ന്യായാധിപസംഘം

ന്യായാധിപസംഘം (Sanhedrin)

സിനെഡ്രിയൊൻ (synedrion) എന്ന ഗ്രീക്കുപദത്തിന്റെ എബ്രായ ലിപ്യന്തരണമാണ് സൻഹെദ്രിൻ. സൻഹെദ്രിൻ മലയാളത്തിൽ ന്യായാധിപസംഘം (മത്താ, 26:59) അഥവാ ന്യായാധിപസഭയാണ്. (മത്താ, 5:22). യേശുവിന്റെ കാലത്തും അതിനു മുമ്പും യെരൂശലേമിൽ സമ്മേളിച്ചിരുന്ന യെഹൂദന്മാരുടെ പരമോന്നത ന്യായാധിപസഭ അഥവാ സുപ്രിം കോടതിയായിരുന്നു അത്. (മത്താ, 26:59; മർക്കൊ, 14:55; ലൂക്കൊ, 22:66; യോഹ, 11:47; പ്രവൃ, 4:15; 5:21; 6:21; 22:30; 23:1; 24:20). 

മോശെയെ സഹായിപ്പാൻ തിരഞ്ഞെടുത്ത എഴുപതു മൂപ്പന്മാരിൽ നിന്നാണ് ഇതിന്റെ ഉത്പത്തി എന്നു കരുതപ്പെടുന്നു. (സംഖ്യാ, 11:16- 24). പ്രവാസാനന്തരം എസ്രാ അതിനെ പുനഃസംവിധാനം ചെയ്തു. പ്രാദേശിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനുളള അധികാരം പാർസികൾ യെഹൂദന്മാർക്കു നല്കി. (എസ്രാ, 7:25, 26; 10:14). എസ്രായിലെ മൂപ്പന്മാരും (5:5, 9; 6:7, 14; 10:8) നെഹെമ്യാവിലെ പ്രമാണിമാരും (2:16; 4:14, 19; 5:7; 7:5) ഇതുപോലൊരു സഭയായി പ്രവർത്തിച്ചു. ഈ സംഘം അഥവാ സഭ വിവിധ പേരുകളിൽ നിലനിന്നു. സെലൂക്യസ് രാജാക്കന്മാരുടെ കാലത്ത് സൻഹെദ്രിനുമായി മഹാനായ അന്ത്യൊക്കസ് (ബി.സി. 223-187) ഇടപെട്ടിരുന്നതായി ജോസീഫസ് രേഖപ്പെടുത്തിയിട്ടുണ്ട്. മക്കാബ്യരുടെ കാലത്ത് സമൂഹത്തെ ബാധിച്ചിരുന്ന നിർണ്ണായക കാര്യങ്ങളിൽ തീരുമാനങ്ങൾ എടുക്കുന്ന ഒരു സഭ മഹാപുരോഹിതൻ്റെ അഗ്രാസനാധിപത്യത്തിൽ പ്രവർത്തിച്ചിരുന്നതായി തെളിവുണ്ട്. റോമൻ ഭരണകാലത്ത് വിശാലമായ അധികാരങ്ങൾ ഈ സഭയ്ക്കുണ്ടായിരുന്നു. ജൂലിയസ് സീസർ യെഹൂദാനാടു മുഴുവൻ സൻഹെദ്രിൻ സംഘത്തിൻ്റെ അധികാരപരിധിയിൽ പെടുത്തി. ബി.സി. ഒന്നാം നൂറ്റാണ്ടിന്റെ അവസാനമാണ് സുനെഡ്രിയൊൻ എന്ന് അറിയപ്പെടാൻ തുടങ്ങിയത്. മഹാനായ ഹെരോദാവിന്റെ കാലത്ത് അതിന്റെ അധികാരങ്ങളെ വെട്ടിച്ചുരുക്കി. നാടുവാഴികളുടെ കാലത്ത് (എ.ഡി. 6-60) സൻഹെദ്രിനു വ്യാപകമായ അധികാരം ഉണ്ടായിരുന്നു. ആഭ്യന്തരഭരണം സൻഹെദ്രിന്റെ കയ്യിലായിരുന്നു. 

മത്തായി 5:22; 10:17; മർക്കൊസ് 13:9 എന്നീ വാക്യങ്ങളിലെ ന്യായാധിപസഭ പ്രാദേശിക കോടതികളാണ്. അതിൽ കുറഞ്ഞത് ഏഴു മൂപ്പന്മാരുണ്ടായിരിക്കും. വലിയ പട്ടണങ്ങളിലെ ന്യായാധിപസയിൽ 23 മൂപ്പന്മാർ വരെ കാണും. ഉന്നതസംഘത്തിൽ 71 അംഗങ്ങളുണ്ടായിരുന്നു. ജഡ്ജി അഥവാ അദ്ധ്യക്ഷൻ മഹാപുരോഹിതനാണ്. അർദ്ധവൃത്താകൃതിയിൽ കൂടുന്ന സംഘത്തിൻ്റെ മദ്ധ്യത്തിലാണ് മഹാപുരോഹിതൻ ഇരിക്കുന്നത്. മഹാപുരോഹിതൻ്റെ വലത്തുഭാഗത്ത് പ്രതിഭാഗവും ഇടത്തുഭാഗത്ത് വാദിഭാഗവും ഇരിക്കും. ഇടത്തുഭാഗത്തുള്ളവർ പ്രതിക്ക് പരമാവധി ശിക്ഷ കൊടുക്കാൻ വാദിക്കുമ്പോൾ, വലത്തുഭാഗത്തുള്ളവർ കുറ്റവാളിയെ ശിക്ഷകൂടാതെ വിടുവിച്ചെടുക്കാനാണ് ശ്രമിക്കുന്നത്. കുറ്റവാളിക്ക് പ്രതീക്ഷയുള്ള സ്ഥലമാണ് വലത്തുഭാഗം. അഥവാ, പാപികൾക്ക് കരണ ലഭിക്കുന്ന ഇടം. ”യേശു ദൈവത്തിൻ്റെ വലത്തുഭാഗത്തു ഇരിക്കുന്നു’’ (മർക്കൊ, 16:19; പ്രവൃ, 2:33) എന്നു പറഞ്ഞിരിക്കുന്നതിനെ ഇതിനോടു ചേർത്ത് മനസ്സിലാക്കാം. സഹോദരന്മാരെ രാപ്പകൽ ദൈവ സന്നിധിയിൽ കുറ്റം ചുമത്തുന്ന ഒരപവാദിയും സ്വർഗ്ഗത്തിലുള്ളത് ഓർക്കുക. (വെളി, 12:10). എ.ഡി. 70-ൽ സൻഹെദ്രിൻ നിർത്തലാക്കുകയും തൽസ്ഥാനത്ത് ബേത്ത്-ദീൻ സ്ഥാപിക്കുകയും ചെയ്തു. 

സൻഹെദ്രിന്റെ ഘടന കാലാകാലങ്ങളിൽ മാറിക്കൊണ്ടിരുന്നു. ആദ്യകാലത്ത് സദൂക്യപുരോഹിതന്മാർ മാത്രമാണ് അതിലുണ്ടായിരുന്നത്. പിന്നീടു പരീശന്മാരെയും ശാസ്ത്രിമാരെയും ഉൾക്കൊള്ളിച്ചു. പൗരാണിക കുടുംബങ്ങളിലെ പ്രഭുക്കന്മാരായിരുന്നു അതിലെ അംഗങ്ങൾ. ഹെരോദാവിന്റെ കാലത്ത് പരീശന്മാർ ഈ സഭയിൽ പ്രബലരായി. യേശുക്രിസ്തുവിന്റെ കാലത്ത് യെരൂശലേമിലെ ന്യായാധിപസഭയിൽ മഹാപുരോഹിതന്മാരും (സ്ഥാനം വഹിക്കുന്നവരും സ്ഥാനം ഒഴിഞ്ഞവരും) മഹാപുരോഹിതന്മാരെ എടുക്കുന്ന കുടുംബങ്ങളിലെ അംഗങ്ങളും മൂപ്പന്മാരും ശാസ്ത്രിമാരും ഉൾപ്പെട്ടിരുന്നു. അദ്ധ്യക്ഷൻ മഹാപുരോഹിതനായിരുന്നു. യേശുവിന്റെ വിസ്താരസമയത്ത് കയ്യഫാവും പൗലൊസിന്റെ വിസ്താരസമയത്ത് അനന്യാസും (പ്രവൃ, 23:2) അദ്ധ്യക്ഷന്മാരായിരുന്നു. ആദ്യകാലത്ത് മഹാപുരോഹിതനു പരമാധികാരം ഉണ്ടായിരുന്നു. പില്ക്കാലത്ത് ആ സ്ഥിതി മാറി. ശിക്ഷ നല്കുവാനുള്ള അധികാരം ന്യായാധിപസഭയ്ക്കുണ്ടായിരുന്നു. സൻഹെദ്രിനു കീഴിലുള്ള ഉദ്യോഗസ്ഥന്മാരെ അയച്ച് അവർ കുറ്റക്കാരെ പിടിച്ചിരുന്നു. (മത്താ, 26:47; മർക്കൊ, 14:43; പ്രവൃ, 4:1; 5:17; 9:2). വധശിക്ഷ ഒഴികെ ഏതു ശിക്ഷയും നല്കി വ്യവഹാരത്തിനു തീർപ്പുകല്പിക്കുവാൻ അവർക്കു അധികാരം ഉണ്ടായിരുന്നു. വധശിക്ഷ നല്കുന്നതിന് നാടുവാഴിയുടെ സ്ഥിരീകരണം ആവശ്യമാണ്. (യോഹ . 18:31). സാധാരണനിലയിൽ ന്യായാധിപസഭയുടെ തീരുമാനം തന്നെയായിരിക്കും നാടുവാഴിയുടേതും. ന്യായാധിപസഭയുമായി ബന്ധപ്പെട്ട് നടന്ന ഒരേയൊരു വധശിക്ഷ പുതിയ നിയമത്തിൽ നടന്നതു യേശുവിന്റേതാണ്. എന്നാൽ അതിന്റെ നിർവഹണം നാടുവാഴിയായിരുന്നു. സ്തെഫാനൊസിനെ കൊന്നത് നിയമവിരുദ്ധമായ ജനരോഷമാണ്. 

ന്യായാധിപസഭ കൈകാര്യം ചെയ്തിട്ടുള്ള കാര്യങ്ങളിൽ അധികവും മതപരമാണ്. യേശുവിൽ ദൈവദൂഷണം ആരോപിച്ചു (മത്താ, 26:57; ലൂക്കൊ, 22:70-32:12; യോഹ, 19:7), തെറ്റായ ഉപദേശം പഠിപ്പിക്കുന്നു എന്നു പത്രോസിനെയും യോഹന്നാനെയും കുറ്റപ്പെടുത്തി (പ്രവൃ, 4), മോശെയുടെ ന്യായപ്രമാണം ലംഘിക്കുന്നു എന്നു പൗലൊസിനെ കുറ്റപ്പെടുത്തി (പ്രവൃ, 22-24). ചിലപ്പോൾ നികുതി പിരിക്കുന്നതിനുള്ള ചുമതലയും ന്യായാധിപ സഭയ്ക്കണ്ടായിരുന്നു. ന്യായാധിപസഭയുടെ സമ്മേളനത്തിന് നിശ്ചിത സമയവും സ്ഥലവും ഉണ്ടായിരുന്നു. പ്രാദേശിക കോടതികൾ ആഴ്ചയിലെ രണ്ടും അഞ്ചും ദിവസങ്ങളിൽ സമ്മേളിച്ചു. ഉന്നതസഭ എന്നാണ് സമ്മേളിച്ചിരുന്നതെന്നു നമുക്കറിയില്ല. പെരുന്നാളുകളിലും ശബ്ബത്തുകളിലും അവർ സമ്മേളിച്ചിരുന്നില്ല. സഭ അർദ്ധവൃത്താകൃതിയിലാണ് ഇരിക്കുന്നത്. വധശിക്ഷ വേണ്ടിവരുന്ന കാര്യങ്ങളിൽ മോചനത്തിനുള്ള വാദങ്ങൾ ആദ്യം അവതരിപ്പിക്കുകയും അതിനുശേഷം കുറ്റം തെളിയിക്കാനുള്ള വാദങ്ങൾ അവതരിപ്പിക്കുകയും ചെയ്യും. പ്രതിക്കനുകൂലമായി പറയുന്ന വ്യക്തിക്ക് പിന്നീട് അഭിപ്രായം മാറ്റാൻ അനുവാദമില്ല. എന്നാൽ പ്രതിക്ക് വിരോധമായി പറയുന്ന വ്യക്തിക്ക് വോട്ടു മാറ്റി ചെയ്യാം. എണീറ്റുനിന്നാണ് വോട്ടു ചെയ്യുന്നത്. പ്രതിയെ വെറുതെ വിടുന്നതിന് സാധാരണ ഭൂരിപക്ഷം മതി. എന്നാൽ ശിക്ഷിക്കുന്നതിന് 2/3 ഭൂരിപക്ഷം വേണമായിരുന്നു. 

യേശുവിൻ്റെ കാര്യത്തിൽ സൻഹെദ്രിൻ നടപടിക്രമങ്ങളെല്ലാം ലംഘിച്ചു. പ്രതിഭാഗം വാദിഭാഗം വ്യത്യാസമില്ലാതെ ഒറ്റവിധിയായിരുന്നു. (മർക്കൊ, 10:33; യോഹ, 19:7). “നിന്ദ എന്റെ ഹൃദയത്തെ തകർത്തു, ഞാൻ ഏറ്റവും വിഷാദിച്ചിരിക്കുന്നു; വല്ലവന്നും സഹതാപം തോന്നുമോ എന്നു ഞാൻ നോക്കിക്കൊണ്ടിരുന്നു; ആർക്കും തോന്നിയില്ല; ആശ്വസിപ്പിക്കുന്നവരുണ്ടോ എന്നും നോക്കിക്കൊണ്ടിരുന്നു; ആരെയും കണ്ടില്ലതാനും.” (സങ്കീ, 69:20). “ഞാൻ നോക്കി എങ്കിലും സഹായിപ്പാൻ ആരുമില്ലായിരുന്നു; ഞാൻ വിസ്മയിച്ചു നോക്കി എങ്കിലും തുണെപ്പാൻ ആരെയും കണ്ടില്ല; അതുകൊണ്ടു എന്റെ ഭുജം തന്നേ എനിക്കു രക്ഷ വരുത്തി; എന്റെ ക്രോധം തന്നേ എനിക്കു തുണനിന്നു.” (യെശ, 63:5). “ആരും ഇല്ലെന്നു അവൻ കണ്ടു പക്ഷവാദം ചെയ്‌വാൻ ആരും ഇല്ലായ്കയാൽ ആശ്ചര്യപ്പെട്ടു; അതുകൊണ്ടു അവന്റെ ഭുജം തന്നേ അവന്നു രക്ഷവരുത്തി, അവന്റെ നീതി അവനെ താങ്ങി.” (യെശ, 59:16). “കർത്താവേ, ഞങ്ങൾ കേൾപ്പിച്ചതു ആർ വിശ്വസിച്ചിരിക്കുന്നു? കർത്താവിന്റെ ഭുജം ആർക്കു വെളിപ്പെട്ടിരിക്കുന്നു?” എന്നു യെശയ്യാപ്രവാചകൻ പറഞ്ഞ വചനം നിവൃത്തിയാവാൻ ഇടവന്നു.” (യോഹ, 12:38; യെശ, 53:1). 

അവർ കണ്ണുകൊണ്ടു കാണുകയോ ഹൃദയംകൊണ്ടു ഗ്രഹിക്കയോ മനം തിരികയോ താൻ അവരെ സൌഖ്യമാക്കുകയോ ചെയ്യാതിരിക്കേണ്ടതിന്നു അവരുടെ കണ്ണു അവൻ കുരുടാക്കി ഹൃദയം തടിപ്പിച്ചിരിക്കുന്നു.(യോഹന്നാൻ 12:40; യെശ, 6:9,110). 

Leave a Reply

Your email address will not be published.