വിഗ്രഹാരാധന (idolatry)
സ്രഷ്ടാവിനു നല്കേണ്ട ബഹുമാനം സൃഷ്ടിക്കു നല്കുകയും, പ്രകൃതിവസ്തുക്കളിൽ ദൈവിക ശക്തി ആരോപിക്കുകയുമാണ് സാമാന്യാർത്ഥത്തിൽ വിഗ്രഹാരാധന. വിഗ്രഹാരാധനയുടെ രൂപഭേദങ്ങൾ പ്രായേണ താഴെപ്പറയുന്നവയാണ്: 1. കല്ല്, നദി, മരം മുതലായ അചേതന വസ്തുക്കളെ ആരാധിക്കുക. 2. മൃഗങ്ങളെ ആരാധിക്കുക. 3. സൂര്യൻ, ചന്ദ്രൻ, നക്ഷത്രം മുതലായ പ്രപഞ്ച ശക്തികളെയും വായു, തീ മുതലായ പ്രകൃതി ശക്തികളെയും ആരാധിക്കുക. 4. വീരന്മാരെയും മൃതന്മാരെയും ആരാധിക്കുക. 5. സത്യം, നീതി തുടങ്ങിയ അമൂർത്തധർമ്മങ്ങളെ പൂജിക്കുക. വിജാതീയരായ അയല്ക്കാരിൽ നിന്നും കാലാകാലങ്ങളിൽ യിസ്രായേല്യർ സ്വീകരിച്ചതാണ് അവരുടെ വിഗ്രഹാരാധനാരീതികൾ.
വിഗ്രഹാരാധന അന്ധവിശ്വാസജഡിലമാണ്. മലകളും ഉയർന്ന കുന്നുകളും ബലിപീഠങ്ങളായും വിഗ്രഹങ്ങൾക്കു ധൂപം കാട്ടുവാനുള്ള സ്ഥലങ്ങളായും തിരഞ്ഞെടുത്തിരുന്നു. (1രാജാ, 11:7; 14:23). തോട്ടങ്ങളും പച്ചവൃക്ഷത്തണലുകളും വിഗ്രഹാരാധകരെ വശീകരിച്ചു. (2രാജാ, 16:4; യെശ, 1:29; ഹോശേ, 4:13). ആകാശസൈന്യത്തെ ആരാധിക്കുന്നതു മാളികയുടെ മേല്പുരയിൽ നിന്നുകൊണ്ടാണ്. (2രാജാ, 23:12; യിരെ , 19:13; 32:29; സെഫ, 1:5). വ്യാജാരാധനയുടെ പുരോഹിതന്മാർ കെമാറീം അഥവാ പൂജാഗിരി പുരോഹിതന്മാർ എന്നറിയപ്പെട്ടു. പുജാഗിരികളിൽ ധൂപം കാട്ടുന്ന ലേവ്യരല്ലാത്ത പുരോഹിതന്മാർക്കും (2രാജാ, 23:5) കാളക്കുട്ടികളെ പൂജിക്കുന്ന പുരോഹിതന്മാർക്കും (ഹോശേ, 10:5) ഈ പേർ പറയാറുണ്ട്. പുരോഹിതന്മാരെ കൂടാതെ വിഗ്രഹപൂജയുമായി ബന്ധപ്പെട്ട മറ്റു വ്യക്തികളും ഉണ്ട്. സ്ത്രീകളും പുരുഷന്മാരും വിഗ്രഹ ശുശ്രൂഷയ്ക്കായി അർപ്പിക്കപ്പെട്ടിരുന്നു. ഫിനീഷ്യ, അർമേനിയ, ലുദിയ, ബാബിലോണിയ എന്നിവിടങ്ങളിൽ ഇങ്ങനെയുള്ള ക്ഷേത്രങ്ങളിൽ വിഗ്രഹപൂജയ്ക്കായി അർപ്പിക്കപ്പെട്ട ദേവദാസികൾ ഉണ്ടായിരുന്നു. പരസ്യവേശ്യകളിൽ നിന്നും ഇവർ വേർതിരിക്കപ്പെട്ടിരുന്നു : (ഹോശേ, 4:14). വിശുദ്ധ കർമ്മാനുഷ്ഠാനങ്ങളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ടവരായിരുന്നു അവർ. വിഗ്രഹദേവന്മാർക്ക് ഹോമയാഗം നടത്തുക (2രാജാ, 5:17), ധൂപം കാട്ടുക (1രാജാ, 11:8), അവരുടെ പ്രതിമകൾക്കു മുന്നിൽ ആരാധനാ മനോഭാവത്തോടെ പ്രണമിക്കുക (1രാജാ, 19:18) എന്നിവ അവരുടെ അനുഷ്ഠാനത്തിന്റെ മുഖ്യഭാഗങ്ങളായിരുന്നു.
വിഗ്രഹാരാധകരുടെ ഇടയിൽ നിന്നാണ് ദൈവം അബ്രാഹാമിനെ വിളിച്ച് (യോശു, 24:2) കനാനിലേക്കു കൊണ്ടുവന്നത്. അബ്രാഹാം ഏകസത്യദൈവത്തെ ആരാധിച്ചു. (ഉല്പ, 12:1). തുടർന്ന് വിഗ്രഹാരാധനയെക്കുറിച്ചുള്ള ഒറ്റപ്പെട്ട പ്രസ്താവനകൾ കാണാം. (ഉല്പ, 3:27; 31:53). റാഹേൽ മോഷ്ടിച്ച ഗൃഹവിഗ്രഹങ്ങൾ (ഉല്പ, 31:19) താണതരത്തിലുള്ള കുടുംബദേവന്മാരുടേത് ആയിരിക്കണം. പിതാക്കന്മാരുടെ ഇടയിലോ മിസ്രയീമിൽ വച്ച് യിസ്രായേല്യരുടെ ഇടയിലോ മോശെയുടെ കാലത്തോ വിഗ്രഹാരാധന ഉണ്ടായിരുന്നതായി കാണുന്നില്ല. പുറപ്പാട് 17:7; സംഖ്യാ 25:2; യോശുവ 24:14; യെഹെസ്ക്കേൽ 20:7; ആമോസ് 5:25,26 എന്നീ ഭാഗങ്ങളിലെ വിഗ്രഹാരാധനയെക്കുറിച്ചുള്ള വിവരണങ്ങൾ യഹോവാരാധനയ്ക്ക് സംഭവിച്ച ഭ്രംശത്തെയാണ് വെളിപ്പെടുത്തുന്നത്. സ്വർണ്ണക്കാളക്കുട്ടി (പുറ, 32) മിസ്രയീമ്യ മാതൃകയിൽ യഹോവയെ പ്രതീകവൽക്കരിക്കുകയായിരുന്നു. ആമോസിന്റെ (5:26) ഭർത്സനത്തിൽ വിഗ്രഹങ്ങളെപ്പറ്റി പറയുന്നു. ബാൽ-പെയോരിന്റെ പൂജ താത്ക്കാലിക വിശ്വാസത്യാഗം മാത്രം ആയിരുന്നു.
യിസ്രായേൽ ജനങ്ങൾക്ക് ആദ്യം വിശ്വാസത്യാഗം സംഭവിച്ചത് കനാന്യർ മൂലമാണ്. യിസ്രായേൽ മക്കൾ കനാന്യരെ ഉന്മൂലനം ചെയ്യാത്തതായിരുന്നു കാരണം. ന്യായാധിപന്മാരുടെ കാലത്താണ് വിശ്വാസത്യാഗം ഉടലെടുത്തത്. കനാന്യദേവന്മാരെ യിസ്രായേല്യർ സേവിച്ചു. അശ്ശൂർ പലസ്തീനെ ആക്രമിച്ചതിനു ശേഷം അശ്ശൂര്യ പ്രതിമകളെയും യിസ്രായേൽ പൂജിച്ചു. യോശുവയുടെയും മൂപ്പന്മാരുടെയും കാലത്തിനു ശേഷം യിസ്രായേല്യർ യഹോവയെ ത്യജിക്കുകയും ബാലിനെയും അസ്തോരത്തിനെയും സവിക്കുകയും (ന്യായാ, 2:13) ചെയ്തു. വിഗ്രഹാരാധന ഒരു ദേശീയപാപം ആയി. ന്യായാധിപനും ലേവ്യനും ആയ ഗിദെയോൻ പോലും (ന്യായാ, 17:7) വിഗ്രഹാരാധനയ്ക്ക് അവസരം നല്കി. പില്ക്കാലത്തു രഹസ്യമായി വിഗ്രഹാരാധന നടത്തിവന്നു. ധാന്യക്കളത്തിലും, ചക്കിലും, കതകിനും കട്ടിളയ്ക്കും പുറകിലും വിഗ്രഹങ്ങൾ പ്രതിഷ്ഠിച്ചു. (യെശ, 57:8; ഹോശേ, 9:1,2). ഈ പ്രവണതയെ നിയന്ത്രിക്കുവാനാണ് ആവർത്തനം 25:17-ലെ കല്പന നല്കിയത്. ശില്പിയുടെ കൈപ്പണിയായി യഹോവയ്ക്ക് അറപ്പായ വല്ല വിഗ്രഹത്തെയും കൊത്തിയോ വാർത്തോ ഉണ്ടാക്കി രഹസ്യത്തിൽ പ്രതിഷ്ഠിക്കുന്നവൻ ശപിക്കപ്പെട്ടവൻ, ജനമെല്ലാം ആമേൻ എന്നു ഉത്തരം പറയേണം. ശമൂവേലിന്റെ ഭരണത്തിൻ കീഴിൽ വിഗ്രഹാരാധന പരസ്യമായി ഉപയോഗിച്ചതിന്റെ അടയാളമായി ഉപവാസം നടത്തി. (1ശമൂ, 1:3-6). എന്നാൽ ശലോമോന്റെ കാലത്തു ഇതെല്ലാം മറന്നു. ഓരോ വിദേശീയ ഭാര്യയും അവളുടെ രാജ്യത്തിന്റെ വിഗ്രഹങ്ങളെ കൊണ്ടുവന്നു. അങ്ങനെ അമ്മാനിലെയും മോവാബിലെയും സീദോനിലെയും ദേവന്മാർ യെരുശലേമിൽ കുടിയുറച്ചു.
യിസ്രായേൽ യെഹൂദാ എന്നിങ്ങനെ രാജ്യം രണ്ടായി വിഭജിക്കപ്പെട്ട ശേഷം യിസ്രായേൽ വിഗ്രഹാരാധനയുടെ രംഗമായി മാറി. യൊരോബെയാം ബേഥേലിലും ദാനിനിലും സ്വർണ്ണക്കാളക്കുട്ടികളെ വാർത്തുണ്ടാക്കി. (1രാജാ, 12:26-33). യൊരോബെയാമിന്റെ പിൻഗാമികളും അദ്ദേഹത്തിന്റെ കാലടികളെ പിൻതുടർന്നു . സീദോന്യ രാജകുമാരിയെ വിവാഹം ചെയ്ത ആഹാബ് (1രാജാ, 21:25) അവളുടെ പ്രേരണമൂലം ബാലിനു ഒരു ക്ഷേത്രവും ബലിപീഠവും നിർമ്മിക്കുകയും അമോര്യരുടെ മേച്ഛതകളെ നടപ്പിലാക്കുകയും ചെയ്തു. (1രാജാ, 21:26). അതോടുകൂടി യിസ്രായേലിൽ ബാലിന്റെ ആരാധന വ്യാപിച്ചു. കാലക്രമേണ അതിനെ യിസ്രായേൽ രാജാക്കന്മാരുടെ ചട്ടം അനുസരിച്ചുള്ള നടപ്പ് അഥവാ യിസ്രായേൽ രാജാക്കന്മാരുടെ വഴിയിലുള്ള നടപ്പ് എന്നു വ്യവഹരിച്ചു. (2രാജാ, 16:3; 17:8). ശല്മനേസർ പത്തു ഗോത്രങ്ങളെയും കീഴടക്കിയതിന്റെ ഫലമായി അവിടെ ഇരുനൂറ്റമ്പതു വർഷത്തിലധികമായി നിലനിന്ന ശ്ലേച്ഛതകൾ അവസാനിക്കുവാൻ തുടങ്ങി. യിസ്രായേലിലെ രാജാക്കന്മാരിൽ നിന്നും ഒരു നവീകരണശ്രമം ഉണ്ടായില്ല. നവീകരണത്തിന്റെ രൂപത്തിൽ എന്തെങ്കിലും സംഭവിച്ചുവെങ്കിൽ അതു ജനങ്ങളുടെ പ്രവർത്തന ഫലമായിട്ടായിരുന്നു. (2ദിന, 31:1).
യെഹൂദയിൽ രെഹബൈയാം ശലോമോന്റെ വിഗ്രഹാരാധനയുടെ എല്ലാ മ്ലേച്ഛതകളും പിൻതുടർന്നു. (1രാജാ, 14:22 -24). ഇദ്ദേഹത്തിന്റെ ഭരണകാലത്തു ദേശീയമതത്തിൽ പിളർപ്പുണ്ടായി. യെഹിസ്കീയാവ് ആലയത്തെ പുനരുദ്ധരിക്കുകയും വിശുദ്ധീകരിക്കുകയും ചെയ്തു. (2ദിന, 28:24; 29:3). അദ്ദേഹത്തിന്റെ പിതാവ് ആലയം അടച്ചുകളഞ്ഞു. യെഹൂദയിലും ബെന്യാമീനിലും മാത്രമല്ല എഫ്രയീമിലും മനശ്ശെയിലും വിഗ്രഹഭഞ്ജനം വ്യാപിച്ചു. എന്നാൽ ഈ നവീകരണം ഉപരിതലത്തെ മാത്രമേ സ്പർശിച്ചുള്ളൂ. (യെശ, 29:13). യോശീയാവിന്റെ മരണത്തിനു ശേഷം ജനങ്ങളുടെയിടയിൽ ഒരു ശുദ്ധമായ അനുഷ്ഠാനമെങ്കിലും കൊണ്ടുവരാനുള്ള ശ്രമം നടന്നതായി കാണുന്നില്ല. ബാബിലോന്യപ്രവാസം വരെ യെഹൂദയിൽ വിഗ്രഹാരാധന വർദ്ധമാനമായി നിലനിന്നു. പ്രവാസകാലത്ത് വിഗ്രഹാരാധന പാടേ നശിച്ചു. അക്കാലത്ത് പലർക്കും വിജാതീയ ഭാര്യമാർ ഉണ്ടായിരുന്നു എന്നതാണ് എടുത്തുപറയാവുന്ന ദോഷം. അതിനെ ശരിയാക്കുവാൻ എസ്രാ നല്ലവണ്ണം പരിശ്രമിച്ചു. (എസ്രാ, 9:1).
യഹോവയെ മാത്രമേ ദൈവമായി സ്വീകരിക്കുകയുള്ളൂ എന്നും അവനെ വിശ്വസ്തതയോടെ സേവിക്കുമെന്നും യിസ്രായേൽ മക്കൾ യഹോവയുമായി ഉടമ്പടി ചെയ്തു. (പുറ, 19:3-8; 20:2). അതിനാൽ വിഗ്രഹാരാധന കുറ്റകരവും (1ശമൂ, 15:23) ഉടമ്പടിയുടെ ലംഘനവുമാണ്. (ആവ, 17:2,3). യഹോവയ്ക്ക് അത് അനിഷ്ടമാണ്. (1രാജാ, 21:25). അകൃത്യഹേതു (യെഹ, 14:3), വ്യാജമൂർത്തികൾ (ആമോ, 2:4; റോമ, 1:25), മ്ലേച്ഛതകൾ (ആവ, 29:17; 32:16; 1രാജാ, 11:5; 2രാജാ, 23:13), അകൃത്യം (ആമോ, 8:14; 2ദിന, 29:8), ലജ്ജാവിഗ്രഹം (യിരെ, 11:13), ലജ്ജാബിംബം (ഹോശേ, 9:10), അന്യദൈവങ്ങൾ (ആവ, 32:16), നുതനദേവന്മാർ (ന്യായാ, 5:8), ദുർഭൂതങ്ങൾ (ആവ, 32:17) എന്നിങ്ങനെയാണ് അന്യദൈവങ്ങളെയും വിഗ്രഹങ്ങളെയും വിളിക്കുന്നത്. വിഗ്രഹാരാധനയുമായി ബന്ധപ്പെട്ട പല ആചാരങ്ങളെയും ന്യായപ്രമാണം നിരോധിച്ചിട്ടുണ്ട്. വയലിൽ കൂട്ടുവിത്തു വിതയ്ക്കുവാൻ പാടില്ല, രണ്ടുവക സാധനം കലർന്ന വസ്ത്രം ധരിക്കരുത് എന്നീ നിരോധനങ്ങൾക്കു കാരണം (ലേവ്യ, 19:19) ചില വിഗ്രഹാരാധികൾ ഈ കലർപ്പിൽ മാന്ത്രികശക്തി ദർശിക്കുന്നുവെന്ന് റബ്ബിമാർ പറയുന്നു. സ്ത്രീപുരുഷന്മാർ വസ്ത്രം പരസ്പരം മാറി ധരിക്കുവാൻ പാടില്ല (ആവ, 22:5), മരിച്ചവനു വേണ്ടി ശരീരത്തിൽ മുറിവുണ്ടാക്കുവാൻ പാടില്ല (ലേവ്യ, 19:28; ആവ, 14:1; 1രാജാ, 18:28); മുൻകഷണ്ടി ഉണ്ടാക്കുവാൻ പാടില്ല (ആവ, 14:1) എന്നീ കല്പനകൾക്കും അടിസ്ഥാനം പ്രസ്തുത കർമ്മങ്ങൾ വിഗ്രഹാരാധനയുമായി ബന്ധപ്പെട്ടതു തന്നെയാണ്. എല്ലാ വിധത്തിലുമുള്ള വിഗ്രഹാരാധനയെ നിരോധിക്കുന്നതാണ് ആദ്യത്തെ രണ്ടു കല്പനകൾ. കുറ്റക്കാരനെ നശിപ്പിക്കേണ്ടതാണ്. (പുറ, 22:20). അവന്റെ അടുത്ത ബന്ധുവും അവനെ രക്ഷിക്കുവാൻ പാടില്ല. (ആവ, 13:2-10). രണ്ടോ മുന്നോ സാക്ഷികളുടെ തെളിവിന്മേൽ അവനെ കല്ലെറിയാം (ആവ, 17:2-5); മറ്റുള്ളവരെ വിഗ്രഹാരാധനയ്ക്ക് പ്രേരിപ്പിക്കുന്നതും കുറ്റമാണ്. (ആവ, 13:6-10).
വിഗ്രഹാരാധനയെക്കുറിച്ചുള്ള പരാമർശങ്ങൾ പുതിയനിയമത്തിൽ വിരളമാണ്. മക്കാബ്യയുദ്ധങ്ങളോടു കൂടി യെഹൂദന്മാർ വിഗ്രഹാരാധയിൽ നിന്നും പിന്തിരിഞ്ഞു. യഹോവയെ അല്ലാതെ വിഗ്രഹങ്ങളെയോ അന്യദേവന്മാരെയോ ആരാധിക്കുവാൻ അവർ വശീകരിക്കപ്പെട്ടില്ല. ക്രിസ്തു വിഗ്രഹാരാധനയ്ക്ക് പുതിയമാനം നല്കി. സമ്പത്തിനു ജീവിതത്തിൽ പ്രധാനസ്ഥാനം കൊടുക്കുന്നത് വിഗ്രഹാരാധനയാണെന്ന് (മത്താ, 6:24) യേശു പഠിപ്പിച്ചു. മനഃപൂർവ്വമായ വിശ്വാസത്യാഗമാണ് വിഗ്രഹാരാധനയെന്ന് പൗലൊസ് വ്യക്തമാക്കി. (റോമ, 1:18-25). അപ്പൊസ്തലിക കാലത്ത് ജാതികളിൽ നിന്ന് ക്രിസ്ത്യാനികളായവരോട് വിഗ്രഹങ്ങളെ വിട്ടൊഴിയുവാൻ അപ്പൊസ്തലന്മാർ പ്രത്യേകം ഉപദേശിച്ചു. (1കൊരി, 5:10; ഗലാ, 5:20). ഹൃദയത്തിൽ ദൈവത്തിനുള്ള സ്ഥാനം കൈയടക്കുന്ന എന്തും വിഗ്രഹാരാധനയാണ്. (എഫെ, 5:5; കൊലൊ, 3:5). വിഗ്രഹാർപ്പിതങ്ങളെ സംബന്ധിച്ച പ്രശ്നം ആദിമസഭയിലുണ്ടായി. (പ്രവൃ, 15:29; 1കൊരി, 8-10). ഇറച്ചിക്കടകളിൽ വിറ്റിരുന്ന ഇറച്ചി പലപ്പോഴും ജാതീയ ക്ഷേത്രങ്ങളിൽ നിന്ന് വാങ്ങിയവയായിരുന്നു. വിഗ്രഹങ്ങൾക്ക് അർപ്പിച്ച മാംസം ഭക്ഷിക്കുന്നതു് ശരിയാണോ? അനുകൂലവും പ്രതികൂലവുമായ അഭിപ്രായങ്ങൾ ക്രിസ്ത്യാനികൾക്കുണ്ടായിരുന്നു. പൗലൊസ് ശ്രദ്ധാപൂർവ്വമായ മറുപടിയാണ് അതിനു നല്കിയത്. ദുർബ്ബലനായ സഹോദരനു ഇടർച്ചയാകരുത്. എല്ലാം സ്നേഹത്തിൽ ചെയ്യേണ്ടതാണ്. അതിഭക്ഷണം വിഗ്രഹാരാധനയുടെ വകഭേദമാണ്. (ഫിലി, 3:19; റോമ, 16:18; 2തിമൊ, 3:4). ‘അവരുടെ ദൈവം വയറു’ അപ്പൊസ്തലൻ അസന്ദിഗ്ദ്ധമായി പ്രസ്താവിച്ചു.