ദൈവപുത്രനായ യേശുക്രിസ്തുവിന്റെ ജനനമരണ പുനരുത്ഥാനങ്ങൾക്കുശേഷം നാല്പതുനാളോളം സ്വർഗ്ഗത്തിൽനിന്ന് പ്രത്യക്ഷനായത് ദൈവപുത്രനാണോ, ദൈവമാണോ എന്നാണ് നാം പരിശോധിക്കുന്നത്. ക്രിസ്തു ആരാണെന്ന് അനേകർക്കും അറിയില്ല; ക്രിസ്തുവിനെ അറിയാതെ ഏകദൈവത്തെയും ദൈവവചനത്തെയും ആർക്കും ഗ്രഹിക്കാൻ കഴിയില്ല: (യോഹ, 8:19).
ക്രിസ്തു ആരാണ്? ക്രിസ്തു ആരാണ്; അല്ലെങ്കിൽ അവൻ്റെ അസ്തിത്വം എന്താണെന്ന് ചോദിച്ചാൽ: അവൻ പിതാവായ യഹോവയുടെ ജഡത്തിലെ വെളിപ്പാടാണ്: (1Tim, 3:16). ➟ദൈവഭക്തിയുടെ മർമ്മത്തിൽ, ❝അവൻ ജഡത്തിൽ വെളിപ്പെട്ടു❞ എന്നാണ് കാണുന്നത്: (1തിമൊ, 3:16). അവിടുത്തെ, ❝അവൻ❞ എന്ന പ്രഥമപുരുഷ ❝സർവ്വനാമം❞ മാറ്റിയിട്ട് തൽസ്ഥാനത്ത്, ❝നാമം❞ ചേർത്താൽ, ❝ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു❞ (The Living God was manifest in the flesh) എന്ന് കിട്ടും: (1തിമൊ, 3:15-16). ജീവനുള്ള ദൈവവും ശാശ്വതരാജാവും പിതാവായ യഹോവയാണ്: (യിരെ, 10:10). അതാണ് ദൈവഭക്തിയുടെ മർമ്മം. (1തിമൊ, 3:15-16; 1കൊരി, 2:7 → യിരെ, 10:10). പിതാവും ക്രിസ്തുവുമെന്ന ദൈവമർമ്മവും അതാണ്: (Col, 2:2). അതായത്, ❝ജഡത്തിൽ വെളിപ്പെട്ടത് ജീവനുള്ള ദൈവമായ പിതാവും; വെളിപ്പാട് പുത്രനുമാണ്.❞ (മത്താ, 16:16). [കാണുക: ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക, ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു]
ക്രിസ്തുവിൻ്റെ പ്രകൃതി: യേശുവിൻ്റെ പ്രകൃതി (Nature) എന്താണെന്നു ചോദിച്ചാൽ: അവൻ ദൈവമല്ല; മനുഷ്യനാണ്. ❝ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം.❞ (മർക്കൊ, 15:39). ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ് യേശുക്രിസ്തു: (റോമ, 5:15). അതായത്, തൻ്റെ ജനത്തെ അവരുടെ പാപങ്ങളിൽനിന്നു രക്ഷിക്കാൻ (മത്താ, 1:21) യിസ്രായേലിൻ്റെ ദൈവമായ യഹോവ തൻ്റെ ജഡത്തിലെ വെളിപ്പാടിനായി മറിയയെന്ന കന്യകയിലൂടെ പ്രകൃത്യാതീതമായി ഉല്പാദിപ്പിച്ച (മത്താ, 1:20) വിശുദ്ധപ്രജ അഥവാ, പാപരഹിതനായ മനുഷ്യനാണ് യേശു: (ലൂക്കൊ, 1:35; 1യോഹ, 3:5; യോഹ, 8:40). അതാണ്, പിതാവും ക്രിസ്തുവുമെന്ന ദൈവമർമ്മവും ദൈവഭക്തിയുടെ മർമ്മവും. (കൊലൊ, 2:2; 1തിമൊ, 3:16). [കാണുക: ദൈവഭക്തിയുടെ മർമ്മം]. ➟ദൈവപുത്രൻ്റെ പ്രകൃതി (Nature) എന്താണെന്ന് ദൈവശ്വാസീയമായ വചനത്തിൽ അക്ഷരംപ്രതി ആലേഖനംചെയ്ത് വെച്ചിട്ടുണ്ട്: ❝യേശുവിന്നു എതിരെ നിന്നിരുന്ന ശതാധിപൻ അവൻ ഇങ്ങനെ പ്രാണനെ വിട്ടതു കണ്ടിട്ടു: ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം എന്നു പറഞ്ഞു.❞ (മർക്കൊ, 15:39). ❝ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു.❞ (യോഹ, 8:40). ക്രിസ്തു മനുഷ്യനാണെന്നു അൻപതുപ്രാവശ്യം പറഞ്ഞിട്ടുണ്ട്. [കാണുക: മനുഷ്യനായ ക്രിസ്തുയേശു]
മനുഷ്യൻ്റെ പാപങ്ങൾക്ക് അഥവാ, ആദാമെന്ന ഏകൻ്റെ ലംഘനത്തിനു് പകരമായി തൻ്റെ പൂർണ്ണ അനുസരണത്താലും രക്തത്താലും മരണത്താലും പരിഹാരം വരുത്തേണ്ടത് മരണമില്ലാത്ത ദൈവമല്ല; പാപരഹിതനായ ഒരു മനുഷ്യനാണ്: (എബ്രാ, 5:8-9; റോമ, 5:19; 1യോഹ, 3:5). മനുഷ്യരെല്ലാം പാപികളായതുകൊണ്ട് (ഇയ്യോ, 15:14; 25:4; സഭാ, 7:20; റോമ, 3:23; 5:12) മനുഷ്യനു് മനുഷ്യൻ്റെ പാപം പോക്കാൻ കഴിയാത്തതിനാൽ (സങ്കീ, 49:7-9), പാപത്തിൻ്റെ ശമ്പളം മരണം (റോമ, 6:23), പാപം ചെയ്യുന്ന ദേഹി മരിക്കും (യെഹെ, 18:4), രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല (എബ്രാ, 9:22) എന്ന ദൈവനീതി നിവൃത്തിക്കാൻ, മാറ്റമോ, മരണമോ ഇല്ലാത്ത ഏകദൈവമായ യഹോവ യേശുവെന്ന തൻ്റെ പുതിയ നാമത്തിൽ (മത്താ, 1:21; ലൂക്കൊ, 1:31; യോഹ, 5:43; 17:11; 17:12), കന്യകയുടെ ഉദരത്തിലൂടെ ഒരു മനുഷ്യപ്രത്യക്ഷത എടുത്തിട്ട്, അവൻ്റെ രക്തത്താലും മരണത്താലുമാണ് പാപപരിഹാരം വരുത്തിയത്. (മത്താ, 1:21; ലൂക്കൊ, 1:68; 1തിമൊ, 3:15-16; എബ്രാ, 2:14-16). അതായത്, യഹോവയായ ദൈവം തൻ്റെ ജഡത്തിലെ വെളിപ്പാടിനായി കന്യകയിൽ ഉല്പാദിപ്പിച്ച ദേഹവും ദേഹിയും ആത്മാവുമുള്ള പാപരഹിതനായ മനുഷ്യനാണ് യേശു: (1തിമൊ, 3:15-16; മത്താ, 1:20; 1പത്രൊ, 2:24; മത്താ, 24:38; ലൂക്കൊ, 23:46; 1യോഹ, 3:5; യോഹ, 8:40). അതാണ്, ദൈവഭക്തിയുടെ മർമ്മവും പിതാവും പുത്രനുമെന്ന ദൈവമർമ്മവും: (1Tim, 3:16; Col, 2:2 – യെശ, 25:8; 35:3-6; 40:3; സെഖ, 12:10; ലൂക്കൊ, 1:68). [കാണുക: ദൈവഭക്തിയുടെ മർമ്മം, ക്രിസ്തുവിൻ്റെ അസ്തിത്വവും പൂർവ്വാസ്തിത്വവും]
യേശുവിൻ്റെ ചരിത്രപരത: കന്യകയായ മറിയ പ്രസവിച്ചത് ദൈവത്തെയോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനെയോ, ദൈവപുത്രനെയോ, ക്രിസ്തുവിനെയോ അല്ല. അബ്രാഹാമിൻ്റെയും ദാവീദിൻ്റെയും പുത്രനും വിശേഷാൽ, അവളുടെ ആദ്യജാതനുമായ ഒരു മനുഷ്യക്കുഞ്ഞിനെയാണ് അവൾ പ്രസവിച്ചത്. (മത്താ, 1:1; 1:25; ലൂക്കൊ, 1:31; 2:7; യോഹ, 8;40). മറിയ പ്രസവിച്ചത് തൻ്റെ ആദ്യജാതനായ മനുഷ്യക്കുഞ്ഞ് ആയതുകൊണ്ടാണ്, എട്ടാം ദിവസം അവനെ പരിച്ഛേദന കഴിച്ചത്: (ലൂക്കൊ, 2:7; ലൂക്കൊ, 2:21). അബ്രാഹാമിൻ്റെ പുത്രന്മാരും ദാസന്മാരുമായ മനുഷ്യക്കുഞ്ഞുങ്ങളെ മാത്രം പരിച്ഛേദന കഴിക്കാനാണ് പ്രമാണമുള്ളത്: (ഉല്പ, 17:10-14). ജെന്റർ (Gender) ഇല്ലാത്ത ഒരു ദൈവത്തെയാണ് എട്ടാം ദിവസം പരിച്ഛേദന കഴിച്ചതെന്ന് പറഞ്ഞാൽ എങ്ങനെയിരിക്കും? ദൈവത്തെ പരിച്ഛേദന കഴിക്കാൻ സാധിക്കുകയുമില്ല; ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനെ പരിച്ഛേദന കഴിക്കാൻ പ്രമാണവുമില്ല. അവൻ മനുഷ്യൻ്റെ കടിഞ്ഞൂൽ ആയതുകൊണ്ടാണ്, പിന്നെയും മുപ്പത്തിമൂന്ന് ദിവസങ്ങൾ കഴിഞ്ഞപ്പോൾ, ദൈവാലയത്തിൽ കൊണ്ടുപോയി ആദ്യജാതൻ്റെ വീണ്ടെടുപ്പ് കർമ്മങ്ങൾ ചെയ്തത്. (മത്താ, 1:25; ലൂക്കൊ, 2:7; 2:22-24; പുറ, 13:2; 13:12; ലേവ്യ, 12:1-8; സംഖ്യാ, 3:13). മനുഷ്യൻ്റെ കടിഞ്ഞൂലിനെയും അശുദ്ധ മൃഗങ്ങളുടെ കടിഞ്ഞൂലിനെയുമല്ലാതെ മറ്റാരെയും വീണ്ടെടുക്കാൻ പ്രമാണമില്ല: (പുറ, 34:19-20; സംഖ്യാ, 18:15). അവൻ ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ ആയിരുന്നെങ്കിൽ; അവനെ പരിച്ഛേദന കഴിക്കാനോ, ദൈവത്തിനു് വിശുദ്ധമായി അർപ്പിക്കാനോ, ദൈവത്തിൽനിന്ന് വീണ്ടെടുക്കാനോ പ്രമാണമില്ല. ഒരു ദൈവത്തെ മറ്റൊരു ദൈവത്തിനു് വിശുദ്ധമായി അർപ്പിച്ചിട്ട്, ആ ദൈവത്തിൽനിന്ന് ഈ ദൈവത്തെ മനുഷ്യർ വീണ്ടെടുപ്പ് വിലകൊടുത്ത് മേടിച്ചു എന്നൊക്കെ വചനവിരുദ്ധമായി വിശ്വസിക്കുന്നവരെ സമ്മതിക്കണം. യേശുവെന്ന മനുഷ്യൻ ജനിച്ചത് ന്യായപ്രമാണത്തെ ലംഘിക്കാനല്ല; വള്ളിക്കോ, പുള്ളിക്കോ മാറ്റം വരാതെ അതിനെ നിവൃത്തിക്കാനാണ്: (മത്താ, 5:17-18). ചിലർ കരുതുന്നപോലെ; യേശു ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനോ ആയിരുന്നെങ്കിൽ, ന്യയപ്രമാണത്തിലെ വള്ളിക്കോ, പുള്ളിക്കോപോലും മാറ്റം വരാതെ അതിനെ നിവൃത്തിക്കാൻ ജനിച്ചവൻ; തൻ്റെ ജനനം മുതൽ ന്യായപ്രമാണത്തെ നഗ്നമായി ലംഘിച്ചു എന്നുവരണം. അതാണ്, ത്രിമൂർത്തിവിശ്വാസം സഭയ്ക്കകത്ത് നുഴയിച്ചുകയറ്റിയ ഉപായിയായ സർപ്പത്തിൻ്റെ തന്ത്രം. ന്യായപ്രമാണത്തെ നിവൃത്തികാൻ ന്യായപ്രമാണത്തിൻ്റെ കീഴിൽ ജനിച്ചവൻ അതിനെ എങ്ങനെ ലംഘിക്കും? (മത്താ, 5:17; ഗലാ, 4:4). ❝ന്യായപ്രമാണത്തിൽ ഒരു പുള്ളി വീണുപോകുന്നതിനെക്കാൾ ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുന്നത് എളുപ്പം❞ എന്ന് പഠിപ്പിച്ച ക്രിസ്തു അതിനെ ലംഘിച്ചു എന്ന് വിശ്വസിക്കുന്നതിനെക്കാൾ, വിശ്വാസം ത്യജിച്ചു കളയുന്നതാണ് നല്ലത്: (ലൂക്കൊ, 16:17). അനന്തരം ദൈവകൃപയോടെ ആത്മാവിൽ ബലപ്പെട്ടുവന്നത്, യേശുവെന്ന മനുഷ്യക്കുഞ്ഞാണ്: (ലൂക്കൊ, 2:40). ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിലാണ് യേശുവെന്ന മനുഷ്യൻ മുതിർന്നുവന്നത്: (ലൂക്കൊ, 2:52). ആത്മാവിൽ ബലപ്പെട്ടതും ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നുവന്നതും ഒരു ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ ആണെന്ന് പറഞ്ഞാൽ എങ്ങനെയിരിക്കും?
അവനു് ഏകദേശം മുപ്പതു വയസ്സായപ്പോൾ യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനങ്ങളുടെ നിവൃത്തിയായി, യോർദ്ദാനിൽ വെച്ച് ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തപ്പോഴാണ് അവൻ ❝അഭിഷിക്തൻ❞ (ക്രിസ്തു) ആയത്: (യെശ, 61:1; ലൂക്കൊ, 2:11; ലൂക്കൊ, 3:22; പ്രവൃ, 4:27; പ്രവൃ, 10:38). താൻ ❝ക്രിസ്തു❞ ആയത് അപ്പോഴാണെന്ന് യെശയ്യാപ്രവചനം ഉദ്ധരിച്ചുകൊണ്ട് യേശു തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്: (യെശ, 61:1-2; ലൂക്കൊ, 4:16-21). ❝നീ അഭിഷേകം ചെയ്ത യേശു എന്ന നിന്റെ പരിശുദ്ധദാസൻ❞ എന്നാണ് ആദിമസഭ അവനെ വിശേഷിപ്പിച്ചത്: (പ്രവൃ, 4:27. ഒ.നോ: പ്രവൃ, 3:13; പ്രവൃ, 3:26; പ്രവൃ, 4:30). അവൻ ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ ആയിരുന്നെങ്കിൽ; അവനു് അഭിഷേകത്തിൻ്റെ ആവശ്യമെന്താണ്? ദൂതന്മാർക്കു പോലും അഭിഷേകം ആവശ്യമില്ലാതിരിക്കേ, അവൻ ദൈവത്തിൻ്റെ നിത്യപുത്രനും ദൈവവും ആയിരുന്നെങ്കിൽ, എന്തിനായിരുന്നു; ദൈവം അവനെ തൻ്റെ ആത്മാവിനാൽ ശക്തിപ്പെടുത്തിയത്? (ലൂക്കൊ, 4:14). അവൻ ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന മനുഷ്യൻ ആയതുകൊണ്ടാണ് അവനു് അഭിഷേകം ആവശ്യമായി വന്നത്: (എബ്രാ, 2:9; യോഹ, 8;40). അഭിഷേകാനന്തരം, ❝അവൻ അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും, ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും❞ എന്നീ ഗബ്രീയേൽ ദൂതൻ്റെ രണ്ട് പ്രവചനങ്ങളുടെ നിവൃത്തിയായി, പിതാവായ ദൈവത്താൽ ❝ഇവൻ എന്റെ പ്രിയപുത്രൻ❞ എന്നു വിളിക്കപ്പെട്ടപ്പോഴാണ്, യേശുവെന്ന അഭിഷിക്തനായ മനുഷ്യൻ ദൈവത്തിൻ്റെ ❝പുത്രൻ❞ എന്ന സവിശേഷ പദവിക്ക് അർഹനായത്: (ലൂക്കൊ, 1:32; ലൂക്കൊ, 1:35; ലൂക്കൊ, 3:22). പ്രവചനം ഭൂതവർത്തമാനകാലത്തിലെ ചരിത്രമല്ല; ഭാവിയിൽ സംഭവിപ്പാനുള്ളതാണ്. ഒരു പ്രവചനം നിവൃത്തിയാകുമ്പോഴാണ് അത് ചരിത്രമാകുന്നത്: (സംഖ്യാ, 24:14; ദാനീ, 2:28). അവൻ ദൈവത്തിൻ്റെ നിത്യപുത്രനായ ദൈവം ആയിരുന്നെങ്കിൽ, ❝അവൻ ദൈവപുത്രൻ എന്നു വിളിക്കപ്പെടും❞ എന്ന് ദൂതൻ രണ്ടുവട്ടം പ്രവചിച്ചത് എന്തിനായിരുന്നു? യോർദ്ദാനിലെ പ്രവചനനിവൃത്തിയുടെ ആവശ്യമെന്തായിരുന്നു? ബൈബിൾ ഒരു കോമഡി പുസ്തകം അല്ലെന്ന് ആദ്യം മനസ്സിലാക്കുക. അഭിഷേകാനന്തരമാണ്, ആത്മാവിൻ്റെ ശക്തിയോടെ യേശു ശുശ്രൂഷ ആരംഭിച്ചത്: (ലൂക്കൊ, 4:14). അതായത്, കന്യകയായ മറിയ പ്രസവിക്കുന്നതുവരെ, യേശുവെന്ന ❝പാപരഹിതനായ വ്യക്തി❞ ഇല്ലായിരുന്നു. യോർദ്ദാനിലെ അഭിഷേകത്തിനു മുമ്പെ, യേശുവെന്ന ❝ക്രിസ്തു❞ ഇല്ലായിരുന്നു. അഭിഷേകാനന്തരം, ഗബ്രീയേൽ ദൂതൻ്റെ രണ്ട് പ്രവചനങ്ങളുടെ നിവൃത്തിപോലെ, ❝ഇവൻ എൻ്റെ പ്രിയപുത്രൻ❞ എന്നു പിതാവ് അരുളിച്ചെയ്യുന്നതുവരെ, യേശുവെന്ന ❝ദൈവപുത്രനും❞ ഇല്ലായിരുന്നു. യേശുവെന്ന മനുഷ്യൻ ജനിച്ചത്, എ.എം. 3755-ൽ (ബി.സി. 6) ബേത്ത്ലേഹെമിലാണ്: (ലൂക്കൊ, 2:1-7). എന്നാൽ യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനങ്ങൾപോലെ, യേശുവെന്ന ക്രിസ്തുവും ദൈവപുത്രനും ജനിച്ചത്, എ.എം. 3789-ൽ (എ.ഡി. 29) യോർദ്ദാനിൽ വെച്ചാണ്: (യെശ, 61:1; ലൂക്കൊ, 1:32; 1:35; 2:11; 3:22; പ്രവൃ, 10:38). പഴയനിയമത്തിൽ ദൈവപുത്രനായ യേശുക്രിസ്തു ഇല്ല; അവനെക്കുറിച്ചുള്ള പ്രവചനങ്ങളാണ് ഉണ്ടായിരുന്നത്. (ഉല്പ, 3:15; ആവ, 18:15; 18:18-19; സങ്കീ, 40:6; യെശ, 7:14; 52:13-15; 53:1-12; 61:1-2). അതുകൊണ്ടാണ്, ❝അവൻ ലോകസ്ഥാപനത്തിന്നു മുമ്പെ മുന്നറിയപ്പെട്ടവനും അവൻ മുഖാന്തരം ദൈവത്തിൽ വിശ്വസിക്കുന്ന നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്തു വെളിപ്പെട്ടവനും ആകുന്നു❞ എന്ന് പത്രൊസ് അപ്പൊസ്തലൻ പറഞ്ഞത്: (1പത്രൊ, 1:20). വാക്യം ശ്രദ്ധിക്കുക: ❝ലോകസ്ഥാപനത്തിനുമുമ്പെ ക്രിസ്തു ഉണ്ടായിരുന്നു❞ എന്നല്ല; മൂന്നറിയപ്പെട്ടവൻ അഥവാ, പ്രവചനങ്ങളിലൂടെ മുമ്പേകൂട്ടി അറിയപ്പെട്ടവനും അന്ത്യകാലത്തുമാത്രം ലോകത്തിൽ വെളിപ്പെട്ടവനുമാണ്. നമ്മുടെ കർത്താവിൻ്റെ ❝യേശു❞ എന്ന പേർപോലും അവൻ ജനിക്കുന്നതിനും ഒൻപത് മാസവും ഒൻപത് ദിവസവും മുമ്പുമാത്രം വെളിപ്പെടുത്തപ്പെട്ടതാണ്. [കാണുക: ദൈവപുത്രനായ ക്രിസ്തു പഴയനിയമത്തിൽ ഉണ്ടായിരുന്നോ?, അന്ത്യകാലത്ത് വെളിപ്പെട്ടവൻ]
യേശുവെന്ന ദൈവത്തിൻ്റെ ❝ക്രിസ്തു❞ (അഭിഷിക്തനായ മനുഷ്യൻ) യോർദ്ദാനിലെ അഭിഷേകത്താൽ ലഭിച്ച ആത്മാവിൻ്റെ ശക്തിയോടെയാണ് തൻ്റെ ശുശ്രൂഷ ആരംഭിച്ചത്: (ലൂക്കൊ, 4:14). താൻ ദൈവാത്മാവിനാൽ അഥവാ, ദൈവത്താലാണ് അത്ഭുതങ്ങളെ പ്രവർത്തിച്ചത്: (മത്താ, 12:28; ലൂക്കൊ, 5:17; യോഹ, 3:2; പ്രവൃ, 2:22; പ്രവൃ, 10:38). ദൈവത്താലാണ് പാപമോചനം നല്കിയത്: (ലൂക്കൊ, 5:21 → മത്താ, 9:8). [കാണുക: ക്രിസ്തുവും അത്ഭുതങ്ങളും, ക്രിസ്തു നല്കിയ പാപമോചനം]. മൂന്നരവർഷത്തെ മഹത്വകരമായ ശുശ്രൂഷയ്ക്കൊടുവിൽ, ഗെത്ത്ശെമനയിൽവെച്ച് മാനവകുലത്തിൻ്റെ പാപമെല്ലാം വഹിച്ച് പാപമറിയാത്ത ക്രിസ്തു പാപമാക്കപ്പെടുകയും, ❝പാപത്തിൻ്റെ ശമ്പളം മരണം❞ എന്ന ദൈവനീതി നിവൃത്തിക്കാൻ മരണത്തിനതീതനായിരുന്നവൻ മരണത്തിനധീതനായിത്തീർന്നു: (മത്താ, 26:36-39; 2കൊരി, 5:21; റോമ, 6::23). പിറ്റേദിവസം അവൻ നമ്മുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ ചുമന്നുകൊണ്ട് ക്രൂശിൽക്കയറി: (1പത്രൊ, 2:24). അനന്തരം ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന മനുഷ്യനായ ക്രിസ്തുയേശു തൻ്റെ ആത്മാവിനെ പിതാവിൻ്റെ കരങ്ങളിൽ ഏല്പിച്ചിട്ട് (ലൂക്കൊ, 23:46), ദൈവാത്മാവിനാൽ ദൈവത്തിനു് തന്നെത്താൻ നിഷ്കളങ്കമായി അർപ്പിച്ചുകൊണ്ട് മരണം ആസ്വദിച്ചു: (എബ്രാ, 2:9; 1തിമൊ, 2:6; എബ്രാ, 9:14). യോർദ്ദാനിൽവെച്ച് ദൈവത്തിൻ്റെ അഭിഷേകത്താൽ മഹാപുരോഹിതനായ ക്രിസ്തു, ദൈവത്തിനും മനുഷ്യർക്കുമിടയിൽ മദ്ധ്യസ്ഥനായി നിന്നുകൊണ്ട് മറുവിലയായ കുഞ്ഞാടായി തന്നെത്താൻ ദൈവത്തിനു സൗരഭ്യവാസനയായ വഴിപാടും യാഗവുമായി അർപ്പിക്കുകയായിരുന്നു: (എബ്രാ, 4:15; 1തിമൊ, 2:5:6; യോഹ, 1:29; എഫെ, 5:2). മൂന്നാം ദിവസം ദൈവാത്മാവിനാൽ അഥവാ, ദൈവത്താൽ അവൻ ഉയിർപ്പിക്കപ്പെട്ടു: (1പത്രൊ, 3:18; പ്രവൃ, 10:40). ഉയിർത്തെഴുന്നേറ്റ അന്നുതന്നെ, യേശു തൻ്റെ യാഗമരണത്തിൻ്റെ സാക്ഷ്യവുമായി തൻ്റെ ❝പിതാവും ദൈവവും❞ ആയവൻ്റെ അടുക്കലേക്ക് കരേറിപ്പോയതോടെ യേശുവെന്ന മനുഷ്യൻ്റെ ശുശ്രൂഷ ഒരിക്കലായി പൂർത്തിയായി: (യോഹ, 20:17; എബ്രാ, 9:11-12. ഒ.നോ: എബ്രാ, 7:27; 10:10).
ക്രിസ്തുവും അപ്പൊസ്തലന്മാരും: താൻ ദൈവമല്ല; മനുഷ്യനാണെന്ന് ദൈവപുത്രനായ ക്രിസ്തുവും, ക്രിസ്തു ദൈവമല്ല; മനുഷ്യനാണെന്ന് അപ്പൊസ്തലന്മാരും അസന്ദിഗ്ദ്ധമായി പറഞ്ഞിട്ടുണ്ട്. താൻ ദൈവമല്ല; മനുഷ്യനാണെന്ന് യേശു ഖണ്ഡിതമായി പറഞ്ഞിരിക്കുന്നത് യോഹന്നാൻ്റെ സുവിശേഷത്തിലാണ്:
ദൈവം ഒരുത്തൻ മാത്രം: ❝ദൈവം ഒരുത്തൻ മാത്രം – 𝐓𝐡𝐞 𝐨𝐧𝐥𝐲 𝐆𝐨𝐝 (യോഹ, 5:44), പിതാവാണ് ഒരേയൊരു സത്യദൈവം – 𝐅𝐚𝐭𝐡𝐞𝐫, 𝐭𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝 (യോഹ, 17:3), പിതാവിനെ മാത്രം ആരാധിക്കണം (മത്താ, 4:10; ലൂക്കൊ, 4:8), എൻ്റെ പിതാവു് മാത്രമാണ് സകലവും അറിയുന്നത് (മത്താ, 24:36), എന്റെ പിതാവു എല്ലാവരിലും വലിയവൻ (യോഹ, 10:29), പിതാവു് എന്നെക്കാൾ വലിയവൻ (യോഹ, 14:28), എനിക്കു സ്വതേ ഒന്നും ചെയ്‍വാൻ കഴിയുന്നതല്ല (യോഹ, 5:30), ഞാൻ മനുഷ്യനാണ് (യോഹ, 8:40), പിതാവ് എന്റെ ദൈവമാണ്❞ (യോഹ, 20:17) എന്നൊക്കെയാണ് ക്രിസ്തു പഠിപ്പിച്ചത്. 𝗙𝗮𝘁𝗵𝗲𝗿, 𝘁𝗵𝗲 𝗼𝗻𝗹𝘆 𝘁𝗿𝘂𝗲 𝗚𝗼𝗱 എന്നുപറഞ്ഞാൽ, ❝പിതാവാണ് സത്യദൈവം❞ എന്നല്ല; ❝പിതാവ് മാത്രമാണ് സത്യദൈവം❞ എന്നാണ്. ❝പിതാവ് മാത്രമാണ് സത്യദൈവം❞ എന്ന് വായിൽ വഞ്ചനയില്ലാത്ത പുത്രൻ പറഞ്ഞാൽ; പിതാവല്ലാതെ, പുത്രനും സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള മറ്റാരും സത്യദൈവം അല്ലെന്നാണർത്ഥം. ❝മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.❞ (ആവ, 4:39 → ആവ, 3:24; യോശു, 2:11; 1രാജാ, 8:23; 2ദിന, 6:14; സങ്കീ, 73:25). പിതാവ് മാത്രമാണ് സത്യദൈവം താൻ മനുഷ്യനാണെന്ന് ദൈവപുത്രൻതന്നെ ഫറയുമ്പോൾ, അവനെങ്ങനെ സത്യദൈവമാകും❓
എന്റെ ദൈവവും നിങ്ങളുടെ ദൈവവും: ❝യേശു അവളോടു: എന്നെ തൊടരുതു; ഞാൻ ഇതുവരെ പിതാവിന്റെ അടുക്കൽ കയറിപ്പോയില്ല; എങ്കിലും നീ എന്റെ സഹോദരന്മാരുടെ അടുക്കൽ ചെന്നു: എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു എന്നു അവരോടു പറക എന്നു പറഞ്ഞു.❞ (യോഹ, 20:17). മരണത്തിൽനിന്ന് ദൈവത്താൽ ഉയിർപ്പിക്കപ്പെട്ട ക്രിസ്തുവിൻ്റെ വാക്കുകളാണ് ഈ വേദഭാഗത്ത് കാണുന്നത്: (പ്രവൃ, 10:40). തൻ്റെ പിതാവും ദൈവവും വിശ്വാസികളുടെ പിതാവും ഒരുവനാണെന്ന് യേശു പറഞ്ഞത്: (മത്താ, 27:46; മർക്കൊ, 15:33). ബന്ധം വ്യത്യസ്തമാണെങ്കിലും നമ്മുടെയും ക്രിസ്തുവിൻ്റെയും പിതാവും ദൈവവും ഒരുവനാണെന്ന് പറയുന്നത് കർത്താവായ ക്രിസ്തുവാണ്: (യോഹ, 20:17). എൻ്റെ ദൈവവും നിങ്ങളുടെ ദൈവവും ഒരുവനാണെന്ന് ക്രിസ്തു പറയുമ്പോൾ, അവനെങ്ങനെ ദൈവമാകും❓ [കാണുക: എൻ്റെ ദൈവം]
യേശുക്രിസ്തുവിൻ്റെ ദൈവം: ദൈവപുത്രനായ യേശുക്രിസ്തുവിൻ്റെ ദൈവത്തെ അപ്പൊസ്തലന്മാർ വാഴ്ത്തുന്നതും സ്തുതിക്കുന്നതും സ്തോത്രം ചെയ്യുന്നതുമായ ഏഴു വാക്യങ്ങൾ ബൈബിളിലുണ്ട്. ഉദാ: ❝നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായി എന്നേക്കും വാഴ്ത്തപ്പെട്ടവൻ ഞാൻ ഭോഷ്കല്ല പറയുന്നതു എന്നറിയുന്നു.❞ (2കൊരി, 11:31; എഫെ, 1:3; എഫെ, 1:17 – റോമ, 15:5; 2കൊരി, 1:3; കൊലൊ, 1:5; 1പത്രൊ, 1:3). അപ്പൊസ്തലന്മാർ വാഴ്ത്തുകയും സ്തുതിക്കുകയും ചെയ്തത് ദൈവപുത്രനെയല്ല; യേശുക്രിസ്തു എന്ന ദൈവപുത്രനായ മനുഷ്യന്റെ ദൈവത്തെയാണ്: (മർക്കൊ, 15:39; യോഹ, 8:40). യേശുക്രിസ്തുവിനു് ഒരു ദൈവമുണ്ടായിരിക്കെ അവനെങ്ങനെ ദൈവമാകും❓ [കാണുക: യേശുക്രിസ്തുവിൻ്റെ ദൈവവും പിതാവും]
പിതാവായ ഏകദൈവം: ❝ആകാശത്തിലോ ഭൂമിയിലോ ദേവന്മാർ എന്നു പേരുള്ളവർ ഉണ്ടെന്നുവരികിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു. യേശുക്രിസ്തു എന്ന ഏക കർത്താവും നമുക്കു ഉണ്ടു; അവൻ മുഖാന്തരം സകലവും അവൻ മുഖാന്തരം നാമും ആകുന്നു.❞ (1കൊരി, 8:5-6). വാക്യം ശ്രദ്ധിക്കുക: ❝ആകാശത്തിലോ ഭൂമിയിലോ ദൈവങ്ങൾ (θεοὶ – gods) എന്നു പേരുള്ളവർ ഉണ്ടെന്നുവരികിലും, പിതാവായ ഏക ദൈവമേ നമുക്കുള്ളു❞ എന്നാണ് പൗലൊസ് പറയുന്നത്. ❝പിതാവായ ഏക ദൈവമേ നമുക്കുള്ളു❞ (𝐟𝐨𝐫 𝐮𝐬 𝐭𝐡𝐞𝐫𝐞 𝐢𝐬 𝐛𝐮𝐭 𝐨𝐧𝐞 𝐆𝐨𝐝, 𝐭𝐡𝐞 𝐅𝐚𝐭𝐡𝐞𝐫) എന്നു പറഞ്ഞാൽ, മറ്റൊരു ദൈവം ഇല്ലെന്നാണ്. ➟പുത്രനും ദൈവമാണെങ്കിൽ, ❝പിതാവായ ഏക ദൈവമേ നമുക്കുള്ളു❞ എന്ന പ്രയോഗം പരമാബദ്ധമാണ്. അടുത്തവാക്യം: ❝എല്ലാവർക്കും മീതെയുള്ളവനും എല്ലാവരിലും കൂടി വ്യാപരിക്കുന്നവനും എല്ലാവരിലും ഇരിക്കുന്നവനുമായി എല്ലാവർക്കും ദൈവവും പിതാവുമായവൻ ഒരുവൻ.❞ (എഫെ, 4:6). ഈ വേദഭാഗവും ശ്രദ്ധിക്കുക: ❝എല്ലാവർക്കും ദൈവവും പിതാവുമായവൻ ഒരുവൻ❞ (𝐎𝐧𝐞 𝐆𝐨𝐝 𝐚𝐧𝐝 𝐅𝐚𝐭𝐡𝐞𝐫 𝐨𝐟 𝐚𝐥𝐥) എന്നാണ് പറയുന്നത്. മറ്റൊരു ദൈവമുണ്ടെങ്കിൽ, ഈ പ്രയോഗവും അബദ്ധമാണ്. ഒരേയൊരു ദൈവം പിതാവാണെന്ന് ബൈബിൾ അസന്ദിഗ്ദ്ധമായി പറയുമ്പോൾ, ക്രിസ്തു എങ്ങനെ ദൈവമാകും❓ [കാണുക: ദൈവം ഒരുത്തൻ മാത്രം, മോണോതീയിസം]
ദൈവവും മനുഷ്യനും: ❝ദൈവം ഒരുവനല്ലോ. ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.❞ (1തിമൊ, 2:5-6). ഈ വേദഭാഗം ശ്രദ്ധിച്ചാൽ, ❝ദൈവം❞ (𝐆𝐨𝐝) എന്നത് ഏകസ്രഷ്ടാവും പിതാവുമായവൻ്റെ പ്രകൃതിയും (𝐍𝐚𝐭𝐮𝐫𝐞), ❝മനുഷ്യൻ❞ (𝐌𝐚𝐧) എന്നത് ദൈവത്തിനും മനുഷ്യർക്കുമിടയിൽ മദ്ധ്യസ്ഥനായ മഹാപുരോഹിതനായി നിന്നുകൊണ്ട് തന്നെത്താൻ ദൈവത്തിനു് മറുവിലയായി അർപ്പിച്ച ക്രിസ്തുയേശുവിൻ്റെ ❝പ്രകൃതി❞ ആണെന്നും മനസ്സിലാക്കാം. മനുഷ്യൻ (മത്താ, 26:72), ദൈവപുത്രനായ മനുഷ്യൻ (മർക്കൊ, 15:39), യേശു എന്നു പേരുള്ള മനുഷ്യൻ (യോഹ, 9:11), പുരുഷനായ (മനുഷ്യൻ) നസറായനായ യേശു (പ്രവൃ, 2:23), ഏകമനുഷ്യനായ യേശുക്രിസ്തു (റോമ, 5:15), രണ്ടാം മനുഷ്യൻ (1കൊരി, 15:47), ഏകപുരുഷൻ (2കൊരി, 11:2), മനുഷ്യനായ ക്രിസ്തുയേശു (1തിമൊ, 2:6) എന്നിങ്ങനെയാണ് ക്രിസ്തുവിനെ വിശേഷിപ്പിക്കുന്നത്. സ്നാപകൻ (യോഹ, 1:30), പുരുഷാരം, (മത്താ, 9:8), ശമര്യസ്ത്രീ (യോഹ, 4:29), യെഹൂദന്മാർ, (യോഹ, 5:12), ചേകവർ (യോഹ, 7:46), പിറവിക്കുരുടൻ, (യോഹ, 9:11), പരീശന്മാർ (യോഹ, 9:16), മഹാപുരോഹിതന്മാർ (യോഹ, 11:47), കയ്യഫാവ് (യോഹ, 11:50), വാതിൽ കാവൽക്കാരത്തി (യോഹ, 18:17), പീലാത്തൊസ്, (യോഹ, 18:29), ശതാധിപൻ (മർക്കൊ, 15:39), ന്യായാധിപസംഘം (പ്രവൃ, 5:28) അപ്പൊസ്തലന്മാർ, ബൈബിൾ എഴുത്തുകാർ ഉൾപ്പെടെ, ഒന്നാം നൂറ്റാണ്ടിൽ ക്രിസ്തുവിനെ നേരിട്ടുകണ്ട എല്ലാവരും അവൻ മനുഷ്യനാണെന്ന് സംശയലേശമന്യേ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. മനുഷ്യൻ എങ്ങനെ ദൈവമാകും❓ ദൈവപുത്രൻ ദൈവമല്ല; ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ മനുഷ്യനാണെങ്കിൽ, നാല്പതുനാളോളം സ്വർഗ്ഗത്തിൽനിന്ന് പ്രത്യക്ഷനായതും തോമാസ് ❝എൻ്റെ ദൈവം❞ എന്നേറ്റുപറഞ്ഞതും ദൈവപുത്രനെയല്ല; ദൈവത്തെയാണെന്ന് വാക്കും ഭാഷണവും കൂടാതെ ആർക്കും മനസ്സിലാകും. [കാണുക: മനുഷ്യനായ ക്രിസ്തുയേശു].
☛ പുതിയതിയമത്തിൽ ❝യേശു, അഥവാ, യേശുക്രിസ്തു❞ എന്ന നാമം, പുത്രൻ്റെ നാമം മാത്രമല്ല; പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമമാണ്: (യോഹ, 5:43; യോഹ, 17:11; യോഹ, 17:12 – മത്താ, 1:21 – യോഹ, 14:26. ഒ.നോ: മത്താ, 28:19 – പ്രവൃ, 2:38; 8:16; 10:48; 19:5; കൊലൊ, 3:17). [കാണുക: യേശുക്രിസ്തു എന്ന നാമം, പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാവിൻ്റെയും നാമം]. തെളിവുകൾ ഓരോന്നായി നോക്കാം:
❶ ❝എന്നെ തൊടരുത്; ഞാൻ ഇതുവരെ പിതാവിന്റെ അടുക്കൽ കയറിപ്പോയില്ല; എങ്കിലും നീ എന്റെ സഹോദരന്മാരുടെ അടുക്കൽ ചെന്ന്: എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു എന്ന് അവരോട് പറക” എന്നു പറഞ്ഞു.❞ (യോഹ, 20:17). ഉയിർത്തെഴുന്നേറ്റ ദൈവപുത്രനായ ക്രിസ്തുവിനെ മഗ്ദലക്കാരത്തി മറിയ മാത്രമാണ് കണ്ടത്. യേശു അവളോട് പറയുന്നത് ശ്രദ്ധിക്കുക: ❝എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു.❞ ദൈവത്തിൻ്റെ വെളിപ്പാടായ പുർണ്ണ മനുഷ്യനാണ് ദൈവപുത്രനായ യേശു. ആ നിലയിൽ അവനു് വംശാവലിയും ജനനവും ശൈശവവും ബാല്യവും കൗമാരവും യൗവനവും അമ്മയും വളർത്തച്ഛനും സഹോദരങ്ങളും പിതാവും ദൈവവും ഉണ്ട്. യേശു പിതാവിനെ ❝എൻ്റെ ദൈവം❞ (My God) എന്ന് അഞ്ചുപ്രാവശ്യം വിശേഷിപ്പിച്ചിട്ടുണ്ട്: (യോഹ, 20:17; മത്താ, 27:46; മർക്കൊ, 15:34). യേശുക്രിസ്തുവിന്റെ ദൈവം എന്ന് അപ്പൊസ്തലന്മാരും ആവർത്തിച്ചു പറഞ്ഞിരിക്കുന്നത് കാണാം: (2കൊരി, 11:31; എഫെ, 1:3; 1:17. ഒ.നോ: റോമ, 15:5; 2കൊരി, 1:3; കൊലോ, 1:5; 1പത്രൊ, 1:3). ദൈവപുത്രനായ യേശുവിൻ്റെ പിതാവും ദൈവവും നമ്മുടെ പിതാവും ദൈവവും ഒന്നാണ്. പിതാവ് മാത്രമാണ് സത്യദൈവം (Father, the only true God) എന്നു ക്രിസ്തുവും (യോഹ, 17:3), പിതാവായ ഏകദൈവമേ നമുക്കുള്ളൂ എന്നു പൗലൊസും പറയുന്നതു നോക്കുക: (1കൊരി, 8:6; എഫെ, 4:6). എന്നാൽ മനുഷ്യർക്ക് ദൈവവുമായുള്ള ബന്ധം പോലെയോ, ദൂതന്മാർക്ക് ദൈവവുമായൂള്ള ബന്ധം പോലെയോ ഒരു ബന്ധമല്ല, ദൈവവും അവൻ്റെ ക്രിസ്തുവുമായുള്ളത്. ദൂതന്മാരും മനുഷ്യർ ദൈവത്തിൻ്റെ സൃഷ്ടികളും ക്രിസ്തു ദൈവത്തിൻ്റെ ജഡത്തിലുള്ള വെളിപ്പാടുമാണ്: (1തിമൊ, 3:14-16). അതുകൊണ്ടാണ്, ❝എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവും❞ എന്നു ക്രിസ്തു വേർതിരിച്ച് പറഞ്ഞത്. അപ്പൊസ്തലനായ പൗലൊസും സാമാന്യ മനുഷ്യരിൽനിന്നു ക്രിസ്തുവിനെ വേർതിരിച്ചാണ് പറഞ്ഞിരിക്കുന്നത്: (1കൊരി, 11:3; ഗലാ, 1:2). [കാണുക: യേശുക്രിസ്തുവിൻ്റെ ദൈവം].
ഉയിർത്തെഴുന്നേറ്റ അന്നുതന്നെ മഗ്ദലക്കാരത്തി മറിയയെ കണ്ടശേഷം സ്വർഗ്ഗത്തിലേക്ക് കരേറിപ്പോയതോടെ യേശുവെന്ന മനുഷ്യൻ്റെ ശുശ്രൂഷ ഒരിക്കലായി പൂർത്തിയായി. (യോഹ, 20:17; എബ്രാ, 7:26-27; 9:11-12; 10:10). പിന്നിട് സ്വർഗ്ഗത്തിൽനിന്ന് പ്രത്യക്ഷനായത് ദൈവമാണ്. അവൻ ആദ്യം പ്രത്യക്ഷനായതും സ്ത്രീകൾക്കാണ്. മറിയയ്ക്ക് ഒപ്പം വന്നിട്ട് ഒഴിഞ്ഞ കല്ലറ കണ്ടിട്ട് മടങ്ങിപ്പോയവർക്കാണ് അവൻ പ്രത്യക്ഷനാകുന്നത്: ❝യേശു അവരെ എതിരേറ്റ്: “നിങ്ങൾക്കു വന്ദനം” എന്നു പറഞ്ഞു; അവർ അടുത്തുചെന്ന് അവന്റെ കാൽ പിടിച്ച് അവനെ നമസ്കരിച്ചു. യേശു അവരോട്: “ഭയപ്പെടേണ്ടാ; നിങ്ങൾ പോയി എന്റെ സഹോദരന്മാരോടു ഗലീലയ്ക്കു പോകുവാൻ പറവിൻ; അവിടെ അവർ എന്നെ കാണും” എന്നു പറഞ്ഞു.❞ (മത്താ, 28:9-10). ദൈവപുത്രൻ മഗ്ദലക്കാരത്തിയോട്: ❝ഞാൻ എൻ്റെ പിതാവും ദൈവവും ആയവൻ്റെ അടുക്കലേക്ക് കരേറിപ്പോകുന്നു❞ എന്ന് സഹോദരന്മാരോട് പറയാൻ മാത്രമാണ് പറഞ്ഞത്. അല്ലാതെ, താൻ അവരെ കാണുമെന്നു ദൈവപുത്രൻ പറയുന്നില്ല. എന്തെന്നാൽ ദൈവപുത്രനായ മനുഷ്യൻ്റെ ശുശ്രൂഷ പിതാവിൻ്റെ സന്നിധിയിൽ കരേറിപ്പോയതോടെ കഴിഞ്ഞു. എന്നാൽ സ്വർഗ്ഗത്തിൽനിന്ന് ദൈവം പ്രത്യക്ഷനായപ്പോൾ ❝എന്റെ സഹോദരന്മാരോട് ഗലീലയ്ക്കു പോകുവാൻ പറവിൻ; അവിടെ അവർ എന്നെ കാണും❞ എന്നാണ് പറഞ്ഞത്. ദൈവപുത്രനും ദൈവവും ശിഷ്യന്മാരെ ❝എൻ്റെ സഹോദരന്മാർ❞ എന്നു സംബോധന ചെയ്തത് എന്തുകൊണ്ടാണ് എന്നൊരു ചോദ്യം വരും: യഹോവയായ ഏകദൈവം മനുഷ്യനായിട്ടും (മറിയയിലൂടെ ഒരു മനുഷ്യപ്രത്യക്ഷത എടുത്തും) ദൈവമായിട്ടും അദൃശനായ ആത്മാവായിട്ടും തൻ്റെ മൂന്ന് വെളിപ്പാടുകളിലൂടെയാണ് സുവിശേഷചരിത്രം പുർത്തിയാക്കിയത്. മനുഷ്യനായിട്ട് പ്രത്യക്ഷനായപ്പോൾ ദൈവപുത്രനെന്ന പദവിയും മനുഷ്യപുത്രനെന്ന പദവിയും ഉണ്ടായിരുന്നു. ദൈവമായിട്ട് അഥവാ, നേരിട്ട് പ്രത്യക്ഷനായപ്പോൾ മനുഷ്യപുത്രനെന്ന പദവിയിലാണ് പ്രത്യക്ഷനായത്. ദൈവപുത്രൻ കഷ്ടം അനുഭവിക്കുന്ന ദാസനും മനുഷ്യപുത്രൻ മഹത്വമുള്ള രാജാവുമാണ്. (മർക്കൊ, 10:38: ലൂക്കൊ, 12:50; മത്താ, 19:28). ദൈവപുത്രൻ്റെ ശുശ്രൂഷയാണ് യേശുവെന്ന പാപരഹിതായ മനുഷ്യൻ്റെ മരണപുനരുത്ഥാനങ്ങളിലൂടെ പൂർത്തിയായത്. മനുഷ്യപുത്രനെന്ന പദവി വാഗ്ദത്തസന്തതിയായ യിസ്രായേലിന് അവൻ്റെ രാജ്യം യഥാസ്ഥാനത്താക്കി കൊടുക്കുന്നതുവരെ ദൈവത്തിൽ നിക്ഷിപ്തമാണ്. ദൈവം മനുഷ്യപുത്രനെന്ന പദവിയിൽ പ്രത്യക്ഷനായതുകൊണ്ടാണ്, ശിഷ്യന്മാരെ തൻ്റെ സഹോദരന്മാരെന്ന് സംബോധന ചെയ്തത്. മനുഷ്യപുത്രൻ എന്ന പദവി ദൈവത്തിൽ നിക്ഷിപ്തമായതുകൊണ്ടാണ്, സ്തെഫാനൊസ് അവനെ സ്വർഗ്ഗത്തിൽ കാണുമ്പോഴും മനുഷ്യപുത്രൻ എന്ന് സംബോധന ചെയ്യുന്നതും അവൻ്റെ കയ്യിൽ തൻ്റെ ആത്മാവിനെ ഭരമേല്പിക്കുന്നതും. (പ്രവൃ, 7:56,59). ആത്മാക്കളുടെ ഉടയവൻ പുത്രനല്ല; പിതാവാണ്. [കൂടുതൽ തെളിവുകൾ താഴെയുണ്ട്]
❷ സ്വർഗ്ഗത്തിൽനിന്ന് പ്രത്യക്ഷനായ യേശുക്രിസ്തു ശിഷ്യന്മാർക്ക് പരിശുദ്ധാത്മാവിനെ ഊതിക്കൊടുത്തതായി കാണാം. (യോഹ, 20:22). മനുഷ്യനായ ക്രിസ്തുയേശുവിൻ്റെ ഉത്ഭവവും ജീവിതവും ശുശ്രൂഷയും ആത്മാവിനാലായിരുന്നു: പരിശുദ്ധാത്മാവിനാൽ ഉല്പാദിതമായവനും (മത്താ, 1:20; ലൂക്കൊ, 2:21), ആത്മാവിനാൽ ഉത്ഭവിച്ചവനും (ലൂക്കൊ, 1:35), ആത്മാവിൽ ബലപ്പെട്ട് വളർന്നവനും (ലൂക്കൊ, 2:40), ആത്മാവിനാൽ അഭിഷേകം പ്രാപിച്ചവനു (ലൂക്കൊ, 3:22 → പ്രവൃ, 10:38), ആത്മാവ് നിറഞ്ഞവനായി യോർദ്ദാൻ വിട്ടുമടങ്ങിയവനും (ലൂക്കൊ, 4:1), ആത്മാവിനാൽ പരീക്ഷയിലേക്ക് നടത്തപ്പെട്ടവനും (മത്താ, 4:1; ലൂക്കൊ, 4:1), ആത്മാവിൻ്റെ ശക്തിയോടെ ശുശ്രൂഷിച്ചവനും (ലൂക്കൊ, 4:14-15), ആത്മാവിനാൽ അത്ഭുതങ്ങൾ പ്രവർത്തിച്ചവനും (മത്താ, 12:28), ആത്മാവിനാൽ തന്നെത്താൻ ദൈവത്തിനു് നിഷ്കളങ്കനായി അർപ്പിച്ചവനും (എബ്രാ, 9:14), ആത്മാവിനാൽ ജീവിപ്പിക്കപ്പെട്ടവനുമാണ്: (1പത്രൊ, 3:18). ആത്മാവിനാൽ ജനിച്ചുജീവിച്ചു മരിക്കയും ആത്മാവിനാൽ ഉയിർക്കയും ചെയ്തവന് എങ്ങനെ ആത്മാവിനെ ഊതിക്കൊടുക്കാൻ കഴിയും? മറിയയുടെ മൂത്തമകനായി ജനിച്ച യേശുവെന്ന പാപരഹിതനായ മനുഷ്യൻ പ്രവചനംപോലെ എ.ഡി. 29-ലാണ് ക്രിസ്തുവും ദൈവപുത്രനും ആയത്: (യെശ, 61:1; ലൂക്കൊ, 1:32; 1:35; 2:11; 3:22; 4:16-21; പ്രവൃ, 4:27; പ്രവൃ, 10:38). താൻ ദൈവമല്ല; മനുഷ്യനാണെന്ന് ദൈവപുത്രൻതന്നെ സാക്ഷ്യം പറഞ്ഞിരിക്കുന്നതും നാം കണ്ടതാണ്: (യോഹ, 5:44; 8:40; 17:3). മനുഷ്യൻ മരിച്ചിട്ട് ദൈവമായി ഉയിർത്തെഴുന്നേറ്റു എന്ന് പറയാനും കഴിയില്ല. ദൈവപുത്രൻ്റെ ശുശ്രൂഷ കഴിഞ്ഞശേഷം, യഹോവയായ ദൈവംതന്നെയാണ് യേശുവെന്ന നാമത്തിൽ പ്രത്യക്ഷനായതും ശിഷ്യന്മാർക്ക് ആത്മാവിനെ ഊതിക്കൊടുത്തതും. ഉല്പത്തിയിൽ ആദാമിൻ്റെ മൂക്കിൽ ജീവശ്വാസം ഊതിക്കൊടുത്ത ദൈവം തന്നെയാണ് ശിഷ്യന്മാർക്ക് ജീവാത്മാവായ പരിശുദ്ധാത്മാവിനെ ഊതിക്കൊടുത്തതെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം: (ഉല്പ, 2:7)
❸ യേശുവെന്ന നാമത്തിൽ സ്വർഗ്ഗത്തിൽനിന്ന് പ്രത്യക്ഷനായത് യഹോവയായ ദൈവം ആയതുകൊണ്ടാണ്, ❝എൻ്റെ കർത്താവും എൻ്റെ ദൈവവും ആയുള്ളോവേ❞ എന്ന് തോമാസ് ഏറ്റുപറഞ്ഞത്. (യോഹ, 20:28). ❝ദൈവം❞ എന്ന് ബൈബിൾ പലരെയും വിശേഷിപ്പിച്ചിട്ടുണ്ട്. എന്നാൽ ഒരു യെഹൂദൻ യഹോവയായ ഏകദൈവത്തെയല്ലാതെ ❝എൻ്റെ ദൈവം❞ (My God) അഥവാ, “ഹോ തെയോസ് മൂ” (ὁ θεός μου – Ho Theós Mou) എന്ന് മറ്റാരെയും സംബോധന ചെയ്യില്ല. ❝എൻ്റെ ദൈവം❞ (My God) എന്ന പ്രയോഗം പഴയനിയമത്തിൽ നൂറിലധികം പ്രാവശ്യം കാണാൻ കഴിയും. ഉദാ: (ആവ, 4:5; 18:16; 26:14; യോശു, 14:8; 2ശമൂ, 24:24; 1രാജാ, 3:7). പുതിയനിയമത്തിൽ തോമാസ് പറയുന്നതൊഴികെ, പതിനാറ് പ്രാവശ്യം കാണാൻ കഴിയും: (മത്താ, 27:46; മർക്കൊ, 15:33; യോഹ, 20:17; റോമ, 1:8; 1കൊരി, 1:4; ഫിലി, 1:6). ആരെയാണോ, പഴയനിയഭക്തന്മാരും മനുഷ്യനായ ക്രിസ്തുയേശുവും പൗലൊസും ❝എൻ്റെ ദൈവം❞ എന്ന് സംബോധന ചെയ്തത്, അവനെത്തന്നെയാണ് യെഹൂദനും വിശേഷാൽ അപ്പൊസ്തലനുമായ തോമാസ്, ❝എൻ്റെ കർത്താവും എൻ്റെ ദൈവവും ആയുള്ളോവേ❞ (My Lord and My God) എന്നേറ്റുപറഞ്ഞത്. അവൻ്റെ വാക്കുകൾ ശ്രദ്ധിക്കണം: ❝എൻ്റെ കർത്താവായ ദൈവമേ❞ എന്നോ, ❝എൻ്റെ ദൈവമായ കർത്താവേ എന്നോ❞ അല്ല; ❝എൻ്റെ കർത്താവും എൻ്റെ ദൈവവും ആയുള്ളോവേ❞ എന്നാണ് തോമാസ് ഏറ്റുപറയുന്നത്. യഹോവയായ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായിരുന്നു ദൈവപുത്രനായ ക്രിസ്തു: (1തിമൊ, 3:14-16). ഏതൊരു ദൈവമാണോ കന്യകയിലൂടെ ഒരു മനുഷ്യ പ്രത്യക്ഷത എടുത്തത്; ആ ദൈവമാണ് ഇപ്പോൾ നേരിട്ട് വെളിപ്പെട്ടിരിക്കുന്നത്. ❝അവര്‍ കുത്തിത്തുളച്ചവനായ എങ്കലേക്കു നോക്കും❞ (they shall look upon me whom they have pierced) എന്ന് യഹോവ പറയുന്നത് നോക്കുക: (സെഖ, 12:10 വി.ഗ്ര, ബെ.ബെ, കെ.ജെ.വി). എൻ്റെ രക്ഷിതാവായ കർത്താവും (പ്രവൃ, 2:36; 5:31) സ്രഷ്ടാവായ ദൈവവും നീയാണെന്നാണ് തോമാസ് ഏറ്റുപറഞ്ഞതിൻ്റെ സാരം: (1കൊരി, 6:8). സുവിശേഷചരിത്രകാലത്ത് ദൈവവും ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ മനുഷ്യനും എന്ന നിലയിൽ പിതാവും പുത്രനും വിഭിന്നരായിരുന്നു: (1തിമൊ, 2:5-6; 14:23; 17:11,21,23). സുവിശേഷചരിത്രകാലം കഴിഞ്ഞാൽ, ദൈവവും ദൈവപുത്രനും ഒന്നുതന്നെയാണ്: (യോഹ, 10:30 – 8:24; 8:28; 8:58; 14:9). അഥവാ, പുത്രൻ പിതാവിൽനിന്ന് വിഭിന്നനായിരിക്കില്ല. അതുകൊണ്ടാണ്, “എൻ്റെ കർത്താവും എൻ്റെ ദൈവവും ആയുള്ളോവേ” എന്ന് തോമാസ് ഏറ്റുപറഞ്ഞത്: (1കൊരി, 8:6). അതാണ്, ❝പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം❞ (onoma – Name) എന്ന പ്രയോഗത്തിൻ്റെ അർത്ഥം: (മത്താ, 28:19 → മത്താ, 1:21; യോഹ, 14:26; 17:11; പ്രവൃ, 2:28; 8:16; 10:48; 19:5; കൊലൊ, 3:16).
യോർദ്ദാനിലെ സ്നാനത്തിൽ ദൈവം തൻ്റെ പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്പ്പോഴാണ് യേശുവെന്ന പരിശുദ്ധമനുഷ്യൻ മഹാപുരോഹിതനായത്. (മത്താ, 3:11; യോഹ, 6:69; പ്രവൃ, 10:48; എബ്രാ, 3:1). മഹാപുരോഹിതനായ ക്രിസ്തു ദൈവത്തിനും മനുഷ്യർക്കുമിടയിൽ മദ്ധ്യസ്ഥനായി നിന്നുകൊണ്ട് മറുവിലയായ കുഞ്ഞാടായി തന്നെത്താൻ ദൈവത്തിനു സൗരഭ്യവാസനയായ വഴിപാടും യാഗവുമായി അർപ്പിക്കുകയായിരുന്നു. (യോഹ, 1:29; എഫെ, 5:2; 1തിമൊ, 2:5:6). യാഗമർപ്പിക്കുന്ന മഹാപുരോഹിതൻ യാഗരക്തവുമായി തിരുനിവാസത്തിൽ അതിപരിശുദ്ധ സ്ഥലത്തെത്തി യാഗരക്തം കൃപാസനത്തിൽ സമർപ്പിക്കുന്നതുവരെ ഒരു യാഗവും പൂർണ്ണമാകുന്നില്ല: (ലേവ്യ, 16:17-19). യാഗരക്തം യാഗം കഴിച്ചതിൻ്റെ സാക്ഷ്യമാണ്. ദൈവകുഞ്ഞാടായി തന്നെത്താൻ യാഗമർപ്പിച്ച മഹാപുരോഹിതനായ ക്രിസ്തു സ്വർഗ്ഗത്തിലെ തിരുനിവാസത്തിൽ പിതാവിൻ്റെ സന്നിധിയിൽ തൻ്റെ യാഗമരണത്തിൻ്റെ സാക്ഷ്യവുമായി എത്തേണ്ടതുണ്ടായിരുന്നു. [ക്രൂശിൻ്റെ ചുവട്ടിൽനിന്ന് രക്തം കൈകളിൽ കോരിയെടുത്തുകൊണ്ടാണ് ക്രിസ്തു സ്വർഗ്ഗത്തിൽ പ്രവേശിച്ചതെന്ന് അതിനർത്ഥമില്ല]. അങ്ങനെ തൻ്റെ സ്വർഗ്ഗപ്രവേശനത്തിലൂടെയാണ് വീണ്ടെടുപ്പുവേല പൂർത്തിയായത്: (യോഹ, 20:17). ❝ക്രിസ്തുവോ വരുവാനുള്ള നന്മകളുടെ മഹാപുരോഹിതനായി വന്നിട്ടു: കൈപ്പണിയല്ലാത്തതായി എന്നുവെച്ചാൽ ഈ സൃഷ്ടിയിൽ ഉൾപ്പെടാത്തതായി വലിപ്പവും തികവുമേറിയ ഒരു കൂടാരത്തിൽകൂടി ആട്ടുകൊറ്റന്മാരുടെയും പശുക്കിടാക്കളുടെയും രക്തത്താലല്ല, സ്വന്ത രക്തത്താൽ തന്നേ ഒരിക്കലായിട്ടു വിശുദ്ധ മന്ദിരത്തിൽ പ്രവേശിച്ചു എന്നേക്കുമുള്ളോരു വീണ്ടെടുപ്പു സാധിപ്പിച്ചു.❞ (എബ്രാ, 9:11,12. ഒ.നോ: എബ്രാ, 7:27;:10:10). ഇവിടെ പറയുന്നത് ശ്രദ്ധിക്കണം: ❝ഒരിക്കലായിട്ടു വിശുദ്ധ മന്ദിരത്തിൽ പ്രവേശിച്ചു.❞ അതിനാൽ ദൈവപുത്രൻ്റെ ശുശ്രൂഷ അവിടെ തീർന്നു എന്നു മനസ്സിലാക്കാമല്ലോ? പിന്നെ യേശുവെന്ന മനുഷ്യനില്ല; ദൈവത്തിൻ്റെ പ്രത്യക്ഷതയായ മനുഷ്യൻ ദൈവത്തിൽത്തെന്ന ഒന്നാകുകയാണ് ചെയ്യുന്നത്: (കൊലൊ, 3:2; യോഹ, 16:26 – യോഹ, 8:24; 8:28; 8:58; 10:30; 14:9). അബ്രാഹാമിൻ്റെ അടുക്കൽ മനുഷ്യനായി വന്ന യഹോവയുടെ പ്രത്യക്ഷതയും മറ്റൊരു വ്യക്തിയായി ഉണ്ടാകില്ല: (ഉല്പ, 18:1-2). പിന്നീട് സ്വർഗ്ഗത്തിൽനിന്നു പ്രത്യക്ഷനായത് മനുഷ്യനല്ല; ദൈവമാണ്. അവനെയാണ് തോമാസ്, ❝എൻ്റെ കർത്താവും എൻ്റെ ദൈവവും ആയുള്ളോവേ❞ എന്നേറ്റുപറഞ്ഞത്: (യോഹ, 20:28). മനുഷ്യനായ ദൈവപുത്രനെ ഒരു പ്രമാണി വന്നിട്ട് ❝നല്ല ഗുരോ❞ എന്നു വിളിച്ചപ്പോൾ, താനത് നിഷേധിക്കുകയും ❝ദൈവം ഒരുവൻ അല്ലാതെ നല്ലവൻ ആരുമില്ല❞ എന്നു അവനോടു പറയുകയുകയുമുണ്ടായത്: (മർക്കൊ, 10:17-18). ആത്യന്തികമായി ❝നല്ലവൻ❞ എന്ന പദവി ദൈവത്തിനു് മാത്രമുള്ളതാണ്: (2ദിന, 7:3; എസ്രാ, 3:11; സങ്കീ, 34:8; 135:3; 145:9). ദൈവപുത്രൻ ദൈവമല്ല; പപമറിയാത്ത മനുഷ്യൻ ആയതിനാലാണ് ദൈവത്തിൻ്റെ പദവിയായ ❝നല്ലവൻ❞ എന്ന് തന്നെ വിളിച്ചപ്പോൾ നിഷേധിച്ചത്: (യോഹ, 17:3 – 1യോഹ, 3:5; യോഹ, 8:40). തന്നെ ❝നല്ലവൻ❞ എന്ന് വിളിച്ചതുപോലും നിഷേധിച്ച ദൈവുപത്രൻ തന്നെയാണ് വീണ്ടും വന്നതെങ്കിൽ, ❝എൻ്റെ ദൈവമേ❞ എന്നു വിളിച്ച തോമാസിനെ എത്രയധികമായി വിലക്കുമായിരുന്നു. പിന്നീട് പ്രത്യക്ഷനായത് സാക്ഷാൽ ദൈവം തന്നെയാതുകൊണ്ടാണ് ❝എൻ്റെ ദൈവമേ❞ എന്ന് വിളിച്ചപ്പോൾ അവനെ വിലക്കാഞ്ഞതെന്ന് മനസ്സിലാക്കാമല്ലോ?
❹ സ്വർഗ്ഗത്തിൽനിന്നുവന്ന വന്നത് ദൈവപുത്രനായ യേശു ആയിരുന്നെങ്കിൽ, ❝പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാവിൻ്റെയും നാമത്തിൽ❞ സ്നാനം കഴിപ്പിക്കാൻ പറയുമായിരുന്നില്ല. ദൈവപുത്രൻ ദൈവമല്ല; ദൈവത്തിൻ്റെ വെളിപ്പാടായ മനുഷ്യനാണെന്നും സുവിശേഷചരിത്രകാലത്ത്, പിതാവും പുത്രനും ദൈവവും ദൈവത്തിൻ്റെ വെളിപ്പാടായ മനുഷ്യനുമെന്ന നിലയിൽ വ്യത്യസ്തരായിരുന്നു എന്നും ഉയിർത്തെഴുന്നേറ്റ അന്നുതന്നെ സ്വർഗ്ഗേ കരേറിപ്പോയതോടെ ദൈവപുത്രൻ്റെ ശുശ്രൂഷ ഒരിക്കലായി പുർത്തിയായതും നാം മുകളിൽ കണ്ടതാണ്. ദൈവത്തിൻ്റെ വെളിപ്പാടായ മനുഷ്യൻ ദൈവത്തിൽ മറഞ്ഞുകഴിഞ്ഞാൽ, പിതാവും പുത്രനും ഒന്നുതന്നെയാണ്. അതുകൊണ്ടാണ്, സ്വർഗ്ഗത്തിൽനിന്ന് ദൈവം പ്രത്യക്ഷനായപ്പോൾ, പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമത്തിൽ സ്നാനം കഴിപ്പിക്കാൻ കല്പിച്ചത്. പിതാവും പുത്രനും സുവിശേഷചരിത്രകാലം കഴിഞ്ഞും വ്യത്യസ്ഥരാണെങ്കിൽ, ❝പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാവിന്റെയും നാമം❞ അഥവാ, onoma – Name എന്ന ഏകവചനം പറയാൻ വ്യാകരണത്തിൽ വ്യവസ്ഥയില്ല; ആ പ്രയോഗം അബദ്ധമാകുമായിരുന്നു. ❝പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമം❞ എന്ന പ്രയോഗം, ഒരു പേരിനെ (Name) അഥവാ, ഒരു സംജ്ഞാനാമത്തെയാണ് (Proper Noun) സൂചിപ്പിക്കുന്നത്. ആ നാമമാണ് യേശു അഥവാ, യേശുക്രിസ്തു. ആകാശത്തിനു കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട മറ്റൊരു നാമമില്ല. (പ്രവൃ, 4:12). പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് അദൃശ്യനായ ഏകദൈവത്തിൻ്റെ ദൃശ്യവും അദൃശ്യവുമായ വെളിപ്പാടുകൾ അഥവാ, പ്രത്യക്ഷതകൾ ആണ്. അല്ലാതെ സമനിത്യരും വ്യത്യസ്തരുമായ വ്യക്തികളല്ല. ക്രിസ്തു ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാകയാൽ; പുത്രൻ മനുഷ്യനെന്ന നിലയിൽ സുവിശേഷചരിത്രകാലത്തുമാത്രം പിതാവിൽനിന്നു വിഭിന്നനായിരുന്നു. (1തിമൊ, 2:5-6. ഒ.നോ: യോഹ, 8:16; 14:23; 16:32; 17:11,21,23). അതിനാൽ ❝പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമം❞ എന്ന ഏകവചനപ്രയോഗം സുവിശേഷചരിത്രകാലത്ത് പറയാൻ പറ്റില്ല. എന്നാൽ സുവിശേഷചരിത്രകാലം കഴിഞ്ഞാൽ അഥവാ, തൻ്റെ പ്രത്യക്ഷയുടെ ദൗത്യം കഴിഞ്ഞാൽ, പിതാവും പുത്രനും ഒന്നുതന്നെ ആണ്.
അതുകൊണ്ടാണ്, ഞാൻ തന്നേ അവൻ അഥവാ, പിതാവെന്നും (യോഹ, 8:24,28), താൻ അബ്രാഹാം ജനിച്ചതിനു മുമ്പേയുള്ള എഗോ എയ്മിയാണെന്നും (യോഹ, 8:58), ഞാനും പിതാവും ഒന്നാകുന്നു എന്നും (യോഹ, 10:30), എന്നെക്കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു എന്നൊക്കെ പുത്രൻ പറഞ്ഞത്. (യോഹ, 14:9). ഫിലിപ്പോസിൻ്റെ ആവശ്യം: ❝പിതാവിനെ ഞങ്ങൾക്കു കാണിച്ചു തരേണം❞ എന്നായിരുന്നു. യേശുവിൻ്റെ മറുചോദ്യം, ❝നീ എന്നെ അറിയുന്നില്ലയോ❞ എന്നായിരുന്നു. അപ്പോൾ, ഞാനാരാണ്? ഞാനും പിതാവും ഒന്നാകുന്നു. ❝ഞാനും പിതാവും ഒന്നാകുന്നു❞ എന്ന പ്രയോഗം ദൈവത്തിൻ്റെ ക്രിസ്തുവിനല്ലാതെ; ലോകത്ത് വേറെ ആർക്കും പറയാൻ കഴിയില്ല; ലോകത്തിൻ്റെ ഒരു പുസ്തകങ്ങളിലും അങ്ങനെയൊരും പ്രയോഗം കാണാനും കഴിയില്ല. അത് ഐക്യത്തിൽ ഒന്നാകുന്നതല്ല; യഥാർത്ഥത്തിൽ ഒന്നാകുന്നതാണ്. ഐക്യത്തിൽ ഒന്നാകുന്ന പ്രയോഗവും ക്രിസ്തു പറഞ്ഞിട്ടുണ്ട്. (യോഹ, 8:16; 14:23; 16:32; 17:11,21,23). രണ്ടും അജഗാജാന്തരമുള്ള പ്രയോഗങ്ങളാണ്. ഏകദൈവത്തിൻ്റെ മനുഷ്യപ്രത്യക്ഷതയായ യേശുവെന്ന പാപമറിയാത്ത മനുഷ്യൻ സുവിശേഷ ചരിത്രകാലത്ത് പിതാവിൽനിന്ന് വിഭിന്നൻ ആയിരുന്നതുകൊണ്ടാണ്, ❝ഞാനും പിതാവും❞ എന്ന് വേർതിരിച്ചു പറഞ്ഞത്,. സുവിശേഷ ചരിത്രകാലം കഴിഞ്ഞാൽ പിതാവും പുത്രനും ഒന്നുതന്നെ ആകയാലാണ് “ഞാനും പിതാവും ഒന്നാകുന്നു” എന്നുപറഞ്ഞത്. മറ്റൊരു മനുഷ്യനും അത് പറയാൻ കഴിയില്ല; പറഞ്ഞാൽ അബദ്ധമാണ്. അതായത്, നിത്യമായ അസ്തിത്വത്തിൽ പുത്രൻ പിതാവിൽനിന്ന് വിഭിന്നൻ ആയിരിക്കില്ല. അഥവാ, പിതാവ് മാത്രമേ ഉണ്ടായിരിക്കയുള്ളു. അതുകൊണ്ടാണ്, പിതാവ് മാത്രമാണ് ദൈവം, പിതാവ് മാത്രം സത്യദൈവം (The only God. Father, the only true God) എന്നൊക്കെ ക്രിസ്തുവും (യോഹ, 5:44; 17:3), പിതാവായ ഏകദൈവമേ നമുക്കുള്ളെന്ന് അപ്പൊസ്തലന്മാരും പറയുന്നത്: (യോഹ, 8:41; 1കൊരി, 8:6; എഫെ, 4:6). [പരിശുദ്ധാത്മാവ് ദൈവത്തിൻ്റെ അദൃശ്യമായ വെളിപ്പാടാണ്. അല്ലാതെ ദൈവത്തിൽനിന്ന് വിഭിന്നനായ ദൈവമോ, വ്യക്തിയോ അല്ല. പിതാവും പരിശുദ്ധാത്മാവും ഒന്നാണെന്നതിനു് അനേകം തെളിവുകൾ ഉണ്ട്. [കാണുക: പരിശുദ്ധാത്മാവ് ആരാണ്?]
ഒന്നൂകൂടി വ്യക്തമാക്കിയാൽ, പിതാവായ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ ക്രിസ്തുവെന്ന മനുഷ്യൻ്റെ പൂർവ്വാസ്തിത്വവും (ലൂക്കൊ, 1:68; യെശ, 25:8-9; 35:3-6; 40:3; സെഖ, 12:10) സുവിശേഷ ചരിത്രകാലം ഒഴികെയുള്ള നിത്യമായ അസ്തിത്വവും സ്രഷ്ടാവായ പിതാവെന്ന നിലയിലാണ്: (യോഹ, 8:24,28; 8:58; 10:30; 14:9). പ്രത്യുത, നിത്യമായ അസ്തിത്വം വചനമെന്ന നിലയിലോ, ജ്ഞാനമെന്ന നിലയിലോ മറ്റേതെങ്കിലും വിധത്തിലോ പിതാവിൽനിന്ന് വിഭിന്നമാണെങ്കിൽ, താൻ മുകളിൽ പറഞ്ഞ കാര്യങ്ങളെല്ലാം പരമാബദ്ധമായി മാറും. ദൈവപുത്രൻ്റെ ജഡത്തിലെ പ്രത്യക്ഷതയുടെ ദൗത്യം കഴിഞ്ഞാൽ, നിത്യമായ അസ്തിത്വത്തിൽ പിതാവും പുത്രനും പരിശുദ്ധാത്മാവും ഒന്നുതന്നെയാണ്. പിതാവിൻ്റെയും പുത്രന്റെയും പരിശുദ്ധാത്മാവിൻ്റെയും നാമവും ഒന്നുതന്നെയാണ്. അതുകൊണ്ടാണ്, ദൈവം സ്വർഗ്ഗത്തിൽനിന്ന് പ്രത്യക്ഷനായപ്പോൾ പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിൻ്റെയും നാമത്തിൽ (onoma – Name) സ്നാനം കഴിപ്പിക്കാൻ കല്പിച്ചതും അപ്പൊസ്തലന്മാർ യേശുക്രിസ്തുവിൻ്റെ നാമത്തിൽ സ്നാനം കഴിപ്പിച്ചതും: (മത്താ, 28:19; പ്രവൃ, 2:38; 8:16; 10:48; 19:5). കർത്താവ് കല്പന നൽകുന്ന സമയത്തും പിതാവും പുത്രനും വ്യത്യസ്തരാണെങ്കിൽ, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം (onoma – Name) അഥവാ, പേര് എന്ന ഏകവചനപ്രയോഗം പരമാബദ്ധമായി മാറും. വ്യത്യസ്തരായവരെച്ചേർത്ത്, നാമം (onoma) എന്ന ഏകവചനമല്ല; നാമങ്ങൾ (onomata) എന്ന ബഹുവചനം പറയുമായിരുന്നു. അല്ലെങ്കിൽ, ഭാഷാപരമായി ആ പ്രയോഗം അബദ്ധമാകുമായിരുന്നു. തന്മൂലം, ദൈവപുത്രൻ്റെ ശുശ്രൂഷ കഴിഞ്ഞശേഷം യേശുവെന്ന നാമത്തിൽ സ്വർഗ്ഗത്തിൽനിന്ന് പ്രത്യക്ഷനായത് യഹോവയായ ദൈവമാണെന്ന് അസന്ദിദ്ധമായി മനസ്സിലാക്കാം. [കാണുക: ക്രിസ്തുവിൻ്റെ അസ്തിത്വവും പൂർവ്വാസ്തിത്വവും, പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം എന്താണ്? സ്നാനം ഏൽക്കേണ്ട നാമം]
❺ സ്വർഗ്ഗത്തിൽനിന്നുവന്ന വന്നത് ദൈവപുത്രനായ യേശു ആയിരുന്നെങ്കിൽ, പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് എന്നൊരു ക്രമം പറയില്ലായിരുന്നു: (മത്താ, 28:19). യേശു ആത്മാവിനാൽ ഉല്പാദിതമായവനും (മത്താ, 1:20; ലൂക്കൊ, 2:21), ആത്മാവിനാൽ ഉത്ഭവിച്ചവനും (ലൂക്കൊ, 1:35), ആത്മാവിൽ ബലപ്പെട്ട് വളർന്നവനും (ലൂക്കൊ, 2:40), ആത്മാവിനാൽ അഭിഷേകം പ്രാപിച്ചവനു (ലൂക്കൊ, 3:22 → പ്രവൃ, 10:38), ആത്മാവ് നിറഞ്ഞവനായി യോർദ്ദാൻ വിട്ടുമടങ്ങിയവനും (ലൂക്കൊ, 4:1), ആത്മാവിനാൽ പരീക്ഷയിലേക്ക് നടത്തപ്പെട്ടവനും (മത്താ, 4:1; ലൂക്കൊ, 4:1), ആത്മാവിൻ്റെ ശക്തിയോടെ ശുശ്രൂഷിച്ചവനും (ലൂക്കൊ, 4:14-15), ആത്മാവിനാൽ അത്ഭുതങ്ങൾ പ്രവർത്തിച്ചവനും (മത്താ, 12:28), ആത്മാവിനാൽ തന്നെത്താൻ ദൈവത്തിനു് നിഷ്കളങ്കനായി അർപ്പിച്ചവനും (എബ്രാ, 9:14), ആത്മാവിനാൽ ജീവിപ്പിക്കപ്പെട്ടവനുമാണ്: (1പത്രൊ, 3:18).ആത്മാവിനാൽ ജനിച്ചുജീവിച്ച് മരിച്ചുയിർത്തവൻ ആത്മാവിനെക്കാൾ മുമ്പനാകുമോ? പരിശുദ്ധാത്മാവ് ദൈവവും (ലൂക്കൊ, 3:22 – യോഹ, 16:32; മത്താ, 12:28 – പ്രവൃ, 2:22; 1പത്രൊ, 3:18 – ഗലാ, 1:1; പ്രവൃ, 5:3 – 5:4) ക്രിസ്തു ദൈവത്തിൻ്റെ വെളിപ്പാടായ പാപരഹിതനായ മനുഷ്യനുമാണ്: (1തിമൊ, 3:14-16; യോഹ, 8:40; റോമ, 5:15; 1കൊരി, 15:21; 1തിമൊ, 2:6; 1യോഹ, 3:5). മനുഷ്യൻ എത്ര ശ്രേഷ്ഠനായാലും ദൈവത്തെക്കാൾ മുമ്പനാകുമോ? പരിശുദ്ധാത്മാവ് തന്നെക്കാൾ വലിയവനാണെന്നാണ് പുത്രൻ സാക്ഷ്യം പറഞ്ഞത്: “ഞാൻ നിങ്ങളോടു പറയുന്നതു: സകലപാപവും ദൂഷണവും മനുഷ്യരോടു ക്ഷമിക്കും; ആത്മാവിന്നു നേരെയുള്ള ദൂഷണമോ ക്ഷമിക്കയില്ല. ആരെങ്കിലും മനുഷ്യ പുത്രന്നു നേരെ ഒരു വാക്കു പറഞ്ഞാൽ അതു അവനോടു ക്ഷമിക്കും; പരിശുദ്ധാത്മാവിന്നു നേരെ പറഞ്ഞാലോ ഈ ലോകത്തിലും വരുവാനുള്ളതിലും അവനോടു ക്ഷമിക്കയില്ല.” (മത്താ, 12:31-32. ഒ.നോ: മർക്കൊ, 3:28-29; ലൂക്കൊ, 12:10). സ്വർഗ്ഗത്തിൽനിന്ന് പ്രത്യക്ഷനായത് ദൈവപുത്രൻ ആയിരുന്നെങ്കിൽ, ഒരിക്കലും തന്നെ രണ്ടാമനും പരിശുദ്ധാത്മാവിനെ മൂന്നാമനുമായി പറയില്ലായിരുന്നു. സ്വർഗ്ഗത്തിൽനിന്ന് പ്രത്യക്ഷനായി അപ്പൊസ്തലന്മാർക്ക് കല്പന കൊടുക്കുന്നത് ദൈവതന്നെ ആയതുകൊണ്ടും സുവിശേഷചരിത്രകാലം ഒഴികെ അഥവാ, നിത്യമായ അസ്തിത്വത്തിൽ പിതാവും പുത്രനും പരിശുദ്ധാത്മാവും ഒന്നുതന്നെ ആയതുകൊണ്ടുമാണ്, ക്രമത്തിൽ പുത്രനെ രണ്ടാമതായി പറഞ്ഞിരിക്കുന്നത്: [കാണുക: പരിശുദ്ധാത്മാവ് ആരാണ്?].
❻ ദൈവപുത്രനായ യേശു പറയുന്നത്: ➟❝ഞാനോ എല്ലായ്പോഴും നിങ്ങളോടുകൂടെ ഇരിക്കയില്ല.❞ (മർക്കൊ, 14:7 – മത്താ, 26:11; യോഹ, 12:8). ➟❝മണവാളൻ കൂടെയുള്ളപ്പോൾ തോഴ്മക്കാർക്കു ദുഃഖിപ്പാൻ കഴികയില്ല; മണവാളൻ പിരിഞ്ഞുപോകേണ്ടുന്ന നാൾ വരും; അന്നു അവർ ഉപവസിക്കും.❞ (മത്താ, 9:15 – മർക്കൊ, 2:20; ലൂക്കൊ, 5:35). ➟❝ഞാൻ ഇനി കുറെനേരം നിങ്ങളോടുകൂടെ ഇരിക്കുന്നു; പിന്നെ എന്നെ അയച്ചവന്റെ അടുക്കൽ പോകുന്നു. നിങ്ങൾ എന്നെ അന്വേഷിക്കും കണ്ടെത്തുകയില്ലതാനും; ഞാൻ ഇരിക്കുന്നേടത്തു നിങ്ങൾക്കു വരുവാൻ കഴികയുമില്ല.❞ (യോഹ, 7:33-34 – യോഹ, 13:3). ➟❝കുഞ്ഞുങ്ങളേ, ഞാൻ ഇനി കുറഞ്ഞോന്നു മാത്രം നിങ്ങളോടുകൂടെ ഇരിക്കും; നിങ്ങൾ എന്നെ അന്വേഷിക്കും; ഞാൻ പോകുന്ന ഇടത്തു നിങ്ങൾക്കു വരുവാൻ കഴികയില്ല എന്നു ഞാൻ യെഹൂദന്മാരോടു പറഞ്ഞതുപോലെ ഇന്നു നിങ്ങളോടും പറയുന്നു.❞ (യോഹ, 13:33). ➟❝ഇനി ഞാൻ ലോകത്തിൽ ഇരിക്കുന്നില്ല; ഇവരോ ലോകത്തിൽ ഇരിക്കുന്നു; ഞാൻ നിന്റെ അടുക്കൽ വരുന്നു.❞ (യോഹ, 17:11). ദൈവപുത്രനായ യേശു മനുഷ്യനാകയാൽ, എല്ലാക്കാലവും വിശ്വാസികളോടുകൂടെ ഇരിക്കാൻ കഴിയില്ല: (യോഹ, 8:40). എന്നാൽ ദൈവപുത്രൻ പിതാവിൻ്റെ അടുക്കൽ കരേറിപ്പോയശേഷം യഹോവയായ ദൈവം യേശുവെന്ന നാമത്തിൽ നേരിട്ട് പ്രത്യക്ഷനായപ്പോൾ, ❝ഞാനോ ലോകാവസാനത്തോളം എല്ലാ നാളും നിങ്ങളോടുകൂടെ ഉണ്ടു❞ എന്നാണ് പറഞ്ഞത്. (മത്താ, 28:19. ഒ.നോ: യോഹ, 14:16; 1കൊരി, 3:16; 6:19). ദൈവത്തിനല്ലാതെ യേശുവെന്ന മനുഷ്യനു് ലോകാവസാനത്തോളം മനുഷ്യരോടുകൂടെ വസിക്കാൻ കഴിയില്ല. ❝ഞാനോ എല്ലായ്പോഴും നിങ്ങളോടുകൂടെ ഇരിക്കയില്ല❞ എന്ന് ദൈവപുത്രൻ ഭോഷ്ക്ക് പറഞ്ഞതല്ല. തന്നെയുമല്ല, ❝എല്ലാവർക്കും മീതെയുള്ളവനും എല്ലാവരിലും കൂടി വ്യാപരിക്കുന്നവനും എല്ലാവരിലും ഇരിക്കുന്നവനുമായി എല്ലാവർക്കും ദൈവവും പിതാവുമായവൻ ഒരുവൻ❞ എന്നാണ് പൗലൊസ് പറയുന്നത്: (എഫെ, 4:6). അപ്പോൾ, പുത്രനല്ല; പിതാവാണ് എല്ലാവരിലും ഇരിക്കുന്നതെന്ന് വ്യക്തമാണ്. അതിനാൽ, സ്വർഗ്ഗത്തിൽനിന്ന് പ്രത്യക്ഷനായത് ദൈവപുത്രനല്ല; ദൈവമാണെന്ന് അർത്ഥശങ്കയ്ക്ക് ഇടയില്ലാതെ മനസ്സിലാക്കാം.
❼ ❝ഒരുമിച്ചു കൂടിയിരുന്നപ്പോൾ അവർ അവനോടു: കർത്താവേ, നീ യിസ്രായേലിന്നു ഈ കാലത്തിലോ രാജ്യം യഥാസ്ഥാനത്താക്കിക്കൊടുക്കുന്നതു എന്നു ചോദിച്ചു. അവൻ അവരോടു: പിതാവു തന്റെ സ്വന്ത അധികാരത്തിൽ വെച്ചിട്ടുള്ള കാലങ്ങളെയോ സമയങ്ങളേയോ അറിയുന്നതു നിങ്ങൾക്കുള്ളതല്ല.❞ (പ്രവൃ, 1:6-7). രണ്ടുകാര്യങ്ങൾ ഈ വേദഭാഗത്ത് കാണാം: 𝟭.❝കർത്താവേ, നീ യിസ്രായേലിന്നു ഈ കാലത്തിലോ രാജ്യം യഥാസ്ഥാനത്താക്കിക്കൊടുക്കുന്നതു?❞ യിസ്രായേലിൻ്റെ സകല ശത്രുക്കളെയും അവൻ്റെ കാൽക്കീഴാക്കിയിട്ട് അവൻ്റെ രാജ്യം സ്ഥാപിച്ചുകൊടുക്കുന്നത് അവൻ്റെ ദൈവമായ യഹോവയാണ്. അതാണ് 110-ാം സങ്കീർത്തനത്തിൻ്റെ വിഷയം. സകല ശത്രുക്കളും പാദപീഠം ആകുവോളും ദൈവം തൻ്റെ വലത്തുഭാഗത്ത് ഇരുത്തിയിരിക്കുന്ന ദാവീദിൻ്റെ കർത്താവ് (യജമാനൻ) യേശുക്രിസ്തുവല്ല; യിസ്രായേലാണ്. ദൈവം മിസ്രയീമിൽനിന്നു കൊണ്ടുവന്ന് തൻ്റെ വലത്തുഭാഗത്തിരുത്തി വളർത്തിയ മനുഷ്യനും മനുഷ്യപുത്രനുമാണ് യിസ്രായേൽ: (സങ്കീ, 80:8,15-17). ഈ ഭൂമിയെ ഭരിക്കേണ്ട നിത്യരാജാവ് യേശുക്രിസ്തുവല്ല; യിസ്രായേലാണ്. ❝പൂർവ്വപിതാക്കന്മാരുടെയും ദാവീദിൻ്റെയും വാഗ്ദത്തസന്തതിയും നിശ്ചലകൃപകളുടെ അവകാശിയും വിശേഷാൽ, ദൈവത്തിൻ്റെ പുത്രനും ആദ്യജാതനും സകല അനുഗ്രഹങ്ങളുടെയും വാഗ്ദത്തങ്ങളുടെയും അവകാശിയും സകല പ്രവചനങ്ങളുടെയും കേന്ദ്രബിന്ദുവും ആകാശമുള്ള കാലത്തോളം സൂര്യനെപ്പോലെയും ചന്ദ്രനെപ്പോലെയും സ്ഥിരമായ സിംഹാസനത്തിൽ ഇരുന്നുകൊണ്ട്, ഈ ഭൂമിയെ ഭരിക്കേണ്ട നിത്യരാജാവായ വാഗ്ദത്തസന്തതി അല്ലെങ്കിൽ, ഭൗമികസന്തതിയാണ് യിസ്രായേൽ.❞ (ഉല്പ, 22:17-28; 26:5; 28:13-14; യെശ, 55:3; പുറ, 4:22-23; 2ശമൂ, 8:17; 1ദിന, 17:7-15; സങ്കീ, 89:3-4;29,36-37; ദാനീ, 7:18,21,27). അപ്പൊസ്തലന്മാരുടെ ചോദ്യം ശ്രദ്ധിക്കണം: ❝കർത്താവേ, നീ യിസ്രായേലിന്നു ഈ കാലത്തിലോ രാജ്യം യഥാസ്ഥാനത്താക്കിക്കൊടുക്കുന്നതു?❞ യഹോവയാണ് യിസ്രായേലിനു രാജ്യം സ്ഥാപിച്ചുകൊടുക്കുന്നത്: (110:1). അതിനാൽ, ദൈവപുത്രനോടല്ല; ദൈവത്തോടാണ് ചോദ്യമെന്ന് മനസ്സിലാക്കാം. [കാണുക: ദാവീദിൻ്റെ സന്തതിയും കർത്താവുമായ രാജാവാരാണ്?, നൂറ്റിപ്പത്താം സങ്കീർത്തനം, വാഗ്ദത്തം ലഭിച്ച സന്തതിയും വാഗ്ദത്തം ചെയ്യപ്പെട്ട സന്തതിയും]. 𝟮. കർത്താവിൻ്റെ മറുപടി: ❝പിതാവു തന്റെ സ്വന്ത അധികാരത്തിൽ വെച്ചിട്ടുള്ള കാലങ്ങളെയോ സമയങ്ങളേയോ അറിയുന്നതു നിങ്ങൾക്കുള്ളതല്ല.❞ ഈ വേദഭാഗത്തും രണ്ട് കാര്യങ്ങൾ ചിന്തനീയമാണ്: 𝟭.ദൈവം തന്നെയാണ് പ്രത്യക്ഷനായതെങ്കിൽ, പിതാവെന്ന് പ്രഥമപുരുഷനിൽ പറയുന്നത് എന്തുകൊണ്ടാണ്? ദൈവപുത്രനായ യേശുവിന് അനേകം അഭിധാനങ്ങൾ അഥവാ, പദവികൾ ഉള്ളതായിട്ട് നമുക്കറിയാം. അതിൽ പ്രധാനപ്പെട്ട രണ്ടു പദവികളാണ് ദൈവപുത്രനും മനുഷ്യപുത്രനും. ദൈവപുത്രനെന്നതും മനുഷ്യപുത്രനെന്നതും വാഗ്ദത്ത സഞ്ചതിയായ യിസ്രായേലിൻ്റെ പദവികളാണ്: (പുറ, 4:22; 4:23; സങ്കീ, 2:7; ഹോശേ, 11:1; സങ്കീ, 8:4; 80:17; 144:3). സ്വന്തജനമായ യിസ്രായേലിനെ അവൻ്റെ പാപങ്ങളിൽനിന്ന് രക്ഷിച്ച് അവൻ്റെ വാഗ്ദത്തങ്ങൾ അവന് നിവൃത്തിച്ചുകൊടുക്കാനാണ് അവൻ്റെ ദൈവമാണ് മനുഷ്യനായി വെളിപ്പെട്ടത്: (മത്താ, 1:21; ലൂക്കൊ, 1:54,68,75; 1തിമൊ, 3:14-16; എബ്രാ, 2:14-16). ദൈവത്തിൻ്റെ വെളിപ്പാടായ യേശുവെന്ന മനുഷ്യൻ്റെ മരണപുനരുദ്ധാനങ്ങളോടെ ദൈവപുത്രനെന്ന നിലയിലുള്ള ശുശ്രൂഷ ഒരിക്കലായി പൂർത്തിയായി: (എബ്രാ, 4:14; 7:27; 9:12-14; 10:9-10). അഥവാ, യിസ്രായേലെന്ന ദൈവസന്തതിക്ക് ഒരിക്കലായി നിവൃത്തിച്ചു: (പ്രവൃ, 13:32:35. ഒ.നോ: 3:25-26). ഇനി ശേഷിക്കുന്നത് മനുഷ്യപുത്രനെന്ന നിലയിലുള്ള ശുശ്രൂഷയാണ്. യേശുവല്ല; ദൈവത്തിൻ്റെ വാഗ്ദത്തസന്തതിയും മനുഷ്യപുത്രനുമായ യിസ്രായേലാണ് ഈ ഭൂമിയെ ഭരിക്കുന്ന നിത്യരാജാവ്. അത് നാം മുകളിൽ പറഞ്ഞതാണ്. യിസ്രായേലിന് അവൻ്റെ രാജ്യം സ്ഥാപിച്ചുകൊടുക്കുന്നതുവരെ മനുഷ്യപുത്രനെന്ന യിസ്രായേലിൻ്റെ പദവി ദൈവത്തിൽ നിക്ഷിപ്തമാണ്. ദൈവപുത്രനായ യേശുവിൻ്റെ ശുശ്രൂഷയ്ക്കുശേഷം ദൈവം പ്രത്യക്ഷനായപ്പോൾ മനുഷ്യപുത്രനെന്ന പദവിയിലാണ് പ്രത്യക്ഷനായത്. അതുകൊണ്ടാണ്, പിതാവിനെ പ്രഥമപുരുഷനിൽ സംസംബോധന ചെയ്തത്. 2. ❝പിതാവു തന്റെ സ്വന്ത അധികാരത്തിൽ വെച്ചിട്ടുള്ള കാലങ്ങളെയോ സമയങ്ങളേയോ അറിയുന്നതു നിങ്ങൾക്കുള്ളതല്ല.❞ ❝നിന്റെ വരവിന്നും ലോകാവസാനത്തിന്നു അടയാളം എന്തു എന്ന് പറഞ്ഞുതരേണം❞ എന്ന് ശിഷ്യന്മാർ ദൈവപുത്രനായ യേശുവിനോട് ചോദിക്കുമ്പോൾ, ❝ആ നാളും നാഴികയും സംബന്ധിച്ചോ എന്റെ പിതാവു മാത്രമല്ലാതെ പുത്രനും കൂടി അറിയുന്നില്ല❞ എന്നാണ് ദൈവപുത്രനായ യേശു മത്തായി സുവിശേഷത്തിൽ പറഞ്ഞത്: (മത്താ, 24:36. ഒ.നോ: 24:3). പിതാവ് മാത്രം എന്നത് ഗ്രീക്കിൽ, patir mou monos ആണ്. ഇംഗ്ലീഷിൽ My Father only ആണ്. ആ വേദഭാഗത്ത് ❝പിതാവ് മാത്രം (only) അറിയുന്നു❞ എന്ന് ഖണ്ഡിതമായ അർത്ഥത്തിൽ പറയാൻ മോണോസ് (Mónos) ആണ് ഉപയോഗിച്ചിരിക്കുന്നത്. അതായത്, പിതാവിന് അറിയാം എന്നാണ് പറയുന്നതെങ്കിൽ, ഭാഷാപരമായി പുത്രനും ദൂതന്മാർക്കും കൂടെ അറിയുന്നതിൽ തടസ്സമൊന്നുമില്ല. എന്നാൽ, പിതാവിനു മാത്രമാണ് അറിയുന്നതെന്ന് പറഞ്ഞാൽ; പുത്രനും ദൂതന്മാർക്കും ലോകത്തിൽ മറ്റാർക്കും അറിയില്ലെന്നാണ് അർത്ഥം. തന്നെയുമല്ല, പുത്രനുംകൂടെ അറിയില്ലെന്ന് എടുത്തുപറകയും ചെയ്തിട്ടുണ്ട്. പിതാവ് മാത്രമല്ലാതെ പുത്രനുംകൂടെ അറിയുന്നില്ല എന്ന് പറകയുകവഴി, താൻ സർവ്വജ്ഞാനിയല്ലെന്ന് പുത്രൻ തന്നെ വ്യക്തമാക്കുകയാണ് ചെയ്യുന്നത്. അതുപോലുള്ള ഒരു ചോദ്യംതന്നെയാണ് യേശുവെന്ന നാമത്തിൽ പ്രത്യക്ഷനായ ദൈവത്തോടും അപ്പൊസ്തലന്മാർ ചോദിക്കുന്നത്. അതിൻ്റെ മറുപടിയായിട്ടാണ്, ❝പിതാവു തന്റെ സ്വന്ത അധികാരത്തിൽ വെച്ചിട്ടുള്ള കാലങ്ങളെയോ സമയങ്ങളേയോ അറിയുന്നതു നിങ്ങൾക്കുള്ളതല്ല❞ എന്ന് പറഞ്ഞത്. ദൈവപുത്രനോടാണ് ചോദ്യമെങ്കിൽ, ❝ആ നാളും നാഴികയും സംബന്ധിച്ചോ എന്റെ പിതാവു മാത്രമല്ലാതെ പുത്രനും കൂടി അറിയുന്നില്ല❞ എന്ന മത്തായിയിലെ മറുപടി തന്നെയായിരിക്കും കൊടുക്കുക. അതിനാൽ, ദൈവപുത്രനോടല്ല; ദൈവത്തോടുതന്നെയാണ് അപ്പൊസ്തലന്മാർ ചോദിച്ചതെന്ന് മനസ്സിലാക്കാം.
❽ ❝എന്നാൽ പരിശുദ്ധാത്മാവു നിങ്ങളുടെ മേൽ വരുമ്പോൾ നിങ്ങൾ ശക്തി ലഭിച്ചിട്ടു യെരൂശലേമിലും യെഹൂദ്യയിൽ എല്ലാടത്തും ശമര്യയിലും ഭൂമിയുടെ അറ്റത്തോളവും എന്റെ സാക്ഷികൾ ആകും എന്നു പറഞ്ഞു.❞ (പ്രവൃ, 1:8). ഇവിടെ സംസാരിക്കുന്നത് ദൈവപുത്രനല്ല; ദൈവമാണ്: ഒരു ദൈവപൈതൽ ഏകദൈവത്തിൻ്റെ സാക്ഷിയും ദൈവപുത്രനായ ക്രിസ്തുവിൻ്റെ അനുയായി അഥവാ, അവൻ്റെ കാൽച്ചുവടുകളെ പിൻതുടരുന്നവനും ആണ്: ❝നിങ്ങൾ അറിഞ്ഞു എന്നെ വിശ്വസിക്കയും ഞാൻ ആകുന്നു എന്നു ഗ്രഹിക്കയും ചെയ്യേണ്ടതിന്നു നിങ്ങൾ എന്റെ സാക്ഷികളും ഞാൻ തിരഞ്ഞെടുത്തിരിക്കുന്ന എന്റെ ദാസനും ആകുന്നു എന്നു യഹോവയുടെ അരുളപ്പാടു: എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല, എന്റെ ശേഷം ഉണ്ടാകയുമില്ല.❞ (യെശ, 43:10). അടുത്തവാക്യം: ❝നിങ്ങൾ “ഭയപ്പെടേണ്ടാ; പേടിക്കയും വേണ്ടാ; പണ്ടുതന്നേ ഞാൻ നിന്നോടു പ്രസ്താവിച്ചു കേൾപ്പിച്ചിട്ടില്ലയോ? നിങ്ങൾ എന്റെ സാക്ഷികൾ ആകുന്നു; ഞാനല്ലാതെ ഒരു ദൈവം ഉണ്ടോ? ഒരു പാറയും ഇല്ല; ഞാൻ ഒരുത്തനെയും അറിയുന്നില്ല.❞ (യെശ, 44:8. ഒ.നോ: 43:12; പ്രവൃ, 1:8). യഹോവയായ ഏകദൈവമല്ലാതെ മറ്റൊരുദൈവം സ്വർഗ്ഗത്തിലും ഭൂമിയിലും ഇല്ല. (ആവ, 4:39). സത്യത്തിനു സാക്ഷിനില്ക്കാൻ ജനിച്ച, അതിനായി ലോകത്തിലേക്കുവന്ന ദൈവപുത്രനും ഏകമനുഷ്യനുനായ ക്രിസ്തു, പിതാവായ ഏകദൈവത്തെക്കുറിച്ചാണ് പഠിപ്പിച്ചത്. (യോഹ, 18:37; റോമ, 5:15; മർക്കൊ, 12:29-30; യോഹ, 5:44; 17:3). ക്രിസ്തു കഷ്ടം അനുഭവിച്ചത്, നമ്മെ സത്യേകദൈവത്തിൻ്റെ മക്കളാക്കാനാണ്. (യോഹ, 3:15-16,36; 14:6; 17:3). അതുകൊണ്ടാണ്, ❝ക്രിസ്തു നിങ്ങൾക്കു വേണ്ടി കഷ്ടം അനുഭവിച്ചു, നിങ്ങൾ അവന്റെ കാൽച്ചുവടു പിന്തുടരുവാൻ ഒരു മാതൃക വെച്ചേച്ചു പോയിരിക്കുന്നു❞ എന്ന് പത്രൊസ് അപ്പൊസ്തലൻ പറയുന്നത്: (1പത്രൊ, 2:21). ദൈവപുത്രനായ ക്രിസ്തുവിൻ്റെ അനുയായികൾ അഥവാ, അവൻ്റെ കാൽച്ചുവടു പിൻതുടരുന്നവർ ക്രിസ്തുവും അപ്പൊസ്തലന്മാരും പഠിപ്പിച്ച ഏകസത്യദൈവമായ യഹോവയുടെ അഥവാ, പിതാവിൻ്റെ സാക്ഷികളാണ്. (യോഹ, 17:3; 1കൊരി, 8:6). അതായത്, ഒരു ദൈവപൈതൽ പിതാവായ ഏകദൈവത്തിൻ്റെ സാക്ഷികളും ദൈവപുത്രനും ഏകമനുഷ്യനുമായ ക്രിസ്തുവിൻ്റെ അനുയായികളുമാണ്. (പത്രൊ, 2:21). ദൈവത്തെക്കുറിച്ച് ബൈബിൾ പറയുന്നത് നോക്കുക: ❝ഹാ, ദൈവത്തിന്റെ ധനം, ജ്ഞാനം, അറിവു എന്നിവയുടെ ആഴമേ! അവന്റെ ന്യായവിധികൾ എത്ര അപ്രമേയവും അവന്റെ വഴികൾ എത്ര അഗോചരവും ആകുന്നു.❞ (റോമ, 11:33). ദൈവത്തിൻ്റെ അറിവാകട്ടെ, ജ്ഞാനമാകട്ടെ, വഴികളാകട്ടെ മനുഷ്യൻ്റെ ഇന്ദ്രിയങ്ങൾകൊണ്ട് ഗ്രഹിക്കാൻ കഴിയുന്നതല്ല. അതിനാൽ ദൈവത്തിൻ്റെ സാക്ഷിയാകാനല്ലാതെ; അവൻ്റെ അനുയായിയാകാനോ, അവൻ്റെ ഇല്ലാത്ത കാൽച്ചുവടുകൾ പിൻതുടരുവാനോ ആർക്കും കഴിയില്ല. എന്നാൽ ദൈവപുത്രനായ ക്രിസ്തു നമുക്കു പിൻതുടരുവാൻ വ്യക്തമായ കാൽച്ചുവട് വെച്ചിട്ടാണ് പോയിരിക്കുന്നത്. (1പത്രൊ, 2:21). എന്തെന്നാൽ അവൻ ദൈവമല്ല; ദൈവത്തിൻ്റെ വെളിപ്പാടായ പാപരഹിതനായ മനുഷ്യനാണ്. (യോഹ, 6:69; 8:40,46; 1യോഹ, 3:5). സുവിശേഷചരിത്രകാലത്ത് ഏകദൈവവും മനുഷ്യനായ ക്രിസ്തുയേശുവും വിഭിന്നരായിരുന്നു എന്ന് നാം കണ്ടതാണ്: (1തിമൊ, 2:5-6). ❝നിങ്ങൾ എൻ്റെ സാക്ഷികളാകുന്നു❞ എന്നു യഹോവ പറയുമ്പോൾ, ❝നിങ്ങൾ എൻ്റെ സാക്ഷികളാകും❞ എന്നു ദൈവപുത്രനു് പറയാൻ ഒരിക്കലും കഴിയില്ല. തന്മൂലം, ❝പരിശുദ്ധാത്മാവു നിങ്ങളുടെ മേൽ വരുമ്പോൾ നിങ്ങൾ ശക്തി ലഭിച്ചിട്ടു യെരൂശലേമിലും യെഹൂദ്യയിൽ എല്ലാടത്തും ശമര്യയിലും ഭൂമിയുടെ അറ്റത്തോളവും എന്റെ സാക്ഷികൾ ആകും❞ എന്നു പറഞ്ഞത് ദൈവപുത്രനല്ല; യഹോവ (യേശുക്രിസ്തു) എന്ന ദൈവമാണെന്ന് സ്ഫടികസ്ഫുടം വ്യക്തമാണ്.
❾ യേശുവെന്ന ദൈവപുത്രനായ മനുഷ്യൻ ജനിച്ചുജീവിച്ചു മരിച്ചുയിർത്തതെല്ലാം ആത്മാവിലായിരുന്നു എന്നു നാം കണ്ടതാണ്. എന്നാൽ യഹോവയായ ദൈവം (യേശു) ഒലിവുമലയിൽനിന്ന് സ്വർഗ്ഗാരോഹണം ചെയ്തപ്പോൾ ആത്മാവിനാൽ സ്വർഗ്ഗാരോഹണം ചെയ്തു എന്ന് പറയുന്നില്ല: ❝ഇതു പറഞ്ഞശേഷം അവർ കാൺകെ അവൻ ആരോഹണം ചെയ്തു; ഒരു മേഘം അവനെ മൂടിയിട്ട് അവൻ അവരുടെ കാഴ്ചയ്ക്കു മറഞ്ഞു.❞ (പ്രവൃ, 1:9. ഒ.നോ: സങ്കീ, 47:5). തന്നെയുമല്ല, യിസ്രായേലിൻ്റെ ശത്രുക്കളായ ജാതികളെ കീഴ്പെടുത്തിയിട്ട് അവൻ്റെ രാജ്യം അവനു് സ്ഥാപിച്ചുകൊടുക്കാൻ ഒലിവുമലയിൽ വീണ്ടും വരുന്നത് യഹോവാണെന്ന് സെഖര്യാവും, യേശു പോയപോലെ വീണ്ടുംവരുമെന്ന് ദൂതന്മാരും അഭിന്നമായി പറഞ്ഞിരിക്കുന്നത് നോക്കുക: (സെഖ, 14:3-4; പ്രവൃ, 1:10-11). മഹാദൈവമായ യേശുക്രിസ്തുവാണ് തേജസ്സിൽ പ്രത്യക്ഷനാകുന്നതെന്ന് പൗലൊസും പറഞ്ഞിട്ടുണ്ട്: (തീത്തൊ, 2:12). പിതാവിൻ്റെയും പുത്രൻ്റെയും നാമം ഒന്നാണെന്നും സുവിശേഷചരിത്രകാലം കഴിഞ്ഞാൽ പിതാവും പുത്രനും ഒന്നാണെന്നും മുകളിൽ നാം കണ്ടതാണ്. പ്രതിഫലവും പ്രതികാരവും നല്കാൻ തേജസ്സിൽ പ്രത്യക്ഷനാകുന്നത് ദൈവപുത്രനല്ല; മഹാദൈവമാണ്: (യെശ, 40:10 →സങ്കീ, 58:11; യെശ, 35:4; യെശ, 49:4; യെശ, 61:8; യെശ, 62:11; യെശ, 65:7). പിതാവാണ് ഇനി പ്രത്യക്ഷനാകുന്നതെന്നും വ്യക്തമായി പറഞ്ഞിട്ടുണ്ട്: (1യോഹ, 2:28; 3:1-2). യഹോവയാണ് ഇനി പ്രത്യക്ഷനാകുന്നത് എന്നതിൻ്റെ ഏറ്റവും നല്ല തെളിവാണ് നൂറ്റിപ്പത്താം സങ്കീർത്തനം. തൻ്റെ വാഗ്ദത്ത സന്തതിയായ യിസ്രായേലിൻ്റെ ശത്രുക്കളെ അവൻ്റെ പാദപീഠം ആക്കുവോളം യഹോവ അവനെ തൻ്റെ വലത്തുഭാഗത്ത് ഇരുത്തിയിരിക്കയാണ്: (110:1). അഞ്ചാം വാക്യത്തിൽ ജാതീയരാജാക്കന്മാരെ തകർത്തുകളയുന്നത് യഹോവയാണെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്: (110:5). അതിനാൽ യിസ്രായേലിന്റെ രാജ്യം സ്ഥാപിച്ചുകൊടുക്കാൻ വരുന്നത് യഹോവയാണെന്ന് മനസ്സിലാക്കാം.[കാണുക: നൂറ്റിപ്പത്താം സങ്കീർത്തനം, ദാവീദിൻ്റെ സന്തതിയും കർത്താവുമായ രാജാവ് ആരാണ്?, തീത്തൊസിലെ മഹാദൈവം ആരാണ്?]
❿ ❝അവനോ (സ്തെഫാനോസ്) പരിശുദ്ധാത്മാവു നിറഞ്ഞവനായി സ്വർഗ്ഗത്തിലേക്കു ഉറ്റുനോക്കി, ദൈവമഹത്വവും ദൈവത്തിന്റെ വലത്തുഭാഗത്തു യേശു നില്ക്കുന്നതും കണ്ടു: ഇതാ, സ്വർഗ്ഗം തുറന്നിരിക്കുന്നതും മനുഷ്യപുത്രൻ ദൈവത്തിന്റെ വലത്തു ഭാഗത്തു നില്ക്കുന്നതും ഞാൻ കാണുന്നു എന്നു പറഞ്ഞു.❞ (പ്രവൃ, 7:55-56). ഈ വേദഭാഗപ്രകാരം, ദൈവവും ദൈവപുത്രനും നിത്യരും വ്യത്യസ്തരുമാണെന്ന് കരുതുന്നവരുണ്ട്. എന്നാൽ ഈ വേദഭാഗം ശ്രദ്ധിച്ചാൽ മൂന്നു കാര്യങ്ങൾ മനസ്സിലാക്കാം: 𝟭.❝ദൈവമഹത്വവും ദൈവത്തിന്റെ വലത്തുഭാഗത്തു യേശു നില്ക്കുന്നതും കണ്ടു❞ (saw the glory of God, and Jesus standing on the right hand of God). സ്തെഫാനോസ് കണ്ടത് അദൃശ്യനായ ദൈവത്തെയല്ല; അദൃശ്യദൈവത്തിൻ്റെ മഹത്വമാണ് കണ്ടത്. ദൈവത്തിൻ്റെ മഹത്വം അഥവാ, തേജസ്സെന്ന് പറഞ്ഞിട്ട്, ആ ദൈവമഹത്വത്തെയാണ് ദൈവമെന്ന് അടുത്ത വാക്യത്തിൽ വിശേഷിപ്പിച്ചിരിക്കുന്നത്. സത്യവേദപുസ്തകം സമകാലിക പരിഭാഷയിലെ വാക്യത്തിൽനിന്ന് കുറച്ചുകൂടി വ്യക്തമായി മനസ്സിലാക്കാം: ❝എന്നാല്‍ അദ്ദേഹം പരിശുദ്ധാത്മാവു നിറഞ്ഞവനായി സ്വര്‍ഗത്തിലേക്ക് ഉറ്റുനോക്കി; ദൈവത്തിന്‍റെ തേജസ്സ് അദ്ദേഹം ദര്‍ശിച്ചു; അവിടുത്തെ വലത്തുഭാഗത്ത് യേശു നില്ക്കുന്നതും കണ്ടു.❞ (പ്രവൃ, 7:55). സ്തെഫാനോസ് ഈ കാഴ്ച കണ്ടതിനും ഏകദേശം 30 വർഷങ്ങൾക്കുശേഷമാണ് ❝ദൈവത്തെ ആർക്കും കാണ്മാൻ കഴിയുകയില്ല❞ എന്ന് പൗലൊസ് പറയുന്നത്: (1തിമൊ, 6:16). പിന്നെയും ഏകദേശം 25 വർഷങ്ങൾക്കു ശേഷമാണ് ❝ദൈവത്തെ ആരുമൊരുനാളും കണ്ടിട്ടില്ല❞ എന്ന് യോഹന്നാൻ രണ്ടുവട്ടം പറയുന്നത്: (യോഹ, 1:18; 1യോഹ, 4:12). അദൃശ്യനായ ദൈവത്തെയാണ് സ്തെഫാനോസ് കണ്ടതെങ്കിൽ, പൗലൊസും യോഹന്നാനും വ്യാജമാണ് പറഞ്ഞതെന്നു വരും. [കാണുക: അദൃശ്യദൈവം ആരുമൊരുനാളും കാണാത്തവനോ; മനുഷ്യരാരും കാണാത്തവനോ?].
𝟮. ദൈവപ്രകൃതിയുടെ സവിശേഷതകൾ: ❝അക്ഷയനും അദൃശ്യനും (1തിമൊ, 1:17) അനാദിയായും ശ്വാശ്വതമായുമുള്ളവനും (സങ്കീ, 90:2) അമർത്യനും (1തിമൊ, 6:16) ആത്മാവും (യോഹ, 4:24; 2കൊരി, 3:17-18) ആകാശങ്ങളും ഭൂമിയും നിറഞ്ഞുനിൽക്കുന്നവനും (യിരെ, 23:24) ആരുമൊരുനാളും കാണാത്തവനും (1യോഹ, 4:12) കാണ്മാൻ കഴിയാത്തവനും (1തിമൊ, 6:16) എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനും (വെളി, 15:7) ഗതിഭേദത്താൽ ആഛാദനമില്ലാത്തവനും (യാക്കോ, 1:17) തന്നെത്താൻ ത്യജിക്കാൻ കഴിയാത്തവനും (2തിമൊ, 2:13) മാറ്റമില്ലാത്തവനും (മലാ, 3:6) നമ്മുടെ ഹൃദയത്തെക്കാൾ വലിയവനുമായ [നമ്മുടെ ചിന്തകൾക്കും വിചാരങ്ങൾക്കും യുക്തിക്കും ബുദ്ധിക്കും അതീതൻ] (1യോഹ, 3:20) ഒരേയൊരു ദൈവമാണ് (Mónos Theós – The only God) നമുക്കുള്ളത്:❞ (യോഹ, 5:44). ദൈവം അദൃശ്യനാണെന്നു മൂന്നുപ്രാവശ്യവും (കൊലൊ, 1:15; 1തിമൊ, 1:17; എബ്രാ, 11:27) ദൈവത്തെ ആരുമൊരുനാളും കണ്ടിട്ടില്ലെന്നു രണ്ടുപ്രാവശ്യവും (യോഹ, 1:18; 1യോഹ, 4:12) ദൈവത്തെ കാണ്മാൻ കഴിയില്ലെന്നു ഒരുപ്രാവശ്യവും പറഞ്ഞിട്ടുണ്ട്: (1തിമൊ, 6:16). ❝യിസ്രായേലിന്റെ ദൈവവും രക്ഷിതാവും ആയുള്ളോവേ, നീ മറഞ്ഞിരിക്കുന്ന ദൈവം ആകുന്നു സത്യം.❞ (യെശ, 45:15).
ദൈവത്തെ ആരുമൊരുനാളും കണ്ടിട്ടില്ല; കാണ്മാൻ കഴിയുകയുമില്ല എന്ന് ബൈബിൾ പറയുമ്പോൾത്തന്നെ അനേകംപേർ ദൈവത്തെ കണ്ടതായി പറഞ്ഞിട്ടുണ്ട്: മോശെ, അഹരോൻ, നാദാബ്, അബീഹു, യിസ്രായേൽ മൂപ്പന്മാരിൽ എഴുപതുപേർ (പുറ, 24:9-11), മീഖായാവ് (1രാജാ, 22:19), ഇയ്യോബ് (42:5), യെശയ്യാവ് (6:1), യെഹെസ്ക്കേൽ 1:26-28), ദാനീയേൽ (7:9), ആമോസ് 9:1), യോഹന്നാൻ (വെളി, 4:8) തുടങ്ങിയവർ ദൈവത്തെ കണ്ടിട്ടുള്ളവരാണ്. മീഖായാവും യെശയ്യാവും യെഹെസ്ക്കേലും ദാനീയേലും സ്വർഗ്ഗത്തിൽ ദൂതന്മാരുടെ മദ്ധ്യേയാണ് ദൈവത്തെ കണ്ടത്. ദൂതന്മാരുടെ മദ്ധ്യേയിരുന്ന് നിത്യം ആരാധന സ്വീകരിക്കുന്ന ദൈവത്തെയാണ് യെശയ്യാവും യോഹന്നാനും കണ്ടത്: (യെശ, 6:1-3; വെളി, 4:8). മേല്പറഞ്ഞവരൊക്കെ ദൈവത്തെ കണ്ടുകൊണ്ട് കാണുകയും, ശബ്ദം കേൾക്കുകയും ചെയ്തവരാണ്. ഇതിനെയാണ് ദൈവത്തിൻ്റെ പ്രത്യക്ഷതകൾ എന്നു ബൈബിൾ പറയുന്നത്: ❝ഗതിഭേദത്താലുള്ള ആഛാദനമില്ലാത്ത അഗോചരനായ ഏകദൈവം, തൻ്റെ സ്ഥായിയായ അസ്തിത്വത്തിനും പ്രകൃതിക്കും മാറ്റംവരാത്തവനായി ഇരിക്കുമ്പോൾത്തന്നെ, സൃഷ്ടികൾക്ക് തന്നെത്തന്നെ ഗോചരമാക്കാൻ, താൻ എടുക്കുന്ന പുതിയ അസ്തിത്വത്തെയാണ് വെളിപ്പാട് അഥവാ, പ്രത്യക്ഷത എന്ന് ബൈബിൾ പറയുന്നത്.❞ ദൈവത്തെ കണ്ടു എന്നു പറയാതെ അബ്രാഹാം, യിസ്ഹാക്ക് യാക്കോബ്, ബിലെയാം, ദാവീദ്, ശലോമോൻ മുതലായവർക്കു ദൈവം പ്രത്യക്ഷനായതായും പറഞ്ഞിട്ടുണ്ട്: (പ്രവൃ, 7:2; ഉല്പ, 12:7; 17:1; 18:1; 26:2,24; 35:9; പുറ, 4:16; സംഖ്യാ, 23:4,16; 2ദിന, 3:1; 7:12). പഴയപുതിയനിയമങ്ങളിൽ ദൈവം ജഡത്തിൽ അഥവാ, മനുഷ്യനായി പ്രത്യക്ഷനായതിൻ്റെ തെളിവുമുണ്ട്; (ഉല്പ, 18:1-2; 1തിമൊ, 3:14-16). അതായത്, ആകാശങ്ങളും ഭൂമിയും നിറഞ്ഞുനിൽക്കുന്നവനും അദൃശ്യനും ആരുമൊരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായ ഏകദൈവത്തെയല്ല; ദൈവത്തിൻ്റെ പ്രത്യക്ഷതകൾ (Manifestations) അഥവാ, വെളിപ്പാടുകളെയാണ് പഴയപുതിയനിയമ ഭക്തന്മാർ കണ്ടത്. [ഏകദൈവവും പ്രത്യക്ഷതകളും, പിതാവും പുത്രനും പരിശുദ്ധാത്മാവും ആരാണ്?, യഹോവയുടെ പ്രത്യക്ഷതകൾ]
ദൈവപുത്രനായ യേശു പറയുന്നതു നോക്കുക: ❝സ്വർഗ്ഗത്തിൽ അവരുടെ ദൂതന്മാർ സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ മുഖം എപ്പോഴും കാണുന്നു എന്നു ഞാൻ നിങ്ങളോടു പറയുന്നു.❞ (മത്താ,18:11). തൻ്റെ പിതാവിൻ്റെ മുഖം ദൂതന്മാർ എപ്പോഴും അഥവാ, നിത്യം കാണുന്നു എന്നാണ് യേശു പറഞ്ഞത്. പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ എന്നാർത്തുകൊണ്ട് ദൈവത്തെ ദൂതന്മാർ രാപ്പകൽ അഥവാ, നിത്യം ആരാധിക്കുന്നതായാണ് യെശയ്യാവും യോഹന്നാനും സ്വർഗ്ഗത്തിൽ കണ്ടത്: (യെശ, 6:1-3; വെളി, 4:1-8). തന്മൂലം, ദൂതന്മാർ നിത്യം മുഖം കണ്ട് ആരാധിക്കുന്ന പിതാവായ യഹോവയെയാണ് യെശയ്യാവും യോഹന്നാനും പഴയനിയമ ഭക്തന്മാരും കണ്ടതെന്ന് ദൈവപുത്രനായ യേശുവിൻ്റെ വാക്കിനാൽ വ്യക്തമാണ്. പുതിയനിയമത്തിൽ പിതാവ് മൂന്നുപ്രാവശ്യം സംസാരിച്ചിട്ടുണ്ട്. (മത്താ, 3:17; 17:5; യോഹ, 12:28). പിതാവായ ദൈവമാണ് സംസാരിച്ചതെന്ന് പത്രൊസ് അപ്പൊസ്തലൻ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. (2പത്രൊ, 1:17). മോശെയോട് ദൈവം സംസാരിച്ചുവെന്ന് യെഹൂദന്മാരും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. (യോഹ, 9:29).
സ്വർഗ്ഗസിംഹാനത്തിൽ പ്രത്യക്ഷനായിരിക്കുന്ന ദൈവത്തിന് മനുഷ്യസാദൃശ്യമാണെന്ന് യെഹെസ്ക്കേൽ രണ്ടുപ്രാവശ്യം പറഞ്ഞിട്ടുണ്ട്: (1:26; 8:1. ഒ.നോ: ദാനീ, 7:9; വെളി, 4:2). അതായത്, അദൃശ്യനായ ഏകദൈവം സൃഷ്ടി നടത്താനും സൃഷ്ടികൾക്ക് തന്നെത്തന്നെ വെളിപ്പെടുത്താനുമായി പിതാവെന്ന പദവിയിലും മനുഷ്യസാദൃശ്യത്തിലും നിത്യമായ ഒരു പ്രത്യക്ഷതയെടുത്ത് സ്വർഗ്ഗസിംഹാസനത്തിൽ ദൂതന്മാരുടെ മദ്ധ്യേ ഉപവിഷ്ടനായിരിക്കുകയാണ്. ദൈവപുത്രനായ യേശു പറഞ്ഞതും പഴയപുതിയനിയമ ഭക്തന്മാർ സ്വർഗ്ഗത്തിലും ഭൂമിയിലുമായി കണ്ടതും ഏകദൈവത്തിൻ്റെ ഈ പ്രത്യക്ഷതയാണ്. സ്വർഗ്ഗത്തിൽ മനുഷ്യസാദൃശ്യത്തിൽ പ്രത്യക്ഷനായിരിക്കുന്ന പിതാവായ യഹോവയാണ് തൻ്റെ സ്വരൂപത്തിലും സാദൃശ്യത്തിലും ആദ്യമനുഷ്യനായ ആദാമിനെ സൃഷ്ടിച്ചത്: (ഉല്പ, 1:26-27; 2:7; 5:1). സ്വർഗ്ഗസിംഹാസനത്തിൽ മനുഷ്യസാദൃശ്യത്തിൽ പ്രത്യക്ഷനായിരിക്കുന്ന പിതാവായ യഹോവയുടെ അതേ സാദൃശ്രത്തിൽത്തന്നെയാണ് ദൈവപുത്രനായ യേശുവും ലോകത്തിൽ വെളിപ്പെട്ടത്: (1തിമൊ, 3:14-16; യോഹ, 8:40). അതുകൊണ്ടാണ്, ആദാമിനെ വരുവാനുള്ളവൻ്റെ പ്രതിരൂപമെന്നും പുരുഷനെയും യേശുവിനെയും ദൈവത്തിൻ്റെ പ്രതിമയെന്നും അഭിന്നമായി പറഞ്ഞിരിക്കുന്നതും: (റോമ, 5:14; 1കൊരി, 11:7; കൊലൊ, 1:15). അപ്പോൾ, സ്വർഗ്ഗത്തിൽ മനുഷ്യസാദൃശ്യത്തിൽ പ്രത്യക്ഷനായിരിക്കുന്ന പിതാവായ യഹോവയെയും അദൃശ്യനായ ദൈവത്തിൻ്റെ മഹത്വവുമാണ് സ്തെഫാനോസ് കണ്ടതെന്ന് മനസ്സിലാക്കാം. മനുഷ്യപുത്രൻ എന്നതും (സങ്കീ, 8:4; 80:17; 144:3) ദൈവത്തിൻ്റെ വലത്തുഭാഗത്തിരിക്കുക എന്നതും (സങ്കീ, 80:17; 110:1) വാഗ്ദത്ത സന്തതിയായ യിസ്രായേലിൻ്റെ പദവി ആയതുകൊണ്ട്, ദൈവം അവൻ്റെ രാജ്യം സ്ഥാപിച്ചുകൊടുക്കുന്നതുവരെ ആ പദവി ദൈവത്തിൽ നിക്ഷിപ്തമാണ്. യേശുവെന്ന നാമം പിതാവു പുത്രനുകൊടുത്ത തൻ്റെ നാമം ആയതുകൊണ്ടും (യോഹ, 17:11,12), പിതാവിനും പുത്രനും ഒരേ മനുഷ്യസാദൃശമായതുകൊണ്ടും (കൊലൊ, 15), മനുഷ്യപുത്രനെന്നതും വലത്തുഭാഗത്തിരിക്കുക എന്ന പദവി ദൈവത്തിൽ നിക്ഷിപ്തമായതുകൊണ്ടുമാണ്, ദൈവമഹത്വത്തിൻ്റെ വലത്തുഭാഗത്ത് യേശുവിനെ കണ്ടുവെന്നും മനുഷ്യപുത്രനെ കണ്ടുവെന്നും അഭിന്നമായി പറഞ്ഞിരിക്കുന്നത്: (പ്രവൃ, 7:55-56). ഈ വസ്തുതയ്ക്ക് വേറെയും തെളിവുണ്ട്:
𝟯. ദൈവം മനുഷ്യനല്ല: (ഇയ്യോ, 9:32; ഹോശേ, 11:9; യോഹ, 4:24). എന്നാൽ യേശുവെന്ന ദൈവപുത്രൻ ദൈവമല്ല; ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പൂർണ്ണമനുഷ്യൻ അഥവാ, പാപരഹിതനായ മനുഷ്യൻ ആണ്: (യോഹ, 8:40,46; 1യോഹ, 3:5). താൻ ദൈവമല്ല; മനുഷ്യനാണെന്ന് ക്രിസ്തുതന്നെ അസന്ദിഗ്ധമായി പറഞ്ഞിട്ടുള്ളതാണ്: (മത്താ, 4:10; 24:36; മർക്കൊ, 12:29-32; യോഹ, 5:44; 17:3. 8:40; മത്താ, 11:19; ലൂക്കൊ, 7:34). ദൈവപുത്രനായ യേശു മരണസമയത്ത് തൻ്റെ മനുഷ്യാത്മാവിനെ പിതാവിൻ്റെ കരങ്ങളിലാണ് ഏല്പിച്ചത്: (ലൂക്കൊ, 23:46). എന്നാൽ സ്തെഫാനോസ് മരണസമയത്ത് തൻ്റെ ആത്മാവിനെ കൊടുത്തത് സ്വർഗ്ഗത്തിൽ ദൈവമഹത്വത്തിൻ്റെ വലത്തുഭാഗത്തു കണ്ട യേശുവിൻ്റെ കരങ്ങളിലാണ്. (7:59). രണ്ട് കാര്യങ്ങൾ ഇവിടെ വ്യക്തമായി മനസ്സിലാക്കാം: 1.തന്നെപ്പോലെ മരണസമയത്ത് ദൈവകരങ്ങളിൽ ആത്മാവിനെ ഏല്പിച്ചു കൊടുത്തിട്ട് മരിച്ച മനുഷ്യനായ ക്രിസ്തുയേശുവിൻ്റ കയ്യിൽ സ്തെഫാനോസ് തൻ്റെ ആത്മാവിനെ ഏല്പിച്ചുകൊടുക്കില്ല; അത് സാദ്ധ്യവുമല്ല. 2.എൻ്റെ പിതാവിൻ്റെ മുഖം സ്വർഗ്ഗത്തിലെ ദുതന്മാർ എപ്പോഴും കാണുന്നു എന്ന് ക്രിസ്തു പറഞ്ഞതും സ്വർഗ്ഗസിംഹാസനത്തിൽ മനുഷ്യസാദൃത്തിൽ ഇരിക്കുന്നതായി പഴയപുതിയനിയമ ഭക്തന്മാർ കണ്ടതായ പിതാവായ യഹോവയെത്തന്നെയാണ് അവൻ കണ്ടതും തൻ്റെ ആത്മാവിനെ ഏല്പിച്ചുകൊടുത്തതും. ഇനിയും വ്യക്തമായ തെളിവുണ്ട്: 3.ആത്മാക്കളുടെ ഉടയവൻ പിതാവായ യഹോവയാണ്: “അപ്പോൾ അവർ കവിണ്ണുവീണു: സകലജനത്തിന്റെയും ആത്മാക്കൾക്കു ഉടയവനാകുന്ന ദൈവമേ.” (സംഖ്യാ, 16:22). “സകല ജഡത്തിന്റെയും ആത്മാക്കളുടെ ദൈവമായ യഹോവ.” (സംഖ്യാ, 27:17. ഒ.നോ: സങ്കീ, 31:5; 42:1,2; സഭാ, 12:7; ലൂക്കൊ, 23:46; എബ്രാ, 12:9; 1പത്രൊ, 2:25; 4:19; വെളി, 22:6). ആത്മാക്കളുടെ ഉടയവൻ പുത്രനല്ല; പിതാവാണ്. ആത്മാക്കളുടെ ഉടയവനായ പിതാവായ ഏകദൈവത്തിൻ്റെ കരങ്ങളിലാണ് ക്രിസ്തുയേശുവെന്ന മനുഷ്യൻ മരണസമയത്ത് തൻ്റെ ആത്മാവിനെ ഏല്പിച്ചുകൊടുത്തതും (ലൂക്കൊൾ 23:46; 1തിമൊ, 2:6) ❝കർത്താവായ യേശുവേ, എന്റെ ആത്മാവിനെ കൈക്കൊള്ളേണമേ❞ എന്നു സ്തെഫാനോസ് വിളിച്ചപേക്ഷിച്ചതും: (പ്രവൃ, 7:59). പുതിയനിയമത്തിൽ പിതാവിൻ്റെയും പുത്രൻ്റെയും നാമം ഒന്നുതന്നെയാണ്: (യോഹ, 5:43; 17:11,12; മത്താ, 28:19 – പ്രവൃ, 2:38; 8:16; 10:48; 19:5). അതായത്, ദൈവപുത്രനായ ക്രിസ്തുവും സ്തെഫാനോസും ആത്മാക്കളുടെ ഉടയവനായ പിതാവിൻ്റ കരങ്ങളിലാണ് തങ്ങളുടെ ആത്മാവിനെ ഏല്പിച്ചത്. ❝ഞാൻ ഇത്രകാലം നിങ്ങളോടുകൂടെ ഇരുന്നിട്ടും നീ എന്നെ അറിയുന്നില്ലയോ ഫിലിപ്പൊസേ? എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു❞ എന്നു ക്രിസ്തു പറഞ്ഞതിൻ്റെ തെളിവാണ് സ്തെഫാനോസിനു ലഭിച്ച ദർശനം: (യോഹ, 14:9). ❝ഞാനും പിതാവും ഒന്നാകുന്നു❞ എന്നു പറഞ്ഞതും ഇതിനോട് ചേർത്ത് മനസ്സിലാക്കുക: (യോഹ, 10:30. ഒ.നോ: 8:24,28,58). തന്മൂലം, ദൈവപുത്രൻ്റെ ശുശ്രൂഷയ്ക്കുശേഷം യേശുവെന്ന നാമത്തിൽ നാല്പത് നാളോളം സ്വർഗ്ഗത്തിൽനിന്ന് പ്രത്യക്ഷനായത്, യഹോവയായ ദൈവമാണെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം. മനുഷ്യനായി ലോകത്തിൽ വെളിപ്പെട്ട ക്രിസ്തു ആരാണ്? അഥവാ, അവൻ്റെ പൂർവ്വാസ്തിത്വം എന്താണ്? നിത്യമായ അസ്തിത്വത്തിൽ അവൻ ആരാണ്? എന്നൊക്കെ മനസ്സിലാക്കിയാൽ, മേല്പറഞ്ഞ കാര്യങ്ങൾക്ക് കൂടുതൽ വ്യക്തത കിട്ടുന്നതാണ്. [കാണുക: ക്രിസ്തുവിൻ്റെ അസ്തിത്വവും പൂർവ്വാസ്തിത്വവും, ദൈവഭക്തിയുടെ മർമ്മം, സകല ആത്മാവിൻ്റെയും ദേഹിയുടെയും ജഡത്തിൻ്റെയും ദൈവം]
⓫ ❝അപ്പോൾ പത്രൊസ്: അനന്യാസേ, പരിശുദ്ധാത്മാവിനോടു വ്യാജം കാണിപ്പാനും നിലത്തിന്റെ വിലയിൽ കുറെ എടുത്തുവെപ്പാനും സാത്താൻ നിന്റെ ഹൃദയം കൈവശമാക്കിയതു എന്തു? അതു വില്ക്കും മുമ്പെ നിന്റേതായിരുന്നില്ലെയോ? വിറ്റശേഷവും നിന്റെ കൈവശം അല്ലാഞ്ഞുവോ? ഈ കാര്യത്തിനു നീ മനസ്സുവെച്ചതു എന്തു? മനുഷ്യരോടല്ല ദൈവത്തോടത്രേ നീ വ്യാജം കാണിച്ചതു എന്നു പറഞ്ഞു.❞ (പ്രവൃ, 5:3-4). ഈ വേദഭാഗത്ത്, അനന്യാസ് വ്യാജം കാണിച്ചത് പരിശുദ്ധാത്മാവിനോടാണെന്നും ദൈവത്തോടാണെന്നും അഭിന്നമായിട്ടാണ് പറഞ്ഞിരിക്കുന്നത്. ഒരാൾ രണ്ടുപേരാടോ, രണ്ട് ദൈവത്തോടോ വ്യാജം കാണിച്ചുവെന്ന് എന്തായാലും പറയാൻ പറ്റില്ല. അതിനാൽ, ദൈവവും പരിശുദ്ധാത്മാവും അഭിന്നരാണെന്നത് മനസ്സിലാക്കാമല്ലോ. [കാണുക: പരിശുദ്ധാത്മാവ് ആരാണ്?]. അടുത്ത വേദഭാഗം: ❝അവർ ആസ്യയിൽ വചനം പ്രസംഗിക്കരുതെന്നു പരിശുദ്ധാത്മാവു വിലക്കുകയാൽ ഫ്രുഗ്യയിലും ഗലാത്യദേശത്തിലും കൂടി സഞ്ചരിച്ചു, മുസ്യയിൽ എത്തി ബിഥുന്യെക്കു പോകുവാൻ ശ്രമിച്ചു; യേശുവിന്റെ ആത്മാവോ അവരെ സമ്മതിച്ചില്ല.❞ (പ്രവൃ, 16:6). ഈ വേദഭാഗം ശ്രദ്ധിക്കുക: പരിശുദ്ധാത്മാവ് വിലക്കിയെന്നും യേശുവിൻ്റെ ആത്മാവ് സമ്മതിച്ചില്ല എന്നും അഭിന്നമായി പറഞ്ഞിരിക്കുന്നത് നോക്കുക. ദൈവത്തിൻ്റെ ആത്മാവെന്ന് എപ്രകാരം പറയുന്നുവോ, അപ്രകാരമാണ് യേശുവിൻ്റെ ആത്മാവെന്ന് പറയുന്നത്. യഹോവയുടെ പുതിയനിയമത്തിലെ പേരാണ് യേശു. അതിനാലാണ്, യേശുവിൻ്റെ ആത്മാവെന്നും പരിശുദ്ധാത്മാവെന്നും അഭിന്നമായി പറയുന്നത്. അല്ലാതെ, ദൈവപുത്രൻ്റെ ആത്മാവിനെക്കുറിച്ചല്ല അവിടെ പറയുന്നത്. സുവിശേഷങ്ങളിൽ ഒരിടത്തും യേശുവിൻ്റെ ആത്മാവെന്നോ, ക്രിസ്തുവിൻ്റെ ആത്മാവെന്നോ കാണാൻ കഴിയില്ല. യേശുവെന്ന ദൈവപുത്രൻ, ദേഹവും ദേഹിയും ആത്മാവുമുള്ള പാപരഹിതനായ മനുഷ്യനാണ്. (1പത്രൊ, 2:24; മത്താ, 26:38; ലൂക്കൊ, 23:46; യോഹ, 8:40; 1യോഹ, 3:5). അവൻ തൻ്റെ മനുഷ്യാത്മാവിനെ പിതാവിൻ്റെ കരങ്ങളിൽ ഏല്പിച്ചിട്ട് (ലൂക്കൊ, 23:46), ദൈവാത്മാവിനാൽ മരിക്കുകയും (എബ്രാ, 9:14) ദൈവാത്മാവിനാൽ ജീവിപ്പിക്കപ്പെടുകയും ചെയ്തവനാണ്. (1പത്രൊ, 3:18). ഉയിർത്തെഴുന്നേറ്റ അന്നുതന്നെ തൻ്റെ ദൈവവും പിതാവുമായവൻ്റെ അടുക്കലേക്ക് കരേറിപ്പോയതോടെ, യേശുവെന്ന മനുഷ്യൻ്റെ ശുശ്രൂഷ ഒരിക്കലായി പൂർത്തിയായതായും മുകളിൽ നാം കണ്ടതാണ്: (യോഹ, 20:27; എബ്രാ, 9:11-12). ഏഴാം വാക്യത്തിൽ വായിക്കുന്നത്; യേശുവിൻ്റെ ആത്മാവോ അവരെ പോകാൻ സമ്മതിച്ചില്ല എന്നാണ്. അതിനോടുള്ള ബന്ധത്തിൽ രണ്ട് കാര്യങ്ങളാണ് മനസ്സിലാക്കണം: 1.യേശുവെന്ന മനുഷ്യൻ സ്തെഫാനോസിനെപ്പോലെ തൻ്റെ ആത്മാവിനെ ദൈവകരങ്ങളിൽ ഏല്പിച്ചിട്ട് മരിച്ചവനാണ്. (ലൂക്കൊ, 23:46). തൻ്റെ മനുഷ്യാത്മാവിനെ തിരികെ പ്രാപിച്ചിട്ടല്ല; ദൈവാത്മാവിനാലാണ് യേശു ജീവിപ്പിക്കപ്പെട്ടത്: (1പത്രൊ, 3:18). 2.ഒരു മനുഷ്യൻ്റെ ആത്മാവിന് അപ്പൊസ്തലന്മാരെയെന്നല്ല, ആരെയും തടുക്കാനോ, നിയന്ത്രിക്കാനോ കഴിയുകയില്ല. തന്നെയുമല്ല, ആറാം വാക്യത്തിൽ പരിശുദ്ധാത്മാവ് വിലക്കിയെന്നും, ഏഴാം വാക്യത്തിൽ, യേശുവിൻ്റെ ആത്മാവ് സമ്മതിച്ചില്ലെന്നും അഭിന്നമായി പറഞ്ഞിരിക്കുന്നത് നോക്കുക. രണ്ട് വ്യത്യസ്ത ആത്മാക്കൾ അവരെ തടുത്തു എന്നല്ല; പരിശുദ്ധാത്മാവും യേശുവിൻ്റെ ആത്മാവും ഒന്നാണെന്നാണ് മനസ്സിലാക്കേണ്ടത്. അതായത്, പ്രസ്തുത വാക്യത്തിലുള്ള പരിശുദ്ധാത്മാവ് യഹോയുടെ ആത്മാവും, യേശു യഹോവയായ ഏകദൈവവുമാണ്. പുതിയനിയമത്തിൽ പിതാവിൻ്റെയും പുത്രൻ്റെയും നാമം ഒന്നാണെന്നും ഓർക്കുക. തന്മൂലം, ഈ വേദഭാഗത്ത് പരിശുദ്ധാത്മാവെന്നും യേശുവിൻ്റെ ആത്മാവെന്നും പറയുന്നത്, ദൈവപുത്രന്റെ ശുശ്രൂഷയ്ക്കുശേഷം സ്വർഗ്ഗത്തിൽനിന്നു പ്രത്യക്ഷനായ യഹോവ (യേശുക്രിസ്തു) എന്ന ഏകദൈവത്തിൻ്റെ ആത്മാവിനെക്കുറിച്ചാണെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം: (യോഹ, 20:28).
⓬ ദൈവം പൗലൊസിനെ ജാതികളുടെ അപ്പൊസ്തലനായി നിയമിക്കുന്നതിനോടുള്ള ബന്ധത്തിൽ പ്രധാനപ്പെട്ട മൂന്നു വേദഭാഗങ്ങൾ കാണാം: 1.അന്ത്യൊക്യയിലെ പള്ളിയിൽവെച്ച് യെഹൂദന്മാർ സുവിശേഷത്തെ തള്ളിയപ്പോഴാണ് തന്നിലുള്ള ദൈവനിയോഗത്തെക്കുറിച്ച് പൗലൊസ് ആദ്യമായി പറയുന്നത്: ❝അപ്പോൾ പൌലൊസും ബർന്നബാസും ധൈര്യംപൂണ്ടു: ദൈവവചനം ആദ്യം നിങ്ങളോടു പറയുന്നതു ആവശ്യമായിരുന്നു; എന്നാൽ നിങ്ങൾ അതിനെ തള്ളി നിങ്ങളെത്തന്നെ നിത്യജീവന്നു അയോഗ്യർ എന്നു വിധിച്ചുകളയുന്നതിനാൽ ഇതാ, ഞങ്ങൾ ജാതികളിലേക്കു തിരിയുന്നു. “നീ ഭൂമിയുടെ അറ്റത്തോളവും രക്ഷ ആകേണ്ടതിന്നു ഞാൻ നിന്നെ ജാതികളുടെ വെളിച്ചമാക്കി വെച്ചിരിക്കുന്നു” എന്നു കർത്താവു ഞങ്ങളോടു കല്പിച്ചിട്ടുണ്ടു എന്നു പറഞ്ഞു.❞ (പ്രവൃ, 13:46-47). ഭൂമിയുടെ അറ്റത്തോളമുള്ള ജാതികൾക്ക് രക്ഷയാകാൻ തങ്ങളെ ജാതികളുടെ വെളിച്ചമായി വെച്ചിരിക്കുന്നു എന്നു ❝കർത്താവു❞ കല്പിച്ചിട്ടുണ്ട് എന്നാണ് പൗലൊസ് പറയുന്നത്. ഇത് പഴയനിയമത്തിൽ തൻ്റെ വാഗ്ദത്ത സന്തതിയായ യിസ്രായേലിനോടുള്ള യഹോവയുടെ കല്പനയാണ്: (യെശ, 49:6). അതിനാൽ ഇവിടെപ്പറയുന്ന ❝കർത്താവു❞ യഹോവയാണെന്ന് മനസ്സിലാക്കാം. 2.❝ഞങ്ങൾ എല്ലാവരും നിലത്തു വീണപ്പോൾ: ശൌലെ, ശൌലെ, നീ എന്നെ ഉപദ്രവിക്കുന്നതു എന്തു? മുള്ളിന്റെ നേരെ ഉതെക്കുന്നതു നിനക്കു വിഷമം ആകുന്നു എന്നു എബ്രായഭാഷയിൽ എന്നോടു പറയുന്നൊരു ശബ്ദം ഞാൻ കേട്ടു. നീ ആരാകുന്നു കർത്താവേ, എന്നു ഞാൻ ചോദിച്ചതിന്നു കർത്താവു: നീ ഉപദ്രവിക്കുന്ന യേശു തന്നേ ഞാൻ; എങ്കിലും എഴുന്നേറ്റു നിവിർന്നു നിൽക്ക; നീ എന്നെ കണ്ടതിന്നും ഇനി ഞാൻ നിനക്കു പ്രത്യക്ഷൻ ആവാനിരിക്കുന്നതിന്നും നിന്നെ ശുശ്രൂഷകനും സാക്ഷിയുമായി നിയമിപ്പാൻ ഞാൻ നിനക്കു പ്രത്യക്ഷനായി. ജനത്തിന്റെയും ജാതികളുടെയും കയ്യിൽനിന്നു ഞാൻ നിന്നെ രക്ഷിക്കും. അവർക്കു പാപമോചനവും എന്നിലുള്ള വിശ്വാസത്താൽ ശുദ്ധീകരിക്കപ്പെട്ടവരുടെ ഇടയിൽ അവകാശവും ലഭിക്കേണ്ടതിന്നു അവരുടെ കണ്ണു തുറപ്പാനും അവരെ ഇരുളിൽനിന്നു വെളിച്ചത്തിലേക്കും സാത്താന്റെ അധികാരത്തിൽ നിന്നു ദൈവത്തിങ്കലേക്കും തിരിപ്പാനും ഞാൻ ഇപ്പോൾ നിന്നെ അവരുടെ അടുക്കൽ അയക്കുന്നു എന്നു കല്പിച്ചു.❞ (പ്രവൃ, 26:14. ഒ.നോ: 9:3-9; 3:15-16; 22:6:21). യേശുവാണ് പൗലൊസിനെ തൻ്റെ ശുശ്രൂകനും സാക്ഷിയുമായാണ് നിയമിക്കുന്നത്. ഒരു ദൈവപൈതൽ ദൈവത്തിൻ്റെ സാക്ഷിയും ദൈവപുത്രനായ ക്രിസ്തുവിൻ്റെ അനുയായിയും ആണെന്ന് നാം മുകളിൽ കണ്ടതാണ്. [കാണുക: ദൈവത്തിൻ്റെ സാക്ഷികളും ക്രിസ്തുവിൻ്റെ അനുയായികളും]. 3.❝അവൻ (ദൈവം) സകലമനുഷ്യരും രക്ഷപ്രാപിപ്പാനും സത്യത്തിന്റെ പരിജ്ഞാനത്തിൽ എത്തുവാനും ഇച്ഛിക്കുന്നു. ദൈവം ഒരുവനല്ലോ. ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ. തക്കസമയത്തു അറിയിക്കേണ്ടിയ ഈ സാക്ഷ്യത്തിന്നായി ഞാൻ പ്രസംഗിയും അപ്പൊസ്തലനുമായി – ഭോഷ്കല്ല, പരമാർത്ഥം തന്നേ പറയുന്നു – ജാതികളെ വിശ്വാസവും സത്യവും ഉപദേശിപ്പാൻ നിയമിക്കപ്പെട്ടിരിക്കുന്നു.❞ (തിമൊ, 1 2:4-7). ജാതികളെ വിശ്വാസവും സത്യവും ഉപദേശിപ്പാൻ ദൈവത്താലാണ് താൻ നിയമിതനായതെന്ന് പൗലൊസ് വ്യക്തമാക്കുന്നത് നോക്കുക. അതിനാൽ യേശു എന്ന നാമത്തിൽ പൗലൊസിന് പ്രത്യക്ഷനായത് ദൈവം തന്നെയാണെന്ന് മനസ്സിലാക്കാം. പൗലൊസിനോടുള്ള ബന്ധത്തിൽ മറ്റൊരു ശ്രദ്ധേയമായ കാര്യമുണ്ട്: യെഹൂദന്മാർ യഹോവയുടെ നാമമല്ലാതെ മറ്റൊരു നാമവും വിളിച്ചപേക്ഷിക്കില്ല: (സങ്കീ, 116:13,17). എന്നാൽ പൗലൊസ് യേശുവിൻ്റെ നാമം വിളിച്ചപേക്ഷിച്ചാണ് സ്നാനം ഏറ്റത്: (പ്രവൃ, 22:16). യേശുവിനോടാണ് മൂന്നുപ്രാവശ്യം പ്രാർത്ഥിച്ചത്: (2കൊരി, 12:8). യേശുക്രിസ്തുവിന്റെ നാമം വിളിച്ചപേക്ഷിക്കുന്നവർക്കാണ് താൻ ലേഖനം എഴുതിയത്: (1കൊരി, 1:2). യഹോവയോടുള്ള തീക്ഷ്ണത നിമിത്തം ക്രിസ്ത്യാനികളെ ഒന്നടങ്കം കൊന്നുമുടിക്കാൻ ശ്രമിച്ചവനാണ് പൗലൊസ്: (പ്രവൃ, 8:1-3; 26:10-11; ഗലാ, 1:13). തനിക്കു യേശു എന്ന നാമത്തിൽ പ്രത്യക്ഷനായത് യഹോവയായ ദൈവമല്ലെങ്കിൽ, താനൊരിക്കലും ക്രിസ്ത്യാനിയാകുകയോ, യേശുക്രിസ്തുവിൻ്റെ നാമം വിളിച്ചപേക്ഷിക്കുകയോ, ആ നാമം വിളിച്ചപേക്ഷിക്കുന്നവർക്ക് ലേഖനം എഴുതുകയോ ചെയ്യുമായിരുന്നില്ല.
⓭ ❝ദൈവത്തിന്റെ ആലോചന ഒട്ടും മറെച്ചുവെക്കാതെ ഞാൻ മുഴുവനും അറിയിച്ചുതന്നിരിക്കുന്നുവല്ലോ. നിങ്ങളെത്തന്നേയും താൻ സ്വന്തരക്തത്താൽ സമ്പാദിച്ചിരിക്കുന്ന ദൈവത്തിന്റെ സഭയെ മേയ്പാൻ പരിശുദ്ധാത്മാവു നിങ്ങളെ അദ്ധ്യക്ഷരാക്കിവെച്ച ആട്ടിൻ കൂട്ടം മുഴുവനെയും സൂക്ഷിച്ചുകൊൾവിൻ.❞ (പ്രവൃ, 20:27-28). ഈ വേദഭാഗത്തിൻ്റെ ആദ്യവാക്യത്തിൽ, ❝ദൈവത്തിന്റെ ആലോചന ഒട്ടും മറെച്ചുവെക്കാതെ അറിയിച്ചുവെന്നും❞ അടുത്തവാക്യത്തിൽ, ❝താൻ സ്വന്തരക്തത്താൽ സമ്പാദിച്ചിരിക്കുന്ന ദൈവത്തിന്റെ സഭ❞ എന്നുമാണ് പൗലൊസ് പറയുന്നത്. അതിനാൽ, ❝താൻ അഥവാ, അവൻ❞ (He) എന്ന ❝പ്രഥമപുരുഷ സർവ്വനാമം❞ മാറ്റിയിട്ട് തൽസ്ഥാനത്ത് ❝നാമം❞ ചേർത്താൽ, ❝ദൈവം സ്വന്തരക്തത്താൽ സമ്പാദിച്ചിരിക്കുന്ന ദൈവത്തിൻ്റെ സഭ❞ എന്നു കിട്ടും. ❝ദൈവം തൻ്റെ സ്വന്തരക്തത്താൽ സമ്പാദിച്ചിരിക്കുന്ന തൻ്റെ സഭ❞ എന്നാണ് കെ.ജെ.വിയുടെ മലയാളം പരിഭാഷയായ ബെഞ്ചമിൻ ബെയ്ലിയുടെ മൂന്ന് പരിഭാഷകളിലും കാണുന്നത്. വേറെയും പല മലയാളം പരിഭാഷകളിലും അങ്ങനെതന്നെയാണ്: (കാണുക: ബെ,ബെ, വി.ഗ്രന്ഥം, ഇ.ആർ.വി, ഐ.ആർ.വി, ബി.സി.എസ്). ഗ്രീക്കിലും ഇംഗ്ലീഷിലും അതുതന്നെയാണ് ആശയം. എന്നാൽ ദൈവമല്ല; ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന ദേഹവും ദേഹിയും ആത്മാവുമുള്ള മനുഷ്യനായ ക്രിസ്തുയേശുവാണ് മരിച്ചതെന്ന് നമുക്കറിയാം: (എബ്രാ, 2:9, 1പത്രൊ, 2:24; മത്താ, 26:38; ലൂക്കൊ, 23:46; 1തിമൊ, 2:6). ദൈവം പാപത്തിന്നു ശിക്ഷ വിധിച്ചത് ജഡത്തിലാണ്: (റോമ, 8:3). അതിനാൽ, ക്രിസ്തു തൻ്റെ ജഡത്തിലാണ് കഷ്ടം അനുഭവിച്ചതും മരണശിക്ഷ ഏറ്റതും: (കൊലൊ, 1:22; 1പത്രൊ, 3:18; 1പത്രൊ, 4:1-2). അതായത്, നമ്മുടെ പാപങ്ങളെ വഹിക്കാൻ ജഡമോ, പാപപരിഹാരത്തിനായി ചിന്താൻ രക്തമോ, മരണമോ ഇല്ലാത്ത ദൈവമല്ല നമുക്കുവേണ്ടി മരിച്ചത്: (യോഹ, 4:24; എബ്രാ, 9:22; 1തിമൊ, 6:16). ദേഹവും (ജഡം), ദേഹിയും ആത്മാവുമുള്ള പാപരഹിതനായ മനുഷ്യനാണ് നമ്മുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ വഹിച്ചുകൊണ്ട് പാപം ആക്കപ്പെട്ടതും രക്തംചിന്തി മരിച്ചതും: (1പത്രൊ, 2:24; മത്താ, 26:38; ലൂക്കൊ, 23:46; 1യോഹ, 3:5; യോഹ, 8:40 → 2കൊരി, 5:21; കൊലൊ, 1:20; എബ്രാ, 9:14). പിന്നെ, ❝ദൈവം തൻ്റെ സ്വന്തരക്തത്താൽ സമ്പാദിച്ച സഭ❞ എന്ന് പൗലൊസ് പറയുന്നത് എന്തുകൊണ്ടാണ്? യേശു എന്ന പാപരഹിതനായ മനുഷ്യൻ യഹോവയായ ഏകദൈവവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായതുകൊണ്ടാണ്, ദൈവം തൻ്റെ സ്വന്തരക്തത്താൽ സമ്പാദിച്ച സഭയെന്ന് പറയുന്നത്: (1തിമൊ, 3:15-16 → ലൂക്കൊ, 1:68; യെശ, 25:8-9; യെശ, 35:3-6; യെശ, 40:3). ആദ്യനിയമവും രക്തത്താൽ പ്രതിഷ്ഠിച്ചതാണ്: (എബ്രാ, 9:18-20). ആദ്യനിയമം (ന്യായപ്രമാണം) രക്തത്താൽ പ്രതിഷ്ഠിച്ചവൻ തന്നെയാണ്, രണ്ടാമത്തെ നിയമം (പുതിയനിയമം) പ്രതിഷ്ഠിക്കുവാൻ ഒരു മനുഷ്യപ്രത്യക്ഷത എടുത്തുവന്ന് സ്വന്തരക്തത്താൽ അത് ചെയ്തത്: (1തിമൊ, 3:15-16; മത്താ, 1:21 → ലൂക്കൊ, 22:20). ❝ഞാൻ (യഹോവ) യിസ്രായേൽഗൃഹത്തോടും യെഹൂദാഗൃഹത്തോടും പുതിയോരു നിയമം ചെയ്യുന്ന കാലം വരും❞ എന്നായിരുന്നു യഹോവയുടെ അരുളപ്പാട്.” (യിരെ, 31:31 → യിരെ, 31;32-34; എബ്രാ, 8:8-12). അത് നിവൃത്തിക്കാനാണ് പിതാവായ ദൈവം യേശുവെന്ന നാമത്തിൽ ജഡത്തിൽ വെളിപ്പെട്ടത്: (1Tim, 3:16). അതുകൊണ്ടാണ്, ❝ഞാൻ ന്യായപ്രമാണത്തെയൊ പ്രവാചകന്മാരെയോ നീക്കേണ്ടതിന്നു വന്നു എന്നു നിരൂപിക്കരുതു; നീക്കുവാനല്ല നിവർത്തിപ്പാനത്രെ ഞാൻ വന്നതു. സത്യമായിട്ടു ഞാൻ നിങ്ങളോടു പറയുന്നു: ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുംവരെ സകലവും നിവൃത്തിയാകുവോളം ന്യായപ്രമാണത്തിൽനിന്നു ഒരു വള്ളി എങ്കിലും പുള്ളി എങ്കിലും ഒരുനാളും ഒഴിഞ്ഞുപോകയില്ല❞ എന്ന് ക്രിസ്തു പറഞ്ഞത്: (മത്താ, 5:17-18 – ലൂക്കൊ, 16:17). പുതിയനിയമം ❝ചെയ്യും❞ എന്ന് പറഞ്ഞവൻ തന്നെയാണ്, മനുഷ്യപ്രത്യക്ഷതയടുത്ത് വന്ന് പുതിയനിയമം ചെയ്തത്: (ലൂക്കൊ, 22:20 → യിരെ, 31:31). പഴയനിയമം പശുക്കിടാക്കളുടെയും ആട്ടുകൊറ്റന്മാരുടെയും രക്തത്താലാണ് പതിഷ്ഠിച്ചതെങ്കിൽ, പുതിയനിയമം ആട്ടുകൊറ്റന്മാരുടെയും പശുക്കിടാക്കളുടെയും രക്തത്താലല്ല; അവൻ മനുഷ്യനായി പ്രത്യക്ഷനായി സ്വന്ത രക്തത്താലാണ് പ്രതിഷ്ഠിച്ചത്: (എബ്രാ, 9:12 → ലൂക്കൊ, 22:20). അതുകൊണ്ടാണ്, “അവര്‍ കുത്തിത്തുളച്ചവനായ എങ്കലേക്കു നോക്കും” (they shall look upon me whom they have pierced) എന്ന് യഹോവ പറയുന്നത്: (സെഖ, 12:10 വി.ഗ്ര, ബെ.ബെ, കെ.ജെ.വി). ദൈവത്തിൻ്റെ പ്രത്യക്ഷതയായ മനുഷ്യൻ തൻ്റെ പ്രത്യക്ഷതയുടെ ദൗത്യകഴിഞ്ഞാൽ, മറ്റൊരുത്തനായി ഉണ്ടാകയില്ല; ദൈവത്തിൽ ഒന്നാകുകയാണ് ചെയ്യുന്നത്: (യോഹ, 8:24; യോഹ, 8:28; യോഹ, 8:58; യോഹ, 10:30; യോഹ, 14:9). [കാണുക: ക്രിസ്തുവിൻ്റെ പൂർവ്വാസ്തിത്വവും നിത്യാസ്തിത്വവും, ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക, ദൈവഭക്തിയുടെ മർമ്മം, യഹോവയും യേശുവും ഒന്നാണോ?] അതിനാൽ, സുവിശേഷചരിത്രകാലം കഴിഞ്ഞ് യേശുവെന്ന നാമത്തിൽ സ്വർഗ്ഗത്തിൽനിന്ന് പ്രത്യക്ഷനായത് ദൈവം തന്നെയാണെന്ന് അസന്ദിഗ്ധമായി മനസ്സിലാക്കാം.
ചില എതിർ വാദങ്ങളുമുണ്ട്; അതും നോക്കാം:
❶ ❝ആഴ്ചവട്ടത്തിന്റെ ഒന്നാം നാൾ ആയ ആ ദിവസം, നേരംവൈകിയപ്പോൾ ശിഷ്യന്മാർ ഇരുന്ന സ്ഥലത്തു യെഹൂദന്മാരെ പേടിച്ചു വാതിൽ അടെച്ചിരിക്കെ യേശു വന്നു നടുവിൽ നിന്നുകൊണ്ടു: നിങ്ങൾക്കു സമാധാനം എന്നു അവരോടു പറഞ്ഞു. ഇതു പറഞ്ഞിട്ടു അവൻ കയ്യും വിലാപ്പുറവും അവരെ കാണിച്ചു; കർത്താവിനെ കണ്ടിട്ടു ശിഷ്യന്മാർ സന്തോഷിച്ചു.❞ (യോഹ, 20:19) അടുത്തവാക്യം: ❝അവർ ഞെട്ടി ഭയപ്പെട്ടു; ഒരു ഭൂതത്തെ കാണുന്നു എന്നു അവർക്കു തോന്നി. അവൻ അവരോടു “നിങ്ങൾ കലങ്ങുന്നതു എന്തു? നിങ്ങളുടെ ഹൃദയത്തിൽ സംശയം പൊങ്ങുന്നതും എന്തു? ഞാൻ തന്നെ ആകുന്നു എന്നു എന്റെ കയ്യും കാലും നോക്കി അറിവിൻ; എന്നെ തൊട്ടുനോക്കുവിൻ; എന്നിൽ കാണുന്നതുപോലെ ഭൂതത്തിന്നു മാംസവും അസ്ഥിയും ഇല്ലല്ലോ ”എന്നു പറഞ്ഞു.❞ (ലൂക്കോ, 24:37-39). അടുത്തവാക്യം: ❝അവർ ഒരു ഖണ്ഡം വറുത്ത മീനും (തേൻ കട്ടയും) അവന്നു കൊടുത്തു. അതു അവൻ വാങ്ങി അവർ കാൺകെ തിന്നു.❞ (ലൂക്കൊ, 24:42-43). ഈ വേദഭാഗത്ത്, ❝ഞാൻ തന്നെ ആകുന്നു❞ (I am he) എന്നത് ഗ്രീക്കിൽ “എഗോ എയ്മി അഫ്ട്ടൊസ്” (ἐγώ εἰμι αὐτός – egó eimi aftós) ആണ്. “എഗോ എയ്മി” എന്നത് സുവിശേഷങ്ങളിൽ ദൈവപുത്രൻ ആവർത്തിച്ചു പറഞ്ഞിട്ടുള്ള പ്രയോഗമാണ്: (യോഹ, 8:24; 8:28; 8:58; 13:19 18:6). മോശെയ്ക്ക് ദൈവം തൻ്റെ പേർ വെളിപ്പെടുത്തുമ്പോൾ, ❝ഞാൻ ആകുന്നവൻ ഞാൻ ആകുന്നു❞ എന്ന് പറയുന്നിടത്ത് ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന ഗ്രീക്ക് സെപ്റ്റ്വജിൻ്റിൽ, “എഗോ എയ്മി” (ἐγώ εἰμι – egó eimi) ആണ്. ദൈവപുത്രനായ ക്രിസ്തു യഹോവയുടെ ജഡത്തിലെ വെളിപ്പാടായതുകൊണ്ടാണ്, ❝ഞാൻ തന്നേ അവൻ അഥവാ, പിതാവ്❞ എന്ന അർത്ഥത്തിൽ ❝എഗോ എയ്മി❞ എന്ന് സുവിശേഷങ്ങളിൽ പറയുന്നത്. ദൈവം അത് തിരിച്ചും പറയുന്നുണ്ട്: (യെശ, 43:10). ഏതൊരു ദൈവമാണോ ജഡത്തിൽ വെളിപ്പെട്ടത്, അവൻതന്നെയാണ് ഇപ്പോൾ നേരിട്ട് വെളിപ്പെട്ടുകൊണ്ട്, ❝ഞാൻ തന്നെ ആകുന്നു❞ എന്ന് പറയുന്നത്: (1തിമൊ, 3:14-16). അടുത്തഭാഗത്ത്, ❝എന്റെ കയ്യും കാലും നോക്കി അറിവിൻ; എന്നെ തൊട്ടുനോക്കുവിൻ; എന്നിൽ കാണുന്നതുപോലെ ഭൂതത്തിന്നു മാംസവും അസ്ഥിയും ഇല്ലല്ലോ❞ എന്നു പറയുന്നതായി കാണാം. ദൈവപുത്രനായ ക്രിസ്തുവിനു് അസ്ഥിയും മാംസവും ഉണ്ടായിരുന്നു: (യോഹ, 19:36; 1പത്രൊ, 2:24). എന്നാൽ ദൈവത്തിനു് അസ്ഥിയും മാംസവും ഒന്നുമില്ല. അതുകൊണ്ട് ഇവിടെ പ്രത്യക്ഷനായത് ദൈവപുത്രനാണെന്ന് ധരിക്കണ്ട. യോഹന്നാൻ പറയുന്നത് നോക്കുക: ❝ശിഷ്യന്മാർ ഇരുന്ന സ്ഥലത്തു യെഹൂദന്മാരെ പേടിച്ചു വാതിൽ അടെച്ചിരിക്കെ യേശു വന്നു നടുവിൽ നിന്നുകൊണ്ടു: നിങ്ങൾക്കു സമാധാനം എന്നു അവരോടു പറഞ്ഞു.❞ യഥാർത്ഥത്തിൽ അസ്തിയും മാസവുമുള്ള ദൈവപുത്രനാണ് പ്രത്യക്ഷനായിരുന്നതെങ്കിൽ മുറി അടച്ചിരിക്കെ, അകത്തുവരുവാൻ കഴിയില്ലല്ലോ? (പുനരത്ഥാനശരീരത്തിനും അസ്തിയും മാസംവും ഉണ്ടാകില്ല). അവൻ ഭൂതമാണെന്ന് തെറ്റിദ്ധരിച്ചതുകൊണ്ട്, അവരെ വിശ്വസിപ്പിക്കാൻ ദൈവം തൻ്റെ ശക്തിയാൽ അസ്ഥിയും മാംസവും അവരെ കാണിച്ചതാണ്. ഭക്ഷണം കഴിച്ചതും അതിനുതന്നെ. അല്ലാതെ, ദൈവത്തിനോ, പുനരുത്ഥാന ശരീരത്തിനോ ഭക്ഷണം ആവശ്യമില്ല. [കാണുക: യഹോവയും യേശുവും ഒന്നാണോ?]
❷ ❝എന്നാൽ യേശു വന്നപ്പോൾ പന്തിരുവരിൽ ഒരുവനായ ദിദിമൊസ് എന്ന തോമാസ് അവരോടുകൂടെ ഉണ്ടായിരുന്നില്ല. മറ്റേ ശിഷ്യന്മാർ അവനോടു: ഞങ്ങൾ കർത്താവിനെ കണ്ടു എന്നു പറഞ്ഞാറെ: ഞാൻ അവന്റെ കൈകളിൽ ആണിപ്പഴുതു കാണുകയും ആണിപ്പഴുതിൽ വിരൽ ഇടുകയും അവന്റെ വിലാപ്പുറത്തു കൈ ഇടുകയും ചെയ്തിട്ടല്ലാതെ വിശ്വസിക്കയില്ല എന്നു അവൻ അവരോടു പറഞ്ഞു. എട്ടു ദിവസം കഴിഞ്ഞിട്ടു ശിഷ്യന്മാർ പിന്നെയും അകത്തു കൂടിയിരിക്കുമ്പോൾ തോമാസും ഉണ്ടായിരുന്നു. വാതിൽ അടെച്ചിരിക്കെ യേശു വന്നു നടുവിൽ നിന്നുകൊണ്ടു: നിങ്ങൾക്കു സമാധാനം എന്നു പറഞ്ഞു. പിന്നെ തോമാസിനോടു: നിന്റെ വിരൽ ഇങ്ങോട്ടു നീട്ടി എന്റെ കൈകളെ കാൺക; നിന്റെ കൈ നീട്ടി എന്റെ വിലാപ്പുറത്തു ഇടുക; അവിശ്വാസി ആകാതെ വിശ്വാസിയായിരിക്ക എന്നു പറഞ്ഞു.❞ (യോഹ, 20:26-27). ഈ വേദഭാഗം വായിച്ചാൽ; ആണിപ്പഴുതിൽ വിരൽ ഇടുവാനും വിലാപ്പുറത്തു കൈ ഇടുവാനും തോമാസിനോട് ദൈവം പറഞ്ഞതുകൊണ്ട്, ദൈവപുത്രൻ തന്നെയാണ് വീണ്ടും പ്രത്യക്ഷനായതെന്ന് തോന്നുന്നത് സ്വാഭാവികമാണ്. ദൈവപുത്രനായ ക്രിസ്തു തന്നെയാണ് വീണ്ടും പ്രത്യക്ഷനായതെന്നുവന്നാലും അവൻ്റെ ശരീരത്തിൽ ആണിപ്പഴുത് ഉണ്ടാകുമായിരുന്നില്ല; പുനരുത്ഥാനശരീരം ഊനമില്ലാത്തതായിരിക്കും അഥവാ, തേജസ്കരിക്കപ്പെട്ടത് ആയിരിക്കും: (യോഹ, 7:39; 12:23). ഇനി, അടക്കിയ അതേ രൂപത്തിൽത്തന്നെയാണ് ഉയിർത്തതെന്ന് വാദിച്ചാൽപ്പോലും ആണിപ്പഴുത് ആർക്കും കാണാൻ കഴിയില്ല. നാലു ആണിപ്പഴുതും ഒരു കുന്തപ്പഴുതും മാത്രമല്ല യേശുവിൻ്റെ ശരീരത്തിൽ ഉണ്ടായിരുന്നത്: (സങ്കീ, 22:16; യോഹ, 19:32). ഉച്ചിമുതൽ ഉള്ളംകാൽവരെ ചാട്ടവാറിനാൽ കീറിമുറിക്കപ്പെട്ട്, കണ്ടാൽ ആളല്ല എന്നും അവന്റെ ആകൃതി കണ്ടാൽ മനുഷ്യനല്ല എന്നും തോന്നുമാറു വിരൂപമാക്കപ്പെട്ടും കാണുന്നവർ മുഖം മറെച്ചുകളയത്തക്കവണ്ണം നിന്ദിതനായിട്ടും തലയിൽ മുൾക്കിരീടം അടിച്ചിറക്കപ്പെട്ടവനുമായിട്ടാണ് അവൻ ക്രൂശിൽ മരിച്ചത്: (യെശ, 52:14; 53:3; മത്താ, 27:30; മർക്കൊ, 14:65; 15:19; യോഹ, 19:1-2). അതേ അവസ്ഥയിലാണ് അവൻ ഉയിർത്തതെങ്കിൽ, കീറിപ്പൊളിഞ്ഞിരിക്കുന്ന ശരീരത്തിൽനിന്ന് ആണിപ്പഴുത് എങ്ങനെ കണ്ടെത്തുമെന്നുള്ളതാണ് ആദ്യത്തെ വിഷയം. ഇനി, ആണിപ്പഴുത് കാണിച്ചാലും, പെറ്റമ്മപോലും കണ്ടാൽ തിരിച്ചറിയാത്ത അവസ്ഥയിലുള്ളവനെ ശിഷ്യന്മാർ എങ്ങനെ തിരിച്ചറിയും? പുനരുത്ഥാന ശരീരം ഉയിർക്കുന്നത് അടക്കപ്പെട്ട അവസ്ഥയിലല്ല; തേജസ്സിലാണ്. മരിച്ചവരുടെ പുനരുത്ഥാനത്തെക്കുറിച്ച് പൗലൊസ് പറയുന്നു: ❝മരിച്ചവരുടെ പുനരുത്ഥാനവും അവ്വണ്ണം തന്നേ. ദ്രവത്വത്തിൽ വിതെക്കപ്പെടുന്നു, അദ്രവത്വത്തിൽ ഉയിർക്കുന്നു; അപമാനത്തിൽ വിതെക്കപ്പെടുന്നു, തേജസ്സിൽ ഉയിർക്കുന്നു; ബലഹീനതയിൽ വിതെക്കപ്പെടുന്നു, ശക്തിയിൽ ഉയിർക്കുന്നു; പ്രാകൃതശരീരം വിതെക്കപ്പെടുന്നു, ആത്മികശരീരം ഉയിർക്കുന്നു; പ്രാകൃതശരീരം ഉണ്ടെങ്കിൽ ആത്മിക ശരീരവും ഉണ്ടു.❞ (1കൊരി, 1 15:42-44). എന്നാൽ ക്രിസ്തുവിൻ്റെ ശരീരം പ്രാകൃതമായിരുന്നില്ല: പരിശുദ്ധമായിരുന്നു: (യോഹ, 6:69). അവൻ നമുക്കുവേണ്ടി, നമ്മുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ വഹിച്ചുകൊണ്ട് പാപം ആക്കപ്പെട്ടിട്ടാണ് മരിച്ചത്: (2കൊരി, 5:21; 1പത്രൊ, 2:24). അല്ലെങ്കിൽ മരണത്തിനുപോലും അവൻ്റെമേൽ അധികാരമില്ലായിരുന്നു: (റോമ, 6:23; യെഹെ, 18:4,20). അവൻ വീണ്ടും പരിശുദ്ധനായാണ് ഉയിർത്തത്: (എബ്രാ, 7:26; 1പത്രൊ, 2:22; 1യോഹ, 3:5). ഉയിർത്തെഴുന്നേറ്റ അന്നുതന്നെ യാഗമരണത്തിൻ്റെ സാക്ഷ്യവുമായി തൻ്റെ പിതാവും ദൈവവുമായവൻ്റെ അടുക്കലേക്ക് കരേറിപ്പോയതോടെ, യേശുവെന്ന പരിശുദ്ധമനുഷ്യൻ്റെ ശുശ്രൂഷ ഒരിക്കലായി പൂർത്തിയായി: (യോഹ, 20:17; എബ്രാ, 9:11-12). പിന്നീട് സ്വർഗ്ഗത്തിൽനിന്ന് പ്രത്യക്ഷനായ ദൈവം തൻ്റെ ശക്തിയാൽ മുറിവുകൾ തോമാസിനെ കാണിച്ചതാണ്. അവനെയാണ്, തോമാസ്, ❝എൻ്റെ കർത്താവും എൻ്റെ ദൈവം ആയുള്ളോവേ❞ (My Lord and My God) എന്നേറ്റുപറഞ്ഞത്. ഏതൊരു ദൈവമാണോ കന്യകയിൽ ജഡത്തിൽ അഥവാ, ഒരു മനുഷ്യ പ്രത്യക്ഷത എടുത്തത്; ആ ദൈവമാണ് ഇപ്പോൾ നേരിട്ട് വെളിപ്പെട്ടിരിക്കുന്നത്. ❝അവര്‍ കുത്തിത്തുളച്ചവനായ എങ്കലേക്കു നോക്കും❞ (they shall look upon me whom they have pierced) എന്ന് യഹോവ പറയുന്നത് നോക്കുക: (സെഖ, 12:10 വി.ഗ്ര, ബെ.ബെ, കെ.ജെ.വി). എൻ്റെ രക്ഷിതാവായ കർത്താവും (പ്രവൃ, 2:36; 5:31) സ്രഷ്ടാവായ ദൈവവും നീയാണെന്നാണ് തോമാസ് ഏറ്റുപറഞ്ഞതിൻ്റെ സാരം: (1കൊരി, 6:8).
❸ ❝പിന്നെ അവൻ അവരോടു: “ഇതാകുന്നു നിങ്ങളോടുകൂടെ ഇരിക്കുമ്പോൾ ഞാൻ പറഞ്ഞ വാക്കു. മോശെയുടെ ന്യായപ്രമാണത്തിലും പ്രവാചകപുസ്തകങ്ങളിലും സങ്കീർത്തനങ്ങളിലും എന്നെക്കുറിച്ചു എഴുതിയിരിക്കുന്നതു ഒക്കെയും നിവൃത്തിയാകേണം എന്നുള്ളതു തന്നേ എന്നു പറഞ്ഞു.❞ (ലൂക്കോ, 24:44). ഈ വേദഭാഗത്ത്, “ഇതാകുന്നു നിങ്ങളോടുകൂടെ ഇരിക്കുമ്പോൾ ഞാൻ പറഞ്ഞ വാക്കു” എന്ന് യഹോവ (യേശുക്രിസ്തു) പറയുകയാൽ; ദൈവപുത്രനായ ക്രിസ്തു തന്നെയാണ് വീണ്ടും വന്നതെന്ന് തോന്നാം. മോശെയുടെ ന്യായപ്രമാണത്തിലും (ഉല്പ, 3:15; ആവ, 18:15,18) പ്രവാചകപുസ്തകങ്ങളിലും (യെശ, 7:14; 25:8-9; 35:3-6; 40:3; സെഖ, 12:10; മലാ, 3:1) സങ്കീർത്തനങ്ങളിലും ക്രിസ്തുവിനെക്കുറിച്ച് എഴുതിയിട്ടുണ്ട്: (സങ്കീ, 22:1-31). അപ്പോൾത്തന്നെ, ക്രിസ്തുവിലൂടെ നിവൃത്തിയായ പല പ്രവചനങ്ങളും യഹോവയായ ദൈവത്തിലാണ് ആരോപിച്ചിരിക്കുന്നത്: (യെശ, 25:8-9; 35:3-6; 40:3; സെഖ, 12:10; മലാ, 3:1; സങ്കീ, 22:28-31). ക്രിസ്തു ജീവനുള്ള ദൈവത്തിൻ്റെ അഥവാ, യഹോവയുടെ ജഡത്തിലെ വെളിപ്പാടാണെന്ന് പുതിയനിയമത്തിൽ അസന്ദിഗ്ദ്ധമായി പറഞ്ഞിട്ടുമുണ്ട്: (1തിമൊ, 3:14-16; യിരെ, 10:10). ക്രിസ്തു ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാട് ആയിരുന്നതുകൊണ്ടാണ്, പിന്നീട് ദൈവം പ്രത്യക്ഷനായപ്പോൾ ❝നിങ്ങളോടുകൂടെ ഇരിക്കുമ്പോൾ ഞാൻ പറഞ്ഞ വാക്കു❞ എന്ന് എന്ന് പറയാൻ കഴിയുന്നത്. പഴയനിയമത്തിൽ യേശുവെന്ന ക്രിസ്തുവില്ല; അവനെക്കുറിച്ചുള്ള പ്രവചനങ്ങളാണുള്ളത് ഉണ്ടായിരുന്നതെന്നും ഓർക്കുക: (1പത്രൊ, 1:20). [കാണുക: ദൈവപുത്രനായ ക്രിസ്തു പഴയനിയമത്തിൽ ഉണ്ടായിരുന്നോ?]
❹ ❝എന്റെ പിതാവു വാഗ്ദത്തം ചെയ്തതിനെ ഞാൻ നിങ്ങളുടെ മേൽ അയക്കും. നിങ്ങളോ ഉയരത്തിൽനിന്നു ശക്തി ധരിക്കുവോളം നഗരത്തിൽ പാർപ്പിൻ ”എന്നും അവരോടു പറഞ്ഞു.❞ (ലൂക്കോ, 24:49). ഈ വാക്യത്തിൽ, ❝എന്റെ പിതാവു❞ എന്ന് സംബോധന ചെയ്യുന്നതായി കാണാം. യഹോവ (യേശുക്രിസ്തു) വാഗ്ദത്ത സന്തതിയായ യിസ്രായേലിൻ്റെ മനുഷ്യപുത്രനെന്ന പദവിയിൽ പ്രത്യക്ഷനായതുകൊണ്ടാണ് ❝എൻ്റെ പിതാവു❞ എന്ന് സംബോധന ചെയ്തത്. വാഗ്ദത്തസന്തതിയുടെ നിത്യരാജ്യം അവനു് സ്ഥാപിച്ചുകൊടുക്കുവോളം ❝മനുഷ്യപുത്രൻ❞ എന്ന പദവി ദൈവത്തിൽ നിക്ഷിപ്തമാണെന്ന് മുകളിൽ നാം കണ്ടതാണ്. ദൈവപുത്രനായ ക്രിസ്തുവിൻ്റെ മരണപുനരുത്ഥാനങ്ങളുടെ ഫലമാണ് പരിശുദ്ധാത്മാവ് എന്ന വാഗ്ദത്തം: (യോഹ, 7:37-39; 14:16-17,26; പ്രവൃ, 2:33). തന്നെയുമല്ല, ഇതൊക്കെ ആത്മീയ അർത്ഥത്തിൽ പറയുന്നതാണ്. പെന്തെക്കൊസ്തുനാളിൽ പത്രൊസ് പറഞ്ഞത് നോക്കുക: ❝അവൻ ദൈവത്തിന്റെ വല ഭാഗത്തേക്കു ആരോഹണം ചെയ്തു പരിശുദ്ധാത്മാവു എന്ന വാഗ്ദത്തം പിതാവിനോടു വാങ്ങി, നിങ്ങൾ ഈ കാണുകയും കേൾക്കുകയും ചെയ്യുന്നത് പകർന്നുതന്നു,❞ (പ്രവൃ, 2:33). യഥാർത്ഥത്തിൽ പിതാവിനോട് വാങ്ങി അയച്ചുതാരാൻ, പരിശുദ്ധാത്മാവ് ഒരു വസ്തുവല്ല; ദൈവം തന്നെയാണ്. പിതാവും പരിശുദ്ധാത്മാവും ഒന്നുതന്നെയാണ്. അഥവാ, ദൈവത്തിൻ്റെ അദൃശ്യമായ വെളിപ്പാടാണ് പരിശുദ്ധാത്മാവ്: (സങ്കീ, 138-7-10; യെശ, 6:8-10→പ്രവൃ, 28:26-27; യെശ, 44:24 – ഇയ്യോ, 33:4; മത്താ, 12:28 – പ്രവൃ, 2:22; 1പത്രൊ, 3:18 – ഗലാ, 1:1; പ്രവൃ, 5:3→5:4). തന്മൂലം, ❝എന്റെ പിതാവു വാഗ്ദത്തം ചെയ്തതിനെ ഞാൻ നിങ്ങളുടെ മേൽ അയക്കും❞ എന്നൊക്കെ പറയുന്നത് ആത്മീയ അർത്ഥത്തിലാണെന്ന് മനസ്സിലാക്കാം. (കാണുക: പരിശുദ്ധാത്മാവ് ആരാണ്?]
❺ ❝സ്വർഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്കു നല്കപ്പെട്ടിരിക്കുന്നു.❞ (മത്താ, 28:18). ഈ വേദഭാഗപ്രകാരം പിതാവും പുത്രനും നിത്യരും വ്യത്യസ്തരുമാണെന്ന് കരുതുന്നവരുണ്ട്. യഹോവ അഥവാ, യേശുക്രിസ്തുവെന്ന ദൈവമാണ് അപ്പൊസ്തലന്മാർക്ക് മഹാനിയോഗം നല്കിയതെന്ന് മുകളിൽ നാം കണ്ടതാണ്. എന്നാൽ ദൈവത്തിനു് ആരെങ്കിലും അധികാരം നല്കേണ്ടതുണ്ടോ? ബൈബിൾ വെളിപ്പെടുത്തുന്ന ദൈവം സർവ്വശക്തനും സർവ്വാധിപതിയും അഥവാ, ഏകാധിപതിയും നിത്യനും മാറ്റമില്ലാത്തവൻ അഥവാ, ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവനും തന്നെത്താൻ ആണ്. (വെളി, 1:8; 1തിമൊ, 6:15; റോമ, 16:24; മലാ, 3:6; യാക്കോ, 1:17). ആകയാൽ, ദൈവത്തിനു് തൻ്റെ സ്ഥായിയായ അസ്തിത്വമൊ, പ്രകൃതിയോ, അധികാരങ്ങളോ ഒന്നും ത്യജിക്കാൻ കഴിയില്ല. താൻ ഒന്നിനും മുട്ടില്ലാത്തവൻ ആകയാൽ, ആരിൽനിന്നും ഒന്നും സ്വീകരിപ്പാനും തനിക്ക് ആവശ്യവുമില്ല. (പ്രവൃ, 17:25). അതിനാൽ, ❝സ്വർഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്കു നല്കപ്പെട്ടിരിക്കുന്നു❞ എന്നു യേശുക്രിസ്തു പറയുന്നത് പ്രതീകാത്മാകമായിട്ടും പ്രവചനമായിട്ടുമാണെന്ന് മനസ്സിലാക്കാം. ദാവീദ് തന്നെക്കുറിച്ചുതന്നെ പ്രവചിച്ചകാര്യം ദാവീദിനല്ല; ക്രിസ്തുവിലൂടെ യിസ്രായേലിനാണ് നിവൃത്തിയായത്: (സങ്കീ, 2:6; പ്രവൃ, 2:29; 13:32-33). യേശുക്രിസ്തു പറഞ്ഞത് എന്താണെന്ന് മനസ്സിലാക്കാൻ ചില കാര്യങ്ങൾ നോക്കാം:
1. ബൈബിളിലെ വാഗ്ദത്തസന്തതി യേശുക്രിസ്തുവല്ല യിസ്രായേലാണ്: ❝പൂർവ്വപിതാക്കന്മാരുടെയും ദാവീദിൻ്റെയും വാഗ്ദത്തസന്തതിയും നിശ്ചലകൃപകളുടെ അവകാശിയും വിശേഷാൽ, ദൈവത്തിൻ്റെ പുത്രനും ആദ്യജാതനും സകല അനുഗ്രഹങ്ങളുടെയും വാഗ്ദത്തങ്ങളുടെയും അവകാശിയും സകല പ്രവചനങ്ങളുടെയും കേന്ദ്രബിന്ദുവും ആകാശമുള്ള കാലത്തോളം സൂര്യനെപ്പോലെയും ചന്ദ്രനെപ്പോലെയും സ്ഥിരമായ സിംഹാസനത്തിൽ ഇരുന്നുകൊണ്ട്, ഈ ഭൂമിയെ ഭരിക്കേണ്ട നിത്യരാജാവായ വാഗ്ദത്തസന്തതി അല്ലെങ്കിൽ, ഭൗമികസന്തതിയാണ് യിസ്രായേൽ.❞ (ഉല്പ, 22:17-28; 26:5; 28:13-14; യെശ, 55:3; പുറ, 4:22-23; 2ശമൂ, 8:17; 1ദിന, 17:7-15; സങ്കീ, 89:3-4;29,36-37; ദാനീ, 7:18,21,27). [കാണുക: യെഹൂദന്നു എന്തു വിശേഷത?]
2. ❝നീ എന്റെ വാക്കു അനുസരിച്ചതു കൊണ്ടു നിന്റെ സന്തതി മുഖാന്തരം ഭൂമിയിലുള്ള സകലജാതികളും അനുഗ്രഹിക്കപ്പെടും എന്നു ഞാൻ എന്നെക്കൊണ്ടു തന്നേ സത്യം ചെയ്തിരിക്കുന്നു എന്നു യഹോവ അരുളിച്ചെയ്യുന്നു.❞ (ഉല്പത്തി 22:18. 12:3; 28:4). ഈ വേദഭാഗം സ്രദ്ധിച്ചാൽ; ദൈവം തന്നെക്കൊണ്ടുതന്നെ സത്യം ചെയ്തുകൊണ്ട് തൻ്റെ സ്നേഹിതനായ അബ്രാഹാമിനോടു ഒരു വാഗ്ദത്തം ചെയ്യുകയാണ്: ❝നിന്റെ സന്തതി മുഖാന്തരം അഥവാ, യിസ്രായേൽ മുഖാന്തരം ഭൂമിയിലുള്ള സകലജാതികളും അനുഗ്രഹിക്കപ്പെടും.❞ ദൈവത്തിൻ്റെ ഈ വാഗ്ദത്തം ക്രിസ്തുവിലൂടെ യിസ്രായേലിനു് നിവൃത്തിയായതായി പത്രൊസ് അപ്പൊസ്തലൻ വ്യക്തമാക്കിയിട്ടുണ്ട്: (പ്രവൃ, 3:25). സകലജാതികളുടെയും അനുഗ്രഹത്തിനു കാരണമായ രക്ഷ വന്നത് യിസ്രായേലിൽ നിന്നാണ്. ❝രക്ഷ യെഹൂദന്മാരുടെ ഇടയിൽ നിന്നല്ലോ വരുന്നതു❞ എന്നാണ് ക്രിസ്തു പറഞ്ഞത്: (യോഹ, 4:22). അബ്രാഹാമിനു് ദൈവം കൊടുത്ത വാഗ്ദത്തത്തിൻ്റെ സ്ഥിരീകരണമാണ് യിരെമ്യാപ്രവചനത്തിലുള്ളത്: ❝ഞാൻ യിസ്രായേൽഗൃഹത്തോടും യെഹൂദാഗൃഹത്തോടും പുതിയോരു നിയമം ചെയ്യുന്ന കാലം വരും എന്നു യഹോവയുടെ അരുളപ്പാടു.❞ (യിരെ, 31:31. ഒ.നോ: 31:32-34; എബ്രാ, 8:8-12). അബ്രാഹാമിനോട് ദൈവം ചെയ്ത വാഗ്ദത്തത്തെക്കുറിച്ചാണ്, ഗലാത്യർ മൂന്നാം അദ്ധ്യായത്തിൽ പൗലൊസ് പറയുന്നത്: (ഗലാ, 3:6-20). മോശെയിലൂടെ ലഭിച്ച ന്യായപ്രമാണമെന്ന പ്രവൃത്തിയാലുള്ള നിയമത്തിൻ്റെ നിവൃത്തിയല്ല; പുതിയനിയമം. പ്രത്യുത, ദൈവം അബ്രാഹാമിനോടുചെയ്ത നിരുപാധികമായ വാഗ്ദത്തത്തിൻ്റെ നിവൃത്തിയാണ് പുതിയനിയമം: (ഗലാ, 3:18-20). ന്യാപ്രമാണത്താൽ (പ്രവൃത്തികളുടെ പ്രമാണം) ദൈവം മോശെ മുഖാന്തരം ഒരു നിയമം ചെയ്തതാണ്. അതിലൂടെ വീണ്ടെടുപ്പുകാരനായ മോശെയ്ക്കുപോലും നീതി ലഭിച്ചില്ല. അതുകൊണ്ടാണ്, ന്യായപ്രമാണത്താൽ ആരും ദൈവസന്നിധിയിൽ നീതികരിക്കപ്പെടുന്നില്ല എന്ന് പൗലൊസ് പറഞ്ഞത്: (ഗലാ, 3:11. ഒ.നോ: റോമ, 3:20; ഗലാ, 2:21; 5:4). ❝ഞാൻ അഥവാ, യഹോവ യിസ്രായേൽഗൃഹത്തോടും യെഹൂദാഗൃഹത്തോടും പുതിയോരു നിയമം ചെയ്യുന്ന കാലം വരും.❞ ദൈവം മൂന്നല്ല; ഒരുത്തൻ മാത്രമാണ്: ❝ദൈവമോ ഒരുത്തൻ മാത്രം.❞ (ഗലാ, 3:20, ഒ.നോ: ആവ, 4:39; 2രാജാ19:15; യോഹ, 5:44; 17:3; 1കൊരി, 8:6; എഫെ, 4:6). അബ്രാഹാമിനോടും തൻ്റെ പുത്രനും ആദ്യജാതനുമായ യിസ്രായേൽ ജനത്തോടുമുള്ള വാഗ്ദത്തം നിവൃത്തിക്കാൻ അവൻ്റെ ദൈവമായ യഹോവ യേശു എന്ന തൻ്റെ പുതിയ നാമത്തിൽ എടുത്ത മനുഷ്യപ്രത്യക്ഷതയാണ് ക്രിസ്തു: (പുറ, 4:22-23; യെശ, 41:8; 1തിമൊ, 3:14-16; മത്താ, 1:21; യോഹ, 17:11,12). സെഖര്യാപുരോഹിതൻ പരിശുദ്ധാത്മാവ് നിറഞ്ഞവനായി പ്രവചിക്കുന്നത് നോക്കുക: ❝യിസ്രായേലിന്റെ ദൈവമായ കർത്താവു അനുഗ്രഹിക്കപ്പെട്ടവൻ. അവൻ തന്റെ ജനത്തെ സന്ദർശിച്ചു ഉദ്ധാരണം ചെയ്യും❞ (ലൂക്കോ, 1:68. ഒ.നോ: 1:54; 1:75-77). യഹോവ തൻ്റെ ജനത്തെ സന്ദർശിച്ചു ഉദ്ധാരണം ചെയ്യും. ക്രിസ്തു പറയുന്നത് നോക്കുക: ❝ഞാൻ ന്യായപ്രമാണത്തെയൊ പ്രവാചകന്മാരെയോ നീക്കേണ്ടതിന്നു വന്നു എന്നു നിരൂപിക്കരുതു; നീക്കുവാനല്ല നിവർത്തിപ്പാനത്രെ ഞാൻ വന്നതു. സത്യമായിട്ടു ഞാൻ നിങ്ങളോടു പറയുന്നു: ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുംവരെ സകലവും നിവൃത്തിയാകുവോളം ന്യായപ്രമാണത്തിൽനിന്നു ഒരു വള്ളി എങ്കിലും പുള്ളി എങ്കിലും ഒരുനാളും ഒഴിഞ്ഞുപോകയില്ല.❞ (മത്താ, 5:17-18. ഒ.നോ: 16:17). യിസ്രായേലിൻ്റെ ദൈവമായ യഹോവയുടെ മനുഷ്യപ്രത്യക്ഷതയായ ക്രിസ്തുവിൻ്റെ മരണപുനരുദ്ധാനങ്ങളിലൂടെയാണ് യിസ്രായേലിൻ്റെ വാഗ്ദത്തങ്ങൾ നിവൃത്തിയാകുന്നത്: (പ്രവൃ, 3:25; 13:32-39).
3. പ്രസ്തുതഭാഗത്ത് പറയുന്ന, സ്വർഗ്ഗത്തിലും സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള അധികാരം യേശുക്രിസ്തുവിൻ്റെയല്ല; ദൈവം സകല അധികാരവും വാഗ്ദത്തം ചെയ്തിരിക്കുന്ന യിസ്രായേലെന്ന വാഗ്ദത്ത സന്തതിയുടെയാണ്: ❝മർത്യനെ നീ ഓർക്കേണ്ടതിന് അവൻ എന്ത്? മനുഷ്യപുത്രനെ സന്ദർശിക്കേണ്ടതിന് അവൻ എന്തുമാത്രം? നീ അവനെ ദൈവത്തെക്കാൾ അല്പം മാത്രം താഴ്ത്തി, തേജസ്സും ബഹുമാനവും അവനെ അണിയിച്ചിരിക്കുന്നു. നിന്റെ കൈകളുടെ പ്രവൃത്തികൾക്ക് നീ അവനെ അധിപതിയാക്കി, സകലത്തെയും അവന്റെ കാല്കീഴെയാക്കിയിരിക്കുന്നു.❞ (സങ്കീ, 8:4-6). ഇവിടെപ്പറയുന്ന മർത്യനും മനുഷ്യപുത്രനും യിസ്രായേലാണ്. ദൈവം മിസ്രയീമിൽനിന്നു കൊണ്ടുവന്നു തൻ്റെ വലത്തുഭാഗത്തിരുത്തി വളർത്തിയ മനുഷ്യനും മനുഷ്യപുത്രനാണ് യിസ്രായേൽ. (സങ്കീ, 80;8,17). എട്ടാം സങ്കീർത്തനം താഴോട്ട് വായിച്ചാൽ, ആകാശത്തിലും ഭൂമിയിലുമുള്ള സകലവും ദൈവം അവൻ്റെ കാൽക്കീഴാക്കിക്കൊടുക്കുമെന്ന് വാഗ്ദത്തം പ്രാപിച്ച സന്തതിയാണ് യിസ്രായേൽ. (8:7-8). വാഗ്ദത്തസന്തതിയുടെ സകല ശത്രുക്കളെയും അവൻ്റെ പാദപീഠമാക്കിക്കൊടുക്കുവോളം ദൈവം അവനെ തൻ്റെ വലത്തുഭാഗത്ത് ഇരുത്തിയിരിക്കയാണ്: (110:1). സകലവും കാൽക്കീഴാക്കി ഈ ഭൂമിയെ ഭരിക്കേണ്ട നിത്യരാജാവാണ് യിസ്രായേലെന്ന മനുഷ്യപുത്രൻ.
4. യിസ്രായേലിനു് അവൻ്റെ രാജ്യം യഥാസ്ഥാനത്താക്കി കൊടുക്കുന്നതുവരെ മനുഷ്യപുത്രനെന്ന പദവി ദൈവത്തിൽ നിക്ഷിപ്തമാണ്. യേശുവെന്ന മനുഷ്യൻ ദൈവപുത്രനും മനുഷ്യപുത്രനും ആയിരുന്നു. പാപത്തിൽ മരിച്ചവനായിരുന്ന യിസ്രായേലെന്ന ദൈവപുത്രനെ, ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ യേശുവെന്ന പാപം അറിയാത്ത മനുഷ്യൻ തൻ്റെ മരണപുനരുത്ഥാനത്താൽ ജീവൻ നല്കി പാതാളത്തിൻ്റെ ദ്രവത്വത്തിൽനിന്നും കരേറ്റിയതോടെ, യേശുവെന്ന ദൈവപുത്രൻ്റെ ശുശ്രൂഷ ഒരിക്കലായി പൂർത്തിയായി: (പ്രവൃ, 13:32-39). ശേഷിക്കുന്നത്, വാഗ്ദത്തസന്തതിയായ യിസ്രായേലെന്ന മനുഷ്യപുത്രൻ്റെ രാജകീയ വാഗ്ദത്തമാണ്. അതുകൊണ്ടാണ്, അവൻ്റെ ദൈവം മനുഷ്യപുത്രനെന്ന പദവിയിൽ നേരിട്ട് പ്രത്യക്ഷനായത്. അതായത്, യഹോവ അഥവാ, യേശുക്രിസ്തുവെന്ന ദൈവത്തിൻ്റെ പ്രത്യക്ഷത വാഗ്ദത്ത സന്തതിയായ യിസ്രായേലിനെയാണ് പ്രതിനിധീകരിക്കുന്നത്. അതുകൊണ്ടാണ്, ❝സ്വർഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്കു നല്കപ്പെട്ടിരിക്കുന്നു❞ എന്ന് പ്രതീകാത്മകമായി പറയുന്നത്. ഇത് യഥാർത്ഥത്തിൽ ഒരു പ്രവചനമാണ്. അതിൻ്റെ നിവൃത്തി ഭാവിയിലാണ്. പ്രവചനങ്ങൾ മൂന്ന് കാലത്തിലും പറഞ്ഞിട്ടുണ്ട്: (യൂദാ, 1:15; വെളി, 1:7; എബ്രാ, 10:3). ദാവീദിൻ്റെ പ്രവചനം നോക്കുക: യഹോവ എന്നോട് അരുളിച്ചെയ്തത്, നീ എന്റെ പുത്രൻ; ഇന്നു ഞാൻ നിന്നെ ജനിപ്പിച്ചിരിക്കുന്നു. (സങ്കീ, 2:7). ഇവിടെ ശ്രദ്ധിക്കുക: യഹോവ എന്നോട് അരുളിച്ചെയ്ത് എന്നിങ്ങനെ ഉത്തമപുരുഷനിൽ അഥവാ, തന്നോടുള്ള പ്രവചനം എന്ന നിലയിലാണ് ദാവീദ് പറയുന്നത്. എന്നാൽ, ദാവീദുമായി പ്രവചനത്തിന് ബന്ധമൊന്നുമില്ല; പ്രവചനം ക്രിസ്തുവിലൂടെ യിസ്രായേലിനാണ് നിവൃത്തിയായത്. (പ്രവൃ, 13:32-33). പൗലൊസ് പറയുന്നു: ❝സര്‍വ്വവും അവന്‍റെ കാല്ക്കീഴാക്കി വച്ച് അവനെ സര്‍വത്തിനും മീതെ തലയാക്കി.❞ (എഫെ 1:22). ഇതും ഒരു പ്രവചനമാണ്. യേശുക്രിസ്തുവും പൗലോസും പറയുന്നത് ഒരേ കാര്യമാണ്. എന്നാൽ ഇതേകാര്യം എബ്രായ ലേഖകൻ പറയുന്നത് ശ്രദ്ധിക്കുക: ❝സകലവും അവന്റെ കാൽക്കീഴാക്കിയിരിക്കുന്നു❞ എന്ന് ഒരുവൻ ഒരേടത്തു സാക്ഷ്യം പറയുന്നു. സകലവും അവനു കീഴാക്കിയതിൽ ഒന്നിനെയും കീഴ്പെടുത്താതെ വിട്ടിട്ടില്ല; എന്നാൽ ഇപ്പോൾ സകലവും അവനു കീഴ്പെട്ടതായി കാണുന്നില്ല. (എബ്രാ, 2:8). സകലത്തെയും; അവന്റെ കാല്കീഴാക്കിയിരിക്കുന്നു എന്ന എട്ടാം സങ്കീർത്തനമാണ് അവൻ ഉദ്ധരിച്ചത്. (8:5). പിന്നെ പറയുന്നത് നോക്കുക: എന്നാൽ ഇപ്പോൾ സകലവും അവനു കീഴ്പെട്ടതായി കാണുന്നില്ല. യഥാർത്ഥത്തിൽ, യേശുക്രിസ്തുവിൻ്റെ അധികാരമാണെങ്കിൽ, ❝സ്വർഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്കു നല്കപ്പെട്ടിരിക്കുന്നു❞ എന്ന് ക്രിസ്തുവും, ❝സര്‍വ്വവും അവന്‍റെ കാല്ക്കീഴാക്കി❞ എന്ന് പൗലൊസും പറയുന്നതിൻ്റെ നേർവിപരീതമായി, ❝ഇപ്പോൾ സകലവും അവനു കീഴ്പെട്ടതായി കാണുന്നില്ല❞ എന്ന് എബ്രായലേഖകൻ പറഞ്ഞാൽ ശരിയാകുമോ? ബൈബിൾ പരസ്പരവിരുദ്ധമാണെന്ന് വരില്ലേ? എന്നാൽ സകല അധികാരവും നല്കപ്പെട്ടിരിക്കുന്നു എന്ന് പറയുന്നതും, ഇപ്പോൾ ഒന്നും കീഴ്പട്ടതായി കാണുന്നില്ല എന്ന് പറയുന്നതും വാഗ്ദത്ത സന്തതിയായ യിസ്രായേലിനോടുള്ള ബന്ധത്തിൽ ശരിയാണ്.
അതായത്, പ്രവചനങ്ങൾക്ക് പലവിധമായ നിവൃത്തിയുണ്ടെന്ന് മുകളിൽ നാം കണ്ടതാണ്. എട്ടാം സങ്കീർത്തനം അഥവാ, ❝നിന്റെ കൈകളുടെ പ്രവൃത്തികൾക്കു നീ അവനെ അധിപതിയാക്കി, സകലത്തെയും അവന്റെ കാൽകീഴെയാക്കിയിരിക്കുന്നു❞ എന്ന വാഗ്ദത്തം, ദൈവപുത്രനായ യേശുക്രിസ്തുവിൻ്റെ മരണപുനരുത്ഥാനങ്ങളിലൂടെ ആത്മികമായി ദൈവസന്തതിയായ യിസ്രായേലിനു് നിവൃത്തിച്ചു. അതാണ് യേശുക്രിസ്തു പറയുന്നതും പൗലോസ് പറയുന്നതും. (മത്താ, 28:19; എഫെ, 1:22). എന്നാൽ, യഥാർത്ഥത്തിൽ യിസ്രായേലിനു് ആ അധികാരം ഇതുവരെ കൈവന്നിട്ടില്ല. അതിനിയും ഭാവിയിൽ നിവൃത്തിയാകാനുള്ള ഒരു പ്രവചനമാണ്. ദൈവമായ യഹോവയുടെ (യേശുക്രിസ്തു) പുനരാഗമനത്തിൽ, അവൻ്റെ ശത്രുക്കളെയെല്ലാം അവൻ്റെ കാൽക്കീഴാക്കിയിട്ട്, അവൻ്റെ രാജ്യം അവനു് യഥാസ്ഥാനത്താക്കി കൊടുക്കുമ്പോഴാണ് പ്രവചനത്തിനു് പൂർണ്ണനിവൃത്തി വരുന്നത്. (സെഖ, 14:3-4; പ്രവൃ, 1:6,11). അതുകൊണ്ടാണ്, ❝ഇപ്പോൾ സകലവും അവനു കീഴ്പെട്ടതായി കാണുന്നില്ല❞ എന്ന് എബ്രായലേഖകൻ പറയുന്നത്. ഭാവിലോകത്തെ അവൻ ദൂതന്മാർക്കല്ല കീഴ്പെടുത്തിയത്, അബ്രാഹാമിൻ്റെ സന്തതിക്കാണെന്നും, ദൂതന്മാരെ സംരക്ഷണചെയ്‍വാനല്ല അബ്രാഹാമിന്റെ സന്തതിയെ സംരക്ഷണ ചെയ്‍വാനത്രേ, യേശുക്രിസ്തു വന്നതെന്നും എബ്രായ ലേഖകൻ പറയുന്നത് നോക്കുക: (എബ്രാ, 2:5-16). ഞാൻ ന്യായപ്രമാണത്തെ നീക്കുവാനല്ല; നിവൃത്തിപ്പാനത്രേ വന്നത്; ആകാശവും ഭൂമിയും മാറിപ്പോയാലും അതിനു് മാറ്റമുണ്ടാകില്ലെന്ന് ദൈവപുത്രനായ യേശുക്രിസ്തു പറഞ്ഞതും ഓർക്കുക. (മത്താ, 5:17-18; ലൂക്കൊ, 16:17).
5. സ്വർഗ്ഗത്തിലുള്ള അധികാരം യിസ്രായേലിനു് എങ്ങനെ ലഭിക്കും എന്ന് ഒരുപക്ഷെ ചിന്തിച്ചേക്കാം. ക്രിസ്തു യെഹൂദന്മാരായ തൻ്റെ ശിഷ്യന്മാരോട് പറയുന്നത് ഇപ്രകാരമാണ്: ❝നിങ്ങൾ ഭൂമിയിൽ കെട്ടുന്നതെല്ലാം സ്വർഗത്തിലും കെട്ടപ്പെട്ടിരിക്കും; നിങ്ങൾ ഭൂമിയിൽ അഴിക്കുന്നതെല്ലാം സ്വർഗത്തിലും അഴിഞ്ഞിരിക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.❞ (മത്താ, 18:18 – 16:19). വാഗ്ദത്തസന്തതിക്ക് സ്വർഗ്ഗത്തിലും അധികാരമുണ്ടെന്ന് ഈ വേദഭാഗത്തുനിന്ന് മനസ്സിലാക്കാമല്ലോ? യിസ്രായേലെന്ന വാഗ്ദത്ത സന്തതിക്കുവേണ്ടിയാണ്, അവൻ്റെ ദൈവം യേശുവെന്ന നാമത്തിൽ മനുഷ്യനായിട്ടും നേരിട്ടും പ്രത്യക്ഷനായത്. (1തിമൊ, 2:6; 3:16; യോഹ, 20:28). അതുകൊണ്ടാണ്, അവൻ്റെ പദവികളെല്ലാം അവൻ്റെ യേശുക്രിസ്തുവിൽ ആരോപിച്ചിരിക്കുന്നത്.
6. ❝ആദ്യജാതനെ പിന്നെയും ഭൂതലത്തിലേക്കു പ്രവേശിപ്പിക്കുമ്പോൾ: ദൈവത്തിന്റെ സകലദൂതന്മാരും അവനെ നമസ്കരിക്കേണം എന്നു താൻ അരുളിച്ചെയ്യുന്നു.❞ (എബ്രാ, 1:6). ഈ വേദഭാഗവും യേശുക്രിസ്തുവിനെക്കുറിച്ചല്ല: യിസ്രായേലിനെക്കുറിച്ചാണ്. ദൂതന്മാർ നമസ്കരിക്കുമെന്ന് പ്രവചനമുള്ള വാഗ്ദത്തസന്തതി യിസ്രായേലാണ്. സത്യവേദപുസ്തകത്തിലെ പരിഭാഷ കൃത്യമല്ലാത്തതിനാൽ, ഗ്രീക്കു സെപ്റ്റ്വജിൻ്റിലെ വാക്യം ചേർക്കുന്നു: ❝സ്വർഗ്ഗമേ, അവനോടുകൂടെ ആനന്ദിക്കുവിൻ; ദൈവത്തിന്റെ സകലദൂതന്മാരുമായുള്ളോരേ, അവനെ നമസ്കരിക്കുവിൻ; ജാതികളേ, അവന്റെ ജനങ്ങളോടുകൂടെ ആനന്ദിക്കുവിൻ; ദൈവപുത്രന്മാരേ, നിങ്ങളെല്ലാം അവനോടുകൂടെ ആനന്ദിപ്പിൻ; അവന്റെ മക്കളുടെ രക്തത്തിന്നു പ്രതികാരം ചെയ്തിരിക്കുന്നു; അവൻ തന്റെ ശത്രുക്കളോടു പ്രതികാരം ചെയ്യും; തന്നെ വെറുക്കുന്നവർക്കു പകരം വീട്ടും; യഹോവ തന്റെ ജനത്തെ ദേശത്തുനിന്നു ശുദ്ധീകരിക്കും.❞ (ആവ, 32:43; LXX). ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന പരിഭാഷയാണ് സെപ്റ്റ്വജിൻ്റ്. അതിൽനിന്നാണ്, പുതിയനിയമത്തിലെ ഭൂരിഭാഗം ഉദ്ധരണികളും എടുത്തിരിക്കുന്നത്. ദൂതന്മാർ യിസ്രായേലെന്ന ദൈവപുത്രനെ ആരാധിക്കുകയല്ല; ആചാരപരമായി നമസ്കരിക്കുകയാണ് ചെയ്യുന്നത്. സ്വർഗ്ഗത്തിൽ ദൈവത്തെക്കൂടാതെ, ദൂതന്മാരാണുള്ളത്. ആ ദൂതന്മാർ യിസ്രായേലിനെ നമസ്കരിച്ചാൽ സ്വർഗ്ഗത്തിലുള്ള സകല അധികാരവും യിസ്രായേലിനായി എന്നു പറയാം. ദൈവം അവന് രാജ്യം സ്ഥാപിച്ചുകൊടുത്തു കഴിയുമ്പോൾ ആദ്യജാതനായ യിസ്രായേൽ മഹത്വത്തോടെ രാജാവാകുമ്പോഴാണ് ദൂതന്മാർ അവനെ നമസ്കരിക്കുന്നത്. അപ്പോഴാണ്, സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള സകല അധികാരവും എനിക്ക് നല്കപ്പെട്ടിരിക്കുന്നു എന്ന യേശുക്രിസ്തുവിൻ്റെ പ്രവചനം യിസ്രായേലിനു് പൂർണ്ണമായി നിവൃത്തിയാകുന്നത്. (മത്താ, 28:18. ഒ.നോ: 1കൊരി, 15:27,28). നഥനയേലിനോട് യേശു പറയുന്നതും, ഇതിനൊപ്പം മനസ്സിലാക്കണം: ❝ആമേൻ ആമേൻ ഞാൻ നിങ്ങളോടു് പറയുന്നു, സ്വർഗം തുറന്നിരിക്കുന്നതും മനുഷ്യപുത്രന്റെ അടുക്കൽ ദൈവദൂതന്മാർ കയറുകയും ഇറങ്ങുകയും ചെയ്യുന്നതും നിങ്ങൾ കാണും എന്നും അവനോടു പറഞ്ഞു.❞ (യോഹ, 1:51). ഇവിടെപ്പറയുന്ന മനുഷ്യപുത്രനും യിസ്രായേലാണ്. എൻ്റെ അടുക്കൽ ദൂതന്മാർ കയറുകയും ഇറങ്ങുകയും ചെയ്യുമെന്നല്ല; മനുഷ്യപുത്രൻ്റെ അടുക്കൽ എന്ന് പ്രഥമപുരുഷനിലാണ് പറഞ്ഞിരിക്കുന്നത്. യിസ്രായേലിന്റെ നിത്യരാജ്യം സ്ഥാപിതമായിക്കഴിയുമ്പോൾ, സ്വർഗ്ഗവും ഭൂമിയും തമ്മിലുള്ള അഭേദ്യമായ ബന്ധത്തിൻ്റെ ഒരു സൂചനയാണ് യേശുവിൻ്റെ വാക്കുകളിൽ കാണുന്നത്.
❝ദൈവപുത്രൻ കഷ്ടം അനുഭവിക്കുന്ന ദാസനും മനുഷ്യപുത്രൻ മഹത്വമുള്ള രാജാവുമാണ്. (മർക്കൊ, 10:38: ലൂക്കൊ, 12:50; മത്താ, 19:28). ഒന്നുകൂടി വ്യക്തമായി പറഞ്ഞാൽ, ദൈവത്തിൻ്റെ ജഡത്തിലുള്ള വെളിപ്പാട് കഷ്ടം അനുഭവിക്കുന്ന യിസ്രായേലെന്ന ദൈവപുത്രനെയാണ് പ്രതിനിധീകരിക്കുന്നത്. അതാണ്, ദൈവപുത്രനായ ക്രിസ്തുവിൻ്റെ മരണപുനരുത്ഥാനത്തോടെ ഒരിക്കലായി പുർത്തിയായത്: (എബ്രാ, 9:11-12). ദൈവത്തിൻ്റെ നേരിട്ടുള്ള വെളിപ്പാട് യിസ്രായേലെന്ന മഹത്വമുള്ള രാജാവിനെയാണ് പ്രതിനിധീകരിക്കുന്നത്. അതിനിയും ഭാവിയിൽ നിറവേറാനുള്ളതാണ്: (എബ്രാ, 1:4-9). അതിനാൽ, യിസ്രായേലെന്ന രാജാവിനെ പ്രതിനിധീകരിച്ചുകൊണ്ടുള്ള യേശുക്രിസ്തുവിൻ്റെ പ്രവചനമാണ് മത്തായി 28:18-ലുള്ളതെന്ന് മനസ്സിലാക്കാം.❞
❻ പ്രവൃത്തികളുടെ പുസ്തകം ആരംഭിക്കുന്നത് ഇപ്രകാരമാണ്: ❝തെയോഫിലൊസേ, ഞാൻ എഴുതിയ ഒന്നാമത്തെ ചരിത്രം യേശു തിരഞ്ഞെടുത്ത അപ്പൊസ്തലന്മാർക്കു പരിശുദ്ധാത്മാവിനാൽ കല്പന കൊടുത്തിട്ടു ആരോഹണം ചെയ്ത നാൾവരെ അവൻ ചെയ്തും ഉപദേശിച്ചും തുടങ്ങിയ സകലത്തെയും കുറിച്ചു ആയിരുന്നുവല്ലോ.അവൻ കഷ്ടം അനുഭവിച്ചശേഷം നാല്പതു നാളോളം അവർക്കു പ്രത്യക്ഷനായി ദൈവരാജ്യം സംബന്ധിച്ച കാര്യങ്ങൾ പറഞ്ഞുകൊണ്ടു താൻ ജീവിച്ചിരിക്കുന്നു എന്നു അനേകം ദൃഷ്ടാന്തങ്ങളാൽ അവർക്കു കാണിച്ചു കൊടുത്തു.❞ (പ്രവൃ, 1:1-3). ഈ വേദഭാഗത്ത്, ❝അവൻ കഷ്ടം അനുഭവിച്ചശേഷം നാല്പതു നാളോളം അവർക്കു പ്രത്യക്ഷനായി❞ എന്ന് പറഞ്ഞിരിക്കുന്നത് കാണാം. അതിനാൽ കഷ്ടം അനുഭവിച്ച ദൈവപുത്രൻതന്നെയാണ് പ്രത്യക്ഷനായതെന്ന് തോന്നാം. ഏകദൈവംതന്നെയാണ് ഒരു മനുഷ്യനായിട്ടും അനന്തരം നേരിട്ടും പ്രത്യക്ഷനായതെന്ന് തുടക്കംമുതൽ നാം കണ്ടതാണ്. ഏകദൈവത്തിൻ്റെതന്നെ ഇരുവിധമായ പ്രത്യക്ഷതകൾ ആയതുകൊണ്ടാണ്, ❝അവൻ കഷ്ടം അനുഭവിച്ചശേഷം നാല്പതു നാളോളം അവർക്കു പ്രത്യക്ഷനായി❞ എന്ന് ലൂക്കൊസ് പറയുന്നത്. ഇതേ ലൂക്കൊസ് തന്നെയാണ്, ❝ദൈവം സ്വന്തരക്തത്താൽ സമ്പാദിച്ചിരിക്കുന്ന ദൈവത്തിൻ്റെ സഭ❞ എന്ന പൗലൊസിൻ്റെ വാക്കുകളും രേഖപ്പെടുത്തിയിരിക്കുന്നത്: (പ്രവൃ, 20: 27:28). ആത്മാവായ ദൈവത്തിനു് ശരീരമോ, രക്തമോ, മരണമോ ഇല്ലെന്നും ദൈവമല്ല; ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചയുള്ള മനുഷ്യനാണ് മരണം ആസ്വദിച്ചതെന്നുമാണ് വചനം പറയുന്നത്: (1തിമൊ, 2:6; 3:16; 6:16; എബ്രാ, 2:9; 1പത്രൊ, 2:24). ക്രൂശിൽമരിച്ച യേശുവെന്ന മനുഷ്യൻ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായതുകൊണ്ടാണ്, ദൈവം തൻ്റെ സ്വന്തരക്തത്താൽ സമ്പാദിച്ച സഭയെന്നും ദൈവപുത്രനായ യേശു സ്വന്തരത്തത്താൽ ജനത്തെ വിശുദ്ധീകരിച്ചുവെന്നും അഭിന്നമായി പറയാൻ കഴിയുന്നത്: (പ്രവൃ, 20:28; എബ്രാ, 13:12). പലരും കരുതുന്നപോലെ പിതാവും പുത്രനും നിത്യരും വ്യത്യസ്തരുമായ രണ്ടുപേരാണെങ്കിൽ ഒരിക്കലും അത് പറയാൻ കഴിയില്ല. അടുത്തത്: ദൈവപുത്രനായ യേശുവിനെയാണ് യെഹൂദന്മാർ കുത്തിത്തുളച്ചത്: (19:32). എന്നാൽ യഹോവ പറയുന്നത്: “അവര്‍ കുത്തിത്തുളച്ചവനായ എങ്കലേക്കു നോക്കും” എന്നാണ്: (സെഖ, 12:10 വി.ഗ്ര, ബെ.ബെ, കെ.ജെ.വി). ദൈവം തൻ്റെ ജഡത്തിലെ വെളിപ്പാടിനായി കന്യകയിൽ ഉല്പാദിപ്പിച്ച വിശുദ്ധപ്രജ അഥവാ, പാപരഹിതനായ മനുഷ്യനാണ് ക്രിസ്തു: (1തിമൊ, 3:16; മത്താ, 1;20; ലൂക്കൊ, 1:35; 2:21; യോഹ, 8:40; 1യോഹ, 3:5). അതിനാലാണ്, ക്രിസ്തുവിനെ കുത്തിയെന്നും യഹോവയെ കുത്തിയെന്നും അഭിന്നമായി പറയാൻ കഴിയുന്നത്. തന്മൂലം, ❝അവൻ കഷ്ടം അനുഭവിച്ചശേഷം നാല്പതു നാളോളം അവർക്കു പ്രത്യക്ഷനായി❞ എന്നു ദൈവം പറഞ്ഞാലും ശരിയാണ്. അതിനാൽ, നാല്പതുനാൾ പ്രത്യക്ഷനായതു് ദൈവപുത്രനല്ല; ദൈവമാണെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം.
One thought on “നാല്പതുനാൾ പ്രത്യക്ഷനായതു് ദൈവപുത്രനോ, ദൈവമോ❓”