☛ ജാതികളായ സകലമനുഷ്യരും രക്ഷപ്രാപിപ്പാനും സത്യത്തിന്റെ പരിജ്ഞാനത്തിൽ എത്തുവാനും ദൈവം ഇച്ഛിക്കുന്നതും പൗലൊസിനെ ഭരമേല്പിച്ചതുമായ സുവിശേഷം ഇതാണ്: “ദൈവം സകല മനുഷ്യരും രക്ഷ പ്രാപിപ്പാനും സത്യത്തിന്റെ പരിജ്ഞാനത്തിൽ എത്തുവാനും ഇച്ഛിക്കുന്നു. ദൈവം ഒരുവനല്ലോ; ദൈവത്തിനും മനുഷ്യർക്കും മധ്യസ്ഥനും ഒരുവൻ: എല്ലാവർക്കുംവേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നെ. തക്കസമയത്തു അറിയിക്കേണ്ട ഈ സാക്ഷ്യത്തിനായി ഞാൻ പ്രസംഗിയും അപ്പൊസ്തലനുമായി, ഭോഷ്കല്ല, പരമാർഥംതന്നെ പറയുന്നു, ജാതികളെ വിശ്വാസവും സത്യവും ഉപദേശിപ്പാൻ നിയമിക്കപ്പെട്ടിരിക്കുന്നു.” (1തിമൊ, 2:4-7). സകലമനുഷ്യരും രക്ഷപ്രാപിപ്പാനും സത്യത്തിന്റെ പരിജ്ഞാനത്തിൽ എത്തുവാനും ദൈവം ഇച്ഛിക്കുന്നതായ ഈ സുവിശേഷം അറിയിക്കാനാണ് പൗലൊസിനെ ദൈവം ജാതികളുടെ അപ്പൊസ്തലനാക്കിയത്. പൗലൊസ് അറിയിച്ച ഈ സുവിശേഷത്തിലൂടെ സഭയ്ക്കകത്ത് കടന്നുകൂടിയ ജാതികൾ, അവൻ പഠിപ്പിച്ച ഒരേയൊരു ദൈവമായ പിതാവിനെ തള്ളി, മനുഷ്യനായ ക്രിസ്തുയേശുവിനെയും ദൈവമാക്കി വേറൊരു സുവിശേഷം മെനഞ്ഞുണ്ടാക്കി. ഈ വേദഭാഗം ശ്രദ്ധയോടെ പഠിച്ചാൽ നാലുകാര്യങ്ങൾ കാണാൻ കഴിയും:
❶ ദൈവം ഇച്ഛിക്കുന്ന വസ്തുത:
➦ “ദൈവം സകല മനുഷ്യരും രക്ഷ പ്രാപിപ്പാനും സത്യത്തിന്റെ പരിജ്ഞാനത്തിൽ എത്തുവാനും ഇച്ഛിക്കുന്നു.” ദൈവം ജാതികളായ സകല മനുഷ്യർക്കുംവേണ്ടി ഒരുക്കിയ സുവിശേഷം ഇതാണ്. “നീ ഭൂമിയുടെ അറ്റത്തോളവും രക്ഷ ആകേണ്ടതിന്നു ഞാൻ നിന്നെ ജാതികളുടെ വെളിച്ചമാക്കി വെച്ചിരിക്കുന്നു” എന്നു കർത്താവു ഞങ്ങളോടു കല്പിച്ചിട്ടുണ്ടു എന്നു പറഞ്ഞു. ജാതികൾ ഇതു കേട്ടു സന്തോഷിച്ചു ദൈവവചനത്തെ മഹത്വപ്പെടുത്തി, നിത്യജീവന്നായി നിയമിക്കപ്പെട്ടവർ എല്ലാവരും വിശ്വസിച്ചു.” (പ്രവൃ, 13:47-48 – പ്രവൃ, 17:30-31)
❷ ജാതികൾ രക്ഷയ്ക്കായി അറിയേണ്ട വസ്തുത:
➦ “ദൈവം ഒരുവനല്ലോ; ദൈവത്തിനും മനുഷ്യർക്കും മധ്യസ്ഥനും ഒരുവൻ: എല്ലാവർക്കുംവേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നെ.” പിതാവായ ഏകദൈവവും ദൈവത്തിനും മനുഷ്യർക്കും മദ്ധ്യസ്ഥനായി നിന്നുകൊണ്ട്, മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശുവും നമുക്കുണ്ട് എന്നതാണ് ജാതികൾ തങ്ങളുടെ രക്ഷയ്ക്കായി അറിയേണ്ട സത്യം. ഇത് പൗലൊസല്ല ആദ്യം പറഞ്ഞത്; നമ്മുടെ കർത്താവായ യേശു സ്വന്തവായ്കൊണ്ട് പഠിപ്പിച്ചതാണ്: “ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു. ⁃ ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു.” (യോഹ, 17:3; യോഹ, 8:40 – 1കൊരി, 8:6 – 1യോഹ, 2:22-23; 2യോഹ, 1:9; 2യോഹ, 1:10).
☛ അതായത്, ദൈവം ഭരമേല്പിച്ചതും യേശുക്രിസ്തു മുന്നറിയിച്ചതും പൗലൊസ് അറിയിച്ചതുമാണ് ഈ സുവിശേഷം. ഈ സുവിശേഷത്തിൻ്റെ അടിസ്ഥാനമാണ് ദൈവം തൻ്റെ ക്രിസ്തുവിലൂടെഒരുക്കിയ മഹാപാപപരിഹാരയാഗം: “ക്രിസ്തു നമ്മുടെ പാപങ്ങൾക്കു വേണ്ടി തിരുവെഴുത്തുകളിൻ പ്രകാരം മരിച്ചു അടക്കപ്പെട്ടു തിരുവെഴുത്തുകളിൻ പ്രകാരം മൂന്നാംനാൾ ഉയിർത്തെഴുന്നേറ്റു.” (1കൊരി, 15:3-4). അതുകൊണ്ടാണ്, “ദാവീദിന്റെ സന്തതിയായി ജനിച്ചു മരിച്ചിട്ടു ഉയിർത്തെഴുന്നേറ്റിരിക്കുന്ന യേശുക്രിസ്തുവിനെ ഓർത്തുകൊൾക; അതു ആകുന്നു എന്റെ സുവിശേഷം” എന്ന് പൗലൊസ് പറഞ്ഞത്: (2തിമൊ, 2:8).
❸ പിതാവിൻ്റെയും പുത്രൻ്റെയും പ്രകൃതി:
➦ “ദൈവം ഒരുവനല്ലോ; ദൈവത്തിനും മനുഷ്യർക്കും മധ്യസ്ഥനും ഒരുവൻ: എല്ലാവർക്കുംവേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നെ.” പിതാവിൻ്റെയും പുത്രന്റെയും പ്രകൃതി (Nature) എന്താണെന്നാണ് പ്രസ്തുതഭാഗത്ത് പൗലൊസ് പറഞ്ഞിരിക്കുന്നത്. പിതാവ് ദൈവവും (Theos – God) ക്രിസ്തു മനുഷ്യനും (Anthropos – Man) ആണ്. “പിതാവാണ് ഒരെയൊരു ദൈവം“ (Father, the only true God), “ഞാൻ മനുഷ്യനാണു” (Man) എന്ന് ഖണ്ഡിതമായി പഠിപ്പിച്ചത് യേശുക്രിസ്തുവാണ്: (യോഹ, 17:3 – യോഹ, 8:40). ചിലർ വിചാരിക്കുന്നത് പിതാവ് പൂർണ്ണദൈവം, പുത്രൻ പൂർണ്ണദൈവം, പരിശുദ്ധാത്മാവ് പൂർണ്ണദൈവം എന്നാണ്. എന്നാൽ ഇങ്ങനെ പല പൂർണ്ണദൈവങ്ങൾ നമുക്കില്ല; സൽഗുണപൂർണ്ണനായ പിതാവായ ഏകദൈവമേ നമുക്കുള്ളൂ: (മത്താ, 5:48; യോഹ, 17:3; 1കൊരി, 8:6; എഫെ, 4:6). [കാണുക: പിതാവ് ഏകദൈവവും പുത്രൻ ഏകമനുഷ്യനും]
❹ പൗലൊസിൻ്റെ അപ്പൊസ്തലത്വത്തിൻ്റെ ഉദ്ദേശ്യം:
➦ “തക്കസമയത്തു അറിയിക്കേണ്ട ഈ സാക്ഷ്യത്തിനായി ഞാൻ പ്രസംഗിയും അപ്പൊസ്തലനുമായി, ഭോഷ്കല്ല, പരമാർഥംതന്നെ പറയുന്നു, ജാതികളെ വിശ്വാസവും സത്യവും ഉപദേശിപ്പാൻ നിയമിക്കപ്പെട്ടിരിക്കുന്നു.” തക്കസമയത്ത് അറിയേണ്ട ഈ സാക്ഷ്യത്തിനായാണ് അഥവാ, ജാതികളെ ഈ സത്യം ഉപദേശിപ്പാനും അതുമുഖാന്തരം അവർ രക്ഷപ്രാപിച്ച് സത്യത്തിൻ്റെ പരിജ്ഞാനത്തിൽ എത്തുവാനുമാണ് ദൈവം പൗലോസിനെ ജാതികളുടെ അപ്പൊസ്തലനാക്കിയത്: (റോമ, 11:13; ഗലാ, 2:8-9). എന്നാൽ ഈ സുവിശേഷത്തിലൂടെ സഭയ്ക്കകത്ത് ആദ്യമാദ്യം കടന്നുകൂടിയവർ തൻ്റെ മരണത്താൽ രക്ഷയെരുക്കിയ മനുഷ്യനായ ക്രിസ്തുയേശുവിനെയും ദൈവമാക്കി ബഹുദൈവത്തിൽ വിശ്വസിക്കുകയും, പിന്നീട് കടന്നുകൂടിയവർ പിതാവായ ഏകദൈവത്തെ തള്ളി മനുഷ്യനായ ക്രിസ്തുയേശുവിനെത്തന്നെ ഏകദൈവം ആക്കുകയും ചെയ്തു.
☛ ഏകദൈവത്തിൻ്റെയും ഏകമനുഷ്യനായ യേശുക്രിസ്തുവിൻ്റെയും സാക്ഷ്യം:
➦ “ഞാൻ മനുഷ്യനല്ല ദൈവം അത്രേ” എന്നാണ് യഹോവായ ഏകദൈവം പറയുന്നത്: (ഹോശേ, 11:9). യഹോവ “മനുഷ്യനും മനുഷ്യപുത്രനും അല്ലെന്നു” പഴയനിയമ ഭക്തന്മാരും പറയുന്നു: (സംഖ്യാ, 23:19;1ശമൂ, 15:29;ഇയ്യോ, 9:32). ➟എന്നാൽ പിതാവ് മാത്രമാണ് സത്യദൈവം (Father, the only true God), ഞാൻ മനുഷ്യനാണെന്ന് യേശുവും (യോഹ, 17:3 – യോഹ, 8:40), യേശു മനുഷ്യനും (യോഹ, 9:11), മനുഷ്യപുത്രനും (മത്താ, 8:29), വിശേഷാൽ, പുരുഷനുമാണെന്ന് തിരുവെഴുത്തുകളും വ്യക്തമാക്കുന്നു: (പ്രവൃ, 2:23). ഇതാണ് പൗലൊസ് അറിയിച്ച സുവിശേഷം.
☛ എൻ്റെ ദൈവവും നിങ്ങളുടെ ദൈവവും:
➦ പുനരുത്ഥാനംചെയ്ത കർത്താവ് തൻ്റെ യാഗമരണത്തിൻ്റെ സാക്ഷ്യവുമായി പിതാവിൻ്റെ അടുക്കൽ കരേറിപ്പോകുന്നതിന് മുമ്പായി, തൻ്റെ ശിഷ്യന്മാരോട് അറിയിക്കാൻ മഗ്ദലക്കാരത്തി മറിയത്തെ എല്പിച്ച ഒരു സുവിശേഷമുണ്ട്: “യേശു അവളോടു: എന്നെ തൊടരുതു; ഞാൻ ഇതുവരെ പിതാവിന്റെ അടുക്കൽ കയറിപ്പോയില്ല; എങ്കിലും നീ എന്റെ സഹോദരന്മാരുടെ അടുക്കൽ ചെന്നു: എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു എന്നു അവരോടു പറക എന്നു പറഞ്ഞു.” (യോഹ, 20:17). ഇവിടെ പ്രധാനപ്പെട്ട രണ്ട് കാര്യങ്ങൾ കാണാം:
𝟭. യേശു ശിഷ്യന്മാരെ “എൻ്റെ സഹോദരന്മാർ” എന്നാണ് സംബോധന ചെയ്തത്. യേശു ശിഷ്യന്മാരെ “എൻ്റെ സഹോദരന്മാർ” എന്ന് സംബോധന ചെയ്തിരിക്കുന്ന വേറെയും വാക്യങ്ങളുണ്ട്: (മത്താ, 12:49-50; മത്താ, 28:10). “വിശുദ്ധീകരിക്കുന്നവന്നും വിശുദ്ധീകരിക്കപ്പെടുന്നവർക്കും എല്ലാം ഒരുവനല്ലോ പിതാവു; അതു ഹേതുവായി അവൻ അവരെ സഹോദരന്മാർ എന്നു വിളിപ്പാൻ ലജ്ജിക്കാതെ:” (എബ്രാ, 2:11). ഈ വാക്യം ശ്രദ്ധിച്ചാൽ: നമ്മെ വിശുദ്ധീകരിക്കുന്ന യേശുവിൻ്റെയും വിശുദ്ധീകരിക്കപ്പെടുന്ന വിശ്വാസികളുടെയും പിതാവ് ഒരുവനാണ്. അതുകൊണ്ടാണ്, യേശു വിശ്വാസികളെ സഹോദരന്മാർ എന്ന് സംബോധന ചെയ്തത്. യേശുക്രിസ്തു വിശ്വാസികളുടെ “ആദ്യജാതൻ അല്ലെങ്കിൽ, മൂത്ത സഹോദരൻ” (Firstborn) ആണെന്ന് പൗലൊസും വ്യക്തമാക്കിയിട്ടുണ്ട്: (റോമ, 8:29).
𝟮. എൻ്റെ പിതാവും ദൈവവും നിങ്ങളുടെ പിതാവും ദൈവവും ഒരുവനാണ്. യേശു ദൈവത്തെ “എൻ്റെ ദൈവം” (My God) എന്ന് ക്രൂശിൽക്കിടന്നും സംബോധന ചെയ്യുകയുണ്ടായി: (മത്താ, 27:46; മർക്കൊ, 15:34). ബന്ധം വ്യത്യസ്തമാണെങ്കിലും യേശുക്രിസ്തുവിൻ്റെയും നമ്മുടെയും പിതാവും ദൈവവും ഒരുവനാണ്. ➟യേശുക്രിസ്തുവിൻ്റെ ദൈവത്തെക്കുറിച്ച് പത്രോസും (1Pet, 1:3) പൗലൊസും (Rom, 15:6; 2Cor, 1:3; 2Cor, 11:31; Eph, 1:3; Eph, 1:17; Col, 1:3) യോഹന്നാനും (Rev, 1:6) പഠിപ്പിച്ചിട്ടുണ്ട്. ➟പിതാവാണ്, “ഏകദൈവം” (യോഹ, 5:44), “പിതാവാണ് ഏകസത്യദൈവം” (യോഹ, 17:3), “ദൈവമായ കർത്താവിനെ മാത്രം ആരാധിക്കണം” (മത്താ, 4:10; ലൂക്കൊ, 4:8), “എൻ്റെ പിതാവ് മാത്രമാണ് സകലവും അറിയുന്നതു” എന്നൊക്കെയാണ് യേശു പഠിപ്പിച്ചത്: (മത്താ, 24:36). മേല്പറഞ്ഞ അഞ്ച് (4+1) വാക്യങ്ങൾ യേശു മോണൊസ് (Monos – Only) കൊണ്ടാണ് യേശു പറഞ്ഞിരിക്കുന്നത്. അതായത്, പിതാവ് “Monos Theos – The only God” ആണെന്നും “Pater ho monos alethinos Theos – Father, the only true God” ആണെന്നും യേശുക്രിസ്തു പഠിപ്പിച്ചാൽ, മറ്റൊരു ദൈവം സ്വർഗ്ഗത്തിലും ഭൂമിയിലും ഇല്ലെന്നാണ് അർത്ഥം. ഗ്രീക്കിലെ Monos-ഉം ഇംഗ്ലീഷിലെ Only-യും എന്ന മലയാളത്തിലെ ഒരേയൊരു, മാത്ര, തനിയെ എന്നീ പദങ്ങൾ മറ്റാരെയും ഉൾപ്പെടുത്താത്ത (Exclusive) പദങ്ങളാണ്. പിതാവ് എൻ്റെയും നിങ്ങളുടെയും ദൈവമാണെന്നും (യോഹ, 20:17), പിതാവ് എല്ലാവരിലും വലിയവനാണെന്നും (യോഹ, 10:29), പിതാവ് എന്നെക്കാൾ വലിയവനാണെന്നും (യോഹ, 14:28). ഞാൻ മനുഷ്യനാണെന്നുമാണ് യേശു പഠിപ്പിച്ചത്: (യോഹ, 8:40; മത്താ, 11:19; ലൂക്കൊ, 7:34). പിതാവ് ഏകദൈവവും പുത്രൻ മനുഷ്യനാണെന്നുമുള്ള അറിവാണ് സുവിശേഷം: (യോഹ, 17:3; 1കൊരി, 8:6; 1തിമൊ, 2:5-6).
☛ ബൈബിൾ വെളിപ്പെടുത്തുന്ന രക്ഷ:
➦ ദൈവം വൺനെസ്സാണെന്നോ, ത്രിത്വമാണെന്നോ വിശ്വസിക്കുന്നവരല്ല രക്ഷപ്രാപിക്കുന്നത്; ദൈവം ഏകനാണെന്ന് വിശ്വസിക്കുകയും ക്രിസ്തു നമുക്കുവേണ്ടി മരിച്ച മനുഷ്യനാണെന്ന് വിശ്വസിക്കുകയും ചെയ്യുന്നതാണ് ബൈബിൾ വെളിപ്പെടുത്തുന്ന രക്ഷ: (1തിമൊ, 2:4-7). പിതാവായ ദൈവം മാത്രമാണ് മരണമില്ലാത്തവൻ: (1തിമൊ, 6:16). പുത്രനായ യേശു മരിച്ചിട്ട് മൂന്നാം ദിവസം ദൈവത്താൽ ഉയിർപ്പിക്കപ്പെട്ടവനാണ്: “ദൈവം അവനെ (നസറായനായ യേശു) മൂന്നാം നാൾ ഉയിർത്തെഴുന്നേല്പിച്ചു,” (പ്രവൃ, 10:40). ഇതാണ് വിശ്വാസസത്യം: “യേശുവിനെ കർത്താവു എന്നു വായികൊണ്ടു ഏറ്റുപറകയും ദൈവം അവനെ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേല്പിച്ചു എന്നു ഹൃദയംകൊണ്ടു വിശ്വസിക്കയും ചെയ്താൽ നീ രക്ഷിക്കപ്പെടും. ഹൃദയം കൊണ്ടു നീതിക്കായി വിശ്വസിക്കയും വായികൊണ്ടു രക്ഷെക്കായി ഏറ്റുപറകയും ചെയ്യുന്നു.” (റോമ, 10:9-10). യേശുക്രിസ്തു അനാദ്യന്ത്യനും മരണമില്ലാത്തവനുമായ ദൈവം ആയിരുന്നെങ്കിൽ, ബൈബിളും ബൈബിൾ വെളിപ്പെടുത്തുന്ന രക്ഷയും ഒരു അന്ധവിശ്വാസമായി മാറുമായിരുന്നു. യേശുവിനെ ദൈവമാക്കുന്നതുവഴി സാത്താൻ ലക്ഷ്യമാക്കുന്നതും അതാണ്. [കാണുക: രക്ഷിതാവായ ഏകദൈവവും രക്ഷിതാവായ ഏകമനുഷ്യനും]
☛ ദൈവകൃപയും ഏകമനുഷ്യൻ്റെ കൃപയും:
➦ “ദൈവകൃപയും ഏകമനുഷ്യനായ യേശുക്രിസ്തുവിന്റെ കൃപയാലുള്ള ദാനവും അനേകർക്കുവേണ്ടി ഏറ്റവും അധികം കവിഞ്ഞിരിക്കുന്നു.” (റോമ, 5:15). ദൈവകൃപയും ഏകമനുഷ്യനായ യേശുക്രിസ്തുവിൻ്റെ കൃപയാലുള്ള ദാനവുമാണ് മനുഷ്യൻ്റെ രക്ഷ. അതുകൊണ്ടാണ്, “കർത്താവായ യേശുവിന്റെ കൃപയാൽ രക്ഷപ്രാപിക്കും എന്നു നാം വിശ്വസിക്കുന്നതുപോലെ അവരും (ജാതികളും) വിശ്വസിക്കുന്നു” എന്ന് പത്രൊസ് പറഞ്ഞത്. (പ്രവൃ, 15:11). നമ്മുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ ചുമന്നുകൊണ്ട് ക്രുശിൽമരിച്ച നസറായനായ യേശുവെന്ന പുരുഷനെയാണ് (Man), ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ച് നമ്മുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവും ആക്കി തൻ്റെ വലങ്കയ്യാൽ ഉയർത്തിയത്: (1പത്രൊ, 2:24 – പ്രവൃ, 2:23-24; 2:36; 5:31). അതുകൊണ്ടാണ്, പിതാവായ ഏകദൈവും യേശുക്രിസ്തു എന്ന ഏകകർത്താവും നമുക്കുണ്ടെന്ന് പൗലൊസ് പഠിപ്പിച്ചത്. (1കൊരി, 8:6). അതിനാലാണ്, പിതാവിനും പരിശുദ്ധാത്മാവിനും ഒപ്പം മനുഷ്യനായ ക്രിസ്തുയേശുവിൻ്റെ കൃപയും ആംശംസിക്കുന്നത്: (2കൊരി, 13:14 – 2യോഹ, 1:3). നമ്മുടെ ഏകദൈവം പിതാവും, നമ്മുടെ രക്ഷിതാവും കർത്താവുമായ പുത്രൻ ഏകമനുഷ്യനുമാണ്. (റോമ, 5:15). മരണമില്ലാത്ത ദൈവം മരിച്ചുവെന്ന് വിശ്വസിച്ചാൽ ആരെങ്കിലും രക്ഷപ്രാപിക്കുമോ? (1തിമൊ, 6:16).
☛ സ്വർഗ്ഗത്തെക്കാൾ ഉന്നതായിത്തീർന്നവൻ:
➦ നമുക്കുവേണ്ടി ദൈവത്തിനും മനുഷ്യർക്കുമിടിയിൽ മദ്ധ്യസ്ഥനായ മഹാപുരോഹിതനായി നിന്നുകൊണ്ട് തന്നെത്താൻ ദൈവത്തിനർപ്പിച്ചത് (1തിമൊ, 2:5-6) പരിശുദ്ധാത്മാവിനാൽ മറിയത്തിൽ ഉല്പാദിതനായ (മത്താ, 1:20; ലൂക്കൊ, 1:21), അവളുടെ ആദ്യജാതനായി ഉത്ഭവിച്ച (ലൂക്കൊ, 2:7), ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9), ദേഹവും (Soma – Body) ദേഹിയും (Psyche – Soul) ആത്മാവുമുള്ള (Spirit – Pneuma) പാപരഹിതനായ യേശുക്രിസ്തു എന്ന ഏകമനുഷ്യനാണ്: (1പത്രൊ, 2:24; മത്താ, 26:38; ലൂക്കൊ, 23:46; 1യോഹ, 3:5; റോമ, 5:15). എന്നാൽ ദൈവം അവനെ മരണത്തിൽനിന്ന് ഉയിർപ്പിച്ച് തൻ്റെ വലങ്കയ്യാൽ ഉയർത്തിയപ്പോൾ, ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്നവനായ യേശു എന്ന് പേരുള്ള മനുഷ്യൻ മഹത്വവും ബഹുമാനവും അണിയുകയും (യോഹ, 9:11; എബ്രാ, 2:9), ദൂതന്മാരെക്കാൾ ശ്രേഷ്ഠനാകുകയും (എബ്രാ, 1:4), സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള സകല അധികാരം ലഭിക്കുകയും (മത്താ, 28:18). സ്വർഗ്ഗത്തെക്കാൾ ഉന്നതനായിത്തീരുകയും ചെയ്തു. (എബ്രാ, 7:26). മനുഷ്യനായ ക്രിസ്തുയേശുവിനെ തള്ളുന്നവൻ സ്വന്തരക്ഷയാണ് തള്ളുന്നത്.
11 thoughts on “പൗലൊസ് അറിയിച്ച സുവിശേഷം”