☛ “ആദിയിൽ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു.” (യോഹ, 1:1). ഈ വേദഭാഗത്തെ ‘വചനം’ (Logos – Word) നമ്മുടെ കർത്താവായ യേശുവാണെന്നും, അവൻ വചനമെന്ന ദൈവമാണന്നും അനേകരും വിചാരിക്കുന്നു. എന്നാൽ ബൈബിൾ എന്ത് പറയുന്നു എന്ന് നമുക്ക് നോക്കാം:
☛ ആമുഖമായി ഒരു കാര്യം പറയാം: യേശു മനുഷ്യനാണെന്ന് 50 പ്രാവശ്യം പറഞ്ഞിട്ടുണ്ട്. അതിൽ 36 പ്രാവശ്യം മനുഷ്യൻ (Man) ആണെന്ന് അക്ഷരംപ്രതി പറഞ്ഞിട്ടുണ്ട്. അതിൽ 16 പ്രാവശ്യം യോഹന്നാൻ തൻ്റെ സുവിശേഷത്തിൽ എഴുതിവെച്ചിട്ടുണ്ട്. യോഹന്നാൻ പറയുന്ന യേശു വചനമായിരുന്നെങ്കിൽ, അവൻ വചനമാണെന്ന് (Logos – Word) ഒരിക്കൽപ്പോലും എഴുത്തുകാരൻ അക്ഷരംപ്രതി ആലേഖനം ചെയ്യാഞ്ഞത് എന്താണ്? സ്വയവ്യാഖ്യാനത്താലല്ലാതെ, അവൻ വചനമാണെന്ന് വചനംകൊണ്ട് തെളിയിക്കാൻ സ്വർഗ്ഗത്തിലും ഭുമിയിലും ആർക്കും കഴിയില്ല. യേശുവിൻ്റെ അസ്തിത്വം (Existence), അല്ലെങ്കിൽ പ്രകൃതി (Nature), അല്ലെങ്കിൽ പേര് (Name), അതുമല്ലെങ്കിൽ പദവി (Title) വചനം (Logos – Word) എന്നായിരുന്നെങ്കിൽ, യേശു വചനമാണെന്ന് പുതിയനിയമത്തിലെ എട്ടെഴുത്തുകാരിൽ ആരെങ്കിലും ഒരിക്കലെങ്കിലും അതക്ഷരംപ്രതി ആലേഖനം ചെയ്യാതിരുന്നത് എന്താണ്?
𝟭. ആദിയിൽ:
➦ “ആദിയിൽ വചനം ഉണ്ടായിരുന്നു” (In the beginning was the Word) എന്നത് ഗ്രീക്കിൽ, 𝗘𝗻 𝗮𝗿𝗰𝗵𝗲 𝗲𝗻 𝗵𝗼 𝗟𝗼𝗴𝗼𝘀 ആണ്. ഇതിൽ ആദിയിൽ (En arche – In the beginning) എന്ന പ്രയോഗം ഏവർക്കും സുപരിചിതമാണ്. “ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു.” (ഉല്പ, 1:1). നമ്മുടെ കർത്താവും അപ്പൊസ്തലന്മാരും ആദിമസഭയും ഉപയോഗിച്ചിരുന്ന ഗ്രീക്ക് സെപ്റ്റ്വജിൻ്റിൻ്റെ (LXX) പരിഭാഷ ഇപ്രകാരമാണ്: 𝗘𝗻 𝗮𝗿𝗰𝗵𝗲 𝗲𝗽𝗼𝗶𝗲𝘀𝗲𝗻 𝗵𝗼 𝗧𝗵𝗲𝗼𝘀 𝘁𝗼𝗻 𝗼𝘂𝗿𝗮𝗻𝗼𝗻 𝗸𝗮𝗶 𝘁𝗲𝗻 𝗴𝗲𝗻. അതായത്, LXX-ൻ്റെ ഉല്പത്തി പുസ്തകത്തിൽ ‘ആദിയിൽ’ (In the beginning) എന്ന് പറയാൻ ഉപയോഗിച്ചിരിക്കുന്ന 𝗘𝗻 𝗮𝗿𝗰𝗵𝗲 എന്ന അതേ പദമാണ് യോഹന്നാനും ഉപയോഗിച്ചിരിക്കുന്നത്.
𝟮. വചനം:
➦ “ആദിയിൽ വചനം ഉണ്ടായിരുന്നു” (In the beginning was the Word): (യോഹ, 1:1). ഇവിടെപ്പറയുന്ന വചനം യേശുവല്ല; അവൻ്റെ വായിൽനിന്ന് പുറപ്പെട്ടതും (ലൂക്കൊ, 4:22) അവൻ സംസാരിച്ചതുമാണ് വചനം: “ഞാൻ സംസാരിച്ച ‘വചനം’ തന്നേ ഒടുക്കത്തെ നാളിൽ അവനെ ന്യായം വിധിക്കും.” (യോഹ, 12:48 – യോഹ, 15:3). യേശു വചനമാണെങ്കിൽ, യേശുവിൻ്റെ വായിൽനിന്ന് പറപ്പെട്ട വചനം ആരാണ്? വചനത്തിൻ്റെ വായിൽനിന്ന് വചനം പുറപ്പെട്ടു എന്ന് പറയാൻ പറ്റുമോ? തന്നെയുമല്ല, ‘വചനം’ (Logos) യേശുവാണെന്ന് ബൈബിളിലെ ഒരു വാക്കിൽപ്പോലും പറഞ്ഞിട്ടില്ല. എന്തെന്നാൽ ബൈബിൾ വെളിപ്പെടുത്തുന്ന ലോഗോസ് (Logos – Word) ആരുടെയും അസ്തിത്വമോ (Existence), പ്രകൃതിയോ (Nature), പേരോ (Name), പദവിയോ (Title) അല്ല; ദൈവത്തിന്റെയും (യോഹ, 10:35) ക്രിസ്തുവിന്റെയും (യോഹ, 15:3) ദൂതന്റെയും (ലൂക്കൊ, 1:29) പ്രവാചകന്റെയും (യോഹ, 12:38) അപ്പൊസ്തലന്മാരുടെയും (യോഹ, 17:20) വിശ്വാസികളുടെയും (മത്താ, 5:37; കൊലൊ, 4:6) വായിൽനിന്ന് പുറപ്പെടുന്ന വാക്കാണ്. എല്ലാവരുടെയും വായിൽനിന്ന് പുറപ്പെടുന്ന വാക്ക് യേശുവാണെന്ന് എങ്ങനെ പറയാൻ പറ്റും? അതായത്, യേശു വചനംപോലുമല്ല; പിന്നെങ്ങനെ വചനമെന്ന ദൈവമാണെന്ന് പറയും? ഇനിയത് യേശു ആണെന്ന് വ്യഖ്യാനിക്കുന്നവർ, ‘വചനം’ (Logos – Word) എന്നത് യേശുവിൻ്റെ അസ്തിത്വമാണോ, പ്രകൃതിയാണോ, പദവിയാണോ, പേരാണോ എന്ന് വ്യക്തമാക്കേണ്ടതല്ലയോ? യേശു വചനമാണെന്ന് പറയുന്നതല്ലാതെ, വചനം യേശുവിൻ്റെ എന്താണെന്ന് ലോകത്തുള്ള ഒരു ക്രൈസ്തവപണ്ഡിതനും ഇന്നയോളം വ്യക്തമാക്കിയിട്ടില്ല. അതുതന്നെ, അതാരു മാനുഷിക വ്യാഖ്യാനമാണ് എന്നതിൻ്റെ തെളിവാണ്.
𝟯. ഉണ്ടായിരുന്നു:
➦ “ആദിയിൽ വചനം ഉണ്ടായിരുന്നു” (In the beginning was the Word): (യോഹ, 1:1). ഈ വേദഭാഗത്ത്, “ഉണ്ടായിരുന്നു, ആയിരുന്നു” (Was) എന്നർത്ഥത്തിൽ മൂന്നുപ്രാവശ്യം ഉപയോഗിച്ചിരിക്കുന്ന ഗ്രീക്കുപദം 𝗲𝗻 (ഏൻ) എന്ന ക്രിയാപദമാണ്. ഇത്, ‘ആകുന്നു’ എന്നർത്ഥമുള്ള 𝗲𝗶𝗺í (എയ്മി) എന്ന ക്രിയയുടെ ഭൂതകാല രൂപമാണ് (Imperfect tense). വ്യാകരണത്തിൽ (Grammar) ഭൂതകാലത്തിൽ (Past tense) നടന്നുകൊണ്ടിരുന്നതോ, പൂർണ്ണമാകാത്തതോ ആയ ഒരു പ്രവർത്തിയെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന ക്രിയാ രൂപമാണ് Imperfect tense. എന്നുപറഞ്ഞാലും ഈ പദം ഭൂതകാലം തന്നെയാണ്; വർത്തമാനകാലം (Present tense) അല്ല. ഉദാ: (ലൂക്കൊ, 22:56; ലൂക്കൊ, 22:59; യാക്കോ, 5:17).
𝟰. ആദിയിൽ വചനം ഉണ്ടായിരുന്നു:
➦ യോഹന്നാൻ പറയുന്ന “ആദിയിൽ ഉണ്ടായിരുന്ന വചനം” ഏതാണ്? അതറിയാൻ മൂന്നാം വാക്യം നോക്കിയാൽ മതി: “സകലവും അവൻ മുഖാന്തരം ഉളവായി; ഉളവായതു ഒന്നും അവനെ കൂടാതെ ഉളവായതല്ല.” (യോഹ, 1:3). സകലതും ഉളവായ, അല്ലെങ്കിൽ സൃഷ്ടിക്ക് കാരണമായ വചനത്തെക്കുറിച്ചാണ് യോഹന്നാൻ പറയുന്നത്. അതാണ് ദൈവത്തിൻ്റെ വായിൽനിന്ന് പറപ്പെട്ടതും ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചതുമായ വചനം: “എന്റെ വായിൽ നിന്നു പുറപ്പെടുന്ന എന്റെ വചനം ആയിരിക്കും; അതു വെറുതെ എന്റെ അടുക്കലേക്കു മടങ്ങിവരാതെ എനിക്കു ഇഷ്ടമുള്ളതു നിവർത്തിക്കയും ഞാൻ അയച്ച കാര്യം സാധിപ്പിക്കയും ചെയ്യും.” (യെശ, 55:11 – 2ദിന, 36:12; ഇയ്യോ, 22:22; സങ്കീ, 119:72; യെശ, 45:23; 48:3; യിരെ, 9:20; യെഹെ, 3:17; 33:7). ആ വചനത്താലാണ് ദൈവം ആകാശവുംഭൂമിയും സൃഷ്ടിച്ചത്: “യഹോവയുടെ വചനത്താൽ ആകാശവും അവന്റെ വായിലെ ശ്വാസത്താൽ അതിലെ സകലസൈന്യവും ഉളവായി.” (സങ്കീ, 33:6). ”ഇതാണ് ആദിയിൽ ദൈവം സകലതും ഉളവാക്കിയ അവൻ്റെ വായിൽനിന്ന് പുറപ്പെട്ട വചനം. ദൈവത്തിൻ്റെ വായിൽനിന്ന് പുറപ്പെട്ട വാക്കാണ് (വചനം) യേശു എന്ന് എങ്ങനെ പറയും?
𝟱. സൃഷ്ടികർത്താവ്:
➦ ക്രിസ്തു വചനമാണെന്നും, അവൻ മുഖാന്തരമാണ് ആദിയിലെ സൃഷ്ടി നടത്തിയതെന്നും വ്യാഖ്യാനിച്ച് പറയുന്നവർ സ്രഷ്ടാവായ ഏകദൈവത്തിലോ, ദൈവത്തിൻ്റെ ക്രിസ്തുവിലോ വിശ്വസിക്കുന്നവരല്ല. ദൈവത്തിൻ്റെയും ക്രിസ്തുവിൻ്റെയും വാക്കുകൾ നോക്കാം:
☛ ഞാൻ ഒറ്റയ്ക്ക് സൃഷ്ടിച്ചു:
➦ യഹോവയായ ഏകദൈവം ഒരു വെല്ലുവിളിയെന്നവണ്ണം ചോദിക്കുന്നത് ഇപ്രകാരമാണ്: “നിന്റെ വീണ്ടെടുപ്പുകാരനും ഗർഭത്തിൽ നിന്നെ നിർമ്മിച്ചവനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യഹോവയായ ഞാൻ സകലവും ഉണ്ടാക്കുന്നു; ഞാൻ തന്നേ ആകാശത്തെ വിരിക്കയും ഭൂമിയെ പരത്തുകയും ചെയ്തിരിക്കുന്നു; ആർ എന്നോടുകൂടെ ഉണ്ടായിരുന്നു?“ (യെശ, 44:24). ഈ വേദഭാഗത്ത്, “ഞാൻ തന്നേ ആകാശത്തെയും ഭൂമിയെയും സൃഷ്ടിച്ചു” എന്നിടത്ത്, എബ്രായയിൽ “ഒറ്റയ്ക്ക്, തനിച്ചു” എന്നൊക്കെ അർത്ഥമുള്ള 𝗕𝗮𝗱 എന്ന പദവും ഇംഗ്ലീഷിൽ 𝗔𝗹𝗼𝗻𝗲 എന്ന പദവുമാണ്. അതായത്, ഞാൻ ‘ഒറ്റയ്ക്കു’ സൃഷ്ടിച്ചു എന്നാണ് യഹോവ പറയുന്നത്. യഹോവയും യേശുവും കൂടിയാണ് സൃഷ്ടി നടത്തിയതെങ്കിൽ, താൻ ഒറ്റയ്ക്കാണ് സൃഷ്ടി നടത്തിയതെന്ന് ദൈവം പറയുമായിരുന്നോ?
𝟲. എന്റെ വചനങ്ങളെ യേശുവിൻ്റെ നാവിന്മേൽ ആക്കും:
➦ ക്രിസ്തുവിനെക്കുറിച്ചുള്ള ദൈവത്തിൻ്റെ വാഗ്ദത്തം പരിശോധിച്ചാൽ, യേശു വചനമല്ല; അവൻ്റെ നാവിൽ ദൈവം കൊടുത്തതാണ് വചനം എന്ന് കാണാൻ കഴിയും. “നിന്നെപ്പോലെ ഒരു പ്രവാചകനെ ഞാൻ അവർക്ക് അവരുടെ സഹോദരന്മാരുടെ ഇടയിൽനിന്ന് എഴുന്നേല്പിച്ച് എന്റെ വചനങ്ങളെ അവന്റെ നാവിന്മേൽ ആക്കും; ഞാൻ അവനോടു കല്പിക്കുന്നതൊക്കെയും അവൻ അവരോടു പറയും. അവൻ എന്റെ നാമത്തിൽ പറയുന്ന എന്റെ വചനങ്ങൾ യാതൊരുത്തെനങ്കിലും കേൾക്കാതിരുന്നാൽ അവനോടു ഞാൻ ചോദിക്കും.” (ആവ, 18:18-19). യഹോവയായ ദൈവം ക്രിസ്തുവിനെക്കുറിച്ച് മോശെയോട് പറഞ്ഞതാണിത്. (പ്രവൃ, 3:22-23). ഇവിടെ “എന്റെ വചനങ്ങളെ യേശുവിൻ്റെ നാവിന്മേൽ ആക്കും” എന്നാണ് യഹോവ പറയുന്നത്. യേശു വചനമല്ല എന്നതിൻ്റെ ഏറ്റവും നല്ല തെളിവാണ് യഹോവയുടെ വാക്കുകൾ. ദൈവം അവൻ്റെ നാവിന്മേൽ ആക്കിക്കൊടുത്ത വചനങ്ങളാണ്, അവൻ്റെ വായിൽനിന്ന് പുറപ്പെട്ട ലാവണ്യവചനങ്ങൾ: (ലൂക്കൊ, 4:22). ക്രിസ്തു വചനമല്ല; അവൻ സംസാരിച്ചതാണ് വചനം: (ലൂക്കൊ, 4:32; ലൂക്കൊ, 4:36; യോഹ, 12:48 – കൊലൊ, 3:16). പിതാവായ യഹോവ അവൻ്റെ നാവിന്മേൽ ആക്കിക്കൊടുത്ത തൻ്റെ വചനങ്ങളാണ് ക്രിസ്തു സംസാരിച്ചത്. “ഞാൻ സംസാരിക്കുന്നതു പിതാവു എന്നോടു അരുളിച്ചെയ്തതുപോലെ തന്നേ സംസാരിക്കുന്നു” എന്നാണ് യേശു പറഞ്ഞത്: (യോഹ, 12:50). യേശു വചനമായിരുന്നെങ്കിൽ, എൻ്റെ വചനങ്ങളെ വചനത്തിൻ്റെ നാവിൽ ആക്കിക്കൊടുക്കും എന്ന് ദൈവം പറഞ്ഞു എന്നാണോ മനസ്സിലാക്കേണ്ടത്? ഭാഷ എന്ന് പറയുന്നത്, ആശയവിനിമയത്തെ സുതാര്യമാക്കാനുള്ളതാണ്; അല്ലാതെ സങ്കീർണ്ണമാക്കാനുള്ളതല്ല.
☛ യഹോവ പറയുന്ന അടുത്തഭാഗം നോക്കുക: “ഞാൻ അവനോടു കല്പിക്കുന്നതൊക്കെയും അവൻ അവരോടു പറയും.” ക്രിസ്തു പറയുന്നത് നോക്കുക: “എന്റെ ഉപദേശം എന്റേതല്ല, എന്നെ അയച്ചവന്റേതത്രേ.” (യോഹ, 7:16). “ഞാൻ സ്വയമായിട്ടു ഒന്നും ചെയ്യാതെ പിതാവു എനിക്കു ഉപദേശിച്ചുതന്നതു പോലെ ഇതു സംസാരിക്കുന്നു.” (യോഹ, 8:28 – യോഹ, 12:49; യോഹ, 12:50; യോഹ, 14:10; യോഹ, 14:24; യോഹ, 14:31; യോഹ, 15:10). യഹോവ കല്പിച്ച വചനങ്ങളാണ് യേശു എന്നു പേരുള്ള മനുഷ്യൻ സംസാരിച്ചത്: (യോഹ, 9:11; യോഹ, 14:31). ഒന്നാമത്, അവൻ വചനമെന്ന ദൈവമായിരുന്നെങ്കിൽ മറ്റൊരുത്തൻ്റെ ആജ്ഞാനുവർത്തി ആകുമായിരുന്നോ? രണ്ടാമത്, യേശു വചനമായിരുന്നെങ്കിൽ, വചനത്തോട് “എൻ്റെ വചനം” ജനത്തോട് കല്പിക്കാൻ ദൈവം പറയുമായിരുന്നോ? യേശു പറയുന്ന ഒരു വാക്യംകൂടി ശ്രദ്ധിക്കുക: “ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു.” (യോഹ, 8:40). ഇവിടെ രണ്ട് കാര്യങ്ങൾ കാണാം: ❶ദൈവത്തിൽനിന്ന് തന്നെ വേർതിരിച്ച് പറകവഴി, താൻ ദൈവമല്ലെന്ന് യേശുവിൻ്റെ വാക്കുകളിൽനിന്ന് വ്യക്തമാകുന്നു. ❷താൻ മനുഷ്യനാണെന്ന് യേശുതന്നെ അസന്ദിഗ്ധമായി പറഞ്ഞിരിക്കുന്നു: (മത്താ, 11:19; ലൂക്കൊ, 7:34). താൻ വചനമെന്ന ദൈവമായിരുന്നെങ്കിൽ, ദൈവത്തിൽനിന്ന് തന്നെ വേർതിരിച്ച് പറയുകയോ, താൻ മനുഷ്യനാണെന്ന് പറയുകയോ ചെയ്യുമായിരുന്നോ? [കാണുക: മോശെയെപ്പോലൊരു പ്രവാചകൻ]
𝟳. ക്രിസ്തുവിൻ്റെ സാക്ഷ്യം:
➦ സ്വഷ്ടാവ് ആരാണെന്ന് ദൈവപുത്രനായ ക്രിസ്തു പറയുന്നത് നോക്കുക. “ഭാര്യയെ ഉപേക്ഷിക്കുന്നത് വിഹിതമോ” എന്നുചോദിച്ച പരീശന്മാരോട് യേശു പറയുന്നത് നോക്കുക: “സൃഷ്ടിച്ചവൻ ആദിയിൽ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു.” (മത്താ, 19:4 – മർക്കൊ, 10:6). ഈ വാക്യത്തോടുള്ള ബന്ധത്തിൽ മൂന്നുകാര്യങ്ങൾ പറയാം:
❶ ക്രിസ്തു പഠിപ്പിച്ചത്: “സൃഷ്ടിച്ച അവൻ” (he which made) എന്നാണ്: (KJV). സ്രഷ്ടാവായ ദൈവത്തിനു ഒരു ബഹുത്വം ഉണ്ടായിരുന്നെങ്കിൽ അഥവാ, പിതാവായ യഹോവയോടൊപ്പം സ്രഷ്ടാവായി താനും ഉണ്ടായിരുന്നെങ്കിൽ, “സൃഷ്ടിച്ച അവൻ” എന്ന ഏകവചനമല്ല, “സൃഷ്ടിച്ച ഞങ്ങൾ” (we which made/we who made) എന്ന ബഹുവചനം പറയുമായിരുന്നു.
❷ ട്രിനിറ്റിയുടെ വ്യാഖ്യാനപ്രകാരം; ദൈവത്തിലെ മൂന്നു പേർ ചേർന്ന് ആദവും ഹവ്വായും എന്ന രണ്ടു പേരെയാണ് ഉണ്ടാക്കിയത്. എന്നാൽ ക്രിസ്തു പറഞ്ഞത്: “സൃഷ്ടിച്ച അവൻ ആദിയിൽ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു” എന്നാണ്. വാക്യം ശ്രദ്ധിക്കണം: ആദത്തിനെയും ഹവ്വായെയും ചേർത്താണ് ‘അവരെ’ (them) എന്ന ബഹുവചനം ക്രിസ്തു പറഞ്ഞത്. സൃഷ്ടികളായ രണ്ടു പേരെച്ചേർത്ത് ബഹുവചനം പറഞ്ഞ ക്രിസ്തു, സ്രഷ്ടാവ് ഒന്നിലധികം പേർ ആയിരുന്നെങ്കിൽ ബഹുവചനം എന്തുകൊണ്ട് പറഞ്ഞില്ല?
❸ കൊയ്നേ ഗ്രീക്കിൽ സൃഷ്ടിയെ കുറിക്കുന്ന രണ്ട് ക്രിയാപദങ്ങളാണ് ഈ വാക്യത്തിലുള്ളത്: ആദ്യത്തെപദം, 𝗛𝗼 𝗽𝗼𝗶𝗲𝘀𝗮𝘀 ആണ്. അതിൽ 𝗛𝗼 എന്നത് 𝗧𝗵𝗲 എന്ന “നിശ്ചയോപപദം” (Definite Article) ആണ്. ഇതൊരു പുല്ലിംഗ ഏകവചനം (Singular Masculine) ആണ്. 𝗽𝗼𝗶𝗲𝘀𝗮𝘀 എന്ന പദത്തിന് “സൃഷ്ടിച്ചവൻ/ഉണ്ടാക്കിയവൻ” (The Maker/ Creator) എന്നാണർത്ഥം. ഇത് പുല്ലിംഗ ഏകവചന ക്രിയാപദം (Singular Masculine Verb) ആണ്. അതായത്, സൃഷ്ടികർത്താവിന് ബഹുത്വമില്ല; അവൻ ഏകനാണെന്ന് ആദ്യപദം അസന്ദിഗ്ദ്ധമായി വ്യക്തമാക്കുന്നു. അടുത്തപദം, 𝗲𝗽𝗼𝗶𝗲𝘀𝗲𝗻 ആണ്. ഇതൊരു പ്രഥമപുരുഷ ഏകവചന ക്രിയാപദം (3rd Person Singular Verb) ആണ്. ഇതിൻ്റെ അർത്ഥം “അവൻ സൃഷ്ടിച്ചു” (He made) എന്നാണ്. അതായത്, സൃഷ്ടിച്ചത് ‘ഞങ്ങൾ’ അല്ല; ‘അവൻ’ ആണ്. ”അവൻ സൃഷ്ടിച്ചു” (He made) എന്ന് പറയാൻ പ്രഥമപുരുഷനിലുള്ള (3rd Person) പദമാണ് ഉപയോഗിച്ചിരിക്കുന്നത്. അതായത്, ഉത്തമപുരുഷനായ ക്രിസ്തു (1st Person), മധ്യമപുരുഷനായ യെഹൂദന്മാരോട് (2nd Person), സ്രഷ്ടാവായ ദൈവത്തെ ഏകവചനത്തിലും (Singular) പ്രഥമപുരുഷനിലും (3rd Person) വിശേഷിപ്പിച്ചുകൊണ്ട്, തനിക്ക് സൃഷ്ടിയിൽ യാതൊരു പങ്കുമില്ലെന്ന് സംശയലേശമന്യേ വ്യക്തമാക്കി.
☛ ട്രിനിറ്റി പഠിപ്പിക്കുന്നപോലെ, ദൈവം സമനിത്യരായ മൂന്നുപേരാണെങ്കിലോ, ക്രിസ്തു വചനമെന്ന ദൈവമാണെങ്കിലോ, യഹോവസാക്ഷികൾ പറയുമ്പോലെ: ആദ്യത്തെ സൃഷ്ടിയെന്ന നിലയിൽ ദൈവത്തോടൊപ്പം സഹായിയായോ, ശില്പിയായോ അവൻ ഉണ്ടായിരുന്നെങ്കിലോ “സൃഷ്ടിച്ച അവൻ” (he which made/he who made) എന്ന് ഏകവചനത്തിലും “അവൻ സൃഷ്ടിച്ചു” (he made) എന്ന് പ്രഥമപുരുഷ ഏകവചനത്തിലും പറയാതെ, “ഞങ്ങൾ സൃഷ്ടിച്ചു” എന്ന് ഉത്തമപുരുഷ ബഹുവചനത്തിൽ (we which made/ we who made) പറയുമായിരുന്നു. മർക്കൊസിൽ പറയുന്നതും “ദൈവം അവരെ സൃഷ്ടിച്ചു” (God made them) എന്ന് പ്രഥമ പുരുഷനിലാണ്. (മർക്കൊ, 10:6 – മർക്കൊ, 13:19). സൃഷ്ടിയിങ്കൽ താനും ഉണ്ടായിരുന്നെങ്കിൽ, “ഞങ്ങൾ സൃഷ്ടിച്ചു” എന്നോ, “ദൈവവും ഞാനുകൂടി സൃഷ്ടിച്ചു” എന്നോ പറയുമായിരുന്നു. അതാണ് ഭാഷയുടെ നിയമം. തന്മൂലം, സൃഷ്ടിയിൽ തനിക്ക് യാതൊരു പങ്കുമില്ലെന്ന് ക്രിസ്തുവിൻ്റെ വാക്കിനാൽ അസന്ദിഗ്ധമായി മനസ്സിലാക്കാം. “മനുഷ്യർക്ക് മനസ്സിലാകാൻ മനുഷ്യരുടെ ഭാഷയിൽ മനുഷ്യരെക്കൊണ്ട് ദൈവം എഴുതിച്ച വചനത്തിൽ വ്യാകരണവിരുദ്ധമായി ഒന്നും ഉണ്ടാകില്ല; ഉണ്ടാകാൻ പാടില്ല.” ദൈവശ്വാസീയമായ തിരുവെഴുത്തുകളെയും ഭാഷയെയും അതിക്രമിച്ചുകൊണ്ടല്ലാതെ, ദൈവം ത്രിത്വമാണെന്നോ, ക്രിസ്തു വചനമെന്ന സ്രഷ്ടാവാണെന്നോ, ആദ്യസൃഷ്ടിയാണെന്നോ പറയാൻ ആർക്കും കഴിയില്ല. [കാണുക: നാം നമ്മുടെ സ്വരൂപത്തിലും സാദൃശ്യത്തിലും മനുഷ്യനെ ഉണ്ടാക്കുക]
𝟴. വചനം ദൈവത്തോടുകൂടെ ആയിരുന്നു:
➦ “വചനം ദൈവത്തോടുകൂടെ ആയിരുന്നു” (The Word was with God): (യോഹ, 1:1). വചനം ദൈവത്തിൻ്റെ വായിൽനിന്ന് പുറപ്പെടുന്നതാണെങ്കിൽ, “വചനം ദൈവത്തോടു ‘കൂടെ’ ആയിരുന്നു” എന്ന് എങ്ങനെ പറയും? ദൈവം തൻ്റെ വായിൽനിന്ന് പുറപ്പെട്ട വചനത്താൽ ‘ഉളവാകട്ടെ’ എന്ന് കല്പിച്ചുകൊണ്ടാണ് ആദിയിൽ സൃഷ്ടി നടത്തിയതെന്ന് മുകളിൽ നാം കണ്ടതാണ്: (യെശ, 55:11 – സങ്കീ, 33:6). ദൈവത്തിൻ്റെ വായിൽനിന്ന് പുറപ്പെട്ട വചനത്തിന് “വ്യക്തിത്വാരോപണം” (Personification) കൊടുത്തുകൊണ്ടാണ് യോഹന്നാൻ തൻ്റെ സുവിശേഷം സമാരംഭിക്കുന്നത്. അതുകൊണ്ടാണ്, വചനത്തെ ദൈവത്തോടുകൂടെ ആയിരുന്ന ഒരു വ്യക്തിയെപ്പോലെ അവതരിപ്പിക്കുന്നത്. ഈ വേദഭാഗത്തും, വചനം ദൈവത്തോടുകൂടെ ആയിരുന്നു എന്ന് ഭൂതകാലത്തിലാണ് (Past tense) പറയുന്നത്. വചനം യേശു ആയിരുന്നെങ്കിൽ, “വചനം ദൈവത്തോടുകൂടെ ആകുന്നു” എന്ന് വർത്തമാനകാലത്തിൽ പറയുമായിരുന്നു.
𝟵. വചനം ദൈവം ആയിരുന്നു:
➦ “വചനം ദൈവം ആയിരുന്നു” (The Word was God): (യോഹ, 1:1). ഈ വേഭാഗവും ശ്രദ്ധിക്കുക: “വചനം ദൈവം ആകുന്നു” എന്ന് വർത്തമാന കാലത്തിലല്ല (Present tense); “വചനം ദൈവം ആയിരുന്നു” എന്ന് ഭൂതകാലത്തിലാണ് (Past tense) പറയുന്നത്. ഇതിനോടുള്ള ബന്ധത്തിൽ ചില കാര്യങ്ങൾ പറയാം:
❶ ഇവിടെപ്പറയുന്ന ‘വചനം’ (Word) ദൈവത്തോടു കുടെയുള്ള ഒരു സത്യദൈവത്തെ കുറിക്കുന്ന പ്രയോഗം ആയിരുന്നെങ്കിൽ, “വചനം ദൈവം ആയിരുന്നു” എന്ന് ഭൂതകാലത്തിൽ ഒരിക്കലും പറയില്ലായില്ലായിരുന്നു. എന്തെന്നാൽ, ദൈവത്തിന് ഭൂതവും ഭാവിയുമില്ല; നിത്യവർത്തമാനമാണ് ഉള്ളത്: (പുറ, 3:14). ആരംഭത്തിങ്കൽ തന്നേ അവസാനവും പൂർവ്വകാലത്തു തന്നേ മേലാൽ സംഭവിപ്പാനുള്ളതും പ്രസ്താവിക്കുന്നവനാണ് ദൈവം: (യെശ, 46:10). അതിനാൽ ദൈവത്തെ “ദൈവം ആയിരുന്നു” എന്നോ, “ദൈവം ആകും” എന്നോ ഭൂതകാലത്തിലോ, ഭാവികാലത്തിലോ പറയാൻ കഴിയില്ല.
❶ ‘ദൈവം’ (God) എന്നത് സ്രഷ്ടാവിൻ്റെ പ്രകൃതിയാണ്; അല്ലാതെ എടുത്തണിഞ്ഞിരിക്കുന്ന വേഷമല്ല. ദൈവം ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവനും മാറാത്തവനുമാണ്: (യാക്കോ, 1:17; മലാ, 3:6). അതിനാൽ ദൈവത്തിന് തൻ്റെ സ്ഥായിയായ പ്രകൃതി ഏതൊരു കാരണംചൊല്ലിയും ത്യജിക്കാൻ കഴിയില്ല. തന്മൂലം, സത്യദൈവത്തെ “ദൈവം ആയിരുന്നു” എന്ന് ഭൂതകാലത്തിൽ പറയാൻ കഴിയില്ല.
❸ എല്ലാ സൽഗുണങ്ങളും ഒത്തുചേർന്ന സമ്പൂർണ്ണസത്തയാണ് ദൈവം: (മത്താ, 5:48). അതിനാൽ ദൈവത്തിൻ്റെ എല്ലാ അംശങ്ങളും ദൈവം തന്നെയാണ്. ആദിയിൽ ദൈവത്തിൻ്റെ വായിൽനിന്ന് പുറപ്പെട്ടതും ആകാശവും ഭൂമിയും സൃഷ്ടിച്ചതുമായ വചനവും ദൈവമായിരുന്നു. ആദിയിൽ ദൈവത്തിൻ്റെ വായിൽനിന്ന് പുറപ്പെട്ട് വചനം അന്നേ തൻ്റെ പ്രവർത്തി തികച്ചു കഴിഞ്ഞതുകൊണ്ടാണ്, “വചനം ദൈവം ആയിരുന്നു” എന്ന് ഭൂതകാലത്തിൽ പറഞ്ഞിരിക്കുന്നത്: (സങ്കീ, 33:6).
𝟭𝟬. ‘അവൻ’ എന്ന സർവ്വനാമം:
➦ “അവൻ ആദിയിൽ ദൈവത്തോടു കൂടെ ആയിരുന്നു.” ((യോഹ, 1:3). രണ്ടാം വാക്യംമുതൽ വചനത്തിന് ‘അവൻ’ (𝐇𝐞) എന്ന പുല്ലിംഗസർവ്വനാമം (Masculine Pronoun) പറഞ്ഞിരിക്കയാൽ, വചനം യേശു ആണെന്ന് കരുതുന്നവരുണ്ട്. യോഹന്നാൻ്റെ സുവിശേഷത്തെക്കുറിച്ചോ, ഗ്രീക്ക് ഭാഷയെക്കുറിച്ചോ യാതൊരു ധാരണയുമില്ലാത്ത ആരോ പറഞ്ഞുണ്ടാക്കിയ ഒരു അബദ്ധമാണിത്. അവൻ എന്ന പുല്ലിംഗസർവ്വനാമം ഉപയോഗിക്കാൻ പല കാരണങ്ങളുണ്ട്:
❶ “ഞാൻ, എൻ്റെ, ഇവൻ, അവൻ, ഇവൾ, അവൾ, ഇത്, അതു” എന്നീ പദങ്ങളെ വ്യാകരണത്തിൽ ‘സർവ്വനാമം’ (Pronoun) എന്ന് പറയും. നാമത്തിന് പകരം ഉപയോഗിക്കുന്ന പദമാണ് സർവ്വനാമം. അതായത്, നാമം ആവർത്തിച്ച് ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന വിരസത ഒഴിവാക്കാനാണ് സർവ്വനാമങ്ങൾ ഉപയോഗിക്കുന്നത്. ഒന്നാം വാക്യത്തിൽ ‘വചനത്തെ’ (Word) കുറിക്കാൻ 𝗟𝗼𝗴𝗼𝘀 എന്ന ഗ്രീക്കു നാമപദം (Noun) മൂന്നുപ്രാവശ്യം പറഞ്ഞിട്ടുണ്ട്. പിന്നെയും അടുത്തവാക്യത്തിൽ ആ പദം ആവർത്തിച്ച് ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന വിരസത ഒഴിവാക്കാനാണ്, 𝗵𝗼𝘂𝘁𝗼𝘀, 𝗮𝘂𝘁𝗼𝘀 എന്നീ പുല്ലിംഗ സർവ്വനാമങ്ങൾ (Masculine Pronouns) യോഹന്നാൻ ഉപയോഗിച്ചിരിക്കുന്നത്. ‘വചനം’ (Word) എന്ന നാമപദം (Noun) കഴിഞ്ഞിട്ട് ഏത് സർവ്വനാമം ഉപയോഗിച്ചാലും, ആ സർവ്വനാമത്തിൻ്റെ ഉടയവൻ ‘വചനം’ തന്നെ ആയിരിക്കും. പുല്ലിംഗ സർവ്വനാമം ഉപയോഗിച്ചിരിക്കുന്ന കാരണത്താൽ, വചനം യഥാർത്ഥത്തിൽ ഒരു പുരുഷ വ്യക്തിയായി രൂപാന്തരം പ്രാപിക്കില്ല.
❷ മലയാളത്തിൽ “വാക്കു/വചനം” എന്ന പദത്തിന് “അതു/ഇതു” എന്നീ നപുംസകലിംഗമാണ് (Neuter) ഉപയോഗിക്കുന്നത്. ഇംഗ്ലീഷിൽ ‘Word’ എന്ന പദത്തിന് ‘It’ എന്ന ‘Neuter’ സർവ്വനാമമാണ് ഉപയോഗിക്കുന്നത്. അതായത്, മലയാളം ഇംഗ്ലീഷ് ഭാഷകളിൽ അചേതന വസ്തുക്കളെയോ, വാക്കു/വചനത്തെയോ, ഗുണങ്ങളെയോ (ജ്ഞാനം, സ്നേഹം മുതലായവ) കുറിച്ച് പറയാൻ, സാധാരണ നിലയിൽ നപുംസക ലിംഗമാണ് ഉപയോഗിക്കുന്നത്. എന്നാൽ ഗ്രീക്ക് ഭാഷയ്ക്ക് ഒരു പ്രത്യേകതയുണ്ട്. ഗ്രീക്ക് ഭാഷയിൽ പദങ്ങൾക്ക് ലിംഗഭേദം (Gender) ഉണ്ട്. കൊയ്നേ ഗ്രീക്കിൽ “വചനം അല്ലെങ്കിൽ വാക്കിനെ” കുറിക്കുന്ന മൂന്ന് ലിംഗത്തിലുമുള്ള പദങ്ങളുമുണ്ട്. ‘ലോഗൊസ്’ (Logos) പുല്ലിഗവും (Masculine), ‘റീമ’ (Rhema) നപുംസകലിംഗവും (Neuter), ‘ലാലിയ’ (Lalia) സ്ത്രീലിംഗവും (Feminine) ആണ്: (മത്താ, 5:37 – മത്താ, 12:36 – മത്താ, 26:73). ഗ്രീക്കിൻ്റെ പരിഭാഷയായതുകൊണ്ടാണ്, ഇംഗ്ലീഷിലും മലയാളത്തിലും ‘അവൻ’ (he) എന്ന പുല്ലിംഗസർവ്വനാമം (Masculine Pronoun) വന്നത്.
❸ പഴയനിയമത്തിൽ ദൈവത്തിൻ്റെ വായിൽനിന്ന് പുറപ്പെട്ട ‘ദബാർ’ (Dabar – Word) കൊണ്ടാണ് ദൈവം ആകാശഭൂമികൾ സൃഷ്ടിച്ചത്: (യെശ, 45:23; യിരെ, 9:20; യെഹെ, 3:17; 33:7 – സങ്കീ, 33:6). എന്നാൽ യേശുക്രിസ്തുവും അപ്പൊസ്തലന്മാരും ആദിമസഭയും ഉപയോഗിച്ചിരുന്ന LXX-ൽ തൽസ്ഥാനത്ത് 𝗟𝗼𝗴𝗼𝘀 ആണ് ഉപയോഗിച്ചിരുന്നത്: (Isa, 45:23; Jer, 9:20; Ezk, 3:17; Ezk, 33:17 – Psa, 33:6). അതിൻ്റെ 𝗟𝗼𝗴𝗼𝘀 എന്ന പുല്ലിഗ ഏകവചനത്തിലുള്ള (Singular Masculine) പദമാണ് യോഹന്നാൽ ഒന്നാം അദ്ധ്യായത്തിൽ ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ടാണ്, വചനത്തിന് ‘അവൻ’ (He) എന്ന പുല്ലിംഗ സർവ്വനാമംതന്നെ ഉപയോഗിച്ചിരിക്കുന്നത്. ഗ്രീക്ക് വ്യാകരണത്തിൽ പദങ്ങൾക്ക് ലിംഗഭേദം (Gender) ഉള്ളതുകൊണ്ട്, ഓരോ പദങ്ങൾക്കും അതതിൻ്റെ ലിംഗത്തിലുള്ള സർവ്വനാമങ്ങൾ മാത്രമേ ഉപയോഗിക്കാൻ കഴിയുകയുള്ളു. അല്ലാതെ, ലോഗോസ് യേശു ആയതുകൊണ്ടല്ല ‘അവൻ’ (he) എന്ന പുല്ലിംഗ സർവ്വനാമം ഉപയോഗിച്ചിരിക്കുന്നത്.
❹ വേറെയും കാരണമുണ്ട്. യോഹന്നാൻ 𝗟𝗼𝗴𝗼𝘀-ന് ‘വ്യക്തിത്വാരോപണം’ (Personification) കൊടുത്തുകൊണ്ടാണ് തൻ്റെ സുവിശേഷം ആരംഭിക്കുന്നത്. അതുകൊണ്ടാണ്, ദൈവത്തിൻ്റെ വായിൽനിന്ന് പുറപ്പെട്ടതും ആദിയിൽ ദൈവം ആകാശവുംഭൂമിയും സൃഷ്ടിച്ചതുമായ വചനത്തെ “ദൈവത്തോടുകൂടെ ആയിരുന്ന” ഒരു വ്യക്തിയെപ്പോലെ അവതരിപ്പിക്കുന്നത്. ഒരു പുരുഷവ്യക്തിയെപ്പോലെ വചനത്തെ അവതരിപ്പിക്കുന്നതുകൊണ്ടാണ്, 𝗟𝗼𝗴𝗼𝘀 എന്ന പുല്ലിംഗ നാമപദവും പുല്ലിംഗ സർവ്വനാമവും ഉപയോഗിച്ചത്. സദൃശ്യവാക്യങ്ങളിൽ ജ്ഞാനത്തിന് (Wisdom) ശലോമോൻ ‘വ്യക്തിത്വാരോപണം’ കൊടുത്തിട്ടുണ്ട്. ജ്ഞാനത്തെ കുറിക്കുന്ന 𝗛𝗼𝗸𝗵𝗺𝗮𝗵 എന്ന എബ്രായപദവും 𝘀𝗼𝗽𝗵𝗶𝗮 എന്ന സെപ്റ്റ്വജിൻ്റ് ഗ്രീക്കുപദവും സ്ത്രീലിംഗ നാമപദം (Feminine Noun) ആണ്. അതുകൊണ്ടാണ്, ജ്ഞാനത്തിന് ‘അവൾ’ (She) എന്ന സർവ്വനാമം കൊടുത്തിരിക്കുന്നത്: (സദൃ, 8:1-2). അതുകൊണ്ട്, ജ്ഞാനം യഥാർത്ഥത്തിൽ ഒരു മനുഷ്യസ്ത്രീയായി മാറുന്നില്ല.
❺ ‘ജ്ഞാനത്തെ’ (Wisdom) കുറിക്കുന്ന 𝘀𝗼𝗽𝗵𝗶𝗮 എന്ന ഗ്രീക്കുപദം സ്ത്രീലിംഗ നാമപദം (Feminine Noun) ആണ്. അതിനാൽ ജ്ഞാനത്തെ കുറിക്കാൻ സ്ത്രീലിംഗ സർവ്വനാമമാണ് (Feminine Pronoun) പുതിയനിയമത്തിലും ഉപയോഗിച്ചിരിക്കുന്നത്. “ജ്ഞാനമോ തന്റെ എല്ലാ മക്കളാലും നീതീകരിക്കപ്പെട്ടിരിക്കുന്നു.” (ലൂക്കൊ, 7:35). ഇവിടെ മലയാളത്തിൽ ഉപയോഗിച്ചിരിക്കുന്ന ‘തൻ്റെ’ എന്നത് സ്ത്രീക്കും പുരുഷനും അചേതന വസ്തുക്കൾക്കും ഒരേപോലെ ഉപയോഗിക്കാൻ കഴിയുന്ന ഒരു പൊതു സർവ്വനാമമാണ്. എന്നാൽ ഗ്രീക്കിലും ഇംഗ്ലീഷിലും കൃത്യമായ സ്ത്രീലിംഗ സർവ്വനാമം കാണാൻ കഴിയും. “edikaiōthē hē 𝘀𝗼𝗽𝗵𝗶𝗮 apo pantōn tōn teknōn 𝗮𝘂𝘁𝗲𝘀 – 𝗪𝗶𝘀𝗱𝗼𝗺 is justified by all 𝗵𝗲𝗿 children.” ഇവിടെ ഗ്രീക്കിൽ 𝘀𝗼𝗽𝗵𝗶𝗮 എന്ന സ്ത്രീലിംഗ നാമപദവും 𝗮𝘂𝘁𝗲𝘀 എന്ന അതിൻ്റെ സ്ത്രീലിംഗത്തിലുള്ള സർവ്വനാമമാണ് ഉപയോഗിച്ചിരിക്കുന്നത്. എന്നാൽ ഇംഗ്ലീഷിലെ 𝗪𝗶𝘀𝗱𝗼𝗺 ലിംഗഭേദമുള്ള (Gender) പദമല്ല. അതിനാൽ സാധാരണ നിലയിൽ 𝗜𝘁 എന്ന നപുംസകലിംഗമാണ് ഉപയോഗിക്കേണ്ടത്. എന്നാൽ ഗ്രീക്കിൻ്റെ പരിഭാഷയായതുകൊണ്ടാണ് 𝗵𝗲𝗿 എന്ന സ്ത്രീലിംഗം ഉപയോഗിച്ചിരിക്കുന്നത്. ഈ വാക്യത്തിൽ, 𝘀𝗼𝗽𝗵𝗶𝗮-യ്ക്കും ‘വ്യക്തിത്വാരോപണം’ (Personification) കൊടുത്തിരിക്കയാണ്. അതുകൊണ്ടാണ്, ജ്ഞാനത്തിന് മക്കൾ (Children) ഉള്ളതായി പറഞ്ഞിരിക്കുന്നത്: (ലൂക്കൊ, 7:35).
❻ യോഹന്നാൻ വചനത്തിന് വ്യക്തിത്വാരോപണം (Personification) കൊടുത്തതിനും, 𝗟𝗼𝗴𝗼𝘀 എന്ന പുല്ലിംഗനാമപദം (Masculine Noun) ഉപയോഗിച്ചതിനും, വളരെ പ്രധാനപ്പെട്ട മറ്റൊരു കാരണമുണ്ട്. ആത്മീയമായിട്ടാണെങ്കിലും, “വചനം ജഡമായി തീർന്നു” (The word was made flesh) അല്ലെങ്കിൽ, വചനം ഒരു മനുഷ്യനായിത്തീർന്നു എന്ന് പറയുന്നത്, യേശു എന്ന് പേരുള്ള മനുഷ്യൻ അല്ലെങ്കിൽ പുരുഷനെക്കുറിച്ചാണ്: (യോഹ, 9:11). യേശുവിനെ യോഹന്നാൻ്റെ സുവിശേഷത്തിൽ ‘മനുഷ്യൻ’ (Anthropos – Man) എന്നും (യോഹ, 8:40), ‘പുരുഷൻ’ (Aner – Man) എന്നും (യോഹ, 1:30) അഭിന്നമായി പറഞ്ഞിട്ടുണ്ട്. ഗ്രീക്കിലെ 𝗔𝗻𝗲𝗿 എന്ന പദം മനുഷ്യരിലെ ‘പുരുഷനെ’ കുറിക്കുന്നതാണ്. അതായത്, യോഹന്നാൻ വചനം ജഡമായിത്തീർന്നു എന്ന് പറയുന്നത് പുരുഷനായ നസറായനായ യേശുവിനെക്കുറിച്ചാണ്: (പ്രവൃ, 2:23). അതുകൊണ്ടാണ്, വചനത്തെ കുറിക്കുന്ന പല പദങ്ങൾ ഉണ്ടായിട്ടും ‘ലോഗൊസ്’ (Logos) എന്ന പുല്ലിംഗപദത്തിന് വ്യക്തിത്വാരോപണം കൊടുത്തുകൊണ്ട് സുവിശേഷം സമാരംഭിച്ചതും, വചനം ജഡമയിത്തീർന്നു എന്ന് ആത്മീയമായി പറഞ്ഞിരിക്കുന്നതും. ⟦വചനം ജഡമായതിനെക്കുറിച്ച് താഴെ കൂടുതൽ മനസ്സിലാക്കാം⟧
𝟭𝟭. 𝗥𝗵𝗲𝗺𝗮:
➦ “സകലവും അവൻ മുഖാന്തരം ഉളവായി; ഉളവായതു ഒന്നും അവനെ കൂടാതെ ഉളവായതല്ല.” (യോഹ, 1:3). ഇതാണ് ക്രൈസ്തവരെ കുഴക്കിയ വാക്യം. ‘അവൻ’ എന്ന പുല്ലിംഗ സർവ്വനാമം ഉപയോഗിച്ചിരിക്കുന്നതിൻ്റെ കാരണം മുകളിൽ പറഞ്ഞുകഴിഞ്ഞു. അതായത്, ഇവിടെപ്പറയുന്ന ‘അവൻ’ (He) എന്ന സർവ്വനാമത്തിൻ്റെ ഉടയവൻ യേശു അല്ല; ‘വചനം’ (Logos – Word) ആണ്. യേശു ലോഗോസ് അല്ലെന്നും യേശു മുഖാന്തരമല്ല ആകാശഭൂമികൾ സൃഷ്ടിക്കപ്പെട്ടത് എന്നതിന്റെ വ്യക്തമായ തെളിവ് പുതിയനിയമത്തിലുണ്ട്: “ഈ കാണുന്ന ലോകത്തിന്നു ദൃശ്യമായതല്ല കാരണം എന്നു വരുമാറു ലോകം ദൈവത്തിന്റെ വചനത്താൽ നിർമ്മിക്കപ്പെട്ടു എന്നു നാം വിശ്വാസത്താൽ അറിയുന്നു.” (എബ്രാ, 11:3). ഇവിടെ ”ലോകം ദൈവത്തിന്റെ വചനത്താൽ നിർമ്മിക്കപ്പെട്ടു” (The worlds were framed by the word of God) എന്ന് പറയുന്നതിലെ, വചനത്തെ കുറിക്കുന്ന പദം 𝗟𝗼𝗴𝗼𝘀 (ലോഗോസ്) അല്ല; 𝗥𝗵𝗲𝗺𝗮 (റീമ) ആണ്. അതായത്, ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചത് തൻ്റെ 𝗗𝗮𝗯𝗮𝗿 (വചനം) കൊണ്ടാണെന്ന് സങ്കീർത്തകനായ ദാവീദ് പറയുന്നു: (സങ്കീ, 33:6). എന്നാൽ ദൈവസൃഷ്ടിയെ കുറിക്കുന്ന അതേകാര്യത്തെ പുതിയനിയമത്തിൽ, എബ്രായലേഖകൻ ‘റീമ’ (𝗥𝗵𝗲𝗺𝗮 – 𝗪𝗼𝗿𝗱) കൊണ്ട് സൃഷ്ടിച്ചുവെന്നും (എബ്രാ, 11:3), പത്രൊസ് അപ്പൊസ്തലൻ ‘ലോഗോസ്’ (𝗟𝗼𝗴𝗼𝘀 – 𝗪𝗼𝗿𝗱) കൊണ്ട് സൃഷ്ടിച്ചു എന്നുമാണ് പറയുന്നത്: (2പത്രൊ, 3:5). ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ച വചനം (𝗗𝗮𝗯𝗮𝗿) യേശു ആയിരുന്നെങ്കിൽ, അതേ വചനത്തെ 𝗥𝗵𝗲𝗺𝗮 എന്നും 𝗟𝗼𝗴𝗼𝘀 എന്നും പുതിയനിയമത്തിൽ അഭിന്നമായി പറയുമായിരുന്നോ? യേശുവും അപ്പൊസ്തലന്മാരും ആദിമസഭയും ഉപയോഗിച്ചിരുന്ന LXX-ൽ തൽസ്ഥാനത്ത് 𝗟𝗼𝗴𝗼𝘀 ആണ് കാണുന്നത്: (Psa, 33:6). അതുകൊണ്ട്, ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ച ‘ലോഗോസ്’ (𝗟𝗼𝗴𝗼𝘀) യേശു ആണെന്ന് വാദിച്ചാൽ, ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ച ‘റീമ’ (𝗥𝗵𝗲𝗺𝗮) ആരാണെന്ന് പറയും? യേശുവിന് ഒരു ഇരട്ട സഹോദരൻകൂടി ഉണ്ടാകുമോ? ഇനി റീമയും (𝗥𝗵𝗲𝗺𝗮) യേശു ആണെന്ന് പറയാതിരിക്കാൻ, ഒരു തെളിവുകൂടി തരാം: 𝗥𝗵𝗲𝗺𝗮 (റീമ) പുല്ലിംഗമല്ല (Masculine); നപുംസകലിംഗം (Neuter) ആണ്. ദൈവം ആദിയിൽ സൃഷ്ടിനടത്തിയ 𝗗𝗮𝗯𝗮𝗿 എന്ന ദൈവത്തിൻ്റെ വായിൽനിന്ന് പുറപ്പെട്ട വചനം (Word) യേശു അല്ലെന്നതിൻ്റെ വ്യക്തമായ തെളിവാണിത്. യേശു സൃഷ്ടിക്ക് കാരണമായ വചനം ആയിരുന്നെങ്കിൽ, അതേ വചനത്തിന് 𝗥𝗵𝗲𝗺𝗮 എന്ന 𝗡𝗲𝘂𝘁𝗲𝗿 (നപുസകലിംഗം) പദം എബ്രായ ലേഖകൻ ഉപയോഗിക്കുമായിരുന്നോ? ദൈവശ്വാസീയമായ തിരുവെഴുത്തുകളെ കോട്ടിക്കളയാതെ (2തിമൊ, 3:16), യേശു വചനമാണെന്ന് പറയാൻപോലും സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള ആർക്കും കഴിയില്ല.
𝟭𝟮. വചനമല്ല; വെളിച്ചമാണ്:
➦ യേശു വചനമല്ല; വെളിച്ചമാണെന്ന് യോഹന്നാൻതന്നെ അസന്ദിഗ്ദ്ധമായി പറഞ്ഞിട്ടുണ്ട്: “ദൈവം അയച്ചിട്ടു ഒരു മനുഷ്യൻ വന്നു; അവന്നു യോഹന്നാൻ എന്നു പേർ. അവൻ സാക്ഷ്യത്തിന്നായി താൻ മുഖാന്തരം എല്ലാവരും വിശ്വസിക്കേണ്ടതിന്നു വെളിച്ചത്തെക്കുറിച്ചു സാക്ഷ്യം പറവാൻ തന്നേ വന്നു. അവൻ വെളിച്ചം ആയിരുന്നില്ല; വെളിച്ചത്തിന്നു സാക്ഷ്യം പറയേണ്ടുന്നവനത്രേ.” (യോഹ, 1:6-8). ഇവിടെപ്പറയുന്ന വെളിച്ചം യേശുവാണ്. താൻതന്നെ അക്കാര്യം ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്: (യോഹ, 8:12; 9:5; 12:46 – മത്താ, 4:14-15). യോഹന്നാൻ സാക്ഷ്യം പറഞ്ഞത്, തൻ്റെ പിന്നാലെവന്ന യേശു എന്ന് പേരുള്ള പുരുഷനെ (Man) കുറിച്ചാണ്: (യോഹ, 1:30 – യോഹ, 9:11). അതിനാൽ ‘വെളിച്ചം’ (Light), ‘സത്യവെളിച്ചം’ (True Light) എന്നൊക്കെ യോഹന്നാൻ പറയുന്നത്, യേശു എന്ന മനുഷ്യൻ്റെ ‘പദവികൾ’ (Titles) ആണെന്ന് മനസ്സിലാക്കാം: (യോഹ, 1:7-9).
☛ അടുത്തവാക്യം ശ്രദ്ധിക്കുക:
➦ “ഏതു മനുഷ്യനെയും പ്രകാശിപ്പിക്കുന്ന സത്യവെളിച്ചം ലോകത്തിലേക്കു വന്നുകൊണ്ടിരുന്നു.” (യോഹ, 1:9). ഇവിടെ ശ്രദ്ധിക്കുക: സത്യവെളിച്ചമായ യേശു “ലോകത്തിലേക്കു വന്നുകൊണ്ടിരുന്നു” (Coming into the world) എന്നാണ് യോഹന്നാൻ പറയുന്നത്. അതായത്, വെളിച്ചമായ യേശു ലോകത്തിൽ എത്തിയിട്ടില്ല; വന്നുകൊണ്ടിരിക്കുന്നതേയുള്ളു.
☛ അതിനടുത്തവാക്യം:
➦ “അവൻ ലോകത്തിൽ ഉണ്ടായിരുന്നു; ലോകം അവൻ മുഖാന്തരം ഉളവായി; ലോകമോ അവനെ അറിഞ്ഞില്ല.” (യോഹ, 1:10). ഈ വാക്യം വളരെ ശ്രദ്ധിക്കുക: “അവൻ (വചനം) ലോകത്തിൽ ഉണ്ടായിരുന്നു.” ആദിയിൽ ഉണ്ടായിരുന്നതും ദൈവം സകലതും ഉളവാക്കിയ വചനം ലോകത്തിൽ ഉണ്ടായിരുന്നു. (യോഹ, 1:3). അതായത്, വെളിച്ചം വന്നുകൊണ്ടിരുന്നു; വചനം ലോകത്തിൽ ഉണ്ടായിരുന്നു. 9-ാം വാക്യത്തിൽ വന്നുകൊണ്ടിരിക്കുന്ന യേശുവിനെ 10-ാം വാക്യത്തിൽ വന്നു എന്ന് വെണമെങ്കിൽ പറയാം. “അവൻ ലോകത്തിൽ ഉണ്ടായിരുന്നു” (He was in the world) എന്ന് എങ്ങനെ പറയും? തന്നെയുമല്ല, വന്നുകൊണ്ടിരുന്നത് വെളിച്ചവും ലോകത്തിൽ ഉണ്ടായിരുന്നത് വചനവുമാണ്. അതിനാൽ, വന്നുകൊണ്ടിരുന്ന യേശുവെന്ന സത്യവെളിച്ചവും, ലോകത്തിൽ മുമ്പേ ഉണ്ടായിരുന്ന ദൈവത്തിൻ്റെ വചനവും ഒന്നല്ലെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം.
𝟭𝟯. 𝗝𝗲𝘀𝘂𝘀 𝗮𝗻𝗱 𝗪𝗼𝗿𝗱:
➦ യേശുവിനെയും (Jesus) വചനത്തെയും (Logos – Word) വേർതിരിച്ചു പറഞ്ഞിരിക്കുന്ന അനേകം വാക്യങ്ങളുണ്ട്:
𝟭. യേശു (Jesus) ആ വാക്ക് (Logos) കാര്യമാക്കാതെ പള്ളിപ്രമാണിയോട്: ഭയപ്പെടേണ്ടാ, വിശ്വസിക്ക മാത്രം ചെയ്ക എന്നു പറഞ്ഞു. (മർക്കൊ, 5:36)
𝟮. ദൈവത്തിനും സകല ജനത്തിനും മുമ്പാകെ പ്രവൃത്തിയിലും വാക്കിലും (Logos) ശക്തിയുള്ള പ്രവാചകനായിരുന്ന നസറായനായ യേശുവിനെക്കുറിച്ചുള്ളതു (Jesus) തന്നെ. (ലൂക്കൊ, 24:19)
𝟯. സൗഖ്യമാക്കുവാൻ നിന്റെ കൈ നീട്ടുന്നതിനാലും നിന്റെ പരിശുദ്ധദാസനായ യേശുവിന്റെ (Jesus) നാമത്താൽ അടയാളങ്ങളും അത്ഭുതങ്ങളും ഉണ്ടാകുന്നതിനാലും നിന്റെ വചനം (Logos) പൂർണധൈര്യത്തോടുംകൂടെ പ്രസ്താവിപ്പാൻ നിന്റെ ദാസന്മാർക്കു കൃപ നല്കേണമേ. (പ്രവൃ, 4:30)
𝟰. അവൻ എല്ലാവരുടെയും കർത്താവായ യേശുക്രിസ്തുമൂലം (Jesus) സമാധാനം സുവിശേഷിച്ചുകൊണ്ടു യിസ്രായേൽമക്കൾക്ക് അയച്ച വചനം (Logos), (പ്രവൃ, 10:36)
𝟱. ക്രിസ്തു (Christ) ഞാൻ മുഖാന്തരം ജാതികളുടെ അനുസരണത്തിനായിട്ടു വചനത്താലും (Logos) പ്രവൃത്തിയാലും അടയാളങ്ങളുടെയും അദ്ഭുതങ്ങളുടെയും ശക്തികൊണ്ടും പരിശുദ്ധാത്മാവിന്റെ ശക്തികൊണ്ടും പ്രവർത്തിച്ചത് അല്ലാതെ മറ്റൊന്നും മിണ്ടുവാൻ ഞാൻ തുനിയുകയില്ല. (റോമ, 15:18)
𝟲. ദൈവം ലോകത്തിനു ലംഘനങ്ങളെ കണക്കിടാതെ ലോകത്തെ ക്രിസ്തുവിൽ (Christ) തന്നോടു നിരപ്പിച്ചു പോന്നു. ഈ നിരപ്പിന്റെ വചനം (Logos) ഞങ്ങളുടെ പക്കൽ ഭരമേല്പിച്ചുമിരിക്കുന്നു. (2കൊരി, 5:19)
𝟳. വാക്കിനാലോ (Logos) ക്രിയയാലോ എന്തു ചെയ്താലും സകലവും കർത്താവായ യേശുവിന്റെ (Jesus) നാമത്തിൽ ചെയ്തും അവൻ മുഖാന്തരം പിതാവായ ദൈവത്തിനു സ്തോത്രം പറഞ്ഞുംകൊണ്ടിരിപ്പിൻ. (കൊലൊ, 3:17)
𝟴. ബഹുകഷ്ടം സഹിക്കേണ്ടിവന്നിട്ടും നിങ്ങൾ പരിശുദ്ധാത്മാവിന്റെ സന്തോഷത്തോടെ വചനം (Logos) കൈക്കൊണ്ടു ഞങ്ങൾക്കും കർത്താവിനും (Lord ) അനുകാരികളായിത്തീർന്നു. (1തെസ്സ, 1:6)
𝟵. ക്രിസ്തുയേശു (Christ Jesus) പാപികളെ രക്ഷിപ്പാൻ ലോകത്തിൽ വന്നു എന്നുള്ളതു വിശ്വാസ്യവും എല്ലാവരും അംഗീകരിപ്പാൻ യോഗ്യവുമായ വചനം (Logos) തന്നെ; ആ പാപികളിൽ ഞാൻ ഒന്നാമൻ. (1തിമൊ, 1:15)
𝟭𝟬. എന്നോടു കേട്ട പഥ്യ വചനം (Logos) നീ ക്രിസ്തുയേശുവിലുള്ള (Christ Jesus) വിശ്വാസത്തിലും സ്നേഹത്തിലും മാതൃകയാക്കിക്കൊൾക. (2തിമൊ, 1:13; 1തിമൊ, 6:3). യേശു വചനമാണെങ്കിൽ, വചനത്തെ വചനത്തിൽനിന്ന് എങ്ങനെ വേർതിരിച്ച് പറയാൻ കഴിയും? വചനവും വചനവും എന്ന പ്രയോഗം ശരിയായിരിക്കുമോ?
☛ 𝗧𝗵𝗲 𝘄𝗼𝗿𝗱 𝗼𝗳 𝗖𝗵𝗿𝗶𝘀𝘁:
➦ ക്രിസ്തുവിൻ്റെ വചനത്തെക്കുറിച്ച് (The word of Christ) പറഞ്ഞിരിക്കുന്ന അനേകം വാക്യങ്ങളുണ്ട്: “സങ്കീർത്തനങ്ങളാലും സ്തുതികളാലും ആത്മികഗീതങ്ങളാലും തമ്മിൽ പഠിപ്പിച്ചും ബുദ്ധിയുപദേശിച്ചും നന്ദിയോടെ നിങ്ങളുടെ ഹൃദയങ്ങളിൽ ദൈവത്തിന്നു പാടിയും ഇങ്ങനെ ക്രിസ്തുവിന്റെ വചനം (The word of Christ) ഐശ്വര്യമായി സകല ജ്ഞാനത്തോടും കൂടെ നിങ്ങളിൽ വസിക്കട്ടെ.” (കൊലൊ, 3:16 – ലൂക്കൊ, 4:32; ലൂക്കൊ, 10:39; യോഹ, 4:41). ക്രിസ്തു വചനമാണെങ്കിൽ, “ക്രിസ്തുവിൻ്റെ വചനം” (The word of Christ) ആരാണെന്ന് പറയും? “വചനത്തിൻ്റെ വചനം” (The word of the word) എന്ന പ്രയോഗം എത്ര വികൃതമായിരിക്കും?
☛ 𝗠𝘆 𝘄𝗼𝗿𝗱:
➦ യേശു “എൻ്റെ വചനം” (My word) എന്ന് പറയുന്ന പല വാക്യങ്ങളുണ്ട്:
➦ “ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: എന്റെ വചനം (My word) കേട്ടു എന്നെ അയച്ചവനെ വിശ്വസിക്കുന്നവന്നു നിത്യജീവൻ ഉണ്ടു; അവൻ ന്യായവിധിയിൽ ആകാതെ മരണത്തിൽ നിന്നു ജീവങ്കലേക്കു കടന്നിരിക്കുന്നു.” (യോഹ, 5:24 – യോഹ, 8:31; യോഹ, 8:37; യോഹ, 8:43; യോഹ, 8:51; യോഹ, 12:48; യോഹ, 14:23; യോഹ, 15:20). യേശു വചനമാണെങ്കിൽ, “എൻ്റെ വചനം” (My word) എന്ന് യേശു പറയുന്നത് ഏത് വചനത്തെക്കുറിച്ചാണ്? വചനം ”“ൻ്റെ വചനം” എന്ന് പറഞ്ഞാൽ എങ്ങനെയിരിക്കും? അതിനാൽ യേശു വചനമല്ലെന്ന് സംശയലേശമന്യേ തെളിയുന്നു.
𝟭𝟰. വചനം ജഡമായിത്തീർന്നു:
➦ യോഹന്നാൻ യേശുവിനെ വചനം ജഡമായി തീർന്നവനായിട്ടാണ് അവതരിപ്പിക്കുന്നത്: “വചനം ജഡമായി തീർന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയിൽ പാർത്തു. ഞങ്ങൾ അവന്റെ തേജസ്സ് പിതാവിൽ നിന്നു ഏകജാതനായവന്റെ തേജസ്സായി കണ്ടു.” (യോഹ, 1:14). ഈ വാക്യത്തിൽ, “വചനം ജഡമായി തീർന്നു” എന്ന് പറയുന്നത് യേശുവിനെക്കുറിച്ചാണ്. ആദിയിൽ ഉണ്ടായിരുന്നതും ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചതായ വചനത്തെക്കുറിച്ച് പറഞ്ഞുവന്നിട്ട്, ആ വചനം ജഡമായിത്തീർന്നു അല്ലെങ്കിൽ, യേശു എന്ന് പേരുള്ള മനുഷ്യനായിത്തീർന്നു എന്നാണ് യോഹന്നാൻ പറയുന്നത്: (യോഹ, 9:11). എന്നാൽ അവൻ ഇത് പറയുന്നത് യഥാർത്ഥത്തിലല്ല; ആത്മീയ അർത്ഥത്തിലാണ്. അതായത്, യേശുവിന് ‘വചനം’ (Word) എന്നൊരു ‘പൂർവ്വാസ്തിത്വം’ (Pre-existence) യോഹന്നാൻ ആത്മീയമായി കൊടുത്തിരിക്കയാണ്. എന്തുകൊണ്ടാണ്, വചനം എന്നൊരു പൂർവ്വാസ്തിത്വം യോഹന്നാൻ കൊടുത്തിരിക്കുന്നത് എന്നറിയണമെങ്കിൽ, അവന്റെ സുവിശേഷത്തെക്കുറിച്ച് മനസ്സിലാക്കണം:
𝟭𝟱. യോഹന്നാൻ്റെ സുവിശേഷം:
➦ സമവീക്ഷണ സുവിശേഷങ്ങൾ അഥവാ, സമാന്തര സുവിശേഷങ്ങൾ (Synoptic Gospels) എന്നറിയപ്പെടുന്ന മത്തായി, മർക്കൊസ്, ലൂക്കൊസ് എന്നീ സുവിശേഷങ്ങളിൽനിന്ന് വ്യത്യസ്തമായി, യോഹന്നാൻ്റേത് “ആത്മീയ സുവിശേഷം” (Spiritual Gospel) ആണ്. യേശുവിൻ്റെ ജീവിതത്തിലെ ആത്മീയ പ്രഭാഷണങ്ങളുടെ സമാഹാരമാണ് യോഹന്നാൻ്റെ സുവിശേഷം. അതുകൊണ്ടാണ് ആത്മീയസുവിശേഷം എന്ന് പറയുന്നത്. അതായത്, സമവീക്ഷണ സുവിശേഷകന്മാർ എടുക്കാതിരുന്ന അല്ലെങ്കിൽ, അവർക്ക് എടുക്കാൻ നിയോഗമില്ലാതിരുന്ന യേശുവിൻ്റെ ജീവിതത്തിലെ ആത്മീയ പ്രഭാഷണങ്ങളാണ്, പിന്നെയും ഏകദേശം 30-40 വർഷത്തിനുശേഷം യോഹന്നാൻ രേഖയാക്കിയത്. പുതിയജനനം: (3:1-12), ജീവനുള്ള വെള്ളം: (4:10-14), സത്യനമസ്കാരം: (4:20-24), പിതാവും പുത്രനും തമ്മിലുള്ള ബന്ധം: (5:17-47; 8:16-59; 10:29-41; 15:9-27), നശിച്ചുപോകുന്നതും നിലനില്ക്കുന്നതുമായ ആഹാരം: (6:27-31), സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവന്ന ജീവൻ്റെ അപ്പം: (6:32-69), ജീവജലത്തിൻ്റെ നദി: (7:37-39), ലോകത്തിൻ്റെ വെളിച്ചം (8:12; 9:5; 12;46), പിതാവും പുത്രനും (8:19-30), നല്ല ഇടയൻ (10:1-28), ആടുകളുടെ വാതിൽ (10:7-9), പുനരുത്ഥാനവും ജീവനും (11:21-26), പിതാവിങ്കലേക്കുള്ള വഴിയും സത്യവും ജീവനും (14:1-6), കാര്യസ്ഥനായ പരിശുദ്ധാത്മാവിൻ്റെ ആഗമനം: (14:16-17; 14:26; 15:26), സാക്ഷാൽ മുന്തിരിവള്ളി (15:1-8), പരിശുദ്ധാത്മാവിൻ്റെ പ്രവർത്തനം: (16:7-15), മഹാപുരോഹിതൻ്റെ മാദ്ധ്യസ്ഥം: (17:1-26) മുതലായവ നോക്കുക. തൻ്റെ മരണപുനരുത്ഥാനങ്ങളോടുള്ള ബന്ധത്തിൽ ശിഷ്യന്മാർക്കുണ്ടാകുന്ന ദുഃഖവും അനന്തരമുള്ള സന്തോഷവും വിവരിക്കാൻ, സ്ത്രീയുടെ പ്രസവത്തെക്കുറിച്ച് പറയുന്ന ഒരു ഉപമയല്ലാതെ (യോഹ, 16:21), സമവീക്ഷണ സുവിശേഷങ്ങളിൽ കാണുന്നപോലെ ഭൗമിക ഉപമകളോ, പ്രഭാഷണങ്ങളോ ഒന്നും യോഹന്നാൻ്റെ സുവിശേഷത്തിൽ കാണാൻ കഴിയില്ല. സമവീക്ഷണ സുവിശേഷങ്ങളിൽനിന്ന് യോഹന്നാൻ്റെ സുവിശേഷത്തെ വ്യത്യസ്തമാക്കുന്ന ഘടകവും അതാണ്. യേശു ആത്മീയമായി പഠിപ്പിച്ച കാര്യങ്ങൾ ഗ്രഹിക്കാൻ കഴിയാതെ അക്ഷരാർത്ഥത്തിൽ മനസ്സിലാക്കിയതുകൊണ്ടാണ്, “ഇതു കഠിനവാക്കു, ഇതു ആർക്കു കേൾപ്പാൻ കഴിയും” എന്ന് പറഞ്ഞുകൊണ്ട് പല ശിഷ്യന്മാരും പിൻവാങ്ങിപ്പോയത്: (യോഹ, 6:60 – 6:66).
𝟭𝟲. യേശു ആരാണ്?
➦ യേശു ആരാണ്; അല്ലെങ്കിൽ അവൻ്റെ അസ്തിത്വം (Existence) എന്താണ് എന്ന് ചോദിച്ചാൽ: അവൻ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ്. ആദ്യകാല ആധുനിക ഇംഗ്ലീഷ് പരിഭാഷകളിലും (Early Modern English Translations), സാമാന്തര ഗ്രീക്ക് വേഷനുകളിലും മലയാളത്തിലെ ബെഞ്ചമിൻ ബെയ്ലി പരിഭാഷകളിലും “ദൈവം ജഡത്തിൽ വെളിപ്പെട്ടു” (Theos ephanerōthē en sarki – God was manifest in the flesh) എന്നാണ്: (Stephanus 1550, Beza 1598, Elzevir 1624, Scrivener 1894 – Tyndale 1526, 1534, Coverdale 1535, Matthew’s 1537, The Great 1539, Geneva 1560, Bishops 1568, King James 1611; ബെ,ബെ). അതാണ് പൗലൊസിലൂടെ വെളിപ്പെടുത്തപ്പെട്ട ദൈവഭക്തിയുടെ മർമ്മം: (1Tim. 3:16). മശീയാനിക് യെഹൂദന്മാരുടെപരിഭാഷ (NMV) പരിശോധിച്ചാൽ “God-The Father was manifest in the flesh” എന്ന് കാണാൻ കഴിയും: [കാണുക: NMV]. അതായത്, ദൈവം അവതാരം (Incarnation) എടുത്തതോ, വേഷംമാറി (Disguise) വന്നതോ അല്ല; ദൈവം തൻ്റെ ജഡത്തിലെ വെളിപ്പാടിനായി (1തിമൊ, 3:16) കന്യകയിൽ പ്രകൃതൃതീതമായി ഉല്പാദിപ്പിച്ച (മത്താ, 1:20; ലൂക്കൊ, 2:21) ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ് യേശുക്രിസ്തു: (റോമ, 5:15). “ജഡത്തിൽ വെളിപ്പെട്ടത് ഏകദൈവമായ പിതാവും; വെളിപ്പാട് പുത്രനുമാണ്.” (യോഹ, 1:18). അതായത്, യേശു എന്ന് പേരുള്ള മനുഷ്യൻ്റെ അസ്തിത്വം (Existence) എന്നത്: ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാട് (The manifestation of God in the Flesh) അല്ലെങ്കിൽ, ദൈവത്തിൻ്റെ മനുഷ്യപ്രത്യക്ഷത (The human manifestation of God) എന്നാണ്. യേശു യഹോവയായ ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാകയാൽ, അവൻ്റെ പൂർവ്വാസ്തിത്വം (Pre-Existence) സകലത്തിനും കാരണഭൂതനായ യഹോവ എന്ന നിലയിലാണ്. അവൻ ഏകദൈവമായ യഹോവയുടെ ജഡത്തിലെ വെളിപ്പാടായതുകൊണ്ടും, അവൻ്റെ പൂർവ്വാസ്തിത്വം യഹോവയിൽത്തന്നെ ആയതുകൊണ്ടുമാണ്, യഹോവയെക്കുറിച്ചുള്ള പ്രവചനങ്ങളെല്ലാം യേശുവിൽ നിവൃത്തിയാകുന്നത്. ഉദാ: (യെശ, 25:8-9 – എബ്രാ, 2:14-15; യെശ, 29:18; യെശ, 35:3-6 – ലൂക്കൊ, 7:22; യെശ, 40:3; മലാ, 31 – യോഹ, 1:23; സെഖ, 12:10 വി.ഗ്ര; KJV – യോഹ, 19:37). [കാണുക: ദൈവഭക്തിയുടെ മർമ്മം; ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക]
☛ The New Messianic Version:
➦ മശീയാനിക് യെഹൂദന്മാരുടെ പരിഭാഷയെക്കുറിച്ച് മുകളിൽ സൂചിപ്പിച്ചതാണ്. ഈ പരിഭാഷയിൽ സവിശേഷമായ മറ്റൊരു കാര്യംകൂടി കാണാം. പഴയപുതിയനിയമങ്ങളിൽ യഹോവ (Yehovah) എന്ന ദൈവനാമം വരുന്നിടത്തൊക്കെ Lord- Yehovah (Messiah Pre-Incarnate) എന്നാണ് കാണുന്നത്: (Gen, 2:4 – Mat, 4:7). “യഹോവയായ കർത്താവ് (മിശീഹാ അവതാരത്തിനു മുമ്പേ)” എന്നാണർത്ഥം. എന്നുവെച്ചാൽ, ക്രിസ്തു മനുഷ്യനായി വെളിപ്പെടുംമുമ്പേ യഹോവ ആയിരുന്നു എന്നാണ് അവർ മനസ്സിലാക്കുന്നത്. ‘അവതാരം’ (Incarnation) എന്നൊരു പദം മൂലഭാഷയിൽ ഉള്ളതല്ല. ക്രിസ്തു ആരുടെയും അവതാരമല്ല. പിതാവായ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണെന്ന് NMV-ടെ പരിഭാഷയിൽത്തന്നെ പറഞ്ഞിട്ടുണ്ട്. ദൈവഭക്തിയുടെ മർമ്മത്തിൽ: “God-The Father was manifest in the flesh” എന്നാണ് കാണുന്നത്: (1Tim, 3:16). ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനെക്കുറിച്ച് മുകളിൽ നാം കണ്ടതാണ്. അതിനാൽ, Pre-Incarnation എന്നതിനെ, Pre-Manifestation എന്നോ, Pre-Existence എന്നോ മനസ്സിയാക്കിയാൽ മതി. അതായത്, മനുഷ്യനായി മറിയത്തിലൂടെ വെളിപ്പെട്ട യേശുവിൻ്റെ പൂർവ്വാസ്തിത്വത്തെ സകലത്തിനും കാണഭൂതനായ യഹോവ എന്ന നിലയിലാണ് മശീയാനിക് യെഹൂദന്മാർ മനസ്സിലാക്കുന്നത്. ദൈവത്തിൻ്റെ വചനം ഭരമേല്പിക്കപ്പെട്ടവരും (സങ്കീ, 147:19-20; യോഹ, 10:35; റോമ, 3:2; റോമ, 9:4) ദൈവം പഴയപുതിയനിയമങ്ങൾ ചെയ്തിരിക്കുന്ന ഏകജാതിയും എന്ന നിലയിൽ മശീയാനിക് യെഹൂദന്മാരുടെ ഈ ഉപദേശം വിശ്വാസയോഗ്യമാണ്: (പുറ, 20:1-18; പുറ, 24:3-11 – യിരെ, 31:31-34; എബ്രാ, 8:8-12). [കാണുക: യെഹൂദന്നു എന്തു വിശേഷത?]
𝟭𝟳. യേശു എന്നു പേരുള്ള മനുഷ്യൻ:
➦ യോഹന്നാനിലെ യേശു ദൈവമാണെന്നാണ് പണ്ഡിതഭാഷ്യം. “യേശു എന്നു പേരുള്ള മനുഷ്യൻ ചേറുണ്ടാക്കി എന്റെ കണ്ണിന്മേൽ പൂശി: ശിലോഹാംകുളത്തിൽ ചെന്നു കഴുകുക എന്നു എന്നോടു പറഞ്ഞു; ഞാൻ പോയി കഴുകി കാഴ്ച പ്രാപിച്ചു എന്നു ഉത്തരം പറഞ്ഞു.” (യോഹ, 9:11). യേശു എന്ന് പേരുള്ള മനുഷ്യൻ്റെ അമ്മ മറിയം ആണെന്ന് യോഹന്നാൻ ഏഴുപ്രാവശ്യം പറഞ്ഞിട്ടുണ്ട്. (യോഹ, 2:1; 2:3; 2:5; 2:12; 6:42; 19:25; 19:26). യേശു ‘മനുഷ്യൻ’ (Anthropos – Man) ആണെന്ന് യോഹന്നാൻ്റെ സുവിശേഷത്തിൽ 16 പ്രാവശ്യം പറഞ്ഞിട്ടുണ്ട്: (യോഹ, 1:30; 3:27; 4:29; 5:12; 7:46; 8:40; 9:11; 9:16; 9:24; 10:33; 11:47; 11:50; 18:14; 18:17; 18:29; 19:5). യോഹന്നാനിലെ ക്രിസ്തു ദൈവമാണെങ്കിൽ, അവൻ്റെ അമ്മ മറിയയാണെന്നും അവൻ മനുഷ്യനാണെന്നും യോഹന്നാൻ ആവർത്തിച്ചു പറയുമായിരുന്നോ? യേശു വചനമായിരുന്നെങ്കിൽ, അവൻ മനുഷ്യനാണെന്ന് 16 പ്രാവശ്യം അക്ഷരംപ്രതി ആലേഖനംചെയ്തുവെച്ച യോഹന്നാൻ, അവൻ വചനമാണെന്ന് ഒരു വാക്യത്തിൽപ്പോലും രേഖപ്പെടുത്താഞ്ഞത് എന്താണ്?
☛ ഉയിർത്തെഴുന്നേറ്റ യേശുവിൻ്റെ വാക്കുകൾ നോക്കുക: “യേശു അവളോടു: എന്നെ തൊടരുതു; ഞാൻ ഇതുവരെ പിതാവിന്റെ അടുക്കൽ കയറിപ്പോയില്ല; എങ്കിലും നീ എന്റെ സഹോദരന്മാരുടെ അടുക്കൽ ചെന്നു: എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു എന്നു അവരോടു പറക എന്നു പറഞ്ഞു.” (യോഹ, 20:17). ഈ വാക്യം ശ്രദ്ധിച്ചാൽ: എൻ്റെ പിതാവും ദൈവവും നിങ്ങളുടെ പിതാവും ദൈവവും ഒരുവനാണെന്നാണ് യേശു പഠിപ്പിച്ചതെന്ന് കാണാൻ കഴിയും. യോഹന്നാനിലെ യേശു ദൈവമാണെങ്കിൽ, എൻ്റെ ദൈവവും നിങ്ങളുടെ ദൈവവും ഒരുവനാണെന്ന് യേശു പഠിപ്പിക്കുമായിരുന്നോ?
𝟭𝟴. 𝗠𝗼𝗻𝗼𝘀 𝗧𝗵𝗲𝗼𝘀:
➦ പിതാവാണ്, ഏകദൈവം (Monos Theos- The only God) എന്നും, ഏകസത്യദൈവം (Ho monos alethinos Theos – The only true God) എന്നും താൻ മനുഷ്യൻ (Anthropos – Man) ആണെന്നും യേശു അസന്ദിഗ്ധമായി പഠിപ്പിച്ചത് യോഹന്നാൻ്റെ സുവിശേഷത്തിലാണ്: (യോഹ, 5:44; യോഹ, 17:3 – യോഹ, 8:40). എബ്രായയിലെ 𝗔𝗸, 𝗥𝗮𝗾, 𝗕𝗮𝗱, 𝗕𝗮𝗱𝗮𝗱 എന്നീ പദങ്ങളും ഗ്രീക്കിലെ 𝗠𝗼𝗻𝗼𝘀 എന്ന പദവും ഇംഗ്ലീഷിലെ 𝗔𝗹𝗼𝗻𝗲, 𝗢𝗻𝗹𝘆 എന്നീ പദങ്ങളും മലയാളത്തിലെ ഒരേയൊരു, തനിയെ, മാത്രം എന്ന പദങ്ങളും മറ്റാരെയും ഉൾപ്പെടുത്താത്ത (Exclusive) പദങ്ങളാണ്. അതായത്, യേശു പഠിപ്പിച്ച 𝗠𝗼𝗻𝗼𝘀 𝗧𝗵𝗲𝗼𝘀-ൻ്റെ അർത്ഥം: “ഒരു ദൈവം” (One God) എന്നല്ല; “ഒരേയൊരു ദൈവം” (The only God) എന്നാണ്. പിതാവാണ് “ഒരേയൊരു ദൈവം” എന്ന് യേശു പഠിപ്പിച്ചാൽ, താനും സ്വർഗ്ഗത്തിലും ഭൂമിയിലുളുള്ള മറ്റാരും ദൈവം അല്ലെന്നാണർത്ഥം. 𝗣𝗮𝘁𝗲𝗿 𝗵𝗼 𝗺𝗼𝗻𝗼𝘀 𝗮𝗹𝗲𝘁𝗵𝗶𝗻𝗼𝘀 𝗧𝗵𝗲𝗼𝘀-ൻ്റെ അർത്ഥം: “പിതാവ് സത്യദൈവം” ആണെന്നല്ല; “പിതാവ് മാത്രം സത്യദൈവം” (Father, the only true God) എന്നാണ്. പിതാവ് മാത്രമാണ് സത്യദൈവം എന്ന് വായിൽ വഞ്ചനയില്ലാത്ത പുത്രൻ പഠിപ്പിച്ചാൽ, താനും സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള മറ്റാരും സത്യദൈവം അല്ലെന്നാണർത്ഥം. താൻ ദൈവമായിരുന്നെങ്കിൽ, ഒരേയൊരു ദൈവം പിതാവാണെന്നും, പിതാവ് മാത്രമാണ് സത്യദൈവമെന്നും യേശു പഠിപ്പിക്കുമായിരുന്നോ?
☛ “ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു” എന്നാണ് യേശു പറഞ്ഞത്: (യോഹ, 8:40). ഈ വാക്യം ശ്രദ്ധിച്ചാൽ: ദൈവത്തിൽനിന്ന് മനുഷ്യനായ തന്നെ വ്യക്തമായി വേർതിരിച്ചാണ് യേശു പറിപ്പിച്ചതെന്ന് കാണാൻ കഴിയും. “ദൈവത്തിൽ വിശ്വസിപ്പിൻ; എന്നിലും വിശ്വസിപ്പിൻ” എന്നൊക്കെയാണ് യേശുക്രിസ്തുവിൻ്റെ പഠിപ്പിക്കൽ: (യോഹ, 14:1). ചിലർ കരുതുന്നപോലെ യേശു വചനമെന്ന ദൈവമായിരുന്നെങ്കിൽ, ദൈവത്തിൽനിന്ന് തന്നെ വേർതിരിച്ച് പഠിപ്പിക്കുമായിരുന്നോ? [കാണുക: തോമാസിൻ്റെ ദൈവം പുത്രനോ, പിതാവോ?]
𝟭𝟵. സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവന്നവൻ:
➦ യോഹന്നാൻ്റെ സുവിശേഷത്തിൽ യേശു സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവന്നവനാണെന്ന് എഴുത്തുകാരനും യേശുവും പറഞ്ഞിരിക്കുന്നത് കാണാം: (യോഹ, 3:13; യോഹ, 3:31 – യോഹ, 6:38; 6:51; 6:58). എന്നാൽ യേശു എന്ന് പേരുള്ള മനുഷ്യൻ (യോഹ, 9:11) യഥാർത്ഥത്തിൽ സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവന്നവനല്ല; മറിയത്തിൻ്റെ ആദ്യജാതനായി പരിശുദ്ധാത്മാവിനാൽ ഭൂമിയിൽ ഉല്പാദിതമായവനാണ്: (മത്താ, 1:20; ലൂക്കൊ, 2:21 – ലൂക്കൊ, 2:7). ഏകദൈവമായ യഹോവയുടെയും (ഉല്പ, 3:15 – എബ്രാ, 2:14-16; ആവ, 18:18-19 – പ്രവൃ, 3:22-23), ദൈവപുരുഷനായ മോശെയുടെയും (ആവ, 18:15 – പ്രവൃ, 7:37), പ്രവാചകന്മാരായ യെശയ്യാവിൻ്റെയും (യെശ, 7:14 – മത്താ, 1:22-23) മീഖായുടെയും (മീഖാ, 5:2 – മത്താ, 2:6) പ്രവചനത്തിൻ്റെ നിവൃത്തിയായിരുന്നു യേശുവിൻ്റെ ജനനം. യിസ്രായേൽ സഹോദരന്മാരുടെ മദ്ധ്യേനിന്ന് അവനെ എഴുന്നേല്പിക്കും എന്ന് ദൈവവും മോശെയും വ്യക്തമായി പറഞ്ഞിട്ടുള്ളതാണ്: (ആവ, 18:15; ആവ, 18:18-19). താൻ സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിയ ജീവൻ്റെ അപ്പമാണെന്നാണ് യേശു ആവർത്തിച്ച് പഠിപ്പിച്ചത്: “സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിയ ജീവനുള്ള അപ്പം ഞാൻ ആകുന്നു; ഈ അപ്പം തിന്നുന്നവൻ എല്ലാം എന്നേക്കും ജീവിക്കും; ഞാൻ കൊടുപ്പാനിരിക്കുന്ന അപ്പമോ ലോകത്തിന്റെ ജീവന്നു വേണ്ടി ഞാൻ കൊടുക്കുന്ന എന്റെ മാംസം ആകുന്നു.” (യോഹ, 6:51 – യോഹ, 6:33; 6:38; 6:41; 6:50). “തൻ്റെ ശരീരമാകുന്ന അപ്പം തിന്നുന്നവൻ എല്ലാം എന്നേക്കും ജീവിക്കും” എന്ന് പഠിപ്പിച്ചവൻതന്നെ പിന്നെ പറയുന്നത് നോക്കുക: “ജീവിപ്പിക്കുന്നതു ആത്മാവു ആകുന്നു; മാംസം ഒന്നിന്നും ഉപകരിക്കുന്നില്ല; ഞാൻ നിങ്ങളോടു സംസാരിച്ച വചനങ്ങൾ ആത്മാവും ജീവനും ആകുന്നു.” (യോഹ, 6:63). അതിനാൽ സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവന്നിരിക്കുന്നു എന്നത്, യേശു ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായതുകൊണ്ട് ആത്മീയമായി പറയുന്നതാണെന്ന് മനസ്സിലാക്കാം. [കാണുക: മോശെയെപ്പോലൊരു പ്രവാചകൻ, യേശുവും മോശെയും]
𝟮𝟬. വചനമെന്ന പൂർവ്വാസ്തിത്വം:
➦ യോഹന്നാൻ്റെ സുവിശേഷം സമവീക്ഷണ സുവിശേഷങ്ങളിൽ (Synoptic Gospels) നിന്ന് വ്യത്യസ്തമായി ആത്മീയ സുവിശേഷം (Spiritual Gospel) അതുകൊണ്ടാണ്, ദൈവത്തിൻ്റെ വചനത്തിന് വ്യക്തിത്വാരോപണം (Personification) കൊടുത്തുകൊണ്ട് സുവിശേഷം ആരംഭിക്കുന്നതും കന്യകാജാതനും അവളുടെ ആദ്യജാതനുമായ യേശുവിനെ വചനം ജഡമായി തീർന്നവനുമായി അല്ലെങ്കിൽ, ‘വചനം’ (Word) എന്നൊരു ‘പൂർവ്വാസ്തിത്വം’ (Pre-existence) കൊടുത്തുകൊണ്ട് അവതരിപ്പിച്ചിരിക്കുന്നത്: (മത്താ, 1:22; ലൂക്കൊ, 2:7 – യോഹ, 1:14). മത്തായിലും ലൂക്കൊസിലും കാണുന്നപോലെ, വംശാവലിയോടെ മറിയത്തിൻ്റെ മകനായി യേശുവിനെ അവതരിപ്പിച്ചാൽ, അടുത്ത അദ്ധ്യായങ്ങളിൽ സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവന്നു എന്ന് പറയാൻ കഴിയില്ല. യോഹന്നാൻ്റെ സുവിശേഷത്തിലെ യേശുവിൻ്റെ പ്രഭാഷണങ്ങളിൽ പ്രധാനമായിട്ടുള്ളത്, താൻ സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവന്ന ജീവൻ്റെ അപ്പം എന്ന നിലയിലാണ്: (യോഹ, 6:33; 6:41; 6:50; 6:51; 6:58). താൻ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായതുകൊണ്ടാണ്, സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവന്നിരിക്കുന്നു എന്ന് യേശു ആത്മീയമായി പറയുന്നത്. അതേ അർത്ഥത്തിലാണ് എഴുത്തുകാരനും പറഞ്ഞിരിക്കുന്നത്: (യോഹ, 3:13; യോഹ, 3:31). പ്രാരംഭത്തിൽ അവൻ മറിയ പ്രസവിച്ച മകനാണെന്ന് പറഞ്ഞശേഷം, അടുത്ത അദ്ധ്യായങ്ങളിൽ അവൻ സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവന്നു എന്ന് പറയാൻ കഴിയില്ല. പറഞ്ഞാൽ, അവൻ്റെ പുസ്തകം പൂർവ്വാപരവൈരുദ്ധ്യമാകും. അതുകൊണ്ടാണ്, യേശുവിന് ‘വചനം’ (Word) എന്നൊരു ‘പൂർവ്വാസ്തിത്വം’ (Pre-existence) ആത്മീയമായി കൊടുത്തിരിക്കുന്നത്: (യോഹ, 1:14).
𝟮𝟭. ഞാനും പിതാവും ഒന്നാകുന്നു:
➦ യേശു യഥാർത്ഥത്തിൽ വചനത്തിൻ്റെ ജഡാവസ്ഥയല്ല; ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണെന്ന് എഴുത്തുകാരൻ്റെ പ്രസ്താവനയിൽനിന്നും യേശുവിൻ്റെ പ്രഭാഷണങ്ങളിൽനിന്നും വ്യക്തമായി മനസ്സിലാക്കാം: “ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല; പിതാവിന്റെ മടിയിൽ ഇരിക്കുന്ന ഏകജാതനായ പുത്രൻ അവനെ വെളിപ്പെടുത്തിയിരിക്കുന്നു.” (യോഹ, 1:18). യേശു എന്ന് പേരുള്ള മനുഷ്യൻ പിതാവായ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണെന്ന് മുകളിൽ നാം കണ്ടതാണ്. അതുകൊണ്ടാണ്, “പിതാവിന്റെ മടിയിൽ ഇരിക്കുന്ന ഏകജാതനായ പുത്രൻ അവനെ വെളിപ്പെടുത്തിയിരിക്കുന്നു” എന്ന് യോഹന്നാൻ പറയുന്നത്. യേശു ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാകയാൽ, അവൻ്റെ പൂർവ്വാസ്തിത്വം പിതാവായ യഹോവ എന്ന നിലയിലാണ്. അതുകൊണ്ടാണ്, പിതാവായ യഹോവയെക്കുറിച്ചുള്ള പ്രവചനങ്ങൾ യേശുവിൽ നിവൃത്തിയാകുന്നത്: (യെശ, 25:8-9 – എബ്രാ, 2:14-15; യെശ, 29:18; യെശ, 35:3-6 – ലൂക്കൊ, 7:22; യെശ, 40:3; മലാ, 31 – യോഹ, 1:23; സെഖ, 12:10 വി.ഗ്ര; KJV – യോഹ, 19:37). അതിനാലാണ്, “ഞാൻ തന്നെ അവൻ (Ego Eimi – I AM), അബ്രാഹാം ജനിച്ചതിന് മുമ്പേ ഞാൻ ആകുന്നു (Ego Eimi – I AM), ഞാനും പിതാവും ഒന്നാകുന്നു, എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു” എന്നൊക്കെ യേശു പഠിപ്പിച്ചത്: (Joh, 8:24; 8:28; 8:58; യോഹ, 10:30; 14:9). പ്രത്യുത, വചനമെന്ന നിലയിലായിരുന്നു യേശുവിൻ്റെ പൂർവ്വാസ്തിത്വം എങ്കിൽ, ഞാനും വചനവും ഒന്നാണെന്നല്ലാതെ, ഞാനും പിതാവും ഒന്നാകുന്നു എന്ന് എങ്ങനെ പറയാൻ കഴിയും? എന്നെ കണ്ടവർ വചനത്തെ കണ്ടിരിക്കുന്നു എന്നല്ലാതെ, എന്നെ കണ്ടവർ പിതാവിനെ കണ്ടിരിക്കുന്നു എന്ന് എങ്ങനെ പറയും? അബ്രാഹാം ജനിച്ചതിന് മുമ്പേയുള്ള എഗോ എയ്മിയാണെന്ന് എങ്ങനെ പറയും? അതിനാൽ യേശു വചനമോ, യഥാർത്ഥത്തിൽ വചനത്തിൻ്റെ ജഡാവസ്ഥയോ അല്ല; യഹോവയായ ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണെന്ന് അസന്ദിഗ്ധമായി തെളിയുന്നു.
𝟮𝟮. വചനവും ജീവൻ്റെ വചനവും:
➦ യോഹന്നാൻ്റെ ഒന്നാം ലേഖനത്തിലെ “ജീവൻ്റെ വചനവും” (The Word of life) യേശു ആണെന്ന് അനേകരും വിചാരിക്കുന്നു. രണ്ട് വാക്യങ്ങളും നോക്കുക: “ആദിയിൽ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു.” (യോഹ, 1:1). “ആദിമുതലുള്ളതും ഞങ്ങൾ കേട്ടതും സ്വന്ത കണ്ണുകൊണ്ടു കണ്ടതും ഞങ്ങൾ നോക്കിയതും ഞങ്ങളുടെ കൈ തൊട്ടതും ആയ ജീവന്റെ വചനം സംബന്ധിച്ചു” (1യോഹ, 1:1-2). രണ്ട് വാക്യങ്ങളും തമ്മിൽ താരതമ്യം ചെയ്താൻ രണ്ടും ഒന്നല്ലെന്നും യേശു അല്ലെന്നും കാണാൻ കഴിയും:
❶ സുവിശേഷത്തിൽ ‘വചനവും’ (Logos – Word) ലേഖനത്തിൽ ‘ജീവൻ്റെ വചനംവും’ (Tou logon zoes – The Word of life) ആണ്. അതിനാൽ രണ്ടും ഒന്നാണെന്ന് പറയാൻ പറ്റില്ല.
❷ സുവിശേഷത്തിൽ, “ആദിയിൽ ഉണ്ടായിരുന്ന വചനവും” ലേഖനത്തിൽ “ആദിമുതലുള്ള ജീവൻ്റെ വചനവും” ആണ്. ആദ്യത്തേത്, “ആദിയിൽ വചനം ഉണ്ടായിരുന്നു” (En arche en ho Logos- In the beginning was the Word) എന്നാണ്. രണ്ടാമത്തേത്, “ആദിമതുതൽ ഉള്ളതു” (Ho en ap arches – That which was from the beginning) എന്നുമാണ്. ആദ്യത്തേത്, 𝗘𝗻 𝗮𝗿𝗰𝗵𝗲 (In the beginning) ആണെങ്കിൽ, അടുത്തത്, 𝗮𝗽 𝗮𝗿𝗰𝗵𝗲𝘀 (from the beginning) ആണ്. അതായത്, സുവിശേഷത്തിൽ പറയുന്ന “ആകാശവും ഭൂമിയും സൃഷ്ടിച്ച വചനം” ആദിയിൽ ഉണ്ടായിരുന്നതും, ലേഖനത്തിൽ പറയുന്ന “ജീവൻ്റെ വചനം” അഥവാ, “സകല മനുഷ്യർക്കും ജീവൻ നല്കുന്ന വചനം” ആദിമുതൽ ഇന്നയോളം ഉള്ള വചനവുമാണ്.
☛ യേശുവിൻ്റെ സൃഷ്ടിപ്പിനെക്കുറിച്ചുള്ള വാക്കിനാലും ഇത് മനസ്സിലാക്കാം: “സൃഷ്ടിച്ചവൻ ആദിയിൽ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു.” (മത്താ, 19:4). ഈ വേദഭാഗത്തെ ‘ആദിയിൽ’ എന്നത് കൃത്യമായ പരിഭാഷയല്ല. 𝗮𝗽 𝗮𝗿𝗰𝗵𝗲𝘀 എന്ന സംബന്ധിക വിഭക്തിയിലുള്ള (Genitive Case) പ്രയോഗത്തിന് ‘ആദിമുതൽ’ (from the beginning) എന്നാണ് കൃത്യമായ പരിഭാഷ. [കാണുക: പി.ഒ.സി – ASV]. അതായത്, ദൈവം ആദിയിൽ ആദാമിനെയും ഹവ്വായെയും ഉണ്ടാക്കിയിട്ട് താൻ മനുഷ്യസൃഷ്ടി നിർത്തിയില്ല; താൻ മനുഷ്യരിലൂടെ തൻ്റെ സൃഷ്ടികർമ്മം ഇന്നയോളം തുടർന്നുപോരുകയാണ് ചെയ്യുന്നത്: (യെശ, 64:8). തന്നെയുമല്ല, മനുഷ്യനെ ‘ഉണ്ടാകട്ടെ’ എന്ന് പറഞ്ഞുകൊണ്ട് തൻ്റെ വായിൽനിന്ന് പുറപ്പെട്ട വചനത്താലല്ല സൃഷ്ടിച്ചത്; തൻ്റെ കൈകൊണ്ട് മെനഞ്ഞതാണ്: (ഉല്പ, 2:7). മനുഷ്യനെ സൃഷ്ടിക്കുന്നതിനോടുള്ള ബന്ധത്തിൽ മാത്രമാണ് ദൈവം ഒരു പ്രവർത്തി ചെയ്തതായി കാണുന്നത്. അതായത്, യോഹന്നാനിൽ പറയുന്ന ആകശഭൂമികൾ സൃഷ്ടിച്ച വചനവും, ജീവൻ്റെ വചനവും, രണ്ടും രണ്ടാണ്.
❸ ഒന്നാം വാക്യത്തിൽ ജീവൻ്റെ വചനത്തെ (ton Logou zoes – The Word of life) സംബന്ധിച്ച അഞ്ച് പ്രയോഗങ്ങൾ കാണാം:
➟ “ആദിമുതലുള്ളതു” (Ho en ap arches – That which was from the beginning)
➟ “ഞങ്ങൾ കേട്ടതു” (Ho akekoamen – Which we have heard)
➟ “ഞങ്ങളുടെ സ്വന്ത കണ്ണുകൊണ്ടു കണ്ടതു” (Ho heorakamen tois ophthalmois hemon – Which we have seen with our eyes)
➟ “ഞങ്ങൾ നോക്കിയതു” (Ho etheasametha – Which we have looked upon)
➟ “ഞങ്ങളുടെ കൈകൾ തൊട്ടതു” (Hai cheires hemon epselaphesan – Oue hands have handled)
☛ മേല്പറഞ്ഞ അഞ്ച് പ്രയോഗങ്ങളും മലയാളത്തിൽ ഒരേ ലിംഗത്തിൽ തോന്നുമെങ്കിലും, ഗ്രീക്കിൽ ആദ്യത്തെ നാല് പ്രയോഗങ്ങൾ നപുംസകലിംഗത്തിലും (Neuter) അഞ്ചാമത്തെ പ്രയോഗം സ്ത്രീലിംഗത്തിലും (Feminine) ആണ്.
☛ ആദ്യത്തെ നാല് പ്രയോഗങ്ങളിലും ആവർത്തിച്ചു വരുന്ന ‘അതു’ (That which, which) എന്നർത്ഥമുള്ള ‘ഹൊ’ (ho) എന്ന പദം നപുംസകലിംഗത്തിലുള്ള (Neuter) “ആപേക്ഷിക സർവ്വനാമം” (Relative Pronoun) ആണ്. ആപേക്ഷിക സർവ്വനാമം എന്നാൽ, ആരെക്കുറിച്ചാണോ, അല്ലെങ്കിൽ എന്തിനെക്കുറിച്ചാണോ പ്രതിപാദിക്കുന്നത്, അതിനെ സംബംന്ധിക്കുന്ന സർവ്വനാമം എന്നാണർത്ഥം.
☛ യോഹന്നാൻ “ജീവന്റെ വചനം” സംബന്ധിച്ച കാര്യമാണ് പറയുന്നത്. ജീവൻ്റെ വചനം ഒരു പുരുഷനായ വ്യക്തിയെ കുറിക്കുന്നത് ആയിരുന്നെങ്കിൽ, ‘ഹൊസ്’ (hos) എന്ന പുല്ലിംഗത്തിലുള്ള (Masculine) ആപേക്ഷിക സർവ്വനാമം (Relative Pronoun) ഉപയോഗിക്കുമായിരുന്നു: (Mat, 5:19). ഒരു സ്ത്രീ ആയിരുന്നെങ്കിൽ, ‘ഹേ’ (he) എന്ന സ്ത്രീലിംഗത്തിലുള്ള (Feminine) ആപേക്ഷിക സർവ്വനാമം ഉപയോഗിക്കുമായിരുന്നു: (Luk, 2:37). എന്നാൽ യോഹന്നാൻ ഉപയോഗിച്ചിരിക്കുന്നത് ‘ഹൊ’ (ho) എന്ന നപുംസകലിംഗത്തിലുള്ള ആപേക്ഷിക സർവ്വനാമമാണ്. അത് വാക്കു/വചനം, വസ്തുക്കൾ, സവിശേഷ ഗുണങ്ങൾ, പക്ഷിമൃഗാദികൾ മുതലായവയെ കുറിക്കുന്നതാണ്. പ്രസ്തുത വാക്യത്തിൽ പറയുന്നത്, “ജീവൻ്റെ വചനം” (Tou Logou zoes – The Word of life) അഥവാ, ജീവദായകമായ ദൈവത്തിൻ്റെ വചനത്തെ കുറിക്കുന്ന സർവ്വനാമങ്ങൾ ആയതുകൊണ്ടാണ് നപുംസകലിംഗത്തിൽ ഉപയോഗിച്ചിരിക്കുന്നത്. പ്രത്യുത, അവിടെപ്പറയുന്ന “ജീവൻ്റെ വചനം” നമ്മുടെ കർത്താവും പുരുഷനുമായ (Man) നസറായനായ യേശു ആയിരുന്നെങ്കിൽ, നപുംസകലിംഗത്തിൽ യോഹന്നാൻ പറയുമായിരുന്നോ? (പ്രവൃ, 2:23).
☛ ഗ്രീക്കിലേക്കൊന്നും പോകണ്ട മലയാളത്തിൽ നോക്കിയാലും മതി. “ആദിമുതലുള്ള-അതു, ഞങ്ങൾ കേട്ട-അതു, ഞങ്ങളുടെ സ്വന്ത കണ്ണുകൊണ്ടു കണ്ട-അതു, ഞങ്ങൾ നോക്കിയ-അതു” എന്നൊക്കെ പറഞ്ഞിരിക്കുന്നത് ശ്രദ്ധിക്കുക. “അതു, അതു, അതു, അതു” എന്ന് നപുസകലിംഗത്തിൽ (Neuter) നാലുപ്രാവശ്യം പറഞ്ഞിട്ടുണ്ട്. യേശുക്രിസ്തു എന്നതുപോട്ടെ, അവനെ ഒറ്റിക്കൊടുത്തിട്ട് തൂങ്ങിച്ചത്ത നാശയോഗ്യനായ യൂദായ്ക്കുപോലും ‘നപുംസകലിഗം’ ഉപയോഗിക്കാൻ വ്യാകരണത്തിൽ വ്യവസ്ഥയില്ല. ‘അതു’ യേശുക്രിസ്തു ആണെന്ന് പറയുന്നവരെ സമ്മതിക്കണം!
☛ ജീവൻ്റെ വചനവുമായുള്ള അല്ലെങ്കിൽ, വീണ്ടുംജനിപ്പിക്കുന്ന ദൈവത്തിൻ്റെ വചനവുമായുള്ള (യാക്കോ, 1:18; 1പത്രൊ, 1:23) അപ്പൊസ്തലന്മാരുടെ അഭേദ്യമായ ബന്ധത്തെക്കുറിക്കാനാണ്, “ഞങ്ങൾ കേട്ടു, സ്വന്ത കണ്ണുകൊണ്ടു കണ്ടു, ഞങ്ങൾ നോക്കി, ഞങ്ങളുടെ കൈതൊട്ടു” എന്നൊക്കെ പറയുന്നത്. അല്ലാതെ, യേശുവിനെ തൊട്ടകാര്യമല്ല പറയുന്നത്. യേശുവിൻ്റെ മാറിൽ ചാരിക്കിടന്നിട്ടുള്ളവനാണ് യോഹന്നാൻ: (യോഹ, 13:23). യേശുവിനെ തൊട്ടകാര്യമാണ് അവിടുത്തെ വിഷയമെങ്കിൽ, അവൻ്റെ മാറിൽ ചാരിക്കിടന്നതിലും വലിയൊരു സാക്ഷ്യമുണ്ടോ? വിശ്വാസികൾ പ്രമാണിക്കേണ്ടത് അല്ലെങ്കിൽ മുറുകെപ്പിടിക്കേണ്ട വചനമാണ്, യോഹന്നാൻ പറയുന്ന “ജീവൻ്റെ വചനം” (The Word of life): (ഫിലി, 2:15 – യോഹ, 6:68; പ്രവൃ, 5:20). അല്ലാതെ, അത് യേശുവല്ല.
☛ 𝗖𝗵𝗿𝗶𝘀𝘁 𝗮𝗻𝗱 𝗧𝗵𝗲 𝗪𝗼𝗿𝗱 𝗼𝗳 𝗟𝗶𝗳𝗲:
➦ ക്രിസ്തുവിനെയും ജീവൻ്റെ വചനത്തെയും വേർതിരിച്ച് പറഞ്ഞിട്ടുണ്ട്: “Holding forth 𝘁𝗵𝗲 𝘄𝗼𝗿𝗱 𝗼𝗳 𝗹𝗶𝗳𝗲; that I may rejoice in the day of 𝗖𝗵𝗿𝗶𝘀𝘁, that I have not run in vain, neither laboured in vain.” (Phi, 2:16, KJV). (ജീവന്റെ വചനത്തെ മുറുകെ പിടിച്ചുകൊള്ളുവിൻ; അങ്ങനെ ഞാൻ ഓടിയതും അദ്ധ്വാനിച്ചതും വെറുതെയായില്ല എന്നു ക്രിസ്തുവിന്റെ നാളിൽ എനിക്കു പ്രശംസ ഉണ്ടാകും). ഈ വാക്യം, ഗ്രീക്കിലും ഇംഗ്ലീഷിലും ഒറ്റ വാക്യമാണ്. പിഒ.സി പരിഭാഷയും സത്യവേദപുസ്തകം സമകാലിക പരിഭാഷയും നോക്കുക. എന്നാൽ സത്യവേദപുസ്തകത്തിൽ രണ്ട് വാക്യമാണ്. ക്രിസ്തു ജീവൻ്റെ വചനമാണെങ്കിൽ, ക്രിസ്തുവിനെയും ജീവൻ്റെ വചനത്തെയും വേർതിരിച്ച് പറയുമായിരുന്നോ? വചനവും ഭാഷയും അറിയാവുന്നവരാരും യേശു വചനമാണെന്നോ, ജീവൻ്റെ വചനമാണെന്നോ പറയില്ല.
𝟮𝟯. ആദിമുതലുള്ളതും ആദിമുതലുള്ളവനും:
➦ യോഹന്നാൻ പറയുന്ന “ജീവൻ്റെ വചനം” യേശു അല്ലെന്നതിൻ്റെ തെളിവ് അവൻ്റെ അതേ ലേഖനത്തിൽത്തന്നെ ഉണ്ട്: “പിതാക്കന്മാരേ, ആദിമുതലുള്ളവനെ നിങ്ങൾ അറിഞ്ഞിരിക്കയാൽ നിങ്ങൾക്കു എഴുതുന്നു. ബാല്യക്കാരേ, നിങ്ങൾ ദുഷ്ടനെ ജയിച്ചിരിക്കയാൽ നിങ്ങൾക്കു എഴുതുന്നു. കുഞ്ഞുങ്ങളേ, നിങ്ങൾ പിതാവിനെ അറിഞ്ഞിരിക്കയാൽ ഞാൻ നിങ്ങൾക്കു എഴുതിയിരിക്കുന്നു.” (1യോഹ, 2:13 – 1യോഹ, 2:14). ഈ രണ്ട് വേദഭാഗവും പിതാവിനെക്കുറിച്ചാണ് പറഞ്ഞിരിക്കുന്നത്. ഇതിലെ പ്രയോഗം ശ്രദ്ധിക്കുക: “ആദിമുതലുള്ള-അവൻ” (Him who is from th beginning) എന്നാണ് പറഞ്ഞിരിക്കുന്നത്. എന്നാൽ “ആദിമുതലുള്ള-അതു” (That which was from the beginning) എന്നാണ് ജീവൻ്റെ വചനത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത്: (1Joh, 1:1 – 1Joh, 2:13; 1Joh, 2:14). വ്യത്യാസം മനസ്സിലായോ?
☛ ഇനി ഗ്രീക്കിൽ നോക്കാം: “ആദിമുതലുള്ളവൻ” (Him who is from th beginning) എന്ന് പറയാൻ ഗ്രീക്കിൽ ഉപയോഗിച്ചിരിക്കുന്നത്, 𝘁𝗼𝗻 𝗮𝗽 𝗮𝗿𝗰𝗵𝗲𝘀 എന്നാണ്. ഇതിലെ, 𝘁𝗼𝗻 എന്ന പദം പുല്ലിംഗത്തിലും (Masculine) പ്രതിഗ്രാഹിക വിഭക്തിയിലുമുള്ള (Accusative Case) ഒരു നിശ്ചയോപപദം (Definite Article) ആണ്. പദത്തിൻ്റെ അർത്ഥം “അവനെ” (Him) എന്നാണ്. ➟“ആദിമുതലുള്ളവനെ” എന്ന പ്രയോഗം പിതാവിനെ സൂചിപ്പിക്കുന്നതുകൊണ്ടാണ്, “അവനെ” എന്ന പുല്ലിംഗ ആർട്ടിക്കിൾ ഉപയോഗിച്ചിരിക്കുന്നത്. അടുത്തവാക്യത്തിലും “ആദിമുതലുള്ളവനെ” എന്ന പുല്ലിംഗപ്രയോഗം പിതാവിനെക്കുറിച്ച് കാണാം: (1യോഹ, 2:14).
☛ ലിംഗഭേദം (Gender) ഇല്ലാത്ത പിതാവിനെ കുറിക്കാൻ “ആദിമുതലുള്ള–അവൻ” എന്ന പുല്ലിംഗം (Masculine) ഉപയോഗിച്ച യോഹന്നാൻ, തൻ്റെ അതേ ലേഖനത്തിൽപ്പറയുന്ന “ജീവൻ്റെ വചനം” (The Word of life) ലിംഗഭേദമുള്ള (Gender) പുരുഷനായ (Man) നസറായനായ യേശുവിനെക്കുറിച്ച് ആയിരുന്നെങ്കിൽ, “ആദിമുതലുള്ള–അതു” എന്ന നപുംസകലിംഗത്തിൽ പറയുമായിരുന്നോ? (പ്രവൃ, 2:23). ദൈവം മനുഷ്യർക്കുവേണ്ടി മനുഷ്യരെക്കൊണ്ട് മനുഷ്യരുടെ ഭാഷയിൽ എഴുതിച്ച ബൈബിളിൽ വ്യാകരണവിരുദ്ധമായി ഒരു വാക്കുപോലും ഉണ്ടാകില്ല; ഉണ്ടാകാൻ പാടില്ല. അതെങ്കിലും വിശ്വാസികൾ ഓർക്കുന്നത് നല്ലതാണ്.
𝟮𝟰. ദൈവവചനം എന്ന് പേർ:
➦ വെളിപ്പാട് പുസ്തകത്തിൽ വെള്ളക്കുതിരപ്പുറത്ത് വരുന്നവനും യേശു ആണെന്ന് കരുതുന്നവരുണ്ട്: “അനന്തരം സ്വർഗ്ഗം തുറന്നിരിക്കുന്നതു ഞാൻ കണ്ടു; ഒരു വെള്ളക്കുതിര പ്രത്യക്ഷമായി; അതിന്മേൽ ഇരിക്കുന്നവന്നു വിശ്വസ്തനും സത്യവാനും എന്നും പേർ. അവൻ നീതിയോടെ വിധിക്കയും പോരാടുകയും ചെയ്യുന്നു. അവന്റെ കണ്ണു അഗ്നിജ്വാല, തലയിൽ അനേകം രാജമുടികൾ; എഴുതീട്ടുള്ള ഒരു നാമവും അവന്നുണ്ടു; അതു അവന്നല്ലാതെ ആർക്കും അറിഞ്ഞുകൂടാ. അവൻ രക്തം തളിച്ച ഉടുപ്പു ധരിച്ചിരിക്കുന്നു; അവന്നു ദൈവവചനം എന്നു പേർ പറയുന്നു.” (വെളി, 19:11-13). ഇവിടെ “ദൈവവചനം” (The Word of God) എന്ന് പേർ പറഞ്ഞിരിക്കുന്നവനും യേശു ആണെന്ന് കരുതുന്നവരുണ്ട്. ഇവിടെപ്പറയുന്നത് യേശുവിനെക്കുറിച്ചല്ല എന്നതിൻ്റെ രണ്ട് തെളിവ് തരാം:
❶ നാല് പേരുകൾ:
➦ വെള്ളക്കുതിരപ്പുറത്തിരിക്കുന്നവന് ഒന്നല്ല; നാല് പേരുകളാണ് പറഞ്ഞിരിക്കുന്നത്: 𝟭𝟭-ാം വാക്യത്തിൽ, “വിശ്വസ്തനും സത്യവാനും” എന്നൊരു പേർപറഞ്ഞിട്ടുണ്ട്. 𝟭𝟮-ാം വാക്യത്തിൽ, ഒരു പേർ എഴുതീട്ടുണ്ട്; എന്നാൽ അതവനല്ലാതെ ആർക്കും അറിഞ്ഞുകൂടാ. 𝟭𝟯-ാം വാക്യത്തിൽ, “ദൈവവചനം” എന്ന മൂന്നാമതൊരു പേർ പറഞ്ഞിട്ടുണ്ട്. 𝟭𝟲-ാം വാക്യത്തിൽ, “രാജാധിരാജാവും കർത്താധികർത്താവും” എന്ന നാലാമതൊരു പേരും പറഞ്ഞിട്ടുണ്ട്. എന്നാൽ നമ്മുടെ കർത്താവിൻ്റെ പേരിനെക്കുറിച്ച്, “നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട ‘യേശുക്രിസ്തു’ എന്ന നമമല്ലാതെ വേറൊരു നാമവും ഇല്ല” എന്നാണ് പറഞ്ഞിരിക്കുന്നത്: (പ്രവൃ, 4:10-12). വാക്കിനാലും ക്രിയയാലും (പ്രവൃത്തി) എന്തുചെയ്താലും യേശുവിൻ്റെ നാമത്തിൽ ചെയ്യാനാണ് കല്പിച്ചിരിക്കുന്നത്: (കൊലൊ, 3:17). പിന്നെ പറഞ്ഞതും പറയാത്തതുമായ വേറെ നാലുപേരുകൾ അവനെന്തിനാണ്?
❷ വെള്ളക്കുതിരപ്പുറത്ത് വരുന്നവൻ:
➦ ആറാം ആദ്ധ്യായത്തിൽ വെള്ളക്കുതിരപ്പുറത്ത് വരുന്നവനെ കുഞ്ഞാടിൽനിന്ന് വേർതിച്ച് പറഞ്ഞിരിക്കുന്നത് കാണാം: “കുഞ്ഞാടു മുദ്രകളിൽ ഒന്നു പൊട്ടിച്ചപ്പോൾ: നീ വരിക എന്നു നാലു ജീവികളിൽ ഒന്നു ഇടി മുഴക്കം പോലെ പറയുന്നതു ഞാൻ കേട്ടു അപ്പോൾ ഞാൻ ഒരു വെള്ളക്കുതിരയെ കണ്ടു; അതിന്മേൽ ഇരിക്കുന്നവന്റെ കയ്യിൽ ഒരു വില്ലുണ്ടു; അവന്നു ഒരു കിരീടവും ലഭിച്ചു; അവന് ജയിക്കുന്നവനായും ജയിപ്പാനായും പുറപ്പെട്ടു.” (വെളി, 6:1-2). ഈ വേഭാഗത്തുനിന്ന് ചില കാര്യങ്ങൾ മനസ്സിലാക്കാം: 𝟭.കുഞ്ഞാടിനെയും വെള്ളക്കുതിരപ്പുറത്തിരിക്കുന്നവനെയും വേർതിരിച്ചാണ് പറഞ്ഞിരിക്കുന്നത്. കുഞ്ഞാട് സ്വർഗ്ഗത്തിൽനിന്നുകൊണ്ട് ഒന്നൊന്നായി ആറു മുദ്രകൾ പെട്ടിക്കുമ്പോൾ, നാല് കുതികളെയും, വ്യത്യസ്ത സംഭവങ്ങൾ ഭൂമിയിൽ നടക്കുന്നതായും യോഹന്നാൻ കാണുന്നുണ്ട്. അതിനാൽ, കുഞ്ഞാടല്ല വെള്ളക്കുതിരപ്പുറത്ത് ഇരിക്കുന്നതെന്ന് സംശയലേശമെന്യേ മനസ്സിലാക്കാം. 𝟮.വെള്ളക്കുതിരപ്പുറത്ത് ഇരിക്കുന്നവൻ്റെ തലയിൽ കിരീടവും കയ്യിൽ വില്ലുമുണ്ട്. കിരീടം അവൻ്റെ രാജത്വത്തെയും, വില്ല് അവൻ്റെ അധികാരത്തെയുമാണ് സൂചിപ്പിക്കുന്നത്. 𝟯.ആറാം അദ്ധ്യായത്തിൽ നാലു കുതിരയെക്കുറിച്ച് പറഞ്ഞിട്ടുണ്ടെങ്കിലും, ഒരു വെള്ളക്കുതിരയും അതിൻ്റെമേൽ ഇരിക്കുന്നവനും മാത്രമേ കിരീടവും വില്ലുമുള്ളൂ. 𝟰.അവന് ജയിക്കുന്നവനായും ജയിപ്പാനായും പുറപ്പെട്ടവനാന്. തന്മൂലം, ആറാം അദ്ധ്യായത്തിലെ ജയാളിയായ രാജാവും പത്തൊൻപതാം അദ്ധ്യായത്തിലെ ജയാളിയായ രാജാവും ഒന്നാണെന്ന് മനസ്സിലാക്കാം. കുഞ്ഞാട് യേശുക്രിസ്തുവിനെ പ്രതിനിധീകരിക്കുന്ന വെളിപ്പാടാണ്. അതിനാൽ വെള്ളക്കുതിരപ്പുറത്ത് ഇരിക്കുന്നവൻ യേശുക്രിസ്തു അല്ലെന്ന് സംശയലേശമെന്യേ മനസ്സിലാക്കാം.
❸ 𝗝𝗲𝘀𝘂𝘀 𝗮𝗻𝗱 𝗧𝗵𝗲 𝗪𝗼𝗿𝗱 𝗼𝗳 𝗚𝗼𝗱:
➦ യേശുവിനെയും ദൈവവചനത്തെയും വെളിപ്പാടിൽത്തന്നെ വ്യക്തമായി വേർതിരിച്ച് പറഞ്ഞിട്ടുണ്ട്: “നിങ്ങളുടെ സഹോദരനും യേശുവിന്റെ (Jesus) കഷ്ടതയിലും രാജ്യത്തിലും സഹിഷ്ണതയിലും കൂട്ടാളിയുമായ യോഹന്നാൻ എന്ന ഞാൻ ദൈവവചനവും (The Word of God) യേശുവിന്റെ സാക്ഷ്യവും നിമിത്തം പത്മൊസ് എന്ന ദ്വീപിൽ ആയിരുന്നു.” (വെളി, 1:9 – ലൂക്കൊ, 5:1). ഇവിടെ “ദൈവവചനവും യേശുവിന്റെ സാക്ഷ്യവും” എന്ന് വേർപെടുത്തി പറഞ്ഞിരിക്കുന്നത് ശ്രദ്ധിക്കുക. “ദൈവവചനം” എന്നത് യേശുവിൻ്റെ മറ്റൊരു നാമം ആയിരുന്നുവെങ്കിൽ, യേശുവിനെയും ദൈവവചനത്തെയും വേർതിരിച്ച് പറയുമായിരുന്നോ? അതിനാൽ വെള്ളക്കുതിരപ്പുറത്ത് ഇരിക്കുന്നവൻ യേശുവാണെന്ന് പറയാൻ കഴിയില്ല.
𝟮𝟱. വചനം, ജീവൻ്റെ വചനം, ദൈവവചനം:
➦ താഴയുള്ളതെല്ലാം യേശു ആണെന്നാണ് പലരും വിചാരിക്കുന്നത്:
❶ വചനം (Word) 𝐉𝐨𝐡, 𝟏:𝟏,
❷ ജീവൻ്റെ വചനം (Word of life) 𝟏𝐉𝐨𝐡, 𝟏:𝟏,
❸ വിശ്വസ്തനും സത്യവാനും (Faithful and True) 𝐑𝐞𝐯, 𝟏𝟗:𝟏𝟏,
❹ ആർക്കും അറിയാത്ത നാമം (A name that no man Knew) 𝐑𝐞𝐯, 𝟏𝟗:𝟏𝟐,
❺ ദൈവവചനം (Word of God) 𝐑𝐞𝐯, 𝟏𝟗:𝟏𝟑,
❻ രാജാധിരാജാവും കർത്താധികർത്താവും (King of King and Lord of Lords) 𝐑𝐞𝐯, 𝟏𝟗:𝟏𝟔.
☛ മേല്പറഞ്ഞതെല്ലാം യേശു ആണെങ്കിൽ, 3-മുതൽ 6-വരെയുള്ളത് വെള്ളക്കുതിരപ്പുറത്ത് ഇരിക്കുന്നവൻ്റെ പേരാണെന്ന് വെളിപ്പാടിൽ പറഞ്ഞിട്ടുണ്ട്. ഒരുത്തൻ്റെ പേരും അസ്തിത്വവും, പേരും പ്രകൃതിയും, പേരും പദവിയും ഒരിക്കലും ഒന്നായിരിക്കില്ല. അതിനാൽ 1-ഉം 2-ഉം കൂടി സ്വാഭാവികമായി പേർതന്നെ ആകണം. ‘യേശു’ (Jesus) എന്ന പേരുകൂടി ചേരുമ്പോൾ, മൊത്തം 7 പേരുകളായി. സുവിശേഷങ്ങളിലോ, അപ്പൊസ്തലന്മാരുടെ പ്രവർത്തികളിലോ, ലേഖനങ്ങളിലോ യേശുവിന് മറ്റൊരു പേരുള്ളതായി പറഞ്ഞിട്ടില്ല. തന്നെയുമല്ല, അത്ഭുതങ്ങൾ, അടയാളങ്ങൾ തുടങ്ങി മനസാന്തരം, പാപമോചനം, രക്ഷ, സ്നാനം മുതലായ ആദിയോടന്തം (A to Z) യേശുവിൻ്റെ നാമത്തിലാണ് ചെയ്യാൻ കല്പിച്ചിരിക്കുന്നത്: (𝐂𝐨𝐥, 𝟑:𝟏𝟕). രക്ഷയ്ക്കായി “യേശുക്രിസ്തു” എന്ന നാമമല്ലാതെ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ലെന്നും പറഞ്ഞിട്ടുണ്ട്: (𝐀𝐜𝐭, 𝟒:𝟏𝟎-𝟏𝟐). ഇതെല്ലാം യേശുവാണെന്നും അവൻ്റെ പേരുകളാണെന്നും വചനവിരുദ്ധമായി വാദിക്കുന്നവർ, ബാക്കി 6 പേരുകളുടെ ആവശ്യമെന്താണെന്ന് വ്യക്തമാക്കേണ്ടതല്ലയോ? രക്ഷിതാവും കർത്താവുമായവന് ഏഴ് പേരുകളുണ്ടെന്ന് ചുമ്മാ പറഞ്ഞാൽ മതിയോ?
☛ 𝗖𝗼𝗻𝗰𝗹𝘂𝘀𝗶𝗼𝗻:
➦ ബൈബിൾ വെളിപ്പെടുത്തുന്ന ‘യേശു’ വചനമോ, യഥാർത്ഥത്തിൽ വചനത്തിൻ്റെ ജഡാവസ്ഥയോ അല്ല; ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ്. എന്നാൽ മുഹമ്മദീയരുടെ ഖുറാനിൽ പറയുന്ന അവരുടെ “ഈസാ നബി” വചനമാണ്: (4:171 – 3:45). ഖുറാനിലെ ഈസാനബിയെ വിട്ടിട്ട്, ബൈബിളിലെ യേശുവിനെ വിശ്വസിക്കുക. യേശു സത്യത്തിന് സാക്ഷിനിൽക്കാൻ ജനിച്ചവനും, അതിനായി ലോകത്തിലേക്ക് വന്നവനും, ഏകസത്യദൈവമായ (Father, the only true God) പിതാവിങ്കലേക്കുള്ള വഴിയും സത്യവും ജീവനുമാണ്: (യോഹ, 17:3; യോഹ, 18:37; യോഹ, 14:6).
One thought on “യേശു വചനമെന്ന ദൈവമാണോ?”