☛ യേശുക്രിസ്തു ഏകദൈവമാണെന്നും, ദൈവം ത്രിത്വമാണെന്നും വിചാരിക്കുന്നവരുണ്ട്. എന്നാൽ നമ്മുടെ കർത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിൻ്റെ ദൈവവീക്ഷണം (Jesus Christ’s View of God) എന്താണെന്ന് ബൈബിളിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്. അത് മനസ്സിലായിക്കഴിയുമ്പോൾ, ദൈവം ആരാണെന്നും അവൻ ഏകനാണോ, ത്രിത്വമാണോ എന്നൊക്കെ അറിയാൻ കഴിയും:
𝟭. എല്ലാറ്റിലും മുഖ്യകല്പന:
➟ യിസ്രായേലിൻ്റെ ഷേമ പ്രഖ്യാപനമാണ് യേശു മുഖ്യകല്പനയായി പഠിപ്പിച്ചത്: “എല്ലാറ്റിലും മുഖ്യകല്പനയോ: യിസ്രായേലേ, കേൾക്ക; നമ്മുടെ ദൈവമായ കർത്താവു ഏക കർത്താവു.നിന്റെ ദൈവമായ കർത്താവിനെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടും കൂടെ സ്നേഹിക്കേണം, എന്നു ആകുന്നു.” (മർക്കൊ, 12:29-30 – ആവ, 6:4-5). യെഹൂദന്മാർ ദിവസവും രണ്ടുനേരം ചൊല്ലുന്ന (രാവിലെയും വൈകുന്നേരവും) ചൊല്ലുന്ന, യഹോവയായ ഏകദൈവത്തിലുള്ള വിശ്വാസത്തിന്റെയും (Monotheism) ദൈവത്തെ പൂർണ്ണഹൃദയത്തോടെ സ്നേഹിക്കണമെന്ന കല്പനയുടെയും പ്രഖ്യാപനമാണിത്. യേശു ഇവിടെ പഴയനിയമ ഉദ്ധരണിയെടുത്ത് “യഹോവ ഒരുത്തൻ മാത്രമാണ് ദൈവം” എന്ന് വളരെ വ്യക്തമായാണ് പഠിപ്പിച്ചിരിക്കുന്നത്. എന്നാൽ ചിലർ ഇതിനെ “ഏകൻ” (one) എന്നാൽ ഒരുവനല്ല; പലരാണെന്ന് വ്യാഖ്യാനിക്കുന്നു. “ഷെമാ പ്രഖ്യാപനത്തിൻ്റെ എബ്രായയിൽ “ഒന്നിനെ” (One) കുറിക്കുന്ന “എഹാദും” (Ehad), സെപ്റ്റ്വജിൻ്റിലും പുതിയനിയമത്തിലും “ഹെയ്സും” (Heis) ആണ്. ഈ പദങ്ങളുടെ വ്യാകരണ വിവരണം (Grammatical Description) അറിയാത്തതുകൊണ്ടാണ്, പദങ്ങൾക്ക് ബഹുത്വമുണ്ടെന്ന് പലരും വിചാരിക്കുന്നത്. ഇതൊരു “പുല്ലിംഗ ഏകവചന കേവല എണ്ണൽസംഖ്യയാണ്” (Masculine Singular Absolute Cardinal Number). ഒന്നുകൂടി ലളിതമായി പറഞ്ഞാൽ, നമ്മുടെ എണ്ണൽ സംഖ്യകളിൽ ആദ്യത്തേതും, അവയിലെ ഒരേയൊരു ഏകവചന സംഖ്യയുമാണിത്. ഇതിന് ഒരു ഭാഷയിലും ബഹുത്വം ഉണ്ടാകില്ല; ഉണ്ടാകാൻ പാടില്ല. ശാസ്ത്രങ്ങളുടെ റാണിയായ ഗണിതശാസ്ത്രത്തിൻ്റെ അടിസ്ഥാനം തകർത്തുകളയുന്ന ദുരുപദേശമാണ് ഒന്നിന് ബഹുത്വമുണ്ടെന്ന ത്രിത്വവാദം.” വചനപരമായും ഇത് ദുർവ്യാഖ്യാനമാണെന്ന് യേശുവിൻ്റെ വാക്കുകേട്ട ശാസ്ത്രിയുടെ മറുപടിയിൽനിന്ന് മനസ്സിലാക്കാം: “നന്നു, ഗുരോ, നീ പറഞ്ഞതു സത്യം തന്നേ; ഏകനേയുള്ളൂ; അവനല്ലാതെ മറ്റൊരുത്തനുമില്ല.” (മർക്കൊ, 12:32). ശാസ്ത്രിയുടെ വാക്കുകൾ ശ്രദ്ധിക്കുക: “യഹോവ ഏകനേയുള്ളൂ; അവനല്ലാതെ മറ്റൊരുത്തനുമില്ല.” ഇവിടെ ഗ്രീക്കിൽ പ്രഥമപുരുഷ ഏകവചനത്തിലുള്ള (3rd Person Singular) മൂന്ന് പ്രയോഗങ്ങൾ കാണാം: “heis estin ⁃ He is one ⁃ അവൻ ഏകനേയുള്ളൂ”, “our estin allos ⁃ there is no other ⁃ മറ്റൊരുത്തനുമില്ല”, “plen autou ⁃ besides him ⁃ അവനല്ലാതെ.” അതായത്, യഹോവ ഒരുത്തൻ മാത്രമാണെന്ന് ദൈവം എന്ന് അസന്ദിഗ്ദ്ധമായാണ് ശാസ്ത്രി യേശുവിനോട് പറഞ്ഞത്. ഇതുകേട്ട യേശുവിൻ്റെ പ്രത്യുത്തരം അതിലും ശ്രദ്ധേയമാണ്: “അവൻ ബുദ്ധിയോടെ ഉത്തരം പറഞ്ഞു എന്നു യേശു കണ്ടിട്ടു: നീ ദൈവരാജ്യത്തോടു അകന്നവനല്ല എന്നു പറഞ്ഞു.” (മർക്കൊ, 12:34). “ദൈവം” (God) എന്ന പ്രകൃതിയിൽ പലരുണ്ടെന്ന് കരുതുന്നവരല്ല; പിതാവായ യഹോവ ഒരുത്തൻ മാത്രമാണെന്ന് ദൈവം എന്ന് വിശ്വസിക്കുന്നവരാണ് ദൈവരാജ്യത്തോട് അടുത്തുനിൽക്കുന്നത്. അതായത്, ക്രിസ്തുവിൻ്റെ വീക്ഷണത്തിൽ താൻ ദൈവമല്ല; “ഏകദൈവം അല്ലെങ്കിൽ, ഒരെയൊരു ദൈവം” യിസ്രായേലിൻ്റെ ഏകദൈവമായ യഹോവയാണ്. [കാണുക: എല്ലാറ്റിലും മുഖ്യകല്പന].
𝟮. ഏകദൈവം:
➟ “തമ്മിൽ തമ്മിൽ ബഹുമാനം വാങ്ങിക്കൊണ്ട് ഏകദൈവത്തിന്റെ പക്കൽനിന്നുള്ള ബഹുമാനം അന്വേഷിക്കാത്ത നിങ്ങൾക്ക് എങ്ങനെ വിശ്വസിപ്പാൻ കഴിയും?” (യോഹ, 5:44). ഈ വേദഭാഗത്ത് പറയുന്ന “ഏകദൈവം” ഗ്രീക്കിൽ, “tou monou theou” (τοῦ μόνου Θεοῦ) ആണ്. ഇംഗ്ലീഷിൽ “The only God” ആണ്: [കാണുക: BLB]. ഗ്രീക്കിലെ മോണോസ് തെയോസിൻ്റെ അർത്ഥം: ഒരു ദൈവം എന്നല്ല; “ഒരെയൊരു ദൈവം അല്ലെങ്കിൽ, ഒരുത്തൻ മാത്രം ദൈവം” എന്നാണ്. എബ്രായയിലെ Bad, Badad, ഗ്രീക്കിലെ Monos, മലയാളത്തിലെ ഏകം, ഒരേയൊരു, മാത്രം, തനിയെ, ഒറ്റയ്ക്ക് എന്നിവ മറ്റാരെയും ഉൾപ്പെടുത്താത്ത (Exclusive) പദങ്ങളാണ്. ഈ ശ്രേണിയിലെ Monos എന്ന പദംകൊണ്ടാണ് പിതാവാണ് “ഏകദൈവം” (The only God) എന്ന് യേശുക്രിസ്തു പഠിപ്പിച്ചത്. അതായത്, ഉത്തമ പുരുഷനായ ക്രിസ്തു (1st person), മധ്യമപുരുഷനായ യെഹൂദന്മാരോട് (2nd person), പ്രഥമപുരുഷനായ അഥവാ, മൂന്നാമനായ (3rd person) ഒരേയൊരു ദൈവത്തെക്കുറിച്ചാണ് പഠിപ്പിച്ചത്. ചിലർ വിചാരിക്കുന്നപോലെ, യഹോവയായ ഏകദൈവം തന്നെയാണ് യേശു എങ്കിലോ, മറ്റുചിലർ കരുതുന്നപോലെ യേശു പിതാവിനോട് സമനായ ദൈവമാണെങ്കിലോ, യേശു ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനാണെങ്കിലോ പിതാവിനെ “ഒരേയൊരു ദൈവം” എന്ന് പ്രഥമപുരുഷനിൽ യേശു പഠിപ്പിക്കില്ലായിരുന്നു. യേശു മാത്രമല്ല; പൗലൊസും യേശുവിൻ്റെ സ്വന്തസഹോദരനായ യൂദായും ഈ സത്യം പഠിപ്പിച്ചിട്ടുള്ളതാണ്: (Rom, 16:27; 1Tim, 1:17; Jud, 1:25). എന്നുവെച്ചാൽ, യേശുക്രിസ്തുവിൻ്റെ വീക്ഷണത്തിൽ താൻ ദൈവമല്ല; പിതാവാണ് ഒരേയൊരു ദൈവം.
𝟯. ഏകസത്യദൈവം:
➟ “ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.” (യോഹ, 17:3). ഈ വാക്യത്തിൽ പറയുന്ന ഏകസത്യദൈവം പിതാവാണ്. ഗ്രീക്കിൽ “se (pater) ton monon alethinon theon” (σὲ (πατήρ) τὸν μόνον ἀληθινὸν θεὸν) ആണ്. ➟ഇംഗ്ലീഷിൽ You (Father), the only true God ആണ്. [കാണുക: BLB]. ഗ്രീക്കിൽ “Pater ho monos alethinos Theos” (Father, the only true God) എന്നുപറഞ്ഞാൽ, പിതാവ് സത്യദൈവം ആണെന്നല്ല; “ഒരേയൊരു സത്യദൈവം പിതാവാണ് അല്ലെങ്കിൽ, പിതാവ് മാത്രമാണ് സത്യദൈവം” എന്നാണർത്ഥം. ഉത്തമപുരുഷനായ ക്രിസ്തു (1st person) മധ്യമപുരുഷനായ പിതാവിനെക്കുറിച്ച് (2nd person) ഒരേയൊരു സത്യദൈവം നീയാണെന്ന് മോണോസ് കൊണ്ട് ഖണ്ഡിതമായി പഠിപ്പിച്ചിരിക്കയാൽ, പിതാവല്ലാതെ മറ്റൊരു സത്യദൈവം സ്വർഗ്ഗത്തിലും ഭൂമിയിലും ഇല്ലെന്നാണ് അർത്ഥം. “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39 – ആവ, 3:24; യോശു, 2:11; 1രാജാ, 8:23; 2ദിന, 6:14; സങ്കീ, 73:25; 1കൊരി, 8:4-6; എഫെ, 4:6). അതിനാൽ യേശുക്രിസ്തു ഏകദൈവമാണെന്നോ, യേശുക്രിസ്തുവും ദൈവമാണെന്നോ, ഇരുപ്രകൃതി ഉള്ളവനാണെന്നോ വാദിച്ചാൽ, ക്രിസ്തു പഠിപ്പിച്ചത് വ്യാജം ആണെന്നുവരും. ഒരേയൊരു സത്യദൈവമായ പിതാവിനെയും പിതാവയച്ച യേശുക്രിസ്തുവിനെയും വിശ്വസിക്കുന്നതാണ് നിത്യജീവൻ. അല്ലെങ്കിൽ ഇതാണ് നിത്യജീവൻ്റെ നിർവചനം. ഇത് വിശ്വസിക്കാത്തവന് നിത്യജീവൻ ലഭിക്കില്ല. “പുത്രനിൽ വിശ്വസിക്കുന്നവന്നു നിത്യജീവൻ ഉണ്ടു; പുത്രനെ അനുസരിക്കാത്തവനോ ജീവനെ കാണുകയില്ല; ദൈവക്രോധം അവന്റെമേൽ വസിക്കുന്നതേയുള്ളു.” (യോഹ, 3:36). അതായത്, ക്രിസ്തുവിൻ്റെ വീക്ഷണത്തിൽ താൻ ദൈവമല്ല; ഒരേയൊരു സത്യദൈവമായ പിതാവിനാൽ അയക്കപ്പെട്ടവനാണ്.
𝟰. ദൈവമായ കർത്താവാനെ മാത്രം ആരാധിക്കണം:
➟ “സാത്താനേ, എന്നെ വിട്ടുപോ; നിന്റെ ദൈവമായ കർത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ ആരാധിക്കാവു എന്നു എഴുതിയിരിക്കുന്നുവല്ലോ❜ എന്നു പറഞ്ഞു.” (മത്താ, 4:10 ⁃ ലൂക്കൊ, 4:8). ഈ വാക്യത്തിൽ, “അവനെ അഥവാ, ദൈവമായ യഹോവയെ മാത്രം ആരാധിക്കണം” എന്നത് ഗ്രീക്കിൽ “autō mono latrefseis❜” (αὐτῷ μόνῳ λατρεύσεις) ആണ്. [കാണുക: BLB]. “ലാത്രുവോ” (Latreuō) എന്ന ഗ്രീക്കുപദത്തിന് “ആരാധന” (Worship) എന്നാണർത്ഥം: (കാണുക: ലൂക്കൊ, 1:74; 2:37; പ്രവൃ, 24:14; ഫിലി, 3:3). തന്നെ നമസ്കരിക്കണമെന്ന ആവശ്യവുമായി സാത്താൻ ക്രിസ്തുവിൻ്റെ അടുക്കൽ വന്നപ്പോൾ, അവൻ പറഞ്ഞതാണ് ഈ വാക്യത്തിലുള്ളത്. ഈ വേദഭാഗത്ത്, ശ്രദ്ധേയമായ ഒരു കാര്യമുണ്ട്: ആരാധനയെ കുറിക്കുന്ന പ്രധാനപ്പെട്ട രണ്ടു പദങ്ങൾ ഒരുപോലെ ഈ വാക്യത്തിൽ ഉപയോഗിച്ചിട്ടുണ്ട്. ദൈവത്തെ ആരാധിക്കുന്നതിനും മനുഷ്യനെ ആചാരപരമായി നമസ്കരിക്കുന്നതിനും അഭിന്നമായി ഉപയോഗിക്കുന്ന “പ്രോസ്കുനിയൊ” (Proskyneo) എന്ന പദമാണ് ആദ്യം ഉപയോഗിച്ചിരിക്കുന്നത്. ദൈവത്തെ മാത്രം ആരാധിക്കുന്ന “ലാത്രുവോ❜ (Latreuo) എന്ന പദമാണ് രണ്ടാമത് ഉപയോഗിച്ചിരിക്കുന്നത്. പലർക്കും ആരാധനയും ആചാരപരമായ നമസ്കാരവും വേർതിരിച്ചറിയില്ല എന്നതാണ് യഥാർത്ഥ വസ്തുത. തന്മൂലം, ക്രിസ്തു ആരാധന സ്വീകരിച്ചു എന്ന് പലരും വിചാരിക്കുന്നു. അതിനോടുള്ള ബന്ധത്തിൽ ചില കാര്യങ്ങൾ ഈ വേദഭാഗത്തുനിന്ന് കാണിക്കാം:
❶ ദൈവത്തിൻ്റെ ഭക്തന്മാരെപ്പോലും, അനുവാദംകൂടാതെ തൊടാൻ പേടിക്കുന്നവനും ദൈവത്തെ ഭയപ്പെടുന്നവനുമാണ് സാത്താൻ. ഇയ്യോബിനെ പരീക്ഷിക്കാൻ ദൈവത്തിൻ്റെ അനുവാദത്തിനായി കാത്തുനിന്നവൻ, ക്രിസ്തു ദൈവമായിരുന്നെങ്കിൽ തന്നെ നമസ്കരിക്കുവാൻ ആവശ്യപ്പെട്ടുകൊണ്ട് അവനൊരിക്കലും അവൻ്റെ മുമ്പിൽച്ചെന്ന് നില്ക്കയില്ലായിരുന്നു: (ഇയ്യോ, 1:6-12). ദൈവവും സാത്താനും തമ്മിലുള്ള അന്തരംപോലും പലരും മനസ്സിലാക്കുന്നില്ല എന്നതാണ് വസ്തുത.
❷ ക്രിസ്തുവിൻ്റെ മറുപടി ശ്രദ്ധിക്കുക: ആവർത്തനപ്പുസ്തകം ഉദ്ധരിച്ചുകൊണ്ട് “നിന്റെ ദൈവമായ കർത്താവിനെ അഥവാ, യഹോവയെ നമസ്കരിച്ചു അവനെ മാത്രമേ ആരാധിക്കാവു” എന്നാണ് അവൻ പറഞ്ഞത്. (ആവ, 6:13). എന്നെ ആരാധിക്കണമെന്നോ, ഞങ്ങളെ ആരാധിക്കണമെന്നോ അല്ല ക്രിസ്തു പറഞ്ഞത്. പ്രഥമപുരുഷ സർവ്വനാമത്തിലും ഏകവചനത്തിലും, “അവനെ മാത്രം അഥവാ, യഹോവയെ മാത്രം” ആരാധിക്കണം എന്ന് ഖണ്ഡിതമായിട്ടാണ് പറഞ്ഞത്. അതായത്, ഉത്തമപുരുഷനായ ക്രിസ്തു (1st person), മധ്യമപുരുഷനായ സാത്താനോട് (2nd person), പ്രഥമപുരുഷനായ (3rd person) അഥവാ, മൂന്നാമനായ യഹോവയായ ഏകദൈവത്തെ “മാത്രമേ” ആരാധിക്കാവു എന്നാണ് പഠിപ്പിച്ചത്. യഹോവയായ തൻ്റെ പിതാവിനെ മാത്രം ആരാധിക്കണമെന്ന് പ്രഥമപുരുഷനിൽ പറഞ്ഞ ക്രിസ്തു, ആരാധന സ്വീകരിച്ചു എന്ന് പറയുന്നവർ, അവൻ വലിയ വഞ്ചകനാണെന്നാണ് പറയുന്നത്.
❸ “ദൈവത്തെ ആരാധിക്കണം” എന്ന സാധാരണ അർത്ഥത്തിലല്ല അവൻ പറഞ്ഞത്. അങ്ങനെയാണ് പറഞ്ഞിരുന്നതെങ്കിൽ, ഭാഷാപരമായി ക്രിസ്തുവിനോ, മറ്റാർക്കോ വേണമെങ്കിലും ആരാധന സ്വീകരിക്കുന്നതിന് തടസ്സമൊന്നുമില്ല. എന്നാൽ അങ്ങനെയല്ല പറഞ്ഞിരിക്കുന്നത്: “അവനെ മാത്രം ആരാധിക്കണം” എന്നാണ് പറഞ്ഞത്. ഇവിടുത്തെ രണ്ട് പദങ്ങൾ ശ്രദ്ധിക്കണം: ഒന്നാമത്, “അവൻ” (Him) എന്നർത്ഥമുള്ള “αὐτῷ” (autō) എന്ന പദമാന്. ഇത്, ഏകവചന പുല്ലിംഗ സർവ്വനാമം (Singular Masculine Pronoun) ആണ്. എന്നുവെച്ചാൽ, ദൈവം പലർ ചേർന്നവരല്ല; ഏകനാണ്. രണ്ടാമത്, “മാത്രം” (Only) എന്നർത്ഥമുള്ള “μόνος” (Monos) എന്ന പദമാണ്. ഇത്, പിതാവായ ഏകദൈവത്തെയല്ലാതെ മറ്റാരെയും ഉൾപ്പെടുത്താത്ത പദമാണ്. അതായത്, “അവനെ അഥവാ, യഹോവയായ പിതാവിനെ മാത്രം ആരാധിക്കണം” എന്ന് ഖണ്ഡിതമായിട്ടാണ് ക്രിസ്തു പഠിപ്പിച്ചത്. “യഹോവയെ മാത്രം ആരാധിക്കണം” എന്ന് പറഞ്ഞാൽ, പിന്നെ സ്വർഗ്ഗത്തിലും ഭൂമിയിലും മറ്റാർക്കും ആരാധന സ്വീകരിക്കാൻ യോഗ്യരല്ലെന്നാണ് അർത്ഥം. അതിനാൽ, ക്രിസ്തു ആരാധന സ്വീകരിച്ചു എന്നു പറഞ്ഞാൽ; ബൈബിൾ പരസ്പരവിരുദ്ധമാകും. ലൂക്കൊസിൻ്റെ സമാന്തരഭാഗത്തും അത് കാണാം. (4:10). ആകാശവും ഭൂമിയും കീഴ്മേൽ മറിഞ്ഞാലും ക്രിസ്തുവിൻ്റെ വാക്കുകൾക്ക് മാറ്റമുണ്ടാകില്ല. ചുരുക്കത്തിൽ, ക്രിസ്തുവിൻ്റെ വീക്ഷണത്തിൽ താൻ ആരാധനയ്ക്ക് യോഗ്യനായ ദൈവമല്ല; സ്രഷ്ടാവും പിതാവുമായ യഹോവ ഒരുത്തൻ മാത്രമാണ് ആരാധനയ്ക്ക് യോഗ്യൻ.
𝟱. പിതാവ് മാത്രം അറിയുന്നു:
➟ “ആ നാളും നാഴികയും സംബന്ധിച്ചോ എന്റെ പിതാവു മാത്രമല്ലാതെ ആരും സ്വർഗ്ഗത്തിലെ ദൂതന്മാരും പുത്രനും കൂടെ അറിയുന്നില്ല.” (മത്താ, 24:36). “നിന്റെ വരവിന്നും ലോകാവസാനത്തിന്നും അടയാളം എന്തു” എന്നു ശിഷ്യന്മാർ ചോദിക്കുമ്പോൾ, ലോകാരംഭം മുതൽ ഇന്നുവരെയും സംഭവിച്ചിട്ടില്ലാത്ത കഷ്ടം അഥവാ, മഹാപീഢനത്തെക്കുറിച്ച് പറഞ്ഞുവന്നിട്ടാണ്, ആ നാളും നാഴികയും സംബന്ധിച്ചോ എന്റെ പിതാവു മാത്രമല്ലാതെ പുത്രനും കൂടി അറിയുന്നില്ല എന്നാണ് ക്രിസ്തു പഠിപ്പിച്ചത്: (മത്താ, 24:3). “പിതാവ് മാത്രം” എന്നത് ഗ്രീക്കിൽ “ho patir monos” (ὁ πατὴρ μόνος) ആണ്. [കാണുക: BLB]. ഇംഗ്ലീഷിൽ “The Father only” ആണ്. ഈ വേദഭാഗത്തും, “പിതാവ് മാത്രം (only) അറിയുന്നു” എന്ന് ഖണ്ഡിതമായ അർത്ഥത്തിൽ “Mónos” ആണ് ക്രിസ്തു ഉപയോഗിച്ചിരിക്കുന്നത്. അതായത്, പിതാവിന് അറിയാം എന്നാണ് പറഞ്ഞിരുന്നതെങ്കിൽ, ഭാഷാപരമായി പുത്രനും ദൂതന്മാർക്കും കൂടെ അറിയുന്നതിൽ തടസ്സമൊന്നുമില്ല. എന്നാൽ പിതാവിന് മാത്രമാണ് അറിയുന്നതെന്ന് പറഞ്ഞാൽ; പുത്രനും ദൂതന്മാർക്കും ലോകത്തിൽ മറ്റാർക്കും അറിയില്ലെന്നാണ് അർത്ഥം. തന്നെയുമല്ല, “പുത്രനുംകൂടെ അറിയില്ല” എന്ന് എടുത്തുപറകയും ചെയ്തിട്ടുണ്ട്. അതായത്, “പിതാവ് മാത്രമല്ലാതെ പുത്രനുംകൂടെ അറിയുന്നില്ല” എന്ന് മോണോസ് കൊണ്ട് ഖണ്ഡിതമായി അവൻ പഠിപ്പിച്ചിരിക്കയാൽ, ക്രിസ്തുവിൻ്റെ വീക്ഷണത്തിൽ പിതാവ് മാത്രമാണ് ജ്ഞാനസമ്പൂർണ്ണനായ (സർവ്വജ്ഞാനി) ദൈവം.
𝟲. ഹൃദയശുദ്ധിയുള്ളവർ ദൈവത്തെ കാണും:
➟ “ഹൃദയ ശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ; അവർ ദൈവത്തെ കാണും.” (മത്താ, 5:8). ക്രിസ്തുവിൻ്റെ ഗിരിപ്രഭാഷണത്തിലെ (The sermon of the mount) ഈ വേദഭാഗം ശ്രദ്ധയോടെ പഠിച്ചാൽ ചില വസ്തുതകൾ വ്യക്തമാകും:
❶ വാക്യത്തിൻ്റെ രണ്ടാംഭാഗത്ത്, “അവർ (ഹൃദയശുദ്ധിയുള്ളവർ) ദൈവത്തെ കാണും” (They shall see God) എന്നാണ് ക്രിസ്തു പഠിപ്പിച്ചത്. ഇത് ഗ്രീക്കിൽ, “autoi tón theón ópsontai” (αὐτοὶ τὸν θεὸν ὄψονται) എന്നാണ്. [കാണുക: BLB]. അതിൽ “ഓപ്സോന്തെയ്” (ópsontai) എന്ന ക്രിയാപദം (Verb) പ്രഥമപുരുഷനിലും ഭാവികാലത്തിലും (3rd Person Future Tense) ഉള്ളതാണ്. അതിൻ്റെയർത്ഥം: “കാണും” (Shall see) എന്നാണ്. അതായത്, ക്രിസ്തു പുരുഷാരത്തെ കണ്ടപ്പോൾ മലമേൽ കയറി അവരുടെ മുമ്പിൽ ഇരുന്നശേഷം, “അവർ ദൈവത്തെ കാണുന്നു” എന്ന് വർത്തമാനകാലത്തിലല്ല (Present Tense); “ദൈവത്തെ കാണും” എന്ന് ഭാവികാലത്തിലാണ് പറഞ്ഞിരിക്കുന്നത്. അഥവാ, പുരുഷാരം തങ്ങളുടെ മുമ്പിൽ ഇരുന്ന് സംസാരിക്കുന്നതായി കാണുന്നത് ദൈവത്തെയല്ല; അവരിൽ ഹൃദയശുദ്ധിയുള്ളവർ ഭാവിയിൽ കാണാനുള്ളവനാണ് ദൈവം. ചിലർ കരുതുന്നപോലെ ക്രിസ്തു ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനോ ആയിരുന്നെങ്കിൽ, അവൻ്റെ പഠിപ്പിക്കലുകൾ അതിൽത്തന്നെ അബദ്ധമാണെന്നുവരും.
❷ ഉത്തമപുരുഷനായ ക്രിസ്തു (1st Person), മദ്ധ്യമപുരുഷനായ പുരുഷാരത്തോട് (2nd Person), പ്രഥമപുരുഷനായ ദൈവത്തെക്കുറിച്ചാണ് (3rd Person) പഠിപ്പിച്ചത്. അഥവാ, ദൈവത്തെ മൂന്നാമനായാണ് ക്രിസ്തു പഠിപ്പിച്ചത്. ചിലർ കരുതുന്നപോലെ ക്രിസ്തു ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ ആയിരുന്നെങ്കിൽ, ദൈവത്തെ പ്രഥമപുരുഷനിൽ വിശേഷിപ്പിക്കുമായിരുന്നില്ല. എന്നുവെച്ചാൽ, ക്രിസ്തുവിൻ്റെ വീക്ഷണത്തിൽ താൻ ദൈവമല്ല; ഏകദൈവമായ പിതാവിനാൽ അയക്കപ്പെട്ടവനാണ്: (യോഹ, 5:36; യോഹ, 6:57; യോഹ, 20:21).
𝟳. ഞങ്ങളോ അറിയുന്നതിനെ നമസ്കരിക്കുന്നു:
➟ “നിങ്ങൾ അറിയാത്തതിനെ നമസ്കരിക്കുന്നു. ഞങ്ങളോ അറിയുന്നതിനെ നമസ്കരിക്കുന്നു; രക്ഷ യെഹൂദന്മാരുടെ ഇടയിൽ നിന്നല്ലോ വരുന്നതു.” (യോഹ, 4:22). ക്രിസ്തു പഠിപ്പിച്ച ഈ വേദഭാഗം ശ്രദ്ധയോടെ പരിശോധിച്ചാൽ, അവൻ “ആരാധിതൻ” (The worshipped) അഥവാ, അവൻ ആരാധന സ്വീകരിക്കുന്നവനല്ല; “ആരാധകൻ” (The worshipper) അഥവാ, ദൈവത്തെ ആരാധിക്കുന്ന വ്യക്തി ആണെന്ന് മനസ്സിലാക്കാം. ക്രിസ്തുവിൻ്റെ വാക്കുകൾ ശ്രദ്ധിക്കുക: “ഞങ്ങളോ അറിയുന്നതിനെ നമസ്കരിക്കുന്നു” (We know what we worship). ഈ ഭാഗത്ത്, ദൈവത്തെ ആരാധിക്കാൻ ഉപയോഗിക്കുന്ന “പ്രോസ്കുനിയോ” (Proskyneō) എന്ന ക്രിയാപദത്തിൻ്റെ ഉത്തമപുരുഷ ബഹുവചന (1st Person Plural) രൂപമായ “പ്രോസ്കുനോമെൻ” (Proskynoúmen) എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്. പദത്തിൻ്റെ അർത്ഥം “ഞങ്ങൾ നമസ്കരിക്കുന്നു” എന്നാണ്. “ഞങ്ങൾ നമസ്കരിക്കുന്നു” എന്നതാണ് പദത്തിൻ്റെ സ്വാഭാവികമായ അർത്ഥമെങ്കിലും, “ഞങ്ങൾ” (We) എന്ന അർത്ഥത്തിൽ “ഹെമെയിസ്” (Hēmeis) എന്ന ഉത്തമപുരുഷ ബഹുവചനം (1st Person Plural) പ്രത്യേകമായി ചേർത്തിട്ടുമുണ്ട്. അതിൻ്റെ കാരണം: യെഹൂദന്മാരായ ക്രിസ്തുവും ശിഷ്യന്മാരും ശമര്യസ്ത്രീയോടാണ് ഇത് പറയുന്നത്. നിങ്ങൾ അറിയാത്ത എന്തിനെയോ നമസ്കരിക്കുമ്പോൾ, “ഞങ്ങൾ” അറിയുന്ന ദൈവത്തെയാണ് നമസ്കരിക്കുന്നതെന്ന് ഊന്നിപ്പറയാനാണ്, “ഞങ്ങൾ” എന്ന പദം പ്രത്യേകമായി ചേർത്തിരിക്കുന്നത്. അതിൽ ശ്രദ്ധേയമായ കാര്യം എന്താണെന്ന് ചോദിച്ചാൽ: ശിഷ്യന്മാർക്കൊപ്പം തന്നെയും ചേർത്താണ് “ഞങ്ങളോ അറിയുന്നതിനെ നമസ്കരിക്കുന്നു (ആരാധിക്കുന്നു)” എന്ന് ക്രിസ്തു പഠിപ്പിച്ചത്. താൻ ആരാധിതൻ ആയിരുന്നെങ്കിൽ, “ഇവരോ അറിയുന്നതിനെ നമസ്കരിക്കുന്നു” എന്നു മധ്യമപുരുഷ ബഹുവചനത്തിൽ (3rd Person Plural) തന്നെ ഒഴിവാക്കി പറയുമായിരുന്നു. അതായത്, ക്രിസ്തുവിൻ്റെ വീക്ഷണത്തിൽ താൻ ആരാധിതനായ ദൈവമല്ല; തൻ്റെ പിതാവ് മാത്രമാണ് ആരാധനയ്ക്ക് യോഗ്യൻ. അത് ക്രിസ്തുതന്നെ സംശയരഹിതമായി പഠിപ്പിച്ചത് മുകളിൽ നാം കണ്ടതാണ്: (മത്താ, 4:10; ലൂക്കൊ, 4:8)
𝟴. സത്യനമസ്കാരികൾ:
➟ “സത്യനമസ്കാരികൾ പിതാവിനെ ആത്മാവിലും സത്യത്തിലും നമസ്കരിക്കുന്ന നാഴിക വരുന്നു; ഇപ്പോൾ വന്നുമിരിക്കുന്നു. തന്നെ നമസ്കരിക്കുന്നവർ ഇങ്ങനെയുള്ളവർ ആയിരിക്കേണം എന്നു പിതാവു ഇച്ഛിക്കുന്നു.” (യോഹ, 4:23). ഈ വേദഭാഗത്ത്, ദൈവത്തെ ആരാധിക്കാൻ ഉപയോഗിക്കുന്ന “പ്രോസ്കുനിയോ” (Proskyneō) എന്ന ക്രിയാപദത്തിൻ്റെ പ്രഥമപുരഷ ബഹുവചന (3rd Person Plural) രൂപത്തിലുള്ള മൂന്ന് പദങ്ങൾ കാണാം. അത് യഥാക്രമം:
❶ “ആരാധകർ അല്ലെങ്കിൽ നമസ്കരിക്കുന്നവർ” (Proskynētai),
❷ “അവർ ആരാധിക്കും അല്ലെങ്കിൽ അവർ നമസ്കരിക്കും” (Proskynēsousin),
❸ “നമസ്കരിക്കുന്നവർ അല്ലെങ്കിൽ ആരാധിക്കുന്നവർ (Proskynountas). ➟ഇനി ആദ്യഭാഗം ശ്രദ്ധിക്കുക: “സത്യനമസ്കാരികൾ പിതാവിനെ ആത്മാവിലും സത്യത്തിലും നമസ്കരിക്കുന്ന നാഴിക വരുന്നു.” ഉത്തമപുരുഷനായ ക്രിസ്തു (1st person) മധ്യമപുരഷനായ ശമര്യാക്കാരത്തിയോട് (2nd person) “പിതാവിനെ ആത്മാവിലും സത്യത്തിലും ആരാധിക്കുന്ന നാഴിക വരുന്നു” എന്ന് പ്രഥമപുരുഷനിലാണ് (3rd person) പറഞ്ഞിരിക്കുന്നത്. അല്ലാതെ, ഞങ്ങളെ ആരാധിക്കുന്ന നാഴിക വരുന്നു എന്നല്ല പറയുന്നത്. ➟അടുത്തഭാഗം: “തന്നെ നമസ്കരിക്കുന്നവർ ഇങ്ങനെയുള്ളവർ ആയിരിക്കേണം എന്നു പിതാവു ഇച്ഛിക്കുന്നു.” ഇവിടെയും നോക്കുക: “തന്നെ” (him) എന്ന ഏകവചന സർവ്വനാമം നോക്കുക. പലരെ ആരാധിക്കാനല്ല; തന്നെ മാത്രം ആരാധിക്കാനാണ് പിതാവായ ഏകദൈവം ഇച്ഛിക്കുന്നത്. “ദൈവമായ കർത്താവിനെ അഥവാ, പിതാവിനെ മാത്രം ആരാധിക്കണം” എന്ന് ക്രിസ്തു പഠിപ്പിച്ചതും മുകളിൽ നാം ചിന്തിച്ചതാണ്: (മത്താ, 4:10; ലൂക്കൊ, 4:8). എന്നുവെച്ചാൽ, ക്രിസ്തുവിൻ്റെ വീക്ഷണത്തിൽ പിതാവ് മാത്രമാണ് ആരാധനയ്ക്ക് യോഗ്യൻ; താൻ ആരാധനയ്ക്ക് യോഗ്യനല്ല.
𝟵. ദൈവം ആത്മാവാകുന്നു:
➟ “ദൈവം ആത്മാവു ആകുന്നു; അവനെ നമസ്കരിക്കുന്നവർ ആത്മാവിലും സത്യത്തിലും നമസ്കരിക്കേണം.” (യോഹ, 4:24). ഈ വേദഭാഗത്ത് “നമസ്കാരത്തെ” (ആരാധന) കുറിക്കുന്ന അടിസ്ഥാന ക്രിയാപദമായ “പ്രോസ്കുനിയോ” (Proskyneō) എന്ന പദത്തിൻ്റെ കേവലക്രിയയായ (Infinitive) ”പ്രോസ്കുനീൻ” (Proskyneín) ആണ് ഉപയോഗിച്ചിരിക്കുന്നത്. ക്രിസ്തു ശമര്യസ്ത്രീയോടു പറയുന്ന ഈ വേദഭാഗത്ത്, ശ്രദ്ധേയമായ രണ്ടുകാര്യങ്ങൾ കാണാം:
❶ “ദൈവം ആത്മാവാകുന്നു.” എന്നാൽ ക്രിസ്തു ആത്മാവായ ദൈവമല്ല; പരിശുദ്ധാത്മാവിനാൽ പ്രകൃത്യാതീതമായി മറിയത്തിൽ ഉല്പാദിതനായ (മത്താ, 1:20; ലൂക്കൊ, 1:21), അവളുടെ ആദ്യജാതനായി ജനിച്ച (ലൂക്കൊ, 2:7), ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9), ദേഹവും (Soma – Body) ദേഹിയും (Psyche – Soul) ആത്മാവുമുള്ള (Spirit – Pneuma) പാപരഹിതനായ മനുഷ്യനാണ്: (1പത്രൊ, 2:24; മത്താ, 26:38; ലൂക്കൊ, 23:46; 1യോഹ, 3:5; യോഹ, 8:40).
❷ “അവനെ നമസ്കരിക്കുന്നവർ ആത്മാവിലും സത്യത്തിലും നമസ്കരിക്കേണം.” വാക്യം ശ്രദ്ധിക്കുക: “അവനെ” (him) എന്നതിന് ഗ്രീക്കിൽ “ഔത്തോൺ❜ (αὐτὸν – autòn) എന്ന “പ്രതിഗ്രാഹിക വിഭക്തിയിലുള്ള” (Accusative Case) പ്രഥമപുരുഷ ഏകവചന പുംല്ലിംഗമാണ് (3rd Person Singular Masculine) ഉപയോഗിച്ചിരിക്കുന്നത്. അതായത്, “അവരെ” എന്നോ, “ഞങ്ങളെ” എന്നോ ബഹുവചനത്തിൽ അല്ല; “അവനെ നമസ്കരിക്കണം” എന്ന് ഏകവചനത്തിലും പ്രഥമപുരുഷ സർവ്വനാമത്തിലുമാണ് പറഞ്ഞിരിക്കുന്നത്. അതായത്, ഉത്തമപുരുഷനായ താൻ (1st person) മധ്യമപുരുഷനായ ശമര്യക്കാരത്തിയോട് (3rd person) പ്രഥമപുരുഷനായ (3rd person) അഥവാ, മൂന്നാമനായ ഏകദൈവത്തെ മാത്രം സൂചിപ്പിച്ചുകൊണ്ടാണ് “അവനെ നമസ്കരിക്കുന്നവർ ആത്മാവിലും സത്യത്തിലും നമസ്കരിക്കേണം” എന്ന് പറഞ്ഞത്. ക്രിസ്തു രണ്ട് കാര്യങ്ങൾ പറഞ്ഞുകൊണ്ട്, തന്നെക്കുറിച്ചുള്ള മൂന്നു കാര്യങ്ങളുടെ സ്ഥിരീകരണമാണ് ഈ വേഭാഗത്ത് നല്കിയത്:
❶ താൻ ആത്മാവായ ദൈവമല്ല; ദേഹവും ദേഹിയും മനുഷ്യാത്മാവുമുള്ള മനുഷ്യനാണ്. ഇത് ക്രിസ്തുതന്നെ വ്യക്തമായി പഠിപ്പിച്ചിട്ടുണ്ട്. (യോഹ, 8:40).
❷ ദൈവം “ഞങ്ങളോ” അല്ല; “അവൻ” ആണ്. അഥവാ, ദൈവത്തിന് ബഹുത്വമില്ല; അവൻ ഏകൻ അഥവാ, പിതാവായ യഹോവ ഒരുത്തൻ മാത്രമാണ്. ഇതും ക്രിസ്തുതന്നെ വളരെ വ്യക്തമായി പഠിപ്പിച്ചകാര്യം നാം തുടക്കത്തിൽ കണ്ടതാണ്: (മർക്കൊ, 12:29; യോഹ, 5:44; യോഹ, 17:3).
❸ ആത്മാവിലും സത്യത്തിലും ആരാധിക്കേണ്ടത് എന്നെയല്ല; “അവനെ” അഥവാ, “പിതാവായ ഏകദൈവത്തെയാണ്.” അതും അർത്ഥശങ്കയ്ക്കിടയില്ലാതെ ക്രിസ്തു പഠിപ്പിത് മുകളിൽ നാം കണ്ടതാണ്: (മത്താ, 4:10; ലൂക്കൊ, 4:8; യോഹ, 4:23). എന്നുവെച്ചാൽ, ക്രിസ്തുവിൻ്റെ വീക്ഷണത്തിൽ താൻ ആരാധനയ്ക്ക് യോഗ്യനായ, ആത്മാവായ ദൈവമല്ല; പിതാവ് മാത്രമാണ് ആരാധനയ്ക്ക് യോഗ്യനും ആത്മാവുമായ ദൈവം.
𝟭𝟬. സ്വർഗ്ഗസ്ഥനായ എൻ്റെ പിതാവ്:
➟ “എന്നോടു കർത്താവേ, കർത്താവേ, എന്നു പറയുന്നവൻ ഏവനുമല്ല, സ്വർഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവൻ അത്രേ സ്വർഗരാജ്യത്തിൽ കടക്കുന്നത്.” (മത്താ, 7:21). ➟“മനുഷ്യരുടെ മുമ്പിൽ എന്നെ തള്ളിപ്പറയുന്നവനെയോ എന്റെ പിതാവിൻ മുമ്പിൽ ഞാനും തള്ളിപ്പറയും.“ (മത്താ, 10:33). ക്രിസ്തു ദൈവത്തെ സ്വർഗ്ഗസ്ഥനായ എൻ്റെ പിതാവു, എൻ്റെ പിതാവു” എന്നിങ്ങനെ മത്തായി 7:21-മുതൽ യോഹന്നാൻ 20:17-വരെ അമ്പതോളം പ്രാവശ്യം സംബോധന ചെയ്തിട്ടുണ്ട്. “പിതാവു” (Pater – Father) എന്ന പദത്തിന് ഏതർത്ഥം കൊടുത്താലും, സത്യദൈവത്തിനു മീതെ അഥവാ, വലിയവനായി ഒരു പിതാവ് ഉണ്ടാകില്ല; ഉണ്ടാകാൻ പാടില്ല. ചിലർ വിചാരിക്കുന്നപോലെ ക്രിസ്തു ഏകദൈവമാണെങ്കിൽ, ഒരു ദൈവത്തിന് തനിക്കുതന്നെ പിതാവാകാൻ കഴിയില്ല. മറ്റുചിലർ കരുതുമ്പോലെ, ക്രിസ്തു ദൈവത്തോടു സമനായ ദൈവമാണെങ്കിലും അവന് ഒരു പിതാവ് ഉണ്ടാകുമായിരുന്നില്ല. “സമത്വമുള്ള മൂവർ” എന്ന് പറയുന്ന പിതാവ്, പുത്രൻ, പരിശുദ്ധാത്മാവിൽ, പുത്രന് മാത്രമാണ് പിതാവുള്ളത്. അതിനാൽ പുത്രന് പിതാവിനോട് സമത്വമില്ലെന്ന് മനസ്സിലാക്കാം.
☛ ഇനി ശ്രദ്ധേയമായൊരു കാര്യം കാണിക്കാം: “യിസ്രായേലിന്റെ ദൈവമായി കെരൂബുകളുടെ മീതെ അധിവസിക്കുന്നവനായ സൈന്യങ്ങളുടെ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സർവ്വരാജ്യങ്ങൾക്കും ദൈവമാകുന്നു; നീ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി.« (യെശ, 37:16). ഈ വേദഭാഗത്ത്, “യഹോവ ഒരുത്തൻ മാത്രമാണ് ദൈവം” എന്ന് പറയാൻ ഉപയോഗിച്ചിരിക്കുന്ന പദം “ഒന്നിനെ” (One) കുറിക്കുന്ന “എഹാദ്” (Ehad) അല്ല; “ഒരുത്തനെ മാത്രം” (Alone) കുറിക്കുന്ന “Bad” ആണ്. Alone, Only എന്നർത്ഥമുള്ള “Bad, Monos” എന്നീ പദങ്ങൾ കൊണ്ടാണ് എബ്രായയിലും സെപ്റ്റ്വജിൻ്റിലും യഹോവ ഒരുത്തൻ മാത്രമാണ് ദൈവം എന്ന് പഴയനിയമത്തിൽ പഠിപ്പിച്ചിരിക്കുന്നത്: (2Kig, 19:15: 2Kin, 19:19; Psa, 86:10; Isa, 37:16; Isa, 37:20 ⁃ 2Kig, 19:15; 2Kig, 19:19; Psa, 86:10; Isa, 37:16; Isa, 37:20).
☛ ഇനി യേശു യെഹൂദന്മാരോട് പറയുന്നത് നോക്കുക: “ഞാൻ എന്നെത്തന്നെ മഹത്വപ്പെടുത്തിയാൽ എന്റെ മഹത്വം ഏതുമില്ല; എന്നെ മഹത്വപ്പെടുത്തുന്നതു എന്റെ പിതാവു ആകുന്നു; അവനെ നിങ്ങളുടെ ദൈവം എന്നു നിങ്ങൾ പറയുന്നു.” (യോഹ, 8:54). ➟ഈ വേദഭാഗം ശ്രദ്ധിക്കുക: യിസ്രായേലിൻ്റെ ദൈവമായ യഹോവയാണ് തന്റെ പിതാവെന്നാണ് ദൈവപുത്രനായ യേശു അസന്ദിഗ്ദ്ധമായാണ് പഠിപ്പിച്ചിരിക്കുന്നത്. ചിലർ വിചാരിക്കുന്നപോലെ, യഹോവയും യേശുവും യഥാർത്ഥത്തിൽ ഒന്നാണെങ്കിലോ, മറ്റുചിലർ കരുതുമ്പോലെ, താൻ ദൈവത്തോടു സമത്വമുള്ളവൻ ആയിരിന്നെങ്കിലോ ഏകദൈവമായ യഹോവ തൻ്റെ പിതാവാണെന്ന് യേശു പഠിപ്പിക്കുമായിരുന്നില്ല. അതായത്, ക്രിസ്തുവിൻ്റെ വീക്ഷണത്തിൽ താൻ ദൈവമല്ല; പിതാവായ ഏകദൈവമാണ് സർവ്വശക്തനായ ദൈവം. [കാണുക: ക്രിസ്തുവിൻ്റെ പിതാവും ദൈവവുമായ യഹോവ]
𝟭𝟭. അവൻ (He), നീ (You):
➟ ദൈവം തന്നെത്തന്നെ “ഞാൻ” (I) എന്നും, യേശു ദൈവത്തെ “അവൻ” (He) എന്നും ഏകവചന സർവ്വനാമങ്ങളിൽ വിശേഷിപ്പിക്കുന്ന വാക്യങ്ങൾ പുതിയനിയമത്തിൽ കാണാം. പഴയനിയമത്തിൽനിന്ന് ക്രിസ്തുതന്നെ ഉദ്ധരിച്ച ഈ വാക്യം നോക്കുക: “മരിച്ചവർ ഉയിർത്തെഴുന്നേല്ക്കുന്നതിനെക്കുറിച്ചു മോശെയുടെ പുസ്തകത്തിൽ മുൾപടർപ്പുഭാഗത്തു ദൈവം അവനോടു: ഞാൻ അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും എന്നു അരുളിച്ചെയ്തപ്രകാരം വായിച്ചിട്ടില്ലയോ? അവൻ മരിച്ചവരുടെ ദൈവമല്ല, ജീവനുള്ളവരുടെ ദൈവമത്രേ; നിങ്ങൾ വളരെ തെറ്റിപ്പോകുന്നു.” (മർക്കൊ, 12:26-27 ⁃ ലൂക്കൊ, 20:37-38). ഇതിലെ ആദ്യവാക്യം പഴയനിയമത്തിലെ ഉദ്ധരണിയാണ്: (പുറ, 3:6). ഈ വേദഭാഗത്ത് രണ്ട് കാര്യങ്ങൾ കാണാം:
❶ യേശു ഉദ്ധരിച്ച വാക്യത്തിൽ, ദൈവം തന്നെത്തന്നെ “ഞാൻ” (I) എന്ന് ഏകവചനത്തിലാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ഇത് എബ്രായയിൽ “Anoki” എന്നും, LXX-ലും പുതിയനിയമത്തിലും “ഞാൻ” “Ego” എന്നുമാണ്. ഇവ ഉത്തമപുരുഷ ഏകവചന സർവ്വനാമങ്ങളാണ് (1st Person Singular Pronouns). അതായത്, ദൈവം പലരല്ല; ഏകനാണെന്ന് ദൈവംതന്നെ സാക്ഷ്യപ്പെടുത്തുന്നു.
❷ യേശുവിൻ്റെ പ്രസ്താവനയിൽ, “അവൻ ആകുന്നു” (He is) എന്നർത്ഥമുള്ള “Estin” (ἔστιν) എന്ന ഗ്രീക്കുപദമാണ്. ഇത്, പ്രഥമപുരുഷ ഏകവചന ക്രിയാപദമാണ് (3rd Person Singular Verb). അതായത്, ദൈവത്തെ ഏകനായും മൂന്നാമനായുമാണ് വിശേഷിപ്പിച്ചിരിക്കുന്നത്.
☛ “ദൈവമോ രാപ്പകൽ തന്നോടു നിലവിളിക്കുന്ന തന്റെ വൃതന്മാരുടെ കാര്യത്തിൽ ദീർഘക്ഷമയുള്ളവൻ ആയാലും അവരെ പ്രതിക്രിയ നടത്തി രക്ഷിക്കയില്ലയോ?” (ലൂക്കൊ, 18:7). ഈ വാക്യത്തിലും, യേശു ദൈവത്തിന് പ്രഥമപുരുഷനിലും ഏകവചനത്തിലുമുള്ള “autou (His), Auton (Him)” എന്നിങ്ങനെ രണ്ട് സർവ്വനാമങ്ങൾ (3rd Person Singular Pronouns) ഉപയോഗിച്ചിരിക്കുന്നതായി കാണാം. യേശു ദൈവത്തെ മൂന്നാമനായും ഏകവചനത്തിലും വിശേഷിപ്പിക്കുന്ന പല വാക്യങ്ങൾ കാണാം: (മത്താ, 4:10; ലൂക്കൊ, 4:8; 18:7; 20:38; യോഹ, 4:24; 6:29; 7:28; 8:42). ദൈവത്തെ പ്രഥമപുരുഷ ഏകവചന സർവ്വനാമത്തിൽ യേശു വിശേഷിപ്പിരിക്കായാൽ, ദൈവം പലർ ചേർന്ന ഏകനല്ല; പിതാവ് മാത്രമാണെന്ന് അസന്ദിഗ്ദ്ധമായി തെളിയുന്നു. അതായത്, ക്രിസ്തുവിൻ്റെ വീക്ഷണത്തിൽ താൻ ഏകദൈവമോ, ദൈവത്തോട് സമനായ ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ അല്ല. ആയിരുന്നെങ്കിൽ, ദൈവത്തെ “അവൻ” (He) എന്ന് പ്രഥമപുരുഷനിൽ ക്രിസ്തു ഒരിക്കലും വിശേഷിപ്പിക്കില്ലായിരുന്നു. വിശേഷിപ്പിക്കാൻ വ്യാകരണത്തിൽ വ്യവസ്ഥയില്ല.
𝟭𝟮. പിതാവ് എന്നെക്കാൾ വലിയവൻ:
➟ തൻ്റെ സ്വർഗ്ഗസ്ഥനായ പിതാവിനെക്കുറിച്ച് ക്രിസ്തു പഠിപ്പിച്ചവ ശ്രദ്ധിക്കുക:
➟ “പിതാവു എന്നെക്കാൾ വലിയവനല്ലോ.” (യോഹ, 14:28).
➟ “എന്റെ പിതാവു എല്ലാവരിലും വലിയവൻ.” (യോഹ, 10:29)
➟ “പിതാവു ചെയ്തു കാണുന്നതു അല്ലാതെ പുത്രന്നു സ്വതേ ഒന്നും ചെയ്വാൻ കഴികയില്ല.” (യോഹ, 5:19)
➟ “എനിക്കു സ്വതേ ഒന്നും ചെയ്വാൻ കഴിയുന്നതല്ല; ഞാൻ കേൾക്കുന്നതുപോലെ ന്യായം വിധിക്കുന്നു; ഞാൻ എന്റെ ഇഷ്ടം അല്ല, എന്നെ അയച്ചവന്റെ ഇഷ്ടമത്രേ ചെയ്വാൻ ഇച്ഛിക്കുന്നതു.” (യോഹ, 5:30)
➟ “പിതാവു എനിക്കു ഉപദേശിച്ചുതന്നതു പോലെ ഇതു സംസാരിക്കുന്നു.” (യോഹ, 8:28)
➟ “ഞാൻ ഇന്നതു സംസാരിക്കേണം എന്നും കല്പന തന്നിരിക്കുന്നു.” (യോഹ, 12:49)
➟ “ഞാൻ സംസാരിക്കുന്നതു പിതാവു എന്നോടു അരുളിച്ചെയ്തതുപോലെ തന്നേ സംസാരിക്കുന്നു.” (യോഹ, 12:50)
➟ “ഞാൻ എന്റെ പിതാവിന്റെ കല്പനകൾ പ്രമാണിച്ചു അവന്റെ സ്നേഹത്തിൽ വസിക്കുന്നതുപോലെ നിങ്ങൾ എന്റെ കല്പനകൾ പ്രമാണിച്ചാൽ എന്റെ സ്നേഹത്തിൽ വസിക്കും.” (യോഹ, 15:10)
➟ “സത്യത്തിന്നു സാക്ഷിനിൽക്കേണ്ടതിന്നു ഞാൻ ജനിച്ചു അതിന്നായി ലോകത്തിൽ വന്നുമിരിക്കുന്നു; സത്യതല്പരനായവൻ എല്ലാം എന്റെ വാക്കുകേൾക്കുന്നു എന്നു ഉത്തരം പറഞ്ഞു.” (യോഹ, 18:37)
➟ “ആ നാളും നാഴികയും സംബന്ധിച്ചോ എന്റെ പിതാവു മാത്രമല്ലാതെ ആരും സ്വർഗ്ഗത്തിലെ ദൂതന്മാരും പുത്രനും കൂടെ അറിയുന്നില്ല.” (മത്താ 24:36)
➟ “എന്നെ നല്ലവൻ എന്നു പറയുന്നതു എന്തു? ദൈവം ഒരുവൻ അല്ലാതെ നല്ലവൻ ആരുമില്ല.” (മർക്കൊ, 10:18)
➟ “പിന്നെ അവൻ അല്പം മുമ്പോട്ടുചെന്നു കവിണ്ണുവീണു: “പിതാവേ, കഴിയും എങ്കിൽ ഈ പാനപാത്രം എങ്കൽ നിന്നു നീങ്ങിപ്പോകേണമേ; എങ്കിലും ഞാൻ ഇച്ഛിക്കുംപോലെ അല്ല, നീ ഇച്ഛിക്കുംപോലെ ആകട്ടെ” എന്നു പ്രാർത്ഥിച്ചു.” (മത്താ, 26:39)
➟ “എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു.” (യോഹ, 20:17).
☛ ഇതെല്ലാം ക്രിസ്തുവിൻ്റെ വാക്കുകളാണ്. ചിലർ കരുതുന്നപോലെ ക്രിസ്തു ഏകദൈവമാണെങ്കിലോ, മറ്റുചിലർ വിചാരിക്കുന്നപോലെ അവൻ സമനിത്യരായ മൂന്നുപേരിൽ ഒരുവനാണെങ്കിലോ “എനിക്ക് സ്വതേ ഒന്നും ചെയ്യാൻ കഴിയില്ല, ഞാൻ ഇന്നത് സംസാരിക്കണമെന്ന് കല്പന തന്നിരിക്കുന്നു, പിതാവ് എന്നെക്കാൾ വലിയൻ, പിതാവ് എല്ലാവരിലും വലിയവൻ” എന്നൊക്കെ ക്രിസ്തു ഒരിക്കലും പഠിപ്പിക്കുമായിരുന്നില്ല. എന്നുവെച്ചാൽ, ക്രിസ്തുവിൻ്റെ വീക്ഷണത്തിൽ പിതാവ് മാത്രമാണ് സകലത്തിനും അധികാരമുള്ള ദൈവം.
𝟭𝟯. എൻ്റെ ദൈവം:
➟ “ഏകദേശം ഒമ്പതാംമണി നേരത്തു യേശു: ‘ഏലീ, ഏലീ, ലമ്മാ ശബക്താനി’ എന്നു ഉറക്കെ നിലവിളിച്ചു; ‘എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതു എന്തു’ എന്നർത്ഥം.” (മത്താ, 27:46). യേശുവിൻ്റെ ക്രൂശിലെ ഈ മൊഴി 22-ാം സങ്കീർത്തനത്തിൽ കാണാം: (22:1). അതിനാൽ സങ്കീർത്തനത്തിലെ ഉദ്ധരണി യേശു ആവർത്തിക്കുകയാണ് ചെയ്തതെന്നാണ് ചിലർ കരുതുന്നത്. സങ്കീർത്തനത്തിൽ കാണുന്നത് പ്രവചനവും; പുതിയനിയമത്തിൽ കാണുന്നത് അതിൻ്റെ നിവർത്തിയുമാണ്. ഒരു പ്രവചനം നിവർത്തിയാകുമ്പോഴാണ് അത് ചരിത്രമാകുന്നത്. ➟അടുത്തവാക്യം കാണുക: “യേശു അവളോടു: എന്നെ തൊടരുതു; ഞാൻ ഇതുവരെ പിതാവിന്റെ അടുക്കൽ കയറിപ്പോയില്ല; എങ്കിലും നീ എന്റെ സഹോദരന്മാരുടെ അടുക്കൽ ചെന്നു: എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു എന്നു അവരോടു പറക എന്നു പറഞ്ഞു.” (യോഹ, 20:17). ഇവിടെയും ശ്രദ്ധിക്കുക: ക്രിസ്തു ശിഷ്യന്മാരെ തൻ്റെ സഹോദരന്മാരെന്നും, പിതാവിനെ “എൻ്റെയും നിങ്ങളുടെയും ദൈവം” എന്നുമാണ് പഠിപ്പിച്ചത്. നമുക്ക് സ്രഷ്ടാവായ ദൈവവുമായി പിതൃപുത്ര ബന്ധമാണെങ്കിൽ, ക്രിസ്തുവുമായി സഹോദരബന്ധമാണുള്ളത്. യേശുക്രിസ്തുവിനും നമുക്കും ദൈവവുമായുള്ള ബന്ധം വ്യത്യസ്തമാണെങ്കിലും ക്രിസ്തുവിൻ്റെയും നമ്മുടെയും ദൈവവും പിതാവും യഹോവ ഒരുത്തൻ മാത്രമാണ്. ക്രിസ്തു പിതാവിനെ “എന്റെ ദൈവം” (My God) എന്ന് അഞ്ചുപ്രാവശ്യം സംബോധന ചെയ്തിട്ടുള്ളതായി പറഞ്ഞിട്ടുണ്ട്: (മത്താ, 27:47; മർക്കൊ, 15:33; യോഹ, 20:17). അതിൽ രണ്ടുപ്രാവശ്യം ഒരേ സംഭവത്തിൻ്റെ ആവർത്തനമാണ്. ചിലർ കരുതുന്നപോലെ ക്രിസ്തു ഏകദൈവമാണെങ്കിലോ, മറ്റുചിലർ വിചാരിക്കുന്നപോലെ അവൻ സമനിത്യരായ മൂന്നുപേരിൽ ഒരുവനാണെങ്കിലോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനാണെങ്കിലോ പിതാവിനെ ഒരിക്കലും “എൻ്റെ ദൈവം” എന്ന് സംബോധന ചെയ്യില്ലായിരുന്നു. യേശുക്രിസ്തുവിൻ്റെ ദൈവത്തെക്കുറിച്ച് പൗലൊസും പത്രോസും യോഹന്നാനും സംശയലേശമെന്യേ പഠിപ്പിച്ചിട്ടുണ്ട്: (Rom, 15:6; 2Cori 1:3; 2Cor, 11:31; Eph, 1:3; Eph, 1:17; 2Pet, 2:1; Rev, 1:6). വത്യദൈവത്തിന് ഒരു ദൈവമുണ്ടാകുക സാദ്ധ്യമല്ല. അതായത്, ക്രിസ്തുവിൻ്റെ വീക്ഷണത്തിൽ താൻ ദൈവമല്ല; പിതാവ് തൻ്റെ ദൈവമാണ്.
𝟭𝟰. ദൈവത്തിന് സകലവും സാദ്ധ്യം; എനിക്ക് സ്വതേ ഒന്നും സാദ്ധ്യമല്ല:
➟ യേശു അവരെ നോക്കി; “മനുഷ്യർക്കു അസാദ്ധ്യം തന്നേ, ദൈവത്തിന്നു അല്ലതാനും; ദൈവത്തിന്നു സകലവും സാദ്ധ്യമല്ലോ എന്നു പറഞ്ഞു.” (മർക്കൊ, 10:27 ⁃ മത്താ, 19:26; ലൂക്കൊ, 18:27). ഈ വേദഭാഗത്ത്,“ദൈവത്തിന്നു സകലവും സാദ്ധ്യം” എന്നാണ് ക്രിസ്തു പഠിപ്പിച്ചത്. ഇവിടെ ശ്രദ്ധേയമായ ഒരുകാര്യം എന്താണെന്ന് ചോദിച്ചാൽ: ഉത്തമപുരുഷനായ ക്രിസ്തു (1st Person) മധ്യമപുരുഷനായ ശിഷ്യന്മാരോടു (2nd Person) ദൈവത്തെക്കുറിച്ച് പ്രഥമപുരുഷനിലാണ് (3rd Person) പറയുന്നത്. ചിലർ കരുതുന്നപോലെ അവൻ ഏകദൈവമോ, ദൈവത്തിലെ മൂവരിൽ ഒരുവനോ ആയിരുന്നെങ്കിൽ, “ദൈവത്തിന്നു സകലവും സാദ്ധ്യം” എന്ന് പ്രഥമപുരുഷനിൽ പറയുമായിരുന്നില്ല. പ്രത്യുത, “എനിക്ക്/ഞങ്ങൾക്ക് സകലവും സാദ്ധ്യം” എന്ന് ഉത്തമപുരുഷനിൽ പറയുമായിരുന്നു. അതാണ് ഭാഷയുടെ നിയമം. വചനത്തെയോ, ഭാഷയെയോ അതിഘംഘിക്കുന്നതാണ് ദുരുപദേശം. ഇതേകാര്യം ഗബ്രീയേൽ ദൂതനും പറഞ്ഞിട്ടുണ്ട്: “ദൈവത്തിന്നു ഒരു കാര്യവും അസാദ്ധ്യമല്ലല്ലോ” എന്നു ഉത്തരം പറഞ്ഞു. (ലൂക്കൊ, 1:37). ഇക്കാര്യം വചനത്തിൽ ആവർത്തിച്ചുകാണാം: (ഉല്പ, 18:14;ഇയ്യോ, 42:1-2;യിരെ, 32:17). യഹോവയായ ഏകദൈവം തന്നെയും അക്കാര്യം പറഞ്ഞിട്ടുണ്ട്: “ഞാൻ സകല ജഡത്തിന്റെയും ദൈവമായ യഹോവയാകുന്നു; എനിക്കു കഴിയാത്ത വല്ല കാര്യവും ഉണ്ടോ?” (യിരെ,32:27). അതായത്, ദൈവത്തിന്നു ഒരു കാര്യവും അസാദ്ധ്യമല്ല; സകലതും സാദ്ധ്യമാണെന്ന് യഹോവയായ ഏകദൈവവും ദൈവപുത്രനായ യേശുവും ദൈവദൂതനും ദൈവഭക്തന്മാരും ഒരുപോലെ പറയുന്നു.
☛ ഇനി, യേശു തന്നെക്കുറിച്ചുതന്നെ പറയുന്നത് എന്താണെന്ന് നോക്കാം:
➟ പിതാവു ചെയ്തു കാണുന്നതു അല്ലാതെ പുത്രന്നു സ്വതേ ഒന്നും ചെയ്വാൻ കഴികയില്ല. (യോഹ, 5:19)
➟ എനിക്കു സ്വതേ ഒന്നും ചെയ്വാൻ കഴിയുന്നതല്ല;
➟ ഞാൻ കേൾക്കുന്നതുപോലെ ന്യായം വിധിക്കുന്നു;
➟ ഞാൻ എന്റെ ഇഷ്ടം അല്ല, എന്നെ അയച്ചവന്റെ ഇഷ്ടമത്രേ ചെയ്വാൻ ഇച്ഛിക്കുന്നതു. (യോഹ, 5:30)
➟ പിതാവു എനിക്കു ഉപദേശിച്ചുതന്നതു പോലെ ഇതു സംസാരിക്കുന്നു. (യോഹ, 8:28)
➟ ഞാൻ സ്വയമായി സംസാരിച്ചിട്ടില്ല;
➟ ഞാൻ ഇന്നതു സംസാരിക്കേണം എന്നും കല്പന തന്നിരിക്കുന്നു. (യോഹ, 12:49)
➟ ഞാൻ സംസാരിക്കുന്നതു പിതാവു എന്നോടു അരുളിച്ചെയ്തതുപോലെ തന്നേ സംസാരിക്കുന്നു. (യോഹ, 12:50).
☛ ദൈവത്തിന്നു സകലവും സാദ്ധ്യമാണെന്നും, തനിക്ക് പിതാവിനെക്കൂടാതെ സ്വതേ ഒന്നും ചെയ്യാൻ കഴിയില്ലെന്നും പറഞ്ഞിരിക്കുന്നത് ദൈവപുത്രനായ ക്രിസ്തുവാണ്. യേശുക്രിസ്തുവിൻ്റെ വാക്കുകളെ അവിശ്വസിക്കാനോ, ദുർവ്യാഖ്യാനം ചെയ്യാനോ ഒരാവശ്യവുമില്ല. ചിലർ കരുതുന്നപോലെ യേശു ഏകദൈവമോ, ദൈവത്തോട് സമനായ ദൈവമോ ആയിരുന്നെങ്കിൽ, ദൈവത്തിന് സകലതും സാദ്ധ്യമാണെന്നും തനിക്ക് സ്വതേ ഒന്നും കഴിയില്ലെന്നും പറയുമായിരുന്നില്ല. എന്നുവെച്ചാൽ, താൻ ദൈവമല്ല; പിതാവ് മാത്രമാണ് ദൈവം എന്നാണ് ക്രിസ്തു സംശയലേശമെന്യേ പഠിപ്പിച്ചിരിക്കുന്നത്.
𝟭𝟱. ദൈവം ഒരുവനല്ലാതെ നല്ലവൻ ആരുമില്ല:
➟ “ഒരു പ്രമാണി യേശുവിനോടു: നല്ല ഗുരോ, ഞാൻ നിത്യജീവനെ അവകാശമാക്കേണ്ടതിന്നു എന്തു ചെയ്യേണം എന്നു ചോദിച്ചു. അതിന്നു യേശു: “എന്നെ നല്ലവൻ എന്നു പറയുന്നതു എന്തു? ദൈവം ഒരുവനല്ലാതെ നല്ലവൻ ആരും ഇല്ല.” (ലൂക്കോ, 18:18-19). സമവീക്ഷണ സുവിശേഷങ്ങളിലെല്ലാം ഈ സംഭവം രേഖപ്പെടുത്തിയിട്ടുണ്ട്: (മത്താ, 9:16-17; മർക്കൊ, 10:17-18). തന്നെ “നല്ല ഗുരോ” (Good Master) എന്ന് സംബോധന ചെയ്ത പ്രമാണിയോട് “എന്നെ നല്ലവൻ എന്നു പറയുന്നതു എന്തു? ദൈവം ഒരുവനല്ലാതെ നല്ലവൻ ആരുമില്ല” എന്നാണ് ക്രിസ്തു മറുപടി പറഞ്ഞത്. യേശു നല്ലവനല്ല എന്നല്ല പറഞ്ഞിതനർത്ഥം; ദൈവപുത്രനെയും അരിമത്യയിലെ യോസേഫിനെയും നല്ലവനെന്ന് ബൈബിൾതന്നെ വിശേഷിപ്പിച്ചിട്ടുണ്ട്: (ലൂക്കൊ, 23:50; യോഹ, 7:12). എന്നാൽ ആത്യന്തികമായി “നല്ലവൻ” എന്ന പദവിക്ക് യോഗ്യനായി ഏകദൈവം മാത്രമേയുള്ളു: (എസ്രാ, 3:11; സങ്കീ, 34:8; 86:5; 100:5; 106:1). ക്രിസ്തു താൻ ദൈവമല്ലാത്തതുകൊണ്ടും ആരാധനയ്ക്കോ, ദൈവമഹത്വത്തിനോ യോഗ്യൻ അല്ലാത്തതുകൊണ്ടാണ്, ദൈവത്തിൻ്റെ പദവിയായ “നല്ലവൻ” എന്നു വിളിച്ചപ്പോൾ താൻ നിഷേധിച്ചത്; അല്ലാതെ താൻ നല്ലവൻ അല്ലാത്തതുകൊണ്ടല്ല. (Joh, 5:44, Joh, 17:3, Joh, 8:40; മത്താ, 4:10). പ്രമാണി യേശുവിനെ “ദൈവം” (God) എന്നല്ല; “നല്ലവൻ” എന്നാണ് വിളിച്ചത്. തന്നെ നല്ലവനെന്ന് വിളിച്ചതുപോലും നിഷേധിച്ച ക്രിസ്തു ദൈവമാണെന്ന് പറയുന്നവർ, അവനെ കള്ളനാക്കുകയാണ് ചെയ്യുന്നത്. തന്നെയുമല്ല, “ദൈവം ഒരുവനല്ലാതെ നല്ലവനില്ല” എന്ന് പ്രഥമപുരുഷനിലാണ് (3rd Person) മറുപടി കൊടുത്തത്. അതായത്, ദൈവത്തിൽനിന്ന് തന്നെ വ്യക്തമായി വേർതിരിച്ചാണ് ക്രിസ്തു പഠിപ്പിച്ചത്. ചിലർ കരുതുന്നപോലെ, ക്രിസ്തു ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകർതിയുള്ളവനോ ആയിരുന്നെങ്കിൽ, ദൈവത്തിൻ്റെ പദവിയായ “നല്ലവൻ” എന്ന് വിളിച്ചപ്പോൾ അവൻ നിഷേധിക്കുകയോ, ദൈവത്തെ പ്രഥമപുരുഷനിൽ വിശേഷിപ്പിക്കുകയോ ചെയ്യുമായിരുന്നില്ല. എന്നുവെച്ചാൽ, താൻ ദൈവമാണെന്ന് ക്രിസ്തുപോലും അറിഞ്ഞിരുന്നില്ല.
𝟭𝟲. സൃഷ്ടിച്ച അവൻ:
➟ “സൃഷ്ടിച്ചവൻ ആദിയിൽ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു.” (മത്താ, 19:4 ⁃ മർക്കൊ, 10:6). മനുഷ്യനെ സൃഷ്ടിക്കുമ്പോൾ ആദ്യത്തെ സൃഷ്ടിയായ യേശു ഉണ്ടായിരുന്നു എന്ന് ചിലരും, ദൈവത്തോടൊപ്പം ദൈവത്തിന് സമനായ ക്രിസ്തു ഉണ്ടായിരുന്നെന്ന് വേറെ ചിലരും വിചാരിക്കുന്നു. എന്നാൽ “ഭാര്യയെ ഉപേക്ഷിക്കുന്നത് വിഹിതമോ” എന്നുചോദിച്ച പരീശന്മാരോട് യേശു പറയുന്നത് ശ്രദ്ധിക്കുക: “സൃഷ്ടിച്ച അവൻ ആദിയിൽ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു” എന്നാണ്. ഈ വാക്യത്തോടുള്ള ബന്ധത്തിൽ മൂന്നുകാര്യങ്ങൾ പറയാം:
❶ ക്രിസ്തു പറഞ്ഞത്: “സൃഷ്ടിച്ച അവൻ” (He which made) എന്നാണ്: (KJV). സ്രഷ്ടാവായ ദൈവത്തിന് ഒരു ബഹുത്വം ഉണ്ടായിരുന്നെങ്കിൽ അല്ലെങ്കിൽ, പിതാവായ യഹോവയോടൊപ്പം സ്രഷ്ടാവായി താനും ഉണ്ടായിരുന്നെങ്കിൽ, “സൃഷ്ടിച്ച അവൻ” എന്ന ഏകവചനമല്ല, “സൃഷ്ടിച്ച ഞങ്ങൾ” (We which made/We who made) അല്ലെങ്കിൽ, “ഞങ്ങൾ സഷ്ടിച്ചു” എന്ന് ബഹുവചനത്തിൽ പറയുമായിരുന്നു.
❷ ചിലരുടെ വ്യാഖ്യാനപ്രകാരം; ദൈവത്തിലെ മൂന്നു പേർ ചേർന്ന് ആദവും ഹവ്വായും എന്ന രണ്ടു പേരെയാണ് ഉണ്ടാക്കിയത്. എന്നാൽ ക്രിസ്തു പറഞ്ഞത്: “സൃഷ്ടിച്ച അവൻ ആദിയിൽ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു” എന്നാണ്. വാക്യം ശ്രദ്ധിക്കണം: ആദത്തിനെയും ഹവ്വായെയും ചേർത്താണ് “അവരെ” (Them) എന്ന ബഹുവചനം ക്രിസ്തു പറഞ്ഞത്. സൃഷ്ടികളായ രണ്ടു പേരെച്ചേർത്ത് ബഹുവചനം പറഞ്ഞ ക്രിസ്തു, മൂന്ന് സ്രഷ്ടാക്കൾ ഉണ്ടായിരുന്നെങ്കിൽ, നിശ്ചയമായും ബഹുവചനം പറയുമായിരുന്നു. സ്രഷ്ടാവ് ഒരുത്തൻ മാത്രമായതുകൊണ്ടാണ് അവൻ ഏകവചനത്തിൽ പറഞ്ഞത്: (ഉല്പ, 1:27; ഉല്പ, 2:7; ഉല്പ, 5:1; ഉല്പ, 9:6; നെഹെ, 9:6; 2രാജാ, 19:15; യെശ, 37:16; യെശ, 44:24; 64:8; മലാ, 2:10).
❸ കൊയ്നേ ഗ്രീക്കിൽ സൃഷ്ടിയെ കുറിക്കുന്ന രണ്ട് പദങ്ങളാണ് ഈ വാക്യത്തിലുള്ളത്: ആദ്യത്തെപദം, “ഹോ പൊയേസാസ്” (Ho poiēsas) ആണ്. അതിൽ “ഹോ” (Ho) എന്നത് “The” എന്ന “നിശ്ചയോപപദം” (Definite Article) ആണ്. ഇതൊരു പുല്ലിംഗ ഏകവചനം (Singular Masculine) ആണ്. “പൊയേസാസ്” (poiēsas) എന്ന പദത്തിന് “സൃഷ്ടിച്ചവൻ/ഉണ്ടാക്കിയവൻ” (The maker/creator) എന്നാണർത്ഥം. ഈ പദം പുല്ലിംഗ ഏകവചന ക്രിയാപദം (Singular Masculine Verb) ആണ്. അതായത്, സൃഷ്ടികർത്താവിന് ബഹുത്വമില്ല; അവൻ ഏകനാണെന്ന് ആദ്യപദം അസന്ദിഗ്ദ്ധമായി വ്യക്തമാക്കുന്നു. അടുത്തപദം, “എപ്പോയേസെൻ” (Epoiēsen) ആണ്. ഇതൊരു പ്രഥമപുരുഷ ഏകവചന ക്രിയാപദം (3rd Person Singular Verb) ആണ്. “എപ്പോയേസെൻ” എന്ന പദത്തിൻ്റെ അർത്ഥം “അവൻ സൃഷ്ടിച്ചു” (He made) എന്നാണ്. അതായത്, സൃഷ്ടിച്ചത് “ഞങ്ങൾ” (We) അല്ല; “അവൻ” (He) ആണ്. സൃഷ്ടിച്ച “അവൻ” (He) എന്ന പ്രഥമപുരുഷ സർവ്വനാമമാണ് (3rd Person Pronoun) ഉപയോഗിച്ചിരിക്കുന്നത്. ഉത്തമപുരുഷനായ ക്രിസ്തു (1st Person), മധ്യമപുരുഷനായ യെഹൂദന്മാരോട് (2nd Person), സ്രഷ്ടാവായ ദൈവത്തെ ഏകവചനത്തിലും (Singular) പ്രഥമപുരുഷനിലും (3rd Person) വിശേഷിപ്പിച്ചുകൊണ്ട്, തനിക്ക് സൃഷ്ടിയിൽ യാതൊരു പങ്കുമില്ലെന്ന് സംശയലേശമന്യേ വ്യക്തമാക്കി. ➟മർക്കൊസിൽ പറയുന്നതും “ദൈവം അവരെ സൃഷ്ടിച്ചു” (God made them) എന്ന് പ്രഥമ പുരുഷനിലാണ്. (മർക്കൊ, 10:6 ⁃ മർക്കൊ, 13:19). എന്നുവെച്ചാൽ, പല പ്രസ്ഥാനങ്ങളും ക്രിസ്തു സ്രഷ്ടാവാണെന്ന് പഠിപ്പിക്കുന്നതല്ലാതെ, അക്കാര്യം ക്രിസ്തുവിനുപോലും അറിയില്ല.
☛ പലർക്കും അറിയാത്ത ഒരു കാര്യം പറയാം: ആദിമസൃഷ്ടിയിൽ ക്രിസ്തുവിന് യാതൊരു പങ്കുമില്ല. എന്നാൽ പുതുവാനഭൂമിയുടെ സൃഷ്ടിയും (യെശ, 65:17-18; യെശ, 66:22), പുതുസൃഷ്ടിയും (പുതിയജനനം) (2കൊരി, 5:17-18) ദൈവം ചെയ്യുന്നത് ദൈവപുത്രനായ ക്രിസ്തു മുഖാന്തരമാണ്. അഥവാ, യേശുക്രിസ്തുവിൻ്റെ മരണപുനരുത്ഥാനങ്ങളുടെ ഫലമായാണ്. അതിനാൽ പുതിയസൃഷ്ടിയിൽ ക്രിസ്തുവിന് പങ്കുണ്ടെന്ന് പറയാം. എന്നുവെച്ചാൽ: ക്രിസ്തു പുതുവാനഭൂമിയുടെ സ്രഷ്ടാവണെന്നല്ല; ദൈവം അവൻ്റെ രക്ഷാകരപ്രവർത്തിയുടെ ഫലമായി സൃഷ്ടിച്ചു എന്നാണ്. (കൊലൊ, 1:15-20; എബ്രാ, 1:2). ഒ:നോ: (വെളി, 21:1)
𝟭𝟳. പരിശുദ്ധാത്മാവിനോടുള്ള ദൂഷണം ക്ഷമിക്കയില്ല:
➟ “അതുകൊണ്ടു ഞാൻ നിങ്ങളോടു പറയുന്നതു: സകലപാപവും ദൂഷണവും മനുഷ്യരോടു ക്ഷമിക്കും; ആത്മാവിന്നു നേരെയുള്ള ദൂഷണമോ ക്ഷമിക്കയില്ല. ആരെങ്കിലും മനുഷ്യ പുത്രന്നു നേരെ ഒരു വാക്കു പറഞ്ഞാൽ അതു അവനോടു ക്ഷമിക്കും; പരിശുദ്ധാത്മാവിന്നു നേരെ പറഞ്ഞാലോ ഈ ലോകത്തിലും വരുവാനുള്ളതിലും അവനോടു ക്ഷമിക്കയില്ല.” (മത്താ, 12:31-32). ബെയെത്സെബൂലിനെക്കൊണ്ടാണ് ക്രിസ്തു ഭൂതങ്ങളെ പുറത്താക്കുന്നതെന്ന് പരീശന്മാർ ആരോപിച്ചപ്പോൾ അവൻ പറഞ്ഞത് ശ്രദ്ധിക്കുക: “മനുഷ്യപുത്രനെക്കുറിച്ച് അഥവാ, തന്നെക്കുറിച്ച് എന്തെങ്കിലും പറഞ്ഞാൽ ക്ഷമിക്കും; പരിശുദ്ധാത്മാവിനതിരെ ദൂഷണം പറഞ്ഞാൽ ഈ ലോകത്തിലും വരുവാനുള്ളതിലും അവനോടു ക്ഷമിക്കയില്ല.” (മത്താ, 12:24). മർക്കൊസിൽ “നിത്യശിക്ഷയ്ക്ക് യോഗ്യനാകും” എന്നാണ്: (മർക്കൊ, 3:28-29 ⁃ ലൂക്കൊ, 12:10). ദൈവവും പരിശുദ്ധാത്മാവും ഒന്നുതന്നെയാണ്. അഥവാ, ദൈവത്തിൻ്റെ അദൃശ്യമായ വെളിപ്പാട് അല്ലെങ്കിൽ, അദൃശ്യമായ സാന്നിധ്യമാണ് പരിശുദ്ധാത്മാവ്: (യോഹ, 3:8). ദൈവവും പരിശുദ്ധാത്മാവും അഭിന്നരാണെന്ന് അനേകം വേദമാഗങ്ങളിൽ പറഞ്ഞിട്ടുണ്ട്: (പ്രവൃ, 5:3 ⁃ പ്രവൃ, 5:4; 1കൊരി, 3:16,1കൊരി, 6:19 ⁃ 1കൊരി, 3:17; സങ്കീ, 139:8-10). “പരിശുദ്ധൻ” എന്നത് ദൈവത്തിൻ്റെ ഉപനാമം ആകയാലാണ്, ദൈവത്തിൻ്റെ ആത്മാവിനെ “പരിശുദ്ധ ആത്മാവു” എന്ന് വിശേഷിപ്പിക്കുന്നത്: (യെശ, 57:15 ⁃ വെളി, 15:4). പരിശുദ്ധാത്മാവ് ദൈവവും (പ്രവൃ, 5:3-4) ക്രിസ്തു മനുഷ്യനുമാണ്: (യോഹ, 8:40). അതുകൊണ്ടാണ്, തന്നെക്കുറിച്ച് പറഞ്ഞാൽ ക്ഷമിക്കും; പരിശുദ്ധാത്മാവിനെതിരെ പറഞ്ഞാൽ ക്ഷമിക്കയില്ലെന്ന് പഠിപ്പിച്ചത്. ചിലർ വിചാരിക്കുന്നപോലെ ക്രിസ്തു ഏകദൈവമാണെങ്കിലോ, മറ്റുചിലർ വിചാരിക്കുന്നപോലെ ദൈവം സമനിത്യരായ മൂന്നുപേരാണെങ്കിലോ, പരിശുദ്ധാത്മാവിനെതിരെ പറഞ്ഞാലും പുത്രനെതിരെ പറഞ്ഞാലും ഒരുപോലെ ക്ഷമിക്കപ്പെടുകയില്ലെന്ന് ക്രിസ്തു പറയുമായിരുന്നു. [കാണുക: പരിശുദ്ധാത്മാവ് ആരാണ്?, ദൈവത്തിൻ്റെ ആത്മാവ്]
𝟭𝟴. പരിശുദ്ധാത്മാവും ക്രിസ്തുവും:
➟ ക്രിസ്തുവിൻ്റെ മുഴുജീവിതവും പരിശുദ്ധാത്മാവിനാൽ ആയിരുന്നു:
➟ പരിശുദ്ധാത്മാവിനാൽ കന്യകയിൽ ഉല്പാദിതമായി: (മത്താ, 1:20; ലൂക്കൊ, 2:21),
➟ ആത്മാവിനാൽ അവളിൽനിന്ന് ഉത്ഭവിച്ചു: (ലൂക്കൊ, 1:35),
➟ ആത്മാവിൽ ബലപ്പെട്ട് വളർന്നു: (ലൂക്കൊ, 2:40),
➟ ആത്മാവിനാൽ അഭിഷേകം പ്രാപിച്ചു (ലൂക്കൊ, 3:22 ⁃⁃ പ്രവൃ, 10:38),
➟ ആത്മാവ് നിറഞ്ഞവനായി യോർദ്ദാൻ വിട്ടുമടങ്ങി: (ലൂക്കൊ, 4:1),
➟ ആത്മാവിനാൽ പരീക്ഷയിലേക്ക് നടത്തപ്പെട്ടു: (മത്താ, 4:1; ലൂക്കൊ, 4:1),
➟ ആത്മാവിൻ്റെ ശക്തിയോടെ ശുശ്രൂഷിച്ചു: (ലൂക്കൊ, 4:14-15),
➟ ആത്മാവിനാൽ അത്ഭുതങ്ങൾ പ്രവർത്തിച്ചു: (മത്താ, 12:28),
➟ ആത്മാവിനാൽ തന്നെത്താൻ ദൈവത്തിനു് നിഷ്കളങ്കനായി അർപ്പിച്ചു: (എബ്രാ, 9:14),
➟ ആത്മാവിനാൽ ജീവിപ്പിക്കപ്പെട്ടു: (1പത്രൊ, 3:18).
☛ പരിശുത്മാവിനാൽ ഉല്പാദിതനായി ജനിച്ചുജീവിച്ച് മരിച്ചുയിർത്തവൻ ഒരിക്കലും പരിശുദ്ധാത്മാവിന് തുല്യനാകില്ല. അതുകൊണ്ടാണ്, തന്നെക്കുറിച്ച് പറഞ്ഞാൽ ക്ഷമിക്കും; പരിശുദ്ധാത്മാവിനെതിരെ പറഞ്ഞാൽ ക്ഷമിക്കയില്ലെന്ന് ക്രിസ്തു പഠിപ്പിച്ചത്. അതായത്, താൻ ദൈവമാണെന്നോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃയുള്ളവനാണെന്നോ ക്രിസ്തുപോലും വിശ്വസിച്ചിരുന്നില്ല.
𝟭𝟵. ദൈവത്തിൽ വിശ്വസിപ്പിൻ, എന്നിലും വിശ്വസിപ്പിൻ:
➟ “നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുതു; ദൈവത്തിൽ വിശ്വസിപ്പിൻ, എന്നിലും വിശ്വസിപ്പിൻ.” (യോഹ, 14:1). ഈ വാക്യം ശ്രദ്ധിക്കുക: ഉത്തമപുരുഷനായ (1st Person) യേശു മധ്യമപുരുഷനായ (2nd Person) ശിഷ്യന്മാരോടാണ് “നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുതു” എന്ന് പറഞ്ഞത്. എന്നിട്ട് “ദൈവത്തിൽ വിശ്വസിപ്പിൻ” എന്ന് പ്രഥമപുരുഷനിലാണ് (3rd Person) പറഞ്ഞത്. ചിലർ കരുതുന്നപോലെ ക്രിസ്തു ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃയുള്ളവനോ ആയിരുന്നെങ്കിൽ, ദൈവത്തെ പ്രഥമപുരുഷനിൽ പറയാതെ, “ദൈവമായ/ദൈവങ്ങളായ ഞങ്ങളിൽ വിശ്വസിപ്പിൻ” എന്ന് ഉത്തമപുരുഷനിൽ പറയുമായിരുന്നു. അതാണ് ഭാഷയുടെ നിയമം. തന്നെയുമല്ല, “ദൈവത്തിൽ വിശ്വസിപ്പിൻ, എന്നിലും വിശ്വസിപ്പിൻ” എന്നിങ്ങനെ ദൈവത്തെയും തന്നെയും വ്യക്തമായി വേർതിരിച്ചാണ് പഠിപ്പിച്ചത്. അതായത്, ക്രിസ്തുവിൻ്റെ വീക്ഷണത്തിൽ ഒരേയൊരു ദൈവം/സത്യദൈവം (The only God/true God) പിതാവ് മാത്രമാണ്: (Joh, 5:44; Joh, 17:3).
☛ ക്രിസ്തു, തന്നെയും ദൈവത്തെയും വേർതിരിച്ച് പറഞ്ഞിരിക്കുന്ന അനേകം വാക്യങ്ങളുണ്ട്. ചില വാക്യങ്ങൾ കാണിക്കാം:
➟ “ഞാനോ നിങ്ങളോടു പറയുന്നതു: അശേഷം സത്യം ചെയ്യരുതു; സ്വർഗ്ഗത്തെക്കൊണ്ടു അരുതു, അതു ദൈവത്തിന്റെ സിംഹാസനം.” (മത്താ, 5:34)
➟ “യേശു (Jesus) എന്നെ നല്ലവൻ എന്നു പറയുന്നതു എന്തു? ദൈവം (God) ഒരുവനല്ലാതെ നല്ലവൻ ആരും ഇല്ല.” (ലൂക്കൊ, 18:19)
➟ യേശു അവരോടു: “ദൈവത്തിന്നു പ്രസാദമുള്ള പ്രവൃത്തി അവൻ അയച്ചവനിൽ നിങ്ങൾ വിശ്വസിക്കുന്നതത്രേ” എന്നു ഉത്തരം പറഞ്ഞു. (യോഹ, 6:29)
➟ “ദൈവത്തോടു (God) കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ (Jesus) നിങ്ങൾ കൊല്ലുവാൻ നോക്കുന്നു.” (യോഹ, 8:40)
➟ “യേശു അവളോടു: “വിശ്വസിച്ചാൽ നീ ദൈവത്തിന്റെ മഹത്വം കാണും എന്നു ഞാൻ നിന്നോടു പറഞ്ഞില്ലയോ” എന്നു പറഞ്ഞു. (യോഹ, 11:40)
➟ യേശു (Jesus) പറഞ്ഞതു: “ഇപ്പോൾ മനുഷ്യപുത്രൻ മഹത്വപ്പെട്ടിരിക്കുന്നു; ദൈവവും (God) അവനിൽ മഹത്വപ്പെട്ടിരിക്കുന്നു.” (യോഹ, 13:31)
➟ “ദൈവം അവനിൽ മഹത്വപ്പെട്ടിരിക്കുന്നു എങ്കിൽ ദൈവം അവനെ തന്നിൽ തന്നേ മഹത്വപ്പെടുത്തും; ക്ഷണത്തിൽ അവനെ മഹത്വപ്പെടുത്തും.” (യോഹ, 13:32)
➟ “ദൈവത്തിൽ വിശ്വസിപ്പിൻ, എന്നിലും വിശ്വസിപ്പിൻ.” (യോഹ, 14:1)
➟ “ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.” (യോഹ, 17:3)
➟ “എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു എന്നു അവരോടു പറക” എന്നു പറഞ്ഞു. (യോഹ, 20:17).
☛ ചിലർ കരുതുന്നപോലെ, താൻ ഏകദൈവം ആയിരുന്നെങ്കിലോ, ദൈവത്തിലെ ഒരു അംഗമായിരുന്നെങ്കിലോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതയുള്ളവൻ ആയിരുന്നെങ്കിലോ ദൈവത്തിൽനിന്ന് തന്നെ വേർതിരിച്ച് ക്രിസ്തു പഠിപ്പിക്കുമായിരുന്നില്ല. ദൈവത്തെ ദൈവത്തിൽനിന്നും, ദൂതനെ ദൂതനിൽനിന്നും മനുഷ്യനെ മനുഷ്യനിൽനിന്നും ഭാഷാപരമായി വേർതിരിച്ച് പഠിപ്പിക്കാൻ കഴിയില്ല. ചുരുക്കത്തിൽ, താൻ ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവൻ ആണെന്നോ ക്രിസ്തുപോലും വിശ്വസിച്ചിരുന്നില്ല.
𝟮𝟬. സർവ്വശക്തൻ്റെ വലത്തുഭാഗത്ത് ഇരിക്കും:
➟ “യേശു അവനോടു: “ഞാൻ ആകുന്നു; ഇനി മനുഷ്യപുത്രൻ സർവ്വശക്തന്റെ വലത്തുഭാഗത്തു ഇരിക്കുന്നതും ആകാശമേഘങ്ങളെ വാഹനമാക്കി വരുന്നതും നിങ്ങൾ കാണും എന്നു ഞാൻ പറയുന്നു” എന്നു പറഞ്ഞു.” (മത്താ. 26:64 ⁃ മർക്കൊ, 14:62; ലൂക്കൊ, 22:69). ക്രിസ്തുവിൻ്റെ വാക്കുകൾ ശ്രദ്ധിച്ചാൽ രണ്ട് കാര്യങ്ങൾ കാണാം:
❶ മനുഷ്യപുത്രൻ സ്വർഗ്ഗസിംഹാസനത്തിൽ ഇരിക്കുമെന്നല്ല; “സർവ്വശക്തൻ്റെ വലത്തുഭാഗത്തു ഇരിക്കും” എന്നാണ് പറഞ്ഞത്.
❷ സർവ്വശക്തനായ ദൈവത്തിൽനിന്ന് മനുഷ്യപുത്രനായ തന്നെ വ്യക്തമായി വേർതിരിച്ചാണ് യേശു പഠിപ്പിച്ചത്. യേശുവിൻ്റെ ഈ പ്രവചനത്തിൻ്റെ സ്ഥിരീകരണമാണ് സ്തെഫാനോസ് സ്വർഗ്ഗത്തിൽ കണ്ടത്: “ഇതാ, സ്വർഗ്ഗം തുറന്നിരിക്കുന്നതും മനുഷ്യപുത്രൻ ദൈവത്തിന്റെ വലത്തു ഭാഗത്തു നില്ക്കുന്നതും ഞാൻ കാണുന്നു എന്നു പറഞ്ഞു.” (പ്രവൃ 7:56). സ്തെഫാനോസിൻ്റെ വാക്കുകളിലും അതേ രണ്ട് കാര്യങ്ങൾ കാണാം:
❶ താൻ സ്വർഗ്ഗത്തിൽ ദൈവമായി യേശുവിനെ കാണുന്നു എന്നല്ല; ദൈവത്തിന്റെ വലത്തുഭാഗത്ത് നില്ക്കുന്നതായാണ് അവൻ കാണുന്നത്.
❷ ദൈവത്തിൽനിന്ന് വ്യത്യസ്തനായാണ് മനുഷ്യപുത്രനായ യേശുവിനെ അവൻ സ്വർഗ്ഗത്തിൽ കാണുന്നത്. അതായത്, ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ച പുരുഷനായ (Man) നസറായനായ യേശു (പ്രവൃ, 2:23-24; 10:40) സ്വർഗ്ഗത്തിലും മനുഷ്യൻ അല്ലെങ്കിൽ മനുഷ്യപുത്രൻ തന്നെയാണ്; അല്ലാതെ ദൈവമല്ല.
☛ സ്വർഗ്ഗാരോഹണം ചെയ്ത യേശുക്രിസ്തു ദൈവത്തിൻ്റെ വലത്തുഭാഗത്ത് ഇരിക്കുന്നതായി പറഞ്ഞിരിക്കുന്ന അനേകം വാക്യങ്ങളുണ്ട്:
➟ “ഇങ്ങനെ കർത്താവായ യേശു അവരോടു അരുളിച്ചെയ്തശേഷം സ്വർഗ്ഗത്തിലേക്കു എടുക്കപ്പെട്ടു. ദൈവത്തിന്റെ വലത്തുഭാഗത്തു ഇരുന്നു.” (മർക്കൊ, 16:19 ⁃ പ്രവൃ, 2:33; പ്രവൃ, 7:56; റോമർ 8:34; എഫെ, 1:21; കൊലൊ, 3:1; എബ്രാ, 1:3; എബ്രാ, 8:1; എബ്രാ, 10:12; എബ്രാ, 12:2; 1പത്രൊ, 3:22). ഈ വാക്യങ്ങളിലെല്ലാം ദൈവത്തിൽനിന്ന് യേശുവിനെ വേർതിരിച്ചാണ് പഠിപ്പിച്ചിരിക്കുന്നത്. തന്നെയുമല്ല, ദൈവം “മനുഷ്യപുത്രൻ” (Son of Man) അല്ലെന്ന് വചനം പറയുന്നു: (സംഖ്യാ, 23:19). എന്നാൽ സ്തെഫാനോസ് സ്വർഗ്ഗത്തിൽ ദൈവത്തിൻ്റെ വലത്തുഭാഗത്ത് കാണുന്നത് ദൈവത്തെയോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനെയോ അല്ല; യേശു എന്ന മനുഷ്യപുത്രനെയാണ്. (പ്രവൃ, 7:56). അതിനാൽ യേശു ഏകദൈവമാണെന്ന് പറയുന്ന ഉപദേശവും, ദൈവത്തോടു സമനായ ദൈവമാണെന്നും, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനാണെന്നും പറയുന്ന ഉപദേശവും ബൈബിൾ വിരുദ്ധവും ക്രിസ്തു അംഗീകരിക്കാത്തതും ആണെന്ന് മനസ്സിലാക്കാം. അതായത്, ക്രിസ്തുവിനോട് എതിർക്കാതെ, അല്ലെങ്കിൽ സ്വയം എതിർക്രിസ്തു ആകാതെ അവൻ ദൈവമാണെന്ന് പറയാൻ സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള ആർക്കും കഴിയില്ല.
📌 “ക്രിസ്തുവിൻ്റെ ദൈവവീക്ഷണവും സ്വയവീക്ഷണവും” എന്ന ലേഖനത്തിൻ്റെ രണ്ടാം ഭാഗം കാണാൻ ഈ ലിങ്കിൽ പോകുക: ➟ക്രിസ്തുവിൻ്റെ സ്വയവീക്ഷണം.
ദൈവം അനുഗ്രഹിക്കട്ടെ