പ്രാർത്ഥനാവീരനായ ക്രിസ്തു

☛ ദൈവത്തിൻ്റെ സൃഷ്ടികളും ദൈവത്തെ നിത്യം ആരാധിക്കുന്നവരും എങ്കിലും, ദൂതന്മാർപോലും ദൈവത്തോട് പ്രാർത്ഥിച്ചതായി കാണാൻ കഴിയില്ല: (യെശ, 6:3; വെളി, 1:8). എന്നാൽ യേശുവിൻ്റെ ജീവിതം മുഴുവനും പ്രാർത്ഥനാ നിർഭരമായിരുന്നു. “അതികാലത്തു ഇരുട്ടോടെ യേശു എഴുന്നേറ്റു പുറപ്പെട്ടു ഒരു നിർജ്ജനസ്ഥലത്തു ചെന്നു പ്രാർത്ഥിച്ചു.” (മർക്കൊ, 1:35). ക്രിസ്തു രാവിലെയും (മർക്കൊ, 1:35), വൈകുന്നേരവും (മത്താ, 14:23), രാത്രി മുഴുവനും (ലൂക്കൊ, 6:12), പ്രത്യേക ശുശ്രൂഷകൾക്ക് മുമ്പായും: ഉദാ: ശിഷ്യന്മാരെ തിരഞ്ഞെടുക്കുന്നതിന് മുമ്പും (ലൂക്കൊ, 6:12-16), ലാസറിനെ ഉയിർപ്പിക്കുന്നതിനു മുമ്പും (യോഹ, 11:41-42) ദൈവത്തോട് പ്രാർത്ഥിച്ചതായി കാണാം. യേശു തൻ്റെ ദൈവത്തെ “പിതാവേ!” എന്ന് സംബോധന ചെയ്തുകൊണ്ട് പ്രാർത്ഥിക്കുന്ന അനേകം വാക്യങ്ങളുണ്ട്: (യോഹ, 20:17 ⁃ മത്താ, 11:25; ലൂക്കൊ, 23:34; ലൂക്കൊ, 23:46; യോഹ, 11:41; യോഹ, 12:27; 12:28; 17:1; 17:5; 17:11; 17:21; 17:24; 17:25). മടുത്തുപോകാതെ പ്രാർത്ഥിക്കണമെന്ന് പഠിപ്പിക്കുക മാത്രമല്ല (ലൂക്കൊ, 18:1), മടുത്തുപോകാതെ രാപ്പകൽ പ്രാർത്ഥിച്ച് മാതൃക കാണിച്ചുതന്ന പ്രാർത്ഥനാവീരനായിരുന്നു ക്രിസ്തു.

☛ “പിതാവേ, നിനക്കു മനസ്സുണ്ടെങ്കിൽ ഈ പാനപാത്രം എങ്കൽ നിന്നു നീക്കേണമേ; എങ്കിലും എന്റെ ഇഷ്ടമല്ല നിന്റെ ഇഷ്ടംതന്നെയാകട്ടെ” എന്നു പ്രാർത്ഥിച്ചു.” (ലൂക്കൊ, 22:42). ഇതൊരു ദൈവത്തിൻ്റെ പ്രാർത്ഥനയോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവൻ്റെ പ്രാർത്ഥനയോ അല്ല; ദൈവത്താൽ മാനവകുലത്തിൻ്റെ പാപമെല്ലാം പാപമറിയാത്ത തൻ്റെ ശരീരത്തിൽ ചുമത്തപ്പെട്ട് ബലഹീനനായിപ്പോയ യേശുവെന്ന മനുഷ്യൻ്റെ പ്രാർത്ഥനയാണ്: (യോഹ, 8:40; 2കൊരി, 5:21; 1പത്രൊ, 2:24; ലൂക്കൊ, 22:43). ഗെത്ത്ശെമന എന്ന തോട്ടത്തിൽവെച്ച് തനിക്ക് ഭവിക്കാനുള്ള അതികഷ്ഠം നീങ്ങിപ്പോകാൻ പിതാവിൻ്റെ ഹിതത്തിനായി മേല്പറഞ്ഞ ഒരേ വചനംതന്നെ ചൊല്ലി ക്രിസ്തു മൂന്നുപ്രാവശ്യം പ്രാർത്ഥിച്ചതായി കാണാം: (മത്താ, 26:39; 26:42; 26:44). നിലത്ത് കവിണ്ണുവിണു കിടന്നുകൊണ്ടാണ് അവൻ പ്രാർത്ഥിച്ചത്: (മത്താ, 26:39; മർക്കൊ, 14:35). അവനെ ശക്തിപ്പെടുത്തുവാൻ സ്വർഗ്ഗത്തിൽ നിന്നു ഒരു ദൂതൻ പ്രത്യക്ഷനായതായി പറഞ്ഞിട്ടുണ്ട്: (ലൂക്കൊ, 22:43). പ്രാണവേദനയിൽ അതിശ്രദ്ധയോടെ പ്രാർത്ഥിക്കുക നിമിത്തം, അവന്റെ വിയർപ്പു നിലത്തു വീഴുന്ന വലിയ ചോരത്തുള്ളിപോലെ ആയി എന്നാണ് ലൂക്കൊസ് പറയുന്നത്: (ലൂക്കോ, 22:44). എബ്രായലേഖകനും അതിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്: “ക്രിസ്തു തന്റെ ഐഹിക ജീവകാലത്തു തന്നെ മരണത്തിൽനിന്നു രക്ഷിപ്പാൻ കഴിയുന്നവനോടു ഉറെച്ച നിലവിളിയോടും കണ്ണുനീരോടുംകൂടെ അപേക്ഷയും അഭയയാചനയും കഴിക്കയും ഭയഭക്തി നിമിത്തം ഉത്തരം ലഭിക്കയും ചെയ്തു.” (എബ്രാ, 5:7). 

☛ മരണത്തൊട് അടുത്തപ്പോൾ ദൈവത്തോട് അത്യുച്ചത്തിൽ നിലവിളിച്ചു പ്രാർത്ഥിച്ചതായും കാണാം: “ഒമ്പതാം മണിനേരത്തു യേശു: എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതു എന്തു എന്നു അർത്ഥമുള്ള എലോഹീ, എലോഹീ ലമ്മാ ശബ്ബക്താനീ എന്നു അത്യുച്ചത്തിൽ നിലവിളിച്ചു.” (മർക്കൊ, 15:34 ⁃ മത്താ, 27:46). ഈ ഉദ്ധരണി പഴയനിയമത്തിൽ ഉള്ളതാണ്: (സങ്കീ, 22:1). പഴയനിയമത്തിൽ ഉള്ളത് പ്രവചനമാണ്. അതിൻ്റെ നിവൃത്തിയാണ് യേശുവിൽ കാണുന്നത്. ഇതൊന്നും ഒരു ദൈവത്തിൻ്റെ പ്രാർത്ഥനയോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവൻ്റെ പ്രാർത്ഥനയോ അല്ല; മാനവകുലത്തിൻ്റെ പാപാഭാരമെല്ലാം തൻ്റെ ശരീരത്തിൽ വഹിച്ച് ബലഹീനനായിപ്പോയ ഒരു മനുഷ്യൻ്റെ പ്രാർത്ഥനയാണ്. 

☛ മനുഷ്യനല്ലാതെ, ദൈവത്തിന് പ്രാർത്ഥന വേണ്ട. ദൈവത്തോട് മനുഷ്യൻ കഴിക്കുന്ന അഭയയാചനയാണ് പ്രാർത്ഥന. തന്നെ മരണത്തിൽനിന്ന് രക്ഷിക്കാൻ കഴിയുന്നവനോടാണ് ക്രിസ്തു നിലവിളിച്ച് പ്രാർത്ഥിച്ചതെന്ന് വചനം പറയുമ്പോൾ, ഒരു ദൈവം തന്നോടുതന്നെയോ, മറ്റൊരു ദൈവത്തോടോ ആണ് കണ്ണുനീരോടും നിലവിളിയോടുകൂടെ പ്രാർത്ഥിച്ചതെന്ന് പറഞ്ഞാൽ, അതില്പരം ദൈവദൂഷണം വേറെയില്ല. ക്രിസ്തു ദൈവമല്ല; പ്രാർത്ഥന ആവശ്യമുള്ള പാപരഹിതനായ മനുഷ്യനായിരുന്നു. ⟦ഒരുകാര്യം പ്രത്യേകം ഓർക്കുക: നമ്മെപ്പോലെ പാപങ്ങൾക്കുവേണ്ടിയോ, അനുഗ്രഹങ്ങൾക്കുവേണ്ടിയോ അല്ല; തൻ്റെ ശുശ്രൂഷയ്ക്കുവേണ്ടിയാണ് അവൻ പ്രാർത്ഥിച്ചത്. മറിച്ചൊരു പ്രാർത്ഥന ക്രിസ്തുവിന് ആവശ്യമില്ല⟧. 

☛ വൺനെസ്സ് വിശ്വാസപ്രകാരം, ഒരു ദൈവം തന്നോടുതന്നെയാണ് പ്രാർത്ഥിച്ചത്. ട്രിനിറ്റിയുടെ വിശ്വാസപ്രകാരം, ഒരു ദൈവം തനിക്ക് സമനായ മറ്റൊരു ദൈവത്തോടാണ് പ്രാർത്ഥിച്ചത്. ഒരു ദൈവം തന്നോടുതന്നെയോ, മറ്റൊരു ദൈവത്തോടോ അല്ല പ്രാർത്ഥിച്ചത്; മനുഷ്യനായ യേശു തൻ്റെ പിതാവും ദൈവവും ആയവനോടാണ് പ്രാർത്ഥിച്ചത്: (യോഹ, 20:17). പിതാവാണ്, “ഏകദൈവം” (The only God), “പിതാവാണ് മാത്രമാണ് സത്യദൈവം” (Father, the only true God), “ഞാൻ മനുഷ്യനാണ്. എൻ്റെയും നിങ്ങളുടെയും ദൈവം പിതാവാണ്” എന്നൊക്കെ പഠിപ്പിച്ച വായിൽ വഞ്ചനയില്ലാത്ത ക്രിസ്തുവിനെ ദൈവമാക്കാൻ പറ്റുമോ? (യോഹ, 5:44; യോഹ, 17:3; യോഹ, 8:40; യോഹ, 20:17). 

☛ ഏകദൈവവും രക്ഷകനും:
➟ യഹോവയാണ് സകല മനുഷ്യരുടെയും രക്ഷകനും ഏകദൈവവും: “സകല ഭൂസീമാവാസികളുമായുള്ളോരേ, എങ്കലേക്കു തിരിഞ്ഞു രക്ഷപ്പെടുവിൻ; ഞാനല്ലാതെ വേറൊരു ദൈവവും ഇല്ലല്ലോ.” (യെശ, 45:22). “യഹോവ തന്നെ ദൈവം; മറ്റൊരുത്തനുമില്ല എന്നു ഭൂമിയിലെ സകല ജാതികളും അറിയേണ്ടതിന്നു.” (1രാജാ, 8:59). “അപ്പോൾ സകല ജാതികളും യഹോവയുടെ നാമത്തെ വിളിച്ചപേക്ഷിച്ചു ഏകമനസ്സോടെ അവനെ സേവിക്കേണ്ടതിന്നു ഞാൻ അവർക്കു നിർമ്മലമായുള്ള അധരങ്ങളെ വരുത്തും.” (സെഫ, 3:9). “സകല ജാതികളുമായുള്ളോരേ, യഹോവയെ സ്തുതിപ്പിൻ; സകല വംശങ്ങളുമായുള്ളോരേ, അവനെ പുകഴ്ത്തുവിൻ.” (സങ്കീ, 117:1). “ദൈവമേ, ജാതികൾ നിന്നെ സ്തുതിക്കും; സകലജാതികളും നിന്നെ സ്തുതിക്കും.” (സങ്കീ, 67:3 ⁃ സങ്കീ, 67:5). ഈ അണ്ടകടാഹത്തിലെ സകല ജാതികളുടെയും ദൈവമാണ് യഹോവ: “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39 ⁃ ആവ, 3:24;യോശു, 2:11;1രാജാ, 8:23;2ദിന, 6:14;സങ്കീ, 73:25). അതുകൊണ്ടാണ്, ക്രിസ്തു തന്നെ രക്ഷിക്കാൻ കഴിയുന്ന ദൈവത്തോടു നിലവിളിച്ച് പ്രാർത്ഥിച്ചത്. ദൈവഹിതപ്രകാരം (2കൊരി, 5:21), നമ്മുടെ പാപങ്ങൾ തൻ്റെ ശരീരത്തിൽ ചുമന്നുകൊണ്ട് ക്രൂശിൽമരിച്ച പുരുഷനായ (Man) നസറായനായ യേശുവിനെ ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ച് തൻ്റെ വലങ്കയ്യാൽ ഉയർത്തിയപ്പോഴാണ് (1പത്രൊ, 2:24; പ്രവൃ, 2:23-24; പ്രവൃ, 5:31), അവൻ നമ്മുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവും പ്രഭുവും ആയത്: (പ്രവൃ, 2:36; പ്രവൃ, 5:30-31). [കാണുക: ഏകദൈവമായ പിതാവും ഏകമനുഷ്യനായ പുത്രനും]

☛ നമ്മളെ ദൈവം വിളിച്ചിരിക്കുന്നത് ക്രിസ്തുവിൻ്റെ കാൽച്ചുവട് പിൻതുടരാനാണ്: (1പത്രൊ,  2:21). ബന്ധം വ്യത്യസ്തമാണെങ്കിലും, ദൈവപുത്രനായ ക്രിസ്തുവിൻ്റെയും വിശ്വാസികളുടെയും പിതാവും ദൈവവും ഒരുവനാണ്: (യോഹ, 20:17; എബ്രാ, 2:11). നമ്മുടെ കർത്താവായ ക്രിസ്തു പറഞ്ഞതും പഠിപ്പിച്ചതും പ്രാർത്ഥിച്ചതും മാതൃക കാണിച്ചുതുമായ പ്രകാരം, പിതാവായ ഏകദൈവത്തോട് യേശുക്രിസ്തുവിൻ്റെ നാമത്തിലാണ് നാം പ്രാർത്ഥിക്കേണ്ടത്. [കാണുക: ആരോടാണ് പ്രാർത്ഥിക്കേണ്ടത്?]

Leave a Reply

Your email address will not be published. Required fields are marked *