയിൽ യോഹന്നാൻ സാക്ഷ്യപ്പെടുത്തുന്നു: “പിതാവിനെക്കുറിച്ചു ആകുന്നു അവൻ തങ്ങളോടു പറഞ്ഞതു എന്നു അവർ ഗ്രഹിച്ചില്ല.” (യോഹ, 8:27). യേശുവിൻ്റെ പ്രിയശിഷ്യനായ യോഹന്നാൻ വ്യാജമാണ് പറയുന്നതെന്ന് വിശ്വസിക്കുന്നവരെ തിരുത്താൻ ദൈവത്തിനുപോലും സാദ്ധ്യമാകുമെന്ന് തോന്നുന്നില്ല. ‘അയച്ചവൻ, അവൻ’ (8:29) ‘ഒരുവൻ’ (8:50) എന്നിങ്ങനെ പിതാവിനെക്കുറിച്ച് താഴെ പിന്നെയും യേശു പറയുന്നുമുണ്ട്. ത്രിത്വക്കാർ പറയുന്നത്; ‘ഞാൻ അങ്ങനെയുള്ളവൻ അഥവാ ഞാൻ തന്നേ അവൻ’ എന്നതിലെ ‘അവൻ’ ക്രിസ്തുവാണെന്നാണ്. അതായത്; “ഞാൻ ക്രിസ്തുവാണ് എന്നു വിശ്വസിക്കാഞ്ഞാൽ നിങ്ങൾ നിങ്ങളുടെ പാപങ്ങളിൽ മരിക്കും” എന്നാണ് ആ വാക്യത്തിൽ പറയുന്നതെന്നാണ്. എന്നാൽ ഭാഷയുടെ വ്യാകരണത്തെക്കുറിച്ച് അല്പമെങ്കിലും പരിജ്ഞാനം ഉള്ളവർക്കറിയാം ആ വാക്യത്തിൽ പറയുന്നത് ക്രിസ്തുവല്ലെന്ന്. കാരണം, 8:24-ലെ ‘അവൻ’ ക്രിസ്തു ആണെങ്കിൽ ഈ വാക്യത്തിൻ്റെ മുകളിലെവിടെയെങ്കിലും ‘ക്രിസ്തു’ എന്നൊരു പദമുണ്ടാകണം. പക്ഷെ, ആ അദ്ധ്യായത്തിൽ ഒരിടത്തും ക്രിസ്തു എന്നൊരു നാമമില്ല. നാമം ആവർത്തിച്ചു ഉപയോഗിക്കുമ്പോഴുള്ള വിരസത ഒഴിവാക്കാനാണല്ലോ ‘അവൻ’ എന്ന സർവ്വനാമം ഉപയോഗിക്കുന്നത്. ക്രിസ്തു എന്ന നാമമില്ലെങ്കിൽ ആവർത്തന വിരസതയുടെ ആവശ്യമെന്താണ്? ഭാഷയുടെ വ്യാകരണ നിയമപ്രകാരം യോഹന്നാൻ 8:24-ലെ ‘അവൻ’ ക്രിസ്തു ആയിരുന്നെങ്കിൽ മുകളിൽ ക്രിസ്തു എന്ന നാമം ഇല്ലാത്തതിനാൽ ‘അവൻ’ എന്ന സ്ഥാനത്ത് ‘ക്രിസ്തു’ അഥവാ ‘ഞാൻ തന്നേ ക്രിസ്തു’ എന്നു കാണുമായിരുന്നു. അതിനൊരു തെളിവു കൂടിയുണ്ട്: I am he (ഞാൻ തന്നേ അവൻ) എന്നു പ്രയോഗിച്ചിരിക്കുന്ന വേദഭാഗങ്ങൾ യോഹാന്നാനിൽ വേറെയുമുണ്ട്. (4:26; 18:5; 18:6; 18:8). അവിടെയൊക്കെ പ്രസ്തുത വാക്യത്തിനു മുകളിൽ നാമത്തിൻ്റെ ഉടയവനെ ‘മശീഹ, നസറായനായ യേശു’ എന്നൊക്കെ എഴുതിയിട്ടുമുണ്ട്. 

യോഹന്നാൻ 8:28-ലും യേശു ‘ഞാനാകുന്നവൻ ഞാൻതന്നെ’ എന്നു പറയുന്നുണ്ട്: “അതുകൊണ്ട് അവിടുന്നു വീണ്ടും പറഞ്ഞു: “മനുഷ്യപുത്രനെ നിങ്ങള്‍ ഉയര്‍ത്തുമ്പോള്‍ ഞാനാകുന്നവന്‍ ഞാന്‍ തന്നെ ആണെന്നു നിങ്ങള്‍ക്കു മനസ്സിലാകും. ഞാന്‍ സ്വയമായി ഒന്നും ചെയ്യാതെ എന്‍റെ പിതാവു പ്രബോധിപ്പിക്കുന്നതു മാത്രം പ്രസ്താവിക്കുന്നു എന്നു നിങ്ങള്‍ക്കു ബോധ്യമാകും. എന്നെ അയച്ചവന്‍ എന്നോടുകൂടിയുണ്ട്.” പിതാവായ യഹോവ പൂർണ്ണമനുഷ്യനായി ജഡത്തിൽ വെളിപ്പെട്ടു നിന്നുകൊണ്ടാണ് ഇതു പറയുന്നത്. ‘ഞാനാകുന്നവൻ ഞാനാകുന്നു’  എന്നു യഹോവയ്ക്ക് മാത്രമേ പറയാൻ കഴിയൂ. “അവൻ ഇങ്ങനെ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ പലരും അവനിൽ വിശ്വസിച്ചു.” (യോഹ, 8:30). യോഹന്നാൻ 8:58-ൽ “അബ്രാഹാം ജനിച്ചതിന്നു മുമ്പേ ഞാൻ ഉണ്ടു” എന്നു പറഞ്ഞതിന് യെഹൂദന്മാർ എന്തിനാണ് യേശുവിനെ എറിയുവാൻ കല്ലെടുത്തത്? (8:59). ന്യായപ്രമാണ കല്പനയനുസരിച്ച് കല്ലെറിയപ്പെടേണ്ടവർ ആരൊക്കെയാണെന്ന് പറഞ്ഞിട്ടുണ്ട്: 1. കാളയെക്കൊണ്ടു മനഃപൂർവ്വം മറ്റൊരാളെ കുത്തിക്കൊല്ലിക്കുന്നവൻ (പുറ, 21:28-32), 2. വെളിച്ചപ്പാട്, മന്ത്രവാദി (ലേവ്യ, 20:27), 3. ദൈവദൂഷകൻ (ലേവ്യ, 24:15,16), 4. ശബ്ബത്തു ലംഘിക്കുന്നവൻ (സംഖ്യാ, 15:32-36), 5. അന്യദൈവങ്ങളെ അരാധിക്കുവാൻ പ്രേരിപ്പിക്കുന്നവൻ (ആവ, 13:4-10), 6. അന്യദൈവങ്ങളുടെ നാമത്തിൽ പ്രവചിക്കുന്നവൻ (ആവ, 13:15), 7. അന്യദൈവങ്ങളെ ആരാധിക്കുന്നവൻ (ആവ, 17:27), 8. ശഠനും മത്സരിയുമായ മകൻ (ആവ, 21:18-21), 9. വ്യഭിചാരി (ആവ, 22:22,23) എന്നിവർ. ഇവിടെ ‘അബ്രാഹാം ജനിച്ചതിന്നു മുമ്പേ ഞാൻ ഉണ്ടു’ എന്ന സാമാന്യ അർത്ഥമാണ് യേശുവിൻ്റെ പ്രസ്താവനയ്ക്കുള്ളതെങ്കിൽ യെഹൂദനെന്തിനു കല്ലെടുക്കണം? യേശുവിൻ്റെ ഭാഷണം ന്യായപ്രമാണസംബന്ധമായി ഏതു കുറ്റത്തിൽപ്പെടും? ഒന്നിലും പെടത്തില്ല. എങ്കിലും യെഹൂദൻ യേശുവിനെ എറിയാൻ കല്ലെടുത്തുവെങ്കിൽ, മുകളിൽപ്പറഞ്ഞ പട്ടികയിൽ ദൈവദൂഷണമൊഴികെ മറ്റൊന്നാകാൻ സാദ്ധ്യതയില്ല. അതിൻ്റെ കാരണം; ആ വാക്യം നമ്മൾ മനസ്സിലാക്കുന്നതുപോലെയല്ല. പൂർവ്വപിതാക്കന്മാർക്ക് എതിരെ പറയുന്നതല്ല ദൈവദൂഷണം; ദൈവത്തിനെതിരെ പറയുന്നതാണ്. ആ വാക്യത്തിൽ യേശു ‘ഞാനാകുന്നവൻ’ (I AM) എന്ന പുറപ്പാടിലെ യഹോവയുടെ നാമം കൃത്യമായിട്ട് ഉച്ചരിച്ചിട്ടുണ്ടെന്ന് എല്ലാ ഇംഗ്ലീഷ് പരിഭാഷകളിൽനിന്നും മനസ്സിലാക്കാം. ആ വാക്യം മലയാളം ബൈബിളിൽ (ഓശാന) നിന്നു ചേർക്കുന്നു: “യേശു പറഞ്ഞു: “ഞാൻ നിങ്ങളോട് സത്യം സത്യമായി പറയട്ടെ: അബ്രഹാം ജനിക്കുന്നതിനുമുമ്പേ, ഞാൻ ആകുന്നു.” (യോഹ, 8:58). അബ്രാഹാമിനു മുമ്പേയുള്ള ‘ഞാനാകുന്നവൻ’ എന്ന അതേ യഹോവയാണെന്ന് പറഞ്ഞതുകൊണ്ടാണ് യെഹൂദന്മാർ കല്ലെടുത്തത്. രണ്ടായിരം വർഷങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്ന അബ്രാഹാമിനു മുമ്പേ ഞാനുണ്ട് എന്നു പറയാൻ രണ്ടേരണ്ട് വ്യക്തികൾക്കേ കഴിയൂ; ഒന്നെങ്കിൽ സാക്ഷാൽ യഹോവയ്ക്ക് അല്ലെങ്കിൽ ഒരു ഭ്രാന്തന്. ഭ്രാന്തനെ കല്ലെറിയാൻ ന്യായപ്രമാണത്തിൽ വ്യവസ്ഥയില്ല. യഹോവ മനുഷ്യനായി വെളിപ്പെട്ടതാണ് തങ്ങളുടെ മുമ്പിൽ നില്ക്കുന്നവനെന്നു യെഹൂദന്മാർ തിരിച്ചറിഞ്ഞിരുന്നില്ല. (യോഹ, 12:40). അവരെ സംബന്ധിച്ച് യോസേഫിൻ്റെയും മറിയയുടെയും മകനായ നസറെത്തുകാരനായ മനുഷ്യനാണ് യേശു. ഒരു മനുഷ്യൻ താൻ യഹോവയാണെന്ന് പറഞ്ഞാൽ; കയ്യില്ലാത്ത യെഹൂദൻപോലും കൈവെച്ചുകെട്ടി കല്ലെറിയും; അല്ലെങ്കിൽ അവൻ യെഹൂദനല്ല. ജീവനുള്ള ദൈവമായ യഹോവയാണ് ജഡത്തിൽ വെളിപ്പെട്ട് അവരുടെ മുമ്പിൽ നില്ക്കുന്നതെന്ന് അവർ അറിഞ്ഞിരുന്നില്ല. (1തിമൊ, 3:14-16). അതുകൊണ്ടാണ് അവർ കല്ലെറിയാൻ ശ്രമിച്ചത്. യേശു ഒരത്ഭുതം പ്രവർത്തിച്ചുകൊണ്ടാണ് കല്ലേറിൽനിന്നു രക്ഷപെട്ടത്. (8:59). [അബ്രാഹാമിനു മുമ്പേയുള്ളവൻ, മഹാപുരോഹിതൻ വസ്ത്രം കീറിയതെന്തിനാണ്?]

വളരയേറെ ശ്രദ്ധിക്കപ്പെടേണ്ടതും എന്നാൽ ഒട്ടും ശ്രദ്ധിക്കപ്പെടാതെ പോയതുമായ ഒരു വേദഭാഗം കൂടിയുണ്ട്. യേശു ഗെത്ത്ശെമന തോട്ടത്തിൽ ആയിരിക്കുമ്പോൾ പട്ടാളവും മഹാപുരോഹിതന്മാരും പരീശന്മാരും അയച്ച ചേവകരുമായി യേശുവിനെ അറസ്റ്റു ചെയ്യാൻ വരുന്ന രംഗം. “തനിക്കു നേരിടുവാനുള്ളത് എല്ലാം അറിഞ്ഞിരുന്ന യേശു മുമ്പോട്ടു ചെന്ന്: നിങ്ങൾ ആരെ തിരയുന്നു എന്നു അവരോട് ചോദിച്ചു. നസറായനായ യേശുവിനെ എന്നു അവർ ഉത്തരം പറഞ്ഞു. യേശു അവരോട്: ‘ഞാൻ ആകുന്നു‘ (I am he) എന്നു പറഞ്ഞു; അവനെ കാണിച്ചുകൊടുക്കുന്ന യൂദയും അവരോടുകൂടെ നിന്നിരുന്നു. ‘ഞാൻ ആകുന്നു’ എന്നു അവരോട് പറഞ്ഞപ്പോൾ അവർ പിൻവാങ്ങി നിലത്തുവീണു. (യോഹ, 18:4-6). ‘ഞാൻ ആകുന്നു’ അഥവാ, ‘ഞാൻ തന്നേ അവൻ’ എന്ന സാധാരണ അർത്ഥമാണ് യേശുവിൻ്റെ വാക്കുകൾക്കുള്ളതെങ്കിൽ പട്ടാളവും ചേകവരും എന്തിനു പിറകോട്ട് മറിഞ്ഞുവീഴണം? പീലാത്തോസിൻ്റെ വിജാതിയ പട്ടാളമല്ല; പ്രത്യുത, സൻഹെദ്രിൻ്റെ പട്ടാളവും മഹാപുരോഹിതൻ്റെയും പരീശന്മാരുടേയും ചേകവരായ യെഹൂദന്മാരോടാണ് ‘ഞാൻ ആകുന്നു‘ എന്നു യേശു പറഞ്ഞത്. അവർ ഭയപ്പെട്ട് പുറകോട്ട് മറിഞ്ഞുവീഴുവാൻ തക്കവണ്ണം ശക്തിയുള്ളൊരു നാമമാണ് യേശുവിൻ്റെ വായിൽനിന്നു അടർന്നുവീണതെന്ന് സ്പഷ്ടമാണ്. ആ നാമം മറ്റൊന്നല്ല; ഞാനാകുന്നവൻ (യഹോവ) എന്ന യിസ്രായേലിൻ്റെ പരിശുദ്ധൻ്റെ നാമമാണത്. യെഹൂദൻ നാവിലെടുക്കാൻപോലും ഭയപ്പെടുന്ന ആ നാമത്തിൻ്റെ ഉടയവനെയാണ് തങ്ങൾ അറസ്റ്റ് ചെയ്യാൻ വന്നിരിക്കുന്നതന്ന് അറിഞ്ഞാൽ അവരെങ്ങനെ മറിഞ്ഞുവീഴാതിരിക്കും???…

യോഹന്നാൻ്റെ സുവിശേഷത്തിലെ യേശുവിൻ്റെ ‘ഞാൻ ആകുന്നു‘ (I AM) എന്ന ഏഴു പ്രസ്താവനകളും പുറപ്പാട് 3:14-16-ലെ യഹോവയുടെ പ്രസ്താവനകളായിട്ട് മിക്ക പണ്ഡിതന്മാരും അംഗീകരിക്കുന്നു:  

1. ഞാൻ ജീവന്റെ അപ്പം ആകുന്നു. (6:35, 41, 48 <> യെശ, 49:10; 55:1-3)

2. ഞാൻ ലോകത്തിന്റെ വെളിച്ചം ആകുന്നു. (8:12 <> സങ്കീ, 18:28; മലാ, 4:2).

3. ആടുകളുടെ വാതിൽ ഞാൻ ആകുന്നു. (10:7, 9 <> യെഹ്, 34:31)

4. ഞാൻ നല്ല ഇടയൻ ആകുന്നു. (10:11, 14 <> സങ്കീ, 79:13; 95:7; 100:3).

5. ഞാൻ തന്നേ പുനരുത്ഥാനവും ജീവനും ആകുന്നു. (11:25 <> സങ്കീ, 36:9; യെശ, 26:19).

6. ഞാൻ തന്നേ വഴിയും സത്യവും ജീവനും ആകുന്നു. (14:6 <> യെശ, 35:8,9).

7. ഞാൻ മുന്തിരിവള്ളിയും നിങ്ങൾ കൊമ്പുകളും ആകുന്നു. (15:5 <> സങ്കീ, 80:8-14).

“ഞാനും പിതാവും ഒന്നാകുന്നു” (യോഹ, 10:30) എന്നു യേശു പറഞ്ഞപ്പോൾ “യെഹൂദന്മാർ അവനെ എറിവാൻ പിന്നെയും കല്ലു എടുത്തു.” (10:31). ത്രിത്വം പഠിപ്പിക്കുന്നത്; പിതാവും പുത്രനും പരിശുദ്ധാത്മാവും ഐക്യത്തിൽ ഒന്നാണെന്നാണ്. എന്നാൽ യേശു ചോദിക്കുമ്പോൾ യെഹൂദർതന്നെ പറയുന്നതു കേൾക്കുക: “പിതാവിന്റെ കല്പനയാൽ ഞാൻ പല നല്ല പ്രവൃത്തികൾ നിങ്ങളെ കാണിച്ചിരിക്കുന്നു; അവയിൽ ഏതു പ്രവൃത്തിനിമിത്തം നിങ്ങൾ എന്നെ കല്ലെറിയുന്നു?” യെഹൂദന്മാർ അവനോടു: “നല്ല പ്രവൃത്തി നിമിത്തമല്ല, ദൈവദൂഷണം നിമിത്തവും നീ മനുഷ്യനായിരിക്കെ നിന്നെത്തന്നേ ദൈവം ആക്കുന്നതുകൊണ്ടുമത്രേ ഞങ്ങൾ നിന്നെ കല്ലെറിയുന്നതു എന്നു ഉത്തരം പറഞ്ഞു.” (യോഹ, 10:32,33). പിതാവിനോടു ഐക്യപ്പെടുത്തിയെന്നാണോ? അല്ല. ‘നീ മനുഷ്യനായിരിക്കെ നിന്നെത്തന്നേ ദൈവം ആക്കുന്നു’ എന്നാണ്. യെഹൂദന് ആകെ ഒരു ദൈവമേയുള്ളൂ; അത് യിസ്രായേലിൻ്റെ പരിശുദ്ധനായ യഹോവയാണ്. താൻതന്നെയാണ് യഹോവ അഥവാ അഥവാ യഹോവയുടെ പ്രത്യക്ഷതയായ മനുഷ്യനാണ് താനെന്ന് പറഞ്ഞതിനാണ് അവർ കല്ലെടുത്തത്. മാളികമുറിയിലെ പ്രഭാഷണത്തിൽ വെച്ച് യേശു പറഞ്ഞു: “നിങ്ങൾ എന്നെ അറിഞ്ഞു എങ്കിൽ എന്റെ പിതാവിനെയും അറിയുമായിരുന്നു; ഇന്നുമുതൽ നിങ്ങൾ അവനെ അറിയുന്നു; അവനെ കണ്ടുമിരിക്കുന്നു” എന്നു പറഞ്ഞു. (യോഹ, 14:7). എവിടെയാണ് ശിഷ്യന്മാർ പിതാവിനെ കണ്ടത്? സ്വർഗ്ഗീയ പിതാവുതന്നെയാണ് മനുഷ്യരുടെ പാപപരിഹാരാർത്ഥം മനുഷ്യനായി വെളിപ്പെട്ട് അവർക്കൊപ്പം വസിക്കുന്നത്. ഫിലിപ്പോസിനു പിന്നെയും സംശയം മാറിയില്ല. ഫിലിപ്പോസ് അവനോടു: “കർത്താവേ, പിതാവിനെ ഞങ്ങൾക്കു കാണിച്ചു തരേണം; എന്നാൽ ഞങ്ങൾക്കു മതി” എന്നു പറഞ്ഞു. (യോഹ, 14:8). അതിനു യേശു അവനോടു പറഞ്ഞതു: “ഞാൻ ഇത്രകാലം നിങ്ങളോടുകൂടെ ഇരുന്നിട്ടും നീ എന്നെ അറിയുന്നില്ലയോ ഫിലിപ്പൊസേ? എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു; പിന്നെ പിതാവിനെ ഞങ്ങൾക്കു കാണിച്ചുതരേണം എന്നു നീ പറയുന്നതു എങ്ങനെ?” (യോഹ, 14:9). ഫിലിപ്പോസിൻ്റെ ആവശ്യം പിതാവിനെ കാണണം എന്നതാണ്. ഒരു മറുചോദ്യമാണ് യേശുവിൻ്റെ മറുപടി: ”നീ എന്നെ അറിയുന്നില്ലയോ ഫിലിപ്പൊസേ?” അപ്പോൾ ഞാനാരാണ്? ഞാൻ തന്നേ അവൻ; ഞാനാകുന്നവൻ ഞാനാകുന്നു. “ഞാനാകുന്നവന്‍ ഞാന്‍തന്നെ എന്ന് നിങ്ങള്‍ വിശ്വസിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ പാപങ്ങളില്‍ മരിക്കും.” (യോഹ, 8:24). ഇത് യെഹൂദനു മാത്രമല്ല; എനിക്കും നിങ്ങൾക്കും രക്ഷപ്രാപിപ്പാൻ ഇച്ഛിക്കുന്ന എല്ലാവർക്കും ബാധകമാണ്. ഏകസത്യദൈവമായ യഹോവ തന്നെയാണ് കാലസമ്പൂർണ്ണതയിൽ യേശുവെന്ന സംജ്ഞാനാമത്തിലും പുത്രനെന്ന സ്ഥാനനാമത്തിലും മനുഷ്യനായി വെളിപ്പെട്ട് ക്രൂശിൽ മരിച്ച് രക്ഷയൊരുക്കിയതെന്ന് വിശ്വസിച്ചില്ലെങ്കിൽ, നാം നമ്മുടെ പാപങ്ങളിൽ മരിക്കുമെന്നാണ് യേശു പറയുന്നത്. [കാണുക: ഞാനും പിതാവും ഒന്നാകുന്നു]

യേശുവിൻ്റെ പരസ്യശുശ്രൂഷ അവസാനിച്ച് യേശു യെരൂശലേം ദൈവാലയത്തിൽനിന്നു കടന്നുപോകുമ്പോൾ യെശയ്യാവിൻ്റെ പ്രവചനത്തിൽനിന്ന് രണ്ടു വേദഭാഗങ്ങൾ യോഹന്നാൻ ഉദ്ധരിക്കുന്നുണ്ട്: ഒന്നാമുദ്ധരണി; “ഞങ്ങൾ കേൾപ്പിച്ചതു ആർ‍ വിശ്വസിച്ചിരിക്കുന്നു? കർത്താവിൻ്റെ (യഹോവയുടെ) ഭുജം ആർ‍ക്കു വെളിപ്പെട്ടിരിക്കുന്നു?” എന്നു യെശയ്യാപ്രവാചകൻ പറഞ്ഞ വചനം നിവൃത്തിയാവാൻ ഇടവന്നു.(യോഹ, 12:38; യെശ, 53:1). ഇവിടെ ‘യഹോവയുടെ ഭുജം ആർ‍ക്കു വെളിപ്പെട്ടു’ എന്നു ചോദിച്ചാൽ യഹോവയുടെ കൈ ആരു കണ്ടു എന്നല്ല; പ്രത്യുത, യഹോവ ആർക്കു വെളിപ്പെട്ടു അഥവായഹോവയുടെ പ്രവൃത്തി ആർക്കു വെളിപ്പെട്ടു എന്നാണ്. യെശയ്യാവ് 53-ാം അദ്ധ്യായം ക്രിസ്തുവിനെക്കുറിച്ചാണ്. ‘ക്രിസ്തു’ (അഭിഷിക്തൻ) എന്നാൽ യഹോവയുടെ മനുഷ്യ പ്രത്യക്ഷതയാണ്. യോഹന്നാൻ്റെ 39-ാം വാക്യം: “അവർക്കു വിശ്വസിപ്പാൻ കഴിഞ്ഞില്ല; അതിന്റെ കാരണം യെശയ്യാവു വേറെ ഒരേടത്തു പറയുന്നതു.” എന്ത് വിശ്വസിപ്പാൻ കഴിഞ്ഞില്ല? വന്നിരിക്കുന്നത് യിസ്രായേലിൻ്റെ രാജാവായ യഹോവയാണെന്ന് (യോഹ, 1:49) അവർക്ക് വിശ്വസിപ്പാൻ കഴിഞ്ഞില്ല. രണ്ടാമുദ്ധരണി; എന്തുകൊണ്ടാണ് യെഹൂദന്മാർക്ക് പുത്രനെന്ന സ്ഥാനനാമത്തിൽ വെളിപ്പെട്ട യഹോവയെ വിശ്വസിക്കാൻ കഴിയാഞ്ഞത്? അതിൻ്റെ കാരണം യെശയ്യാവ് 6:10-ൽ നിന്നു യോഹന്നാൻ ഉദ്ധരിക്കുന്നു: “അവർ കണ്ണുകൊണ്ടു കാണുകയോ ഹൃദയംകൊണ്ടു ഗ്രഹിക്കയോ മനം തിരികയോ താൻ അവരെ സൌഖ്യമാക്കുകയോ ചെയ്യാതിരിക്കേണ്ടതിന്നു അവരുടെ കണ്ണു അവൻ കുരുടാക്കി ഹൃദയം തടിപ്പിച്ചിരിക്കുന്നു.” (യോഹ, 12:40). തുടർന്നു യോഹന്നാൻ പറയുന്നു: “യെശയ്യാവു അവൻ്റെ തേജസ്സു കണ്ടു അവനെക്കുറിച്ചു സംസാരിച്ചതു കൊണ്ടാകുന്നു ഇതു പറഞ്ഞതു.” (യോഹ, 12:41). യെശയ്യാവ് കണ്ട തേജസ്സ് ആരുടെയാണെന്ന് യെശയ്യാപ്രവചനം ആറാം അദ്ധ്യായത്തിലുണ്ട്: “ഉസ്സീയാരാജാവു മരിച്ച ആണ്ടിൽ കർത്താവു, ഉയർന്നും പൊങ്ങിയുമുള്ള സിംഹാസനത്തിൽ ഇരിക്കുന്നതു ഞാൻ കണ്ടു; അവന്റെ വസ്ത്രത്തിന്റെ വിളുമ്പുകൾ മന്ദിരത്തെ നിറച്ചിരുന്നു. ……. അപ്പോൾ ഞാൻ: എനിക്കു അയ്യോ കഷ്ടം; ഞാൻ നശിച്ചു; ഞാൻ ശുദ്ധിയില്ലാത്ത അധരങ്ങൾ ഉള്ളോരു മനുഷ്യൻ; ശുദ്ധിയില്ലാത്ത അധരങ്ങൾ ഉള്ള ജനത്തിന്റെ നടുവിൽ വസിക്കുന്നു; എന്റെ കണ്ണു സൈന്യങ്ങളുടെ യഹോവയായ രാജാവിനെ കണ്ടുവല്ലോ എന്നും പറഞ്ഞു.” (6:1, 5). യെശയ്യാവ് കേട്ട ശബ്ദവും കണ്ട തേജസ്സും യഹോവയുടെയാണ്. യഹോവ മനുഷ്യനായി അവർക്ക് വെളിപ്പെട്ടെങ്കിലും അവർ അവനെ തിരിച്ചറിഞ്ഞില്ല. സത്യവേദപുസ്തകം നൂതന പരിഭാഷയിൽ അത് കൃത്യമായി മനസ്സിലാക്കാം: “യെശയ്യാ യേശുവിന്‍റെ മഹത്ത്വം ദര്‍ശിച്ചുകൊണ്ട് അവിടുത്തെക്കുറിച്ചു സംസാരിക്കുകയാണു ചെയ്തത്.” (യോഹ 12:41). “ഇതു സംസാരിച്ചിട്ടു യേശു വാങ്ങിപ്പോയി അവരെ വിട്ടു മറഞ്ഞു. അവർ കാൺകെ അവൻ ഇത്ര വളരെ അടയാളങ്ങളെ ചെയ്തിട്ടും അവർ അവനിൽ വിശ്വസിച്ചില്ല.” (യോഹ, 12:37). താനാരാണെന്നു തെളിയിക്കാൻ അനവധി അടയാളങ്ങൾ ചെയ്തിട്ടും യെഹൂദന്മാർ അവനിൽ വിശ്വസിക്കാത്തതുകൊണ്ടാണ് യോഹന്നാൻ യെശയ്യാപ്രവചനം ഉദ്ധരിച്ചുകൊണ്ട് ഇത് സാക്ഷീകരിക്കുന്നത്. യെശയ്യാപ്രവചനമാണ് ക്രിസ്തുവിലൂടെ നിവൃത്തിയായതന്ന് മത്തായിയും സാക്ഷീകരിക്കുന്നു. (മത്താ, 13:14,15). യഹോവയുടെ ഈ ഭാഷണവും തേജസ്സും ക്രിസ്തുവിൻ്റെ ഭാഷണവും തേജസ്സുമായിട്ട് യോഹന്നാനും മത്തായിയും സാക്ഷ്യപ്പെടുത്തുമ്പോൾ, ഇതു പരിശുദ്ധാത്മാവിൻ്റെ ഭാഷണങ്ങളായി അപ്പൊസ്തലനായ പൗലൊസ് സാക്ഷ്യപ്പെടുത്തുന്നു. (പ്രവൃ, 28:26,27). ദൈവത്തിൽ മൂന്നു വ്യത്യസ്ത വ്യക്തികളില്ല; ഏകസത്യദൈവത്തിൻ്റെ മൂന്നു പ്രത്യക്ഷതകളും (യെഹെ, 1:28; 1തിമൊ, 3:16; പ്രവൃ, 2:3) പദവികളുമാണ് പിതാവും പുത്രനും പരിശുദ്ധാത്മാവുമെന്ന് മേല്പറഞ്ഞ വേദഭാഗങ്ങളിലൂടെ പരിശുദ്ധാത്മാവ് സാക്ഷ്യം പറയുന്നു. പരിഗ്രഹിക്കുവാൻ മനസ്സുള്ളവൻ പരിഗ്രഹിക്കട്ടെ!

“എന്നെ വീണ്ടെടുക്കുന്നവൻ ജീവിച്ചിരിക്കുന്നു എന്നും അവൻ ഒടുവിൽ പൊടിമേൽ നില്ക്കുമെന്നും ഞാൻ അറിയുന്നു.” (ഇയ്യോ, 19:25) — ‘ഞങ്ങളുടെ വീണ്ടെടുപ്പുകാരനോ സൈന്യങ്ങളുടെ യഹോവ’ (യെശ, 47:4). <××> “വചനം ജഡമായി തീർന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയിൽ പാർത്തു.” (യോഹ, 1:14). “മക്കൾ ജഡരക്തങ്ങളോടു കൂടിയവർ ആകകൊണ്ടു അവനും അവരെപ്പോലെ ജഡരക്തങ്ങളോടു കൂടിയവനായി മരണത്തിന്റെ അധികാരിയായ പിശാചിനെ തന്റെ മരണത്താൽ നീക്കി ജീവപര്യന്തം മരണഭീതിയാൽ അടിമകളായിരുന്നവരെ ഒക്കെയും വിടുവിച്ചു.” എബ്രാ, 2:14,15). ക്രിസ്തു സ്വന്ത രക്തത്താൽ തന്നേ ഒരിക്കലായിട്ടു വിശുദ്ധ മന്ദിരത്തിൽ പ്രവേശിച്ചു എന്നേക്കുമുള്ളോരു വീണ്ടെടുപ്പു സാധിപ്പിച്ചു. (എബ്രാ, 9:12; 1പത്രൊ, 1:18,19).

തേജസ്കരണം

തേജസ്കരണം (Glorified)

“മുന്നിയമിച്ചവരെ വിളിച്ചും വിളിച്ചവരെ നീതീകരിച്ചും നീതീകരിച്ചവരെ തേജസ്കരിച്ചുമിരിക്കുന്നു.” (റോമ, 8:30)

തേജസ്കരണത്തെക്കുറിക്കുന്ന ഗ്രീക്കുപദം ടൊക്സ്സാസൊ (δοξάζω – doxazo) 62 പ്രാവശ്യം പുതിയനിയമത്തിലുണ്ട്. മഹത്വം (മത്താ, 5:16), മാനം (മത്താ, 6:2), തേജസ്കരണം (യോഹ, 12:16) എന്നിങ്ങനെ തർജ്ജമ ചെയ്തിരിക്കുന്നു. മൂലപദമായ ടൊക്സ്സാ (δόξα – doxa) 168 പ്രാവശ്യമുണ്ട്. മഹത്വം (മത്താ, 4:8), തേജസ്സ് (മത്താ, 24:30) എന്നിങ്ങനെ പരിഭാഷ ചെയ്തിരിക്കുന്നു. “നാം മക്കൾ എങ്കിലോ അവകാശികളും ആകുന്നു; ദൈവത്തിന്റെ അവകാശികളും ക്രിസ്തുവിന്നു കൂട്ടവകാശികളും തന്നേ; നാം അവനോടുകൂടെ തേജസ്കരിക്കപ്പെടേണ്ടതിന്നു അവനോടുകൂടെ കഷ്ടമനുഭവിച്ചാലത്രേ.” (റോമ, 8:17).

തേജസ്കരണം എന്നാൽ ക്രിസ്തുവിന്റെ പുനരാഗമനത്തിൽ ദൈവമക്കൾ അവനോട് അനുരൂപപ്പെടൽ അത്രേ. “നമ്മുടെ പൌരത്വമോ സ്വർഗ്ഗത്തിൽ ആകുന്നു; അവിടെ നിന്നു കർത്താവായ യേശുക്രിസ്തു രക്ഷിതാവായി വരും എന്നു നാം കാത്തിരിക്കുന്നു. അവൻ സകലവും തനിക്കു കീഴ്പെടുത്തുവാൻ കഴിയുന്ന തന്റെ വ്യാപാരശക്തികൊണ്ടു നമ്മുടെ താഴ്ചയുള്ള ശരീരത്തെ തന്റെ മഹത്വമുള്ള ശരീരത്തോടു അനുരൂപമായി രൂപാന്തരപ്പെടുത്തും.” (ഫിലി, 3:20,21). ക്രിസ്തുവിൻ്റെ സ്വരൂപത്തോടു അനുരൂപരാകുവാനാണ് നമ്മെ മുന്നിയമിച്ചിരിക്കുന്നത്. (റോമ, 8:29). നീതീകരണത്തിൻ്റെ ഫലവും വിശുദ്ധീകരണത്തിൻ്റെ അന്തവുമാണ് തേജസ്കരണം: “മുന്നിയമിച്ചവരെ വിളിച്ചും വിളിച്ചവരെ നീതീകരിച്ചും നീതീകരിച്ചവരെ തേജസ്കരിച്ചുമിരിക്കുന്നു.” (റോമ, 8:30). “ഇങ്ങനെ നമ്മുടെ കർത്താവായ യേശു തന്റെ സകലവിശുദ്ധന്മാരുമായി വരുന്ന പ്രത്യക്ഷതയിൽ നമ്മുടെ ദൈവവും പിതാവുമായവന്റെ മുമ്പാകെ വിശുദ്ധീകരണത്തിൽ അനിന്ദ്യരായി വെളിപ്പെടുംവണ്ണം നിങ്ങളുടെ ഹൃദയങ്ങളെ സ്ഥിരപ്പെടുത്തുകയും ചെയ്യുമാറാകട്ടെ.” (1തെസ്സ, 3:13). “സമാധാനത്തിന്റെ ദൈവം തന്നേ നിങ്ങളെ മുഴുവനും ശുദ്ധീകരിക്കുമാറാകട്ടെ; നിങ്ങളുടെ ആത്മാവും പ്രാണനും ദേഹവും അശേഷം നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയിൽ അനിന്ദ്യമായി വെളിപ്പെടുംവണ്ണം കാക്കപ്പെടുമാറാകട്ടെ.” 1തെസ്സ, 5:23). 

രക്ഷയ്ക്ക് ഒരു ത്രികാല അനുഭവമുണ്ട്. അതായത് രക്ഷിക്കപ്പെട്ടു (എഫെ, 2:5, 8; റോമ, 8:24), രക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നു (1കൊരി, 1:18), രക്ഷിക്കപ്പെടും. (മത്താ, 10:22; റോമ, 5:9,10). ഇതിനു തുല്യമാണ് നീതീകരണം, വിശുദ്ധീകരണം, തേജസ്കരണം. നാം കുറ്റത്തിൽ നിന്നും പാപത്തിന്റെ ശിക്ഷയിൽനിന്നും രക്ഷിക്കപ്പെട്ടു; പാപത്തിന്റെ ശക്തിയിൽ നിന്ന് രക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നു; ഒടുവിലായി പാപത്തിന്റെ സാന്നിദ്ധ്യത്തിൽ നിന്നുതന്നെ രക്ഷിക്കപ്പെടും. ക്രിസ്തുയേശുവിൻ്റെ ക്രൂശുമരണത്താൽ പാപി കൃപയാൽ രക്ഷിക്കപ്പെട്ടു അഥവാ നീതീകരണം പ്രാപിച്ചു. (എഫെ, 2:5, 8). വിശ്വാസികൾ പരിശുദ്ധാത്മാവിനാലും ദൈവവചനത്താലും രക്ഷിക്കപ്പെട്ടുകൊണ്ടിരിക്കണം അഥവാ തങ്ങളെത്തന്നെ വിശുദ്ധീകരിക്കണം. (റോമ, 15:15; യോഹ, 17:17). ദൈവത്തിൻ്റെ കൃപയാലും ക്രിസ്തുവിൻ്റെ പക്ഷവാദത്താലും അവൻ നമ്മെ പൂർണ്ണമായി രക്ഷിക്കും അഥവാ തേജസ്കരിക്കും. (റോമ, 8:17; 8:30; തീത്തൊ, 3:4-7). “ഇവനോ, എന്നേക്കും ഇരിക്കുന്നതുകൊണ്ടു മാറാത്ത പൌരോഹിത്യം ആകുന്നു പ്രാപിച്ചിരിക്കുന്നതു. അതുകൊണ്ടു താൻ മുഖാന്തരമായി ദൈവത്തോടു അടുക്കുന്നവർക്കു വേണ്ടി പക്ഷവാദം ചെയ്‍വാൻ സാദാ ജീവിക്കുന്നവനാകയാൽ അവരെ പൂർണ്ണമായി രക്ഷിപ്പാൻ അവൻ പ്രാപ്തനാകുന്നു.” (എബ്രാ, 7:24).

വിശുദ്ധീകരണം

വിശുദ്ധീകരണം (Sanctification)

“ഏകയാഗത്താൽ അവൻ വിശുദ്ധീകരിക്കപ്പെടുന്നവർക്കു സദാകാലത്തേക്കും സൽഗുണപൂർത്തി വരുത്തിയിരിക്കുന്നു.” (എബ്രാ, 10:14)

ശുദ്ധീകരണം, വിശുദ്ധീകരണം, ശുദ്ധീകരിക്കുക, വിശുദ്ധീകരിക്കുക എന്നീ പദങ്ങൾ അർത്ഥാന്തരം കൂടാതെയാണ് ബൈബിളിൽ പ്രയോഗിച്ചിട്ടുള്ളത്, ഹഗിയാസോ (ἁγιάζω hagiazo) എന്ന ഗ്രീക്കുധാതുവിനെ വിശുദ്ധീകരിക്കുക (മത്താ, 6:9; ലൂക്കൊ, 11:2; യോഹ, 10:36; 17:17, 19; റോമ, 15:15; 1കൊരി, 1:2; 7:14; എഫെ, 5:26; 1തിമൊ, 4:5; എബ്രാ, 2:11; 10:10, 14 ഇത്യാദി), ശുദ്ധീകരിക്കുക (മത്താ, 23:17, 19; പ്രവൃ, 26:18; 1തെസ്സ, 5:23; എബ്രാ, 9:14 ഇത്യാദി) എന്നിങ്ങനെയും ഹഗിയാസ്മൊസ് (ἁγιασμός – hagiasmos) എന്ന ഗ്രീക്കുപദത്തെ വിശുദ്ധീകരണം (റോമ, 6:19, 22; 1തെസ്സ, 4:4, 7; 2തെസ്സ, 2:13; 1തിമൊ, 2:15; 1പത്രോ, 1:2), ശുദ്ധീകരണം (1കൊരി, 1:30; 1തെസ്സ, 4:3; എബ്രാ, 12:14) എന്നിങ്ങനെയും പരിഭാഷപ്പെടുത്തിയിരിക്കുന്നു. 

വേർതിരിക്കുക എന്നതാണ് വിശുദ്ധീകരിക്കുക എന്നതിന്റെ പ്രധാനമായ ആശയം. വിശുദ്ധ ഉപയോഗത്തിനുവേണ്ടി അശുദ്ധിയിൽ നിന്നും അശുദ്ധരിൽനിന്നും ചില വസ്തുക്കളെയും വ്യക്തികളെയും വേർപെടുത്തി മാറ്റിവയ്ക്കുകയും പ്രതിഷ്ഠിക്കുകയും ചെയ്യും. യഹോവ ഏഴാം നാളിനെ ശുദ്ധീകരിച്ചു. (ഉല്പ, 2:3). ശബ്ബത്തുനാളിനെ ശുദ്ധീകരിപ്പാൻ കല്പന നൽകി. (പുറ, 20:8). സീനായിൽ വച്ച് ന്യായപ്രമാണം കൊടുക്കുന്നതിനു മുമ്പായി മോശെ ജനത്തെ ശുദ്ധീകരിച്ചു. (പുറ, 19:10, 14). മനുഷ്യന്റെയും മൃഗങ്ങളുടെയും കടിഞ്ഞൂലുകളെ യഹോവയ്ക്കായി വിശുദ്ധീകരിച്ചു. (പുറ, 13:2; സംഖ്യ, 8:17). യാഗപീഠം (പുറ, 29:37). സമാഗമനകൂടാരം (പുറ, 29:44), പുരോഹിതൻ (പുറ, 28:41), വസ്ത്രങ്ങൾ (ലേവ്യ, 8:30) എന്നിവ അനുഷ്ഠാനപരമായ ശുദ്ധീകരണത്തിന് വിധേയമായിരുന്നു. പുതിയനിയമത്തിൽ രണ്ടിടത്ത് അനുഷ്ഠാനപരമായ ശുദ്ധീകരണം പറയപ്പെടുന്നു. മന്ദിരം സ്വർണ്ണത്തെയും യാഗപീഠം വഴിപാടിനെയും ശുദ്ധീകരിക്കുന്നു. (മത്താ, 23:17, 19). സൈന്യങ്ങളുടെ യഹോവയെ ശുദ്ധീകരിച്ചാൽ അവൻ ഒരു വിശുദ്ധമന്ദിരമായിരിക്കും. (യെശ, 8:13,14). 

ദൈവം തിരുനാമത്തെ അഥവാ സ്വയം വിശുദ്ധീകരിക്കുന്നു. ന്യായവിധി, വീണ്ടെടുപ്പ് എന്നിവയിൽ തന്റെ പരമാധികാരത്തിന്റെയും ശക്തിയുടെയും നിസ്തുല്യത വെളിപ്പെടുത്തിക്കൊണ്ട് താൻ സൃഷ്ടിയിൽ നിന്നും വേർപെട്ടവനാണെന്ന് ദൈവം കാണിക്കുന്നു. ദൈവത്തിന്റെ മഹത്ത്വത്തെ വെളിപ്പെടുത്തുന്നതാണത്. (മത്താ, 6:9; യെഹെ, 36:23; 38:23; സംഖ്യാ, 20:26). പിതാവ് വിശുദ്ധീകരിച്ചു ലോകത്തിൽ അയച്ചവനെന്ന് (യോഹ, 10:36) ക്രിസ്തു സ്വയം പറയുന്നു. ഇവിടെ പെസഹാക്കുഞ്ഞാടിനെ നാലു ദിവസം വേർതിരിച്ചു നിർത്തുന്നതുപോലെ പിതാവായ ദൈവം ജഡത്തിൽ വെളിപ്പെടുവാനായി പുത്രനെ വേർതിരിച്ചു ഭൂമിയിലയച്ചു. “അവരും സാക്ഷാൽ വിശുദ്ധീകരിക്കപ്പെട്ടവർ ആകേണ്ടതിന്നു ഞാൻ അവർക്കുവേണ്ടി എന്നെത്തന്നെ വിശുദ്ധീകരിക്കുന്നു.” (യോഹ, 17:19). മാദ്ധ്യസ്ഥ ശുശ്രൂഷയ്ക്കുവേണ്ടി ക്രിസ്തു ആത്മസമർപ്പണവും പ്രതിഷ്ഠയും നടത്തിയതിനെയാണ് ഇവിടെ വിശുദ്ധികരണം എന്നു പറഞ്ഞിട്ടുള്ളത്. ക്രൂശുമരണത്തിനുവേണ്ടി ക്രിസ്തു തന്നെത്തന്നേ വേർതിരിച്ചു. ഇങ്ങനെ പിതാവായ ദൈവത്തിന്റെ ഹിതത്തിനുവേണ്ടി സ്വയം സമർപ്പിച്ചു. അതിനാലാണ് ഞാൻ നിന്റെ ഇഷ്ടം ചെയ്യാൻ വരുന്നു എന്നു പറയുവാൻ ക്രിസ്തുവിനു കഴിഞ്ഞത്. (എബ്രാ, 10:9). ക്രിസ്തുവിന്റെ വിശുദ്ധിയെക്കുറിച്ച് എബ്രായലേഖനത്തിൽ ഇങ്ങനെ കാണാം. “ഇങ്ങനെയുള്ള മഹാപുരോഹിതനല്ലോ നമുക്കുവേണ്ടിയത്: പവിത്രൻ, നിർദ്ദോഷൻ, നിർമ്മലൻ പാപികളോടു വേറുവിട്ടവൻ, സ്വർഗ്ഗത്തെക്കാൾ ഉന്നതനായിത്തീർന്നവൻ.” (എബ്രാ, 7:26). ക്രിസ്തു നമുക്ക് ദൈവത്തിങ്കൽ നിന്ന് ശുദ്ധീകരണമായി തീർന്നു. (1കൊരി, 1:30). “എല്ലാവരോടും സമാധാനം ആചരിച്ചു ശുദ്ധീകരണം പ്രാപിപ്പാൻ ഉത്സാഹിപ്പിൻ. ശുദ്ധീകരണം കൂടാതെ ആരും കർത്താവിനെ കാണുകയില്ല.” (എബ്രാ, 12:14). ദൈവത്തിന്റെ ഇഷ്ടം നമ്മുടെ ശുദ്ധീകരണം തന്നേ. (1തെസ്സ, 4:3). ദൈവം നമുക്കുവേണ്ടി ചെയ്തതാണ് നീതീകരണം. ദൈവം നമ്മിൽ ചെയ്യുന്നതാണ് ശുദ്ധീകരണം. നീതീകരണം നമ്മ നിയമപരമായി ദൈവവുമായി ശരിയായ ബന്ധത്തിൽ ആക്കിവയ്ക്കുന്നു. പാപത്തിൽ നിന്ന് വേർപെട്ട് ദൈവത്തിനായി സമർപ്പിച്ചുകൊണ്ട് ജീവിതത്തിൽ നീതീകരണത്തിന്റെ ഫലം പ്രദർശിപ്പിക്കുന്നതാണ് വിശുദ്ധീകരണം. സ്ഥാനീയവിശുദ്ധി നീതീകരണത്തിനു സമസ്ഥാനീയമാണ്. നീതീകരണം മനുഷ്യനെ നിയമപരമായ വീക്ഷണത്തിൽ കാണുന്നു; സ്ഥാനീയ വിശുദ്ധീകരണം നൈതിക വീക്ഷണത്തിലും. ശുദ്ധീകരണത്തിന് മൂന്നു തലങ്ങളുണ്ട്: സ്ഥാനീയശുദ്ധീകരണം; ആനുഭവികശുദ്ധീകരണം; അന്തിമശുദ്ധീകരണം.  

സ്ഥാനീയശുദ്ധീകരണം: “ഇതാ ഞാൻ നിന്റെ ഇഷ്ടം ചെയ്യാൻ വരുന്നു എന്നു പറഞ്ഞുകൊണ്ട് അവൻ രണ്ടാമത്തതിനെ സ്ഥാപിക്കാൻ ഒന്നാമത്തേതിനെ നീക്കിക്കളയുന്നു. ആ ഇഷ്ടത്തിൽ നാം യേശുക്രിസ്തു ഒരിക്കലായി കഴിച്ച ശരീരയാഗത്താൽ വിശുദ്ധീകരിക്കപ്പെട്ടിരിക്കുന്നു. ഏകയാഗത്താൽ അവൻ വിശുദ്ധീകരിക്കപ്പെടുന്നവർക്ക് സദാകാലത്തേക്കും സൽഗുണപൂർത്തി വരുത്തിയിരിക്കുന്നു.” (എബ്രാ, 10:910, 14). വിശ്വാസിക്കു ക്രിസ്തുവിൽ ലഭിച്ചിരിക്കുന്ന നിലയാണ് സ്ഥാനീയശുദ്ധീകരണം. രക്ഷാകരമായ ദൈവകൃപയാലാണ് അതു ലഭിച്ചത്. ദൈവികമായി ലഭിച്ച ഈ പദവിക്കനുസരിച്ച് ജീവിക്കുവാൻ നാം ബാദ്ധ്യസ്ഥരാണ്. ഇതിനെ പ്രായോഗിക വിശുദ്ധീകരണം എന്നു പറയാം. (റോമ, 12:1; എഫെ, 4:1; കൊലൊ, 3:1). ക്രിസ്തുവിനോടുള്ള ഏകീഭാവവും ക്രിസ്തുവിലെ നിലയും ആണ് സ്ഥാനീയശുദ്ധീകരണത്തിന് ആധാരമായിരിക്കുന്നത്. അത് എല്ലാ വിശ്വാസികൾക്കും പൂർണ്ണമാണ്. എല്ലാ വിശ്വാസികളും വിശുദ്ധരും വിശുദ്ധീകരിക്കപ്പെട്ടവരുമാണ്. (പ്രവൃ, 20:32; 1കൊരി, 1:2; 6:11; എബ്രാ, 10:10, 14; യൂദാ, 1:1). കൊരിന്തിലെ ക്രിസ്ത്യാനികൾ ജഡികന്മാർ ആയിരുന്നു. (1കൊരി, 5:1,2; 6:1-8). എന്നാൽ അപ്പൊസ്തലൻ അവരെ വിശുദ്ധീകരിക്കപ്പെട്ടവരെന്നും (1കൊരി,’1:2), ശുദ്ധീകരണം പ്രാപിച്ചവരെന്നും (6:11) പറയുന്നു. 

തന്റെ ജനത്തിന്റെ ശുദ്ധീകരണത്തിന് ക്രിസ്തുവിന്റെ മരണം ആവശ്യമായിരുന്നു. “അങ്ങനെ യേശുവും സ്വന്തരക്തത്താൽ ജനത്തെ വിശുദ്ധീകരിക്കേണ്ടതിന്ന് നഗരവാതിലിന് പുറത്തുവെച്ച് കഷ്ടം അനുഭവിച്ചു.” (എബ്രാ, 13:12). ഒരുവൻ ക്രിസ്തുവിനെ സ്വീകരിക്കുമ്പോൾ അവന്റെ അസ്തിത്വം ക്രിസ്തുവിലായി അവന്റെ ജീവൻ ക്രിസ്തുവിനോടൊപ്പം ദൈവത്തിൽ മറയുന്നു. (കൊലൊ, 3:3). ക്രിസ്തു വിശ്വാസിക്ക് ശുദ്ധീകരണമായിത്തീർന്നു. (1കൊരി, 1:30). തന്മൂലം അവൻ ക്രിസ്തുവിൽ പൂർണ്ണനായി. (കൊലൊ, 2:10). ക്രിസ്തുതുല്യനായി ദൈവത്തിന്റെ സന്നിധിയിൽ നിൽക്കുന്നു. (റോമ, 8:29). ക്രിസ്തുവിന്റെ നീതിയും വിശുദ്ധിയും വിശ്വാസിക്ക് കണക്കിട്ടിരിക്കുകയാണ്.  

അനുഭവികശുദ്ധീകരണം: ഇത് വിശ്വാസിയുടെ ഭൗമിക ജീവിതവുമായി ബന്ധപ്പെട്ടതാണ്. “പ്രിയമുള്ളവരേ, ഈ വാഗ്ദത്തങ്ങൾ നമുക്ക് ഉള്ളതുകൊണ്ട് നാം ജഡത്തിലെയും ആത്മാവിലെയും സകല കന്മഷവും നീക്കി നമ്മെത്തന്നെ വെടിപ്പാക്കി ദൈവഭയത്തിൽ വിശുദ്ധിയെ തികച്ചുകൊൾക.” (2കൊരി, 7:1). പ്രായോഗിക ജീവിതത്തിലെ ശുദ്ധി അഥവാ ആനുഭവിക ശുദ്ധീകരണത്തിന് അടിസ്ഥാനം സ്ഥാനീയശുദ്ധീകരണമാണ്. ക്രിസ്തുവിൽ ഉള്ളവർ അഥവാ വിശുദ്ധീകരിക്കപ്പെട്ടവർക്കാണ് അനുഭവികശുദ്ധീകരണം ലഭിക്കുന്നത്. (റോമ, 6:1-11). വിശ്വാസി പൂർണ്ണമായും ദൈവത്തിനു സമർപ്പിക്കുമ്പോൾ വിശുദ്ധീകരണത്തിൽ പുരോഗതി ലഭിക്കുന്നു. പരിശുദ്ധാത്മാവിനാൽ ജഡത്തിന്റെ പ്രവൃത്തികൾ മരിക്കുകയും (റോമ, 8:13) വചനം അനുസരിക്കുകയും ആത്മാവിന്റെ ഫലങ്ങൾ പുറപ്പെടുവിക്കുകയും ചെയ്യും. (ഗലാ, 5:22). അങ്ങനെ ദൈവകൃപയിലും നമ്മുടെ കർത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ കൃപയിലും വളരുകയും (2പത്രൊ, 3:18), സ്നേഹത്തിൽ വർദ്ധിച്ചുവരികയും (1തെസ്സ, 3:12) ചെയ്യും.

അന്തിമശുദ്ധീകരണം: ഇത് തേജസ്കരണം അഥവാ ക്രിസ്തുവിന്റെ പുനരാഗമനത്തിൽ അവനോട് അനുരൂപപ്പെടൽ അത്രേ. “എന്നാൽ ഞങ്ങൾക്കു നിങ്ങളോടുള്ള സ്നേഹം വർദ്ധിക്കുന്നതുപോലെ കർത്താവ് നിങ്ങൾക്കു തമ്മിലും എല്ലാവരോടുമുള്ള സ്നേഹം വർദ്ധിപ്പിച്ചു കവിയുമാറാക്കുകയും ഇങ്ങനെ നമ്മുടെ കർത്താവായ യേശു തന്റെ സകലവിശുദ്ധരുമായി വരുന്ന പ്രത്യക്ഷതയിൽ നമ്മുടെ ദൈവവും പിതാവുമായവന്റെ മുമ്പാകെ വിശുദ്ധീകരണത്തിൽ അനിന്ദ്യരായി വെളിപ്പെടുംവണ്ണം നിങ്ങളുടെ ഹൃദയങ്ങളെ സ്ഥിരപ്പെടുത്തുകയും ചെയ്യുമാറാകട്ടെ. “1തെസ്സ, 3:12,13). നാം കുറ്റത്തിൽ നിന്നും പാപത്തിന്റെ ശിക്ഷയിൽനിന്നും രക്ഷിക്കപ്പെട്ടു; പാപത്തിന്റെ ശക്തിയിൽ നിന്ന് രക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നു; ഒടുവിലായി പാപത്തിന്റെ സാന്നിദ്ധ്യത്തിൽ നിന്നുതന്നെ രക്ഷിക്കപ്പെടും. മരണത്തിലോ (എബ്രാ, 12:23), തന്റെ വരവിലോ (1തെസ്സ, 3:13; എബ്രാ, 9:28; 1യോഹ, 3:2; യൂദാ, 21) കർത്താവിനെ കാണുമ്പോൾ പാപത്തിന്റെ സാന്നിദ്ധ്യത്തിൽ നിന്നും നമുക്കു രക്ഷ ലഭിക്കും. അതോടുകൂടി വിശ്വാസിയുടെ ശരീരം തേജസ്കരിക്കപ്പെടും. “ആത്മാവെന്ന ആദ്യദാനം ലഭിച്ചിരിക്കുന്ന നാമും നമ്മുടെ ശരീരത്തിന്റെ വീണ്ടെടുപ്പായ പുത്രത്വത്തിന്നു കാത്തുകൊണ്ടു ഉള്ളിൽ ഞരങ്ങുന്നു.” (റോമ, 8:23).

ശുദ്ധീകരണത്തിന്റെ വിധവും ഉപാധികളും: മനുഷ്യന്റെ വിശുദ്ധീകരണത്തിൽ ദൈവത്തിനും മനുഷ്യനും പങ്കുണ്ട്. 1. ദൈവം വിശുദ്ധീകരിക്കുന്നു: “സമാധാനത്തിന്റെ ദൈവം തന്നെ നിങ്ങളെ മുഴുവനും ശുദ്ധീകരിക്കുമാറാകട്ടെ; നിങ്ങളുടെ ആത്മാവും പ്രാണനും ദേഹവും അശേഷം നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയിൽ അനിന്ദ്യമായി വെളിപ്പെടുംവണ്ണം കാക്കപ്പെടുമാറാകട്ടെ. നിങ്ങളെ വിളിക്കുന്നവൻ വിശ്വസ്തൻ ആകുന്നു ; അവൻ അത് നിവർത്തിക്കും.” (1തെസ്സ, 5:23, 24). 2. ക്രിസ്തു വിശുദ്ധീകരിക്കുന്നു: “ഭർത്താക്കന്മാരേ, ക്രിസ്തുവും സഭയെ സ്നേഹിച്ചതു പോലെ നിങ്ങളും ഭാര്യമാരെ സ്നേഹിപ്പിൻ. അവൻ അവളെ വചനത്തോടുകൂടിയ ജലസ്നാനത്താൽ വെടിപ്പാക്കി വിശുദ്ധീകരിക്കേണ്ടതിന്നും.” (എഫെ, 5:25,26. ഒ.നോ: 1കൊരി, 1:30; ഗലാ, 6:14; എബ്രാ, 10:10). 3. പരിശുദ്ധാത്മാവ് ശുദ്ധീകരിക്കുന്നു: “ഞങ്ങളോ, കർത്താവിന്നു പ്രിയരായ സഹോദരന്മാരേ, ദൈവം നിങ്ങളെ ആദിമുതൽ ആത്മാവിന്റെ വിശുദ്ധീകരണത്തിലും സത്യത്തിന്റെ വിശ്വാസത്തിലും രക്ഷക്കായി തിരഞ്ഞെടുത്തതുകൊണ്ടു നിങ്ങൾ നിമിത്തം ദൈവത്തെ എപ്പോഴും സ്തുതിപ്പാൻ കടമ്പെട്ടിരിക്കുന്നു.” (2തെസ്സ, 2:13). 4. വിശ്വാസത്താൽ (പ്രവൃ, 26:18; 15:9; 1കൊരി, 1:30): നാം ജീവിക്കുന്നതും (റോമ, 1:17), നടക്കുന്നതും (2കൊരി, 5:7), നിൽക്കുന്നതും (2കൊരി, 1:24), പോരാടുന്നതും (2തിമൊ, 6:12), ജയിക്കുന്നതും (1യോഹ, 5:4) വിശ്വാസത്താലാണ്. 5. ദൈവവചനത്താൽ: “സത്യത്താൽ അവരെ വിശുദ്ധീകരിക്കേണമേ, നിന്റെ വചനം സത്യം ആകുന്നു.” (യോഹ, 17:17. ഒ.നോ: സങ്കീ, 119:11; യോഹ, 15:3; എഫെ, 5:26). 6. ജീവിതസമർപ്പണത്തിലൂടെ: “സഹോദരന്മാരേ, ഞാൻ ദൈവത്തിന്റെ മനസ്സലിവു ഓർപ്പിച്ചു നിങ്ങളെ പ്രബോധിപ്പിക്കുന്നതു: നിങ്ങൾ ബുദ്ധിയുള്ള ആരാധനയായി നിങ്ങളുടെ ശരീരങ്ങളെ ജീവനും വിശുദ്ധിയും ദൈവത്തിന്നു പ്രസാദവുമുള്ള യാഗമായി സമർപ്പിപ്പിൻ. ഈ ലോകത്തിന്നു അനുരൂപമാകാതെ നന്മയും പ്രസാദവും പൂർണ്ണതയുമുള്ള ദൈവഹിതം ഇന്നതെന്നു തിരിച്ചറിയേണ്ടതിന്നു മനസ്സു പുതുക്കി രൂപാന്തരപ്പെടുവിൻ.” (റോമ, 12:1,2. ഒ.നോ:  യോഹ, 17:18,19). 7. ദൈവിക ശിക്ഷണത്തിന് വിധേയപ്പെടുന്നതിലൂടെ: “കർത്താവു താൻ സ്നേഹിക്കുന്നവനെ ശിക്ഷിക്കുന്നു; താൻ കൈക്കൊള്ളുന്ന ഏതു മകനെയും തല്ലുന്നു” എന്നിങ്ങനെ മക്കളോടു എന്നപോലെ നിങ്ങളോടു സംവാദിക്കുന്ന പ്രബോധനം നിങ്ങൾ മറന്നുകളഞ്ഞുവോ? നിങ്ങൾ ബാലശിക്ഷ സഹിച്ചാൽ ദൈവം മക്കളോടു എന്നപോലെ നിങ്ങളോടു പെരുമാറുന്നു; അപ്പൻ ശിക്ഷിക്കാത്ത മകൻ എവിടെയുള്ളു? എല്ലാവരും പ്രാപിക്കുന്ന ബാലശിക്ഷ കൂടാതിരിക്കുന്നു എങ്കിൽ നിങ്ങൾ മക്കളല്ല കൌലടേയന്മാരത്രേ.” (എബ്രാ, 12:6-8. ഒ.നോ: 1കൊരി, 11:32).

അന്ത്യത്താഴസമയത്ത് യേശു ശിഷ്യന്മാരുടെ കാൽ കഴുകാനൊരുങ്ങുമ്പോൾ പത്രൊസ് യേശുവിനെ വിലക്കി: ”കർത്താവേ, നീ എന്റെ കാൽ കഴുകുന്നുവോ, നീ ഒരുനാളും എന്റെ കാൽ കഴുകുകയില്ല” എന്നു പത്രൊസ് പറഞ്ഞതിന് യേശുവിൻ്റെ മറുപടി: ”ഞാൻ നിന്നെ കഴുകാഞ്ഞാൽ നിനക്കു എന്നോടുകൂടെ പങ്കില്ല.” അപ്പോൾ പത്രൊസ്: ”കർത്താവേ, എന്റെ കാൽ മാത്രമല്ല കയ്യും തലയും കൂടെ കഴുകേണമേ” എന്നു പറഞ്ഞു. യേശു അവനോടു: ”കുളിച്ചിരിക്കുന്നവന്നു കാൽ അല്ലാതെ കഴുകുവാൻ ആവശ്യം ഇല്ല; അവൻ മുഴുവനും ശുദ്ധിയുള്ളവൻ; നിങ്ങൾ ശുദ്ധിയുള്ളവർ ആകുന്നു.” (യോഹ, 13:4-10). ക്രിസ്തുവിന്റെ രക്തത്താൽ കുളികഴിഞ്ഞവരാണ് ദൈവമക്കൾ. ഇതാണ് നീതീകരിക്കപ്പെട്ടു (റോമ, 5:1) അഥവാ രക്ഷിക്കപ്പെട്ടു (എഫെ, 2:8) എന്നു പറയുന്നത്. എന്നാൽ ദൈവമക്കൾ വിശുദ്ധീകരണം അഥവാ, രക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്ന വർത്തമാനകാല അനുഭവത്തിലൂടെയാണ് ഇപ്പോൾ കടന്നുപോകുന്നത്. അതിനാൽ പരിശുദ്ധാത്മാവിൽ ആശ്രയിച്ച് വിശ്വാസി അനുദിനം വിശുദ്ധീകരണം പ്രാപിക്കേണ്ടത് ആവശ്യമാണ്. “നമുക്കു പാപം ഇല്ല എന്നു നാം പറയുന്നു എങ്കിൽ നമ്മെത്തന്നേ വഞ്ചിക്കുന്നു; സത്യം നമ്മിൽ ഇല്ലാതെയായി. നമ്മുടെ പാപങ്ങളെ ഏറ്റുപറയുന്നു എങ്കിൽ അവൻ നമ്മോടു പാപങ്ങളെ ക്ഷമിച്ചു സകല അനീതിയും പോക്കി നമ്മെ ശുദ്ധീകരിപ്പാൻ തക്കവണ്ണം വിശ്വസ്തനും നീതിമാനും ആകുന്നു. നാം പാപം ചെയ്തിട്ടില്ല എന്നു പറയുന്നുവെങ്കിൽ അവനെ അസത്യവാദിയാക്കുന്നു; അവന്റെ വചനം നമ്മിൽ ഇല്ലാതെയായി.” (1യോഹ, 1:8). ഇതാണ്, “ഞാൻ നിന്നെ കഴുകാഞ്ഞാൽ നിനക്കു എന്നോടുകൂടെ പങ്കില്ല” എന്ന് കർത്താവ് പറയുന്നത്. നാം നമ്മുടെ കുറവുകൾ ഏറ്റുപറയാത്തിടത്തോളം അവന് നമ്മെ കഴുകാൻ കഴിയില്ല. ക്രിസ്തുവുമായി നമുക്കൊരു അഭേദ്യമായ ബന്ധമുണ്ടാകണമെങ്കിൽ അനുദിനം നാം വിശുദ്ധീകരണം പ്രാപിക്കണം.

വിളി

വിളി (Call)

“അതുകൊണ്ടു സഹോദരന്മാരേ, നിങ്ങളുടെ വിളിയും തിരഞ്ഞെടുപ്പും ഉറപ്പാക്കുവാൻ അധികം ശ്രമിപ്പിൻ.” (2പത്രൊ, 1:10)

ദൈവത്തിൽ നിന്നു മനുഷ്യനു ലഭിക്കുന്ന ക്ഷണമാണ് വിളി. ഗ്രീക്കുപദം കലെയോ (καλέω – kaleo – വിളിക്കുക – മത്താ, 1:25) ആണ്. ദൈവം മുന്നറിയുകയും തിരഞ്ഞെടുക്കുകയും മുൻനിയമിക്കുകയും ചെയ്തവര തങ്കലേക്കു കൂട്ടിച്ചേർക്കുന്നു. മുന്നിയമനത്തിലെ ഉച്ചസ്ഥമായ പ്രവർത്തനമാണ് വിളി. “മുന്നിയമിച്ചവരെ വിളിച്ചും വിളിച്ചവരെ നീതീകരിച്ചും നീതീകരിച്ചവരെ തേജസ്കരിച്ചുമിരി ക്കുന്നു.” (റോമ, 8:30). ദൈവം വിളിക്കുന്നവർക്ക് വിളിയോട് പ്രതികരിക്കുവാൻ വേണ്ടി പരിശുദ്ധാത്മാവിലൂടെ ശക്തി പകരുന്നു. ഇതാണ് ദൈവത്തിന്റെ മുൻകൃപ. അതിനാൽ അതിക്രമങ്ങളാലും പാപങ്ങളാലും മരിച്ചവരായ പാപികൾ ദൈവത്തിന്റെ വിളി കേൾക്കുന്നു. “എന്നെ അയച്ച പിതാവു ആകർഷിച്ചിട്ടല്ലാതെ ആർക്കും എന്റെ അടുക്കൽ വരുവാൻ കഴികയില്ല; ഞാൻ ഒടുക്കാത്ത നാളിൽ അവനെ ഉയിർത്തെഴുന്നേല്പിക്കും.” (യോഹ, 6:44). ആകർഷിക്ക എന്നത് ദൈവത്തിന്റെ വിളിയെക്കുറിക്കുന്നു. ദൈവകൃപയാൽ വിളിക്കപ്പെട്ടവരെയാണ് ദൈവം തിരഞ്ഞെടുക്കുന്നത്. “അതുകൊണ്ടു സഹോദരന്മാരേ, നിങ്ങളുടെ വിളിയും തിരഞ്ഞെടുപ്പും ഉറപ്പാക്കുവാൻ അധികം ശ്രമിപ്പിൻ.” (2പത്രൊ, 1:10).

പിതാവായ ദൈവത്തിന്റെ പ്രവൃത്തിയാണ് വിളി. മുന്നറിഞ്ഞവരെ പുത്രന്റെ സ്വരൂപത്തോട് അനുപരാകുവാൻ മുന്നിയമിച്ചത് പിതാവാണ്. (റോമ, 8:29). അന്ധകാരത്തിൽനിന്ന് അത്ഭുത പ്രകാശത്തിലേക്കുള്ളതാണ് ഈ വിളി. (1പത്രൊ, 2:9). യേശുക്രിസ്തുവിന്റെ കൂട്ടായ്മയിലേക്കാണ് ദൈവം നമ്മെ വിളിച്ചത്. “തന്റെ പുത്രനും നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കൂട്ടായ്മയിലേക്കു നിങ്ങളെ വിളിച്ചിരിക്കുന്ന ദൈവം വിശ്വസ്തൻ.” (1കൊരി, 1:29). തൻ്റെ രാജ്യത്തിനും മഹത്ത്വത്തിനും (1തെസ്സ, 2:12; 2പത്രൊ, 1:3), നിത്യതേജസ്സിനും (1പത്രൊ, 5:10) ആണ് ദൈവം വിളിക്കുന്നത്. സമാധാനജീവിതവും (1കൊരി, 7:15; കൊലൊ, 3:15), സ്വാതന്ത്ര്യവും (ഗലാ, 5:13), പ്രത്യാശയും (എഫെ, 1:18; 4:4), വിശുദ്ധീകരണവും (1തെസ്സ, 4:7), നിത്യജീവനും (1തിമൊ, 6:12), ദൈവത്തിന്റെ വിളി ഉൾക്കൊള്ളുന്നു. ഇതു പരമവിളിയും (ഫിലി, 3:14), സ്വർഗീയവിളിയും (എബ്രാ, 3:1), വിശുദ്ധവിളിയും (2തിമൊ, 1:9) ആണ്. 

വിവിധ മുഖാന്തരങ്ങളിലൂടെയാണ് ദൈവം വിളിക്കുന്നത്: 1. പരിശുദ്ധാത്മാവ് പാപികളെ വിളിക്കുകയും ക്രിസ്തുവിനെ സ്വീകരിക്കുവാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു. (യോഹ, 16:8; എബ്രാ, 3:7). 2. ദൈവം തന്റെ വചനത്തിലൂടെ വിളിക്കുന്നു. “ഞങ്ങൾ പ്രസംഗിച്ച ദൈവവചനം നിങ്ങൾ കേട്ടു, മനുഷ്യന്റെ വചനമായിട്ടല്ല സാക്ഷാൽ ആകുന്നതുപോലെ ദൈവവചനമായിട്ടുതന്നെ കൈക്കൊണ്ടതിനാൽ ഞങ്ങൾ ദൈവത്തെ സ്തുതിക്കുന്നു; വിശ്വസിക്കുന്ന നിങ്ങളിൽ അതു വ്യാപരിച്ചുകൊണ്ടിരിക്കുന്നു.” (1തെസ്സ, 2:13. “നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ മഹത്ത്വം പ്രാപിപ്പാനല്ലോ അവൻ ഞങ്ങളുടെ സുവിശേഷഘോഷണത്താൽ നിങ്ങളെ രക്ഷക്കു വിളിച്ചത്.” (2തെസ്സ, 2:14). 3. ദൈവം തന്റെ ദാസന്മാരിലൂടെ വിളിക്കുന്നു. (2ദിന, 36:15,16; യിരെ, 25:4; മത്താ, 22:2-9). പൗലൊസ് ആദ്യം ഫിലിപ്പി സന്ദർശിച്ചപ്പോൾ ലുദിയ സുവിശേഷം കേട്ടു. അപ്പോൾ ‘പൗലൊസ് സംസാരിച്ചതു ശ്രദ്ധിക്കേണ്ടതിന്നു കർത്താവു അവളുടെ ഹൃദയം തുറന്നു.’ (പ്രവൃ, 16:14). 4. പരിശുദ്ധാത്മാവും സഭയും വിളിക്കുന്നു. “വരിക എന്നു ആത്മാവും മണവാട്ടിയും പറയുന്നു; കേൾക്കുന്നവനും: വരിക എന്നു പറയട്ടെ; ദാഹിക്കുന്നവൻ വരട്ടെ: ഇച്ഛിക്കുന്നവൻ ജീവജലം സൗജന്യമായി വാങ്ങട്ടെ.” (വെളി, 22:17). 

സുവിശേഷ ഘോഷണത്തിലൂടെയാണ് രക്ഷയ്ക്കുള്ള ആഹ്വാനം നൽകുന്നത്. കുറഞ്ഞതു മൂന്നു കാര്യങ്ങൾ സുവിശേഷദൂതിൽ ശ്രദ്ധിക്കപ്പെടേണ്ടതുണ്ട്: 1. എല്ലാവരും പാപം ചെയ്തു: “ഒരു വ്യത്യാസവുമില്ല; എല്ലാവരും പാപം ചെയ്തുദൈവതേജസ്സു ഇല്ലാത്തവരായിത്തീർന്നു.” (റോമ, 3:23). 2. പാപത്തിന്റെ ശിക്ഷ മരണം: “പാപത്തിന്റെ ശമ്പളം മരണമത്രേ; ദൈവത്തിന്റെ കൃപാവരമോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ നിത്യജീവൻ തന്നേ.” (റോമ, 6:23). 3. പാപത്തിനു പ്രായശ്ചിത്തമായി ക്രിസ്തു ക്രൂശിൽ മരിച്ചു: “ക്രിസ്തുവോ നാം പാപികൾ ആയിരിക്കുമ്പോൾ തന്നെ നമുക്കുവേണ്ടി മരിക്കയാൽ ദൈവം തനിക്കു നമ്മോടുള്ള സ്നേഹത്തെ പ്രദർശിപ്പിക്കുന്നു.” (റോമ, 5:8). “ക്രിസ്തു നമ്മുടെ പാപങ്ങൾക്കുവേണ്ടി തിരുവെഴുത്തുകളിൻ പ്രകാരം മരിച്ചു അടക്കപ്പെട്ടു; തിരുവെഴുത്തുകളിൻ പ്രകാരം മൂന്നാംനാൾ ഉയിർത്തെഴുന്നേറ്റു.” (1കൊരി, 15:3,4). ഇതാണ് സുവിശേഷം. പൗലൊസ് അപ്പൊസ്തലൻ തിമൊഥെയൊസിനെ ഓർപ്പിച്ചു: “ദാവീദിന്റെ സന്തതിയായി ജനിച്ചു മരിച്ചിട്ടു ഉയിർത്തെഴുന്നേറ്റിരിക്കുന്ന യേശുക്രിസ്തുവിനെ ഓർത്തുകൊൾക. അതു ആകുന്നു എന്റെ സുവിശേഷം.” (2തിമൊ, 2:8). സുവിശേഷദൂതിലൂടെയുള്ള എല്ലാ വിളികളിലും മുഴങ്ങിക്കേൾക്കുന്നതു ക്രിസ്തുവിന്റെ ആഹ്വാനമാണ്. “അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളാരേ, എല്ലാവരും എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും. ഞാൻ സൗമ്യതയും താഴ്മയും ഉള്ളവൻ ആകയാൽ എന്റെ നുകം ഏറ്റുകൊണ്ടു എന്നോടു പഠിപ്പിൻ; എന്നാൽ നിങ്ങളുടെ ആത്മാക്കൾക്കു ആശ്വാസം കണ്ടെത്തും.” (മത്താ, 11:28,29). 

ദൈവത്തിന്റെ മുന്നിയമനത്തിന് അനുസരണമായി (പ്രവൃ, 13:48; 18:10) നല്കപ്പെടുന്ന മുൻകൃപയുടെ (Prevenient grace) ഫലമായിട്ടാണ് (പ്രവൃ, 2:47; 11:18,21-23; 14:27; 15:7; 16:14; 28:27) വിളിയോടു പ്രതികരിക്കുവാൻ പാപികൾക്കു കഴിയുന്നത്. പിതാവായ ദൈവം പുത്രനായ ക്രിസ്തുവിനു നല്കിയ ഇഷ്ടദാനമാണ് വിശ്വാസികൾ. അവരെ രക്ഷിക്കാനാണ് താൻ അയയ്ക്കപ്പെട്ടതെന്നു ക്രിസ്തു പറഞ്ഞു. (യോഹ, 16:37; 17:2, 6, 9, 24; 18:9). അവർ തന്റെ ആടുകളാണ്. (യോഹ, 10:14, 26; 13:1). അവർക്കുവേണ്ടിയാണ് ക്രിസ്തു അപേക്ഷിച്ചത്: “ഇവർക്കുവേണ്ടി മാത്രമല്ല, ഇവരുടെ വചനത്താൽ എന്നിൽ വിശ്വസിപ്പാനിരിക്കുന്നവർക്കു വേണ്ടിയും ഞാൻ അപേക്ഷിക്കുന്നു.” (യോഹ, 17:20). പരിശുദ്ധാത്മാവിലൂടെ ക്രിസ്തു അവരെ തങ്കലേക്കാകർഷിക്കുകയും (യോഹ, 12:32; 6:44; 10:16,27; 16:8), അവർക്കു നിത്യജീവൻ നല്കുകയും (യോഹ, 10:28; 5:21; 6:40; 17:2; മത്താ, 11:27), അവരിൽ ഒന്നുപോലും നഷ്ടപ്പെടാതെ സുക്ഷിക്കുകയും (യോഹ, 6:39; 10:28; 17:11, 15; 18:9) അവരെ തന്റെ മഹത്ത്വത്തിലേക്കു കൂട്ടിക്കൊണ്ടു വരികയും (യോഹ, 14:2; 17:24; എബ്രാ, 2:10), ഒടുക്കത്തെനാളിൽ ഉയിർപ്പിക്കുകയും (യോഹ, 5:28, 6:39) ചെയ്യും.

രക്ഷയുടെ ഭദ്രത

രക്ഷയുടെ ഭദ്രത (The assurance of salvation)

“ഞാൻ അവെക്കു നിത്യജീവൻ കൊടുക്കുന്നു; അവ ഒരുനാളും നശിച്ചു പോകയില്ല; ആരും അവയെ എന്റെ കയ്യിൽ നിന്നു പിടിച്ചുപറിക്കയും ഇല്ല. അവയെ തന്നിരിക്കുന്ന എന്റെ പിതാവു എല്ലാവരിലും വലിയവൻ; പിതാവിന്റെ കയ്യിൽ നിന്നു പിടിച്ചുപറിപ്പാൻ ആർക്കും കഴികയില്ല.” (യോഹ, 10:28,29).

ദൈവകൃപയാൽ നീതീകരിക്കപ്പെട്ട് പരിശുദ്ധാത്മാവിനാൽ പുതുജനനം പ്രാപിച്ച് വിശ്വാസത്താൽ ക്രിസ്തുവിൽ ചേർന്നവർ കൃപയിൽ നിന്നൊരിക്കലും വീണുപോകാതെ അന്ത്യത്തോളം, നിത്യതയിലും നിലനിൽക്കുമെന്നതാണ് രക്ഷയുടെ ഭദ്രത സൂചിപ്പിക്കുന്നത്. രക്ഷയെ സംബന്ധിച്ചിടത്തോളം തിരുവെഴുത്തുകൾ വെളിപ്പെടുത്തുന്ന മൗലിക ഉപദേശമാണിത്. വിശ്വാസികൾക്ക് സദാകാലവും ആശ്വാസം നൽകുന്ന ഈ ഉപദേശം വളരെയധികം ദുർവ്യാഖ്യാനങ്ങൾക്കും ദുരുപയോഗങ്ങൾക്കും വിധേയമായിട്ടുണ്ട്. രക്ഷയുടെ ഭദ്രത യഥാർത്ഥ രക്ഷാനുഭവം പ്രാപിച്ചവർക്കു മാത്രമാണെന്നതു ശ്രദ്ധേയമാണ്. രക്ഷാനുഭവം പ്രാപിച്ചവർ എന്ന് സാക്ഷ്യം പറയുന്നവരും ചില ജീവകാരുണ്യ പ്രവൃത്തികളിലൂടെ ക്രൈസ്തവദൗത്യം പ്രകടിപ്പിക്കുന്നവരും വാസ്തവമായി രക്ഷിക്കപ്പെട്ടവർ ആയിരിക്കണമെന്നില്ല. ഒരു ക്രിസ്ത്യാനി പിന്മാറിപ്പോകുകയോ പാപത്തിൽ വീഴുകയോ ചെയ്യാതിരിക്കുമെന്ന് രക്ഷയുടെ ഭദ്രത ഉറപ്പുപറയുന്നില്ല. എന്നാൽ അവർ ഒരിക്കലും തങ്ങൾ ആയിരിക്കുന്ന കൃപയിൽ നിന്നു വീണുപോകയില്ലെന്നും തങ്ങളുടെ പിന്മാറ്റത്തിൽ നിന്നും അവർ മടങ്ങിവരുമെന്നും അതു ഉറപ്പുപറയുന്നു. എന്നാൽ പലരിലും രക്ഷയെക്കുറിച്ചുള്ള ഉറപ്പോ രക്ഷയുടെ ഭദ്രതയിൽ വിശ്വാസമോ ഇല്ല. തിരുവെഴുത്തുകളിലുള്ള അജ്ഞതയാണ് ഇതിനു കാരണം. പ്രവൃത്തികളാലല്ല കൃപയാലത്രേ രക്ഷിക്കപ്പെട്ടത്. “കൃപയാലല്ലോ നിങ്ങൾ വിശ്വാസംമൂലം രക്ഷിക്കപ്പെട്ടി രിക്കുന്നത്; അതിനും നിങ്ങൾ കാരണമല്ല; ദൈവത്തിന്റെ ദാനമത്രേയാകുന്നു.” (എഫെ, 2:8). പ്രവൃത്തികളാൽ രക്ഷ ലഭിച്ചെങ്കിൽ അതു പ്രവൃത്തികളാൽ നഷ്ടപ്പെടുമായിരുന്നു. രക്ഷിക്കപ്പെടാത്ത അവസ്ഥയിൽ സ്വന്തം പ്രവൃത്തികൾ കൊണ്ട് രക്ഷനേടാൻ കഴിയാത്തതുപോലെ രക്ഷിക്കപ്പെട്ട ഒരു വ്യക്തിക്ക് തന്റെ പ്രവൃത്തികളാൽ രക്ഷ നഷ്ടപ്പെടുത്താനും കഴിയുകയില്ല; വിശ്വാസിയിൽ വസിക്കുന്ന ദൈവം അതനുവദിക്കില്ല. മാറ്റമില്ലാത്തവനായ ക്രിസ്തുവിലൂടെ ദൈവം നൽകിയിരിക്കുന്ന രക്ഷ മാറ്റമില്ലാത്തതാണ്. ഈ പ്രമേയം ഉപദേശനിബദ്ധവും, യുക്തി സംഗതവും അത്രേ.

രക്ഷയുടെ ഭദ്രതയെക്കുറിച്ചുള്ള ഉറപ്പുലഭിക്കുന്നതിന് പാപികൾക്കുവേണ്ടി ദൈവം കരുതിയ രക്ഷയുടെ സ്വഭാവം എന്താണെന്ന് മനസ്സിലാക്കിയിരിക്കേണ്ടതാണ്; ഒപ്പം ഈ രക്ഷയുടെ ഉത്തരവാദി ആരാണെന്നും. ദൈവം തന്നെയാണ് തന്റെ അനാദിനിർണ്ണയപ്രകാരം രക്ഷ ഒരുക്കിയതെന്നും മാനുഷികമായ യാതൊരംശവും മനുഷ്യന്റെ യാതൊരു പങ്കും അതിലില്ലെന്നും മനസ്സിലാക്കിക്കഴിയുമ്പോൾ രക്ഷ ഭ്രദമാണെന്ന് ഉറപ്പാകും. രക്ഷയുടെ പ്രവൃത്തി ദൈവം ചെയ്തതാകയാൽ സർവ്വജ്ഞനായ ദൈവത്തിന്നു പിഴ പറ്റുകയില്ലെന്നും അതിനു വീഴ്ച സംഭവിക്കുകയില്ലെന്നും വ്യക്തമാണ്. മാനുഷികമായ അംശം രക്ഷയിൽ ഉണ്ടെങ്കിൽ മാനുഷികമായ പിഴകളും പരിമിതികളും അതിൽ പ്രതിഫലിക്കുകയും രക്ഷ നഷ്ടപ്പെടുകയും ചെയ്യും. ക്രിസ്തുവിലെ വിശ്വാസത്തിലൂടെ ദൈവത്തിങ്കലേക്കു വരുന്ന പാപിക്കുവേണ്ടി പിതാവായ ദൈവവും പുത്രനും പരിശുദ്ധാത്മാവും ചെയ്യുന്ന വേല നാം മനസ്സിലാക്കേണ്ടതാണ്.

രക്ഷയുടെ ഭദ്രതയ്ക്ക് അടിസ്ഥാനമായ സത്യങ്ങൾ താഴെ കൊടുക്കുന്നു:

1. ദൈവികനിർണ്ണയം: വിശ്വാസിയുടെ ഭദ്രതയ്ക്ക് അടിസ്ഥാനമായിരിക്കുന്നത് പിതാവായ ദൈവത്തിന്റെ നിർണ്ണയമാണ്. ദൈവനിർണ്ണയത്തെ തടുക്കുവാനോ മാറ്റുവാനോ ആർക്കും കഴിയുകയില്ല. “സൈന്യങ്ങളുടെ യഹോവ ആണയിട്ടു അരുളിച്ചെയ്യുന്നത്. ഞാൻ വിചാരിച്ചതുപോലെ സംഭവിക്കും; ഞാൻ നിർണ്ണയിച്ചതുപോലെ നിവൃത്തിയാകും.” (യെശ, 14:249). “അവനോ അനന്യൻ; അവനെ തടുക്കുന്നതു ആർ? തിരുവുള്ളത്തിന്റെ താത്പര്യം അവൻ അനുഷ്ഠിക്കും.” (ഇയ്യോ, 23:13). “നാം തിരുസന്നിധിയിൽ വിശുദ്ധരും നിഷ്കളങ്കരും ആകേണ്ടതിന്നു ദൈവം നമ്മെ തിരഞ്ഞെടുത്തിരിക്കുന്നു . “ നാം തന്റെ സന്നിധിയിൽ വിശുദ്ധരും നിഷ്കളങ്കരും ആകേണ്ടതിന്നു അവൻ ലോകസ്ഥാപനത്തിന്നു മുമ്പെ നമ്മെ അവനിൽ തിരഞ്ഞെടുക്കയും” (എഫെ, 1:4). അനേകം പുത്രന്മാരെ തേജസ്സിലേക്ക് നടത്തുകയാണ് ദൈവത്തിന്റെ സ്വർഗ്ഗീയനിർണ്ണയം. (എബ്രാ, 2:10). അനേകം പുത്രന്മാരെ തേജസ്സിലേക്കു കൊണ്ടു വരുമ്പോൾ, അതിൽ ഒരു വ്യക്തി നഷ്ടപ്പെടുന്നത് ദൈവികനിർണ്ണയം പരാജയപ്പെടുന്നതിനു തുല്യമാണ്. രക്ഷിക്കപ്പെട്ടവരെ സംബന്ധിച്ച് ദൈവത്തിന്നുള്ള നിർണ്ണയം ഇതാണ്: “അവൻ മുന്നിവരെ തന്റെ പുത്രൻ അനേകം സഹോദരന്മാരിൽ ആദ്യജാതൻ ആകേണ്ടതിന്നു അവന്റെ സ്വരൂപത്തോടു അനുരൂപരാകുവാൻ മുന്നിയമിച്ചുമിരിക്കുന്നു. മുന്നിയമിച്ചവരെ വിളിച്ചും വിളിച്ചവരെ നീതീകരിച്ചും നീതീകരിച്ചവരെ തേജസ്കരിച്ചുമിരിക്കുന്നു.” (റോമ, 8:29,30). എഫെസ്യലേഖനത്തിലും അപ്പൊസ്തലനായ പൗലൊസ് ദൈവത്തിന്റെ ഈ നിർണ്ണയം വ്യക്തമാക്കുന്നുണ്ട്: “അവനിൽ നാം അവകാശവും പ്രാപിച്ചു. തന്റെ ഹിതത്തിന്റെ ആലോചന പോലെ സകലവും പ്രവർത്തിക്കുന്നവന്റെ നിർണ്ണയപ്രകാരം മുന്നിയമിക്കപ്പെട്ടതു മുമ്പിൽ കൂട്ടി ക്രിസ്തുവിൽ ആശവെച്ചവരായ ഞങ്ങൾ അവന്റെ മഹത്ത്വത്തിന്റെ പുകഴ്ചെക്കാകേണ്ടതിന്നു തന്നേ.” (എഫെ, 1:11,12). ഓരോ വ്യക്തികളും ക്രിസ്തുവിലാകുന്നത് തൻ്റെ അനാദിനിർണ്ണയത്താലാണ്. ഒരു വ്യക്തിയുടെയെങ്കിലും രക്ഷ നഷ്ടപ്പെട്ടാൽ ദൈവത്തിൻ്റെ നിർണ്ണയം പിഴച്ചുപോകില്ലേ?

2. ദൈവശക്തി: ക്രിസ്തുവിലൂടെ ദൈവത്തിന്റെ അടുക്കൽ വരുന്നവരെ രക്ഷിക്കുവാനും സൂക്ഷിക്കുവാനുമുള്ള ദൈവത്തിന്റെ ശക്തി രക്ഷയുടെ ഭദ്രതയ്ക്ക് അടിസ്ഥാനമാണ്: “അവയെ തന്നിരിക്കുന്ന എന്റെ പിതാവ് എല്ലാവരിലും വലിയവൻ; പിതാവിന്റെ കയ്യിൽ നിന്നു പിടിച്ചുപറിക്കാൻ ആർക്കും കഴികയില്ല.” (യോഹ, 10:29). ദൈവം സൂക്ഷിക്കുവാൻ ശക്തനാണ്. ദൈവത്തിന് സൂക്ഷിക്കുവാൻ കഴിവില്ലാതിരിക്കണമെങ്കിൽ ദൈവത്തെക്കാൾ ശക്തനായ ഒരുവൻ ഉണ്ടായിരിക്കണം. അവനു മാത്രമേ ദൈവത്തിന്റെ കരത്തിൽ നിന്നും വിശ്വാസിയെ പിടിച്ചുപറിക്കാനാവൂ. എന്നാൽ ദൈവം സർവ്വാധികാരിയും സർവ്വശക്തനുമാണ്. “ഞാൻ ആരെ വിശ്വസിച്ചിരിക്കുന്നു എന്നറിയുന്നു; അവൻ എന്റെ ഉപനിധി ആ ദിവസം വരെ സൂക്ഷിപ്പാൻ ശക്തൻ എന്നു ഉറച്ചുമിരിക്കുന്നു.” (2തിമൊ, 1:12). മാത്രവുമല്ല, നിങ്ങളിൽ നല്ല പ്രവൃത്തിയെ ആരംഭിച്ചവൻ യേശുക്രിസ്തുവിന്റെ നാളോളം അതിനെ തികയ്ക്കും എന്ന് അപ്പൊസ്തലന് ഉറപ്പുണ്ട്. (ഫിലി, 1:4). ഒരു വിശ്വാസി ദൈവശക്തിയിൽ കാക്കപ്പെടുകയാണ്. (1പത്രൊ, 1:4; റോമ, 16:25; യൂദാ, 24). വിശ്വാസിക്ക് ദൈവം അനുകൂലമാണ്. തന്മൂലം അവനെതിരായിരിക്കുവാൻ ഒരു ശക്തിക്കും സാദ്ധ്യമല്ല. “ഇതു സംബന്ധിച്ചു നാം എന്തു പറയേണ്ടു? ദൈവം നമുക്കു അനുകൂലം എങ്കിൽ നമുക്കു പ്രതികൂലം ആർ? സ്വന്തപുത്രനെ ആദരിക്കാതെ നമുക്കു എല്ലാവർക്കുംവേണ്ടി ഏല്പ്പിച്ചുതന്നവൻ അവനോടു കൂടെ സകലവും നമുക്കു നല്കാതിരിക്കുമോ? ദൈവം തിരഞ്ഞെടുത്തവരെ ആർ കുറ്റം ചുമത്തും? നീതീകരിക്കുന്നവൻ ദൈവം. ശിക്ഷ വിധിക്കുന്നവൻ ആർ? ക്രിസ്തുയേശു മരിച്ചവൻ; മരിച്ചിട്ടു ഉയിർത്തെഴുന്നേറ്റവൻ തന്നേ; അവൻ ദൈവത്തിന്റെ വലത്തുഭാഗത്തിരിക്കയും നമുക്കുവേണ്ടി പക്ഷവാദം കഴിക്കയും ചെയ്യുന്നു.” (റോമ, 8:31-34). ക്രിസ്തുവിൽ വിശ്വസിച്ച പൗലൊസ് പറയുന്നത്; ആ ദിവസംവരെ ഞാൻ നില്ക്കുമെന്നല്ല; അവനെന്നെ സൂക്ഷിക്കുമെന്നാണ്. ക്രിസ്തുവിലായ ഒരു വ്യക്തിയുടെയെങ്കിലും രക്ഷ നഷ്ട്ടപ്പെട്ടാൽ ദൈവത്തിൻ്റെ സർവ്വശക്തിയും കൂടെ നഷ്ടപ്പെടില്ലേ?

3. സർവ്വജ്ഞാനം: മുന്നറിവ്, മുൻനിർണ്ണയം, മുന്നിയമനം, വിളി, തിരഞ്ഞെടുപ്പ്, നീതീകരണം, തേജസ്കരണം തുടങ്ങിയവയെല്ലാം ദൈവത്തിൻ്റെ സർവ്വജ്ഞാനത്തിൽ ഉൾപ്പെട്ടതാണ്. “ആരംഭത്തിങ്കൽ തന്നേ അവസാനവും പൂർവ്വകാലത്തു തന്നേ മേലാൽ സംഭവിപ്പാനുള്ളതും ഞാൻ പ്രസ്താവിക്കുന്നു; എന്റെ ആലോചന നിവൃത്തിയാകും; ഞാൻ എന്റെ താല്പര്യമൊക്കെയും അനുഷ്ടിക്കും എന്നു ഞാൻ പറയുന്നു.” (യെശ, 46:10). ദൈവത്തിൻ്റെ സർവ്വവ്യാപിത്വം അവൻ്റെ സർവ്വജ്ഞത്വത്തിൻ്റെ അനുബന്ധ ഘടകമാണ്. (സങ്കീ, 139:1-10; സദൃ, 15:13; യിരെ, 23:23-25). ”ദൈവത്തിന്റെ വിവേകത്തിന്നു അന്തമില്ല.” (സങ്കീ, 147:5). ”ദൈവത്തിനു മറഞ്ഞിരിക്കുന്ന ഒരു സൃഷ്ടിയുമില്ല; സകലവും അവന്റെ കണ്ണിന്നു നഗ്നവും മലർന്നതുമായി കിടക്കുന്നു.” (എബ്രാ, 4:13). നമ്മുടെ തലമുടിപോലും എണ്ണപ്പെട്ടിരിക്കുന്നു. (മത്താ, 10:30). ദൈവം തിരഞ്ഞെടുത്ത ഒരാളെങ്കിലും നഷ്ടപ്പെട്ടുപോയാൽ ദൈവമെങ്ങനെ സർവ്വജ്ഞനായിരിക്കും?

4. ദൈവത്തിന്റെ വാഗ്ദത്തം: “തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു.” (യോഹ, 3:16). വൈരുദ്ധ്യത്തെ നിഷേധിച്ചുകൊണ്ട് നിത്യരക്ഷയെ ഉറപ്പിച്ചിരിക്കുകയാണിവിടെ. “ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: എന്റെ വചനം കേട്ടു എന്നെ അയച്ചവനെ വിശ്വസിക്കുന്നവന്നു നിത്യജീവൻ ഉണ്ട്; അവൻ ന്യായവിധിയിൽ ആകാതെ മരണത്തിൽനിന്നു ജീവങ്കലേക്കു കടന്നിരിക്കുന്നു.” (യോഹ, 5:24). ന്യായവിധിയിൽ കടക്കയില്ല എന്നു നിഷേധരൂപത്തിലും മരണത്തിൽനിന്ന് ജീവനിലേക്ക് കടന്നിരിക്കുന്നു എന്ന് ഭാവരൂപത്തിലും പറഞ്ഞിരിക്കുന്നതു ശ്രദ്ധിക്കുക. ദൈവം മനുഷ്യനു നൽകുന്നത് ഒരേ ഒരു ജീവനാണ്; അതായത് നിത്യജീവൻ. നിത്യജീവൻ ദൈവത്തിന്റെ ജീവനാണ്. ദൈവത്തിന്റെ ജീവൻ മരണത്തിനു വിധേയമാകാത്തതുപോലെ ദൈവപൈതലിന് ദൈവം നൽകുന്ന ജീവനും അവസാനിക്കയില്ല. വാഗ്ദത്തം ചെയ്തിട്ട് കൈവിട്ട് കളഞ്ഞാൽ ദൈവം അവിശ്വസ്തനാണെന്ന് വരില്ലേ?

5. ദൈവസ്നേഹം: നിത്യതയിൽ നിന്നുതന്നെ തന്റെ മക്കളെ തിരഞ്ഞെടുക്കുവാൻ ദൈവത്തെ പ്രേരിപ്പിച്ചത് അവന്റെ നിത്യസ്നേഹമാണ്. സ്നേഹത്തിൽ നമ്മെ മുന്നിയമിച്ചു എന്നാണ് അപ്പൊസ്തലൻ പറയുന്നത്. (എഫെ, 16). ദൈവത്തിന്റെ അസ്തിത്വത്തെ പോലെ ഒരിക്കലും മാറ്റമില്ലാത്തതാണ് തന്റെ സ്നേഹം. താൻ ഇനിയും സൃഷ്ടിക്കേണ്ടിയിരുന്ന മനുഷ്യനെ ദൈവം സ്നേഹിച്ചു. മാനുഷിക സ്നേഹത്തെപ്പോലെ തന്റെ സൃഷ്ടികൾ നല്ലവരായിരിക്കുമ്പോൾ അവരെ സ്നേഹിക്കുകയും ദോഷികളായിരിക്കുമ്പോൾ അവരെ വെറുക്കുകയും ചെയ്യുകയായിരുന്നില്ല ദൈവസ്നേഹം. മനുഷ്യർ അഭക്തരും, പാപികളും, ബലഹീനരും ആയിരിക്കവെയാണ് ദൈവം അവരെ സ്നേഹിച്ചത്. “നാം ബലഹീനർ ആയിരിക്കുമ്പോൾ തന്നെ ക്രിസ്തു തക്കസമയത്തു അഭക്തർക്കുവേണ്ടി മരിച്ചു. നീതിമാന്നുവേണ്ടി ആരെങ്കിലും മരിക്കുന്നതു ദുർല്ലഭം; ഗുണവാനുവേണ്ടി പക്ഷേ മരിപ്പാൻ തുനിയുമായിരിക്കും. ക്രിസ്തുവോ നാം പാപികൾ ആയിരിക്കുമ്പോൾ തന്നെ നമുക്കുവേണ്ടി മരിക്കയാൽ ദൈവം തനിക്കു നമ്മോടുള്ള സ്നേഹത്തെ പ്രദർശിപ്പിക്കുന്നു. അവന്റെ രക്തത്താൽ നീതീകരിക്കപ്പെട്ടശേഷമോ നാം അവനാൽ എത്ര അധികമായി കോപത്തിൽ നിന്നു രക്ഷിക്കപ്പെടും. ശത്രുക്കളായിരിക്കുമ്പോൾ തന്നെ നമുക്കു അവന്റെ പുത്രന്റെ മരണത്താൽ ദൈവത്തോടു നിരപ്പുവന്നു എങ്കിൽ നിരന്നശേഷം നാം അവന്റെ ജീവനാൽ എത്ര അധികമായി രക്ഷിക്കപ്പെടും.” (റോമ, 5:6-10). പാപിയെ രക്ഷിച്ചശേഷം സാത്താന് വിട്ടുകൊടുത്താൽ ദൈവസ്നേഹം സ്വാത്ഥമാണെന്ന് വരില്ലേ?

6. ദൈവനിവാസം: ആത്മീകമായി രക്ഷിക്കപ്പെട്ട ഓരോ വിശ്വാസിയും ഒരോ ദൈവമന്ദിരങ്ങളാണ്. “നിങ്ങൾ ദൈവത്തിന്റെ മന്ദിരം എന്നും ദൈവത്തിന്റെ ആത്മാവു നിങ്ങളിൽ വസിക്കുന്നു എന്നും അറിയുന്നില്ലയോ?” (1കൊരി, 3:16; ഒ.നോ: 1കൊരി, 6:19). അപ്പോൾത്തന്നെ ദൈവസഭയുടെ പണിയും നടന്നുകൊണ്ടിരിക്കയാണ്. “ക്രിസ്തുയേശു തന്നേ മൂലക്കല്ലായിരിക്കെ നിങ്ങളെ അപ്പൊസ്തലന്മാരും പ്രവാചകന്മാരും എന്ന അടിസ്ഥാനത്തിന്മേൽ പണിതിരിക്കുന്നു. അവനിൽ കെട്ടിടം മുഴുവനും യുക്തമായി ചേർന്നു കർത്താവിൽ വിശുദ്ധമന്ദിരമായി വളരുന്നു.” (എഫെ, 2:20,21). യേശുക്രിസ്തുവെന്ന മൂലക്കല്ലിന്മേൽ അപ്പൊസ്തലന്മാരെയും പ്രവാചകന്മാരെയും അടിസ്ഥാനമാക്കിക്കൊണ്ടും രക്ഷിക്കപ്പെടുന്നവരെ ഇഷ്ടികകൾ ആക്കിക്കൊണ്ടും, ദൈവാത്മാവ് രണ്ടായിരം വർഷമായിട്ട് ദൈവത്തിൻ്റെ സഭ പണിതുകൊണ്ടിരിക്കുകയാണ്. ഈ മന്ദിരത്തിൻ്റെ അഥവാ സഭയുടെ പണി തീരുമ്പോഴാണ് അക്ഷരാർത്ഥത്തിൽ ദൈവം മനുഷ്യരോടുകൂടി വസിക്കുന്നത്. (വെളി, 21:3). രക്ഷിക്കപ്പെട്ടവർ ഓരോരുത്തരായി നഷ്ടപ്പെട്ടുകൊണ്ടിരുന്നാൽ ദൈവനിവസം പണിതീരാത്ത വീടാകില്ലേ?

7. ക്രിസ്തുവിന്റെ മരണം: പിതാവായ ദൈവം രക്ഷ ആസൂത്രണം ചെയ്തു. പുത്രനായ ക്രിസ്തു രക്ഷ സിദ്ധമാക്കി. ക്രിസ്തുവിന്റെ മരണത്തിൽ നമ്മുടെ രക്ഷ ഭദ്രമായിരിക്കുന്നു. ക്രിസ്തു നമുക്കുവേണ്ടി മരിച്ചു. (റോമ, 5:8). അതുകൊണ്ട് ഇപ്പോൾ യേശുക്രിസ്തുവിലുള്ളവർക്ക് ഒരു ശിക്ഷാവിധിയും ഇല്ല. (റോമ, 8:1). പാപികൾക്കുവേണ്ടി ക്രിസ്തു കഷ്ടം അനുഭവിക്കുകയും മരിക്കുകയും ചെയ്തതുകൊണ്ടു അവൻ നിത്യരക്ഷയ്ക്ക് കാരണഭൂതനായി. “പുത്രൻ എങ്കിലും താൻ അനുഭവിച്ച കഷ്ടങ്ങളാൽ അനുസരണം പഠിച്ചു തികഞ്ഞവനായി തന്നെ അനുസരിക്കുന്ന ഏവർക്കും നിത്യരക്ഷയുടെ കാരണഭൂതനായിത്തീർന്നു.” (എബ്രാ, 5:8,9). ക്രിസ്തുവിന്റെ മരണം ലോകത്തിന്റെ പാപത്തിന് മതിയായ പ്രായശ്ചിത്തമായിരുന്നു. മനുഷ്യവർഗ്ഗത്തിന് ദൈവത്തോടുണ്ടായിരുന്ന കടം മുഴുവൻ ക്രിസ്തുവിന്റെ മരണത്താൽ തീർന്നു. സകല മനുഷ്യർക്കുമായി രക്ഷാമാർഗ്ഗം തുറന്നു. നിവൃത്തിയായി എന്ന് ക്രൂശിൽ വെച്ച് ക്രിസ്തു പ്രഖ്യാപിച്ചു. പാപത്തിന്റെ വില ക്രിസ്തു തന്റെ മരണം മൂലം പൂർണ്ണമായി കൊടുത്തു. തന്മൂലം ക്രിസ്തുവിനെ സ്വന്തരക്ഷിതാവായി സ്വീകരിക്കുന്ന വ്യക്തിക്ക് വിമോചനച്ചീട്ട് ലഭിച്ചു; അവൻ സ്വതന്ത്രനായി. ക്രിസ്തു തൻ്റെ മരണംകൊണ്ട് സമ്പാദിച്ച രക്ഷയിൽനിന്നു വിശ്വാസികൾ വീണുപോയാൽ, ക്രിസ്തുവിനെ താല്ക്കാലിക രക്ഷയുടെ കാരണഭൂതനെന്നല്ലാതെ; നിത്യരക്ഷയുടെ കാരണഭൂതനെന്ന് എങ്ങനെ വിളിക്കും?

8. ക്രിസ്തുവിന്റെ ഉയിർത്തെഴുന്നേല്പ്: രണ്ടു കാരണങ്ങളാൽ ക്രിസ്തുവിന്റെ ഉയിർത്തെഴുന്നേല്പ് ദൈവപൈതലിനു ലഭിച്ചിരിക്കുന്ന രക്ഷയുടെ ഭദ്രതയ്ക്ക് അടിസ്ഥാനമായി വർത്തിക്കുന്നു. 1. യേശുക്രിസ്തുവിന്റെ പുനരുത്ഥാനജീവന് വിശ്വാസി പങ്കാളിയായി. 2. ഉയിർത്തെഴുന്നേറ്റ ക്രിസ്തു തലയായിരിക്കുന്ന പുതുസൃഷ്ടിയുടെ ഭാഗമായി വിശ്വാസി മാറി. ദൈവപുത്രന്റെ പുനരുത്ഥാനജീവന് വിശ്വാസി പങ്കാളിയായി. വിശ്വാസി ക്രിസ്തുവിനോടുകൂടെ ഉയിർത്തെഴുന്നേറ്റു. (കൊലൊ, 2:12). വിശ്വാസിയെ ക്രിസ്തുയേശുവിൽ അവനോടുകൂടെ ഉയിർത്തെഴുന്നേല്പിച്ചു സ്വർഗ്ഗത്തിലിരുത്തി. (എഫെ, 2:7). സ്വർഗ്ഗത്തിൽനിന്നു ഒരു ദൈവപൈതലിനെ തട്ടിയെടുക്കുവാൻ ഒരു ശക്തിക്കും കഴിയുകയില്ല. “നമ്മുടെ അതിക്രമങ്ങൾ നിമിത്തം മരണത്തിന്നു ഏല്പിച്ചും നമ്മുടെ നീതീകരണത്തിന്നായി ഉയിർപ്പിച്ചുമിരിക്കുന്ന നമ്മുടെ കർത്താവായ യേശുവിനെ മരിച്ചവരിൽനിന്നു ഉയിർപ്പിച്ചവനിൽ വിശ്വസിക്കുന്ന നമുക്കും കണക്കിടുവാനുള്ളതാകയാൽ തന്നേ.” (റോമ, 4:24). നാം നീതീകരിക്കപ്പെട്ടിരിക്കുകയാണ്. ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിൽ ആയിരിക്കുകയും ഉയിർത്തെഴുന്നേറ്റ ക്രിസ്തു ഉള്ളിൽ ആയിരിക്കുകയും ചെയ്യുന്നത് ഒരു ആത്മിക പുനരുത്ഥാനമാണ്. ഒരു വിശ്വാസിയുടെ പൂർണ്ണമായ ആളത്തത്തെ സംബന്ധിച്ചിടത്തോളം ഭാവിയിൽ ശരീരത്തിന്റെ പുനരുത്ഥാനത്തിലുടെയോ ശരീരത്തിന്റെ തേജസ്കരണത്തിലൂടെയോ അതു പൂർത്തിയാകും. “ആകയാൽ നിങ്ങൾ ക്രിസ്തുവിനോടുകൂടെ ഉയിർത്തെഴുന്നേറ്റിരിക്കുന്നു എങ്കിൽ ക്രിസ്തു ദൈവത്തിന്റെ വലതുഭാഗത്തു ഇരിക്കുന്നിടമായ ഉയരത്തിലുള്ളത് അന്വേഷിപ്പിൻ. ഭൂമിയിലുള്ളതല്ല ഉയരത്തിലുള്ളതു തന്നെ ചിന്തിപ്പിൻ. നിങ്ങൾ മരിച്ചു നിങ്ങളുടെ ജീവൻ ക്രിസ്തുവിനോടു കൂടെ ദൈവത്തിൽ മറഞ്ഞിരിക്കുന്നു. നമ്മുടെ ജീവനായ ക്രിസ്തു വെളിപ്പെടുമ്പോൾ നിങ്ങളും അവനോടുകൂടെ തേജസ്റ്റിൽ വെളിപ്പെടും.” (കൊലൊ, 3-4). വിശ്വാസിയുടെ പൗരത്വവും (ഫിലി, 3:20) വിശ്വാസിയേയും ക്രിസ്തുവിനോടുകൂടി സ്വർഗ്ഗത്തിൽ ഇരുത്തിയിരിക്കുന്നു. (എഫെ, 2:7) സ്വർഗ്ഗത്തിൽ ഇരുത്തിയിരിക്കുന്ന ദൈവപൈതലിനെ സാത്താൻ എന്തുചെയ്യും?

9. ക്രിസ്തുവിന്റെ പക്ഷവാദവും മധ്യസ്ഥതയും: സ്വർഗ്ഗാരോഹണം ചെയ്ത് ക്രിസ്തു നമുക്കുവേണ്ടി ദൈവത്തിന്റെ സന്നിധിയിൽ പക്ഷവാദം ചെയ്യുന്നത് നമ്മുടെ രക്ഷയെ ഉറപ്പിക്കുന്നു. “ക്രിസ്തു വാസ്തവമായതിന്റെ പ്രതിബിംബമായി കൈപ്പണിയായ വിശുദ്ധമന്ദിരത്തിലേക്കല്ല, ഇപ്പോൾ നമുക്കുവേണ്ടി ദൈവസന്നിധിയിൽ പ്രത്യക്ഷനാവാൻ സ്വർഗ്ഗത്തിലേക്കത്രേ പ്രവേശിച്ചതു.” (എബാ, 9:24). ഒരു വിശ്വാസി പാപം ചെയ്തുവെങ്കിൽ അവനുവേണ്ടി വാദിക്കുവാൻ കാര്യസ്ഥനായ ക്രിസ്തു പിതാവിന്റെ അടുക്കലുണ്ട്. “എന്റെ കുഞ്ഞുങ്ങളേ . നിങ്ങൾ പാപം ചെയ്യാതിരിപ്പാൻ ഞാൻ ഇതു നിങ്ങൾക്കു എഴുതുന്നു. ഒരുത്തൻ പാപം ചെയ്തു എങ്കിലോ, നീതിമാനായ യേശുക്രിസ്തു എന്ന കാര്യസ്ഥൻ നമുക്കു പിതാവിന്റെ അടുക്കൽ ഉണ്ട്. അവൻ നമ്മുടെ പാപങ്ങൾക്കു പ്രായശ്ചിത്തം ആകുന്നു; നമ്മുടേതിനു മാത്രമല്ല, സർവ്വലോകത്തിന്റെ പാപത്തിന്നും തന്നേ.” (1യോഹ, 2:1-2). നമ്മുടെ പാപരാഹിത്യത്തിലോ പ്രായോഗികവിശുദ്ധിയിലോ നമ്മുടെ രക്ഷ അടിസ്ഥാനപ്പെട്ടിരുന്നുവെങ്കിൽ അതിന് ഒരു ഭദ്രതയും ഉണ്ടാകുമായിരുന്നില്ല. നാം ചെയ്ത എല്ലാ പാപത്തിനും പ്രായശ്ചിത്തമാണ് തന്റെ രക്തം. അവന്റെ രക്തം നമ്മുടെ സർവ്വപാപങ്ങളിൽ നിന്നും നമ്മെ കഴുകി ശുദ്ധീകരിക്കുന്നു. കാൽവരിയിൽ ചൊരിയപ്പെട്ട രക്തത്തിന്റെ വെളിച്ചത്തിലാണ് ക്രിസ്തു നമ്മുടെ പാപങ്ങൾക്കുവേണ്ടി പക്ഷവാദം ചെയ്യുന്നത്. വിശ്വാസികളെ ദൈവസന്നിധിയിൽ കുറ്റാരോപണം ചെയ്യുന്നത് സാത്താനാണ്. “അപ്പോൾ ഞാൻ സ്വർഗ്ഗത്തിൽ ഒരു മഹാശബ്ദം പറഞ്ഞു കേട്ടത്. ഇപ്പോൾ നമ്മുടെ ദൈവത്തിന്റെ രക്ഷയും ശക്തിയും രാജ്യവും അവന്റെ ക്രിസ്തുവിന്റെ ആധിപത്യവും തുടങ്ങിയിരിക്കുന്നു; നമ്മുടെ സഹോദരന്മാരെ രാപ്പകൽ ദൈവസന്നിധിയിൽ കുറ്റം ചുമത്തുന്ന അപവാദിയെ തള്ളിയിട്ടുകളഞ്ഞുവല്ലോ.” (വെളി, 12:10). എന്നാൽ അവയ്ക്കെല്ലാം പരിഹാരമായി ക്രിസ്തു ദൈവത്തിന്റെ വലത്തുഭാഗത്ത് ഇരിക്കയും നമുക്കുവേണ്ടി പക്ഷവാദ കഴിക്കുകയും ചെയ്യുന്നു. “ശിക്ഷ വിധിക്കുന്നവൻ ആർ? ക്രിസ്തുയേശു മരിച്ചവൻ മരിച്ചിട്ടു ഉയിർത്തെഴുന്നേറ്റവൻ തന്നേ; അവൻ ദൈവത്തിന്റെ വലത്തുഭാഗത്തിരിക്കും നമുക്കുവേണ്ടി പക്ഷവാദം കഴിക്കയും ചെയ്യുന്നു. (റോമ, 8:34). രക്ഷയിൽനിന്നു വിശ്വാസികൾ കൊഴിഞ്ഞുപോയാൽ ക്രിസ്തുവിൻ്റെ മദ്ധ്യസ്ഥതയും പക്ഷവാദവും ഒരു നാടകമായി മാറില്ലേ?

10. ക്രിസ്തുവിന്റെ ഇടയശുശ്രൂഷ: സ്വർഗ്ഗത്തിൽ ക്രിസ്തു ഒരു വിശ്വസ്തനായ കാര്യസ്ഥനായിരിക്കുന്നതുപോലെ ഭൂമിയിൽ ഒരു വിശ്വസ്തനായ ഇടയനാണ്. ക്രിസ്തുവിൻ്റെ ദൈവപുത്രത്വം തെളിയിക്കുവാൻ ആവശ്യപ്പെട്ട യെഹൂദന്മാർക്കു നൽകിയ തെളിവ് തന്റെ ആടുകളെ സൂക്ഷിക്കുവാൻ തനിക്കുള്ള കഴിവാണ്. ഇന്നും എന്നും അനന്യനായ ക്രിസ്തുവിന് തന്റെ ആടുകളെ നിത്യമായി സൂക്ഷിക്കുവാൻ കഴിയും. “ഞാൻ അവയെ അറികയും അവ എന്നെ അനുഗമിക്കയും ചെയ്യുന്നു. ഞാൻ അവയ്ക്ക് നിത്യജീവൻ കൊടുക്കുന്നു, അവ ഒരുനാളും നശിച്ചുപോകയില്ല; ആരും അവയെ എന്റെ കയ്യിൽ നിന്നു പിടിച്ചുപറിക്കയും ഇല്ല. (യോഹ, 16:27,28). താൻ മുഖാന്തരമായി ദൈവത്തോട് അടുക്കുന്നവരെ പൂർണ്ണമായി രക്ഷിക്കാൻ ക്രിസ്തു പ്രാപ്തനാണെന്ന് എബ്രായ ലേഖനകാരൻ വ്യക്തമാക്കുന്നു. “അതുകൊണ്ടു താൻ മുഖാന്തരമായി ദൈവത്തോടു അടുക്കുന്നവർക്കു വേണ്ടി പക്ഷവാദം ചെയാവാൻ സദാ ജീവിക്കുന്നവനാകയാൽ അവരെ പൂർണ്ണമായി രക്ഷിപ്പാൻ അവൻ പ്രാപ്തനാകുന്നു.” (എബ്രാ, 7:25). ക്രിസ്തുവിന്റെ മഹാപൗരോഹിത്യ പ്രാർത്ഥനയിൽ (യോഹ, 17) ക്രിസ്തു അധികവും സംസാരിച്ചത് വിശ്വാസികളെ കുറിച്ചായിരുന്നു. തന്നിൽ വിശ്വസിക്കുന്നവർക്കു പ്രായശ്ചിത്തമാകേണ്ടതിന്നു ക്രൂശിൽ മരിക്കുവാൻ പോകുന്നതിനുമുമ്പ് പിതാവ് തനിക്കു നൽകിയിട്ടുള്ളവർക്കുറിച്ചുള്ള കരുതലായിരുന്നു ക്രിസ്തുവിനു പ്രധാനമായിരുന്നത്. ക്രിസ്തുവിൽ വിശ്വസിച്ച ഒരു വ്യക്തിയുടെ രക്ഷ നഷ്ടപ്പെട്ടാൽ ക്രിസ്തു കഴിച്ച അപേക്ഷ ദൈവം നിരസിച്ചു എന്നർത്ഥം. “ഇനി ഞാൻ ലോകത്തിൽ ഇരിക്കുന്നില്ല. ഇവരോ ലോകത്തിൽ ഇരിക്കുന്നു; ഞാൻ നിന്റെ അടുക്കൽ വരുന്നു. പരിശുദ്ധപിതാവേ, അവർ നമ്മെപ്പോലെ ഒന്നാകേണ്ടതിന്നു നീ എനിക്കു തന്നിരിക്കുന്ന നിന്റെ നാമത്തിൽ അവരെ കാത്തുകൊള്ളണമേ. അവരോടുകൂടെ ഇരുന്നപ്പോൾ ഞാൻ അവരെ നീ എനിക്കു തന്നിരിക്കുന്ന നിന്റെ നാമത്തിൽ കാത്തുകൊണ്ടിരുന്നു; ഞാൻ അവരെ സൂക്ഷിച്ചു; തിരുവെഴുത്തിന്നു നിവൃത്തിവരേണ്ടതിന്നു ആ നാശയോഗ്യനല്ലാതെ അവരിൽ ആരും നശിച്ചുപോയിട്ടില്ല. ഇപ്പോഴോ ഞാൻ നിന്റെ അടുക്കൽ വരുന്നു; എന്റെ സന്തോഷം അവർക്കു ഉള്ളിൽ പൂർണ്ണമാകേണ്ടതിന്നു ഇതു ലോകത്തിൽ വെച്ചു സംസാരിക്കുന്നു. ഞാൻ അവർക്കു നിന്റെ വചനം കൊടുത്തിരിക്കുന്നു; ഞാൻ ലൗകികനല്ലാത്തതുപോലെ അവരും ലൗകികന്മാരല്ലായ്കകൊണ്ടു ലോകം അവരെ പകെച്ചു. അവരെ ലോകത്തിൽനിന്നു എടുക്കേണം എന്നല്ല. ദുഷ്ടന്റെ കയ്യിൽ അകപ്പെടാതവണ്ണം അവരെ കാത്തുകൊള്ളണം എന്നത്രേ ഞാൻ അപേക്ഷിക്കുന്നത്.” (യോഹ, 17:11-16). ക്രിസ്തു വിശ്വാസികൾക്കുവേണ്ടി ഇന്നും അപേക്ഷിക്കുകയാണ്. ക്രൂശീകരണത്തിനു മുമ്പായി പത്രൊസ് എന്ന ഏകവ്യക്തിക്കുവേണ്ടി ക്രിസ്തു ചെയ്ത പ്രാർത്ഥന സുപരിചിതമാണ്.”ഞാനോ നിന്റെ വിശ്വാസം പൊയ്പ്പോകാതിരിപ്പാൻ നിനക്കു വേണ്ടി അപേക്ഷിച്ചു; എന്നാൽ നീ ഒരു സമയം തിരിഞ്ഞുവന്നശേഷം നിന്റെ സഹോദരന്മാരെ ഉറപ്പിച്ചുകൊൾക. അവൻ അവനോടു: കർത്താവേ ഞാൻ നിന്നോടുകൂടെ തടവിലാകുവാനും മരിക്കാനും ഒരുങ്ങിയിരിക്കുന്നു എന്നു പറഞ്ഞു. അതിന്നു അവൻ: പത്രാസേ, നീ എന്നെ അറിയുന്നില്ല എന്നു മൂന്നുവട്ടം തള്ളിപ്പറയും മുമ്പേ ഇന്നു കോഴി കൂകുകയില്ല എന്നു ഞാൻ നിന്നോടു പറയുന്നു എന്നുപറഞ്ഞു.” (ലൂക്കൊ, 22:32-34). ക്രിസ്തുവിന്റെ അപേക്ഷ ദൈവം കൈക്കൊള്ളുകയും പതൊസിനെ ഉറപ്പിക്കുകയും ചെയ്തു. നമുക്കു വേണ്ടി അപേക്ഷിക്കുവാൻ ദൈവസന്നിധിയിൽ ഉള്ളത് നിത്യമഹാപുരോഹിതനാണ്. ക്രിസ്തു ആത്മാക്കളുടെ ഇടയനും അദ്ധ്യക്ഷനുമാണ്. തന്റെ ആടുകളെ വീഴ്ചകളിൽ നിന്നും സാത്താന്റെ കെണികളിൽ നിന്നും അവൻ വിടുവിക്കുന്നു. ദാവീദിനോടു ചേർന്ന് നമുക്കു ഏറ്റു പറയാം. “യഹോവ എന്റെ ഇടയനാകുന്നു; എനിക്കു മുട്ടുണ്ടാകയില്ല.” (സങ്കീ, 23:1). “ഇടയനും ആടുകളുടെ ഉടമസ്ഥനുമല്ലാത്ത കൂലിക്കാരൻ ചെന്നായ് വരുന്നതു കണ്ടു ആടുകളെ വിട്ടു ഓടിക്കളയുന്നു; ചെന്നായ് അവയെ പിടിക്കയും ചിന്നിച്ചുകളകയും ചെയ്യുന്നു.” (യോഹ, 10:12). എന്നാൽ നല്ല ഇടയനായ ക്രിസ്തു താൻ ജീവൻകൊടുത്തു സമ്പാദിച്ച ആടുകളെ എങ്ങനെ ദുഷ്ടമൃഗങ്ങൾക്ക് ഏല്പിച്ചു കൊടുക്കും? തന്നിൽ വിശ്വസിക്കുന്ന ഒരു ദുർബ്ബല വിശ്വാസിയെങ്കിലും നശിച്ചുപോയാൽ താനെങ്ങനെ നല്ല ഇടയനായിരിക്കും?

11. പരിശുദ്ധാത്മാവിന്റെ ഉൾവാസം: രക്ഷയുടെ പൂർത്തീകരണത്തിന് പരിശുദ്ധാത്മാവിന്റെ സജീവപ്രവർത്തനം വിശ്വാസിയിലുണ്ട്. രക്ഷയുടെ ഭദ്രതയ്ക്ക് ഇത് ഒരു നിയാമക ഘടകമാണ്. “ദൈവത്തിന്റെ ദാനമായി നിങ്ങളിൽ ഇരിക്കുന്ന പരിശുദ്ധാത്മാവിന്റെ മന്ദിരമാകുന്നു നിങ്ങളുടെ ശരീരം എന്നും നിങ്ങളെ വിലക്കു വാങ്ങിയിരിക്കയാൽ നിങ്ങൾ താന്താങ്ങൾക്കുള്ളവരല്ല എന്നും അറിയുന്നില്ലയോ?” (1കൊരി, 6:19). പരിശുദ്ധാത്മാവിന്റെ ഉൾവാസം നിത്യമാണ്. അത് ക്ഷണികമോ കാലികമോ അല്ല. “എന്നാൽ ഞാൻ പിതാവിനോടു ചോദിക്കും; അവൻ സത്യത്തിന്റെ ആത്മാവ് എന്ന മറ്റൊരു കാര്യസ്ഥനെ എന്നേക്കും നിങ്ങളോടുകൂടെ ഇരിക്കേണ്ടതിന്നു നിങ്ങൾക്കു തരും. ലോകം അവനെ കാണുകയോ അറികയോ ചെയ്യായ്ക്കയാൽ അതിന്നു അവനെ ലഭിപ്പാൻ കഴികയില്ല; നിങ്ങളോ അവൻ നിങ്ങളോടുകൂടെ വസിക്കയും നിങ്ങളിൽ ഇരിക്കയും ചെയ്യുന്നതുകൊണ്ടു അവനെ അറിയുന്നു.” (യോഹ, 14:16-17). നാമോരോരുത്തരും നമുക്കുള്ളവരല്ല; ദൈവത്തിനുള്ളവരെങ്കിൽ നമ്മെ സൂക്ഷിക്കാൻ ദൈവത്തിനു കഴിയില്ലേ?

12. പരിശുദ്ധാത്മ സ്നാനം: പുതിയനിയമോപദേശങ്ങളിൽ ഏറ്റവുമധികം തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ള ഒന്നാണ് പരിശുദ്ധാത്മസ്നാനം. ഒരു വിശ്വാസിയെ ക്രിസ്തുവിനോടുള്ള സജീവബന്ധത്തിൽ ആക്കുന്നത് പരിശുദ്ധാത്മാവാണ്. ആത്മാവ് നൽകുന്ന വീണ്ടും ജനനത്തിലൂടെ ക്രിസ്തു വിശ്വാസിയിൽ വസിക്കുന്നു. ആത്മസ്നാനത്തിലൂടെ വിശ്വാസി ക്രിസ്തുവിൽ ആകുന്നു. ക്രിസ്തു ശിരസ്സായിരിക്കുന്ന ശരീരത്തിൽ ജീവനുള്ള അവയവങ്ങളായി വിശ്വാസികൾ ചേർക്കപ്പെടുന്നു. വികലമായ അവയവങ്ങളെക്കൊണ്ട് ക്രിസ്തുവിന്റെ മഹത്ത്വപൂർണ്ണമായ ശരീരം വികലമാകുകയോ പ്രസ്തുത ശരീരത്തിനു അംഗഭംഗം സംഭവിക്കുകയോ ഇല്ല. ഒടുക്കത്തെ ആദാം വീഴ്ച പറ്റാത്തവനാണ്. ഈ പുതുസൃഷ്ടിയിൽ ശിരസ്സ് ശരീരത്തിനു സമ്പൂർണ്ണ നില നൽകുന്നു. ക്രിസ്തു സ്വന്തരക്തത്താൽ കാന്തയെ വിലയ്ക്കു വാങ്ങിയിരിക്കുകയാണ്. “അവൻ അവളെ വചനത്തോടുകൂടിയ ജലസ്നാനത്താൽ വെടിപ്പാക്കി വിശുദ്ധീകരിക്കേണ്ടതിന്നും കറ, ചുളുക്കം മുതലായതു ഒന്നും ഇല്ലാതെ സഭയെ ശുദ്ധയും നിഷ്കളങ്കയുമായി തനിക്കുതന്നെ തേജസ്സോടെ മുന്നിറുത്തേണ്ടതിന്നും തന്നെത്താൻ അവൾക്കുവേണ്ടി ഏല്പിച്ചുകൊടുത്തു.” (എഫെ, 5:26,27). അസംഖ്യം വിശ്വാസികൾ ഉൾക്കൊളളുന്ന സഭയാണ് ക്രിസ്തുവിന്റെ കാന്ത. വിശ്വാസികളുടെ ഈ ഗണത്തിൽ ഒരുഭാഗത്തിന് രക്ഷ നഷ്ടപ്പെടുകയാണെങ്കിൽ കാന്ത അപൂർണ്ണയും വികലയും ആയിരിക്കും. എങ്കിൽ ഈ കാന്തയെക്കുറിച്ച് കളങ്കമില്ലാത്തത് എന്നുപറയാൻ സാദ്ധ്യമല്ല. പിതാവിന്റെ ഇഷ്ടദാനമായി യേശുക്രിസ്തുവിന് ലഭിക്കുന്ന കാന്ത അംഗഭംഗം സംഭവിച്ചവളാകാൻ പാടില്ല. ആ ശരീരത്തിൽ നിന്നും ഒരംശം പോലും വിച്ഛിന്നമാകാവുന്നതുമല്ല. പരിശുദ്ധാത്മസ്നാനം രക്ഷയുടെ ഭദ്രതയ്ക്ക് ഉറപ്പാണ്. ക്രിസ്തുവിൻ്റെ കാന്തയായ അവൻ്റെ സഭയായ ശരീരത്തിൽനിന്ന് വിശ്വാസികൾ നഷ്ടപ്പെട്ടാൽ; ക്രിസ്തുവിൻ്റെ കാന്ത വികലാംഗയായി മാറില്ലേ?

13. പരിശുദ്ധാത്മ മുദ്ര: “അവനിൽ നിങ്ങൾക്കും നിങ്ങളുടെ രക്ഷയെക്കുറിച്ചുള്ള സുവിശേഷം എന്ന സത്യവചനം നിങ്ങൾ കേൾക്കയും അവനിൽ വിശ്വസിക്കയും ചെയ്തിട്ടു, തന്റെ സ്വന്തജനത്തിന്റെ വീണ്ടെടുപ്പിനുവേണ്ടി തന്റെ മഹത്ത്വത്തിന്റെ പുകഴ്ചയ്ക്കായിട്ടു നമ്മുടെ അവകാശത്തിന്റെ അച്ചാരമായ വാഗ്ദത്തത്തിന്റെ പരിശുദ്ധാത്മാവിനാൽ മുദയിട്ടിരിക്കുന്നു.” (എഫെ, 1:13,14). ദൈവം തന്റെ മുദ്ര തന്റെ മക്കളിൽ പതിപ്പിച്ചിരിക്കുകയാണ്. ഈ അടയാളം മാറ്റപ്പെടാവുന്നതല്ല. അഭിഷേകമായി നമ്മിൽ വസിക്കുന്ന പരിശുദ്ധാത്മാവ് തന്നെയാണ് ഈ മുദ്ര. ഈ മുദ്രയുടെ സാന്നിദ്ധ്യം ഒരു ഇടപാടിന്റെ പൂർത്തീകരണത്തെയും ദൈവത്തിന്റെ ഉടമസ്ഥാവകാശത്തെയും നിത്യഭദ്രതയെയും വ്യക്തമാക്കുന്നു. ആത്മാവ് മുദ്രയിടുന്നതിനെക്കുറിച്ച് മൂന്നു പരാമർശങ്ങൾ പുതിയനിയമത്തിലുണ്ട്. “ഞങ്ങളെ നിങ്ങളോടു കൂടെ ക്രിസ്തുവിൽ ഉറപ്പിക്കുന്നതും നമ്മെ അഭിഷേകം ചെയ്തതും ദൈവമല്ലോ. അവൻ നമ്മ മുദ്രയിട്ടും ആത്മാവു എന്ന് അച്ചാരം നമ്മുടെ ഹൃദയങ്ങളിൽ തന്നുമിരിക്കുന്നു.” (2കൊരി, 1:21,22). ഈ ഖണ്ഡത്തിലെ നാലുഭാഗങ്ങളും രക്ഷയുടെ ഭദ്രത വ്യക്തമാക്കുന്നവയാണ്. തേജസ്സിൽ നാം അനുഭവിക്കുവാൻ പോകുന്ന ദൈവികാനുഗ്രഹത്തിന്റെ ഒരു മുൻകാഴ്ചയാണ് പരിശുദ്ധാത്മാവിന്റെ സാന്നിദ്ധ്യം ഹൃദയത്തിൽ നൽകുന്നതെന്ന് ഈ ഭാഗം വ്യക്തമാക്കുന്നു. മുദ്രയെക്കുറിച്ചു പറയുന്ന മറ്റു രണ്ടുഭാഗങ്ങളാണ് എഫെസ്യർ 1:13-14; 4:30 എന്നിവ. വീണ്ടെടുപ്പിൻ നാളിന്നായി വിശ്വാസി മുദ്രയിടപ്പെട്ടിരിക്കുന്നത് പരിശുദ്ധാത്മാവിനാലാണ്. (എഫെ, 4:30). ഇവിടെ വീണ്ടെടുപ്പ് ശരീരത്തിന്റെ തേജസ്കരണത്തെ ചൂണ്ടിക്കാണിക്കുന്നു. “ആത്മാവെന്ന ആദ്യദാനം ലഭിച്ചിരിക്കുന്ന നാമും നമ്മുടെ ശരീരത്തിന്റെ വീണ്ടെടുപ്പായ പുത്രത്വത്തിന്നു കാത്തുകൊണ്ടു ഉള്ളിൽ ഞരങ്ങുന്നു?” (റോമ, 8:23). നോഹയുടെ കാലത്തെ പ്രളയത്തിൽ പെട്ടകത്തിനകത്തു കടന്നവരെല്ലാം രക്ഷപ്പെട്ടു. അവരിൽ ആരും പുറത്തുവീണു നശിച്ചുപോകാതിരിക്കുമാറ് ദൈവം പെട്ടകത്തിന്റെ വാതിൽ പൂട്ടി. ദൈവമാണ് നമ്മുടെ രക്ഷയെ പരിശുദ്ധാത്മാവിനാൽ ഭദ്രമായി മുദ്രയിട്ടിരിക്കുന്നത്. വീണ്ടെടുപ്പുനാളിലേക്ക് മുദ്രയിട്ടിട്ട് കൈവിട്ടുകളയുന്നവനാണോ ദൈവം?

14. ആത്മമുദ്ര: “അവൻ നമ്മെ മുദ്രയിട്ടും ആത്മാവു എന്ന അച്ചാരം നമ്മുടെ ഹൃദയങ്ങളിൽ തന്നുമിരിക്കുന്നു.” (2കൊരി, 1:22). “ആത്മാവിനെ അച്ചാരമായി തന്നിരിക്കുന്ന ദൈവം” (2കൊരി, 5:5); നമ്മുടെ അവകാശത്തിന്റെ അച്ചാരമായ വാഗ്ദത്തത്തിൻ പരിശുദ്ധാത്മാവിനാൽ മുദ്രയിട്ടിരിക്കുന്നു.” (എഫെ, 14). ഒരു കരാർ ഉറപ്പിക്കുമ്പോൾ മുൻകൂറായി നല്കുന്ന തുകയ്ക്കാണ് അച്ചാരമെന്ന് പറയുന്നത്. ഭാവിയിൽ ലഭിക്കാനുള്ള നിത്യരക്ഷയുടെ ഉറപ്പാണ് അച്ചാരം. കരാറുപ്പിച്ചിട്ട് പിൻമാറിക്കളയുന്നവനാണോ ദൈവം?

15. ദൈവവചനത്തിൻ്റെ നിസ്തുലത: മനുഷ്യന്റെ സ്വാഭാവിക ജനനം കെടുന്ന ബീജത്താലും വീണ്ടുംജനനം കെടാത്ത ബീജത്താലുമാണ്. ദൈവവചനത്തെക്കുറിച്ച് കെടാത്ത ബീജം എന്നാണ് പറഞ്ഞിട്ടുള്ളത്. കെടാത്ത ബീജത്താൽ സംഭൂതമായ രക്ഷ എന്നും നിലനിൽക്കുന്നതാണ്. “കെടുന്ന ബീജത്താലല്ല കെടാത്തതിനാൽ, ജീവനുള്ളതും നിലനിൽക്കുന്നതുമായ ദൈവവചനത്താൽ തന്നെ, നിങ്ങൾ വീണ്ടും ജനിച്ചിരിക്കുന്നു.” (1പത്രൊ, 1:23). മാത്രമല്ല നമ്മുടെ അവകാശമായ രക്ഷ സ്വർഗ്ഗത്തിൽ സൂക്ഷിച്ചിരിക്കയാണ്. “അന്ത്യകാലത്തിൽ വെളിപ്പെടുവാൻ ഒരുങ്ങിയിരിക്കുന്ന രക്ഷെക്കു വിശ്വാസത്താൽ ദൈവശക്തിയിൽ കാക്കപ്പെടുന്ന നിങ്ങൾക്കു വേണ്ടി സ്വർഗ്ഗത്തിൽ സൂക്ഷിച്ചിരിക്കുന്നതും ക്ഷയം, മാലിന്യം, വാട്ടം, എന്നിവ ഇല്ലാത്തതുമായ അവകാശത്തിന്നായി തന്നേ വീണ്ടും ജനിപ്പിച്ചിരിക്കുന്നു.” (1പത്രൊ, 1:4,5). ബൈബിളിൻ്റെ ഈ നിരുപമത്വമാണ് എല്ലാ മതഗ്രന്ഥങ്ങളിൽ നിന്നും ബൈബിളിനെ വ്യത്യസ്തമാക്കുന്നത്. ക്രിസ്തുവിൻ്റെ രക്തത്താൽ കഴുകപ്പെട്ട ഒരു വിശ്വാസിയുടെയെങ്കിലും രക്ഷ നഷ്ടപ്പെട്ടാൽ ബൈബിളിൻ്റെ പ്രഭയും നഷ്ടമാകില്ലേ?

രക്ഷ എന്താണെന്ന് അറിയാത്തതുകൊണ്ടാണ് അത് നഷ്ടപ്പെടുമെന്ന് പലരും കരുതുന്നത്. “പാപത്തിൻ്റെ ശക്തിയിൽനിന്നും അധികാരത്തിൽനിന്നും ക്രിസ്തുവിന്റെ ക്രൂശുമരണം മുഖാന്തരമുള്ള വിടുതലാണ് രക്ഷ.” കാലക്രമേണ ക്ഷയിച്ചുപോകാനും, വിശ്വാസജീവിതത്തിൻ്റെ പരിശോധനകളിൽ വാടിപ്പോകാനും, ലോകത്തിൻ്റെ മാലിന്യത്താൽ കളങ്കപ്പെടുവാനും ദൈവം തൻ്റെ രക്ഷയെ ഭൂമിയിൽ ഉപേക്ഷിച്ചിരിക്കയില്ല; സ്വർഗ്ഗത്തിൽ സൂക്ഷിച്ചിരിക്കയാണ്. രക്ഷിക്കപ്പെട്ട വ്യക്തിയുടെ പൗരത്വവും മാത്രമല്ല; വിശ്വാസിയേയും ക്രിസ്തുവിനോടുകൂടെ ഉയിർപ്പിച്ച് സ്വർഗ്ഗത്തിൽ ഇരുത്തിയിരിക്കുകയാണ്. പിന്നെങ്ങനെ രക്ഷ നഷ്ടപ്പെടും???…

എതിർവാദങ്ങൾ: രക്ഷ നഷ്ടപ്പെടുമെന്നു വാദിക്കുന്നവർ ചൂണ്ടിക്കാണിക്കുന്ന ചില ന്യായങ്ങളുണ്ട് അവ:

1. രക്ഷയുടെ ഭദ്രത മനുഷ്യന്റെ സ്വാതന്ത്ര്യം ഹനിക്കുന്നു: രക്ഷയുടെ ഭദ്രത മനുഷ്യനെ ഒരു യന്ത്രമാക്കി മാറ്റുകയും തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്യം അവന് നഷ്ടപ്പെടുത്തുകയും ചെയ്യുന്നു. നൈതികവും ആത്മികവുമായ കാര്യങ്ങളിൽ വിരുദ്ധമായത് തിരഞ്ഞെടുക്കുവാനും സ്വീകരിക്കുവാനും ഉള്ള കഴിവാണ് യഥാർത്ഥസ്വാതന്ത്ര്യം എന്ന വ്യാജധാരണയാണ് ഈ വാദത്തിനു പിന്നിൽ. തെറ്റും ശരിയും തമ്മിൽ തിരഞ്ഞെടുക്കുകയല്ല, ശരിയായതു തിരഞ്ഞെടുക്കുകയാണ് സ്വാതന്ത്ര്യം. വിശുദ്ധിയുടെ നേർക്കുള്ള സ്വയം നിർണ്ണയമാണ് യഥാർത്ഥ സ്വാത്രന്ത്യം. ദൈവം സർവ്വസ്വത്രന്തനാണ്. എന്നാൽ ദൈവത്തിന് തെറ്റ് തിരഞ്ഞെടുക്കുവാനോ ചെയ്യുവാനോ കഴികയില്ല. വിശ്വാസിയിലെ പുതുജീവൻ ശരിയായതിനെ സ്വീകരിക്കുവാനും തെറ്റായതിനെ നിരസിക്കുവാനും മനുഷ്യന് സ്വാതന്ത്ര്യം നൽകുന്നു. ദൈവകൃപയാൽ ഈ സ്വാതന്ത്യത്തിലാണ് വിശ്വാസി നില്ക്കുന്നത്. “ഇച്ഛിക്ക എന്നതും പ്രവർത്തിക്ക എന്നതും നിങ്ങളിൽ ദൈവമല്ലോ തിരുവുള്ളം ഉണ്ടായിട്ടു പ്രവർത്തിക്കുന്നത്.” (ഫിലി, 2:13).  

2. ഭദ്രത അലസതയിലേക്കും അസാന്മാർഗ്ഗികതയിലേക്കും നയിക്കുന്നു: ഒരു വിശ്വാസിയുടെ രക്ഷ ഭദ്രമാണെങ്കിൽ വിശുദ്ധിയിൽ ജീവിക്കേണ്ടതിന്റെ ആവശ്യം എന്താണ്? ഇഷ്ടാനുരൂപമായ ഭോഗങ്ങൾ അനുഭവിച്ച് ഭൂമിയിൽ കഴിഞ്ഞുകൂടിയാൽ പോരേ? വീണ്ടും ജനനത്തിന്റെ സ്വഭാവത്തെക്കുറിച്ച് മനസ്സിലാക്കാത്തതാണ് ഈ ദുരുപദേശത്തിനു കാരണം. പുതുജനനത്തിലൂടെ ആന്തരികവൃത്തി പൂർണ്ണമായും പരിവർത്തനവിധേയമായിത്തീരുയും നിത്യജീവൻ പ്രാപിക്കുകയും ചെയ്യുന്നു. അതൊരിക്കലും ഭോഗങ്ങളെ കാംക്ഷിക്കുകയില്ല; ഒരു പുതിയജീവിതം ചെയ്യുവാനേ ആഗ്രഹിക്കൂ. “ദൈവത്തിൽ നിന്നു ജനിച്ചവൻ ആരും പാപം ചെയ്യുന്നില്ല; അവന്റെ വിത്തു അവനിൽ വസിക്കുന്നു; ദൈവത്തിൽനിന്നു ജനിച്ചതിനാൽ അവന്നു പാപം ചെയ്യാൻ കഴികയുമില്ല.” (1യോഹ, 3:9). വിശ്വാസി പാപത്തിൽ വീഴാം. എന്നാൽ പാപം ചെയ്യുക അവന്റെ ശീലമല്ല. പാപത്തിൽ തുടരുന്ന വ്യക്തി രക്ഷിക്കപ്പെട്ടവനല്ല. (റോമ, 6:1; 2തിമൊ, 2:19; 2പത്രൊ, 1:9,10; 1യോഹ, 2:3, 29; 3:14; 5:4). വീണ്ടുംജനനം പ്രാപിച്ച വ്യക്തി തനിക്കു ലഭിച്ച സന്തോഷത്തിൽ ദൈവത്തിന് നന്ദി പറയുകയും ആ സന്തോഷത്തെ ദൈവിക ശുശ്രൂഷയിലൂടെ പ്രകടമാക്കുകയും കർത്താവിനെ പിൻതുടരുകയും ചെയ്യും. ഫലത്താലാണ് വൃക്ഷത്തെ തിരിച്ചറിയുന്നത്. (യോഹ, 10:27; മത്താ, 7:16). 

3. ഭദ്രത തിരുവെഴുത്തുകൾക്കു വിരുദ്ധമാണ്: തിരുവെഴുത്തുകളിലെ ചില വ്യക്തികൾ രക്ഷിക്കപ്പെടുകയും ഒടുവിൽ നശിക്കുകയും ചെയ്തതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. പഴയ നിയമത്തിൽ ശൗലും പുതിയനിയമത്തിൽ ഇസ്കരിയോത്താ യുദയും ഉദാഹരണങ്ങളാണ്. ചിലർ പുറമെ രക്ഷിക്കപ്പെട്ടവരാണ്; എന്നാൽ അകമെ യാതൊരു പരിവർത്തനവും സംഭവിക്കാത്തവരാണ്. ചിലർ നല്ല പ്രവൃത്തികൾ ചെയ്തു എന്നുവരാം. ക്രിസ്തുവിന്റെ വാക്കുകൾ ഇതു വ്യക്തമാക്കുന്നു. “എന്നോടു കർത്താവേ, എന്നുപറയുന്നവൻ ഏവനുമല്ല, സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവൻ അത്രേ സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നത്. കർത്താവേ, കർത്താവേ നിന്റെ നാമത്തിൽ ഞങ്ങൾ പ്രവചിക്കയും നിന്റെ നാമത്തിൽ ഭൂതങ്ങളെ പുറത്താക്കുകയും നിന്റെ നാമത്തിൽ വളരെ വീര്യപ്രവൃത്തികൾ പ്രവർത്തിക്കയും ചെയ്തില്ലയോ എന്നു പലരും ആ നാളിൽ എന്നോടു പറയും. അന്നു ഞാൻ അവരോടു : ഞാൻ ഒരു നാളും നിങ്ങളെ അറിഞ്ഞിട്ടില്ല; അധർമ്മം പ്രവർത്തിക്കുന്നവരേ, എന്നെ വിട്ടുപോകുവിൻ എന്നു തീർത്തുപറയും.” (മത്താ, 7:21-23). പുതുജനനം പ്രാപിച്ചവർ ദൈവജനത്തോടൊപ്പം തുടരും. അല്ലാത്തവർ ദൈവജനത്തെ വിട്ടുപോകും. “അവർ നമ്മുടെ ഇടയിൽ നിന്നു പുറപ്പെട്ടു എങ്കിലും നമുക്കുള്ളവർ ആയിരുന്നില്ല; അവർ നമുക്കുള്ളവർ ആയിരുന്നു എങ്കിൽ നമ്മോടുകൂടെ പാർക്കുമായിരുന്നു; എന്നാൽ എല്ലാവരും നമുക്കുള്ളവരല്ല എന്നു പ്രസിദ്ധമാകേണ്ടതല്ലോ.” (1യോഹ, 2:19). യൂദാ രക്ഷിക്കപ്പെട്ടിരുന്നില്ലെന്ന് ക്രിസ്തുവിന്റെ വാക്കുകൾ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. യേശു പത്രൊസിനോടു: “കുളിച്ചിരിക്കുന്നവന്നു കാൽ അല്ലാതെ കഴുകുവാൻ ആവശ്യം ഇല്ല; അവൻ മുഴുവനും ശുദ്ധിയുള്ളവൻ; നിങ്ങൾ ശുദ്ധിയുള്ളവർ ആകുന്നു; എല്ലാവരും അല്ലതാനും എന്നു പറഞ്ഞു.” (യോഹ, 13:10).

“പാപംചെയ്താൽ രക്ഷ നഷ്ടപ്പെടും; പാപം ചെയ്തില്ലെങ്കിൽ രക്ഷ നഷ്ടപ്പെടില്ല” ഇതാണ് ചിലരുടെ ആപ്തവാക്യം. ക്രിസ്തുവെന്ന ദൈവകുഞ്ഞാട് പാപമറിയാത്ത തന്റെ ശരീരത്തിൽ പാപികളായ മനുഷ്യരുടെ പാപമെല്ലാം ചുമന്നുകൊണ്ട് ക്രൂശിൽ മരിച്ചൊരുക്കിയ രക്ഷ പിന്നെയും പാപവുമായി ബന്ധിക്കപ്പെട്ടു കിടക്കുകയാണോ? ക്രിസ്തു തന്റെ രക്തംകൊണ്ടു സംമ്പാദിച്ച ഇത്രവലിയ രക്ഷയ്ക്ക് പാപത്തെ വിട്ടു സ്വതന്ത്രമായി നിലനില്ക്കാൻ കഴിയില്ലെന്നാണ് ഇക്കൂട്ടരുടെ ധാരണ. വേദപുസ്തകത്തിൽ രക്ഷ ഭദ്രമല്ലെന്നു തോന്നുന്ന ചില വാക്യങ്ങളുണ്ട്: (മത്താ, 10:22, 24:13; മർക്കൊ, 3:29; ലൂക്കൊ, 9:62; എബ്രാ, 6:4-8; 10:26; 1യോഹ, 5:16). അതൊക്കെ വിശ്വാസികൾക്ക് വിശുദ്ധജീവിതത്തിനുള്ള ഭയനിർദ്ദേശങ്ങൾ മാത്രമാണ്. വചനത്തെ വചനംകൊണ്ട് വ്യാഖ്യാനിക്കണമെന്ന സാമാന്യതത്വപ്രകാരം നോക്കിയാൽ മേൽപ്പറഞ്ഞ വേദഭാഗങ്ങൾ മറ്റനവധി വചനങ്ങൾക്ക് എതിരുമാണ്. ഉദാഹരണത്തിന്: മത്താ, 28:19; യോഹ, 1:12,13; 3:15; 3:16; 3:36; 4:14; 5:24; 6:37; 6:40; 6:47; 6:54; 8:51; 8:52; 10:28; 10:29; 14:16; 14:26; 17:2,3; റോമ, 5:21; 6:22; 6:23; 8:2, 8:26, 8:27, 8:30; 33-36; എഫെ, 2:5-8; ഫിലി, 3:20; 2തിമൊ, 1:12; എബ്രാ, 7:25; 8:12; 13:5; 1പത്രൊ, 1:4, 1:23; 1യോഹ, 2:1, 2:25; 5:11; യൂദാ, 24 തുടങ്ങിയവ. രക്ഷ നഷ്ടപ്പെടുമെന്ന് അലറിവിളിക്കുന്നവർ ഉപദേശത്തിന്റെ ഓരോ കാറ്റിനാൽ അലഞ്ഞുഴലുന്ന ശിശുക്കൾ മാത്രമാണ്. രക്ഷിക്കപ്പെട്ടവരെന്ന വ്യാജേന ദൈവസഭയിൽ നുഴഞ്ഞുകയറി ചില നന്മകളൊക്കെ അനുഭവിച്ചശേഷം യൂദായെപ്പോലെ നശിച്ചുപോകുന്നവരെ നോക്കിയല്ല ദൈവമക്കൾ വിശ്വാസജീവിതം നയിക്കേണ്ടത്; വിശ്വാസത്തിന്റെ നായകനും പൂർത്തിവരുത്തുന്നവനുമായ യേശുവിനെ നോക്കി വിശ്വാസജീവിതത്തിൽ മുന്നേറാൻ ഓരോരുത്തരേയും ദൈവം സഹായിക്കട്ടെ!

“വീഴാതവണ്ണം നമ്മെ സൂക്ഷിച്ചു, തന്റെ മഹിമാസന്നിധിയിൽ കളങ്കമില്ലാത്തവരായി ആനന്ദത്തോടെ നിറുത്തുവാൻ ശക്തിയുള്ളവന്നു, നമ്മുടെ കർത്താവായ യേശുക്രിസ്തുമുഖാന്തരം നമ്മുടെ രക്ഷിതാവായ ഏകദൈവത്തിന്നു തന്നേ, സർവ്വകാലത്തിന്നുമുമ്പും ഇപ്പോഴും സദാകാലത്തോളവും തേജസ്സും മഹിമയും ബലവും അധികാരവും ഉണ്ടാകുമാറാകട്ടെ. ആമേൻ. (യൂദാ, 1:24).

രക്ഷ

രക്ഷ (Salvation)

“മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല.” (പ്രവൃ, 4:12)

രക്ഷാതത്ത്വശാസ്ത്രത്തിന് ഇംഗ്ലീഷിൽ സോറ്റീറിയോളജി (soteriology) എന്നു പറയും. സോഡ്സോ (σώζω – sodezo = രക്ഷിക്കുക, വിടുവിക്കുക), സോറ്റീർ (σωτήρ – soter = രക്ഷകൻ, രക്ഷിതാവ്), സോറ്റീറിയ (σωτηρία – soteria = രക്ഷ), സോറ്റീറിയോസ്, സോറ്റീറിയൊൻ (σωτήριον – soterion വിശേഷണ രൂപങ്ങൾ) എന്നിവയാണ് രക്ഷയുമായി ബന്ധപ്പെട്ട പുതിയനിയമ ഗ്രീക്കു പ്രയോഗങ്ങൾ. നാമവിശേഷണത്തിന്റെ നപുംസകരൂപമായ സോറ്റീറിയൊൻ നാമമായി രണ്ടു സ്ഥാനങ്ങളിൽ ക്രിസ്തുവിനു പകരം പ്രയോഗിച്ചിട്ടുണ്ട്. (ലൂക്കൊ, 2:31; 3:6). വ്യക്തിപരവും (പ്രവൃ, 27:34; ഫിലി, 1:19; എബ്രാ, 11:7), ദേശീയവും (ലൂക്കൊ, 1:69-71; പ്രവൃ, 7:25) ആയ വിമോചനം, രക്ഷാനായകനായ ക്രിസ്തു (ലൂക്കൊ, 2:31; യോഹ, 4:22) രക്ഷയുടെ വ്യത്യസ്ത ഘടകങ്ങൾ (ഫിലി, 2:12; 1പത്രൊ, 1:9; റോമ, 13:11; 1തെസ്സ, 5:8-10), പരിശുദ്ധാത്മാവിലൂടെ ദൈവം നല്കുന്ന വിവിധ അനുഗ്രഹങ്ങൾ (2കൊരി, 6:2; എബ്രാ, 5:9; 1പത്രൊ, 1:9,10; യൂദാ, 3) എന്നീ വ്യത്യസ്ത അർത്ഥങ്ങളിൽ സോറ്റീറിയ (രക്ഷ) പുതിയനിയമത്തിൽ പ്രയോഗിച്ചിട്ടുണ്ട്. ‘സോഡ്സോ’യും അനുബന്ധ പദങ്ങളും സെപ്റ്റജിന്റിൽ ഏകദേശം 483 തവണ പ്രയോഗിച്ചിട്ടുണ്ട്. യാഷാ (יָשַׁע – yasha), ഷാലോം (שָׁלוֹם – shalowm), എന്നീ എബ്രായ പദങ്ങളെയാണ് പ്രധാനമായും  ‘സോഡ്സോ’കൊണ്ട് സെപ്റ്റജിന്റിൽ പരിഭാഷപ്പെടുത്തിയിട്ടുള്ളത്. പഴയനിയമത്തിലെ രക്ഷയുടെ അടിസ്ഥാനപരമായ ആശയങ്ങൾ യാഷായിൽ നിന്നു ലഭ്യമാണ്. ‘വിശാലസ്ഥലത്താക്കുക’ അഥവാ വിശാലത വരുത്തുക എന്നതാണ് പ്രാഥമികാർത്ഥം. (സങ്കീ, 18:36). നിയന്ത്രിക്കുകയും ബന്ധിക്കുകയും ചെയ്യുന്നവയിൽ നിന്നു സ്വതന്ത്രമാക്കുക, മോചിപ്പിക്കുക, രക്ഷിക്കുക, വിടുവിക്കുക എന്നീ അർത്ഥങ്ങളും അതിനുണ്ട്. രോഗം (യെശ, 38:20), കഷ്ടം (യിരെ, 30:7) എന്നിവയിൽ നിന്നുള്ള വിടുതലിനും ശത്രുക്കളിൽ നിന്നുള്ള മോചനത്തിനും (സങ്കീ, 44:7) യാഷാ എന്ന എബ്രായധാതു പ്രയോഗിച്ചിട്ടുണ്ട്. 

രക്ഷ പഴയനിയമത്തിൽ: ഭൗതികവും ആത്മീയവുമായ വിടുതലിനെ കുറിക്കുവാൻ രക്ഷ എന്ന പദം പഴയനിയമത്തിൽ പ്രയോഗിച്ചിട്ടുണ്ട്. ദൈവം തന്റെ ഭക്തന്മാരെ ശത്രുക്കളിൽ നിന്നും ദുഷ്ടന്മാരുടെ കെണികളിൽ നിന്നും രക്ഷിക്കുന്നു. (സങ്കീ, 37:40, 59:2; 106:5). യഹോവ തന്റെ ആട്ടിൻകൂട്ടത്തെ രക്ഷിക്കുന്നു (യെഹ, 14:22), സ്വന്തജനത്തെ രക്ഷിക്കുന്നു (ഹോശേ, 1:7), പിതാക്കന്മാരെ മീസ്രയീമിൽ നിന്നും രക്ഷിച്ചു. (സങ്കീ, 106:7-10). മറ്റാരും സഹായിക്കാനില്ലാത്ത എളിയവരെ അവൻ രക്ഷിക്കുന്നു. (സങ്കീ, 34:6). ആത്മീയമായി പാപം മോചിച്ചും, സന്തോഷവും സമാധാവും നല്കിയും പ്രാർത്ഥനയിക്കുത്തരം അരുളിയും ദൈവം രക്ഷിക്കുന്നു. (സങ്കീ, 79:9; 69:13; 5:12). മനുഷ്യനു രക്ഷയ്ക്കു വേണ്ട ക്രമീകരണങ്ങൾ ചെയ്തത് ദൈവം തന്നെയാണ്. രക്ഷ ദൈവത്തിന്റേതും ദൈവത്തിൽ നിന്നുളളതുമാണ്. (സങ്കീ, 3:8; 62:1; യെശ, 45:22). ‘എന്റെ രക്ഷയുടെ ദൈവം’ എന്നു അവകാശബോധത്തോടെ പ്രവാചകന്മാർ ദൈവത്തെ വെളിപ്പെടുത്തി. (ഹബ, 3:18; മീഖാ, 7:7). “രക്ഷ യഹോവയ്ക്കുള്ളതാകുന്നു; നിന്റെ അനുഗ്രഹം നിന്റെ ജനത്തിന്മേൽ വരുമാറാകട്ടെ. (സങ്കീ, 3:8). “എന്റെ ഉള്ളം ദൈവത്തെ നോക്കി മൗനമായിരിക്കുന്നു; എന്റെ രക്ഷ അവങ്കൽ നിന്നു വരുന്നു.” (സങ്കീ, 62:1). രക്ഷയെക്കുറിച്ചുള്ള പഴയനിയമ വെളിപ്പാടിന്റെ സാരം മോശയുടെ വാക്കുകളിൽ സൂചിതമാണ്. “ഭയപ്പെടേണ്ടാ; ഉറച്ചുനില്പിൻ; യഹോവ ഇന്നു നിങ്ങൾക്കു ചെയ്യാനിരിക്കുന്ന രക്ഷ കണ്ടുകൊൾവിൻ.” (പുറ, 14:13). 

രക്ഷ പുതിയനിയമത്തിൽ: പുതിയനിയമത്തിൽ ‘രക്ഷ’ കൊണ്ടുദ്ദേശിക്കപ്പെടുന്നത് പാപത്തിന്റെ ശക്തിയിൽ നിന്നും അധികാരത്തിൽ നിന്നും ഉള്ള വിടുതലാണ്. പൂർണ്ണമായ രക്ഷയ്ക്കും, രക്ഷയുടെ വ്യത്യസ്ത അംശങ്ങൾക്കും ‘രക്ഷ’ എന്ന പദം പ്രയോഗിച്ചിട്ടുണ്ട്. രക്ഷ എന്ന പദത്തിന്റെ അർത്ഥാന്തരങ്ങൾ ഇവയാണ്: 1. ക്രിസ്തു: രക്ഷാനായകനായ ക്രിസ്തുവിനെ രക്ഷ എന്നു വിളിക്കുന്നു. മനുഷ്യന്റെ രക്ഷയ്ക്കാവശ്യമായതെല്ലാം നിവർത്തിക്കുകയാൽ ക്രിസ്തുവിനു രക്ഷ എന്ന നാമം യുക്തം തന്നെ. ശിശുവായ യേശുവിനെ കൈയിൽ വഹിച്ചുകൊണ്ട് ശിമോൻ പറഞ്ഞു: “നിന്റെ രക്ഷയെ എന്റെ കണ്ണു കണ്ടുവല്ലോ.” (ലൂക്കൊ, 2:31). ക്രിസ്തുവിനെ രക്ഷാനായകൻ എന്നും  വിളിച്ചിട്ടുണ്ട്. (എബ്രാ, 2:10). 2. ആത്മരക്ഷ: വീണ്ടും ജനിക്കുന്ന സമയത്ത് ആത്മാവു രക്ഷിക്കപ്പെട്ടു പാപത്തിന്റെ ശിക്ഷയിൽ നിന്നു മുക്തമാകുന്നു. “ക്രിസ്തു നിങ്ങളിൽ ഉണ്ടെങ്കിലോ ശരീരം പാപം നിമിത്തം മരിക്കേണ്ടതെങ്കിലും ആത്മാവ് നീതിനിമിത്തം ജീവനാകുന്നു.” (റോമ, 8:10). എഫെസ്യർ 2:4-ലും, 8-ലും രക്ഷിക്കപ്പെട്ടിരിക്കുന്നു, രക്ഷിക്കപ്പെട്ടിരിക്കുന്നത് എന്നിങ്ങനെ ഭൂതകാലത്തിൽ പറഞ്ഞിരിക്കുന്നത് ആത്മാവിന്റെ രക്ഷ അഥവാ നീതീകരണത്തെ വ്യഞ്ജിപ്പിക്കുന്നു. 3. പ്രാണന്റെ രക്ഷ അഥവാ ദേഹിരക്ഷ: 2പത്രൊസ് 1:9-ൽ പ്രാണന്റെ രക്ഷയ്ക്കും രക്ഷ എന്നു പറഞ്ഞിരിക്കുന്നു. മലയാളത്തിൽ ‘ആത്മ’ എന്നു പരിഭാഷ. ഗ്രീക്കിൽ ‘ദേഹിയുടെ രക്ഷ’ എന്നാണ്. 4. ശരീരത്തിന്റെ രക്ഷ അഥവാ തേജസ്കരണം: നാം വിശ്വസിച്ച സമയത്തെക്കാൾ രക്ഷ ഇപ്പോൾ നമുക്കു അധികം അടുത്തിരിക്കുന്നു (റോമ, 13:11) എന്നത് ശരീരത്തിന്റെ തേജസ്കരണത്തെയാണ് വിവക്ഷിക്കുന്നത്. ആത്മാവെന്ന ആദ്യദാനം ലഭിച്ചിരിക്കുന്ന നാമും നമ്മുടെ ശരീരത്തിന്റെ വീണ്ടെടുപ്പായ പുത്രത്വത്തിനു കാത്തുകൊണ്ടു ഉള്ളിൽ ഞരങ്ങുന്നു. (റോമ, 8:23. 5. സമ്പൂർണ്ണ രക്ഷ: രക്ഷാപൂർത്തി എന്ന് എബ്രായർ 11:40-ൽ പറഞ്ഞിരിക്കുന്നത് സമ്പൂർണ്ണ രക്ഷയെയാണ്. ആത്മാവും പ്രാണനും ദേഹവും അശേഷം നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയിൽ അനിന്ദ്യമായി വെളിപ്പെടുന്നതിനെ കാണിക്കുന്നു. (1തെസ്സ, 5:23 ). 6. രക്ഷപ്പെടുന്നതിനു നല്കുന്ന അവസരം: “നമ്മുടെ കർത്താവിന്റെ ദീർഘക്ഷമയെ രക്ഷ എന്നു വിചാരിപ്പിൻ.” (2പത്രൊ, 3:14). 

രക്ഷ ദൈവത്തിൽനിന്ന്: രക്ഷയിൽ പിതാവും പുത്രനും പരിശുദ്ധാത്മാവും ഭാഗഭാക്കുകളാണ്. പിതാവ് രക്ഷ വിധിക്കുന്നു; പുത്രൻ സിദ്ധമാക്കുന്നു; പരിശുദ്ധാത്മാവ് വ്യക്തിയിൽ പ്രയോഗിക്കുന്നു. രക്ഷയുടെ അടിസ്ഥാനം ക്രിസ്തുവിന്റെ ക്രൂശുമരണവും, രക്ഷയുടെ ഉപാധി വിശ്വാസവും, വിശ്വാസത്തിന്റെ വിഷയം ദൈവവും, രക്ഷിക്കപ്പെടുന്നതു കൃപയാലുമാണ്. രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല (എബ്രാ, 9:22) എന്നതാണ് ദൈവത്തിന്റെ നിയമം. ക്രിസ്തുവിൻ്റെ മരണത്തിലൂടെയാണ് ദൈവം തന്റെ രക്ഷാകര പ്രവർത്തനം നിർവ്വഹിക്കുന്നത്. പാപത്തിനു പ്രായശ്ചിത്തം ആകുന്നതിനു വേണ്ടി ദൈവം പുത്രനെ നല്കി; കാൽവരിക്രൂശിൽ അവനെ തകർത്തുകളഞ്ഞു. (യെശ, 53:10). പാപം അറിയാത്തവനെ നാം അവനിൽ ദൈവത്തിന്റെ നീതി ആകേണ്ടതിനു അവൻ നമുക്കുവേണ്ടി പാപം ആക്കി. (2കൊരി, 5:21). ദൈവത്തിന്റെ വിശുദ്ധിക്കു വിരുദ്ധമായ പാപം ക്രിസ്തുവിൽ മാറ്റപ്പെട്ടു. ദൂരസ്ഥനായിരുന്ന മനുഷ്യൻ ക്രിസ്തുവിൽ ക്രിസ്തുവിന്റെ രക്തം മൂലം ദൈവത്തിനു സമീപസ്ഥനായി, ദൈവവുമായിനിരപ്പു പ്രാപിച്ചു. അടിമയെ ബന്ധനത്തിൽ നിന്നും വീണ്ടെടുക്കുവാനുള്ള മറുവില ക്രിസ്തു നല്കി; മനുഷ്യൻ ദൈവിക കോടതിയിൽ നീതീകരിക്കപ്പെട്ടു. മനുഷ്യവർഗ്ഗത്തെ തന്നിൽ ഏകീഭവിപ്പിച്ചു സ്വന്തയാഗത്താൽ ദൈവത്തിന്റെ മുമ്പിൽ സമർപ്പിച്ചു. പാപിയായ മനുഷ്യനു വേണ്ടി ദൈവം ക്രിസ്തുവിലൂടെ പൂർത്തിയാക്കിയ രക്ഷാപദ്ധതി ഇതത്രേ. 

രക്ഷ കൃപയാൽ: രക്ഷ ദൈവത്തിന്റെ കൃപാദാനമാണ്. (എഫെ, 2:5, 8). പാപം മൂലം തന്നിൽ നിന്നകന്നുപോയ മനുഷ്യവർഗ്ഗത്തെ തന്നോടു നിരപ്പിക്കുവാൻ വേണ്ടി ദൈവം ചെയ്യുന്ന സൗജന്യവും മനുഷ്യൻ ഒരു വിധത്തിലും അർഹിക്കാത്തതുമായ പ്രവൃത്തിയാണ് കൃപ. പാപത്തിനു പ്രായശ്ചിത്തമായി സ്വന്തപുത്രനെ ആദരിക്കാതെ കാൽവരിക്രൂശിൽ മരിക്കാൻ ഏല്പിച്ചുതന്നതിലൂടെ ദൈവം തന്റെ കൃപ പൂർണ്ണമായി വെളിപ്പെടുത്തി. (റോമ, 8:32). പാപത്തിനു പരിഹാരം ഏർപ്പെടുത്തിയതു തന്നെ ദൈവകൃപയുടെ അത്യന്ത വ്യാപാരമാണ്. തന്മൂലം മനുഷ്യന്റെ പുണ്യപ്രവൃത്തികളൊന്നും രക്ഷയ്ക്കാവശ്യമില്ല; രക്ഷകനിലുള്ള വിശ്വാസം മാത്രം മതി. 

രക്ഷയുടെ ത്രികാലസ്വഭാവം: മനുഷ്യന്റെ രക്ഷാനുഭവത്തിനു ഭൂതം, വർത്തമാനം, ഭാവി എന്നിങ്ങനെ പ്രതികാല സൂചനയുണ്ട്. അതായത് രക്ഷിക്കപ്പെട്ടു (എഫെ, 2:5, 8; റോമ, 8:24), രക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നു (1കൊരി, 1:18), രക്ഷിക്കപ്പെടും. (മത്താ, 10:22; റോമ, 5:9,10). ക്രിസ്തുവിനാൽ പാപി നീതീകരിക്കപ്പെട്ടു, ശിക്ഷാമുക്തനായി. നീതീകരിക്കപ്പെടുന്നതിനു മുമ്പുള്ള അവസ്ഥയിൽ അവനു സ്വയം രക്ഷിക്കപ്പെടുവാൻ കഴിയാതിരുന്നതുപോലെ, നീതീകരിക്കപ്പെട്ടശേഷം രക്ഷയെ നഷ്ടപ്പെടുത്തുവാൻ അവനു കഴിയുകയില്ല. രക്ഷ ഭദ്രമാണ്. ദൈവം ചെയ്തതിനെ ഇല്ലാതാക്കുവാൻ ആർക്കും കഴിയുകയില്ല. അഭക്തിയും ലോകമോഹങ്ങളും ഉപേക്ഷിച്ച് ഭക്തിയോടും നീതിയോടും കൂടെ വിശുദ്ധജീവിതം നയിക്കുവാൻ വിശ്വാസിയെ പരിശുദ്ധാത്മാവ് സഹായിക്കുന്നു. ഇതിനെ രക്ഷയുടെ വർത്തമാനകാലാനുഭവം അഥവാ വിശുദ്ധീകരണം എന്നു പറയുന്നു. രക്ഷയുടെ വർത്തമാനകാല അനുഭവത്തിൽ നിറഞ്ഞു നില്ക്കുന്നതു സ്നേഹമാണ്. പരിശുദ്ധാത്മാവ് ഉൾനട്ട സ്നേഹത്തിൽ ജീവിതം ആത്മീയാഭിവൃദ്ധി പ്രാപിക്കുകയും വിശ്വാസി ദിവ്യസ്വഭാവത്തിനു കൂട്ടാളിയാകയും ചെയ്യുന്നു. രക്ഷയുടെ പൂർത്തീകരണം ഭാവികമാണ്. പ്രത്യാശയാൽ രക്ഷിക്കപ്പെട്ടു (റോമ, 8:24); രക്ഷ നേടാനായി വിശ്വാസി നിയമിക്കപ്പെട്ടു. (1തെസ്സ, 5:9; 2തെസ്സ, 2:13; 2തിമൊ, 2:10; എബ്രാ, 1:14). ഈ രക്ഷ അന്ത്യകാലത്തു വെളിപ്പെടുന്നതാണ്. (1പത്രൊ, 1:4). “നാം വിശ്വസിച്ച സമയത്തെക്കാൾ രക്ഷ ഇപ്പോൾ നമുക്കു അധികം അടുത്തിരിക്കുന്നു.” (റോമ, 13:11). 

മനുഷ്യചരിത്രത്തിൽ ദൈവത്തിന്റെ പ്രത്യേക പ്രവൃത്തിയാൽ പൂർത്തിയാക്കപ്പെട്ട ഒന്നാണ് രക്ഷ. രക്ഷയുടെ ചരിത്രപരസ്വഭാവം പഴയനിയമത്തിലും പുതിയനിയമത്തിലും പ്രകടമാണ്. ജ്ഞാനമതം പഠിപ്പിക്കുന്നതുപോലെ മനുഷ്യൻ ജ്ഞാനത്താൽ രക്ഷ പ്രാപിക്കുന്നില്ല. നൈതികവും മതപരവുമായ പ്രവൃത്തികളാൽ മനുഷ്യൻ രക്ഷിക്കപ്പെടുന്നില്ല. ദേവനുമായുള്ള സായുജ്യത്തിലും മനുഷ്യനു രക്ഷ ലഭിക്കുന്നില്ല. യേശുക്രിസ്തുവിന്റെ ജനനമരണ പുനരുത്ഥാന സ്വർഗ്ഗാരോഹണങ്ങളിൽ ദൈവം പൂർത്തിയാക്കിയ പ്രവൃത്തിയിലൂടെയാണ് രക്ഷ ലഭിക്കുന്നത്. തന്മൂലം ക്രൈസ്തവസന്ദേശം ത്വജ്ഞാനമോ, നീതിസംഹിതയോ, യോഗാഭ്യാസത്തിനുള്ള സാങ്കേതികവിദ്യയോ അല്ല. അത് വിടുതലിന്റെ വിളംബരമാണ്; സദ്വർത്തമാനഘോഷണമാണ്. രക്ഷിതാവ് (സോറ്റീർ) എന്ന ബഹുമതിനാമം പഴയനിയമത്തിൽ ദൈവത്തിന്റെയും പുതിയനിയമത്തിൽ ക്രിസ്തുവിന്റെയും പേരാണ്. (ലൂക്കൊ, 2:1; യോഹ, 4:42; പ്രവൃ, 5:31; 13:23; എഫെ, 5:23; ഫിലി, 3:20; 2തിമൊ, 1:10; തീത്തൊ, 1:4; 2:12; 3:6; 2പത്രൊ, 1:1, 11; 2:20; 3:2, 18; 1യോഹ, 4:14). രക്ഷയുടെ ഊന്നൽ ക്രിസ്തുവിന്റെ മരണപുനരുത്ഥാനങ്ങളിലാണ്. (1കൊരി,15:5). ക്രിസ്തു കൂശിൽ ചൊരിഞ്ഞ രക്തത്താലാണ് നാം രക്ഷിക്കപ്പെട്ടത്. (പ്രവൃ, 20:28; റോമ, 3:5; 5:9; എഫെ, 1:7; കൊലൊ 1:20; എബ്രാ, 9:12; 12:24; 13:12; 1യോഹ, 1:7; വെളി, 5 59). ഈ സന്ദേശം പ്രസംഗിക്കപ്പെടുമ്പോൾ മനുഷ്യർ അതുകേട്ട് വിശ്വാസത്തിൽ ക്രിസ്തുവിനെ സ്വീകരിക്കും. അങ്ങനെ ദൈവത്തിന്റെ രക്ഷ അവരുടെ അടുക്കൽ എത്തുന്നു. “ദൈവത്തിന്റെ ജ്ഞാനത്തിൽ ലോകം ജ്ഞാനത്താൽ ദൈവത്തെ അറിയായ്കകൊണ്ട് വിശ്വസിക്കുന്നവരെ പ്രസംഗത്തിന്റെ ഭോഷത്വത്താൽ രക്ഷിപ്പാൻ ദൈവത്തിനു പ്രസാദം തോന്നി. യെഹൂദന്മാർ അടയാളം ചോദിക്കയും യവനന്മാർ ജ്ഞാനം അന്വേഷിക്കയും ചെയ്യുന്നു ; ഞങ്ങളോ ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ പ്രസംഗിക്കുന്നു.’ (1കൊരി, 1:21-23. ഒ.നോ: റോമ, 10:8, 14; 1തെസ്സ, 1:4). 

രക്ഷ നൈതികവും ആത്മികവുമാണ്. കുറ്റബോധത്തിൽ നിന്നും (റോമ, 5:1; എബ്രാ, 10:22), ന്യായപ്രമാണത്തിൽ നിന്നും അതിന്റെ ശാപത്തിൽ നിന്നും (ഗലാ, 3:13; കൊലൊ, 2:14), മരണത്തിൽ നിന്നും (1പത്രൊ, 1:3-5; 1കൊരി, 15:51-56), ന്യായവിധിയിൽ നിന്നും (എബ്രാ, 9:27), മരണഭയത്തിൽ നിന്നും (എബ്രാ, 2:15), അടിമത്തത്തിൽ നിന്നും (ഗലാ, 5:1) ഉള്ള വിടുതലാണ് രക്ഷ. ഭൗതികമായ ഐശ്വര്യമോ ലൗകികവിജയമോ രക്ഷ ഉൾക്കൊള്ളുന്നില്ല. (പ്രവൃ, 3:6; 2കൊരി, 6:10). ആരോഗ്യവും ക്ഷേമവും അത് വാഗ്ദാനം ചെയ്യുന്നില്ല. രോഗസൗഖ്യം ലഭിക്കുന്നു എങ്കിൽ തന്നെയും രക്ഷയുടെ ഫലവുമായി അതിനെ ബന്ധിപ്പിക്കുവാൻ പാടില്ല. സാമൂഹികമായ അനീതിയിൽ നിന്നും രക്ഷ മോചനം തരുമെന്നു കരുതാനും പാടില്ല. (1കൊരി, 7:20-24). രക്ഷയ്ക്കു യുഗാന്ത്യസ്വഭാവമുണ്ട്. പാപത്തിൽ നിന്നും അതിന്റെ അനന്തരഫലങ്ങളിൽ നിന്നുമുള്ള പൂർണ്ണമായ വിമോചനമാണ് രക്ഷ. വിധായകമായി ക്രിസ്തുവിൽ സ്വർഗ്ഗത്തിലെ സകല ആത്മികാനുഗ്രഹങ്ങളും (എഫെ, 1:3) പരിശുദ്ധാത്മാവിന്റെ ദാനവും വരുംകാലങ്ങളിൽ അഥവാ ഭാവിയിൽ തേജസ്കരിക്കപ്പെട്ട ശരീരത്തിൽ സൗഭാഗ്യജീവിതവും രക്ഷ പ്രദാനം ചെയ്യുന്നു. കർത്താവിന്റെ പ്രത്യക്ഷതയിൽ ശരീരത്തിന്റെ തേജസ്കരണത്തോടൊപ്പം അനുഭവവേദ്യമാകുന്ന രക്ഷാപൂർത്തിയുടെ മുൻരുചി മാത്രമാണ് വർത്തമാനകാലത്തു നാം രക്ഷയിലൂടെ അനുഭവിക്കുന്നത്.

വീണ്ടുംജനനം

വീണ്ടുംജനനം (Born again)

“കെടുന്ന ബീജത്താലല്ല കെടാത്തതിനാൽ, ജീവനുള്ളതും നിലനില്ക്കുന്നതുമായ ദൈവവചനത്താൽ തന്നേ, നിങ്ങൾ വീണ്ടും ജനിച്ചിരിക്കുന്നു.” (1പത്രൊ, 1:23)

ജനനം ഒരത്ഭുതമാണ്; വീണ്ടുംജനനം അത്ഭുതകരവും. വീണ്ടുംജനനം എന്ന അത്ഭുതത്തിന് സൃഷ്ടിയുടെയും പുനഃസൃഷ്ടിയുടെയും ദൈവത്തിന് നന്ദിയും സ്തോത്രവും അർപ്പിക്കുന്നത് സ്വർഗ്ഗം ഒരിക്കലും നിറുത്തിയിട്ടില്ല. ദൈവമക്കളെ കുറിച്ചുള്ള പ്രസ്താവനകൾ തിരുവെഴുത്തുകളിൽ ആവർത്തിച്ചുകാണാം. ദൈവമക്കളാകേണ്ടതിന് ദൈവത്തിന്റെ കുടുംബത്തിൽ ജനിക്കേണ്ടതാവശ്യമാണ്. പുതുജനനം, പുനർജ്ജനനം, ജീവിപ്പിക്കുക, ഉയിർപ്പിക്കുക , ദൈവമക്കൾ, പുതിയ സൃഷ്ടി എന്നീ പ്രയോഗങ്ങൾ വീണ്ടുംജനനത്തിന്റെ അത്ഭുതത്തെക്കുറിച്ചുള്ള ചിന്ത നമ്മിൽ ഉദ്ദീപിപ്പിക്കുന്നു. നിത്യജീവൻ ലഭിച്ച് ദൈവപൈതലായി തീരുവാൻ ആത്മീയമായി മരിച്ച അവസ്ഥയിൽ ഈ ലോകത്തു ജനിക്കുന്ന മനുഷ്യൻ രണ്ടാമതൊരിക്കൽകൂടി ജനിക്കേണ്ടതാണ്. 

ഒരു കുഞ്ഞ് ഭൂമിയിൽ ജനിക്കുന്നത് സ്വാഭിലാഷം കൊണ്ടല്ല, പരാഭിലാഷം കൊണ്ടത്രേ. സ്വന്ത്രപ്രയത്നമോ, പ്രവർത്തനമോ, ആഗ്രഹമോ കൊണ്ടല്ല ദൈവകുടുംബത്തിൽ ഒരു വ്യക്തി ജനിക്കുന്നത്. മനുഷ്യജനനത്തിൽ എന്നപോലെ ആത്മീയജനനത്തിലും ഒരു കാരകൻ (agent) ഉണ്ട്; അത് പരിശുദ്ധാത്മാവാണ്. ആത്മാവിനാൽ ജനിച്ചത് ആത്മാവാകുന്നു. ശരീരത്തെയല്ല, ആത്മാവിനെയത്രേ പരിശുദ്ധാത്മാവ് ജനിപ്പിക്കുന്നത്. വീണ്ടും ജനനത്തിൽ പരിശുദ്ധാത്മാവ് പുതിയ ശരീരം നല്കുന്നില്ല. പുനരുത്ഥാനത്തിൽ മാത്രമേ പുതിയശരീരം ലഭിക്കുകയുള്ളൂ. ക്രിസ്തുവിന്റെ രക്തമാണ് വീണ്ടും ജനനത്തിനടിസ്ഥാനം. അതിന്റെ കരണമാണ് വിശ്വാസം. പരിശുദ്ധാത്മാവാണ് കാരകൻ; ദൈവവചനമാണ് മാദ്ധ്യമം. അനേകം പുത്രന്മാരെ തേജസ്സിലേക്കു നടത്തുകയാണ് വീണ്ടും ജനിപ്പിക്കലിന്റെ ലക്ഷ്യം. 

വിശ്വാസത്താലാണ് വീണ്ടുംജനനം നടക്കുന്നത്. “ക്രിസ്തുയേശുവിലെ വിശ്വാസത്താൽ നിങ്ങൾ എല്ലാവരും ദൈവത്തിന്റെ മക്കൾ ആകുന്നു.” (ഗലാ, 3:26). ക്രിസ്തുവിൽ വിശ്വസിക്കുന്നവരാണ് ദൈവമക്കൾ ആകുന്നത്. (യോഹ, 1:12). വിശ്വാസത്താലാണ് വീണ്ടുംജനനം സംഭവിക്കുന്നതെന്ന് യിസ്രായേൽ മക്കൾക്ക് മരുഭൂമിപ്രയാണത്തിൽ ഉണ്ടായ അനുഭവം ഉദ്ധരിച്ച് യേശു വിശദമാക്കി. (യോഹ, 3:14,15). ദൈവത്തെ അവിശ്വസിക്കുകയും പിറുപിറുക്കുകയും ചെയ്തതുകൊണ്ട് സർപ്പങ്ങൾ വന്ന് കടിക്കുക നിമിത്തം അനേകർ മരിച്ചു. ദൈവകല്പനയാൽ മോശെ ഉയർത്തിയ പിച്ചളസർപ്പത്തെ നോക്കിയവരെല്ലാം രക്ഷ പ്രാപിച്ചു. അവർക്ക് പ്രവർത്തിക്കുകയോ, പ്രാർത്ഥിക്കുകയോ, അപേക്ഷിക്കുകയോ, വില കൊടുക്കുകയോ ചെയ്യേണ്ടിവന്നില്ല. ഒന്നു നോക്കിയാൽ മാത്രം മതി. നോക്കുക എന്നത് വിശ്വാസത്തിന്റെ പ്രതികരണം മാത്രമാണ്. 

വീണ്ടുംജനനത്തിന്റെ പ്രാധാന്യം: ഒന്നാമതായി, ദൈവകുടുംബത്തിലെ അംഗമായി തീരുന്നു. ജനനത്തിലൂടെയാണ് ഒരുവ്യക്തി ഭൗമികകുടുംബത്തിലെ അംഗമായിതീരുന്നത്. വീണ്ടുംജനനത്തിലൂടെയാണ് ഒരു വ്യക്തിക്ക് ദൈവമകനായിതീർന്ന് ദൈവകുടുംബത്തിലെ അംഗമായിതീരുവാൻ സാധിക്കുന്നത്. “അവനെ കൈക്കൊണ്ട് അവന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു. അവർ രക്തത്തിൽ നിന്നല്ല, ജഡത്തിന്റെ ഇഷ്ടത്താലല്ല, പുരുഷന്റെ ഇഷ്ടത്താലുമല്ല, ദൈവത്തിൽ നിന്നത്രേ ജനിച്ചത്.” (യോഹ, 1:12, 13). വീണ്ടും ജനനത്തിലൂടെ ഒരു വ്യക്തിക്ക് നിത്യജീവനും ദിവ്യസ്വഭാവവും ലഭിക്കുന്നു. 

രണ്ടാമതായി, ദൈവരാജ്യത്തിനു അവകാശിയായിത്തീരുന്നു. ദൈവരാജ്യത്തിലേക്കുള്ള പ്രവേശനകവാടമാണ് വീണ്ടുംജനനം. ദൈവരാജ്യത്തിൽ ഒരു വ്യക്തി പ്രവേശിക്കുന്നത് വീണ്ടുംജനനത്തിലൂടെ മാത്രമാണ്. നിക്കോദേമൊസിനോട് ക്രിസ്തു വ്യക്തമാക്കി: “ആമേൻ, ആമേൻ, ഞാൻ നിന്നോട് പറയുന്നു; പുതുതായി ജനിച്ചില്ല എങ്കിൽ ദൈവരാജ്യം കാണ്മാൻ ആർക്കും കഴികയില്ല എന്ന് ഉത്തരം പറഞ്ഞു. നിക്കോദേമൊസ് അവനോടു: മനുഷ്യൻ വൃദ്ധനായശേഷം ജനിക്കുന്നത് എങ്ങനെ? രണ്ടാമതും അമ്മയുടെ ഉദരത്തിൽ കടന്നു ജനിക്കാമോ എന്നു ചോദിച്ചു. അതിന്നു യേശു: ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു: വെള്ളത്താലും ആത്മാവിനാലും ജനിച്ചില്ല എങ്കിൽ ദൈവരാജ്യത്തിൽ കടപ്പാൻ ആർക്കും കഴികയില്ലാ.” (യോഹ, 3:3-5).

വീണ്ടുംജനനം എന്തല്ല? സ്നാനമല്ല: സ്നാനത്തോടു കൂടെയോ, സ്നാനത്തിന്റെ ഫലമായോ ഉണ്ടാകുന്നതല്ല വീണ്ടുംജനനം. സുവിശേഷത്താലാണ് ഒരു വ്യക്തി വീണ്ടും ജനനത്തിന്റെ അനുഭവത്തിലേക്കു വരുന്നത്. “കെടുന്ന ബീജത്താലല്ല കെടാത്തതിനാൽ, ജീവനുള്ളതും നിലനില്ക്കുന്നതുമായ ദൈവവചനത്താൽ തന്നേ, നിങ്ങൾ വീണ്ടും ജനിച്ചിരിക്കുന്നു.” (1പത്രൊ, 1:23). അപ്പൊസ്തലനായ പൗലൊസ് സ്പഷ്ടമായി രേഖപ്പെടുത്തുന്നു: “നിങ്ങൾക്കു ക്രിസ്തുവിൽ പതിനായിരം ഗുരുക്കന്മാർ ഉണ്ടെങ്കിലും പിതാക്കന്മാർ ഏറെയില്ല; ക്രിസ്തുയേശുവിൽ ഞാനല്ലോ നിങ്ങളെ സുവിശേഷത്താൽ ജനിപ്പിച്ചത്.” (1കൊരി, 4:15). “എന്റെ നാമത്തിൽ ഞാൻ സ്നാനം കഴിപ്പിച്ചു എന്നു ആരും പറയാതവണ്ണം ക്രിസ്പൊസിനെയും ഗായൊസിനെയും ഒഴികെ നിങ്ങളിൽ ആരെയും ഞാൻ സ്നാനം കഴിപ്പിക്കായ്കയാൽ ഞാൻ ദൈവത്തിനു സ്തോത്രം ചെയ്യുന്നു. സ്തെഫനാസിന്റെ ഭവനക്കാരെയും ഞാൻ സ്നാനം കഴിപ്പിച്ചു; അതല്ലാതെ മറ്റു വല്ലവരെയും സ്നാനം കഴിപ്പിച്ചുവോ എന്നു ഞാൻ ഓർക്കുന്നില്ല. സ്നാനം കഴിപ്പിപ്പാൻ അല്ല സുവിശേഷം അറിയിപ്പാനത്രേക്രിസ്തു എന്നെ അയച്ചത്” (1കൊരി, 1:14-17) എന്നിങ്ങനെ അപ്പൊസ്തലൻ പറയുന്നതും ശ്രദ്ധിക്കുക. 

സ്നാനത്താലുള്ള വീണ്ടുംജനനം പഠിപ്പിക്കുന്നവർ ചൂണ്ടിക്കാണിക്കുന്ന ചില വാക്യങ്ങളുണ്ട്: (യോഹ, 3:5; മർക്കൊ, 16:16; തീത്തൊ, 3:6) തുടങ്ങിയവ. ഈ വാക്യങ്ങളൊന്നും സ്നാനത്താലുള്ള വീണ്ടുംജനനത്തെക്കുറിച്ചു പഠിപ്പിക്കുന്നില്ലെന്നു മാത്രമല്ല, അങ്ങനെ വ്യാഖ്യാനിക്കുന്നത് മുകളിലുദ്ധരിച്ച പൗലൊസ് അപ്പൊസ്തലന്റെ എഴുത്തുകൾക്കും ഉപദേശത്തിനും വിരുദ്ധമാവുകയും ചെയ്യും. എഫെസ്യർ 5:26-ൽ പറയുന്നപ്രകാരം വചനം എന്ന ജലസ്നാനം എന്നു മനസ്സിലാക്കുകയാണ് യുക്തം. മർക്കൊസ് 16:16-ൽ “വിശ്വസിക്കുകയും സ്നാനം ഏല്ക്കുകയും ചെയ്യുന്നവൻ രക്ഷിക്കപ്പെടും” എന്നു പറഞ്ഞശേഷം വിശ്വസിക്കാത്തവൻ ശിക്ഷാവിധിയിൽ അകപ്പെടും എന്നു പറഞ്ഞിരിക്കുന്നതും, സ്നാനം ഏല്ക്കാത്തവൻ ശിക്ഷാവിധിയിൽ അകപ്പെടും എന്നു പറഞ്ഞിട്ടില്ലാത്തതും പ്രത്യേകം ശ്രദ്ധി ക്കേണ്ടതാണ്. ക്രൂശിൽക്കിടന്ന് അനുതപിച്ച കള്ളൻ സ്നാനമേറ്റില്ല; പ്രത്യുത യേശു രാജാവാണെന്നു വിശ്വസിച്ചു രക്ഷപ്രാപിക്കുകയാണ് ചെയ്തത്. (ലൂക്കൊ, 23:42,43). യോഹഹന്നാൻ 3:5-ലെ വെള്ളത്താലും ആത്മാവിനാലും എന്നതു വെള്ളത്തെ ആത്മാവിന്റെ ഉപമാനമായി എടുക്കുന്നത് മൂലഭാഷാപ്രയോഗത്തിനും സന്ദർഭത്തിനും വിരുദ്ധമല്ല. യോഹന്നാൻ 7:38-ൽ “എന്നിൽ വിശ്വസിക്കുന്നവന്റെ ഉള്ളിൽ നിന്നു തിരുവെഴുത്തു പറയുന്നതുപോലെ ജീവജലത്തിന്റെ നദികൾ ഒഴുകും” എന്നു പറഞ്ഞിരിക്കുന്നത് “തന്നിൽ വിശ്വസിക്കുന്നവർക്കു ലഭിപ്പാനുള്ള ആത്മാവിനെക്കുറിച്ചു ആകുന്നു” (7:39) പറഞ്ഞതെന്നും ഓർക്കുക.

വീണ്ടുംജനനം വെറും മനംമാറ്റമല്ല: മാനസികവൃത്തികളുടെ ഒരു സ്വാഭാവികമായ മാറ്റമല്ല വീണ്ടും ജനനം. നിക്കോദേമൊസിനോടു ക്രിസ്തു പറയുന്ന വാക്കുകൾ ഇതു സ്പഷ്ടമാക്കുന്നു. സാന്മാർഗ്ഗികമോ അനുഷ്ഠാനപരമോ ആയ ഒരു മനം തിരിവല്ല, അതു ജഡത്തിന്റേതാണ്. വീണ്ടുംജനനം ആത്മാവിനാലുള്ളതാണ്. മനംതിരിവ് മാനുഷിക ഹിതത്താൽ സംഭവിക്കുന്നതാണ്. എന്നാൽ വീണ്ടും ജനനം ദൈവത്തിന്റെ ഭാഗത്തുനിന്നുള്ളതും ദൈവഹിതപ്രകാരം സംഭവിക്കുന്നതും അത്രേ. 

വീണ്ടുംജനനം എന്താണ്? ആത്മീയജനനം: ദൈവത്തിൽ നിന്നു ജനിക്കുന്നതത്രേ വീണ്ടുംജനനം. ഭൗതികമണ്ഡലത്തിലായാലും ആത്മീയമണ്ഡലത്തിലായാലും ജീവന്റെ ഉപാധി ജനനമാണ്. അതായത് ജനനത്തിലൂടെ മാത്രമേ ജീവൻ ലഭിക്കുകയുള്ളൂ. ജനനം കൂടാതെ ജീവനില്ല. വീണ്ടുംജനിപ്പിക്കൽ ദൈവത്തിന്റെ പ്രവൃത്തിയാണ്. അതൊരു സ്വാഭാവികമായ പ്രക്രിയയല്ല; മനുഷ്യന്റെ പ്രവൃത്തിയുമല്ല. പരിശുദ്ധാത്മാവിലൂടെ ദൈവിക സ്വഭാവം മനുഷ്യനിൽ ഉളവാകുന്നതാണ് വീണ്ടുംജനനം. വീണ്ടുംജനനം പ്രാപിച്ചവർ ദൈവമക്കളായിത്തീരുന്നു. “തന്റെ മഹത്ത്വത്താലും വീര്യത്താലും നമ്മെ വിളിച്ചവന്റെ പരിജ്ഞാനത്താൽ അവന്റെ ദിവ്യശക്തി ജീവനും ഭക്തിക്കും വേണ്ടിയതു ഒക്കെയും നമുക്കു ദാനം ചെയ്തിരിക്കുന്നുവല്ലോ. അവയാൽ അവൻ നമുക്കു വിലയേറിയതും അതിമഹത്തുമായ വാഗ്ദത്തങ്ങളെ നൽകിയിരിക്കുന്നു. ഇവയാൽ നിങ്ങൾ ലോകത്തിൽ മോഹത്താലുള്ള നാശം വിട്ടൊഴിഞ്ഞിട്ടു ദിവ്യസ്വഭാവത്തിന്നു കൂട്ടാളികളായിത്തീരുവാൻ ഇടവരുന്നു.” (2പത്രൊ, 1:3,4). “കെടുന്ന ബീജത്താലല്ല കെടാത്തതിനാൽ, ജീവനുള്ളതും നിലനിൽക്കുന്നതുമായ ദൈവവചനത്താൽ തന്നേ, നിങ്ങൾ വീണ്ടും ജനിച്ചിരിക്കുന്നു.” (1പത്രൊ, 1:23. ഒ.നോ: യോഹ, 1:13; യാക്കോ, 1:18; 1യോഹ, 3:9; 4:1). 

ആത്മീയപുനരുത്ഥാനം: ജീവൻ നഷ്ടപ്പെട്ടുപോയതിലേക്കു ജീവനെ പുനഃപ്രവേശിപ്പിക്കുന്നതാണ് പുനരുത്ഥാനം അഥവാ ഉയിർപ്പിക്കൽ. പാപം മൂലം ആത്മാവു മരിച്ച അവസ്ഥയിലായി. ദൈവത്തിൽ നിന്നുള്ള വേർപാടാണ് മരണം. ദൈവത്തോടു വീണ്ടും ചേരുന്നതാണ് ജനനം. ആത്മീയമായി മരിച്ച അവസ്ഥയിൽ നിന്നും ആത്മീയമായി ഉയിർത്ത് ദൈവവുമായി കൂട്ടായ്മ പുലർത്തുന്നതാണത്. “അതിക്രമങ്ങളാലും പാപങ്ങളാലും മരിച്ചവരായിരുന്ന നിങ്ങളെയും അവൻ ഉയിർപ്പിച്ചു.” (എഫെ, 2:1). “കരുണാസമ്പന്നനായ ദൈവമോ നമ്മെ സ്നേഹിച്ച മഹാസ്നേഹം നിമിത്തം അതിക്രമങ്ങളാൽ മരിച്ചവരായിരുന്ന നമ്മെ ക്രിസ്തുവിനോടുകൂടെ ജീവിപ്പിക്കയും, കൃപയാലത്രേ നിങ്ങൾ രക്ഷിക്കപ്പെട്ടിരിക്കുന്നു, ക്രിസ്തുയേശുവിൽ നമ്മെക്കുറിച്ചുള്ള വാൽസല്യത്തിൽ തന്റെ കൃപയുടെ അത്യന്തധനത്തെ വരുംകാലങ്ങളിൽ കാണിക്കേണ്ടതിന് ക്രിസ്തുയേശുവിൽ അവനോടുകൂടെ ഉയിർത്തെഴുന്നേൽപ്പിച്ചു സ്വർഗ്ഗത്തിൽ ഇരുത്തുകയും ചെയ്തു.” (എഫെ, 2:4-7).

ആത്മീയമണ്ഡലത്തിലേക്കുള്ള മാറ്റം: വീണ്ടും ജനനത്തിലൂടെ ഒരു മണ്ഡലത്തിൽ നിന്നു മറ്റൊരു മണ്ഡലത്തിലേയ്ക്ക് അഥവാ ഒരധികാരത്തിൻകീഴ് നിന്നു മറ്റൊരധികാരത്തിൻ കീഴിലേയ്ക്ക് മാറ്റപ്പെടുന്നു. സാത്താന്റെ ഭരണത്തിൻ കീഴുള്ള അന്ധകാരസാമ്രാജ്യത്തിൽ നിന്നും സ്നേഹസ്വരൂപനായ ക്രിസ്തുവിന്റെ രാജ്യത്തിലേക്കുള്ള മാറ്റമാണ് വീണ്ടുംജനനം. “നമ്മെ ഇരുട്ടിന്റെ അന്ധകാരത്തിൽ നിന്നു വിടുവിച്ചു തന്റെ സ്നേഹസ്വരൂപനായ പുത്രന്റെ രാജ്യത്തിലാക്കിവെയ്ക്കുകയും ചെയ്തു.” (കൊലൊ, 1:13). 

ആത്മീയസൃഷ്ടി: വീണ്ടും ജനനത്താൽ ഒരു വ്യക്തി പുതിയ സൃഷ്ടിയായി മാറുന്നു. പഴയതെല്ലാം എന്നേക്കുമായി ഒഴിഞ്ഞുപോകുകയാണ്. “ഒരുത്തൻ ക്രിസ്തുവിലായാൽ അവൻ പുതിയ സൃഷ്ടി ആകുന്നു; പഴയതു കഴിഞ്ഞുപോയി, ഇതാ, അതു പുതുതായിത്തീർന്നിരിക്കുന്നു.” (2കൊരി, 5:17). “നാം അവന്റെ കൈപ്പണിയായി സൽപ്രവൃത്തികൾക്കായിട്ടു ക്രിസ്തുയേശുവിൽ സൃഷ്ടിക്കപ്പെട്ടവരാകുന്നു.” (എഫെ, 2:10). 

വീണ്ടുംജനനത്തിന്റെ വിധം: വീണ്ടുംജനിപ്പിക്കൽ ദൈവത്തിന്റെ പരമാധികാരത്തിലുൾപ്പെട്ടതാണ്. ദൈവം തന്റെ ഹിതത്താലും മുൻനിർണ്ണയത്താലുമാണ് ഒരു വ്യക്തിയെ വീണ്ടും ജനിപ്പിക്കുന്നത്. “നാം അവന്റെ സൃഷ്ടികളിൽ ഒരുവിധം ആദ്യഫലമാകേണ്ടതിനു അവൻ തന്റെ ഇഷ്ടം ഹേതുവായി സത്യത്തിന്റെ വചനത്താൽ നന്നെ ജനിപ്പിച്ചിരിക്കുന്നു.” (യാക്കൊ, 1:18. ഒ.നോ: യോഹ, 1:13; 3:5; തീത്തൊ, 3:6). വീണ്ടുംജനനത്തിന് ഒരു വ്യക്തിയുടെ പക്ഷത്തു രണ്ടു കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. അവ: 

കൈക്കൊള്ളുകയും വിശ്വസിക്കുകയും ചെയ്യുക: ദൈവവചനത്തിലൂടെയാണ് പരിശുദ്ധാത്മാവ് വീണ്ടുംജനനത്തിനുവേണ്ടി ഒരു വ്യക്തിയിൽ പ്രവർത്തിക്കുന്നത്. ദൈവവചനത്തെ സംശയിക്കുക മൂലമാണ് മനുഷ്യൻ പാപത്തിൽ വീണത്. പാപത്തിൽ നിന്നു മനുഷ്യൻ രക്ഷിക്കപ്പെടുന്നതും തന്മൂലം ദൈവവചനം വിശ്വസിക്കുന്നതിലൂടെയത്രേ. (യാക്കൊ, 1:18; 1കൊരി, 4:15; 1പത്രൊ, 1:23).

ജീവന്റെ വചനമായ ക്രിസ്തുവിനെ സ്വീകരിക്കുക: ക്രിസ്തുവിനെ വിശ്വസിക്കുകയും കൈക്കൊള്ളുകയും ചെയ്യുന്നതുകൊണ്ടു മാത്രമേ വീണ്ടുംജനനം ഉണ്ടാകൂ. “ആദിയിൽ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു.” (യോഹ, 1:1). “അവനെ കൈക്കൊണ്ട് അവന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു.” (യോഹ, 1:12). 

വീണ്ടുംജനനത്തിന്റെ ഫലങ്ങൾ: ജീവിതത്തിലും അനുഭവത്തിലും സമൂലമായ പരിവർത്തനം: ജീവിതത്തിൽ ഉടൻ തന്നെ ഏർപ്പെടുന്ന വലിയ മാറ്റം ഒരു വ്യക്തിയെ പുതിയ സൃഷ്ടിയാക്കിത്തീർക്കുന്നു. (2കൊരി, 5:17).

ദൈവപുത്രത്വം: സ്വർഗ്ഗീയ ദൈവത്തിന്റെ പുത്രനായിത്തീരുന്നു. “അവനെ കൈക്കൊണ്ടു അവന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു. (യോഹ, 1:12). 

പരിശുദ്ധാത്മാവിന്റെ ഉൾവാസം: പൂതത്വത്തിന്റെ ആത്മാവായി പരിശുദ്ധാത്മാവ് വീണ്ടുംജനന സമയത്ത് വ്യക്തിയുടെ ഉള്ളിൽ വസിക്കാൻ തുടങ്ങുന്നു. ‘നിങ്ങളോ ദൈവത്തിന്റെ ആത്മാവ് നിങ്ങളിൽ വസിക്കുന്നു എന്നു വരികിൽ ജഡസ്വഭാവമുള്ളവരല്ല ആത്മ സ്വഭാവമുള്ളവരത്രേ, ക്രിസ്തുവിന്റെ ആത്മാവില്ലാത്തവൻ അവനുള്ളവനല്ല. ക്രിസ്തു നിങ്ങളിൽ ഉണ്ടെങ്കിലോ ശരീരം പാപം നിമിത്തം മരിക്കേണ്ടതെങ്കിലും ആത്മാവ് നീതിനിമിത്തം ജീവനാകുന്നു. യേശുവിനെ മരിച്ചവരിൽ നിന്നു ഉയിർപ്പിച്ചവന്റെ ആത്മാവ് നിങ്ങളിൽ വസിക്കുന്നു എങ്കിൽ ക്രിസ്തുയേശുവിനെ മരണത്തിൽ നിന്നു ഉയിർപ്പിച്ചവൻ നിങ്ങളിൽ വസിക്കുന്ന തന്റെ ആത്മാവിനെക്കൊണ്ട് നിങ്ങളുടെ മർത്യശരീരങ്ങളെയും ജീവിപ്പിക്കും.” (റോമ, 8:8-11. ഒ.നൊ: 1കൊരി, 3:16; 6:19). ഒരു ദൈവപൈതലിനെ വഴിനടത്തുന്നതു പരിശുദ്ധാത്മാവാണ്. 

ജഡത്തിന്റെ അടിമത്തത്തിൽ നിന്നുള്ള മോചനം: മനുഷ്യന്റെ അധമപ്രകൃതിയെ കുറിക്കുന്ന പ്രയോഗമാണ് ജഡം. വീണ്ടും ജനനം പ്രാപിച്ച ഒരു വ്യക്തി ജഡത്തെ അതിന്റെ രാഗമോഹങ്ങളോടുകൂടെ കൂശിച്ചവനാണ്. (ഗലാ, 5:24). ജഡത്താലുള്ള ബലഹീനത നിമിത്തം ന്യായപ്രമാണത്തിന്നു കഴിയാഞ്ഞതിനെ സാധിപ്പാൻ ദൈവം തന്റെ പുത്രനെ പാപജഡത്തിന്റെ സാദൃശ്യത്തിലും പാപം നിമിത്തവും അയച്ചു, പാപത്തിന്നു ജഡത്തിൽ ശിക്ഷ വിധിച്ചു.” (റോമ, 8:3). “നിങ്ങളോ, ദൈവത്തിന്റെ ആത്മാവു നിങ്ങളിൽ വസിക്കുന്നു എന്നു വരികിൽ ജഡസ്വഭാവമുള്ളവരല്ല ആത്മസ്വഭാവമുള്ളവരത്രേ.” (റോമ, 8:9). വീണ്ടുംജനിച്ച വ്യക്തി ജഡത്തിൽ വസിക്കുകയാണെങ്കിലും ജഡത്തിന്റെ അധീശത്വത്തിൽ നിന്നും മുക്തനാണ്. ജഡം അവനിൽ കർതൃത്വം നടത്തുന്നില്ല. 

ക്രിസ്തുവിൽ സ്ഥായിയായ വിശ്വാസം: ഒരു ദൈവപൈതൽ ക്രിസ്തുവിന്റെ ദൈവത്വത്തിൽ ദൃഢമായി വിശ്വസിക്കുന്നു. “യേശുവിനെ ക്രിസ്തു എന്നു വിശ്വസിക്കുന്നവൻ എല്ലാം ദൈവത്തിൽനിന്നു ജനിച്ചിരിക്കുന്നു.” (1യോഹ, 5:1). 

ലോകത്തെ ജയിക്കുന്നു: ലോകം ദൈവത്തിനെതിരാണ്. സർവ്വലോകവും ദുഷ്ടന്റെ അധീനതയിൽ കിടക്കുക നിമിത്തം (1യോഹ, 5:19) വിശ്വാസിയെ ദൈവത്തിൽ നിന്നകറ്റുവാൻ ലോകം നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കയാണ്. ദൈവത്തിൽ നിന്നും ജനിച്ചവർക്കുമാത്രമേ ലോകത്തെ ജയിക്കാൻ സാധിക്കൂ. “ദൈവത്തിൽനിന്നു ജനിച്ചതൊക്കെയും ലോകത്തെ ജയിക്കുന്നു; ലോകത്തെ ജയിച്ച ജയമോ നമ്മുടെ വിശ്വാസം തന്നേ.” (1യോഹ, 5:4). 

പാപാചരണം വിട്ടൊഴിയുന്നു: ദൈവത്തിൽ നിന്നു ജനിച്ച വ്യക്തിക്ക് പാപത്തിൽ തുടരാൻ സാദ്ധ്യമല്ല; കാരണം അവനിൽ ദൈവത്തിന്റെ വിത്തു വസിക്കുന്നു. “ദൈവത്തിൽ നിന്നു ജനിച്ചവൻ ആരും പാപം ചെയ്യുന്നില്ല: അവന്റെ വിത്തു അവനിൽ വസിക്കുന്നു. ദൈവത്തിൽ നിന്നു ജനിച്ചതിനാൽ അവനു പാപം ചെയ്യാൻ കഴികയുമില്ല.” (1യോഹ, 3:9).

നീതി പ്രവർത്തിക്കുന്നു: ദൈവവചനത്തിലൂടെ വെളിപ്പെട്ട ദൈവഹിതത്തെക്കുറിക്കുകയാണ് നീതി. ദൈവത്തിൽ നിന്നു ജനിച്ച വ്യക്തി എല്ലായ്പ്പോഴും നീതി പ്രവർത്തിക്കുവാൻ ബദ്ധശ്രദ്ധനാണ്. പ്രായോഗികജീവിതം നീതിയിലധിഷ്ഠിതമാണ്. “അവൻ നീതിമാൻ എന്നു നിങ്ങൾ ഗ്രഹിച്ചിരിക്കുന്നു എങ്കിൽ നീതി ചെയ്യുന്നവൻ ഒക്കെയും അവനിൽ നിന്നു ജനിച്ചിരിക്കുന്നു എന്നു നിങ്ങൾ അറിയുന്നു.” (1യോഹ, 2:29). 

സഹോദരനെ സ്നേഹിക്കുന്നു: ദൈവികഗുണം മാത്രമല്ല, ദൈവത്തിന്റെ സ്വരൂപം തന്നെ സ്നേഹമാണ്. തന്മൂലം ദൈവത്തിൽനിന്നു ജനിച്ചവരിൽ ദൈവിക സ്നേഹത്തിന്റെ സ്പഷ്ടമായ പ്രവർത്തനവും പ്രകടനവും കാണാം. “നാം മരണംവിട്ടു ജീവനിൽ കടന്നിരിക്കുന്നു എന്നു സഹോദരന്മാരെ സ്നേഹിക്കുന്നതിനാൽ നമുക്കു അറിയാം.” (1യോഹ, 3:14). തുടർന്ന് 15-18 വാക്യങ്ങളിൽ അപ്പൊസ്തലൻ സ്നേഹം എന്നാലെന്താണെന്നു വിശദമാക്കുന്നു. 

ദൈവത്തെ സ്നേഹിക്കുന്നു: “അവൻ ആദ്യം നമ്മെ സ്നേഹിച്ചതുകൊണ്ടു നാം സ്നേഹിക്കുന്നു.” (1യോഹ, 4:19).

ദൈവവചനത്തെ സ്നേഹിക്കയും അതിനായി വാഞ്ഛിക്കുകയും ചെയ്യുന്നു: ഒരു വ്യക്തി വീണ്ടുംജനിക്കുന്നത് ദൈവവചനത്താലാണ്. ഈ വചനം തന്നെയാണ് വിശ്വാസിയെ നടത്തുന്നത്. ദൈവകൃപ പകരപ്പെടുന്ന മാധ്യമമാണത്. തന്മൂലം വീണ്ടും ജനിച്ചവൻ വചനത്തിനായി വാഞ്ഛിക്കയും വചനത്തെ സ്നേഹിക്കുകയും ചെയ്യുന്നു. “ഇപ്പോൾ ജനിച്ച ശിശുക്കളെപ്പോലെ രക്ഷയ്ക്കായി വളരുവാൻ വചനം എന്ന മായമില്ലാത്ത പാൽ കുടിപ്പാൻ വാഞ്ഛിപ്പിൻ.” (1പത്രൊ, 2:2. ഒ.നോ: സങ്കീ, 119:97, 113,127, 130). 

ദൈവത്തിന്റെ അവകാശികളും ക്രിസ്തുവിനു കൂട്ടവകാശികളും ആയിത്തീരുന്നു: “നാം മക്കൾ എങ്കിലോ അവകാശികളും ആകുന്നു; ദൈവത്തിന്റെ അവകാശികളും ക്രിസ്തുവിന്നു കൂട്ടവകാശികളും തന്നേ?” (റോമ, 8:17).

വീണ്ടെടുപ്പ്

വീണ്ടെടുപ്പ് (redemption)

“ക്രിസ്തുവോ വരുവാനുള്ള നന്മകളുടെ മഹാപുരോഹിതനായി വന്നിട്ടു: കൈപ്പണിയല്ലാത്തതായി എന്നുവെച്ചാൽ ഈ സൃഷ്ടിയിൽ ഉൾപ്പെടാത്തതായി വലിപ്പവും തികവുമേറിയ ഒരു കൂടാരത്തിൽകൂടി ആട്ടുകൊറ്റന്മാരുടെയും പശുക്കിടാക്കളുടെയും രക്തത്താലല്ല, സ്വന്ത രക്തത്താൽ തന്നേ ഒരിക്കലായിട്ടു വിശുദ്ധ മന്ദിരത്തിൽ പ്രവേശിച്ചു എന്നേക്കുമുള്ളോരു വീണ്ടെടുപ്പു സാധിപ്പിച്ചു.” (എബ്രാ, 9:11,12).

രക്ഷയുടെ പര്യായം എന്ന നിലയിലാണ് വീണ്ടെടുപ്പ് പൊതുവേ മനസ്സിലാക്കപ്പെടുന്നത്. എന്നാൽ രക്ഷയും വീണ്ടെടുപ്പും വ്യത്യസ്ത വിഷയങ്ങളാണ്. വീണ്ടെടുപ്പിന്റെ ഫലമായാണ് രക്ഷ മനുഷ്യനു ലഭിക്കുന്നത്. രക്ഷ നേടുന്നതിനുള്ള മാർഗ്ഗം അതായത് മറുവിലനല്കൽ ആണ് വീണ്ടെടുപ്പ്. തിരുവെഴുത്തുകളുടെ കേന്ദ്രമായ പഠിപ്പിക്കൽ തന്നെ വീണ്ടെടുപ്പാണ്. വിലകൊടുത്തു മോചിപ്പിക്കുക എന്ന ആശയമാണ് മൂലഭാഷാ പദങ്ങൾക്കുള്ളത്. പാപത്തിന്റെ ശാപത്തിനും അധീശത്വത്തിനും വിധേയമായ മനുഷ്യവർഗ്ഗത്തെ അടിമത്തത്തിൽനിന്നും മോചിപ്പിക്കുകയാണ് വീണ്ടെടുപ്പ്. വീണ്ടെടുപ്പു വിലയായി ക്രിസ്തു നല്കിയത് സ്വന്തരക്തമാണ്. “ആട്ടുകൊറ്റന്മാരുടെയും പശുക്കിടാക്കളുടെയും രക്തത്താലല്ല, സ്വന്ത രക്തത്താൽ തന്നേ ഒരിക്കലായിട്ടു വിശുദ്ധ മന്ദിരത്തിൽ പ്രവേശിച്ചു എന്നേക്കുമുള്ളോരു വീണ്ടെടുപ്പു സാധിപ്പിച്ചു.” (എബ്രാ, 9:12).

പ്രയോഗങ്ങൾ: വീണ്ടെടുപ്പിനെ കുറിക്കുന്ന പഴയനിയമ എബ്രായപ്രയോഗങ്ങൾ ‘പാദാ’ (פָּדָה – padah) ‘ഗാ അൽ’ (גָּאַל – ga al) എന്നിവയാണ്. ‘ഗാ അൽ’ രക്തപതികാരകനാണ്. കൊല്ലപ്പെട്ട ബന്ധുവിനുവേണ്ടി ഘാതകനോടു പ്രതികാരം വീട്ടുന്നത് ഒരു വിധത്തിലുള്ള വീണ്ടെടുപ്പായി കരുതപ്പെട്ടു. യിസ്രായേലിന്റെ വീണ്ടെടുപ്പുകാരനായ യഹോവയെ കുറിക്കുന്നതിനും യെശയ്യാവ് 41:14-ലും 43:14-ലും ‘ഗാ അൽ’ തന്നെയാണ് പ്രയോഗിച്ചിട്ടുള്ളത്. ‘പാദാ’ എന്ന പദത്തിന് മറുവില കൊടുത്തു മോചിപ്പിക്കുക അഥവാ, വീണ്ടുകൊള്ളുക എന്നർത്ഥം. (പുറ, 13:13; 34:20). വീണ്ടെടുപ്പ് എന്ന ആശയം വ്യക്തമാക്കുന്ന പല പദങ്ങൾ ഗ്രീക്കിലുണ്ട്. അവയെല്ലാം രണ്ടു ധാതുക്കളിൽ നിന്നും രൂപം കൊണ്ടവയാണ്. ഒന്നാമത്തെ ധാതു അഗോറയാണ്. അതിന് ചന്ത എന്നർത്ഥം. പ്രസ്തുത ധാതുവിൽ നിന്നുണ്ടായ പദങ്ങൾക്ക് ചന്തയിൽ അതായത് അടിമച്ചന്തയിൽ നിന്നും വിലകൊടുത്തു വാങ്ങിക്കുക എന്നർത്ഥം. അഗോറസൈൻ, എക്സാഗോറസൈൻ എന്നീ പ്രയോഗങ്ങളുടെ ധാതു ‘അഗോറ’ ആണ്. രണ്ടാമത്തെ ധാതു ‘ലൂവോ’ ആണ്. അതിനു കെട്ടഴിക്കുക അതായത് ബന്ധിക്കപ്പെട്ടിരുന്ന ഒന്നിനെ ബന്ധനത്തിൽ നിന്നു മോചിപ്പിക്കുക എന്നർത്ഥം. ലുട്രൊസിസ്, അപൊലുട്രൊസിസ് എന്നീ പദങ്ങൾ ഈ ധാതുവിൽ നിന്നുള്ളവയാണ്.

പുതിയനിയമത്തിൽ വീണ്ടെടുപ്പിനെ കുറിക്കുന്ന സവിശേഷ പദമാണ് അപൊലുട്രൊസിസ് (ἀπολύτρωσις – apolytrosis) പുതിയനിയമത്തിലത് പത്തിടങ്ങളിലുണ്ട്: (ലൂക്കൊ, 21:28; റോമ, 3:24; 8:23; 1കൊരി, 1:30; എഫെ, 1:7,14; 4:30; കൊലൊ, 1:14; എബ്രാ, 9:15; 11:35). വിലകൊടുത്ത് (അടിമയെ) വാങ്ങി മോചിപ്പിക്കുക എന്ന അർത്ഥമാണ് അപൊലുട്രൊസിസിനുള്ളത്. ആ വില നമ്മുടെ രക്ഷിതാവായ യേശുക്രിസ്തുവിന്റെ പ്രായശ്ചിത്തമരണമാണ്. ക്രിസ്തുവിന്റെ രക്തമാണ് വീണ്ടെടുപ്പുവില. (എഫെ, 1:7). അവന്റെ കൃപയാൽ യേശുക്രിസ്തുവിങ്കലെ വീണ്ടെടുപ്പുമൂലം സൗജന്യമായത്രേ നീതീകരിക്കപ്പെടുന്നത്. (റോമ, 3:24). തന്റെ രക്തം വിലയായി നൽകി ക്രിസ്തു ആളുകളെ വാങ്ങി. വീണ്ടെടുപ്പിനെക്കുറിച്ചു പറയാതെയും വിലയ്ക്കുവാങ്ങി എന്നു പറഞ്ഞിട്ടുണ്ട്. (1കൊരി, 6:19; 7:22). ഇവിടെയും ആശയം വീണ്ടെടുപ്പുവില തന്നെയാണ്.

വീണ്ടെടുപ്പു പഴയനിയമത്തിൽ: പൗരാണിക യിസ്രായേലിൽ മതിയായ വിലകൊടുത്ത് വസ്തുക്കളും ജീവനും വീണ്ടെടുക്കാമായിരുന്നു. മിസ്രയീമിലെ കടിഞ്ഞൂൽ സംഹാരത്തിൽ നിന്നു യിസ്രായേൽ മക്കളിലെ ആദ്യജാതന്മാരെ രക്ഷിച്ചതിനാൽ ആദ്യജാതന്മാർ യഹോവയ്ക്കുള്ളവരായി. അതിനാൽ ആദ്യജാതന്മാരെ പണം കൊടുത്തു വീണ്ടുകൊള്ളണ്ടതാണ്: (പുറ, 13:13-15). ന്യായപ്രമാണമനുസരിച്ച് ഋണം നിമിത്തം ഒരുവന്റെ അവകാശം നഷ്ടപ്പെട്ടാലും, സ്വയം അടിമയായി വിലക്കപ്പെട്ടാലും വീണ്ടെടുപ്പുവില നല്കാൻ സന്നദ്ധനായി വരുന്ന ചാർച്ചക്കാരന് അവനെയും അവന്റെ അവകാശത്തെയും വീണ്ടെടുക്കാം. (ലേവ്യ, 25:25-27; 27:27; രൂത്ത്, 4:1-12). വീണ്ടെടുപ്പുകാരനായ ചാർച്ചക്കാരനാണ് രക്തപ്രതികാരകനാകുന്നത്. യിസ്രായേല്യരെ മിസ്രയീമിൽ നിന്നു മോചിപ്പിച്ചത് അവരുടെ വീണ്ടെടുപ്പാണ്. (പുറ, 6:6; 15:3). തന്മൂലം യഹോവ യിസ്രായേലിന്റെ വീണ്ടെടുപ്പുകാരനാണ്. (സങ്കീ, 78:35). യിസ്രായേനെ വീണ്ടെടുക്കുന്നതിനു വലിയ ഭുജവീര്യം ആവശ്യമായിരുന്നു. ഈ ഭുജബലം തന്നെ ഒരു വിധത്തിലുള്ള മറുവിലയായിരുന്നു. യിസ്രായേല്യർ വീണ്ടും ബാബിലോന്യ അടിമത്തലായി. അവിടെനിന്നുള്ള അവരുടെ മോചനവും വീണ്ടെടുപ്പായിട്ടാണ് തിരുവെഴുത്തുൾ വെളിപ്പെടുത്തുന്നത്. (യിരെ, 31:11; 50:33-34(. “നിന്റെ ദൈവവും യിസ്രായേലിന്റെ പരിശുദ്ധനുമായ യഹോവ എന്ന ഞാൻ നിന്റെ രക്ഷകൻ; നിന്റെ മറുവിലയായി മിസ്രയീമിനെയും നിനക്കു പകരമായി കൂശിനെയും സെബയെയും കൊടുത്തിരിക്കുന്നു.” (യെശ, 43:3). ബാബിലോനെ ആക്രമിച്ച കോരെശ് ആണ് യെഹൂദയുടെ വിമോചകൻ. ബദ്ധയായ യെഹൂദയെ കനാനിലെ അവകാശത്തിലേക്കു മടക്കിക്കൊണ്ടുവരുന്നതിന് കോരെശിനു നഷ്ടപരിഹാരമായി ആഫ്രിക്കയിൽ അധീശത്വം വാഗ്ദാനം ചെയ്തിരിക്കയാണിവിടെ. വ്യക്തിയുടെ വീണ്ടെടുപ്പിനെക്കുറിച്ചും ചുരുക്കം ചില പരാമർശങ്ങൾ പഴയനിയമത്തിൽ കാണാം. (ഇയ്യോ, 19:25; സദൃ, 23:10,11). പാപത്തോടു ചേർത്ത് വീണ്ടെടുപ്പ് പഴയനിയമത്തിൽ വിരളമായേ പറയപ്പെടുന്നുള്ളൂ. യഹോവ യിസ്രായേലിനെ സകല അകൃത്യങ്ങളിൽ നിന്നും വീണ്ടെടുക്കും എന്ന വാഗ്ദാനം സങ്കീർത്തനം 130:8-ലുണ്ട്. ദൈവത്തിനു വീണ്ടെടുപ്പുവില കൊടുക്കുവാൻ മനുഷ്യനസാദ്ധ്യം എന്ന സത്യം സങ്കീർത്തനത്തിലുണ്ട്. “സഹോദരൻ ശവക്കുഴി കാണാതെ എന്നെന്നേക്കും ജീവിച്ചിരിക്കേണ്ടതിന്നു അവനെ വീണ്ടെടുപ്പാനോ ദൈവത്തിനു വീണ്ടെടുപ്പുവില കൊടുപ്പാനോ ആർക്കും കഴികയില്ല. അവരുടെ പ്രാണന്റെ വീണ്ടെടുപ്പ് വിലയേറിയത്. (സങ്കീ, 49:7-9. ഒ.നോ: യെശ, 59:20; റോമ, 11:26). 

വീണ്ടെടുപ്പ് പുതിയനിയമത്തിൽ: മനുഷ്യൻ പാപത്തിന്നടിമയാണ്. പാപം ചെയ്യുന്നവൻ എല്ലാം പാപത്തിന്റെ ദാസൻ (അടിമ ആകുന്നു. (യോഹ, 8:34). നിങ്ങൾ പാപത്തിന്റെ ദാസന്മാർ ആയിരുന്നു എന്നു പൗലൊസ് അപ്പൊസ്തലൻ റോമയിലെ വിശുദ്ധന്മാരെ ഓർപ്പിക്കുന്നു. (റോമ, 6:17). ഞാനോ ജഡമയൻ, പാപത്തിനു ദാസനായി വിലപ്പെട്ടവൻ തന്നേ എന്ന് അപ്പൊസ്തലൻ സ്വന്തം അവസ്ഥ വെളിപ്പെടുത്തുന്നു. (റോമ, 7:14). പാപം നിമിത്തം മനുഷ്യൻ മരണശിക്ഷയ്ക്കു വിധിക്കപ്പെട്ടു. (റോമ, 6:23). പാപികൾ അടിമകളും മരണത്തിനു വിധിക്കപ്പെട്ടവരും അത്രേ. ഈ അവസ്ഥയിൽ വീണ്ടെടുപ്പിനായി കേഴുകയായിരുന്നു ലോകം. വീണ്ടെടുപ്പിന്റെ അഭാവത്തിൽ അടിമത്തം തുടരുകയും മരണവിധി നടപ്പിലാക്കുകയും ചെയ്യും. എന്നാൽ ക്രിസ്തു കാൽവരി ക്രൂശിൽ അടിമകളുടെ മോചനത്തിന്നായുള്ള വില (വീണ്ടെടുപ്പുവില) നല്കുകയും മരണശിക്ഷയ്ക്കു വിധിക്കപ്പെട്ടവരെ മോചിപ്പിക്കുകയും ചെയ്തു. “മക്കൾ ജഡരക്തങ്ങളോടു കൂടിയവർ ആകകൊണ്ടു അവനും അവരെപ്പോലെ ജഡരക്തങ്ങളോടു കൂടിയവനായി മരണത്തിന്റെ അധികാരിയായ പിശാചിനെ തന്റെ മരണത്താൽ നീക്കി ജീവപര്യന്തം മരണഭീതിയാൽ അടിമകളായിരുന്നവരെ ഒക്കെയും വിടുവിച്ചു.” (എബ്രാ, 2:14,15). 

യേശു ക്രൂശിലെ മരണത്തിനുശേഷം ഉയിർത്തെഴുന്നേറ്റ് തന്റെ നിർമ്മലരക്തവുമായി അതിപരിശുദ്ധസ്ഥലത്തേയ്ക്കു പ്രവേശിച്ചു. അതിപരിശുദ്ധസ്ഥലം ദൈവസന്നിധിതന്നെയാണ്. ദൈവകോടതി മുമ്പാകെ ദൈവനീതി ആവശ്യപ്പെട്ട പ്രായശ്ചിത്തവില നൽകി നമ്മെ വിലയ്ക്കുവാങ്ങി. “വ്യർത്ഥവും പിതൃപാരമ്പര്യവുമായുള്ള നിങ്ങളുടെ നടപ്പിൽ നിന്നു നിങ്ങളെ വീണ്ടെടുത്തിരിക്കുന്നതു പൊന്ന്, വെള്ളി മുതലായ അഴിഞ്ഞുപോകുന്ന വസ്തുക്കളെക്കൊണ്ടല്ല ക്രിസ്തു എന്ന നിർദ്ദോഷവും നിഷ്ക്കളങ്കവുമായ കുഞ്ഞാടിന്റെ വിലയേറിയ രക്തം കൊണ്ടത്രേ എന്നു നിങ്ങൾ അറിയുന്നുവല്ലോ.” (1പത്രൊ, 1:18,19). വെള്ളി, പൊന്ന് എന്നിവ പാപത്തിനും ശാപത്തിനും വിധേയമാണ്. ആത്മാവിനെ മോചിപ്പിക്കുവാൻ ദ്രവത്വത്തിനു വിധേയമായ അവയ്ക്കു സാദ്ധ്യമല്ല. (ഉല്പ, 3:17; വിലാ, 4:1). നിർദ്ദോഷവും നിഷ്ക്കളങ്കവുമായ കുഞ്ഞാടിന്റെ വിലയേറിയ രക്തത്തിനു മാത്രമേ ആത്മാവിന്റെ വീണ്ടെടുപ്പ് വിലയായിരിക്കുവാൻ സാധിക്കു. ‘രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല’ എന്നത്രേ ദൈവികനീതി. (എബ്രാ, 9:22). സർഗ്ഗത്തിൽ നാലുജീവികളും മൂപ്പന്മാരും വീണു ക്രിസ്തുവിനെ സ്തുതിക്കുകയാണ്. “നീ അറുക്കപ്പെട്ടു നിന്റെ രക്തം കൊണ്ടു സർവ്വഗോത്രത്തിലും ഭാഷയിലും വാർഗ്ഗത്തിലും ജാതിയിലും നിന്നുള്ളവരെ ദൈവത്തിന്നായി വിലക്കുവാങ്ങി.” (വെളി, 5:19). നമ്മുടെ നീതീകരണത്തിന്നടിസ്ഥാനം യേശുക്രിസ്തുവിലെ വീണ്ടെടുപ്പാണ്. (റോമ, 3:24). ക്രിസ്തു നമുക്കു വീണ്ടെടുപ്പായിത്തീർന്നു. (1കൊരി, 1:30).

വീണ്ടെടുപ്പുകാരന്റെ യോഗ്യതകൾ: വീണ്ടെടുപ്പുകാരൻ ചാർച്ചക്കാരനായിരിക്കണം: ന്യായപ്രമാണ കല്പനയനുസരിച്ച് ഒരു ചാർച്ചക്കാരു മാതമേ അടിമയെ വീണ്ടെടുക്കാൻ സാധിക്കു. ബോവസ് രൂത്തിനെ വീണ്ടെടുക്കുന്നത് വീണ്ടെടപ്പിന്റെ നിഴലാണ്. നിത്യദൈവമായ ക്രിസ്തു നമുക്കു ചാർച്ചക്കാരനായി തീർന്നാണ് നമ്മെ വീണ്ടെടുത്തത്. കർത്താവ് നമുക്കു സമാനമായി മനുഷ്യവേഷം പൂണ്ടു. “മക്കൾ ജഡരക്തങ്ങളോടു കൂടിയവർ ആകകൊണ്ട് അവനും അവരെപ്പോലെ ജഡരക്തങ്ങളോടു കൂടിയവനായി മരണത്തിന്റെ അധികാരിയായ പിശാചിനെ തന്റെ മരണത്താൽ നീക്കി ജീവപര്യന്തം മരണഭീതിയാൽ അടിമകളായിരുന്നവരെ ഒക്കെയും വിടുവിച്ചു.” (എബ്രാ, 2:14,15). ക്രിസ്തു ഒരു ദൂതനായിവന്നു എങ്കിൽ മനുഷ്യരെ വീണ്ടെടുക്കുവാൻ കഴിയുമായിരുന്നില്ല. നിത്യദൈവമായ ക്രിസ്തു കന്യകാജനനത്തിലൂടെ പൂർണ്ണമനുഷ്യത്വം സ്വീകരിച്ചു, മനുഷ്യപുത്രനായി മാനുഷിക ജനനത്തിലൂടെ മനുഷ്യരുമായി ബന്ധപ്പെട്ട് അവരുടെ ചാർച്ചക്കാരനായ വീണ്ടെടുപ്പുകാരനായി തീർന്നു. 

വീണ്ടെടുപ്പുവില കൊടുക്കാനുള്ള കഴിവ് വീണ്ടെടുപ്പുകാരനു ഉണ്ടായിരിക്കണം: പഴയനിയമ വ്യവസ്ഥയനുസരിച്ച് അടിമയെ സ്വതന്ത്രനാക്കുന്നതിനുവേണ്ടി വീണ്ടെടുപ്പുവില കൊടുക്കേണ്ട ചുമതല വീണ്ടെടുപ്പുകാരനുണ്ട്. ക്രിസ്തു തന്റെ രക്തമാണ് വീണ്ടെടുപ്പു വിലയായി നൽകിയത്. “നിങ്ങളെത്തന്നെയും താൻ സ്വന്തരക്തത്താൽ സമ്പാദിച്ചിരിക്കുന്ന ദൈവത്തിന്റെ സഭയെ മേയ്ക്കാൻ പരിശുദ്ധാത്മാവ് നിങ്ങളെ അദ്ധ്യക്ഷരാക്കിവെച്ച ആട്ടിൻകൂട്ടം മുഴുവനെയും സൂക്ഷിച്ചുകൊൾവിൻ.” (പ്രവൃ, 20:28). വീണ്ടെടുപ്പിനുവേണ്ടി അർപ്പിച്ച രക്തം പാപിയായ മനുഷ്യന്റെ രക്തമല്ല, പരിശുദ്ധനായ ദൈവപുത്രൻ്റ രക്തമാണ്. എണ്ണമറ്റ പാപികൾക്കുവേണ്ടി ചൊരിഞ്ഞ വിലയേറിയ രക്തമാണത്. ലോകത്തിന്റെ പാപം മുഴുവൻ കഴുകി ശുദ്ധീകരിപ്പാൻ മതിയായ രക്തമത്രേ ഒരിക്കലും അഴിഞ്ഞുപോകാത്ത ക്രിസ്തുവിന്റെ വിലയേറിയ രക്തം. (1പത്രൊ, 1:18,19). 

ചാർച്ചക്കാരനായ വീണ്ടെടുപ്പുകാരന് വീണ്ടെടുക്കുവാൻ മനസ്സുണ്ടായിരിക്കണം: ഗത്ത്ശെമന തോട്ടത്തിൽ വെച്ച് ക്രിസ്തു പിതാവിന്റെ ഹിതത്തിനു സമ്പൂർണ്ണമായി സമർപ്പിച്ചു. (ലൂക്കൊ, 22:42; എബ്രാ, 10:7; സങ്കീ, 40:7-9). ക്രിസ്തു നമുക്കുവേണ്ടി തന്നെത്തന്നെ ദൈവത്തിന്നു സൌരഭ്യവാസനയായ വഴിപാടും യാഗവുമായി അർപ്പിക്കുകയായിരുന്നു. (എഫെ, 5:2. ഒ.നോ: എഫെ, 5:26,27).

വീണ്ടെടുപ്പുകാരൻ വീണ്ടെടുപ്പ് ആവശ്യമില്ലാത്തവനായിരിക്കണം: ഒരടിമയ്ക്ക് മറ്റൊരടിമയെ വീണ്ടെടുക്കാൻ സാദ്ധ്യമല്ല; പാപിക്കു പാപിയേയും. പാപത്തിന്റെ അടിമത്തത്തിലായ മനുഷ്യനെ വീണ്ടെടുക്കുവാൻ നിഷ്പാപനായ വ്യക്തിക്കേ കഴിയു. ക്രിസ്തുവിനെക്കുറിച്ചു എബ്രായ ലേഖനകാരൻ എഴുതുകയാണ്; “നമുക്കുള്ള മഹാപുരോഹിതൻ നമ്മുടെ ബലഹീനതകളിൽ സഹതാപം കാണിപ്പാൻ കഴിയാത്തവനല്ല. പാപം ഒഴികെ സർവ്വത്തിലും നമുക്കു തുല്യമായി പരീക്ഷിക്കപ്പെട്ടവനത്രേ നമുക്കുള്ളത്.” (എബ്രാ, 4:15). “അവൻ പാപം ചെയ്തിട്ടില്ല, അവന്റെ വായിൽ വഞ്ചന ഒന്നും ഉണ്ടായിരുന്നില്ല.” (1പത്രൊ, 2:22; എബ്രാ, 7:26,27). നമ്മെ വീണ്ടെടുക്കുന്നതിന് ക്രിസ്തു നമുക്കുവേണ്ടി ശാപമായിത്തീർന്നു. (ഗലാ, 3:13). വീണ്ടെടുക്കപ്പെട്ടവർ ദൈവത്തിന്റെ വകയാണ്. അവർ ആത്മാവിലും ശരീരത്തിലും ദൈവത്തെ മഹത്വപ്പെടുത്തണം. (1കൊരി, 6:20). “സ്വാതന്ത്യത്തിന്നായി ക്രിസ്തു നമ്മെ സ്വതന്ത്രരാക്കി; ആകയാൽ അതിൽ ഉറച്ചുനില്പിൻ; അടിമനുകത്തിൽ പിന്നെയും കുടുങ്ങിപ്പോകരുത്.” (ഗലാ, 5:1).