പഴയനിയമവും പുതിയനിയമവും (താരതമ്യം)
ന്യായപ്രമാണമെന്ന പഴയ വസ്ത്രത്തോടു തുന്നിച്ചേർത്ത കോടിത്തുണിക്കണ്ടമല്ല പുതിയനിയമം. പഴയ തുരുത്തിയിൽ പകർന്നുവെച്ച പുതുവീഞ്ഞുമല്ല; പുതിയ തുരുത്തിയിൽ പകർന്നു വെച്ചിരിക്കുന്നു പുതുവീഞ്ഞത്രേ പുതിയനിയമം. (മർക്കൊ, 2:21,22). യേശുവിൻ്റെ ശിഷ്യന്മാർ ന്യായപ്രമാണ കല്പനകൾ അനുസരിക്കാത്ത കാരണത്താൽ, പരീശന്മാരും ശാസ്ത്രിമാരും അവനെ കുറ്റം വിധിച്ചപ്പോൾ പറഞ്ഞ വാക്കുകളാണ് മുകളിൽ ഉദ്ധരിച്ചിരിക്കുന്നത്. പഴയനിയമം അഥവാ ന്യായപ്രമാണത്തെക്കുറിച്ചുള്ള ബൈബിളിലെ ആദ്യപരാമർശം ഇതാണ്; “ഞാൻ ന്യായപ്രമാണത്തെയൊ പ്രവാചകന്മാരെയോ നീക്കേണ്ടതിന്നു വന്നു എന്നു നിരൂപിക്കരുതു; നീക്കുവാനല്ല നിവർത്തിപ്പാനത്രെ ഞാൻ വന്നതു.” (മത്താ, 5:17). ദൈവം ജഡത്തിൽ വെളിപ്പെട്ടപ്പോൾ അഥവാ ഒന്നാമത്തെ വരവോടുകൂടി ഏതൊക്കെ പ്രവചനങ്ങൾ നിവർത്തിയായോ അതാണ് ക്രിസ്ത്യാനികളെ സംബന്ധിച്ച യഥാർത്ഥ പഴയനിയമം. ഏതൊരു പ്രവചനത്തിനും അതിന്റെ സഫലീകരണം വരെ മാത്രമേ കാലാവധിയുള്ളു. പഴയനിയമത്തിലെ യാഗങ്ങളും, പെരുന്നാളുകളും, ശബ്ബത്തുകളും, സങ്കീർത്തനങ്ങളും, പ്രവാചകങ്ങളും എല്ലാം വരുവാനുള്ള മശീഹയെ കേന്ദ്രീകരിച്ചുള്ളതാണ്. അതിൽ പൗരോഹിത്യ ശുശ്രൂഷയും, യാഗങ്ങളും, പെസഹ മുതൽ പെന്തക്കൊസ്തു വരെയുള്ള നാലു പെരുന്നാളുകളും, ക്രിസ്തുവിൻ്റെ ജഡധാരണം മുതൽ സഭാസ്ഥാപനം അഥവാ പരിശുദ്ധാത്മ അവരോഹണം വരെയുള്ള പഴയനിയമ പ്രവചനങ്ങളുമാണ് നിറവേറിയത്. പുതിയനിയമത്തിൽ അപ്പൊസ്തലൻ അപൂർണ്ണം, കുറവുള്ളത്, ജീർണ്ണിച്ചത്, നിഴൽ, ബലഹീനം, ശാപം എന്നൊക്കെ പറയുന്നത്, പഴയനിയമത്തിൽ പ്രതീകാത്മകമായി അനുഷ്ഠിച്ചുവന്നിരുന്ന യാഗങ്ങളും, പെരുന്നാളുകളും, നിവൃത്തിയായ പ്രവചനങ്ങളുമാണ്. അതു പ്രധാനമായും മോശയുടെ അഞ്ചു പുസ്തകങ്ങളാണ്. ക്രിസ്തുവിൻ്റെ മരണത്തോടു കൂടി ന്യായപ്രമാണത്തിൻ്റെ എല്ലാ പ്രവൃത്തികൾക്കും നീക്കം വന്നു. അതിനു ഏറ്റവും വലിയ തെളിവാണ് “ദൈവാലയത്തിൻ്റെ തിരശ്ശീല മുകൾതൊട്ട് അടിയോളവും രണ്ടായി ചീന്തിപ്പോയത്.” (മർക്കൊ, 15:38). ദൈവത്തിന്റെ തേജസ്സ് ഇറങ്ങിവന്നിരുന്ന തിരുനിവാസത്തിൽ ആണ്ടിലൊരിക്കൽ മഹാപുരോഹിതനു മാത്രമായിരുന്നു പ്രവേശനമുണ്ടായിരുന്നത്. തിരുനിവാസത്തെ സാമാന്യ ജനത്തിൽനിന്ന് വേർതിരിച്ചിരുന്നത് ഈ തിരശ്ശീലയായിരുന്നു. അതു കീറുകവഴി ദൈവത്തിനും മനുഷ്യനും ഇടയിലുള്ള മറയും നീങ്ങിപ്പോയി, മദ്ധ്യസ്ഥനും നീങ്ങിപ്പോയി. തൽസ്ഥാനത്ത് ഏതു നേരത്തും ആർക്കും പ്രവേശിക്കാവുന്ന ജീവനുള്ള ഒരു പൂതുവഴി തുറന്നു. (എബ്രാ, 10:16-19).
ക്രിസ്തുവിൻ്റെ പുനരാഗമനത്തോടുള്ള ബന്ധത്തിൽ നിവർത്തിയാകുവാനുള്ള അനവധി പ്രവചനങ്ങൾ പഴയനിയമത്തിലുണ്ട്. അതൊക്കെ മാറിപ്പോകാവുന്നതല്ല; അതിനു നിവർത്തി വരുമ്പോൾ ദൈവവചനവും ഒപ്പം ദൈവമക്കളും ഇവിടെനിന്ന് മാറ്റപ്പെടും. തന്മൂലം താഴെ താരതമ്യം ചെയ്യപ്പെടുന്ന ‘പഴയനിയമം’ ക്രിസ്തുവിൻ്റെ വീണ്ടെടുപ്പുവേല അഥവാ ക്രൂശുമരണത്തോടു കൂടി നിവർത്തിയായ പഴയനിയമമാണ്.
താരതമ്യം
1. പഴയനിയമം (2കൊരി, 3:14) <=> പുതിയനിയമം (2കൊരി, 3:6).
2. ഒന്നാമത്തെ നിയമം (എബ്രാ, 8:7, 10:9) <=> രണ്ടാമത്തെ നിയമം (എബ്രാ, 8:7, 10:9).
3. നിഴൽ (കൊലൊ, 2:14,17) <=> സ്വരൂപം (എബ്രാ, 10:1).
4. മോശെയുടെ ന്യായപ്രമാണം (അപ്പൊ, 13:38,39) <=> ക്രിസ്തുവിൻ്റെ ന്യായപ്രമാണം (ഗലാ, 6:2).
5. മോശെ മുഖാന്തിരം ലഭിച്ചു (യോഹ, 1:17) <=> യേശുക്രിസ്തു മുഖാന്തിരം ലഭിച്ചു (എബ്രാ, 8:6,9:15,യോഹ, 1:17).
6. അഹരോന്യ പൌരോഹിത്യം (എബ്രാ, 7:11) <=> മല്കിസെദേക്കിൻ്റെ ക്രമപ്രകാരമുള്ള പൌരോഹിത്യം (എബ്രാ, 5:5-10, 7:21).
7. ബലഹീന പൌരോഹിത്യം (എബ്രാ, 7:28) <=> തികവുള്ളതും മാറാത്തതുമായ പൌരോഹിത്യം (എബ്രാ, 7:28, 7:24).
8. മനുഷ്യൻ നിർമ്മിച്ച കൂടാരത്തിൽ ശുശ്രൂഷിക്കുന്നു (എബ്രാ, 9:2) <=> ദൈവം നിർമ്മിച്ച സത്യകൂടാരത്തിൽ ശുശ്രൂഷിക്കുന്നു.(എബ്രാ, 8:2).
9. പഴയനിയമ കൂടാരം കൈപ്പണി ആയിരുന്നു. (എബ്രാ, 9:11) <=> പുതിയനിയമ കൂടാരം, ഈ സ്യഷ്ടിയിൽ ഉൾപ്പെടാത്തതും വലിപ്പവും തികവുമേറിയതും കർത്താവ് തന്നെ സ്ഥാപിക്കുകയും ചെയ്ത സത്യകൂടാരം (എബ്രാ, 9:11, 8:2).
10. ന്യായപ്രമാണം; പ്രവാചകൻമാരിൽ കൂടെ അരുളിചെയ്തു (എബ്രാ, 1:1) <=> പുതിയനിയമം; പുത്രൻ മുഖാന്തിരം അരുളിചെയ്തു (എബ്രാ, 1:1).
11. ന്യായപ്രമാണത്താൽ നീതി വരുന്നില്ല (പ്രവൃ, 13:19) <=> വിശ്വസിക്കുന്ന ഏവന്നും നീതീകരിക്കപ്പെടുന്നു. (പ്രവൃ, 13:19).
12. ന്യായപ്രമാണത്താൽ പാപത്തിന്റെ പരിജ്ഞാനമത്രേ ലഭിക്കുന്നു (ഗലാ, 2:21) <=> കൃപയുടെ പ്രമാണത്താൽ പാപമോചനം ലഭിക്കുന്നു (കൊലൊ, 1:14).
13. ന്യായപ്രമാണം ക്രിസ്തുവിന്റെ അടുക്കലേക്കു നടത്തുന്ന ശിശുപാലകൻ (ഗലാ, 3:24) <=> കൃപയുടെനിയമം ക്രിസ്തുവിൽ തികഞ്ഞ പുരുഷനാക്കുന്നു (എഫെ, 4:12).
14. രക്ഷ തരുന്നില്ല (എബ്രാ, 10:2-4) <=> നിത്യമായ രക്ഷ (എബ്രാ, 5:9, 10:10).
15. ചെലവുള്ള കർമ്മങ്ങൾ (എബ്രാ, 5:1, 9:9) <=> സൌജന്യദാനം (എഫെ, 2:8, വെളി, 22:17).
16. അന്യരക്തം (എബ്രാ, 9:25) <=> യേശുവിൻ്റെ സ്വന്തരക്തം (എബ്രാ, 9:12).
17. പഴയനിയമ യാഗം മനസാക്ഷിയിൽ പൂർണ്ണ സമാധാനം വരുത്തുന്നില്ല (എബ്രാ, 9:9) <=> പുതിയനിയമയാഗം പാപപരിഹാരം വരുത്തുകയും മനസാക്ഷിയെ ശുദ്ധീകരിക്കുകയും പൂർണ്ണസമാധാനം ഉളവാക്കുകയും ചെയ്യുന്നു (എബ്രാ, 9:26,14,9).
18. ന്യായപ്രമാണം; കല്പലകയിൽ എഴുതി (2കൊരി, 3:6) <=> പുതിയ നിയമം; ഹൃദയം എന്ന മാംസപ്പലകയിൽ എഴുതി (2കൊരി, 3:3, എബ്രാ, 8:10).
19. അക്ഷരത്തിൻ്റെ ശുശ്രൂഷകൻമാർ (2കൊരി, 3:9) <=> ആത്മാവിൻ്റെ ശുശ്രൂകൻമാർ (2കൊരി, 3:6).
20. ശിക്ഷാവിധിയുടെ ശുശ്രൂഷ (2കൊരി, 3:9) <=> നീതിയുടെ ശുശ്രൂഷ (2കൊരി, 3:9).
21. മരണ ശുശ്രൂഷ (2കൊരി, 3:7) <=> ആത്മാവിൻ്റെ ശുശ്രൂഷ (2കൊരി, 3:8).
22. പഴയനിയമം; പ്രവൃത്തിയാൽ (ഗലാ, 3:10) <=> പുതിയനിയമം; വിശ്വാസത്താൽ (ഗലാ, 3:1-14).
23. മോശെയുടെ പുസ്തകം വായിക്കുമ്പോൾ മൂടുപടം ഹൃദയത്തിൻ കിടക്കുന്നു (2കൊരി, 3:15) <=> കൎത്താവിങ്കലേക്കു (പുതിയനിയമം) തിരിയുമ്പോൾ മൂടുപടം നീങ്ങിപ്പോകും (2കൊരി, 3:16).
24. ന്യായപ്രമാണം; ബലഹീനം, നിഷ്പ്രയോജനം, നീക്കം, ജീർണ്ണം, കുറവ്, അപൂർണ്ണം, ശാപം, ജഡസംബന്ധമായവ, പഴയത് (എബ്രാ, 7:11,15,18,19 8:13, ഗലാ, 3:13) <=> പൂർണ്ണമായി രക്ഷിപ്പാൻ കഴിയുന്നതും കുറവില്ലാത്തതുമാകുന്നു (എബ്രാ, 7:25,8:7).
25. ക്രിസ്തുവിനോട് കൂടെ അവസാനിച്ചു (റോമ, 10:4) <=> ക്രിസ്തുവിനോട് കൂടെ ആരംഭിച്ചു. (എബ്രാ, 8:6, 10:9).
26. ന്യായപ്രമാണം; പൂർത്തിവരുത്താൻ കഴിയാത്തത് (എബ്രാ, 7:19, 10:1) <=> പുതിയനിയമം; സദാകാലത്തേക്കും സൽഗുണപൂർത്തി വരുത്തിയിരിക്കുന്നു (എബ്രാ, 10:14).
“മരത്തിന്മേൽ തൂങ്ങുന്നവൻ എല്ലാം ശപിക്കപ്പെട്ടവൻ” (ആവ, 21:22) എന്നു എഴുതിയിരിക്കുന്നതുപോലെ ക്രിസ്തു നമുക്കുവേണ്ടി ശാപമായിത്തീർന്നു. ന്യായപ്രമാണത്തിന്റെ ശാപത്തിൽനിന്നു നമ്മെ വിലെക്കു വാങ്ങി.” (ഗലാത്യർ 3:13).
.
One thought on “പഴയനിയമവും പുതിയനിയമവും”