നസറായൻ എന്നു വിളിക്കപ്പെടും

☛ “അവൻ (യേശു) നസറായൻ എന്നു വിളിക്കപ്പെടും എന്നു പ്രവാചകന്മാർ മുഖാന്തരം അരുളിച്ചെയ്തതു നിവൃത്തിയാവാൻ തക്കവണ്ണം നസറെത്ത് എന്ന ഗ്രാമത്തിൽ ചെന്നു പാർത്തു.” (മത്തായി 2:23). പഴയനിയമത്തിൽ നേരിട്ട് ഇങ്ങനെയൊരു പ്രവചനം കാണാൻ കഴിയില്ല. അതിനാൽ രണ്ട് ആശയങ്ങളെ ബന്ധിപ്പിച്ചുകൊണ്ടാണ്, മത്തായി പറയുന്നതിനെ മനസ്സിലാക്കാൻ കഴിയുന്നത്:

𝟭. യെശയ്യാവ് 11:1-ൽ “യിശ്ശായിയുടെ കുറ്റിയിൽനിന്നു ഒരു മുള പൊട്ടി പുറപ്പെടും” എന്ന് പറയുന്ന വാക്യത്തിലെ “മുള, ശാഖ” (Sprout, Branch) എന്നർത്ഥമുള്ള എബ്രായപദം “Netzer” (נֵצֶר) ആണ്. എബ്രായ പാരമ്പര്യത്തിലെ ശബ്ദസാമ്യ ശൈലി അനുസരിച്ച്, “നെറ്റ്സർ” (Netser) എന്ന പദവും “Nazareth” (Ναζαρέτ) എന്ന സ്ഥലപ്പേരും തമ്മിൽ നേരിട്ടുള്ള ബന്ധമുണ്ട്. പഴയനിയമ പ്രവചനത്തിലെ “നെറ്റ്സർ” (മുള) ആയ മശിഹാ, യഥാർത്ഥത്തിൽ നസറെത്ത് എന്ന ഗ്രാമത്തിൽ വളർന്നുവന്നതിലൂടെ ആ പ്രവചനം അർത്ഥപൂർണ്ണമായി നിവൃത്തിക്കപ്പെട്ടു. അല്ലാതെ, ചിലർ കരുതുന്നപോലെ പഴയനിയമത്തിൽ ദൈവത്തിനുവേണ്ടി വേർതിരിക്കപ്പെട്ട “നാസീർ” (Nazirite) എന്ന വ്രതമല്ല; പ്രത്യുത, “നെറ്റ്സർ” എന്ന മുളയുടെ ആശയമാണ് “നസറായൻ” എന്ന പദത്തിലൂടെ അർത്ഥമാക്കുന്നത്. നമ്മുടെ കർത്താവായ ക്രിസ്തു, ശിംശോനെയും യോഹന്നാൻ സ്നാപകനെയുംപോലെ നാസീർ വ്രതക്കാരനായിരുന്നില്ല എന്നത് പ്രത്യേകം ഓർക്കുക: (മത്തായി 11:19; ലൂക്കൊസ് 7:34)

𝟮. ലൂക്കോസ് 1:26-ൽ നസറെത്തിനെ “പട്ടണം” (City) എന്നർത്ഥത്തിൽ ‘പോളിസ്’ (πόλις) എന്ന് വിശേഷിപ്പിച്ചിട്ടുണ്ടെങ്കിലും, ഒന്നാം നൂറ്റാണ്ടിൽ ഏകദേശം 200-400 ആളുകളും കേവലം 40-50 വീടുകൾ മാത്രമുള്ള ഒരു ചെറിയ ഗ്രാമമായിരുന്നു നസറെത്ത് എന്നാണ് ചരിത്രരേഖകൾ പറയുന്നത്. അന്നത്തെ കാലത്ത് ഔദ്യോഗികമായി ഒരു ഭരണകേന്ദ്രത്തിന് കീഴിൽ വരുന്ന പ്രദേശങ്ങളെ പൊതുവായി സൂചിപ്പിക്കാൻ പോളിസ് എന്ന വാക്ക് വിപുലമായ അർത്ഥത്തിൽ ഉപയോഗിക്കാറുണ്ടായിരുന്നു. അതുകൊണ്ടാണ്, ഒരു ഗ്രാമമായിരുന്നിട്ടും നസറെത്തിനെ ബൈബിളിൽ “നസറെത്ത് എന്ന ഗലീലപട്ടണം” എന്ന് ലൂക്കൊസ് വിശേഷിപ്പിച്ചിരിക്കുന്നത് എന്നാണ് ചരിത്രകാരന്മാരുടെ നിരീക്ഷണം. അതായത്, ഏറ്റവും സാധാരണക്കാരായ കുറച്ച് മനുഷ്യർ താമസിച്ചിരുന്നതും വളരെ നിസ്സാരവുമായ ഒരു ഗ്രാമവുമായിരുന്നു അക്കാലത്തെ നസറെത്ത്. അതുകൊണ്ടാണ്, “നസറെത്തിൽനിന്നു വല്ല നന്മയും വരുമോ?” എന്ന് നഥനയേൽ ചോദിച്ചത്: (യോഹന്നാൻ 1:46). അതായത്, ക്രിസ്തുവിന്റെ താഴ്മയെയും ലോകം തള്ളിക്കളഞ്ഞ നിന്ദിതാവസ്ഥയെയുമാണ് നസറെത്തിലെ വാസം അഥവാ, നസറായൻ എന്ന വിശേഷണം സൂചിപ്പിക്കുന്നത്: (സങ്കീർത്തനം 22:6, യെശയ്യാവ് 53:3).

☛ ഈ രണ്ട് കാര്യങ്ങളുടെയും നിവർത്തിയായിട്ടാണ് മത്തായി 2:23-നെ കാണാൻ കഴിയുന്നത്. നേരെമറിച്ച്, പ്രസ്തുത വേദഭാഗം ഏതെങ്കിലും ഒരു പ്രത്യേക പ്രവചനത്തിന്റെ മാത്രം നിവർത്തിയായിരുന്നു എങ്കിൽ, മത്തായി സുവിശേഷകൻ ”പ്രവാചകന്മാർ മുഖാന്തരം” (Dia tōn prophētōn – By the prophets) എന്ന് ബഹുവചനത്തിൽ പറയില്ലായിരുന്നു. പ്രത്യുത, മശിഹായുടെ താഴ്മയെക്കുറിച്ചും അവനുണ്ടാകുവാനുള്ള നിന്ദകളെക്കുറിച്ചും പഴയനിയമ പ്രവാചകർ പലയിടങ്ങളിലായി പറഞ്ഞിട്ടുള്ള സമഗ്രമായ പ്രവചനങ്ങളുടെ സംഗ്രഹമാണ് “നസറായൻ” (Nazarene) എന്ന വിശേഷണം കാണിക്കുന്നത്: (മത്തായി 2:22; 26:71; മർക്കൊസ് 1:24; 10:47; ലൂക്കൊസ് 4:34). അതിനാൽ ആ പ്രവചനം പഴയനിയമത്തിൽ പറഞ്ഞിട്ടില്ലല്ലോ എന്നോർത്ത് ആരും കുണ്ഠിതപ്പെടാൻ ആവശ്യമില്ല.