“നമുക്കു ഒരു ശിശു ജനിച്ചിരിക്കുന്നു; നമുക്കു ഒരു മകൻ നല്കപ്പെട്ടിരിക്കുന്നു; ആധിപത്യം അവന്റെ തോളിൽ ഇരിക്കും; അവന്നു അത്ഭുതമന്ത്രി, വീരനാംദൈവം, നിത്യപിതാവു, സമാധാനപ്രഭു എന്നു പേർ വിളിക്കപ്പെടും.” (യെശ, 9:6). ഈ വേദഭാഗം ദൈവപുത്രനായ ക്രിസ്തുവിനെക്കുറിച്ചാണെന്നും, ക്രിസ്തു വീരനാംദൈവം ആണെന്നും ക്രൈസ്തവരിൽ ഭൂരിപക്ഷംപേരും വിചാരിക്കുന്നു. എന്നാൽ, ഈ പ്രവചനം ക്രിസ്തുവിനെക്കുറിച്ചാണെന്ന് തെളിയിക്കാൻ യാതൊരു തെളിവും ബൈബിളിലില്ല. തന്നെയുമല്ല, ഇവിടെപ്പറയുന്ന നാല് നാമം സത്യദൈവത്തെ കുറിക്കുന്നതല്ല; അതൊരു മനുഷ്യനെക്കുറിക്കുന്ന പ്രാവചനിക നാമം (prophetic name) ആണ്. പ്രവചനം ക്രിസ്തുവിനെക്കുറിച്ചല്ല എന്നതിന് പല തെളിവുകളും ബൈബിളിലുണ്ട്. നമുക്ക് ഓരോന്നായി പരിശോധിക്കാം:
1. പുതിയനിയമത്തിൽ യെശയ്യാപ്രവചനത്തിൽനിന്നാണ് ഏറ്റവും കൂടുതൽ ഉദ്ധരണികൾ എടുത്തിരിക്കുന്നത്. യെശയ്യാവിൻ്റെ നൂറിലേറെ ഉദ്ധരണികൾ പ്രത്യക്ഷമായിട്ടും പരോക്ഷമായിട്ടും പുതിയനിയമത്തിൽ കാണാം. അതിൽ, യെശയ്യാവ് പറഞ്ഞു; യെശയ്യാപ്രവചനത്തിൽ എഴുതിയിരിക്കുന്നു എന്നിങ്ങനെ പറഞ്ഞിരിക്കുന്ന 21 പ്രവചനങ്ങളുണ്ട്. ഉദാ: (മത്താ, 3:3–യെശ, 40:3; മത്താ, 8:17–യെശ, 53:4; മത്താ, 12:17-21–യെശ, 6:9,10). എന്നാൽ, ഈ പ്രവചനം പുതിയനിയമത്തിൽ അപ്പൊസ്തലന്മാരോ, എഴുത്തുകാരോ ആരും ഉദ്ധരിച്ചിട്ടില്ല. പ്രവചനം ക്രിസ്തുവിനെക്കുറിച്ച് ആയിരുന്നെങ്കിൽ, അവൻ്റെ ജനനത്തിലോ, ജീവിതത്തിലോ, ശുശ്രൂഷയിലോ, മരണത്തിലോ, ഉയിർപ്പിലോ, അതിനുശേഷമോ എവിടെയെങ്കിലും പ്രവചനം ഉദ്ധരിക്കുമായിരുന്നു. യെശയ്യാവിൻ്റെ ആദ്യപ്രവചനം യേശുവിൻ്റെ ജനനത്തോടുള്ള ബന്ധത്തിലാണ്. (യേശ, 7:14; മത്താ, 1:22). യെശയ്യാവ് 9:6-ൽ പറയുന്ന ശിശു ക്രിസ്തു ആണെങ്കിൽ, മത്തായിയോ, ലൂക്കൊസോ അത് നിശ്ചയമായും ഉദ്ധരിക്കുമായിരുന്നു. തന്മൂലം, പ്രവചനത്തിലെ ശിശു ക്രിസ്തു അല്ലെന്ന് അസന്ദിഗ്ധമായി മനസ്സിലാക്കാം. അനേകർ കരുതുന്നപോലെ, സ്വർഗ്ഗത്തിൽനിന്ന് ആരുംവന്ന് കന്യകയിൽ അവതാരം എടുത്തതല്ല; ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനായി കന്യകയിൽ പരിശുദ്ധാത്മാവിനാൽ ഉല്പാദിതമായവനാണ് യേശു. (മത്താ, 1:18,20; ലൂക്കൊ, 2:21; 1തിമൊ, 3:14-16). ഉല്പാദിതമാകുക എന്നാൽ; ഉളവാക്കുക, ഉരുവാക്കുക, ഉണ്ടാക്കുക എന്നൊക്കെയാണ് അർത്ഥം. തന്നെയുമല്ല, കന്യകയിൽനിന്ന് ഉദ്ഭവിക്കുന്നവൻ ദൈവപുത്രൻ എന്ന് വിളിക്കപ്പടും എന്നത് ദൂതൻ്റെ പ്രവചനമായിരുന്നു. (ലൂക്കൊ, 1:32; 1:35). യേശു ജനിച്ച് ഏകദേശം 30 വയസ്സായപ്പോഴാണ് ആ പ്രവചനം നിവൃത്തിയായത്. (ലൂക്കൊ, 3:22-23). അതായത്, കന്യകയിൽ ജനിച്ച യേശുവിന് ഒരു ഉദ്ഭവം അഥവാ, ആരംഭമുണ്ട്. (യെശ, 7:14; മീഖാ, 5:2; ലൂക്കൊ, 1:35; പ്രവൃ, 3:22; റോമ, 9:5; ഗലാ, 4:4; 1പത്രൊ, 1:20). എന്നാൽ, ബൈബിൾ വെളിപ്പെടുത്തുന്ന സത്യദൈവം ആരംഭവും അവസാനവും ഇല്ലാത്തവനും എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനുമാണ്. (സങ്കീ, 90:2; യെശ, 46:10; 57:15; വെളി, 4:10). തന്മൂലം, ദൈവശ്വാസീയമായി രചിക്കപ്പെട്ട പുതിയനിയമത്തിൽ അപ്പൊസ്തലന്മാരും എഴുത്തുകാരും എടുക്കാതെ തള്ളിക്കളഞ്ഞ ഒരു പ്രവചനം, ക്രിസ്തുവിൽ ആരോപിക്കുന്നത് വചനവിരുദ്ധമാണെന്ന് പറയേണ്ടിവരും.
2. അടുത്തഭാഗത്ത് പറയുന്നത്: “ആധിപത്യം അവന്റെ തോളിൽ ഇരിക്കും” എന്നാണ്. ഇങ്ങനെയൊരു കാര്യവും യേശുവിനെക്കുറിച്ച് ഒരിടത്തും പറഞ്ഞിട്ടില്ല. തന്മൂലം, അതും യേശുവിനെക്കുറിച്ചാണെന്ന് പറയാൻ നിർവ്വാഹമില്ല. അവസാനഭാഗത്ത് നാലുകാര്യങ്ങളാണ് പറയുന്നത്: “അത്ഭുതമന്ത്രി, വീരനാംദൈവം, നിത്യപിതാവു, സമാധാനപ്രഭു എന്നു പേർ വിളിക്കപ്പെടും.” ക്രിസ്തു അനവധി അത്ഭുതങ്ങൾ പ്രവർത്തിച്ചിട്ടുണ്ടെങ്കിലും, അവന് അത്ഭുതമന്ത്രിയെന്ന നാമം വിളിക്കപ്പെടുകയോ, പ്രവചനം ഏതെങ്കിലും അത്ഭുതത്തോടുള്ള ബന്ധത്തിൽ ഉദ്ധരിക്കുകയോ ചെയ്തില്ല. കന്യകയിൽ ജനിച്ചുജീവിച്ച് നമ്മുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ ചുമന്ന് ക്രുശിൽ മരിച്ചിച്ചിട്ട് ദൈവം ഉയിർപ്പിച്ച ക്രിസ്തു, ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന മനുഷ്യനാണെന്നല്ലാതെ (1തിമൊ, 2:6; എബ്രാ, 2:9), അവൻ വീരനാംദൈവം ആണെന്നോ, വീരനാംദൈവം എന്നൊരു പേർ വിളിക്കപ്പെടുകയോ, പ്രവചനം ക്രിസ്തുവിനോട് ചേർത്ത് ഉദ്ധരിക്കുകയോ ചെയ്തിട്ടില്ല. തന്നെയുമല്ല, താൻ ദൈവമല്ല; മനുഷ്യനാണെന്ന് ക്രിസ്തു അസന്ദിഗ്ധമായി പറഞ്ഞിട്ടുണ്ട്. (യോഹ, 5:44; 8:40; 17:3; മത്താ, 4:10; 24:36). താൻ ദൈവമല്ലെന്ന് ക്രിസ്തു കുറഞ്ഞത് ഒരു ഡസൻ (12) പ്രാവശ്യം പറഞ്ഞിട്ടുണ്ട്. അപ്പൊസ്തലന്മാർ അതിലേറെ പറഞ്ഞിട്ടുണ്ട്. യഹോവയായ ഏകദൈവം അതിലേറ പറഞ്ഞിട്ടുണ്ട്. പഴയനിയമത്തിലെ മശീഹമാർ അതിലേറെ പറഞ്ഞിട്ടുണ്ട്. ക്രിസ്തു മനുഷ്യനാണെന്ന് 40 പ്രാവശ്യം പറഞ്ഞിട്ടുണ്ട്. ദൈവം മനുഷ്യനല്ല; ആത്മാവാണ്. (ഇയ്യോ, 9:32; ഹോശേ, 11:9; യോഹ, 4:24), ദൈവം മാറ്റമില്ലാത്തവൻ അഥവാ, ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവൻ ആകയാൽ, തൻ്റെ സ്വഭാവമോ, സ്വരൂപമോ ത്യജിച്ചുകൊണ്ട് തനിക്ക് മനുഷ്യനായി മാറാൻ കഴിയില്ല. (മലാ, 4:6; യാക്കോ, 1:17). അതുകൊണ്ടാണ്, ദൈവം തൻ്റെ ജഡത്തിലെ വെളിപ്പാടിനായി കന്യകയിലൂടെ ഒരു പാപരഹിതനായ മനുഷ്യനെ ഉല്പാദിപ്പിച്ചത്. (മത്താ, 1:20; ലൂക്കൊ, 2:1; യോഹ, 8:40; 1യോഹ, 3:5). അതാണ് ദൈവഭക്തിയുടെ മർമ്മം. (1തിമൊ, 3:14-16. ഒ.നോ: യിരെ, 10:10; ലൂക്കൊ, 1:68). അല്ലാതെ, ദൈവത്തിന് രൂപാന്തരം പ്രാപിച്ച് ഒരു മനുഷ്യനാകാനോ, ഒരു മനുഷ്യന് രൂപാന്തരം പ്രാപിച്ച് സത്യദൈവമാകാനോ കഴിയില്ല. ക്രിസ്തു, യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനങ്ങൾപോലെ യോർദ്ദാനിൽവെച്ചാണ് ക്രിസ്തുവും ദൈവപുത്രനും ആയത്. (യെശ, 61:1-2; ലൂക്കൊ, 1:32; 1:35; 2:11; 3:22; പ്രവൃ, 10:38). യെശയ്യാപ്രവചനം ഉദ്ധരിച്ചുകൊണ്ട്, താൻ യോർദ്ദാനിൽവെച്ചാണ് ക്രിസ്തു ആയതെന്ന് യേശുതന്നെ പറഞ്ഞിട്ടുണ്ട്. (ലൂക്കൊ, 4:6-21). പ്രവചനങ്ങളുടെ നിവൃത്തിയായിട്ടാണെങ്കിലും അവൻ ദൈവപുത്രനാണ്; അല്ലാതെ പിതാവല്ല. തന്മൂലം, അവന് നിത്യപിതാവെന്ന പദവിയും യോജിക്കില്ല. ഇനി പ്രാവചനിക നാമമാണെങ്കിൽ, ക്രിസ്തുവിനോടുള്ള ബന്ധത്തിൽ നിവൃത്തിയായതായി പറഞ്ഞിട്ടുമില്ല. അവന് സമാധാനപ്രഭു എന്നൊരു നാമവും ആരും പറഞ്ഞിട്ടില്ല. തൻ്റെ വേർപാടിൽ ശിഷ്യന്മാരുടെ ഹൃദയം കലങ്ങിപ്പോകാതിരിക്കാൻ, “സമാധാനം ഞാൻ നിങ്ങൾക്കു തന്നേച്ചുപോകുന്നു; എന്റെ സമാധാനം ഞാൻ നിങ്ങൾക്കു തരുന്നു” എന്ന് ക്രിസ്തു പറഞ്ഞിട്ടുണ്ട്. (യോഹ, 14:27). അപ്പോൾത്തന്നെ, “ഞാൻ ഭൂമിയിൽ സമാധാനം വരുത്തുവാൻ വന്നു എന്നു നിരൂപിക്കരുതു; സമാധാനം അല്ല, വാൾ അത്രേ വരുത്തുവാൻ ഞാൻ വന്നതു” എന്ന് മത്തായിയിലും (10:34-36), ഭൂമിയിൽ സമാധാനം നല്കുവാൻ ഞാൻ വന്നിരിക്കുന്നു എന്നു തോന്നുന്നുവോ? അല്ലല്ല, ഛിദ്രം വരുത്തുവാൻ അത്രേ എന്നു ഞാൻ നിങ്ങളോടു പറയുന്നു” എന്ന് ലൂക്കൊസിലും പറഞ്ഞിട്ടുണ്ട്. (12:51-53). തന്മൂലം, യെശയ്യാവിൻ്റെ ഈ പ്രവചനം ദൈവപുത്രനായ ക്രിസ്തുവിന് ഒരു കാരണവശാലും യോജിക്കുന്നതല്ല; എഴുത്തുകാരാരും യോജിപ്പിക്കാൻ ശ്രമിച്ചിട്ടുമില്ല.
3. പുതിയനിയമത്തിൽ യേശുവിൽ ആരോപിച്ചിരിക്കുന്ന പല പ്രവചനങ്ങളും യഥാർത്ഥത്തിൽ യേശുവിനെക്കുറിച്ചല്ല; ആത്മീയമായി പല പ്രവചനങ്ങളും അവനിൽ നിവൃത്തിയാകുകയാണ് ചെയ്തിരിക്കുന്നത്. ചില ഉദാഹരണങ്ങൾ നോക്കാം: യെശയ്യാവ് പ്രവചിക്കുന്ന കന്യകയും മകനും, യഥാർത്ഥത്തിൽ മറിയയും യേശുവുമല്ല. “അതുകൊണ്ടു കർത്താവു തന്നേ നിങ്ങൾക്ക് ഒരു അടയാളം തരും: കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും; അവന് ഇമ്മാനൂവേൽ എന്നു പേർ വിളിക്കും. തിന്മ തള്ളി നന്മ തിരഞ്ഞെടുപ്പാൻ പ്രായമാകുംവരെ അവൻ തൈരും തേനുംകൊണ്ട് ഉപജീവിക്കും. തിന്മ തള്ളി നന്മ തിരഞ്ഞെടുപ്പാൻ ബാലനു പ്രായമാകും മുമ്പേ, നീ വെറുക്കുന്ന രണ്ടു രാജാക്കന്മാരുടെയും ദേശം ഉപേക്ഷിക്കപ്പെട്ടിരിക്കും.” (യെശ, 7:14-16). ഇമ്മാനുവേലിൻ്റെ അടയാളത്തെക്കുറിച്ചുള്ള യെശയ്യാവിന്റെ ഈ പ്രവചനം ആഹാസ് രാജാവിനോട് ആയിരുന്നു. ആരാമിന്റെയും യിസ്രായേലിന്റെയും സൈന്യം യെഹൂദായ്ക്കെതിരെ യുദ്ധത്തിനായി പുറപ്പെട്ടു വന്നപ്പോൾ അശ്ശൂർ രാജാവിനോട് സഹായം അപേക്ഷിക്കരുതെന്നും കർത്താവിൽ ആശ്രയിച്ച് ഉറപ്പോടിരിക്കുവാൻ ആഹാസിനോട് പറഞ്ഞുകൊണ്ടാണ്, വിശ്വാസത്തിനായി ഈ അടയാളം നൽകുന്നത്. എന്നാൽ, ആഹാസ് രാജാവ് അടയാളം ഉപേക്ഷിച്ചുകൊണ്ട് അശ്ശൂർ രാജാവിനെ ആശ്രയിച്ചു. അതോടുകൂടി ആഹാസിനെ സംബന്ധിച്ചിടത്തോളം ഇമ്മാനുവേലിനെക്കുറിച്ചുള്ള പ്രവചനം അപ്രസക്തമായി. തന്നെയുമല്ല, കന്യകാജനനം ഒഴികെ, യെശയ്യാവ് പ്രവചിച്ച മറ്റൊരു കാര്യവും ക്രിസ്തുവിനോടുള്ള ബന്ധത്തിൽ പറഞ്ഞിട്ടുമില്ല. അതിൻ്റെ 15-ാം വാക്യം: “തിന്മ തള്ളി നന്മ തിരഞ്ഞെടുപ്പാൻ പ്രായമാകുംവരെ അവൻ തൈരും തേനുംകൊണ്ട് ഉപജീവിക്കും.” ഇങ്ങനെയൊരു കാര്യം പുതിയനിമത്തിൽ എവിടെയും രേഖപ്പെടുത്തിയിട്ടില്ല. മനുഷ്യപുത്രൻ തിന്നും കുടിച്ചുംകൊണ്ടു വന്നു എന്ന് താൻതന്നെ പറഞ്ഞിട്ടുണ്ട്. (മത്താ, 11:19; ലൂക്കൊ, 7:34). അതായത്, ക്രിസ്തു യെശയ്യാവ് പറഞ്ഞതുപോലെയോ, യോഹന്നാൻ സ്നാപകനെപ്പോലെയോ ഒരു നാസീർ വ്രതക്കാരൻ ആയിരുന്നില്ല. (ലൂക്കൊ, 1:15). 16-ാം വാക്യം: “തിന്മ തള്ളി നന്മ തിരഞ്ഞെടുപ്പാൻ ബാലനു പ്രായമാകും മുമ്പേ, നീ വെറുക്കുന്ന രണ്ടു രാജാക്കന്മാരുടെയും ദേശം ഉപേക്ഷിക്കപ്പെട്ടിരിക്കും.” ഇങ്ങനെയൊരു സംഭവവും പുതിയനിയകാലത്ത് നടന്നിട്ടില്ല. രാജ്യമോ, രാജഭരണമോ ഇല്ലാതെ സ്വന്തജനം അടിമത്വത്തിൽ കിടക്കുമ്പോഴാണ് ക്രിസ്തു ജനിച്ചതെന്നോർക്കണം. തന്മൂലം, യഥാർത്ഥത്തിൽ ആ പ്രവചനം ക്രിസ്തുവിനെയും മറിയത്തെയും കുറിച്ചായിരുന്നില്ലെന്ന് മനസ്സിലാക്കാം. തന്നെയുമല്ല, യെശയ്യാവ് 7:14-ൽ കന്യക എന്ന് പരിഭാഷ ചെയ്തിരിക്കുന്ന എബ്രായ പദം അൽമാ (alma) ആണ്. അൽമാ യഥാർത്ഥത്തിൽ കന്യകയല്ല; യുവതി (young woman) ആണ്. യുവതി കന്യക ആയിക്കൂടെന്നില്ല; എങ്കിലും ആ പ്രയോഗം യഥാർത്ഥ കന്യകയെ കുറിക്കുന്നതല്ല; യുവതിയെ കുറിക്കുന്നതാണ്. എബ്രായരുടെ ഔദ്യോഗിക ബൈബിളിലും കന്യക (Virgin) അല്ല; യുവതി (young woman) എന്നാണ് കാണുന്നത്. പി.ഒ.സി. ബൈബിളിലും യുവതി എന്നാണ് പരിഭാഷ ചെയ്തിരിക്കുന്നത്. യഥാർത്ഥ കന്യകയെ കുറിക്കുന്ന എബ്രായ പ്രയോഗം ബെതൂലാ (bethulah) ആണ്. റിബെക്കയെ പുരുഷൻ തൊടാത്ത കന്യക എന്ന് പറഞ്ഞിരിക്കുന്നത് ബെതൂലാ എന്ന പദം കൊണ്ടാണ്. (ഉല്പ, 24:16). അതും, ആ പ്രവചനം യഥാർത്ഥത്തിൽ മറിയ എന്ന കന്യകയെക്കുറിച്ചല്ല; മറ്റൊരു സ്ത്രീയാണ് എന്നതിൻ്റെ തെളിവാണ്. യെശയ്യാപ്രവചനം ആഹാസ് തിരസ്കരിച്ചതിനാൽ, അവനോടുള്ള ബന്ധത്തിൽ അന്നത് നിവൃത്തിയായില്ല. എന്നാൽ യഹോവ അയച്ച വചനം വെറുതെ മടങ്ങിപ്പോകുന്നതല്ല; താൻ അയച്ചകാര്യം സാധിക്കുന്നതാണ്. (യെശ, 55:11). തന്മുലം, യെഹൂദാ ശേഷിപ്പിനെ സംബന്ധിച്ചിടത്തോളം ക്രിസ്തു എന്ന യഥാർത്ഥ രക്ഷകനിലൂടെയും മറിയ എന്ന യഥാർത്ഥ കന്യകയിലൂടെയും ആ പ്രവചനത്തിന് ആത്മീകമായി നിവൃത്തിവന്നു. (മത്താ, 1:21-23). അടുത്തത്: ഹോശേയ പ്രവചനം യഥാർത്ഥത്തിൽ യിസ്രായേലിനെക്കുറിച്ചാണ്: “യിസ്രായേൽ ബാലനായിരുന്നപ്പോൾ ഞാൻ അവനെ സ്നേഹിച്ചു; മിസ്രയീമിൽനിന്നു ഞാൻ എന്റെ മകനെ വിളിച്ചു.” (ഹോശേ, 11:1). എന്നാൽ, മത്തായി ഈ പ്രവചനം ക്രിസ്തുവിനോടുള്ള ബന്ധത്തിൽ ഉദ്ധരിച്ചിട്ടുണ്ട്. (2:15). അടുത്തത്: രണ്ടാം സങ്കീർത്തനം യഥാർത്ഥത്തിൽ യിസ്രായേലിനെക്കുറിച്ചാണ്: “ഞാൻ ഒരു നിർണ്ണയം പ്രസ്താവിക്കുന്നു: യഹോവ എന്നോട് അരുളിച്ചെയ്തത്, നീ എന്റെ പുത്രൻ; ഇന്നു ഞാൻ നിന്നെ ജനിപ്പിച്ചിരിക്കുന്നു.” (സങ്കീ, 2:7). പുതിയനിയമത്തിൽ ഈ പ്രവചനം ക്രിസ്തുവിലൂടെ യിസ്രായേലിനാണ് നിവൃത്തിയായത്. പൗലൊസ് അക്കാര്യം അസന്ദിഗ്ധമായി പറഞ്ഞിട്ടുണ്ട്. (പ്രവൃ, 13:32-33. ഒ,നോ: 3:25-26). പഴയനിയമത്തിൽനിന്ന് ഉദ്ധരിച്ചിരിക്കുന്ന മിക്ക പ്രവചനങ്ങളുടെയും യഥാർത്ഥ അവകാശി ക്രിസ്തുവല്ല. ചില പ്രവചനങ്ങൾ ആത്മീയമായി ക്രിസ്തുവിനോട് ബന്ധിപ്പിക്കുകയും, മറ്റു ചില പ്രവചനങ്ങൾ ക്രിസ്തുവിലൂടെ അതിൻ്റെ യഥാർത്ഥ അവകാശിക്ക് നിവൃത്തിയാകുകയുമാണ് ചെയ്യുന്നത്. അതായത്, “കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും; അവനു ഇമ്മാനൂവേൽ എന്നു പേർ വിളിക്കും” എന്ന പ്രവചനം യഥാർത്ഥത്തിൽ ആഹാസ് രാജവിനോടുള്ള അടയാളമായിരുന്നിട്ടും, ആത്മീയമായി ആ പ്രവചനം ക്രിസ്തുവിൽ ആരോപിച്ചിച്ചിട്ടുണ്ട്. അങ്ങനെയെങ്കിൽ, യെശയ്യാവ് 9:6 യഥാർത്ഥത്തിൽ ക്രിസ്തുവിനെക്കുറിച്ചുള്ള പ്രവചനം ആയിരുന്നെങ്കിലോ, ഏതെങ്കിലും വിധത്തിൽ ക്രിസ്തുവിനോട് ബന്ധമുള്ളത് ആയിരുന്നെങ്കിലോ ആ പ്രവചനം പുതിയനിയമത്തിൽ ഉദ്ധരിക്കുമായിരുന്നു.” ദൈവാത്മാവിനാൽ പുസ്തകമെഴുതിയ അപ്പൊസ്തലന്മാരോ, എഴുത്തുകാരോ യെശയ്യാവ് 9:6 ഉദ്ധരിക്കാത്തതതിനാൽ, ക്രിസ്തുവുമായി ആ പ്രവചനത്തിന് വിദൂരമായ ബന്ധംപോലും ഇല്ലെന്നുവേണം മനസ്സിലാക്കാൻ.
4, ജനിക്കുന്ന ശിശു അത്ഭുതമന്ത്രി ആയിരിക്കുമെന്നോ, വീരനാംദൈവം ആയിരിക്കുമെന്നോ, നിത്യപിതാവ് ആയിരിക്കുമെന്നോ, സമാധാനപ്രഭു ആയിരിക്കുമെന്നോ അല്ല പറഞ്ഞിരിക്കുന്നത്. പ്രത്യുത, അത്ഭുതമന്ത്രി, വീരനാംദൈവം, നിത്യപിതാവ്, സമാധാനപ്രഭു എന്നു പേർ വിളിക്കപ്പെടും എന്നാണ് പ്രവചനം. ഒരുത്തൻ അത്ഭുതമന്ത്രി, വീരനാംദൈവം, നിത്യപിതാവ്, സമാധാനപ്രഭു ആണെന്ന് പറയുന്നതും, അങ്ങനെ പേർ വിളിക്കപ്പെടും എന്ന് പറയുന്നതും, രണ്ടും രണ്ടാണ്. ഉദാ: യേശുവെന്ന് പലർക്കും പേർ വിളിച്ചിട്ടുണ്ട്. യുസ്തൊസ് എന്നു പറയുന്ന ഒരു യേശുവിനെക്കുറിച്ച് പൗലൊസ് പറഞ്ഞിട്ടുണ്ട്. (കൊലൊ, 4:11). പ്രവൃത്തികളുടെ പുസ്തത്തിലും (7:45), എബ്രായരിലും (4:8) യോശുവയെ ഗ്രീക്കിൽ, യേസൂസ് (iēsous – Jesus) അഥവാ, യേശു എന്നാണ്. ഇംഗ്ലീഷിലെ ചില പരിഭാഷകളിൽ Jesus എന്നാണ്. അതുകൊണ്ട്, യുസ്തൊസ് എന്നു പറയുന്ന ഒരു യേശുവും യോശുവയെന്ന യേശുവും, നമ്മുടെ കർത്താവും രക്ഷിതാവുമായ യേശുവാണെന്ന് ആരെങ്കിലും പറയുമോ? പേരും പദവിയും പ്രകൃതിയും തമ്മിൽ വ്യത്യാസമുണ്ട്. യേശുവെന്ന് പേരുള്ളവരെല്ലാം ദൈവപുത്രനായ യേശു ആകാത്തതുപോലെ, ഒരുത്തനെ ദൈവം എന്ന് പേർ വിളിച്ചാൽ, അവൻ സത്യദൈവം ആകില്ല. ദൂതന്മാരെയും മനുഷ്യരെയും യിസ്രായേലിനെയും ജാതികളുടെ ദേവീദേവന്മാരെയും ദൈവം എന്ന് വിളിച്ചിട്ടുണ്ട്. അവരൊന്നും സത്യദൈവമല്ല; ഉന്നതൻ, ബലവാൻ, ശക്തൻ എന്നിങ്ങനെ സാധാരണ അർത്ഥം മാത്രമേ അതിനുള്ളു. എന്നാൽ, സത്യദൈവത്തെ സമ്പന്ധിച്ച്, ദൈവം എന്നത് അവൻ്റെ പേരോ, പദവിയോ അല്ല; പ്രകൃതിയാണ്. യെശയ്യാവിൻ്റെ ഈ പ്രവചനത്തിലെ ശ്രദ്ധേയമായ കാര്യം എന്താണെന്ന് ചോദിച്ചാൽ; അത്ഭുതമന്ത്രി, വീരനാംദൈവം, നിത്യപിതാവ്, സമാധാനപ്രഭു എന്നു പേർ വിളിക്കപ്പെടും എന്നാണ് പറഞ്ഞിരിക്കുന്നത്. സത്യദൈവത്തെ ഒരിക്കലും ദൈവം, വീരാനാംദൈവം ശക്തനായദൈവം, സർവ്വശക്തനായദൈവം എന്ന് പേർ വിളിക്കപ്പെടും എന്ന് പറയില്ല. ഉദാ: മനുഷ്യൻ എന്നത് നമ്മുടെ പേരല്ല; പ്രകൃതിയാണ്. മനുഷ്യനെ മനുഷ്യനെന്ന് സംബോധന ചെയ്യുമെന്നല്ലാതെ, മനുഷ്യനെന്ന് പേർ വിളിക്കില്ല; പേർ വിളിക്കും എന്ന് ആരും പറയുകയോ, പ്രവചിക്കുകയോ ചെയ്യില്ല. മനുഷ്യനെ മനുഷ്യനെന്ന് പേർ പറയുകയോ, പ്രവചിക്കുകയോ ചെയ്താൽ അത് അബദ്ധമാണ്. അതുപോലെ, ദൈവം എന്നത് സ്രഷ്ടാവിൻ്റെ പേരല്ല; പ്രകൃതിയാണ്. സത്യദൈവത്തെ വീരൻ, ശക്തൻ, ബലവാൻ, സർവ്വശക്തൻ തുടങ്ങിയ പല വിശേഷണങ്ങൾ ചേർത്ത്, ദൈവം എന്ന് സംബോധന ചെയ്യുമെന്നല്ലാതെ, വീരനാംദൈവം എന്ന് പേർ വിളിക്കപ്പെടും എന്ന് ഒരിക്കലും പറയില്ല. പറഞ്ഞാൽ, അത് ഭൂലോക അബദ്ധമാണ്. അതുപോലെ, അത്ഭുതമന്ത്രി, നിത്യപിതാവ്, സമാധാനപ്രഭു എന്നീ പദവിനാമങ്ങൾ ദൈവത്തെ വിശേഷിപ്പിക്കാൻ ഉപയോഗിക്കാമെങ്കിലും; അഥവാ, അത്ഭുതമന്ത്രി, നിത്യപിതാവ്, സമാധാനപ്രഭു എന്ന് ദൈവത്തെ സംബോധനചെയ്യാം എന്നല്ലാതെ, അങ്ങനെ പേർ അഥവാ, നാമം വിളിക്കപ്പെടും എന്ന് ഒരിക്കലും പറയില്ല. തന്മൂലം, യെശയ്യാവ് പറയുന്ന നാലു പദവി നാമവും ക്രിസ്തുവിൻ്റെയോ, സത്യദൈവത്തിൻ്റെയോ അല്ല; മറ്റൊരു മനുഷ്യനെ വിശേഷിപ്പിക്കുന്ന പ്രാവചനിക നാമമാണെന്ന് മനസ്സിലാക്കാം. അങ്ങനെയാണെങ്കിൽ, ആ മനുഷ്യൻ ആരാണ്?
5. യെഹൂദന്മാരുടെ ഔദ്യോഗിക ബൈബിളിൽ വാക്യങ്ങളുടെ വ്യാഖ്യാനവും കൊടുത്തിട്ടുണ്ട്. അവരുടെ വ്യാഖ്യാനപ്രകാരം, യെഹൂദായുടെ പതിമൂന്നാമത്തെ രാജാവും ആഹാസിൻ്റെ പുത്രനുമായ ഹിസ്ക്കീയാ രാജാവിനെക്കുറിച്ചാണ് യെശയ്യാവിൻ്റെ പ്രവചനം. [The Complete Tanakh-Hebrew Bible]. അതായത്, അത്ഭുതമന്ത്രി, വീരനാംദൈവം, നിത്യപിതാവ്, സമാധാനപ്രഭു എന്നത്, ഹിസ്ക്കീയാ രാജാവിന് യെശയ്യാവ് കൊടുക്കുന്ന പ്രാവചനിക നാമം (prophetic name) ആണെന്നാണ് അവർ പറയുന്നത്. ഉദാ: (7:3,14; 8:3). ഹിസ്ക്കീയാവിൻ്റെ അപ്പനായ ആഹാസ് മരിച്ചയാണ്ടിലുള്ള അശ്ശൂരിനെതിരെയുള്ള യെശയ്യാവിൻ്റെ പ്രവചനം അത് വ്യക്തമാക്കുന്നതായി അവർ പറയുന്നു. (യെശ, 14:24-27). ആഹാസ് അടയാളം തിരസ്കരിച്ചതിനാൽ, അവൻ്റെ കാലത്ത് യഹോവ ചെയ്യാതിരുന്ന പ്രവൃത്തി ഹിസ്ക്കീയാവിന്റെ കാലത്ത് യഹോവ ചെയ്തതായി കാണാം: (37:6-7,33-35). നിത്യപിതാവെന്ന നാമം അവന് 15 വർഷം ആയുസ്സ് നീട്ടിക്കിട്ടിയതിനെയാണ് സൂചിപ്പിക്കുന്നത്. (2രാജാ, 20:5-6; യെശ, 38:5). ഹിസ്ക്കീയാവിനെ വീരാനാം ദൈവം എന്ന് വിളിക്കുന്നതിൻ്റെ കാരണവും അവർ വ്യക്തമാക്കിയിട്ടുണ്ട്. അശ്ശൂർപാളയത്തിൽ ദൈവത്തിൻ്റെ ദൂതനിറങ്ങി ഒരുലക്ഷത്തി എൺപത്തയ്യായിരംപേരെ കൊന്നതും, അത് അശ്ശൂർരാജാവായ സൻഹേരിബിൻ്റെ മരണത്തിന് ഇടയാക്കിയതും ഹിസ്ക്കീയാവിൻ്റെ കൂടെയിരുന്ന യഹോവയുടെ സംരക്ഷണത്തെയാണ് കാണിക്കുന്നത്. (2രാജാ, 19:35-37; യെശ, 37:36-37). അതിനാൽ, ഹിസ്ക്കീയാവിൻ്റെ ശക്തിയെ വെളിപ്പെടുത്തുന്ന പ്രാവചനിക നാമം ആണ് വീരനാംദൈവം എന്നാണ് അവർ വ്യക്തമാകുന്നത്. ഹിസ്ക്കീയാവിൻ്റെ കാലത്ത് സമാധാനവും സത്യവും ഉണ്ടായിരുന്നു. (2രാജാ, 20:19; യെശ, 39:8). അശ്ശൂർരാജാവായ സൻഹേരിബിൻ്റെ മരണശേഷം അവൻ്റെ മഹത്വം വർദ്ധിച്ചതായും പറഞ്ഞിട്ടുണ്ട്. (2ദിന, 32:23). [Who is the child in Isaiah 9:5-6?]. അതിനാൽ, യെഹൂദന്മാരുടെ വ്യാഖ്യാനത്തെ തള്ളിക്കളാൻ നിർവ്വാഹമില്ല. ദൈവത്തിൻ്റെ പുത്രത്വവും അരുളപ്പാടുകളും ആരാധനയും തേജസ്സും നിയമങ്ങളും ന്യായപ്രമാണവും ചട്ടങ്ങളും വചനവും വാഗ്ദത്തങ്ങളും വിധികളും ഭരമേല്പിക്കപ്പെട്ടിരിക്കുന്ന ഏകജാതിയാണ് യിസ്രായേൽ. (സങ്കീ, 147:20; റോമ, 3:1-2; 9:4). ആ നിലയിൽ, പഴയനിയമത്തെ ആധികാരികമായി വ്യാഖ്യാനിക്കാൻ അവർക്കുമാത്രമാണ് അവകാശമുള്ളത്. അല്ലെങ്കിൽ ക്രിസ്ത്യാനികളെക്കാൾ എന്തുകൊണ്ടും അവകാശമുള്ളവരാണ് യെഹൂദന്മാർ. യേശുവിനോടുള്ള ബന്ധത്തിൽ പ്രവചനം ഉദ്ധരിച്ചിട്ടില്ലാത്തതിനാൽ, യെഹൂദന്മാരുടെ വ്യാഖ്യാനം നൂറുശതമാനം വിശ്വാസയോഗ്യമാണ്.
6. യെഹൂദന്മാർ യേശുക്രിസ്തുവിൽ വിശ്വസിക്കാത്തവരാണ് അതുകൊണ്ട് യെഹൂദന്മാരുടെ വ്യാഖ്യാനം ശരിയല്ലെന്ന് വിചാരിക്കുന്നവരുണ്ട്. രണ്ടുവിധത്തിൽ അത് അബദ്ധമാണ്. ഒന്നാമത്, ക്രിസ്തുയേശു മൂലക്കല്ലായും അപ്പൊസ്തലന്മാരും പ്രവാചകന്മാരുമെന്ന അടിസ്ഥാനത്തിന്മേൽ ദൈവസഭ പണിയപ്പെട്ടതുതന്നെ യെഹൂദന്മാരിലൂടെയാണ്. (എഫെ, 2:20). മൂലക്കല്ലായ യേശുക്രിസ്തുവും അപ്പൊസ്തലന്മാരും പ്രവാചകന്മാരും എല്ലാം യെഹൂദന്മാരായിരുന്നു. യേശുവിൻ്റെ ക്രൂശീകരണവും പുനരുത്ഥാനവും സ്വർഗ്ഗാരോഹണവും സഭാസ്ഥാപനവും എ.ഡി. 33-ലാണ്. ഏകദേശം നാലു വർഷങ്ങൾക്കുശേഷം എ,ഡി. 37–ലാണ് ശമര്യയിൽ സുവിശേഷം എത്തുന്നത്. പിന്നെയും ഏകദേശം നാലു വർഷങ്ങൾക്കുശേഷം എ,ഡി. 41-ലാണ് ജാതികളിലേക്ക് സുവിശേഷം എത്തുന്നത്. അതായത്, ആദ്യത്തെ നാലുവർഷം യെഹൂദന്മാരുടെ ഇടയിലായിരുന്നും ആദിമസഭയുടെ സുവിശേഷഘോഷണം. സുവിശേഷം വിശ്വസിച്ചവരെല്ലാം യെഹൂദന്മാരായിരുന്നു. പ്രത്രൊസിൻ്റെ പ്രഥമ പ്രസംഗത്തിൽത്തെന്നെ മൂവായിരംപേർ വിശ്വസിച്ച് സഭയോട് ചേർന്നു. (പ്രവൃ, 2:41). നാലാം അദ്ധ്യായത്തിൽ: പത്രൊസിൽനിന്നും യോഹന്നാനിൽനിന്നും വചനംകേട്ട് വിശ്വസിച്ചവരിൽ, “പുരുഷന്മാരുടെ എണ്ണംതന്നെ അയ്യായിരത്തോളം ആയി” എന്നാണ് പറയുന്നത്. (പ്രവൃ, 4:4). പുരുഷന്മാരുടെ എണ്ണം അയ്യായിരത്തോളം എന്ന് പറഞ്ഞാൽ, പൂർവ്വപിതാക്കന്മാരുടെ മാതൃക പിൻപറ്റിയിരുന്ന യെഹൂദന്മാർക്ക് കുറഞ്ഞത് രണ്ട് ഭാര്യയും നാല് മക്കളും എന്ന് കണക്കാക്കിയാൽ, മുപ്പത്തയ്യായിരമാകും. ആറാം അദ്ധ്യായത്തിൽ വായിക്കുന്നത്: “ദൈവവചനം പരന്നു, യെരൂശലേമില്‍ ശിഷ്യന്മാരുടെ എണ്ണം ഏറ്റവും പെരുകി, പുരോഹിതന്മാരിലും വലിയൊരു കൂട്ടം വിശ്വാസത്തിന് അധീനരായിത്തീര്‍ന്നു” എന്നാണ്. (പ്രവൃ, 6:7). പിന്നെ എണ്ണമൊന്നും പറയുന്നില്ല; ഏറ്റവും പെരുകിയെന്നാണ് പറയുന്നത്.. അതെല്ലാം യേഹൂദന്മാരായിരുന്നു. ശമര്യരും ജാതികളും ചേർന്നപ്പോൾ, വിശ്വാസികളല്ല; സഭകളാണ് ദിവസേന പെരുകിയത്. (അപ്പ 16:5:). “രക്ഷ യെഹൂദന്മാരുടെ ഇടയിൽനിന്നല്ലോ വരുന്നതു” എന്നാണ് ക്രിസ്തു പറഞ്ഞത്. (യോഹ, 4:23). തന്മൂലം, യെഹൂദന്മാർ ക്രിസ്തുവിൽ വിശ്വസിക്കുന്നില്ല എന്ന് പറയുന്നതിൽ അടിസ്ഥാനമൊന്നുമില്ല. അന്നുമാത്രമല്ല, ഇന്നും യേശുക്രിസ്തുവിൽ വിശ്വസിക്കുന്ന യെഹൂദന്മാരുണ്ട്. അന്നുമിന്നും വിശ്വസിക്കാത്തവരാണ് അധികമെന്നേയുള്ളൂ. രണ്ടാമത്, വിശ്വസിക്കാത്ത യെഹൂദന്മാർ യേശുക്രിസ്തുവിൽ അഥവാ, യേശുവെന്ന് പേരുള്ള ക്രിസ്തുവിൽ വിശ്വസിക്കാത്തവരാണ്. അല്ലാതെ, ക്രിസ്തുവിൽ വിശ്വസിക്കാത്തവരല്ല. അതായത്, രണ്ടായിരം വർഷംമുമ്പ് കന്യകയായ മറിയയിലൂടെ പരിശുദ്ധാത്മാവിനാൽ ജനിച്ചുജീവിച്ച് ക്രൂശിൽമരിച്ച് മനുഷ്യർക്ക് രക്ഷയെരുക്കിയ യേശുവെന്ന് പേരുള്ള ക്രിസ്തുവിൽ അവർ വിശ്വസിക്കുന്നില്ല. അവരുടെ വിശ്വാസപ്രകാരം, രക്ഷിതാവായ ക്രിസ്തു ഇതുവരെ വന്നിട്ടില്ല; വരുവാൻ ഇരിക്കുന്നതേയുള്ളൂ. അതുകൊണ്ട്, മശീഹയിൽ അഥവാ, ക്രിസ്തുവിൽ വിശ്വസിക്കാത്തവരാണ് യെഹൂദന്മാർ എന്നർത്ഥമില്ല. അവർ തങ്ങളുടെ രക്ഷകനായ മശീഹ വന്ന് തങ്ങളെ രക്ഷിക്കുമെന്ന് ഇപ്പോഴും വിശ്വസിച്ചുകൊണ്ട് നോക്കിപ്പാർക്കുന്നവർ തന്നെയാണ്. അതിനാൽ, യെശയ്യാവ് 9:6-ലെ പ്രവചനം ഏതെങ്കിലും വിധത്തിൽ രക്ഷിതായ മശീഹയുമായി ബന്ധപ്പെട്ടതായിരുന്നെങ്കിൽ, അവർ അതിനെ ഒരിക്കലും നിഷേധിക്കില്ലായിരുന്നു. തന്മൂലം, യെശയ്യാവ് 9:6-നെക്കുറിച്ചുള്ള യെഹൂദന്മാരുടെ വ്യാഖ്യാനത്തെ തള്ളുന്നത് യുക്തിസഹമല്ല.
7. ഹിസ്ക്കീയാവിനെക്കുറിച്ച് ചരിത്രപരമായ ചില കാര്യങ്ങൾ നോക്കാം: ഉസ്സിയാവ്, യോഥാം, ആഹാസ്, ഹിസ്ക്കീയാവ് എന്നീ നാല് യെഹൂദാ രാജാക്കന്മാരുടെ കാലത്താണ് യെശയ്യാവ് പ്രവചിച്ചത്. (യെശ, 1:1). വിഭക്തരാജ്യത്തിലെ 20 യെഹൂദാ രാജാക്കന്മാരെയും കുറിച്ച് പഠിച്ചാൽ, മൂന്നാമത്തെയും നാലാമത്തെയും രാജാക്കന്മാരായ ആസായും യെഹോശാഫാത്തും കഴിഞ്ഞാൽ (1രാജാ, 15:9-11; 2ദിന, 17:3-6), തങ്ങളുടെ പിതാവായ ദാവീദിനെപ്പോലെ യഹോവയ്ക്ക് പ്രസാദമുള്ളത് ചെയ്തു എന്ന് പറഞ്ഞിരിക്കുന്ന രണ്ട് രാജാക്കന്മാർ മാത്രമേയുള്ളു; അതിൽ ആദ്യത്തെ രാജാവ് യിസ്ക്കീയാവും (2രാജാ, 18:1-4), അടുത്ത രാജാവ് യോശീയാവുമാണ്. (2രാജാ, 22:1-2). യെഹോരാം (2രാജാ, 8:16-19), അഹസ്യാവ് (2രാജാ, 8:26-27), അഥല്യാ (2രാജാ, 11:1-20), ആഹാസ് ( (2രാജാ, 16:1-4), മനശ്ശെ (2രാജാ, 21:1-3), ആമോൻ (21:19-22), യെഹോവാഹാസ് (2രാജാ, 23:31-32), യെഹോയാക്കീം (2രാജാ, 23:36-37), യെഹോയാഖീൻ (2രാജാ, 24:8-9), സിദെക്കീയാവ് (2രാജാ, 24:18-20) തുടങ്ങിയവർ യഹോവയ്ക്ക് അനിഷ്ടമായത് പ്രവർത്തിച്ച ദുഷ്ട രാജാക്കന്മാർ ആയിരുന്നു. യോവാശ് (2രാജാ, 12:1-3), അമസ്യാവ് (2രാജാ, 14:1-4), ഉസ്സിയാവ് (2രാജാ, 15:1-5; 2ദിന, 26:16-21), യോഥാം (2രാജാ, 15:32-35) തുടങ്ങിയവർ യഹോവയ്ക്ക് പ്രസാദമുള്ളത് ചെയ്തു എന്ന് പറഞ്ഞിട്ടുണ്ടെങ്കിലും, തങ്ങളുടെ പിതാവായ ദാവീദിനെപ്പോലെ യഹോവയ്ക്ക് പ്രസാദമുള്ളത് ചെയ്തില്ലെന്ന് മാത്രമല്ല; പൂജാഗിരികൾക്കു നീക്കം വരുത്താത്തതുമൂലം ജനം പൂജാഗിരികളിൽ യാഗം കഴിച്ചും ധൂപം കാട്ടിയും പോരുകയാണ് ചെയ്തത്. അതായത്, യെഹോശാഫാത്ത് കഴിഞ്ഞ് 168 വർഷങ്ങൾക്ക് ശേഷമാണ് തങ്ങളുടെ പിതാവായ ദാവീദിനെപ്പോലെ യഹോവയ്ക്ക് പ്രസാദമുള്ളത് പ്രവർത്തിക്കുന്ന ഹിസ്ക്കീയാവ് എന്ന രാജാവ് എഴുന്നേല്ക്കുന്നത്. എന്നുവെച്ചാൽ, വളരെക്കാലത്തെ അരാജകത്വമുള്ള ഭരണത്തിനുശേഷം എഴുന്നേല്ക്കുന്ന രാജാവാകയാൽ, പ്രവചനം ഹിസ്ക്കീയാവിനെക്കുറിച്ചാണെന്ന് കരുതുന്നതിൽ തെറ്റൊന്നുമില്ല. അവനെക്കുറിച്ച് ദൈവാത്മാവിനാൽ എഴുതപ്പെട്ടിരിക്കുന്ന ചില കാര്യങ്ങളുണ്ട്. അതുകൂടി ചേർത്ത് പഠിച്ചാൽ, യെശയ്യാവിൻ്റെ പ്രവചനം അവനെക്കുറിച്ചാണെന്ന് മനസ്സിലാകും.
രത്നച്ചുരുക്കമായി അഞ്ചുകാര്യങ്ങൾ അവനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്: 1. “അവൻ തന്റെ പിതാവായ ദാവീദ് ചെയ്തതുപോലെ ഒക്കെയും യഹോവയ്ക്കു പ്രസാദമായുള്ളതു ചെയ്തു.” (2രാജാ, 18:3). 2. “അവൻ പൂജാഗിരികളെ നീക്കി വിഗ്രഹസ്തംഭങ്ങളെ തകർത്തു അശേരാപ്രതിഷ്ഠയെ വെട്ടിമുറിച്ചു മോശെ ഉണ്ടാക്കിയ താമ്രസർപ്പത്തെയും ഉടെച്ചുകളഞ്ഞു; ആ കാലംവരെ യിസ്രായേൽമക്കൾ അതിന്നു ധൂപം കാട്ടിവന്നു; അതിന്നു നെഹുഷ്ഠാൻ എന്നു പേരായിരുന്നു.” (2രാജാ, 18:4). അവൻ പൂജാഗിരികളെയും വിഗ്രഹങ്ങളെയും അശേരാപ്രതിഷ്ഠയെയഉം നീക്കിക്കളഞ്ഞതുകൂടാതെ, മരുഭൂമിയിൽവെച്ച് മോശെ ഉണ്ടാക്കിയതും, ഇക്കാലമത്രയും നെഹുഷ്ഠാൻ എന്നപേരിൽ യിസ്രായേല്യർ ധൂപംകാട്ടി വന്നതുമായ താമ്രസർപ്പത്തെയും അവൻ തകർത്തുകളഞ്ഞു. അത്, മറ്റ് രാജാക്കന്മാരാകട്ടെ, ദാവീദാകട്ടെ ചെയ്യാൻ ധൈര്യപ്പെടാതിരുന്ന പ്രവൃത്തിയാണ്. 3. “അവൻ യിസ്രായേലിന്റെ ദൈവമായ യഹോവയിൽ ആശ്രയിച്ചു; അവന്നു മുമ്പും പിമ്പും ഉണ്ടായിരുന്ന സകല യെഹൂദാരാജാക്കന്മാരിലും ആരും അവനോടു തുല്യനായിരുന്നില്ല.” (2രാജാ, 18:5). ദാവീദും ആസായും യെഹോശാഫാത്തും യോശീയാവും യഹോവയിൽ ആശ്രയിച്ചിരുന്നവരാണ്. എന്നാൽ, യഹോവയിൽ ആശ്രയിക്കുന്ന കാര്യത്തിൽ അവന്നു മുമ്പും പിമ്പും ഉണ്ടായിരുന്ന സകല യെഹൂദാരാജാക്കന്മാരിലും ആരും ഹിസ്ക്കീയാവിനോട് തുല്യനായിരുന്നില്ല. ഇത്, ദാവീദ് ഉൾപ്പെടെയുള്ള സകല യെഹൂദാ രാജാക്കന്മാരിൽവെച്ച് ഹിസ്ക്കീയാവിനെക്കുറിച്ച് മാത്രം ദൈവാത്മാവിനാൽ രേഖപ്പെടുത്തി വെച്ചിരിക്കുന്നതാണ്. അതവൻ്റെ വൈശിഷ്ട്യത്തെയാണ് കാണിക്കുന്നത്. 4. അവൻ യഹോവയോടു ചേർന്നിരുന്നു അവനെ വിട്ടു പിന്മാറാതെ യഹോവ മോശെയോടു കല്പിച്ച അവന്റെ കല്പനകളെ പ്രമാണിച്ചുനടന്നു.” (2രാജാ, 18:6). ഹിസ്ക്കീയാവ് യഹോവയോട് പറ്റിച്ചേർന്നിരിക്കുക മാത്രമല്ല, യഹോവയെ വിട്ട് പിന്മാറാതെയിരിക്കയും ചെയ്തുവെന്നാണ് പറഞ്ഞിരിക്കുന്നത്. തന്നെയുമല്ല, യഹോവ മോശെയോടു കല്പിച്ച അവന്റെ കല്പനകളെ പ്രമാണിച്ചുനടക്കുകയും ചെയ്തു. 5. “യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു; അവൻ ചെന്നേടത്തൊക്കെയും കൃതാർത്ഥനായ്‌വന്നു; അവൻ അശ്ശൂർരാജാവിനോടു മത്സരിച്ചു അവനെ സേവിക്കാതിരുന്നു.” (2രാജാ. 18:7). അവൻ യഹോവയോട് പറ്റിച്ചേർന്നിരുന്നതുകൊണ്ട്, യഹോവയും അവനോടുകൂടെ ഉണ്ടായിരുന്നു. അതിനാൽ, അവൻ്റെ അപ്പനായ ആഹാസിനെപ്പോലെയും മറ്റുപല രാജാക്കന്മാരെപ്പോലെയും അശ്ശുർ രാജാവിനെ സേവിച്ചില്ല. ഇതൊക്കെ പരിഗണിച്ചാൽ, യഹോവ കൂടെയിരുന്ന ഹിസ്ക്കീയാരാജാവിനെപ്പോലെ ഭക്തനും ശക്തനുമായ ഒരു രാജാവ് യെഹൂദയിൽ ഉണ്ടായിട്ടില്ല എന്നുവേണം മനസ്സിലാക്കാൻ. അതിനാൽ, ശക്തനും ഭക്തനും ദൈവം കൂടെയിരുന്നവനുമായ ഹിസ്ക്കീയാവിൻ്റെ ജനനവും അവൻ്റെ പ്രാവചനിക നാമവുമാണ് പ്രസ്തുത വാക്യത്തിലെ വിഷയമെന്ന് അസന്ദിഗ്ധമായി മനസ്സിലാക്കാം.
8. ഹിസ്ക്കീയാവിനെ വീരനാംദൈവം എന്ന നാമം വിശേഷിപ്പിക്കാമോ എന്നോരു സംശയം ആർക്കായാലും തോന്നാം. ഒന്നാമത്, നാം മുകളിൽ ചിന്തിച്ചതാണ്; എങ്കിലും പറയാം. ആ പ്രവചനത്തിൽ പറയുന്നത് ആരായാലും, അവനെ അത്ഭുതമന്ത്രി, വീരനാംദൈവം, നിത്യപിതാവ്, സമാധാനപ്രഭു എന്നു വിശേഷിപ്പിക്കുകയല്ല ചെയ്യുന്നത്; പ്രത്യുത, അത്ഭുതമന്ത്രി, വീരനാംദൈവം, നിത്യപിതാവ്, സമാധാനപ്രഭു എന്നു പേർ വിളിക്കപ്പെടും എന്നാണ് പറഞ്ഞിരിക്കുന്നത്. അതൊരു പ്രാവചനിക നാമമാണ്; അല്ലാതെ അവൻ അതാണെന്ന് പറയുകയല്ല ചെയ്തിരിക്കുന്നത്. ഒരുത്തൻ ദൈവമാണെന്ന് പറയുന്നതും, അവൻ്റെ പേർ ദൈവം എന്നാണെന്ന് പറയുന്നതുമായി അജഗജാന്തരമുണ്ട്. “യേശു” എന്ന പേരിനോടുള്ള ബന്ധത്തിൽ മുകളിൽ നാമത് ചിന്തിച്ചതാണ്. രണ്ടാമത്, ബൈബിളിൽ ദൈവം എന്ന് ഒരുത്തന് പേർ പറഞ്ഞിരിക്കുന്ന കാരണത്താലോ, ദൈവമെന്ന് വിശേഷിപ്പിച്ചിരിക്കുന്ന കാരണത്താലോ അവൻ സത്യദൈവം ആകില്ല. ഈ പ്രവചനഭാഗത്ത് ദൈവം എന്നതിന് ഉപയോഗിച്ചിരിക്കുന്ന എബ്രായപദം “ഏൽ” (El) ആണ്. 235 പ്രാവശ്യം ഉപയോഗിച്ചിട്ടുള്ള ഈ പദം പ്രധാനമായും ദൈവത്തെ കുറിക്കുന്നതാണെങ്കിലും, അന്യദൈവത്തെയും (ആവ, 32:12, സങ്കീ, 44:20; 81:9), ദേവന്മാരെയും (പുറ, 15:11; ന്യായാ, 9:6; യെശ, 44:10,15,17; 45:20; 46:6; 57:5; ദാനീ, 11:36; മലാ, 2:11), മനുഷ്യരുടെ ശക്തിയെ കുറിക്കാനും (ഉല്പ, 31:29), ദൈവത്തിന് ശക്തികൊടുപ്പിൻ എന്ന് പറയാനുമൊക്കെ പദം ഉപയോഗിച്ചിട്ടുണ്ട്. (സങ്കീ, 29:1). തന്നെയുമല്ല, ദൈവത്തെക്കുറിക്കുന്ന എലോഹീം (Elohim) എന്ന മറ്റൊരു പദം മോശെയെയും (പുറ, 4:16; 7:1), ദൂതനെയും (ന്യായാ, 13:22), യിസ്രായേലിനെയും (സങ്കീ, 82:6), ദേവീദേവന്മാരെയും (ന്യായാ, 6:31; 8:33; 11:24; 16:23; 1രാജാ, 11:5, 33; 11:33; 2രാജാ, 1:2; 19:37; ആമോ, 5:26), കല്ദയരുടെ സ്വന്ത ശക്തിയെയും (ഹബ, 1:11) കുറിക്കാൻ അഭിന്നമായി ഉപയോഗിച്ചിട്ടുണ്ട്. പുതിയനിയമത്തിൽ യിസ്രായേലിനെയും (യോഹ, 10:34-35), ദേവനെയും (പ്രവൃ, 7:43; 12:22; 28:6), സാത്താനെയും (2കൊരി, 4:4). ദ്രവ്യാഗ്രഹികളുടെ വയറിനെയും (ഫിലി, 3:19) ദൈവം (Theos) എന്ന് പറഞ്ഞിട്ടുണ്ട്. തന്മൂലം, ഹിസ്ക്കീയാവിനെ വീരനാം ദൈവം എന്ന് പേർ വിളിക്കും എന്ന് പറഞ്ഞിരിക്കയാൽ, സംശയക്കേണ്ട ആവശ്യമില്ല. അതിന്, വീരനായ ഒരു രാജാവ് എന്ന് മാത്രമേ അർത്ഥമാക്കേണ്ടതുള്ളു. അതൊരു പ്രാവചനിക നാമമാണ്. അല്ലാതെ, ഹിസ്ക്കീയാവ് വീരനാംദൈവം ആണെന്നല്ല പ്രവചനം. ഹിസ്ക്കീയാവ് മാത്രമല്ല, ഒരു സ്ത്രീയിൽനിന്ന് ശിശുവായി ജനിച്ച് ശൈശവം, ബാല്യം, കൗമാരം, യൗവ്വനം എന്നീ അവസ്ഥകളിലൂടെ വളർന്ന് വലുതാകുന്ന ആർക്കും, ആരംഭവും അവസാനവും ഇല്ലാത്ത സത്യദൈവം ആകാൻ കഴിയില്ല.
9. പ്രധാനപ്പെട്ട ഒരു തെളിവ് താരാം: യെശയ്യാവ് 7:14 ആഹാസ് രാജാവിനോടുള്ള പ്രവചനമായിരുന്നു എന്ന് നാം മുകളിൽ കണ്ടതാണ്. ആഹാസിൻ്റെ മകനാണ് ഹിസ്ക്കീയാവ്. തന്മൂലം, 9:6-ലെ പ്രവചനം ഹിസ്ക്കീയാവിനോടുള്ളതാണെന്ന് ന്യായമായും മനസ്സിലാക്കാം. അതിന് വ്യക്തമായ തെളിവുണ്ട്: “കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും; അവന് ഇമ്മാനൂവേൽ എന്നു പേർ വിളിക്കും” എന്നാണ് പ്രവചനം. ഇവിടെയും ശ്രദ്ധിക്കുക: കന്യക ഇമ്മാനൂവേലിനെ പ്രസവിക്കും എന്നല്ല പറയുന്നത്, കന്യക പ്രസവിക്കുന്ന ശിശുവിനെ, ദൈവം നമ്മോടുകൂടെ എന്നർത്ഥമുള്ള ഇമ്മാനൂവേൽ എന്നു പേർ വിളിക്കും എന്നാണ് പ്രവചനം. അതുപോലെതന്നെ, യെശയ്യാവ് 9-6-ൽ നമുക്ക് നല്കപ്പെട്ട മകൻ അത്ഭുതമന്ത്രി, വീരനാംദൈവം, നിത്യപിതാവു, സമാധാനപ്രഭു ആയിരിക്കുമെന്നല്ല; അങ്ങനെ പേർ വിളിക്കപ്പെടും എന്നാണ് പ്രവചനം. രണ്ട് പ്രവചനങ്ങളും തമ്മിൽ ഒരു ചെറിയ വ്യത്യാസമേയുള്ളൂ; ആദ്യപ്രവചനം ആഹാസ് രാജാവിനുള്ള അടയാളമായിരുന്നെങ്കിൽ, അടുത്തപ്രവചനം ഹിസ്ക്കീയാവെന്ന ശക്തനും ദൈവഭക്തനുമായ രാജാവിനെക്കുറിച്ചുള്ള അടയാളമായിരുന്നു. അതിൽ നമുക്കുള്ള സന്ദേശം എന്താണെന്ന് ചോദിച്ചാൽ, ആഹാസിന് അടയാളമായിക്കൊടുത്ത പ്രവചനം നമ്മുടെ കർത്താവും രക്ഷിതാവുമായ യേശുവിൻ്റെ ജനനത്തോട് ദൈവാത്മാവ് ബന്ധിപ്പിച്ചിട്ടുണ്ട്. രണ്ടാമത്തെ പ്രവചനം ദൈവാത്മാവ് യേശുവിനോട് ബന്ധിപ്പിക്കാതെ തള്ളിക്കളഞ്ഞു. തന്മൂലം, ദൈവാത്മാവിനാൽ യേശുവിൻ്റെ ചരിത്രം ചമച്ച എഴുത്തുകാരും അപ്പൊസ്തലന്മാരും ഉദ്ധരിക്കാത്ത പ്രവചനം യേശുവിൽ ആരോപിക്കാൻ വചനവിരുദ്ധമാണ്.
10. ഇനി യെശയ്യാവിൻ്റെ പുസ്തകം ഒന്ന് പരിശോധിക്കാം: യെശയ്യാവ് 1-മുതൽ 5-വരെയുള്ള അദ്ധ്യായങ്ങൾ: യെഹൂദൻ്റെ വിശ്വാസത്യാഗവും അതിനെതിരെയുള്ള ദൈവത്തിൻ്റെ ന്യായവിധി അഥവാ, മഹോപീഢനവും അനന്തരമുള്ള ശുദ്ധീകരണവും സഹസ്രാബ്ദ അനുഗ്രഹവുമാണ് വിഷയം. 6-ാം ആദ്ധ്യായത്തിൽ: ഉസ്സിയാരാജാവ് മരിച്ച ആണ്ടിൽ (ബി.സി. 740) യെശയ്യാവിന് ദർശനവും തൻ്റെ ശുശ്രൂഷയെക്കുറിച്ചുള്ള നിയോഗവും ഉണ്ടാകുന്നു. 7-ാം അദ്ധ്യായത്തിൽ: ഉസ്സിയാവിൻ്റെ പൗത്രനും ഹിസ്ക്കീയാവിൻ്റെ അപ്പനുമായ ആഹാസിന് ഇമ്മാനുവേലിൻ്റെ അടയാളം കൊടുക്കുന്ന സംഭവമാണ് പറയുന്നത്. ഈ അടയാള സംഭവമല്ലാതെ മറ്റൊരു വിഷയവും ആഹാസിനെക്കുറിച്ച് യെശയ്യാവ് പറയുന്നില്ല. 8-ാം അദ്ധ്യായത്തിൽ: ഇമ്മാനുവേലിൻ്റെ അടയാളത്തോട് സാമ്യമുള്ള മറ്റൊരു അയാളത്തെക്കുറിച്ച് പറയുന്നതുകാണാം. അതുപക്ഷെ, യെശയ്യാവിന് ഒരു പ്രവാചകിയിൽ ജനിച്ച തൻ്റെ മകനെക്കുറിച്ചാണ്. (യെശ, 8:3-4). 9-ാം അദ്ധ്യായത്തിലാണ്: ഹിസ്ക്കീയാവിനെക്കുറിച്ചുള്ള ഈ പ്രവചനം. 36-മുതൽ 39-വരെയുള്ള നാല് അദ്ധ്യായങ്ങൾ, ഹിസ്ക്കിയാരാജാവിൻ്റെ 14-ാം ആണ്ടുമുതലുള്ള ചരിത്രമാണ് രേജഖപ്പെടുത്തിയിരിക്കുന്നത്. ഏഴാം അദ്ധ്യായത്തിൽ, ആഹാസ് രാജാവിന് ദൈവം കൊടുക്കുന്ന ഇമ്മാനുവേലിൻ്റെ അടയാളമൊഴികെ, ഹിസ്ക്കീയാവിനെക്കുറിച്ചല്ലാതെ, മറ്റൊരു യെഹൂദ രാജാക്കന്മാരുടെ ചരിത്രവും യെശയ്യാവ് പറഞ്ഞിട്ടില്ലെന്നോർക്കണം. ബൈബിളിൽ മൂന്നു വേദഭാഗങ്ങളിൽ, 2രാജാക്കന്മാർ18-20; 2ദിനവൃത്താന്തം 29-32; യെശയ്യാവ് 36-39 എന്നീ 11 അദ്ധ്യായങ്ങളിൽ ഹിസ്ക്കീയാ രാജാവിന്റെ ചരിത്രം സവിസ്തരം പ്രതിപാദിച്ചിട്ടുണ്ടെന്നും ഓർക്കണം. അതൊക്കെ പരിഗണിച്ചാൽ, യെശയ്യാവിൻ്റെ പ്രവചനം ഹിസ്ക്കീയാവിനെക്കുറിച്ചാണെന്ന് വ്യക്തമാകും.
11. പ്രധാനപ്പെട്ട ഒരു വിഷയമുണ്ട്: “നമുക്കു ഒരു ശിശു ജനിച്ചിരിക്കുന്നു; നമുക്കു ഒരു മകൻ നല്കപ്പെട്ടിരിക്കുന്നു; ആധിപത്യം അവന്റെ തോളിൽ ഇരിക്കും; അവന്നു അത്ഭുതമന്ത്രി, വീരനാം ദൈവം, നിത്യപിതാവു, സമാധാനപ്രഭു എന്നു പേർ വിളിക്കപ്പെടും.” ഈ വാക്യത്തിന് മൂന്ന് ഭാഗങ്ങളുണ്ട്. ഇംഗ്ലീഷിലെയും മലയാളത്തിലെയും ഒട്ടുമിക്ക പരിഭാഷകളിലും, ആദ്യഭാഗം ഭൂതകാലത്തിലും (past tense) രണ്ടുംമൂന്നും ഭാഗം ഭാവികാലത്തിലും (future tense) ആണ് പറഞ്ഞിരിക്കുന്നത്. എന്നാൽ, എബ്രായ ബൈബിളിലും ചുരുക്കം ചില ഇംഗ്ലീഷ് പരിഭാഷകളിലും എല്ലാ ഭാഗങ്ങളും ഭൂതകാലത്തിലാണ് കാണുന്നത്: “For a child has been born to us, a son given to us, and the authority is upon his shoulder, and the wondrous adviser, the mighty God, the everlasting Father, called his name, the prince of peace.” [The Complete Tanakh-Hebrew Bible. ഒ.നോ: Aleppo Codex, Westminster Leningrad Codex, WLC (Consonants Only), Hebrew-English, ഇംഗ്ലീഷ്: BB, BBE, BST, EBR, GB, LITV LSV, NABRE, NET, NRS, NRSA, PHB, YLT]. ഗ്രീക്ക് സെപ്റ്റ്വജിൻ്റിൽ വാക്യത്തിനുതന്നെ വ്യത്യാസമുണ്ട്: “For a child is born to us, and a son is given to us, whose government is upon his shoulder: and his name is called the Messenger of great counsel: for I will bring peace upon the princes, and health to him.” (Brenton English Septuagint Translation. ഒ.നോ: LXXe, LXX’12-uk). “നമുക്കു ഒരു ശിശു ജനിച്ചിരിക്കുന്നു, ഒരു പുത്രൻ നമുക്കു നൽകപ്പെട്ടിരിക്കുന്നു, അവൻ്റെ ഭരണം അവൻ്റെ തോളിൽ ഇരിക്കുന്നു; അവനെ മഹത്തായ ആലോചനയുടെ ദൂതൻ എന്നു വിളിക്കുന്നു; ഞാൻ പ്രഭുക്കന്മാർക്കു സമാധാനവും അവന്നു ആരോഗ്യവും വരുത്തും.” ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന പരിഭാഷയാണ് സെപ്റ്റ്വജിൻ്റ്. ഈ പരിഭാഷയിൽ, നാല് പ്രാവചനിക നാമം ഇല്ല. പകരം, “അവനെ മഹത്തായ ആലോചനയുടെ ദൂതൻ എന്നു വിളിക്കുന്നു” എന്നാണ് കാണുന്നത്. പ്രവചനം ക്രിസ്തുവിനെക്കുറിച്ചല്ല എന്നതിന് വ്യക്തമായ തെളിവുമുണ്ട്. “ഞാൻ അഥവാ, ദൈവം പ്രഭുക്കന്മാർക്കു സമാധാനവും “അവന്നു” അഥവാ, ആരെക്കുറിച്ചാണോ പ്രവചനം അവന്നു ആരോഗ്യവും വരുത്തും” എന്നാണ് അവസാനഭാഗത്ത് പറയുന്നത്. യിസ്രായേൽ പ്രഭുക്കന്മാരെയാണ് ഇവിടെ വിവക്ഷിക്കുന്നത്. ക്രിസ്തുവിൻ്റെ കാലത്ത് അടിമത്വത്തിൽ ആയിരുന്നതിനാൽ, രാജാവും ഇല്ലായിരുന്നു പ്രഭുക്കന്മാരും ഇല്ലായിരുന്നു. തന്നെയുമല്ല, ദൈവം ക്രിസ്തുവിന് ആരോഗ്യം കൊടുക്കും എന്നൊന്നും പ്രവചിക്കേണ്ട ആവശ്യമില്ല. അതിനാൽ, ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന ബൈബിൾപ്രകാരവും വേദഭാഗം ക്രിസ്തുവിനെക്കുറിച്ചല്ലെന്ന് മനസ്സിലാക്കാം.
പ്രവചനങ്ങൾ ഭാവിയിൽ സംഭവിപ്പാനുള്ളതാണെങ്കിലും, മൂന്നു കാലങ്ങളിലും പറഞ്ഞിരിക്കുന്നതായി കാണാം. ഉദാ: കർത്താവിൻ്റെ പുനരാഗമനം, ഭൂതകാലം: (യൂദാ, 1:15). വർത്തമാനകാലം: (വെളി, 1:7). ഭാവികാലം: (എബ്രാ, 10:37). പഴയനിയമത്തിലും തെളിവുകളുണ്ട്. അതിനാൽ, ഭൂതകാലത്തിൽ പറഞ്ഞിരിക്കുന്ന കാരണത്താൽ മാത്രം അത് പ്രവചനമല്ലെന്ന് തറപ്പിച്ച് പറയാൻ പറ്റില്ല; അത് യെഹൂദന്മാരും സമ്മതിക്കുന്ന കാര്യമാണ്. എന്നാൽ, ഹിസ്ക്കീയാ രാജാവിനെക്കുറിച്ചുള്ള യെശയ്യാവിൻ്റെ ഈ വേദഭാഗം മുഴുവനും പ്രവചനമാണെന്ന് പറയാൻ നിർവ്വാഹമില്ല. അത് ചരിത്രം പരിശോധിച്ചാൽ മനസ്സിലാക്കാം. അതിൻ്റെ കാരണം നോക്കാം: യെഹൂദയിലെ പന്ത്രണ്ടാമത്തെ രാജാവാണ് യോഥാമിന്റെ മകനും ഹിസ്ക്കീയവിൻ്റെ അപ്പനുമായ ആഹാസ്. ഇരുപതാമത്തെ വയസ്സിൽ രാജാവായി. പിതാവിനോടൊപ്പം നാലു വർഷവും തനിയെ പതിനാറു വർഷവും ഭരിക്കുകയുണ്ടായി. അവൻ്റെ യഥാർത്ഥ ഭരണകാലം, 732/731-മുതൽ 716/715-വരെ പതിനാറു വർഷമാണ്. (2രാജാ, 16:2). ആഹാസ് രാജാവായ ഉടനെയാണ് ആരാമിന്റെയും യിസ്രായേലിന്റെയും സൈന്യം യെഹൂദായ്ക്കെതിരെ യുദ്ധത്തിനായി വരുന്നത്. അത് ഏകദേശം, ബി.സി. 731/730-ലാണ്. അതിനോടുള്ള ബന്ധത്തിലാണ്, യെശയ്യാവ് ഇമ്മാനുവേലിൻ്റെ അടയാളം കൊടുത്തുകൊണ്ട് അശ്ശൂർരാജാവിൽ ആശ്രയിക്കരുതെന്ന് അവനോട് പറയുന്നത്. (7:14-16). അതിനുശേഷമാണല്ലോ 9:6-ലെ ഹിസ്ക്കീയാവിനെക്കുറിച്ചുള്ള പ്രവചനം. ആഹാസിൻ്റെ പുത്രനായ ഹിസ്ക്കീയാവു ഇരുപത്തിയഞ്ചാമത്തെ വയസ്സിലാണ് രാജാവായത്. ബി.സി. 715-മുതൽ 686-വരെയാണ് അവൻ്റെ ഭരണകാലം. അതായത്, അവൻ്റെ അപ്പനായ ആഹാസ് യെഹൂദയുടെ രാജാവായ സമയത്ത് ഒൻപതോ, പത്തോ വയസ്സുള്ള ബാലകനായിട്ട് ഹിസ്ക്കീയാവ് ഉണ്ടായിരുന്നു. അതായത്, തൻ്റെ അപ്പനായ ആഹാസിന് ഇമ്മാനുവേലിൻ്റെ അടയാളം കൊടുക്കുമ്പോൾത്തന്നെ ഹിസ്ക്കീയാവ് ഉണ്ടായിരുന്നൂ. അതിനാൽ, നമുക്കു ഒരു ശിശു ജനിച്ചിരിക്കുന്നു; നമുക്കു ഒരു മകൻ നല്കപ്പെട്ടിരിക്കുന്നു” എന്ന് ഭൂതകാലത്തിൽ പറഞ്ഞിരിക്കുന്ന ആദ്യഭാഗം പ്രവചനമാണെന്ന് പറയാൻ സാദ്ധ്യമല്ല.
ഒന്നാം ഭാഗത്ത്, ശിശു (yeld – child) എന്നും, മകൻ (ben – son) എന്നും രണ്ട് വ്യത്യസ്ത പദങ്ങളാണ്. അതിൽ, ശിശു എന്ന് പരിഭാഷ ചെയ്തിരിക്കുന്ന, യെൽഡ് (yeld) എന്ന എബ്രായപദത്തെ യുവാവ് (young man – ഉല്പ, 4:23), മകൻ (child – ഉല്പ, 21:8), കുട്ടി (child – ഉല്പ, 21:14), മക്കൾ (children – ഉല്പ, 30:26), ബാലൻ (child – ഉല്പ, 37:30) എന്നിങ്ങനെയാണ് പരിഭാഷ ചെയ്തിരിക്കുന്നത്. യാക്കോബിൻ്റെ പതിനൊന്ന് മക്കളെ കുറിക്കാനും (ഉല്പ, 32:22), പതിനേഴ് വയസ്സുള്ളവനായ യോസേഫിനെ കുറിക്കാനും യെൽഡ് എന്ന പദം ഉപയോഗിച്ചിട്ടുണ്ട്. (ഉല്പ, 37:30). മകൻ എന്ന് പരിഭാഷ ചെയ്തിരിക്കുന്ന ബെൻ (ben) എന്ന പദത്തെ മക്കൾ (children – ഉല്പ, 3:16), മകൻ (son – ഉല്പ, 4:17) എന്നീ അർത്ഥമാണുള്ളത്. അതായത്, രണ്ട് പദങ്ങൾക്കും ശിശു എന്ന ഖണ്ഡിതമായ അർത്ഥമല്ല; മകൻ എന്ന സാധാരണ അർത്ഥമാണ് ഉള്ളത്. കുഞ്ഞ്, ശിശു എന്നീ അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന പദം ‘ഒലേൽ’ (olel) ആണ്. (infant, 1ശമൂ, 15:3; children 1ശമൂ, 22:19; babes സങ്കീ, 8:2). അതിനാൽ, പ്രസ്തുത വാക്യത്തിൻ്റെ ആദ്യഭാഗമായ, “നമുക്കു ഒരു ശിശു ജനിച്ചിരിക്കുന്നു; നമുക്കു ഒരു മകൻ നല്കപ്പെട്ടിരിക്കുന്നു” എന്ന് ഭൂതകാലത്തിൽ പറഞ്ഞിരിക്കുന്നത്, അന്ന് ഏകദേശം പത്തോ, പന്ത്രണ്ടോ വയസ്സ് പ്രായമുണ്ടായിരുന്ന ഹിസ്ക്കീയാവ് എന്ന ബാലനെക്കുറിച്ചാണെന്ന് മനസ്സിലാക്കാം. ഭൂരിപക്ഷം പരിഭാഷകളിലും ആദ്യഭാഗം ഭൂതകാലത്തിലാണ് പറഞ്ഞിരിക്കുന്നത്. പ്രവാചകൻ തന്നെയും ചേർത്ത്, ‘നാം‘ എന്ന ഉത്തമപുരുഷ സർവ്വനാമത്തിൽ പറയുന്നത്, യിസ്രായേൽ ജനത്തിനുവേണ്ടി ജനിച്ചുകഴിഞ്ഞ ഹിസ്ക്കീയാവെന്ന ബാലകനെക്കുറിച്ചാണ്. അതായത്, 700 വർഷങ്ങൾക്കുശേഷം ജനിക്കാനുള്ള യേശുവിനെക്കുറിച്ചല്ല; അന്ന് പത്തോ, പന്ത്രണ്ടോ വയസ്സ് പ്രായമുണ്ടായിരുന്ന ഹിസ്ക്കീയാവിനെക്കുറിച്ചുള്ള പ്രസ്താവനയാണ്. അടുത്തഭാഗമായ, “ആധിപത്യം അവന്റെ തോളിൽ ഇരിക്കും” എന്ന് ഭാവികാലത്തിൽ പറയുന്നത്, അപ്പൻ്റെ ഭരണകാലം കഴിഞ്ഞശേഷം രാജാവാകുന്ന ഹീസ്ക്കീയാവെന്ന രാജാവിനെക്കുറിച്ചുള്ള പ്രവചനമാണ്. ആധിപത്യം എന്നാൽ, അധിപതി എന്ന അവസ്ഥ അഥവാ, അധികാരം കൈവരുന്ന അവസ്ഥയാണ്. ഒരു രാജ്യത്തിൻ്റെ അധികാരം രാജാവിൻ്റെ ചുമലിലാണ്. അതായത്, രണ്ടാം ഭാഗത്തുള്ള പ്രവചനം ഏകദേശം 14/15 വർഷം കഴിഞ്ഞപ്പോൾ നിറവേറി. യേശു ഒരു ഭരണവും ഏറ്റെടുത്തില്ല എന്നതും കുറിക്കൊള്ളുക. അവസാനഭാഗമായ, “അവന്നു അത്ഭുതമന്ത്രി, വീരനാം ദൈവം, നിത്യപിതാവു, സമാധാനപ്രഭു എന്നു പേർ വിളിക്കപ്പെടും” എന്ന് ഭാവികാലത്തിൽ പറയുന്നത്, അവനെക്കുറിച്ചുള്ള പ്രാവചനിക നാമം ആണ്. അതായത്, യെശയ്യാവ് 9:6-ന് മൂന്ന് ഭാഗങ്ങളുണ്ട്. അതിൽ ആദ്യഭാഗം ഹിസ്ക്കീയാവ് എന്ന ബാലകനെക്കുറിച്ചുള്ള ചരിത്രപരമായ പ്രസ്താവനയും, രണ്ടാം ഭാഗം യഥാർത്ഥ പ്രവചനവും, മൂന്നാം ഭാഗം പ്രാവചനിക നാമവുമാണ്.
12. “അവന്നു അത്ഭുതമന്ത്രി, വീരനാം ദൈവം, നിത്യപിതാവു, സമാധാനപ്രഭു എന്നു പേർ വിളിക്കപ്പെടും.” ഈ വേദഭാഗം, ഹിസ്ക്കീയാവിനോടുള്ള ബന്ധത്തിൽ നിറവേറിയതായി പറഞ്ഞിട്ടില്ലല്ലോ എന്ന ചിന്തയ്ക്ക് അടിസ്ഥാനമൊന്നുമില്ല. അതിൻ്റെ തെളിവാണ് യെശയ്യാവ് 7:14: “അവന് ഇമ്മാനൂവേൽ എന്നു പേർ വിളിക്കും” എന്നാണ് യെശയ്യാവ് പ്രവചിച്ചത്. കന്യക പ്രസവിക്കുന്ന മകൻ ഇമ്മാനൂവേൽ ആയിരിക്കും എന്നല്ല; അവനെ ഇമ്മാനൂവേൽ എന്ന് പേർ വിളിക്കും എന്നാണ്. ആഹാസ് ആ അടയാളം തിരസ്കരിച്ചതിനാൽ ആ കുട്ടി ജനിച്ചില്ല. പ്രത്യുത, അവൻ ദൈവത്തിൽ വിശ്വസിച്ചുകൊണ്ട് പ്രവചനം സ്വീകരിച്ചിരുന്നുവെങ്കിൽ, കുട്ടി ജനിക്കുമായിരുന്നു. അപ്പോഴും ആ കുട്ടിയെ ആരും ഇമ്മാനൂവേൽ എന്ന് വിളിക്കില്ല. അതൊരു പ്രാവചനിക നാമം (prophetic name) ആണ്. അതിൻ്റെ തെളിവ് പുതിയനിയമത്തിൽ കാണാം: ക്രിസ്തുവിൻ്റെ ജനത്തോടുള്ള ബന്ധത്തിൽ ആ പ്രവചനം ഉദ്ധരിച്ചിട്ടുണ്ട്: “കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും. അവനു ദൈവം നമ്മോടുകൂടെ എന്നർഥമുള്ള ഇമ്മാനൂവേൽ എന്നു പേർ വിളിക്കും.” (മത്താ,1:22). എന്നാൽ, പുതിയനിയമത്തിൽ യേശുവിന് നൂറുകണക്കിന് പദവി നാമങ്ങൾ ഉണ്ടെങ്കിലും, അവന് ഇമ്മാനൂവേൽ എന്നൊരു പേരോ, പദവി നാമമോ പറഞ്ഞിട്ടില്ല. എന്തെന്നാൽ, അതവൻ്റെ യഥാർത്ഥ നാമമല്ല; അഥവാ, സംജ്ഞാനാമമോ, സ്ഥാനനാമമോ അല്ല; പ്രവചനപരമായ നാമമാണ്. തന്മൂലം, ആ നാമം യഥാർത്ഥത്തിൽ വിളിക്കപ്പെടണം എന്ന് നിർബന്ധമില്ല. ക്രിസ്തു ഏകസത്യദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാകയാൽ, ആത്മീയമായി അത് ക്രിസ്തുവിൽ അന്വർത്ഥമാകുകയാണ് ചെയ്തത്. (1തിമൊ, 3:14-16. ഒ,നോ: യെശ, 25:8-9; 35:4-6; ലൂക്കൊ, 1:68; ഫിലി, 2:6-8; എബ്രാ, 2:14-16). അതുപോലെ, “അത്ഭുതമന്ത്രി, വീരനാം ദൈവം, നിത്യപിതാവു, സമാധാനപ്രഭു എന്നു പേർ വിളിക്കപ്പെടും” എന്നത്, ഹീസ്ക്കീയാവ് രാജാവിനെക്കുറിച്ചുള്ള പ്രാവചനിക നാമമാണ്. അതിനാൽ, ആ നാമം യഥാർത്ഥത്തിൽ അവനെ വിളിക്കുവാൻ യാതൊരു ആവശ്യമില്ല. അവനോടുള്ള ബന്ധത്തിൽ പ്രവചനം അന്വർത്ഥമാകുകയാണ് ചെയ്തത്.
13. യെശയ്യാവിൻ്റെ അടുത്തവാക്യം ഇപ്രകാരമാണ്: “അവന്റെ ആധിപത്യത്തിന്റെ വർദ്ധനെക്കും സമാധാനത്തിന്നും അവസാനം ഉണ്ടാകയില്ല; ദാവീദിന്റെ സിംഹാസനത്തിലും അവന്റെ രാജത്വത്തിലും ഇന്നുമുതൽ എന്നെന്നേക്കും അവൻ അതിനെ ന്യായത്തോടും നീതിയോടും കൂടെ സ്ഥാപിച്ചു നിലനിർത്തും; സൈന്യങ്ങളുടെ യഹോവയുടെ തീക്ഷ്ണത അതിനെ നിവർത്തിക്കും.” (യെശ. 9:7). ഈ വേദഭാഗവും പ്രവചനം ക്രിസ്തുവിനെക്കുറിച്ചാണെന്ന് തെറ്റിദ്ധരിക്കാൻ ഇടയാക്കിയിട്ടുണ്ട്. എന്നാൽ, ഇത് യെഹൂദന്റെ നിത്യരാജ്യത്തെക്കുറിച്ചുള്ള പ്രവചനമാണ്. യേശുക്രിസ്തുവല്ല ഈ ഭൂമിയെ ഭരിക്കുന്ന നിത്യരാജാവ്. തൻ്റെ രാജ്യം ഐഹികമല്ല (My kingdom is not of this world) ക്രിസ്തുതന്നെ പറഞ്ഞിട്ടുണ്ട്. (യോഹ, 18:36). പൂർവ്വപിതാക്കന്മാരുടെയും ദാവീദിൻ്റെയും വാഗ്ദത്തസന്തതിയും നിശ്ചലകൃപകളുടെ അവകാശിയും ദൈവത്തിൻ്റെ സകല അനുഗ്രഹങ്ങളുടെയും വാഗ്ദത്തങ്ങളുടെയും അവകാശിയും സകല പ്രവചനങ്ങളുടെയും കേന്ദ്രബിന്ദുവും വിശേഷാൽ, ദൈവത്തിൻ്റെ പുത്രനും ആദ്യജാതനും ഈ ഭൂമിയെ ഭരിക്കേണ്ട നിത്യരാജാവും യിസ്രായേലാണ്. (ഉല്പ, 22:17-28; 26:5; 28:13-14; യെശ, 55:3; പുറ, 4:22-23; 2ശമൂ, 8:17; 1ദിന, 17:7-15; സങ്കീ, 89:3-4;29,36-37; ദാനീ, 7:18,21,27). പ്രസ്തുത വേഭാഗത്തിൻ്റെ അവസാനഭാഗം നോക്കുക: “സൈന്യങ്ങളുടെ യഹോവയുടെ തീക്ഷ്ണത അതിനെ നിവർത്തിക്കും.” ആറാം വാക്യത്തിൽപ്പറയുന്ന “വീരനാം ദൈവം” സത്യദൈവം ആണെങ്കിൽ, യഹോവയുടെ തീക്ഷ്ണത അതിനെ നിവർത്തിക്കും എന്ന് പറയേണ്ട യാതൊരു ആവശ്യവുമില്ല. സത്യദൈവം ആണെങ്കിൽ, ആ ദൈവത്തിനുതന്നെ സകലവും നിവൃത്തിക്കാൻ കഴിയുമല്ലോ; യഹോവ അതിനെ നിവൃത്തിക്കേണ്ട കാര്യമെന്താണ്? തന്മൂലം, യെഹൂദൻ്റെ നിത്യരാജ്യം അഥവാ, സഹസ്രാബ്ദ രാജ്യം ഭരിക്കുന്ന നിത്യരാജാവിനെ പ്രതീകാത്മകമായി ഹിസ്ക്കീയാരാജാവിൽ കണ്ടുകൊണ്ട് യെശയ്യാവ് പ്രവചിക്കുന്നതാണെന്ന് മനസ്സിലാക്കാം. പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക!
കൂടുതൽ അറിവിലേക്കായി: ദാവീദിൻ്റെ സന്തതിയും കർത്താവുമായ രാജാവാരാണ്? എന്ന ലേഖനം കാണുക.