☛ ഫിലിപ്പിയർ 2:5-8:
𝟮:𝟱. “ക്രിസ്തുയേശുവിലുള്ള ഭാവം തന്നേ നിങ്ങളിലും ഉണ്ടായിരിക്കട്ടെ.
𝟮:𝟲. അവൻ ദൈവരൂപത്തിൽ ഇരിക്കെ ദൈവത്തോടുള്ള സമത്വം മുറുകെ പിടിച്ചു കൊള്ളേണം എന്നു
𝟮:𝟳. വിചാരിക്കാതെ ദാസരൂപം എടുത്തു
𝟮:𝟴. മനുഷ്യസാദൃശ്യത്തിലായി തന്നെത്താൻ ഒഴിച്ചു വേഷത്തിൽ മനുഷ്യനായി വിളങ്ങി തന്നെത്താൻ താഴ്ത്തി മരണത്തോളം ക്രൂശിലെ മരണത്തോളം തന്നേ, അനുസരണമുള്ളവനായിത്തീർന്നു.” (ഫിലി, 2:5-8)
☛ ഈ വേദഭാഗപ്രകാരം ക്രിസ്തുവിന് ദൈവത്തോട് സമത്വമുണ്ടെന്ന് ട്രിനിറ്റിയും ദൈവം നേരിട്ട് മനുഷ്യനായി വന്നതാണെന്ന് വൺനെസ്സും വാദിക്കുന്നു. എന്നാൽ അതൊന്നുമല്ല, ക്രിസ്തുയേശുവിൻ്റെ ഭാവമാണ് (മനോഭാവം) ഈ വേദഭാഗത്തിൻ്റെ വിഷയം. അവൻ്റെ ഭാവം വർണ്ണിക്കാൻ ഏഴുകാര്യങ്ങളാണ് പൗലൊസ് പറയുന്നത്:
❶ ദൈവരൂപത്തിലിരിക്കെ ദൈവത്തോടുള്ള സമത്വം മുറുകെപ്പിടിച്ചില്ല,
❷ ദാസരൂപം എടുത്തു,
❸ മനുഷ്യസാദൃശ്യത്തിലായി,
❹ തന്നെത്താൻ ഒഴിച്ചു,
❺ വേഷത്തിൽ മനുഷ്യനായി,
❻ തന്നെത്താൻ താഴ്ത്തി,
❼ ക്രൂശിലെ മരണത്തോളം അനുസരണമുള്ളവനായി.
☛ ഇവിടെ പറഞ്ഞിരിക്കുന്ന ഏഴുകാര്യങ്ങളും യഥാർത്ഥത്തിലല്ല; ആത്മീയ അർത്ഥത്തിലാണ് പറഞ്ഞിരിക്കുന്നത്. അക്ഷരാർത്ഥത്തിൽ ആണെങ്കിൽ, ഗതിഭേദത്താൽ ആഛാദനമില്ലാത്ത ദൈവത്തിനോ, തന്നെത്താൻ ത്യജിക്കാൻ കഴിയാത്ത ക്രിസ്തുവിനോ ഇത് യോജിക്കുന്നതല്ല. അതായത്, സത്യദൈവം സാഹചര്യങ്ങൾക്കനുസരിച്ച് അവസ്ഥഭേദം അല്ലെങ്കിൽ വ്യതിയാനം വരാത്തനാണ്. അവൻ ഏകനാണെങ്കിൽ എന്നും ഏകൻ തന്നെയായിരിക്കും. എന്നുവെച്ചാൽ: ചിലപ്പോൾ ഏകനും, മറ്റുചിലപ്പോൾ ദ്വൈത്വവും, വേറെ ചിലപ്പോൾ ത്രിത്വവും, പിന്നെ ചിലപ്പോൾ മുപ്പത്തി മുക്കോടിയുമാകുന്ന അസ്ഥിരനായ ദൈവമല്ല. ➟ട്രിനിറ്റിയുടെ ഏകദൈവം വിഭിന്നരായ മൂന്നു വ്യക്തികളുടെ സാരാംശമാണ്. വചനത്തിൽ അതിന് തെളിവില്ലെങ്കിലും ഒരു വാദത്തിനുവേണ്ടി അത് സമ്മതിക്കാം. ദൈവം ത്രിത്വമാണെങ്കിൽ, അവൻ ഗതിഭേദത്താൽ ആഛാനം ഇല്ലാതവനാകയാൽ എല്ലയ്പ്പോഴും ത്രിത്വംതന്നെ ആയിരിക്കും. എന്നാലിവിടെ ക്രിസ്തുവിന് സമത്വമുണ്ടെന്ന് പറയുന്നത്, ത്രിത്വത്തിലെ വ്യക്തികളെന്ന് ട്രിനിറ്റി പറയുന്ന പിതാവിനോടുള്ള സമത്വമെന്നോ, പരിശുദ്ധാത്മാവിനോടുള്ള സമത്വമെന്നോ അല്ല; ട്രിനിറ്റിയുടെ മൂന്നു വ്യക്തികളുടെ സാരാംശമായ ദൈവത്തോടുള്ള സമത്വമെന്നാണ് പറയുന്നത്. അതിനാൽ, “അവൻ (ക്രിസ്തു) ദൈവരൂപത്തിലിരിക്കെ ദൈവത്തോഉള്ള സമത്വം മുറുകെപ്പിടിച്ചില്ല” എന്നതിനെ യഥാർത്ഥത്തിൽ മനസ്സിലാക്കിയാൽ, അവൻ ത്രിത്വദൈവത്തോടു സമത്വമുള്ള മറ്റൊരു ത്രിത്വദൈവമായി മാറും. ത്രിത്വംതന്നെ വലിയ കുഴപ്പംപിടിച്ച ഉപദേശമാണ്; അപ്പോൾ ത്രിത്വദൈവത്തോട് സമത്വമുള്ള മറ്റൊരു ത്രിത്വവും ആയാലോ? ഇത് അതിനേക്കാൾ വലിയ കോടാലി ഉപദേശമാകും!
☛ വൺനെസ്സുകാർക്ക് ഏകദൈവം ക്രിസ്തുവാണ്. എന്നാൽ ഇവിടെപ്പറയുന്ന 𝗜𝘀𝗮 𝗧𝗵𝗲𝗼 എന്ന പ്രയോഗത്തിന് “ദൈവത്തോടുള്ള സമത്വം” (Equal with God) എന്നാണർത്ഥം. അതിനെ യഥാർത്ഥത്തിൽ മനസ്സിലാക്കിയാൽ, ക്രിസ്തു ദൈവത്തോടു സമത്വമുള്ള മറ്റൊരു ദൈവമാണ്. അതും വല്ലാത്ത കുഴപ്പമാണ്. അതിനാൽ, അതൊന്നുമല്ല ഇവിടുത്തെ വിഷയമെന്ന് വ്യക്തമാണ്. ഏകദൈവത്തിനും മനുഷ്യർക്കുമിടയിൽ മദ്ധ്യസ്ഥനായ മഹാപുരോഹിതനായി നിന്നുകൊണ്ട്, തന്നെത്താൻ ദൈവത്തിന് മറുവിലയായ യാഗമാക്കിയ മനുഷ്യനായ ക്രിസ്തുയേശുവിൻ്റെ താഴ്മയുടെ ഭാവത്തെ വർണ്ണിക്കാൻ “ദൈവരൂപത്തിലിരുന്നവൻ ദൈവത്തോടുള്ള സമത്വം മുറുകെപ്പിടിക്കാതെ ക്രൂശിലെ മരണത്തോളം അനുസരണമുള്ള മനുഷ്യനായി” എന്ന് പൗലൊസ് ആത്മീയമായി പറയുന്നതാണ്. (1തിമൊ, 2:5-6) അതിന് വ്യക്തമായ തെളിവും അതിലും വ്യക്തമായൊരു കാരണവുമുണ്ട്. അതെന്താണെന്ന് അറിയണമെങ്കിൽ, ദൈവപ്രകൃതിയുടെ സവിശേഷതകൾ എന്താണെന്നും, യേശു ആരാണ്; അല്ലെങ്കിൽ അവൻ്റെ അസ്തിത്വം (Existence) എന്താണെന്നും, യേശുവിൻ്റെ പ്രകൃതി എന്താണെന്നും അറിയണം:
☛ ദൈവപ്രകൃതിയുടെ സവിശേഷതകൾ:
➦ “അക്ഷയനും അദൃശ്യനും (1തിമൊ, 1:17) അനാദിയായും ശാശ്വതമായുമുള്ളവനും (സങ്കീ, 90:2) അമർത്യനും (1തിമൊ, 6:16) ആത്മാവും (യോഹ, 4:24; 2കൊരി, 3:17-18) ആകാശങ്ങളും ഭൂമിയും നിറഞ്ഞുനിൽക്കുന്നവനും (യിരെ, 23:24) ആദ്യനും അന്ത്യനും (യെശ, 44:6) ആരുമൊരുനാളും കാണാത്തവനും (1യോഹ, 4:12) കാണ്മാൻ കഴിയാത്തവനും (1തിമൊ, 6:16) എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനും (വെളി, 15:7) ഗതിഭേദത്താൽ ആഛാദനമില്ലാത്തവനും (യാക്കോ, 1:17) നമ്മുടെ ഹൃദയത്തെക്കാൾ വലിയവനും ⟦നമ്മുടെ ചിന്തകൾക്കും വിചാരങ്ങൾക്കും യുക്തിക്കും ബുദ്ധിക്കും അതീതൻ⟧ (1യോഹ, 3:20) നിത്യനും (ആവ, 32:40) മാറാത്തവനുമായ (മലാ, 3:6) ഒരേയൊരു ദൈവമാണ് (Mónos Theós – The only God) നമുക്കുള്ളത്:” (യോഹ, 5:44). ദൈവം അദൃശ്യനാണെന്നു മൂന്നുപ്രാവശ്യവും (കൊലൊ, 1:15; 1തിമൊ, 1:17; എബ്രാ, 11:27) ദൈവത്തെ ആരുമൊരുനാളും കണ്ടിട്ടില്ലെന്ന് രണ്ടുപ്രാവശ്യവും (യോഹ, 1:18; 1യോഹ, 4:12) ദൈവത്തെ കാണ്മാൻ കഴിയില്ലെന്നു ഒരുപ്രാവശ്യവും പറഞ്ഞിട്ടുണ്ട്: (1തിമൊ, 6:16). “യിസ്രായേലിന്റെ ദൈവവും രക്ഷിതാവും ആയുള്ളോവേ, നീ മറഞ്ഞിരിക്കുന്ന ദൈവം ആകുന്നു സത്യം.” (യെശ, 45:15). ഗതിഭേദത്താൽ ആഛാദനമില്ലാത്ത, മാറ്റമില്ലാത്ത, മരണമില്ലാത്ത ദൈവത്തിന് എങ്ങനെ യഥാർത്ഥത്തിൽ തന്നെത്താൻ ഒഴിച്ച്, വേഷത്തിൽ മനുഷ്യനായി, തന്നെത്താൻ താഴ്ത്തി ക്രൂശിൽ മരിക്കാൻ കഴിയും? മരണമില്ലാത്ത ദൈവം വേഷംമാറിവന്നു മരിക്കാൻ “പാപപരിഹാരബലി” എന്ന പേരിൽ ഒരു നാടകമാണോ ഗത്ത്ശെമനയിൽ അരങ്ങേറിയത്?
☛ യേശു ആരാണ്?
➦ യേശു ആരാണ്; അല്ലെങ്കിൽ അവൻ്റെ അസ്തിത്വം (Existence) എന്താണ് എന്ന് ചോദിച്ചാൽ: അവൻ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ്. ആദ്യകാല ആധുനിക ഇംഗ്ലീഷ് പരിഭാഷകളിലും (Early Modern English Translations), സാമാന്തര ഗ്രീക്ക് വേഷനുകളിലും മലയാളത്തിലെ ബെഞ്ചമിൻ ബെയ്ലി പരിഭാഷകളിലും “ദൈവം ജഡത്തിൽ വെളിപ്പെട്ടു” (Theos ephanerōthē en sarki – God was manifest in the flesh) എന്നാണ്: (Stephanus 1550, Beza 1598, Elzevir 1624, Scrivener 1894 – Tyndale 1526, 1534, Coverdale 1535, Matthew’s 1537, The Great 1539, Geneva 1560, Bishops 1568, King James 1611; ബെ,ബെ). അതാണ് പൗലൊസിലൂടെ വെളിപ്പെടുത്തപ്പെട്ട ദൈവഭക്തിയുടെ മർമ്മം: (1Tim. 3:16). മശീയാനിക് യെഹൂദന്മാരുടെപരിഭാഷ (NMV) പരിശോധിച്ചാൽ “God-The Father was manifest in the flesh” എന്ന് കാണാൻ കഴിയും: [കാണുക: NMV]. അതായത്, ദൈവം അവതാരം (Incarnation) എടുത്തതോ, വേഷംമാറി (Disguise) വന്നതോ അല്ല; ദൈവം തൻ്റെ ജഡത്തിലെ വെളിപ്പാടിനായി (1തിമൊ, 3:16) കന്യകയിൽ പ്രകൃതൃതീതമായി ഉല്പാദിപ്പിച്ച (മത്താ, 1:20; ലൂക്കൊ, 2:21) ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ് യേശുക്രിസ്തു: (റോമ, 5:15). “ജഡത്തിൽ വെളിപ്പെട്ടത് ഏകദൈവമായ പിതാവും; വെളിപ്പാട് പുത്രനുമാണ്.” (യോഹ, 1:18). അതായത്, യേശു എന്ന് പേരുള്ള മനുഷ്യൻ്റെ അസ്തിത്വം (Existence) എന്നത്: ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാട് (The manifestation of God in the Flesh) അല്ലെങ്കിൽ, ദൈവത്തിൻ്റെ മനുഷ്യപ്രത്യക്ഷത (The human manifestation of God) എന്നാണ്. യേശു യഹോവയായ ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാകയാൽ, അവൻ്റെ പൂർവ്വാസ്തിത്വം (Pre-Existence) സകലത്തിനും കാരണഭൂതനായ യഹോവ എന്ന നിലയിലാണ്. അവൻ ഏകദൈവമായ യഹോവയുടെ ജഡത്തിലെ വെളിപ്പാടായതുകൊണ്ടും, അവൻ്റെ പൂർവ്വാസ്തിത്വം യഹോവയിൽത്തന്നെ ആയതുകൊണ്ടുമാണ്, യഹോവയെക്കുറിച്ചുള്ള പ്രവചനങ്ങളെല്ലാം യേശുവിൽ നിവൃത്തിയാകുന്നത്. ഉദാ: (യെശ, 25:8-9–എബ്രാ, 2:14-15; യെശ, 29:18; യെശ, 35:3-6–ലൂക്കൊ, 7:22; യെശ, 40:3; മലാ, 31–യോഹ, 1:23; സെഖ, 12:10 വി.ഗ്ര; KJV–യോഹ, 19:37). ➟[കാണുക: ദൈവഭക്തിയുടെ മർമ്മം; ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക].
☛ The New Messianic Version:
➦ മശീയാനിക് യെഹൂദന്മാരുടെ പരിഭാഷയെക്കുറിച്ച് മുകളിൽ സൂചിപ്പിച്ചതാണ്. ഈ പരിഭാഷയിൽ സവിശേഷമായ മറ്റൊരു കാര്യംകൂടി കാണാം. പഴയപുതിയനിയമങ്ങളിൽ യഹോവ (Yehovah) എന്ന ദൈവനാമം വരുന്നിടത്തൊക്കെ Lord- Yehovah (Messiah Pre-Incarnate) എന്നാണ് കാണുന്നത്: (Gen, 2:4 – Mat, 4:7). “യഹോവയായ കർത്താവ് (മിശീഹാ അവതാരത്തിനു മുമ്പേ)” എന്നാണർത്ഥം. എന്നുവെച്ചാൽ, ക്രിസ്തു മനുഷ്യനായി വെളിപ്പെടുംമുമ്പേ യഹോവ ആയിരുന്നു എന്നാണ് അവർ മനസ്സിലാക്കുന്നത്. ‘അവതാരം’ (Incarnation) എന്നൊരു പദം മൂലഭാഷയിൽ ഉള്ളതല്ല. ക്രിസ്തു ആരുടെയും അവതാരമല്ല. പിതാവായ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണെന്ന് NMV-ടെ പരിഭാഷയിൽത്തന്നെ പറഞ്ഞിട്ടുണ്ട്. ദൈവഭക്തിയുടെ മർമ്മത്തിൽ: “God-The Father was manifest in the flesh” എന്നാണ് കാണുന്നത്: (1Tim, 3:16). ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനെക്കുറിച്ച് മുകളിൽ നാം കണ്ടതാണ്. അതിനാൽ, Pre-Incarnation എന്നതിനെ, Pre-Manifestation എന്നോ, Pre-Existence എന്നോ മനസ്സിയാക്കിയാൽ മതി. അതായത്, മനുഷ്യനായി മറിയത്തിലൂടെ വെളിപ്പെട്ട യേശുവിൻ്റെ പൂർവ്വാസ്തിത്വത്തെ സകലത്തിനും കാണഭൂതനായ യഹോവ എന്ന നിലയിലാണ് മശീയാനിക് യെഹൂദന്മാർ മനസ്സിലാക്കുന്നത്. ദൈവത്തിൻ്റെ വചനം ഭരമേല്പിക്കപ്പെട്ടവരും (സങ്കീ, 147:19-20; യോഹ, 10:35; റോമ, 3:2; റോമ, 9:4) ദൈവം പഴയപുതിയ നിയമങ്ങൾ ചെയ്തിരിക്കുന്ന ഏകജാതിയും എന്ന നിലയിൽ മശീയാനിക് യെഹൂദന്മാരുടെ ഈ ഉപദേശം വിശ്വാസയോഗ്യമാണ്: (പുറ, 20:1-18; പുറ, 24:3-11 – യിരെ, 31:31-34; എബ്രാ, 8:8-12). [കാണുക: യെഹൂദന്നു എന്തു വിശേഷത?]
☛ യേശുവിൻ്റെ പ്രകൃതി:
➦ യേശുവിൻ്റെ പ്രകൃതി (Nature) എന്താണെന്ന് ദൈവശ്വാസീയമായ തിരുവെഴുത്ത് സത്യംചെയ്ത് പറഞ്ഞിട്ടുണ്ട്: “യേശുവിന്നു എതിരെ നിന്നിരുന്ന ശതാധിപൻ അവൻ ഇങ്ങനെ പ്രാണനെ വിട്ടതു കണ്ടിട്ടു: ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം എന്നു പറഞ്ഞു.” (മർക്കൊ, 15:39). “മനുഷ്യൻ” (Man) എന്നത് യേശുവിൻ്റെ “പ്രകൃതിയും” (Nature), “പുത്രൻ” (Son) എന്നത് ഏകമനുഷ്യനായ യേശുവിൻ്റെ “പദവിയും” (Title) ആണ്: (റോമ, 5:15). യേശു പറയുന്നത് നോക്കുക: “ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു.” (യോഹ, 8:40 – മത്താ, 11:19; ലൂക്കൊ, 7:34). ഈ വേദഭാഗം ശ്രദ്ധിച്ചാൽ, ദൈവത്തിൽനിന്ന് മനുഷ്യനായ തന്നെ വ്യക്തമായി വേർതിരിച്ചാണ് ക്രിസ്തു പഠിപ്പിച്ചതെന്ന് കാണാൻ കഴിയും. താൻ ദൈവമായിരുന്നെങ്കിൽ ദൈവത്തിൽനിന്ന് തന്നെ വേർതിരിച്ച് പറയില്ലായിരുന്നു. “ദൈവത്തിൽ വിശ്വസിപ്പിൻ; എന്നിലും വിശ്വസിപ്പിൻ” (യോഹ, 14:1), “ദൈവം ഒരുവൻ അല്ലാതെ നല്ലവൻ ആരുമില്ല” എന്നൊക്കയായിരുന്നു യേശുവിൻ്റെ പഠിപ്പിക്കൽ: (മർക്കൊ, 10:18). മനുഷ്യൻ (മത്താ, 26:72; 26:74), യേശു എന്നു പേരുള്ള മനുഷ്യൻ (യോഹ, 9:11), പുരുഷനായ (Man) നസറായനായ യേശു (പ്രവൃ, 2:23), ഏകമനുഷ്യനായ യേശുക്രിസ്തു (റോമ, 5:15), മനുഷ്യൻ (1കൊരി, 5:21), രണ്ടാം മനുഷ്യൻ (1കൊരി, 15:47), ഏകപുരുഷൻ❜ (one Man) (2കൊരി, 11:2), മനുഷ്യനായ ക്രിസ്തുയേശു (1തിമൊ, 2:6) എന്നിങ്ങനെയാണ് അപ്പൊസ്തലന്മാർ സാക്ഷ്യപ്പെടുത്തുന്നത്. യേശു മനുഷ്യനാണെന്ന് 𝟱𝟬 പ്രാവശ്യം വചനത്തിൽ പറഞ്ഞിട്ടുണ്ട്. ➟[കാണുക: മനുഷ്യനായ ക്രിസ്തുയേശു].
☛ അതായത്, യേശു എന്ന് പേരുള്ള മനുഷ്യൻ ഏകസത്യദൈവമായ യഹോവയുടെ ജഡത്തിലെ വെളിപ്പാടും (യോഹ, 9:11 – യോഹ, 17:3), സകലത്തിനും കാരണഭൂതനായ പിതാവായ ഏകദൈവം ഏകമനുഷ്യനായ യേശുക്രിസ്തുവിൻ്റെ പൂർവ്വാസ്തിത്വവുമാണ്: (1കൊരി, 8:5-6 – റോമ, 5:1). ഇതാണ് പൗലൊസ് വെളിപ്പെടുത്തിയ ദൈവഭക്തിയുടെ മർമ്മം.
☛ ബൈബിൾ വെളിപ്പെടുത്തുന്ന ദൈവം ഗതിഭേദത്താൽ ആഛാദനമില്ലാത്തവനും മാറാത്തവനും മരണമില്ലാത്തവനുമാണ്: (യാക്കോ, 1:17; മലാ, 3:6; 1തിമൊ, 6:16). തന്മൂലം, ദൈവത്തിന് തന്നെത്താൻ ഒഴിച്ച്, വേഷത്തിൽ മനുഷ്യനായി, തന്നെത്താൻ താഴ്ത്തി ക്രൂശിൽ മരിക്കാൻ കഴിയില്ല. ഇതേകാര്യം മനുഷ്യനായ ക്രിസ്തുയേശുവിനെക്കുറിച്ചും പറഞ്ഞിട്ടുണ്ട്: “നാം അവിശ്വസ്തരായിത്തീർന്നാലും അവൻ (ക്രിസ്തുയേശു) വിശ്വസ്തനായി പാർക്കുന്നു; തന്റെ സ്വഭാവം ത്യജിപ്പാൻ അവന്നു കഴികയില്ലല്ലോ; ഈ വചനം വിശ്വാസയോഗ്യമാകുന്നു.” (2തിമൊ, 2:13). ഈ വേദഭാഗത്ത്, “തന്റെ സ്വഭാവം ത്യജിപ്പാൻ അവന്നു കഴികയില്ല” എന്നതിൽ, “സ്വഭാവം” എന്നത് “പ്രകൃതി” എന്നാണ് മനസ്സിലാക്കേണ്ട്. ഗ്രീക്കിൽ, 𝗮𝗿𝗻𝗲𝘀𝗮𝘀𝘁𝗵𝗮𝗶 𝗵𝗲𝗮𝘂𝘁𝗼𝗻 𝗼𝘂 𝗱𝘆𝗻𝗮𝘁𝗮𝗶 എന്ന പ്രയോഗത്തിന് “അവന് തന്നെത്താൻ ത്യജിക്കാൻ കഴിയില്ല” (He cannot deny himself) എന്നാണ്. അതായത്, ഏകദൈവത്തിനോ, ഏകമനുഷ്യനായ യേശുക്രിസ്തുവിനോ തൻ്റെ സ്വഭാവമോ, സ്വരൂപമോ ത്യജിച്ചുകൊണ്ട് ഒന്നും ചെയ്യാൻ കഴിയില്ല. തന്മൂലും, ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ ക്രിസ്തുയേശുവിൻ്റെ ”ഭാവം, മനോഭാവം” വർണ്ണിക്കുന്ന ആത്മീയ പ്രയോഗങ്ങളാണ് ഫിലിപ്പിയരിൽ കാണുന്നതെന്ന് മനസ്സിലാക്കാം. നമുക്ക് ആ ഭാഗം വിശദമായി നോക്കാം:
❶ ദൈവരൂപത്തിലിരിക്കെ ദൈവത്തോടുള്ള സമത്വം മുറുകെപ്പിടിച്ചില്ല:
➦ ആദ്യഭാഗത്ത്, “അവൻ (യേശു) ദൈവരൂപത്തിൽ ഇരിക്കെ” എന്നാണ് പറയുന്നത്. യഥാർത്ഥത്തിൽ അവൻ ദൈവരൂപത്തിൽ സ്വർഗ്ഗത്തിലോ, ഭൂമിയിലോ ഉണ്ടായിരുന്നവനല്ല. പഴയനിയമത്തിൽ ദൈവപുത്രനായ യേശുവിനെക്കുറിച്ചുള്ള പ്രവചനങ്ങളല്ലാതെ, യേശുവെന്ന വ്യക്തിയെ കാണാൻ കഴിയില്ല: യേശുവിൻ്റെ ഉത്ഭവസ്ഥലം (മീഖാ, 5:2), ജനനം (യെശ, 7:14), ക്രിസ്തുത്വം (യെശ, 61:1), പുത്രത്വം (ലൂക്കൊ, 1:32; ലൂക്കൊ, 1:35), ശുശ്രൂഷ (യെശ, 42:1-3), കഷ്ടാനുഭവം (യെശ, 52:14; യെശ, 53:2-8), മരണം (യെശ, 53:10-12), അടക്കം (യെശ, 53:9), പുനരുത്ഥാനം (സങ്കീ, 16:10), കർത്തൃത്വം (ലൂക്കൊ, 2:11 – പ്രവൃ, 2:36), പിൻവരുന്ന മഹിമ (1പത്രൊ, 1:11) മുതലായ എല്ലാം പ്രവചനങ്ങളായിരുന്നു. ആദ്യപ്രവചനം ഉല്പത്തി 3:15 ആണ്. അതിനുമുമ്പ് അവനെക്കുറിച്ചൊരു പരാമർശംപോലുമില്ല. ഒരു പ്രവചനം നിവൃത്തിയാകുമ്പോഴാണ് അത് ചരിത്രമാകുന്നത്.
☛ യേശു 𝗔𝗠 𝟯𝟳𝟱𝟱-ൽ (BC 6) ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനായി പരിശുദ്ധാത്മാവിനാൽ മറിയയിൽ ഉല്പാദിതമായവനാണ്: (മത്താ, 1:20; ലൂക്കൊ, 2:21). യേശുവിൻ്റെ മുഴുജീവതവും പരിശുദ്ധാത്മാവിൽ ആയിരുന്നു: “പരിശുദ്ധാത്മാവിനാൽ കന്യകയിൽ ഉല്പാദിതമായി: (മത്താ, 1:20), ആത്മാവിനാൽ അവളിൽനിന്ന് ഉത്ഭവിച്ചു: (ലൂക്കൊ, 1:35), ആത്മാവിൽ ബലപ്പെട്ട് വളർന്നു: (ലൂക്കൊ, 2:40), ആത്മാവിനാൽ അഭിഷേകം പ്രാപിച്ചു (ലൂക്കൊ, 3:22 – പ്രവൃ, 10:38), ആത്മാവ് നിറഞ്ഞവനായി യോർദ്ദാൻ വിട്ടുമടങ്ങി: (ലൂക്കൊ, 4:1), ആത്മാവിനാൽ പരീക്ഷയിലേക്ക് നടത്തപ്പെട്ടു: (മത്താ, 4:1; ലൂക്കൊ, 4:1), ആത്മാവിൻ്റെ ശക്തിയോടെ ശുശ്രൂഷിച്ചു: (ലൂക്കൊ, 4:14-15), ആത്മാവിനാൽ അത്ഭുതങ്ങൾ പ്രവർത്തിച്ചു: (മത്താ, 12:28), ആത്മാവിനാൽ തന്നെത്താൻ ദൈവത്തിന് നിഷ്കളങ്കനായി അർപ്പിച്ചു: (എബ്രാ, 9:14), ആത്മാവിനാൽ ജീവിപ്പിക്കപ്പെട്ടു: (1പത്രൊ, 3:18).” ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനായി ബി.സി. 6-ൽ മാത്രം പരിശുദ്ധാത്മാവിനാൽ പ്രകൃത്യാതീതമായി ഉല്പാദിതമായവൻ യഥാർത്ഥത്തിൽ ദൈവമായോ, ദൈവരൂപമുള്ളവനായോ മുമ്പേ എങ്ങനെ ആയിരിക്കും? ➟[കാണുക: അന്ത്യകാലത്ത് വെളിപ്പെട്ടവൻ]
☛ ദൈവരൂപത്തിലിരിക്കുന്നു:
➦ പ്രസ്തുത പ്രയോഗത്തിൽ, അവൻ ദൈവമാണെന്നല്ല; “ദൈവരൂപത്തിൽ ഇരിക്കുന്നു” എന്നാണ് പറഞ്ഞിരിക്കുന്നത്. 𝗠𝗼𝗿𝗽𝗵𝗲 എന്ന ഗ്രീക്കുപദത്തിന്, “രൂപം/ആകൃതി” (The form) എന്നാണർത്ഥം. ദൈവം “ദൈവരൂപത്തിൽ ഇരിക്കുന്നു” എന്നും ദൂതൻ “ദൂതരൂപത്തിൽ ഇരിക്കുന്നു” എന്നും മനുഷ്യൻ “മനുഷ്യരൂപത്തിൽ ഇരിക്കുന്നു” എന്നും യഥാർത്ഥത്തിൽ പറയില്ല. ദൈവം (God) എന്നത് സകലത്തിൻ്റെയും കാരണഭൂതനായ പിതാവിൻ്റെ മാത്രം പ്രകൃതി (Nature) ആണ്: (യോഹ, 5:44; യോഹ, 17:3; എഫെ, 4:6; 1തിമൊ, 2:5). ആ പ്രകൃതി സ്വർഗ്ഗത്തിലോ, ഭൂമിയിലോ (In heaven or in earth) മറ്റാർക്കുമില്ല: (1കൊരി, 8:5-6). “ദൈവം” എന്നത് സത്യദൈവത്തിൻ്റെ മാത്രം പ്രകൃതിയാകയാൽ, ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ ക്രിസ്തു “ദൈവരൂപത്തിൽ ഇരുക്കുന്നു” (Who, being in the form of God) എന്നത് ഒരു ആത്മീയ പ്രയോഗമാണെന്ന് മനസ്സിലാക്കാം. ➟[കാണുക: പിതാവു് ഏകദൈവവും പുത്രൻ ഏകമനുഷ്യനും].
☛ ദൈവത്തോടുള്ള സമത്വം:
➦ അടുത്തഭാഗത്ത്, “ദൈവത്തോടുള്ള സമത്വം” (Equal with God) എന്ന് പറയാൻ, ഗ്രീക്കിൽ 𝗜𝘀𝗮 𝘁𝗵𝗲𝗼 എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്. അതിൽ, “ദൈവം” (God) എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന 𝗧𝗵𝗲𝗼 എന്ന പദം “ഉദ്ദേശിക വിഭക്തിയിൽ” (Dative Case) ഉള്ളതാണ്. പദത്തിൻ്റെ അർത്ഥം “ദൈവത്തോടു” (With God) എന്നാണ്. യോഹന്നാൻ്റെ സുവിശേഷത്തിൽ യെഹൂദന്മാർ യേശുവിൻ്റെമേൽ ആരോപിക്കുന്ന കുറ്റവും ഇതേ പ്രയോഗത്താലാണ് പറഞ്ഞിരിക്കുന്നത്. “അങ്ങനെ അവൻ ശബ്ബത്തിനെ ലംഘിച്ചതുകൊണ്ടു മാത്രമല്ല, ദൈവം സ്വന്തപിതാവു എന്നു പറഞ്ഞു തന്നെത്താൻ ദൈവത്തോടു സമമാക്കിയതുകൊണ്ടും യെഹൂദന്മാർ അവനെ കൊല്ലുവാൻ അധികമായി ശ്രമിച്ചു പോന്നു.” (യോഹ, 5:18). ഇവിടെ “ദൈവത്തോടു സമമാക്കി” (Equal with God) എന്ന് പറയാൻ 𝗜𝘀𝗼𝗻 𝗧𝗵𝗲𝗼 എന്ന പ്രയോഗമാണ്. ഫിലിപ്പിയരിൽ “സമത്വം” എന്ന പദം നിർദ്ദേശിക വിഭക്തിയും (Nominative Case), യോഹന്നാനിൽ പ്രതിഗ്രാഹിക വിഭക്തിയിലും (Accusative Case) ആണ് ഉപയോഗിച്ചിരിക്കുന്നത്. വിഭക്തിയിലുള്ള വ്യത്യാസം മാത്രമേയുള്ളൂ; രണ്ടിടത്തും ഒരേ അർത്ഥമാണുള്ളത്. എന്നാൽ ഫിലിപ്പിയരിൽ ആത്മീയമായിട്ടും യോഹന്നാനിൽ കുറ്റാരോപണമായിട്ടുമാണ് ഉപയോഗിച്ചിരിക്കുന്നത്. അതായത്, അവൻ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായതുകൊണ്ടാണ് “ദൈവരൂപത്തിലിരിക്കെ ദൈവത്തോടുള്ള സമത്വം മുറുകെപ്പിടിക്കാതെ മനുഷ്യനായി” എന്ന് ആത്മീയമായി പറയുന്നത്.
☛ “ദൈവത്തോടുള്ള സമത്വം” (Equal with God) എന്ന പ്രയോഗം യഥാർത്ഥത്തിലല്ല; ആത്മീയമാണ് എന്നതിന് അനേകം തെളിവുകളുണ്ട്. അതിൽ കുലുങ്ങാതെ എന്നേക്കും നിൽക്കുന്ന സീയോൻ പർവ്വതംപോലത്തെ ചില തെളിവുതരാം:
𝟭. ദൈവം ഒരുത്തൻ മാത്രമാണ്:
➦ പഴയനിയമത്തിൽ ദൈവം ഏകനാണെന്ന് 𝟭𝟬𝟬 വാക്യങ്ങളിലാണ് പറഞ്ഞിരിക്കുന്നത്. അതിൽ “ഒരേയൊരു, മാത്രം, ഒരുത്തൻ മാത്രം” (alone, only) എന്ന അർത്ഥത്തിൽ 𝗔𝗸, 𝗥𝗮𝗾, 𝗕𝗮𝗱, 𝗕𝗮𝗱𝗮𝗱 എന്നീ എബ്രായ പദങ്ങൾ 𝟯𝟯 പ്രാവശ്യം ദൈവത്തിന് ഉപയോഗിച്ചിട്ടുണ്ട്. ⟦ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന സെപ്റ്റ്വജിൻ്റ് ഗ്രീക്കിൽ (LXX) തൽസ്ഥാനത്ത് 23 വാക്യങ്ങളിൽ 𝗠𝗼𝗻𝗼𝘀 ആണ് കാണുന്നത്⟧. ഉദാ: (2രാജാ, 19:15; 2രാജാ, 19:19; നെഹെ, 9:6; ഇയ്യോ, 9:8; സങ്കീ, 83:18; സങ്കീ, 86:10; യെശ, 37:16; യെശ, 37:20; യെശ, 44:24). പുതിയനിയമത്തിൽ ദൈവം ഏകനാണെന്ന് പറഞ്ഞിരിക്കുന്നത് 𝟮𝟴 പ്രാവശ്യമാണ്. അതിൽ “ഒരേയൊരു, മാത്രം” (only) എന്ന അർത്ഥത്തിൽ 𝗠𝗼𝗻𝗼𝘀 എന്ന പദം 𝟭𝟮 പ്രാവശ്യം കാണാം. ഉദാ: (ലൂക്കൊ, 5:21; യോഹ, 5:44; യോഹ, 17:3; റോമ, 16:26; 1തിമൊ, 1:17; യൂദാ, 1:24). എബ്രായയിലെ 𝗔𝗸, 𝗥𝗮𝗾, 𝗕𝗮𝗱, 𝗕𝗮𝗱𝗮𝗱 എന്നീ പദങ്ങളും ഗ്രീക്കിലെ 𝗠𝗼𝗻𝗼𝘀 എന്ന പദവും ഇംഗ്ലീഷിലെ 𝗔𝗹𝗼𝗻𝗲, 𝗢𝗻𝗹𝘆 എന്നീ പദങ്ങളും മലയാളത്തിലെ ഒരേയൊരു, തനിയെ, മാത്രം എന്ന പദങ്ങളും മറ്റാരെയും ഉൾപ്പെടുത്താത്ത (Exclusive) പദങ്ങളാണ്. അതായത്, ദൈവം ഒരുത്തൻ മാത്രമാണന്ന് (alone, only) എബ്രായഗ്രീക്ക് പഴയപുതിയനിയമങ്ങളിൽ 𝟰𝟱 പ്രാവശ്യം ഖണ്ഡിതമായി പറഞ്ഞിട്ടുണ്ട്. പിന്നെങ്ങനെയാണ് ക്രിസ്തുവിന് ദൈവത്തോട് സമത്വമുണ്ടാകുന്നത്?
𝟮. ദൈവത്തിന് സമനായും സദൃശനായും ആരുമില്ല:
➦ എനിക്ക് സമനായും സദൃശനായും ആരുമില്ലെന്ന് യഹോവയായ ഏകദൈവവും ദൈവത്തോട് സമനായും സദൃശനായും ഒരുത്തനുമില്ലെന്ന് പഴയനിയമത്തിലെ മശീഹമാരും ഭക്തന്മാരും ആവർത്തിച്ച് പറയുന്നു:
❶ “നിങ്ങൾ എന്നെ ആരോടു സദൃശമാക്കും? ഞാൻ ആരോടു തുല്യനാകും എന്നു പരിശുദ്ധനായവൻ അരുളിച്ചെയ്യുന്നു.” (യെശ, 40:25).
❷ “നിങ്ങൾ എന്നെ ആരോടു ഉപമിച്ചു സദൃശമാക്കും?❞ തമ്മിൽ ഒത്തുവരത്തക്കവണ്ണം എന്നെ ആരോടു തുല്യമാക്കും?” (യെശ, 46:5)
❸ “എനിക്കു സമനായവൻ ആർ? എനിക്കു നേരം കുറിക്കുന്നവൻ ആർ? എന്റെ മുമ്പാകെ നിൽക്കാകുന്ന ഇടയൻ ആർ?” (യിരെ, 49:19; 50:44)
❹ “ഞങ്ങളുടെ ദൈവമായ യഹോവയെപ്പോലെ ആരുമില്ല.” (പുറ, 8:10;
❺ “യഹോവയെപ്പോലെ പരിശുദ്ധൻ ഇല്ല; നീ അല്ലാതെ ഒരുത്തനുമില്ലല്ലോ; നമ്മുടെ ദൈവത്തെപ്പോലെ ഒരു പാറയും ഇല്ല.” (1ശമൂ, 2:2)
❻ “യെശൂരൂന്റെ (യിസ്രായേൽ) ദൈവത്തെപ്പോലെ ഒരുത്തനുമില്ല.” (ആവ, 33:26)
❼ “കർത്താവായ യഹോവേ, നീ വലിയവൻ ആകുന്നു; നിന്നെപ്പോലെ ഒരുത്തനുമില്ല; ഞങ്ങൾ സ്വന്തചെവികൊണ്ടു കേട്ടതൊക്കെയും ഓർത്താൽ നീ അല്ലാതെ ഒരു ദൈവവും ഇല്ല.” (2ശമൂ, 7:22)
❽ “യഹോവേ, നിനക്കു തുല്യൻ ആർ?❞ (സങ്കീ, 35:10)
❾ ദൈവമായ യഹോവേ, …..നിന്നോടു സദൃശൻ ആരുമില്ല.” (സങ്കീ, 40:5; 89:6,8)
❿ “ദൈവമേ, നിന്റെ നീതിയും അത്യുന്നതമായിരിക്കുന്നു; മഹാകാര്യങ്ങളെ പ്രവർത്തിച്ചിട്ടുള്ള ദൈവമേ, നിന്നോടു തുല്യൻ ആരുള്ളു?” (സങ്കീ, 71:19)
⓫ “സ്വർഗ്ഗത്തിൽ യഹോവയോടു സദൃശനായവൻ ആർ? ദേവപുത്രന്മാരിൽ യഹോവെക്കു തുല്യനായവൻ ആർ?” (സങ്കീ, 89:6)
⓬ “സൈന്യങ്ങളുടെ ദൈവമായ യഹോവേ, നിന്നെപ്പോലെ ബലവാൻ ആരുള്ളു?” (സങ്കീ, 89:8)
⓭ “ഉന്നതത്തിൽ അധിവസിക്കുന്നവനായി നമ്മുടെ ദൈവമായ യഹോവെക്കു സദൃശൻ ആരുള്ളു?” (സങ്കീ, 113:5)
⓮ “യഹോവേ, നിന്നോടു തുല്യനായവൻ ആരുമില്ല; നീ വലിയവനും നിന്റെ നാമം ബലത്തിൽ വലിയതും ആകുന്നു.” (യിരെ, 10:6)
⓯ “അകൃത്യം ക്ഷമിക്കയും തന്റെ അവകാശത്തിൽ ശേഷിപ്പുള്ളവരോടു അതിക്രമം മോചിക്കയും ചെയ്യുന്ന നിന്നോടു സമനായ ദൈവം ആരുള്ളു?” (മീഖാ, 7:18). ദൈവത്തിന് സമനായും സദൃശനായും ആരുമില്ലെന്ന് വചനം ആവർത്തിച്ചു പറയുമ്പോൾ, “ദൈവത്തോടുള്ള സമത്വം” എന്ന പൗലൊസിൻ്റെ പ്രയോഗം അക്ഷരാർത്ഥത്തിലല്ല; ആത്മീയമാണെന്ന് മനസ്സിലാക്കാമല്ലോ?
𝟯. എല്ലാറ്റിലും മുഖ്യകല്പന:
➦ “എല്ലാറ്റിലും മുഖ്യകല്പനയോ: യിസ്രായേലേ, കേൾക്ക; നമ്മുടെ ദൈവമായ കർത്താവു ഏക കർത്താവു.” (മർക്കൊ, 12:29). ➟“യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകൻ തന്നേ” (The Lord our God is one Lord) എന്നാണ് ക്രിസ്തു മുഖ്യകല്പനയായി പഠിപ്പിച്ചത്: (ആവ, 6-4). അല്ലാതെ, ഞാൻ ദൈവമാണെന്നോ, ഞങ്ങൾ ദൈവമാണെന്നോ അല്ല പഠിപ്പിച്ചത്. ക്രിസ്തുവിൻ്റെ വാക്കുകേട്ട ശാസ്ത്രി പറഞ്ഞത്: “ഗുരോ, നീ പറഞ്ഞതു സത്യം തന്നേ; ഏകനേയുള്ളൂ; അവനല്ലാതെ മറ്റൊരുത്തനുമില്ല” (Master, thou hast said the truth: for there is one God, and there is none other but he) എന്നാണ്: (മർക്കൊ, 12:32). ശാസ്ത്രിയുടെ വാക്കുകൾ ശ്രദ്ധിക്കുക: “ദൈവം (പിതാവ്) ഏകനേയുള്ളൂ” (there is one God) എന്ന് പറഞ്ഞശേഷം, “അവൻ അല്ലാതെ മറ്റൊരുത്തനുമില്ല” (there is none other but he) അഥവാ, യഹോവയല്ലാതെ മറ്റൊരുത്തനുമില്ലെന്ന് “അവൻ” (he) എന്ന പ്രഥമപുരുഷ (3rd Person) ഏകവചന സർവ്വനാമത്തിൽ ഖണ്ഡിതമായാണ് പറയുന്നത്. അതുകേട്ട യേശുവിൻ്റെ മറുപടി അതിലും ശ്രദ്ധേയമാണ്: “നീ ദൈവരാജ്യത്തോടു അകന്നവനല്ല.” (മർക്കൊ, 12:34). പിതാവായ യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്ന് മുഖ്യകല്പനയായി യേശു പഠിപ്പിച്ചിരിക്കെ, യേശുവിന് എങ്ങനെ ദൈവത്തോട് സമത്വമുണ്ടാകും? [കാണുക: എല്ലാറ്റിലും മുഖ്യകല്പന]
𝟰. ഒരേയൊരു ദൈവം:
➦ പിതാവാണ്, “ഏകദൈവം – The only God” (Joh, 5:44), “പിതാവാണ് ഏകസത്യദൈവം – Father, the only true God” (Joh, 17:3), “ദൈവമായ കർത്താവിനെ (യഹോവ) മാത്രം (only) ആരാധിക്കണം” (മത്താ, 4:10;ലൂക്കൊ, 4:8), “എൻ്റെ പിതാവ് മാത്രമാണ് (only) സകലവും അറിയുന്നതു” (മത്താ, 24:36) എന്നൊക്കെയാണ് ക്രിസ്തു പഠിപ്പിച്ചത്. മേല്പറഞ്ഞ അഞ്ച് (4+1) വാക്യങ്ങളിലും “ഒരേയൊരു, മാത്രം” (only) എന്നൊക്കെ അർത്ഥമുള്ള 𝗠𝗼𝗻𝗼𝘀 എന്ന ഗ്രീക്കുപദമാണ് ഉപയോഗിച്ചിരിക്കുന്നത്. പഴയനിയമത്തിൽ 𝗔𝗹𝗼𝗻𝗲. 𝗢𝗻𝗹𝘆 എന്നർത്ഥത്തിൽ ഉപയോഗിച്ചിരിരിക്കുന്ന 𝗔𝗸, 𝗥𝗮𝗾, 𝗕𝗮𝗱, 𝗕𝗮𝗱𝗮𝗱 എന്ന പദത്തിന് തുല്യമായ പദമാണ് ഗ്രീക്കിലെ 𝗠𝗼𝗻𝗼𝘀. “ഏകദൈവം” (The only God) എന്ന് പ്രഥമപുരുഷനിൽ (3rd Person) ക്രിസ്തു പഠിപ്പിച്ചത് പിതാവിനെക്കുറിച്ചാണ്. 𝗠𝗼𝗻𝗼𝘀 𝗧𝗵𝗲𝗼𝘀-ൻ്റെ അർത്ഥം: “ഒരു ദൈവം” എന്നല്ല; “രേയൊരു ദൈവം/ഒരുത്തൻ മാത്രം ദൈവം” (The only God) എന്നാണ്. ദൈവം ഒരുത്തൻ മാത്രമാണെന്ന് 𝗠𝗼𝗻𝗼𝘀 കൊണ്ട് ഖണ്ഡിതമായി പുത്രൻ പഠിപ്പിച്ചാൽ, ദൈവം ത്രിത്വമല്ലെന്നാണ് അർത്ഥം. അടുത്തത്, 𝗣𝗮𝘁𝗲𝗿 𝗵𝗼 𝗺𝗼𝗻𝗼𝘀 𝗮𝗹𝗲𝘁𝗵𝗶𝗻𝗼𝘀 𝗧𝗵𝗲𝗼𝘀 എന്നുപറഞ്ഞാൽ, “പിതാവ് സത്യദൈവം” ആണെന്നല്ല; “പിതാവ് മാത്രമാണ് സത്യദൈവം” (Father, the only true God) എന്നാണ്. “പിതാവ് മാത്രമാണ് (only) സത്യദൈവം” എന്ന് 𝗠𝗼𝗻𝗼𝘀 കൊണ്ട് വായിൽ വഞ്ചനയില്ലാത്ത പുത്രൻ പഠിപ്പിച്ചാൽ, പിതാവല്ലാതെ, പുത്രനും സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള മറ്റരുത്തനും സത്യദൈവം അല്ലെന്നാണർത്ഥം. “പിതാവിനെ മാത്രം (only) ആരാധിക്കണം” എന്ന് 𝗠𝗼𝗻𝗼𝘀 കൊണ്ട് പുത്രൻ പഠിപ്പിച്ചാൽ, പിതാവല്ലാതെ താനും മറ്റൊരുത്തനും ആരാധനയ്ക്ക് യോഗ്യനല്ലെന്നാണർത്ഥം. “എൻ്റെ പിതാവ് മാത്രമാണ് (only) സകലവും അറിയുന്നതു” എന്ന് 𝗠𝗼𝗻𝗼𝘀 കൊണ്ട് പുത്രൻ പഠിപ്പിച്ചാൽ, പിതാവല്ലാതെ താനും മറ്റൊരുത്തനും സർവ്വജ്ഞാനി അല്ലെന്നാണർത്ഥം. പിതാവ് മാത്രം ദൈവം, അവൻ മാത്രം സത്യദൈവം, അവനെ മാത്രം ആരാധിക്കണം, അവൻ മാത്രമാണ് സകലവും അറിയുന്നത് എന്നൊക്കെ 𝗠𝗼𝗻𝗼𝘀 കൊണ്ട് യേശു ഖണ്ഡിതമായി പഠിപ്പിച്ചിരിക്കെ, യേശു എങ്ങനെ ദൈവത്തോട് സമത്വമുള്ളവനാകും?
𝟱. പിതാവ് എന്നെക്കാൾ വലിയവൻ:
➦ പിതാവ് എന്നെക്കാളും എല്ലാരെക്കാളും വലിയവനാണെന്നും തനിക്ക് സ്വതേ ഒന്നും ചെയ്യാൻ കഴിയില്ലെന്നുമാണ് യേശു പഠിപ്പിച്ചത്:
❶ “പിതാവു എന്നെക്കാൾ വലിയവനല്ലോ.” (യോഹ, 14:28).
❷ “എന്റെ പിതാവു എല്ലാവരിലും വലിയവൻ; പിതാവിന്റെ കയ്യിൽ നിന്നു പിടിച്ചുപറിപ്പാൻ ആർക്കും കഴികയില്ല.” (യോഹ, 10:29)
❸ “പിതാവു ചെയ്തു കാണുന്നതു അല്ലാതെ പുത്രന്നു സ്വതേ ഒന്നും ചെയ്‍വാൻ കഴികയില്ല.” (യോഹ, 5:19)
❹ ”എനിക്കു സ്വതേ ഒന്നും ചെയ്‍വാൻ കഴിയുന്നതല്ല; ഞാൻ കേൾക്കുന്നതുപോലെ ന്യായം വിധിക്കുന്നു; ഞാൻ എന്റെ ഇഷ്ടം അല്ല, എന്നെ അയച്ചവന്റെ ഇഷ്ടമത്രേ ചെയ്‍വാൻ ഇച്ഛിക്കുന്നതു.” (യോഹ, 5:30)
❺ “പിതാവു എനിക്കു ഉപദേശിച്ചുതന്നതു പോലെ ഇതു സംസാരിക്കുന്നു.” (യോഹ, 8:28)
❻ “ഞാൻ ഇന്നതു സംസാരിക്കേണം എന്നും കല്പന തന്നിരിക്കുന്നു.” (യോഹ, 12:49)
❼ “ഞാൻ സംസാരിക്കുന്നതു പിതാവു എന്നോടു അരുളിച്ചെയ്തതുപോലെ തന്നേ സംസാരിക്കുന്നു.” (യോഹ, 12:50)
❽ “ഞാൻ എന്റെ പിതാവിന്റെ കല്പനകൾ പ്രമാണിച്ചു അവന്റെ സ്നേഹത്തിൽ വസിക്കുന്നതുപോലെ നിങ്ങൾ എന്റെ കല്പനകൾ പ്രമാണിച്ചാൽ എന്റെ സ്നേഹത്തിൽ വസിക്കും.” (യോഹ, 15:10)
❾ “സത്യത്തിന്നു സാക്ഷിനിൽക്കേണ്ടതിന്നു ഞാൻ ജനിച്ചു അതിന്നായി ലോകത്തിൽ വന്നുമിരിക്കുന്നു; സത്യതല്പരനായവൻ എല്ലാം എന്റെ വാക്കുകേൾക്കുന്നു എന്നു ഉത്തരം പറഞ്ഞു.” (യോഹ, 18:37)
❿ “ആ നാളും നാഴികയും സംബന്ധിച്ചോ എന്റെ പിതാവു മാത്രമല്ലാതെ ആരും സ്വർഗ്ഗത്തിലെ ദൂതന്മാരും പുത്രനും കൂടെ അറിയുന്നില്ല.” (മത്താ 24:36)
⓫ “എന്നെ നല്ലവൻ എന്നു പറയുന്നതു എന്തു? ദൈവം ഒരുവൻ അല്ലാതെ നല്ലവൻ ആരുമില്ല.” (മർക്കൊ, 10:18)
⓬ “പിന്നെ അവൻ അല്പം മുമ്പോട്ടുചെന്നു കവിണ്ണുവീണു: “പിതാവേ, കഴിയും എങ്കിൽ ഈ പാനപാത്രം എങ്കൽ നിന്നു നീങ്ങിപ്പോകേണമേ; എങ്കിലും ഞാൻ ഇച്ഛിക്കുംപോലെ അല്ല, നീ ഇച്ഛിക്കുംപോലെ ആകട്ടെ” എന്നു പ്രാർത്ഥിച്ചു.” (മത്താ, 26:39). തനിക്ക് ദൈവത്തോട് സമത്വമുള്ളകാര്യം യേശുവിനുപോലും അറിയില്ലായിരുന്നു. യേശുവിൻ്റെ വാക്കുകളെ തള്ളിക്കൊണ്ട് അവനെ ദൈവത്തോട് സമത്വമുള്ളവൻ ആക്കാൻ പറ്റുമോ?
𝟲. എൻ്റെ ദൈവവും നിങ്ങളുടെ ദൈവവും:
➦ ക്രൂശിൽ കിടന്നുകൊണ്ട് യേശു തൻ്റെ ദൈവത്തെ വിളിച്ച് ഉറക്കെ നിലവിളിക്കുന്നതായി കാണാം: “ഏകദേശം ഒമ്പതാംമണി നേരത്തു യേശു: “ഏലീ, ഏലീ, ലമ്മാ ശബക്താനി” എന്നു ഉറക്കെ നിലവിളിച്ചു; എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതു എന്തു” എന്നർത്ഥം.” (മത്താ, 27:46; സങ്കീ, 22:1 – മർക്കൊ, 15:33). ഒരു ദൈവം മറ്റൊരു ദൈവത്തോടല്ല; യേശു എന്ന് പേരുള്ള മനുഷ്യൻ തൻ്റെ ദൈവവും പിതാവും ആയവവനെ വിളിച്ചാണ് നിലവിളിച്ചത്: (യോഹ, 9:11; ലൂക്കൊ, 23:46). ഉയിർന്നെഴുന്നേറ്റ യേശു മഗ്ദലക്കാരത്തി മറിയയോട് പറഞ്ഞതും ശ്രദ്ധിക്കുക: “എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു എന്നു അവരോടു പറക എന്നു പറഞ്ഞു.” (യോഹ, 20:17). ഈ വേദഭാഗം ശ്രദ്ധിക്കുക, എന്റെ പിതാവും ദൈവവും നിങ്ങളുടെ പിതാവും ദൈവവും ഒരുവനാണെന്നാണ് യേശു പഠിപ്പിച്ചത്. അതായത്, യേശു ആരുടെയും ദൈവമല്ല; യേശുവിൻ്റെയും നമ്മുടെയും ദൈവം പിതാവായ യഹോവ ഒരുത്തൻ മാത്രമാണ്. പിന്നെങ്ങനെയാണ് യേശുവിന് ദൈവത്തോട് സമത്വമുണ്ടാകുന്നത്?
𝟳. സ്വർഗ്ഗത്തിലും ഭൂമിയിലും പിതാവായ യഹോവ മാത്രം ദൈവം:
➦ പിതാവായ യഹോവയല്ലാതെ മറ്റൊരു ദൈവം സ്വർഗ്ഗത്തിലും ഭൂമിയിലും ഇല്ലെന്നാണ് പഴയപുതിയനിയമങ്ങൾ അസന്ദിഗ്ദ്ധമായി പറയുന്നത്: “മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39 – ആവ, 3:24;യോശു, 2:11;1രാജാ, 8:23;2ദിന, 6:14;സങ്കീ, 73:25). “ആകാശത്തിലോ (Heaven) ഭൂമിയിലോ ദേവന്മാർ (gods) എന്നു പേരുള്ളവർ (വിളിക്കപ്പെടുന്നവർ) ഉണ്ടെന്നുവരികിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു.” (1കൊരി, 8:5-6 – റോമ, 16:26, എഫെ, 4:6; 1തിമൊ, 1:17; യൂദാ, 1:24). ക്രിസ്തുവും അക്കാര്യം അസന്ദിഗ്ദ്ധമായി പഠിപ്പിച്ചിട്ടുണ്ട്. (മർക്കൊ, 12:29; യോഹ, 5:44; യോഹ, 17:3;). സ്വർഗ്ഗത്തിലെയും ഭൂമിയിലെയും ഒരേയൊരു ദൈവം പിതാവാണെങ്കിൽ, ക്രിസ്തുവിന് ദൈവത്തോടു സമത്വമില്ലെന്ന് വ്യക്തമാണല്ലോ?
𝟴. യേശുക്രിസ്തുവിൻ്റെ ദൈവം:
☛ യേശുക്രിസ്തുവിൻ്റെ ദൈവത്തെ അപ്പൊസ്തലന്മാർ വാഴ്ത്തുന്നതും സ്തുതിക്കുന്നതും സ്തോത്രം ചെയ്യുന്നതുമായ ഏഴുവാക്യം ബൈബിളിലുണ്ട്. യേശുവിൻ്റെ ദൈവത്തെക്കുറിച്ച് യോഹന്നാനും പഠിപ്പിച്ചിട്ടുണ്ട്. “നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായി എന്നേക്കും വാഴ്ത്തപ്പെട്ടവൻ ഞാൻ ഭോഷ്കല്ല പറയുന്നതു എന്നറിയുന്നു.” (2കൊരി, 11:31; എഫെ, 1:3; എഫെ, 1:17 – റോമ, 15:5; 2കൊരി, 1:3; കൊലൊ, 1:5; 1പത്രൊ, 1:3; വെളി, 1:6). [സംശയമുള്ള വാക്യങ്ങൾ മൂലഭാഷയിലോ, ഇംഗ്ലീഷിൽലോ നോക്കുക]. പിതാവായ ഏകദൈവമേ നമുക്കുള്ളെന്നും (1കൊരി, 8:6; എഫെ, 4:6) യേശുക്രിസ്തു മനുഷ്യനാണെന്നുമാണ് അപ്പൊസ്തലന്മാർ പഠിപ്പിച്ചത്: (റോമ, 5:15; പ്രവൃ, 2:23; 1കൊരി, 15:21; 15:47; 1തിമൊ, 2:6). അപ്പൊസ്തലന്മാരുടെ ദൈവം ദൈവപുത്രനായ യേശുക്രിസ്തുവല്ല; യേശുക്രിസ്തുവിൻ്റെ ദൈവമാണ്. യേശുക്രിസ്തു യഥാർത്ഥത്തിൽ ദൈവത്തോടു സമനാണെങ്കിൽ, യേശുക്രിസ്തുവിന് ഒരു ദൈവമുണ്ടാകുമോ? അതിനാൽ ദൈവത്തോട് സമത്വം മുറുകെപ്പിടിച്ചില്ല എന്നത് ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ യേശുവിൻ്റെ താഴ്മയുടെ മനോഭാവത്തെ കുറിക്കുന്ന ആത്മീയ പ്രയോഗമാണെന്ന് മനസ്സിലാക്കാം.
❷ ദാസരൂപം എടുത്തു:
☛ ദൈവം ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവനാണ്: (യാക്കോ, 1:17). അഥവാ, അവൻ സാഹചര്യങ്ങൾക്കനുസരിച്ച് അവസ്ഥാഭേദം വരുന്ന അസ്ഥിരനായ ദൈവമല്ല; മാറാത്തവനാണ്: (മലാ, 3:6). അതിനാൽ, തൻ്റെ സ്ഥായിയായ സ്വരൂപം ത്യജിച്ചുകൊണ്ട് നേരിട്ട് മറ്റൊരു രൂപം എടുക്കാൻ ദൈവത്തിന് കഴിയില്ല. ഇനി ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ യേശു എന്ന് പേരുള്ള മനുഷ്യനെക്കുറിച്ചാണെങ്കിൽ (യോഹ, 9:11), അവൻ ദൈവത്തിൻ്റെ ദാസൻ (സേവകൻ) ആണ്. എന്നാൽ വ്യത്യാസം എന്താണെന്ന് ചോദിച്ചാൽ: ഫിലിപ്പിയരിൽ “ദാസനെ” (Servant) കുറിക്കുന്ന പദം 𝗱𝗼𝘂𝗹𝗼𝘀 ആണ്. ഇതിൻ്റെ ശരിയായ അർത്ഥം “അടിമ” (Slave) എന്നാണ്. എന്നാൽ യേശു ദൈവത്തിൻ്റെ അടിമയല്ല; “ദാസൻ/സേവകൻ” (Servant) ആണ്. “സേവകനെ” കുറിക്കുന്ന പദം ഗ്രീക്കിൽ 𝗣𝗮𝗶𝘀 ആണ്. ഇതിന് “ബാലൻ, സേവകൻ” (Child/Boy, Servant) എന്ന രണ്ടർത്ഥമുണ്ട്. ഈ പദം യേശുവിനെ “ബാലൻ” എന്ന് ഒരു പ്രാവശ്യവും, “ദാസൻ” എന്ന് അഞ്ചു പ്രാവശ്യം വിശേഷിപ്പിച്ചിട്ടുണ്ട്: (ലൂക്കൊ, 2:43 – (മത്താ, 12:17; പ്രവൃ, 3:13; 3:26; 4:27;4:30). യെശയ്യാപ്രവചനത്തിൻ്റ 𝗟𝗫𝗫-ൽ യേശുവിനെ “എൻ്റെ ദാസൻ” എന്ന് പറയാൻ 𝗣𝗮𝗶𝘀 എന്ന പദമാണ്. അതാണ് പുതിയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്നത്: (യെശ, 52:13). യേശു ദൈവത്തിൻ്റെ സേവകനാണ്; അടിമയല്ല. അടിമരൂപം എടുത്തു എന്നത് അവൻ്റെ താഴ്മയുടെ മനോഭാവത്തെ കുറിക്കുന്ന ഒരു ആത്മീയ പ്രയോഗമാണ്.
❸ മനുഷ്യസാദൃശ്യത്തിലായി:
☛ സ്വർഗ്ഗസിംഹാസനത്തിൽ നിത്യമായി പ്രത്യക്ഷനായിരിക്കുന്ന ക്രിസ്തുവിൻ്റെ ദൈവവും പിതാവുമായവന് മനുഷ്യസാദൃശ്യം ഉണ്ടെന്നുള്ളത് സത്യമാണ്: (മത്താ, 18:11 – യെഹെ, 1:26). അത് അദ്യശ്യനായ ദൈവത്തിൻ്റെ പ്രത്യക്ഷതയാണ്. എന്നാൽ ക്രിസ്തുവിന് മനുഷ്യസാദൃശ്യമല്ല; അവൻ ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) പൂർണ്ണമനുഷ്യനാണ്: (റോമ, 5:15). ദൈവം മനുഷ്യനല്ല: “ഞാൻ മനുഷ്യനല്ല ദൈവം അത്രേ” എന്നാണ് യഹോവ പറയുന്നത്: (ഹോശേ, 11:9 – ഇയോ, 9:32). എന്നാൽ പിതാവ് മാത്രമാണ് സത്യദൈവം (Fathe, the only true God) താൻ മനുഷ്യനാണെന്നുമാണ് (Man) ക്രിസ്തു പഠിപ്പിച്ചത്: (Joh 17:3 – യോഹ, 8:40). യേശു പാപജഡത്തിൻ്റെ സാദൃശ്യമുള്ള (റോമ, 8:3), പാപരഹിതനായ പുർണ്ണമനുഷ്യനാണ്. അവൻ പാപജഡത്തിൻ്റെ സാദൃശ്യത്തിൽ ജനിച്ചതുകൊണ്ടാണ്, “മനുഷ്യസാദൃശ്യത്തിലായി” എന്ന് ആത്മീയമായി പറയുന്നത്..
❹ തന്നെത്താൻ ഒഴിച്ചു:
☛ ഗതിഭേദത്താൽ ആഛാദനം ഇല്ലാത്ത ദൈവത്തിന് തൻ്റെ സ്വഭാവമോ, സ്വരൂപമോ (പ്രകൃതി) യാതൊന്നും ത്യജിച്ചിട്ട് മനുഷ്യനോ, മറ്റൊന്നോ ആയിത്തീരാൻ കഴിയില്ല: (യാക്കോ, 1:17). ഒറ്റവാക്കിൽ പറഞ്ഞാൽ: സത്യേകദൈവത്തിന് അവതാരം (Incarnation) സാദ്ധ്യമല്ല. മനുഷ്യനായ ക്രിസ്തുവിനുപോലും തന്നെത്താൻ ത്യജിക്കാൻ കഴിയില്ല (2തിമൊ, 2:13). “ദൈവം” (സത്യദൈവം) എന്നത് അഴിച്ചുവെക്കാവുന്നതും എടുത്തണിയാവുന്നതുമായ ഒരു വേഷമല്ല: സ്രഷ്ടാവും പിതാവുമായവൻ്റെ പ്രകൃതിയാണ്. അതിനാൽ, “തന്നെത്താൻ ഒഴിച്ചു” എന്നത് യഥാർത്ഥത്തിലല്ല; അവൻ്റെ താഴ്മയെ വർണ്ണിക്കുന്ന ആത്മീയ പ്രയോഗമാണെന്ന് സംശയലേശമെന്യേ മനസ്സിലാക്കാം.
❺ വേഷത്തിൽ മനുഷ്യനായി:
☛ ദൈവം യഥാർത്ഥത്തിൽ വേഷത്തിൽ മനുഷ്യനായി എന്നാണ് ചിലർ വിചാരിക്കുന്നത്. “വേഷത്തിൽ മനുഷ്യനായി” എന്നതിനെ അക്ഷരാർത്ഥത്തിൽ മനസ്സിലാക്കണമെങ്കിൽ, “ദൈവം” (God) എന്നതും “മനുഷ്യൻ” (Man) എന്നതും ധരിച്ചിരിക്കുന്ന വേഷം ആയിരിക്കണം. സ്രഷ്ടാവയവൻ ധരിച്ചിരിക്കുന്ന വേഷമാണ് “ദൈവം” എന്നതെങ്കിൽ, ആ വേഷം ഊരിവെച്ചിട്ട് “മനുഷ്യൻ” എന്ന വേഷം ധരിച്ചു എന്ന് പറയാം. എന്നാൽ സ്രഷ്ടാവായ ഏകനെ സംബന്ധിച്ച് “ദൈവം” എന്നതും, സൃഷ്ടികളായ നമ്മെ സംബന്ധിച്ച് “മനുഷ്യൻ” എന്നതും വേഷമല്ല; പ്രകൃതി (Nature) ആണ്. അതിനാൽ ഗതിഭേദത്താൽ ആഛാദനമില്ലാത്ത ദൈവത്തിന് യഥാർത്ഥത്തിൽ മനുഷ്യനായി വേഷംമാറാൻ കഴിയില്ല. “ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം” എന്നാണ് ക്രിസ്തുവിനെക്കുറിച്ച് പറയുന്നത്: (മർക്കൊ, 15:39). “ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു” എന്നാണ് ക്രിസ്തു പറഞ്ഞത്: (യോഹ, 8:40). ക്രിസ്തു മനുഷ്യനാണെന്ന് അമ്പതുപ്രാവശ്യം പറഞ്ഞിട്ടുണ്ട്. ക്രിസ്തു വേഷത്തിൽ മാത്രമാണ് മനുഷ്യനെങ്കിൽ, താൻ മനുഷ്യനാണെന്ന് ക്രിസ്തുവും അവൻ മനുഷ്യനാണെന്ന് വചനവും സത്യംചെയ്ത് പറയുമായിരുന്നില്ല. അപ്പോൾ, വേഷത്തിൽ മനുഷ്യനായി എന്നതും ക്രിസ്തുവിൻ്റെ താഴ്മയുടെ ഭാവത്തെ കുറിക്കുന്ന ആത്മീയ പ്രയോഗമാണെന്ന് അസന്ദിഗ്ധമായി മനസ്സിലാക്കാം. ➟[കാണുക: മനുഷ്യനായ ക്രിസ്തുയേശു]
☛ എന്നാൽ ദൈവം നേരിട്ട് മനുഷ്യസാദൃശ്യത്തിൽ വന്നതോ, വേഷത്തിൽ മനുഷ്യനായി വന്നതോ ആണ് യേശുവെന്ന് വൺനെസ്സുകാർ വിശ്വസിക്കുന്നു. പിതാവായ ദൈവം നേരിട്ട് മനുഷ്യസാദൃശ്യത്തിൽ വന്നതോ, വേഷത്തിൽ മനുഷ്യനായി വന്നതോ ആണെങ്കിൽ, സുവിശേഷ ചരിത്രകാലത്ത് ദൈവവും യേശുവും വിഭിന്നരായിരിക്കുന്നത് എങ്ങനെയാണ്? ദൈവവും ക്രിസ്തുവും വിഭിന്നരാണെന്ന് അഞ്ചൂറോളം വാക്യങ്ങളുണ്ട്. ദൈവപുത്രനായ യേശുതന്നെ അക്കാര്യം അസന്ദിഗ്ദ്ധമായി പറഞ്ഞിട്ടുണ്ട്: (മത്താ, 24:36; മത്താ, 26:39; ലൂക്കൊ, 23:46; യോഹ, 8:16; യോഹ, 8:19; യോഹ, 12:28; യോഹ, 14:6; യോഹ, 14:23; യോഹ, 16:32; യോഹ, 17:3; യോഹ, 17:11; യോഹ, 17:21; യോഹ, 17:23; യോഹ, 20:17). തന്നെയുമല്ല, യേശുവിൻ്റെ ശുശ്രൂഷാവേളയിൽ സ്വർഗ്ഗത്തിൽനിന്ന് പിതാവ് മൂന്നുപ്രാവശ്യം സംസാരിച്ചിട്ടുണ്ട്: (മത്താ, 3:17; മത്താ, 17:5; യോഹ, 12:25). അതിൽ ഒരുപ്രാവശ്യം പിതാവും പുത്രനും തമ്മിൽ സംസാരിക്കുന്നതാണ്. അഥവാ, യേശുവിൻ്റെ അപേക്ഷയ്ക്ക് ഉടനടി പ്രത്യുത്തരം നല്കുന്നതാണ്: “പിതാവേ, നിന്റെ നാമത്തെ മഹത്വപ്പെടുത്തേണമേ. അപ്പോൾ സ്വർഗ്ഗത്തിൽനിന്നു; ഞാൻ മഹത്വപ്പെടുത്തിയിരിക്കുന്നു; ഇനിയും മഹത്വപ്പെടുത്തും എന്നൊരു ശബ്ദം ഉണ്ടായി:” (യോഹ, 12:25). പിതാവും പുത്രനും തമ്മിൽ സംസാരിക്കുന്ന വ്യക്തമായ വേഭാഗമാണിത്. പിതാവ് വേഷംമാറി വന്നിട്ട് ആരോടാണ് സംസാരിക്കുന്നത്? ഏകാംഗനാടകത്തിൽ മാത്രമേ അങ്ങനെ കാണാൻ കഴിയുകയുള്ളു. ബൈബിളിനെ അങ്ങനെ കാണരുത്. സ്വർഗ്ഗത്തിൽനിന്നുള്ള ശബ്ദം പിതാവിൻ്റെയാണെന്ന് അപ്പൊസ്തലന്മാരിൽ പ്രഥമനും പ്രധാനിയുമായ പത്രൊസ് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്: (1പത്രൊ, 1:17-18). പിന്നെങ്ങനെ പിതാവ് വേഷംമാറി വന്നതാണ് യേശുവെന്ന് പറയാൻ കഴിയും?
☛ യേശു തൻ്റെ ദൈവത്തെ “പിതാവേ” എന്ന് സംബോധന ചെയ്തുകൊണ്ട് പ്രാർത്ഥിക്കുന്ന അനേകം വാക്യങ്ങളുണ്ട്: (യോഹ, 20:17 – മത്താ, 11:25; ലൂക്കൊ, 23:34; ലൂക്കൊ, 23:46; യോഹ, 11:41; യോഹ, 12:27; 12:28; 17:1; 17:5; 17:11; 17:21; 17:24; 17:25). ഒരേ കാര്യത്തിനുവേണ്ടി ക്രിസ്തു മൂന്നുപ്രാവശ്യം പിതാവിനോടു പ്രാർത്ഥിച്ചതായി കാണാം: (മത്താ, 26:39; 26:42; 26:44). പിതാവിനോട് നിലവിളിച്ചു പ്രാർത്ഥിക്കുന്ന സന്ദർഭങ്ങളുമുണ്ട്: “ക്രിസ്തു തന്റെ ഐഹിക ജീവകാലത്തു തന്നെ മരണത്തിൽനിന്നു രക്ഷിപ്പാൻ കഴിയുന്നവനോടു ഉറെച്ച നിലവിളിയോടും കണ്ണുനീരോടുംകൂടെ അപേക്ഷയും അഭയയാചനയും കഴിക്കയും ഭയഭക്തി നിമിത്തം ഉത്തരം ലഭിക്കയും ചെയ്തു.” (എബ്രാ, 5:7 – മർക്കൊ, 15:34). ഇതൊക്കെ നുണയാണെന്ന് പറയാൻ പറ്റുമോ? ദൈവം വേഷംമാറി വന്നാൽപ്പിന്നെ മറ്റൊരു ദൈവം സ്വർഗ്ഗത്തിൽ ഉണ്ടാകുന്നത് എങ്ങനെയാണ്? ഒരു ദൈവം മറ്റൊരു ദൈവത്തോടാണ് പ്രാർത്ഥിച്ചതെന്നോ, ഒരു ദൈവം വേഷംമാറി വന്നിട്ട് തന്നോടുതന്നെയാണ് പ്രാർത്ഥിച്ചതെന്നോ പറയാൻ പറ്റുമോ? ബൈബിളിൽ യാതൊരു വൈരുദ്ധ്യവുമില്ല; എന്നാൽ പലരുടെയും സ്വയവ്യാഖ്യാനം നിമിത്തം ബൈബിൾ വൈരുദ്ധ്യങ്ങൾ നിറഞ്ഞ ഗ്രന്ഥമാണെന്ന് ലോകം വിചാരിക്കുന്നു.
❻ തന്നെത്താൻ താഴ്ത്തി:
➦ ശാശ്വതവാനും മാറ്റമില്ലാത്തവനുമായ ദൈവത്തിന് തന്നെത്താൻ താഴ്ത്താൻ സാദ്ധ്യവുമല്ല; താൻ അത്യുന്നതനാകയാൽ, തന്നെത്താൻ ഉയർത്തേണ്ട ആവശ്യവുമില്ല: (സങ്കീ, 90:2; മലാ, 3:6; 2തിമൊ, 2:13 – പ്രവൃ, 7:48). എന്നാൽ ക്രിസ്തു പരിശുദ്ധാത്മാവിനാൽ കന്യകയിൽ ഉല്പാദിതമായ (മത്താ, 1:20; ലൂക്കൊ, 2:21; മത്താ, 1:18) ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനയിരുന്നു: (റോമ, 5:15). ദൈവം തന്നെത്താൻ താഴ്ത്തി മനുഷ്യനായതാണെങ്കിൽ, പരിശുദ്ധത്മാവ് അവനെ മറിയയിൽ ഉല്പാദിപ്പിക്കേണ്ട കാര്യമില്ല. ➟തന്മൂലം, തന്നെത്താൻ താഴ്ത്തി എന്നത് ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ യേശുവിൻ്റെ താഴ്മയുടെ മനോഭാവത്തെ വർണ്ണിക്കുന്ന ആത്മീയ പ്രയോഗമാണെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം. എന്നാൽ നമ്മുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ ചുമന്നുകൊണ്ട് യെഹൂദന്മാരാൽ ക്രൂശിൽ തറയ്ക്കപ്പെട്ട് മരിച്ച യേശുവിനെ, മൂന്നാംനാൾ ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ചിട്ടാണ് പ്രവചനംപോലെ, നമ്മുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവുമായി തൻ്റെ വലങ്കയ്യാൽ ഉയർത്തിയത്: (1പത്രൊ, 2:24; പ്രവൃ, 2:23-24; പ്രവൃ, 2:36; പ്രവൃ, 5:31). അപ്പോഴാണ്, ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്നവനായ യേശു എന്ന് പേരുള്ള മനുഷ്യൻ മഹത്വവും ബഹുമാനവും അണിഞ്ഞതും (യോഹ, 9:11; എബ്രാ, 2:9), ദൂതന്മാരെക്കാൾ ശ്രേഷ്ഠനായതും (എബ്രാ, 1:4), സ്വർഗ്ഗത്തെക്കാൾ ഉന്നതനും ആയിത്തീർന്നതും (എബ്രാ, 7:26), സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള സകല അധികാരം ലഭിച്ചതും: (മത്താ, 28:18).➟ [കാണുക: കർത്താവായ ക്രിസ്തു എന്ന രക്ഷിതാവ് ജനിച്ചിരിക്കുന്നു, മനുഷ്യനായ ക്രിസ്തുയേശു].
❼ ക്രൂശിലെമരണത്തോളം അനുസരണമുള്ളവനായി:
➦ “താൻ മാത്രം അമർത്യതയുള്ളവൻ” എന്നാണ് ദൈവത്തെക്കുറിച്ച് പൗലൊസ് പറയുന്നത്: (1തിമൊ, 6:16). എന്നാൽ ക്രിസ്തു നമ്മുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ വഹിച്ചുകൊണ്ട് മരിക്കയും ദൈവം മൂന്നാം ദിവസം അവനെ മരണത്തിൽനിന്ന് ഉയിർപ്പിക്കുകയും ചെയ്തതാണ്: “ദൈവം അവനെ മൂന്നാം നാൾ ഉയിർത്തെഴുന്നേല്പിച്ചു,” (പ്രവൃ, 10:40). ഒരു മരണമില്ലാത്ത ദൈവവും ഒരു മരണമുള്ള ദൈവവുമുണ്ടെന്നോ, ഒരു ദൈവത്തെ മറ്റൊരു ദൈവം ഉയിർപ്പിച്ചെന്നോ, മരണമില്ലാത്ത ദൈവം വേഷത്തിൽ മനുഷ്യനായി വന്ന് മരിച്ചെന്നോ പറയാൻ പറ്റില്ല. തന്മൂലം, മേല്പറഞ്ഞതെല്ലാം അക്ഷരാർത്ഥത്തിലല്ല; ആത്മീയ അർത്ഥത്തിലാണ് പറഞ്ഞിരിക്കുന്നതെന്ന് സംശയലേശമെന്യേ മനസ്സിലാക്കാം. ➟[കാണുക: മരിച്ചിട്ട് ഉയിർത്തവൻ]
☛ പ്രസ്തുത വേദഭാഗത്തെ വിഷയം:
➦ ക്രിസ്തുയേശുവിലുള്ള ഭാവം അഥവാ, മനോഭാവമാണ് അവിടുത്തെ വിഷയം. അതുകൊണ്ടാണ്, “ദൈവരൂപത്തിലിരുന്നവൻ ദൈവത്തോടുള്ള സമത്വം മുറുകെപ്പിടിക്കാതെ തന്നെത്താൻ താഴ്ത്തി ക്രൂശിലെ മരണത്തോളം അനുസരണമുള്ള മനുഷ്യനായിത്തീർന്നു” എന്ന് ആത്മീയ അർത്ഥത്തിൽ പറയുന്നത്.
☛ ബൈബിൾ വെളിപ്പെടുത്തുന്ന ക്രിസ്തു ദൈവമല്ല; ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനായി പ്രകൃത്യാതീതമായി കന്യകയിൽ ഉല്പാദിപ്പിക്കപ്പെട്ട (മത്താ, 1:20; ലൂക്കൊ, 2:21) ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ്: (റോമ, 5:15). താൻ ദൈവമല്ല; മനുഷ്യനാണെന്ന് അവൻതന്നെ അസന്ദിഗ്ദ്ധമായി പറഞ്ഞിട്ടുണ്ട്: (മർക്കൊ, 12:29; യോഹ, 5:44; യോഹ, 17:3 – യോഹ, 8:40; മത്താ, 11:19; ലൂക്കോ, 7:34). ഇനി ചിലർ വിചാരിക്കുന്നപോലെ അവൻ ഏകദൈവനാണെങ്കിലോ, മറ്റുചിലർ കരുതുന്നപോലെ അവൻ മൂവരിൽ ഒരു ദൈവമാണെങ്കിലോ യേശുവും ഗതിഭേദത്താൽ ആഛാദനം ഇല്ലാത്ത ദൈവംതന്നെ ആയിരിക്കുമല്ലോ? പിന്നെങ്ങനെ അവന് യഥാർത്ഥത്തിൽ തന്നെത്താൻ താഴ്ത്തി ക്രൂശിലെ മരണത്തോളം അനുസരണമുള്ള മനുഷ്യനാകാൻ കഴിയും? ➟[കാണുക: ദൈവപുത്രനായ ക്രിസ്തു ദൈവമാണോ?].
☛ ഉപസംഹാരം:
➦ ക്രിസ്തു ഏകദൈവമായ യഹോവയുടെ ജഡത്തിലെ വെളിപ്പാടായതുകൊണ്ടാണ്, ക്രിസ്തുവിൻ്റെ താഴ്മയുടെ ഭാവം (മനോഭാവം) വർണ്ണിക്കാൻ ദൈവരുപത്തിൽ ഇരുന്നവൻ ദൈവത്തോടുള്ള സമത്വം മുറുകെപ്പിടിക്കാതെ തന്നെത്താൻ താഴ്ത്തി ക്രൂശിലെ മരണത്തോളം അനുസരണമുള്ള മനുഷ്യനായി എന്ന് പൗലൊസ് ആത്മീയമായി പറയുന്നത്: (1Tim. 3:16). അല്ലാതെ, പിതാവ് മാത്രമാണ് സത്യദൈവം, താൻ മനുഷ്യനാണ്, പിതാവ് എന്നെക്കാൾ വലിയവനാണ്, പിതാവ് എൻ്റെ ദൈവമാണ് എന്നൊക്കെ പഠിപ്പിച്ച ക്രിസ്തുവിന് ദൈവത്തോട് സമത്വമാണ്ടെന്ന് ആരും സ്വപ്നത്തിൽപ്പോലും വിചാരിക്കണ്ട.


