സത്യദൈവം ഒന്നേ ആകാവൂ. ഒന്നിലധികം സത്യദൈവം എന്നത് യുക്തിവിരുദ്ധവും വചനവിരുദ്ധവും ആണ്. എന്നാൽ, ബൈബിളിലെ ഒരു വേദഭാഗം തെറ്റായി മനസ്സിലാക്കുകവഴി പിതാവും പുത്രനും രണ്ടുപേരും സത്യദൈവമാണെന്ന് അനേകരും വിശ്വസിക്കുന്നു. ആ വാക്യം ഇപ്രകാരമാണ്: “ദൈവപുത്രൻ വന്നു എന്നും സത്യദൈവത്തെ അറിവാൻ നമുക്കു വിവേകം തന്നു എന്നും നാം അറിയുന്നു; നാം സത്യദൈവത്തിൽ അവന്റെ പുത്രനായ യേശുക്രിസ്തുവിൽ തന്നേ ആകുന്നു. അവൻ സത്യദൈവവും നിത്യജീവനും ആകുന്നു.” (1യോഹ, 5:20). സത്യവേദപുസ്തകത്തിൽ, സത്യദൈവം എന്ന പ്രയോഗം മൂന്ന് പ്രാവശ്യമുണ്ട്. എന്നാൽ, ഗ്രീക്കിലും ഇംഗ്ലീഷിലും ഒരിക്കൽ മാത്രമാണ് സത്യദൈവം എന്ന പ്രയോഗം ഉള്ളത്. മലയാളത്തിലെ, പി.ഒ.സി, ബെഞ്ചമിൻ ബെയ്‌ലി, മലയാളബൈബിൾ നൂതനപരിഭാഷ, മാണിക്കത്തനാർ, വിശുദ്ധഗ്രന്ഥം, ഹെർമ്മൻ ഗുണ്ടർട്ട് തുടങ്ങിയ പരിഭാഷകളും കാണുക. 1യോഹന്നാൻ 5:20-ൻ്റെ വിശുദ്ധഗ്രന്ഥം പരിഭാഷയിലെ വാക്യം ചേർക്കുന്നു: “ദൈവത്തിന്‍റെ പുത്രന്‍ വന്നുവെന്നും, സത്യവാനെ അറിയുവാന്‍ നമുക്ക് ബോധം തന്നുവെന്നും നാം ആ സത്യവാനില്‍ അവന്‍റെ പുത്രനായ യേശു മശീഹായില്‍ ആയിരിക്കുമെന്നും നാം അറിയുന്നു. അവന്‍ സത്യദൈവവും നിത്യ ജീവനുമാകുന്നു.” ഇതാണ് ശരിയായ പരിഭാഷ. ഇത്, യോഹന്നാൻ അപ്പോസ്തലൻ ഏതെങ്കിലും വ്യക്തികൾക്ക് എഴുതുന്ന ലേഖനമല്ല; സഭയ്ക്ക് പൊതുവായി എഴുതുന്ന ലേഖനമാണ്. മലയാളത്തിൽ അർധവിരാമവും പൂർണ്ണ വിരാമവും ഇട്ടുകൊണ്ട്, വാക്യത്തെ മൂന്ന് ഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. അതിൻ്റെ ആദ്യ രണ്ടുഭാഗത്ത്, മൂന്നുപേരെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. ദൈവപുത്രനായ യേശു, സത്യവാനായ അഥവാ, സത്യദൈവമായ പിതാവ്, നമുക്ക്, നാം എന്നിങ്ങനെ എഴുത്തുകാരൻ ഉൾപ്പെടുന്ന സഭ. അവസാന ഭാഗത്ത്, “അവൻ സത്യദൈവവും നിത്യജീവനും ആകുന്നു” എന്നും പറഞ്ഞിട്ടുണ്ട്. അതായത്, അവസാനഭാഗത്ത് പറഞ്ഞിരിക്കുന്ന “അവൻ” പിതാവാണോ, പുത്രനാണോ എന്നാണ് നമുക്ക് കണ്ടെത്താനുള്ളത്.
സാധാരണനിലയിൽ അത് കണ്ടെത്താൻ ഭാഷയിൽ ഒരു മാർഗ്ഗമുണ്ട്. “അവൻ സത്യദൈവവും നിത്യജീവനും ആകുന്നു” എന്നതിലെ, “അവൻ” എന്ന പ്രഥമപുരുഷ സർവ്വനാമത്തിൻ്റെ ഉടയവനെ കണ്ടെത്തിയാൽ മതി. എന്നാൽ ഈ വേദഭാഗത്ത്, പുത്രനെയും പിതാവിനെയും പ്രഥമപുരുഷനിലാണ് പറഞ്ഞിരിക്കുന്നത്. നാമത്തിന് പകരം ഉപയോഗിക്കുന്ന പദങ്ങളാണ് സർവ്വനാമങ്ങൾ. അഥവാ, നാമം ആവർത്തിച്ച് ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന വിരസത ഒഴിവാക്കാനാണ് സർവ്വനാമം ഉപയോഗിക്കുന്നത്. മൂന്നുവിധത്തിലുള്ള സർവ്വനാമങ്ങളാണ് ഉള്ളത്. ഉത്തമപുരുഷൻ, മധ്യമപുരുഷൻ, പ്രഥമപുരുഷൻ. സംസാരിക്കുന്ന ആളാണ് ഉത്തമപുരുഷൻ.. ആരോട് സംസാരിക്കുന്നുവോ, ആ വ്യക്തിയാണ് മധ്യമപുരുഷൻ. ആരെക്കുറിച്ച് സംസാരിക്കുന്നുവോ, ആ വ്യക്തിയാണ് പ്രഥമപുരുഷൻ. എന്നാൽ ഈ വേദഭാഗത്ത്, ഉത്തമപുരുഷനായ യോഹന്നാൻ ഏതെങ്കിലും വ്യക്തികളോടല്ല സംസാരിക്കുന്നത്; സഭയോടാണ് പറയുന്നത്. അഥവാ, സഭയുടെ പ്രതിനിധിയായി നിന്നുകൊണ്ട്, നാം, നമുക്ക് എന്നിങ്ങനെ പൊതുവായി പറയുകയാണ്. എന്താണ് പറയുന്നത്: ദൈവത്തിൻ്റെ പുത്രൻ വന്ന് സത്യവാനെ അറിവാൻ അഥവാ, ദൈവത്തെ അറിവാൻ നമുക്ക് വിവേകം തന്ന കാര്യമാണ് പറയുന്നത്. അതായത്, ദൈവപുത്രനായ ക്രിസ്തു മുഖാന്തരം സത്യവാനായ പിതാവിനെക്കുറിച്ചറിയാൻ സഭയ്ക്ക് വിവേകം ലഭിച്ചതിനെക്കുറിച്ചാണ് പറയുന്നത്. (യോഹ, 1:18). അതിനാൽ, ഈ വേദഭാഗത്ത്, ഉത്തമപുരുഷനും മധ്യമപുരുഷനും യോഹന്നാൻ ഉൾപ്പെടുന്ന സഭയാണ്. പുത്രനും പിതാവും പ്രഥമപുരുഷനാണെന്നും മനസ്സിലാക്കാം. പുത്രനെയും പിതാവിനെയും പ്രഥമപുരുഷനിൽ പറഞ്ഞിരിക്കയാൽ, പ്രസ്തുതവാക്യത്തിലെ സത്യദൈവം പിതാവാണോ, പുത്രനാണോ എന്ന് ചിലർക്കെങ്കിലും സംശയം തോന്നാം. എന്നാൽ, ഈ വാക്യത്തിൽത്തന്നെ അതിനുള്ള പ്രതിവിധിയും യോഹന്നാൻ വ്യക്തമായി നല്കിയിട്ടുണ്ട്. വാക്യത്തിൻ്റെ രണ്ടാം ഭാഗം സത്യവേദപുസ്തകത്തിൽ ഇപ്രകാരമാണ്: നാം സത്യദൈവത്തിൽ അവന്റെ പുത്രനായ യേശുക്രിസ്തുവിൽ തന്നേ ആകുന്നു. വിശുദ്ധഗ്രന്ഥത്തിൽ: നാം ആ സത്യവാനില്‍ അവന്‍റെ പുത്രനായ യേശു മശീഹായില്‍ ആയിരിക്കും എന്നും കാണാം. രണ്ട് പരിഭാഷയിലും, പിതാവിന്, അവൻ എന്ന പ്രഥമപുരുഷ സർവ്വനാമം ആദ്യഭാഗത്തുതന്നെ ഉപയോഗിച്ചിട്ടുണ്ട്. എന്നിട്ടാണ്, അവൻ സത്യദൈവവും നിത്യജീവനും എന്ന് അവസാനഭാഗത്ത് പറയുന്നത്. തന്മൂലം, സത്യദൈവവും നിത്യജീവനും പിതാവാണെന്ന് അസന്ദിഗ്ധമായി മനസ്സിലാക്കാം. ഇവിടെ ശ്രദ്ധേയമായ മറ്റൊരു കാര്യം കാണാം: വാക്യത്തിൻ്റെ ആദ്യഭാഗങ്ങളിൽ, പുത്രനെ രണ്ടുപ്രാവശ്യം എഴുത്തുകാരൻ പ്രതിപാദിച്ചിട്ടുണ്ട്. എന്നാൽ, സർവ്വനാമം ഉപയോഗിക്കാതിരിക്കാൻ; ആദ്യഭാഗത്ത് ദൈവപുത്രനെന്ന സ്ഥാനനാമവും, രണ്ടാംഭാഗത്ത് യേശുക്രിസ്തു എന്ന സംജ്ഞാനാമവും ആണ് ഉപയോഗിച്ചിരിക്കുന്നത്. അതായത്, പിതാവിനെയും പുത്രനെയും പ്രഥമപുരുഷനിൽ പരാമർശിക്കുന്ന യോഹന്നാൻ, പുത്രന് പ്രഥമപുരുഷ സർവ്വനാമം ഉപയോഗിക്കിതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചുകൊണ്ട്, പിതാവാണ് സത്യദൈവം എന്ന് സ്ഫടികസ്ഫുടം വ്യക്തമാക്കിയിരിക്കയാണ്.
പി.ഒ.സി. പരിഭാഷ ചെയ്തിരിക്കുന്ന ഒരു വഞ്ചനയുണ്ട്: “ദൈവപുത്രന്‍ വന്നെന്നും സത്യസ്വരൂപനെ അറിയാനുള്ള കഴിവു നമുക്കു നല്‍കിയെന്നും നാം അറിയുന്നു. നാമാകട്ടെ സത്യസ്വരൂപനിലും അവിടുത്തെ പുത്രനായ യേശുക്രിസ്‌തുവിലും ആണ്. ഇവനാണു സത്യദൈവവും നിത്യജീവനും.” (1യോഹ, 5:20). ഈ വേദഭാഗം ശ്രദ്ധിക്കുക: ആദ്യഭാഗത്ത്, അവിടുത്തെ എന്ന് പിതാവിനെ വിശേഷിപ്പിച്ചിട്ട്, അവസാന ഭാഗത്ത്, സത്യദൈവം പുത്രനാണെന്ന് തെറ്റിദ്ധരിപ്പിക്കാൻ, ഇവനാണു സത്യദൈവവും എന്നാക്കി മാറ്റി. അതായത്, പിതാവിനെ കുറിക്കുന്ന “അവൻ” എന്ന പ്രഥമപുരുഷ സർവ്വനാമത്തെ, പുത്രനാണെന്ന് തെറ്റിദ്ധരിക്കത്തവണ്ണം, “ഇവൻ” എന്നാക്കിമാറ്റി. എന്നാൽ വത്തിക്കാൻ്റെ ഔദ്യോഗിക പരിഭാഷ നോക്കുക: “We also know that the Son of God has come and has given us discernment to know the one who is true. And we are in the one who is true, in his Son Jesus Christ. He is the true God and eternal life.” ഈ വേദഭാഗം ശ്രദ്ധിക്കുക: his Son Jesus Christ എന്ന് പറഞ്ഞശേഷം, He is the true God എന്ന് പറയുന്നതു നോക്കുക. ആരെയാണോ his എന്ന പ്രഥമപുരുഷ സർവ്വനാമത്താൽ വിശേഷിപ്പിച്ചിരിക്കുന്നത്, അവൻതന്നെയാണ് അവസാനഭാഗത്ത് പറയുന്ന He. തന്മൂലം, പിതാവാണ് സത്യദൈവമെന്ന് സ്ഫടികസ്ഫുടം വ്യക്തമാണ്. പരിഭാഷയിൽ കൃത്രിമം നടത്തിയാൽ പിടിക്കപ്പെടും എന്നതിൻ്റെ തെളിവാണിത്. പിതാവാണ് സത്യദൈവം എന്നതിനു് അനേകം തെളിവുകൾ വേറെയുമുണ്ട്; ചില തെളിവുകൾ നോക്കാം:
1. സത്യദൈവം ആരാണെന്ന് പഴയപുതിയ നിയമങ്ങളിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്: “യഹോവയോ സത്യദൈവം; അവൻ ജീവനുള്ള ദൈവവും ശാശ്വതരാജാവും തന്നേ.” (യിരെ, 10:10. ഒ.നോ: 2ദിന, 15:3; യെശ, 65:16). മേല്പറഞ്ഞ വേദഭാഗങ്ങളിൽനിന്ന് യഹോവയാണ് സത്യദൈവമെന്ന് മനസ്സിലാക്കാം. യഹോവയായ ഏകദൈവമാണ് പിതാവെന്നും പഴയനിയമത്തിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്: “എങ്കിലോ യഹോവേ, നീ ഞങ്ങളുടെ പിതാവു; ഞങ്ങൾ കളിമണ്ണും നീ ഞങ്ങളെ മനയുന്നവനും ആകുന്നു; ഞങ്ങൾ എല്ലാവരും നിന്റെ കൈപ്പണിയത്രേ;” (യെശ, 64:8. ഒ.നോ: ആവ, 32:6; 1ദിന, 29:10; യെശ, 63:16; യിരെ, 31:9; മലാ, 2:10). അപ്പോൾ, പിതാവാണ് സത്യദൈവം എന്ന് പഴയനിയമത്തിൽ നിന്ന് അസന്ദിഗ്ധമായി മനസ്സിലാക്കാം. ഇനി പുതിയനിയമത്തിൽനിന്ന് കാണിക്കാം: “ഞങ്ങൾക്കു നിങ്ങളുടെ അടുക്കൽ എങ്ങനെയുള്ള പ്രവേശനം സാധിച്ചു എന്നും ജീവനുള്ള സത്യദൈവത്തെ സേവിപ്പാനും അവൻ മരിച്ചവരുടെ ഇടയിൽനിന്നു ഉയിർപ്പിച്ച തന്റെ പുത്രനും വരുവാനുള്ള കോപത്തിൽനിന്ന് നമ്മെ വിടുവിക്കുന്നവനുമായ.” (1തെസ്സ, 1:9). ഈ വേദഭാഗത്ത് രണ്ട് കാര്യങ്ങൾ കാണാം. ഒന്നാമത്, സത്യദൈവത്തെയും ദൈവപുത്രനെയും വേർതിരിച്ചാണ് പറഞ്ഞിരിക്കുന്നത്. രണ്ടാമത്. ദൈവപുത്രനല്ല സത്യദൈവം; അവനെ മരണത്തിൽനിന്ന് ഉയിർപ്പിച്ചവനാണ് സത്യദൈവം. തന്നെയുമല്ല, ദൈവത്തിന് മരണമില്ലെന്ന് ബൈബിൾ വ്യക്തമാക്കുന്നു. (1തിമൊ, 6:16). തന്മൂലം, ദൈവപുത്രനല്ല; അവനെ മരണത്തിൽനിന്ന് ഉയിർപ്പിച്ച പിതാവാണ് സത്യദൈവമെന്ന് സ്ഫടികസ്ഫുടം വ്യക്തമാണ്. രണ്ടുമൂന്ന് സത്യദൈവം എന്നത്, ബൈബിൾ വിരുദ്ധ ദുരുപദേശം മാത്രമാണ്.
2. യോഹന്നാൻ 17:3-ഉം 1യോഹന്നാൻ 5:20-ഉം താരതമ്യം ചെയ്ത് നോക്കിയാൽത്തന്നെ സത്യദൈവം ആരാണെന്ന് ഭാഷണവും വാക്കുകളും കൂടാതെ ആർക്കും മനസ്സിലാകും. ഒരേ എഴുത്തുകാരൻ ഒരേ ആശയത്തിൽ ഏഴുതിയിരിക്കുന്നതാണ് രണ്ട് വാക്യങ്ങളും. സുവിശേഷത്തിൽ, പിതാവാണ് ഏകസത്യദൈവം (Father, the only ture God) അഥവാ, പിതാവാണ് ഒരേയൊരു സത്യദൈവം എന്ന ദൈവപുത്രൻ്റെ വാക്കുകൾ തൻ്റെ സുവിശേഷത്തിൽ അക്ഷരംപ്രതി യോഹന്നാൻ എഴുതിവെച്ചിട്ടുണ്ട്. അതിന് കടകവിരുദ്ധമായി പുത്രനാണ് സത്യദൈവമെന്ന് അവൻ തൻ്റെ ലേഖനത്തിൽ എഴുതുമോ? എല്ലാ തിരുവെഴുത്തും ദൈവശ്വാസീയമാണ്. (2തിമൊ, 3:16). അല്ലാതെ, ആരും സ്വന്തബുദ്ധിയിൽ എഴുതിയതല്ല എന്ന് ആദ്യം മനസ്സിലാക്കുക. അതിനാൽ, അവിടെപ്പറഞ്ഞിരിക്കുന്ന സത്യദൈവവും നിത്യജീവനും പിതാവാണെന്ന് അർത്ഥശങ്കയ്ക്ക് ഇടയില്ലാതെ മനസ്സിലാക്കാം.
3. പുത്രൻ മുഖാന്തരമാണ് അഥവാ, പുത്രനിൽ വിശ്വസിക്കുന്നവനാണ് നിത്യജീവൻ ലഭിക്കുന്നത് എന്ന കാര്യത്തിൽ ആർക്കും തർക്കമൊന്നുമില്ല. (യോഹ, 3:16,36; 4:14; 6:40; 6:68; റോമ, 5:21; 6:23). പുത്രന് നിത്യജീവൻ നല്കാനുള്ള അധികരവും ദൈവം നല്കിയിട്ടുണ്ട്. (യോഹ, 10:28; 17:2). എന്നാൽ പുത്രനല്ല; പിതാവാണ് നിത്യജീവദാതാവ്. “ആ സാക്ഷ്യമോ ദൈവം നമുക്കു നിത്യജീവൻ തന്നു; ആ ജീവൻ അവന്റെ പുത്രനിൽ ഉണ്ട് എന്നുള്ളതുതന്നെ.” (1യോഹ, 5:11). ഈ വേദഭാഗത്ത് ദൈവമാണ് നമുക്ക് നിത്യജീവൻ തന്നതെന്ന് വ്യക്തമാണല്ലോ? ദൈവത്തിൻ്റെ വാഗ്ദത്തമാണ് നിത്യജീവൻ: ഭോഷ്കില്ലാത്ത ദൈവം സകല കാലത്തിനും മുമ്പേ വാഗ്ദത്തം ചെയ്ത നിത്യജീവന്റെ പ്രത്യാശ ഹേതുവായി.” (തീത്തൊ, 1:2. ഒ.നോ: 3:6; 1യോഹ, 2:25). ക്രിസ്തു പറയുന്നത് നോക്കുക: “ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: എന്റെ വചനം കേട്ട് എന്നെ അയച്ചവനെ വിശ്വസിക്കുന്നവനു നിത്യജീവൻ ഉണ്ട്; അവൻ ന്യായവിധിയിൽ ആകാതെ മരണത്തിൽനിന്നു ജീവങ്കലേക്കു കടന്നിരിക്കുന്നു.” (യോഹ, 5:24). നിത്യജീവൻ ലഭിക്കാൻ പിതാവായ ഏകദൈവത്തിലുള്ള വിശ്വാസം അത്യന്താപേക്ഷിതമാണ്. എന്തെന്നാൽ, ഏകദൈവമാണ് തൻ്റെ ക്രിസ്തുവിലൂടെ നിത്യജീവൻ നല്കുന്നത്. തന്മൂലം, അവിടെപ്പറയുന്ന സത്യദൈവവും നിത്യജീവനും പിതാവാണെന്ന് വ്യക്തമായി മനസ്സിലാക്കാം.
4. സത്യദൈവം ആരാണെന്ന് ദൈവപുത്രനായ ക്രിസ്തു വ്യക്തമായി പറഞ്ഞിട്ടുണ്ട്: “ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.” (യോഹ, 17:3). ഈ വാക്യത്തിൽ പറയുന്ന ഏകസത്യദൈവമായ പിതാവ് ഗ്രീക്കിൽ, പാറ്റിർ ടോൺ മോണോൻ അല്തിനോൻ തിയോൻ (Patir ton monon alithinon theon) ആണ്. ഇംഗ്ലീഷിൽ, Father. the only true God ആണ്. Father, the only true God എന്ന് പറഞ്ഞാൽ; പിതാവാണ് ഒരേയൊരു സത്യദൈവം അഥവാ, പിതാവ് മാത്രമാണ് സത്യദൈവം എന്നാണ് അർത്ഥം. ഒരേയൊരു സത്യദൈവം പിതാവാണെന്ന് ദൈവപുത്രൻതന്നെ പറയുമ്പോൾ, മറ്റൊരു സത്യദൈവം ഉണ്ടാകുക സദ്ധ്യമല്ല. ഇവിടെ സിംഗിളിനെ (single) കുറിക്കുന്ന മോണോസ് (monos) കൊണ്ട്, പിതാവ് മാത്രമാണ് സത്യദൈവം എന്ന് ദൈവപുത്രൻ ഖണ്ഡിതമായിട്ടാണ് പറയുന്നത്. പിതാവ് സത്യദൈവമാണെന്ന് പറഞ്ഞാൽ; ഭാഷാപരമായി പുത്രനോ, മറ്റാർക്കാ വേണമെങ്കിലും സത്യദൈവം ആയിരിക്കാൻ പറ്റും. എന്നാൽ, പിതാവ് മാത്രമാണ് സത്യദൈവമെന്ന് പറഞ്ഞാൽ, പിന്നെ, സ്വർഗ്ഗത്തിലോ ഭൂമിയിലോ മറ്റാർക്കും സത്യദൈവം ആയിരിക്കാൻ കഴിയില്ല. അതാണ്, ഭാഷയുടെ നിയമം. “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39). അതിനാൽ, പിതാവല്ലാതെ പുത്രനോ, മറ്റാരെങ്കിലുമോ സത്യദൈവം ആണെന്ന് പറഞ്ഞാൽ; പുത്രൻ പറഞ്ഞത് വ്യാജം ആണെന്നുവരും. വായിൽ വഞ്ചനയില്ലത്ത പുത്രൻ വ്യാജംപറഞ്ഞു എന്ന് വിശ്വസിക്കുന്നതിനെക്കാൾ, വിശ്വാസം ത്യജിച്ചുകളയുന്നതാണ് നല്ലത്. അതായത്, പിതാവ് മാത്രമാണ് സത്യദൈവം എന്ന് മോണോസ് കൊണ്ട് ഖണ്ഡിതമായി പറയുകവഴി, താനും മറ്റാരും സത്യദൈവം അല്ലെന്ന് ദൈവപുത്രൻ സ്ഫടികസ്ഫുടം വ്യക്തമാക്കി. താൻ മനുഷ്യനാണെന്നും ക്രിസ്തുതന്നെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. “ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു.” (യോഹ, 8:40. ഒ.നോ: മത്താ, 11:19, ലൂക്കൊ, 7:34).
താൻ സത്യദൈവമല്ല; മനുഷ്യനാണെന്ന് ക്രിസ്തുതന്നെ പറയുമ്പോൾ, പിന്നെയും അവനെ ദൈവമാക്കാൻ നോക്കിയാൽ, അവൻ വ്യാജദൈവമാണെന്നേ വരൂ. ഒരു വ്യാജദൈവത്തിൻ്റെ സ്ഥാനം, ദൈവപുത്രനെ ഒറ്റിക്കൊടുത്തിട്ട് തൂങ്ങിച്ചത്ത നാശയോഗ്യനായ യൂദായെക്കാൾ താഴെയാണ്. എന്നാൽ, ബൈബിൾ വെളിപ്പെടുത്തുന്ന ദൈവപുത്രൻ, പിതാവായ ഏകദൈവത്തെക്കാൾ താഴ്ന്നവനും സ്വർഗ്ഗത്തെക്കാൾ ഉന്നതനാത്തീർന്നവനും ആണ്. (യോഹ, 14:28; എബ്രാ, 7:26). വചനവിരുദ്ധമായി ദൈവപുത്രനെ സത്യദൈവമാക്കുന്നവർ അവനെ വ്യാജദൈവം ആക്കുകവഴി, സ്വർഗ്ഗത്തെക്കാൾ ഉന്നതനായവനെ പാതാളത്തോളം താഴ്ത്തുകയാണ് ചെയ്യുന്നത്. അതിനാൽ, ദൈവപുത്രൻ്റെ വാക്കിനാൽത്തന്നെ അവിടെപ്പറയുന്ന സത്യദൈവം പിതാവാണെന്നും ദൈവം ത്രിത്വമല്ലെന്നും താൻ സത്യദൈവമല്ലെന്നും അർത്ഥശങ്കയ്ക്ക് ഇടയില്ലാതെ മനസ്സിലാക്കാം. പുത്രനെ അനുസരിക്കാത്തവൻ ജീവനെ കാണുകയില്ലെന്നാണ് വചനം പറയുന്നത്. (യോഹ, 3:36). ക്രിസ്തു പീലാത്തൊസിനോട് ഇപ്രകാരം പറയുന്നതായി കാണാം: “സത്യത്തിനു സാക്ഷിനില്ക്കേണ്ടതിനു ഞാൻ ജനിച്ചു; അതിനായി ലോകത്തിൽ വന്നുമിരിക്കുന്നു; സത്യതല്പരനായവൻ എല്ലാം എന്റെ വാക്കു കേൾക്കുന്നു.” (യോഹ, 18:37). സത്യത്തിനു് സാക്ഷി നില്ക്കാൻ ജനിച്ചവനെപ്പിടിച്ച് സത്യദൈവം ആക്കിയവരാണ് ത്രിത്വവിശ്വാസികൾ.
5. “യഹോവയായ ഞാൻ നിൻ്റെ ദൈവമാകുന്നു, ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കുണ്ടാകരുത് എന്ന ഒന്നാം കല്പന തുടങ്ങി, ഞാൻ യഹോവയാകുന്നു മറ്റൊരുത്തനുമില്ല; ഞാനല്ലാതെ ഒരു ദൈവവുമില്ല; എനിക്ക് സമനായും സദൃശനായും ആരുമില്ല; എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല; എന്റെ ശേഷം ഉണ്ടാകയുമില്ല; ഞാൻ ഒരുത്തനെയും അറിയുന്നില്ല” എന്നൊക്കെയാണ് യഹോവ പറയുന്നത്. (പുറ, 20:2-3; യെശ, 40:25; 43:10; 44:8; 45:5). “യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്നും, അവനു സമനായും സദൃശനായും ആരുമില്ലെന്നും, യഹോവയല്ലാതെ മറ്റൊരുദൈവം സ്വർഗ്ഗത്തിലോ ഭൂമിയിലോ ഇല്ലെന്നും” പഴയനിയമ ഭക്തന്മാർ പറയുന്നു. (പുറ, 15:11; 1രാജാ, 8:23; 2രാജാ, 19:15,19; നെഹെ, 9:6; സങ്കീ, 40:5). “ദൈവം ഒരുത്തൻ മാത്രമാണെന്നും (monou theou), സത്യദൈവം പിതാവ് മാത്രമാണെന്നും (Father, the only true God)” ക്രിസ്തു ഖണ്ഡിതമായി പറഞ്ഞിരിക്കുന്നു. (യോഹ, 5:44; 17:3). “ദൈവം ഒരുത്തൻ മാത്രമാണെന്നും (monos o theos – ലൂക്കൊ, 5:21; mono theo – യൂദാ, 1:24), പിതാവായ ഏകദൈവമേ നമുക്കുള്ളെന്നും” അപ്പൊസ്തലന്മാർ സ്ഫടികസ്ഫുടം വ്യക്തമാക്കുന്നു. (യോഹ, 8:41; 1കൊരി, 8:6; എഫെ, 4:6). “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39. ഒ.നോ: യോശു, 2:11; 1രാജാ, 8:23; 2ദിന, 6:14). യഹോവയല്ലാതെ മറ്റൊരു ദൈവമില്ല എന്ന ഒന്നാം കല്പന അല്പസ്വല്പം വ്യത്യാസങ്ങളോടെ 130 പ്രാവശ്യം ബൈബിളിൽ എഴുതിവെച്ചിട്ടുണ്ട്. ഒന്നാം കല്പന ലംഘിക്കുന്നവർ ദൈവരാജ്യം അവകാശമാക്കില്ല. അതിൻ്റെ തെളിവാണ് രണ്ടാം കല്പന ലംഘിക്കുന്നവരും ദുഷ്പ്രവൃത്തിക്കാരും ദൈവരാജ്യം അവകാശമാക്കില്ലെന്ന് ആവർത്തിച്ച് പറഞ്ഞിരിക്കുന്നത്. (1കൊരി, 5:11; 6:9-10; 10:7; 10:14; ഗലാ, 5:19-21; എഫെ, 5:5; കൊലൊ, 3:5-6; 1പത്രൊ, 4:3). ഏകസത്യദൈവത്തെ ബഹുദൈവമാക്കാനും ഒന്നാം കല്പന ലംഘിപ്പിച്ചുകൊണ്ട്, എല്ലാവനെയും നരകത്തിലേക്ക് കെട്ടിയെടുക്കാനുമായി നാലാം നൂറ്റാണ്ടിൽ ഉപായിയായ സർപ്പം സഭയിൽ നുഴയിച്ച് കയറ്റിയതാണ് ത്രിമൂർത്തി ബഹുദൈവവിശ്വാസം.
ദൈവപുത്രനായ ക്രിസ്തു ആരാണെന്ന് അനേകർക്കും അറിയില്ല എന്നതാണ് യഥാർത്ഥ വസ്തുത. അതുകൊണ്ടാണ്, പുത്രൻ സത്യദൈവമാണെന്ന് അനേകരും വിശ്വസിക്കുന്നത്. ദൈവപുത്രനായ യേശു ആരാണെന്ന് ചോദിച്ചാൽ, അവൻ ജീവനുള്ള ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ്. (1തിമൊ, 3:14-16; യിരെ, 10:10). അഥവാ, ഏകദൈവം മനുഷ്യരുടെ രക്ഷയ്ക്കായി എടുത്ത ഒരു മനുഷ്യപ്രത്യക്ഷതയാണ്. അവൻ്റെ പ്രകൃതി അഥവാ, സ്വരൂപം എന്താണെന്ന് ചോദിച്ചാൽ, അവൻ പാപമറിയാത്ത അഥവാ, പരിശുദ്ധമനുഷ്യനാണ്. (യോഹ, 6:69; 8:40,46; 2കൊരി, 5:21). ദൈവപുത്രൻ, മനുഷ്യപുത്രൻ, ക്രിസ്തു തുടങ്ങിയവയെല്ലാം അവൻ്റെ അഭിധാനങ്ങൾ അഥവാ, സ്ഥാനപ്പേരുകളാണ്. നമ്മുടെ ഏകദൈവം മനുഷ്യനല്ല; ആത്മാവാണ് .(ഇയ്യോ, 9:32; ഹോശേ, 11:9; യോഹ, 4:24; 1തിമൊ, 1:17), എന്നാൽ, നമ്മുടെ മദ്ധ്യസ്ഥനും മറുവിലയുമായ ക്രിസ്തു ആത്മാവായ ദൈവമല്ല; ദേഹവും ദേഹിയും ആത്മാവുമുള്ള മനുഷ്യനുമാണ്. (1പത്രൊ, 2:24; മത്താ, 26:38; ലൂക്കൊ, 23:46; യോഹ, 8:40). ഇനി നമുക്ക് വിശദമായി അറിയാം: കന്യകയായ മറിയ പ്രസവിച്ചത് ദൈവത്തെയോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനെയോ, ദൈവപുത്രനെയോ, ക്രിസ്തുവിനെയോ അല്ല. (എബ്രാ, 2:9). അബ്രാഹാമിൻ്റെയും ദാവീദിൻ്റെയും പുത്രനും വിശേഷാൽ, മറിയയുടെ ആദ്യജാതനുമായ ഒരു വിശുദ്ധ പ്രജയെ അഥവാ, പാപമറിയാത്ത ഒരു മനുഷ്യക്കുഞ്ഞിനെയാണ് അവൾ പ്രസവിച്ചത്. (മത്താ, 1:1,25; ലൂക്കൊ, 1:35; 2:7; 2കൊരി, 5:21). മറിയ പ്രസവിച്ചത് തൻ്റെ ആദ്യജാതനായ മനുഷ്യക്കുഞ്ഞ് ആയതുകൊണ്ടാണ്, എട്ടാം ദിവസം പരിച്ഛേദന കഴിച്ചത്. (ലൂക്കൊ, 2:21). അവൻ ജെൻ്ററില്ലാത്ത ദൈവം ആയിരുന്നെങ്കിൽ, എന്തിന് അവനെ പരിച്ഛേദന കഴിക്കണം? ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനെ പരിച്ഛേദന കഴിക്കാനുള്ള പ്രമാണമേതാണ്? അബ്രാഹാമിൻ്റെ സന്തതികളും ദാസന്മാരുമായ മനുഷ്യക്കുഞ്ഞുങ്ങളെ പരിച്ഛേദന കഴിക്കാനാണ് പ്രമാണമുള്ളത്. (ഉല്പ, 17:10-14). അവൻ മനുഷ്യൻ്റെ കടിഞ്ഞൂൽ ആയതുകൊണ്ടാണ്, പിന്നെയും മുപ്പത്തിമൂന്ന് ദിവസങ്ങൾ കഴിഞ്ഞപ്പോൾ, ദൈവാലയത്തിൽ കൊണ്ടുപോയി ആദ്യജാതൻ്റെ വീണ്ടെടുപ്പ് കർമ്മങ്ങൾ ചെയ്തത്. (ലൂക്കൊ, 2:22-24; ലേവ്യ, 12:2-6). ദൈവത്തെയോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനെയോ വീണ്ടെടുക്കാൻ പ്രമാണമില്ല. ദൈവമാണെങ്കിൽ എന്തിന് വീണ്ടെടുക്കണം? ദൈവത്തെ ഏത് ദൈവത്തിൽ നിന്ന് വീണ്ടെടുക്കും? മനുഷ്യൻ്റെ കടിഞ്ഞൂലിനെയും അശുദ്ധ മൃഗങ്ങളുടെ കടിഞ്ഞൂലിനെയുമാണ് വീണ്ടെടുക്കേണ്ടത്. (സംഖാ, 18:5). ക്രിസ്തു ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനോ ആയിരുന്നെങ്കിൽ, ന്യായപ്രമാണത്തെ നിവൃത്തിക്കാൻ വന്ന ക്രിസ്തു മൂലം പഴയപുതിയനിയമങ്ങൾ തമ്മിൽ ഛിദ്രിച്ചുപോയെന്ന് പറയേണ്ടിവരും. (മത്താ, 5:17-18). അനന്തരം, ആത്മാവിൽ ബലപ്പെട്ട്, ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നുവന്നത് യേശുവെന്ന മനുഷ്യനാണ്. (ലൂക്കൊ, 2:40; 2:52). ഒരു ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ മനുഷ്യരുടെ കൃപയിൽ വളർന്നു വന്നു എന്നുപറഞ്ഞാൽ എങ്ങനെയിരിക്കും? അവന്, ഏകദേശം മുപ്പതു വയസ്സായപ്പോൾ യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനംപോലെ, യോർദ്ദാനിൽ വെച്ച് ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തപ്പോഴാണ് അവൻ അഭിഷിക്തൻ അഥവാ, ക്രിസ്തു ആയത്. (യെശ, 61:1-2; ലൂക്കൊ, 2:11; 3:22; 4:18,19; പ്രവൃ, 4:27; 10:38). യെശയ്യാ പ്രവചനത്തിൻ്റെ നിവൃത്തിയായി; താൻ ക്രിസ്തു ആയത്, യോർദ്ദാനിൽ വെച്ചാണെന്ന്; യേശു തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. (യെശ, 61:1-2; ലൂക്കൊ, 4:20-21). അനന്തരം, “അവൻ അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും; ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും” എന്നിങ്ങനെ ഗബ്രീയേൽ ദൂതൻ്റെ രണ്ട് പ്രവചനംപോലെ, ദൈവപിതാവിനാൽ ‘ഇവൻ എന്റെ പ്രിയപുത്രൻ’ എന്നു വിളിക്കപ്പെട്ടപ്പോഴാണ്, യേശുവെന്ന അഭിഷിക്തനായ മനുഷ്യൻ ദൈവത്തിൻ്റെ പുത്രൻ ആയത്. (ലൂക്കൊ, 1:32,35; 3:22). അതിനുശേഷമാണ് ആത്മാവിൻ്റെ ശക്തിയോടെ യേശു ശുശ്രൂഷ ആരംഭിച്ചത്: (ലൂക്കൊ, 4:14). പ്രവചനം, ഭൂതവർത്തമാനകാലത്തിലെ ചരിത്രമല്ല; ഭാവിയിൽ സംഭവിപ്പാനുള്ളതാണ്. ഒരു പ്രവചനം നിവൃത്തിയാകുമ്പോഴാണ് അത് ചരിത്രമാകുന്നത്. (സംഖ്യാ, 24:14; ദാനീ, 2:28). അതായത്, കന്യകയായ മറിയ പ്രസവിക്കുന്നതുവരെ, യേശുവെന്ന ഒരു മനുഷ്യൻ ഇല്ലായിരുന്നു. യോർദ്ദാനിലെ അഭിഷേകത്തിനു മുമ്പെ, യേശുവെന്ന ക്രിസ്തു ഇല്ലായിരുന്നു. അഭിഷേകാനന്തരം, ഗബ്രീയേൽ ദൂതൻ്റെ രണ്ട് പ്രവചനങ്ങളുടെ നിവൃത്തിപോലെ, ഇവൻ എൻ്റെ പ്രിയപുത്രനെന്ന് പിതാവ് അരുളിച്ചെയ്യുന്നതു വരെ, യേശുവെന്ന ദൈവപുത്രനും ഇല്ലായിരുന്നു. യേശുവെന്ന മനുഷ്യൻ ജനിച്ചത്, ബി.സി. 6-ൽ ബേത്ത്ലേഹെമിലാണ്. (ലൂക്കൊ, 2:5-7). എന്നാൽ, പ്രവചനംപോലെ, യേശുവെന്ന ക്രിസ്തുവും ദൈവപുത്രനും ജനിച്ചത്, എ.ഡി. 29-ൽ യോർദ്ദാനിൽ വെച്ചാണ്. (യെശ, 61:1-2; ലൂക്കൊ, 1:32,25; 2:11; 3:22; പ്രവൃ, 4:27; 10:38). പഴയനിയമത്തിൽ, ദൈവപുത്രനായ യേശുക്രിസ്തു ഇല്ല; അവനെക്കുറിച്ചുള്ള പ്രവചനങ്ങളാണ് ഉണ്ടായിരുന്നത്. (ഉല്പ, 3:15; 7:14; 9:6). ബൈബിൾ വെളിപ്പെടുത്തുന്ന സത്യദൈവം മരണമില്ലാത്തവനും (1തിമൊ, 6:16) മാറാത്തവനും (മലാ, 3:6) മാറ്റമോ മാറ്റത്തിൻ്റെ നിഴലോ ഇല്ലാത്തവനും (യാക്കോ, 1:17) അനാദിയായും ശാശ്വതമായും ഉള്ളവനാണ്. (സങ്കീ, 90:2; യെശ, 57:15). ദൈവത്തിന് ജനനമോ, ശൈശവമോ, ബാല്യമോ, കൗമാരമോ, യവ്വനമോ, മരണമോ ഒന്നുമില്ല. ദൈവപുത്രന് ഇതെല്ലാമുണ്ട്. തന്മൂലം, പുത്രനല്ല; പിതാവാണ് സത്യദൈവം എന്ന് മനസ്സിലാക്കാം.
താൻ ദൈവമല്ല; മനുഷ്യനാണെന്ന് ക്രിസ്തുവും അവനോടുകൂടി മൂന്നര വർഷം ഉണ്ടായിരുന്ന അവൻ്റെ ശിഷ്യന്മാരും ഒന്നാം നൂറ്റാണ്ടിൽ അവനെക്കണ്ട എല്ലാവരും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ദൈവം ഒരുത്തൻ മാത്രമാണ് (The only God), പിതാവാണ് ഏകസത്യദൈവം (Father, the only true God) അഥവാ, പിതാവ് മാത്രമാണ് സത്യദൈവം, അവനെ മാത്രം ആരാധിക്കണം, പിതാവ് മാത്രമാണ് സകലവും അറിയുന്നത് എന്നൊക്കെ പറഞ്ഞുകൊണ്ട്, താൻ ദൈവമല്ലെന്നാണ് പുത്രനായ ക്രിസ്തു പറഞ്ഞത്. (യോഹ, 5:44; 17:3; മത്താ, 4:10; 24:36; ലൂക്കൊ, 4:8). പിതാവ് എല്ലാവരെക്കാളും എന്നെക്കാളും വലിയവനാണ്, തനിക്കൊരു പിതാവും ദൈവവും ഉണ്ടെന്ന് പുത്രൻ പറഞ്ഞു. (യോഹ, 10:29; 14:28; 20:17). താൻ മനുഷ്യനാണെന്നും ക്രിസ്തു പറഞ്ഞു: “എന്നാൽ ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു.” (യോഹ, 8:40). ദൈവം ഒരുത്തൻ മാത്രമാണെന്നും (ലൂക്കൊ, 5:21; റോമ, 6:16; 1തിമൊ, 1:17; യൂദാ, 1:4,24). ദൈവപുത്രനു ഒരു പിതാവും ദൈവവും ഉണ്ടെന്നും (2കൊരി, 1:3; എഫെ, 1:3,17), പുത്രൻ മനുഷ്യനാണെന്നും അപ്പൊസ്തലന്മാർ സാക്ഷ്യപ്പെടുത്തുന്നു. (പ്രവൃ, 2:23; റോമ, 5:15; 1കൊരി, 15ൻ്റെ21, 1തിമൊ, 2:6;). താനും തന്നോടുകൂടെ മൂന്നരവർഷം ഉണ്ടായിരുന്ന അപ്പൊസ്തലന്മാരും പറഞ്ഞതുകൂടാതെ, ഒന്നാം നൂറ്റാണ്ടിൽ അവനെ കണ്ട, യോഹന്നാൻ സ്നാപകനും (യോഹ, 1:30), ശമര്യാസ്ത്രീയും (യോഹ, 4:29), പിറവിക്കുരുടനും യോഹ, 9:11), പരീശന്മാരും (യോഹ, 9:16), യെഹൂദന്മാരും (യോഹ, 10:33), മഹാപുരോഹിതന്മാരും (യോഹ, 11:47), കയ്യാഫാവും (യോഹ, 11:50), പീലാത്തോസും (ലൂക്കൊ, 23:4), ശതാധിപനും (മർക്കൊ, 15:39), ന്യായാധിപസംഘവും (പ്രവൃ, 5:28) ഉൾപ്പെടെ, എല്ലാവരും അവൻ മനുഷ്യനാണെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. പുത്രൻ മനുഷ്യനാണെന്ന് 35 വാക്യങ്ങളിൽ അക്ഷരംപ്രതി പറഞ്ഞിട്ടുണ്ട്. സത്യദൈവം മനുഷ്യനല്ല. (ഇയ്യോ, 9:32; ഹോശേ, 11:9). ബൈബിൾ വെളിപ്പെടുത്തുന്ന മാറ്റമില്ലാത്തവനായ സത്യദൈവത്തിനു മനുഷ്യനായി മാറ്റം വരാനോ, മനുഷ്യനു സത്യദൈവം ആകാനോ കഴിയുകയുകയില്ല.. തന്മൂലം, പുത്രനല്ല; പിതാവാണ് സത്യദൈവമെന്ന കാര്യത്തിൽ സംശയമൊന്നും വേണ്ട.
ഇനി അറിയാനുള്ളത്, നമ്മുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ ചുമന്നുകൊണ്ട് ക്രൂശിൽ മരിച്ചവൻ, കേവലം മനുഷ്യൻ ആയിരുന്നോ എന്നാണ്. കന്യകയുടെ ആദ്യജാതനായി ലോകത്തിൽ വെളിപ്പെട്ട യേശുവെന്ന മനുഷ്യന്, ഒരു പൂർവ്വാസ്തിത്വം ഉള്ളതായി ബൈബിൾ വ്യക്തമാക്കുന്നു. യോഹന്നാൻ സ്നാപകൻ പറയുന്നു: “എന്റെ പിന്നാലെ ഒരു മനുഷ്യൻ വരുന്നു; അവൻ എനിക്കു മുമ്പെ ഉണ്ടായിരുന്നതുകൊണ്ട് എനിക്കു മുമ്പനായി തീർന്നു എന്ന് ഞാൻ പറഞ്ഞവൻ ഇവൻ തന്നേ.” (യോഹ, 1:30). യോഹന്നാനെക്കാൾ ആറുമാസം ഇളപ്പമാണ് യേശു. (ലൂക്കൊ, 1:36). എന്നാൽ, അവൻ തനിക്ക് മുമ്പേ ഉണ്ടായിരുന്നു എന്നാണ് യോഹന്നാൻ പറയുന്നത്. യേശുവെന്ന മനുഷ്യൻ തനിക്കു മുമ്പെ ഉണ്ടായിരുന്നു എന്നല്ല. യേശുവെന്ന മനുഷ്യനു ജനനത്തിനു മുമ്പെ ഉണ്ടാകാൻ സാദ്ധ്യമല്ല. ആരാണോ പൂർണ്ണമനുഷ്യനായി ലോകത്തിൽ വെളിപ്പെട്ടത്, അവൻ മുമ്പെ ഉണ്ടായിരുന്നു എന്നാണ് താൻ പറയുന്നത്. “രണ്ടാം മനുഷ്യൻ സ്വർഗ്ഗത്തിൽനിന്നുള്ളവൻ” എന്നാണ് പൗലൊസ് പറയുന്നത്. (1കൊരി, 15:47). എന്നുവെച്ചാൽ, സ്വർഗ്ഗത്തിലുണ്ടായിരുന്ന ഒരു മനുഷ്യൻ ഭൂമിയിലേക്ക് വന്നുവെന്നല്ല. ഭൂമിയിൽ മനുഷ്യനായി വെളിപ്പെട്ടവൻ സ്വർഗ്ഗീയൻ ആയിരുന്നു എന്നാണ്. യേശുവെന്ന ക്രിസ്തുവിനെക്കുറിച്ച് പത്രൊസ് അപ്പൊസ്തലൻ വ്യക്തമാക്കുന്നത് ഇപ്രകാരമാണ്: “അവൻ ലോകസ്ഥാപനത്തിനു മുമ്പെ മുന്നറിയപ്പെട്ടവനും അവൻ മുഖാന്തരം ദൈവത്തിൽ വിശ്വസിക്കുന്ന നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്ത് വെളിപ്പെട്ടവനും ആകുന്നു.” (1പത്രൊ, 1:20). ക്രിസ്തു അഥവാ, അഭിഷിക്തനായ മനുഷ്യൻ മുമ്പേ ഉണ്ടായിരുന്നു എന്നല്ല പത്രൊസ് പറയുന്നത്; മുന്നറിയപ്പെട്ടവൻ അഥവാ, മുമ്പുകൂട്ടി അറിയപ്പെട്ടവൻ എന്നാണ്. അതായത്, പ്രവചനങ്ങളിലൂടെ അവൻ മുമ്പെ അറിയപ്പെട്ടവനാണ്. (ഉല്പ, 3:15; യെശ, 7:14; 9:6). എന്നാൽ, അവൻ വെളിപ്പെട്ടത് അഥവാ, manifest ചെയ്തത് അന്ത്യകാലത്താണ്. ഇതിനൊപ്പം ഗബ്രീയേൽ ദൂതൻ യോസേഫിനോട് പറയുന്ന ഒരു കാര്യംകൂടി അറിയണം: “അവളിൽ ഉല്പാദിതമായത് പരിശുദ്ധാത്മാവിൽ ആകുന്നു.” (മത്താ, 1:20. ഒ.നോ: ലൂക്കൊ, 2:21). ഉല്പാദിതമായി എന്നാൽ, മറിയയുടെ ഉദരത്തിൽ പരിശുദ്ധാത്മാവിനാൽ ഉരുവായി എന്നാണ്. എന്നുവെച്ചാൽ, മുമ്പെ ഉണ്ടായിരുന്ന ആൾ, മറിയയുടെ ഉദരത്തിൽ ശിശുവായി രൂപാന്തരപ്പെട്ടതല്ല; ഒരു പുതിയ മനുഷ്യശിശു അവളിൽ രൂപപ്പെട്ടതാണ്. അതായത്, ട്രിനിറ്റിയും മറ്റനേകരും കരുതുന്നപോലെ, അവതാരമല്ല നടന്നിരിക്കുന്നത്. അവതാരത്തിൽ പുതിയതായൊന്ന് ഉളവാകുകയല്ല; ഉണ്ടായിരുന്നത് മറ്റൊരു രൂപമെടുക്കുകയാണ് ചെയ്യുന്നത്. മാത്രമല്ല, ബൈബിളിൽ ആരും അവതരിച്ചതായി പറഞ്ഞിട്ടുമില്ല. അവതാരം ബൈബിളിൻ്റെ വിഷയമേയല്ല; അത് ജാതികളുടെ സങ്കല്പമാണ്. അവർപോലും അതൊരു വസ്തുതയായി കണക്കാക്കുന്നില്ല. അതാണ്, സത്യദൈവത്തോട് കൂട്ടിക്കെട്ടാൻ പലരും നോക്കുന്നത്. സ്വരൂപം ത്യജിച്ചുകൊണ്ട് മറ്റൊരു രൂപമെടുക്കുന്നതാണ് അവതാരം. എന്നാൽ, മാറ്റമില്ലാത്തവനും മരണമില്ലാത്തവനും ശാശ്വതവാനുമായ സത്യദൈവത്തിന് തൻ്റെ സ്വഭാവമോ, സ്വരൂപമോ ത്യജിച്ചുകൊണ്ടോ, അല്ലാതെയോ തനിക്ക് അവതാരമെടുക്കാൻ കഴിയില്ല. (മലാ, 3:6; യാക്കോ, 1ൻ്റെ17; സങ്കീ, 90:2; യെശ, 57:15; 1തിമൊ, 6:16). അതായത്, യേശുവെന്ന മനുഷ്യനു ഒരു ആരംഭമുണ്ട്. (മത്താ, 1:20; ലൂക്കൊ, 1:35, 2:21; റോമ, 9:5, മീഖാ, 5:2,3). അതെങ്ങനെ ശരിയാകും? അതിൻ്റെ ഉത്തരമാണ് ക്രിസ്തുവെന്ന ദൈവമർമ്മം അഥവാ, ദൈവഭക്തിയുടെ മർമ്മം. (കൊലൊ, 2:2; 1തിമൊ, 3:14-16).
ദൈവഭക്തിയുടെ മർമ്മത്തിൽ ‘അവൻ ജഡത്തിൽ വെളിപ്പെട്ടു’ എന്നാണ് കാണുന്നത്. “അവൻ” എന്നത് സർവ്വനാമമാണ്. സർവ്വനാമമെന്നാൽ; നാമത്തിന് പകരം ഉപയോഗിക്കുന്ന പദമാണ്. നാമം ആവർത്തിച്ച് ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന വിരസത ഒഴിവാക്കാനാണ് സർവ്വനാമം ഉപയോഗിക്കുന്നത്. അതായത്, വ്യാകരണ നിയമപ്രകാരം പ്രസ്തുത വേദഭാഗത്ത് ഒരുപ്രാവശ്യം നാമം ഉപയോഗിച്ചിട്ടുണ്ടെങ്കിലേ “അവൻ” എന്ന സർവ്വനാമം ഉപയോഗിക്കാൻ വ്യവസ്ഥയുള്ളു. അപ്പോൾ, ആ വേദഭാഗം പരിശോധിച്ചാൽ ജഡത്തിൽ വെളിപ്പെട്ട “അവൻ” ആരാണെന്ന് വ്യക്തമാകും. 14-മുതൽ 16-വരെയുള്ള വാക്യങ്ങളിൽ മൂന്നുപേരാണുള്ളത്. “ഞാൻ വേഗത്തിൽ നിന്റെ അടുക്കൽ വരും എന്നു ആശിക്കുന്നു.” അവിടെപ്പറയുന്ന “ഞാൻ” എഴുത്തുകാരനായ പൗലൊസാണ്. “നിൻ്റെ” എന്നു പറഞ്ഞിരിക്കുന്നത് ലേഖനം സ്വീകരിച്ച തിമൊഥെയൊസാണ്. അടുത്തവാക്യം: “ജീവനുള്ള ദൈവത്തിന്റെ സഭയാകുന്ന ദൈവാലയത്തിൽ നടക്കേണ്ടതു എങ്ങനെയെന്നു നീ അറിയേണ്ടതിന്നു ഇതു എഴുതുന്നു.” പൗലൊസ്, ജീവനുള്ള ദൈവത്തിൻ്റെ സഭയിൽ എങ്ങനെ നടക്കണമെന്ന് തിമൊഥെയൊസിന് എഴുതുകയാണ്. പൗലൊസും തിമൊഥെയൊസും ജീവനുള്ള ദൈവവുമാണ് ആ വേദഭാഗത്തുള്ളത്. എന്നിട്ടാണ് പറയുന്നത്, “അവൻ ജഡത്തിൽ വെളിപ്പെട്ടു.” ആര് ജഡത്തിൽ വെളിപ്പെട്ടു? പൗലൊസുമല്ല, തിമൊഥെയൊസുമല്ല ജഡത്തിൽ വെളിപ്പെട്ടത്. “ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു” (The Living God was manifest in the flesh). ജീവനുള്ള ദൈവം യഹോവയാണെന്ന്; ആവർത്തനപ്പുസ്തകം മുതൽ ആവർത്തിച്ചു കാണാൻ കഴിയും. യിരെമ്യാവ് 10:10-ൽ, ജീവനുള്ള ദൈവവും ശാശ്വതരാജാവും യഹോവയാണെന്ന് പറഞ്ഞിട്ടുണ്ട്. അതായത്, കാലസമ്പൂർണ്ണത വന്നപ്പോൾ യേശുവെന്ന സംജ്ഞാനാമത്തിൽ കന്യകയായ മറിയയിലൂടെ പാപമറിയാത്ത മനുഷ്യനായി ലോകത്തിൽ വെളിപ്പെട്ടത് ഏകസത്യദൈവമായ യഹോവയാണ്. അതായത്, യഹോവയായ ദൈവം കന്യകയിലൂടെ എടുത്ത ഒരു മനുഷ്യപ്രത്യക്ഷതയാണ് യേശുവെന്ന ദേഹവം ദേഹിയും ആത്മാവുമുള്ള പരിശുദ്ധമനുഷ്യൻ. (1പത്രൊ, 2:24; മത്താ, 26:38; ലൂക്കൊ, 23:46; യോഹ, 8:40,6; 6:69). അതാണ്, ദൈവഭക്തിയുടെ മർമ്മം അഥവാ ദൈവികരഹസ്യം: (1തിമൊ, 3:14-16). ദൈവഭക്തിയുടെ മർമ്മത്തിൽ പൗലോസ് അത് അക്ഷരംപ്രതി എഴുതിവെച്ചിരിക്കുന്നത് കൂടാതെ, അനേകം തെളിവുകൾ ബൈബിളിലുണ്ട്. ഉദാഹരണത്തിന്, യഹോവ മരണത്തെ സദാകാലത്തേക്കും നീക്കിക്കളയുമെന്നും, സകല മുഖങ്ങളിൽ നിന്നും കണ്ണുനീർ തുടയ്ക്കുമെന്നും, യഹോവ വന്നു രക്ഷിക്കുമെന്നും യശ്ശയ്യാവ് പ്രവചിച്ചിരുന്നു. (25:8; 35:4). ക്രിസ്തുവിൻ്റെ ജനനത്തിന് മുമ്പുതന്നെ സെഖര്യാപുരോഹിതനും അക്കാര്യം പരിശുദ്ധാത്മാവ് നിറഞ്ഞവനായി പ്രവചിച്ചിരുന്നു: “യിസ്രായേലിന്റെ ദൈവമായ കർത്താവ് അനുഗ്രഹിക്കപ്പെട്ടവൻ; അവൻ തന്റെ ജനത്തെ സന്ദർശിച്ച് ഉദ്ധാരണം ചെയ്യും.” (ലൂക്കോ, 1:68). അതിൻ്റെ നിവർത്തിയായിട്ടാണ് സത്യദൈവത്തിൻ്റെ പ്രത്യക്ഷതയായ മനുഷ്യൻ ലോകത്തിൽ വെളിപ്പെട്ട്, മരണത്തിൻ്റെ അധികാരിയായ പിശാചിനെ തൻ്റെ മരണത്താൽ നീക്കിയത്. (മത്താ, 1:21; ലൂക്കൊ, 1:68; 1തിമൊ, 3:14-16; എബ്രാ, 2:14-15). തന്മൂലം, പുത്രനല്ല; പിതാവാണ് സത്യദൈവമെന്ന് വ്യക്തമായി മനസ്സിലാക്കാം.
യഹോവയായ ഏകദൈവം മനുഷ്യരുടെ രക്ഷയ്ക്കായി എടുത്ത പുതിയ അസ്തിത്വമാണ്, യേശു എന്ന ദേഹവും ദേഹിയും ആത്മാവുമുള്ള പാപമറിയാത്ത മനുഷ്യൻ. (റോമ, 5:15; 1പത്രൊ, 1:24; മത്താ, 26:38; ലൂക്കൊ, 23:46). അതായത്, പ്രവചനംപോലെ ദൈവം തൻ്റെ വെളിപ്പാടിനായി കന്യകയിൽ ഉല്പാദിപ്പിച്ച വിശുദ്ധപ്രജ അഥവാ, പരിശുദ്ധമനുഷ്യനാണ് യേശു. (ഉല്പ, 3:15; ആവ, 18:15,18; യെശ, 7:14; സങ്കീ, 40:6; എബ്രാ, 10:5; ലൂക്കൊ, 1:35; യോഹ, 6:69; 8:40). അതിനെയാണ് ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാട് അഥവാ, പ്രത്യക്ഷത എന്ന് പറയുന്നത്. പഴയപുതിയ നിയമങ്ങളിൽ മനുഷ്യർ കണ്ടതെല്ലാം, അദൃശ്യനും ആരുമൊരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായ ഏക ദൈവത്തിൻ്റെ പ്രത്യക്ഷതകളെ അഥവാ, പ്രത്യക്ഷ ശരീരങ്ങളെയാണ്. “ഗതിഭേദത്താൽ ആഛാദനമില്ലാത്ത അഗോചരനായ ദൈവം തൻ്റെ സ്ഥായിയായ അവസ്ഥയിലും, അസ്തിത്വത്തിനും മാറ്റംവരാത്തവനായി ഇരിക്കുമ്പോൾത്തന്നെ, മനുഷ്യർക്ക് തന്നെത്തന്നെ ഗോചരമാക്കാൻ, താനെടുക്കുന്ന പുതിയ അസ്തിത്വത്തെയാണ്, വെളിപ്പാട് അഥവാ, പ്രത്യക്ഷത എന്ന് പറയുന്നത്.” യഹോവ മനുഷ്യനായി പ്രത്യക്ഷനായതിൻ്റെ കൃത്യമായ തെളിവ് പഴയനിയമത്തിലുമുണ്ട്. (ഉല്പ, 18:1-19-1). അബ്രാഹാമിൻ്റെ അടുക്കൽ പ്രത്യക്ഷനായ മൂന്ന് മനുഷ്യരിൽ ഒരാളെ, യഹോവയെന്ന് പത്തുപ്രാവശ്യം വിശേഷിപ്പിച്ചിട്ടുണ്ട്. (ഉല്പ, 18:1,13). രണ്ടുപേർ ദൂതന്മാരാണെന്നും കൃത്യമായി പറഞ്ഞിട്ടുണ്ട്. (18:16,22; 19:1). തൻ്റെ അടുക്കൽ ഭക്ഷണംകഴിച്ച് വിശ്രമിക്കാൻ വന്ന വഴിയാത്രക്കാരായാണ് അബ്രാഹാം അവരെ മനസ്സിലാക്കിയത്. ഏഴെട്ടുനാഴിക അവനോടുകൂടെ ചിലവഴിച്ച്, അവൻ ഒരുക്കിക്കൊടുത്ത വിഭവസമൃദ്ധമായ ഭക്ഷണവും കഴിച്ച്, അവനോടുള്ള ദൈവത്തിൻ്റെ വാഗ്ദത്തം പുതുക്കിയശേഷമാണ്, ദൈവത്തിൻ്റെ പ്രത്യക്ഷതയായ മനുഷ്യൻ മടങ്ങിപ്പോയത്. (ഉല്പ, 18:4-19). ആബ്രാഹാമിൻ്റെ അടുക്കൽ മനുഷ്യനായി പ്രത്യക്ഷനായ യഹോവ തന്നെയാണ്, പുതിയനിയമത്തിൽ മനുഷ്യരുടെ പാപപരിഹാരാർത്ഥം; യേശുവെന്ന സംജ്ഞാനാമത്തിൽ; ഒരു മനുഷ്യപ്രത്യക്ഷത എടുത്തത്. പഴയനിയമ പ്രവചനം ഉദ്ധരിച്ചുകൊണ്ട്, എബ്രായലേഖകൻ പറയുന്നു: “ആകയാൽ ലോകത്തിൽ വരുമ്പോൾ: ഹനനയാഗവും വഴിപാടും നീ ഇച്ഛിച്ചില്ല; എന്നാൽ ഒരു ശരീരം നീ എനിക്ക് ഒരുക്കിയിരിക്കുന്നു.” (10:5. ഒ.നോ: സങ്കീ, 40:6, LXX). “എന്നാൽ ഒരു ശരീരം നീ എനിക്ക് ഒരുക്കിയിരിക്കുന്നു.” അതായത്, പുതിയ നിയമത്തിൽ, മനുഷ്യരുടെ രക്ഷയ്ക്കായി; ദൈവം ഒരുക്കിയ ശരീരം അഥവാ, ദൈവം എടുത്ത പ്രത്യക്ഷതയാണ്, യേശുവെന്ന ദേഹവും ദേഹിയും ആത്മാവുള്ള പാപമറിയാത്ത മനുഷ്യൻ. (1പത്രൊ, 2:24; മത്താ, 26:38; ലൂക്കൊ, 23:46; 2കൊരി, 5:21). പുതിയനിയമത്തിൽ മനുഷ്യരുടെ നിത്യരക്ഷയ്ക്കായി മാത്രം വെളിപ്പെട്ട യേശുവെന്ന പാപമറിയാത്ത മനുഷ്യൻ, സത്യദൈവമാണെന്ന് എങ്ങനെ പറയും? തന്മൂലം, പുത്രനല്ല; പിതാവാണ് സത്യദൈവമെന്ന് സംശയലേശമന്യേ തെളിയുന്നു.
സുവിശേഷ ചരിത്രകാലത്ത് ഏകദൈവവും, ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ മനുഷ്യനുമെന്ന രണ്ടുപേർ ഉണ്ടായിരുന്നു. “ദൈവം ഒരുവനല്ലോ; ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.” (1തിമൊ, 2:5-6. ഒ.നോ: 3:16). ഏകദൈവത്തിനും മനുഷ്യർക്കും മദ്ധ്യസ്ഥൻ ആയത്, മനുഷ്യനായ ക്രിസ്തുയേശു ആണ്. (1തിമൊ, 2:6). അതുകൊണ്ടാണ്, പിതാവിനെ തന്നെക്കുറിച്ച് സാക്ഷ്യം പറയുന്ന മറ്റൊരുത്തൻ എന്ന് ക്രിസ്തു വിശേഷിപ്പിച്ചത്. (യോഹ, 5:32;37). യോർദ്ദാനിലെ സ്നാനം മുതൽ ദൈവപിതാവ് മനുഷ്യനായ യേശുവിൻ്റെ കൂടെ അദൃശ്യനായി ഇരുന്നതുകൊണ്ടാണ്, താൻ ഏകനല്ല അഥവാ, ഒറ്റയ്ക്കല്ലെന്ന് അവൻ ആവർത്തിച്ചു പറഞ്ഞത്. (യോഹ, 16:32. ഒ.നോ: 3:2; 8:16; 8:29; 14:10; പ്രവൃ, 10:38). യേശുവിൻ്റെ കൂടെ ഇരുന്ന ദൈവമാണ് അവനെക്കൊണ്ട് അത്ഭുതങ്ങളും അടയാളങ്ങളും ചെയ്യിച്ചത്. (മത്താ, 12:28; യോഹ, 3:2; പ്രവൃ, 2:22; 10:38). പിതാവിനെയും തന്നെയും ചേർത്ത് “ഞങ്ങൾ” എന്ന് ബഹുവചനത്തിൽ പറഞ്ഞിട്ടുണ്ട്. (യോഹ, 14:23). നിന്നെയും എന്നെയും എന്നിങ്ങനെ പിതാവിനെയും തന്നെയും വേർതിരിച്ചു പറയുകയും ചെയ്തു. (യോഹ, 17:3). തന്നെയും പിതാവിനെയും ചേർത്ത്, നമ്മെപ്പോലെ ഒന്നാകേണ്ടതിനു എന്ന് ബഹുവചനത്തിൽ പറഞ്ഞിട്ടുണ്ട്.. (യോഹ, 17:11). നാം ഒന്നായിരിക്കുന്നതുപോലെ എന്ന് പിന്നെയും ബഹുവചനത്തിൽ പറഞ്ഞിട്ടുണ്ട്. (യോഹ, 17:23). സുവിശേഷ ചരിത്രകാലം കഴിഞ്ഞാൽ അഥവാ, പ്രത്യക്ഷതയുടെ ദൗത്യം കഴിഞ്ഞ് അപ്രത്യക്ഷമായാൽ, ആ മനുഷ്യവ്യക്തി ദൈവത്തിൽനിന്ന് വിഭിന്നൻ ആയിരിക്കില്ല. (യോഹ, 20:17). അവൻ ദൈവത്തിൽ മറഞ്ഞിരിക്കയാണ്. (കൊലൊ, 3:3). അതുകൊണ്ടാണ്, “അന്നു നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കും; ഞാൻ നിങ്ങൾക്കുവേണ്ടി പിതാവിനോട് അപേക്ഷിക്കും എന്നു ഞാൻ പറയുന്നില്ല” എന്ന് ക്രിസ്തു പറഞ്ഞത്. (യോഹ, 16:26. ഒ.നോ: യോഹ, 12:48). ഉയിർത്തെഴുന്നേറ്റ അന്നുതന്നെ സ്വർഗ്ഗേ കരേറിപ്പോയതോടുകൂടി, യേശുവെന്ന മനുഷ്യൻ്റെ ശുശ്രൂഷ ഒരിക്കലായി പൂർത്തിയായി. (യോഹ 20:17; എബ്രാ, 9:11-12; 7:26-27; 10:7-10). പിന്നീട്, സ്വർഗ്ഗത്തിൽനിന്ന് പ്രത്യക്ഷനായത് മനുഷ്യനല്ല; ദൈവമാണ്. (മർക്കൊ, 16:14; യോഹ, 20:28). അവനെയാണ് തോമാസ്, എൻ്റെ കർത്താവും എൻ്റെ ദൈവവും ആയുള്ളോവേ” എന്നേറ്റു പറഞ്ഞത്. (യോഹ, 20:28). ഒരു യെഹൂദൻ യഹോവയെ അല്ലാതെ, മറ്റാരെയും എൻ്റെ ദൈവം എന്ന് സംബോധന ചെയ്യില്ല. യെഹൂദാ രാജാവായ ദാവീദ്, എൻ്റെ ദൈവവും എൻ്റെ കർത്താവും ആയുള്ളോവേ എന്ന് സംബോധന ചെയ്തവനെത്തന്നെയാണ്, യെഹൂദനും വിശേഷാൽ അപ്പൊസ്തലനുമായ തോമാസ് എൻ്റെ ദൈവം എന്ന് ഏറ്റുപറഞ്ഞത്. (സങ്കീ, 35:23). അതായത്, ക്രിസ്തു ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാകയാൽ (1തിമൊ, 3:14-16). പൂർവ്വാസ്തിത്വത്തിലും (ലൂക്കൊ, 1:68; യെശ, 25:8-9; 35:3-6; 40:3) സുവിശേഷ ചരിത്രകാലം ഒഴികെ, നിത്യമായ അസ്തിത്വത്തിലും പിതാവും പുത്രനും ഒന്നുതന്നെയാണ്. അതുകൊണ്ടാണ്, ഞാൻ തന്നേ അവൻ അഥവാ, പിതാവെന്ന് ക്രിസ്തു പറഞ്ഞത്. (യോഹ, 8:24,28; 13:19). അബ്രാഹാം ജനിച്ചതിനു മുമ്പേയുള്ള “എഗോ എയ്മി” ആണെന്ന് പറഞ്ഞത്. (യോഹ, 8:58). ഞാനും പിതാവും ഒന്നാകുന്നു എന്നു പറഞ്ഞത്. (യോഹ, 10:30). എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു എന്ന് ഫിലിപ്പോസിനോട് പറഞ്ഞത്. (യോഹ, 14:9). ഫിലിപ്പോസിൻ്റെ ആവശ്യം “പിതാവിനെ കാണണം” എന്നായിരുന്നു. യേശുവിൻ്റെ മറുചോദ്യം, “നീ എന്നെ അറിയുന്നില്ലയോ” എന്നായിരുന്നു. അപ്പോൾ, ഞാനാരാണ്? ഞാനും പിതാവും ഒന്നാകുന്നു. അഥവാ, സുവിശേഷചരിത്രകാലം ഒഴികെ നിത്യമായ അസ്തിത്വത്തിൽ പിതാവും പുത്രനും ഒന്നുതന്നെയാണ്. തന്മൂലം, മനുഷ്യരുടെ രക്ഷയ്ക്കായി ദൈവം എടുത്ത മനുഷ്യപ്രത്യക്ഷതയായ ദൈവപുത്രനല്ല; ദൈവപിതാവാണ് സത്യദൈവം എന്ന് സ്ഫടികസ്ഫുടം വ്യക്തമാകുന്നു. ഇതാണ് ബൈബിൾ വെളിപ്പെടുത്തുന്ന വസ്തുത. പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക!
മാനവരക്ഷയ്ക്കായി വരുവാനുള്ളവൻ നീ തന്നെയോ എന്ന യോഹന്നാന്റെ അന്വേഷണത്തിന് യേശു നൽകുന്ന മറുപടിയിലുണ്ട് യേശു ദൈവം തന്നെയെന്ന്.