എല്ലാറ്റിലും മുഖ്യകല്പന

ശാസ്ത്രിമാരിൽ ഒരുവൻ അടുത്തുവന്നു അവർ തമ്മിൽ തർക്കിക്കുന്നതു കേട്ടു അവൻ അവരോടു നല്ലവണ്ണം ഉത്തരം പറഞ്ഞപ്രകാരം ബോധിച്ചിട്ടു: എല്ലാറ്റിലും മുഖ്യകല്പന ഏതു എന്നു അവനോടു ചോദിച്ചു. അതിന്നു യേശു: എല്ലാറ്റിലും മുഖ്യകല്പനയോ: “യിസ്രായേലേ, കേൾക്ക; നമ്മുടെ ദൈവമായ കർത്താവു ഏക കർത്താവു. നിന്റെ ദൈവമായ കർത്താവിനെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടും കൂടെ സ്നേഹിക്കേണം, എന്നു ആകുന്നു. രണ്ടാമത്തേതോ: “കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം” എന്നത്രേ; ഇവയിൽ വലുതായിട്ടു മറ്റൊരു കല്പനയും ഇല്ല എന്നു ഉത്തരം പറഞ്ഞു. ശാസ്ത്രി അവനോടു: നന്നു, ഗുരോ, നീ പറഞ്ഞതു സത്യം തന്നേ; ഏകനേയുള്ളൂ; അവനല്ലാതെ മറ്റൊരുത്തനുമില്ല. അവനെ പൂർണ്ണഹൃദയത്തോടും പൂർണ്ണ മനസ്സോടും പൂർണ്ണശക്തിയോടുംകൂടെ സ്നേഹിക്കുന്നതും തന്നെപ്പോലെ കൂട്ടുകാരനെ സ്നേഹിക്കുന്നതും സകല സർവ്വാംഗഹോമങ്ങളെക്കാളും യാഗങ്ങളെക്കാളും സാരമേറിയതു തന്നേ എന്നു പറഞ്ഞു. അവൻ ബുദ്ധിയോടെ ഉത്തരം പറഞ്ഞു എന്നു യേശു കണ്ടിട്ടു: നീ ദൈവരാജ്യത്തോടു അകന്നവനല്ല എന്നു പറഞ്ഞു. 
(മർക്കൊസ് 12:28-34ആവർത്തനം 6:4-5)

☛ ശാസ്ത്രിയുടെ ചോദ്യത്തിന് യേശു കൊടുത്ത മറുപടിയും അവൻ്റെ ഉത്തരവും യേശുവിൻ്റെ പ്രത്യുത്തരവും പരിശോധിച്ചാൽ, യഹോവയല്ലാതെ മറ്റൊരു ദൈവം ഇല്ലെന്ന് ആർക്കും മനസ്സിലാകും.

☛ എല്ലാറ്റിലും മുഖ്യകല്പന ഏതെന്ന് ചോദിച്ച ശാസ്ത്രിയോട് യേശു പറഞ്ഞത്: ➟എല്ലാറ്റിലും മുഖ്യകല്പനയോ: യിസ്രായേലേ, കേൾക്ക; നമ്മുടെ ദൈവമായ കർത്താവു ഏക കർത്താവു. (മർക്കൊ, 12:29). ഇത് പഴയനിയമത്തിലെ ഉദ്ധരണിയാണ്: യിസ്രായേലേ, കേൾക്ക; യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകൻ തന്നേ. (ആവ, 6:4). യേശുവിൻ്റെ വാക്കുകേട്ട ശാസ്ത്രിയുടെ ഉത്തരം നോക്കുക: നന്നു, ഗുരോ, നീ പറഞ്ഞതു സത്യം തന്നേ; ഏകനേയുള്ളൂ; അവനല്ലാതെ മറ്റൊരുത്തനുമില്ല. (മർക്കൊ, 12:32). ശാസ്ത്രിയുടെ വാക്കുകളിൽ മൂലഭാഷയിലെ ശ്രദ്ധേയമായ മൂന്ന് പ്രയോഗങ്ങൾ കാണാം: 

𝟭. 𝗵𝗲𝗶𝘀 𝗲𝘀𝘁𝗶𝗻 (He is one ⁃ അവൻ ഏകനേയുള്ളൂ): ഇതിലെ 𝗵𝗲𝗶𝘀 എന്ന പദം നിർദ്ദേശിക വിഭക്തിയിലുള്ള (Nominative Case) പുല്ലിംഗ ഏകവചനമാണ് (Masculine Singular). അടുത്തപദമായ 𝗲𝘀𝘁𝗶𝗻 പ്രഥമപുരുഷ ഏകവചനത്തിലുള്ള ക്രിയാപദമാണ് (3rd Person Singular Verb). ആദ്യപ്രയോഗം, “അവൻ ഏകനേയുള്ളൂ” അഥവാ, യഹോവയായ ദൈവം ഏകനാണെന്ന് ഖണ്ഡിതമായാണ് ശാസ്ത്രി പറയുന്നത്. 

𝟮. 𝗼𝘂𝗸 𝗲𝘀𝘁𝗶𝗻 𝗮𝗹𝗹𝗼𝘀 (there is no other ⁃ മറ്റൊരുത്തനുമില്ല): ഇതിലെ 𝗼𝘂𝗸 𝗲𝘀𝘁𝗶𝗻 എന്നത് പ്രഥമപുരുഷനിലുള്ള ഏകവചന ക്രിയാപദമാണ് (3rd Person Singular Verb). അടുത്തപദമായ 𝗮𝗹𝗹𝗼𝘀 നിർദ്ദേശിക വിഭക്തിയിലുള്ള (Nominative Case) പുല്ലിംഗ ഏകവചനമാണ് (Masculine Singular). രണ്ടാം പ്രയോഗം, “മറ്റൊരുത്തനുമില്ല” അഥവാ, ദൈവത്തിന് സമനായി വേറെയാരുമില്ല എന്ന് അടിവരയിടുന്നു.

𝟯. 𝗽𝗹𝗲𝗻 𝗮𝘂𝘁𝗼𝘂 (besides him ⁃ അവനല്ലാതെ): ഇതിലെ 𝗽𝗹𝗲𝗻 എന്ന പദം ഗതി/മുൻപദം (Preposition) ആണ്. ഒഴികെ/അല്ലാതെ (besides) എന്നർത്ഥം. അടുത്തപദമായ 𝗮𝘂𝘁𝗼𝘂 സംബന്ധിക വിഭക്തിയിലുള്ള (Genitive case) പ്രഥമപുരുഷനിലുള്ള പുല്ലിംഗ ഏകവചന സർവ്വനാമമാണ് (3rd Person Masculine Singular Pronoun). മൂന്നാം പ്രയോഗം, “അവൻ അല്ലാതെ” അഥവാ, യഹോവയായ ഏകനല്ലാതെ മറ്റാരും ആ സ്ഥാനത്തില്ലെന്ന് അസന്ദിഗ്ദ്ധമായി വ്യക്തമാക്കുന്നു. അതായത്, ഉത്തമപുരുഷനായ ശാസ്ത്രി (1st Person) മധ്യമപുരുഷനായ യേശുവിനോട് (2nd Person) പ്രഥമപുരുഷനായ അല്ലെങ്കിൽ മൂന്നാമനായ (3rd Person) പിതാവായ യഹോവയെക്കുറിച്ചാണ്: “ഏകനേയുള്ളൂ; അവനല്ലാതെ മറ്റൊരുത്തനുമില്ല” (he is one, and there is no other besides him) എന്ന് മൂന്ന് പ്രഥമപുരുഷനിലുള്ള ഏകവചന പ്രയോഗത്തിലൂടെ സംശയലേശമന്യേ വ്യക്തമാക്കിയത്. 

☛ ഇതുകേട്ട യേശുവിൻ്റെ പ്രത്യുത്തരം അതിലും ശ്രദ്ധേയമാണ്: അവൻ ബുദ്ധിയോടെ ഉത്തരം പറഞ്ഞു എന്നു യേശു കണ്ടിട്ടു: നീ ദൈവരാജ്യത്തോടു അകന്നവനല്ല എന്നു പറഞ്ഞു. (മർക്കൊ, 12:34). യേശു ദൈവമാണെന്ന് വിശ്വസിക്കുന്നവരോ, ദൈവം ത്രിത്വമാണെന്ന് വിശ്വസിക്കുന്നവരോ അല്ല; യഹോവ ഒരുത്തൻ മാത്രം ദൈവമാണെന്നും മറ്റൊരുത്തനുമില്ലെന്നും വിശ്വസിക്കുന്നവരാണ് ദൈവരാജ്യത്തോട് അടുത്തുനില്ക്കുന്നവർ. ഇവയിൽ വലുതായിട്ടു മറ്റൊരു കല്പനയും ഇല്ല എന്നാണ് യേശു പഠിപ്പിച്ചത്: (മർക്കൊ, 12:31). യേശുവിനെപ്പോലും വിശ്വസിക്കാത്തവരാണ് ക്രൈസ്തവരിൽ ഭൂരിപക്ഷവും. 

പിതാവ് മാത്രം ദൈവം:
☛ മുഖ്യകല്പനയെ യേശുക്രിസ്തുതന്നെ ഉറപ്പിച്ചിട്ടുണ്ട്. പിതാവാണ്, ഏകദൈവം (Monos Theos ⁃ The only God), പിതാവാണ്, ഏകസത്യദൈവം (Ho monos alethinos Theos – The only true God), ➟ദൈവമായ കർത്താവിനെ (യഹോവ) മാത്രം (Monos – Only) ആരാധിക്കണം, എൻ്റെ പിതാവ് മാത്രമാണ് (Monos – Only) സകലവും അറിയുന്നതു എന്നൊക്കെയാണ് ക്രിസ്തു പഠിപ്പിച്ചത്: (യോഹ, 5:44; യോഹ, 17:3; മത്താ, 4:10; ലൂക്കൊ, 4:8; മത്താ, 24:36). മേല്പറഞ്ഞ അഞ്ച് വാക്യങ്ങളും ക്രിസ്തു പഠിപ്പിച്ചിരിക്കുന്നത് ഗ്രീക്കിലെ 𝗠𝗼𝗻𝗼𝘀 കൊണ്ടാണ്. 𝗠𝗼𝗻𝗼𝘀 𝗧𝗵𝗲𝗼𝘀 എന്ന് പറഞ്ഞാൽ: ഒരു ദൈവം എന്നല്ല; ഒരേയൊരു ദൈവം (The only God) അഥവാ, പിതാവ് മാത്രം ദൈവം എന്നാണർത്ഥം. 𝗣𝗮𝘁𝗲𝗿 𝗵𝗼 𝗺𝗼𝗻𝗼𝘀 𝗮𝗹𝗲𝘁𝗵𝗶𝗻𝗼𝘀 𝗧𝗵𝗲𝗼𝘀 എന്നാൽ: പിതാവ് സത്യദൈവം എന്നല്ല; പിതാവ് മാത്രം സത്യദൈവം (Father, the only true God) എന്നാണ്. പിതാവ് മാത്രമാണ് ദൈവമെന്നും, പിതാവ് മാത്രമാണ് സത്യദൈവമെന്നും ക്രിസ്തു പഠിപ്പിച്ചാൽ, താനും സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള മറ്റാരും സത്യദൈവം അല്ലെന്നാണർത്ഥം. ദൈവമായ യഹോവയെ മാത്രം ആരാധിക്കണം എന്ന് 𝗠𝗼𝗻𝗼𝘀 കൊണ്ട് പഠിപ്പിച്ചിരിക്കയാൽ, താനും മറ്റൊരുത്തനും ആരാധനയ്ക്ക് യോഗ്യൻ അല്ലെന്നാണർത്ഥം. ➟എൻ്റെ പിതാവ് മാത്രമാണ് സകലവും അറിയുന്നതു എന്ന് 𝗠𝗼𝗻𝗼𝘀 കൊണ്ട് പഠിപ്പിച്ചിരിക്കയാൽ, താനും മറ്റാരും സർവ്വജ്ഞാനി അല്ലെന്നാണർത്ഥം. ഗ്രീക്കിലെ 𝗠𝗼𝗻𝗼𝘀, ഇംഗ്ലീഷിലെ 𝗢𝗻𝗹𝘆, മലയാളത്തിലെ മാത്രം എന്നിവ മാറ്റാരെയും ഉൾപ്പെടുത്താത്ത (Exclusive) പദങ്ങളാണ്. അതായത്, യേശുക്രിസ്തു മുഖ്യകല്പനയായി പഠിപ്പിച്ച പിതാവായ യഹോവ മാത്രമാണ് ദൈവമെന്നും താൻ ദൈവമോ, ആരാധനയ്ക്ക് യോഗ്യനോ, സർവ്വജ്ഞാനിയോ അല്ലെന്ന് അവൻ്റെ വാക്കിനാൽത്തന്നെ അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം.

ഒന്നാം കല്പന:
☛ യെഹൂദാ വിശ്വാസത്തിൻ്റെയും ക്രൈസ്തവിശ്വാസത്തിൻ്റെയും അടിസ്ഥാനമായ പത്തുകല്പനയിലെ, പ്രഥമവും പ്രധാനവുമായ കല്പന ഇപ്രകാരമാണ്: യഹോവയായ ഞാൻ നിന്റെ ദൈവം ആകുന്നു. ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കു ഉണ്ടാകരുതു. (പുറ, 20:2-3; ആവ, 5:6-7). ബൈബിളിലെ സകല കല്പനകൾക്കും അനുഗ്രഹങ്ങൾക്കും വാഗ്ദത്തങ്ങൾക്കും അടിസ്ഥാനം പത്ത് കല്പനയാണ്. യഹോവയായ ഏകദൈവം അരുളിച്ചെയ്തതും രണ്ട് കല്പലകളിന്മേൽ തന്റെ വിരൽ കൊണ്ട് എഴുതി മോശെയെ ഏല്പിച്ചതുമാണ് പത്തുകല്പന. (പുറ, 31:18; 32:15-16). പത്തുകല്പന രണ്ടിടത്ത് പട്ടികയായി പറഞ്ഞിട്ടുണ്ട്. (പുറ, 20:1-17; ആവ, 5:6-21). ➟കല്പന ശ്രദ്ധിക്കുക: ഞങ്ങൾ അല്ലാതെ അന്യദൈവങ്ങൾ നിനക്കുണ്ടാകരുത് എന്ന് ബഹുവചനത്തിലല്ല; യഹോവയായ ഞാൻ അല്ലാതെ അന്യദൈവങ്ങൾ നിനക്കുണ്ടാകരുത് എന്ന് ഏകവചനത്തിലാണ് പറഞ്ഞിരിക്കുന്നത്. യഹോവയായ ഞാൻ മാത്രമാണ് ദൈവം. ഞാൻ എന്ന അർത്ഥത്തിൽ എബ്രായയിൽ ഉപയോഗിച്ചിരിക്കുന്ന 𝗮𝗻𝗼𝗸𝗶 എന്ന പദം ഉത്തമപുരുഷ ഏകവചന സർവ്വനാമമാണ് (1st Person Singular Pronoun). അതായത്, യഹോവ മാത്രമാണ് ദൈവം; മറ്റൊരുത്തനും സത്യദൈവമല്ല. യഹോവ പഠിപ്പിച്ച ഒന്നാം കല്പനതന്നെയാണ് യേശു മുഖ്യ കല്പനയായി പഠിപ്പിച്ചത്. 

ഞാനല്ലാതെ ദൈവമില്ല: 
☛ ഒന്നാംകല്പന യഹോവതന്നെ ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്:
𝟭. സർവ്വഭൂമിയിലും എന്നെപ്പോലെ മറ്റൊരുത്തനുമില്ല. (പുറ, 9:14). 
𝟮. ഞാൻ, ഞാൻ മാത്രമേയുള്ളു; ഞാനല്ലാതെ ദൈവമില്ല എന്നു ഇപ്പോൾ കണ്ടുകൊൾവിൻ. (ആവ, 32:39). 
𝟯. എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല, എന്റെ ശേഷം ഉണ്ടാകയുമില്ല. (യെശ, 43:10)
𝟰. ഞാൻ ആദ്യനും അന്ത്യനും ആകുന്നു; ഞാനല്ലാതെ ഒരു ദൈവവുമില്ല. (യെശ, 44:6).
𝟱. ഞാൻ യഹോവയാകുന്നു; മറ്റൊരുത്തനുമില്ല; ഞാനല്ലാതെ ഒരു ദൈവവുമില്ല. (യെശ, 45:5). 
𝟲. ഞാൻ യഹോവയാകുന്നു; മറ്റൊരുത്തനും ഇല്ല. (യെശ, 45:6). 
𝟳. ഞാൻ തന്നേ യഹോവ; വേറൊരുത്തനും ഇല്ല. (യെശ, 45:18). 
𝟴. ഞാൻ അല്ലാതെ വേറൊരു ദൈവം ഇല്ല; ഞാൻ അല്ലാതെ നീതിമാനായൊരു ദൈവവും രക്ഷിതാവും ഇല്ല. (യെശ, 45:21). 
𝟵. സകല ഭൂസീമാവാസികളുമായുള്ളോരേ, എങ്കലേക്കു തിരിഞ്ഞു രക്ഷപ്പെടുവിൻ; ഞാനല്ലാതെ വേറൊരു ദൈവവും ഇല്ലല്ലോ. (യെശ, 45:22).  
𝟭𝟬. ഞാനല്ലാതെ വേറൊരു ദൈവമില്ല; ഞാൻ തന്നേ ദൈവം, എന്നെപ്പോലെ ഒരുത്തനുമില്ല. (യെശ, 46:9). 
☛ മേല്പറഞ്ഞ വാക്യങ്ങളിലെല്ലാം ഞാൻ, എന്നെ എന്നിങ്ങനെ ഉത്തമപുരുഷ ഏകവചന സർവ്വനാമമാണ് (1st Person Singular Pronoun) യഹോവ ഉപയോഗിച്ചിരിക്കുന്നത്. 
ഞാനല്ലാതെ ഒരു ദൈവം ഉണ്ടോ? ഒരു പാറയും ഇല്ല; ഞാൻ ഒരുത്തനെയും അറിയുന്നില്ല. (യെശ, 44:8). താനല്ലാതെ മറ്റൊരു ദൈവമുള്ളതായി യഹോവയ്ക്കുപോലും അറിയില്ല. ഇനിയും അറിയാത്തവർ അതറിയുന്ന ഒരു ദിവസം വേഗത്തിൽ വരും: ഞാൻ നിങ്ങളുടെ ദൈവമായ യഹോവ, മറ്റൊരുത്തന്നുമില്ല എന്നു നിങ്ങൾ അറിയും. (യോവേ, 2:27). ക്രിസ്തുവിനെ മാത്രമല്ല; യഹോയായ ഏകദൈവത്തെയും ക്രൈസ്തവരിൽ പലരും വിശ്വസിക്കുന്നില്ല. ➟[കാണുക: പിതാവ് മാത്രം സത്യദൈവം (Father, the only true God)]

സ്വർഗ്ഗത്തിലെയും ഭൂമിയിലെയും ഏകദൈവം:
☛ പിതാവായ യഹോവയല്ലാതെ മറ്റൊരു ദൈവം സ്വർഗ്ഗത്തിലും ഭൂമിയിലും ഇല്ലെന്നാണ് പഴയപുതിയനിയമങ്ങൾ അസന്ദിഗ്ദ്ധമായി പഠിപ്പിക്കുന്നത്: മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക. (ആവ, 4:39 ⁃⁃ആവ, 3:24;യോശു, 2:11;1രാജാ, 8:23;2ദിന, 6:14;സങ്കീ, 73:25). ആകാശത്തിലോ (Heaven) ഭൂമിയിലോ ദേവന്മാർ (gods) എന്നു പേരുള്ളവർ (വിളിക്കപ്പെടുന്നവർ) ഉണ്ടെന്നുവരികിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു. (1കൊരി, 8:5-6റോമ, 16:26, എഫെ, 4:6; 1തിമൊ, 1:17; യൂദാ, 1:24). ക്രിസ്തു തൻ്റെ ശുശ്രൂഷയിലൂടെയും മഹാപൂരോഹിത്യ പ്രാർത്ഥനയിലൂടെയും അക്കാര്യമാണ് സംശയലേശമന്യേ പഠിപ്പിച്ചത്: (മത്താ, 4:10; മത്താ, 24:36; മർക്കൊ, 12:29; യോഹ, 5:44; യോഹ, 17:3). 

❺ 𝗔𝗸, 𝗥𝗮𝗾, 𝗕𝗮𝗱, 𝗕𝗮𝗱𝗮𝗱, 𝗠𝗼𝗻𝗼𝘀:
☛ മുഖ്യകല്പന അഥവാ,  ഒന്നാം കല്പന അല്പസ്വല്പം വ്യത്യാസങ്ങളോടെ പഴയനിയമത്തിൽ 𝟭𝟬𝟬 വാക്യങ്ങളിലാണ് പറഞ്ഞിരിക്കുന്നത്. അതിൽ ഒരേയൊരു, മാത്രം, ഒരുത്തൻ മാത്രം (alone. only) എന്ന അർത്ഥത്തിൽ 𝗔𝗸, 𝗥𝗮𝗾, 𝗕𝗮𝗱, 𝗕𝗮𝗱𝗮𝗱 എന്നീ എബ്രായ പദങ്ങൾ 𝟯𝟯 പ്രാവശ്യം ദൈവത്തിന് ഉപയോഗിച്ചിട്ടുണ്ട്. ⟦ക്രിസ്തുവും അപ്പൊസ്തലന്മാരും ആദിമസഭയും ഉപയോഗിച്ചിരുന്ന സെപ്റ്റ്വജിൻ്റ് ഗ്രീക്കിൽ (𝗟𝗫𝗫)  തൽസ്ഥാനത്ത് 𝟮𝟯 വാക്യങ്ങളിൽ 𝗠𝗼𝗻𝗼𝘀 ആണ് കാണുന്നത്⟧. ➟ഉദാ: (2രാജാ, 19:15; 2രാജാ, 19:19; നെഹെ, 9:6; ഇയ്യോ, 9:8; സങ്കീ, 83:18; സങ്കീ, 86:10; യെശ, 37:16; യെശ, 37:20; യെശ, 44:24). പുതിയനിയമത്തിൽ ദൈവം ഏകനാണെന്ന് പറഞ്ഞിരിക്കുന്നത് 𝟮𝟴 പ്രാവശ്യമാണ്. അതിൽ  “ഒരേയൊരു, മാത്രം” (only) എന്ന അർത്ഥത്തിൽ 𝗠𝗼𝗻𝗼𝘀 എന്ന പദം 𝟭𝟮 പ്രാവശ്യം കാണാം. ➟ഉദാ: (ലൂക്കൊ, 5:21; യോഹ, 5:44; യോഹ, 17:3; റോമ, 16:26; 1തിമൊ, 1:17; യൂദാ, 1:24). എബ്രായയിലെ 𝗔𝗸, 𝗥𝗮𝗾, 𝗕𝗮𝗱, 𝗕𝗮𝗱𝗮𝗱; ഗ്രീക്കിലെ 𝗠𝗼𝗻𝗼𝘀; ഇംഗ്ലീഷിലെ 𝗔𝗹𝗼𝗻𝗲, 𝗢𝗻𝗹𝘆; മലയാളത്തിലെ ഒരേയൊരു, തനിയെ, മാത്രം മുതലായവ മറ്റാരെയും ഉൾപ്പെടുത്താത്ത (Exclusive) പദങ്ങളാണ്. അതായത്, ദൈവം ഒരുത്തൻ മാത്രമാണന്ന് എബ്രായഗ്രീക്ക് പഴയപുതിയനിയമങ്ങളിൽ 𝟰𝟱 പ്രാവശ്യം ഖണ്ഡിതമായി പറഞ്ഞിട്ടുണ്ട്. ബൈബിളിൽ 𝟭𝟯𝟬-തോളം പ്രാവശ്യം ആവർത്തിച്ച് പറഞ്ഞിരിക്കുന്ന മുഖ്യകല്പനയുടെ ലംഘനമാണ് അനേകരും വിശ്വസിക്കുന്ന ത്രിത്വോപദേശം.  

The only true God in the Bible:
☛ ബൈബിൾ വെളിപ്പെടുത്തുന്ന ഏകസത്യദൈവം
(Ho monos alethinos Theos – The only true God)
നമ്മുടെ കർത്താവായ യേശുക്രിസ്തുവിൻ്റെയും
നമ്മുടെയും ദൈവമായ യഹോവയാണ്:
(യോഹ, 17:3; യോഹ, 20:17) 
𝟭. My God, My God, why have You forsaken Me? (Mat, 27:46)
𝟮. My God, My God, why have You forsaken Me? (Mar, 15:34)
𝟯. I am ascending to My Father and your Father, and to My God and your God. (Joh, 20:17)
𝟰. Glorify the God and Father of our Lord Jesus Christ. (Rom, 15:6)
𝟱. Blessed be the God and Father of our Lord Jesus Christ. (2Cor, 1:3)
𝟲. The God and Father of our Lord Jesus Christ, who is blessed forever. (2Cor, 11:31)
𝟳. Blessed be the God and Father of our Lord Jesus Christ. (Eph, 1:3)
𝟴. The God of our Lord Jesus Christ, the Father of glory. (Eph, 1:17)
𝟵. We give thanks to the God and Father of our Lord Jesus Christ. (Col, 1:3)
𝟭𝟬. Blessed be the God and Father of our Lord Jesus Christ. (1Pet, 1:3)
𝟭𝟭. To His (Jesus) God and Father, to Him be glory and dominion
forever and ever. Amen. (Rev, 1:6).
☛ബന്ധം വ്യത്യസ്തമാണെങ്കിലും, യേശുക്രിസ്തുവിൻ്റെയും
നമ്മുടെയും ദൈവം, പിതാവായ യഹോവ ഒരുത്തൻ മാത്രമാണ്: (യോഹ, 17:3; 1കൊരി, 8:5-6). ആകാശവും ഭൂമിയും കീഴ്മേൽ മറിഞ്ഞാലും യേശുക്രിസ്തുവും അപ്പൊസ്തലന്മാരും പഠിപ്പിച്ച ഈ വസ്തുതയ്ക്ക് മാറ്റമുണ്ടാകില്ല. ➟[കാണുക: ദൈവപുത്രനായ ക്രിസ്തു ദൈവമാണോ?, ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക, ക്രിസ്തുവിൻ്റെ അസ്തിത്വവും പൂർവ്വാസ്തിത്വവും, ദൈവഭക്തിയുടെ മർമ്മം]

7 thoughts on “എല്ലാറ്റിലും മുഖ്യകല്പന”

  1. ഞാൻ തന്നെ വഴിയും സത്യവും ജീവനും ആകുന്നു…മറ്റൊരു വഴി ഇല്ല

    ഞാൻ വാതിൽ ആകുന്നു…..പിതാവിന്റെ അടുക്കൽ എത്തുന്ന ഒരേ ഒരു വാതിൽ

Leave a Reply

Your email address will not be published. Required fields are marked *