ശൗൽ പൗലൊസായോ?

☛ ശൗൽ, പൗലൊസ് എന്നീ പേരുകളെക്കുറിച്ച് വലിയ തെറ്റിദ്ധാരണകളാണുള്ളത്. ➟ശൗൽ പൗലൊസായി മാറിയെന്നും, ദൈവം ശൗലിനെ പൗലൊസ് ആക്കിയെന്നും, മാനസാന്തരപ്പെട്ടപ്പോൾ ദൈവം ശൗലിന് നൽകിയ പേരാണ് പൗലൊസ് എന്നും കരുതുന്നവരുണ്ട്. ➟പല പ്രസംഗങ്ങളിലും തെറ്റായി പഠിപ്പിക്കപ്പെടുന്ന ഒരു കാര്യമാണിത്. ➟അബ്രാമിനെ അബ്രഹാം ആക്കിയതുപോലെയോ, യാക്കോബിനെ യിസ്രായേൽ ആക്കിയതുപോലെയോ, ദൈവം ശൗലിനെ പൗലൊസ് ആക്കിയെന്നാണ് പലരുടെയും ധാരണ. ➟എന്നാൽ പുതിയ നിയമത്തിൽ കർത്താവ് ശിമോന് ❛കേഫാ❜ എന്ന് പേര് നൽകുന്നതുപോലെ ഒരു പേര് മാറ്റം പൗലോസിനോടുള്ള ബന്ധത്തിൽ കാണാൻ കഴിയില്ല. ➟യഥാർത്ഥത്തിൽ ഇതൊരു പേര് മാറ്റമല്ല; അവൻ്റെ രണ്ട് ഭാഷകളിലുള്ള പേരുകളാണ്.

❶ ഭാഷാപരമായ വ്യത്യാസം:
➦ ശൗൽ (Saul) എന്നത് എബ്രായ ഭാഷയിലുള്ള (Hebrew) പേരാണ്. ➟❛ശാവൂൽ❜ (Sha’ul) എന്നാണ് ഇതിന്റെ എബ്രായ ഉച്ചാരണം. ➟പേരിൻ്റെ അർത്ഥം ❛ചോദിച്ചുവാങ്ങിയൻ❜ (Asked for) എന്നാണ്. ➟യിസ്രായേലിന്റെ ആദ്യ രാജാവായ ശൗലിന്റെ അതേ പേരാണിത്. ➟രണ്ടുപേരും ബെന്യാമീൻ ഗോത്രക്കാരാണ്: (1ശമൂ, 9:21; റോമ, 11:1). ➟ശൗൽ രാജാവിന്റെ കാര്യത്തിലും പേരിൻ്റെ അർത്ഥത്തിന് വലിയ പ്രസക്തിയുണ്ട്. ➟യിസ്രായേൽ ജനത തങ്ങൾക്ക് ഒരു രാജാവ് വേണമെന്ന് ദൈവത്തോട് ❛ചോദിച്ചുവാങ്ങിയ❜ വ്യക്തിയായിരുന്നു ശൗൽ. ➟പൗലൊസ് (Paul) എന്നത് റോമൻ/ലാറ്റിൻ (Latin) ഭാഷയിലുള്ള പേരാണ്. ➟❛പൗലസ്❜ (Paulus) എന്ന വാക്കിൽ നിന്നാണ് ഇത് വന്നത്. ➟പേരിൻ്റെ അർത്ഥം ❛ചെറിയവൻ❜ (Small/Little) എന്നാണ്. ➟❛വിനീതൻ❜ (Humble)എന്ന അർത്ഥവും ചില സന്ദർഭങ്ങളിൽ കൽപ്പിക്കാറുണ്ട്.

☛ യേശുവിൻ്റെ കാലത്തെ റോമാ സാമ്രാജ്യം ബഹുസംസ്കാര സമൂഹമായിരുന്നു. ➟അന്ന് റോമൻ പൗരത്വമുള്ള യെഹൂദന്മാർ സാംസ്കാരികവും പ്രായോഗികവുമായ കാരണങ്ങളാൽ എബ്രായനാമവും റോമൻ നാമവും ജനനംമുതലേ സ്വീകരിച്ചിരുന്നത് പതിവായിരുന്നു. ➟ഉദാ: ❝മർക്കൊസ് എന്നു മറുപേരുള്ള യോഹന്നാൻ.❞ (പ്രവൃ, 12:12). ➟യോഹന്നാൻ (Yochanan) എന്നത് അവൻ്റെ എബ്രായ (Hebrew) നാമമാണ്. ➟കുടുംബത്തിനകത്തും യഹൂദ സമൂഹത്തിനിടയിലും ഈ പേരാകും ഉപയോഗിച്ചിരുന്നത്. ➟❛മർക്കൊസ്❜ (Marcus/Mark) എന്നത് അവൻ്റെ ലാറ്റിൻ നാമമാണ്. ➟പുറംലോകവുമായും റോമൻ ഭരണകൂടവുമായും ഇടപഴകുമ്പോൾ ഈ പേരാണ് ഉപയോഗിച്ചിരുന്നത്. ➟അതുപോലെ, ശൗൽ തർസോസിൽ ജനിച്ച യെഹൂദനും റോമപൗരനുമാണ്: (പ്രവൃ, 22:3⁃⁃22:28). ➟അതിനാൽ അവന് യെഹൂദാ പേരായ ❛ശൗലും❜ (Sha’ul) റോമൻ പേരായ പൗലൊസും (Paulus) ജനനം മുതലേ ഉണ്ടായിരുന്നു.

❷ ഉപയോഗത്തിലെ വ്യത്യാസം:
➦ അപ്പൊസ്തല പ്രവൃത്തികൾ പരിശോധിച്ചാൽ ഒരു കാര്യം വ്യക്തമാകും: ➟യഹൂദ പശ്ചാത്തലത്തിൽ അവൻ തന്റെ സ്വജനത്തിന്റെ ഇടയിൽ അറിയപ്പെട്ടിരുന്നത് ❛ശൗൽ❜ എന്ന എബ്രായ പേരിലായിരുന്നു. ➟ജാതികളുടെ (Gentiles) ഇടയിൽ സുവിശേഷം അറിയിക്കാൻ തുടങ്ങിയപ്പോൾ തന്റെ റോമൻ പേരായ ❛പൗലൊസ്❜ എന്ന് ഉപയോഗിക്കാൻ തുടങ്ങി.

❸ സെർഗ്ഗ്യൊസ് പൗലൊസും പൗലൊസും:
➦ ബർന്നബാസിൻ്റെയും ശൌലിൻ്റെയും പ്രഥമ സുവിശേഷ യാത്രയിൽ അവർ ആദ്യം സലമീസിലെ യെഹൂദന്മാരുടെ പള്ളിയിലാണ് ദൈവവചനം അറിയിച്ചത്: (പ്രവൃ, 13:2-5). ➟അനന്തരം പാഫൊസിൽ സെർഗ്ഗ്യൊസ് പൗലൊസ് എന്ന റോമൻ ദേശാധിപതിയോടാണ് സുവിശേഷം അറിയിച്ചത്. ➟ബർന്നബാസും ശൗലും വിജാതീയനായ ദേശാധിപതിയോട് ദൈവവചനം പറയുമ്പോൾ, ബർയേശു എന്നു പേരുള്ള യെഹൂദാ കള്ള പ്രവാചകൻ അവരെ എതിർക്കാൻ ശ്രമിച്ചു: (പ്രവൃ, 13:6-8). ➟അപ്പോഴാണ് പൗലൊസ് എന്ന പേര് ലൂക്കൊസ് ആദ്യമായി പറയുന്നത്: ➤❝അപ്പോൾ പൌലൊസ് എന്നും പേരുള്ള ശൌൽ പരിശുദ്ധാത്മപൂർണ്ണനായി അവനെ ഉറ്റുനോക്കി:❞ (പ്രവൃ, 13:9). ➟ഈ സംഭവം നടക്കുന്നത് അവൻ്റെ മാനസാന്തരത്തിനും ഏകദേശം 13–15 വർഷങ്ങൾക്ക് ഉള്ളിലാണ്. ➟റോമാക്കാരോട് (ജാതികൾ) സുവിശേഷം അറിയിക്കാൻ തുടങ്ങിയ ഈ സംഭവത്തോടെയാണ് ബൈബിൾ അവനെ ❛പൗലൊസ്❜ എന്ന് വിശേഷിപ്പിക്കാൻ തുടങ്ങുന്നത്. ➟തന്മൂലം, മാനസാന്തരത്തോടെയാണ് ശൗൽ പൗലൊസായത് എന്ന് പറയാൻ നിവൃത്തിയില്ല.

☛ ഒന്നാംമിഷണറി യാത്രയുടെ ആരംഭത്തിലാണ് ഈ സംഭവം നടക്കുന്നത്: (പ്രവൃ, 13:7-12). ⁃⁃അതിനുശേഷം പിസിദ്യാദേശത്തിലെ അന്ത്യൊക്ക്യയിൽ യെഹൂദന്മാരുടെ പള്ളിയിൽ ശബ്ബത്തിൽ ശൂശ്രൂഷിച്ചു: (പ്രവൃ, 13:14-43). ➟പിറ്റേ ശബ്ബത്തിൽ യഹൂദന്മാർ അസൂയ നിറഞ്ഞ് ദൈവചനത്തെ തള്ളിയപ്പോഴാണ് അവർ യെഹൂദന്മാരെ തള്ളി ജാതികളിലേക്ക് തിരിഞ്ഞത്: (പ്രവൃ, 13:44;-48). ➟അതായത്, ജാതികളോട് സുവിശേഷം അറിയിക്കുന്നതിന് മുന്നോടിയായിട്ടാണ്, ❛പൗലൊസ്❜ എന്ന റോമൻ നാമത്തിൽ അറിയപ്പെടാൻ തുടങ്ങിയത്. ➟ഒന്നുകൂടി വ്യക്തമാക്കിയാൽ, യെഹൂദന്മാർ അവനെ തള്ളിയപ്പോൾ, അവൻ ❛ചോദിച്ചുവാങ്ങിയൻ❜ എന്നർത്ഥമുള്ള ❛ശൗൽ❜ എന്ന പേരിനു പകരം ❛ചെറിയവൻ❜ എന്നർത്ഥമുള്ള ❛പൗലൊസ്❜ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി. ➟യഥാർത്ഥത്തിൽ ഇതൊരു പേര് മാറ്റമല്ല; പേര് തിരഞ്ഞെടുക്കലാണ്. ➟സന്ദർഭത്തിനനസരിച്ച് തൻ്റെ റോമൻ പേര് തിരഞ്ഞെടുക്കുകയായിരുന്നു.

☛ ❝ദൈവത്തിന്നു ന്യായപ്രമാണമില്ലാത്തവൻ ആകാതെ ക്രിസ്തുവിന്നു ന്യായപ്രമാണമുള്ളവനായിരിക്കെ, ന്യയപ്രമാണമില്ലാത്തവരെ നേടേണ്ടതിന്നു ഞാൻ ന്യായപ്രമാണമില്ലാത്തവർക്കു ന്യായപ്രമാണമില്ലാത്തവനെപ്പോലെ ആയി. ബലഹീനന്മാരെ നേടേണ്ടതിന്നു ഞാൻ ബലഹീനർക്കു ബലഹീനനായി; ഏതുവിധത്തിലും ചിലരെ രക്ഷിക്കേണ്ടതിന്നു ഞാൻ എല്ലാവർക്കും എല്ലാമായിത്തീർന്നു.❞ (1കൊരി, 9:21). ➟ചുരുക്കത്തിൽ, ശൗൽ എന്ന എബ്രായനാമത്തിൽ വിളിക്കപ്പെട്ടിരുന്നവൻ ❛ചെറിയവൻ❜ എന്നർത്ഥമുള്ള പൗലോസ് എന്ന റോമൻ പേരിൽ വിളിക്കപ്പെടാൻ ആഗ്രഹിച്ചത്, ഒരു വ്യക്തിത്വ മാറ്റത്തിൻ്റെ അടയാളമായല്ല; ➟തൻ്റെ വിളിയോടുള്ള വിശ്വസ്തതയുടെ ഭാഗമായി ജാതികളുടെ ഇടയിലേക്ക് ഇറങ്ങിച്ചെല്ലാൻ അവൻ സ്വീകരിച്ച ലാളിത്യത്തിൻ്റെ അടയാളമായാണ്.

☛ ❝തന്നെത്താൻ ഉയർത്തുന്നവൻ എല്ലാം താഴ്ത്തപ്പെടും; തന്നെത്താൻ താഴ്ത്തുന്നവൻ എല്ലാം ഉയർത്തപ്പെടും❞ എന്ന ക്രിസ്തുദർശനമാണ് പൗലൊസ് തൻ്റെ ജീവിതത്തിൽ പിൻപറ്റിയിരുന്നതെന്ന് കാണാൻ കഴിയും: (മത്താ, 23:12 ⁃⁃ മത്താ, 18:4; ലൂക്കൊ, 14:11; 18:4). ➟❛അകാലപ്രജ❜ (1കൊരി, 15:8), ➟❛ഞാൻ അപ്പൊസ്തലന്മാരിൽ ഏറ്റവും ചെറിയവൻ❜ (1കൊരി, 15:8), ➟❛സകല വിശുദ്ധന്മാരിലും ഏറ്റവും ചെറിയവൻ❜ (എഫെ, 3:8), ➟❛ആ പാപികളിൽ ഞാൻ ഒന്നാമൻ❜ (1തിമൊ, 1:15) എന്നീ പ്രയോഗങ്ങൾ അതിന്റെ തെളിവാണ്. ➟ഇതൊക്കെ, പൗലൊസ് എന്ന പേരിനെ അന്വർത്ഥമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *