ബൈബിൾ സംഖ്യകൾ

ബൈബിൾ സംഖ്യകൾ (Bible Numbers)

ഒന്നുമുതൽ പത്തുവരെയുള്ള എബ്രായ ഗ്രീക്കു സംഖ്യകൾ

”എല്ലാതിരുവെഴുത്തും ദൈവശ്വാസീയമാകയാൽ ദൈവത്തിന്റെ മനുഷ്യൻ സകല സൽപ്രവൃത്തിക്കും വകപ്രാപിച്ചു തികഞ്ഞവൻ ആകേണ്ടതിന്നു ഉപദേശത്തിനും ശാസനത്തിനും ഗുണീകരണത്തിനും നീതിയിലെ അഭ്യാസത്തിനും പ്രയോജനമുളളതും ആകുന്നു” (2തിമൊ, 3:16,17) എന്നിങ്ങനെ തിരുവെഴുത്തുകളുടെ ഉത്പത്തിയെക്കുറിച്ചും, പ്രയോജനങ്ങളെക്കുറിച്ചും അപ്പൊസ്തലനായ പൗലൊസ് എഴുതുന്നു. എല്ലാ തിരുവെഴുത്തും ദൈവശ്വാസീയമാണ്; വിവിധനിലയിലുളള ഗ്രന്ഥകാരന്മാർ പരിശുദ്ധാത്മനിയോഗം പ്രാപിച്ചിട്ട് രേഖപ്പെടുത്തിയവയുമാണ്. ദൈവശ്വാസീയമായ വേദപുസ്തകത്തിലെ സംഖ്യകൾ അത്ഭുതകരമായ സംവിധാനത്തെ സവിസ്തരം വെളിപ്പെടുത്തുന്നു. തിരുവെഴുത്തിലെ സംഖ്യകൾ, കൂലങ്കഷമായി തിരുവചനം പഠിക്കുന്നവർക്കു അത്ഭുതാദരങ്ങളെ ഉളവാക്കിക്കൊണ്ട് ആഴമേറിയ ആത്മീയ സത്യങ്ങളെ അനാവരണം ചെയ്തു കൊടുക്കുന്നവയാണ്. ബാഹ്യതലത്തിൽ ദുർഗ്രഹമായി തോന്നാമെങ്കിലും ശ്രദ്ധാപൂർവ്വം അപഗ്രഥിച്ചു പഠിക്കുമ്പോൾ നമ്മുടെ ഔത്സുക്യത്തെ ക്രമമായി വളർത്തിക്കൊണ്ട്, തിരുവെഴുത്തുകളുടെ ആഴങ്ങളിലേക്കു അവ നമ്മെ നയിക്കും. വാക്കുകളിൽ, വാക്യങ്ങളിൽ, പ്രയോഗങ്ങളിൽ, സംഭവപരമ്പരകളിൽ, അവയുടെ എണ്ണങ്ങളിൽ, എഴുത്തുകളിൽ എല്ലാം വെളിപ്പെടുത്തുന്ന ആത്മീയസത്യങ്ങൾക്ക് അനുസരണമായി, അവയെ മാർമ്മികമായി വെളിപ്പെടുത്തുന്ന സംഖ്യകളുടെ ആവർത്തനം വിസ്മയമത്രേ.

സംഖ്യാക്രമം ബൈബിളിൽ 

അനന്തമായ പ്രപഞ്ചത്തെ സൃഷ്ടിച്ചു പരിപാലിക്കുകയും രക്ഷിക്കുകയും ചെയ്യുന്ന ദൈവത്തിന്റെ ജ്ഞാനം അറിവു എന്നിവയുടെ ആഴം അപ്രമേയവും അവന്റെ വഴികൾ അഗോചരവുമത്ര. (റോമ, 1:33). സ്യഷ്ടിയിൽ വെളിപ്പെട്ട ദൈവത്തിന്റെ കരവിരുതും കൃത്യതയും ദൈവികവെളിപ്പാടായ തിരുവെഴുത്തുകളിലും പ്രതിബിംബിക്കുന്നു. ആകാശസൈന്യത്തെ (നക്ഷത്രങ്ങളെ) ദൈവം പേർ ചൊല്ലി വിളിക്കയും സംഖ്യാക്രമത്തിൽ പുറപ്പെടുവിക്കയും ചെയ്യുന്നു. ”നിങ്ങൾ കണ്ണു മേലോട്ടു ഉയർത്തി നോക്കുവിൻ; ഇവയെ സൃഷ്ടിച്ചതാർ? അവൻ അവയുടെ സൈന്യത്തെ സംഖ്യാക്രമത്തിൽ പുറപ്പെടുവിക്കയും അവയെ എല്ലാം പേർ ചൊല്ലി വിളിക്കയും ചെയ്യുന്നു. അവന്റെ വീര്യമാഹാത്മ്യം നിമിത്തവും അവന്റെ ശക്തിയുടെ ആധിക്യം നിമിത്തവും അവയിൽ ഒന്നും കുറഞ്ഞു കാണുകയില്ല.” (യെശ, 40:26). സങ്കീർത്തനക്കാരൻ പാടുകയാണ്: ”അവൻ നക്ഷത്രങ്ങളുടെ എണ്ണം നോക്കുന്നു; അവെക്കു ഒക്കെയും പേർ വിളിക്കുന്നു. നമ്മുടെ കർത്താവു വലിയവനും ശക്തിയേറിയവനും ആകുന്നു. അവന്റെ വിവേകത്തിന്നു അന്തമില്ല.” (സങ്കീ, 147:4,5). നിങ്ങളുടെ തലയിലെ രോമവും എല്ലാം എണ്ണപ്പെട്ടിരിക്കുന്നു എന്നു യേശു ശിഷ്യന്മാരോടു പറഞ്ഞു. (മത്താ, 10:30). സഷ്ടാവായ ദൈവം ഉദാസീനനല്ല. സൃഷ്ടി അവന്റെ കയ്യിൽ ഭദ്രമാണ്. അവയുടെ സംഖ്യയും ക്രമവും അവൻ അറിയുന്നു. സൃഷ്ടിയിലെ ഈ സംഖ്യാപരമായ ക്രമവും സംവിധാന സൗഭാഗ്യവും ദൈവിക അരുളപ്പാടായ ബൈബിളിൽ ദൃശ്യമാണ്. ബുദ്ധിയുളളവൻ മൃഗത്തിന്റെ സംഖ്യ ഗണിക്കട്ടെ എന്ന ആഹ്വാനത്തോടുകൂടി മൃഗത്തിന്റെ സംഖ്യ വെളിപ്പെടുത്തിയതു കർത്താവു തന്നെയാണ്. (വെളി, 13:18). ബൈബിളിലെ പുസ്തകങ്ങളിൽ ഒന്നിന്റെ പേർ സംഖ്യാപുസ്തകം എന്നാണ്. യിസ്രായേൽ മക്കളുടെ ജനസംഖ്യ ഉൾക്കൊള്ളുന്നതുകൊണ്ടു മാത്രമല്ല, അതിൽ ഉപയോഗിച്ചിട്ടുളള സംഖ്യകളുടെ പ്രത്യേക സൂചനകൾ കൊണ്ടുമാണ് പ്രസ്തുത നാമധേയം. ഭൗതികപ്രപഞ്ചത്തിലെ ദൈവിക ക്രമത്തെയാണു നാം പ്രകൃതി നിയമങ്ങൾ എന്നു വിളിക്കുന്നത്.

സംഖ്യയുമായി ബന്ധപ്പെട്ട പ്രയോഗങ്ങൾ 

എണ്ണം എന്ന നാമപദത്തിനു തുക, വില, മതിപ്പ്, നിനവ്, ആശയം, വിചാരം, വിശ്വാസം എന്നീ അർത്ഥങ്ങളുണ്ട്. എണ്ണുക എന്ന ക്രിയാപദത്തിന് വിചാരിക്കുക, ആലോചിക്കുക, കരുതുക, വിശ്വസിക്കുക, മതിക്കുക എന്നിവയാണ് അർത്ഥങ്ങൾ. എണ്ണം കണക്കാക്കുക എന്നപോലെ തന്നെ പ്രസിദ്ധമായ അർത്ഥമാണ് ചിന്തിക്കുക അഥവാ കരുതുക. ഈ അർത്ഥത്തിൽ പ്രസ്തുത പദം പ്രയോഗിച്ചിട്ടുളള ചില ബൈബിൾ ഭാഗങ്ങൾ താഴെ കൊടുക്കുന്നു: 

അവനെ കൊല്ലുവാൻ മനസ്സുണ്ടായിട്ടു പുരുഷാരം യോഹന്നാനെ പ്രവാചകൻ എന്നു എണ്ണുകയാൽ അവരെ ഭയപ്പെട്ടു. (മത്താ, 14:5).

യേശുവിനെ പിടിപ്പാൻ അന്വേഷിച്ചു; എന്നാൽ പുരുഷാരം അവനെ പ്രവാചകൻ എന്നു എണ്ണുകകൊണ്ടു അവരെ ഭയപ്പെട്ടു. (മത്താ, 21:46).

തിരുനാമത്തിനുവേണ്ടി അപമാനം സഹിപ്പാൻ യോഗ്യരായി എണ്ണപ്പെടുകയാൽ അവർ സന്തോഷിച്ചു. (പ്രവൃ,  5:41). 

അവ്വണ്ണം നിങ്ങളും പാപസംബന്ധമായി മരിച്ചവർ എന്നും ക്രിസ്തുയേശുവിൽ ദൈവത്തിനു ജീവിക്കുന്നവർ എന്നും നിങ്ങളെത്തന്നെ എണ്ണുവിൻ. (റോമ, 6:11). 

എങ്കിലും എനിക്കു ലാഭമായിരുന്നതു ഒക്കെയും ഞാൻ ക്രിസ്തു നിമിത്തം ചേതം എന്നു എണ്ണിയിരിക്കുന്നു. …… ഇപ്പോഴും എല്ലാം ചേതം എന്നു എണ്ണുന്നു. ഞാൻ അവന്റെ നിമിത്തം എല്ലാം ഉപേക്ഷിച്ചു ചവറു എന്നു എത്തുന്നു. (ഫിലി, 3:7,8, 11).

നന്നായി ഭരിക്കുന്ന മൂപ്പന്മാരെ, പ്രത്യേകം വചനത്തിലും ഉപദേശത്തിലും അദ്ധ്വാനിക്കുന്നവരെ തന്നേ, ഇരട്ടി മാനത്തിന്നു യോഗ്യരായി എണ്ണുക. (1തിമൊ, 5:17).

മിസ്രയീമിലെ നിക്ഷേപങ്ങളെക്കാൾ ക്രിസ്തുവിന്റെ നിന്ദ വലിയ ധനം എന്നു എണ്ണുകയും ചെയ്തു. (എബ്രാ, 11:26).

1. ഒന്ന് (One)

🟥 എബ്രായയിൽ ഒന്നു (one) എന്ന അർത്ഥത്തിൽ ഉപയോഗിക്കുന്ന പദം എഖാദ് (אֶחָד – echad) ആണ്. കെ.ജെ.വി. സ്ട്രോങ്ങിൽ 952 പ്രാവശ്യം ഉപയോഗിച്ചിരിക്കുന്നു. ഒന്നാം (ഉല്പ, 1:5), ഒരു (ഉല്പ, 1:9), ഒന്നു (2:21), ഏക (2:24), ‘ഒരു’ത്തൻ (3:22), ‘ഒരു’ത്തി (4:19), ഒരേ (11:1), ‘ഏക’ൻ (ആവ, 6:4) എന്നിങ്ങനെയാണ് സത്യവേദപുസ്തകത്തിൻ്റെ തർജ്ജമ. 

”യിസ്രായേലേ, കേൾക്ക; യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകൻ (എഖാദ്) തന്നേ.” (ആവ, 6:4). 

🟥 എബ്രായയിൽ ഒറ്റ (only) എന്ന അർത്ഥത്തിൽ ഉപയോഗിക്കുന്ന പദം യാഖീദ് (יָחִיד – yachiyd) ആണ്. കേവലമായ ഒന്നിനെ കുറിക്കുകയാണ് യാഖീദ്. പഴയനിയമത്തിൽ പന്ത്രണ്ടു പ്രാവശ്യം ഈ പദമുണ്ട്. ‘ഏക’ജാതൻ (ഉല്പ, 22:2; 22:12; 22:16; യിരെ, 6:26; ആമോ, 8:10; സെഖ, 12:10), ‘ഏക’പുത്രി (ന്യായാ, 11:34), ‘ഏകാ’കി (സങ്കീ, 25:16; 68:6), ‘ഏക’പുത്രൻ (സദൃ, 4:3) എന്നിവിടങ്ങളിൽ ഏക എന്ന അർത്ഥത്തിലും, രണ്ടു സ്ഥാനങ്ങളിൽ എൻ്റെ ജീവൻ (My darling; സങ്കീ, 22:20; 35:17) എന്നും സത്യവേദപുസ്തകത്തിൽ പരിഭാഷ ചെയ്തിരിക്കുന്നു. 

”അപ്പോൾ അവൻ: നിന്റെ മകനെ, നീ സ്നേഹിക്കുന്ന നിന്റെ ഏക (യാഖീദ്) ജാതനായ യിസ്ഹാക്കിനെ തന്നേ കൂട്ടിക്കൊണ്ടു മോരിയാദേശത്തു ചെന്നു, അവിടെ ഞാൻ നിന്നോടു കല്പിക്കുന്ന ഒരു മലയിൽ അവനെ ഹോമയാഗം കഴിക്ക എന്നു അരുളിച്ചെയ്തു.” (ഉല്പ, 22:2). 

🟥 എബ്രായയിൽ ഒറ്റ (alone, only) എന്ന അർത്ഥത്തിൽ ഉപയിഗിച്ചിരിക്കുന്ന മറ്റൊരു പദം ബാദദ് (לְבַדֶּֽךָ – badad) ആണ്. കേവലമായ ഒന്നിനെ കുറിക്കുന്ന ഈ പദം ആറു പ്രാവശ്യം യഹോവയായ ദൈവത്തിനു ഉപയോഗിച്ചിരിക്കുന്നു:

”യഹോവ തനിയേ (alone) അവനെ നടത്തി; അവനോടുകൂടെ അന്യദൈവം ഉണ്ടായിരുന്നില്ല.” (ആവ, 32:12).

”കെരൂബുകൾക്കുമീതെ അധിവസിക്കുന്ന യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം (alone) ഭൂമിയിലെ സകലരാജ്യങ്ങൾക്കും ദൈവം ആകുന്നു; നീ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി.” (2രാജാ, 19:15).

”ഇപ്പോഴോ ഞങ്ങളുടെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം (only) യഹോവയായ ദൈവം എന്നു ഭൂമിയിലെ സകലരാജ്യങ്ങളും അറിയേണ്ടതിന്നു ഞങ്ങളെ അവന്റെ കയ്യിൽനിന്നു രക്ഷിക്കേണമേ.” (2രാജാ, 19:19).

”അങ്ങനെ അവർ യഹോവ എന്നു നാമമുള്ള നീ മാത്രം (alone) സർവ്വഭൂമിക്കുംമീതെ അത്യുന്നതൻ എന്നു അറിയും.” (സങ്കീ, 83:18).

”യിസ്രായേലിന്റെ ദൈവമായി കെരൂബുകളുടെ മീതെ അധിവസിക്കുന്നവനായ സൈന്യങ്ങളുടെ യഹോവേ, നീ ഒരുത്തൻ മാത്രം (alone) ഭൂമിയിലെ സർവ്വരാജ്യങ്ങൾക്കും ദൈവമാകുന്നു; നീ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി.” (യെശ, 37:16). 

”ഇപ്പോഴോ ഞങ്ങളുടെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം (only) യഹോവ എന്നു ഭൂമിയിലെ സകലരാജ്യങ്ങളും അറിയേണ്ടതിന്നു ഞങ്ങളെ അവന്റെ കയ്യിൽനിന്നു രക്ഷിക്കേണമേ.” (യെശ, 37:20).

🟩 ഗ്രീക്കിൽ ഒന്നു (One) എന്ന അർത്ഥത്തിൽ ഉപയോഗിക്കുന്ന പദം ഹെയ്സ് (εἷς – heis) ആണ്. ഈ പദം 272 പ്രാവശ്യം പുതിയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്നു. ഒരു (മത്താ, 5:18), ഒന്നു (5:29), ‘ഒരു’ത്തൻ (6:24), ‘ഒരു’വൻ (26:21), ഏക (മർക്കൊ, 12:29), ‘ഏക’ൻ (മർക്കൊ, 12:32) എന്നിങ്ങനെ സത്യവേദ പുസ്തകത്തിൽ പരിഭാഷ ചെയ്തിരിക്കുന്നു. 

എല്ലാറ്റിലും മുഖ്യകല്പനയോ: “യിസ്രായേലേ, കേൾക്ക; നമ്മുടെ ദൈവമായ കർത്താവു ഏക കർത്താവു. (മർക്കൊ, 12:29).

🟩 ഗ്രീക്കിൽ ഒന്നു (One) അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന മിയ (μία – mia) എന്ന സ്ത്രീലിംഗ പദവുമുണ്ട്. 79 പ്രാവശ്യം പുതിയനിയമത്തിൽ ഇതുണ്ട്. ഒരു (മത്താ, 5:18), ഒന്നു (5:19), ‘ഒരു’ത്തി (24:41), ഒന്നാം (28:1) എന്നിങ്ങനെ സത്യവേദപുസ്തകത്തിൽ തർജ്ജമ ചെയ്തിരിക്കുന്നു. 

”രണ്ടുപേർ ഒരു തിരിക്കല്ലിൽ പൊടിച്ചുകൊണ്ടിരിക്കും; ഒരുത്തിയെ കൈക്കൊള്ളും, മറ്റവളെ ഉപേക്ഷിക്കും.” (മത്താ, 24:41).

”നിങ്ങളെ വിളിച്ചപ്പോൾ ഏക(മിയ)പ്രത്യാശെക്കായി നിങ്ങളെ വിളിച്ചതുപോലെ ശരീരം ഒന്നു (ഹെയ്സ്), ആത്മാവു ഒന്നു (ഹെയ്സ്), കർത്താവു ഒരുവൻ (ഹെയ്സ്), വിശ്വാസം ഒന്നു (ഹെയ്സ്), സ്നാനം ഒന്നു (മിയ), എല്ലാവർക്കും മീതെയുള്ളവനും എല്ലാവരിലും കൂടി വ്യാപരിക്കുന്നവനും എല്ലാവരിലും ഇരിക്കുന്നവനുമായി എല്ലാവർക്കും ദൈവവും പിതാവുമായവൻ ഒരുവൻ (ഹെയ്സ്).” (എഫെ, 4:4-6).

🟩 ക്രമസൂചക സംഖ്യയായി പുതിയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്നത് പ്രൊടൊസ് (first) ആണ്. പ്രൊടൊസ് (πρῶτος – protos) 104 പ്രാവശ്യമുണ്ട്. ‘ഒന്നാ’മൻ (മത്താ, 10:2), മുമ്പിലത്തേത് (12:45), മുമ്പൻ (19:35), ഒന്നാം (26:17) എന്നിങ്ങനെ പരിഭാഷ ചെയ്തിരിക്കുന്നു. 

”പുളിപ്പില്ലാത്ത അപ്പത്തിന്റെ ഒന്നാം നാളിൽ ശിഷ്യന്മാർ യേശുവിന്റെ അടുക്കൽ വന്നു: നീ പെസഹ കഴിപ്പാൻ ഞങ്ങൾ ഒരുക്കേണ്ടതു എവിടെ എന്നു ചോദിച്ചു.” (മത്താ, 26:17).

🟩 പഴയനിയമത്തിലെ യാഖീദിനു തുല്യമായ ഒരു ഗ്രീക്കുപദം പുതിയനിയമത്തിലുണ്ട്. ഒറ്റ (only, alone, one’s) എന്ന അർത്ഥത്തിൽ ഉപയിഗിച്ചിരിക്കുന്ന മോണോസ് (μόνος – monos) എന്ന ഈ പദം 47 പ്രാവശ്യമുണ്ട്. മാത്രം (മത്താ, 4:4), തനിയെ (14:23), ഏക (മർക്കൊ, 6:47), തനിച്ചു (9:2) എന്നിങ്ങനെ സത്യവേദ പുസ്തകത്തിൽ തർജ്ജമ ചെയ്തിരിക്കുന്നു. പതിമൂന്നു പ്രാവശ്യം ദൈവത്തെ കുറിക്കാൻ ഈ പദം ഉപയോഗിച്ചിരിക്കുന്നു:

‘കർത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ (only) ആരാധിക്കാവു’ (മത്താ, 4:10). 

‘ആ നാളും നാഴികയും സംബന്ധിച്ചോ എന്റെ പിതാവു മാത്രം (only) അല്ലാതെ’ (മത്താ, 24:36). 

‘കർത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ (മോണോസ്) ആരാധിക്കാവു’ (ലൂക്കോ, 4:8). 

‘ദൈവം ഒരുവൻ അല്ലാതെ (alone) പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ’ (ലൂക്കോ, 5:21). 

‘ഏക (only) ദൈവത്തിന്റെ പക്കൽ നിന്നുള്ള ബഹുമാനം’ (യോഹ, 5:44). 

‘ഏക(only) സത്യദൈവമായ നിന്നെയും’ (യോഹ, 17:3). 

‘ഏക(alone)ജ്ഞാനിയായ ദൈവത്തിന്നു’ (റോമ, 16:26). 

‘നിത്യരാജാവായി അക്ഷയനും അദൃശ്യനുമായ ഏക (only) ദൈവത്തിന്നു’ (1തിമൊ, 1:17). 

”ധന്യനായ ഏക (only) അധിപതിയും രാജാധിരാജാവും കർത്താധികർത്താവും” (1തിമൊ, 6:15). 

‘താൻ മാത്രം (only) അമർത്യതയുള്ളവനും’ (1തിമൊ, 6:16). 

‘ഏക (only) നാഥനും നമ്മുടെ കർത്താവുമായ’ (യൂദാ 1:4). 

‘രക്ഷിതാവായ ഏക (only) ദൈവത്തിന്നു തന്നേ’ (യൂദാ 1:24). 

‘നീയല്ലോ ഏക (only) പരിശുദ്ധൻ’ (വെളി, 15:4).

2. രണ്ട് (Two)

🟥 എബ്രായയിൽ രണ്ടു (two) എന്ന അർത്ഥത്തിൽ ഗണനാസൂചകമായി ഉപയോഗിക്കുന്ന പദം ഷെനയീം (שְׁנַיִם – shenayim) ആണ്. കെ.ജെ.വി. സ്ട്രോങ്ങിൽ 758 പ്രാവശ്യം ഉപയോഗിച്ചിരിക്കുന്നു. രണ്ടു (ഉല്പ, 1:16), ‘ഇരു’വരും (2:25), പന്ത്രണ്ട് (പത്തും രണ്ടും: 5:8), ഈരണ്ട് (രണ്ടുവീതം: 7:2) എന്നിങ്ങനെയാണ് സത്യവേദപുസ്തകത്തിൻ്റെ തർജ്ജമ. 

”പകൽ വാഴേണ്ടതിന്നു വലിപ്പമേറിയ വെളിച്ചവും രാത്രി വാഴേണ്ടതിന്നു വലിപ്പം കുറഞ്ഞ വെളിച്ചവും ആയി രണ്ടു വലിയ വെളിച്ചങ്ങളെ ദൈവം ഉണ്ടാക്കി; നക്ഷത്രങ്ങളെയും ഉണ്ടാക്കി.” (ഉല്പ, 1:16). 

🟥 ക്രമസൂചക സംഖ്യയായ ഷേനി (second) എന്ന പദവും, ഷനാ (second) എന്ന പദവും പഴയനിയമത്തിൽ ഉപയോഗിച്ചിട്ടുണ്ട്. ഷേനി (שֵׁנִי- sheniy) 156 പ്രാവശ്യവും, ഷനാ (שָׁנָה – shanah) 22 പ്രാവശ്യവും ഉണ്ട്. രണ്ടാം (ഷേനി: ഉല്പ, 2:8), രണ്ടാമത്തെ (6:16), രണ്ടാമതും (22:15), പിറ്റെ (47:18) എന്നിങ്ങനെയും; രണ്ടുവട്ടം (ഷനാ: ഉല്പ, 41:32), രണ്ടാമതു (1ശമൂ, 26:8), രണ്ടാം (1രാജാ, 18:34), ഇനിയും (നെഹെ, 13:21) എന്നിങ്ങനെയും സത്യവേദ പുസ്തകത്തിൽ പരിഭാഷ ചെയ്തിരിക്കുന്നു. 

”പെട്ടകത്തിന്റെ വാതിൽ അതിന്റെ വശത്തുവെക്കേണം: താഴത്തെയും രണ്ടാമത്തെയും (ഷേനി) മൂന്നാമത്തെയും തട്ടായി അതിനെ ഉണ്ടാക്കേണം.” (ഉല്പ, 6:16). 

ഫറവോന്നു സ്വപ്നം രണ്ടുവട്ടം (ഷനാ) ഉണ്ടായതോ കാര്യം ദൈവത്തിന്റെ മുമ്പാകെ സ്ഥിരമായിരിക്കകൊണ്ടും ദൈവം അതിനെ വേഗത്തിൽ വരുത്തുവാനിരിക്കകൊണ്ടും ആകുന്നു.” (ഉല്പ, 41:32).

🟩 ഗ്രീക്കിൽ രണ്ടു (two) എന്ന അർത്ഥത്തിൽ ഗണനാസൂചക സംഖ്യയായി ഉപയോഗിക്കുന്ന പദം ഡുയൊ (δύο – dyo) 135 പ്രാവശ്യം പുതിയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്നു. രണ്ടു (മത്താ, 4:18), ‘ഇരു’വർ (20:21), ഈരണ്ട് (മർക്കൊ, 6:7) എന്നിങ്ങനെ തർജ്ജമ ചെയ്തിരിക്കുന്നു. 

”രണ്ടു യജമാനന്മാരെ സേവിപ്പാൻ ആർക്കുംകഴികയില്ല; അങ്ങനെ ചെയ്താൽ ഒരുത്തനെ പകെച്ചു മറ്റവനെ സ്നേഹിക്കും; അല്ലെങ്കിൽ ഒരുത്തനോടു പറ്റിച്ചേർന്നു മറ്റവനെ നിരസിക്കും; നിങ്ങൾക്കു ദൈവത്തെയും മാമോനെയും സേവിപ്പാൻ കഴികയില്ല.” (മത്താ, 6:24).

🟩 ക്രമസൂചക സംഖ്യയായി പുതിയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്നത് ഡ്യുടെറൊസ് (second) ആണ്. ഡ്യുടെറൊസ് (δεύτερος – deuteros) 47 പ്രാവശ്യവും ഉപയോഗിച്ചിട്ടുണ്ട്. രണ്ടാമത്തെ (മത്താ, 21:30), രണ്ടാമതും (26:42), രണ്ടുവട്ടം (മർക്കൊ, 14:72) എന്നിങ്ങനെ പരിഭാഷ ചെയ്തിരിക്കുന്നു. 

രണ്ടാമതും പോയി: ”പിതാവേ, ഞാൻ കുടിക്കാതെ അതു നീങ്ങിക്കൂടാ എങ്കിൽ, നിന്റെ ഇഷ്ടം ആകട്ടെ” എന്നു പ്രാർത്ഥിച്ചു. (മത്താ, 26:42).

3. മൂന്ന് (Three)

🟥 എബ്രായയിൽ മൂന്നു (three) എന്ന അർത്ഥത്തിൽ ഗണനാസൂചകമായി ഉപയോഗിക്കുന്ന പദം ഷലോഷ് (שָׁלוֹשׁ – shalowsh) ആണ്. കെ.ജെ.വി. സ്ട്രോങ്ങിൽ 430 പ്രാവശ്യം ഉപയോഗിച്ചിരിക്കുന്നു. മൂന്നൂറ് (മൂന്നു നൂറ്: ഉല്പ, 5:22), മൂന്ന് (6:10), മൂവർ (മൂന്നു പേർ; 9:19), പതിമൂന്ന് (പത്തും മൂന്നും: 17:25), മൂന്നിടങ്ങഴി (മൂന്നു ഇടങ്ങഴി: 18:6), എന്നിങ്ങനെയാണ് സത്യവേദപുസ്തകത്തിൻ്റെ തർജ്ജമ. 

”അവൻ (അബ്രാഹാം) തലപൊക്കി നോക്കിയപ്പോൾ മൂന്നു പുരുഷന്മാർ തന്റെ നേരെ നില്ക്കുന്നതു കണ്ടു; അവരെ കണ്ടപ്പോൾ അവൻ കൂടാരവാതിൽക്കൽ നിന്നു അവരെ എതിരേല്പാൻ ഓടിച്ചെന്നു നിലംവരെ കുനിഞ്ഞു.” (ഉല്പ, 18:2). 

🟥 ക്രമസൂചക സംഖ്യയായി പഴയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്ന പദം ഷെലീഷി (third) ആണ്. ഷെലീഷി (שְׁלִישִׁי – shelîyshiy) 108 പ്രാവശ്യം ഉപയോഗിച്ചിരിക്കുന്നു. മൂന്നാം (ഉല്പ, 1:13), മൂന്നാമത്തെ (6:16), മൂന്നാമത് (സംഖ്യാ, 2:24), മൂന്നിൽ (15:6) എന്നിങ്ങനെയാണ് തർജ്ജമ. 

”മൂന്നാം ദിവസം യോസേഫ് അവരോടു പറഞ്ഞതു: ഞാൻ ദൈവത്തെ ഭയപ്പെടുന്നു; നിങ്ങൾ ജീവിച്ചിരിക്കേണ്ടതിന്നു ഇതു ചെയ്‍വിൻ.” (ഉല്പ, 42:18). 

🟩 ഗ്രീക്കിൽ മൂന്നു (three) എന്ന അർത്ഥത്തിൽ ഗണനാസൂചകമായി ഉപയോഗിക്കുന്ന പദം ട്രൈസ് (τρεῖς – treis) 69 പ്രാവശ്യം പുതിയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്നു. (മൂന്നു (മത്താ, 12:10), മൂന്നോ (18:20), മൂവർ (മൂന്നു പേർ: ലൂക്കൊ, 10:32) എന്നിങ്ങനെ സത്യവേദപുസ്തകത്തിൽ പരിഭാഷ ചെയ്തിരിക്കുന്നു. 

യേശു അവരോടു: ”ഈ മന്ദിരം പൊളിപ്പിൻ; ഞാൻ മൂന്നു ദിവസത്തിന്നകം അതിനെ പണിയും” എന്നു ഉത്തരം പറഞ്ഞു. (യോഹ, 2:19).

🟩 ക്രമസൂചക സംഖ്യയായി പുതിയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്ന പദം ട്രിറ്റൊസ് (third) ആണ്. ട്രിറ്റൊസ് (τρίτος – tritos) 47 പ്രാവശ്യം പുതിയനിയമത്തിൽ ഉണ്ട്. മൂന്നാം (മത്താ, 16:21), മൂന്നാമത്തവൻ (22:26), മൂന്നാമതും (26:44), മൂന്നു (മർക്കൊ, 9:31), മൂന്നാമതിൽ (ലൂക്കൊ, 12:38) എന്നിങ്ങനെ തർജ്ജമ ചെയ്തിരിക്കുന്നു. 

4. നാല് (Four)

🟥 എബ്രായയിൽ നാല് (four) എന്ന അർത്ഥത്തിൽ ഗണനാസൂചകമായി ഉപയോഗിക്കുന്ന പദം അർബ (אַרְבַּע – arba) ആണ്. കെ.ജെ.വി. സ്ട്രോങ്ങിൽ 311 പ്രാവശ്യം ഉപയോഗിച്ചിരിക്കുന്നു. നാല് (ഉല്പ, 2:10), നാന്നൂറ്റിമൂന്നു (നാലു നൂറും മുന്നും: 11:13), മുപ്പത്തിനാല് (മുപ്പതും നാലും: 11:16), നാന്നൂറ് (നാലു നൂറ്: 15:13) എന്നിങ്ങനെയാണ് സത്യവേദപുസ്തകത്തിൻ്റെ തർജ്ജമ.

”ഇതാ, നീ എന്റെ നാളുകളെ നാലുവിരൽ നീളമാക്കിയിരിക്കുന്നു; എന്റെ ആയുസ്സു നിന്റെ മുമ്പാകെ ഏതുമില്ലാത്തതുപോലെയിരിക്കുന്നു; ഏതു മനുഷ്യനും ഉറെച്ചുനിന്നാലും ഒരു ശ്വാസമത്രേ.” (സങ്കീ, 39:5).

🟥 ക്രമസൂചക സംഖ്യയായി പഴയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്ന പദം റെബീ (fourth) ആണ്. റെബീ (רְבִיעִי – rebiyiy) 56 പ്രാവശ്യമുണ്ട്. നാലാം (ഉല്പ, 1:19), നാലാമത്തെ (പുറ, 28:20), കാൽ (29:40) എന്നിങ്ങനെ പരിഭാഷ ചെയ്തിരിക്കുന്നു.

”സന്ധ്യയായി ഉഷസ്സുമായി, നാലാം ദിവസം.” (ഉല്പ, 1:19).

🟩 ഗ്രീക്കിൽ നാലു (four) എന്ന അർത്ഥത്തിൽ ഗണനാസൂചകമായി ഉപയോഗിക്കുന്ന പദം ടെസ്സറെസ് (τέσσαρες – tessares) 42 പ്രാവശ്യം പുതിയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്നു. നാലു (മത്താ, 24:31), നാലാൾ (നാല് ആൾ: മർക്കൊ, 2:3), ഇരുപത്തിനാല് (ഇരുപതും നാലും: വെളി, 4:4) എന്നിങ്ങനെ സത്യവേദപുസ്തകത്തിൽ പരിഭാഷ ചെയ്തിരിക്കുന്നു.  

”അവൻ തന്റെ ദൂതന്മാരെ മഹാ കാഹളധ്വനിയോടുംകൂടെ അയക്കും; അവർ അവന്റെ വൃതന്മാരെ ആകാശത്തിന്റെ അറുതിമുതൽ അറുതിവരെയും നാലു ദിക്കിൽനിന്നും കൂട്ടിച്ചേർക്കും.” (മത്താ, 24:31). 

🟩 ക്രമസൂചക സംഖ്യയായി പുതിയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്ന പദം ടെറ്റർടൊസ് (fourth) ആണ്. ടെറ്റർടൊസ് (τέταρτος – tetartos) 10 പ്രാവശ്യമുണ്ട്. നാലാം (മത്താ, 14:25), ‘നാലാ’കുന്നാൾ (പ്രവൃ, 10:30), കാലാംശം (നാലിലൊന്ന്: വെളി, 6:8), നാലാമത്തെ (8:12) എന്നിങ്ങനെ തർജ്ജമ ചെയ്തിരിക്കുന്നു.

5. അഞ്ച് (Five)

🟥 എബ്രായയിൽ അഞ്ച് (five) എന്ന അർത്ഥത്തിൽ ഗണനാസൂചകമായി ഉപയോഗിക്കുന്ന പദം ചമേഷ് (חָמֵשׁ – chamesh) ആണ്. കെ.ജെ.വി. സ്ട്രോങ്ങിൽ 341 പ്രാവശ്യം ഉപയോഗിച്ചിരിക്കുന്നു. നൂറ്റഞ്ച് (നൂറും അഞ്ചും: ഉല്പ, 5:6), അഞ്ചൂറ് (അഞ്ചു നൂറ്: 5:32), പതിനഞ്ച് (പത്തും അഞ്ചും: 7:20), അഞ്ച് (14:9) എന്നിങ്ങനെയാണ് സത്യവേദപുസ്തകത്തിൻ്റെ തർജ്ജമ. 

”അമ്പതു നീതിമാന്മാരിൽ പക്ഷേ അഞ്ചുപേർ കുറഞ്ഞു പോയെങ്കിലോ? അഞ്ചുപേർ കുറഞ്ഞതുകൊണ്ടു നീ ആ പട്ടണം മുഴുവനും നശിപ്പിക്കുമോ എന്നു അബ്രാഹാം പറഞ്ഞതിന്നു: നാല്പത്തഞ്ചു പേരെ ഞാൻ അവിടെ കണ്ടാൽ അതിനെ നശിപ്പിക്കയില്ല എന്നു അവൻ അരുളിച്ചെയ്തു.” (ഉല്പ, 18:28).

🟥 ക്രമസൂചക സംഖ്യയായി പഴയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്ന പദം ചമിഷി (fifth) ആണ്. ചമിഷി (חֲמִישִׁי – chamiyshiy) 45 പ്രാവശ്യം ഉപയോഗിച്ചിരിക്കുന്നു. അഞ്ചാം (ഉല്പ, 1:23), അഞ്ചാമത് (30:17), അഞ്ചിൽ (ലേവ്യ, 22:14), അഞ്ചാമത്തെ (രോശു, 19:24), എന്നിങ്ങനെ പരിഭാഷ ചെയ്തിരിക്കുന്നു.

🟩 ഗ്രീക്കിൽ അഞ്ച് (five) എന്ന അർത്ഥത്തിൽ ഗണനാസൂചകമായി ഉപയോഗിക്കുന്ന പദം പെൻടെ (πέντε – pente) ആണ്. ഈ പദം 38 പ്രാവശ്യം പുതിയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്നു. അഞ്ച് (മത്താ, 14:17), അയ്യായിരം (അഞ്ചു ആയിരം: പ്രവൃ, 4:4), എഴുപത്തിയഞ്ച് (എഴുപതും അഞ്ചും: 7:14) എന്നിങ്ങനെ സത്യവേദപുസ്തകത്തിൽ പരിഭാഷ ചെയ്തിരിക്കുന്നു. 

”പിന്നെ പുരുഷാരം പുല്ലിന്മേൽ ഇരിപ്പാൻ കല്പിച്ചു; ആ അഞ്ചു അപ്പവും രണ്ടു മീനും എടുത്തു, സ്വർഗ്ഗത്തേക്കു നോക്കി വാഴ്ത്തി, അപ്പം നുറുക്കി, ശിഷ്യന്മാരുടെ പക്കലും ശിഷ്യന്മാർ പുരുഷാരത്തിന്നും കൊടുത്തു.” (മത്താ, 14:19). 

🟩 ക്രമസൂചക സംഖ്യയായി പുതിയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്ന പദം പെംടൊസ് (fifth) ആണ്. പെംടൊസ് (πέμπτος – pemptos) 4 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. അഞ്ചാം (വെളി, 6:9), അഞ്ചാമത്തെ (9:1) എന്നിങ്ങനെ തർജ്ജമ ചെയ്തിരിക്കുന്നു.

6. ആറ് (Six)

🟥 എബ്രായയിൽ ആറ് (Six) എന്ന അർത്ഥത്തിൽ ഗണനാസൂചകമായി ഉപയോഗിക്കുന്ന പദം ഷേഷ് (שׂוּשׂ – shesh) ആണ്. കെ.ജെ.വി. സ്ട്രോങ്ങിൽ 215 പ്രാവശ്യം ഉപയോഗിച്ചിരിക്കുന്നു. അറുനൂറ് (ആറു നൂറ്: ഉല്പ, 7:6), എൺപത്താറ് (എൺപതു. ആറും: 16:16), ആറ് (30:20), പതിനാറ് (പത്തും ആറും: 46:18) എന്നിങ്ങനെയാണ് സത്യവേദപുസ്തകത്തിൻ്റെ തർജ്ജമ. 

”ആറു ദിവസംകൊണ്ടു യഹോവ ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ളതൊക്കെയും ഉണ്ടാക്കി, ഏഴാം ദിവസം സ്വസ്ഥമായിരുന്നു; അതുകൊണ്ടു യഹോവ ശബ്ബത്തുനാളിനെ അനുഗ്രഹിച്ചു ശുദ്ധീകരിച്ചിരിക്കുന്നു.” (പുറ, 20:11).

🟥 ക്രമസൂചക സംഖ്യയായി പഴയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്ന പദം ഷിഷ്ഷീ (sixth) ആണ്. ഷിഷ്ഷീ (שִׁשִּׁי – shishshiy) 28 പ്രാവശ്യം ഉപയോഗിച്ചിരിക്കുന്നു. ആറാം (ഉല്പ, 1:31), ആറാമത് (30:19), ആറാമത്തെ (പുറ, 26:9), ‘ആറാ’മൻ (1ദിന, 2:15) എന്നിങ്ങനെയാണ് പരിഭാഷ. 

”നോക്കുവിൻ, യഹോവ നിങ്ങൾക്കു ശബ്ബത്ത് തന്നിരിക്കുന്നു; അതുകൊണ്ടു ആറാം ദിവസം അവൻ നിങ്ങൾക്കു രണ്ടു ദിവസത്തേക്കുള്ള ആഹാരം തരുന്നു; നിങ്ങൾ താന്താങ്ങളുടെ സ്ഥലത്തു ഇരിപ്പിൻ; ഏഴാം ദിവസം ആരും തന്റെ സ്ഥലത്തുനിന്നു പുറപ്പെടരുതു എന്നു കല്പിച്ചു.” (പുറ, 16:29).

🟩 ഗ്രീക്കിൽ ആറ് (Six) എന്ന അർത്ഥത്തിൽ ഗണനാസൂചക സംഖ്യയായി ഉപയോഗിക്കുന്ന പദം ഹെക്സ് (ἕξ – hex) 12 പ്രാവശ്യം പുതിയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്നു. ആറ് (മത്താ, 17:1), നാല്പത്താറ് (നാല്പതും ആറും: യോഹ, 2:20), ഇരുനൂറ്റെഴുപത്താറ് (270-ഉം ആറും: പ്രവൃ, 27:37), ആറാറ് (ആറുവീതം: വെളി, 4:8) എന്നിങ്ങനെ തർജ്ജമ ചെയ്തിരിക്കുന്നു. 

”ആറു ദിവസം കഴിഞ്ഞശേഷം യേശു പത്രൊസിനെയും യാക്കോബിനെയും അവന്റെ സഹോദരനായ യോഹന്നാനെയും കൂട്ടി തനിച്ചു ഒരു ഉയർന്ന മലയിലേക്കു കൊണ്ടുപോയി.” (മത്താ, 17:1).

🟩 ക്രമസൂചക സംഖ്യയായി പുതിയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്നത് ഹെക്ടൊസ് (sixth) ആണ്. ഹെക്ടൊസ് (ἕκτος – hektos) 14 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. ആറാം (മത്താ, 20:7), ആറാമത്തെ (വെളി, 9:13) എന്നിങ്ങനെ പരിഭാഷ ചെയ്തിരിക്കുന്നു. 

7. ഏഴ് (Seven)

🟥 എബ്രായയിൽ ഏഴ് (seven) എന്ന അർത്ഥത്തിൽ ഗണനാസൂചകമായി ഉപയോഗിക്കുന്ന പദം ഷെബാ (שֶׁבַע – sheba) ആണ്. കെ.ജെ.വി. സ്ട്രോങ്ങിൽ 399 പ്രാവശ്യം ഉപയോഗിച്ചിരിക്കുന്നു. ഏഴ് (4:24), എണ്ണൂറ്റേഴ് (800 + ഏഴ്: 5:7), നൂറ്റെഴുപത്തേഴ് (170-ഉം ഏഴും: 5:25), ഏഴേഴ് (ഏഴു ജോഡി: 7:2) എന്നിങ്ങനെയാണ് സത്യവേദപുസ്തകത്തിൻ്റെ തർജ്ജമ. 

”ഇനി ഏഴുദിവസം കഴിഞ്ഞിട്ടു ഞാൻ ഭൂമിയിൽ നാല്പതു രാവും നാല്പതു പകലും മഴ പെയ്യിക്കും; ഞാൻ ഉണ്ടാക്കീട്ടുള്ള സകല ജീവജാലങ്ങളെയും ഭൂമിയിൽനിന്നു നശിപ്പിക്കും.” (ഉല്പ, 7:4).

🟥 ക്രമസൂചക സംഖ്യയായി പഴയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്ന പദം ഷെബിയി (seventh) ആണ്. ഷെബിയി (שְׁבִיעִי – shebiyiy) 98 പ്രാവശ്യം ഉപയോഗിച്ചിരിക്കുന്നു. ഏഴാം (ഉല്പ, 2:2), ഏഴാമത്തെ (ലേവ്യ, 23:16) എന്നിങ്ങനെയാണ് പരിഭാഷ. 

”താൻ സൃഷ്ടിച്ചുണ്ടാക്കിയ സകല പ്രവൃത്തിയിൽനിന്നും അന്നു നിവൃത്തനായതുകൊണ്ടു ദൈവം ഏഴാം ദിവസത്തെ അനുഗ്രഹിച്ചു ശുദ്ധീകരിച്ചു.” (ഉല്പ, 2:3).

🟩 ഗ്രീക്കിൽ ഏഴ് (Seven) എന്ന അർത്ഥത്തിൽ ഗണനാസൂചക സംഖ്യയായി ഉപയോഗിക്കുന്ന പദം ഹെപ്റ്റ (ἑπτά – hepta) 87 പ്രാവശ്യം പുതിയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്നു. ഏഴെന്നു തർജ്ജമ ചെയ്തിരിക്കുന്നു. 

”തിരിഞ്ഞപ്പോൾ ഏഴു പൊൻനിലവിളക്കുകളെയും നിലവിളക്കുകളുടെ നടുവിൽ നിലയങ്കി ധരിച്ചു മാറത്തു പൊൻകച്ച കെട്ടിയവനായി മനുഷ്യപുത്രനോടു സദൃശനായവനെയും കണ്ടു.” (വെളി, 1:13).

🟩 ക്രമസൂചക സംഖ്യയായി പുതിയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്നത് ഹെബ്ടൊമൊസ് (seventh) ആണ്. ഹെബ്ടൊമൊസ് (ἕβδομος – hebdomos) 9 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. ഏഴു (യോഹ, 4:52), ഏഴാം (എബ്രാ, 4:4), ഏഴാമൻ (യൂദാ, 1:14), ഏഴാമത്തെ (വെളി, 11:15) എന്നിങ്ങനെ പരിഭാഷ ചെയ്തിരിക്കുന്നു. 

”ആദാംമുതൽ ഏഴാമനായ ഹനോക്കും ഇവരെക്കുറിച്ചു:” (യൂദാ, 1:14).

8. എട്ട് (Eight)

🟥 എബ്രായയിൽ എട്ട് (eight) എന്ന അർത്ഥത്തിൽ ഗണനാസൂചകമായി ഉപയോഗിക്കുന്ന പദം ഷെമോന (שְׁמֹנֶה – shemoneh) ആണ്. കെ.ജെ.വി. സ്ട്രോങ്ങിൽ 107 പ്രാവശ്യം ഉപയോഗിച്ചിരിക്കുന്നു. എണ്ണൂറ് (എട്ടു നൂറ്: ഉല്പ, 5:4), എട്ട് (17:12), എട്ടാം (21:4) എന്നിങ്ങനെയാണ് സത്യവേദപുസ്തകത്തിൻ്റെ തർജ്ജമ. 

”തലമുറതലമുറയായി നിങ്ങളിൽ പുരുഷപ്രജയൊക്കെയും എട്ടുദിവസം പ്രായമാകുമ്പോൾ പരിച്ഛേദനഏൽക്കേണം; വീട്ടിൽ ജനിച്ച ദാസനായാലും നിന്റെ സന്തതിയല്ലാത്തവനായി അന്യനോടുവിലയ്ക്കു വാങ്ങിയവനായാലും ശരി.” (ഉല്പ, 17:12).

🟥 ക്രമസൂചക സംഖ്യയായി പഴയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്ന പദം ഷെമീനീ (eighth) ആണ്. ഷെമീനീ (שְׁמִינִי – shemiyniy) 28 പ്രാവശ്യം ഉപയോഗിച്ചിരിക്കുന്നു. എട്ടാം പുറ, 22:30), എട്ടാമത്തേത് (1ദിന, 25:15), എട്ടാമൻ (26:5) എന്നിങ്ങനെയാണ് പരിഭാഷ. 

”എട്ടാം ദിവസം സമാഗമനക്കുടാരത്തിന്റെ വാതിൽക്കൽ യഹോവയുടെ സന്നിധിയിൽ പുരോഹിതന്റെ അടുക്കൽ കൊണ്ടുവരേണം.” (ലേവ്യ, 14:23).

🟩 ഗ്രീക്കിൽ എട്ട് (Eight) എന്ന അർത്ഥത്തിൽ ഗണനാസൂചക സംഖ്യയായി ഉപയോഗിക്കുന്ന പദം ഒക്ടോ (ὀκτώ – okto) 9 പ്രാവശ്യം പുതിയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്നു. എട്ട് (ലൂക്കൊ, 2:21), പതിനെട്ട് (പത്തും എട്ടും: 13:4), മപ്പത്തെട്ട് (മപ്പതു എട്ട്: യോഹ, 5:5) എന്നിങ്ങനെ തർജ്ജമ ചെയ്തിരിക്കുന്നു. 

“പരിച്ഛേദന കഴിപ്പാനുള്ള എട്ടു ദിവസം തികെഞ്ഞപ്പോൾ അവൻ ഗർഭത്തിൽ ഉല്പാദിക്കുംമുമ്പെ ദൂതൻ പറഞ്ഞതുപോലെ അവന്നു യേശു എന്നു പേർ വിളിച്ചു.” (ലൂക്കോ, 2:21).

🟩 ക്രമസൂചക സംഖ്യയായി പുതിയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്നത് ഒഗ്ടൂസ് (eighth) ആണ്. ഒഗ്ടൂസ് (ὄγδοος – ogdoos) 6 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. എട്ടാം (ലൂക്കൊ, 1:59), ഏട്ടാമത്തത് (വെളി, 17:11) എന്നിങ്ങനെ പരിഭാഷ ചെയ്തിരിക്കുന്നു. 

“എട്ടാം നാളിൽ അവർ പൈതലിനെ പരിച്ഛേദന ചെയ്‍വാൻ വന്നു; അപ്പന്റെ പേർ പോലെ അവന്നു സെഖര്യാവു എന്നു പേർ വിളിപ്പാൻ ഭാവിച്ചു.” (ലൂക്കോ, 1:59).

9. ഒമ്പത് (Nine)

🟥 എബ്രായയിൽ ഒമ്പത് (nine) എന്ന അർത്ഥത്തിൽ ഗണനാസൂചകമായി ഉപയോഗിക്കുന്ന പദം ടെഷാ (תֵּשַׁע – tesha) ആണ്. കെ.ജെ.വി. സ്ട്രോങ്ങിൽ 58 പ്രാവശ്യം ഉപയോഗിച്ചിരിക്കുന്നു. തൊള്ളായിരത്തി (ഒമ്പതു നൂറ്: ഉല്പ, 55), ഇരുന്നൂറ്റൊമ്പത് (ഇരുന്നൂറും ഒമ്പതും: 11:19), ഒമ്പതാം (ലേവ്യ, 23:32), ഒമ്പത് (സംഖ്യാ, 29:26) എന്നിങ്ങനെയാണ് സത്യവേദപുസ്തകത്തിൻ്റെ തർജ്ജമ. 

“അഞ്ചാം ദിവസം ഒമ്പതു കാളയെയും രണ്ടു ആട്ടുകൊറ്റനെയും ഒരു വയസ്സു പ്രായമുള്ളഊനമില്ലാത്ത പതിന്നാലു കുഞ്ഞാടിനെയും അർപ്പിക്കേണം.” (സംഖ്യാ, 29:26).

🟥 ക്രമസൂചക സംഖ്യയായി പഴയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്ന പദം ടെഷീ (ninth) ആണ്. ടെഷീ (תְּשִׁיעִי – teshiyiy) 18 പ്രാവശ്യം ഉപയോഗിച്ചിരിക്കുന്നു. ഒമ്പതാം (ലേവ്യ, 25:22), ‘ഒമ്പതാ’മൻ (1ദിന, 12:12), ഒമ്പതാമത്തേത് (24:11) എന്നിങ്ങനെയാണ് തർജ്ജമ. 

“എട്ടാം സംവത്സരത്തില്‍ നിങ്ങള്‍ വിതെക്കയും ഒമ്പതാം സംവത്സരംവരെ പഴയ അനുഭവംകൊണ്ടു ഉപജീവിക്കുയും വേണം; അതിന്റെ അനുഭവം വരുംവരെ പഴയതുകൊണ്ടു ഉപജീവിച്ചുകൊള്ളേണം.” (ലേവ്യ, 25:22).

🟩 ഗ്രീക്കിൽ ഒമ്പത് (nine) എന്ന അർത്ഥത്തിൽ ഗണനാസൂചകമായി ഉപയോഗിക്കുന്ന പദം എന്നെയ (ἐννέα – ennea) ഒരു പ്രാവശ്യം പുതിയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്നു. ഒമ്പത് എന്നു സത്യവേദപുസ്തകത്തിൽ പരിഭാഷ ചെയ്തിരിക്കുന്നു.  

 “പത്തുപേർ ശുദ്ധരായ്തീർന്നില്ലയോ? ഒമ്പതുപേർ എവിടെ?” (ലൂക്കോ, 17:17).

🟩 ക്രമസൂചക സംഖ്യയായി പുതിയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്നത് എന്നടൊസ് (ninth) ആണ്. എന്നടൊസ് (ἔννατος – ennatos) 10 പ്രാവശ്യവും ഉപയോഗിച്ചിട്ടുണ്ട്. ഒമ്പതാം (മത്താ, 20:5), ഒമ്പതാമത്തെ (വെളി, 21:20) എന്നിങ്ങനെ പരിഭാഷ ചെയ്തിരിക്കുന്നു. 

“ഏകദേശം ഒമ്പതാംമണി നേരത്തു യേശു: “ഏലീ, ഏലീ, ലമ്മാ ശബക്താനി” എന്നു ഉറക്കെ നിലവിളിച്ചു; “എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതു എന്തു” എന്നർത്ഥം.” (മത്താ, 27:46).

10. പത്ത് (Ten)

🟥 എബ്രായയിൽ പത്ത് (ten) എന്ന അർത്ഥത്തിൽ ഗണനാസൂചകമായി ഉപയോഗിക്കുന്ന പദം എസെർ (עֶשֶׂר – eser) ആണ്. കെ.ജെ.വി. സ്ട്രോങ്ങിൽ 175 പ്രാവശ്യം ഉപയോഗിച്ചിരിക്കുന്നു. തൊള്ളായിരത്തി പത്ത് (900-ഉം പത്തും: ഉല്പ, 5:14), പത്ത് (16:3) പതിനാല് (പത്തും നാലും: 31:41), മുപ്പത് (മൂന്ന് പത്ത്: 32:15) എന്നിങ്ങനെയാണ് സത്യവേദപുസ്തകത്തിൻ്റെ തർജ്ജമ. 

“അപ്പോൾ അവൻ: കർത്താവു കോപിക്കരുതേ; ഞാൻ ഇനി ഒരു പ്രാവശ്യം മാത്രം സംസാരിക്കും; പക്ഷേ പത്തു പേരെ അവിടെ കണ്ടാലോ എന്നു പറഞ്ഞു. ഞാൻ പത്തുപേരുടെ നിമിത്തം നശിപ്പിക്കയില്ല എന്നു അവൻ അരുളിച്ചെയ്തു.” (ഉല്പ, 18:32).

🟥 ക്രമസൂചക സംഖ്യയായി പഴയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്ന പദം അസീറീ (tenth) ആണ്. അസീറീ (עֲשִׂירִי – ʻasiyriy) 29 പ്രാവശ്യം ഉപയോഗിച്ചിരിക്കുന്നു. പത്താം (ഉല്പ, 8:5), പത്തിലൊന്നു (പത്തിൽ ഒന്നു: പുറ, 16:36), പത്താമൻ (1ദിന, 12:13) എന്നിങ്ങനെയാണ് തർജ്ജമ. 

“പത്താം മാസം വരെ വെള്ളം ഇടവിടാതെ കുറഞ്ഞു; പത്താം മാസം ഒന്നാം തിയ്യതി പർവ്വതശിഖരങ്ങൾ കാണായി.” (ഉല്പ, 8:5).

🟩 ഗ്രീക്കിൽ പത്തു (ten) എന്ന അർത്ഥത്തിൽ ഗണനാസൂചകമായി ഉപയോഗിക്കുന്ന പദം ഡെക (δέκα – deka) 27 പ്രാവശ്യം പുതിയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്നു. പത്ത് (മത്താ, 20:24), പതിനെട്ട് (പത്തും എട്ടും: ലൂക്കൊ, 13:4), പതിനായിരം (പത്തു ആയിരം: 14:31) എന്നിങ്ങനെ സത്യവേദപുസ്തകത്തിൽ പരിഭാഷ ചെയ്തിരിക്കുന്നു.  

“സ്വർഗ്ഗരാജ്യം മണവാളനെ എതിരേല്പാൻ വിളക്കു എടുത്തുകൊണ്ടു പുറപ്പെട്ട പത്തു കന്യകമാരോടു സദൃശം ആകും.” (മത്താ, 25:1).

🟩 ക്രമസൂചക സംഖ്യയായി പുതിയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്നത് ഡകടൊസ് (tenth) ആണ്. ഡകടൊസ് (δέκατος – dekatos) 3 പ്രാവശ്യവും ഉപയോഗിച്ചിട്ടുണ്ട്. പത്താം (യോഹ, 1:39), പത്തിലൊന്ന് (പത്തിൽ ഒന്ന്: വെളി, 11:3), പത്താമത്തേത് (21:20) എന്നിങ്ങനെ പരിഭാഷ ചെയ്തിരിക്കുന്നു. 

“യേശു അവരോടു: ‘വന്നു കാണ്മിൻ’ എന്നു പറഞ്ഞു. അങ്ങനെ അവൻ വസിക്കുന്ന ഇടം അവർ കണ്ടു അന്നു അവനോടുകൂടെ പാർത്തു; അപ്പോൾ ഏകദേശം പത്താംമണി നേരം ആയിരുന്നു.” (യോഹ 1:39).

Leave a Reply

Your email address will not be published. Required fields are marked *