☛ കർത്താവായ ക്രിസ്തു ജനിച്ചിരിക്കുന്നു:
➦ ❝ദൂതൻ ഇടയന്മാരോടു: ഭയപ്പെടേണ്ടാ; സർവ്വജനത്തിന്നും ഉണ്ടാവാനുള്ളോരു മഹാസന്തോഷം ഞാൻ നിങ്ങളോടു സുവിശേഷിക്കുന്നു. കർത്താവായ ക്രിസ്തു എന്ന രക്ഷിതാവു ഇന്നു ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ജനിച്ചിരിക്കുന്നു. നിങ്ങൾക്കു അടയാളമോ; ശീലകൾ ചുറ്റി പശുത്തൊട്ടിയിൽ കിടക്കുന്ന ഒരു ശിശുവിനെ നിങ്ങൾ കാണും എന്നു പറഞ്ഞു.❞ (ലൂക്കൊ, 2:10-12). ➟ദൂതൻ്റെ ഈ വാക്കുകളെ തെറ്റിദ്ധരിച്ചുകൊണ്ട്, യേശു ജനനത്തിൽത്തന്നെ ❝രക്ഷിതാവായ കർത്താവും ക്രിസ്തുവും❞ ആണെന്ന് കരുതുന്നവരുണ്ട്. ➟യഥാർത്ഥത്തിൽ ഇതൊരു പ്രവചനവും യേശുവിൻ്റെ ജനനത്തെക്കുറിച്ച് ഇടയന്മാർക്കുള്ള സദ്വാർത്തയുമാണ്. അതിൻ്റെ ചില തെളിവുകൾ കാണാം:
❶ സെഖര്യാവിനോടും മറിയയോടും യോസേഫിനോടുളുള്ള ദൂതൻ്റെ വാക്കുകളെല്ലാം പ്രവചനങ്ങളാണ്. ➟ഈ വേദഭാഗവും പ്രവചനമാണെന്ന് അതിൽത്തന്നെ തെളിവുണ്ട്: ❝സർവ്വജനത്തിന്നും ഉണ്ടാവാനുള്ളോരു മഹാസന്തോഷം ഞാൻ നിങ്ങളോടു സുവിശേഷിക്കുന്നു❞ (I bring you good tidings of great joy, which shall be to all people). ➟ആദ്യവാക്യം: ❝സകലജനത്തിനും ഉണ്ടായ സന്തോഷമല്ല; ഉണ്ടാവാനുള്ള (shall be) സന്തോഷമാണ്.❞ ➟ഇവിടെ, ❝ഐമി❞ (εἰμί – eimi) എന്ന ക്രിയാധാതുവിൻ്റെ പ്രഥമപുരുഷ ഏകവചനത്തിലും (3rd Person Singular) ഭാവികാലത്തിലുള്ള (Future tense) ❝എസ്തൈ❞ (ἔσται – éstai) എന്ന ഗ്രീക്കുപദമാണ് ഉപയോഗിച്ചിരിക്കുന്നത്. ➟അടുത്തവാക്യം: ❝കർത്താവായ ക്രിസ്തു എന്ന രക്ഷിതാവു ഇന്നു ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ജനിച്ചിരിക്കുന്നു.❞ ➟ഈ വേദഭാഗത്ത്, ❝ജനിച്ചിരിക്കുന്നു❞ എന്ന് ഭൂതകാലത്തിൽ പറഞ്ഞിരിക്കുന്നതിനാൽ ചരിത്രമാണെന്ന് ധരിക്കണ്ട. ➟ബൈബിളിലെ പ്രവചനങ്ങൾ മൂന്നു കാലങ്ങളിലും പറഞ്ഞിട്ടുണ്ട്: ➟ഉദാ: കർത്താവിൻ്റെ പുനരാഗമനം. ഭൂതകാലം: (യൂദാ, 1:15). വർത്തമാനകാലം: (വെളി, 1:7). ഭാവികാലം: (എബ്രാ, 10:37). ➟യേശു നമ്മുടെ ❝രക്ഷിതാവായ കർത്താവും ക്രിസ്തുവും❞ ആയത് ജനനത്തിലല്ല; പിൽക്കാലത്താണ്. ➟അതുകൊണ്ടാണ്, ആദ്യവാക്യത്തിൽ ❝ഉണ്ടാവാനുള്ളോരു മഹാസന്തോഷം❞ എന്ന് ഭാവികാലത്തിൽ പറഞ്ഞത്. ജനനത്തിൽത്തന്നെ അവൻ ❝രക്ഷിതാവായ കർത്താവും ക്രിസ്തുവും❞ ആയിരുന്നെങ്കിൽ, ❝സർവ്വജനത്തിന്നും ഉണ്ടായ മഹാസന്തോഷം❞ എന്ന് ദൂതൻ പറയുമായിരുന്നു. ➟അതിനടുത്തവാക്യം: ❝നിങ്ങൾക്കു അടയാളമോ; ശീലകൾ ചുറ്റി പശുത്തൊട്ടിയിൽ കിടക്കുന്ന ഒരു ശിശുവിനെ നിങ്ങൾ കാണും.❞ ➟10-11 വാക്യത്തിൽ ചരിത്രഭാഗം: ❝ദാവീദിൻ്റെ പട്ടണത്തിൽ നിങ്ങൾക്കായി ഒരു ശിശു ജനിച്ചിരിക്കുന്നു.❞എന്നത് മാത്രമാണ്. ➟❝ശിശുവിനെ നിങ്ങൾ കാണും❝ എന്നതുപോലും പ്രവചനമാണ്. ➟❝കർത്താവായ ക്രിസ്തു എന്ന രക്ഷിതാവു❞ ജനിച്ചത് പിൽക്കാലത്താണ്. ➟അതിനാൽ, ഇതൊരു പ്രവചനവും ദൂതന്മാരോടുള്ള സദ്വാർത്തയുമാണെന്ന് മനസ്സിലാക്കാം.
❷ കന്യകയായ മറിയ പ്രസവിച്ചത് ദൈവത്തെയോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനെയോ, ക്രിസ്തുവിനെയോ, ദൈവപുത്രനെയോ അല്ല: അവളുടെ ആദ്യജാതനായ ഒരു വിശുദ്ധപ്രജയെ അഥവാ, പാപരഹിതനായ ഒരു മനുഷ്യനെയാണ്: (ലൂക്കൊ, 1:35; ലൂക്കൊ, 2:7; 1യോഹ, 3:5; യോഹ, 8:40). ➟യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനംപോലെ എ.എം. 3789-ൽ (എ.ഡി. 29) യോർദ്ദാനിൽവെച്ച് ദൈവം അവനെ പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തപ്പോഴാണ് യേശുവെന്ന മനുഷ്യൻ ക്രിസ്തു (അഭിഷിക്തൻ) ആയത്: (യെശ, 61:1; ലൂക്കൊ, 2:11 – ലൂക്കൊ, 3:22; പ്രവൃ, 10:38; പ്രവൃ, 4:27;). ➟താൻ ക്രിസ്തു ആയത് അപ്പോഴാണെന്ന് നസറെത്തിലെ തൻ്റെ പ്രഥമശുശ്രൂഷയിൽ യെശയ്യാപ്രവചനം ഉദ്ധരിച്ചുകൊണ്ട് യേശുതന്നെ വ്യക്തമാക്കിയിട്ടുണ്ട്: (യെശ, 61:1-2; ലൂക്കൊ, 4:16-21). ➟യേശു ജനിച്ച് ഏകദേശം മുപ്പത് വർഷങ്ങൾക്ക് ശേഷമാണ് അവൻ അഭിഷിക്തൻ (ക്രിസ്തു) ആയത്: (ലൂക്കൊ, 3:23). ➟എന്നാൽ യോർദ്ദാനിൽവെച്ചും അവൻ മനുഷ്യരുടെ രക്ഷിതാവായ ക്രിസ്തു ആയില്ല; ശുശ്രൂഷയ്ക്കായുള്ള അഭിഷേകം പ്രാപിക്കുകയാണ് ചെയ്തത്. ➟അഭിഷേകത്താൽ ലഭിച്ച ആത്മാവിൻ്റെ ശക്തിയോടെയാണ് അവൻ ശുശ്രൂഷ ആരംഭിച്ചത്: (ലൂക്കൊ, 4:14-15). ➟പ്രവചനങ്ങൾക്ക് ത്രികാലസ്വഭാവമുള്ളതുപോലെ, ത്രികാല നിവൃത്തിയും (അംശനിവൃത്തിയും ആത്മീയനിവൃത്തിയും പൂർണ്ണനിവൃത്തിയും) ഉള്ളതായി കാണാം. ➟ഉദാ: ❝യിസ്രായേൽ ബാലനായിരുന്നപ്പോൾ ഞാൻ അവനെ സ്നേഹിച്ചു; മിസ്രയീമിൽ നിന്നു ഞാൻ എന്റെ മകനെ വിളിച്ചു.❞ (ഹോശേ, 11:1). ➟ഇത് യിസ്രായേലിനെക്കുറിച്ചുള്ള പ്രവചനമാണ്. ➟ആത്മീയമായി ക്രിസ്തുവിൽ നിവൃത്തിയായി: (മത്താ, 2:15). ➟1948-ലെ യിസ്രായേൽ രാഷ്ട്ര രൂപീകരണത്തുടുള്ള ബന്ധത്തിൽ അംശമായി നിവൃത്തിച്ചു: (യെശ, 66:8). ➟അന്ത്യകാലത്ത് യിസ്രായേലിന് അവൻ്റെ രാജ്യം യഥാസ്ഥാനത്താക്കി കൊടുത്തുകഴിയുമ്പോൾ പ്രവചനത്തിനു് പൂർണ്ണനിവൃത്തിവരും: (പ്രവൃ, 1:6 – ആവ, 30:3; യെശ, 11:11-12; 26:19; യിരെ, 29:14; യെഹെ, 38:8). ➟അതിനാൽ, യെശയ്യാപ്രവചനത്തിൻ്റെ പൂർണ്ണനിവൃത്തിയും ദൂതൻ്റെ പ്രവചനത്തിൻ്റെ ഭാഗിക നിവൃത്തിയുമാണ് യോർദ്ദാനിലെ അഭിഷേകമെന്ന് മനസ്സിലാക്കാം.
❸ യോർദ്ദാനിലെ സ്നാനാനന്തരമാണ് അവൻ ദൈവത്താൽ അഭിഷേകം പ്രാപിച്ച് ക്രിസ്തു ആയതെങ്കിലും അവൻ നമ്മുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവും ആയത് ജനനത്തിലോ, യോർദ്ദാനിലെ അഭിഷേകത്തിലോ അല്ല; മരിച്ച് ഉയിർത്തശേഷമാണ്: ➦❝ആകയാൽ നിങ്ങൾ ക്രൂശിച്ച ഈ യേശുവിനെ തന്നേ ദൈവം കർത്താവും ക്രിസ്തുവുമാക്കിവെച്ചു എന്നു യിസ്രായേൽ ഗൃഹം ഒക്കെയും നിശ്ചയമായി അറിഞ്ഞുകൊള്ളട്ടെ.❞ (പ്രവൃ, 2:36). ➦❝യിസ്രായേലിന്നു മാനസാന്തരവും പാപമോചനവും നല്കുവാൻ ദൈവം അവനെ പ്രഭുവായും രക്ഷിതാവായും തന്റെ വലങ്കയ്യാൽ ഉയർത്തിയിരിക്കുന്നു.❞ (പ്രവൃ, 5:31). ➟അതായത്, നമ്മുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ ചുമന്നുകൊണ്ട് ക്രൂശിൽമരിച്ച പുരുഷനായ (𝐌𝐚𝐧) നസറായനായ യേശുവിനെ ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ചിട്ടാണ് മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവുമായി തൻ്റെ വലങ്കയ്യാൽ ഉയർത്തിയത്: (1പത്രൊ, 2:24; പ്രവൃ, 2:23-24; പ്രവൃ, 2:36; പ്രവൃ, 5:31). ➟അപ്പോഴാണ് അവൻ യഥാർത്ഥത്തിൽ മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവും ആയത്.
➦ ആദാമിൻ്റെ അനുസരണക്കേടാണ് ലോകത്തിൻ്റെ പാപത്തിനു് കാരണം; ക്രിസ്തുവിൻ്റെ അനുസരണമാണ് ദൈവത്തോടു നമ്മെ നിരപ്പിച്ചതും അവൻ നിത്യരക്ഷയ്ക്ക് കാരണഭൂതനായതും: (എബ്രാ, 5:7-9). ➦❝ഏകലംഘനത്താൽ സകലമനുഷ്യർക്കും ശിക്ഷാവിധിവന്നതുപോലെ ഏകനീതിയാൽ സകലമനുഷ്യർക്കും ജീവകാരണമായ നീതീകരണവും വന്നു. ഏകമനുഷ്യന്റെ അനുസരണക്കേടിനാൽ അനേകർ പാപികളായിത്തീർന്നതുപോലെ ഏകന്റെ അനുസരണത്താൽ അനേകർ നീതിമാന്മാരായിത്തീരും.❞ (റോമർ 5:18-19 – 5:10-11). ➦❝മനുഷ്യൻ മൂലം മരണം ഉണ്ടാകയാൽ മരിച്ചവരുടെ പുനരുത്ഥാനവും മനുഷ്യൻ മൂലം ഉണ്ടായി.❞ (1കൊരി, 15:21). ➟തന്മൂലം, ❝കർത്താവായ ക്രിസ്തു എന്ന രക്ഷിതാവു❞ ജനിച്ചത്, അവൻ്റെ മരണപുനരുത്ഥാനങ്ങൾക്ക് ശേഷമാണെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം. ➟അപ്പോഴാണ്, ❝സർവ്വജനത്തിന്നും ഉണ്ടാവാനുള്ളോരു മഹാസന്തോഷം❞ ഉണ്ടായത്.
☛ ക്രിസ്തുവിന്റെ ആത്മാവില്ലാത്തവൻ അവനുള്ളവനല്ല:
➦ ❝നിങ്ങളോ, ദൈവത്തിന്റെ ആത്മാവ് നിങ്ങളിൽ വസിക്കുന്നു എന്നുവരികിൽ ജഡസ്വഭാവമുള്ളവരല്ല ആത്മസ്വഭാവമുള്ളവരത്രേ, ക്രിസ്തുവിന്റെ ആത്മാവില്ലാത്തവൻ അവനുള്ളവനല്ല.❞ (റോമ, 8:9). ➟ഈ വേദഭാഗത്ത് പറയുന്ന ❝ക്രിസ്തുവിൻ്റെ ആത്മാവു❞ യേശുവെന്ന ക്രിസ്തുവിൻ്റെ ആത്മാവാണെന്ന് പലരും വിചാരിക്കുന്നു. ➟അതിന് ചില കാരണങ്ങളുണ്ട്: ❶❝ദൈവപുത്രൻ❞ (Son of God) എന്നുപറഞ്ഞാലും ❝ക്രിസ്തു/മശീഹ❞ (Christ/Messiah) എന്നു പറഞ്ഞാലും യേശു മാത്രമാണെന്നാണ് പലരും മനസ്സിലാക്കുന്നത്. ➟ബൈബിളിൽ, ദൂതന്മാരും മനുഷ്യരുമായി അനേകം ദൈവപുത്രന്മാരും ക്രിസ്തുക്കളുമുണ്ട്. ➟പേർപറഞ്ഞിരിക്കുന്ന ഇരുപതോളം മശീഹമാരുണ്ട്. [കാണുക: മശീഹമാർ]. ❷❝മശീഹ❞ (מָשִׁיחַ – Maseeha) എന്ന എബ്രായ പദത്തെ പഴയനിയമത്തിൽ എല്ലായിടത്തും ❝അഭിഷിക്തൻ❞ (Anointed) എന്ന് പരിഭാഷ (Translation) ചെയ്താണ് ചേർത്തിരിക്കുന്നത്. ⟦ഇംഗ്ലീഷിൽ രണ്ടിടത്ത് ❝the Messiah❞ എന്ന് ലിപ്യന്തരണം ചെയ്തിട്ടുണ്ട്: Dan, 9:25; 9:26⟧. ➟എന്നാൽ പുതിയനിയമത്തിൽ ❝ഖ്രിസ്റ്റോസ്❞ (Χριστός – christos) എന്ന ഗ്രീക്കുപദത്തെ ❝അഭിഷിക്തൻ❞ (Anointed) എന്ന് പരിഭാഷ ചെയ്യാതെ, ❝ക്രിസ്തു❞ (Christ) എന്ന് ലിപ്യന്തരണം (Transliteration) ചെയ്താണ് ചേർത്തിരിക്കുന്നത്. ➟അതിനാൽ, ❝ക്രിസ്തു❞ എന്ന് കാണുന്നതൊക്കെ, യേശു ആണെന്ന് പലരും കരുതുന്നു. ❸❝യാക്കോബ് മറിയയുടെ ഭർത്താവായ യോസേഫിനെ ജനിപ്പിച്ചു. അവളിൽ നിന്നു ക്രിസ്തു എന്നു പേരുള്ള യേശു ജനിച്ചു.❞ (മത്താ, 1:16). ➟ഈ വേദഭാഗത്ത്, ❝ക്രിസ്തു എന്നു പേരുള്ള യേശു ജനിച്ചു❞ (Jesus, who is called Christ) എന്നത് ഗ്രീക്കിൽ, ❝യേസൂസ് ഹോ ലെഗോമെനോസ് ഖ്രിസ്റ്റോസ്❞ (Ἰησοῦς ὁ λεγόμενος Χριστός – Iēsous ho legomenos Christos) എന്നാണ്. ➟അതിൽ, ❝വിളിക്കപ്പെടുന്ന❞ (called) എന്നർത്ഥമുള്ള ❝ലെഗോമെനോസ്❞ (legomenos) എന്നപദം നിർദ്ദേശികവിഭക്തയിലുള്ള പുല്ലിംഗ ഏകവചനം (Nominative Case Singular Masculine) ആണ്. ➟അത്, ഒരു നാമം പോലെയോ വിശേഷണം പോലെയോ ഉപയോഗിക്കാം. ➟അതായത്, നമ്മുടെ കർത്താവിൻ്റെ ❝ക്രിസ്തു❞ (അഭിഷിക്തൻ) എന്ന പദവി (Title) പിൽക്കാലത്ത് പേര് (Name) ആയിമാറി; അഥവാ, പേരുപോലെ ഉപയോഗിക്കാൻ തുടങ്ങി. ➟അതിനാൽ ❝ക്രിസ്തു❞ എന്ന് കണ്ടാൽ അത് യേശുവാണെന്ന് പലരും വിചാരിക്കുന്നു. ➟പുതിയനിയമത്തിൽ യേശുവിനെക്കൂടാതെ, പലരെയും ❝ക്രിസ്തു❞ എന്ന് വിളിച്ചിട്ടുണ്ട്. ➟ഉദാ: യിസ്രായേൽ (യോഹ, 12:34; ഗലാ, 3:16), മോശെ (എബ്രാ, 11:26), പഴയനിയമ പ്രവാചകന്മാർ (1പത്രൊ, 1:11). [കാണുക: മോശെ വലിയ ധനമെന്നെണ്ണിയ നിന്ദ ആരുടെയാണ്?]
➦ പ്രസ്തുത വേദഭാഗത്തുള്ള, ❝ക്രിസ്തുവിൻ്റെ ആത്മാവു❞ ദൈവപുത്രനായ ക്രിസ്തുവിൻ്റെ ആത്മാവല്ല; വിശ്വാസികളിൽ വസിക്കുന്ന അഭിഷേകത്തിൻ്റെ ആത്മാവാണ്. ➟ദൈവം യേശു മുഖാന്തരമാണ് അവനിൽ വിശ്വസിക്കുന്നവരെ അഭിഷേകം ചെയ്തിരിക്കുന്നത്: (2കൊരി, 1:21; 1യോഹ, 2:20; 2:27). ➟അതായത്, ഇവിടെപ്പറയുന്ന ക്രിസ്തുവിൻ്റെ ആത്മാവ് എന്നത് നമ്മിലുള്ള അഭിഷിക്തൻ്റെ ആത്മാവായ പരിശുദ്ധാത്മാവാണ്. ➟അഭിഷേക ദാതാവ് ദൈവമാണ്: (പ്രവൃ, 10:38). ➟❝ഞങ്ങളെ നിങ്ങളോടുകൂടെ ക്രിസ്തുവിൽ ഉറപ്പിക്കുന്നതും നമ്മെ അഭിഷേകം ചെയ്തതും ദൈവമല്ലോ. അവൻ നമ്മെ മുദ്രയിട്ടും ആത്മാവു എന്ന അച്ചാരം നമ്മുടെ ഹൃദയങ്ങളിൽ തന്നുമിരിക്കുന്നു.❞ (2കൊരി, 1:21-22). ➟ദൈവം ക്രിസ്തുവിലൂടെ പരിശുദ്ധാത്മാവിനാൽ നമ്മെ അഭിഷേകം ചെയ്തപ്പോൾ ലഭിച്ച ആത്മാവിനെയാണ്, ❝ക്രിസ്തുവിൻ്റെ അഥവാ, അഭിഷിക്തൻ്റെ ആത്മാവു❞ എന്ന് പൗലൊസ് പറയുന്നത്. ➟നമ്മുടെ ഉള്ളിൽ വസിക്കുന്നത്, ദൈവപുത്രനായ ക്രിസ്തുവിൻ്റെ ആത്മാവല്ല; ദൈവത്തിൻ്റെ ആത്മാവാണ്: (യോഹ, 14:17; റോമ, 8:11; 1കൊരി, 3:16; 6:19; ഗലാ, 4:6).
➦ ആദ്യകാല ഗ്രീക്കു പരിഭാഷകളിൽ, വാക്യത്തിന് പൂർണ്ണവിരാമം (Fullstop) ഇട്ട് വാക്യത്തെ രണ്ടായി തിരിച്ചിട്ടില്ലായിരുന്നു. ഉദാ: ❝ὑμεῖς δὲ οὐκ ἐστὲ ἐν σαρκὶ ἀλλ’ ἐν πνεύματι εἴπερ πνεῦμα θεοῦ οἰκεῖ ἐν ὑμῖν εἰ δέ τις πνεῦμα Χριστοῦ οὐκ ἔχει οὗτος οὐκ ἔστιν αὐτοῦ❞ (STR 1550). ➟സന്ദർഭം അനുസരിച്ച് അർധവിരാമമോ (Semi colon), അല്പവിരാമമോ (Comma) ആണ് വാക്യത്തിന് ഇടേണ്ടത്. ➟എന്തെന്നാൽ, ❝εἰ (if) δέ (however)❞ എന്നത് രണ്ട് ഭാഗങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു സമുച്ചയപദം (Conjunction) ആണ്. [കാണുക: BIB]. ➟അതിനാൽ, ആദ്യഭാഗത്തിൻ്റെ തുടർച്ചയാണ് അനന്തരഭാഗമെന്ന് മനസ്സിലാക്കാം. ➟ആദ്യഭാഗത്ത് പറയുന്ന ദൈവത്തിൻ്റെ ആത്മാവുതന്നെയാണ് അടുത്തഭാഗത്ത് പറയുന്ന നമ്മിലുള്ള അഭിഷിക്തൻ്റെ ആത്മാവ്. ➟ആദ്യഭാഗത്ത് പറയുന്ന ദൈവത്തിൻ്റെ ആത്മാവ് അടുത്തഭാഗത്ത് വരുമ്പോൾ യേശുവിൻ്റെ ആത്മാവ് ആകുന്നത് എങ്ങനെയാണ്❓ ➟ഇംഗ്ലീഷിലെ പല പരിഭാഷകളിൽ അർധവിരാമവും അല്പവിരാമവുമാണ് ഇട്ടിരിക്കുന്നത്. ഉദാ: [BLT, DBT, GB1587, LST, MNT, WNT, WNT, YLT]. ➟വാക്യം മനസ്സിലാക്കാതെ, ❝ക്രിസ്തു❞ എന്ന് കാണുന്നതെല്ലാം യേശു ആണെന്ന് മനസ്സിലാക്കുന്നതാണ് പ്രശ്നം. ➟❝christos❞ എന്ന പദത്തെ എല്ലായിടത്തും ❝ക്രിസ്തു❞ എന്ന് ലിപ്യന്തരണം ചെയ്തിരിക്കയാണെന്ന് ഓർക്കണം. ➟അടുത്ത വാക്യങ്ങളിൽ തെളിവുണ്ട്:
➦ റോമർ 8:10: ❝ക്രിസ്തു നിങ്ങളിൽ ഉണ്ടെങ്കിലോ ശരീരം പാപംനിമിത്തം മരിക്കേണ്ടതെങ്കിലും ആത്മാവു നീതിനിമിത്തം ജീവനാകുന്നു.❞ ➟ഈ വേദഭാഗത്ത് പറയുന്ന ❝ക്രിസ്തു❞ യേശുവാണ്. ➟യേശുവെന്ന ക്രിസ്തുവും അവൻ്റെ ആത്മാവും നമ്മിൽ വസിക്കേണ്ട ആവശ്യമുണ്ടോ❓ അടുത്തവാക്യം ശ്രദ്ധിക്കുക:
➦ റോമർ 8:11: ❝യേശുവിനെ മരിച്ചവരിൽനിന്നു ഉയിർപ്പിച്ചവന്റെ ആത്മാവു നിങ്ങളിൽ വസിക്കുന്നു എങ്കിൽ ക്രിസ്തുയേശുവിനെ മരണത്തിൽനിന്നു ഉയിർപ്പിച്ചവൻ നിങ്ങളിൽ വസിക്കുന്ന തന്റെ ആത്മാവിനെക്കൊണ്ടു നിങ്ങളുടെ മർത്യശരീരങ്ങളെയും ജീവിപ്പിക്കും.❞ ➟ഈ വേദഭാഗത്ത് കാര്യം വ്യക്തമാണ്: നമ്മിൽ വസിക്കുന്നത് യേശുവിൻ്റെ ആത്മാവല്ല; യേശുവിലൂടെ അഥവാ, നാം യേശുവിനെ കൈക്കൊണ്ടതിലുടെ അവനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ച ദൈവത്തിൻ്റെ ആത്മാവായ പരിശുദ്ധാത്മാവാണ് നമ്മിൽ വസിക്കുന്നത്. ➟അതാണ്, ക്രിസ്തുവിലൂടെ നമ്മെ അഭിഷേകം ചെയ്ത് നമ്മോടുകൂടെ വസിക്കുന്ന അഭിഷിക്തൻ്റെ അഥവാ, ക്രിസ്തുവിൻ്റെ ആത്മാവെന്ന് പറയുന്നത്. ➟ദൈവാത്മാവാണ് നമ്മോടുകൂടെ വസിക്കുന്നതെന്ന് താഴെയും പറഞ്ഞിട്ടുണ്ട്: (റോമ, 8:14; 8:16; 8:23). ➟യേശു തന്നെത്താനല്ല ഉയിർത്തത്; ദൈവാത്മാവിനാൽ അഥവാ, ദൈവത്താലാണ് ഉയിർത്തത്: (1പത്രൊ, 3:18 – പ്രവൃ, 10:40). [കാണുക: മരിച്ചിട്ട് ഉയിർത്തവൻ]. ➟വേറെയും തെളിവുണ്ട്:
❶ ❝നസറായനായ യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതും ദൈവം അവനോടുകൂടെ ഇരുന്നതുകൊണ്ടു അവൻ നന്മചെയ്തും പിശാചു ബാധിച്ചവരെ ഒക്കെയും സൌഖ്യമാക്കിയുംകൊണ്ടു സഞ്ചരിച്ചതുമായ വിവരം തന്നേ നിങ്ങൾ അറിയുന്നുവല്ലോ.❞ (പ്രവൃ, 10:38). ➟ദൈവം യേശുവിനെ യോർദ്ദാനിൽവെച്ച് അഭിഷേകം ചെയ്തിട്ട് അവനെ വിട്ടുപോകയല്ല ചെയ്തത്; ആത്മാവായി അവനോടുകൂടെ വസിക്കുകയായിരുന്നു: (ലൂക്കൊ, 3:22). ➟അതുകൊണ്ടാണ്, പിതാവ് എന്നോടുകൂടെ ഉള്ളതുകൊണ്ട് ❝ഞാൻ ഏകനല്ല അഥവാ, ഒറ്റയ്ക്കല്ല❞ (I am not alone) എന്ന് യേശു പറഞ്ഞത്: (യോഹ, 8:16; 16:32 – മത്താ, 12:31-32). ➟അതുപോലെ, ദൈവം നമ്മെ ക്രിസ്തു മുഖാന്തരം അഭിഷേകം ചെയ്തിട്ട് ആത്മാവായി നമ്മോടുകൂടെ വസിക്കുകയാണ്: (2കൊരി, 1:21-22 – 1കൊരി, 3:16; 6:19). ➟ഈ ആത്മാവിനെയാണ് നമ്മിലുള്ള അഭിഷിക്തൻ്റെ അഥവാ, ക്രിസ്തുവിൻ്റെ ആത്മാവെന്ന് പൗലൊസ് പറയുന്നത്. ➟അല്ലാതെ, ദൈവപുത്രൻ്റെ ആത്മാവല്ല നമ്മിലുള്ളത്.
❷ ❝നിങ്ങൾക്കു വരുവാനിരിക്കുന്ന കൃപയെക്കുറിച്ചു പ്രവചിച്ച പ്രവാചകന്മാർ ഈ രക്ഷയെ ആരാഞ്ഞു അന്വേഷിച്ചിരുന്നു. അവരിലുള്ള ക്രിസ്തുവിൻ ആത്മാവു ക്രിസ്തുവിന്നു വരേണ്ടിയ കഷ്ടങ്ങളെയും പിൻവരുന്ന മഹിമയെയും മുമ്പിൽകൂട്ടി സാക്ഷീകരിച്ചപ്പോൾ സൂചിപ്പിച്ച സമയം ഏതോ എങ്ങിനെയുള്ളതോ എന്നു പ്രവാചകന്മാർ ആരാഞ്ഞുനോക്കി,❞ (1പത്രൊ, 1:10-11). ➟ഈ വേദഭാഗത്ത്, പ്രവാചകന്മാരിലുള്ള ❝ക്രിസ്തുവിൻ ആത്മാവിനെയും, യേശുവെന്ന ക്രിസ്തുവിനെയും❞ വേർതിരിച്ച് പറഞ്ഞിരിക്കുന്നത് നോക്കുക. ➟അതായത്, ദൈവത്തിൻ്റെ അഭിഷിക്തന്മാരായ അഥവാ, ക്രിസ്തുക്കളായ പ്രവാചകന്മാർ അവരിലുള്ള ക്രിസ്തുവിൻ്റെ അഥവാ, അഭിഷിക്തൻ്റെ ആത്മാവിലാണ്, യേശുവെന്ന ക്രിസ്തുവിന് വരേണ്ട കഷ്ടങ്ങളെയും പിൻവരുന്ന മഹിമയെയും ആരാഞ്ഞ് അന്വേഷിച്ചിരുന്നത്. ➟അല്ലാതെ, ഈ വാക്യത്തിലെ രണ്ട് ക്രിസ്തുവും യേശുവല്ല. ➟പ്രവാചകന്മാരിലുള്ള ക്രിസ്തുവിൻ്റെ (അഭിഷിക്തൻ) ആത്മാവാണ് നമ്മിലുള്ള ക്രിസ്തുവിൻ്റെയും ആത്മാവ്. ➟അതാണ്, റോമർ 8:9-ൽ പലൊസ് പറയുന്നത്. ➟പ്രവാചകന്മരെ ദൈവം തൻ്റെ ശുശ്രൂഷയ്ക്കായി അഭിഷേകം ചെയ്തപ്പോഴാണ് അവർക്ക് അഭിഷിക്തൻ്റെ (ക്രിസ്തു) ആത്മാവ് ലഭിച്ചത്; നമ്മെ യേശു മുഖാന്തരം ദൈവം അഭിഷേകം ചെയ്തപ്പോഴാണ് നമുക്ക് ക്രിസ്തുവിൻ്റെ(അഭിഷിക്തൻ) ആത്മാവ് ലഭിച്ചത്. ➟അത് യേശുവിൻ്റെ ആത്മാവല്ല; ദൈവത്തിൻ്റെ ആത്മാവാണ്.
❸ യേശു ആരാണെന്ന് അറിയാത്തതാണ് ക്രിസ്ത്യാനിയുടെ പ്രശ്നം: പിതാവായ ഏകദൈവത്തിൻ്റെ മനുഷ്യപ്രത്യക്ഷതയാണ് (ജഡത്തിലെ വെളിപ്പാട്) യേശു: (1തിമൊ, 3:15-16). 𝐓𝐡𝐞 𝐍𝐞𝐰 𝐌𝐞𝐬𝐬𝐢𝐚𝐧𝐢𝐜 𝐕𝐞𝐫𝐬𝐢𝐨𝐧-ൽ നോക്കിയാൽ, ❝𝐆𝐨𝐝-𝐓𝐡𝐞 𝐅𝐚𝐭𝐡𝐞𝐫 𝐰𝐚𝐬 𝐦𝐚𝐧𝐢𝐟𝐞𝐬𝐭 𝐢𝐧 𝐭𝐡𝐞 𝐟𝐥𝐞𝐬𝐡❞ എന്ന് കാണാൻ കഴിയും: (1Tim, 3:16). ➟അതായത്, പിതാവായ യഹോവ തൻ്റെ ജഡത്തിലെ വെളിപ്പാടിനായി മറിയയെന്ന കന്യകയിലൂടെ പ്രകൃത്യാതീതമായി ഉല്പാദിപ്പിച്ച (മത്താ, 1:20, ലൂക്കൊ, 2:21) ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ് യേശു: (റോമ, 5:15). ➟അതാണ്, പിതാവും ക്രിസ്തുവുമെന്ന ദൈവമർമ്മവും ദൈവഭക്തിയുടെ മർമ്മവും. (കൊലൊ, 2:2; 1തിമൊ, 3:16). ➟❝ജഡത്തിൽ വെളിപ്പെട്ടത് ജീവനുള്ള ദൈവമായ പിതാവും; വെളിപ്പാട് മനുഷ്യനായ പുത്രനുമാണ്.❞ (മത്താ, 16:16 – യോഹ, 8:40). ➟യേശു മനുഷ്യനാകയാൽ, അവനുണ്ടായിരുന്നത് മനുഷ്യാത്മാവാണ്: (യോഹ, 8:40; ലൂക്കൊ, 23:46). ➟തൻ്റെ മനുഷ്യത്മാവിനെ പിതാവിൻ്റെ കരങ്ങളിലേല്പിച്ച് (ലൂക്കൊ, 23:46) ദൈവാത്മാവിനാൽ (എബ്രാ, 9:14) ക്രൂശിൽമരിച്ച പുരുഷനായ (𝐌𝐚𝐧) നസറായനായ യേശുവിനെ ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ചിട്ടാണ് മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവുമായി തൻ്റെ വലങ്കയ്യാൽ ഉയർത്തിയത്: (1പത്രൊ, 2:24; പ്രവൃ, 2:23-24; പ്രവൃ, 2:36; പ്രവൃ, 5:31). ➟യേശു മനുഷ്യനാണെന്ന് അമ്പുതുപ്രാവശ്യം പറഞ്ഞിട്ടുണ്ട്. മനുഷ്യനായ യേശുവിൻ്റെ ആത്മാവിന് നമ്മോടൊപ്പം വസിക്കാൻ കഴിയുമോ❓ [കാണുക: മനുഷ്യനായ ക്രിസ്തുയേശു, ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക, ദൈവഭക്തിയുടെ മർമ്മം, ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു].
☛ യഹോവയ്ക്ക് വഴിയൊരുക്കാൻ വന്നവൻ ആർക്കാണ് വഴിയൊരുക്കിയത്❓
➦❝കേട്ടോ ഒരുത്തൻ വിളിച്ചുപറയുന്നതു: മരുഭൂമിയിൽ യഹോവെക്കു വഴി ഒരുക്കുവിൻ; നിർജ്ജനപ്രദേശത്തു നമ്മുടെ ദൈവത്തിന്നു ഒരു പെരുവഴി നിരപ്പാക്കുവിൻ. എല്ലാ താഴ്വരയും നികന്നും എല്ലാമലയും കുന്നും താണും വരേണം; വളഞ്ഞതു ചൊവ്വായും ദുർഘടങ്ങൾ സമമായും തീരേണം. യഹോവയുടെ മഹത്വം വെളിപ്പെടും, സകലജഡവും ഒരുപോലെ അതിനെ കാണും; യഹോവയുടെ വായല്ലോ അരുളിച്ചെയ്തിരിക്കുന്നതു.❞ (യെശ, 40:3-5). ➦❝എനിക്കു മുമ്പായി വഴി നിരത്തേണ്ടതിന്നു ഞാൻ എന്റെ ദൂതനെ അയക്കുന്നു. നിങ്ങൾ അന്വേഷിക്കുന്ന കർത്താവും നിങ്ങൾ ഇഷ്ടപ്പെടുന്ന നിയമദൂതനുമായവൻ പെട്ടെന്നു തന്റെ മന്ദിരത്തിലേക്കു വരും; ഇതാ, അവൻ വരുന്നു എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.❞ (മലാ, 3:1). ➟വഴി ഒരുക്കേണ്ടവനെക്കുറിച്ചും ഒരുക്കപ്പെട്ടവനെക്കുറിച്ചും ഏഴുപേരുടെ സാക്ഷ്യം കാണാം:
❶ കർത്താവിൻ്റെ ദൂതൻ:
☛ ❝അവൻ യിസ്രായേൽമക്കളിൽ പലരെയും അവരുടെ ദൈവമായ കർത്താവിങ്കലേക്കു തിരിച്ചുവരുത്തും. അവൻ അപ്പന്മാരുടെ ഹൃദയങ്ങളെ മക്കളിലേക്കും വഴങ്ങാത്തവരെ നീതിമാന്മാരുടെ ബോധത്തിലേക്കും തിരിച്ചുംകൊണ്ടു ഒരുക്കമുള്ളോരു ജനത്തെ കർത്താവിന്നുവേണ്ടി ഒരുക്കുവാൻ അവന്നു മുമ്പായി ഏലീയാവിന്റെ ആത്മാവോടും ശക്തിയോടും കൂടെ നടക്കും.❞ (ലൂക്കൊ, 1:16-17). ➟ഇത്, സെഖര്യാപുരോഹിതനോട് അവൻ്റെ മകനായ യോഹന്നാനെക്കുറിച്ചുള്ള ദൂതൻ്റെ പ്രവചനമാണ്: (ലൂക്കൊ, 1:13-15).
➦ ആദ്യഭാഗം ശ്രദ്ധിക്കുക: ❝അവൻ (യോഹന്നാൻ) യിസ്രായേൽമക്കളിൽ പലരെയും അവരുടെ ദൈവമായ കർത്താവിങ്കലേക്കു തിരിച്ചുവരുത്തും.❞ ഇവിടുത്തെ കർത്താവ് യഹോവയാണ്. ➟അടുത്തഭാഗം: ❝അവൻ ….. ഒരുക്കമുള്ളോരു ജനത്തെ കർത്താവിന്നു(യഹോവ)വേണ്ടി ഒരുക്കുവാൻ അവന്നു (യഹോവയുടെ) മുമ്പായി ഏലീയാവിന്റെ ആത്മാവോടും ശക്തിയോടും കൂടെ നടക്കും.❞ ➟യെശയ്യാപ്രവചത്തിലുള്ളത്: ❝യഹോവെക്കു വഴി ഒരുക്കുവിൻ❞ എന്നാണ്. ➟അതേ കാര്യമാണ് ദൂതനും പറയുന്നത്: ❝യോഹന്നാൻ യഹോവയുടെ മുമ്പായി നടക്കും.❞ ➟വഴിയൊരുക്കുന്നവനാണ് മുമ്പെ നടക്കുന്നത്: (മത്താ, 3:11; മർക്കൊ, 1:7; യോഹ, 1:15; 1:30). ➟യെശയ്യാവും മലാഖിയും പ്രവചിച്ച അതേകാര്യം തന്നെയാണ് യഹോവയുടെ ദൂതനും പ്രവചിക്കുന്നത്. ➟ഇതും കാണുക: (മലാ, 4:5). ➟വരുവാനുള്ള ഏലീയാവ് യോഹന്നാനാണെന്ന് യേശുവും പറഞ്ഞിട്ടുണ്ട്: (മത്താ, 17:12-13; മർക്കൊ, 9:13)
❷ സെഖര്യാപുരോഹിതൻ:
➦ ❝നീയോ പൈതലേ, അത്യുന്നതന്റെ പ്രവാചകൻ എന്നു വിളിക്കപ്പെടും. കർത്താവിന്റെ വഴി ഒരുക്കുവാനും നമ്മുടെ ദൈവത്തിന്റെ ആർദ്രകരുണയാൽ അവന്റെ ജനത്തിന്നു പാപമോചനത്തിൽ രക്ഷാപരിജ്ഞാനം കൊടുപ്പാനുമായി നീ അവന്നു മുമ്പായി നടക്കും.❞ (ലൂക്കോ, 1:76-77). ➟സെഖര്യാപുരോഹിതൻ പരിശുദ്ധാത്മാവ് നിറഞ്ഞവനായി പ്രവചിച്ചതാണിത്. ➟ഈ വേദഭാഗത്തെ ❝അത്യുന്നതനും കർത്താവും❞ യഹോവയാണ്.
➦ വാക്യം ശ്രദ്ധിക്കുക: ❝കർത്താവിന്റെ (യഹോവ) വഴി ഒരുക്കുവാനും നമ്മുടെ ദൈവത്തിന്റെ ആർദ്രകരുണയാൽ അവന്റെ (യഹോവയുടെ) ജനത്തിന്നു പാപമോചനത്തിൽ രക്ഷാപരിജ്ഞാനം കൊടുപ്പാനുമായി നീ അവന്നു (യഹോവയുടെ) മുമ്പായി നടക്കും.❞ ➟സെഖര്യാവ് പ്രവചിച്ചത് തൻ്റെ മകനായ യോഹന്നാൻ യഹോവയ്ക്ക് വഴി ഒരുക്കുന്നതിനെക്കുറിച്ചാണ്. ➟അതായത്, യഹോവയുടെ പ്രവാചകന്മാരായ യെശയ്യാവും മാലാഖിയും പ്രവചിച്ചതും യഹോവയുടെ ദൂതൻ പ്രവചിച്ചതും യഹോവയുടെ പുരോഹിതനായ സെഖര്യാവ് പ്രവചിച്ചതും യഹോവയുടെ മുമ്പേനടന്ന് യഹോവയ്ക്ക് വഴി ഒരുക്കുന്ന യോഹന്നാൻ സ്നാപകനെക്കുറിച്ചാണ്. ➟ഇത് ഭാഷണവും വാക്കുകളുമില്ലാതെ ആർക്കും മനസ്സിലാകുന്ന കാര്യമാണ്.
❸ സുവിശേഷകൻ മത്തായി:
➦ ആ കാലത്തു യോഹന്നാൻസ്നാപകൻ വന്നു, യെഹൂദ്യമരുഭൂമിയിൽ സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കയാൽ മാനസാന്തരപ്പെടുവിൻ എന്നു പറഞ്ഞു. മരുഭൂമിയിൽ വിളിച്ചുപറയുന്നവന്റെ വാക്കാവിതു: ❝കർത്താവിന്റെ വഴി ഒരുക്കി അവന്റെ പാത നിരപ്പാക്കുവിൻ” എന്നിങ്ങനെ യെശയ്യാ പ്രവാചകൻ പറഞ്ഞവൻ ഇവൻ തന്നേ.❞ (മത്താ, 3:1-3). ➟ഇത് യോഹന്നാനെക്കുറിച്ചുള്ള മത്തായിയുടെ വാക്കുകളാണ്.
➦ മൂന്നാം വാക്യം ശ്രദ്ധിക്കുക: ❝കർത്താവിന്റെ വഴി ഒരുക്കി അവന്റെ പാത നിരപ്പാക്കുവിൻ❞ എന്നിങ്ങനെ യെശയ്യാ പ്രവാചകൻ പറഞ്ഞവൻ ഇവൻ (യോഹന്നാൻ) തന്നേ.❞ ➟❝യഹോവയുടെ വഴി ഒരുക്കി അവന്റെ പാത നിരപ്പാക്കുവിൻ❞ എന്ന് യെശയ്യാവ് പ്രവചിച്ചവൻ യോഹന്നാൻ ആണെന്ന് മത്തായി അസന്ദിഗ്ദ്ധമായി സാക്ഷ്യപ്പെടുത്തുന്നു.
❹ സുവിശേഷകൻ മർക്കൊസ്:
➦ ❝ഞാൻ നിനക്കു മുമ്പായി എന്റെ ദൂതനെ അയക്കുന്നു; അവൻ നിന്റെ വഴി ഒരുക്കും. കർത്താവിന്റെ വഴി ഒരുക്കുവിൻ അവന്റെ പാത നിരപ്പാക്കുവിൻ എന്നു മരുഭൂമിയിൽ വിളിച്ചുപറയുന്നവന്റെ വാക്കു❞ എന്നിങ്ങനെ യെശയ്യാപ്രവാചകന്റെ പുസ്തകത്തിൽ എഴുതിയിരിക്കുന്നതുപോലെ യോഹന്നാൻ വന്നു. (മർക്കൊ, 1:2:3). ➟ഇത് യോഹന്നാനെക്കുറിച്ചുള്ള മർക്കൊസിൻ്റെ സാക്ഷ്യമാണ്:
➦ ആദ്യഭാഗം: ❝എനിക്കു മുമ്പായി വഴി നിരത്തേണ്ടതിന്നു ഞാൻ എന്റെ ദൂതനെ അയക്കുന്നു❞ എന്ന മലാഖി പ്രവചനത്തിൻ്റെ നിവൃത്തിയാണ്. മലാഖി 3:1-ൻ്റെ ആദ്യഭാഗം: (മത്താ, 11:10; ലൂക്കൊ, 7:27). ➟അടുത്തഭാഗം: യെശയ്യാപ്രവചനത്തിൻ്റെ നിവൃത്തിയാണ്: (യെശ, 40:3). ➨❝യെശയ്യാപ്രവാചകന്റെ പുസ്തകത്തിൽ എഴുതിയിരിക്കുന്നതുപോലെ യോഹന്നാൻ വന്നു❞ എന്നാണ് മർക്കൊസ് പറയുന്നത്. ➟മലാഖിയുടെയും യെശയ്യാവിൻ്റെയും പ്രവചനം ഒന്നിച്ചാണ് മർക്കൊസ് പറയുന്നതെന്ന് മനസ്സിലാക്കാം.
❺ സുവിശേഷകൻ ലൂക്കൊസ്:
➦ ❝മരുഭൂമിയിൽ വിളിച്ചുപറയുന്നവന്റെ വാക്കാവിതു: കർത്താവിന്റെ വഴി ഒരുക്കുവിൻ; അവന്റെ പാത നിരപ്പാക്കുവിൻ. എല്ലാതാഴ്വരയും നികന്നുവരും; എല്ലാമലയും കുന്നും താഴും; വളഞ്ഞതു ചൊവ്വായും ദുർഘടമായതു നിരന്ന വഴിയായും തീരും; സകലജഡവും ദൈവത്തിന്റെ രക്ഷയെ കാണും❞ എന്നിങ്ങനെ യെശയ്യാപ്രവാചകന്റെ പുസ്തകത്തിൽ എഴുതിയിരിക്കുന്നതു പോലെ തന്നേ. (ലൂക്കൊ, 3:4-6). ➟യെശയ്യാപ്രവചനത്തിൻ്റെ 40:3-5 വാക്യങ്ങൾ മുഴുവനായുള്ളത് ലൂക്കൊസിൻ്റെ സുവിശേഷത്തിൽ മാത്രമാണ്.
➦ ലൂക്കൊസ് 3:2-ൽ ❝യോഹന്നാന്നു മരുഭൂമിയിൽവെച്ചു ദൈവത്തിന്റെ അരുളപ്പാടു ഉണ്ടായതും❞ ➟3:3-ൽ ❝അവൻ യോർദ്ദാന്നരികെയുള്ള നാട്ടിൽ ഒക്കെയും വന്നു പാപമോചനത്തിനായുള്ള മാനസാന്തരസ്നാനം പ്രസംഗിച്ചതും❞ പറഞ്ഞശേഷമാണ്, യെശയ്യാവ് 40-ൻ്റെ 3-5 വാക്യങ്ങൾ ഉദ്ധരിക്കുന്നത്. ➟എന്നിട്ട് ലൂക്കൊസ് പറയുന്നത് ശ്രദ്ധിക്കുക: ❝എന്നിങ്ങനെ യെശയ്യാപ്രവാചകന്റെ പുസ്തകത്തിൽ എഴുതിയിരിക്കുന്നതു പോലെ തന്നേ.❞ ➨അതായത്, യെശയ്യാപ്രവചനത്തിൻ്റെ നിവൃത്തിയാണ് യോഹന്നാന്റെ ശുശ്രൂഷ എന്നാണ് ലൂക്കൊസ് വ്യക്തമാക്കുന്നത്. ❝സകലജഡവും ദൈവത്തിൻ്റെ രക്ഷയെ കാണും❞ എന്നത് ഗ്രീക്ക് സെപ്റ്റ്വജിൻ്റ് പരിഭാഷയാണ്. ➟പുതിയനിയമത്തിൽ ഉദ്ധരണികൾ എടുത്തിരിക്കുന്നത് Septuagint-ൽ നിന്നാണ്.
❻ സുവിശേഷകൻ യോഹന്നാൻ:
➦ ❝അതിന്നു അവൻ: യെശയ്യാപ്രവാചകൻ പറഞ്ഞതുപോലെ: കർത്താവിന്റെ വഴി നേരെ ആക്കുവിൻ എന്നു മരുഭൂമിയിൽ വിളിച്ചുപറയുന്നവന്റെ ശബ്ദം ഞാൻ ആകുന്നു എന്നു പറഞ്ഞു.❞ (യോഹ, 1:23). ➟സ്നാപകൻ്റെ വാക്കുകളാണ് യോഹന്നാൻ തൻ്റെ സുവിശേഷത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
➦ യെശയ്യാപ്രവചനം തുടങ്ങുന്നത് ഇപ്രകാരമാണ്: ❝കേട്ടോ ഒരുത്തൻ വിളിച്ചുപറയുന്നതു:❞ ➟യോഹന്നാൻ സ്നാപകൻ്റെ മരുഭൂമിയിൽ വിളിച്ചുപറഞ്ഞ വാക്കുകളാണ് യെശയ്യാവ് എഴുന്നൂറ് വർഷംമുമ്പ് ആത്മാവിനാൽ കേട്ടത്. ➟യെശയ്യാപ്രവാചകൻ വിളിച്ചുപറയുന്ന ആളെക്കണ്ടില്ല; ശബ്ദം മാത്രമാണ് തൻ്റെ പ്രവചനാത്മാവിൽ കേട്ടത്. ➟അവൻ കേട്ട ശബ്ദത്തിൻ്റെ ഉടയവനായ യോഹന്നാൻ പറയുന്നു: ❝മരുഭൂമിയിൽ വിളിച്ചുപറയുന്നവന്റെ ശബ്ദം ഞാൻ ആകുന്നു.❞
❼ ദൈവപുത്രനായ യേശുക്രിസ്തു:
➦ ❝ഞാൻ എന്റെ ദൂതനെ നിനക്കു മുമ്പായി അയക്കുന്നു; അവൻ നിന്റെ മുമ്പിൽ നിനക്കു വഴി ഒരുക്കും❞ എന്നു എഴുതപ്പെട്ടിരിക്കുന്നവൻ അവൻ തന്നേ. (മത്താ, 11:10). ➟ഇത് യോഹന്നാനെക്കുറിച്ചുള്ള യേശുവിൻ്റെ വാക്കുകളാണ്: (ലൂക്കൊ, 7:27).
➦ യെശയ്യാവ് പ്രവചിച്ച: ❝യഹോവെക്കു വഴി ഒരുക്കുന്നവനും❞ മലാഖി പ്രവചിച്ച: ❝യഹോവയ്ക്ക് മുമ്പായി വഴി നിരത്തേണ്ടതിന്നു യഹോവ അയച്ച ദൂതനും❞ യോഹന്നാനാണെന്ന് യേശു വ്യക്തമാക്കുന്നു: (യെശ, 40:3; മലാ, 3:1).➟ വരുവാനുള്ള ഏലീയാവും യോഹന്നാനാണെന്ന് യേശു പറഞ്ഞിട്ടുണ്ട്: (മത്താ, 17:12-13; മർക്കൊ, 9:13).
➦ യേശുക്രിസ്തു ഉൾപ്പെടെ ഏഴുപേരുടെ സാക്ഷ്യപ്രകാരം: യെശയ്യാവിൻ്റെയും മലാഖിയുടെയും പ്രവചനനിവൃത്തിയായിട്ട് യഹോവയ്ക്ക് വഴിയൊരുക്കാൻ വന്നവനാണ് യോഹന്നാൻ സ്നാപകൻ. ➟യഹോവയുടെ മുമ്പാകെയാണ് യോഹന്നാൻ വഴിനിരത്തേണ്ടതെന്ന് ദൈവദൂതനും സെഖര്യപ്രവാചകനും അക്ഷരപ്രതി പറഞ്ഞിട്ടുണ്ട്. ➟മറ്റുള്ളവരും പ്രവചനം ഉദ്ധരിച്ചുകൊണ്ട് അത് വ്യക്തമാക്കിയിട്ടുണ്ട്. ➟എന്നാൽ യഹോവയ്ക്ക് ഒരുക്കിയ വഴിയിൽ വന്നത് ആരാണ്❓
☛ ദൈവമായ യഹോവയ്ക്ക് വഴിയൊരുക്കാനും അവൻ്റെ ജനത്തെ രക്ഷിക്കാൻ യഹോവയുടെ മുമ്പെ നടക്കാനുമാണ് ദൈവം യോഹന്നാനെ അയച്ചത്;: (യോഹ, 1:6 – യെശ, 40:3; മലാ, 3:1; ലൂക്കൊ, 1:16-17; ലൂക്കൊ, 1:76-77). ➟എന്നാൽ യോഹന്നാൻ വഴിയൊരുക്കിയത് ആർക്കാണ്❓
➦ അതിൻ്റെ ഉത്തരം സ്നാപകൻതന്നെ പറയും: ❝ഞാൻ ക്രിസ്തു അല്ല, അവന്നു മുമ്പായി അയക്കപ്പെട്ടവനത്രേ എന്നു ഞാൻ പറഞ്ഞതിന്നു നിങ്ങൾ തന്നേ എനിക്കു സാക്ഷികൾ ആകുന്നു;❞ (യോഹ, 3:28). ➟യോഹന്നാൻ ക്രിസ്തുവിനു് മുമ്പായി ചുമ്മാ നടക്കുകയല്ല ചെയ്തത്; ക്രിസ്തുവിനു് വഴിയൊരുക്കുകയാണ് ചെയ്തത്: (മത്താ, 11:10; ലൂക്കൊ. 7:27). ➟താൻ വഴിയൊരുക്കിയവൻ്റെ പ്രകൃതി (Nature) എന്തെണെന്നും സ്നാപകൻ വ്യക്തമായി പറഞ്ഞിട്ടുണ്ട്: ❝എന്റെ പിന്നാലെ ഒരു പുരുഷൻ വരുന്നു; അവൻ എനിക്കു മുമ്പെ ഉണ്ടായിരുന്നതുകൊണ്ടു എനിക്കു മുമ്പനായി തീർന്നു എന്നു ഞാൻ പറഞ്ഞവൻ ഇവൻ തന്നേ.❞ (യോഹ, 1:30). ➟ഈ വേദഭാഗത്ത് പറയുന്ന ❝പുരുഷ്യൻ❞ (Man) ഗ്രീക്കിൽ ❝അനീർ❞ (ἀνὴρ – anēr) ആണ്. ➟അനീർ മനുഷ്യരിലെ പുരുഷൻ ആണ്. ➟എന്നാൽ ദൈവം പുരുഷനോ, സ്ത്രീയോ അല്ല; ദൈവത്തിനു് ജെൻ്ററില്ല. ➟ദൂതന്മാർക്കും ജെൻ്ററില്ലെന്ന് യേശുവിൻ്റെ വാക്കിനാൽ മനസ്സിലാക്കാം: (മത്താ, 22:30; മർക്കൊ, 12:25; ലൂക്കൊ, 20:35-36). ➦❝ഞാൻ മനുഷ്യനല്ല ദൈവം അത്രേ.❞ എന്നാണ് യഹോവ പറയുന്നത്: (ഹോശേ, 11:9). ➟എന്നാൽ പിതാവ് മാത്രമാണ് സത്യദൈവം (𝐅𝐚𝐭𝐡𝐞𝐫, 𝐭𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝) താൻ മനുഷ്യനാണെന്നാണ് യേശു പറഞ്ഞത്: (യോഹ, 17:3; യോഹ, 8:40). ➟അതായത്, ❝ദൈവം❞ (𝐆𝐨𝐝) എന്നത് യഹോവയായ ഏകസ്രഷ്ടാവിൻ്റെ ❝പ്രകൃതിയും❞ (𝐍𝐚𝐭𝐮𝐫𝐞) ❝മനുഷ്യൻ❞ (𝐌𝐚𝐧) എന്നത് ഏകകർത്താവായ യേശുക്രിസ്തുവിൻ്റെ ❝പ്രകൃതിയും❞ (𝐍𝐚𝐭𝐮𝐫𝐞) ആണ്: (1കൊരി, 8:6;1തിമൊ, 2:5-6).
➦ വാക്യത്തിൻ്റെ അടുത്തഭാഗം: ❝അവൻ എനിക്കു മുമ്പെ ഉണ്ടായിരുന്നതുകൊണ്ടു എനിക്കു മുമ്പനായി തീർന്നു.❞ (യോഹ, 1:15). ➟യേശുവെന്ന മനുഷ്യൻ യോഹന്നാനെക്കാൾ ആറുമാസം ഇളപ്പമാണ്: (ലൂക്കൊ, 1:36). ➟യോഹന്നാനെക്കാൾ ഇളയവനായ യേശുവെന്ന മനുഷ്യനു് അവനെക്കാൾ മുമ്പെ ഉണ്ടായിരിക്കാൽ കഴിയില്ല. ➟പിന്നെയാരാണ് അവനെക്കാൾ മുമ്പെ ഉണ്ടായിരുന്നത്❓ ➟അതിൻ്റെ ഉത്തരം യോഹന്നാൻതന്നെ പറഞ്ഞിട്ടുണ്ട്: ❝ഞാനോ അവനെ അറിഞ്ഞില്ല; എങ്കിലും വെള്ളത്തിൽ സ്നാനം കഴിപ്പിപ്പാൻ എന്നെ അയച്ചവൻ എന്നോട്: ആരുടെമേൽ ആത്മാവ് ഇറങ്ങുന്നതും വസിക്കുന്നതും നീ കാണുമോ അവൻ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കുന്നവൻ ആകുന്നു എന്നു പറഞ്ഞു.❞ (യോഹ, 1:33 – മത്താ, 3:11; മർക്കൊ, 1:7-8; ലൂക്കൊ, 3:16). ➟യെശയ്യാപ്രവചനത്തിൻ്റെ നിവൃത്തിയായി യേശുവെന്ന മനുഷ്യൻ യോർദ്ദാനിൽവെച്ച് ദൈവത്താൽ പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം പ്രപിച്ചതാണ്: ❝നസറായനായ യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതും ദൈവം അവനോടുകൂടെ ഇരുന്നതുകൊണ്ടു അവൻ നന്മചെയ്തും പിശാചു ബാധിച്ചവരെ ഒക്കെയും സൌഖ്യമാക്കിയുംകൊണ്ടു സഞ്ചരിച്ചതുമായ വിവരം തന്നേ നിങ്ങൾ അറിയുന്നുവല്ലോ.❞ (പ്രവൃ, 10:38 – യെശ, 61:1; ലൂക്കൊ, 3:23; പ്രവൃ, 4:27). ➟താൻ ക്രിസ്തു (അഭിഷിക്തൻ) ആയത് അപ്പോഴാണെന്ന് തൻ്റെ പ്രഥമശുശ്രൂഷയിൽ യെശയ്യാപ്രവചനം ഉദ്ധരിച്ചുകൊണ്ട് യേശുതന്നെ വ്യക്തമാക്കിയിട്ടുണ്ട്: (യെശ, 61:1-2; ലൂക്കൊ, 4:16-21). ➟പിതാവായദൈവം അഭിഷേകദാതാവും പുത്രൻ അഭിഷിക്തനുമാണ്. ➟പരിശുദ്ധാത്മാവിനാൽ അഭിഷേകം പ്രാപിച്ച് ക്രിസ്തു ആയ മനുഷ്യനു് എങ്ങനെ പരിശുദ്ധാത്മാവിനാൽ സ്നാനം കഴിപ്പിക്കാൻ കഴിയും❓
➦ തൻ്റെ പിന്നാലെ വരുന്ന മനുഷ്യൻ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കുമെന്നല്ല അവൻ പറഞ്ഞത്. ➟ആരാണോ യേശു എന്ന നാമത്തിൽ ഒരു മനുഷ്യപ്രത്യക്ഷത എടുത്തത്, അവൻ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കും എന്നാണ്. ➟അത് യഹോവയായ പിതാവാണ്. ➟അവൻ്റെ മനുഷ്യപ്രത്യക്ഷത അഥവാ, ജഡത്തിലെ വെളിപ്പാടാണ് തൻ്റെ പിന്നാലെ വന്ന മനുഷ്യനായ ക്രിസ്തുയേശു: (1തിമൊ, 2:6; 3:15-16). ➟അതായത്, പിതാവായ യഹോവ തൻ്റെ ജഡത്തിലെ വെളിപ്പാടിനായി കന്യകയിൽ ഉല്പാദിപ്പിച്ച (മത്താ, 1:20; ലൂക്കൊ, 2:21) ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ് യേശു: (റോമ, 5:15). ➟അതാണ് ദൈവഭക്തിയുടെ മർമ്മവും പിതാവും ക്രിസ്തുവും എന്ന ദൈവമർമ്മവും: (1തിമൊ, 3:16 – കൊലൊ, 2:2). ➟യഹോവയ്ക്ക് ഒരുക്കിയ വഴിയിൽ യഹോവ നേരിട്ടല്ല വന്നത്; അവൻ യേശു എന്ന തൻ്റെ പുതിയ നാമത്തിൽ ഒരു മനുഷ്യപ്രത്യക്ഷത എടുത്താണ് വന്നത്.
➦ ഉപസംഹാരം: യഹോവയ്ക്ക് വഴിയൊരുക്കാൻ വന്ന യോഹന്നാൻ അവൻ്റെ മനുഷ്യപ്രത്യക്ഷതയായ യേശുവെന്ന പാപരഹിതനായ മനുഷ്യനാണ് വഴിയൊരുക്കിയത്: (1യോഹ, 3:5; യോഹ, 8:40). ➟ഒന്നുകൂടി വ്യക്തമാക്കിയാൽ: യേശു പൂർവ്വാസ്തിത്വത്തിലും സുവിശേഷ ചരിത്രകാലമൊഴികെയുള്ള നിത്യമായ അസ്തിത്വത്തിലും പിതാവും പുത്രനും ഒന്നാണ്. ➟അങ്ങനെയാണ്, ❝യഹോവയ്ക്ക് വഴിയൊരുക്കുവിൻ❞ എന്ന പഴയപുതിയനിയമ പ്രവചനങ്ങളുടെ നിവൃത്തി. [കാണുക: ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക, ക്രിസ്തുവിൻ്റെ അസ്തിത്വവും പൂർവ്വാസ്തിത്വവും, ദൈവഭക്തിയുടെ മർമ്മം]
☛ യേശുവും യിസ്ഹാക്കും യോഹന്നാനും:
➦ യേശു പ്രകൃത്യാതീതമായി കന്യകയിൽനിന്ന് ഉത്ഭവിച്ചവനാകയാൽ, അവൻ ദൈവമാണെന്ന് വിചാരിക്കുന്നവരുണ്ട്: (മത്താ, 1:20; ലൂക്കൊ, 1:35; ലൂക്കൊ, 2:21). ➟യേശു മാത്രമല്ല; യിസ്ഹാക്കും യോഹന്നാൻ സ്നാപകനും പ്രകൃത്യാതീതമായി ജനിച്ചവരാണ്.
❶ യിസ്ഹാക്കിൻ്റെ അമ്മ സാറാ: മച്ചിയായിരുന്നു (ഉല്പ, 11:30), അവൾക്ക് സ്ത്രീകൾക്കുള്ള പതിവു നിന്നു പോയിരുന്നു (ഉല്പ, 18:1), അവളും ഭർത്താവും വൃദ്ധരായിരുന്നു: (ഉല്പ, 18:11-12). ➟അബ്രാഹാമിനു് തൊണ്ണൂറ്റൊമ്പത് വയസ്സുള്ളപ്പോൾ ദൈവം അവനോടു: നിനക്ക് സാറായിൽ നിന്ന് ഒരു മകൻ ജനിക്കുമെന്ന് പറഞ്ഞു. (ഉല്പ, 17:16). ➟അതുകേട്ട് അവൻ ചിരിച്ചുവെന്നല്ല അവിടെ പറയുന്നത്; ❝അബ്രാഹാം കവിണ്ണുവീണു ചിരിച്ചു❞ എന്നാണ്. ➟ചിരിച്ചുചിരിച്ച് മണ്ണുകപ്പി എന്നു കേട്ടിട്ടില്ലേ? അതുതന്നെ. ➟എന്നിട്ട് ഹൃദയത്തിൽ പറഞ്ഞു: ❝നൂറു വയസ്സുള്ളവന്നു മകൻ ജനിക്കുമോ? തൊണ്ണൂറു വയസ്സുള്ള സാറാ പ്രസവിക്കുമോ?❞ (ഉല്പ, 17:17). ➟എന്നിട്ട്, ❝യിശ്മായേൽ നിന്റെ മുമ്പാകെ ജീവിച്ചിരുന്നാൽ മതി❞ എന്നാണ് അബ്രാഹാം ദൈവത്തോട് പറഞ്ഞത്: (ഉല്പ, 17:18). ➟സാറായും മകൻ ജനിക്കുമെന്ന് കേട്ടപ്പോൾ ഉള്ളുകൊണ്ടു ചിരിച്ചു: (ഉല്പ, 18:12). ➟മൃതപ്രായരായ അവരിൽ നിന്നാണ് ആകാശത്തിലെ നക്ഷത്രങ്ങൾ പോലെയും ഭൂമിയിലെ പൊടിപോലെയും അബ്രാഹാമിനു് മക്കൾ ജനിച്ചത്: (ഉല്പ, 22:18)
❷ എലീശബെത്ത് മച്ചിയും ഇരുവരും വയസ്സു ചെന്നവരും ആയിരുന്നു: (ലൂക്കോ, 1:7). ➟വയസ്സായ സമയത്ത് ഗർഭിണിയായതിനാൽ അവൾ അഞ്ചുമാസം ഒളിച്ചുപാർത്തതായി കാണാം: (ലൂക്കൊ, 1:25). ➟ബൈബിളിൽ പല മച്ചികളുടെയും ഗർഭം ദൈവം തുറന്നുകൊടുത്തിട്ട് അവർ മക്കളെ പ്രസവിച്ചതായി പറഞ്ഞിട്ടുണ്ട്. ഉദാ: റാഹേൽ (ഉല്പ, 29:31; 30:22). ➟മനോഹയുടെ ഭാര്യ (ന്യായാ, 13:2-3, 13:24), ഹന്ന (1ശമൂ, 1:5; 1:20). ➟എന്നാൽ യിസ്ഹാക്കിൻ്റെയും യോഹന്നാൻ്റെയും ജനനം അപ്രകാരമായിരുന്നില്ല. ➟സാറായും എലീശബെത്തും മച്ചി മാത്രമായിരുന്നില്ല; അവർക്കും അവരുടെ ഭർത്താക്കന്മാർക്കും മകളെ ഉല്പാദിപ്പിക്കാനുള്ള പ്രായവും കടന്നുപോയിരുന്നു. ➟ഒന്നുമില്ലായ്മയിൽ നിന്ന് സകലവും ഉളവാക്കിയവനും കല്ലുകളിൽ നിന്നുപോലും മക്കളെ ഉളവാക്കാൻ കഴിയുന്നവനുമായ ദൈവത്താലാണ് സാറായും എലീശബെത്തും മറിയയും ഗർഭംധരിച്ചു പ്രസവിച്ചത്. ➟എന്നാൽ വ്യത്യാസമെന്താണെന്ന് ചോദിച്ചാൽ: ദൈവം യിസ്ഹാക്കിൻ്റെയും യോഹന്നാൻ്റെയും മാതാപിതാക്കൾക്ക് പുത്രോല്പാദനത്തിനുള്ള ശക്തി പ്രകൃത്യാതീതമായി നല്കിയിട്ട് അവൻ സ്വാഭാവികമായ രീതിയിലാണ് മക്കളെ ജനിപ്പിച്ചത്. ➟അതായത്, യിസ്ഹാക്കും യോഹന്നാനും ഏതൊരു മനുഷ്യനെപ്പോലെയും പിതാവിൻ്റെയും മാതാവിൻ്റെയും വേരിൽനിന്ന് ജനിച്ചതാകയാൽ അവർ പാപത്തിലാണ് ജനിച്ചത്.
❸ കന്യകയായ മറിയ പുരുഷബന്ധം കൂടാതെയും അവളുടെ യാതൊരു ഭാഗഭാഗിത്വവും കൂടാതയും പരിശുദ്ധാത്മാവിനാലാണ് യേശുവിനെ ഗർഭംധരിച്ചത്: (ലൂക്കൊ, 1:20; മത്താ, 1:18-20; ലൂക്കൊ, 1:35; 2:21). ➟പുരുഷൻ്റെ ബീജവും സ്ത്രീയുടെ അണ്ഡവും സംയോജിക്കുമ്പോഴാണ് ഒരു കുഞ്ഞ് ജനിക്കുന്നത്. യോസേഫിൻ്റെ ബീജം മറിയയിൽ എത്തിയിട്ടില്ലാത്തതിനാൽ, മറിയയുടെ അണ്ഡവും നിഷ്ക്രിയമായിരിക്കുമെന്നു മനസ്സിലാക്കാം. ➟അതിനാൽ, മനുഷ്യരുടെ വേരിൽനിന്നല്ല യേശുവിൻ്റെ ജനനമെന്നതിനാൽ അവൻ്റെ ജനനം പാപരഹിതമാണ്: (1യോഹ, 3:5). [കാണുക: ക്രിസ്തു അമ്മയിൽനിന്ന് ശരീരം സ്വീകരിച്ചോ?]
➦ യിസ്ഹാക്കിൻ്റെയും യോഹന്നാന്നാൻ്റെയും യേശുവിൻ്റെയും ജനനം പ്രകൃത്യാതീതമായിട്ടാണ്. ➟മൂവരുടെയും പ്രകൃതി (Nature) ഒന്നുതന്നെയാണ്. ➟അഥവാ, മൂന്നുപേരും മനുഷ്യരാണ്: (യോഹ, 8:40). ➟എന്നാൽ യിസ്ഹാക്കും യോഹന്നാനും പാപജഡത്തിലും യേശു പാപജഡത്തിൻ്റെ സാദൃശ്യത്തിലായിരുന്നു: (റോമ, 8:3). ➟അഥവാ, യിസ്ഹാക്കിൻ്റെയും യോഹന്നാൻ്റെയും പാപസഹിത ജനനവും യേശുവിൻ്റെ പാപരഹിത ജനനവും ആയിരുന്നു; (1യോഹ, 3:5).
➦ യേശു എല്ലാ മനുഷ്യരെപ്പോലയും ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ളവനും (ലൂക്കൊ, 23:46) അഥവാ, അവൻ ജഡരക്തങ്ങളോടു കൂടിയവൻ ആയിരുന്നെങ്കിലും (എബ്രാ, 2:14), പാപമറിയാത്തവനും (2കൊരി, 5:21) പവിത്രനും നിർദ്ദോഷനും നിർമ്മലനും പാപികളോടു വേറുവിട്ടവനും (എബ്രാ, 7:26) പാപം ചെയ്തിട്ടില്ലാത്തവനും വായിൽ വഞ്ചനയില്ലാഞ്ഞവനും (1പത്രൊ, 2:22) പാപമില്ലാത്തവനും ആയിരുന്നു: (1യോഹ, 3:5).
☛ മൂന്നുപേരുടെയും ജനനത്തിൻ്റെ ഉദ്ദേശ്യം: ❶ദൈവം കൽദയരുടെ പട്ടണമായ ഊരിൽനിന്ന് വിളിച്ചുവേർതിരിച്ച തൻ്റെ സ്നേഹിതനായ അബ്രാഹാമിനോടുചെയ്ത വാഗ്ദത്തത്തിൻ്റെ നിവൃത്തിയാണ് യിസ്ഹാക്കിൻ്റെ ജനനം: (ഉല്പ, 12:2-3). ❷നിത്യരക്ഷയുടെ കാരണഭൂതനായിത്തീർന്ന ക്രിസ്തുവിൻ്റെ വഴിയൊരുക്കാരുക്കാനാണ് യോഹന്നാൻ ജനിച്ചത്: (എബ്രാ, 5:7-9 – ലൂക്കൊ, 1:16-17; 1:76-77). [കാണുക: യഹോവയ്ക്ക് വഴിയൊരുക്കാൻ വന്നവൻ ആർക്കാണ് വഴിയൊരുക്കിയത്?]. ❸പിതാവായ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനായാണ് യേശു ജനിച്ചത്. ആദ്യകാല ആധുനിക ഇംഗ്ലീഷ് പരിഭാഷകളിലും (𝐄𝐚𝐫𝐥𝐲 𝐌𝐨𝐝𝐞𝐫𝐧 𝐄𝐧𝐠𝐥𝐢𝐬𝐡 𝐓𝐫𝐚𝐧𝐬𝐥𝐚𝐭𝐢𝐨𝐧𝐬) സാമാന്തര ഗ്രീക്ക് വേഷനുകളിലും മലയാളത്തിലെ ബെഞ്ചമിൻ ബെയ്ലി പരിഭാഷകളിലും 𝗧𝗵𝗲𝗼𝘀 𝗲𝗽𝗵𝗮𝗻𝗲𝗿𝗼𝘁𝗵𝗲 𝗲𝗻 𝘀𝗮𝗿𝗸𝗶 ⁃⁃ 𝗚𝗼𝗱 𝘄𝗮𝘀 𝗺𝗮𝗻𝗶𝗳𝗲𝘀𝘁 𝗶𝗻 𝘁𝗵𝗲 𝗳𝗹𝗲𝘀𝗵 (ദൈവം ജഡത്തിൽ വെളിപ്പെട്ടു) എന്നാണ്: (Stephanus 1550, Beza 1598, Elzevir 1624, Scrivener 1894 ⁃⁃ Tyndale 1526, 1534, Coverdale 1535, Matthew’s 1537, The Great 1539, Geneva 1560, Bishops 1568, King James 1611 ⁃⁃ ബെ,ബെ). ➟അതാണ് പൗലൊസിലൂടെ വെളിപ്പെടുത്തപ്പെട്ട ദൈവഭക്തിയുടെ മർമ്മം: (1Tim. 3:16). ➟മശീയാനിക് യെഹൂദന്മാരുടെപരിഭാഷ (𝐍𝐌𝐕) പരിശോധിച്ചാൽ 𝗚𝗼𝗱-𝗧𝗵𝗲 𝗙𝗮𝘁𝗵𝗲𝗿 𝘄𝗮𝘀 𝗺𝗮𝗻𝗶𝗳𝗲𝘀𝘁 𝗶𝗻 𝘁𝗵𝗲 𝗳𝗹𝗲𝘀𝗵 എന്ന് കാണാൻ കഴിയും: [കാണുക: NMV]. ➟അതായത്, ദൈവം അവതാരം (𝐈𝐧𝐜𝐚𝐫𝐧𝐚𝐭𝐢𝐨𝐧) എടുത്തതോ, വേഷംമാറി വന്നതോ അല്ല; ദൈവം തൻ്റെ ജഡത്തിലെ വെളിപ്പാടിനായി (1തിമൊ, 3:16) കന്യകയിൽ പ്രകൃതൃതീതമായി ഉല്പാദിപ്പിച്ച (മത്താ, 1:20; ലൂക്കൊ, 2:21) ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ് യേശുക്രിസ്തു: (റോമ, 5:15). ➟❝ജഡത്തിൽ വെളിപ്പെട്ടത് ഏകദൈവമായ പിതാവും; വെളിപ്പാട് പുത്രനുമാണ്.❞ (യോഹ, 1:18). ➟ക്രിസ്തു ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായതുകൊണ്ടാണ് യഹോവയെക്കുറിച്ചുള്ള പ്രവചനങ്ങളെല്ലാം ക്രിസ്തുവിൽ നിവൃത്തിയാകുന്നത്. ➟ഉദാ: (യെശ, 25:8-9⁃⁃എബ്രാ, 2:14-15; യെശ, 29:18; യെശ, 35:3-6⁃⁃ലൂക്കൊ, 7:22; യെശ, 40:3; മലാ, 31⁃⁃യോഹ, 1:23; സെഖ, 12:10 വി.ഗ്ര; KJV⁃⁃യോഹ, 19:37) ➟മനുഷ്യരെല്ലാം പാപികളായതുകൊണ്ട് (ഇയ്യോ, 15:14; ഇയ്യോ, 25:4; സഭാ, 7:20; റോമ, 3:23; റോമ, 5:12), ➟മനുഷ്യനു് മനുഷ്യൻ്റെ പാപം പോക്കാൻ കഴിയാത്തതിനാൽ (സങ്കീ, 49:7-9) പാപത്തിൻ്റെ ശമ്പളം മരണം (റോമ, 6:23), പാപം ചെയ്യുന്ന ദേഹി മരിക്കും (യെഹെ, 18:4; 18:20), രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല (എബ്രാ, 9:22) എന്ന ദൈവനീതി നിവൃത്തിക്കാൻ മരണമോ, മാറ്റമോ ഇല്ലാത്തവനും തന്നെത്താൻ ത്യജിക്കാൻ കഴിയാത്തവനുമായ പിതാവായ യഹോവ തൻ്റെ ജഡത്തിലെ വെളിപ്പാടിനായി കന്യകയിൽ ഉല്പാദിപ്പിച്ച (മത്താ, 1:20; ലൂക്കൊ, 2:21) ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ് യേശുക്രിസ്തു: (റോമ, 5:15). [കാണുക: ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക, ദൈവഭക്തിയുടെ മർമ്മം].
☛ക്രിസ്തുവും യോഹന്നാനും:
ക്രിസ്തു നിസ്തുല്യനായ മനുഷ്യനാണ്: (ഗലാ, 1:1; യോഹ, 8:40). എങ്കിലും യോഹന്നാനുമായി ചില സാമ്യങ്ങൾ ബൈബിളിൽ പറഞ്ഞിട്ടുണ്ട്: [കാണുക: നിസ്തുലനായ ക്രിസ്തു]
❶ യോഹന്നാൻ്റെ ജനനവും യേശുവിൻ്റെ ജനനവും ദൈവം ഗബ്രീയേൽ ദൂതൻ മുഖാന്തരമാണ് അറിയിച്ചത്: (ലൂക്കൊ, 1:13-17 – ലൂക്കൊ, 1:30-35; മത്താ, 1:18-23).
❷ ❝യോഹന്നാൻ്റെ ജനനത്തിങ്കൽ പലരും സന്തോഷിക്കും❞ എന്നും യേശുവിൻ്റെ ജനനനത്തിങ്കൽ ❝സർവ്വജനത്തിന്നും ഉണ്ടാവാനുള്ളോരു മഹാസന്തോഷം❞ എന്നും പറഞ്ഞിട്ടുണ്ട്: (ലൂക്കൊ, 1:14 – ലൂക്കൊ, 2:10)
❸ യോഹന്നാൻ അമ്മയുടെ ഉദരത്തിൽവെച്ചുതന്നെ പരിശുദ്ധാത്മാവിനാൽ നിറഞ്ഞവനാണ്: (ലൂക്കൊ, 1:15; 1:41). യേശു ജനിച്ച് ഏകദേശം മൂപ്പത് വയസ്സായപ്പോൾ യോർദ്ദാനിൽവെച്ച് പരിശുദ്ധാത്മാവിനാൽ നിറഞ്ഞവനാണ്: (ലൂക്കൊ, 3:23; ലൂക്കൊ, 4:1)
❹ യോഹന്നാനെക്കുറിച്ച്: ❝പൈതൽ വളർന്നു ആത്മാവിൽ ബലപ്പെട്ടു❞ എന്ന് പറഞ്ഞിട്ടുണ്ട്: (ലൂക്കൊ, 1:80). യേശുവിനെക്കുറിച്ചും: ❝പൈതൽ വളർന്നു ജ്ഞാനം നിറഞ്ഞു, ആത്മാവിൽ ബലപ്പെട്ടുപോന്നു❞ എന്ന് പറഞ്ഞിട്ടുണ്ട്: (ലൂക്കൊ, 2:40).
❺ യോഹന്നാനെയും യേശുവിനെയും എട്ടാം നാളിൽ പരിച്ഛേദന കഴിക്കുന്നതിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്: (ലൂക്കൊ, 1:59 – ലൂക്കൊ, 2:21).
❻ രണ്ടുപേരുടെയും പേർ നിർദ്ദേശിച്ചത് ദൈവമാണ്. ജനനത്തിനുമുമ്പേ നാമകരണം ചെയ്യപ്പെട്ട എട്ടുപേരിൽ, പുതിയനിയമത്തിലെ രണ്ടുപേരാണ് യോഹന്നാനും യേശുവും: (ലൂക്കൊ, 1:13 – മത്താ, 1:21, ലൂക്കൊ, 1:31). [കാണുക: ജനിക്കുന്നതിനു മുമ്പു നാമകരണം ചെയ്യപ്പെട്ടവർ].
❼ ❝അവൻ കർത്താവിന്റെ സന്നിധിയിൽ വലിയവൻ ആകും❞ എന്ന് യോഹന്നാനെക്കുറിച്ചും ❝അവൻ വലിയവൻ ആകും❞ എന്ന് യേശുവിനെക്കുറിച്ചും പറഞ്ഞിട്ടുണ്ട്: (ലൂക്കൊ, 1:15 – 1:32).
❽ ❝യോഹന്നാൻ യിസ്രായേൽമക്കളിൽ പലരെയും അവരുടെ ദൈവമായ കർത്താവിങ്കലേക്കു തിരിച്ചുവരുത്തും❞ എന്നും ❝യേശു തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിക്കും❞ എന്നും പറഞ്ഞിട്ടുണ്ട്: (ലൂക്കോ, 1:16 – മത്താ, 1:21)
❾ ❝നിന്നാൽ സ്നാനം ഏല്ക്കുവാൻ എനിക്കു ആവശ്യം❞ എന്ന് യോഹന്നാൻ യേശുവിനോട് പറഞ്ഞു; എന്നാൽ ന്യായപ്രമാണത്തിൻ്റെ നീതി നിവർത്തിക്കാനായി യേശു യോഹന്നാനാൽ സ്നാനമേറ്റു: (മത്താ, 3:14 – മത്താ, 3:15-16)
❿ യോഹന്നാനും യേശുവും പ്രവാചകന്മാർ ആയിരുന്നു: (മത്താ, 11:13; 14:5; മർക്കൊ, 11:32; ലൂക്കൊ, 1:76; 20:6 – മത്താ, 21:11; 21:46; ലൂക്കൊ, 24:19; യോഹ, 4:19; പ്രവൃ, 3:23; 7:37)
⓫ തമ്മിൽ ഒരു വ്യത്യാസവും കാണാം: ❝യോഹന്നാൻ തിന്നുകയും കുടിക്കുകയും ചെയ്യാത്തവനായി വന്നു.❞ (മത്താ, 11:18; ലൂക്കൊ, 7:33). ❝മനുഷ്യപുത്രൻ തിന്നും കുടിച്ചുംകൊണ്ടു വന്നു.❞ (മത്താ, 11:19; ലൂക്കൊ, 7:34). [കാണുക: ക്രിസ്തുവും യോഹന്നാൻ സ്നാപകനും, ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക]