☛ യേശു പ്രകൃത്യാതീതമായി കന്യകയിൽനിന്ന് ഉത്ഭവിച്ചവനാകയാൽ, അവൻ ദൈവമാണെന്ന് വിചാരിക്കുന്നവരുണ്ട്: (മത്താ, 1:20; ലൂക്കൊ, 1:35; ലൂക്കൊ, 2:21). യേശു മാത്രമല്ല; യിസ്ഹാക്കും യോഹന്നാൻ സ്നാപകനും പ്രകൃത്യാതീതമായി ജനിച്ചവരാണ്:
𝟭. യിസ്ഹാക്ക്:
➟ യിസ്ഹാക്കിൻ്റെ അമ്മ സാറാ മച്ചിയായിരുന്നു (ഉല്പ, 11:30), അവൾക്ക് സ്ത്രീകൾക്കുള്ള പതിവും (മാസമുറ) നിന്നുപോയിരുന്നു: (ഉല്പ, 18:1). തന്നെയുമല്ല, അവളും ഭർത്താവും വൃദ്ധരായിരുന്നു: (ഉല്പ, 18:11-12). അവനെ “മൃതപ്രായൻ” എന്നാണ് എബ്രായലേഖകൻ വിശേഷിപ്പിച്ചിരിക്കുന്നത്: (എബ്രാ, 11:12). അബ്രാഹാമിന് തൊണ്ണൂറ്റൊമ്പത് വയസ്സുള്ളപ്പോൾ ദൈവം അവനോടു: നിനക്ക് സാറായിൽ നിന്ന് ഒരു മകൻ ജനിക്കുമെന്ന് പറയുകയുണ്ടായി: (ഉല്പ, 17:16). അതുകേട്ട് അവൻ ചിരിച്ചുവെന്നല്ല; “അബ്രാഹാം കവിണ്ണുവീണു ചിരിച്ചു” എന്നാണ് അവിടെ പറഞ്ഞിരിക്കുന്നത്. “ചിരിച്ചുചിരിച്ച് മണ്ണുകപ്പി” എന്ന മലയാള പ്രയോഗം ഒരുപക്ഷെ അബ്രാഹാമിൻ്റെ ഈ ചിരിയിൽനിന്ന് ഉണ്ടായതാകാം. എന്നിട്ട് അവൻ തൻ്റെ ഹൃദയത്തിൽ പറഞ്ഞത്: “നൂറു വയസ്സുള്ളവന്നു മകൻ ജനിക്കുമോ? തൊണ്ണൂറു വയസ്സുള്ള സാറാ പ്രസവിക്കുമോ?” എന്നാണ്: (ഉല്പ, 17:17). പിന്നെ അവൻ ദൈവത്തിന് ഒരു വഴിയും പറഞ്ഞുകൊടുത്തു: “യിശ്മായേൽ നിന്റെ മുമ്പാകെ ജീവിച്ചിരുന്നാൽ മതി.” (ഉല്പ, 17:18). അതായത്, വൃദ്ധരായ ഞങ്ങൾക്ക് മക്കളെ തരാൻ നീ ബുദ്ധിമുട്ടണ്ട, അതിന് സാധിക്കില്ല; പകരം തൻ്റെ പുത്രനായ യിശ്മേയേലിന് ഒരു സംരക്ഷണം കൊടുത്താൽ മതി എന്ന ഒരു ലളിതമായ മാർഗ്ഗം ദൈവത്തിന് അവൻ പറഞ്ഞുകൊടുക്കുകയായിരുന്നു. സാറായും മകൻ ജനിക്കുമെന്ന വാഗ്ദത്തം കേട്ടപ്പോൾ ഉള്ളുകൊണ്ടു ചിരിച്ചതായി കാണാം: (ഉല്പ, 18:12). മൃതപ്രായരായ അവരിൽ നിന്നാണ് യിസ്ഹാക്കും ആകാശത്തിലെ നക്ഷത്രങ്ങൾ പോലെയും ഭൂമിയിലെ പൊടിപോലെയും അബ്രാഹാമിന് സന്തതികൾ ജനിച്ചത്: (എബ്രാ, 11:12; ഉല്പ, 22:18)
𝟮. യോഹന്നാൻ:
➟ എലീശബെത്ത് മച്ചിയും ഇരുവരും വയസ്സു ചെന്നവരും ആയിരുന്നു: (ലൂക്കോ, 1:7). വയസ്സായ സമയത്ത് ഗർഭിണിയായതിനാൽ അവൾ അഞ്ചുമാസം ഒളിച്ചുപാർത്തതായി കാണാം: (ലൂക്കൊ, 1:25). അതായത്, അബ്രാഹാമിൻ്റെയും സാറായുടെയും, സെഖര്യാവിൻ്റെയും എലീശബെത്തിൻ്റെയും അവസ്ഥ ഒരുപോലെയായിരുന്നു. ബൈബിളിൽ പല മച്ചികളുടെയും ഗർഭം ദൈവം തുറന്നുകൊടുത്തിട്ട് അവർ മക്കളെ പ്രസവിച്ചതായി പറഞ്ഞിട്ടുണ്ട്. ഉദാ: റാഹേൽ (ഉല്പ, 29:31; 30:22). മനോഹയുടെ ഭാര്യ (ന്യായാ, 13:2-3, 13:24), ഹന്ന (1ശമൂ, 1:5; 1:20) മുതലായവർ ഉദാഹരണങ്ങളാണ്. എന്നാൽ യിസ്ഹാക്കിൻ്റെയും യോഹാന്നാൻ്റെയും ജനനം അപ്രകാരമായിരുന്നില്ല. സാറായും എലീശബെത്തും മച്ചി മാത്രമായിരുന്നില്ല; അവർക്കും അവരുടെ ഭർത്താക്കന്മാർക്കും മകളെ ഉല്പാദിപ്പിക്കാനുള്ള പ്രായവും കടന്നുപോയിരുന്നു. അതിനാൽ ഇരുവരുടെയും ജനനം പ്രകൃത്യാതീതമായിരുന്നു എന്ന് മനസ്സിലാക്കാം.
𝟯. യേശുവിൻ്റെ ജനനം:
➟ യോസേഫിന് വിവാഹനിശ്ചയം ചെയ്തിരുന്ന കന്യകയായ മറിയം പരിശുദ്ധാത്മാവിനാലാണ് യേശുവിനെ ഗർഭംധരിച്ച് പ്രസവിച്ചത്: (മത്താ, 1:18; 1:20; ലൂക്കൊ, 1:35; 2:21). അതായത്, പുതിയനിയമരക്ഷയ്ക്കായി (മത്താ, 1:21; എബ്രാ, 2:14-15) പരിശുദ്ധാത്മാവിനാൽ പ്രകൃത്യാതീതമായി മറിയത്തിൽ ഉല്പാദിതനായ (മത്താ, 1:20; ലൂക്കൊ, 1:21), അവളുടെ ആദ്യജാതനായി ജനിച്ച (ലൂക്കൊ, 2:7), ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9), ദേഹവും (Soma – Body) ദേഹിയും (Psyche – Soul) ആത്മാവുമുള്ള (Spirit – Pneuma) പാപരഹിതനായ മനുഷ്യനാണ് യേശു: (1പത്രൊ, 2:24; മത്താ, 26:38; ലൂക്കൊ, 23:46; 1യോഹ, 3:5; യോഹ, 8:40).
☛ തമ്മിലുള്ള വ്യത്യാസം:
➟ ഒന്നുമില്ലായ്മയിൽ നിന്ന് സകലവും ഉളവാക്കിയവനും കല്ലുകളിൽ നിന്നുപോലും മക്കളെ ഉളവാക്കാൻ കഴിയുന്നവനുമായ ദൈവത്താൽ പ്രകൃത്യാതീതമായാണ് സാറായും എലീശബെത്തും മറിയയും ഗർഭംധരിച്ചു പ്രസവിച്ചത്. എന്നാൽ വ്യത്യാസമെന്താണെന്ന് ചോദിച്ചാൽ: ദൈവം യിസ്ഹാക്കിൻ്റെയും യോഹന്നാൻ്റെയും മാതാപിതാക്കൾക്ക് പുത്രോല്പാദനത്തിനുള്ള ശക്തി പ്രകൃത്യാതീതമായി നല്കിയിട്ട് അവർ സ്വാഭാവികമായ രീതിയിലാണ് മക്കളെ ജനിപ്പിച്ചത്. അതായത്, യിസ്ഹാക്കും യോഹന്നാനും ഏതൊരു മനുഷ്യനെപ്പോലെയും പിതാവിൻ്റെയും മാതാവിൻ്റെയും വേരിൽനിന്ന് ജനിച്ചതാകയാൽ അവർ പാപത്തിലാണ് ജനിച്ചത്. എന്നാൽ കന്യകയായ മറിയ പുരുഷബന്ധം കൂടാതെയും അവളുടെ യാതൊരു ഭാഗഭാഗിത്വവും കൂടാതയും പരിശുദ്ധാത്മാവിനാലാണ് യേശുവിനെ ഗർഭംധരിച്ചത്. പുരുഷൻ്റെ ബീജവും സ്ത്രീയുടെ അണ്ഡവും സംയോജിക്കുമ്പോഴാണ് ഒരു കുഞ്ഞ് ജനിക്കുന്നത്. യോസേഫിൻ്റെ ബീജം മറിയയിൽ എത്തിയിട്ടില്ലാത്തതിനാൽ, മറിയയുടെ അണ്ഡവും നിഷ്ക്രിയമായിരുന്നു എന്ന് മനസ്സിലാക്കാം. ➟അതിനാൽ, മനുഷ്യരുടെ വേരിൽനിന്നല്ല യേശുവിൻ്റെ ജനനമെന്നതിനാൽ അവൻ്റെ ജനനം പാപരഹിതമാണ്: (1യോഹ, 3:5). [കാണുക: ക്രിസ്തു അമ്മയിൽനിന്ന് ശരീരം സ്വീകരിച്ചോ?]
☛ മൂവരുടെയും പ്രകൃതി:
➟ മൂന്നുപേരും മനുഷ്യരാണ്: (യോഹ, 8:40). എന്നാൽ യിസ്ഹാക്കും യോഹന്നാനും പാപജഡത്തിലും യേശു പാപജഡത്തിൻ്റെ സാദൃശ്യത്തിലായിരുന്നു: (റോമ, 8:3). അഥവാ, യിസ്ഹാക്കിൻ്റെയും യോഹന്നാൻ്റെയും പാപസഹിത ജനനവും യേശുവിൻ്റെ പാപരഹിത ജനനവും ആയിരുന്നു; (1യോഹ, 3:5). യേശു എല്ലാ മനുഷ്യരെപ്പോലയും ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ളവനും (ലൂക്കൊ, 23:46) അഥവാ, അവൻ ജഡരക്തങ്ങളോടു കൂടിയവൻ ആയിരുന്നെങ്കിലും (എബ്രാ, 2:14), പാപമറിയാത്തവനും (2കൊരി, 5:21) പവിത്രനും നിർദ്ദോഷനും നിർമ്മലനും പാപികളോടു വേറുവിട്ടവനും (എബ്രാ, 7:26) പാപം ചെയ്തിട്ടില്ലാത്തവനും വായിൽ വഞ്ചനയില്ലാഞ്ഞവനും (1പത്രൊ, 2:22) പാപമില്ലാത്തവനും ആയിരുന്നു: (1യോഹ, 3:5).
☛ മൂവരുടെയും ജനനത്തിൻ്റെ ഉദ്ദേശ്യം:
➟ മൂവരുടെയും ജനനത്തിൻ്റെ പ്രത്യേകത എന്താണെന്ന് ചോദിച്ചാൽ: മൂവരും ജനനത്തിനുമുമ്പെ ദൈവത്താൽ നാമകരണം ചെയ്യപ്പെട്ടവരും, പ്രകൃത്യാതീതമായും പ്രത്യേക ഉദ്ദേശ്യത്തോടെയും ജനിച്ചവർ ആയിരുന്നു: (ഉല്പ, 17:19 ⁃ ലൂക്കൊ, 1:13 ⁃ മത്താ, 1:21; ലൂക്കൊ, 1:31)
𝟭. യിസ്ഹാക്ക്:
➟ ദൈവം കൽദയരുടെ പട്ടണമായ ഊരിൽനിന്ന് വിളിച്ചുവേർതിരിച്ച തൻ്റെ സ്നേഹിതനായ അബ്രാഹാമിനോട് ദൈവം തന്നെക്കൊണ്ടുതന്നെ സത്യംചെയ്ത് പറഞ്ഞ വാഗ്ദത്തത്തിൻ്റെ നിവൃത്തിയാണ് യിസ്ഹാക്കിൻ്റെ ജനനം: (ഉല്പ, 22:17-18).
𝟮. യോഹന്നാൻ:
➟ നിത്യരക്ഷയുടെ കാരണഭൂതനായിത്തീർന്ന ക്രിസ്തുവിൻ്റെ വഴിയൊരുക്കാനാണ് യോഹന്നാൻ ജനിച്ചത്: (എബ്രാ, 5:7-9 – ലൂക്കൊ, 1:16-17; 1:76-77). [കാണുക: യഹോവയ്ക്ക് വഴിയൊരുക്കാൻ വന്നവൻ ആർക്കാണ് വഴിയൊരുക്കിയത്?].
𝟯. യേശുക്രിസ്തു:
➟ പിതാവായ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനായാണ് യേശു എന്ന മനുഷ്യൻ ജനിച്ചത്: (1Tim, 3:16; Joh, 1:18; Joh, 8:40). മനുഷ്യരെല്ലാം പാപികളായതുകൊണ്ട് (ഇയ്യോ, 15:14; ഇയ്യോ, 25:4; സഭാ, 7:20; റോമ, 3:23; റോമ, 5:12), മനുഷ്യന് മനുഷ്യൻ്റെ പാപം പോക്കാൻ കഴിയാത്തതിനാൽ (സങ്കീ, 49:7-9) പാപത്തിൻ്റെ ശമ്പളം മരണം (റോമ, 6:23), പാപം ചെയ്യുന്ന ദേഹി മരിക്കും (യെഹെ, 18:4; 18:20), രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല (എബ്രാ, 9:22) എന്ന ദൈവനീതി നിവൃത്തിക്കാൻ മാറ്റമോ, ഗതിഭേദത്താൽ ആഛാദനമോ ഇല്ലാത്ത പിതാവായ യഹോവ (യാക്കോ, 1:17; മലാ, 3:6) തൻ്റെ ജഡത്തിലെ വെളിപ്പാടിനായി പരിശുദ്ധാത്മാവിനാൽ പ്രകൃത്യാതീതമായി മറിയത്തിൽ ഉല്പാദിപ്പിച്ച (മത്താ, 1:20; ലൂക്കൊ, 1:21), ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ മനുഷ്യനാണ്: (യോഹ, 8:40). അതായത്, ജഡത്തിൽ വെളിപ്പെട്ടത് ജീവനുള്ള ദൈവമായ പിതാവും; വെളിപ്പാട് പുത്രനുമാണ്: (മത്താ, 16:16 – യോഹ, 1:18). [കാണുക: ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക, ദൈവഭക്തിയുടെ മർമ്മം].