ക്രിസ്തുവും മോശെയും

☛ യേശുവിനെക്കുറിച്ച് ദൈവപുരുഷനായ മോശെ പ്രവചിച്ചിട്ടുണ്ട്: “നിന്റെ ദൈവമായ യഹോവ നിനക്കു എന്നെപ്പോലെ ഒരു പ്രവാചകനെ നിന്റെ മദ്ധ്യേ നിന്റെ സഹോദരന്മാരുടെ ഇടയിൽനിന്നു എഴുന്നേല്പിച്ചുതരും; അവന്റെ വചനം നിങ്ങൾ കേൾക്കേണം.” (ആവ, 18:15). പരിശുദ്ധാത്മാവിൽ നിറഞ്ഞ സ്തെഫാനൊസ് തൻ്റെ പ്രസംഗത്തിൽ മോശെയുടെ ഈ പ്രവചനം ഉദ്ധരിച്ചിട്ടുണ്ട്: (പ്രവൃ, 7:37). ക്രിസ്തുവിനെക്കുറിച്ച് മോശെ പറയുന്നത് ശ്രദ്ധിക്കുക: 

𝟭. എന്നെപ്പോലെ ഒരു പ്രവാചകൻ: 
➟ “ദൈവമായ യഹോവ എന്നെപ്പോലൊരു പ്രവാചകനനെ തരും.” യഹോവ തന്നെയാണ് യേശുക്രിസ്തു എന്ന് വൺനെസ്സും ക്രിസ്തു യഹോവയ്ക്ക് സമനായ ദൈവമാണെന്ന് ട്രിനിറ്റിയും വിചാരിക്കുന്നു. എന്നാൽ യഹോവയല്ലാതെ മറ്റൊരു ദൈവം സ്വർഗ്ഗത്തിലും ഭൂമിയിലും ഇല്ലെന്ന് സംശയലേശമെന്യേ പഠിപ്പിച്ചവനാണ് മോശെ: “മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39 ⁃ ആവ, 3:24; ആവ, 4:35;; ആവ, 6:4; ആവ, 33:26). “ഞങ്ങളുടെ ദൈവമായ യഹോവയെപ്പോലെ ആരുമില്ല” എന്നും മോശെ പഠിപ്പിച്ചിട്ടുണ്ട്: (പുറ, 8:10). ഒന്നാമത്, യേശുക്രിസ്തു ഏകദൈവമായിരുന്നെങ്കിലോ, ദൈവത്തോട് സമനായ ദൈവമായിരുന്നെങ്കിലോ, യഹോവയല്ലാതെ മറ്റൊരു ദൈവം സ്വർഗ്ഗത്തിലോ ഭൂമിയിലോ ഇല്ലെന്നും യഹോവയെപ്പോലെ ആരുമില്ലെന്നും മോശെ പഠിപ്പിക്കുമായിരുന്നില്ല. യഹോവ ഒരുത്തൻ മാത്രമാണ് ദൈവം എന്ന് പഠിപ്പിച്ച താൻതന്നെ കള്ളനായി മാറും. രണ്ടാമത്, താൻ പ്രവചിച്ച പ്രവാചകനായ ക്രിസ്തു ഏകദൈവം ആയിരുന്നെങ്കിലോ, ദൈവത്തോട് സമനായ ദൈവമായിരുന്നെങ്കിലോ അവനെ എന്നെപ്പോലെ ഒരു പ്രവാചകനെന്ന് പറയാൻ കേവലം മനുഷ്യനായ മോശെ ധൈര്യപ്പെടുമായിരുന്നില്ല. മനുഷ്യൻ എത്ര ശ്രേഷ്ഠനായാലും ദൈവത്തോട് തുല്യനാകില്ല. മൂന്നാമത്, ഒരു ദൈവം തന്നെത്തന്നെയോ, തനിക്ക് സമനായ ഒരു ദൈവം ഉണ്ടെങ്കിലോ അവനെ പ്രവാചകനായി എഴുന്നേല്പിക്കില്ല. ഇനി അങ്ങനെയൊരു ആനമണ്ടത്തരം സമ്മതിച്ചാൽത്തന്നെ, എന്നെക്കാൾ വലിയ പ്രവാചകനെന്നോ, ശ്രേഷ്ഠ പ്രവാചകനെന്നോ അല്ലാതെ, എന്നെപ്പോലെ ഒരു പ്രവാചകനെന്ന് ദൈവത്തിൻ്റെ ദാസനായ മോശെ ഒരിക്കലും പ്രവചിക്കില്ലായിരുന്നു. മോശെ പ്രവചിച്ചത് ദൈവത്തിൻ്റെ ആത്മാവാവിനാലാണെന്ന് ഒർക്കുക.

𝟮. നിന്റെ മദ്ധ്യേ നിന്റെ സഹോദരന്മാരുടെ ഇടയിൽനിന്നു എഴുന്നേല്പിച്ചുതരും: 
➟ മോശെയുടെ പ്രവചനംപോലെ, യിസ്രായേൽ കന്യകയിലൂടെ യിസ്രായേലിൽനിന്നാണ് അവൻ എഴുന്നേറ്റത്. (മത്താ, 1:21; ലൂക്കൊ, 2:5-7; മീഖാ, 5:2-3; റോമ, 9:5). അതായത്, പരിശുദ്ധാത്മാവിനാൽ പ്രകൃത്യാതീതമായി മറിയത്തിൽ ഉല്പാദിതനായി (മത്താ, 1:20; ലൂക്കൊ, 1:21), അവളുടെ ആദ്യജാതനായി ബേത്ത്ലഹേമിൽ ജനിച്ച (ലൂക്കൊ, 2:7), ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9), ദേഹവും (Soma – Body) ദേഹിയും (Psyche – Soul) ആത്മാവുമുള്ള (Spirit – Pneuma) പാപരഹിതനായ മനുഷ്യനാണ്: (1പത്രൊ, 2:24; മത്താ, 26:38; ലൂക്കൊ, 23:46; 1യോഹ, 3:5; യോഹ, 8:40). മോശെ പ്രവചിച്ച ക്രിസ്തു ദൈവമായിരുന്നെങ്കിൽ, സ്വർഗ്ഗത്തിൽനിന്നുവന്ന് വന്ന് നിങ്ങളെ രക്ഷിക്കുമെന്നല്ലാതെ, എന്നെപ്പോലെ ഒരു പ്രവാചകനെന്നോ, എല്ലാ പ്രവാചകന്മാരും എഴുന്നേറ്റപോലെ യിസ്രായേൽ സഹോദരന്മാരുടെ ഇടയിൽനിന്നു എഴുന്നേല്പിച്ചുതരുമെന്നോ ഒരിക്കലും പറയുമായിരുന്നില്ല. 

𝟯. ക്രിസ്തുവും മോശെയും താരതമ്യം: 
➟ ക്രിസ്തു നിസ്തുല്യനാണ്: (ഗലാ, 1:1). എന്നാൽ എന്നെപ്പോലെ ഒരു പ്രവാചകനെന്ന് ക്രിസ്തുവിനെക്കുറിച്ച് മോശെ പറഞ്ഞതിൻ്റെ ചില തെളിവ് പുതിയനിയമത്തിൽ കാണാം. ദൈവം യോർദ്ദാനിൽവെച്ച് ക്രിസ്തുവിനെ പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതായി പറഞ്ഞിട്ടുണ്ട്. (ലൂക്കൊ, 3:22; പ്രവൃ, 4:27; പ്രവൃ, 10:38). പഴയനിയമത്തിൽ മോശെയെ അഭിഷേകം ചെയ്ത സന്ദർഭം പറഞ്ഞിട്ടില്ലെങ്കിലും, ആത്മാവ് ശക്തമായി അവനോടുകൂടെ ഉണ്ടായിരുന്നു. ദൈവം അവന്റെമേലുള്ള ആത്മാവിൽ കുറേയെടുത്ത് എഴുപത് പുരുഷന്മാർക്ക് നല്കിയപ്പോൾ, അവരും പ്രവചിച്ചതായി പറഞ്ഞിട്ടുണ്ട്. (സംഖ്യാ, 11:16-17; സംഖ്യാ, 11:25). തന്നെയുമല്ല, പുതിയനിയമത്തിൽ, മോശെ ദൈവത്തിൻ്റെ ക്രിസ്തു (അഭിഷിക്തൻ) ആണെന്ന് വ്യക്തമായി പറഞ്ഞിട്ടുമുണ്ട്. (എബ്രാ, 11:26). തന്മൂലം, അവൻ ദൈവത്താൽ ശക്തമായി അഭിഷേകം ചെയ്യപ്പെട്ടവനാണെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം. പ്രവൃത്തിയിലും വാക്കിലും ശക്തിയുള്ള പ്രവാചകൻ എന്നാണ് ക്രിസ്തുവിനെയും മോശെയെയും അഭിന്നമായി പറഞ്ഞിരിക്കുന്നത്. (ലൂക്കൊ, 24:19 ⁃ പ്രവൃ, 3:22; പ്രവൃ, 7:22). ദൈവം ക്രിസ്തുവിനോടുകൂടെ ഇരുന്നതുകൊണ്ടാണ് അവൻ അത്ഭുതങ്ങൾ പ്രവർത്തിച്ചത്. (പ്രവൃ, 10:38; യോഹ, 3:2). ദൈവം ക്രിസ്തുവിനോടുകൂടെ ഇരുന്നപോലെ മോശെയോടുകൂടെയും ഇരുന്നിരുന്നതായി പറഞ്ഞിട്ടുണ്ട്. (പ്രവൃ, 7:10). ക്രിസ്തു മൂന്നരവർഷം ദൈവത്താൽ അത്ഭുതങ്ങൾ പ്രവർത്തിച്ചുവെങ്കിൽ, മോശെ ക്രിസ്തുവിൻ്റെ ജീവകാലത്തെക്കാൾ അധികം (40 വർഷം) അത്ഭുതങ്ങൾ പ്രവർത്തിച്ചവനാണ്: (പ്രവൃ, 7:36). ന്യായപ്രമാണം മോശെ മുഖാന്തരം ലഭിച്ചുവെങ്കിൽ, കൃപയും സത്യവും യേശുക്രിസ്തു മുഖാന്തരമാണ് വന്നത്. (യോഹ, 1:17). മോശെ ദൈവഭവനത്തിലൊക്കെയും വിശ്വസ്തനായിരുന്നതുപോലെ യേശുവും തന്നെ നിയമിച്ചാക്കിയവനു വിശ്വസ്തൻ ആകുന്നു എന്നാണ് പറഞ്ഞിരിക്കുന്നത്. (എബ്രാ, 3:2).  [കാണുക: നിസ്തുലനായ ക്രിസ്തു, മോശെ വലിയ ധനമെന്നെണ്ണിയ നിന്ദ ആരുടെയാണ്?].

𝟰. മോശെയെ വിശ്വസിച്ചു എങ്കിൽ എന്നെയും വിശ്വസിക്കുമായിരുന്നു: 
➟ “നിങ്ങൾ മോശെയെ വിശ്വസിച്ചു എങ്കിൽ എന്നെയും വിശ്വസിക്കുമായിരുന്നു; അവൻ എന്നെക്കുറിച്ച് എഴുതിയിരിക്കുന്നു. എന്നാൽ അവന്റെ എഴുത്ത് നിങ്ങൾ വിശ്വസിക്കുന്നില്ല എങ്കിൽ എന്റെ വാക്ക് എങ്ങനെ വിശ്വസിക്കും?” (യോഹ, 5:46-47). ക്രിസ്തുവിൻ്റെ വാക്കുകൾ ശ്രദ്ധിക്കുക: മോശെയെ വിശ്വസിച്ചില്ലെങ്കിലും എന്നെ വിശ്വസിക്കണം എന്നല്ല; നിങ്ങൾ മോശെയെ വിശ്വസിച്ചു എങ്കിൽ എന്നെയും വിശ്വസിക്കുമായിരുന്നു എന്നാണ് പറഞ്ഞത്. അടുത്തത്, അവൻ്റെ എഴുത്ത് വിശ്വസിച്ചില്ലെങ്കിലും എൻ്റെ വാക്ക് വിശ്വസിക്കണം എന്നല്ല; അവന്റെ എഴുത്ത് നിങ്ങൾ വിശ്വസിക്കുന്നില്ല എങ്കിൽ എന്റെ വാക്ക് എങ്ങനെ വിശ്വസിക്കും എന്നാണ് ചോദിക്കുന്നത്. അതായത്, താൻ മോശെയെക്കാൾ വിശേഷതയുള്ളവനാണെന്ന് ക്രിസ്തുപോലും അവകാശപ്പെടുന്നില്ല. ക്രിസ്തു പറഞ്ഞ വാക്യം ശ്രദ്ധയോടെ പഠിച്ചാൽ, അവൻ മോശെയെ തന്നെക്കാൾ ശ്രേഷ്ഠനായാണ് അവതരിപ്പിക്കുന്നതെന്ന് കാണാൻ കഴിയും. സ്വശിഷ്യന്മാരുടെ കാൽകഴുകിയ താഴ്മയുടെ ആൾരൂപമായ ക്രിസ്തു, മോശെ തന്നെക്കാൾ ശ്രേഷ്ഠനാണെന്ന് പറഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളൂ. 

☛ മോശെയുടെ ശ്രേഷ്ഠത:
➟ മോശെയെക്കുറിച്ച് യഹോവയുടെ ഒരു സാക്ഷ്യമുണ്ട്: യഹോവ അരുളിച്ചെയ്തതു: “എന്റെ വചനങ്ങളെ കേൾപ്പിൻ; നിങ്ങളുടെ ഇടയിൽ ഒരു പ്രവാചകൻ ഉണ്ടെങ്കിൽ യഹോവയായ ഞാൻ അവന്നു ദർശനത്തിൽ എന്നെ വെളിപ്പെടുത്തുകയും സ്വപ്നത്തിൽ അവനോടു അരുളിച്ചെയ്കയും ചെയ്യും. എന്റെ ദാസനായ മോശെയോ അങ്ങനെയല്ല; അവൻ എന്റെ ഗൃഹത്തിൽ ഒക്കെയും വിശ്വസ്തൻ ആകുന്നു. അവനോടു ഞാൻ അരുളിച്ചെയ്യുന്നതു മറപൊരുളായിട്ടല്ല അഭിമുഖമായിട്ടും സ്പഷ്ടമായിട്ടും അത്രേ; അവൻ യഹോവയുടെ രൂപം കാണുകയും ചെയ്യും. അങ്ങനെയിരിക്കെ നിങ്ങൾ എന്റെ ദാസനായ മോശെക്കു വിരോധമായി സംസാരിപ്പാൻ ശങ്കിക്കാഞ്ഞതു എന്തു?” (സംഖ്യാ, 12:6-8). ദൈവത്തിൽനിന്ന് ഇതുപോലൊരു സാക്ഷ്യംപ്രാപിച്ച മറ്റൊരുത്തനില്ല. തിരുവെഴുത്തുകളുടെ സാക്ഷ്യം നോക്കുക: “ഒരുത്തൻ തന്റെ സ്നേഹിതനോടു സംസാരിക്കുന്നതു പോലെ യഹോവ മോശെയോടു അഭിമുഖമായി സംസാരിച്ചു..” (പുറ, 33:11). ദൈവത്തെ അടുത്തറിഞ്ഞതിനാൽ, അവൻ സകല മനുഷ്യരിലും അതിസൗമ്യനായിത്തീർന്നു: “മോശെ എന്ന പുരുഷനോ ഭൂതലത്തിൽ ഉള്ള സകലമനുഷ്യരിലും അതിസൌമ്യനായിരുന്നു.” (സംഖ്യാ, 12:3). പഞ്ചഗ്രന്ഥങ്ങളുടെ അവസാനവാക്യം ഇപ്രകാരമാണ്: “യഹോവ അഭിമുഖമായി അറിഞ്ഞ മോശെയെപ്പോലെ ഒരു പ്രവാചകൻ യിസ്രായേലിൽ പിന്നെ ഉണ്ടായിട്ടില്ല.” (ആവ, 34:12). ദൈവപുത്രനായ യേശുക്രിസ്തു മോശെയെ അംഗീകരിച്ചത് വെറുതെയല്ല. അതായത്, യേശുക്രിസ്തു ഏകദൈവമോ, ദൈവത്തോട് സമനായ ദൈവമോ അല്ല; തന്നെപ്പോലെ ഒരു പ്രവാചകനാണെന്നും യഹോവ മാത്രമാണ് സ്വർഗ്ഗത്തിലെയും ഭൂമിയിലെയും ഏകദൈവം എന്നാണ് മോശെ പഠിപ്പിച്ചതും പ്രവചിച്ചതും. മോശെയെ ക്രിസ്തു അംഗീകരിച്ചതിൽനിന്ന് അവൻ്റെ വാക്കുകൾ സത്യമാണെന്ന് നമ്മുടെ നമ്മുടെ കർത്താവായ ക്രിസ്തുതന്നെ സാക്ഷ്യപ്പെടുത്തുകയായിരുന്നു. [കാണുക: യഹോവയും ക്രിസ്തുവും, ക്രിസ്തുവും യോഹന്നാനും]

𝟱. സ്വർഗ്ഗത്തെക്കാൾ ഉന്നതനായിത്തീർന്നവൻ:
➟ എന്നാൽ നമ്മുടെ പാപങ്ങൾ തൻ്റെ ശരീരത്തിൽ ചുമന്നുകൊണ്ട് ക്രൂശിൽമരിച്ച പുരുഷനായ (Man) നസറായനായ യേശുവിനെ ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ച് തൻ്റെ വലങ്കയ്യാൽ ഉയർത്തിയപ്പോൾ (1പത്രൊ, 2:24; പ്രവൃ, 2:23-24; പ്രവൃ, 5:31), ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന മനുഷ്യനായ യേശുക്രിസ്തു മഹത്വവും ബഹുമാനവും അണിയുകയും (യോഹ, 8:40; എബ്രാ, 2:9; 1പത്രൊ, 1:21), ദൂതന്മാരെക്കാൾ ശ്രേഷ്ഠനാകുകയും (എബ്രാ, 1:4), സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള സകല അധികാരം ലഭിക്കുകയും (മത്താ, 28:18). സ്വർഗ്ഗത്തെക്കാൾ ഉന്നതനായിത്തീരുകയും ചെയ്തു. (എബ്രാ, 7:26). അതായത്, പുനരുത്ഥാനശേഷം ദൈവത്താൽ യേശുക്രിസ്തു സ്വർഗ്ഗത്തിലും ഭൂമിയിലൂമുള്ള എല്ലാവരെക്കാളും ശ്രേഷ്ഠനായിത്തീർന്നു. യേശുവെന്ന മനുഷ്യനെയും ദൈവമാക്കി ബഹുദൈവത്തിൽ വിശ്വസിച്ച് നാശത്തിലേക്ക് ചരിക്കാതെ, അവൻ പഠിപ്പിച്ച പിതാവായ ഏകസത്യദൈവത്തിലും (Father, the only true) മനുഷ്യനായ ക്രിസ്തുയേശുവിൻ്റെ പരമയാഗത്തിലും വിശ്വസിച്ച് രക്ഷപ്രാപിക്കുന്നതാണ് ഏതൊരു വിശ്വാസിക്കും യോഗ്യമായ ക്രിസ്തീയജീവിതം. [കാണുക: ഏകമനുഷ്യനായ യേശുക്രിസ്തു; പൗലൊസ് അറിയിച്ച സുവിശേഷം, ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക]

Leave a Reply

Your email address will not be published. Required fields are marked *