☛ “കേട്ടോ ഒരുത്തൻ വിളിച്ചുപറയുന്നതു: മരുഭൂമിയിൽ യഹോവെക്കു വഴി ഒരുക്കുവിൻ; നിർജ്ജനപ്രദേശത്തു നമ്മുടെ ദൈവത്തിന്നു ഒരു പെരുവഴി നിരപ്പാക്കുവിൻ. എല്ലാ താഴ്വരയും നികന്നും എല്ലാമലയും കുന്നും താണും വരേണം; വളഞ്ഞതു ചൊവ്വായും ദുർഘടങ്ങൾ സമമായും തീരേണം. യഹോവയുടെ മഹത്വം വെളിപ്പെടും, സകലജഡവും ഒരുപോലെ അതിനെ കാണും; യഹോവയുടെ വായല്ലോ അരുളിച്ചെയ്തിരിക്കുന്നതു.” (യെശ, 40:3-5). ➟“എനിക്കു മുമ്പായി വഴി നിരത്തേണ്ടതിന്നു ഞാൻ എന്റെ ദൂതനെ അയക്കുന്നു. നിങ്ങൾ അന്വേഷിക്കുന്ന കർത്താവും നിങ്ങൾ ഇഷ്ടപ്പെടുന്ന നിയമദൂതനുമായവൻ പെട്ടെന്നു തന്റെ മന്ദിരത്തിലേക്കു വരും; ഇതാ, അവൻ വരുന്നു എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.” (മലാ, 3:1). വഴി ഒരുക്കേണ്ടവനെക്കുറിച്ച് പുതിയനിയമത്തിൽ രണ്ടുപേരുടെ പ്രവചനവും അഞ്ചുപേരുടെ സാക്ഷ്യവും കാണാം. വഴി ഒരുക്കപ്പെട്ടത് ആർക്കാണെന്നും നമുക്ക് നോക്കാം:
𝟭. യഹോവയുടെ ദൂതൻ:
➟ “അവൻ യിസ്രായേൽമക്കളിൽ പലരെയും അവരുടെ ദൈവമായ കർത്താവിങ്കലേക്കു തിരിച്ചുവരുത്തും. അവൻ അപ്പന്മാരുടെ ഹൃദയങ്ങളെ മക്കളിലേക്കും വഴങ്ങാത്തവരെ നീതിമാന്മാരുടെ ബോധത്തിലേക്കും തിരിച്ചുംകൊണ്ടു ഒരുക്കമുള്ളോരു ജനത്തെ കർത്താവിന്നുവേണ്ടി ഒരുക്കുവാൻ അവന്നു മുമ്പായി ഏലീയാവിന്റെ ആത്മാവോടും ശക്തിയോടും കൂടെ നടക്കും.” (ലൂക്കൊ, 1:16-17). ➟ഇത്, സെഖര്യാപുരോഹിതനോട് അവൻ്റെ മകനായ യോഹന്നാനെക്കുറിച്ചുള്ള ദൂതൻ്റെ പ്രവചനമാണ്: (ലൂക്കൊ, 1:13-15). ➟ആദ്യഭാഗം ശ്രദ്ധിക്കുക: “അവൻ (യോഹന്നാൻ) യിസ്രായേൽമക്കളിൽ പലരെയും അവരുടെ ദൈവമായ കർത്താവിങ്കലേക്കു തിരിച്ചുവരുത്തും.” ഇവിടുത്തെ കർത്താവ് യഹോവയാണ്. ➟അടുത്തഭാഗം: “അവൻ ….. ഒരുക്കമുള്ളോരു ജനത്തെ കർത്താവിന്നു(യഹോവ)വേണ്ടി ഒരുക്കുവാൻ അവന്നു (യഹോവയുടെ) മുമ്പായി ഏലീയാവിന്റെ ആത്മാവോടും ശക്തിയോടും കൂടെ നടക്കും.” യെശയ്യാപ്രവചത്തിലുള്ളത്: “യഹോവെക്കു വഴി ഒരുക്കുവിൻ” എന്നാണ്. അതേ കാര്യമാണ് ദൂതനും പറയുന്നത്: “യോഹന്നാൻ യഹോവയുടെ മുമ്പായി നടക്കും.” വഴിയൊരുക്കുന്നവനാണ് മുമ്പെ നടക്കുന്നത്: (മത്താ, 3:11; മർക്കൊ, 1:7; യോഹ, 1:15; 1:30). യെശയ്യാവും മലാഖിയും പ്രവചിച്ച അതേകാര്യം തന്നെയാണ് യഹോവയുടെ ദൂതനും പ്രവചിക്കുന്നത്. ഇതും കാണുക: (മലാ, 4:5). വരുവാനുള്ള ഏലീയാവ് യോഹന്നാനാണെന്ന് യേശുവും പറഞ്ഞിട്ടുണ്ട്: (മത്താ, 17:12-13; മർക്കൊ, 9:13)
𝟮. സെഖര്യാപുരോഹിതൻ:
➟ “നീയോ പൈതലേ, അത്യുന്നതന്റെ പ്രവാചകൻ എന്നു വിളിക്കപ്പെടും. കർത്താവിന്റെ വഴി ഒരുക്കുവാനും നമ്മുടെ ദൈവത്തിന്റെ ആർദ്രകരുണയാൽ അവന്റെ ജനത്തിന്നു പാപമോചനത്തിൽ രക്ഷാപരിജ്ഞാനം കൊടുപ്പാനുമായി നീ അവന്നു മുമ്പായി നടക്കും.” (ലൂക്കോ, 1:76-77). സെഖര്യാപുരോഹിതൻ പരിശുദ്ധാത്മാവ് നിറഞ്ഞവനായി പ്രവചിച്ചതാണിത്. ഈ വേദഭാഗത്തെ “അത്യുന്നതനും കർത്താവും” യഹോവയാണ്. ➟വാക്യം ശ്രദ്ധിക്കുക: “കർത്താവിന്റെ (യഹോവ) വഴി ഒരുക്കുവാനും നമ്മുടെ ദൈവത്തിന്റെ ആർദ്രകരുണയാൽ അവന്റെ (യഹോവയുടെ) ജനത്തിന്നു പാപമോചനത്തിൽ രക്ഷാപരിജ്ഞാനം കൊടുപ്പാനുമായി നീ അവന്നു (യഹോവയുടെ) മുമ്പായി നടക്കും.” സെഖര്യാവ് പ്രവചിച്ചത് തൻ്റെ മകനായ യോഹന്നാൻ യഹോവയ്ക്ക് വഴി ഒരുക്കുന്നതിനെക്കുറിച്ചാണ്. അതായത്, യഹോവയുടെ പ്രവാചകന്മാരായ യെശയ്യാവും മാലാഖിയും പ്രവചിച്ചതും യഹോവയുടെ ദൂതൻ പ്രവചിച്ചതും യഹോവയുടെ പുരോഹിതനായ സെഖര്യാവ് പ്രവചിച്ചതും യഹോവയുടെ മുമ്പേനടന്ന് യഹോവയ്ക്ക് വഴി ഒരുക്കുന്ന യോഹന്നാൻ സ്നാപകനെക്കുറിച്ചാണ്. ഇത് ഭാഷണവും വാക്കുകളുമില്ലാതെ ആർക്കും മനസ്സിലാകുന്ന കാര്യമാണ്. തന്നെയുമല്ല, മേല്പറഞ്ഞതെല്ലാം യേശു ജനിക്കുന്നതിന് മുമ്പേയുള്ള പ്രവചനങ്ങളാണ്. ഇനിയതിൻ്റെ ചരിത്രപരമായ നിവർത്തി നോക്കാം:
𝟯. സുവിശേഷകൻ മത്തായി:
➟ ആ കാലത്തു യോഹന്നാൻസ്നാപകൻ വന്നു, യെഹൂദ്യമരുഭൂമിയിൽ സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കയാൽ മാനസാന്തരപ്പെടുവിൻ എന്നു പറഞ്ഞു. മരുഭൂമിയിൽ വിളിച്ചുപറയുന്നവന്റെ വാക്കാവിതു: “കർത്താവിന്റെ വഴി ഒരുക്കി അവന്റെ പാത നിരപ്പാക്കുവിൻ” എന്നിങ്ങനെ യെശയ്യാ പ്രവാചകൻ പറഞ്ഞവൻ ഇവൻ തന്നേ.” (മത്താ, 3:1-3). ഇത് യോഹന്നാനെക്കുറിച്ചുള്ള മത്തായിയുടെ വാക്കുകളാണ്. ➟മൂന്നാം വാക്യം ശ്രദ്ധിക്കുക: “കർത്താവിന്റെ വഴി ഒരുക്കി അവന്റെ പാത നിരപ്പാക്കുവിൻ” എന്നിങ്ങനെ യെശയ്യാ പ്രവാചകൻ പറഞ്ഞവൻ ഇവൻ (യോഹന്നാൻ) തന്നേ.” അതായത്, “യഹോവയുടെ വഴി ഒരുക്കി അവന്റെ പാത നിരപ്പാക്കുവിൻ” എന്ന് യെശയ്യാവ് പ്രവചിച്ചവൻ യോഹന്നാൻ ആണെന്ന് മത്തായി അസന്ദിഗ്ദ്ധമായി സാക്ഷ്യപ്പെടുത്തുന്നു.
𝟰. സുവിശേഷകൻ മർക്കൊസ്:
➟ “ഞാൻ നിനക്കു മുമ്പായി എന്റെ ദൂതനെ അയക്കുന്നു; അവൻ നിന്റെ വഴി ഒരുക്കും. കർത്താവിന്റെ വഴി ഒരുക്കുവിൻ അവന്റെ പാത നിരപ്പാക്കുവിൻ എന്നു മരുഭൂമിയിൽ വിളിച്ചുപറയുന്നവന്റെ വാക്കു” എന്നിങ്ങനെ യെശയ്യാപ്രവാചകന്റെ പുസ്തകത്തിൽ എഴുതിയിരിക്കുന്നതുപോലെ യോഹന്നാൻ വന്നു. (മർക്കൊ, 1:2:3). ഇത് യോഹന്നാനെക്കുറിച്ചുള്ള മർക്കൊസിൻ്റെ സാക്ഷ്യമാണ്: ➟ആദ്യഭാഗം: “എനിക്കു മുമ്പായി വഴി നിരത്തേണ്ടതിന്നു ഞാൻ എന്റെ ദൂതനെ അയക്കുന്നു” എന്ന മലാഖി പ്രവചനം ആദ്യഭാഗത്തിൻ്റെ നിവൃത്തിയാണ്: (മലാ, 3:1 – മത്താ, 11:10; ലൂക്കൊ, 7:27). ➟അടുത്തഭാഗം: യെശയ്യാപ്രവചനത്തിൻ്റെ നിവൃത്തിയാണ്: (യെശ, 40:3). “യെശയ്യാപ്രവാചകന്റെ പുസ്തകത്തിൽ എഴുതിയിരിക്കുന്നതുപോലെ യോഹന്നാൻ വന്നു” എന്നാണ് മർക്കൊസ് പറയുന്നത്. അതായത്, മലാഖിയുടെയും യെശയ്യാവിൻ്റെയും പ്രവചനം ഒന്നിച്ചാണ് മർക്കൊസ് പറയുന്നതെന്ന് മനസ്സിലാക്കാം.
𝟱. സുവിശേഷകൻ ലൂക്കൊസ്:
➟ “മരുഭൂമിയിൽ വിളിച്ചുപറയുന്നവന്റെ വാക്കാവിതു: കർത്താവിന്റെ വഴി ഒരുക്കുവിൻ; അവന്റെ പാത നിരപ്പാക്കുവിൻ. എല്ലാതാഴ്വരയും നികന്നുവരും; എല്ലാമലയും കുന്നും താഴും; വളഞ്ഞതു ചൊവ്വായും ദുർഘടമായതു നിരന്ന വഴിയായും തീരും; സകലജഡവും ദൈവത്തിന്റെ രക്ഷയെ കാണും” എന്നിങ്ങനെ യെശയ്യാപ്രവാചകന്റെ പുസ്തകത്തിൽ എഴുതിയിരിക്കുന്നതു പോലെ തന്നേ. (ലൂക്കൊ, 3:4-6). യെശയ്യാപ്രവചനത്തിൻ്റെ 40:3-5 വാക്യങ്ങൾ മുഴുവനായുള്ളത് ലൂക്കൊസിൻ്റെ സുവിശേഷത്തിൽ മാത്രമാണ്. ➟ലൂക്കൊസ് 3:2-ൽ “യോഹന്നാന്നു മരുഭൂമിയിൽവെച്ചു ദൈവത്തിന്റെ അരുളപ്പാടു ഉണ്ടായതും” ലൂക്കൊസ് 3:3-ൽ “അവൻ യോർദ്ദാന്നരികെയുള്ള നാട്ടിൽ ഒക്കെയും വന്നു പാപമോചനത്തിനായുള്ള മാനസാന്തരസ്നാനം പ്രസംഗിച്ചതും” പറഞ്ഞശേഷമാണ്, യെശയ്യാവ് 40-ൻ്റെ 3-5 വാക്യങ്ങൾ ഉദ്ധരിക്കുന്നത്. എന്നിട്ട് ലൂക്കൊസ് പറയുന്നത് ശ്രദ്ധിക്കുക: “എന്നിങ്ങനെ യെശയ്യാപ്രവാചകന്റെ പുസ്തകത്തിൽ എഴുതിയിരിക്കുന്നതു പോലെ തന്നേ.” അതായത്, യെശയ്യാപ്രവചനത്തിൻ്റെ നിവൃത്തിയാണ് യോഹന്നാന്റെ ശുശ്രൂഷ എന്നാണ് ലൂക്കൊസ് വ്യക്തമാക്കുന്നത്. “സകലജഡവും ദൈവത്തിൻ്റെ രക്ഷയെ കാണും” എന്നത് ഗ്രീക്ക് സെപ്റ്റ്വജിൻ്റ് പരിഭാഷയാണ്. പുതിയനിയമത്തിൽ ഉദ്ധരണികൾ എടുത്തിരിക്കുന്നത് LXX-ൽ നിന്നാണ്.
𝟲. സുവിശേഷകൻ യോഹന്നാൻ:
➟ “അതിന്നു അവൻ: യെശയ്യാപ്രവാചകൻ പറഞ്ഞതുപോലെ: കർത്താവിന്റെ വഴി നേരെ ആക്കുവിൻ എന്നു മരുഭൂമിയിൽ വിളിച്ചുപറയുന്നവന്റെ ശബ്ദം ഞാൻ ആകുന്നു എന്നു പറഞ്ഞു.” (യോഹ, 1:23). സ്നാപകൻ്റെ വാക്കുകളാണ് യോഹന്നാൻ തൻ്റെ സുവിശേഷത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ➟യെശയ്യാപ്രവചനം തുടങ്ങുന്നത് ഇപ്രകാരമാണ്: “കേട്ടോ ഒരുത്തൻ വിളിച്ചുപറയുന്നതു:” യോഹന്നാൻ സ്നാപകൻ്റെ മരുഭൂമിയിൽ വിളിച്ചുപറഞ്ഞ വാക്കുകളാണ് യെശയ്യാവ് എഴുന്നൂറ് വർഷംമുമ്പ് ആത്മാവിനാൽ കേട്ടത്. യെശയ്യാപ്രവാചകൻ വിളിച്ചുപറയുന്ന ആളെക്കണ്ടില്ല; ശബ്ദം മാത്രമാണ് തൻ്റെ പ്രവചനാത്മാവിൽ കേട്ടത്. അവൻ കേട്ട ശബ്ദത്തിൻ്റെ ഉടയവനായ യോഹന്നാൻ പറയുന്നു: “മരുഭൂമിയിൽ വിളിച്ചുപറയുന്നവന്റെ ശബ്ദം ഞാൻ ആകുന്നു.”
𝟳. ദൈവപുത്രനായ യേശുക്രിസ്തു:
➟ “ഞാൻ എന്റെ ദൂതനെ നിനക്കു മുമ്പായി അയക്കുന്നു; അവൻ നിന്റെ മുമ്പിൽ നിനക്കു വഴി ഒരുക്കും” എന്നു എഴുതപ്പെട്ടിരിക്കുന്നവൻ അവൻ തന്നേ. (മത്താ, 11:10). ഇത് യോഹന്നാനെക്കുറിച്ചുള്ള യേശുവിൻ്റെ വാക്കുകളാണ്: (ലൂക്കൊ, 7:27). ➟യെശയ്യാവ് പ്രവചിച്ച: “യഹോവെക്കു വഴി ഒരുക്കുന്നവനും” മലാഖി പ്രവചിച്ച: “യഹോവയ്ക്ക് മുമ്പായി വഴി നിരത്തേണ്ടതിന്നു യഹോവ അയച്ച ദൂതനും” യോഹന്നാനാണെന്ന് യേശു വ്യക്തമാക്കുന്നു: (യെശ, 40:3; മലാ, 3:1). വരുവാനുള്ള ഏലീയാവും യോഹന്നാനാണെന്ന് യേശു പറഞ്ഞിട്ടുണ്ട്: (മത്താ, 17:12-13; മർക്കൊ, 9:13).
☛ യേശുക്രിസ്തു ഉൾപ്പെടെ ഏഴുപേരുടെ സാക്ഷ്യപ്രകാരം: യെശയ്യാവിൻ്റെയും മലാഖിയുടെയും പ്രവചനനിവൃത്തിയായിട്ട് യഹോവയ്ക്ക് വഴിയൊരുക്കാൻ വന്നവനാണ് യോഹന്നാൻ സ്നാപകൻ. യഹോവയുടെ മുമ്പാകെയാണ് യോഹന്നാൻ വഴിനിരത്തേണ്ടതെന്ന് യെശയ്യാവും മലാഖിയും ദൈവദൂതനും സെഖര്യപ്രവാചകനും അക്ഷരപ്രതി പ്രവചിച്ചിട്ടുണ്ട്. മറ്റുള്ളവരും പ്രവചനം ഉദ്ധരിച്ചുകൊണ്ട് അത് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ യഹോവയ്ക്ക് ഒരുക്കിയ വഴിയിൽ വന്നത് ആരാണ്? അത് മനസ്സിലാക്കാൻ സത്യദൈവത്തെക്കുറിച്ച് മനുഷ്യർ അറിയേണ്ട പരമപ്രധാനമായ ഒരു വസ്തുതയുണ്ട്: “ദൈവം (സത്യദൈവം) എന്നത് ഊരിവെക്കാവുന്നതും എടുത്ത് അണിയാവുന്നതുമായ ഒരു വേഷമായിട്ടാണ് പലരും മനസ്സിലാക്കുന്നത്. അതുകൊണ്ടാണ്, യേശു ദൈവത്തിന്റെ അവതാരമാണെന്നും, ദൈവം വേഷംമാറി വന്നതാണെന്നും, അവൻ ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനാണെന്നും പലരും വിചാരിക്കുന്നത്. എന്നാൽ ദൈവം (God) എന്നത് സ്രഷ്ടാവിന്റെ മാത്രം പ്രകൃതി (Nature) ആണ്: (2രാജാ, 19:15; മലാ, 2:10; യോഹ, 17:3; 1കൊരി, 8:4-6; എഫെ, 4:6). അതിനാൽ, മാറ്റമോ ഗതിഭേദത്താൽ ആഛാദനമോ ഇല്ലാത്ത (With whom is no variableness, neither shadow of turning) ദൈവത്തിന് അവതാരം എടുക്കാനോ, വേഷം മാറാനോ, ഇരുപ്രകൃതിയുള്ളവൻ ആകാനോ കഴിയില്ല. (യാക്കോ, 1:17 – മലാ, 3:6). ദൈവത്തിന് വെളിപ്പാടുകൾ അഥവാ, പ്രത്യക്ഷതകൾ (Manifestations) മാത്രമാണുള്ളത്.”
☛ ദൈവമായ യഹോവയ്ക്ക് വഴിയൊരുക്കാനും അവൻ്റെ ജനത്തെ രക്ഷിക്കാൻ യഹോവയുടെ മുമ്പെ നടക്കാനുമാണ് ദൈവം യോഹന്നാനെ അയച്ചത്;: (യോഹ, 1:6 – യെശ, 40:3; മലാ, 3:1; ലൂക്കൊ, 1:16-17; ലൂക്കൊ, 1:76-77). എന്നാൽ യോഹന്നാൻ വഴിയൊരുക്കിയത് ആർക്കാണ്? ➟അതിൻ്റെ ഉത്തരം സ്നാപകൻതന്നെ പറയും: “ഞാൻ ക്രിസ്തു അല്ല, അവന്നു മുമ്പായി അയക്കപ്പെട്ടവനത്രേ എന്നു ഞാൻ പറഞ്ഞതിന്നു നിങ്ങൾ തന്നേ എനിക്കു സാക്ഷികൾ ആകുന്നു;” (യോഹ, 3:28). യോഹന്നാൻ്റെ വാക്കുകൾ ശ്രദ്ധിക്കുക: “ഞാൻ ക്രിസ്തു അല്ല, അവന്നു മുമ്പായി അയക്കപ്പെട്ടവനത്രേ.” എബ്രായയിലെ “മശീഹ” (Messiah), ഗ്രീക്കിലെ “ക്രിസ്തു” (Christos) എന്നീ പദങ്ങൾക്ക് “അഭിഷിക്തൻ” (Anointed) അഥവാ, “ദൈവത്താൽ അഭിഷേകം പ്രാപിച്ചവൻ” എന്നാണർത്ഥം. പരിശുദ്ധാത്മാവിനാൽ പ്രകൃത്യാതീതമായി മറിയത്തിൽ ഉല്പാദിതനായ (മത്താ, 1:20; ലൂക്കൊ, 2:21), അവളുടെ ആദ്യജാതനായി ജനിച്ച (ലൂക്കൊ, 2:7) യേശു എന്ന് പേരുള്ള മനുഷ്യന് (യോഹ, 9:11), ഏകദേശം മുപ്പത് വയസ്സുള്ളപ്പോൾ (ലൂക്കൊ, 3:23), യെശയ്യാപ്രവചനത്തിൻ്റെ നിവർത്തിയായി യോർദ്ദാനിൽവെച്ച്, ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം അഭിഷേകം ചെയ്തപ്പോഴാണ് അവൻ അഭിഷിക്തൻ (ക്രിസ്തു) ആയത്: (യെശ, 61:1 – ലൂക്കൊ, 3:22; പ്രവൃ, 10:38). താൻ അപ്പോഴാണ് ക്രിസ്തു ആയതെന്ന് തൻ്റെ പ്രഥമ ശുശ്രൂഷയിൽ യെശയ്യാപ്രവചനം ഉദ്ധരിച്ചുകൊണ്ട് യേശുവും വ്യക്തമാക്കിയിട്ടുണ്ട്: (യെശ, 61:1-2; ലൂക്കൊ, 4:16-21). അതായത്, യേശു അഭിഷിക്തനും (ക്രിസ്തു) യഹോവയായ ദൈവം അഭിഷേകദാതാവുമാണ്: (ലൂക്കൊ, 3:22; പ്രവൃ, 10:38). അതിനാൽ, യഹോവയായ ദൈവത്തിന് വഴിയൊരുക്കാൻ വന്ന യോഹന്നാൻ, യഹോവയ്ക്കല്ല; അവൻ്റെ ക്രിസ്തുവിനാണ് (അഭിഷിക്തൻ) വഴിയൊരുക്കിയതെന്ന് സംശയലേശമെന്യേ മനസ്സിലാക്കാം: (മത്താ, 11:10; ലൂക്കൊ. 7:27).
☛ താൻ വഴിയൊരുക്കിയവൻ്റെ പ്രകൃതി (Nature) എന്താണെന്നും സ്നാപകൻ വ്യക്തമായി പറഞ്ഞിട്ടുണ്ട്: “എന്റെ പിന്നാലെ ഒരു പുരുഷൻ വരുന്നു; അവൻ എനിക്കു മുമ്പെ ഉണ്ടായിരുന്നതുകൊണ്ടു എനിക്കു മുമ്പനായി തീർന്നു എന്നു ഞാൻ പറഞ്ഞവൻ ഇവൻ തന്നേ.” (യോഹ, 1:30). ഈ വേദഭാഗത്ത് പറയുന്ന “പുരുഷ്യൻ” (Man) ഗ്രീക്കിൽ “അനീർ” (Aner) ആണ്. അനീർ മനുഷ്യരിലെ പുരുഷൻ ആണ്. എന്നാൽ ദൈവം പുരുഷനോ, സ്ത്രീയോ അല്ല; ദൈവത്തിന് ജെൻ്ററില്ല. ദൂതന്മാർക്കും ജെൻ്ററില്ലെന്ന് യേശുവിൻ്റെ വാക്കിനാൽ മനസ്സിലാക്കാം: (മത്താ, 22:30; മർക്കൊ, 12:25; ലൂക്കൊ, 20:35-36). ➟ഇനി ശ്രദ്ധേയമായ ഒരുകാര്യം കാണിക്കാം: “ഞാൻ മനുഷ്യനല്ല ദൈവം അത്രേ” എന്നാണ് യഹോവായ ഏകദൈവം പറയുന്നത്: (ഹോശേ, 11:9). യഹോവ “മനുഷ്യനും മനുഷ്യപുത്രനും അല്ലെന്നു” പഴയനിയമ ഭക്തന്മാരും പറയുന്നു: (സംഖ്യാ, 23:19;1ശമൂ, 15:29;ഇയ്യോ, 9:32). ➟എന്നാൽ പിതാവ് മാത്രമാണ് സത്യദൈവം (Father, the only true God), ഞാൻ മനുഷ്യനാണെന്ന് യേശുവും (യോഹ, 17:3 – യോഹ, 8:40), യേശു മനുഷ്യനും (യോഹ, 9:11), മനുഷ്യപുത്രനും (മത്താ, 8:29), വിശേഷാൽ, പുരുഷനുമാണെന്ന് തിരുവെഴുത്തുകളും വ്യക്തമാക്കുന്നു: (പ്രവൃ, 2:23). അതായത്, “ദൈവം” (God) എന്നത് യഹോവയായ ഏകസ്രഷ്ടാവിൻ്റെ “പ്രകൃതിയും” (Nature) “മനുഷ്യൻ” (Man) എന്നത് ഏകകർത്താവായ യേശുക്രിസ്തുവിൻ്റെ “പ്രകൃതിയും” (Nature) ആണ്: (1കൊരി, 8:6;1തിമൊ, 2:5-6). തന്മൂലം, യഹോവയായ ദൈവത്തിന് വഴിയേരുക്കാൻ വന്ന യോഹന്നാൻ, ദൈവത്തിനല്ല; യേശു എന്ന് പേരുള്ള മനുഷ്യന് അല്ലെങ്കിൽ പുരുഷനാണ് വഴിയൊരുക്കിയതെന്ന് വ്യക്തമാണ്: (യോഹ, 9:11; പ്രവൃ, 2:23)
☛ വാക്യത്തിൻ്റെ അടുത്തഭാഗം: “അവൻ എനിക്കു മുമ്പെ ഉണ്ടായിരുന്നതുകൊണ്ടു എനിക്കു മുമ്പനായി തീർന്നു.” (യോഹ, 1:15). യേശുവെന്ന മനുഷ്യൻ യോഹന്നാനെക്കാൾ ആറുമാസം ഇളപ്പമാണ്: (ലൂക്കൊ, 1:36). യോഹന്നാനെക്കാൾ ഇളയവനായ യേശുവെന്ന മനുഷ്യന് അവനെക്കാൾ മുമ്പെ ഉണ്ടായിരിക്കാൽ കഴിയില്ല. പിന്നെയാരാണ് അവനെക്കാൾ മുമ്പെ ഉണ്ടായിരുന്നത്? ➟അതിൻ്റെ ഉത്തരവും യോഹന്നാൻതന്നെ പറഞ്ഞിട്ടുണ്ട്: “ഞാനോ അവനെ അറിഞ്ഞില്ല; എങ്കിലും വെള്ളത്തിൽ സ്നാനം കഴിപ്പിപ്പാൻ എന്നെ അയച്ചവൻ എന്നോട്: ആരുടെമേൽ ആത്മാവ് ഇറങ്ങുന്നതും വസിക്കുന്നതും നീ കാണുമോ അവൻ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കുന്നവൻ ആകുന്നു എന്നു പറഞ്ഞു.” (യോഹ, 1:33 – മത്താ, 3:11; മർക്കൊ, 1:7-8; ലൂക്കൊ, 3:16). ➟യെശയ്യാപ്രവചനത്തിൻ്റെ നിവൃത്തിയായി യേശുവെന്ന മനുഷ്യൻ യോർദ്ദാനിൽവെച്ച് ദൈവത്താൽ പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം പ്രപിച്ചവനാണ്: “നസറായനായ യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതും ദൈവം അവനോടുകൂടെ ഇരുന്നതുകൊണ്ടു അവൻ നന്മചെയ്തും പിശാചു ബാധിച്ചവരെ ഒക്കെയും സൌഖ്യമാക്കിയുംകൊണ്ടു സഞ്ചരിച്ചതുമായ വിവരം തന്നേ നിങ്ങൾ അറിയുന്നുവല്ലോ.” (പ്രവൃ, 10:38 – യെശ, 61:1; ലൂക്കൊ, 3:23; പ്രവൃ, 4:27). ➟താൻ താൻ പരിശുദ്ധാത്മാവിനാൽ അഭിഷേകം പ്രാപിച്ച് ക്രിസ്തു ആയത് അപ്പോഴാണെന്ന് തൻ്റെ പ്രഥമശുശ്രൂഷയിൽ യെശയ്യാപ്രവചനം ഉദ്ധരിച്ചുകൊണ്ട് യേശുതന്നെ വ്യക്തമാക്കിയിട്ടുണ്ട്: (യെശ, 61:1-2; ലൂക്കൊ, 4:16-21). യഹോവയായ ദൈവം അഭിഷേകദാതവും യേശു അഭിഷിക്തനുമാണ്. പരിശുദ്ധാത്മാവിനാൽ അഭിഷേകം പ്രാപിച്ചവന് എങ്ങനെ പരിശുദ്ധാത്മാവിനാൽ സ്നാനം കഴിപ്പിക്കാൻ കഴിയും?
☛ തൻ്റെ പിന്നാലെ വരുന്ന പുരുഷൻ (Man) പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കുമെന്നല്ല അവൻ പറഞ്ഞത്. യോഹന്നാൻ്റെ വാക്കുകൾക്ക് രണ്ടർത്ഥമുണ്ട്:
𝟭. ആരാണോ, ഒരു മനുഷ്യപ്രത്യക്ഷത എടുത്ത് തൻ്റെ പിന്നാലെ വരുന്നത്, അവൻ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കും എന്നാണ്. അത് യഹോവയായ പിതാവാണ്. അവൻ്റെ മനുഷ്യപ്രത്യക്ഷത അഥവാ, ജഡത്തിലെ വെളിപ്പാടാണ് തൻ്റെ പിന്നാലെ വന്ന മനുഷ്യനായ യേശു: (1Tim, 3:16; Joh, 1:18; Joh, 8:40). ➟അതായത്, പിതാവായ യഹോവയുടെ ജഡത്തിലെ വെളിപ്പാടിനായി (1Tim, 3:16 – Joh, 1:18) പരിശുദ്ധാത്മാവിനാൽ പ്രകൃത്യാതീതമായി മറിയത്തിൽ ഉല്പാദിതനായ (മത്താ, 1:20; ലൂക്കൊ, 1:21), അവളുടെ ആദ്യജാതനായി ജനിച്ച (ലൂക്കൊ, 2:7), ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9), ദേഹവും (Soma – Body) ദേഹിയും (Psyche – Soul) ആത്മാവുമുള്ള (Spirit – Pneuma) പാപരഹിതനായ മനുഷ്യനാണ് യേശു: (1പത്രൊ, 2:24; മത്താ, 26:38; ലൂക്കൊ, 23:46; 1യോഹ, 3:5; യോഹ, 8:40). അതാണ് ദൈവഭക്തിയുടെ മർമ്മവും പിതാവും ക്രിസ്തുവും എന്ന ദൈവമർമ്മവും: (1Tim, 3:16 – Col, 2:2). എന്നുവെച്ചാൽ, യഹോവയ്ക്ക് ഒരുക്കിയ വഴിയിൽ യഹോവ നേരിട്ടല്ല വന്നത്; ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ യേശു എന്ന് പേരുള്ള മനുഷ്യനാണ് വന്നത്: (യോഹ, 9:11). അതിനാൽ, ആരാണോ ഒരു മനുഷ്യപ്രത്യക്ഷത എടുത്തത്, അവനാണ് പരിശുദ്ധാത്മാവിനാൽ സ്നാനം കഴിപ്പിക്കുന്നൻ. [കാണുക: ക്രിസ്തുവിനെ അറിയുക]
𝟮. യേശുവെന്ന ക്രിസ്തുവിൻ്റെ അല്ലെങ്കിൽ, അഭിഷിക്തനായ മനുഷ്യൻ്റെ മരണപുനുരുത്ഥാനങ്ങളുടെ ഫലമാണ് പരിശുദ്ധാത്മാവ് എന്ന ദൈവത്തിൻ്റെ ദാനം: “ഉത്സവത്തിന്റെ മഹാദിനമായ ഒടുക്കത്തെ നാളിൽ യേശുനിന്നുകൊണ്ടു: “ദാഹിക്കുന്നവൻ എല്ലാം എന്റെ അടുക്കൽ വന്നു കുടിക്കട്ടെ. എന്നിൽ വിശ്വസിക്കുന്നവന്റെ ഉള്ളിൽ നിന്നു തിരുവെഴുത്തു പറയുന്നതുപോലെ ജീവജലത്തിന്റെ നദികൾ ഒഴുകും” എന്നു വിളിച്ചു പറഞ്ഞു. അവൻ ഇതു തന്നിൽ വിശ്വസിക്കുന്നവർക്കു ലഭിപ്പാനുള്ള ആത്മാവിനെക്കുറിച്ചു ആകുന്നു പറഞ്ഞതു; യേശു അന്നു തേജസ്കരിക്കപ്പെട്ടിട്ടില്ലായ്കയാൽ ആത്മാവു വന്നിട്ടില്ലായിരുന്നു.” (യോഹ, 7:37). യേശുക്രിസ്തു മുഖാന്തരമാണ് ദൈവം സഭയ്ക്ക് പരിശുദ്ധാത്മസ്നാനം നൽകുന്നത്: “അവൻ ദൈവത്തിന്റെ വല ഭാഗത്തേക്കു ആരോഹണം ചെയ്തു പരിശുദ്ധാത്മാവു എന്ന വാഗ്ദത്തം പിതാവിനോടു വാങ്ങി, നിങ്ങൾ ഈ കാണുകയും കേൾക്കുകയും ചെയ്യുന്നത് പകർന്നുതന്നു,” (പ്രവൃ, 2:33; യോഹ, 15:26). യേശുക്രിസ്തുവിലുള്ള വിശ്വാസത്താലാണ് പരിശുദ്ധാത്മസ്നാനം ലഭിക്കുന്നത്: “പത്രൊസിനോടുകൂടെ വന്ന പരിച്ഛേദനക്കാരായ വിശ്വാസികൾ പരിശുദ്ധാത്മാവു എന്ന ദാനം ജാതികളുടെ മേലും പകർന്നതു കണ്ടു വിസ്മയിച്ചു.” (പ്രവൃ, 10:46 – പ്രവൃ, 2:38; പ്രവൃ, 8:20). ➟“അപ്പോൾ ഞാൻ: യോഹന്നാൻ വെള്ളംകൊണ്ടു സ്നാനം കഴിപ്പിച്ചു; നിങ്ങൾക്കോ പരിശുദ്ധാത്മാവുകൊണ്ടു സ്നാനം ലഭിക്കും എന്നു കർത്താവു പറഞ്ഞ വാക്കു ഓർത്തു.” (പ്രവൃ, 11:16 – പ്രവൃ, 1:5). പരിശുദ്ധാത്മസ്നാനം യേശുക്രിസ്തു മുഖാന്തരം ലഭിക്കുന്നതുകൊണ്ടും, അവൻ പരിശുദ്ധാത്മാനാൽ സ്നാനം കഴിപ്പിക്കും എന്ന് ആത്മിക അർത്ഥത്തിൽ പറയാം.
☛ ഉപസംഹാരം:
➟ യഹോവയ്ക്ക് വഴിയൊരുക്കാൻ വന്ന യോഹന്നാൻ അവൻ്റെ മനുഷ്യപ്രത്യക്ഷതയായ യേശുവെന്ന പാപരഹിതനായ മനുഷ്യനാണ് വഴിയൊരുക്കിയത്: (1യോഹ, 3:5; യോഹ, 8:40). ഒന്നുകൂടി വ്യക്തമാക്കിയാൽ: ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാട് (The manifestation of God in the Flesh) എന്നത് യേശു എന്ന് പേരുള്ള മനുഷ്യൻ്റെ അസ്തിത്വവും (Existence), യഹോവ എന്നത് അവൻ്റെ പൂർവ്വാസ്തിത്വവും (Pre-existencel) ആണ്. അതുകൊണ്ടാണ്, പഴയനിയമത്തിൽ യഹോവയെക്കുറിച്ചുള്ള പ്രവചനങ്ങളെല്ലാം യേശുവെന്ന മനുഷ്യനിൽ നിവർത്തിയാകുന്നത്: [കാണുക: ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക, ദൈവഭക്തിയുടെ മർമ്മം]