നിസ്തുലനായ ക്രിസ്തു

☛ ക്രിസ്തു മനുഷ്യനായതുകൊണ്ട്, നമ്മെപ്പോലെ ഒരു സാധാരണ മനുഷ്യനാണെന്ന് ആരും വിചാരിക്കരുത്: (യോഹ, 8:40 – ഗലാ, 1:1-2; 1കൊരി, 11:3). യേശുവെന്ന അഭിഷിക്തനായ മനുഷ്യൻ (ക്രിസ്തു) നിസ്തുലനാണ്. ക്രിസ്തു പിതാവായ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനായി പരിശുദ്ധാത്മാവിനാൽ കന്യകയിൽ പ്രകൃത്യാതീയമായി ഉല്പാദിതനായ പാപരഹിതനായ മനുഷ്യനാണ്: (1തിമൊ, 3:16; മത്താ, 1:18; 1:20; ലൂക്കൊ, 1:35; 2:21; യോഹ, 8:40; 8:46; 1യോഹ, 3:5). മനുഷ്യരെന്ന നിലയിൽ ക്രിസ്തുവിൻ്റെയും നമ്മുടെയും “പ്രകൃതി” (Nature) ഒന്നാണ്; അക്കാര്യത്തിൽ ആർക്കും സംശയം വേണ്ട; അല്ലെങ്കിൽ നമ്മുടെ പാപപരിഹാരം സാദ്ധ്യമാകില്ല: (എബ്രാ, 2:14-15). എന്നാൽ അവൻ പാപരഹിതനും നാം പാപികളുമാണ്: (1യോഹ, 3:5 ⁃ റോമ, 3:12; 5:12). അഥവാ, നമുക്ക് പാപജഡവും ക്രിസ്തുവിന് പാപജഡത്തിൻ്റെ സാദൃശ്യവുള്ള പാപരഹിത ജഡവുമാണ് ഉണ്ടായിരുന്നത്: (റോമർ 8:3; 1പത്രൊ, 2:24; 1യോഹ, 3:5). അതുകൊണ്ടാണ് പാപപരിഹാരം സാദ്ധ്യമായത്: (1പത്രൊ, 2:24). ഒരു അടിമയ്ക്ക് അടിമയെയോ, പാപിക്ക് പാപിയെയോ വീണ്ടെടുക്കാൻ കഴിയില്ല. ക്രിസ്തു മനുഷ്യനാണെങ്കിലും, അവനെ സാമാന്യമനുഷ്യരിൽനിന്ന് വേർതിരിച്ചും ശ്രേഷ്ഠനുമായാണ് തിരുവെഴുത്തുകളിൽ പറഞ്ഞിരിക്കുന്നത്: (ഗലാ, 1:1; ഗലാ, 1:12; 1കൊരി, 11:3). അപ്പൊസ്തലന്മാരായ പത്രൊസും പൗലൊസും യാക്കോബും തങ്ങളെത്തന്നെ ക്രിസ്തുവിൻ്റെ ദാസന്മാരായാണ് ഗണിച്ചിരുന്നത്: (റോമർ 1:2, യാക്കോ, 1:1, 2പത്രൊ, 1:1). “ദാസൻ” (Servent) എന്നത് ഗ്രീക്കിൽ, “ഡ്യൂലൊസ്” (δοῦλος – doulos) ആണ്. അതിൻ്റെ ശരിയായ അർത്ഥം: “അടിമ” (slave) എന്നാണ്. നമ്മുടെ കർത്താവായ ക്രിസ്തുവിൻ്റെ സ്വന്തസഹോദരന്മാരാണ് യാക്കോബും യൂദായും: (1കൊരി, 9:5; ഗലാ, 1:19). അവർപോലും “ക്രിസ്തുവിൻ്റെ ദാസൻ” എന്നാണ് തങ്ങളെ പരിചയപ്പെടുത്തുന്നത്: (യാക്കോ, 1:1; യൂദാ, 1:1). അതാണ്, നമ്മുടെ ഏകകർത്താവും രക്ഷിതാവും ഏകമനുഷ്യനുമായ യേശുക്രിസ്തുവിൻ്റെ വൈശിഷ്ട്യം! (1കൊരി, 8:6 ⁃ റോമ, 5:15). അവൻ്റെ നിസ്തുലതകൾ അനവധിയാണ്:

𝟭. അവൻ ലോകസ്ഥാപനത്തിനു മുമ്പേ മുന്നറിയപ്പെട്ടവനും അന്ത്യകാലത്ത് വെളിപ്പെട്ടവനുമാണ്: (1പത്രൊ, 1:20 ⁃ എഫെ, 1:4;എബ്രാ, 1:1). ആ നിലയിൽ അവൻ നിസ്തുല്യനാണ്.
𝟮. ക്രിസ്തു പിതാവായ ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ്. (1തിമൊ, 3:16). The New Messianic Version ബൈബിൾ പരിശോധിച്ചാൽ: “God-The Father was manifest in the flesh” എന്ന് കാണാൻ കഴിയും: [കാണുക: NMV]. അഥവാ, ദൈവത്തിൻ്റെ ജഡത്തിലെ പ്രത്യക്ഷതയ്ക്കായി പരിശുദ്ധാത്മാവിനാൽ പ്രകൃത്യാതീതമായി കന്യകയിൽ ഉല്പാദിതമായവനാണ് യേശു എന്ന് പേരുള്ള മനുഷ്യൻ: (മത്താ, 1:20; ലൂക്കൊ, 1:35, 2:21; യോഹ, 9:11). ആ നിലയിലും അവൻ നിസ്തുല്യനാണ്. [കാണുക: ക്രിസ്തുവിനെ അറിയുക]

𝟯. അവൻ ജനനത്തിലും ജീവിതത്തിലും പവിത്രനും നിർദോഷനും നിർമ്മലനും പാപമില്ലാത്തവനും പാപികളോടു വേർവിട്ടവനും പാപം അറിയാത്തവനും വായിൽ വഞ്ചനയില്ലാത്തവനുമാണ്: (2കൊരി, 5:21; എബ്രാ, 7:26; 1പത്രൊ, 2:22; 1യോഹ, 3:5). മനുഷ്യകുലത്തിൽ ജന്മപാപമോ (ആദാമ്യപാപം), കർമ്മപാപമോ ഇല്ലാതെ ജനിച്ചുജീവിച്ചു മരിച്ചുയിർത്ത ഒരേയൊരുത്തൻ ക്രിസ്തു മാത്രമാണ്. “നിങ്ങളിൽ ആർ എന്നെ പാപത്തെക്കുറിച്ചു ബോധം വരുത്തുന്നു?” എന്ന് ലോകത്തോട് ഉറക്കെ ചോദിക്കുവാൻ തക്കവണ്ണം ധാർമ്മികമായും കാർമ്മികമായും വിശുദ്ധിയുള്ള മറ്റൊരു മനുഷ്യൻ ലോകത്തിൽ ഉണ്ടായിട്ടില്ല, ഉണ്ടാകുകയുമില്ല: (യോഹ, 8:46). ആ നിലയിലും അവൻ നിസ്തുല്യനാണ്. ദൈവം മാനവകുലത്തിൻ്റെ പാപം അവൻ്റെമേൽ ചുമത്തി അവനെ കുറച്ചുസമയത്തേക്ക് പാപം ആക്കിയതുകൊണ്ടാണ്, അവനു് മരിക്കാൻ കഴിഞ്ഞത്: (2കൊരി, 5:21). അല്ലെങ്കിൽ, മരണത്തിന് അവനെ തൊടാൻപോലും കഴിയില്ലായിരുന്നു. അഥവാ, മരണത്തിന് അവൻ്റെമേൽ യാതൊരു അധികാരവും ഉണ്ടാകുമായിരുന്നില്ല: (റോമ, 6:23 ⁃ യെഹെ, 18:4;18:20;), അവൻ നമ്മുടെ പാപം ഏറ്റെടുത്ത് തന്നെത്തന്നെ സൗരഭ്യവാസനയായ യാഗമായി ദൈവത്തിന് അർപ്പിച്ചതുകൊണ്ടാണ്, ദൈവകൃപയും ഏകമനുഷ്യനായ യേശുക്രിസ്തുവിൻ്റെ കൃപയാലുമാണ് നമ്മുടെ രക്ഷയെന്ന് വചനം പറയുന്നത്: (എഫെ, 5:2; എബ്രാ, 2:9; റോമ, 5:15; പ്രവൃ, 15:11).

𝟰. അവൻ ദൈവത്തിൽനിന്ന് പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്യപ്പെട്ടവനാണ്: (ലൂക്കൊ, 3:22; പ്രവൃ, 10:38). മശീഹമാർ (ക്രിസ്തുക്കൾ) അനവധിയുണ്ടെങ്കിലും ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും നേരിട്ട് അഭിഷേകം ചെയ്തു എന്ന് പറഞ്ഞിരിക്കുന്ന ഏകവ്യക്തി നമ്മുടെ കർത്താവായ യേശുവാണ്. ആ നിലയിലും അവൻ നിസ്തുല്യനാണ്.

𝟱. അവൻ ദൈവത്വത്തിൻ്റെ സർവ്വസമ്പൂർണ്ണതയും ദേഹരൂപമായി വസിച്ചവനാണ്: (കൊലൊ, 2:9). യോർദ്ദാനിലെ അഭിഷേക സമയത്താണ്, പരിശുദ്ധാത്മാവ് ദേഹരൂപമായി യേശുവിൻ്റെമേൽ ആവസിച്ചത്: (ലൂക്കൊ, 3:22). അതിനെയാണ്, ദൈവത്വത്തിൻ്റെ സർവ്വസമ്പൂർണ്ണത അവനിൽ ദേഹരൂപമായി വസിക്കുന്നു എന്ന് പൗലൊസ് പറഞ്ഞത്. ആ നിലയിലും അവൻ നിസ്തുല്യനാണ്. [കാണുക: ദൈവത്വത്തിൻ്റെ സർവ്വസമ്പൂർണ്ണത ദേഹരൂപമായി വസിച്ചവൻ].

𝟲. മരിച്ചിട്ട് ഇനിയും മരണമില്ലാത്തവനായി ഉയിർത്തെഴുന്നേറ്റ ഒരേയൊരുത്തൻ നമ്മുടെ കർത്താവായ ക്രിസ്തുവാണ്: (റോമ, 6:9). ആ നിലയിലും അവൻ നിസ്തുല്യനാണ്.

𝟳. അവൻ സ്വർഗ്ഗത്തെക്കാൾ ഉന്നതനായിത്തീർന്നവനാണ്: (എബ്രാ, 7:26). ആ നിലയിലും അവൻ നിസ്തുല്യനാണ്. നമ്മുടെ പാപങ്ങൾ തൻ്റെ ശരീരത്തിൽ ചുമന്നുകൊണ്ട് ക്രൂശിൽമരിച്ച പുരുഷനായ (Man) നസറായനായ യേശുവിനെ ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ച് തൻ്റെ വലങ്കയ്യാൽ ഉയർത്തിയപ്പോൾ (1പത്രൊ, 2:24; പ്രവൃ, 2:23-24; പ്രവൃ, 5:31), അവൻ നമ്മുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവും പ്രഭുവും ആകുകയും (പ്രവൃ, 2:36; പ്രവൃ, 5:30-31), ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്നവൻ മഹത്വവും ബഹുമാനവും അണിയുകയും (എബ്രാ, 2:9; 1പത്രൊ, 1:21), ദൂതന്മാരെക്കാൾ ശ്രേഷ്ഠനാകുകയും (എബ്രാ, 1:4), സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള സകല അധികാരം ലഭിക്കുകയും (മത്താ, 28:18). സ്വർഗ്ഗത്തെക്കാൾ ഉന്നതനായിത്തീരുകയും ചെയ്തു. (എബ്രാ, 7:26). ഇതുപോലെ അനവധി സവിശേഷതകൾ അവനുണ്ട്. തന്മൂലം, ക്രിസ്തുയേശു എന്ന പരിശുദ്ധ മനുഷ്യനൊപ്പം പറയാൻ ഭൂമുഖത്ത് ആരുമുണ്ടായിട്ടില്ല; ആരുമുണ്ടാകുകയുമില്ല. [കാണുക: ക്രിസ്തുവിനെ അറിയുക]

Leave a Reply

Your email address will not be published. Required fields are marked *