☛ ആധുനിക അന്യഭാഷയ്ക്ക് രണ്ട് ചരിത്രമുണ്ട്. 1901-ലെ പെന്തെക്കൊസ്ത് ചരിത്രവും, 1926-ലെ കത്തോലിക്കാ ചരിത്രവും. ഇവ തമ്മിലുള്ള താരതമ്യവും, പെന്തെക്കൊസ്ത് അന്യഭാഷാഭാഷണ ചരിത്രത്തിൻ്റെ പാളിപ്പോയ പിന്നാമ്പുറ കഥകളും അറിയാം:
📌 പെന്തെക്കൊസ്ത് അന്യഭാഷയും കത്തോലിക്കാ അന്യഭാഷയും ഒരു താരതമ്യം:
➦ ആധുനിക അന്യഭാഷാഭാഷണത്തിന് രണ്ട് ചരിത്രങ്ങളാണുള്ളത്: ആദ്യത്തേത്; 1901-ൽ അമേരിക്കയിലെ കൻസാസ് സിറ്റിയിലെ റ്റോപ്പിക്കയിൽ വെച്ച് (Topeka, Kansas, USA), “ആഗ്നസ് ഓസ്മാൻ” എന്ന പതിനെട്ടു വയസ്സുകാരി പെൺകുട്ടിയിലൂടെയും (യഥാർത്ഥ വയസ്സ് 30. ജനനനം: 1870. സംഭവം 1901), രണ്ടാമത്തത്; 1926-ൽ ജർമ്മനിയിലെ ബവേറിയയിലെ കൊന്നേർസ്രൂത്ത് (Konnersreuth, Bavaria, Germany) എന്ന ഗ്രാമത്തിൽവെച്ച് “തെരേസാ ന്യൂമാൻ” എന്ന ഇരുപത്തെട്ട് വയസ്സുകാരിയിലൂടെയുമാണ് (ജനനം: 1898 ഏപ്രിൽ 8).
☛ ഒന്നാം ചരിത്രം ”പെന്തെക്കൊസ്ത് അന്യഭാഷ” ഇങ്ങനെ: “ഇരുപതാം നൂറ്റാണ്ടിലെ പെന്തെക്കൊസ്ത് പ്രവർത്തനങ്ങളെക്കുറിച്ചുള്ള പഠനങ്ങളൊക്കെ 1901 ജനുവരി ഒന്നിനു കൻസാസ് സിറ്റിയിലെ റ്റോപ്പിക്കയിൽ ചാൾസ് പർഹാം നടത്തിയ ബഥേൽ ബൈബിൾ കോളേജിലെ വിദ്യാർത്ഥിനിയായ “ആഗ്നസ് ഓസ്മാൻ” അന്യഭാഷ പറയുന്ന സംഭവത്തോടുകൂടിയാണ് ആരംഭിക്കുന്നത്. ആ വർഷം (1900-ൽ) അവരുടെ കോളേജിലെ വിദ്യാർത്ഥികൾ പരിശുദ്ധാത്മാവിനെപ്പറ്റി നടത്തിയ ഒരു പഠനത്തിൽ അന്യഭാഷാഭാഷണം പരിശുദ്ധാത്മ സ്നാനത്തിന്റെ പ്രത്യക്ഷ അടയാളമാണെന്ന നിഗമനത്തിൽ അവർ എത്തിച്ചേർന്നിരുന്നു. ആണ്ടറുതി യോഗത്തിൽ പതിനെട്ട് വയസ്സുള്ള ആഗ്നസ് (അവളുടെ അദ്ധ്യാപകനോടും സഹ വിദ്യാർത്ഥികളോടും “ഞാൻ അന്യഭാഷയിൽ സംസാരിച്ചുകൊണ്ട് പരിശുദ്ധാത്മസ്നാനം പ്രാപിക്കേണ്ടതിന് എന്റെ തലയിൽ കൈവയക്കുക” എന്ന് ആവശ്യപ്പട്ടു. അവർ ആഗ്നസിന്റെ തലയിൽ കൈവച്ചു പ്രാർത്ഥിച്ചു. പെട്ടെന്നുതന്നെ അവൾ അന്യഭാഷയിൽ സംസാരിച്ചു തുടങ്ങി. ആദ്യദിവസം ആഗ്നസ് ചൈനീസ് ഭാഷയാണ് സംസാരിച്ചത്. ഇംഗ്ലീഷ് അവളുടെ നാവിൽ വന്നതേയില്ല. എന്താണ് നിന്റെ അനുഭവം എന്നു സഹപാഠികൾ അവളോടു ചോദിച്ചു. അതിനവൾ മറുപടി പറഞ്ഞതും ചൈനീസിൽ തന്നെ. ഇംഗ്ലീഷ് മാത്രമറിയാവുന്ന പെൺകുട്ടിയായിരുന്നു ആഗ്നസ്. കാര്യങ്ങൾ എഴുതി കാണിക്കാൻ സഹപാഠികൾ അവളോട് ആവശ്യപ്പെട്ടു. അവിടെ അത്ഭുതം വീണ്ടും ആവർത്തിക്കപ്പട്ടു. ചൈനീസ് ഭാഷയിലാണ് അവൾ എഴുതിയതും. (അന്ന് പത്രങ്ങൾ ആഗ്നസ് ഓസ്മാന്റെ ‘ചൈനീസ് എഴുത്തുകൾ’ ബ്ലോക്കെടുത്തു പ്രസിദ്ധീകരിച്ചിരുന്നു). രണ്ടാം ദിവസം മിസ്സ് ഓസ്മാൻ ബോഹീമിയൻ ഭാഷ സംസാരിച്ചു തുടങ്ങി. ക്രമേണ ഓരോ ദിവസവും കഴിഞ്ഞപ്പോൾ അവളുടെ സഹപാഠികൾ ഓരോരുത്തരായി അന്യഭാഷകളിൽ സംസാരിച്ചുതുടങ്ങി. ഭാഷകൾക്ക് വ്യാഖ്യാനമുണ്ടായി. (എന്നാൽ മറ്റുള്ളവർ അന്യഭാഷകളിൽ സംസാരിക്കുന്നതു കണ്ട് മിസ്സ് ഓസ്മാൻ അത്ഭുതപ്പട്ടു. കാരണം അവൾ ചിന്തിച്ചത് ഈ വരം അവൾക്കുമാത്രം നൽകപ്പെട്ടതാണെന്നാണ്).” ⟦സാജു മാത്യു, കേരള പെന്തെക്കൊസ്തു ചരിത്രം, പേജ് 24⟧.
☛ ലേഖകൻ വിവരിച്ചിരിക്കുന്ന ഈ അന്യഭാഷയുടെ ചരിത്രം പരിശോധിച്ചാൽ, വേദപുസ്തകവുമായിട്ടോ, പെന്തക്കൊസ്തു നാളിലെ അന്യഭാഷയുമായിട്ടോ, യാതൊരു ബന്ധവുമില്ലെന്ന് മനസ്സിലാക്കാൻ സാധിക്കും:
𝟭. ആഗ്നസ് ഓസ്മാനെന്ന സ്വീകർത്താവ് അദ്ധ്യാപകനോടും സഹപാഠികളോടും തന്റെ തലയിൽ കൈ വെയ്ക്കാൻ ആവശ്യപ്പെടുകയാണ് ചെയ്യുന്നത്. ഇത് വേദപുസ്തകത്തിൽ ഒരിടത്തുമില്ലാത്ത കാര്യമാണ്. അപ്പൊസ്തലന്മാർ പരിശുദ്ധാത്മാവിനും (പ്രവൃ, 8:17), കൃപാവരങ്ങൾക്കും (19:6) വേണ്ടി തലയിൽ കൈവെച്ചിട്ടുണ്ട്. അതാരും ആവശ്യപ്പെട്ടിട്ടല്ല, ആത്മനിയോഗപ്രകാരമാണ് അവരത് ചെയ്തത്.
𝟮. ചൈനീസ് ഭാഷ സംസാരിക്കുകയും, ആ ഭാഷയിൽ മറുപടി പറയുകയും, ആ ഭാഷതന്നേ എഴുതിക്കാണിക്കുകയും, ഓരോ ദിവസവും വ്യത്യസ്ഥ ഭാഷകൾ സംസാരിക്കുകയും ചെയ്തു. ഇതും ബൈബിളിൽ ഒരിടത്തും കാണാത്ത കാര്യമാണ്.
𝟯. ആഗ്നസും മറ്റുള്ളവരും ഒരുമിച്ചിരുന്നാണ് ആത്മസ്നാനത്തിന്റെ പ്രത്യക്ഷമായ അടയാളമാണ് അന്യഭാഷയെന്ന് പഠിച്ചത്. എന്നിട്ടും അന്യഭാഷ ലഭിച്ചപ്പോൾ ആഗ്നസ് ഓസ്മാന്റെ സങ്കുചിത മനോഭാവം കണ്ടോ? ഈ വരം അവൾക്കുമാത്രം നൽകപ്പെട്ടതാണെന്നാണ് അവൾ ചിന്തിച്ചത്. ഇത് വേദപുസ്തകം വെളിപ്പെടുത്തുന്ന ദൈവത്തിന്റെ ആത്മാവ് തന്നെയോ? ആത്മാവ് താൻ ഇച്ഛിക്കുന്നതുപോലെയാണ് അവനവന് വരം പകുത്തുകൊടുത്തിരുന്നത്: (1കൊരി, 12:11). ആഗ്നസിന് ലഭിച്ചത് ഏതോ സ്വാർത്ഥതയുടെ ആത്മാവാണ്.
𝟰. ഇതിൽ ഏറ്റവും അബദ്ധം എന്താണെന്ന് ചോദിച്ചാൽ: ആഗ്നസ് ഓസ്മാൻ അന്യഭാഷ എഴുതി എന്നുള്ളതാണ്. അന്യഭാഷ എഴുതുന്നതിനെക്കുറിച്ച് യാതൊരു സൂചനയും വചനത്തിൽ ഇല്ലെന്ന് മാത്രമല്ല; ബൈബിൾ പറയുന്ന അന്യഭാഷയെന്ന കൃപാവരത്തിന് വിരുദ്ധവുമാണിത്. പെന്തെക്കൊസ്തിലുണ്ടായ അന്യഭാഷ കേൾവിക്കാർക്ക് അവരവരുടെ ഭാഷകളിൽൽ മനസ്സിലായി: (പ്രവൃ, 2:11). അല്ലാതെ, അവരെ എഴുതിക്കാണിക്കാൻ ആവശ്യമുണ്ടായിരുന്നില്ല. ➟കൊരിന്ത്യരിൽ “അന്യഭാഷയിൽ സംസാരിക്കുന്നവൻ മനുഷ്യരോടല്ല ദൈവത്തോടത്രേ സംസാരിക്കുന്നു; ആരും തിരിച്ചറിയുന്നില്ലല്ലോ; എങ്കിലും അവൻ ആത്മാവിൽ മർമ്മങ്ങളെ സംസാരിക്കുന്നു” എന്ന് പൗലൊസ് പറഞ്ഞിട്ടുണ്ട്: (1കൊരി, 14:2). അല്ലാതെ, അന്യഭാഷയിൽ എഴുതുന്നവൻ ദൈവത്തിന് എഴുത്തെഴുതുന്നു എന്ന് ഒരിടത്തും പറഞ്ഞിട്ടില്ല. ➟ഇതും നോക്കുക: 1കൊരി, 14:4; 14:13; 14:19; 14:27).
☛ രണ്ടാം ചരിത്രം “കത്തോലിക്കാ അന്യഭാഷ” ഇങ്ങനെ: “ഒരു ജർമ്മൻ കത്തോലിക്കാ മിസ്റ്റിക്കും ‘പഞ്ചക്ഷതാനുഭവിയും’ (stigmatist) ആയിരുന്നു ‘തെരേസ ന്യൂമാൻ’ (1898-1962) ജർമ്മനിയിൽ ബവേറിയയിലെ കൊന്നേർസ്രൂത്ത് എന്ന ഗ്രാമത്തിൽ ജനിച്ച അവർ ജീവിതകാലം ചെലവഴിച്ചത് അവിടെയാണ്. ഒരു നിർദ്ധന കുടുംബത്തിൽ 1898-ലെ ദുഃഖവെള്ളിയാഴ്ച ജനിച്ച തെരേസയ്ക്ക് ഇരുപതാം വയസ്സിൽ സംഭവിച്ച വീഴ്ചയെ തുടർന്ന് കാഴ്ച നഷ്ടപ്പെടുകയും ശരീരം തളർന്നു പോവുകയും ചെയ്തു. ക്രമേണ കാഴ്ചശക്തിയും ശരീരസൗഖ്യവും തിരികെ കിട്ടിയ അവർ, 1923-ൽ കത്തോലിക്കാ വിശുദ്ധയായ ‘ലിസ്യൂവിലെ കൊച്ചുത്രേസ്യ’ തനിക്കു പ്രത്യക്ഷപ്പെട്ട് സൗഖ്യം തന്നതാണെന്ന് അവകാശപ്പെട്ടു. ദിവസേന പ്രഭാതത്തിൽ സ്വീകരിച്ചിരുന്ന വിശുദ്ധ കുർബ്ബാനയുടെ അപ്പം ഒഴിച്ചുള്ള ഭക്ഷണപാനീയങ്ങൾ അവർ 1923 മുതൽ ഉപേക്ഷിച്ചെന്നും, എങ്കിലും ക്ഷീണമോ ശരീരക്ഷയമോ ഇല്ലാതെയിരുന്നെന്നും പറയപ്പെടുന്നു. 1926-ൽ അവരുടെ കൈകാലുകളിലും ഹൃദയഭാഗത്തും, ക്രൂശിതനായ യേശുവിന്റെ പഞ്ചക്ഷതങ്ങൾക്കു സമാനമായ മുറിവുകൾ പ്രത്യക്ഷപ്പെട്ടു. വെള്ളിയാഴ്ചകളിൽ പതിവായി ലഭിച്ചിരുന്ന ഒരാത്മീയദർശനത്തിൽ തെരേസ, യേശുവിന്റെ പീഡാസഹനങ്ങളുടെ അനുഭവത്തിലൂടെ കടന്നു പോയി. ജർമ്മൻ ഭാഷ മാത്രം അറിയാമായിരുന്ന അവർ ഈ ദർശനവേളകളിൽ അരമായ, ഗ്രീക്ക്, എബ്രായ ഭാഷകളിലെ വാക്കുകൾ ഉരുവിട്ടിരുന്നതായി പറയപ്പെടുന്നു. ⟦”ഒരു യോഗിയുടെ ആത്മകഥ”പരമഹംസ യോഗാനന്ദൻ, ജെയ്ക്കോ ബുക്കസ്, അദ്ധ്യായം 39 പുറങ്ങൾ 360-61⟧
☛ പെന്തെക്കൊസ്തുകാരുടെ അന്യഭാഷാചരിത്രം സത്യമാണെന്ന് വിശ്വസിക്കാമെങ്കിൽ, കത്തോലിക്കരുടെ അന്യഭാഷാ ചരിത്രത്തിന് എന്താണ് കുഴപ്പം? ആഗ്നസ് ഓസ്മാൻ രണ്ടു ഭാഷകൾ സംസാരിച്ചുവെങ്കിൽ, തെരാസാ ന്യൂമാൻ മൂന്നു ഭാഷകൾ സംസാരിച്ചു. ആഗ്നസ് ഓസ്മാൻ ചൈനീസും, ബോഹീമിയനുമാണ് സംസാരിച്ചതെങ്കിൽ; തെരാസാ ന്യൂമാൻ ബൈബിൾ മൂലഭാഷകളാണ് സംസാരിച്ചത്. ആഗ്നസ് ഓസ്മാൻ അന്യഭാഷ എഴുതിക്കാണിച്ചു; ബൈബിളിൽ ഒരിടത്തും അന്യഭാഷ എഴുതിയതായിട്ട് കാണുന്നില്ല; തെരാസാ ന്യൂമാനും അന്യഭാഷ ഏഴുതിയില്ല. തമ്മിൽ ഭേദം കത്തോലിക്കരുടെ അന്യഭാഷ തന്നെയല്ലേ? ഇവിടെ വചനവിരുദ്ധമായത് ഒന്നും കാണാനില്ല.
☛ എങ്കിലും പെന്തെക്കൊസ്തുകാർ പറയുന്നത്: കത്തോലിക്കർ രക്ഷിക്കപ്പെട്ടവരല്ല; അതുകൊണ്ട് അവരുടെ അന്യഭാഷ വ്യാജമാണ്; ഞങ്ങളുടെ അന്യഭാഷ മാത്രമാണ് സത്യം എന്നാണ്. ഇതിലെന്ത് ന്യായമാണുള്ളത്?
📌 അന്യഭാഷാഭാഷണ ചരിത്രത്തിൻ്റെ പാളിപ്പോയ പിന്നാമ്പുറ കഥകൾ:
➦ “കേരള പെന്തെക്കൊസ്തു ചരിത്രത്തിൽ” സാജു മാത്യു വിട്ടുകളഞ്ഞ അല്ല; വിഴുങ്ങിക്കളഞ്ഞ ചില തട്ടിപ്പുകളുണ്ട്. ചെറിയ ചരിത്രത്തോടൊപ്പം വലിയ തട്ടിപ്പുകളും ഈ അന്യഭാഷാഭാഷണ ചരിത്രത്തിലുണ്ട്. ➟അതെന്താണെന്ന് നോക്കാം:
𝟭. ആഗ്നസ് സംസാരിച്ചതും എഴുതിയതും ചൈനീസ് ഭാഷയാണെന്ന് പർഹാമും അന്ന് അവിടെയുണ്ടായിരുന്നവരും വിശ്വസിക്കുകയും പത്രങ്ങളിലൂടെ അവകാശപ്പെടുകയും ചെയ്തിരുന്നു. അന്നത്തെ ചില പത്രങ്ങൾ (ഉദാ: Topeka State Journal) ആഗ്നസ് എഴുതിയ അടയാളങ്ങളുടെ ചിത്രങ്ങൾ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.
☛ എന്നാൽ ഭാഷാശാസ്ത്രജ്ഞരും (Linguists) ചൈനീസ് ഭാഷാ വിദഗ്ദ്ധരും ഈ എഴുത്തുകൾ പരിശോധിച്ചപ്പോൾ അത് ചൈനീസ് ഭാഷയല്ലെന്നും, നിലവിലുള്ള ഒരു മനുഷ്യഭാഷയുമായും അതിന് ബന്ധമില്ലെന്നും വ്യക്തമാക്കി.
𝟮. ആഗ്നസ് ഓസ്മാൻ ചൈനീസും ബോഹീമിയനും സംസാരിച്ചുവെന്നാണ് അവകാശപ്പെട്ടതെങ്കിൽ, ബഥേൽ ബൈബിൾ കോളേജിലുണ്ടായിരുന്ന മറ്റ് വിദ്യാർത്ഥികളും അധ്യാപകരും ലോകത്തിലെ ഇരുപതോളം വ്യത്യസ്ത ഭാഷകൾ സംസാരിച്ചതായി പർഹാമും അദ്ദേഹത്തിന്റെ അനുയായികളും അവകാശപ്പെട്ടിരുന്നു. ഫ്രഞ്ച്, ജർമ്മൻ, സ്വീഡിഷ്, സ്പാനിഷ്, ഇറ്റാലിയൻ, ഹംഗേറിയൻ (വിവിധ യൂറോപ്യൻ ഭാഷകൾ), ജപ്പാനീസ്, കൊറിയൻ, ഹിന്ദി, ബംഗാളി, മലായാളം ഉൾപ്പെടെയുള്ള ഏഷ്യൻ ഭാഷകൾ, വിവിധ ആഫ്രിക്കൻ, അലാസ്കൻ (എസ്കിമോ) പ്രാദേശിക ഭാഷകൾ മുതലായവ.
𝟯. തങ്ങൾ സംസാരിക്കുന്നത് യഥാർത്ഥ വിദേശ ഭാഷകളാണെന്നും, ഇനി ഭാഷ പഠിക്കാതെ തന്നെ ചൈനയിലും മറ്റ് വിദേശ രാജ്യങ്ങളിലും പോയി സുവിശേഷം പ്രസംഗിക്കാമെന്നുമാണ് പർഹാമും ശിഷ്യന്മാരും കരുതിയിരുന്നത്. എന്നാൽ പിന്നീട് വിദേശങ്ങളിൽ പോയ മിഷനറിമാർക്ക് അവിടെയുള്ള ആളുകളോട് സംസാരിക്കാൻ സാധിച്ചില്ല. തുടർന്ന് ഇത് ലോകത്തിലെ യഥാർത്ഥ ഭാഷകളല്ല, പ്രത്യുത, ദൈവവുമായുള്ള ആത്മീയ സംഭാഷണത്തിനുള്ള അന്യഭാഷകളാണ് എന്ന വിശദീകരണത്തിലേക്ക് അവർ മലക്കം മറിയുകയാണ് ചെയ്തത്.
☛ അപ്പോൾ യഥാർത്ഥത്തിൽ പർഹാമിൻ്റെ ബൈബിൾ സ്കൂളിൽ സംഭവിച്ചത് എന്താണ്?
➦ ആഗ്നസ് ഓസ്മാൻ ഏതോ പൈശാചിക ഉന്മാദാവസ്ഥയിൽ പിച്ചും പേയും പുലമ്പിയതായിരുന്നു. അവർ മലക്കം മറിഞ്ഞതുപോലെ ദൈവത്തോട് സംസാരിക്കുന്ന. ആരുംതിരിച്ചറിയാത്ത ഭാഷയായിരുന്നില്ല. അതിന് പല തെളിവുകളുണ്ട്:
𝟭. ദൈവത്തോട് സംസാരിക്കുന്ന ഭാഷയായിരുന്നെങ്കിൽ, അത് ചൈനീസ്, ബോഹീമിയൻ ഭാഷകളായിരുന്നു എന്ന് പറയുമായിരുന്നില്ല.
𝟮. സഹപാഠികളുടെ ചോദ്യത്തിന് അന്യഭാഷയിൽ ഉത്തരം പറയാൻ കഴിയില്ലായിരുന്നു. കാരണം, ചോദ്യം ആഗ്നസിന് മനസ്സിലാകുമെങ്കിലും, ഉത്തരം സഹപാഠികൾക്ക് മനസ്സിലാകില്ല. പരിശുദ്ധാത്മാവിനാലുള്ള അന്യഭാഷ വ്യാഖ്യാനം കൂടാതെ മനസ്സിലാകില്ല. വ്യാഖ്യാനവരം ആർക്കും ലഭിച്ചതായി പറഞ്ഞിട്ടില്ല.
𝟯. ദൈവത്തോട് മാത്രം സംസാരിക്കുന്ന ഒരു ഭാഷയ്ക്ക് ലിപി ഉണ്ടാകില്ല. ഇനി ലിപി ഉണ്ടാകുമെന്ന് വാദിച്ചാലും, യഥാർത്ഥ ആത്മാവാണ് അവളിൽ ഉണ്ടായിരുന്നതെങ്കിൽ, ആർക്കും മനസ്സിലാകാത്ത ഒരു ഭാഷ എഴുതി അത് പത്രങ്ങളിൽ പ്രസിദ്ധപ്പെടുത്തി സഭയ്ക്ക് അപമാനം വരുത്താൻ ശ്രമിക്കില്ലായിരുന്നു.
𝟰. അവൾ എഴുതിയത് ലോകത്തിൽ ഇല്ലാത്ത ഭാഷയാണെന്ന് ഭാഷാ വിദഗ്ധർ കണ്ടെത്തി. അപ്പോൾ അവർ സംസാരിച്ചതും വ്യാജഭാഷയാണെന്ന് വ്യക്തമാണ്. സംസാരിച്ചത് വ്യാജമാണെന്നതിൻ്റെ തെളിവാണ്, അതേ ആത്മാവിൽ എഴുതിയത് തെറ്റിപ്പോയത്.
𝟱. പർഹാമും ആഗ്നസ്സും മറ്റ് ശിഷ്യഗണങ്ങളുംകൂടി ലോകത്തുള്ള ഇരുപതിലേറെ ഭാഷകളിൽ സംസാരിച്ചതായി അവർതന്നെ അവകാശപ്പെട്ടു. എന്നാൽ ഒന്നുപോലും തെളിയിക്കപ്പെട്ടില്ല. അത് ബൈബിൾ പറയുന്ന ദൈവത്തോട് സംസാരിക്കുന്ന ഭാഷയിരുന്നെങ്കിൽ, ഇരുപതിലേറെ ഭാഷകളുടെ പേർ ഒരിക്കലും പറയില്ലായിരുന്നു. പറഞ്ഞ സ്ഥിതിക്ക് അവർക്ക്, അല്ലെങ്കിൽ, അവരിൽ വ്യാപരിച്ചിരുന്ന ആത്മാവിന് അത് തെളിയിക്കാൻ ബാധ്യതയുണ്ട്. എന്നാൽ അവർക്ക് ഒന്നും സാധിക്കാതെ മലക്കം മറിയുകയാണ് ചെയ്തതത്.
☛ തന്മൂലം, അവളിലും അവരിലും അന്ന് വ്യാപരിച്ചിരുന്നതും, അവരുടെ അനുയായികളിലൂടെ ഇന്നും അന്യഭാഷയെന്ന കോമാളിവേഷം കെട്ടിയാടുന്നതും പരിശുദ്ധാത്മാവല്ല; ദുരാത്മാവാണെന്ന് ഭാഷണവും വാക്കുകളും കൂടാതെ ആർക്കും മനസ്സിലാക്കാം.
☛ ഒന്നുകൂടി വ്യക്തമായി പറഞ്ഞാൽ: പർഹാമിൻ്റെ സ്കൂളിൽ ചരിത്രപരമായി ഉണ്ടായി എന്നവകാശപ്പെടുന്നതും അവർ വ്യാജമായി സംസാരിച്ച ഭാഷയുമല്ല ഇന്നത്തെ പെന്തൊക്കൊസ്തുഖാർ സംസാക്കുന്ന അന്യഭാഷ. അവർ സംസാരിച്ചതും എഴുതിയതും ലിപിയുള്ള ഭാഷയായിരുന്നു. അവരുടെ വ്യാജം ചരിത്രപരമായി പൊളിഞ്ഞപ്പോൾ (ലോകഭാഷകളല്ല എന്ന് തെളിഞ്ഞപ്പോൾ) അവർ മലക്കംമിഞ്ഞ് ദൈവത്തോട് സംസാരിക്കുന്ന ഭാഷയാണെന്ന് ഭോഷ്ക്ക് പറയുകയാണ് ചെയ്തത്. ➟ആ ഭോഷ്ക്കാണ് ഇന്നത്തെ പെന്തെക്കൊസ്തുകാർ എടുത്തിട്ടലക്കുന്ന വിഴുപ്പ്. ➟അതായത്, സാത്താന്യ ഭോഷ്കിലൂടെ ഒരു ചരിത്രമുണ്ടാക്കാൻ നോക്കി; അത് പാളിപ്പോയി. അപ്പോൾ വീണത് വിദ്യയാക്കിയതാണ് ഇന്നത്തെ വ്യാജ അന്യഭാഷ.
☛ ഇതൊന്നും കൊണ്ട് വ്യാജഭാഷാവരം നില്ക്കുമെന്ന് ഈയുള്ളവൻ കരുതുന്നില്ല. ദൈവം നീക്കിക്കളഞ്ഞിട്ടും ഉണ്ടെന്ന വ്യാജേന സഹവിശ്വാസികളെയും നാട്ടുകാരെയും കൊഞ്ഞനംകുത്തുന്ന ഈ ഭാഷ ഇനിയും കൂടത്തേയുള്ളൂ. സത്യവിശ്വാസം ദുർബലപ്പെട്ടുപോയാലും ഒരു അന്ധവിശ്വാസവും ഇല്ലാതകാൻ പോകുന്നില്ല; എന്തെന്നാൽ അന്ധവിശ്വാസത്തിന്മേൽ അഴിഞ്ഞാടുന്നത് ഈ ലോകത്തിൻ്റെ ദൈവമാണ്. അവൻ തനിക്ക് ഇനി അല്പകാലംകൂടി മാത്രമേ ഉള്ളെന്ന് അറിഞ്ഞുകൊണ്ട് സകല മനുഷ്യരെയും ദുരുപദേശത്തിലേക്ക് ഉദ്യമിപ്പിച്ചുകൊണ്ടിരിക്കും.
☛ ഇന്നത്തെ പെന്തെക്കൊസ്തുകാരുടെ വഞ്ചന:
➦ പെന്തെക്കൊസ്തുകാർ വിശ്വാസികളെ വഞ്ചിക്കുന്നത്: പെന്തെക്കൊസ്തുനാളിൽ അപ്പൊസ്തലന്മാർക്കുണ്ടായ പരിശുദ്ധാത്മാവിലൂടെയുള്ള അനുഭവമാണ് ഇതെന്ന് പറഞ്ഞുകൊണ്ടാണ്. എന്നാൽ ഇത് വായിക്കുന്ന ആരും തെറ്റിപ്പോകാതിരിക്കാൻ ഞാൻ ആ സത്യം പറയാം. ഇവരുടെ ഭാഷയ്ക്ക് പെന്തെക്കൊസ്തുനാളിലെ അന്യഭാഷയുമായി യാതൊരു ബന്ധവുമില്ല. സഭാ ചരിത്രത്തിൽ “നവപ്രവചനം” (New Prophecy) അല്ലെങ്കിൽ “മോണ്ടനിസം” (Montanism) എന്നറിയപ്പെടുന്ന ഒരു പാഷാണ്ഡ പ്രസ്ഥാനം രണ്ടാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ ഏകദേശം എ.ഡി. 156-177 കാലത്ത് നിലനിന്നിരുന്നു.
☛ അതിന്റെ സ്ഥാപകൻ മോണ്ടനസ് (Montanus) ആയിരുന്നു. പ്രിസ്ക (Prisca/Priscilla), മാക്സിമില്ല (Maximilla) എന്ന രണ്ട് സ്ത്രീ അനുയായികളും പുള്ളിക്കുണ്ടായിരുന്നു. ഒരു ക്ഷേത്രത്തിലെ പൂജാരിയായിരുന്ന മോണ്ടാനസ്, പിന്നീട് ക്രിസ്ത്യാനിയാവുകയും തന്നിൽ പരിശുദ്ധാത്മാവ് പ്രത്യേകമായി ഇറങ്ങിവന്നുവെന്ന് അവകാശപ്പെടുകയും ചെയ്തു. തുടർന്ന് ഇയാൾ ബോധരഹിതനാവുകയും, തീവ്രമായ വികാരത്തോടെ അന്യഭാഷകളിൽ സംസാരിക്കുകയും, ഭാവികാര്യങ്ങൾ പ്രവചിച്ചുകൊണ്ട് സംസാരിക്കുകയും ചെയ്യുമായിരുന്നു. “തങ്ങളിലൂടെ നേരിട്ട് സംസാരിക്കുന്നത് ദൈവമാണെന്നും, തങ്ങളുടെ പ്രവചനങ്ങൾ ബൈബിളിനേക്കാൾ ഉപരിയാണെന്നും” ഈ ദുരുപദേശകർ അവകാശപ്പെട്ടിരുന്നു.
☛ ഏകദേശം 20–21 വർഷമായപ്പോൾ AD 177-ൽ പാഷണ്ഡത (Heresy) മുദ്രകുത്തി സഭ അവരെ പുറത്താക്കി. പിന്നെയും ഈ പ്രസ്ഥാനം ഉൾഗ്രാമങ്ങളിൽ തഴച്ചുവളർന്നു. ആറാം നൂറ്റാണ്ടിൽ (എ.ഡി 530-കളിൽ) ജസ്റ്റിനിയൻ ചക്രവർത്തി (Emperor Justinian) മോണ്ടാനിസ്റ്റുകളെ അടിച്ചമർത്താൻ സൈന്യത്തെ അയച്ചപ്പോൾ, കഠിനമായ പീഡനം ഭയന്ന് നിരവധി മോണ്ടാനിസ്റ്റുകൾ തങ്ങളുടെ ആരാധനാലയങ്ങൾക്ക് തീയിട്ട് അതിനുള്ളിൽ കിടന്ന് കൂട്ടത്തോടെ ആത്മഹത്യ ചെയ്യുകയുണ്ടായി.
☛ ബൈബിളിലെ അന്യഭാഷയും, പെന്തെക്കൊസ്ത് അന്യഭാഷയും:
➦ ബൈബിളിലെ അന്യഭാഷ പൗലൊസിൻ്റെ പ്രവചനംപോലെ, പൂർണ്ണമായ ദൈവത്തിൻ്റെ വചനം (ബൈബിൾ) വന്നപ്പോൾ നിന്നുപോയി: (1കൊരി, 13:8-110). അതായത്, എ.ഡി. 96-ൽ യോഹന്നാൻ പത്മോസിൽവെച്ച് അവസാനത്തെ പുസ്തകമായ വെളിപ്പാട് പുസ്തകം എഴുതി അവസാനത്തെ കുത്തിട്ടപ്പോൾ, പൂർണ്ണമായതു വരികയും അംശമായ വരങ്ങൾ നീങ്ങിപ്പോകുകയും പൗലൊസിൻ്റെ പ്രവചനം അന്നേ നിവൃത്തിയാകുകയും ചെയ്തു.
☛ എന്നാൽ മോണ്ടനസ് (Montanus) എന്ന പാഷാണ്ഡിയിലൂടെ ഉണ്ടായ അന്യഭാഷയാണ് 1901-ൽ പുനർജനിച്ചതും ഉണ്ടെന്ന വ്യാജേന ഇന്നും പെന്തെക്കൊസ്തുകാർ തുടർന്നുപോരുന്നതും. ഇവരുടെ പ്രവചനങ്ങൾ വ്യാജമാണെന്ന് 2019-ലെ ആണ്ടറുതി യോഗത്തിൽ ചരിത്രപരമായി തെളിയിക്കപ്പെട്ടതാണ്. 2020-ൽ അനുഗ്രഹം വരുന്നെന്ന് പെന്തെക്കൊസ്തിലെ എല്ലാ വ്യാജന്മാരും ഒരുമിച്ച് പ്രവചിച്ചതാണ്. അത് കൊറോണ കൊണ്ടുപോയി. ഒരു പ്രവചനം ഒത്തു വന്നില്ലെങ്കിൽ അത് വ്യാജമാണെന്ന് ബൈബിൾ പറയുന്നു. അന്യഭാഷകളും വ്യാജമാണെന്ന് അവരുടെ മത്സരിച്ചുള്ള അന്യഭാഷകൾ കേട്ടിലറിയാം. ഇത് പഠിച്ചും കേട്ടും പറയുന്ന വ്യാജഭാഷകൾ മാത്രമാണ്.
☛ ബൈബിൾ വെളിപ്പെടുത്തുന്ന അന്യഭാഷ നിന്നുപോയിട്ട് ഇന്നേക്ക് ഏകദേശം 1930 വർഷങ്ങളായി. കാണുക: “പുർണ്ണമായത് എന്താണ്?”