പരമാർത്ഥജ്ഞാനം 6

ക്രിസ്തുവിൻ്റെ ദിവസം അബ്രാഹാം കണ്ടത് എപ്പോഴാണ്
➦ ❝നിങ്ങളുടെ പിതാവായ അബ്രാഹാം എന്റെ ദിവസം കാണും എന്നുള്ളതുകൊണ്ട് ഉല്ലസിച്ചു; അവൻ കണ്ടു സന്തോഷിച്ചുമിരിക്കുന്നു.❞ (യോഹ, 8:56). ➟ഈ വേദഭാഗപ്രകാരം, ക്രിസ്തു ദൈവമാണെന്നും അബ്രാഹാം യഥാർത്ഥത്തിൽ ക്രിസ്തുവിനെ കണ്ടിട്ടുണ്ടെന്നും പലരും വിചാരിക്കുന്നു. ➟എന്നാൽ ക്രിസ്തു പറഞ്ഞത്: അബ്രാഹാം തന്നെ കണ്ട കാര്യമല്ല; തൻ്റെ ദിവസത്തെ കണ്ടകാര്യമാണ്. ➟മമ്രേയുടെ തോപ്പിൽ അബ്രാഹാമിനു പ്രത്യക്ഷമാത് ത്രിത്വമാണെന്ന് വിചാരിക്കുന്നവരുമുണ്ട്; എന്നാൽ ത്രിത്വവും ക്രിസ്തുവുമൊന്നുമല്ല അവിടെ പ്രത്യക്ഷനായത്. ➟പഴയനിയമത്തിൽ ക്രിസ്തു ഇല്ല; അവനെക്കുറിച്ചുള്ള പ്രവചനങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്. ➟ക്രിസ്തു ജീവനുള്ള ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനായി അന്ത്യകാലത്ത് കന്യകയിൽ ഉല്പാദിപ്പിക്കപ്പെട്ടവനാണ്: (1തിമൊ, 3:15-16 –:മത്താ, 1:20; ലൂക്കൊ, 2:21; മത്താ, 1:18). ➟അവനെങ്ങനെ പഴയനിയമത്തിൽ ഉണ്ടാകും❓ [കാണുക: മമ്രേയുടെ തോപ്പിൽ അബ്രാഹാം കണ്ടത് ആരെയാണ്?, ദൈവപുത്രനായ ക്രിസ്തു പഴയനിയമത്തിൽ ഉണ്ടായിരുന്നോ?]
➦ അബ്രാഹാമിൻ്റെ കാലം കഴിഞ്ഞ്, രണ്ടായിരം വർഷത്തിനു ശേഷം ജനിച്ച ക്രിസ്തുവിൻ്റെ ദിവസം അവൻ കണ്ടോ? കണ്ടെങ്കിൽ, എങ്ങനെയാണ് കണ്ടത്? ➟അബ്രാഹാമിൻ്റെയും അവൻ്റെ സന്തതിയായ യിസ്രായേലിൻ്റെയും അനുഗ്രഹത്തിനായി, ലോകസ്ഥാപനം മുതൽ ദൈവം വാഗ്ദത്തം ചെയ്തിരുന്ന സന്തതിയാണ് ക്രിസ്തു. (ഉല്പ, 3:15; ആവ, 18:15; 18:18-19; യെശ, 7:14; ഗലാ, 3:16-19). ➟അതിൻ്റെ നിവൃത്തിയായിട്ടാണ്, കാലസമ്പൂർണ്ണത വന്നപ്പോൾ സ്ത്രീയിൽനിന്നു ജനിച്ചവനായി ന്യായപ്രമാണത്തിൻ കീഴെ ജനിച്ചവനായി ക്രിസ്തു ലോകത്തിൽ വെളിപ്പെട്ടത്: (ഗലാ, 4:4). ➟അബ്രാഹാമിൻ്റെ വാഗ്ദത്തസന്തതിയായ യിസ്രായേൽ ദൈവത്തിൻ്റെ ജനവും, അവൻ്റെ സ്വന്ത മക്കളുമാണ്. (പുറ, 3:10; 4:22-23; 7:4; സങ്കീ, 2:7പ്രവൃ, 13:32-33; ഹോശേ, 1:10; 11:1). ➟❝നിന്റെ സന്തതി മുഖാന്തരം ഭൂമിയിലുള്ള സകലജാതികളും അനുഗ്രഹിക്കപ്പെടും❞ എന്ന് ദൈവം തന്നെക്കൊണ്ടുതന്നെ സത്യംചെയ്ത് യിസ്രായേലിനെക്കുറിച്ച് അബ്രാഹാമിനോടും (ഉല്പ, 22:18) യിസ്ഹാക്കിനോടും (ഉല്പ, 26:5) യാക്കോബിനോടും (ഉല്പ, 28:14) ചെയ്ത വാഗ്ദത്തം നിവൃത്തിക്കാനാണ്, പൂർവ്വപിതാക്കന്മാരുടെയും യിസ്രായേലിൻ്റെയും ദൈവമായ യഹോവ ഒരു മനുഷ്യപ്രത്യക്ഷതയെടുത്ത് വന്നത്: (പുറ, 3:6; പുറ, 24:101തിമൊ, 3:15-16). ➟അപ്പൊസ്തലന്മാരിൽ പ്രഥമനും പ്രധാനിയുമായ പത്രൊസ് യെഹൂദന്മാരോട് പറയുന്നത് നോക്കുക: ❝ഭൂമിയിലുള്ള സകലവംശങ്ങളും നിന്റെ സന്തതിയിൽ അനുഗ്രഹിക്കപ്പെടും എന്ന് ദൈവം അബ്രാഹാമിനോട് അരുളി നിങ്ങളുടെ പിതാക്കന്മാരോട് ചെയ്ത നിയമത്തിന്റെയും പ്രവാചകന്മാരുടെയും മക്കൾ നിങ്ങൾ തന്നേ. നിങ്ങൾക്ക് ആദ്യമേ ദൈവം തന്റെ ദാസനായ യേശുവിനെ എഴുന്നേല്പിച്ചു ഓരോരുത്തനെ അവനവന്റെ അകൃത്യങ്ങളിൽനിന്നു തിരിക്കുന്നതിനാൽ; നിങ്ങളെ അനുഗ്രഹിക്കേണ്ടതിനു; അവനെ അയച്ചിരിക്കുന്നു.❞ (പ്രവൃ, 3:25-26ഉല്പ, 22:18; മത്താ, 1:21; ഗലാ, 3:16-19). ➟ക്രിസ്തു പഴയനിയമത്തിൽ ഇല്ലായിരുന്നു; അന്ത്യകാലത്താണ് വെളിപ്പെട്ടതെന്നും പത്രൊസ് വ്യക്തമാക്കുന്നു: ❝അവൻ (ക്രിസ്തു) ലോകസ്ഥാപനത്തിന്നു മുമ്പെ മുന്നറിയപ്പെട്ടവനും അവൻ മുഖാന്തരം ദൈവത്തിൽ വിശ്വസിക്കുന്ന നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്തു വെളിപ്പെട്ടവനും ആകുന്നു.❞ (1പത്രൊ, 1:20). ➟വാക്യം ശ്രദ്ധിക്കുക: ക്രിസ്തു ലോകസ്ഥാപനത്തിനുമുമ്പെ ഉണ്ടായിരുന്നു എന്നല്ല അവൻ പറയുന്നത്; മുന്നറിയപ്പെട്ടവനും അഥവാ, പ്രവചനങ്ങളിലൂടെ മുമ്പുകൂട്ടി അറിയപ്പെട്ടവനും അന്ത്യകാലത്ത് വെളിപ്പെട്ടവനും എന്നാണ്. [കാണുക: അന്ത്യകാലത്ത് വെളിപ്പെട്ടവൻ]. ➟ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനായി അന്ത്യകാലത്ത് വെളിപ്പെട്ടവനെ അബ്രാഹാം എങ്ങനെയാണ് കണ്ടത്?അതിൻ്റെ ഉത്തരം എബ്രായ ലേഖകൻ പറഞ്ഞിട്ടുണ്ട്: ❝അതുകൊണ്ട് ഒരുവനു: മൃതപ്രായനായവനു തന്നേ പെരുപ്പത്തിൽ ആകാശത്തിലെ നക്ഷത്രങ്ങൾപോലെയും കടല്പുറത്തെ എണ്ണിക്കൂടാത്ത മണൽ പോലെയും; സന്തതി ജനിച്ചു. ഇവർ എല്ലാവരും വാഗ്ദത്തനിവൃത്തി പ്രാപിക്കാതെ ദൂരത്തുനിന്ന് അത് കണ്ടു അഭിവന്ദിച്ചും ഭൂമിയിൽ തങ്ങൾ അന്യരും പരദേശികളും എന്നു ഏറ്റുപറഞ്ഞുംകൊണ്ട് വിശ്വാസത്തിൽ മരിച്ചു.❞ {എബ്രാ,11:12-13). ➟വാക്യം ശ്രദ്ധിക്കുക: ❝ദൂരത്തുനിന്ന് അത് കണ്ടു അഭിവന്ദിച്ചു അഥവാ, ഉല്ലസിച്ചു.❞ ➟അബ്രാഹാം ക്രിസ്തുവിൻ്റെ ദിവസം കണ്ടത്; ദൂരത്ത് നിന്നാണ്. അഥവാ, അവൻ വിശ്വാസക്കണ്ണാലാണ് രക്ഷകനായ ക്രിസ്തുവിനെ കണ്ടത്. ➟അബ്രാഹാം മാത്രമല്ല; യിസ്ഹാക്കും, യാക്കോബും, പഴയനിയമ ഭക്തന്മാരെല്ലാം ക്രിസ്തുവിനെ കണ്ടത്, ആത്മിക നയനങ്ങളാലാണ്. (എബ്രാ, 11:13). ➟❝അബ്രാഹാം എന്റെ ദിവസം കണ്ട് സന്തോഷിച്ചുമിരിക്കുന്നു❞ എന്ന് ക്രിസ്തു പറഞ്ഞപ്പോൾ, യെഹൂദന്മാർ അവനോട്: ❝നിനക്ക് അമ്പതു വയസ്സ് ആയിട്ടില്ല; നീ അബ്രാഹാമിനെ കണ്ടിട്ടുണ്ടോ എന്നു ചോദിച്ചു.❞ (യോഹ, 8:57). ➟അതായത്, ക്രിസ്തു പറഞ്ഞത് എന്താണെന്ന് യെഹൂദന്മാർക്ക് മനസ്സിലായില്ല. ➟അവൻ ആത്മീയമായി പറഞ്ഞകാര്യങ്ങളെ അവർ അക്ഷരാർത്ഥത്തിൽ മനസ്സിലാക്കി. ➟തൻ്റെ ഈ ദിവസം അബ്രാഹം കണ്ടത് ഭൗതിക നയനങ്ങളാലല്ല; ദീർഘദൃഷ്ടിയാൽ അഥവാ, ആത്മാവിനാൽ കണ്ട കാര്യമാണ് ക്രിസ്തു പറഞ്ഞത്. ➟എന്നാൽ അവൻ്റെ വാക്ക് ഗ്രഹിക്കാഞ്ഞ യെഹൂദന്മാർ ചോദിച്ചത്; അമ്പത് വയസ്സുപോലും ആകാത്ത നീ അബ്രാഹാമിനെ കണ്ടിട്ടുണ്ടോ എന്നാണ്. ➟ക്രിസ്തു അബ്രാഹാമിനെയല്ല; അബ്രാഹാം തൻ്റെ രക്ഷകനായ ക്രിസ്തുവിൻ്റെ ദിവസത്തെ ആത്മീയ നയനങ്ങളാൽ കണ്ടകാര്യമാണ് ക്രിസ്തു പറഞ്ഞത്. ➟ക്രിസ്തു ആരാണെന്ന് അറിയാത്തതാണ് ഭൂരിപക്ഷം ക്രൈസ്തവരുടെയും പ്രശ്നം! [കാണുക: ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക, ക്രിസ്തുവിൻ്റെ അസ്തിത്വവും പൂർവ്വാസ്തിത്വവും, അബ്രാഹാം ജനിച്ചതിനുമുമ്പെ ക്രിസ്തു ഉണ്ടായിരുന്നോ?]

പരിശുദ്ധാത്മാവും ക്രിസ്തുവും: 
➦ ❝അതുകൊണ്ടു ഞാൻ നിങ്ങളോടു പറയുന്നതു: സകലപാപവും ദൂഷണവും മനുഷ്യരോടു ക്ഷമിക്കും; ആത്മാവിന്നു നേരെയുള്ള ദൂഷണമോ ക്ഷമിക്കയില്ല. ആരെങ്കിലും മനുഷ്യ പുത്രന്നു നേരെ ഒരു വാക്കു പറഞ്ഞാൽ അതു അവനോടു ക്ഷമിക്കും; പരിശുദ്ധാത്മാവിന്നു നേരെ പറഞ്ഞാലോ ഈ ലോകത്തിലും വരുവാനുള്ളതിലും അവനോടു ക്ഷമിക്കയില്ല.❞ (മത്താ, 12:31-32). ➟ക്രിസ്തു ബെയെത്സെബൂലിനെക്കൊണ്ടാണ് ഭൂതങ്ങളെ പുറത്താക്കുന്നതെന്ന് പരീശന്മാർ ആരോപിച്ചപ്പോൾ അവൻ പറയുന്നത് ശ്രദ്ധിക്കുക: മനുഷ്യപുത്രനെക്കുറിച്ച് അഥവാ, തന്നെക്കുറിച്ച് എന്തെങ്കിലും പറഞ്ഞാൽ ക്ഷമിക്കും; പരിശുദ്ധാത്മാവിനതിരെ ദൂഷണം പറഞ്ഞാൽ ഈ ലോകത്തിലും വരുവാനുള്ളതിലും അവനോടു ക്ഷമിക്കയില്ല: (മത്താ, 12:24). ➟മർക്കൊസിൽ ❝നിത്യശിക്ഷയ്ക്ക് യോഗ്യനാകും❞ എന്നാണ്: (മർക്കൊ, 3:28-29; ലൂക്കൊ, 12:10). ➟എന്തുകൊണ്ടാണ് തനിക്കെതിരെ പറഞ്ഞാൽ ക്ഷമിക്കും; പരിശുദ്ധാത്മാവിൻ്റെ നേരെ പറഞ്ഞാൽ ക്ഷമിക്കയില്ലെന്ന് ക്രിസ്തു പറഞ്ഞത്❓ ➟പിതാവും പരിശുദ്ധാത്മാവും ഒന്നുതന്നെയാണ്. അഥവാ, പിതാവു് ദൈവത്തിൻ്റെ നേരിട്ടുള്ള (ദൃശ്യമായ) വെളിപ്പാടും (മത്താ, 18:11) ആത്മാവു് ദൈവത്തിൻ്റെ അദൃശ്യമായ വെളിപ്പാടുമാണ്: (യോഹ, 3:8). പിതാവും പരിശുദ്ധാത്മാവും ഒന്നാണെന്നതിനു അനേകം തെളിവുകളുണ്ട്: (സങ്കീ, 139:7-10; യെശ,  6:8-10പ്രവൃ, 28:26-27; യെശ, 44:24ഇയ്യോ, 33:4; ലൂക്കൊ, 3:22യോഹ, 16:32;  മത്താ, 12:28പ്രവൃ, 2:22; 1പത്രൊ, 3:18പ്രവൃ, 2:31; പ്രവൃ, 5:35:4; 1കൊരി, 3:16-17). [കാണുക: പരിശുദ്ധാത്മാവ് ആരാണ്?]. ➟❝പരിശുദ്ധൻ❞ എന്നത് ദൈവത്തിൻ്റെ ഉപനാമം ആകയാലാണ്, ദൈവത്തിൻ്റെ ആത്മാവിനെ ❝പരിശുദ്ധ ആത്മാവു❞ എന്ന് വിശേഷിപ്പിക്കുന്നത്: (യെശ, 57:15 വെളി, 15:4). ➟പരിശുദ്ധാത്മാവ് ദൈവവും (പ്രവൃ, 5:3-4; 1കൊരി, 3:16) ക്രിസ്തു മനുഷ്യനുമാണ്: (യോഹ, 8:40). ➟അതുകൊണ്ടാണ്, തന്നെക്കുറിച്ച് പറഞ്ഞാൽ ക്ഷമിക്കും; പരിശുദ്ധാത്മാവിനെതിരെ പറഞ്ഞാൽ ക്ഷമിക്കയില്ലെന്ന് പറയുന്നത്. ➟ട്രിനിറ്റി വിചാരിക്കുന്നപോലെ, ദൈവം സമനിത്യരായ മൂന്നു വ്യക്തികളാണെങ്കിൽ, പരിശുദ്ധാത്മാവിനെതിരെ പറഞ്ഞാലും പുത്രനെതിരെ പറഞ്ഞാലും ഒരുപോലെ ക്ഷമിക്കപ്പെടുകയില്ലെന്ന് അവൻ പറയുമായിരുന്നു. ➟ക്രിസ്തു കന്യകയിൽ ഉല്പാദിതമായി അവളിൽനിന്ന് ജനിച്ചുജീവിച്ചു മരിച്ചുയിർത്തത് പരിശുദ്ധാത്മാവിലായിരുന്നു. (മത്താ, 1:20; ലൂക്കൊ, 1:35; എബ്രാ, 9:14; 1പത്രൊ, 3:18). ➟നമ്മുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ ചുമന്നുകൊണ്ട് ക്രൂശിൽമരിച്ച പുരുഷനായ (𝐌𝐚𝐧) നസറായനായ യേശുവിനെ ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ചിട്ടാണ് മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവുമായി തൻ്റെ വലങ്കയ്യാൽ ഉയർത്തിയത്: (1പത്രൊ, 2:24; പ്രവൃ, 2:23-24; പ്രവൃ, 2:36; പ്രവൃ, 5:31). ➟ദൈവം അമർത്യനാണ്: (1തിമൊ, 6:16). ➟ദൂതന്മാർക്കുപോലും വംശാവലിയോ, ജനനമോ, മരണമോ ഇല്ലാതിരിക്കെ, ദൈവത്താൽ വംശാവലിയോടെ ജനിച്ചുജീവിച്ചു മരിച്ചുയിർത്ത ക്രിസ്തു എപ്പോഴാണ് അമർത്യനായ ദൈവമായത്❓ (കാണുക: പരിശുദ്ധാത്മാവിലുള്ള യേശുവിൻ്റെ ജീവചരിത്രം, മനുഷ്യനായ ക്രിസ്തുയേശു, മനുഷ്യനായ യേശുക്രിസ്തു; ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക, ദൈവഭക്തിയുടെ മർമ്മം]

യഹോവയുടെ സൈന്യത്തിന്റെ അധിപതി യേശുക്രിസ്തുവോ?
➦ ❝യോശുവ യെരീഹോവിന്നു സമീപത്തു ഇരിക്കുമ്പോൾ തല ഉയർത്തി നോക്കി; ഒരു ആൾ കയ്യിൽ വാൾ ഊരിപ്പിടിച്ചുകൊണ്ടു അവന്റെ നേരെ നില്ക്കുന്നതു കണ്ടു; യോശുവ അവന്റെ അടുക്കൽ ചെന്നു അവനോടു: നീ ഞങ്ങളുടെ പക്ഷക്കാരനോ ശത്രുപക്ഷക്കാരനോ എന്നു ചോദിച്ചു. അതിന്നു അവൻ: അല്ല, ഞാൻ യഹോവയുടെ സൈന്യത്തിന്റെ അധിപതിയായി ഇപ്പോൾ വന്നിരിക്കുന്നു എന്നു പറഞ്ഞു. അപ്പോൾ യോശുവ സാഷ്ടാംഗം വീണു നമസ്കരിച്ചു അവനോടു: കർത്താവിന്നു അടിയനോടുള്ള കല്പന എന്തു എന്നു ചോദിച്ചു. യഹോവയുടെ സൈന്യത്തിന്റെ അധിപതി യോശുവയോടു: നിന്റെ കാലിൽനിന്നു ചെരിപ്പു അഴിച്ചുകളക; നീ നില്ക്കുന്ന സ്ഥലം വിശുദ്ധമാകുന്നു എന്നു പറഞ്ഞു; യോശുവ അങ്ങനെ ചെയ്തു.❞ (യോശുവ 5:13-15). ➟ഇവിടെക്കാണുന്ന യഹോവയുടെ സൈന്യത്തിന്റെ അധിപതി ❛ക്രിസ്റ്റഫനി❜ (𝐂𝐡𝐫𝐢𝐬𝐭𝐨𝐩𝐡𝐚𝐧𝐲) അഥവാ, യേശുക്രിസ്തുവിന്റെ പഴയനിയമ വെളിപ്പെടായി കാണുന്നവരുണ്ട്. ➟അതിനോടുള്ള ബന്ധത്തിൽ ചില കാര്യങ്ങൾ പറയാം:
പുരുഷൻ:
☛ യോശുവ തലപൊക്കി നോക്കുമ്പോൾ കാണുന്നത് ഒരു ആൾ കയ്യിൽ വാളുമായി നിൽക്കുന്നതാണ്. ➟ഇവിടുത്തെ ❛𝗜𝘀𝗵❜ എന്ന എബ്രായ പദത്തിന് ❛പുരുഷൻ❜ (𝐌𝐚𝐧) എന്നാണർത്ഥം. ➟പഴയനിയമത്തിൽ ❛ദൂതനും❜ (𝐈𝐬𝐡 ⁃ 𝐌𝐚𝐧) ❛ദൂതന്മാരും❜ (𝐀𝐧𝐚𝐬𝐡𝐢𝐦 ⁃ 𝐌𝐞𝐧) പുരുഷരൂപത്തിൽ വന്നിരിക്കുന്ന പല തെളിവുകളുമുണ്ട്: (യെഹെ, 9:2-3; ദാനീ, 9:21; സെഖ, 1:8; 1:10 ⁃⁃ ഉല്പ, 18:16; 18:22). ➟എന്നാൽ യേശുക്രിസ്തു പഴയനിയമത്തിൽ വെളിപ്പെട്ടതിൻ്റെ യാതൊരു തെളിവും കാണാൻ കഴിയില്ല.
യഹോവയുടെ സൈന്യത്തിന്റെ അധിപതി:
☛ യോശുവ കണ്ട ആൾ പറയുന്നത്: ❝ഞാൻ യഹോവയുടെ സൈന്യത്തിന്റെ അധിപതി❞ എന്നാണ്. ➟❛സൈന്യത്തിന്റെ അധിപതി/സേനാപതി❜ (𝐓𝐡𝐞 𝐜𝐚𝐩𝐭𝐚𝐢𝐧 𝐨𝐟 𝐚𝐫𝐦𝐲, 𝐜𝐚𝐩𝐭𝐚𝐢𝐧 𝐨𝐟 𝐭𝐡𝐞 𝐡𝐨𝐬𝐭) എന്ന അർത്ഥത്തിൽ ഉപയോഗിക്കുന്ന ❛𝗦𝗮𝗿 𝗧𝘀𝗮𝘃𝗮❜ എന്ന എബ്രായ പദം, ➟മനുഷ്യസൈന്യത്തിൻ്റെ സേനാപതിയെ കുറിക്കാൻ ആവർത്തിച്ച് ഉപയോഗിച്ചിരിക്കുന്ന പദമാണിത്: (ന്യായാ, 4:7; 1ശമൂ, 12:9; 2ശമൂ, 2:8; 10:16; 19:13). ➟എന്നാൽ യോശുവ കാണുന്നവൻ യഹോവയായ ദൈവത്തിൻ്റെ സൈന്യാധിപനെയാണ്.
☛ യഹോവയുടെ സൈന്യം മനുഷ്യസൈന്യമല്ല; ദൂതസൈന്യമാണ്: ➟❝നീ യഹോവയുടെ വചനം കേൾക്ക: യഹോവ തന്റെ സിംഹാസനത്തിൽ ഇരിക്കുന്നതും സ്വർഗ്ഗത്തിലെ സൈന്യം ഒക്കെയും അവന്റെ അടുക്കൽ വലത്തും ഇടത്തും നില്ക്കുന്നതും ഞാൻ കണ്ടു.❞ (1രാജാ, 22:19). ➟മീഖായാവ് കാണുന്ന ❛സ്വർഗ്ഗീയസൈന്യം❜ (𝐇𝐞𝐚𝐯𝐞𝐧𝐥𝐲 𝐇𝐨𝐬𝐭) എബ്രായയിൽ ❛𝗧𝘀𝗲𝘃𝗮 𝗛𝗮𝗦𝗵𝗮𝗺𝗮𝘆𝗶𝗺❜ ആണ്. ➟അത് ദൂതസൈന്യമാണ്: (സങ്കീ, 103:20-22 ⁃⁃ നെഹെ, 9:6). ➟ആ സൈന്യത്തിൻ്റെ അധിപതിയാണ് യോശുവയുടെ അടുക്കൽ വന്നത്. ➟ആ ദൂതൻ മീഖായേൽ അല്ലാതെ, മറ്റാരും ആകില്ല: (ദാനീ, 10:13; 12:1).
☛ യഹൂദന്മാരുടെ ഔദ്യോഗിക ബൈബിളായ ❛തനാഖിൽ❜ (TanaKh) പ്രശസ്ത യഹൂദ ബൈബിൾ വ്യാഖ്യാതാവായ ❛𝗥𝗮𝘀𝗵𝗶❜ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന 𝗥𝗮𝗯𝗯𝗶 𝗦𝗵𝗹𝗼𝗺𝗼 𝗬𝗶𝘁𝘇𝗰𝗵𝗮𝗸𝗶-ൻ്റെ വ്യാഖ്യാനവുമുണ്ട്. ➟അതിൽ പറയുന്നതും യെഹൂദന്മാരുടെ പ്രഭുവായ മീഖായേൽ ദൂതൻ ആണെന്നാണ്: (ദാനീ, 10:21; 12:1). ➟ദൈവത്തിൻ്റെ വചനം ഭരമേല്പിക്കപ്പെട്ടവരും (സങ്കീ, 147:19-20; റോമ, 3:2), ➟ദൈവം പഴയപുതിയനിയമങ്ങൾ ചെയ്ത ഏകജാതി എന്ന നിലയിലും യെഹൂദൻ്റെ വ്യാഖ്യാനം വിശ്വാസയോഗ്യമാണ്: (പുറ, 20:1-18; പുറ, 24:3-11 ⁃⁃ യിരെ, 31:31-34; എബ്രാ, 8:8-12).
❸ 𝗔𝗱𝗼𝗻𝗮𝘆/𝗮𝗱𝗼𝗻𝗶:
☛ യോശുവ സൈന്യത്തിൻ്റെ അധിപതിയെ സാഷ്ടാംഗം വീണു നമസ്കരിച്ചുകൊണ്ട്, ❝കർത്താവിന്നു അടിയനോടുള്ള കല്പന എന്തു❞ എന്നു ചോദിക്കുന്നതായി കാണാം. ➟യേശുവ അധിപതിയെ നമസ്കരിച്ചതുകൊണ്ട്, അവൻ ദൈവമാണെന്ന് കരുതുന്നവരുണ്ട്. ➟അവൻ ദൈവമാണോ, അല്ലയോ എന്ന് മനസ്സിലാക്കാൻ പ്രസ്തുത വാക്യത്തിൽത്തന്നെ മാർഗ്ഗമുണ്ട്. ➟ഇവിടെ ❛കർത്താവു❜ എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന എബ്രായപദം ദൈവത്തിന് ഉപയോഗിക്കുന്നു ❛𝗔𝗱𝗼𝗻𝗮𝘆❜ എന്ന പദമല്ല; ➟ദൂതന്മാർക്കും മനുഷ്യർക്കും ഉപയോഗിക്കുന്ന ❛𝗮𝗱𝗼𝗻𝗶❜ എന്ന പദമാണ്: (ന്യായാ, 6:13; ദാനീ, 10:16; 10:19 ⁃⁃ ഉല്പ, 24:12; 24:27; 24:35). ➟❛𝗔𝗱𝗼𝗻𝗮𝘆❜ എന്ന പദത്തിന് ❛എൻ്റെ കർത്താവു❜ (𝐌𝐲 𝐋𝐨𝐫𝐝) എന്നും, ➟❛𝗮𝗱𝗼𝗻𝗶❜ എന്ന പദത്തിന് ❛എൻ്റെ യജമാനൻ❜ (𝐦𝐲 𝐥𝐨𝐫𝐝) എന്നുമാണർത്ഥം. ➟സത്യവേദപുസ്തകത്തിൽ കർത്താവ് എന്നാണ് പരിഭാഷ ചെയ്തിരിക്കുന്നത്. ➟എന്നാൽ 𝗔𝗠𝗣, 𝗘𝗦𝗩, 𝗞𝗝𝗩, 𝗡𝗔𝗦𝗕, 𝗡𝗜𝗩, 𝗡𝗞𝗝𝗩 മുതലായ മിക്ക ഇംഗ്ലീഷ് പരിഭാഷകളിൽ ❛𝗺𝘆 𝗹𝗼𝗿𝗱❜ എന്ന് ചെറിയ അക്ഷരത്തിലാണ് കാണാൻ കഴിയുക. ➟അതിനാൽ സൈന്യത്തിൻ്റെ അധിപതി ദൈവത്തിൻ്റെ സൃഷ്ടിയാണെന്ന് മനസ്സിലാക്കാം.
ആരാധനയും ആചാരപരമായ നമസ്കാരവും:
☛ ആരാധനയും ആചാരപരമായ നമസ്കാരവും രണ്ടാണ്. ➟❛ഷഹാ❜ (𝐒𝐡𝐚𝐡𝐚) എന്ന എബ്രായ പദവും ➟❛പ്രൊസ്കുനിയൊ❜ (𝐏𝐫𝐨𝐬𝐤𝐲𝐧𝐞𝐨) എന്ന ഗ്രീക്കുപദവും എബ്രായ ബൈബിളിലും ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന സെപ്റ്റ്വജിൻ്റിലും (𝐋𝐗𝐗), ➟ദൈവത്തെ ആരാധിക്കാനും ➟ദൂതന്മാരെ നമസ്കരിക്കാനും ➟മനുഷ്യരെയും രാജാക്കന്മാരെയും ആചാരപരമായി നമസ്കരിക്കാനും അഭിന്നമായി ഉപയോഗിച്ചിട്ടുള്ള പദമാണ്. 𝟭.ദൈവം: (ഉല്പ, 24:26; ഉല്പ, 24:48; ഉല്പ, 24:52; പുറ, 34:8; 1ശമൂ, 15:31; 2ശമൂ, 12:20). 𝟮.ദൂതന്മാർ: (ഉല്പ, 19:1). 𝟯.മനുഷ്യർ: (ഉല്പ,23:7; ഉല്പ, 33:3; ഉല്പ, 33:6; ഉല്പ, 33:7; ഉല്പ, 37:10; ഉല്പ, 42:6; ഉല്പ, 43:26). 𝟰.രാജാക്കന്മാർ: (1ശമൂ, 24:8; 1ശമൂ, 25:23; 2ശമൂ, 9:6; 2ശമൂ, 14:4; 2ശമൂ, 14:22; 2ശമൂ, 14:33; 2ശമൂ, 16:4; 2ശമൂ, 18:28; 2ശമൂ, 24:20; 1രാജാ, 1:16; 1രാജാ, 1:23; 1രാജാ, 1:31; 1രാജാ, 1:53; 1ദിന, 21:21). ➟ലോത്ത് രണ്ട് ദൂതന്മാരെ നിലംവരെ കുനിഞ്ഞു നമസ്കരിച്ചത് ആരാധനയല്ല; ആചാരപരമായ നമസ്കാരമാണ്: (ഉല്പ, 19:1). ➟അതിനാൽ യഹോവയുടെ സൈന്യത്തിൻ്റെ അധിപതിയായ ദൂതനെ യോശുവ നമസ്കരിച്ചതുകൊണ്ട് അവൻ ദൈവമോ, യേശുവോ ആകുന്നില്ല.
നീ നില്ക്കുന്ന സ്ഥലം വിശുദ്ധമാകുന്നു:
☛ ദൂതനാണ് പ്രത്യക്ഷനായത് എന്നതിന് വ്യക്തമായ തെളിവ് ഇനിയുമുണ്ട്. ➟സൈന്യത്തിൻ്റെ അധിപതി യോശുവയോടു: ❝നിന്റെ കാലിൽനിന്നു ചെരിപ്പു അഴിച്ചുകളക; നീ നില്ക്കുന്ന സ്ഥലം വിശുദ്ധമാകുന്നു❞ എന്ന് പറയുന്നതായി കാണാം. ➟ഇതേകാര്യം ഹോരേബിൽ ദൂതൻ മോശെയ്ക്ക് പ്രത്യക്ഷനായ സമയത്തും പറയുന്നതായി കാണാം: (പുറ, 3:5). ➟രണ്ട് സംഭവങ്ങളും താരതമ്യം ചെയ്താൽ, രണ്ടിടത്തും പ്രത്യക്ഷനായത് ദൂതനാണെന്നും ➟എന്തുകൊണ്ടാണ് ദൂതൻ്റെ പ്രത്യക്ഷതയിൽ ആ സ്ഥലം വിശുദ്ധമായതെന്നും മനസ്സിലാക്കാം. ➟പുറപ്പാടിൽ ❝യഹോവയുടെ ദൂതൻ പ്രത്യക്ഷനായി❞ എന്നാണ്: (പുറ, 3:2). ➟യോശുവയിൽ ❝യഹോവയുടെ സൈന്യത്തിന്റെ അധിപതിയായി ഇപ്പോൾ വന്നിരിക്കുന്നു❞ എന്നാണ്: (യോശു, 5:14). ➟രണ്ടിടത്തും ❝നീ നില്ക്കുന്ന സ്ഥലം വിശുദ്ധഭൂമിയാകയാൽ കാലിൽനിന്നു ചെരിപ്പു അഴിച്ചുകളക❞ എന്നു എന്ന് പറയുന്നതായി കാണാം. ➟ഇക്കാര്യം പുറപ്പാടിൽ ദൈവവും യോശുവയിൽ യഹോവയുടെ സൈന്യാധിപനുമാണ് പറയുന്നത്: (പുറ, 3:5 ⁃⁃ യോശു, 5:15). ➟എന്നാൽ രണ്ടിടത്തും യഹോവ സംസാരിക്കുന്നതായി കാണാം. ➟പുറപ്പാടിൽ ദൂതൻ പ്രത്യക്ഷമായി എന്ന് പറഞ്ഞശേഷം, പിന്നീട് സംസാരിക്കുന്നത് മുഴുവൻ യഹോവയാണ്. ➟എന്നാൽ യോശുവയിൽ സൈന്യത്തിൻ്റെ അധിപതി സംസാരിച്ചശേഷം പിന്നെ സംസാരിക്കുന്നത് യഹോവയാണ്: (യോശു, 6:2-5). ➟പുറപ്പാടിൽ പ്രത്യക്ഷനായത് ദൂതനാണെന്ന് പുതിയനിയമത്തിലും പറഞ്ഞിട്ടുണ്ട്: (പ്രവൃ, 7:30; 7:35). ➟അതിനാൽ രണ്ടിടത്തും പ്രത്യക്ഷനായത് ദുതനാണെന്ന് മനസ്സിലാക്കാം.
ദൂതൻ മുഖാന്തരമുള്ള ദൈവത്തിൻ്റെ പ്രത്യക്ഷത:
☛ രണ്ടിടത്തും പ്രത്യക്ഷനായത് ദൂതനാണെന്നും, ➟രണ്ടിടത്തും യഹോവ സംസാരിച്ചു എന്നും നമ്മൾ കണ്ടു. ➟ഇത് കേവലം ദൂതൻ്റെ പ്രത്യക്ഷതല്ല; പ്രത്യുത, ദൂതൻ മുഖാന്തരമുള്ള ദൈവത്തിൻ്റെ പ്രത്യക്ഷതയാണ്. ➟അതായത്, മോശെയും യോശുവയും തങ്ങളുടെ കണ്ണാൽ കണ്ടത് ദുതനെയാണ്. ➟എന്നാൽ അവർ കേട്ട ശബ്ദം യഹോവയായ ദൈവത്തിൻ്റെയാണ്. ➟എന്നുവെച്ചാൽ, ദൂതൻ മുഖാന്തരം സാക്ഷാൽ യഹോവ തന്നെയാണ് അവർക്ക് പ്രത്യക്ഷമായത്. ➟അതുകൊണ്ടാണ്, രണ്ടിടത്തും ദൂതൻ പ്രത്യക്ഷമായ സ്ഥലം വിശുദ്ധമായി മാറിയത്. ➟അല്ലാതെ, യേശുക്രിസ്തുവിന് പഴയനിയമത്തിൽ പ്രത്യക്ഷതയൊന്നുമില്ല. ➟തന്നെയുമല്ല, യേശു ❛യഹോവയുടെ സൈന്യത്തിന്റെ അധിപതി❜ ആണെന്ന് വചനവിരുദ്ധമായി വാദിച്ചാൽ, ➟അവൻ ആ സൈന്യത്തിൻ്റെ അധിപതിയായ ഒരു അംഗമാണ് എന്നാണ് അതിൻ്റെ അർത്ഥം. ➟അതായത്, യേശുക്രിസ്തു ദൈവത്തിൻ്റെ സൃഷ്ടിയായ മീഖായേൽ ദൂതനാണെന്ന് സ്ഥാപിക്കാനുള്ള ശ്രമമാണത്. ➟അല്ലാതെ, സൈന്യങ്ങളുടെ അധിപതിയെ ദൈവമാക്കാനൊന്നും പ്രസ്തുത വാക്യംകൊണ്ട് പറ്റില്ല.

രാജാധിരാജാവും കർത്താധികർത്താവും:
➦ രാജാധിരാജാവും കർത്താധികർത്താവും എന്ന പ്രയോഗം സത്യവേദപുസ്തകത്തിൽ മൂന്നുപ്രാവശ്യമുണ്ട്. ദൈവത്തിനും കുഞ്ഞാടിനും വെള്ളക്കുതിരപ്പുറത്തിരിക്കുന്നവനും ഈ പ്രയോഗം ഉപയോഗിച്ചിട്ടുണ്ട്. (1തിമൊ, 6:15; വെളി, 17:14; വെളി, 19:16).
​❶ ദൈവത്തെ “രാജാധിരാജാവും കർത്താധികർത്താവും” (The King of kings and Lord of lords) എന്നുപറയാൻ മൂലഭാഷയായ കൊയ്നേ ഗ്രീക്കിൽ, “ho Basileus tōn basileuontōn kai Kyrios tōn kyrieuontōn” എന്നാണ്: (1തിമൊ, 6:15).
​❷ കുഞ്ഞാടിനെ “താൻ കർത്താധികർത്താവും രാജാധിരാജാവും” (He is Lord of lords and King of kings) എന്നുപറയാൻ ഗ്രീക്കിൽ, “Kyrios kyriōn estin kai Basileus basileōn” എന്നാണ്: (വെളി, 17:14).
​❸ വെള്ളക്കുതിരപ്പുറത്ത് ഇരിക്കുന്നവനെ “രാജാധിരാജാവും കർത്താധികർത്താവും” (King of kings and Lord of lords) എന്നുപറയാൻ ഗ്രീക്കിൽ, “Basileus basileōn kai Kyrios kyriōn” എന്നാണ്: (വെളി, 19:16).
​☛ മേല്പറഞ്ഞ മൂന്ന് പ്രയോഗങ്ങളും മലയാളത്തിൽ അഭിന്നമായാണ് പരിഭാഷ ചെയ്തിരിക്കുന്നത്. എന്നാൽ ഗ്രീക്കിൽ ഒന്നാമത്തെ പ്രയോഗം, വ്യാകരണപരമായി രണ്ടും മൂന്നും പ്രയോഗങ്ങളിൽനിന്ന് വ്യത്യസ്തമാണ്. രണ്ടും മൂന്നും പ്രയോഗങ്ങൾ വചനപരമായും വ്യത്യാസമുണ്ട്. മൂന്നിടത്തും രാജാവ് (Basileus – King), കർത്താവ് (Kyrios – Lord) എന്നീ നാമപദങ്ങൾ ഒരുപോലെയാണ്. അതായത്, നിർദ്ദേശിക വിഭക്തിയിലും പുല്ലിംഗ ഏകവചനത്തിലുമുള്ള നാമപദങ്ങളാണ് (Nominative Case Masculine Singular Nouns) മൂന്നിലും കാണുന്നത്. എന്നാൽ ഒന്നാമത്തെ പ്രയോഗത്തിന്റെ അടുത്ത രണ്ട് പദങ്ങൾക്ക് വ്യത്യാസമുണ്ട്.
​❶ ദൈവം:
➦ മലയാളത്തിൽ ‘രാജാധി’ (രാജാക്കന്മാരുടെ) എന്നും, ‘കർത്താധി’ (കർത്താക്കന്മാരുടെ) എന്നുമാണ്. എന്നാൽ ഈ ഗ്രീക്കുപദങ്ങൾ: സംബന്ധിക വിഭക്തിയിലും പുല്ലിംഗ ബഹുവചനത്തിലുമുള്ള വർത്തമാനകാല സജീവ പങ്കാളിത്തമുള്ള ക്രിയാപദങ്ങളാണ്: (Genitive Case Masculine Plural Present Active Participle Verb). അതിനാൽ, ‘basileuontōn’ എന്ന പദത്തിന് “രാജാവായി വാഴുന്നവരുടെ” (of those who reign) എന്നും, ‘kyrieuontōn’ എന്ന പദത്തിന് “കർത്തൃത്വം നടത്തുന്നവരുടെ” (of those who rule) എന്നുമാണ് അർത്ഥം. തന്മൂലം, ഇതിന്റെ ശരിയായ പരിഭാഷ: “രാജാവായി വാഴുന്നവരുടെ രാജാവും കർത്തൃത്വം നടത്തുന്നവരുടെ കർത്താവും” (King of those who reign and Lord of those who rule) എന്നാണ്. 
​❷ കുഞ്ഞാട്:
➦ കുഞ്ഞാടിനെ കുറിക്കുന്ന അടുത്ത രണ്ട് പദങ്ങളായ, “kyriōn, basileōn” എന്നിവ; സംബന്ധിക വിഭക്തിയിലും പുല്ലിംഗ ബഹുവചനത്തിലുമുള്ള നാമപദങ്ങളാണ്: (Genitive Case Masculine Plural Nouns). ഇതിന്റെ അർത്ഥം യഥാക്രമം: ‘കർത്താധി’ (കർത്താക്കന്മാരുടെ – of lords), ‘രാജാധി’ (രാജാക്കന്മാരുടെ – of kings) എന്നാണ്. അതായത്, “താൻ കർത്താക്കന്മാരുടെ കർത്താവും രാജാക്കന്മാരുടെ രാജാവും” (He is Lord of lords and King of kings) എന്നാണ്.
​❸ വെള്ളക്കുതിരപ്പുറത്ത് ഇരിക്കുന്നവൻ:
➦ വെള്ളക്കുതിരപ്പുറത്ത് ഇരിക്കുന്നവൻ്റെയും അടുത്ത രണ്ട് പദങ്ങളായ, basileōn, kyriōn എന്നിവ; സംബന്ധിക വിഭക്തിയിലും പുല്ലിംഗ ബഹുവചനത്തിലുമുള്ള നാമപദങ്ങളാണ്: (Genitive Case Masculine Plural Nouns). ഇതിന്റെ അർത്ഥം യഥാക്രമം: ‘രാജാധി’ (രാജാക്കന്മാരുടെ – of kings), ‘കർത്താധി’ (കർത്താക്കന്മാരുടെ – of lords) എന്നാണ്. അതായത്, “രാജാക്കന്മാരുടെ രാജാവും കർത്താക്കന്മാരുടെ കർത്താവും” (King of kings and Lord of lords) എന്നാണ്.
​☛ മൂന്ന് പ്രയോഗങ്ങളുടെയും തമ്മിലുള്ള പ്രധാനപ്പെട്ട വ്യത്യാസങ്ങൾ എന്താണെന്ന് ചോദിച്ചാൽ: ദൈവത്തെ കുറിക്കുന്ന പ്രയോഗം പ്രവർത്തിക്ക് പ്രാധാന്യം നല്കുന്നതും കുഞ്ഞാടിന്റേത് പദവിക്ക് പ്രാധാന്യം നല്കുന്നതും വെള്ളക്കുതിരപ്പുറത്ത് ഇരിക്കുന്നവന്റേത് നാമത്തിന് പ്രാധാന്യം നൽകുന്നതുമാണ്. 
വിശദമായി:
​❶ ദൈവത്തെ കുറിക്കുന്ന ആദ്യപ്രയോഗത്തിലെ ‘basileuontōn’, ‘kyrieuontōn’ എന്നിവ കേവലം ക്രിയാപദങ്ങൾ മാത്രമല്ല, വർത്തമാനകാല സജീവ പങ്കാളിത്തമുള്ള (Present Active Participle) പദങ്ങളാണ്. അതായത്, ദൈവത്തിന്റെ കാര്യത്തിൽ അവിടുത്തെ എല്ലാക്കാലത്തുമുള്ള പരമാധികാര പ്രവൃത്തിക്കാണ് (Sovereignty in action) പ്രാധാന്യം നൽകിയിരിക്കുന്നത്.
​☛ രണ്ടും മൂന്നും പ്രയോഗങ്ങൾ ഉപയോഗിച്ചിരിക്കുന്ന ക്രമത്തിൽ വ്യത്യാസമുണ്ടെങ്കിലും, വ്യാകരണപരമായി ആശയം ഒന്നുതന്നെയാണ്. എന്നാൽ രണ്ടും മൂന്നും പ്രയോഗങ്ങൾ വചനപരമായി വ്യത്യസ്ത അർത്ഥത്തിലാണ് ഉപയോഗിച്ചിരിക്കുന്നത്.
❷ കുഞ്ഞാടിനെക്കുറിച്ച് പറഞ്ഞിരിക്കുന്നത്: “താൻ കർത്താധികർത്താവും രാജാധിരാജാവും” എന്നാണ്. ഇവിടെ മലയാളത്തിൽ ‘താൻ’ എന്നത് ഗ്രീക്കിൽ ‘estin’ എന്ന ക്രിയാപദമാണ് (Verb). ഇംഗ്ലീഷിൽ ‘He is’ എന്നാണ്. മലയാളത്തിൽ അതിന്റെ പൂർണ്ണമായ അർത്ഥം: “താൻ കർത്താധികർത്താവും രാജാധിരാജാവും ആകുന്നു” (He is Lord of lords and King of kings) എന്നാണ്. ഇവിടുത്തെ “കർത്താധികർത്താവും രാജാധിരാജാവും” എന്നത് കുഞ്ഞാടിന്റെ പദവി (Title) ആണ്.
☛ ആ വാക്യം ഇപ്രകാരമാണ്: “അവർ കുഞ്ഞാടിനോടു പോരാടും; താൻ കർത്താധികർത്താവും രാജാധിരാജാവും ആകകൊണ്ടു കുഞ്ഞാടു തന്നോടുകൂടെയുള്ള വിളിക്കപ്പെട്ടവരും തിരഞ്ഞെടുക്കപ്പെട്ടവരും വിശ്വസ്തരുമായി അവരെ ജയിക്കും.” (വെളി, 17:14). മൃഗത്തോടും രാജാക്കന്മാരോടും കർത്താധികർത്താവും രാജാധിരാജാവുമായ കുഞ്ഞാടും വിളിക്കപ്പെട്ടവരും ജയിക്കുന്നതാണ് വിഷയം.
❸ എന്നാൽ വെള്ളക്കുതിരപ്പുറത്ത് ഇരിക്കുന്നവനെക്കുറിച്ച് പറഞ്ഞിരിക്കുന്നത്: “രാജാധിരാജാവും കർത്താധികർത്താവും എന്ന നാമം അവന്റെ ഉടുപ്പിന്മേലും തുടമേലും എഴുതിയിരിക്കുന്നു” എന്നാണ്: (വെളി, 19:16). ഇവിടെ കൃത്യമായി ‘നാമം’ (Name) എന്നർത്ഥമുള്ള ‘Onoma’ എന്ന ഗ്രീക്കുപദമാണ് ഉപയോഗിച്ചിരിക്കുന്നത്. അതായത്, “രാജാധിരാജാവും കർത്താധികർത്താവും” (King of kings and Lord of lords) എന്നത് വെള്ളക്കുതിരപ്പുറത്ത് ഇരിക്കുന്നവന്റെ പേരാണ്. ഒന്നുകൂടി വ്യക്തമാക്കിയാൽ: വെള്ളക്കുതിരപ്പുറത്ത് ഇരിക്കുന്നവന് അവിടെ നാല് പേരുകൾ പറഞ്ഞിട്ടുണ്ട്: “വിശ്വസ്തനും സത്യവാനും” (19:11), “അവനല്ലാതെ ആർക്കും അറിയാത്ത നാമം” (19:12), “ദൈവവചനം” (19:13), “രാജാധിരാജാവും കർത്താധികർത്താവും” (19:16). അതിലൊരു നാമമാണിത്.
​☛ ചുരുക്കത്തിൽ: “രാജാധിരാജാവും കർത്താധികർത്താവും” എന്ന പ്രയോഗം ദൈവത്തിനും കുഞ്ഞാടിനും വെള്ളക്കുതിരപ്പുറത്ത് ഇരിക്കുന്നവനും ഉപയോഗിച്ചിരിക്കുന്നത് വ്യത്യസ്ത അർത്ഥത്തിലും ആശയത്തിലുമാണ്. ദൈവത്തിന് തൻ്റെ പരമാധികാര പ്രവർത്തിയും കുഞ്ഞാടിൻ്റെ പദവിയും വെള്ളക്കുതിരപ്പുറത്ത് ഇരിക്കുന്നവൻ്റെ പേരുമാണ്.

പരമാർത്ഥജ്ഞാനം 𝟙   
പരമാർത്ഥജ്ഞാനം 𝟚   
പരമാർത്ഥജ്ഞാനം 𝟛      
പരമാർത്ഥജ്ഞാനം 𝟜
പരമാർത്ഥജ്ഞാനം 𝟝