☛ മലയാളത്തിലെ തീത്തൊസ് 2:12/13-നെ മൂലഭാഷയായ (Koine Greek) പരിശോധിച്ചാൽ, മൂലഭാഷയിൽ പറയുന്ന മഹാദൈവവും സത്യവേദപുസ്തകത്തിലെ മഹാദൈവവും വ്യത്യസ്തരാണെന്നും, മൂലഭാഷയിലെ മഹാദൈവവും പിഒസിയിലെ മഹാദൈവവും ഒന്നാണെന്നും കാണാൻ കഴിയും. അതിൻ്റെ കാരണം: മൂലഭാഷയായ കൊയ്നേ ഗ്രീക്കിൽ സംബന്ധിക വിഭക്തിയിൽ (Genitive Case) പറഞ്ഞിരിക്കുന്ന പ്രയോഗത്തെ, പിഒസി അതേ വിഭക്തിയിൽ പരിഭാഷ ചെയ്തു. എന്നാൽ സത്യവേദപുസ്തകം അതിനെ നിർദ്ദേശിക വിഭക്തിയിൽ (Nominative Case) പരിഭാഷ ചെയ്തു.
☛ കൊയ്നേ ഗ്രീക്കിലെ സംബന്ധിക വിഭക്തിയിലുള്ള ഒറിജിനൽ പ്രയോഗവും രണ്ട് പരിഭാഷകൾ തമ്മിലുള്ള വ്യത്യാസവും, ബൈബിളിലെ അതേ പ്രയോഗത്തിൻ്റെ നിർദ്ദേശിക വിഭക്തിയിലുള്ള പ്രയോഗവും താഴെക്കാണാം:
☛ മൂലഭാഷ (Koine Greek), ➟ഇംഗ്ലീഷ് ലിപ്യന്തരണം (Transliteration), ➟മലയാള ലിപ്യന്തരണം, ➟ഇംഗ്ലീഷ് പരിഭാഷ (Translation), ➟മലയാള പരിഭാഷ എന്നീ ക്രമത്തിലാണ് കാണിക്കുന്നത്.
☛ 𝗚𝗲𝗻𝗶𝘁𝗶𝘃𝗲 𝗖𝗮𝘀𝗲 (സംബന്ധിക വിഭക്തി):
➟ τοῦ μεγάλου θεοῦ καὶ σωτῆρος ἡμῶν Ἰησοῦ Χριστοῦ,
➟ tou megalou Theou kai Sōtēros hēmōn Iēsou Christou,
➟ തൂ മെഗാലു തെയൂ കൈ സോതീരോസ് ഹേമോൻ യേസൂ ക്രിസ്തൂ,
➟ of the great God and of our Saviour Jesus Christ,
➟ മഹാദൈവത്തിൻ്റെയും നമ്മുടെ രക്ഷിതാവായ യേശുക്രിസ്തുവിൻ്റെയും.
☛ ഇതാണ് മൂലഭാഷയിലെ ഒറിജിനലിൽ പ്രയോഗവും അതിൻ്റെ ഇംഗ്ലീഷ്, മലയാളം ലിപ്യന്തരണവും പരിഭാഷയും.
☛ ആദ്യഭാഗത്തെ 𝘁𝗼𝘂 𝗺𝗲𝗴𝗮𝗹𝗼𝘂 𝗧𝗵𝗲𝗼𝘂 എന്ന ഗ്രീക്ക് പ്രയോഗത്തിൻ്റെ അർത്ഥം: മഹാദൈവം (The great God) എന്നല്ല; മഹാദൈവത്തിൻ്റെ (of the great God) എന്നാണ്. ഉം (and) എന്നർത്ഥമുള്ള 𝗸𝗮𝗶 എന്ന സംയോജനപദം (Conjunction) കൂടി ചേരുമ്പോൾ, “മഹാദൈവത്തിൻ്റെയും” (and of the great God) എന്നാകും. ആദ്യഭാഗംതന്നെ മഹാദൈവത്തിൻ്റെയും എന്നാണെങ്കിൽ, അടുത്തഭാഗത്ത് പറയുന്നത് ആരാണെങ്കിലും അവൻ മഹാദൈവം അല്ലെന്നാണ് ഭാഷാപരമായ അർത്ഥം.
☛ അടുത്തഭാഗത്തെ 𝗦𝗼𝘁𝗲𝗿𝗼𝘀 𝗵𝗲𝗺𝗼𝗻 𝗜𝗲𝘀𝗼𝘂 𝗖𝗵𝗿𝗶𝘀𝘁𝗼𝘂 എന്ന പ്രയോഗത്തിൻ്റെ അർത്ഥം: നമ്മുടെ രക്ഷിതാവായ യേശുക്രിസ്തു (our Saviour Jesus Christ) എന്നല്ല; നമ്മുടെ രക്ഷിതാവായ യേശുക്രിസ്തുവിൻ്റെ (of our Saviour Jesus Christ) എന്നാണ്. 𝗸𝗮𝗶 എന്ന സംയോജനപദം (Conjunction) രണ്ടുഭാഗത്തിനും ഒരുപോലെ ചേരുന്നതുകൊണ്ട്, “നമ്മുടെ രക്ഷിതാവായ യേശുക്രിസ്തുവിൻ്റെയും” (and of our Saviour Jesus Christ) എന്നാകും.
☛ രണ്ട് ഭാഗങ്ങളും ചേരുമ്പോൾ, 𝘁𝗼𝘂 𝗺𝗲𝗴𝗮𝗹𝗼𝘂 𝗧𝗵𝗲𝗼𝘂 𝗸𝗮𝗶 𝗦𝗼𝘁𝗲𝗿𝗼𝘀 𝗵𝗲𝗺𝗼𝗻 𝗜𝗲𝘀𝗼𝘂 𝗖𝗵𝗿𝗶𝘀𝘁𝗼𝘂 ⁃ 𝗼𝗳 𝘁𝗵𝗲 𝗴𝗿𝗲𝗮𝘁 𝗚𝗼𝗱 𝗮𝗻𝗱 𝗼𝗳 𝗼𝘂𝗿 𝗦𝗮𝘃𝗶𝗼𝘂𝗿 𝗝𝗲𝘀𝘂𝘀 𝗖𝗵𝗿𝗶𝘀𝘁 (മഹാദൈവത്തിൻ്റെയും നമ്മുടെ രക്ഷിതാവായ യേശുക്രിസ്തുവിൻ്റെയും) എന്നാണർത്ഥം. മഹാദൈവത്തിൻ്റെയും നമ്മുടെ രക്ഷിതാവായ യേശുക്രിസ്തുവിൻ്റെയും എന്ന് പറഞ്ഞാൽ, യേശുക്രിസ്തു മഹാദൈവം ആകുമോ?
☛ ഈ വാക്യത്തിൽ പിതാവായ മഹാദൈവത്തെ, നമ്മുടെ രക്ഷിതാവായ യേശുക്രിസ്തുവിൽനിന്ന് വ്യക്തമായി വേർതിരിച്ചാണ് പൗലൊസ് പഠിപ്പിച്ചിരിക്കുന്നത്. ജാതികൾ രക്ഷപ്രാപിപ്പാനും സത്യത്തിൻ്റെ പരിജ്ഞാനത്തിൽ എത്തുവാനും അപ്പൊസ്തലനായി ദൈവം നിയമിച്ച പൗലൊസിൻ്റെ ദൈവം യേശുക്രിസ്തുവല്ല; യേശുക്രിസ്തുവിൻ്റെ ദൈവമാണ്: (1തിമൊ, 2:4-7). പൗലൊസ് യേശുക്രിസ്തുവിൻ്റെ ദൈവത്തെ വാഴ്ത്തുന്നതും (2കൊരി, 11:31), യേശുക്രിസ്തു മുഖാന്തരം ദൈവത്തിന് സ്തോത്രം ചെയ്യുന്നതും (റോമ, 1:8), ക്രിസ്തുയേശുവിൽ നല്കപ്പെട്ട ദൈവകൃപനിമിത്തം തൻ്റെ ദൈവത്തിന് സ്തോത്രം ചെയ്യുന്നതുമായ (1കൊരി, 1:4) അനേകം വാക്യങ്ങളുണ്ട്. ന്യായപ്രമാണം സംബന്ധിച്ചു പരീശനും ശുഷ്കാന്തി സംബന്ധിച്ചു സഭയെ ഉപദ്രവിച്ചവനും ന്യായപ്രമാണത്തിലെ നീതിസംബന്ധിച്ചു അനിന്ദ്യനുമായ പൗലൊസിന് യഹോവയായ ഏകദൈവമല്ലാതെ മറ്റൊരു ദൈവമില്ല: (ഫിലി, 3:5-6 – 1കൊരി, 8:5-6; റോമ, 16:26; എഫെ, 4:6; 1തിമൊ, 1:17). എന്നാൽ പൗലൊസിലൂടെ രക്ഷപ്രാപിച്ചവർ പൗലൊസിൻ്റെ ദൈവത്തിലല്ല വിശ്വസിക്കുന്നത്. [കാണുക: പൗലൊസിൻ്റെ ദൈവം, ദൈവപുത്രനായ ക്രിസ്തു ദൈവമാണോ?]
☛ ഇനി സത്യവേദപുസ്തകവും പിഒസിയും തമ്മിലുള്ള വ്യത്യാസം കാണുക:
❶ 𝗦𝗮𝘁𝗵𝘆𝗮𝘃𝗲𝗱𝗮𝗽𝘂𝘀𝘁𝗵𝗮𝗸𝗮𝗺:
☛ “നാം ഭാഗ്യകരമായ പ്രത്യാശെക്കായിട്ടും മഹാദൈവവും നമ്മുടെ രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ തേജസ്സിന്റെ പ്രത്യക്ഷതെക്കായിട്ടും” (തീത്തൊ, 2:12). ഇതിൽ, “മഹാദൈവവും നമ്മുടെ രക്ഷിതാവുമായ യേശുക്രിസ്തു” എന്നാണ്. അതായത്, സംബന്ധികവിഭക്തിയിലുള്ള ഗ്രീക്ക് പ്രയോഗത്തെ നിർദ്ദേശിക വിഭക്തിയിൽ പരിഭാഷ ചെയ്തപ്പോൾ, പിതാവായ ‘മഹാദൈവം’ (The great God) പുത്രനായി മാറി.
❷ 𝗣𝗢𝗖:
☛ “നമ്മുടെ മഹോന്നതനായ ദൈവത്തിന്റെയും രക്ഷകനായ യേശുക്രിസ്തുവിന്റെയും മഹത്വം പ്രത്യക്ഷമാകുമ്പോള് കൈവരാന്പോകുന്ന അനുഗ്രഹപൂര്ണമായ പ്രത്യാശയെ നാം കാത്തിരിക്കുകയും ചെയ്യുന്നു.” (തീത്തൊ, 2:13). ഇതിൽ, “നമ്മുടെ മഹോന്നതനായ ദൈവത്തിന്റെയും രക്ഷകനായ യേശുക്രിസ്തുവിന്റെയും” എന്നാണ്. ഇത്, സംബന്ധിക വിഭക്തിയിലുള്ള ഗ്രീക്ക് പ്രയോഗത്തിൻ്റെ കൃത്യമായ പരിഭാഷയാണ്.
☛ സത്യവേദപുസ്തകം പരിഭാഷ കൃത്യമാകണമെങ്കിൽ, മൂലഭാഷയിലെ പ്രയോഗം നിർദ്ദേശിക വിഭക്തിയിൽ ആയിരിക്കണം. തന്നെയുമല്ല, ‘ഹേമോൻ’ (hēmōn) എന്ന ഉത്തമപുരുഷ ബഹുവചന സർവ്വനാമം (1st Person Plural Pronoun) പ്രയോഗത്തിൻ്റെ തുടക്കത്തിൽ വരികയും വേണം. അതിപ്രകാരമാണ്:
☛ 𝗡𝗼𝗺𝗶𝗻𝗮𝘁𝗶𝘃𝗲 𝗖𝗮𝘀𝗲 (നിർദ്ദേശിക വിഭക്തി):
➟ ἡμῶν ὁ μέγας θεὸς καὶ σωτὴρ Ἰησοῦς Χριστός,
➟ hēmōn ho megas Theos kai sōtēr Iēsous Christos,
➟ ഹേമോൻ ഹോ മെഗാസ് തെയോസ് കൈ സോതീർ യേസൂസ് ക്രിസ്തോസ്,
➟ Our great God and Savior Jesus Christ,
➟ നമ്മുടെ മഹാദൈവവും രക്ഷിതാവുമായ യേശുക്രിസ്തു.
☛ എന്നാൽ മൂലഭാഷയിൽ പ്രയോഗം നിർദ്ദേശിക വിഭക്തിയിലല്ല; സംബന്ധിക വിഭക്തിയിലാണ്. അതായത്, “മഹാദൈവത്തിൻ്റെയും നമ്മുടെ രക്ഷിതാവായ യേശുക്രിസ്തുവിൻ്റെയും” എന്നാണ്. ഇത് പിഒസി പരിഭാഷയോടാണ് ചേർന്ന് നിൽക്കുന്നത്. അതിനാൽ ഇക്കാര്യത്തിൽ സത്യവേദപുസ്തകം പരിഭാഷ തെറ്റാണെന്നും പിഒസി പരിഭാഷയാണ് ശരിയെന്നും സംശയലേശമെന്യേ മനസ്സിലാക്കാം. അതായത്, പിഒസി മൂലഭാഷയെ പിൻതുടർന്ന് യേശുക്രിസ്തു പഠിപ്പിച്ച സത്യേകദൈവമായ പിതാവിനെ (Father, the only true God) മഹാദൈവം എന്ന് പരിഭാഷ ചെയ്തപ്പോൾ (യോഹ, 17:3), സത്യവേദപുസ്തകം യേശുക്രിസ്തു പഠിപ്പിച്ച സത്യേകദൈവമായ പിതാവിനെ തള്ളി, പുത്രനെ മഹാദൈവമാക്കി പരിഭാഷ ചെയ്തു. ചെറിയോരു പരിഭാഷാപ്രശ്നമായി ഇത് തോന്നുമെങ്കിലും, ക്രൈസ്തവവിശ്വാസത്തിൻ്റെ അടിസ്ഥാന ഉപദേശത്തിന് പണികൊടുത്ത ഒരു സുപ്രധാന പരിഭാഷ പ്രശ്നമാണിത്.
2 thoughts on “തീത്തൊസ് 2:12/13: സത്യവേദപുസ്തകവും പിഒസിയും”