
☛ മൂന്നു പ്രത്യേക സ്ത്രീകളെക്കുറിള്ള പരാമർശം ബൈബിളിൽ കാണാൻ കഴിയും:
❶ പ്രഥമസുവിശേഷത്തിലെ സ്ത്രീ: (ഉല്പ, 3:15)
❷ കാലസമ്പൂർണ്ണതയിലെ സ്ത്രീ: (ഗലാ, 4:4)
❸ സൂര്യനെ അണിഞ്ഞ സ്ത്രീ: (വെളി, 12:1).
➦ ഉല്പത്തിയിലെ സ്ത്രീക്കും കാലസമ്പൂർണ്ണതയിലെ സ്ത്രീക്കും സൂര്യനെ അണിഞ്ഞ സ്ത്രീക്കും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? ➟ഈ സ്ത്രീകൾ ആരെയാണ് പ്രതിനിധീകരിക്കുന്നത്? ➟എന്നൊക്കെയാണ് നാം പരിശോധിക്കുന്നത്:
1️⃣ഉല്പത്തിയിലെ സ്ത്രീ
☛ ❝ഞാൻ നിനക്കും സ്ത്രീക്കും നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മിൽ ശത്രുത്വം ഉണ്ടാക്കും. അവൻ നിന്റെ തല തകർക്കും; നീ അവന്റെ കുതികാൽ തകർക്കും.❞ (ഉല്പ, 3:15). ➟ഈ വേദഭാഗം പ്രഥമപ്രവചനം, പ്രഥമവാഗ്ദത്തം, പ്രഥമസുവിശേഷം എന്നിങ്ങനെ അറിയപ്പെടുന്നു. ➟ഈ വാക്യത്തിൽ നാലുപേരെക്കുറിച്ച് പരാമർശിച്ചിട്ടുണ്ട്; ➟പാമ്പ്, സ്ത്രീ, പാമ്പിൻ്റെ സന്തതി, സ്ത്രീയുടെ സന്തതി. ➟യഹോവയായ ദൈവം പാമ്പിനോടാണിത് കല്പിക്കുന്നതെന്ന് 𝟭𝟰-ാം വാക്യത്തിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്.
☛ പാമ്പ്: പിശാചിനെയാണ് (സാത്താൻ) പ്രതിനിധീകരിക്കുന്നത്. ➟ഉല്പത്തിയിലെ പാമ്പിനെ ഉപയായിയായ സർപ്പമെന്നാണ് പൗലൊസ് വിശേഷിപ്പിക്കുന്നത്: (2കൊരി, 11:3). ➟പിശാചും സാത്താനും എന്ന മഹാസർപ്പമായ പഴയ പാമ്പ് എന്ന് വെളിപ്പാടിലും കാണാം: (12:9; 20:2).
☛ പാമ്പിൻ്റെ സന്തതി: ലോകത്തെയാണ് പ്രതിനിധീകരിക്കുന്നത്. ➟പിശാച് ഈ ലോകത്തിൻ്റെ ദൈവമാണ്: ➨❝ദൈവപ്രതിമയായ ക്രിസ്തുവിന്റെ തേജസ്സുള്ള സുവിശേഷത്തിന്റെ പ്രകാശനം ശോഭിക്കാതിരിപ്പാൻ ഈ ലോകത്തിന്റെ ദൈവം അവിശ്വാസികളുടെ മനസ്സു കുരുടാക്കി.❞ (2കൊരി, 4:4). ➟പാപം ചെയ്യുന്നവരാണ് പിശാചിൻ്റെ മക്കൾ: ➨❝പാപം ചെയ്യുന്നവൻ പിശാചിന്റെ മകൻ ആകുന്നു. പിശാചു ആദിമുതൽ പാപം ചെയ്യുന്നുവല്ലോ.❞ (1യോഹ, 3:8). ➨❝സർവ്വലോകവും ദുഷ്ടന്റെ അധീനതയിൽ കിടക്കുന്നു.❞ (1യോഹ, 5:19). ➟യേശുവിനെ പരീക്ഷിക്കുവാൻ വന്ന പിശാച് ലോകവും അതിൻ്റെ മഹത്വവും കാണിച്ചിട്ട്, ➨❝വീണു എന്നെ നമസ്കരിച്ചാൽ ഇതൊക്കെയും നിനക്കു തരാം❞ എന്നാണ് പറഞ്ഞത്: (മത്താ, 4:8-9; ലൂക്കൊ, 4:5-7). ➟സുവിശേഷത്തോട് എതിർത്തുനിന്ന ബർയേശു എന്ന കള്ളപ്രവാചകനെ ❛പിശാചിൻ്റെ മകനെ❜ എന്നാണ് പൗലൊസ് വിളിച്ചത്: (പ്രവൃ, 13:6-10). ➟ദൈവത്തെ അറിയാതെ പാപം ചെയ്യുന്നവനും (1യോഹ, 3:10), ➟പാപത്തിൽ ജീവിക്കുന്നവനും (യോഹ, 8:34; 1യോഹ, 5:18) പിശാചിൻ്റെ സന്തതിയാണ്.
☛ സ്ത്രീയുടെ സന്തതി: ക്രിസ്തുവാണെന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാകാൻ ഇടയില്ല. ➟❛സ്ത്രീയുടെ സന്തതി പാമ്പിൻ്റെ തല തകർക്കും❜ എന്നാണ് പ്രവചനം: പിശാചിൻ്റെ പ്രവൃത്തികളെ അഴിപ്പാനാണ് ദൈവപുത്രൻ പ്രത്യക്ഷനായത്: ➨❝പിശാചു ആദിമുതൽ പാപം ചെയ്യുന്നുവല്ലോ. പിശാചിന്റെ പ്രവൃത്തികളെ അഴിപ്പാൻ തന്നേ ദൈവപുത്രൻ പ്രത്യക്ഷനായി.❞ (1യോഹ, 3:8).
☛ സ്തീ: ആരാണെന്ന് എല്ലാവർക്കും അറിയാമെന്ന് തോന്നുന്നില്ല. ➟ഈ വേദഭാഗത്തെ സ്ത്രീ യേശുവിൻ്റെ അമ്മയായ മറിയയാണെന്ന് വിചാരിക്കുന്നവരുണ്ട്. ➟സന്തതി ക്രിസ്തു ആയതുകൊണ്ടാണ് അങ്ങനെ ചിന്തിക്കുന്നത്. ➟എന്നാൽ മറിയ ക്രിസ്തുവിനെ പ്രസവിക്കുന്നതിനും ഒൻപത് മാസവും ഒൻപത് ദിവസവും മുമ്പ് ഗബ്രിയേൽ ദൂതൻ അവളോട് നേരിട്ട് പ്രവചിക്കുന്നതല്ലാതെ, പഴയനിയമത്തിൽ മറിയ എന്ന സ്ത്രീയെക്കുറിച്ച് നേരിട്ട് പ്രവചനമൊന്നും കാണാൻ കഴിയില്ല. ➟അതായത്, രക്ഷകൻ ജനിക്കാനുള്ള സമയം അടുത്തപ്പോൾ മാത്രം ദൈവകൃപയാൽ തിരഞ്ഞെടുക്കപ്പെട്ടവളാണ് അമ്മ മറിയ. ➟ഗബ്രീയേൽ ദൂതൻ്റെ വാക്കുകൾ ശ്രദ്ധിക്കുക: ➨❝മറിയയേ, ഭയപ്പെടേണ്ടാ; നിനക്ക് ദൈവത്തിന്റെ കൃപ ലഭിച്ചു. നീ ഗർഭം ധരിച്ച് ഒരു മകനെ പ്രസവിക്കും; അവന് യേശു എന്നു പേർ വിളിക്കേണം.❞ (ലൂക്കൊ, 1:30-31).
☛ യെശയ്യാവ് 7:14-16-ലെ ഇമ്മാനൂവേലിൻ്റെ പ്രവചനം യഥാർത്ഥത്തിൽ ആഹാസ് രാജാവിനുള്ള അടയാളമായിരുന്നു. ➟എന്നാൽ ആഹാസ് രാജാവ് അടയാളം നിഷേധിച്ചുകൊണ്ട് അശ്ശൂർ രാജാവിനെ ആശ്രയിച്ചതിനാൽ, ആഹാസിനോടുള്ള ബന്ധത്തിൽ ഇമ്മാനുവേലിൻ്റെ പ്രവചനം അപ്രസക്തമായി. ➟എന്നാൽ ദൈവത്തിൻ്റെ വായിൽ നിന്നു പുറപ്പെടുന്ന വചനം താൻ അയച്ചകാര്യം സാധിക്കാതെ വെറുതേ മടങ്ങിപ്പോകുന്നതല്ല: (യെശ, 55:11). ➟അതിനാൽ ആത്മീയമായി ആ പ്രവചനം യേശുവിൻ്റെ ജനനത്തോടുള്ള ബന്ധത്തിൽ നിവൃത്തിയായി: (മത്താ, 1:22-23).
☛ കന്യകാജനനം ഒഴികെ പ്രവചനത്തിലെ മറ്റൊരു കാര്യവും ക്രിസ്തുവിനോടുള്ള ബന്ധത്തിൽ നിവൃത്തിയായില്ല എന്നതും ശ്രദ്ധിക്കുക: ➟𝟭𝟱-ാം വാക്യം: ➨❝തിന്മ തള്ളി നന്മ തിരഞ്ഞെടുപ്പാൻ പ്രായമാകുംവരെ അവൻ തൈരും തേനുംകൊണ്ട് ഉപജീവിക്കും.❞ ഇങ്ങനെയൊരു കാര്യം പുതിയനിമത്തിൽ എവിടെയും രേഖപ്പെടുത്തിയിട്ടില്ല. ➟യേശു അമ്മയുടെ മുലപ്പാൽ കുടിച്ചും (ലൂക്കൊ, 11:27) മറ്റ് ഭക്ഷണങ്ങൾ കഴിച്ചും വളർന്നവനാണ്. ➟മനുഷ്യപുത്രൻ തിന്നും കുടിച്ചുംകൊണ്ടു വന്നു എന്ന് താൻതന്നെ പറഞ്ഞിട്ടുണ്ട്. (മത്താ, 11:19; ലൂക്കൊ, 7:34). ➟അതായത്, ക്രിസ്തു യെശയ്യാവ് പറഞ്ഞതുപോലെയോ, യോഹന്നാൻ സ്നാപകനെപ്പോലെയോ ഒരു നാസീർ വ്രതക്കാരൻ ആയിരുന്നില്ല. (ലൂക്കൊ, 1:15).
☛ 𝟭𝟲-ാം വാക്യം: ➨❝തിന്മ തള്ളി നന്മ തിരഞ്ഞെടുപ്പാൻ ബാലനു പ്രായമാകും മുമ്പേ, നീ വെറുക്കുന്ന രണ്ടു രാജാക്കന്മാരുടെയും ദേശം ഉപേക്ഷിക്കപ്പെട്ടിരിക്കും.❞ ➟ആദ്യപ്രയോഗം ശ്രദ്ധിക്കുക: ➨❝തിന്മ തള്ളി നന്മ തിരഞ്ഞെടുപ്പാൻ പ്രായമാകും മുമ്പേ.❞ ➟യേശുവിന് തിന്മ തള്ളേണ്ട കാര്യമുണ്ടോ❓ ➟അവനെ പാപമറിയാത്തവൻ (2കൊരി, 5:21), പവിത്രൻ, നിർദ്ദോഷൻ, നിർമ്മലൻ, പാപികളോടു വേറുവിട്ടവൻ (എബ്രാ, 7:26), അവൻ പാപം ചെയ്തിട്ടില്ല; അവന്റെ വായിൽ വഞ്ചന ഒന്നും ഉണ്ടായിരുന്നില്ല: (1പത്രൊ, 2:22), അവനിൽ പാപം ഇല്ല (1യോഹ, 3:5) എന്നൊക്കെയാണ് പറഞ്ഞിരിക്കുന്നത്. ➟തിന്മ ലവലേശം ഇല്ലാത്തവൻ ഏത് തിന്മയാണ് തള്ളേണ്ടത്❓ ➟അടുത്തഭാഗം: ➨❝നീ വെറുക്കുന്ന രണ്ടു രാജാക്കന്മാരുടെയും ദേശം ഉപേക്ഷിക്കപ്പെട്ടിരിക്കും.❞ ➟ഇങ്ങനെയൊരു സംഭവവും യേശുവിൻ്റെ കാലത്ത് നടന്നിട്ടില്ല. ➟തന്മൂലം, ഈ പ്രവചനം യഥാർത്ഥത്തിൽ ക്രിസ്തുവിനെയും മറിയത്തെയും കുറിച്ചായിരുന്നില്ലെന്ന് മനസ്സിലാക്കാം.
☛ തന്നെയുമല്ല, യെശയ്യാവ് 7:14-ൽ ❛കന്യക❜ (𝐕𝐢𝐫𝐠𝐢𝐧) എന്ന് പരിഭാഷ ചെയ്തിരിക്കുന്ന എബ്രായ പദം 𝗔𝗹𝗺𝗮𝗵 (അൽമാ) ആണ്. ➟❛അൽമാ❜ യഥാർത്ഥത്തിൽ കന്യകയല്ല; യുവതി (𝐘𝐨𝐮𝐧𝐠 𝐖𝐨𝐦𝐚𝐧) ആണ്. ➟എബ്രായരുടെ 𝗧𝗮𝗻𝗮𝗸𝗵-ലും കന്യക (𝐕𝐢𝐫𝐠𝐢𝐧) അല്ല; യുവതി (𝐘𝐨𝐮𝐧𝐠 𝐖𝐨𝐦𝐚𝐧) എന്നാണ് കാണുന്നത്. ➟പിഒസി പരിഭാഷയിലും ❛യുവതി❜ എന്നാണ് കാണുന്നത്.
☛ യഥാർത്ഥ കന്യകയെ (𝐕𝐢𝐫𝐠𝐢𝐧) കുറിക്കുന്ന എബ്രായ പ്രയോഗം 𝗕𝗲𝘁𝗵𝘂𝗹𝗮𝗵 (ബെതൂലാ) ആണ്. ➟റിബെക്കയെ ❛പുരുഷൻ തൊടാത്ത കന്യക❜ എന്ന് പറഞ്ഞിരിക്കുന്നത് ബെതൂലാ എന്ന പദം കൊണ്ടാണ്. (ഉല്പ, 24:16). ➟എന്നാൽ നമ്മുടെ കർത്താവിൻ്റെ അമ്മ കന്യകയായിരുന്നു: (മത്താ, 1:18). ➟ഇതും പ്രവചനം യഥാർത്ഥത്തിൽ മറിയ എന്ന കന്യകയെക്കുറിച്ചായിരുന്നില്ല; മറ്റൊരു യുവതി ആയിരുന്നു എന്നതിൻ്റെ തെളിവാണ്. ➟ആത്മീയമായിട്ടാണ് മറിയത്തിലും യേശുവിലും പ്രവചനനിവർത്തി വന്നത്: (മത്താ, 1:22-23).
☛ യിസ്രായേലെന്ന സ്ത്രീ: പഴയപുതിയനിയമങ്ങളിൽ നിറഞ്ഞുനില്ക്കുന്ന യിസ്രായേലാണ് ഉല്പത്തി 3:15-ൽ സ്ത്രീ. ➟ഇവിടെ സ്ത്രീയെ (𝐖𝐨𝐦𝐚𝐧) കുറിക്കുന്ന എബ്രായപദം 𝗜𝘀𝗵𝗮𝗵 എന്നാണ്. ➟അത് യിസ്രായേലിന് പല പ്രാവശ്യം ഉപയോഗിച്ചിട്ടുള്ളതാണ്. ➨❝ഉപേക്ഷിക്കപ്പെട്ടു മനോവ്യസനത്തിൽ ഇരിക്കുന്ന സ്ത്രിയെ എന്നപോലെ യഹോവ നിന്നെ വിളിച്ചിരിക്കുന്നു; യൌവനത്തിൽ വിവാഹം ചെയ്തിട്ടു തള്ളിക്കളഞ്ഞ ഭാര്യയെ എന്നപോലെ തന്നേ എന്നു നിന്റെ ദൈവം അരുളിച്ചെയ്യുന്നു.❞ (യെശ, 54:6). ➟ഇവിടെ യിസ്രായേലിനെ സ്ത്രി (𝐖𝐨𝐦𝐚𝐧), ഭാര്യ (𝐖𝐢𝐟𝐞) എന്നിങ്ങനെ പറയാൻ 𝗜𝘀𝗵𝗮𝗵 എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്. ➨❝യിസ്രായേൽഗൃഹമേ, ഒരു ഭാര്യ ഭർത്താവിനോടു വിശ്വാസപാതകം ചെയ്തു അവനെ വിട്ടുകളയുന്നതുപോലെ നിങ്ങൾ എന്നോടു വിശ്വാസപാതകം ചെയ്തിരിക്കുന്നു എന്നു യഹോവയുടെ അരുളപ്പാടു.❞ (യിരെ, 3:20 ⁃⁃ യെഹെ, 16:30; 16:32; 16:34). ➟ഇവിടെയും ഭാര്യയെ (𝐖𝐢𝐟𝐞) കുറിക്കാൻ 𝗜𝘀𝗵𝗮𝗵 എന്ന പദമാണ്.
☛ യിസ്രായേൽ കന്യക: ➨❝യിസ്രായേൽകന്യകേ, ഞാൻ നിനക്കു വീണ്ടും അഭിവൃദ്ധി വരുത്തുകയും നീ അഭിവൃദ്ധിപ്രാപിക്കയും ചെയ്യും; നീ ഇനിയും ചേലോടെ തപ്പു എടുത്തുകൊണ്ടു സന്തോഷിച്ചു, നൃത്തംചെയ്യുന്നവരുടെ നിരയിൽ പുറപ്പെടും.❞ (യിരെ, 31:4 ⁃⁃ യിരെ, 18:13; 31:12; ആമോ, 5:2). ➟ഇവിടെയെല്ലാം കന്യകയെ (𝐕𝐢𝐫𝐠𝐢𝐧) കുറിക്കുന്ന 𝗕𝗲𝘁𝗵𝘂𝗹𝗮𝗵 എന്ന പദമാണ്.
☛ യിസ്രായേലെന്ന അമ്മ: ➨❝യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിങ്ങളുടെ അമ്മയെ ഉപേക്ഷിച്ചുകളഞ്ഞതിന്റെ ഉപേക്ഷണപത്രം എവിടെ? അല്ല, എന്റെ കടക്കാരിൽ ആർക്കാകുന്നു ഞാൻ നിങ്ങളെ വിറ്റുകളഞ്ഞതു! നിങ്ങളുടെ അകൃത്യങ്ങളാൽ നിങ്ങൾ നിങ്ങളെത്തന്നേ വിറ്റുകളഞ്ഞും നിങ്ങളുടെ ലംഘനങ്ങളാൽ നിങ്ങളുടെ അമ്മ ഉപേക്ഷിക്കപ്പെട്ടുമിരിക്കുന്നു.❞ (യെശ, 50:1 ⁃⁃ യെശ, 51:18). ➟ഇവിടെപ്പറയുന്ന അമ്മയും യിസ്രായേലാണ്.
☛ യഹോവയായ ദൈവത്തെ ഭർത്താവായും യിസ്രായേലിനെ ഭർത്താവിനോടു വിശ്വസ്തതയില്ലാത്ത ഭാര്യയായും, ഉപേക്ഷിക്കപ്പെട്ടവളായും, വൈധവ്യം പേറുന്നവളായും ചിത്രീകരിച്ചിട്ടുള്ള അനേകം വാക്യങ്ങളുണ്ട്: (യെശ, 62:4; യിരെ, 3:8; 3:20; യെഹെ, 16:30-32; ഹോശേ, 2:16; മീഖാ, 5:2-4).
☛ യേശു മറിയത്തിൻ്റെ മകൻ ആയിരിക്കുന്നതോടൊപ്പം യിസ്രായേലിൻ്റെ സന്തതിയുമാണ്: ➨❝അവർ യിസ്രായേല്യർ; പുത്രത്വവും തേജസ്സും നിയമങ്ങളും ന്യായപ്രമാണവും ആരാധനയും വാഗ്ദത്തങ്ങളും അവർക്കുള്ളവ; പിതാക്കന്മാരും അവർക്കുള്ളവർ തന്നേ; ജഡപ്രകാരം ക്രിസ്തുവും അവരിൽനിന്നല്ലോ ഉത്ഭവിച്ചതു;❞ (റോമ, 9:4-5). ➟❛അവരിൽനിന്നു❜ എന്ന ബഹുവചനം ശ്രദ്ധിക്കുക. യെഹൂദയിൽനിന്ന് യേശു ജനിക്കുന്നതിനെക്കുറിച്ചും പ്രവചനമുണ്ട്: ➨❝നീയോ, ബേത്ത്ളേഹേം എഫ്രാത്തേ, നീ യെഹൂദാസഹസ്രങ്ങളിൽ ചെറുതായിരുന്നാലും യിസ്രായേലിന്നു അധിപതിയായിരിക്കേണ്ടുന്നവൻ എനിക്കു നിന്നിൽനിന്നു ഉത്ഭവിച്ചുവരും.❞ (മീഖാ 5:2). ➨❝യിസ്രായേൽ സഹോദരന്മാരുടെ ഇടയിൽനിന്ന് ക്രിസ്തുവിനെ എഴുന്നേല്പിച്ചുതരും❞എന്ന് യഹോവയും മോശെയും ഒരുപോലെ പറഞ്ഞിരിക്കുന്നത് നോക്കുക: (ആവ, 18:15, 18:19). ➟നേരിട്ടുള്ള എല്ലാ പ്രവചനങ്ങളും യിസ്രായേലിൽനിന്ന് രക്ഷകൻ എഴുന്നേല്ക്കുന്നതിനെക്കുറിച്ചാണ്.
☛ ഉല്പത്തിയിലെ പ്രവചനനിവൃത്തി നോക്കാം: ➨❝പിശാചിന്റെ പ്രവൃത്തികളെ അഴിപ്പാൻ തന്നേ ദൈവപുത്രൻ പ്രത്യക്ഷനായി❞ (1യോഹ, 3:8) എന്ന് യോഹന്നാൻ വ്യക്തമാക്കുന്നു. ➨❝മക്കൾ ജഡരക്തങ്ങളോടു കൂടിയവർ ആകകൊണ്ടു അവനും അവരെപ്പോലെ ജഡരക്തങ്ങളോടു കൂടിയവനായി മരണത്തിന്റെ അധികാരിയായ പിശാചിനെ തന്റെ മരണത്താൽ നീക്കി ജീവപര്യന്തം മരണഭീതിയാൽ അടിമകളായിരുന്നവരെ ഒക്കെയും വിടുവിച്ചു.❞ (എബ്രാ, 2:14,15). ➟ഈ വേദഭാഗത്ത് പറയുന്ന മക്കൾ യിസ്രായേല്യരാണ്. ➟യിസ്രായേൽ ക്രിസ്തുവിൻ്റെ അമ്മ ആരിരിക്കുന്നതിനൊപ്പം, ദൈവത്തിൻ്റെ പുത്രനും ആദ്യജാതനുമാണ്. (പുറ, 4:22-23). ➟യിസ്രായേലിനെ പുത്രനെന്നും പുത്രന്മാരെന്നും അഭിന്നമായി വിശേഷിപ്പിച്ചിട്ടുണ്ട്. (പുറ, 422-23; 2ശമൂ, 7:14; 1ദിന, 17:13; സങ്കീ, 2:7; യെഹെ, 21:10; ഹോശ, 11:1 ⁃⁃ ആവ, 14:1; സങ്കീ, 82:6; യെശ, 43:6; ഹോശേ, 1:10; മത്താ, 15:26; മർക്കൊ, 7:27; ലൂക്കൊ, 20:36; പ്രവൃ, 13:32; റോമ 9:4; റോമ, 9:26; 2കൊരി, 6:18; എബ്രാ, 2:14). ➟സ്ത്രീയുടെ സന്തതി പാമ്പിൻ്റെ (പിശാച്) തല തകർക്കുമെന്ന പ്രവചനം ക്രിസ്തുവിലൂടെ നിവർത്തിയായതായി ഈ വേദഭാഗത്ത് വ്യക്തമാണ്.
☛ ഈ വാക്യത്തിൽ പറയുന്ന മറ്റൊരു ശ്രദ്ധേയമായ കാര്യമുണ്ട്: ➨❝ദൈവത്തിൻ്റെ മക്കൾ ജഡരക്തങ്ങളോടു കൂടിയവർ ആകകൊണ്ട് ക്രിസ്തുവും അവരെപ്പോലെ ജഡരക്തങ്ങളോടു കൂടിയവനായി വന്നു❞ എന്നാണ് പറഞ്ഞിരിക്കുന്നത്. ➟അതായത്, സന്തതിയായ ക്രിസ്തു യിസ്രായേലെന്ന സ്ത്രീയുടെ അല്ലെങ്കിൽ അമ്മയുടെ പ്രകൃതി സ്വീകരിച്ചുകൊണ്ടാണ് വന്നത്. ➟എബ്രായരിലെ അടുത്ത വാക്യം സത്യവേദപുസ്തകത്തിൽ ഇപ്രകാരമാണ്: ➨❝ദൂതന്മാരെ സംരക്ഷണ ചെയ്‍വാനല്ല അബ്രാഹാമിന്റെ സന്തതിയെ സംരക്ഷണ ചെയ്‍വാനത്രേ അവൻ വന്നത്.❞ (എബ്രാ, 2:16). ➟എന്നാൽ 𝗞𝗝𝗩 പോലുള്ള പല ഇംഗ്ലീഷ് പരിഭാഷകളിലും മലയാളത്തിലെ സത്യവേദപുസ്തകം സമകാലിക പരിഭാഷയിലും വിശുദ്ധ ഗ്രന്ഥം മുതലായവയിലും, ➨❝അവിടുന്നു മാലാഖമാരുടെ പ്രകൃതിയല്ലല്ലോ സ്വീകരിച്ചത്, പിന്നെയോ അബ്രഹാമിന്‍റെ സന്തതികളുടെ പ്രകൃതിയത്രേ❞ എന്നാണ് കാണുന്നത്. ➟അബ്രാഹാമിൻ്റെ സന്തതി യിസ്രായേലാണ്. (ഉല്പ, 22:16-17⁃⁃ പ്രവൃ, 3:25). ➟ദൈവത്തിൻ്റെ പുത്രന്മാരായ യിസ്രായേലാണ് ഉല്പത്തിയിലെ സ്ത്രീ. ➟അതുകൊണ്ടാണ് സ്ത്രീയുടെ സന്തതി യിസ്രായേല്യരുടെ പ്രകൃതി (Nature) സ്വീകരിച്ചുകൊണ്ട് അവരിൽനിന്ന് ഉത്ഭവിച്ചത്: (റോമ, 9:5)
☛ യിസ്രായേലാണ് പ്രവചനത്തിലെ സ്ത്രീ എന്നതിൻ്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു തെളിവ് ഉല്പത്തിയിലെ പ്രസ്തുത വാക്യത്തിൽത്തന്നെയുണ്ട്. അതിൻ്റെ ആദ്യഭാഗം ഇപ്രകാരമാണ്: ➨❝ഞാൻ നിനക്കും സ്ത്രീക്കും നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മിൽ ശത്രുത്വം ഉണ്ടാക്കും.❞ ➟വേദഭാഗം വളരെ ശ്രദ്ധിക്കുക. ➟ഇവിടെ രണ്ട് ശത്രുത്വത്തെക്കുറിച്ചാണ് പറഞ്ഞിരിക്കുന്നത്:
❶ ആദ്യശത്രുത്വം: സാത്താനും (പാമ്പ്) സ്ത്രീയും തമ്മിലാണ്. ➟മനുഷ്യരും സാത്താനും തമ്മിൽ പൊതുവായ ഒരു ശത്രുത്വം ഉണ്ടെന്നത് ഒഴിച്ചാൽ, ക്രിസ്തുവിൻ്റെ അമ്മയായ മറിയയുടെ ജീവകാലത്തൊരിക്കലും അവളുമായി സാത്താന് പ്രത്യേകമായ ഒരു ശത്രുത്വം ഉണ്ടായിട്ടില്ല. ➟ക്രിസ്തുവിനെപ്പോലെയോ, അപ്പൊസ്തലന്മാരെപ്പോലെയോ അവൾ കഷ്ടം നേരിടുകയോ, പരീക്ഷ നേരിടുകയോ ചെയ്തതായി പറഞ്ഞിട്ടില്ല. ➟എന്നാൽ യിസ്രായേൽ ജാതി ഉണ്ടായ കാലം മുതൽ, ദൈവത്തിൻ്റെ സ്വന്തജനമെന്ന നിലയിൽ സാത്താനാൽ പീഡിപ്പിക്കപ്പെടുകയും കഷ്ടം അനുഭവിക്കുകയും ചെയ്യുന്നവരാണ്. ➟ഇത്രയധികം പീഡിപ്പിക്കപ്പെട്ട ഒരു ജാതി ഭൂമുഖത്ത് വേറെയില്ല. ➟വേദപുസ്തകത്തിലും ചരിത്രത്തിലും, ഉടനീളം അതിൻ്റെ തെളിവുകൾ കാണാൻ കഴിയും. ➟തന്മൂലം, അവിടെപ്പറഞ്ഞിരിക്കുന്ന സ്ത്രീ മറിയ അല്ല; യിസ്രായേലാണെന്ന് സ്ഫടികസ്ഫുടം വ്യക്തമാണ്.
❷ അടുത്ത ശത്രുത്വം: സാത്താൻ്റെ സന്തതിക്കും സ്ത്രീയുടെ സന്തതിക്കും തമ്മിലാണ്. ➟സാത്താൻ്റെ സന്തതി ലോകവും സ്ത്രീയുടെ സന്തതി ക്രിസ്തുവും ആണെന്ന് മുകളിൽ കണ്ടതാണ്. ➨❝നിങ്ങളെ പകെപ്പാൻ ലോകത്തിന്നു കഴിയുന്നതല്ല; എന്നാൽ അതിന്റെ പ്രവൃത്തികൾ ദോഷമുള്ളവ എന്നു ഞാൻ അതിനെക്കുറിച്ചു സാക്ഷ്യം പറയുന്നതുകൊണ്ടു അതു എന്നെ പകെക്കുന്നു.❞ (യോഹ, 7:7). ➨❝ലോകം നിങ്ങളെ പകെക്കുന്നു എങ്കിൽ അതു നിങ്ങൾക്കു മുമ്പെ എന്നെ പകെച്ചിരിക്കുന്നു എന്നു അറിവിൻ.❞ (യോഹ, 15:18 ⁃⁃ 17:14). ➟സാത്താന്റെ സന്തതിയായ ലോകത്തോടുള്ള ശത്രുത്വത്തിൽനിന്ന് സ്വന്തജനത്തെ രക്ഷിക്കാനാണ് യിസ്രായേലിൻ്റെ സന്തതിയായി ജനിച്ച ക്രിസ്തു, ലോകത്തിൻ്റെയും മരണത്തിന്റെയും അധികാരിയായ പിശാചിനെ തന്റെ മരണത്താൽ നീക്കിയത്. (എബ്രാ, 2:14-16). ➨❝നീ അവന്റെ കുതികാൽ തകർക്കും❞ എന്നത്, പാപത്തിൻ്റെ ഉറവിടമായ സാത്താൻ ക്രിസ്തുവിന് വരുത്തിയെ താല്ക്കാലികമായ കഷ്ടങ്ങളെയാണ് സൂചിപ്പിക്കുന്നത്.
☛ തന്മൂലം, പ്രഥമസുവിശേഷത്തിലെ സ്ത്രീ മറിയയല്ല; യിസ്രായേലാണെന്ന് അസന്ദിഗ്ധമായി മനസ്സിലാക്കാം. ➟യിസ്രായേലെന്ന സ്ത്രീയിൽ നിന്ന് രക്ഷകൻ മാത്രമല്ല രക്ഷയും വന്നു: ➨❝രക്ഷ യെഹൂദന്മാരുടെ ഇടയിൽ നിന്നല്ലോ വരുന്നതു❞ എന്നാണ് ക്രിസ്തു പഠിപ്പിച്ചത്. (യോഹ, 4:22). ➟എന്തെന്നാൽ സകല ജാതികൾക്കും വെളിച്ചം പകരാൻ ദൈവം തിരഞ്ഞെടുത്ത സ്ത്രീ (ജനത) യിസ്രായേലാണ്. (യെശ, 42:7; 49:6; പ്രവൃ, 13:47). ➟അതിനാൽ രക്ഷിതാവ് കേവലം മറിയയുടെ സന്തതിയല്ല; അതിലുപരി യിസ്രായേലിൻ്റെ സന്തതിയാണെന്ന് മനസ്സിലാക്കാം.
2️⃣ കാലസമ്പൂർണ്ണതയിലെ സ്ത്രീ: ➨❝എന്നാൽ കാലസമ്പൂർണ്ണത വന്നപ്പോൾ ദൈവം തന്റെ പുത്രനെ സ്ത്രീയിൽനിന്നു ജനിച്ചവനായി ന്യായപ്രമാണത്തിൻ കീഴ് ജനിച്ചവനായി നിയോഗിച്ചയച്ചതു അവൻ ന്യായപ്രമാണത്തിൻ കീഴുള്ളവരെ വിലെക്കു വാങ്ങിട്ടു നാം പുത്രത്വം പ്രാപിക്കേണ്ടതിന്നു തന്നേ.❞ (ഗലാ, 4:4-5). ➟ഈ വേദഭാഗം ശ്രദ്ധിക്കുക. കാലസമ്പൂർണ്ണത വന്നപ്പോൾ ദൈവം തന്റെ പുത്രനെ സ്ത്രീയിൽനിന്നു ജനിച്ചവനായി, ന്യായപ്രമാണത്തിൻ കീഴ് ജനിച്ചവനായി നിയോഗിച്ചയച്ചു എന്നാണ് പറഞ്ഞിരിക്കുന്നത്. ➟𝗴𝗲𝗻𝗼𝗺𝗲𝗻𝗼𝗻 𝗲𝗸 𝗴𝘆𝗻𝗮𝗶𝗸𝗼𝘀 𝗴𝗲𝗻𝗼𝗺𝗲𝗻𝗼𝗻 𝗵𝘆𝗽𝗼 𝗻𝗼𝗺𝗼𝗻 എന്ന ഗ്രീക്ക് പ്രയോഗത്തിന് ➟❝സ്ത്രീയിൽനിന്നു ജനിച്ചവനായി ന്യായപ്രമാണത്തിൻ കീഴ് ജനിച്ചവനായി❞ എന്നാണർത്ഥം. ➟ഇവിടെപ്പറയുന്ന സ്ത്രീയെ മറിയത്തോട് വേണമെങ്കിൽ ബന്ധിപ്പിക്കാമെങ്കിലും കൂടുതൽ യോജിക്കുന്നത് യിസ്രായേലിനാണ്. ➟അതിൻ്റെ ചില കാരണങ്ങൾ പറയാം:
❶ ലേഖനങ്ങളിൽ ഒരിടത്തും മറിയത്തെക്കുറിച്ച് യാതൊരു പരാമർശവുമില്ല.
❷ പഴയനിയമത്തിലും മറിയ എന്ന സ്ത്രീയെക്കുറിച്ച് നേരിട്ട് പ്രവചനങ്ങളൊന്നുമില്ല.
❸ റോമാ ലേഖനത്തിൽ മറിയയിൽനിന്ന് ഉത്ഭവിച്ചു എന്നുപറയാതെ, യിസ്രായേലിൽ നിന്ന് ക്രിസ്തു ഉത്ഭവിച്ചു എന്നാണ് പൗലൊസ് പറഞ്ഞിരിക്കുന്നത്: (റോമ, 9:5)
❹ ക്രിസ്തുവിൻ്റെ ജനനത്തെക്കുറിച്ചുള്ള മീഖാപ്രവചനം ഇപ്രകാരമാണ്: ➨❝നീയോ, ബേത്ത്ളേഹേം എഫ്രാത്തേ, നീ യെഹൂദാസഹസ്രങ്ങളിൽ ചെറുതായിരുന്നാലും യിസ്രായേലിന്നു അധിപതിയായിരിക്കേണ്ടുന്നവൻ എനിക്കു നിന്നിൽനിന്നു ഉത്ഭവിച്ചുവരും; അവന്റെ ഉത്ഭവം പണ്ടേയുള്ളതും പുരാതനമായതും തന്നേ. അതുകൊണ്ടു പ്രസവിക്കാനുള്ളവൾ പ്രസവിക്കുവോളം അവൻ അവരെ ഏല്പിച്ചുകൊടുക്കും; അവന്റെ സഹോദരന്മാരിൽ ശേഷിപ്പുള്ളവർ യിസ്രായേൽമക്കളുടെ അടുക്കൽ മടങ്ങിവരും.❞ (മീഖാ, 5:2-3). ➟ആദ്യ വാക്യത്തിൽ: യിസ്രായേലിലെ യെഹൂദാ പ്രവിശ്യയിൽ ബേത്ത്ളേഹേം പട്ടണത്തിൽ ജനിക്കുന്ന രക്ഷകനെക്കുറിച്ചുള്ള പ്രവചനമാണ്. ➟യിസ്രായേലിന്റെ ബേത്ത്ളേഹേമിൽ നിന്ന് ജനിക്കുമെന്നാണ് പറയുന്നത്.
☛ അടുത്ത വാക്യം: ➨❝പ്രസവിക്കാനുള്ളവൾ പ്രസവിക്കുവോളം അവൻ അവരെ ഏല്പിച്ചുകൊടുക്കും.❞ ➟ഈ വേദഭാഗത്ത്, ❛പ്രസവിക്കാനുള്ളവൾ❜ എന്ന് വിശേഷിപ്പിക്കാവുന്നത് പട്ടണത്തെയാണ്. ➟അവൻ ❛അവരെ❜ (𝐓𝐡𝐞𝐦) ഏല്പിച്ചുകൊടുക്കും എന്ന് ബഹുവചനത്തിലാണ് പറയുന്നത്. ➟അതായത്, പ്രസവിക്കാനുള്ളവൾ എന്ന് വിശേഷിപ്പിക്കുന്നത് യിസ്രായേലിൽ എന്ന സ്ത്രീയെ ആണ്. ➟യിസ്രായേലിനെ സ്ത്രീയോട് ഉപമിച്ചിട്ട് ബഹുവചനം പറയുന്ന വേറെയും വാക്യങ്ങളുണ്ട്: ➨❝യഹോവേ, പ്രസവം അടുത്തിരിക്കുന്ന ഗർഭണി നോവുകിട്ടി തന്റെ വേദനയിൽ നിലവിളിക്കുന്നതുപോലെ ഞങ്ങൾ നിന്റെ മുമ്പാകെ ആയിരുന്നു.❞ (യെശയ്യാ 26:17). ➟ഇവിടെ യിസ്രായേലിനെ ❛പ്രസവം അടുത്തിരിക്കുന്ന ഗർഭണി❜ ആയി പറഞ്ഞിട്ട് ❛ഞങ്ങൾ❜ (𝐖𝐞) എന്ന ബഹുവചനം പറയുന്നത് ശ്രദ്ധിക്കുക.
☛ വേറെയും വ്യക്തമായ ഒരു തെളിവുണ്ട്. ➟മീഖാ പ്രവാചകൻ തന്നെ തൊട്ടു മുമ്പിലെ അദ്ധ്യായത്തിൽ, യിസ്രായേലിനെ പ്രസവമടുത്ത അഥവാ, ഈറ്റുനോവടുത്ത സ്ത്രീയായി പറഞ്ഞിട്ടുണ്ട്: ➨❝സീയോൻപുത്രിയേ, ഈറ്റുനോവു കിട്ടിയവളെപ്പോലെ വേദനപ്പെട്ടു പ്രസവിക്ക; ഇപ്പോൾ നീ നഗരം വിട്ടു വയലിൽ പാർത്തു ബാബേലിലേക്കു പോകേണ്ടിവരും; അവിടെവച്ചു നീ വിടുവിക്കപ്പെടും; അവിടെവച്ചു യഹോവ നിന്നെ ശത്രുക്കളുടെ കൈയിൽനിന്ന് ഉദ്ധരിക്കും.❞ (മീഖാ, 4:10). ➟ഇവിടെ സീയോൻ പുത്രി എന്ന പ്രയോഗം യിസ്രായേൽ ജനത്തെയാണ് കുറിക്കുന്നത്: (സെഖ, 9:9). ➟യിസ്രായേലിനെ പ്രസവം അടുത്ത സ്ത്രീയായി പറയുന്ന വേറെയും വാക്യങ്ങളുണ്ട്: (യെശ, 26:18; യിരെ, 4:31; 13:21). ➟തന്മൂലം, കാലസമ്പൂർണ്ണതയിലെ സ്ത്രീയും യിസ്രായേലാണെന്ന് മനസ്സിലാക്കാം.
3️⃣ സൂര്യനെ അണിഞ്ഞ സ്ത്രീ: ➨❝സ്വർഗ്ഗത്തിൽ വലിയൊരു അടയാളം കാണായി: സൂര്യനെ അണിഞ്ഞോരു സ്ത്രീ; അവളുടെ കാൽക്കീഴ് ചന്ദ്രനും അവളുടെ തലയിൽ പന്ത്രണ്ടു നക്ഷത്രംകൊണ്ടുള്ള കിരീടവും ഉണ്ടായിരുന്നു.❞ (വെളി, 12:1). ➟ഈ സ്ത്രീയും മറിയ അല്ല; യിസ്രായേലാണ്. ➟വെളിപ്പാട് പന്ത്രണ്ടാം അദ്ധ്യായത്തിലെ എല്ലാക്കാര്യങ്ങളും നമ്മൾ ചിന്തിക്കുന്നില്ല. ➟സ്ത്രീ മറിയ അല്ല; യിസ്രായേൽ ആണെന്നതിൻ്റെ തെളിവുകൾ മാത്രമാണ് ഇവിടെ പ്രതിപാദിക്കാൻ ആഗ്രഹിക്കുന്നത്:
❶ വെളിപ്പാട് പുസ്തകം എന്നത് പുർവ്വസംഭവങ്ങളെ പ്രതിപാദിക്കുന്ന ഗ്രന്ഥമല്ല; ഭാവിസംഭവങ്ങൾ അനാവരണം ചെയ്ത് കാണിക്കുന്ന പുസ്തകമാണ്. ➟യേശുവിൻ്റെ സ്വർഗ്ഗാരോഹണത്തിനും ഏകദേശം 𝟲𝟬 വർഷങ്ങൾക്ക് ശേഷം, പത്മോസിൽവെച്ചാണ് യോഹന്നാനു വെളിപ്പാട് ലഭിക്കുന്നത്. ➟അതായത്, ക്രിസ്തുവിൻ്റെ ജനനം ചരിത്രമായതിനും ഏകദേശ 𝟭𝟬𝟬 വർഷങ്ങൾക്കുശേഷവും ➟അവൻ്റെ സ്വർഗ്ഗാരോഹണം ചരിത്രമായതിനും 𝟲𝟬 വർഷങ്ങൾക്കു ശേഷവും ➟യേശുവിൻ്റെ അമ്മ മറിയയുടെ ജനനമരണങ്ങൾ ചരിത്രമായതിനും വളരെ വർഷങ്ങൾക്ക് ശേഷവുമാണ് യോഹന്നാന് ഈ വെളിപ്പാട് ഉണ്ടാകുന്നതും ➟പുതിയനിയമത്തിലെ ഏക പ്രവചനഗ്രന്ഥം താൻ രചിക്കുന്നതും. ➟വെളിപ്പാട് ഒരു പ്രവചന ഗ്രന്ഥമാകയാൽ, സൂര്യനെ അണിഞ്ഞ സ്ത്രീ മറിയയോ, അവൾ പ്രസവിച്ച ആൺകുട്ടി ക്രിസ്തുവോ അല്ലെന്ന് അസന്ദിഗ്ധമായി മനസ്സിലാക്കാം.
❷ വെളിപ്പാട് 1:1-ൽ ➟❛വേഗത്തിൽ സംഭവിപ്പാനുള്ളതു❜ എന്നും 4:1-ൽ ➟❛മേലാൽ സംഭവിപ്പാനുള്ളവ❜ എന്നും വ്യക്തമായി പറഞ്ഞിട്ടുണ്ട്. ➟ഈ രണ്ടു പ്രയോഗങ്ങളും ഭൂതകാലത്തിലെ ചരിത്രത്തെ കുറിക്കുന്നതല്ല; ഭാവിയിൽ നിറവേറാനുള്ള പ്രവചനങ്ങളെ സൂചിപ്പിക്കുന്നതാണ്. ➟വചനം ഇത്രയും സുവ്യക്തമായി പറഞ്ഞിരിക്കയാൽ, അവിടെപ്പറയുന്ന സ്ത്രീ മറിയ അല്ലെന്ന് സ്ഫടികസ്ഫുടം വ്യക്തമാണ്.
❸ പതിമൂന്നാം വാക്യം: ➨❝തന്നെ ഭൂമിയിലേക്കു തള്ളിക്കളഞ്ഞു എന്നു മഹാസർപ്പം കണ്ടിട്ട് ആൺകുട്ടിയെ പ്രസവിച്ച സ്ത്രീയെ ഉപദ്രവിച്ചുതുടങ്ങി.❞ (വെളി, 12:13). ➟ഇവിടെപ്പറയുന്ന സ്ത്രീ മറിയയല്ലെന്ന് ഈ വാക്യത്തിൽ വ്യക്തമായി മനസ്സിലാക്കാം. ➟നമ്മുടെ രക്ഷകനായ ക്രിസ്തുവിനെ പ്രസവിച്ച് വളർത്തുക എന്നൊരു ദൗത്യം മറിയയ്ക്ക് ഉണ്ടായിരുന്നു. ➟അവൾ തൻ്റെ വേലതികച്ച് ക്രിസ്തുവിനോടൂകൂടി വിശ്രമിക്കുകയാണ്: (2കൊരി, 5:8; ഫിലി, 1:23 ⁃⁃ വെളി, 14:13). ➟എന്നാൽ വെളിപ്പാടിൽ പറയുന്ന കാര്യങ്ങൾ ഇന്നയോളം സംഭവിച്ചിട്ടില്ല; നടക്കാനിക്കുന്നതേയുള്ളു. ➟ക്രിസ്തുവിനോടുകൂടെ ആയിരിക്കുന്ന മറിയത്തെ മഹാസർപ്പം ഉപദ്രവിക്കുമെന്ന് പറയാൻ കഴിയില്ല. ➟അതിനാൽ സൂര്യനെ അണിഞ്ഞ സ്ത്രീ മറിയയല്ലെന്ന് വ്യക്തമാണ്.
☛ എ,ഡി. 95-ലാണ് യോഹന്നാൻ വെളിപ്പാട് ദർശിക്കുന്നത്. ➟𝟭,𝟵𝟬𝟬 വർഷം കഴിഞ്ഞിട്ടും താൻ ദർശിച്ച സംഭവം നിവൃത്തിയായിട്ടില്ല. ➟അതിനാൽ, സ്ത്രീയോടുള്ള ബന്ധത്തിൽ രണ്ട് കാര്യങ്ങൾ മനസ്സിലാക്കാം. 𝟭.അതൊരു വ്യക്തിയെ കുറിക്കുന്ന പ്രയോഗമല്ല; ഒരു സമൂഹത്തെക്കുറിക്കുന്ന പ്രയോഗമാണ്. ➟ഒരു വ്യക്തിക്ക് കാലങ്ങളോളം ജീവിച്ചിരിക്കാൻ പറ്റില്ല.𝟮.അത് എന്നേക്കും ഇരിക്കുന്ന ഒരു സമൂഹമാണ്. ➟അതാണ് ദൈവത്തിൻ്റെ സ്വന്തജനമായ യിസ്രായേൽ. ➟എന്നേക്കും ഇരിക്കുന്ന ഒരേയൊരു ജാതിയെ ഭൂമുഖത്തുള്ളു; ദൈവത്തിൻ്റെ പുത്രനും ആദ്യജാതനുമായ യിസ്രായേൽ: (പുറ, 4:22-23 ⁃⁃ സങ്കീ, 89:29-37). ➟തന്മുലം, സൂര്യനെ അണിഞ്ഞ സ്ത്രീയും യിസ്രായേൽ ആണെന്ന് മനസ്സിലാക്കാം.
❹ ആറാം വാക്യം: ➨❝സ്ത്രീ മരുഭൂമിയിലേക്കു ഓടിപ്പോയി; അവിടെ അവളെ ആയിരത്തിരുനൂറ്ററുപതു ദിവസം പോറ്റേണ്ടതിന്നു ദൈവം ഒരുക്കിയോരു സ്ഥലം അവൾക്കുണ്ടു.❞ (വെളി, 12:6). ➟ഈ വേദഭാഗത്ത്, ദൈവം സ്ത്രീയെ മൂന്നര വർഷം മരുഭൂമിയിൽ പോറ്റുന്നതായി പറഞ്ഞിട്ടുണ്ട്. ➟പതിനാലാം വാക്യത്തിൽ മറ്റൊരു മൂന്നരവർഷത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ട്: ➨❝അപ്പോൾ സ്ത്രീക്കു മരുഭൂമിയിൽ തന്റെ സ്ഥലത്തേക്കു പറന്നുപോകേണ്ടതിനു വലിയ കഴുകിന്റെ രണ്ടു ചിറകു ലഭിച്ചു; അവിടെ അവളെ സർപ്പത്തോട് അകലെ ഒരുകാലവും ഇരുകാലവും അരക്കാലവും പോറ്റി രക്ഷിച്ചു.❞ (വെളി, 12:14). ➟ഇവിടെ, ഒരുകാലവും ഇരുകാലവും അരക്കാലവും എന്ന് പറയുന്നത് മൂന്നരവർഷം തന്നെയാണ്. ➟അതായത്, മേല്പറഞ്ഞ രണ്ട് വേദഭാഗങ്ങളിലുമായി കാണുന്ന ഏഴുവർഷം എന്നത്, ദാനിയേൽ പ്രവചനം ഉദ്ധരിച്ചുകൊണ്ട് ക്രിസ്തു പറഞ്ഞ മഹാപീഡന കാലമാണ്. (ദാനീ, 9:27; 12:1, മത്താ, 24:15-21). ➟ദൈവം യിസ്രായേലിനെ മരുഭൂമിയിൽ കൊണ്ടുപോയി അവരുമായി വ്യവഹരിക്കുന്നതായും പ്രവചനമുണ്ട്: ➨❝ഞാൻ നിങ്ങളെ ജാതികളുടെ മരുഭൂമിയിലേക്കു കൊണ്ടുചെന്നു അവിടെവെച്ചു മുഖാമുഖമായി നിങ്ങളോടു വ്യവഹരിക്കും. മിസ്രയീം ദേശത്തിന്റെ മരുഭൂമിയിൽവെച്ചു നിങ്ങളുടെ പിതാക്കന്മാരോടു ഞാൻ വ്യവഹരിച്ചതുപോലെ നിങ്ങളോടും വ്യവഹരിക്കും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.❞ (യേഹെ, 20:35,36). ➟അതിനാൽ, വെളിപ്പാട് പന്ത്രണ്ടാം അദ്ധ്യായത്തിൻ്റെ വിഷയം മഹാപീഡനമാണെന്ന് മനസ്സിലാക്കാം.
☛ മഹാപീഡനത്തിന് വിധേയരാകുന്നത് ക്രിസ്തുവിനെ വിശ്വസിക്കാത്ത യിസ്രായേലും ജാതികളുമാണ്. പഴയപുതിയ നിയമങ്ങളിൽ മഹോപദ്രവകാലത്തെ കുറിക്കുന്ന നൂറിലധികം തെളിവുകളുണ്ട്. പല പേരുകളിൽ അത് അറിയപ്പെടുന്നു: ➟അന്ധകാരം, ➟ഇരുട്ട്, കൂരിരുട്ട്: (യോവേ, 2:2; ആമോ, 5:18, 5:20; സെഫ, 1:15), ➟ഈറ്റുനോവ്: (മത്താ, 24:8), ➟കർത്താവിൻ്റെ ദിവസം: (2പത്രൊ, 3:10), ➟കർത്താവിൻ്റെ നാൾ: (1തെസ്സ, 5:2; 2തെസ്സ, 2:2), ➟കർത്താവിൻ്റെ വലുതും ഭയങ്കരവുമായ നാൾ: (പ്രവൃ, 2:20), ➟കഷ്ടകാലം: (ദാനീ, 12:1), ➟കുഞ്ഞാടിൻ്റെ കോപം: (വെളി, 6:16), ➟കോപം: യെശ, 34:2; വെളി, 11:18; 1തെസ്സ, 1:19; 5:9), ➟ക്രോധം: യെശ, 26:20; 34:2), ➟ക്രോധകലശം: വെളി, 16:1), ➟ക്രോധദിവസം: സങ്കീ, 105:5; സെഫ, 1:15), ➟ജാതികളോടുള്ള വ്യവഹാരം: (യിരെ, 25:31), ➟ദൈവകോപം: (വെളി, 14:19; 16:19), ➟ദൈവക്രോധം: (വെളി, 15:1, 15:7), ➟ന്യായവിധി: (വെളി, 16:5, 16:7; 19:2), ➟പരീക്ഷാകാലം: (വെളി, 3:10), ➟പ്രതികാരകാലം: (യെശ, 34:8; 61:2; 63:4; ലൂക്കൊ, 21:22; 2തെസ്സ, 1:6-8), ➟മഹാകഷ്ടം: (വെളി, 7:14), ➟മഹാകോപദിവസം: (വെളി, 6:17), ➟യഹോവയുടെ ക്രോധദിവസം: (സെഫ, 1:18), ➟യഹോവയുടെ ദിവസം: (യെശ, 13:6; 13:9; യോവേ, 1:15; 2:1, 2:11; 3:14; ആമോ, 5:18, 5:18, 5:20; സെഫെ, 1:7, 1:14; സെഖ, 14:1), ➟യഹോവയുടെ നാൾ: (യെശ, 2:12; യെഹെ, 13:5; 30:3; ഓബ, 1:15), ➟യഹോവയുടെ മഹാദിവസം: (സെഫെ, 1:14), ➨യഹോവയുടെ വലുതും ഭയങ്കരവുമായ നാൾ: (മലാ, 4:5; യോവേ, 2:31), ➟യാക്കോബിൻ്റെ കഷ്ടകാലം: (യിരെ, 30:7), ➟വലിയകഷ്ടം: (മത്താ, 24:21), ➟സംഹാരദിവസം: (സെഫ, 1:18), ➨സർവ്വഭൂമിയിലും വരുവാൻ നിർണ്ണയിച്ചിട്ടുള്ള ഒരു സംഹാരം (യെശ, 28:22) മുതലായവ.
❺ പതിനേഴാം വാക്യം: ➨❝മഹാസർപ്പം സ്ത്രീയോടു കോപിച്ചു, ദൈവകല്പന പ്രമാണിക്കുന്നവരും യേശുവിന്റെ സാക്ഷ്യം ഉള്ളവരുമായി അവളുടെ സന്തതിയിൽ ശേഷിപ്പുള്ളവരോടു യുദ്ധം ചെയ്‍വാൻ പുറപ്പെട്ടു; അവൻ കടല്പുറത്തെ മണലിന്മേൽ നിന്നു.❞ (വെളി, 12:17). ➟സാത്താൻ സ്ത്രീയോട് കോപിച്ചു യുദ്ധംചെയ്യാൻ വരുന്നത്, സ്ത്രീയുടെ സന്താനങ്ങളോടാണ്. ➟ദൈവത്തോടും സ്വന്തജനമായ യിസ്രായേലിനോടുമാണ് സാത്താന് ശത്രുതയുള്ളത്. ➟അതിനാൽ, അവിടെപ്പറയുന്ന സ്ത്രീ മറിയയല്ല; യിസ്രായേൽ ആണെന്ന് മനസ്സിലാക്കാം. ➟അതായത്, മഹാഹർപ്പം ഉപദ്രവിക്കാൻ ശ്രമിക്കുന്ന സ്ത്രീ യിസ്രായേലും, അവളുടെ സന്തതികൾ എന്ന് പറഞ്ഞിരിക്കുന്നത് മശീഹയിൽ വിശ്വസിക്കാത്ത യിസ്രായേല്യരും ആണെന്ന് സംശയലേശമെന്യേ മനസ്സിലാക്കാം. ➟അതിനാൽ, പ്രഥമസുവിശേഷത്തിലെ സ്ത്രീയും കാലസമ്പൂർണ്ണതയിലെ സ്ത്രീയും സൂര്യനെ അണിഞ്ഞ സ്ത്രീയും ദൈവത്തിൻ്റെ പുത്രനും ആദ്യജാതനുമായ യിസ്രായേൽ ആണെന്നത് വിശ്വാസയോഗ്യമായ വസ്തുതയാണ്.
𝗡𝗕: ഈ വേദഭാഗങ്ങളിലെ ❛സ്ത്രീ❛ ആരാണ് എന്നതിനെക്കുറിച്ച് ക്രൈസ്തവ ദൈവശാസ്ത്രത്തിൽ (Hermeneutics) വ്യത്യസ്തങ്ങളായ വ്യാഖ്യാനങ്ങളുണ്ട്. ➟പരമ്പരാഗത കത്തോലിക്കാ/ഓർത്തഡോക്സ് ദൈവശാസ്ത്ര വീക്ഷണങ്ങളിൽ ഈ സ്ത്രീ യേശുവിന്റെ അമ്മയായ മറിയത്തെയാണ് പ്രതിനിധീകരിക്കുന്നത്. ➟എന്നാൽ പ്രൊട്ടസ്റ്റന്റ്/ഡിസ്പെൻസേഷണൽ (Dispensation) പണ്ഡിതന്മാർ ഇതിനെ ❛ദൈവസഭയായോ യിസ്രായേലായോ❜ വ്യാഖ്യാനിക്കുന്നു. ➟വിവിധ ദൈവശാസ്ത്ര വീക്ഷണങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും, ബൈബിൾ പ്രവചനങ്ങളുടെയും പഴയനിയമ പശ്ചാത്തലങ്ങളുടെയും അടിസ്ഥാനത്തിൽ ഈ സ്ത്രീകൾ പ്രതിനിധീകരിക്കുന്നത് ❛യിസ്രായേൽ❜ ജനതയെയാണെന്ന് സംശയലേശമെന്യേ മനസ്സിലാക്കാം.












