ദൈവത്തിൻ്റെ ക്രിസ്തു
“ക്രിസ്തുവിനെക്കുറിച്ചു നിങ്ങൾക്കു എന്തു തോന്നുന്നു? അവൻ ആരുടെ പുത്രൻ എന്നു ചോദിച്ചു; ദാവീദിന്റെ പുത്രൻ എന്നു അവർ പറഞ്ഞു.” (മത്തായി 22:42)
യേശു ശിഷ്യന്മാരോടു: “എന്നാൽ നിങ്ങൾ എന്നെ ആരെന്നു പറയുന്നു” എന്നു ചോദിച്ചതിന്നു: “ദൈവത്തിന്റെ ക്രിസ്തു” എന്നു പത്രൊസ് ഉത്തരം പറഞ്ഞു. (ലൂക്കോസ് 9:20)
“പുരുഷാരം അവനോടു: ക്രിസ്തു എന്നേക്കും ഇരിക്കും എന്നു ഞങ്ങൾ ന്യായപ്രമാണത്തിൽ വായിച്ചുകേട്ടിരിക്കുന്നു; പിന്നെ മനുഷ്യപുത്രൻ ഉയർത്തപ്പെടേണ്ടതെന്നു നീ പറയുന്നതു എങ്ങനെ? ഈ മനുഷ്യപുത്രൻ ആർ എന്നു ചോദിച്ചു.” (യോഹന്നാൻ 12:34)
“നസറായനായ യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതും ദൈവം അവനോടുകൂടെ ഇരുന്നതുകൊണ്ടു അവൻ നന്മചെയ്തും പിശാചു ബാധിച്ചവരെ ഒക്കെയും സൌഖ്യമാക്കിയുംകൊണ്ടു സഞ്ചരിച്ചതുമായ വിവരം തന്നേ നിങ്ങൾ അറിയുന്നുവല്ലോ.” (പ്രവൃത്തികൾ 10:38)
“അവർ യിസ്രായേല്യർ; പുത്രത്വവും തേജസ്സും നിയമങ്ങളും ന്യായപ്രമാണവും ആരാധനയും വാഗ്ദത്തങ്ങളും അവർക്കുള്ളവ; പിതാക്കന്മാരും അവർക്കുള്ളവർ തന്നേ; ജഡപ്രകാരം ക്രിസ്തുവും അവരിൽനിന്നല്ലോ ഉത്ഭവിച്ചതു; അവൻ സർവ്വത്തിന്നും മീതെ ദൈവമായി എന്നെന്നേക്കും വാഴ്ത്തപ്പെട്ടവൻ.” (റോമർ 9:4,5)
“എന്നാൽ അബ്രാഹാമിന്നും അവന്റെ സന്തതിക്കും വാഗ്ദത്തങ്ങൾ ലഭിച്ചു; സന്തതികൾക്കും എന്നു അനേകരെക്കുറിച്ചല്ല, നിന്റെ സന്തതിക്കും എന്നു ഏകനെക്കുറിച്ചത്രേ പറയുന്നതു; അതു ക്രിസ്തു തന്നേ.” (ഗലാത്യർ 3:16)
ദൈവത്തിന്റെ വാഗ്ദത്ത സന്തതിയായ ക്രിസ്തു യേശുക്രിസ്തുവല്ല; മറ്റൊരാളാണ്. ആ സന്തതിയുടെ വാഗ്ദത്തങ്ങളെല്ലാം അവനു നിവൃത്തിച്ചു കൊടുക്കുന്ന ദൈവത്തിൻ്റെ വെളിപ്പാടായ ക്രിസ്തുവാണ് യേശു: (മത്താ, 5:17,18; 1തിമൊ, 3:14-16). അനേകർക്കും മശീഹ എന്നാൽ യേശുമശീഹയും ക്രിസ്തു എന്നാൽ യേശുക്രിസ്തുവുമാണ്; മറ്റൊരു മശീഹ അഥവാ ക്രിസ്തു എന്നു കേൾക്കുന്നതുതന്നെ അസ്വസ്ഥതയാണ്. എന്നാൽ ദൈവത്തിന്നു അനേകം മശീഹമാർ ഉള്ളതായി ബൈബിൾ നമ്മോടു പറയുന്നു:
മശീഹ എന്ന എബ്രായപദത്തിനും ക്രിസ്തു എന്ന ഗ്രീക്കുപദത്തിനും അഭിഷിക്തൻ എന്നാണർത്ഥം. പഴയനിയമത്തിൽ പുരോഹിതന്മാരും (പുറ, 6:23; 29:21; 1ദിന, 29 22), പ്രവാചകന്മാരും (1രാജാ, 19:16), രാജാക്കന്മാരും (1ശമൂ, 10:10; 16:1; 19:10; 1രാജാ, 1:39; 51; 19:15; 2രാജാ, 9:36; 11:12; 23:30; യെശ, 45:1) അഭിഷേകം ചെയ്യപ്പെട്ടിരുന്നു. പുതിയനിയമത്തിൽ അഭിഷിക്തൻ യേശുവാണ്. (ലൂക്കൊ, 4:18; പ്രവൃ, 10:38). മേല്പറഞ്ഞ മൂന്നു പദവികളും യേശുവിനുണ്ട്. (മത്താ, 2:2; പ്രവൃ, 3:22; എബ്രാ, 3:1). യേശുവിനെ കൂടാതെ പുതിയനിയമത്തിൽ പറഞ്ഞിരിക്കുന്ന രണ്ടഭിഷിക്തനുണ്ട്: മോശെയും. (എബ്രാ, 11:24-26) യിസ്രായേലും. (പ്രവൃ, 4:26). പഴയനിയമ പ്രവാചകന്മാരെയും അഭിഷിക്തരെന്ന് പറഞ്ഞിട്ടുണ്ട്. (1പത്രൊ, 1:10,11). അഭിഷിക്തൻ അഥവാ ക്രിസ്തു എന്നു പറഞ്ഞിട്ടില്ലെങ്കിലും യോഹന്നാൻ സ്നാപകനും അഭിഷിക്തനാണ്: (ലൂക്കൊ, 1:15; 1:41). കർത്താവിൻ്റെ ജനത്തെ ഭരിക്കുന്ന ഭൗമികരാജാവാണ് അഭിഷിക്തൻ. ശൗൽ മുതലുള്ള പല രാജാക്കന്മാരും അഭിഷിക്തരാണെങ്കിലും, ‘എൻ്റെ അഭിഷിക്തൻ’ (1ശമൂ, 2:35; സങ്കീ, 132:17), ‘എൻ്റെ അഭിഷിക്തന്മാർ’ (1ദിന, 16:22; സങ്കീ, 105:15) എന്ന് യഹോവ പറയുന്നതും; ‘നിൻ്റെ അഭിഷിക്തൻ’ (2ദിന, 6:42; സങ്കീ, 84:9; 89:38; 89:51; 132:10; ഹബ, 3:13) എന്ന് ഭക്തന്മാർ യഹോവയോടു പറയുന്നതും യിസ്രായേലിനെക്കുറിച്ചാണ്. ദാവീദിൻ്റെ വാഗ്ദത്തസന്തതിയായ അഭിഷിക്തരാജാവ് ദാവീദിൻ്റെ സ്വന്തപുത്രന്മാരല്ല; യിസ്രായേലാണ്: “എന്നാൽ എന്റെ പ്രസാദവും ഹിതവും അനുഷ്ഠിക്കുന്ന ഒരു വിശ്വസ്തപുരോഹിതനെ ഞാൻ എനിക്കു എഴുന്നേല്പിക്കും; അവന്നു ഞാൻ സ്ഥിരമായോരു ഭവനം പണിയും; അവൻ എന്റെ അഭിഷിക്തന്റെ മുമ്പാകെ നിത്യം പരിചരിക്കും.” (1ശമൂ, 2:35). “നിന്റെ ദാസനായ ദാവീദിൻ നിമിത്തം നിന്റെ അഭിഷിക്തന്റെ മുഖത്തെ തിരിച്ചു കളയരുതേ.” (സങ്കീ 132:10). ദാവീദിൻ്റെ വാഗ്ദത്തസന്തതി നിത്യരാജാവാണ്. (2ശമൂ, 8:13,16; 1ശമൂ, 17:11,12,14; സങ്കീ, 89:29,36,37; ദാനീ, 7:27). ഈ വാഗ്ദത്തസന്തതിയായ യിസ്രായേലാണ് പഴയനിയമത്തിലെ പ്രധാന അഭിഷിക്തൻ അഥവാ മശീഹ. (1ശമൂ, 2:10; 2:35; 22:51; 1ദിന, 16:22; സങ്കീ, 2:2; 20:6,7; 20:17; 28:8; 84:9; 89:38; 89:51; 105:15; 132:10; 132:17; ദാനീ, 7:27). പില്ക്കാലത്ത് ദാവീദിൻ്റെ സന്തതി/പുത്രൻ എന്ന പ്രയോഗം മശീഹയുടെ പര്യായമായി മാറി. (മത്താ, 22:42; മർക്കൊ, 10:47). സ്വന്തജനമായ യിസ്രായേലിന് ദൈവം നല്കിയ അനേകം പദവികളിൽ ഒന്നാണ് അഭിഷിക്തൻ അഥവാ മശീഹ/ക്രിസ്തു. ജഡത്താലുള്ള ബലഹീനത അഥവാ പാപംനിമിത്തം യിസ്രായേലിനു അവരുടെ വാഗ്ദത്തങ്ങളൊന്നും സാക്ഷാത്കരിക്കാനോ ന്യായപ്രമാണത്താൽ രക്ഷപ്രാപിക്കുവാനോ അവർക്ക് കഴിഞ്ഞില്ല. (റോമ, 8:3). അതിനാൽ തൻ്റെ ജനമായ യിസ്രായേലിനെ രക്ഷിക്കാൻ യഹോവയായ ദൈവം (ആവ, 27:9; മത്താ, 1:21) യേശുവെന്ന സംജ്ഞാനാമത്തിലും (മത്താ, 1:21; ലൂക്കൊ, 1:31) ദൈവപുത്രനെന്ന പദവിയിലും (ലൂക്കൊ, 1:32,35) അഭിഷിക്ത മനുഷ്യൻ അഥവാ ക്രിസ്തുവായി (ലൂക്കൊ, 4:18; പ്രവൃ, 10:38) ജഡത്തിൽ വെളിപ്പെട്ട്, അവരുടെ വാഗ്ദത്തങ്ങൾ അവർക്ക് സാക്ഷാത്കരിച്ചു കൊടുക്കുകയായിരുന്നു. (മത്താ, 1:22; ലൂക്കൊ, 1:68; യോഹ, 1:1; ഫിലി, 2:6-8; 1തിമൊ, 3:14-16; എബ്രാ, 2:14,15). (കാണുക: ദാവീദിൻ്റെ വാഗ്ദത്തസന്തതി, യിസ്രായേലിൻ്റെ പദവികൾ)
അഭിഷിക്തന്മാർ: ‘അഭിഷേകം’ എബ്രായയിൽ മശെഹ (Anoint – מָשַׁח – mashach) ആണ്. ദൈവത്താൽ അഭിഷേകം ചെയ്യപ്പെടുന്നവനാണ് അഭിഷിക്തൻ അഥവാ മശീഹാ/ക്രിസ്തു. (1ശമൂ, 16:6. ഒ.നോ: 16:16). ‘അഭിഷിക്തൻ’ എബ്രായയിൽ മശീഹ (Anointed – מָשִׁיחַ – mashiyach) ആണ്. ഗ്രീക്കിൽ ക്രിസ്തുവും (Anointed – Χριστός – Christos). പഴയനിയമത്തിൽ ഒരുപാട് മശീഹമാരുണ്ട്. പുതിയനിയമത്തിൽ മശീഹ യേശുവാണ്.
പഴയനിയമത്തിലെ മശീഹമാർ:
1. യിസ്രായേൽ (പുരോഹിതൻ, പ്രവാചകൻ, രാജാവ്) 1ശമൂ, 2:10; 2:35; 2ശമൂ, 22:51; 1ദിന, 16:22; 2ദിന, 6:42; സങ്കീ, 2:2; 18:50; 20:6; 28:8; 45:7; 84:9; 89:38; 89:51; 105:15; 132:10; 132:17; യെശ, 61:1; വിലാ, 4:20; ഹബ, 3:13; മത്താ, 22:42; മർക്കൊ, 12:35; ലൂക്കൊ, 20:41; യോഹ, 12:34; പ്രവൃ, 4:26; വെളി, 11:15; 12:10; 20:4; 20:6.
2. മോശെ (പ്രവാചകൻ, പുരോഹിതൻ) എബ്രാ, 11:26; സംഖ്യാ, 11:17; 11:25
3. അഹരോൻ (പുരോഹിതൻ) പുറ, 40:13-16; ലേവ്യ, 8:12.
4. നാദാബ് (പുരോഹിതൻ) പുറ, 40:13-16; സംഖ്യാ, 3:2,3.
5. അബീഹൂ (പുരോഹിതൻ) പുറ, 40:13-16; സംഖ്യാ, 3:2,3.
6. എലെയാസാർ (പുരോഹിതൻ) പുറ, 40:13-16; സംഖ്യാ, 3:2,3.
7. ഈഥാമാർ (പുരോഹിതൻ) പുറ, 40:13-16; സംഖ്യാ, 3:2,3.
8. ശൗൽ (രാജാവ്) 1ശമൂ, 10:1; 12:3; 12:5; 24:10; 26:9; 26:11; 26:16; 26:23; 2ശമൂ, 1:14; 1:16; 1:21.
9. ദാവീദ് (രാജാവ്) 1ശമൂ, 16:12,13; 2ശമൂ, 2:4; 2:7; 5:3; 5:17; 12:7; 19:21; 2ശമൂ, 22:51; 23:1; 1ദിന, 11:3; 14:8; 2ദിന, 6:42; സങ്കീ, 18:50; 89:20.
10. അബ്ശാലോം (രാജാവ്) 2ശമൂ, 19:10.
11. ശലോമോൻ (രാജാവ്) 1രാജാ, 1:34; 1:39; 1:45; 5:1; 1ദിന, 29:22.
12. സാദോക്ക് (പുരോഹിതൻ) 1ദിന, 29:22
13. ഹസായേൽ (രാജാവ്) 1രാജാ, 19:15.
14. യേഹൂ (രാജാവ്) 1രാജാ, 19:16; 2രാജാ, 9:3-6; 9:12; 2ദിന, 22:7.
15. എലീശ (പ്രവാചകൻ) 1രാജാ, 19:16.
16. യോവാശ് (രാജാവ്) 2രാജാ, 11:12; 2ദിന, 23:11)
17. യെഹോവാഹാസ് (രാജാവ്) 2രാജാ, 23:30.
18. കോരെശ് (രാജാവ്) യെശ, 45:1
പുതിയനിയമത്തിലെ മശീഹ/ക്രിസ്തു
19. യേശുക്രിസ്തു (പുരോഹിതൻ, പ്രവാചകൻ, രാജാവ്) മത്താ, 3:16; പ്രവൃ, 10:38
20. യോഹന്നാൻ സ്നാപകൻ (പ്രവാചകർ) ലൂക്കൊ, 1:15; 1:41
പുതിയനിയമത്തിൽ യേശുവിനെ കൂടാതെ, അഭിഷിക്തൻ എന്നു പറഞ്ഞിരിക്കുന്നത് രണ്ടുപേരാണ്; യിസ്രായേലും മോശെയും. അഭിഷിക്തൻ എന്നു പറഞ്ഞിട്ടില്ലെങ്കിലും സ്നാപകനും അഭിഷിക്തനാണ്. യിസ്രായേൽ: “ഭൂമിയിലെ രാജാക്കന്മാർ അണിനിരക്കുകയും അധിപതികൾ കർത്താവിനെ വിരോധിക്കുകയും അവന്റെ അഭിഷിക്തനെ വിരോധമായും ഒന്നിച്ചുകൂടുകയും ചെയ്തിരിക്കുന്നു.” (പ്രവൃ, 4:26. ഒ.നോ: മത്താ, 22:42; മർക്കൊ, 12:35; ലൂക്കോ, 20:41; യോഹ, 12:34; വെളി, 11:15; 12:10; 20:4; 20 :6). പഴയപുതിയനിയമങ്ങളിൽ പേർപറഞ്ഞിരിക്കുന്ന ഏക അഭിഷിക്തൻ യിസ്രായേലാണ്. മോശെ:“പ്രതിഫലം നോക്കിയതുകൊണ്ടു ഫറവോന്റെ പുത്രിയുടെ മകൻ എന്നു വിളിക്കപ്പെടുന്നതു നിരസിക്കയും മിശ്രയീമിലെ നിക്ഷേപങ്ങളെക്കാൾ ക്രിസ്തുവിന്റെ നിന്ദ വലിയ ധനം എന്നു എണ്ണുകയും ചെയ്തു.” (എബ്രാ, 11:25, 26). യേശുക്രിസ്തുവിൻ്റെ നിന്ദ ഇതിനെ വലിയ ധനമായി മോശെ എണ്ണിയെന്നാണ് പലരും വ്യാഖ്യാനിക്കുന്നത്. അവിടെ പറ്റിയതെന്താണെന്ന് ചോദിച്ചാൽ; പുതിയനിയമത്തിൽ ക്രിസ്റ്റോസ് (christos) എന്ന ഗ്രീക്കുപദത്തെ അഭിഷിക്തൻ (Anointed) എന്ന് പരിഭാഷ ചെയ്യാതെ, ക്രിസ്തുവെന്ന് ലിപ്യന്തരണം ചെയ്താണ് ചേർത്തിരിക്കുന്നത്. എന്നാൽ പഴയനിയമത്തിൽ രണ്ടു വാക്യങ്ങളിലൊഴികെ (ദാനീ, 9:25,26) ബാക്കിയെല്ലായിടത്തും, മശീഹയെ (Messiah) അഭിഷിക്തൻ (Anointed) എന്ന് പരിഭാഷ ചെയ്തു. അതായത്, എബ്രായർ 9:26-ൽ പറഞ്ഞിരിക്കുന്ന ക്രിസ്തു അഥവാ, അഭിഷിക്തൻ യേശുവല്ല; മോശെയാണ്. “അഭിഷിക്തൻ്റെ നിന്ദ വലിയ ധനം എന്നു എണ്ണി” എന്നാണ് പരിഭാഷ ചെയ്യേണ്ടത്. എന്നാൽ, ക്രിസ്റ്റൊസ് എന്ന ഗ്രീക്കുപദത്തെ അഭിഷിക്തൻ എന്ന് പരിഭാഷ ചെയ്യാതെ, ക്രിസ്തു എന്ന് ലിപ്യന്തരണം ചെയ്തപ്പോൾ, അഭിഷിക്തനായ മോശെ യേശുവെന്ന ക്രിസ്തു ആണെന്ന് തെറ്റിദ്ധരിച്ചു. അതായത്, മിസ്രയീമിലെ നിക്ഷേപങ്ങളെക്കാൾ ദൈവത്തിൻ്റെ അഭിഷിക്തനായിരുന്ന് നിന്ദ സഹിക്കുന്നത് വലിയ ധനം എന്നാണ് മോശ എണ്ണിയത്. അല്ലാതെ, ദൈവപുത്രനായ ക്രിസ്തുവിന്റെ നിന്ദയല്ല മോശെ ധനമായി എണ്ണിയത്. അതിനാധാരമായ മൂന്ന് തെളിവുകൾ തരാം. 1. ക്രിസ്തു എന്നാൽ; അഭിഷിക്തൻ അഥവാ, ദൈവത്താൽ അഭിഷേകം പ്രാപിച്ച മനുഷ്യൻ എന്നാണ് അർത്ഥം. (ലൂക്കൊ, 3:22; പ്രവൃ, 4:27; 10:38). അഭിഷിക്തൻ ദൈവമല്ല; അഭിഷേക ദാതാവാണ് ദൈവം. (പ്രവൃ, 10:38). ഇക്കാര്യം നമ്മിൽ പലർക്കും അറിയില്ലെങ്കിലും, മോശെയ്ക്കും പഴയനിയമ ഭക്തന്മാർക്കും യിസ്രായേൽ ജനത്തിനും അറിയാം. തന്മൂലം, തന്നെപ്പോലെ ഒരു അഭിഷിക്തനായ ദൈവപുത്രൻ്റെ നിന്ദ മോശെ വലിയ ധനമായി എണ്ണുമോ? 2. മോശെയുടെ വാക്കുകൾ കേൾക്കുക: “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക. (ആവ, 4:39). യഹോവയ്ക്ക് സമനായോ, സദൃശനായ ആരുമില്ലെന്നും, യഹോവയല്ലാതെ മറ്റൊരു ദൈവവും സ്വർഗ്ഗത്തിലോ ഭൂമിയിലോ ഇല്ലെന്ന് ആവർത്തിച്ചു സാക്ഷ്യം പറഞ്ഞവനാണ് മോശെ. (പുറ, 8:10; 9:14; 1ം5:11; 20:3; 22:20; ആവ, 3:24; 4:35; 5:7; 6:4; 32:12,38; 33:26). ആ മോശെ ദൈവമല്ലാത്ത ക്രിസ്തുവിൻ്റെ നിന്ദ വലിയ ധനമായി എണ്ണുമോ? 3. തന്നെപ്പോലൊരു പ്രവാചകനെന്നാണ് മോശെ ക്രിസ്തുവിനെക്കുറിച്ച് സാക്ഷ്യം പറഞ്ഞിരികുന്നത്. (ആവ, 18:15,18). തന്നെപ്പോലൊരു പ്രവാചകന്റെ നിന്ദ മോശെ വലിയ ധനമായി എങ്ങനെ എണ്ണും? യോഹന്നാൻ സ്നാപകൻ: സ്നാപകൻ ഗർഭത്തിൽവെച്ചുതന്നെ പരിശുദ്ധാത്മാവിൽ നിറഞ്ഞവനാണ്. യോഹന്നാൻ്റെ ജനത്തോടുള്ള ബന്ധത്തിലെ ദൂതൻ്റെ പ്രവചനം കാണുക: “അവൻ കർത്താവിന്റെ സന്നിധിയിൽ വലിയവൻ ആകും; വീഞ്ഞും മദ്യവും കുടിക്കയില്ല; അമ്മയുടെ ഗർഭത്തിൽവെച്ചു തന്നേ പരിശുദ്ധാത്മാവുകൊണ്ടു നിറയും.” (ലൂക്കോ, 1:15). യേശുവിനെ ഉദരത്തിൽ വഹിച്ചുകൊണ്ട് കന്യകയായ മറിയ സെഖര്യാ പ്രവാചകൻ്റെ വീട്ടിൽച്ചെന്ന് എലീശബെത്തിനെ വന്ദിച്ചപ്പോൾ, അവൾ പരിശുദ്ധാത്മാവ് നിറഞ്ഞവളാകുകയും അവളുടെ വയറ്റിൽ കിടന്നിരുന്ന യോഹന്നാൽ ആനന്ദംകൊണ്ടു തുള്ളിയതായി പറഞ്ഞിട്ടുണ്ട്: (ലൂക്കോ, 1:40-44). അപ്പോഴാണ്, യോഹന്നാൻ പരിശുദ്ധാത്മാവിനാൽ നിറയപ്പെട്ടത്. അമ്മയുടെ ഉദരത്തിൽവെച്ചുതന്നെ ദൈവം പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്യപ്പെട്ട ഒരേയൊരാൾ യോഹന്നാൻ സ്നാപകനാണ്: (ഒ.നോ: പ്രവൃ, 10:38). അതുകൊണ്ടാണ്, “സ്ത്രീകളിൽ നിന്നു ജനിച്ചവരിൽ യോഹന്നാനെക്കാൾ വലിയവൻ ആരുമില്ല” എന്ന് ക്രിസ്തു പറഞ്ഞത്: (ലൂക്കൊ, 7:28). അവൻ ന്യായപ്രമാണത്തിൻ്റെ അവസാനത്തെ പ്രവാചകനാണ്: (ലൂക്കൊ, 16:16).
പഴയനിയമപ്രവാചകന്മാർ: “നിങ്ങൾക്കു വരുവാനിരിക്കുന്ന കൃപയെക്കുറിച്ചു പ്രവചിച്ച പ്രവാചകന്മാർ ഈ രക്ഷയെ ആരാഞ്ഞു അന്വേഷിച്ചിരുന്നു. അവരിലുള്ള ക്രിസ്തുവിൻ ആത്മാവു ക്രിസ്തുവിന്നു വരേണ്ടിയ കഷ്ടങ്ങളെയും പിൻവരുന്ന മഹിമയെയും മുമ്പിൽകൂട്ടി സാക്ഷീകരിച്ചപ്പോൾ സൂചിപ്പിച്ച സമയം ഏതോ എങ്ങിനെയുള്ളതോ എന്നു പ്രവാചകന്മാർ ആരാഞ്ഞുനോക്കി,” (1പത്രൊ, 1:10,11). ഈ വാക്യത്തിലെ Spirit of Christ എന്നത് Spirit of Anointed എന്ന് കൃത്യമായി പരിഭാഷ ചെയ്യുമ്പോൾ, “പ്രവാചകന്മാരിൽ വ്യാപരിച്ചിരുന്ന അഭിഷിക്തൻ്റെ ആത്മാവ്, ക്രിസ്തുവിന്നു വരേണ്ടിയ കഷ്ടങ്ങളെയും പിൻവരുന്ന മഹിമയെയും ആരാഞ്ഞിരുന്നു എന്നാകും.” പുതിയനിയമത്തിൽ ദൈവമക്കളെല്ലാവരും അഭിഷേകം ചെയ്യപ്പെട്ടവരാണ്. എന്നാൽ വ്യക്തിപരമായി ആരും അഭിഷേകം പ്രാപിക്കാതെ, രക്ഷിക്കപ്പെടുമ്പോൾ യേശുവിൻ്റെ മേലുള്ള അഭിഷേകത്തിന് കൂട്ടാളികൾ ആകുകയാണ് ചെയ്യുന്നത്. ആകയാൽ ഒരാളെപ്പോലും ക്രിസ്തു (christos) അഥവാ അഭിഷിക്തൻ എന്ന് വിളിച്ചിട്ടില്ല. എന്നാൽ മൂന്നു വാക്യങ്ങളിലായി നാലു പ്രാവശ്യം വിശ്വാസികൾ അഭിഷേകം ചെയ്യപ്പെട്ടതായി പറഞ്ഞിട്ടുണ്ട്. “ഞങ്ങളെ നിങ്ങളോടുകൂടെ ക്രിസ്തുവിൽ ഉറപ്പിക്കുന്നതും നമ്മെ അഭിഷേകം ചെയ്തതും ദൈവമല്ലോ.” (2കൊരി, 1:21. ഒ.നോ: 1യോഹ, 2:20,27). പുരോഹിതന്മാരും രാജാക്കന്മാരും പ്രവാചകന്മാരും ദൈവത്തിൻ്റെ അഭിഷിക്തന്മാരാണ്. ഈ മൂന്നു പദവികളും പുതിയനിയമത്തിൽ യേശുക്രിസ്തുവിനുണ്ട്; ക്രിസ്തുവിലൂടെ ആ പദവികളെല്ലാം ദൈവമക്കൾക്കും ലഭിക്കുന്നു. (റോമ, 8:17). പഴയനിയമത്തിൽ ഈ മൂന്നു പദവികളുളും ഒരുപോലെയുള്ളത് ദൈവത്തിൻ്റെ പുത്രനും ആദ്യജാതനുമായ യിസ്രായേലിന് മാത്രമാണ്. (കാണുക: യിസ്രായേലിൻ്റെ പദവികൾ)
പുതിയനിയമത്തിൽ അഭിഷേകത്തെ കുറിക്കുന്ന ക്രിയൊ (chrio -χρίω) എന്ന പദം അഞ്ച് പ്രാവശ്യമുണ്ട്. അതിൽ നാലെണ്ണം യേശുവിൻ്റെ മേലുള്ള അഭിഷേകത്തെയും (ലൂക്കൊ, 4:18; പ്രവൃ, 4:27; 10:38; എബ്രാ, 1:9) ഒരെണ്ണം സഭയുടെ മേലുള്ള അഭിഷേകത്തെയും കുറിക്കുന്നു. (2കൊരി, 1:21).
അഭിഷേകത്തെ കുറിക്കുന്ന ക്രിസ്മ (chrîsma – χρῖσμα) എന്ന പദം രണ്ട് വാക്യങ്ങളിലായി മൂന്നു പ്രാവശ്യമുണ്ട്. അത് സഭയുടെ മേലുള്ള അഭിഷേകത്തെ കുറിക്കുന്നു. (1യോഹ, 2:20; 2:27).
അഭിഷിക്തനെ കുറിക്കുന്ന ക്രിസ്തു അഥവാ ക്രിസ്റ്റൊസ് (Christos – Χριστός) എന്ന പദം 530 വാക്യങ്ങളിലായി 569 പ്രാവശ്യമുണ്ട്. അതിൽ 561 പ്രാവശ്യവും നമ്മുടെ കർത്താവായ യേശുവിനെ കുറിക്കുന്നു. ഒൻപത് വാക്യം യിസ്രായേലിനെയും (യോഹ, 12:34; പ്രവൃ, 4:12; വെളി, 11:15; 12:10; 20:4; 20:6), ഒരു വാക്യം മോശെയെയും (എബ്രാ, 11:26) ഒരു വാക്യം പഴയനിയമ പ്രവാചകന്മാരെയും കുറിക്കുന്നു. (1പത്രൊ, 1:11).
അഭിഷിക്തനെ കുറിക്കുന്ന മശീഹ (Messias – Μεσσίας) എന്ന പദം രണ്ടു പ്രാവശ്യവുമുണ്ട്. (യോഹ, 1:41; 4:26). സത്യവേദപുസ്തകത്തിൽ അഞ്ചുപ്രാവശ്യം മശീഹ എന്ന പദമുണ്ട്. എന്നാൽ മൂന്ന് വാക്യങ്ങളിൽ (യോഹ, 4:27; 13:19; പ്രവൃ, 13:25) മൂലഭാഷയിൽ ആ പദമില്ല.
യേശുവെന്ന് പേരുള്ള ഒരു പരിശുദ്ധമനുഷ്യൻ കന്യകമറിയയിൽ ഉരുവാകുന്നതിന് മുമ്പ് ഇല്ലായിരുന്നു. (മത്താ, 1:21; ലൂക്കൊ, 1:31). യോർദ്ദാനിലെ സ്നാനത്തിനു മുമ്പ് യേശുവെന്ന് പേരുള്ള ഒരു പുത്രനോ ക്രിസ്തുവോ ദൈവത്തിനില്ലായിരുന്നു. ഉണ്ടായിരുന്നെങ്കിൽ, “അവൻ അത്യുന്നൻ്റെ പുത്രനെന്ന് വിളിക്കപ്പെടും; അവൻ ദൈവപുത്രനെന്ന് വിളിക്കപ്പെടും” എന്ന ഗബ്രീയേൽ ദൂതൻ്റെ പ്രവചനം ഒരു കോമഡിയായി മാറും. (ലൂക്കൊ, 1:32,35). ദൈവത്തിൻ്റെ ക്രിസ്തു മുമ്പേ ഉള്ളതാണെങ്കിൽ യോർദ്ദാനിലെ പരിശുദ്ധാത്മ അഭിഷേകം അതിലും വലിയ കോമഡിയായി മാറും. (പ്രവൃ, 10:38; മത്താ, 3:16,17; മർക്കൊ, 1:10,11; ലൂക്കൊ, 3:22; യോഹ, 1:32). യേശു സ്നാനത്തിനു മുമ്പേതന്നെ നസറെത്തിലെ പള്ളിയിൽ സ്ഥിരമായി ശുശ്രൂഷ ചെയ്തിരുന്നതാണ്. (ലൂക്കൊ, 4:16). എന്നാൽ സ്നാനശേഷമാണ് യെശയ്യാപ്രവചനപ്രകാരം താൻ ദൈവത്തിൻ്റെ അഭിഷിക്തൻ (ക്രിസ്തു) ആയത്; അഥവാ ആ പ്രവചനം തന്നിൽ നിവൃത്തിയായതായി പറയുന്നത്. (യെശ, 61:1,2; ലൂക്കൊ, 4:18-21). പിന്നെ, ജനനത്തിനുമുമ്പേ ഉണ്ടായിരുന്നത് ആരാണെന്ന് ചോദിച്ചാൽ; പഴയനിയമത്തിൽ യഹോവയെന്ന നാമമുള്ളവനും (പുറ, 3:15) പുതിയനിയമത്തിൽ യേശു എന്ന സംജ്ഞാനാമത്തിലും (മത്താ, 1:21; ലൂക്കൊ, 1:31) ദൈവപുത്രനെന്ന പദവിയിലും (ലൂക്കൊ, 1:32,35) മനുഷ്യനായി വെളിപ്പെട്ടവനുമായ മഹാദൈവമാണ് ഉണ്ടായിരുന്നത്. (മത്താ, 1:22; ലൂക്കൊ, 1:68; ഫിലി, 2:6-8; 1തിമൊ, 3:16; എബ്രാ, 2:14,15. ഒ.നോ: യെശ, 9:6; യോഹ, 20:28; റോമ, 9:5; തീത്തൊ, 2:12; 1യോഹ, 5:20; വെളി, 19:16). ജഡത്തിൽ വെളിപ്പെട്ടുനില്ക്കുന്നവൻ ‘ആരാകുന്നു’ എന്നു ചോദിച്ചാൽ; അവൻ ദൈവമല്ല; പാപമറിയാത്ത പൂർണ്ണമനുഷ്യനാണ്. മനുഷ്യനായി വെളിപ്പെട്ടവൻ ‘ആരായിരുന്നു’ എന്ന് ചോദിച്ചാൽ; അവൻ സാക്ഷാൽ യഹോവയായ ദൈവം ആയിരുന്നു. (ലൂക്കൊ, 1:68; 1തിമൊ, 3:16). ദൈവത്തിൻ്റെ പ്രത്യക്ഷതയായ പരിശുദ്ധമനുഷ്യൻ ജനിച്ച് ഏകദേശം മുപ്പത് വർഷങ്ങൾ കഴിഞ്ഞ് യോർദ്ദാനിൽവെച്ച് ദൈവം തൻ്റെ പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തപ്പോഴാണ് യേശുവെന്ന മനുഷ്യൻ അഭിഷിക്തൻ അഥവാ ക്രിസ്തു ആകുന്നത്. അഭിഷിക്തനായി കഴിഞ്ഞശേഷമാണ് ദൈവപിതാവിനാൽ എൻ്റെ പ്രിയപുത്രൻ എന്ന് വിളിക്കപ്പെടുന്നത്. (മത്താ, 3:17). ദൂതൻ്റെ പ്രവചനത്തിൻ്റെ സാക്ഷാത്കാരമാണ് യോർദ്ദാനിൽ നടന്നത്. (ലൂക്കൊ, 1:32,35).
ക്രിസ്തു ദൈവമാണെന്ന് വിശ്വസിക്കുന്നവരാണ് അധികം ക്രിസ്ത്യാനികളും. അവൻ ദൈവമായിരുന്നില്ല; ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നുവന്ന മനുഷ്യനായിരുന്നു. (ലൂക്കൊ, 2:52). ക്രിസ്തു അഥവാ മശീഹ എന്ന പദത്തിന് ദൈവത്താൽ അഭിഷേകം ചെയ്യപ്പെട്ടവൻ അഥവാ അഭിഷിക്തൻ എന്നാണർത്ഥം. അഭിഷിക്കൻ ദൈവമല്ല; അഭിഷേകദാതാവാണ് ദൈവം. യേശുവെന്ന ദൈവത്തിൻ്റെ പ്രത്യക്ഷതയായ മനുഷ്യനെ യോർദ്ദാനിൽവെച്ച് ദൈവം തൻ്റെ പരിശുദ്ധാത്മാവിലും ശക്തിയാലും അഭിഷേകം ചെയ്തിട്ട് അവനോടുകൂടി വസിക്കുകയായിരുന്നു. (മത്താ, 3:16; പ്രവൃ, 10:38). തന്നോടുകൂടെ വസിച്ച ദൈവത്താലാണ് അഭിഷിക്ത മനുഷ്യനായ യേശു അത്ഭുതങ്ങൾ പ്രവർത്തിച്ചതും (യോഹ, 3:2) പാപമോചനം നല്കിയതും. (മത്താ, 9:8). ദൈവപിതാവ് തന്നോടുകൂടെ വസിക്കുന്നതായും (യോഹ, 8:16; 8:29; 16:32) പിതാവിനെ ‘മറ്റൊരുത്തൻ’ എന്നും (യോഹ, 5:32,36) പിതാവിനെയും ചേർത്ത് ‘ഞങ്ങളെന്നും’ യേശു പറയുന്നു. (യോഹ, 14:23). അദൃശ്യനായ ദൈവം മനുഷ്യനായ തന്നോടുകൂടെയിരുന്നു പ്രവർത്തിച്ചതിനാലാണ് താൻ ഏകനല്ലെന്ന് ക്രിസ്തു ആവർത്തിച്ചു പറഞ്ഞത്. (യോഹ, 8:16; 29; 16:32). സ്നാനം മുതൽ തന്നോടുകൂടെ ഉണ്ടായിരുന്ന ദൈവമാണ് ക്രൂശുമരണത്തിനു മുമ്പായി യേശുവിനെ വിട്ടുമാറിയത്. (മത്താ, 27:46). ദൈവിക ശുശ്രൂഷകൾക്കായി വ്യക്തികൾക്ക് നല്കിയിരുന്ന ഔദ്യോഗിക നിയമന കർമ്മമായിരുന്നു അഭിഷേകം. ദൈവത്തിനല്ല; മനുഷ്യർക്കാണ് അഭിഷേകം ആവശ്യമുള്ളത്. ഒന്നുകൂടി പറഞ്ഞാൽ; ദൈവം തൻ്റെ ശുശ്രൂഷകൾ ചെയ്യാൻ ബലഹിനരായ മനുഷ്യരെ തൻ്റെ പരിശുദ്ധാത്മാവിനാലും ശക്തിയാലും ബലപ്പെടുത്തുന്ന ശുശ്രൂഷയാണ് അഭിഷേകം. യോർദ്ദാനിൽ അഭിഷേകം ചെയ്യപ്പെട്ടശേഷം “യേശു ആത്മാവിന്റെ ശക്തിയോടെ ഗലീലെക്കു മടങ്ങിച്ചെന്നു” എന്ന പ്രയോഗം ശ്രദ്ധിക്കുക. (ലൂക്കോ, 4:14). യേശു ജഡത്തിലും ദൈവമാണെന്ന് പറയുന്നവർ, ദൈവത്തെ തുച്ഛീകരിക്കുകയാണ് ചെയ്യുന്നത്. അഭിഷേകം ചെയ്യപ്പെട്ട മനുഷ്യനെന്നല്ലാതെ, അഭിഷേകം ചെയ്യപ്പെട്ട ദൈവമാണ് യേശുവെന്ന് പറഞ്ഞാൽ, ആ ദൈവം മനുഷ്യരെപ്പോലെ ബലഹീനനെന്നേ വരൂ. ലേഖനങ്ങളിൽ കാണുന്നത്, മഹാദൈവമായ യേശുക്രിസ്തുവാണ്; അവൻ്റെ പഴയനിയമത്തിലെ പേരാണ് യഹോവ. (പുറ, 3:14,15; തീത്തൊ, 2:12; എബ്രാ, 13:8). ആ ദൈവത്തിൻ്റെ ജഡത്തിലുള്ള വെളിപ്പാടാണ് സുവിശേഷങ്ങളിലെ ക്രിസ്തു. (1തിമൊ, 3:14-16). മനുഷ്യരെല്ലാം പാപികളായതുകൊണ്ട് (ഇയ്യോ, 15:14; 25:4; സഭാ, 7:20; റോമ, 3:23; 5:12) മനുഷ്യനു മനുഷ്യൻ്റെ പാപം പോക്കാൻ കഴിയാത്തതിനാൽ (സങ്കീ, 49:7-9), മനുഷ്യൻ്റെ പാപത്തിൻ്റെ കുറ്റം സ്രഷ്ടാവായ തൻ്റെ കുറ്റമായി കണ്ടുകൊണ്ട്, പാപത്തിൻ്റെ ശമ്പളം മരണം (റോമ, 6:23), പാപം ചെയ്യുന്ന ദേഹി മരിക്കും (യെഹെ, 18:4), രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല (എബ്രാ, 9:22) എന്ന ദൈവനീതി നിവൃത്തിക്കാൻ ദൈവംതന്നെയാണ് യേശുവെന്ന സംജ്ഞാനാമത്തിൽ (മത്താ, 1:21; ലൂക്കൊ, 1:32) പാപമറിയാത്ത മനുഷ്യനായി വെളിപ്പെട്ടത്. (മത്താ, 1:22; ലൂക്കൊ, 1:68; 2കൊരി, 5:21; ഫിലി, 2:6-8; 1തിമൊ, 3:16; എബ്രാ, 2:14,15). മനുഷ്യനായി വെളിപ്പെട്ട യേശു യോർദ്ദാനിലെ സ്നാനത്തിൽ ദൈവത്താൽ അഭിഷിക്തൻ അഥവാ ക്രിസ്തുവായി. (മത്താ, 3:16, പ്രവൃ, 10:38). അനന്തരം, ‘ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും’ എന്ന ഗബ്രീയേൽദൂതൻ്റെ പ്രവചനംപോലെ, പിതാവിനാൽ ‘ഇവനെൻ്റെ പ്രിയപുത്രൻ’ എന്നു വിളിക്കപ്പെടുകവഴി ദൈവപുത്രനായി. (ലൂക്കൊ, 1:32,35; 3:22). യോർദ്ദാനിൽവെച്ച് ദൈവത്താൽ വിശ്വസ്ത മഹാപുരോഹിതനായി നിയമിക്കപ്പെട്ട ക്രിസ്തുയേശു എന്ന മനുഷ്യനാണ്, മദ്ധ്യസ്ഥനും മറുവിലയുമായി തന്നെത്താൻ ദൈവത്തിനു സൗരഭ്യവാസനയായി അർപ്പിച്ചത്. (മത്താ, 3:16; ലൂക്കൊ, 4:18; പ്രവൃ, 4:27; 10:38; 1തിമൊ, 2:5,6; എബ്രാ, 2:17).
“നിന്റെ പിതാവു എവിടെ” എന്നു ചോദിച്ച യെഹൂദന്മാരോടു യേശു: “നിങ്ങൾ എന്നെ ആകട്ടെ എന്റെ പിതാവിനെ ആകട്ടെ അറിയുന്നില്ല; എന്നെ അറിഞ്ഞു എങ്കിൽ എന്റെ പിതാവിനെയും അറിയുമായിരുന്നു.” (യോഹ, 8:19). തുടന്ന് 24-28 വാക്യങ്ങളിൽ താനാരാണെന്ന് വ്യക്തമാക്കുന്നുണ്ട്. തൻ്റെ അവസാന പ്രഭാഷണത്തിൽ ഇതേകാര്യം യേശു ശിഷ്യന്മാരോട് പറഞ്ഞശേഷം, അവിടെയും താനാരാണെന്ന് അവൻ അവർക്ക് വെളിപ്പെടുത്തി കൊടുക്കുന്നുമുണ്ട്. (യോഹ, 14:7-11). എന്നാൽ നിർഭാഗ്യവശാൽ ആ വേദഭാഗങ്ങളൊന്നും അനേകർക്കും ഗ്രഹിക്കാൻ കഴിയുന്നില്ല. രണ്ടായിരം വർഷങ്ങൾക്കിപ്പുറവും അനേകർ പുത്രനെ അറിയായ്കയാൽ പിതാവിനെയും അറിയുന്നില്ലെന്നതാണ് വസ്തുത. നമുക്കു ക്രിസ്തുവിനെക്കുറിച്ചുള്ള ചില വേദഭാഗങ്ങൾ പരിശോധിക്കാം:
1. “ക്രിസ്തുവിനെക്കുറിച്ചു നിങ്ങൾക്കു എന്തു തോന്നുന്നു? അവൻ ആരുടെ പുത്രൻ എന്നു ചോദിച്ചു; ദാവീദിന്റെ പുത്രൻ എന്നു അവർ പറഞ്ഞു. അവൻ അവരോടു: എന്നാൽ ദാവീദ് ആത്മാവിൽ അവനെ ‘കർത്താവു’ എന്നു വിളിക്കുന്നതു എങ്ങനെ? ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠം ആക്കുവോളത്തിന്നു എന്റെ വലത്തുഭാഗത്തു ഇരിക്ക എന്നു കർത്താവു എന്റെ കർത്താവിനോടു അരുളിച്ചെയ്തു” എന്നു അവൻ പറയുന്നുവല്ലോ. ദാവീദ് അവനെ ‘കർത്താവു’ എന്നു പറയുന്നുവെങ്കിൽ അവന്റെ പുത്രൻ ആകുന്നതു എങ്ങനെ എന്നു ചോദിച്ചു. അവനോടു ഉത്തരം പറവാൻ ആർക്കും കഴിഞ്ഞില്ല.” (മത്താ, 22:42-45; മർക്കൊ, 12:35-37; ലൂക്കൊ, 20:41-44). യേശുവിൻ്റെ ചോദ്യം ശ്രദ്ധേയമാണ്: ‘എന്നെക്കുറിച്ചു എന്തു തോന്നുന്നു എന്നല്ല ചോദ്യം; ക്രിസ്തുവിനെക്കുറിച്ചു നിങ്ങൾക്കു എന്തു തോന്നുന്നു’ എന്നാണ്. യോഹന്നാൻ സ്നാപകൻ്റെ സാക്ഷ്യംമുതൽ യേശു ക്രിസ്തുവാണെന്ന് അക്കാലത്തുള്ളവരൊക്കെ അറിഞ്ഞിരുന്നു: (യോഹ, 1:19-28). യെഹൂദാപ്രമാണിമാർക്കും അതറിയാമായിരുന്നു; അതുകൊണ്ടാണ് യേശുവിനെ ക്രിസ്തുവെന്ന് ഏറ്റുപറയുന്നവർ പള്ളിഭ്രഷ്ടനാകണമെന്ന് അവർ തമ്മിൽ പറഞ്ഞൊത്തിരുന്നത്. (യോഹ, 9:22). അവരുടെ നഗളം അഥവാ പാപം അവനെ ക്രിസ്തുവായി അവനെ ക്രിസ്തുവായി അംഗീകരിക്കാൻ കൂട്ടാക്കിയിരുന്നില്ല. അവർ വിശ്വസിച്ചിരുന്ന ക്രിസ്തു പഴയനിയമത്തിലെ ദാവീദിൻ്റെ വാഗദത്ത സന്തതിയായ ക്രിസ്തുവാണ്. ദാവീദിൻ്റെ സന്തതി എന്നത് പഴയനിയമത്തിൽ അഭിഷിക്തനായ നിത്യരാജാവിൻ്റെ അഥവാ യിസ്രായേലിൻ്റെ പദവിയാണ്. (2ശമൂ, 8:13,16; 1ദിന, 17:11,12,14; സങ്കീ, 89:29,36,37; ദാനീ, 7:27). പൂർവ്വപിതാക്കന്മാരുടെ വാഗ്ദത്തസന്തതിയും ദാവീദിൻ്റെ വാഗ്ദത്തസന്തതിയും കർത്താവുമാണ് പഴയനിയമത്തിലെ ക്രിസ്തു. (സങ്കീ, 110:1). അതിനാലാണവർ ദാവീദുപുത്രൻ എന്നുത്തരം പറഞ്ഞത്. പഴയനിയമപ്രകാരം ദാവീദിൻ്റെ സിംഹാസനത്തിൽ ഇരിക്കേണ്ട നിത്യരാജാവായ മശീഹ അഥവാ യിസ്രായേൽ ദാവീദിൻ്റെ പുത്രനാണ്. ദാവീദിൻ്റെ പുത്രനും കർത്താവും യിസ്രായേലാണ്. (110:1). ദാവിദിൻ്റെ വാഗ്ദത്തപുത്രൻ യിസ്രായേൽ ആയതുകൊണ്ടാണ് യിസ്രായേലിൻ്റെ മദ്ധ്യസ്ഥനും മറുവിലയും മഹാപുരോഹിതനുമായി വെളിപ്പെട്ട യേശുവിനെ ദാവിദുപുത്രനെന്ന് വിളിക്കുന്നത്. ജഡത്താലുള്ള ബലഹീനതനിമിത്തം ന്യായപ്രമാണത്തിന്നു കഴിയാത്തതിനെ സാധിപ്പാനാണ് യഹോവയായ ദൈവം യേശുവെന്ന സംജ്ഞാനാമത്തിലും (മത്താ, 1:21; ലൂക്കൊ, 1:31), ദൈവപുത്രനെന്ന പദവിയിലും (ലൂക്കൊ, 1:32,35) മനുഷ്യനായി പ്രത്യക്ഷനായത്. (മത്താ, 1:22; ലൂക്കൊ, 1:68; യോഹ, 1:1; ഫിലി, 2:6-8; 1തിമൊ, 3:16; എബ്രാ, 2:14,15). ജഡം സംബന്ധിച്ചാണ് യേശുക്രിസ്തു ദാവീദുപുത്രൻ ആയിരിക്കുന്നത്. (റോമ, 1:5). പഴയനിയമത്തിൽ സ്വന്തജനമായ യിസ്രായേലിന് ദൈവം കൊടുത്തിരുന്ന എല്ലാ പദവികളും പുതിയ നിയമത്തിൽ യേശുക്രിസ്തുവിൽ നിവൃത്തിയാകുന്നത് കാണാം. പുതിയനിയമത്തിൻ ദാവീദുപുത്രനെന്ന പ്രയോഗം പത്തൊൻപത് പ്രാവശ്യമുണ്ട്. (മത്താ, 1:1; 1:20; 9:27; 12:23; 15:22; 20:30; 20:31; 21:9; 21:15; 22:42; മർക്കൊ, 10:47; 10:48; 12:35; ലൂക്കൊ, 18:38; 18:39; 20:41; യോഹ, 7:41; റോമ, 1:5; 2തിമൊ, 2:8). യിസ്രായേലെന്ന അഭിഷിക്തനായ ദൈവപുത്രൻ്റെ വാഗ്ദത്തങ്ങൾ അവന് സാക്ഷാത്കരിച്ചു കൊടുക്കാൻ യേശുവെന്ന നാമത്തിൽ പ്രത്യക്ഷനായ മനുഷ്യനാണ് ചോദിക്കുന്നത്; ദാവീദ് അവനെ ‘കർത്താവു’ എന്നു പറയുന്നുവെങ്കിൽ അവന്റെ പുത്രൻ ആകുന്നതു എങ്ങനെ? അവിടെയാണ് ക്രിസ്തുവിൻ്റെ ചോദ്യത്തിൻ്റെ പ്രസക്തി: യിസ്രായേൽ യഥാർത്ഥത്തിൽ ദാവിൻ്റെ പുത്രനല്ല; ദാവീദിൻ്റെ പുത്രനെന്നത് യിസ്രായേലിന്റെ പദവിയാണ്. ദാവീദിൻ്റെ വാഗ്ദത്തസന്തതിയായ യിസ്രായേൽ രാജാവാകയാൽ, പ്രജയെന്ന നിലയിൽ ദാവീദിൻ്റെ യജമാനൻ അഥവാ കർത്താവാണ് യിസ്രായേൽ. ദാവീദ് ആത്മാവിൽ കർത്താവെന്ന് വിളിക്കുന്നത് തൻ്റെ യജമാനനായ യിസ്രായേലെന്ന വാഗ്ദത്ത രാജാവിനെയാണ്. എന്നാൽ രാജാവാകട്ടെ, ഭൂമിയിലെ തൻ്റെ ശത്രുക്കളെല്ലാം പാദപീഠമാകുവോളം (ഹർമ്മഗെദ്ദോൻ യുദ്ധത്തിൽ ശത്രുക്കളെയെല്ലാം നശിപ്പിച്ചു യിസ്രായേലിനും രാജ്യം യഥാസ്ഥാനത്താക്കി കൊടുക്കുന്നതുവരെ. പ്രവൃ, 1:6) യഹോവയുടെ വലത്തുഭാഗത്ത് ഇരിക്കുകയാണ്. ന്യായപ്രമാണം അരച്ചുകലക്കി കുടിച്ചിരുന്നവർ എന്നഭിമാനിച്ചിരുന്ന പരീശന്മാർക്കും ശാസ്ത്രിമാർക്കും ഉത്തരം മുട്ടിയതവിടെയാണ്. (കാണുക: ദാവീദിൻ്റെ വാഗ്ദത്തസന്തതി, നൂറ്റിപ്പത്താം സങ്കീർത്തനം)
2. “എളിയവരോടു സദ്വർത്തമാനം ഘോഷിപ്പാൻ യഹോവ എന്നെ അഭിഷേകം ചെയ്തിരിക്കകൊണ്ടു യഹോവയായ കർത്താവിന്റെ ആത്മാവു എന്റെ മേൽ ഇരിക്കുന്നു; ഹൃദയം തകർന്നവരെ മുറികെട്ടുവാനും തടവുകാർക്കു വിടുതലും ബദ്ധന്മാർക്കു സ്വാതന്ത്ര്യവും അറിയിപ്പാനും യഹോവയുടെ പ്രസാദവർഷവും നമ്മുടെ ദൈവത്തിന്റെ പ്രതികാരദിവസവും പ്രസിദ്ധമാക്കുവാനും ദുഃഖിതന്മാരെയൊക്കെയും ആശ്വസിപ്പിപ്പാനും സീയോനിലെ ദുഃഖിതന്മാർക്കു വെണ്ണീറിന്നു പകരം അലങ്കാരമാലയും ദുഃഖത്തിന്നു പകരം ആനന്ദതൈലവും വിഷണ്ഡമനസ്സിന്നു പകരം സ്തുതി എന്ന മേലാടയും കൊടുപ്പാനും അവൻ എന്നെ അയച്ചിരിക്കുന്നു; അവൻ മഹത്വീകരിക്കപ്പെടേണ്ടതിന്നു അവർക്കു നീതിവൃക്ഷങ്ങൾ എന്നും യഹോവയുടെ നടുതല എന്നും പേരാകും.” (യെശ, 61:1-3). ഇത് യിസ്രായേലിനെക്കുറിച്ചുള്ള പ്രവചനമാണ്. എന്തെന്നാൽ ദൈവത്തിൻ്റെ രക്ഷ ഭൂമിയുടെ അറ്റത്തോളം എത്തേണ്ടതിന് ജാതികൾക്ക് പ്രകാശമാക്കി ദൈവം വെച്ചിരിക്കുന്നത് യിസ്രായേലിനെയാണ്. (യെശ, 49:6. ഒ.നോ: പ്രവൃ, 13;47). “രക്ഷ യെഹൂദന്മാരുടെ ഇടയിൽ നിന്നല്ലോ വരുന്നതു” എന്ന് ക്രിസ്തു പറഞ്ഞതോർക്കുക. (യോഹ, 22). ജനങ്ങളുടെ നിയമവും ജാതികളുടെ പ്രകാശവുമാണ് യിസ്രായേൽ. (യെശ, 42:7; 49:9). യിസ്രായേലിനോടുള്ള പ്രവചനങ്ങളാണ് ആത്മീയമായി ക്രിസ്തുവിൽ നിവൃത്തിയായത്. (ലൂക്കൊ, 4:18,19). “ഞാൻ ന്യായപ്രമാണത്തെയൊ പ്രവാചകന്മാരെയോ നീക്കേണ്ടതിന്നു വന്നു എന്നു നിരൂപിക്കരുതു; നീക്കുവാനല്ല നിവർത്തിപ്പാനത്രെ ഞാൻ വന്നതു” എന്ന യേശുക്രിസ്തുവിൻ്റെ വാക്കുകളും ഓർക്കുക. (കാണുക: യിസ്രായേലിൻ്റെ പദവികൾ, പ്രവചനങ്ങൾ)
3. ഫിലിപ്പിൻ്റെ കൈസര്യയിൽവെച്ച് പത്രൊസ് യേശുവിനെ, “നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തു” എന്നു ഏറ്റുപറയുന്നതായി കാണാം: (മത്താ, 16:16). എന്നാൽ സമാന്തരവേദഭാഗങ്ങളിൽ ‘ദൈവപുത്രൻ’ എന്നല്ല പറയുന്നത്; യഥാക്രമം ‘ക്രിസ്തു, ദൈവത്തിൻ്റെ ക്രിസ്തു’ എന്നിങ്ങനെയാണ്: “അവൻ അവരോടു: എന്നാൽ നിങ്ങൾ എന്നെ ആർ എന്നു പറയുന്നു എന്നു ചോദിച്ചതിന്നു: നീ ക്രിസ്തു ആകുന്നു എന്നു പത്രൊസ് ഉത്തരം പറഞ്ഞു.” (മർക്കൊ, 8:29). “അവൻ അവരോടു: എന്നാൽ നിങ്ങൾ എന്നെ ആരെന്നു പറയുന്നു എന്നു ചോദിച്ചതിന്നു: ദൈവത്തിന്റെ ക്രിസ്തു എന്നു പത്രൊസ് ഉത്തരം പറഞ്ഞു.” (ലൂക്കോ, 9:20). അതിനാൽ ഫിലിപ്പിൻ്റെ കൈസര്യയിലെ വിഷയം ദൈവപുത്രൻ എന്നുള്ളതല്ല; ക്രിസ്തു എന്നതാണ്. എന്തെന്നാൽ ക്രിസ്തുവിലൂടെയാണ് സകലജാതികൾക്കും രക്ഷ വരേണ്ടത്. വിശ്വാസികളുടെ പ്രശ്നമെന്താണെന്ന് ചോദിച്ചാൽ; ദൈവത്തിൻ്റെ വാഗ്ദത്തപുത്രനെയോ അഥവാ സാക്ഷാൽ സന്തതിയെയോ (പുറ, 4:22,23; സങ്കീ, 2:7; ഹോശേ, 11:1), സാക്ഷാൽ ക്രിസ്തുവിനെയോ (1ശമൂ, 2:35; സങ്കീ, 132:10) അനേകർക്കും അറിയില്ല. ദൈവത്തിൻ്റെ വാഗ്ദത്തസന്തതിയും സാക്ഷാൽ ക്രിസ്തുവും യേശുക്രിസ്തുവല്ല; യിസ്രായേലാണ്. ദൈവത്തിൻ്റെ രക്ഷ ഭൂമിയുടെ അറ്റത്തോളം എത്തേണ്ടതിന്നു ദൈവം ജാതികൾക്കു പ്രകാശമാക്കിവെച്ചിരുന്നത് യിസ്രായേലെന്ന ദൈവസന്തതിയായ ക്രിസ്തുവിനെയാണ്. (യെശ, 49:6. ഒ.നോ: യെശ, 42:7; 49:9; (യോഹ, 4:22). അതുകൊണ്ടാണ് ജാതികളുടെ അപ്പൊസ്തലനായി ദൈവം തിരഞ്ഞെടുത്ത പൗലൊസ് പറഞ്ഞത്: “നീ ഭൂമിയുടെ അറ്റത്തോളവും രക്ഷ ആകേണ്ടതിന്നു ഞാൻ നിന്നെ ജാതികളുടെ വെളിച്ചമാക്കി വെച്ചിരിക്കുന്നു” എന്നു കർത്താവു ഞങ്ങളോടു കല്പിച്ചിട്ടുണ്ടു.” (പ്രവൃ, 13:47). ജഡത്താലുള്ള ബലഹീനത നിമിത്തം ന്യായപ്രമാണത്തിനു കഴിയാത്തതിനെ അഥവാ യിസ്രായേലിൻ്റെ പാപസ്വഭാവം നിമിത്തം ദൈവത്തിൻ്റെ വാഗ്ദത്തങ്ങളൊന്നും അവന് സാക്ഷാത്കരിക്കാൻ കഴിയാഞ്ഞതിനാൽ, അവൻ്റെ ദൈവം അവൻ്റെ പദവികളുമായി മനുഷ്യനായി വെളിപ്പെട്ട് അവൻ്റെ വാഗ്ദത്തങ്ങൾ ആവന് നിവൃത്തിച്ചുകൊടുക്കുകയായിരുന്നു: മത്താ, 1:21; 5:17,18; ലൂക്കൊ, 1:68; ഫിലി, 2:6-8; 1തിമൊ, 3:11-16; എബ്രാ, 2:14-16). (കാണുക: യിസ്രായേലിൻ്റെ പദവികൾ, അവൻ ജഡത്തിൽ വെളിപ്പെട്ടു)
4. പുരുഷാരം അവനോടു: “ക്രിസ്തു എന്നേക്കും ഇരിക്കും എന്നു ഞങ്ങൾ ന്യായപ്രമാണത്തിൽ വായിച്ചുകേട്ടിരിക്കുന്നു; പിന്നെ മനുഷ്യപുത്രൻ ഉയർത്തപ്പെടേണ്ടതെന്നു നീ പറയുന്നതു എങ്ങനെ? ഈ മനുഷ്യപുത്രൻ ആർ എന്നു ചോദിച്ചു.” (യോഹ, 12:34). തൻ്റെ മരണവിധം സൂചിപ്പിച്ചപ്പോഴാണ് യെഹൂദന്മാർ ഇതവനോട് ചോദിക്കുന്നത്: യോഹ, 12:32,33). പുരുഷാരം പറയുന്ന ക്രിസ്തു യേശുവല്ല; യിസ്രായേലാണ്. എന്നേക്കും ഇരിക്കുന്ന ക്രിസ്തുവാണവൻ; അവസാനമില്ലാത്ത രാജത്വത്തിൻ്റെ ഉടയയവനാണ് യിസ്രായേൽ. എന്നേക്കും ഇരിക്കുമെന്ന് ന്യായപ്രമാണത്തിൽ വായിച്ചുകേട്ടിരിക്കുന്ന ക്രിസ്തു അഥവാ അഭിഷിക്തൻ, പൂർവ്വപിതാക്കന്മാരുടെയും ദാവീദിൻ്റെയും വാഗ്ദത്ത സന്തതിയും ദാവിദിൻ്റെ നിശ്ചലകൃപകൾക്ക് അവകാശിയും വിശേഷാൽ ദൈവസന്തതിയുമായ യിസ്രായേലാണ്. (1ശമൂ, 2:10; 2:35; 2ശമൂ, 22:51; 1ദിന, 16:22; 2ദിന, 6:42; സങ്കീ, 2:2; 18:50; 20:6; 28:8; 45:7; 84:9; 89:38; 89:51; 105:15; 132:10; 132:17; വിലാ, 4:20; ഹബ, 3:13; യോഹ, 13:34; പ്രവൃ, 4:26). ആരംഭമുള്ളതും അവസാനമില്ലാത്തതുമായ രാജത്വത്തിൻ്റെ ഉടയവനാണ് ദൈവത്തിൻ്റെ ഈ ക്രിസ്തു. ഭൂമിയുടെ അറ്റങ്ങളെ കൈവശമാക്കുന്നവനും ഇരിമ്പുകോൽകൊണ്ടു ജാതികളെ തകർക്കുന്നവനും (സങ്കീ, 2:8,9) സൂര്യചന്ദ്രന്മാരെപ്പോലെയും ആകാശത്തിലെ വിശ്വസ്തസാക്ഷിയെപ്പോലെയും സ്ഥിരമായ സിംഹാനത്തിൻ്റെ ഉടമയും (സങ്കീ, 89:36,37) ആകാശത്തിൻ കീഴെല്ലാടവുമുള്ള രാജ്യങ്ങളുടെ മഹത്വവും സകല ആധിപത്യങ്ങളും സേവിച്ചനുസരിക്കുന്ന നിത്യരാജാവും യിസ്രായേലെന്ന ദൈവത്തിൻ്റെ ക്രിസ്തുവാണ്. (ദാനീ, 7:27). “നിങ്ങൾ എന്നെ അറിഞ്ഞു എങ്കിൽ എന്റെ പിതാവിനെയും അറിയുമായിരുന്നു” എന്ന് യേശു ആവർത്തിച്ചു പറയുന്നതിൻ്റെ അർത്ഥമെന്താണെന്ന് മനസ്സിലായോ? യിസ്രായേലെന്ന ദൈവപുത്രനും ആദ്യജാതനും അഭിഷിക്തനും രാജാവും പ്രവാചകനും പുരോഹിതനുമായ യിസ്രായേലെന്ന ദൈവസന്തതിയെ രക്ഷിക്കാനാണ് അവൻ്റെ ദൈവം അവൻ്റെ പദവികളുമായി മനുഷ്യനായി വന്നത്. “അവൾ ഒരു മകനെ പ്രസവിക്കും; അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിപ്പാനിരിക്കകൊണ്ടു നീ അവന്നു യേശു എന്നു പേർ ഇടേണം എന്നു പറഞ്ഞു.” (മത്താ, 1:21; ലൂക്കൊ, 1:31-33). വാഗ്ദത്തം പ്രാപിച്ച ക്രിസ്തു ദൈവസന്തതിയായ യിസ്രായേലാണ്; അവൻ്റെ വാഗ്ദത്തം നിവൃത്തിച്ച ക്രിസ്തു യിസ്രായേലിന്റെ ദൈവമാണ്; അഥവാ ദൈവത്തിൻ്റെ പ്രത്യക്ഷതയായ ക്രിസ്തുവാണ്. (1തിമൊ, 3:16; ഫിലി, 2:6-8; എബ്രാ, 2:14,15; 1പത്രൊ, 1:20). യേശുക്രിസ്തു യെഹൂദന്മാരോട് പറയുന്നത്: “നിങ്ങൾ എന്നെ ആകട്ടെ എന്റെ പിതാവിനെ ആകട്ടെ അറിയുന്നില്ല; എന്നെ അറിഞ്ഞു എങ്കിൽ എന്റെ പിതാവിനെയും അറിയുമായിരുന്നു” എന്നാണ്. യെഹൂദന്മാവക്ക് ന്യായപ്രമാണ സന്തതിയായ സാക്ഷാൽ ക്രിസ്തുവിനെ അറിയാമായിരുന്നു; അതുകൊണ്ടാണ്, “ക്രിസ്തു എന്നേക്കും ഇരിക്കും എന്നു ഞങ്ങൾ ന്യായപ്രമാണത്തിൽ വായിച്ചുകേട്ടിരിക്കുന്നു” എന്ന് പറഞ്ഞത്. എന്നാൽ അവരുടെ വാഗ്ദത്തങ്ങൾ അവർക്ക് സാക്ഷാത്കരിച്ചു കൊടുക്കാൻ വന്ന ദൈവത്തിൻ്റെ ക്രിസ്തുവിനെ അഥവാ യഹോവയായ ക്രിസ്തുവിനെ അവർ അറിഞ്ഞില്ല. യഹോവ വന്ന് അവരെ രക്ഷിക്കുമെന്ന് അനേകം പ്രാവശ്യം പറഞ്ഞിട്ടുണ്ട്; അതവർ ഗ്രഹിച്ചിരുന്നില്ല. (സങ്കി, 22:31,32; യെശ, 25; 8; 35:4).
യേശു, അവസാന പ്രഭാഷണത്തിൽ യെഹൂദന്മാരോട് പറഞ്ഞ അതേകാര്യം തൻ്റെ അപ്പൊസ്തലന്മാരോട് പറഞ്ഞശേഷം താനാരാണെന്ന് വ്യക്തമാക്കുന്നതായി കാണാം: “നിങ്ങൾ എന്നെ അറിഞ്ഞു എങ്കിൽ എന്റെ പിതാവിനെയും അറിയുമായിരുന്നു” എന്നു പറഞ്ഞശേഷം, “ഇന്നുമുതൽ നിങ്ങൾ അവനെ അറിയുന്നു; അവനെ കണ്ടുമിരിക്കുന്നു” എന്നാണ് യേശു പറയുന്നത്. (യോഹ, 14:7). എവിടെയാണവർ പിതാവിനെ അറിയുകയും കാണുകയും ചെയ്തത്? യേശു തന്നെയാണ് പിതാവ് അഥവാ പിതാവായദൈവത്തിൻ്റെ പ്രത്യക്ഷതയാണ് പുത്രൻ. (1തിമൊ, 3:16). “ഞാനും പിതാവും ഒന്നാകുന്നു.” (യോഹ,10:30). എന്നിട്ടും ഫിലിപ്പോസിനും സംശയം മാറിയില്ല, അവൻ യേശുവിനോടു “കർത്താവേ, പിതാവിനെ ഞങ്ങൾക്കു കാണിച്ചു തരേണം; എന്നാൽ ഞങ്ങൾക്കു മതി എന്നു പറഞ്ഞു.” (യോഹ, 14:8). യേശു അവനോടു പറഞ്ഞതു: “ഞാൻ ഇത്രകാലം നിങ്ങളോടുകൂടെ ഇരുന്നിട്ടും നീ എന്നെ അറിയുന്നില്ലയോ ഫിലിപ്പൊസേ? എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു; പിന്നെ പിതാവിനെ ഞങ്ങൾക്കു കാണിച്ചുതരേണം എന്നു നീ പറയുന്നതു എങ്ങനെ?” (യോഹ, 14:9). പിതാവായവനാണ് മനുഷ്യപുത്രനായി ഭൂമിയിൽ വന്നതെന്ന് ഈ വാക്യത്തിൽ വ്യക്തമല്ലേ? സ്വർഗ്ഗത്തിൽ സാറാഫുകളുടെ മദ്ധ്യേയിരുന്ന് നിത്യം ആരാധന സ്വീകരിക്കുന്നവനാണ് മനുഷ്യരുടെ പാപപരിഹാരാർത്ഥം മനുഷ്യനായി പ്രത്യക്ഷനായത്. (ലൂക്കൊ, 1:68; ഫിലി, 2:6-8; 1തിമൊ, 3:16; എബ്രാ, 2:14,15). സ്വർഗ്ഗത്തിൽ ഇരിക്കുന്നവൻ തന്നെയാണ് മനുഷ്യപുത്രനായി ഭൂമിയിൽ വന്നതെന്ന് യേശു പറഞ്ഞിട്ടുണ്ട്. (യോഹ, 3:13). പ്രത്യക്ഷനായവൻ അപ്രത്യക്ഷനായാൽ മറ്റൊരു വ്യക്തിയായി ഉണ്ടാകുക സാദ്ധ്യമല്ല; അതിനാൽ സ്വർഗ്ഗത്തിൽ ചെന്നാലും യേശുവിനെ അല്ലാതെ മറ്റൊരു വ്യക്തിയെ കാണുക സാദ്ധ്യമല്ല. സ്തെഫാനോസ് സ്വർഗ്ഗത്തിൽ കണ്ടത് അദൃശ്യനായ ദൈവത്തിൻ്റെ തേജസ്സും യഹോവയായ യേശുക്രിസ്തുവിനെയുമാണ്. ആത്മാക്കളുടെ ഉടയവനായ യഹോവ തന്നെയാണ് യേശുക്രിസ്തു; അതിനാലാണ് സ്തെഫാനോസ് തൻ്റെ ആത്മാവിനെ യേശുവിൻ്റെ കയ്യിൽ കൊടുത്തത്. (സംഖ്യാ, 16:22. ഒ.നോ: സംഖ്യാ, 27:17; സങ്കീ, 31:5; 1പത്രൊ, 4:19). (കാണുക: അദൃശ്യദൈവം)
5. “നസറായനായ യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതും ദൈവം അവനോടുകൂടെ ഇരുന്നതുകൊണ്ടു അവൻ നന്മചെയ്തും പിശാചു ബാധിച്ചവരെ ഒക്കെയും സൌഖ്യമാക്കിയുംകൊണ്ടു സഞ്ചരിച്ചതുമായ വിവരം തന്നേ നിങ്ങൾ അറിയുന്നുവല്ലോ.” (പ്രവൃ, 10:38. ഒ.നോ: ലൂക്കൊ, 4:18; പ്രവൃ, 4:27). അനേകരും ക്രിസ്തുവിനെ അറിയാത്തതിൻ്റെ മറ്റൊരു കാരണം യേശു ദൈവത്തിൻ്റെ പ്രത്യക്ഷ്യതയായ പാപമില്ലാത്ത മനുഷ്യൻ മാത്രമാണെന്ന് വിശ്വസിക്കാതെ, ജഡത്തിലും അവൻ പൂർണ്ണദൈവം ആണെന്ന് വിശ്വസിക്കുന്നത് കൊണ്ടാണ്. പൂർണ്ണദൈവമെന്ന പ്രയോഗംതന്നെ ഏച്ചുക്കെട്ടിയ ഒരു പ്രയോഗമാണ്. ‘ഏച്ചുകെട്ടിയാൽ മുഴച്ചിരിക്കും’ എന്നൊരു പഴമൊഴി തന്നെയുണ്ട്. എല്ലായർത്ഥത്തിലും പരിപൂർണ്ണൻ (perfect) ആയവനെയാണ് ദൈവമെന്ന് വിളിക്കുന്നത്. മഹാദൈവം, വീരനാം ദൈവം, സത്യദൈവം, സർവ്വശക്തിയുള്ള ദൈവം തുടങ്ങിയവയൊക്കെ വിശേഷണങ്ങളാണ്. എന്നാൽ ദൈവത്തെ പ്രത്യക്ഷതയായ മനുഷ്യനെ അഥവാ ക്രിസ്തുവിനെ പൂർണ്ണമനുഷ്യൻ എന്നു പറഞ്ഞാൽ ആ പ്രയോഗം ശരിയാണ്. മനുഷ്യരെല്ലാം പാപികളും അപൂർണ്ണരുമായിരിക്കുമ്പോൾ, അവൻ പാപമറിയാത്ത പൂർണ്ണമനുഷ്യനായിരുന്നു. (2കൊരി, 5:21; 1പത്രൊ, 2:21). ദൈവത്തിൻ്റെ പ്രത്യക്ഷതയായ പൂർണ്ണമനുഷ്യനെ ദൈവമാക്കി, ദൈവത്തെ ത്രിത്വമാക്കാനുള്ള ദുരുപദേശികളുടെ ബദ്ധപ്പാടാണ് പൂർണ്ണദൈവമെന്ന പ്രയോഗത്തിനടിസ്ഥാനം. മശീഹ അഥവാ ക്രിസ്തു എന്ന പ്രയോഗംതന്നെ മനുഷ്യനെ കുറിക്കുന്നതാണ്. ജഡത്തിലെ ശുശ്രൂഷയോടുള്ള ബന്ധത്തിൽ ദൈവത്തിൻ്റെ പ്രത്യക്ഷതയായ യേശു ദൈവത്തിൽനിന്ന് വിഭിന്നനായ വ്യക്തിയായിരുന്നു എന്ന കാര്യത്തിൽ തർക്കമൊന്നുമില്ല. (യോഹ, 5:32,37; 8:16,17,18; 8:29; 10:38; 14:10,11,20, 23; 15:34; 16:32 17:21). യേശു ജഡത്തിൽ മനുഷ്യൻ മാത്രമായിരുന്നെന്നോ, ജഡത്തിലെ ശുശ്രൂഷയോടുള്ള ബന്ധത്തിൽ, ദൈവും ദൈവത്തിൻ്റെ പ്രത്യക്ഷതയായ മനുഷ്യനും വിഭിന്ന വ്യക്തികളായിരുന്നെന്നോ ഉള്ള വസ്തുത ഏകദൈവവിശ്വാസികളിലും അനേകർ അംഗീകരിക്കാത്ത കാര്യമാണ്. ജഡത്തിലും യേശു ദൈവമാണെങ്കിൽ അവനെ പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്ത് അവനോടു കൂടെയിരുന്ന ദൈവം ആരാണെന്ന് പറയും? മനുഷ്യരുടെ പാപപരിഹാർത്ഥം ക്രൂശിൽ മരിച്ച ബൈബിളിലെ യേശു ദൈവമല്ല; ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നുവന്നിട്ട് യോർദ്ദാനിലെ സാനാനസമയത്ത് ദൈവത്താൽ അഭിഷേകം പ്രാപിച്ച മനുഷ്യനാണ്. (ലൂക്കൊ, 2:52; 4:18; മത്താ, 3:15-17; പ്രവൃ, 4:27; 10:38).
6. “അവർ യിസ്രായേല്യർ; പുത്രത്വവും തേജസ്സും നിയമങ്ങളും ന്യായപ്രമാണവും ആരാധനയും വാഗ്ദത്തങ്ങളും അവർക്കുള്ളവ; പിതാക്കന്മാരും അവർക്കുള്ളവർ തന്നേ; ജഡപ്രകാരം ക്രിസ്തുവും അവരിൽനിന്നല്ലോ ഉത്ഭവിച്ചതു; അവൻ സർവ്വത്തിന്നും മീതെ ദൈവമായി എന്നെന്നേക്കും വാഴ്ത്തപ്പെട്ടവൻ.” (റോമ, 9:4,5). മനുഷ്യനെന്ന നിലയിൽ യേശുവിന് ഉത്ഭവമുള്ളതായി ബൈബിൾ വ്യക്തമാക്കുന്നു. യേശു എന്നു പേരുള്ള ഒരു മനുഷ്യൻ കന്യകയായ മറിയയിൽ ജനിക്കുന്നതിനു മുമ്പെ ഇല്ലായിരുന്നു. യോർദ്ദാനിലെ സ്നാനത്തിനു മുമ്പ് യേശുവെന്ന ക്രിസ്തുവും ദൈവത്തിനില്ലായിരുന്നു. മറിയയിൽ നിന്ന് ജനിച്ച് ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നുവന്നിട്ട് (ലൂക്കൊ, 2:52) യോർദ്ദാനിലെ സ്നാനസമയത്ത് ദൈവം തൻ്റെ പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തപ്പോഴാണ് യേശുവെന്ന മനുഷ്യൻ അഭിഷിക്തൻ അഥവാ ക്രിസ്തു ആയത്. (മത്താ, 3:16; പ്രവൃ, 10:38). ദൈവത്തിൻ്റെ യഥാർത്ഥ അഭിഷിക്തനായ യിസ്രായേൽ ആരംഭമുള്ളവനും അവസാനം ഇല്ലാത്തവനുമാണ്. (യോഹ, 12:34). അതിനാലാണ് അവരുടെ പദവികൾ അവർക്ക് സാക്ഷാത്കരിച്ചു കൊടുക്കാൻ അവരുടെ ദൈവം ആരംഭമുള്ള മനുഷ്യനായി വന്നത്. (കാണുക: ദൈവപുത്രൻ)
7. “എന്നാൽ അബ്രാഹാമിന്നും അവന്റെ സന്തതിക്കും വാഗ്ദത്തങ്ങൾ ലഭിച്ചു; സന്തതികൾക്കും എന്നു അനേകരെക്കുറിച്ചല്ല, നിന്റെ സന്തതിക്കും എന്നു ഏകനെക്കുറിച്ചത്രേ പറയുന്നതു; അതു ക്രിസ്തു തന്നേ.” (ഗലാ, 3:16). അബ്രാഹാമിൻ്റെ സാക്ഷാൽ സന്തതിയായ ക്രിസ്തു യേശുവല്ല; യിസ്രായേണ്. എന്നാൽ അവിടെ പൗലൊസ് പറയുന്ന ക്രിസ്തു യേശുവാണ്. ദൈവത്തിൻ്റെ പ്രത്യക്ഷതയായ ക്രിസ്തുവിൻ്റെ ജഡത്തിലെ ശുശ്രൂഷയെന്താണെന്ന് വിശ്വാസികൾ അറിയാതെ പോയതിൻ്റെ മറ്റൊരു കാരണമാണ്; അബ്രാഹാമിൻ്റെ സാക്ഷാൽ സന്തതിയായ യിസ്രായേലെന്ന ക്രിസ്തുവിനെ അറിയാതെ പോയത്. അബ്രാഹാമിൻ്റെ വാഗ്ദത്ത സന്തതിയായ ക്രിസ്തു യേശുക്രിസ്തുവല്ല; യിസ്രായേലാണ്. (ഉല്പ, 12:7; 13:5,16; 15:5,13,18; 16:10; 17:7,8,9,10,19; 22:17,18; 24:7). യിസ്രായേൽ അബ്രാഹാമിൻ്റെ മാത്രം സന്തതിയല്ല; യിസ്ഹാക്കിൻ്റെയും യാക്കോബിൻ്റെയും സന്തതിയാണ്. (ഉല്പ, 26:3,5,24; 28:13,14; 32:12; 23:12). “ഒരു സ്ത്രീ തന്റെ കുഞ്ഞിനെ മറക്കുമോ? താൻ പ്രസവിച്ച മകനോടു കരുണ, തോന്നാതിരിക്കുമോ? അവർ മറന്നുകളഞ്ഞാലും ഞാൻ നിന്നെ മറക്കയില്ല” എന്നരുളിച്ചെയ്ത യിസ്രായേലിന്റെ ദൈവം അവരുടെ വാഗദത്തങ്ങൾ അവർക്ക് സാക്ഷാത്കരിച്ചു കൊടുക്കാൻ അവരുടെ പദവികളുമായി യേശുവെന്ന നാമത്തിൽ ജഡത്തിൽ പ്രത്യക്ഷനാകുകയായിരുന്നു. (കാണുക: പൂർവ്വപിതാക്കന്മാരുടെ വാഗ്ദത്തസന്തതി, യിസ്രായേലിൻ്റെ പദവികൾ)
നമ്മുടെ പാപഹരനായ ക്രിസ്തുവായി വന്നത് ഏറിയ പ്രവാചകന്മാരും രാജാക്കന്മാരും കാണുവാൻ ഇച്ഛിച്ചവനാണ്. യേശു ശിഷ്യന്മാരോട്: “നിങ്ങൾ കാണുന്നതിനെ കാണ്മാൻ ഏറിയ പ്രവാചകന്മാരും രാജാക്കന്മാരും ഇച്ഛിച്ചിട്ടും കണ്ടില്ല; നിങ്ങൾ കേൾക്കുന്നതിനെ കേൾപ്പാൻ ഇച്ഛിച്ചിട്ടും കേട്ടില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു എന്നു പ്രത്യേകം പറഞ്ഞു.” (ലൂക്കോ, 10:24; മത്താ, 13:17). ആരാണിവനെന്ന് ഇയ്യോബ് പ്രവചിച്ചിരുന്നു: “എന്നെ വീണ്ടെടുക്കുന്നവൻ ജീവിച്ചിരിക്കുന്നു എന്നും അവൻ ഒടുവിൽ പൊടിമേൽ നില്ക്കുമെന്നും ഞാൻ അറിയുന്നു.” (ഇയ്യോ, 19:25). ഇയ്യോബിൻ്റെ വീണ്ടെടുപ്പുകാരനായ യഹോവയാണ് ജഡത്തിൽ വെളിപ്പെട്ട് അഥവാ മനുഷ്യപുത്രനായി ഭൂമിയിൽ അഥവാ പൊടിമേൽ വന്നു പാർത്ത ക്രിസ്തു. (1തിമൊ, 3:15,16; 1പത്രൊ, 1:20). അടുത്തവാക്യം: “എന്റെ ത്വൿ ഇങ്ങനെ നശിച്ചശേഷം ഞാൻ ദേഹസഹിതനായി ദൈവത്തെ കാണും. ഞാൻ തന്നേ അവനെ കാണും; അന്യനല്ല, എന്റെ സ്വന്തകണ്ണു അവനെ കാണും.” (ഇയ്യോ, 19:26; 27). പുനരുത്ഥാത്തിൽ താൻ സ്വന്തകണ്ണുകൊണ്ട് കാണുന്നതും അവനെത്തന്നെ ആയിരിക്കും. യേശു യെഹൂദന്മാരോട് പറഞ്ഞത്: “നിങ്ങളുടെ പിതാവായ അബ്രാഹാം എന്റെ ദിവസം കാണും എന്നുള്ളതുകൊണ്ടു ഉല്ലസിച്ചു; അവൻ കണ്ടു സന്തോഷിച്ചുമിരിക്കുന്നു.” (യോഹ, 8:56). അബ്രാഹാം എവിടെയാണ് യേശുവിനെ കണ്ട് സന്തോഷിച്ചത്: മമ്രേയുടെ തോപ്പിൽ അവന് പ്രത്യക്ഷനായ മൂന്നു പുരുഷന്മാരിൽ ഒരാൾ യഹോവയായും (18:1,13,14,17,18,20,22,26,33) രണ്ടുപേർ ദൂതന്മാരും ആയിരുന്നു. (18:16; 19:1). അബ്രാഹാമിൻ്റെയൊപ്പം ആറേഴ് നാഴിക ചിലവഴിച്ച് ഭക്ഷണപാനീയങ്ങൾ കഴിച്ചശേഷം സന്തതിയെക്കുറിച്ചുള്ള വാഗ്ദത്തം നല്കുകയും ഒരു ദീർഘ സംഭാഷണവും കഴിഞ്ഞശേഷമാണ് യഹോവ പോയത്. അബ്രാഹാം കണ്ട് സന്തോഷിച്ച യഹോവ തന്നെയാണ് യേശുക്രിസ്തു. ക്രിസ്തു തൻ്റെ പരസ്യശൂശ്രൂഷ അവസാനിപ്പിച്ച് യെരൂശലേം ദൈവാലയത്തിൽനിന്ന് മടങ്ങിപ്പോകുമ്പോൾ, അവൻ ചെയ്ത അനവധിയായ അടയാളങ്ങൾ കണ്ടിട്ടും അവനിൽ വിശ്വസിക്കാത്ത യെഹൂദന്മാരുടെ അവിശ്വാസത്തെക്കുറിച്ചുള്ള യെശയ്യാപ്രവചനം ഉദ്ധരിച്ചശേഷം (12:38-40) യോഹന്നാൻ പറയുന്നു: “യെശയ്യാവു യേശുവിന്റെ തേജസ്സു കണ്ടു അവനെക്കുറിച്ചു സംസാരിച്ചതു കൊണ്ടാകുന്നു ഇതു പറഞ്ഞതു.” (യോഹ, 12:41). ഉസ്സീയാരാജാവു മരിച്ച ആണ്ടിൽ ഉയർന്നും പൊങ്ങിയുമുള്ള സിംഹാസനത്തിൽ ഇരിക്കുന്നു യഹോവയുടെ തേജസ്സാണ് യെശയ്യാവ് കണ്ടത്. (യെശ, 6:1). യോഹന്നാൻ പറയുന്നു: യേശുവിൻ്റെ തേജസ്സാണ് കണ്ടത്. യഹോവയും യേശുവും ഒരാളാണെന്ന് അഥവാ യഹോവയുടെ പ്രത്യക്ഷതയാണ് ക്രിസ്തുവെന്ന് മനസ്സിലാക്കാൻ ഇതിൽക്കൂടുതൽ തെളിവുകൾ വേണമോ?
യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്നും (2രാജാ, 19:15; 2രാജാ, 19:19; നെഹെ, 9:6; സങ്കീ, 83:18; 86:10; യെശ, 37:16; 37:20) യഹോവയല്ലാതെ ദൈവമില്ലെന്നും (ആവ, 32:39; യെശ, 44:6; 44:8; 45:5; 45:21; 45:22; 46:8) യഹോവയ്ക്ക് സമനില്ലെന്നും (സങ്കീ, 35:10. ഒ.നോ: പുറ, 15:11; 71:19; 86:8; 89:6; യെശ, 40:25; 46:5; യിരേ, 10:6; 10:7; യിരെ,49:19; 50:44; മീഖാ, 7:18) യഹോവയ്ക്ക് സദൃശ്യനില്ലെന്നും (സങ്കീ, 40:5. ഒ.നോ: സങ്കീ, 89:6; 113:5; യെശ, 40:25; 46:5) പിതാവായ ഏകദൈവമേ നമുക്കുള്ളുവെന്നും (1കൊരി, 8:6; എഫെ, 4:6; മർക്കൊ, 12:29-32; യോഹ, 17:1-3; മലാ, 2:10; യെശ, 63:16; 64:8) ദൈവത്തിൻ്റെ ആത്മാവ് അക്ഷരമായി എഴുതിവെച്ചിരിക്കുന്നതെങ്കിലും ദൈവമക്കൾ വിശ്വസിക്കാൻ മനസ്സുവെച്ചാൽ, ദൈവം ത്രിത്വമല്ലെന്നും യഹോവയുടെ പ്രത്യക്ഷതയാണ് ക്രിസ്തുവെന്നും ഗ്രഹിക്കുവാൻ ഇടയാകും. “സത്യം അറികയും സത്യം നിങ്ങളെ സ്വതന്ത്രന്മാരാക്കുകയും ചെയ്യും.” അതിനായി ദൈവം എല്ലാവരെയും സഹായിക്കട്ടെ!