കണ്ണാടിക്കടൽ

കണ്ണാടിക്കടൽ (Sea of glass)

വെളിപ്പാട് 4:6-ൽ കണ്ണാടിക്കടൽ എന്നും, 15:2-ൽ പളുങ്കുകടൽ എന്നും പരിഭാഷപ്പെടുത്തിയിരിക്കുന്നത് ഗ്രീക്കിലെ തലാസ്സാ ഹയാലിനോസ് (thalassa hyalinos) എന്ന പ്രയോഗത്തെയാണ്. പഴയനിയമത്തിലെ പ്രതിരൂപങ്ങളെ ഓർപ്പിക്കുന്നതാണ് കണ്ണാടിക്കടൽ. സമാഗമനകൂടാരത്തിലെ താമ്രത്തൊട്ടി (പുറ, 30:18-21), ശലോമോൻ്റെ ദൈവാലയത്തിലെ വാർത്തുണ്ടാക്കിയ കടൽ (1രാജാ, 7:23-27) എന്നിവ രണ്ടും പുരോഹിതന്മാർക്കു കഴുകുന്നതിനു വേണ്ടിയായിരുന്നു; അതവരുടെ ബാഹ്യവിശുദ്ധിക്ക് വേണ്ടിയുള്ളതായിരുന്നു. എന്നാൽ ആന്തരികവും ബാഹ്യവുമായ വിശുദ്ധിയെ കാണിക്കുകയാണ് കണ്ണാടിക്കടൽ. സിംഹാസനത്തിനു മുമ്പിലാണ് കണ്ണാടിക്കടൽ. കണ്ണാടിക്കടൽ പളുങ്കിനൊത്തതാണ്. (4:6) സിംഹാസനത്തിനു മുമ്പിൽ വ്യാപിച്ചിരിക്കുന്ന പരിശുദ്ധിയുടെ മഹിമയും മനോഹാരിതയും പ്രകടമാക്കുന്നതാണ് പളുങ്ക്. പളുങ്കും കണ്ണാടിയും ഒന്നല്ല. കണ്ണാടി നിർമ്മിതവും പളുങ്ക് പ്രകൃതിദത്തവുമാണ്. കണ്ണാടിക്കടൽ മിനുസവും മാർദ്ദവവും ഉളളതാണ്. ഭൗമിക കടലുകളെപ്പോലെ കാറ്റുകളാൽ ഉലയാത്തതും സ്വർഗ്ഗീയസമാധാനം സാന്ദ്രമായി തീർന്നതുമാണ് പളുങ്കിനൊത്ത കണ്ണാടിക്കടൽ.

മോശെയും അഹരോനും നാദാബും അബീഹൂവും യിസ്രായേൽമൂപ്പന്മാരിൽ എഴുപതുപേരുംകൂടെ പർവ്വതത്തിൽ കയറിച്ചെന്നു യഹോവയെ കണ്ടപ്പോൾ, ദൈവത്തിന്റെ പാദങ്ങൾക്കു കീഴെ നീലക്കല്ലു പടുത്ത തളംപോലെയും ആകാശത്തിന്റെ സ്വച്ഛത (നിർമ്മലത) പോലെയായിരുന്നു. (പുറ, 24:9,10). യെഹെസ്ക്കേൽ യഹോവയെ കാണുമ്പോൾ ജീവികളുടെ തലെക്കു മീതെ ഭയങ്കരമായോരു പളുങ്കുപോലെയുള്ള ഒരു വിതാനത്തിന്റെ രൂപം ഉണ്ടായിരുന്നു. (1:22). ആ വിതാനത്തിൻ്റെ മീതെയാണ് നീലക്കല്ലിന്റെ കാഴ്ചപോലെ സിംഹാസനവും, ആ സിംഹാസനത്തിലാണ് യഹോവ മനുഷ്യസാദൃശ്യത്തിൽ പ്രത്യക്ഷനായിരിക്കുന്നതും. (1:26, 28). പുത്തനെരൂശലേമിലെ മതിലു നഗരവീഥിയും സ്വച്ഛസ്ഫടികത്തിന്നു തുല്യമായ തങ്കം കൊണ്ടുള്ളതാണ്.

Leave a Reply

Your email address will not be published. Required fields are marked *