“നിത്യരാജാവായി അക്ഷയനും അദൃശ്യനുമായ ഏകദൈവത്തിന്നു എന്നെന്നേക്കും ബഹുമാനവും മഹത്വവും. ആമേൻ.” (1തിമൊഥെയൊസ് 1:17)
അക്ഷയനും അദൃശ്യനും ആത്മാവും ആകാശങ്ങളും ഭൂമിയും നിറഞ്ഞുനില്ക്കുന്നവനും ആരും ഒരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനും ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവനുമായ ഏകദൈവമേ (monos theos) നമുക്കുള്ളു. ദൈവം ഏകൻ അഥവാ ഒരുത്തൻ മാത്രമെന്നത് ബൈബിളിൻ്റെ മൗലിക ഉപദേശമാണ്. എങ്കിലും ഏതോ മിഥ്യാധാരണയിൽ ഒന്നിലധികം ദൈവങ്ങളോ വ്യക്തികളോ ഉണ്ടെന്ന് ഭൂരിപക്ഷം ക്രൈസ്തവരും (ത്രിത്വം) വിചാരിക്കുന്നു. ദൈവത്തിന് ബഹുത്വമുണ്ടെന്ന ഉപദേശം ബൈബിളിൻ്റെയല്ല; നിഖ്യായിലെ സുന്നഹദോസിൻ്റെയാണ്. ദൈവസഭ സ്ഥാപിതമായി ഏകദേശം മുന്നൂറോളം വർഷമായപ്പോൾ, ബിഥുന്യയിലെ നിഖ്യായിൽ വെച്ച് (ഇപ്പോഴത്തെ തുര്‍ക്കിയിലെ ഇസ്നിക് പട്ടണം) എ.ഡി. 325 മെയ് 20 മുതല്‍ ജൂണ്‍ 10 വരെ നടന്ന ഒരു സുന്നഹദോസിൽ വെച്ചാണ് യേശുക്രിസ്തു ദൈവത്തിൽനിന്ന് ജനിച്ച മറ്റൊരു വ്യക്തിയാണെന്ന ദുരുപദേശം ഉരുത്തിരിഞ്ഞത്. ഒന്നാം നിഖ്യാ സുന്നഹദോസ് എന്നറിയപ്പെടുന്ന നിഖ്യായിലെ സാർവ്വത്രിക സുന്നഹദോസിൽ രൂപംകൊണ്ട വിശ്വാചാരങ്ങളുടെ ഏറ്റുപറച്ചിലാണ് നിഖ്യാവിശ്വാസപ്രമാണം എന്നപേരിൽ അറിയപ്പെടുന്നത്. “ദൈവത്തിന്റെ ഏകപുത്രനും; സർവ്വലോകങ്ങൾക്കും മുമ്പെ; പിതാവിൽനിന്ന് ജനിച്ചവനും” എന്നിങ്ങനെയാണ് വിശ്വാസപ്രമാണത്തിൽ യേശുവിനെക്കുറിച്ചുള്ള ഭാഗം ആരംഭിക്കുന്നത്. എ.ഡി. 381-ൽ യൂറോപ്പിലെ കോൺസ്റ്റാന്റിനോപ്പിളിൽ (ഇപ്പോഴത്തെ തുർക്കിയിലെ ഇസ്താംബുൾ പട്ടണം) വെച്ചുനടന്ന ഒന്നാം കോൺസ്റ്റാന്റിനോപ്പിൾ സൂനഹദോസിൽ വെച്ച് പരിശുദ്ധാത്മാവിനെയും മറ്റൊരു വ്യക്തിയാക്കി. (കാണുക: നിഖ്യാവിശ്വാസപ്രമാണം)
ഇന്നലെയുമിന്നുമെന്നേക്കും അനന്യനും മഹാദൈവവുമായ യേശുക്രിസ്തു സർവ്വലോകങ്ങൾക്കുമുമ്പെ പിതാവിൽനിന്ന് ജനിച്ച മറ്റൊരു വ്യക്തിയാണെന്നും ദൈവത്തിൻ്റെ ആത്മാവ് ദൈവത്തിൽനിന്ന് വിഭിന്നനാണെന്ന് പഠിപ്പിക്കുകയും ചെയ്ത നിഖ്യാ കോൺസ്റ്റാന്റിനോപ്പിൾ സുന്നഹദോസുകളുടെ മാരണ ഉപദേശമാണ് ക്രൈസ്തവസഭയിലെ സകല ദുരുപദേശങ്ങൾക്കും ബീജാവാപം ചെയ്തത്. സഭാപിതാക്കന്മാരുടെ ഉപദേശമെന്ന് പറഞ്ഞുകൊണ്ടാണ് കത്തോലിക്കാ, പെന്തെക്കൊസ്തു, ബ്രദ്റുകാർ ഈ ഉപദേശത്തെ വിശ്വസിക്കുന്നത്. ഈ ദുരുപദേശത്തിൻ്റെ ഉപജ്ഞാതാക്കളാണ് സഭയുടെ പിതാക്കന്മാരെങ്കിൽ, ഏകദൈവത്തെക്കുറിച്ച് പഠിപ്പിച്ച അപ്പൊസ്തലന്മാർ ഇവർക്ക് ആരായിട്ടുവരും? യഹോവ ഒരുത്തൻ മാത്രം ദൈവം, മറ്റൊരുത്തനുമില്ലെന്ന് പഠിപ്പിച്ച പഴയനിയമ ഭക്തന്മാരുമായി ഇവർക്കെന്താണ് ബന്ധം? ഞാനല്ലാതെ മറ്റൊരു ദൈവമില്ല; എനിക്കു സമനായും സദൃശനായും മറ്റൊരുത്തനുമില്ല; എനിക്ക് മുമ്പോപിമ്പോ മറ്റൊരു ദൈവം ഉണ്ടായിട്ടില്ല, ഉണ്ടാകുകയുമില്ല; ഞാനൊരുത്തനെയും അറികയുമില്ലെന്ന് അരുളിച്ചെയ്ത യഹോവ ഇവർക്കാരാണ്? സത്യത്തിനു സാക്ഷിനില്ക്കാൻ ജനിച്ച, ഏകസത്യദൈവത്തെക്കുറിച്ച് പഠിപ്പിച്ച ദൈവത്തിൻ്റെ ക്രിസ്തു അഥവാ അഭിഷിക്തമനുഷ്യനുമായി ഇവർക്കെന്താണ് ബന്ധം? പൗലൊസിൻ്റെ ആശങ്കപോലെ, ക്രിസ്തുവിനോടുള്ള ഏകാഗ്രതയും നിർമ്മലതയും വിട്ട് വിശ്വാസികൾ വഷളായിപ്പോകാൻ ഉപായിയായ സർപ്പം സഭയിൽ നുഴയിച്ചുകയറ്റിയ വേറൊരു സുവിശേഷമാണ് ത്രിത്വം.
“അടിസ്ഥാനങ്ങൾ മറിഞ്ഞുപോയാൽ നീതിമാൻ എന്തുചെയ്യും?” എന്ന് ദാവീദ് ചോദിക്കുന്നുണ്ട്. അടിസ്ഥാനമില്ലാത്ത നീതിമാൻ എന്തും ചെയ്യും! ദൈവം ഒരുത്തൻ മാത്രമെന്ന ബൈബിളിൻ്റെ അടിസ്ഥാന ഉപദേശം മറിച്ചുകളഞ്ഞിട്ടാണ് പിതാവ് പുത്രൻ പരിശുദ്ധാത്മാവ് സമനിത്യരും വ്യത്യസ്തരുമായ വ്യക്തികളാണെന്ന് പഠിപ്പിക്കുകയും ത്രിത്വമെന്ന തോന്നിയവാസ ഉപദേശം ഉണ്ടാക്കുകയും ചെയ്തത്. ‘നിന്റെ ദൈവമായ കർത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ (Him only) ആരാധിക്കാവു’ (മത്താ, 4:10 ലൂക്കൊ, 4:8), ഏകദൈവത്തിൽ (God only) നിന്നുള്ള ബഹുമാനം (യോഹ, 5:44), പിതാവ് മാത്രം സത്യദൈവം (Father, the only true God) (യോഹ, 17:3), എന്റെ പിതാവു മാത്രമല്ലാതെ (My Father only) ആരും സ്വർഗ്ഗത്തിലെ ദൂതന്മാരും പുത്രനും കൂടെ അറിയുന്നില്ല (മത്താ, 24:36). എന്നൊക്കെ പറയുന്നത് മനുഷ്യനായ ക്രിസ്തുവാണ്. ഒറ്റയെ കുറിക്കുന്ന മോണോസ് (monos) എന്ന പദംകൊണ്ടാണ് ദൈവം ഒരുത്തൻ മാത്രം, പിതാവുമാത്രം സത്യദൈവം, പിതാവ് മാത്രം ആരാധനയ്ക്ക് യോഗ്യൻ; പിതാവ് മാത്രം സകലവും അറിയുന്നു എന്നൊക്കെ പറയുന്നത്. ദൈവപത്രനായ യേശു താൻ ദൈവമല്ലെന്നാണ് സാക്ഷ്യപ്പെടുത്തുന്നത്. അവൻ്റെ വാക്കുകളെ വിശ്വസിക്കാത്തവർ ക്രിസ്ത്യാനികളാണോ???… പിതാവായ ഏകദൈവമേ നമുക്കുള്ളെന്നു അപ്പൊസ്തലന്മാരും പറയുന്നു: (യോഹ, 8:41; 1കൊരി, 8:6; എഫെ, ,4:6). ദൈവം ഏകവ്യക്തിയാണെന്ന് യഹോവയും അവൻ്റെ ഭക്തന്മാരും ദൈവത്തിൻ്റെ ക്രിസ്തുവും അവൻ്റെ അപ്പൊസ്തലന്മാരും പഴയപുതിയനിയമങ്ങളിൽ ആവർത്തിച്ച് എഴുതിവെച്ചിരിക്കുന്നത് അന്ധമായിട്ടെങ്കിലും ഇക്കൂട്ടർ വിശ്വസിച്ചിരുന്നെങ്കിൽ പിതാവ് പുത്രൻ പരിശുദ്ധാത്മാവെന്നത് അദൃശ്യനായ ഏകദൈവത്തിൻ്റെ പ്രത്യക്ഷതകളാണെന്ന് അവർക്ക് ഗ്രഹിക്കാൻ കഴിയുമായിരുന്നു. ദൈവസഭ സ്ഥാപിതമായി രണ്ടായിരം വർഷമായിട്ടും ദൈവത്തിൽ വ്യക്തികളല്ല; വെളിപ്പാടുകളാണ് ഉള്ളതെന്ന് അറിയാത്തവരാണ് ബഹുഭൂരിപക്ഷം ക്രൈസ്തവരും.
ഏകദൈവത്തിൻ്റെ പ്രകൃതി: “അക്ഷയനും ആദൃശ്യനും ആത്മാവും ആകാശങ്ങളും ഭൂമിയും നിറഞ്ഞുനില്ക്കുന്നവനും ആരുമൊരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനും ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവനുമായ ഏകദൈവം (monos theos) ആണ് നമുക്കുള്ളത്:” (1തിമൊ, 1:17; യോഹ, 4:24; യിരെ, 23:23,24; യോഹ, 1:18; 1തിമൊ, 6:16; യാക്കോ, 1:17; മലാ, 3:6). ദൈവം അദൃശ്യനാണെന്നു മൂന്നുവട്ടവും (കൊലൊ, 1:15; 1തിമൊ, 1:17; എബ്രാ, 11:27) ദൈവത്തെ ആരുമൊരുനാളും കണ്ടിട്ടില്ലെന്നു രണ്ടുവട്ടവും (യോഹ, 1:18; 1യോഹ, 4:12) ദൈവത്തെ കാണ്മാൻ കഴിയില്ലെന്നു ഒരുവട്ടവും പറഞ്ഞിട്ടുണ്ട്: (1തിമൊ, 6:16). ദൈവം ഏകൻ അഥവാ ഒരുത്തൻ മാത്രമാണെന്നും കൃത്യമായി പറഞ്ഞിട്ടുണ്ട്: (ആവ, 6:4; 2രാജാ, 19:15; 2രാജാ, 19:19; നെഹെ, 9:6; സങ്കീ, 83:18; 86:10; യെശ, 37:16; 37:20; യോഹ, 17:3; 1കൊരി, 8:6; എഫെ, 4:6). ദൈവത്തിന് ഗതിഭേദത്താലുള്ള ആഛാദനം അഥവാ മാറ്റമോ മാറ്റത്തിൻ്റെ നിഴലോയില്ലായ്കയാൽ, ദൈവത്തിനു സ്ഥിതിഭേദം വരാൻ കഴിയില്ല അഥവാ തൻ്റെ സ്ഥായിയായ അവസ്ഥയ്ക്ക് മാറ്റംവരാനോ സ്വഭാവം ത്യജിക്കാനോ കഴിയില്ല. (മലാ, 3:6; 2തിമൊ, 2:13). അതിനാൽ മനുഷ്യനോ മറ്റൊന്നോ ആയിത്തീരാൻ അഥവാ തൻ്റെ സ്വരൂപത്തിന് അവസ്ഥാഭേദം വരുവാൻ അല്ലെങ്കിൽ ദൈവത്തിന് അവതാരമെടുക്കാൻ കഴിയില്ല.
ദൈവം, ആരുമൊരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായി ഇരിക്കുമ്പോൾത്തന്നെ, പഴയപുതിയനിയമങ്ങളിൽ അനേകർ ദൈവത്തെ കണ്ടതായി പറഞ്ഞിട്ടുണ്ട്. പൂർവ്വപിതാക്കന്മാർക്ക് സർവ്വശക്തിയുള്ള ദൈവമായി വെളിപ്പെട്ടവൻ മോശെ മുതൽ മലാഖിവരെയുള്ളവർക്ക് യഹോവയെന്ന നാമത്തിൽ പലനിലകളിൽ വെളിപ്പെട്ടതായി കാണാം. (പുറ,6:3). അതെങ്ങനെ സാദ്ധ്യമാകും? ക്രിസ്തു ദൈവത്തിൻ്റെ അവതാരമാണെന്ന് ത്രിത്വം പഠിപ്പിക്കുന്നു. ദൈവം അവതരിച്ചിട്ടില്ലെന്ന് മാത്രമല്ല; അവതരിക്കാൻ കഴിയില്ലെന്ന് ബൈബിൾ വ്യക്തമാക്കുന്നു. (യാക്കോ, 1:17; മലാ, 3:6). ബൈബിളിലെ സത്യദൈവത്തിന് വെളിപ്പാട് (manifestation) അഥവാ പ്രത്യക്ഷതയാണുള്ളത്. അവതാരം (incarnation) എന്നൊരു പദമോ ആശയമോ ബൈബിളില്ല. യോഹന്നാൻ ഒന്നാം അദ്ധ്യായത്തിൽ പറയുന്നത്: ദൈവം ജഡമായ കാര്യമല്ല; ദൈവത്തിൻ്റെ വായിലെ വചനം ജഡമായ കാര്യമാണ്. ക്രിസ്തുവിൻ്റെ ജഡത്തിലെ ശുശ്രൂഷയോടുള്ള ബന്ധത്തിൽ പത്തുപ്രാവശ്യം പ്രത്യക്ഷതയെന്ന് പറഞ്ഞിട്ടുണ്ട്. പഴയപുതിനിയമങ്ങളിൽ ദൈവത്തിൻ്റെ പലനിലകളിലുള്ള പ്രത്യക്ഷതകൾ കാണാം; എന്നാൽ ഇവിടെ നാം ചിന്തിക്കുന്നത്; പിതാവ് പുത്രൻ പരിശുദ്ധാത്മാവെന്ന നിലയിയിലുള്ള പ്രത്യക്ഷതയെക്കുറിച്ചാണ്. (ദൈവത്തിൻ്റെ എല്ലാ പ്രത്യക്ഷതകളും കാണാൻ: യഹോവയുടെ പ്രത്യക്ഷതകൾ)
I. പിതാവ്: അദൃശ്യനായ ദൈവം സൃഷ്ടിനടത്താനും സൃഷ്ടികൾക്ക് തന്നെത്തന്നെ വെളിപ്പെടുത്താനുമായി പിതാവെന്ന പദവിയിൽ ഒരു സ്വർഗ്ഗീയശരീരത്തിൽ (മനുഷ്യസാദൃശ്യം) സ്വർഗ്ഗസിംഹാസനത്തിൽ പ്രത്യക്ഷനായിരിക്കുകയാണ്. ഇതാണ് ദൈവത്തിൻ്റെ സ്വർഗ്ഗത്തിലെ നിത്യമായ പ്രത്യക്ഷത: “യഹോവയുടെ മഹത്വത്തിന്റെ പ്രത്യക്ഷത ഇങ്ങനെ ആയിരുന്നു കണ്ടതു; അതു കണ്ടിട്ടു ഞാൻ കവിണ്ണുവീണു; സംസാരിക്കുന്ന ഒരുത്തന്റെ ശബ്ദവും ഞാൻ കേട്ടു.” (യെഹെ, 1:28). സ്വർഗ്ഗത്തിൽ ദൂതന്മാരുടെ മദ്ധ്യേ പ്രത്യക്ഷനായിരിക്കുന്ന ഈ ദൈവത്തെ യെഹെസ്ക്കേൽ മാത്രമല്ല; മീഖായാവ്, യെശയ്യാവ്, ദാനീയേൽ തുടങ്ങിയവർ കണ്ടിട്ടുണ്ട്. സ്വർഗ്ഗസിംഹാസനത്തിൽ ഇരിക്കുന്നവനെ ദൂതന്മാർ നിത്യം ആരാധിക്കുന്നതായി യോഹന്നാൻ അപ്പൊസ്തലനും കണ്ടു: (വെളി, 4:8). “സ്വർഗ്ഗത്തിൽ അവരുടെ ദൂതന്മാർ സ്വർഗ്ഗസ്ഥനായ എൻ്റെ പിതാവിന്റെ മുഖം എപ്പോഴും കാണുന്നു” എന്നു ദൈവപുത്രനായ യേശു പറഞ്ഞത് പിതാവെന്ന അഭിധാനത്തിലുള്ള അദൃശ്യദൈവത്തിൻ്റെ ഈ പ്രത്യക്ഷതയെക്കുറിച്ചാണ്: (മത്താ, 18:11). ദൈവത്തിൻ്റെ ഈയൊരു പ്രത്യക്ഷത മാത്രമാണ് നിത്യമായിട്ടുള്ളത്; ബാക്കിയെല്ലാം മനുഷ്യൻ്റെ രക്ഷയോടുള്ള ബന്ധത്തിലെ താല്ക്കാലിക പ്രത്യക്ഷതകളാണ്.
അദൃശ്യനായ ദൈവം (Invisible God): അദൃശ്യനായ ദൈവമെന്ന പ്രയോഗത്തിന്റെ ബൈബിൾ നിർവ്വചനമാണ്, ‘ആരും ഒരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനും.’ (യോഹ, 1:18; കൊലൊ, 1:15; 1തിമൊ, 1:17; 6:16; എബ്രാ, 11:27). “ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല.” (യോഹ, 1:18; 1യോഹ, 4:12). ഇത് ബൈബിളിൽ അവസാനം അഞ്ചു പുസ്തകങ്ങൾ എഴുതിയ യോഹന്നാൻ്റെ സാക്ഷ്യമാണ്. അപ്പോൾ പഴയപുതിയനിയമങ്ങളിൽ കണ്ടതാരെയാണ്? സർവ്വശക്തിയുള്ള ദൈവമായി പൂർവ്വ പിതാക്കന്മാർക്ക് വെളിപ്പെട്ട ദൈവം ആരാണ്? മോശെ മുതലുള്ളവർക്ക് യഹോവയെന്ന നാമത്തിൽ തന്നെത്തന്നെ വെളിപ്പെടുത്തിയതാരാണ്? (പുറ, 6:3), കൂടാതെ, സ്വർഗ്ഗസിംഹാസനത്തിൽ ദൂതന്മാരുടെ മദ്ധ്യേയിരിക്കുന്ന ദൈവത്തെ മീഖായാവ് (1രാജാ, 22:19; 2ദിന,18:18) യെശയ്യാവ് (6:1-5), യെഹെസ്ക്കേൽ (1:26-28), ദാനീയേൽ (7:9,10), യോഹന്നാൻ (വെളി, 4:2-8) തുടങ്ങി പലരും കണ്ടിട്ടുണ്ട്. അതെങ്ങനെ സാദ്ധ്യമാകും? ദൈവം അക്ഷയനും അദൃശ്യനും മാത്രമല്ല; ആകാശവും ഭൂമിയും നിറഞ്ഞുനില്ക്കുന്നവൻ അഥവാ സർവ്വവ്യാപിയും കൂടിയാണ്. (1തിമൊ, 1:17; യിരെ, 23:23,24). “അവനിലല്ലോ നാം ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നതു.” (പ്രവൃ, 17:28). അവനിലാണ് നാം ചരിക്കയും ഇരിക്കുകയും ചെയ്യുന്നതെന്നു പറഞ്ഞാൽ; ദൈവം പ്രപഞ്ചം മുഴുവൻ നിറഞ്ഞുനില്ക്കുകയാണ് എന്നല്ല; സകലതും അഥവാ പ്രപഞ്ചംമുഴുവൻ ദൈവത്തിലുള്ളിലാണ് സ്ഥിതി ചെയ്യുന്നതെന്നാണ് മനസ്സിലാക്കേണ്ടത്. “നിന്റെ ആത്മാവിനെ ഒളിച്ചു ഞാൻ എവിടേക്കു പോകും? തിരുസന്നിധി വിട്ടു ഞാൻ എവിടേക്കു ഓടും? ഞാൻ സ്വർഗ്ഗത്തിൽ കയറിയാൽ നീ അവിടെ ഉണ്ടു; പാതാളത്തിൽ എന്റെ കിടക്ക വിരിച്ചാൽ നീ അവിടെ ഉണ്ടു. ഞാൻ ഉഷസ്സിൻ ചിറകു ധരിച്ചു, സമുദ്രത്തിന്റെ അറ്റത്തു ചെന്നു പാർത്താൽ അവിടെയും നിന്റെ കൈ എന്നെ നടത്തും; നിന്റെ വലങ്കൈ എന്നെ പിടിക്കും.” (സങ്കീ, 139:7-10). സർവ്വവ്യാപിയും അദൃശ്യനും ആത്മാവുമായ ദൈവത്തിന് ഒരു രൂപമുണ്ടോ? ആരുമൊരുനാളും കണ്ടിട്ടില്ലാത്തതും കാണ്മാൻ കഴിയാത്തവനുമെന്ന പ്രയോഗം അദൃശ്യദൈവം അരൂപിയാണെന്നും വ്യക്തമാക്കുന്നു. ഇനി, അദൃശ്യനും ആകാശങ്ങളും ഭൂമിയും നിറഞ്ഞുനില്ക്കുന്ന ദൈവത്തിന് ഒരു രൂപമുണ്ടെന്ന് വാദിച്ചാൽത്തന്നെ, ആ രൂപം പ്രപഞ്ചത്തോളം വലുതായിരിക്കില്ലേ? അപ്പോഴും ആ രൂപം ദൂതന്മാർക്കും മനുഷ്യർക്കും അഗോചരമായിരിക്കും അഥവാ അവരുടെ ഇന്ദ്രിയങ്ങളെക്കൊണ്ട് ഗ്രഹിക്കാന്‍ കഴിയില്ല. എന്നാൽ പഴയനിയമത്തിലെയും പുതിയനിയമത്തിലെയും ഭക്തന്മാർ സിംഹാസനത്തിലിരിക്കുന്ന ദൈവത്തെ കൃത്യമായി കണ്ടതാണ്; ദൂതന്മാർ നിത്യം അവൻ്റെ മുഖം കണ്ടാരാധിക്കുകയാണ്. അദൃശ്യദൈവത്തെയാണ് ഭക്തന്മാർ കണ്ടതെന്നും ദൂതന്മാർ നിത്യം കണ്ടുകൊണ്ടിരിക്കുന്നതും എന്ന് പറയാൻ കഴിയില്ലല്ലോ; അതിനാൽ, അത് അദൃശ്യനായ ദൈവത്തിൻ്റെ നിത്യമായ പ്രത്യക്ഷതയാണെന്ന് മനസ്സിലാക്കാം. ഒന്നുകൂടി വ്യക്തമാക്കിയാൽ; ദൈവം അദൃശ്യനും സർവ്വവ്യാപിയും ആരുമൊരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായി ഇരിക്കുമ്പോൾത്തന്നെ, അവന് നിത്യവും പ്രത്യക്ഷവുമായ രൂപമുണ്ടെന്ന് വ്യക്തം.
പിതാവിൻ്റെ ശബ്ദം കേട്ടിട്ടില്ല; രൂപം കണ്ടിട്ടില്ല: “എന്നെ അയച്ച പിതാവുതാനും എന്നെക്കുറിച്ചു സാക്ഷ്യം പറഞ്ഞിരിക്കുന്നു; നിങ്ങൾ അവന്റെ ശബ്ദം ഒരുനാളും കേട്ടിട്ടില്ല, അവന്റെ രൂപം കണ്ടിട്ടില്ല; അവന്റെ വചനം നിങ്ങളുടെ ഉള്ളിൽ വസിക്കുന്നതുമില്ല അവൻ അയച്ചവനെ നിങ്ങൾ വിശ്വസിക്കുന്നില്ലല്ലോ.” (യോഹ, 5:37). യേശുവിൻ്റെ മേല്പറഞ്ഞ വാക്കുകളെ തെറ്റിദ്ധരിച്ചുകൊണ്ട്, സ്വർഗ്ഗത്തിൽ ദൈവത്തിൻ്റെ നിത്യമായൊരു പ്രത്യക്ഷത ഇല്ലെന്നും പിതാവിനെ ആരുമൊരുനാളും കാണുകയോ അവൻ്റെ ശബ്ദം കേൾക്കുകയോ ചെയ്തിട്ടില്ലെന്ന് വിചാരിക്കുന്നവരുണ്ട്. യോഹന്നാൻ്റെ എഴുത്തുകളിൽത്തന്നെ “ദൈവത്തെ ആരും ഒരുനാളും കണ്ടില്ല” (No one has seen God at any time) എന്നും (യോഹ, 1:18; 1യോഹ, 4:12), “നിങ്ങൾ അവന്റെ ശബ്ദം ഒരുനാളും കേട്ടിട്ടില്ല, അവന്റെ രൂപം കണ്ടിട്ടില്ല” (You have never heard his voice nor seen his form) എന്നിങ്ങനെ ഇരുവിധ പ്രയോഗങ്ങളുണ്ട്. (യോഹ, 5:37). ഇവ രണ്ടുംതമ്മിൽ ഭാഷാപരമായും ബൈബിൾ പ്രകാരവും പ്രകടമായ വ്യത്യാസമുണ്ട്. ഒന്നാമത്തത്, എല്ലാക്കാലത്തുമുള്ള യെഹൂദന്മാരെ അഥവാ മനുഷ്യരെ ഉദ്ദേശിച്ചും അദൃശ്യനായ ദൈവത്തെക്കുറിച്ചുമാണ്. രണ്ടാമത്തത്, സുവിശേഷ ചരിത്രകാലത്തെ യെഹൂദന്മാരെ ഉദ്ദേശിച്ചും, ഏകദേശം നാനൂറ് വർഷക്കാലം അവർക്ക് വെളിപ്പെടാതെയും അവരോട് സംസാരിക്കാതെയും ഇരിക്കുന്ന അദൃശ്യദൈവത്തിൻ്റെ പ്രത്യക്ഷതയായ ദൈവപിതാവിനെ കുറിച്ചുമാണ്. അതായത്, യോഹന്നാൻ്റെ പ്രയോഗം: അദൃശ്യനായ ദൈവത്തെക്കുറിച്ചും; യേശുവിൻ്റെ പ്രയോഗം: സ്വർഗ്ഗത്തിൽ പ്രത്യക്ഷനായിരിക്കുന്ന പിതാവിനെക്കുറിച്ചുമാണ്. അദൃശ്യദൈവത്തെ നിങ്ങളാരും കണ്ടിട്ടില്ലെന്ന് പറയേണ്ടതില്ലല്ലോ. മാത്രമല്ല, അവരുടെ പിതാക്കന്മാർക്ക് ദൈവം തന്നെത്തന്നെ വെളിപ്പെടുത്തിയതും അവരോടു സംസാരിച്ചതും അവർക്ക് ന്യായപ്രമാണത്തിൽ നിന്ന് അറിവുള്ളവരുമാണ്. (യോഹ, 9:29).
നാലു തെളിവുകൾ: യേശുവിൻ്റെ വാക്കുകൾ അക്കാലത്തെ യെഹൂദന്മാരോട് മാത്രമുള്ളതാണെന്നതിൻ്റെ അഞ്ച് സ്ട്രോങായ തെളിവുകൾ കൂടി തരാം: ഒന്ന്; ഭാഷാപരമായി രണ്ടു പ്രയോഗങ്ങളും വ്യത്യസ്തമാണ്; അതിനാൽ, ദൈവത്തിന് കാണാൻ കഴിയുന്ന അഥവാ സ്വർഗ്ഗസിംഹാസനത്തിൽ പ്രത്യക്ഷമായിരിക്കുന്ന ഒരു ദൃശ്യരൂപമില്ലെങ്കിൽ, “നിങ്ങൾ അവനെ കണ്ടിട്ടില്ല, കേട്ടിട്ടില്ല എന്നല്ല; ആരുമൊരുനാളും കണ്ടിട്ടില്ല” എന്ന ഒന്നാമത്തെ വാക്യംശംതന്നെ യേശുവും ആവർത്തിക്കുമായിരുന്നു. രണ്ട്: എൻ്റെ പിതാവിൻ്റെ മുഖം ദൂതന്മാർ എപ്പോഴും കാണുന്നുവെന്നും സ്വർഗ്ഗസിംഹാസനത്തിൽ ഒരുത്തൻ ഇരിക്കുന്നുവെന്നും യേശുതന്നെ പറഞ്ഞിട്ടുണ്ട്. (മത്താ, 18:11; 23:22). ‘സ്വർഗ്ഗസ്ഥനായ പിതാവു’ എന്ന് ക്രിസ്തു ആവർത്തിച്ചു പറയുന്നതും നോക്കുക. (മത്താ, 5:16; 5:45). ഇതൊന്നും അദൃശ്യനായ ദൈവത്തെക്കുറിച്ചല്ലെന്ന് വ്യക്തമാണല്ലോ. മൂന്ന്; “മോശെയോടു ദൈവം സംസാരിച്ചു എന്നു ഞങ്ങൾ അറിയുന്നു;” എന്ന് യെഹൂദന്മാർ സൗഖ്യമായ കുരുടനോട് പറഞ്ഞതായി കാണാം. (യോഹ, 9:29). “നിങ്ങൾ അവൻ്റെ ശബ്ദം ഒരുനാളും കേട്ടില്ലെന്നു” യേശു പറഞ്ഞത് എല്ലാക്കാലത്തുമുള്ള യെഹൂദന്മാരെ കുറിച്ചാണെങ്കിൽ, ന്യായപ്രമാണത്തിനു വിരോധമായി സംസാരിച്ചുവെന്ന് പറഞ്ഞ് അവർ അവനെ ഉപദ്രവിക്കുമായിരുന്നു. നാല്; പഴയനിയമത്തിൽ ഉല്പത്തിമുതൽ മലാഖിവരെ പലനിലകളിൽ തന്നെത്തന്നെ വെളിപ്പെടുത്തുകയും സംസാരിക്കുകയും ചെയ്ത ദൈവപിതാവ് പുതിയനിയമത്തിൽ മൂന്നുപ്രാവശ്യം സംസാരിക്കുന്നതായി കാണാം: യേശുവിൻ്റെ സ്നാനത്തിൽ: (മത്താ, 3:17; മർക്കൊ, 1:11; ലൂക്കൊ, 3:22), മറുരൂപമലയിൽ (ഉയർന്ന മലയിൽ): (മത്താ, 17:5; മർക്കൊ, 9:7; ലൂക്കൊ, 9:35), ദൈവാലയത്തിൽ: (യോഹ, 12:28). ഇതിൽ ആദ്യത്തെ ശബ്ദം, യോഹന്നാൻ സ്നാപകനും; അടുത്ത രണ്ടുശബ്ദം അപ്പൊസ്തലന്മാരും കേട്ടതാണ്. ദൈവപിതാവാണ് സംസാരിച്ചതെന്ന് പത്രൊസ് അപ്പൊസ്തലൻ സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു. (2പത്രൊ, 1:17). അപ്പോൾ, “അവന്റെ ശബ്ദം ഒരുനാളും കേട്ടിട്ടില്ല” എന്ന പ്രയോഗം എല്ലാക്കാലത്തുമുള്ള യെഹൂദന്മാരോടല്ലെന്നും, അക്കാലത്തെ യോഹന്നാൻ സ്നാപകനും അപ്പൊസ്തലന്മാരും ഒഴികെയുള്ള ഒരു പ്രത്യേക വിഭാഗത്തെ മാത്രം ഉദ്ദേശിച്ചാണെന്ന് വ്യക്തമാണല്ലോ. അഞ്ച്; സ്വർഗ്ഗസിംഹാസനത്തിൽ ദൂതന്മാരുടെ മദ്ധ്യേയിരുന്ന് നിത്യം ആരാധന സ്വീകരിക്കുന്ന പിതാവായ ദൈവത്തെ സുവിശേഷ ചരിത്രകാലം കഴിഞ്ഞിട്ടാണെങ്കിലും പുതിയനിയമത്തിൽ യോഹന്നാൻ അപ്പൊസ്തലൻ കണ്ടിട്ടുണ്ട്: (വെളി, 4:8. ഒ.നോ: മത്താ, 18:11; 1രാജാ, 22:19; യെശ, 6:1-5; യെഹെ, 1:26-26; ദാനീ, 7:9-10). അതിനാൽ, അദൃശ്യനും ആരുമൊരുനാളും കാണാത്ത ദൈവത്തെക്കുറിച്ചല്ല; സ്വർഗ്ഗത്തിൽ നിത്യം പ്രത്യക്ഷനായിരിക്കുന്നതും പഴയനിയമഭക്തന്മാർ കാണുകയും അവരോടു സംസാരിക്കുകയും ചെയ്ത ദൈവത്തെക്കുറിച്ചാണ് യേശു യെഹൂദന്മാരോട് പറഞ്ഞതെന്ന് മനസ്സിലാക്കാം. നാനൂറോളം വർഷമായി ദൈവദർശനം കാണുകയോ ശബ്ദം കേൾക്കുകയോ ചെയ്തിട്ടില്ലാത്തവരുടെ തലമുറയോടാണത് പറഞ്ഞതെന്നും ഓർക്കണം.
സ്വർഗ്ഗത്തിൽ പ്രത്യക്ഷനായിരിക്കുന്ന ദൈവപിതാവിനെക്കുറിച്ച് ചില കാര്യങ്ങൾകൂടി പറയാം:
1. സ്വർഗ്ഗത്തിൽ വസിക്കുന്നു: “സ്വർഗ്ഗത്തിൽ വസിക്കുന്നവൻ ചിരിക്കുന്നു; കർത്താവു അവരെ പരിഹസിക്കുന്നു.” (സങ്കീ, 2:4). “സ്വർഗ്ഗത്തിൽ വസിക്കുന്നവനായുള്ളോവേ, നിങ്കലേക്കു ഞാൻ എന്റെ കണ്ണു ഉയർത്തുന്നു.” (സങ്കീ, 123:1). “നിന്റെ വിശുദ്ധവാസസ്ഥലമായ സ്വർഗ്ഗത്തിൽനിന്നു നോക്കി നിന്റെ ജനമായ യിസ്രായേലിനെയും നീ ഞങ്ങളുടെ പിതാക്കന്മാരോടു സത്യംചെയ്തതുപോലെ ഞങ്ങൾക്കു തന്ന ദേശമായി പാലും തേനും ഒഴുകുന്ന ദേശത്തെയും അനുഗ്രഹിക്കേണമേ.” (ആവ, 26:15). ‘സ്വർഗ്ഗസ്ഥൻ’ എന്ന പദം പഴയപുതിയ നിയമങ്ങളിൽ ആവർത്തിച്ചുകാണാം. ഉദാ: (2ദിന, 20:6; സങ്കീ, 136:26; വിലാ, 3:41; മത്താ, 5:16; 5:45; 6:9). ‘സ്വർഗ്ഗസ്ഥൻ’ സ്വർഗ്ഗത്തിൽ സ്ഥിതിചെയ്യുന്നവനാണ്. ‘സ്വർഗ്ഗസ്ഥനായ ദൈവം’ (2ദിന, 20:6), ‘സ്വർഗ്ഗസ്ഥനായ രാജാവു’ (ദാനീ, 4:37), ‘സ്വർഗ്ഗസ്ഥനായ കർത്താവു’ (ദാനീ, 5:23), ‘സ്വർഗ്ഗീയ പിതാവു’ (മത്താ, 5:48), ‘സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവു’ (മത്താ, 6:14), ‘സ്വർഗ്ഗസ്ഥനായ എൻ്റെ പിതാവു’ (മത്താ, 12:50). അദൃശ്യനും ആത്മാവും ആകാശവും ഭൂമിയും നിറഞ്ഞുനില്ക്കുന്നവനുമായ ദൈവത്തിന് ഒരു വാസസ്ഥലം ആവശ്യമില്ല. അതിനാൽ ‘സ്വർഗ്ഗത്തിൽ വസിക്കുന്നവൻ’ എന്ന പ്രയോഗം അദൃശ്യദൈവത്തെയല്ല; സ്വർഗ്ഗത്തിൽ നിത്യമായി പ്രത്യക്ഷനായിരിക്കുന്ന ദൈവത്തെക്കുറിച്ചാണെന്ന് മനസ്സിലാക്കാം.
2. സിംഹാസനത്തിൽ ഇരിക്കുന്നു: സിംഹാസനത്തിൽ ഇരിക്കുന്ന ദൈവത്തെക്കുറിച്ചുള്ള സാക്ഷ്യം കേൾക്കുക: യേശു: “സ്വർഗ്ഗത്തെച്ചൊല്ലി സത്യംചെയ്യുന്നവൻ, ദൈവത്തിന്റെ സിംഹാസനത്തെയും അതിൽ ഇരിക്കുന്നവനെയും ചൊല്ലി സത്യം ചെയ്യുന്നു.” (മത്തായി 23:22). മീഖായാവ്: “യഹോവ തന്റെ സിംഹാസനത്തിൽ ഇരിക്കുന്നതും സ്വർഗ്ഗത്തിലെ സൈന്യം ഒക്കെയും അവന്റെ അടുക്കൽ വലത്തും ഇടത്തും നില്ക്കുന്നതും ഞാൻ കണ്ടു.” (1രാജാ, 22:19). യെശയ്യാവ്: “ഉസ്സീയാരാജാവു മരിച്ച ആണ്ടിൽ കർത്താവു, ഉയർന്നും പൊങ്ങിയുമുള്ള സിംഹാസനത്തിൽ ഇരിക്കുന്നതു ഞാൻ കണ്ടു;” (യെശ, 6:1). യെഹെസ്ക്കേൽ: “യഹോവയുടെ മഹത്വത്തിന്റെ പ്രത്യക്ഷത ഇങ്ങനെ ആയിരുന്നു കണ്ടതു; അതു കണ്ടിട്ടു ഞാൻ കവിണ്ണുവീണു; സംസാരിക്കുന്ന ഒരുത്തന്റെ ശബ്ദവും ഞാൻ കേട്ടു.” (1:28). ദാനീയേൽ: “ഞാൻ നോക്കിക്കൊണ്ടിരിക്കെ അവർ ന്യായാസനങ്ങളെ വെച്ചു. വയോധികനായ ഒരുത്തൻ ഇരുന്നു. അവന്റെ വസ്ത്രം ഹിമംപോലെ വെളുത്തതും അവന്റെ തലമുടി നിർമ്മലമായ ആട്ടുരോമംപോലെയും അവന്റെ സിംഹാസനം അഗ്നിജ്വാലയും അവന്റെ രഥചക്രങ്ങൾ കത്തുന്ന തീയും ആയിരുന്നു.” (ദാനീ, 7:9). യോഹന്നാൻ: “സ്വർഗ്ഗത്തിൽ ഒരു സിംഹാസനം വെച്ചിരിക്കുന്നതും സിംഹാസനത്തിൽ ഒരുവൻ ഇരിക്കുന്നതും കണ്ടു.” (വെളി, 4:2). അദൃശ്യനായദൈവം ഒരു സിംഹാനത്തിൽ ഇരിക്കുന്നുവെന്ന് പറയാൻ കഴിയില്ല; അതിനാലത് അദൃശ്യനായവൻ്റെ പ്രത്യക്ഷതയാണെന്ന് മനസ്സിലാക്കാം.
3. യഹോവയുടെ രാജത്വം: “യഹോവ തന്റെ സിംഹാസനത്തെ സ്വർഗ്ഗത്തിൽ സ്ഥാപിച്ചിരിക്കുന്നു; അവന്റെ രാജത്വം സകലത്തെയും ഭരിക്കുന്നു.” (സങ്കീ, 103:19). “യഹോവയോ സത്യദൈവം; അവൻ ജീവനുള്ള ദൈവവും ശാശ്വതരാജാവും തന്നേ.” (യിരെ, 10:10). പ്രപഞ്ചം ദൈവത്തിൻ്റെ സൃഷ്ടിയാണ്. ദൃശ്യവും അദൃശ്യവുമായ സകലത്തെയും സൃഷ്ടിച്ച ദൈവം അവയെ സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യുന്നു. “യഹോവേ, മഹത്വവും ശക്തിയും തേജസ്സും യശസ്സും മഹിമയും നിനക്കുള്ളതു സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ളതൊക്കെയും നിനക്കുള്ളതല്ലോ. യഹോവേ, രാജത്വം നിനക്കുള്ളതാകുന്നു; നീ സകലത്തിന്നും മീതെ തലവനായിരിക്കുന്നു.” (1ദിന, 29:11). “നമ്മുടെ ദൈവമോ സ്വർഗ്ഗത്തിൽ ഉണ്ടു; തനിക്കു ഇഷ്ടമുള്ളതൊക്കെയും അവൻ ചെയ്യുന്നു.” (സങ്കീ, 115:3). “നിന്റെ രാജത്വം നിത്യരാജത്വം ആകുന്നു; നിന്റെ ആധിപത്യം തലമുറതലമുറയായി ഇരിക്കുന്നു.” (സങ്കീ, 145:13). “അവൻ സർവ്വഭൂവാസികളെയും നാസ്തിയായി എണ്ണുന്നു; സ്വർഗ്ഗീയ സൈന്യത്തോടും ഭൂവാസികളോടും ഇഷ്ടംപോലെ പ്രവർത്തിക്കുന്നു; അവന്റെ കൈ തടുപ്പാനോ നീ എന്തു ചെയ്യുന്നു എന്നു അവനാടു ചോദിപ്പാനോ ആർക്കും കഴികയില്ല.” (ദാനീ, 4:35. ഒ.നോ: ദാനീ, 4:3; 1തിമൊ, 1:17; 6:15; വെളി, 4:11). സർവ്വപ്രപഞ്ചത്തിലും ഒതുങ്ങാത്ത അദൃശ്യനായ ദൈവമാണ് തൻ്റെ സിംഹാസനം സ്വർഗ്ഗത്തിൽ സ്ഥാപിച്ചിട്ട് അതിൽ ഇരുന്നുകൊണ്ട് ദൂതന്മാരെയും മനുഷ്യരെയും ഭരിക്കുന്നു എന്നു വിചാരിക്കുന്നതിനെക്കാൾ എത്രയോ യുക്തിസഹമാണ്, അദൃശ്യദൈവത്തിൻ്റെ പ്രത്യക്ഷരൂപം സ്വർഗ്ഗസിംഹാസനത്തിൽ ഇരുന്നുകൊണ്ട് സകലത്തെയും ഭരിക്കുകയും പരിപാലിക്കുകയും ചെയ്യുന്നുവെന്ന് വിശ്വസിക്കുന്നത്.
4. ദൂതന്മാരുടെ മദ്ധ്യത്തിൽ: “യഹോവ തന്റെ സിംഹാസനത്തിൽ ഇരിക്കുന്നതും സ്വർഗ്ഗത്തിലെ സൈന്യം ഒക്കെയും അവന്റെ അടുക്കൽ വലത്തും ഇടത്തും നില്ക്കുന്നതും ഞാൻ കണ്ടു.” (1രാജാ, 22:19). “സാറാഫുകൾ അവന്നു ചുറ്റും നിന്നു; ഓരോരുത്തന്നു ആറാറു ചിറകുണ്ടായിരുന്നു; രണ്ടുകൊണ്ടു അവർ മൂഖം മൂടി; രണ്ടുകൊണ്ടു കാൽ മൂടി; രണ്ടുകൊണ്ടു പറന്നു.” (യെശ, 6:2). “സിംഹാസനത്തിന്റെ മുമ്പിൽ പളുങ്കിന്നൊത്ത കണ്ണാടിക്കടൽ; സിംഹാസനത്തിന്റെ നടുവിലും സിംഹാസനത്തിന്റെ ചുറ്റിലും നാലു ജീവികൾ; അവെക്കു മുമ്പുറവും പിമ്പുറവും കണ്ണു നിറഞ്ഞിരിക്കുന്നു.” (വെളി, 4:6). സ്വർഗ്ഗത്തിൽ ദൈവത്തെ കണ്ടവരൊക്കെ ദൂതസഞ്ചയത്തിൻ്റെ മദ്ധ്യേ സിംഹാസനത്തിൽ ഇരിക്കുന്ന ദൈവത്തെയാണ് കണ്ടത്. (1രാജാ, 22:19; 2ദിന,18:18; 6:1-5; 1:26-28; 7:9,10; വെളി, 4:2-8). അദൃശ്യനും സർവ്വവ്യാപിയുമായ ദൈവം ദൂതന്മാരുടെ മദ്ധ്യത്തിൽ ഇരിക്കുന്നുവെന്ന് പറയാൻ കഴിയില്ല; അതിനാലത് അദൃശ്യദൈവത്തിൻ്റെ പ്രത്യക്ഷതയാണെന്ന് മനസ്സിലാക്കാം.
5. സിംഹാസനത്തിലെ രൂപം: “അവയുടെ തലെക്കു മീതെയുള്ള വിതാനത്തിന്നു മീതെ നീലക്കല്ലിന്റെ കാഴ്ചപോലെ സിംഹാസനത്തിന്റെ രൂപവും സിംഹാസനത്തിന്റെ രൂപത്തിന്മേൽ അതിന്നു മീതെ മനുഷ്യസാദൃശ്യത്തിൽ ഒരു രൂപവും ഉണ്ടായിരുന്നു.” (യെഹെ, 1:26). യെഹെസ്ക്കേൽ പ്രവാചകൻ സിംഹാസനത്തിൽ കണ്ട രൂപത്തിന് മനുഷ്യസാദൃശ്യമായിരുന്നു. “യഹോവയുടെ മഹത്വത്തിന്റെ പ്രത്യക്ഷത ഇങ്ങനെ ആയിരുന്നു കണ്ടതു; അതു കണ്ടിട്ടു ഞാൻ കവിണ്ണുവീണു; സംസാരിക്കുന്ന ഒരുത്തന്റെ ശബ്ദവും ഞാൻ കേട്ടു.” (യെഹെ, 1:28). അദൃശ്യദൈവമായ യഹോവയുടെ മഹത്വത്തിൻ്റെ പ്രത്യക്ഷതായായിരുന്നു മനുഷ്യസാദൃശ്യത്തിൽ പ്രവാചകൻ കണ്ടത്. എട്ടാമദ്ധ്യായത്തിലും മനുഷ്യസാദൃത്തിലാണ് കാണുന്നത്: “അപ്പോൾ ഞാൻ മനുഷ്യസാദൃശത്തിൽ ഒരു രൂപം കണ്ടു; അവന്റെ അരമുതൽ കീഴോട്ടു തീപോലെയും അരമുതൽ മേലോട്ടു ശുക്ളസ്വർണ്ണത്തിന്റെ പ്രഭപോലെയും ആയിരുന്നു.” (യെഹെ, 8:2. ഒ.നോ: 1:26,27). പത്താം അദ്ധ്യായതിലും ഒരു രൂപത്തെ കണ്ടു: “അനന്തരം ഞാൻ നോക്കിയപ്പോൾ കെരൂബുകളുടെ തലെക്കുമീതെ ഉണ്ടായിരുന്ന വിതാനത്തിൽ നീലക്കല്ലുപോലെ സിംഹാസനത്തിന്റെ സാദൃശ്യത്തിൽ ഒരു രൂപം അവയുടെമേൽ കാണായ്‍വന്നു.” (യെഹെ, 10:1). ദാനീയേൽ കാണുന്നതും മനുഷ്യരൂപത്തിലാണ്: “ഞാൻ നോക്കിക്കൊണ്ടിരിക്കെ അവർ ന്യായാസനങ്ങളെ വെച്ചു. വയോധികനായ ഒരുത്തൻ ഇരുന്നു. അവന്റെ വസ്ത്രം ഹിമംപോലെ വെളുത്തതും അവന്റെ തലമുടി നിർമ്മലമായ ആട്ടുരോമംപോലെയും അവന്റെ സിംഹാസനം അഗ്നിജ്വാലയും അവന്റെ രഥചക്രങ്ങൾ കത്തുന്ന തീയും ആയിരുന്നു.” (ദാനീ, 7:9). മീഖായാവ്: യഹോവ സിംഹാസനത്തിൽ ഇരിക്കുന്നതും (1രാജാ, 22:19), യെശയ്യാവ്: കർത്താവ് സിഹാസനത്തിൽ ഇരിക്കുന്നതും (6:1), യോഹന്നാൻ കണ്ടത്: സിംഹാസനത്തിൽ ഒരുവൻ ഇരിക്കുന്നതും അവനെ സർവ്വശക്തിയുള്ള കർത്താവായ ദൈവം പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ എന്നു നാലു ജീവികൾ രാപ്പകൽ വിശ്രമം കൂടാതെ സ്തുതിക്കുന്നതുമാണ്. (വെളി, 4:2,8). സ്വർഗ്ഗത്തിൽ ദൈവത്തെ കണ്ടവരെല്ലാം സിഹാസനവും അതിലൊരു രൂപവും കണ്ടു; ആ രൂപത്തിന് മനുഷ്യസാദൃശ്യമാണെന്ന് യെഹെസ്ക്കേലും ദാനീയേലും വ്യക്തമാക്കുന്നു; ആ രൂപം രാപ്പകൽ അഥവാ നിത്യം ദൂതന്മാരുടെ ആരാധന സ്വീകരിക്കുകയാണ്. അത് അദൃശ്യദൈവമല്ല; ദൈവത്തിന്റെ പ്രത്യക്ഷതയായ രൂപമാണെന്ന് മനസ്സിലാക്കാമല്ലോ.
6. ശരീരഭാഗങ്ങൾ: ദൈവത്തിന് മനുഷ്യസാദൃശ്യം മാത്രമല്ല; അവയവങ്ങളും ഉള്ളതായി ബൈബിളിൽ പറഞ്ഞിട്ടുണ്ട്: ഹൃദയം: “താൻ ഭൂമിയിൽ മനുഷ്യനെ ഉണ്ടാക്കുകകൊണ്ടു യഹോവ അനുതപിച്ചു; അതു അവന്റെ ഹൃദയത്തിന്നു ദുഃഖമായി.” (ഉല്പ, 6:6; പ്രവൃ, 13:22). ദേഹി: “എന്റെ നീതിമാൻ വിശ്വാസത്താൽ ജീവിക്കും; പിൻമാറുന്നു എങ്കിൽ എന്റെ ഉള്ളത്തിന്നു (soul – psyche) അവനിൽ പ്രസാദമില്ല.” (എബ്രാ, 10:38. ഒ.നോ: മത്താ, 12:17). മുഖം: “സ്വർഗ്ഗത്തിൽ അവരുടെ ദൂതന്മാർ സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ മുഖം എപ്പോഴും കാണുന്നു എന്നു ഞാൻ നിങ്ങളോടു പറയുന്നു.” (മത്താ, 18:11). യഹോവ നീതിമാൻ; അവൻ നീതിയെ ഇഷ്ടപ്പെടുന്നു; നേരുള്ളവർ അവന്റെ മുഖം കാണും.” (സങ്കീ, 11:7). മോശെയോടു “നിനക്കു എന്റെ മുഖം കാണ്മാൻ കഴികയില്ലെന്ന് യഹോവ പറയുന്നു. (പുറ, 33:20). ഇല്ലാത്തൊരു മുഖമാണെങ്കിൽ കാണാൻ കഴില്ലെന്ന് പറയേണ്ടതില്ലല്ലോ? “കർത്താവിന്റെ മുഖം ദുഷ്‌പ്രവൃത്തിക്കാർക്കു പ്രതികൂലമായിരിക്കുന്നു.” (1പത്രൊ, 3:12). കണ്ണുകൾ: “യഹോവ തന്റെ വിശുദ്ധമന്ദിരത്തിൽ ഉണ്ടു; യഹോവയുടെ സിംഹാസനം സ്വർഗ്ഗത്തിൽ ആകുന്നു; അവന്റെ കണ്ണുകൾ ദർശിക്കുന്നു; അവന്റെ കൺപോളകൾ മനുഷ്യപുത്രന്മാരെ ശോധന ചെയ്യുന്നു.” (സങ്കീ, 11:4). “കർത്താവിന്റെ കണ്ണു നീതിമാന്മാരുടെ മേലും അവന്റെ ചെവി അവരുടെ പ്രാർത്ഥനെക്കും തുറന്നിരിക്കുന്നു.” (1പത്രൊ, 3:12). വായ: “മനുഷ്യൻ അപ്പംകൊണ്ടു മാത്രമല്ല യഹോവയുടെ വായിൽനിന്നു പുറപ്പെടുന്ന സകലവചനംകൊണ്ടും ജീവിക്കുന്നു.” (ആവ, 8:3; മത്താ, 4:4). “യഹോവയുടെ വായിൽനിന്നുള്ള വചനം.” (2ദിന, 36:12). “യഹോവയുടെ വായ് അരുളിച്ചെയ്തിരിക്കുന്നു.” (യെശ, 1:20). മൂക്ക്: “യഹോവ സൌരഭ്യവാസന മണത്തപ്പോൾ യഹോവ തന്റെ ഹൃദയത്തിൽ അരുളിച്ചെയ്തതു: ഞാൻ മനുഷ്യന്റെ നിമിത്തം ഇനി ഭൂമിയെ ശപിക്കയില്ല.” (ഉല്പ, 8:21). ചെവി: “ഈ സ്ഥലത്തു കഴിക്കുന്ന പ്രാർത്ഥനെക്കു എന്റെ കണ്ണു തുറന്നിരിക്കയും എന്റെ ചെവി ശ്രദ്ധിച്ചിരിക്കയും ചെയ്യും.” (2ദിന, 7:15; 6:40). “കർത്താവിന്റെ കണ്ണു നീതിമാന്മാരുടെ മേലും അവന്റെ ചെവി അവരുടെ പ്രാർത്ഥനെക്കും തുറന്നിരിക്കുന്നു.” (1പത്രൊ, 3:12). കൈ: “എന്റെ തേജസ്സു കടന്നുപോകുമ്പോൾ ഞാൻ നിന്നെ പാറയുടെ ഒരു പിളർപ്പിൽ ആക്കി ഞാൻ കടന്നുപോകുവോളം എന്റെ കൈകൊണ്ടു നിന്നെ മറെക്കും. പിന്നെ എന്റെ കൈ നീക്കും; നീ എന്റെ പിൻഭാഗം കാണും; എന്റെ മുഖമോ കാണാവതല്ല എന്നും യഹോവ അരുളിച്ചെയ്തു.” (പുറ, 33:22,23). “ഞാൻ കൈകൊട്ടും.” (യെഹെ, 22:13). കൈവിരൽ: “അവൻ സീനായി പർവ്വതത്തിൽ വെച്ചു മോശെയോടു അരുളിച്ചെയ്തു കഴിഞ്ഞശേഷം ദൈവത്തിന്റെ വിരൽകൊണ്ടു എഴുതിയ കല്പലകകളായ സാക്ഷ്യപലക രണ്ടും അവന്റെ പക്കൽ കൊടുത്തു.” (പുറ, 31:18; ആവ, 9:10). കാൽ: “വെയിലാറിയപ്പോൾ യഹോവയായ ദൈവം തോട്ടത്തിൽ നടക്കുന്ന ഒച്ച അവർ കേട്ടു;” (ഉല്പ, 3:8). “അന്നാളിൽ അവന്റെ കാൽ യെരൂശലേമിന്നെതിരെ കിഴക്കുള്ള ഒലിവു മലയിൽ നില്ക്കും; ഒലിവുമല കഴിക്കുപടിഞ്ഞാറായി നടുവെ പിളർന്നുപോകും.” (സെഖ, 14:4). “അവർ യിസ്രായേലിന്റെ ദൈവത്തെ കണ്ടു; അവന്റെ പാദങ്ങൾക്കു കീഴെ നീലക്കല്ലു പടുത്ത തളംപോലെയും ആകാശത്തിന്റെ സ്വച്ഛതപോലെയും ആയിരുന്നു.” (പുറ, 24:10). അദൃശ്യദൈവത്തിനും ശരീരഭാഗങ്ങൾ ഉണ്ടെന്ന് ആലങ്കാരികമായി പറയാവുന്നതാണ്. എന്നാൽ അദൃശ്യനായ ദൈവത്തിൻ്റെ പ്രത്യക്ഷതയായ മനുഷ്യരൂപത്തെ ഭക്തന്മാർ പലരും കണ്ടതായി വ്യക്തമായിട്ട് രേഖപ്പെടുത്തിയിരിക്കെ, പ്രത്യക്ഷനായിരിക്കുന്നവൻ്റെ ശരീരഭാഗങ്ങളെക്കുറിച്ചാണ് ബൈബിൾ വർണ്ണിച്ചിരിക്കുന്നതെന്ന് വിചാരിക്കുന്നതല്ലേ യുക്കിസഹമായിട്ടുള്ളത്.
7. സ്വർഗ്ഗത്തേക്കു നോക്കി: യേശു, അപ്പം വർദ്ധിപ്പിച്ചപ്പോഴും ചെകിടനെ സൗഖ്യമാക്കിയപ്പോഴും സ്വർഗ്ഗത്തേക്കു നോക്കിയതായി കാണാം: “ആ അഞ്ചു അപ്പവും രണ്ടു മീനും എടുത്തു, സ്വർഗ്ഗത്തേക്കു നോക്കി വാഴ്ത്തി, അപ്പം നുറുക്കി, ശിഷ്യന്മാരുടെ പക്കലും ശിഷ്യന്മാർ പുരുഷാരത്തിന്നും കൊടുത്തു.” (മത്താ, 14:19; മർക്ക, 6:41; ലൂക്കൊ, 9:16). “സ്വർഗ്ഗത്തേക്കു നോക്കി നെടുവീർപ്പിട്ടു അവനോടു: തുറന്നുവരിക എന്നു അർത്ഥമുള്ള “എഫഥാ” എന്നു പറഞ്ഞു.” (മർക്കൊ, 7:34). സ്വർഗ്ഗത്തേക്കു നോക്കി പിതാവിനോടു സംസാരിച്ചതായും കാണാം. (യോഹ, 17:1). മുടിയനായ പുത്രൻ, സ്വർഗ്ഗത്തേക്കു നോക്കുവാൻപോലും തുനിയാതെ, “ദൈവമേ, പാപിയായ എന്നോടു കരുണയുണ്ടാകേണമേ” എന്നു പറഞ്ഞുകൊണ്ട് മാറത്തടിച്ചു വിലപിക്കുന്നതായി കാണാം. (ലൂക്കോ, 18:13). അദൃശ്യനും സർവ്വവ്യാപിയുമായ ദൈവത്തെക്കാണാൻ ഒരു പ്രത്യേക സ്ഥലത്തേക്ക് നോക്കേണ്ടതില്ലല്ലോ? അതിനാൽ, അദൃശ്യദൈവത്തിൻ്റെ പ്രത്യക്ഷതയായ ദൈവം വസിക്കുന്ന സ്വർഗ്ഗത്തേക്കാണ് നോക്കിയതെന്ന് മനസ്സിലാക്കാം.
8. പിതാവിന്റെ മുഖം എപ്പോഴും കാണുന്നു: “സ്വർഗ്ഗത്തിൽ അവരുടെ ദൂതന്മാർ സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ മുഖം എപ്പോഴും കാണുന്നു എന്നു ഞാൻ നിങ്ങളോടു പറയുന്നു.” (മത്താ, 18:11). തൻ്റെ ഐഹികജീവകാലത്ത് യേശു പറഞ്ഞതാണിത്. ദൂതന്മാർ മാത്രമല്ല പിതാവിനെ കാണുന്നത്; മീഖായാവ് കണ്ടു (1രാജാ, 22:19), യെശയ്യാവ് കണ്ടു (6:1,5), യെഹെസ്ക്കേൽ കണ്ടു (1:28), ദാനീയേൽ കണ്ടു (7:9), യോഹന്നാനും കണ്ടു. (വെളി, 4:2). ദൂതന്മാൻ ദൈവത്തിൻ്റെ മുഖംകണ്ട് നിത്യം അവനെ ആരാധിക്കുകയാണ്. (യെശ, 6:1-5; വെളി, 4:2-8). “അനന്തരം മോശെയും അഹരോനും നാദാബും അബീഹൂവും യിസ്രായേൽമൂപ്പന്മാരിൽ എഴുപതുപേരുംകൂടെ കയറിച്ചെന്നു. അവർ യിസ്രായേലിന്റെ ദൈവത്തെ കണ്ടു; അവന്റെ പാദങ്ങൾക്കു കീഴെ നീലക്കല്ലു പടുത്ത തളംപോലെയും ആകാശത്തിന്റെ സ്വച്ഛതപോലെയും ആയിരുന്നു. യിസ്രായേൽമക്കളുടെ പ്രമാണികൾക്കു തൃക്കയ്യാൽ ഒന്നും ഭവിച്ചില്ല; അവർ ദൈവത്തെ കണ്ടു ഭക്ഷണ പാനീയങ്ങൾ കഴിച്ചു.” (പുറ, 24:9-11). അബ്രാഹാം, യിസ്ഹാക്ക്, യാക്കോബ്, ഇയ്യോബ്, മോശെ, ദാവീദ്, ശലോമോൻ തുടങ്ങി പഴയനിയമഭക്തന്മാർ പലരും ദൈവത്തെ കണ്ടവരാണ്. അദൃശ്യനായ ദൈവത്തെയാണ് ദൂതന്മാർ നിത്യം മുഖംകണ്ട് ആരാധിക്കുന്നതെന്നും, ഭക്തന്മാർ സ്വർഗ്ഗത്തിലും ഭൂമിയിലുമായി കണ്ടതെന്നു പറയാൻ കഴിയില്ല. അതിനാലത്, അദൃശ്യദൈവത്തിൻ്റെ നിത്യമായ പ്രത്യക്ഷതയാണെന്ന് മനസ്സിലാക്കാം.
9. സ്വരൂപവും സാദൃശ്യവും: “അനന്തരം ദൈവം: നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക;” (ഉല്പ, 1:26). “ഇങ്ങനെ ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു, ദൈവത്തിന്റെ സ്വരൂപത്തിൽ അവനെ സൃഷ്ടിച്ചു,” (ഉല്പ, 1:27). “ദൈവത്തിന്റെ സ്വരൂപത്തിലല്ലോ മനുഷ്യനെ ഉണ്ടാക്കിയതു.” (ഉല്പ, 9:6. ഒ.നോ: ഉല്പ, 5:1; യാക്കോ, 3:9). സ്വരൂപവും (image) സാദൃശ്യവും (likeness) പര്യായങ്ങളാണ്. പ്രതിബിംബം, പ്രതിച്ഛായ, പ്രതിമ, പ്രതിരൂപം, സ്വരൂപം, തത്സ്വരൂപം, സമാനത, സാദൃശ്യം, സാമ്യം എല്ലാം ഒന്നുതന്നെയാണ്. ദൈവത്തിൻ്റെ സ്വരൂപത്തെക്കുറിച്ച് ദൈവശാസ്ത്രത്തിൽ പറഞ്ഞിരിക്കുന്നത്: “ദൈവത്തെ സംബന്ധിച്ചിടത്തോളം സ്വരൂപം ഭൗതികമായ രൂപത്തെ വിവക്ഷിക്കുന്നില്ല. ദൈവികഗുണങ്ങളായ അദൃശ്യത (invisibility), അപ്രമേയത്വം (immensity), അനന്യത്വം (immutability), നിത്യത്വം (eternity), പരമാധികാരം (Sovereignty), സര്‍വ്വജ്ഞത്വം (Omniscience), സർവ്വവ്യാപിത്വം (Omnipresence), സർവ്വശക്തി (almighty) തുടങ്ങിയവയാണ്.” ദൈവത്തിന് പ്രദേയഗണങ്ങളും അപ്രദേയഗുണങ്ങളുമുണ്ട്. മനുഷ്യരുമായി പങ്കുവെക്കാൻ കഴിയുന്നത് അഥവാ മനുഷ്യർക്കു പകർന്നുകൊടുക്കാൻ കഴിയുന്നതും കഴിയാത്തതുമായ ഗുണങ്ങൾ. ദൈവത്തിൻ്റെ സ്വരൂപമെന്ന് ദൈവശാസ്ത്രം പഠിപ്പിക്കുന്നതെല്ലാം ദൈവത്തിൻ്റെ അപ്രദേയ ഗുണങ്ങളാണ്. അതിലൊന്നുപോലും മനുഷ്യർക്കില്ലെന്ന് മനസ്സിലാക്കാം. നിത്യത്വം മനുഷ്യർക്കുണ്ടെങ്കിലും, ദൈവത്തെപ്പോലയല്ല; ദൈവത്തിന് ആരംഭവും അവസാനവുമില്ല; മനുഷ്യർക്ക് ആരംഭമുണ്ട് അവസാനമില്ല. അങ്ങനെ ചിന്തിക്കുമ്പോൾ, സ്നേഹം, സന്തോഷം, സമാധാനം, ദയ, കരുണ പോലെയുള്ള ദൈവത്തിൻ്റെ പ്രദേയ ഗുണങ്ങളിലും ബാഹ്യരൂപത്തിലുമാണ് ആദാമിനെ സൃഷ്ടിച്ചതെന്ന് മനസ്സിലാക്കാം. സ്വർഗ്ഗത്തിൽ ഭക്തന്മാർ കണ്ട അദൃശ്യദൈവത്തിൻ്റെ നിത്യമായ പ്രത്യക്ഷതയ്ക്ക് ഒരു രൂപമുണ്ടെന്നും ആ രൂപം മനുഷ്യസദൃശ്യമാണെന്നും ബൈബിൾ പറയുമ്പോൾ, ദൈവം തൻ്റെ ആ സ്വരൂപത്തിലും സാദൃശ്യത്തിലുമാണ് ആദാമിനെ സൃഷ്ടിച്ചതെന്ന് ന്യായമായും മനസ്സിലാക്കാമല്ലോ. ഒരു തെളിവുകൂടി: “ആദാമിനു നൂറ്റിമുപ്പതു വയസ്സായാപ്പോൾ അവൻ തന്റെ സാദൃശ്യത്തിൽ തന്റെ സ്വരൂപപ്രകാരം ഒരു മകനെ ജനിപ്പിച്ചു; അവന്നു ശേത്ത് എന്നു പേരിട്ടു.” (ഉല്പ, 5:3). ഇവിടെ സ്വരൂപവും സാദൃശ്യവും എന്ന് പറയുന്നത്; ആന്തരിക ഗുണങ്ങളെക്കാളധികം ബാഹ്യസ്വരൂപത്തിനാണല്ലോ ചേരുന്നത്. അദൃശ്യദൈവം അശരീരിയും അതിനാൽത്തന്നെ അരൂപിയും ആയിരിക്കുമെന്ന കാര്യത്തിൽ ആർക്കുമൊരു സന്ദേഹത്തിന് ആവശ്യമില്ല. അദൃശ്യനായ ദൈവം തൻ്റെ ഇല്ലാത്ത സ്വരൂപത്തിൽ ആദാമിനെ സൃഷ്ടിച്ചുവെന്ന് മനസ്സിലാക്കുന്നതിനെക്കാൾ എത്രയോ യുക്തിസഹമാണ് ആ ദൈവത്തിൻ്റെ പ്രത്യക്ഷതയായ ദൈവം തൻ്റെ സ്വരൂപമായ മനുഷ്യസാദൃശ്യത്തിൽ ആദാമിനെ സൃഷ്ടിച്ചുവെന്ന് മനസ്സിലാക്കുന്നത്!
10 അദൃശ്യദൈവത്തിൻ്റെ പ്രതിമ: “അവൻ അദൃശ്യനായ ദൈവത്തിന്റെ പ്രതിമയും സർവ്വസൃഷ്ടിക്കും ആദ്യജാതനും ആകുന്നു.” (കൊലൊ, 1:15). “അവനിലല്ലോ ദൈവത്തിന്റെ സർവ്വ സമ്പൂർണ്ണതയും ദേഹരൂപമായി വസിക്കുന്നതു.” (കൊലൊ, 2:9). “ദൈവപ്രതിമയായ ക്രിസ്തു.” (2കൊരി, 4:4). “വരുവാനുള്ളവൻ്റെ പ്രതിരൂപമായ ആദാം” അഥവാ യേശുവിൻ്റെ പ്രതിരൂപമായ (figure) ആദാം. (റോമ, 5:14. ഒ.നോ: 8:29; 1കൊരി, 15:49; 2കൊരി, 3:18). സത്യവേദപുസ്തകത്തിൽ സ്വരൂപമെന്നും പ്രതിമയെന്നും തർജ്ജമ ചെയ്തിരിക്കുന്നത് ഐകൊൻ (eikon – image) എന്ന പദത്തെയാണ്. (മത്താ, 22:20; മർക്കൊ, 12:16; ലൂക്കൊ, 20:24; 2കൊരി, 3:18; 4:4; കൊലോ, 1:15: 3:10). യെഹെസ്ക്കേൽ ദൈവാലയത്തിൽ തീക്ഷ്ണതാ ബിംബത്തിൻ്റെ ഇരിപ്പിടമാണെന്ന് പറഞ്ഞിട്ടുണ്ട്. (8:3). മേല്പറഞ്ഞ തെളിവുകൾ പ്രകാരം: അദൃശ്യദൈവത്തിന്റെ സർവ്വസമ്പൂർണ്ണതയും ദേഹരൂപമായി വസിക്കുന്ന പ്രതിമ അഥവാ പ്രതിരൂപമായവനാണ് മനുഷ്യനായി മണ്ണിൽ വെളിപ്പെട്ട കർത്താവായ ക്രിസ്തുവെന്ന് മനസ്സിലാക്കാം. യേശുവിനെ എബ്രായ ലേഖകൻ തേജസ്സിൻ്റെ പ്രഭയെന്നും തത്വത്തിൻ്റെ മുദ്രയെന്നും പറഞ്ഞിരിക്കുന്നത് നോക്കുക. (എബ്രാ, 1:3). തേജസ്സിൻ്റെ പ്രഭ മറ്റൊരു വ്യക്തിയാണെന്നും തത്വത്തിൻ്റെ മുദ്ര അഥവാ ദൈവസത്തയുടെ പ്രതിരൂപം മറ്റൊരു വ്യക്തിയാണെന്നും പറയാൻ പറ്റില്ലല്ലോ. ദൈവസാദൃശ്യത്തിൽ സൃഷ്ടിക്കപ്പെട്ട മനുഷ്യൻ പാപംചെയ്തതു മൂലമാണ് സ്രഷ്ടാവിൻ്റെ തേജസ്സ് അവന് നഷ്ടമായത്. ക്രിസ്തുവിലൂടെ പാപമോചനം ലഭിച്ച നാം ഇനി പൂർവ്വാവസ്ഥയിലേക്ക് അഥവാ ഏദെന്യ അവസ്ഥയിലേക്കാണ് (ആദാമിൻ്റെ പാപപൂർവ്വ അവസ്ഥ) തിരികെ പോകുന്നതെന്ന് സ്പഷ്ടമാണല്ലോ. നാം യേശുക്രിസ്തുവിൻ്റെ സ്വരൂപത്തോടു അനുരൂപരാകുമെന്നും (റോമ, 8:29) ക്രിസ്തുവെന്ന ദൈവപ്രതിമയോടു അതേ പ്രതിമയായി രൂപാന്തരപ്പെടുമെന്നും പറഞ്ഞിരിക്കയാൽ (2കൊരി, 3:18; കൊലൊ, 3:10), അദൃശ്യദൈവത്തിൻ്റെ ദൃശ്യപ്രതിമയായി സ്വർഗ്ഗസിംഹാസനത്തിൽ ദൂതന്മാരുടെ മദ്ധ്യേയിരുന്ന് നിത്യം ആരാധന സ്വീകരിക്കുന്ന യഹോവയായ ദൈവം തന്നെയാണ് ദൈവപുത്രനായ മനുഷ്യനായി വെളിപ്പെട്ടതെന്ന് മനസ്സിലാക്കാമല്ലോ. അദൃശ്യദൈവത്തിന് രണ്ട് പ്രതിമയുള്ളതായി ബൈബിളിൽ ഒരിടത്തും പറഞ്ഞിട്ടില്ലാത്തതിനാൽ; യഹോവയായ ദൈവവും മഹാദൈവമായ യേശുക്രിസ്തുവും ഒരാളുതന്നെയാണെന്നും ആ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ് ദൈവപുത്രനെന്നും മനസ്സിലാക്കാം.
11. തേജസ്സിൻ്റെ പ്രഭയും തത്വത്തിൻ്റെ മുദ്രയും: “അവൻ അവന്റെ തേജസ്സിന്റെ പ്രഭയും തത്വത്തിന്റെ മുദ്രയും സകലത്തേയും തന്റെ ശക്തിയുള്ള വചനത്താൽ വഹിക്കുന്നവനും ആകകൊണ്ടു പാപങ്ങൾക്കു പരിഹാരം ഉണ്ടാക്കിയശേഷം ഉയരത്തിൽ മഹിമയുടെ വലത്തുഭാഗത്തു ഇരിക്കയും” (എബ്ര, 1:3). ‘തേജസ്സിൻ്റെ പ്രഭ’ മറ്റു പരിഭാഷകളിൽ: ദൈവതേജസ്സിന്‍റെ മഹത്തായശോഭ (സ.വേ.നൂ.പ), മഹത്വത്തിൻ്റെ തേജസ്സ് (പി.ഒ.സി), തേജസ്സിൻ്റെ കിരണം (വി.ഗ്ര), പുത്രന്‍ പിതാവിന്‍റെ മഹത്വം കാണിക്കുന്നു (ഇ.ആർ.വി), തേജസ്സിന്റെ പ്രതിഫലനം (ഓശാന), ദൈവമഹത്ത്വത്തിന്റെ തേജസ്സ് (ഓ.നൂ.പ), ദൈവതേജസ്സിൻ്റെ പ്രതിഫലനം (പു.ലോ.ഭാ), ആയവൻ്റെ മഹത്വത്തിൻ്റെ പ്രകാശം (ബെ.ബെ), മഹത്വത്തിൻ്റെ പ്രഭ (മാ.ക) എന്നിങ്ങനെ കാണുന്നു. ‘തത്വത്തിൻ്റെ മുദ്ര’ മറ്റു പരിഭാഷകളിൽ: ഈശ്വരസത്തയുടെ പ്രതിരൂപം (സ.വേ.പ.ലി), യഥാർത്ഥ പ്രതിരൂപം (വി.സ.വേ.പു), സത്തയുടെ മുദ്ര (പി.ഒ.സി), സ്വത്വത്തിന്റെ പ്രതിബിംബം (വി.ഗ്ര), ദൈവപ്രകൃതിയുടെ പൂര്‍ണ്ണപകര്‍പ്പ് (ഇ.ആർ.വി), സത്തയുടെ പ്രതിബിംബം (ഓശാന), ദൈവസത്തയുടെ യഥാർഥ പ്രതിബിംബം (ഓ.നൂ.പ), ദൈവത്തിൻ്റെ തനിപ്പകർപ്പ് (പു.ഭാ) തൽസ്വഭാവത്തിൻ്റെ സാക്ഷാൽ പ്രതിമ (ബെ.ബെ), സത്തയുടെ പ്രതിമ (മാ.ക) എന്നിങ്ങനെ കാണുന്നു. തേജസ്സിനെ ‘ഡോക്ല’ (doxa) എന്നും, പ്രഭയെ ‘അപൗഗസ്മ’ (apaugasma) എന്നുമാണ് പറഞ്ഞിരിക്കുന്നത്. ‘അപൗഗസ്മ’ എന്ന പദം ഒരിക്കൽ മാത്രമാണ് പറഞ്ഞിരിക്കുന്നത്. ‘ഡോക്ല’ കെ.ജെ.വി. സ്ട്രോങ്ങിൽ 168 പ്രാവശ്യമുണ്ട്. ഈ പദംകൊണ്ട്, പിതാവിൻ്റെ മഹത്വമെന്നും (മത്താ, 16:27; മർക്കൊ, 8:29; ലൂക്കൊ, 2:9; 2:14; യോഹ, 7:18; 11:40; പ്രവൃ, 7:2; 7:55; 1കൊരി, 10:31; 11:7), പുത്രൻ്റെ മഹത്വമെന്നും (മത്താ, 19:28; 24:30; 25:31; മർക്കൊ, 10:37; 13:26; ലൂക്കൊ, 2:30; ലൂക്കൊ, 9:32; ലൂക്കൊ, 21:27; 24:26; യോഹ, 12:41; 17:5; പ്രവൃ, 22:11; 1കൊരി, 2:8) എന്നും അഭിന്നമായിട്ടാണ് പറഞ്ഞിരിക്കുന്നത്. ‘തത്വം’ എന്ന പദത്തെ ഗ്രീക്കിൽ ഹൈപ്പൊസ്റ്റാസിസ് hypostasis) എന്നും, മുദ്രയെ ഗ്രീക്കിൽ കേരക്ടർ (charakter) എന്നും പറഞ്ഞിരിക്കുന്നു. ഹൈപ്പൊസ്റ്റാസിസ് വ്യക്തിയും, കേരക്ടർ അടയാളവുമാണ്. ദൈവതേജസ്സിൻ്റെ പ്രഭയെന്നും ദൈവവ്യക്തിയുടെ മുദ്ര അഥവാ അടയാളമെന്നും പറഞ്ഞാൽ മറ്റൊരു വ്യക്തിയാകുമോ? ദൈവത്തിൽ വ്യക്തികളല്ല; വെളിപ്പാടുകളാണുള്ളത്.
12. ആദ്യജാതൻ: “യേശുക്രിസ്തു അദൃശ്യനായ ദൈവത്തിന്റെ പ്രതിമയും സർവ്വസൃഷ്ടിക്കും ആദ്യജാതനും ആകുന്നു..(കൊലൊ, 1:15). അവൻ അദൃശ്യദൈവത്തിൻ്റെ പ്രതിമ അഥവാ പ്രതിരൂപമെന്ന നിലയിൽ ആദ്യജാതനാണ്. ആദ്യജാതൻ (firstborn) എന്ന പദത്തിനു; ആദ്യംജനിച്ച, കടിഞ്ഞൂലായ, പ്രഥമസന്തതി, മൂത്തപുത്രൻ എന്നൊക്കെയാണ് അക്ഷരാർത്ഥം. എന്നാൽ അതൊരു പദവിയായിട്ടും ബൈബിളിൽ ഉപയോഗിച്ചിട്ടുണ്ട്. യിസ്രായേലും (പുറ, 4:22), എഫ്രയീമും (യിരെ, 31:9) ദൈവത്തിൻ്റെ ആദ്യജാതന്മാരാണ്. ദാവീദിനെ ആദ്യജാതനാക്കും എന്ന് പറഞ്ഞിട്ടുണ്ട്. (സങ്കീ, 89:27). പഴയനിയമഭക്തന്മാരേ ആദ്യജാതന്മാരുടെ സഭ എന്ന് പുതിയനിയമത്തിൽ പറഞ്ഞിട്ടുണ്ട്. (എബ്രാ, 12:23). മേല്പറഞ്ഞതൊന്നും അക്ഷരാർത്ഥത്തിലല്ലെന്ന് മനസ്സിലാക്കാമല്ലോ. യേശുക്രിസ്തു അദൃശ്യദൈവത്തിൻ്റെ സ്വർഗ്ഗത്തിലെ നിത്യമായ പ്രത്യക്ഷത അഥവാ ദൃശ്യരൂപമെന്ന നിലയിലാണ് ദൈവത്തിൻ്റെ ആദ്യജാതനെന്ന് ആ വാക്യത്തിൽ പറഞ്ഞിരിക്കുന്നത്. സർവ്വതും സൃഷ്ടിക്കും മുമ്പെ ഈ പ്രതിമയുണ്ടല്ലോ. “അവൻ സർവ്വത്തിന്നും മുമ്പെയുള്ളവൻ; അവൻ സകലത്തിന്നും ആധാരമായിരിക്കുന്നു.” (കൊലൊ, 1:17). അവൻ സർവ്വസൃഷ്ടിക്കും മുമ്പെയുള്ളവനാണ്. സകലത്തിനും ആധാരവുമാണ്. സർവ്വവും അദ്ദേഹം മൂലം നിലനില്ക്കുന്നു; അവനിൽ സമസ്തവും സ്ഥിതി ചെയ്യൂന്നു; സകലത്തെയും നിലനിർത്തുന്നത് അവനാണ്; അവൻ സകലത്തെയും വഹിക്കുന്നവനും ആകുന്നു; എന്നിങ്ങനെയാണ് മറ്റു പരിഭാഷകളിൽ കാണുന്നത്. “സകലത്തേയും തന്റെ ശക്തിയുള്ള വചനത്താൽ വഹിക്കുന്നവൻ” എന്ന് എബ്രായലേഖകൻ പറയുന്നതും കുറിക്കൊള്ളുക. (എബ്രാ, 1:3). അവൻ അദൃശ്യദൈവത്തിൻ്റെ ദൃശ്യപ്രതിമയും സർവ്വസൃഷ്ടിക്കും മുമ്പെയുള്ളവനും സകലത്തെയും സൃഷ്ടിച്ചവനും അവനിൽ സമസ്തവും നിലനില്ക്കുന്നതുകൊണ്ടും അവൻ സകലത്തെയും പരിപാലിക്കുന്നതുകൊണ്ടുമാണ് ആദ്യജാതനെന്ന് വിശേഷിപ്പിച്ചിരിക്കുന്നത്. (കാണുക: ഏകജാതനും ആദ്യജാതനും)
13. ദൈവസൃഷ്ടിയുടെ ആരംഭം: “ലവൊദിക്ക്യയിലെ സഭയുടെ ദൂതന്നു എഴുതുക: വിശ്വസ്തനും സത്യവാനുമായ സാക്ഷിയായി ദൈവസൃഷ്ടിയുടെ ആരംഭമായ ആമേൻ എന്നുള്ളവൻ അരുളിച്ചെയുന്നതു:” (വെളി, 3:14). ഭാഷയുടെ വ്യാകരണ നിയമപ്രകാരം “സൃഷ്ടിയുടെ ആരംഭം” എന്നത് ആദ്യത്തെ സൃഷ്ടിയാണെന്നു അർത്ഥമില്ല; എന്തെന്നാൽ ക്രിയ ബഹുവചനം ആയാലാണ് ആരംഭമെന്ന പദത്തിന് “ഒന്നാമത്തേതു, ആദ്യത്തേതു” എന്നർത്ഥം വരുന്നത്. അല്ലെങ്കിൽ സൃഷ്ടിക്ക് “കാരണം” എന്നാണ് അർത്ഥം വരുന്നത്. അതായത്, “ദൈവസൃഷ്ടികളുടെ ആരംഭം” എന്നു ബഹുവചനത്തിൽ പറഞ്ഞാൽ; സൃഷ്ടികളിൽ ഒന്നാമത്തെ അഥവാ ആദ്യത്തെ സൃഷ്ടിയെന്ന് അർത്ഥം വരും. ഉദാഹരണം: “അടയാളങ്ങളുടെ ആരംഭം” എന്ന് യോഹന്നാൻ പറഞ്ഞിരിക്കുന്നത് നോക്കുക. (2:12). അവിടെ, ‘അടയാളങ്ങൾ’ എന്ന ക്രിയ ബഹുവചനം ആയതുകൊണ്ടാണ് “ആരംഭം” എന്ന പ്രയോഗത്തിനു ആദ്യത്തെ അടയാളമെന്ന് അർത്ഥം വരുന്നത്. യേശു ചെയ്ത അനേക അടയാളങ്ങളിൽ ആദ്യത്തേതാണല്ലോ കാനാവിലെ കല്യാണവിരുന്നിൽ വെള്ളം വീഞ്ഞാക്കിയ അത്ഭുതം. (യോഹ, 2:6-11). ഏകവചനത്തിൽ ഉപയോഗിച്ചിരിക്കുന്ന വാക്യം കാണുക: “യഹോവാഭക്തി ജ്ഞാനത്തിന്റെ ആരംഭമാകുന്നു; ഭോഷന്മാരോ ജ്ഞാനവും പ്രബോധനവും നിരസിക്കുന്നു.’ (സദൃ, 1:7). ഇവിടെ, യഹോവാഭക്തി ജ്ഞാനത്തിൽ ഒന്നാമത്തേതെന്നോ, ആദ്യത്തേത് എന്നൊന്നുമല്ലല്ലോ അർത്ഥം; ഭക്തൻ്റെ ജ്ഞാനത്തിനു കാരണം യഹോവാഭക്തിയാണ്. ഗ്രീക്കിൽ സൃഷ്ടിയെ കുറിക്കുന്ന ക്റ്റിസിയൊസ് (ktiseos – creation, creature) ഏകവചനമാണ്. മറ്റൊരുദാഹരണം: “സൃഷ്ടിയുടെ ആരംഭത്തിങ്കലോ ദൈവം അവരെ ആണും പെണ്ണുമായി ഉണ്ടാക്കി.” (മർക്കൊ, 10:6). ഇവിടെയും ക്രിയ ഏകവചനമാണ്. സൃഷ്ടികളിൽ ആദ്യമായി മനുഷ്യനെയല്ല സൃഷ്ടിച്ചത്; എല്ലാ സൃഷ്ടികൾക്കും അവസാനമാണ് മനുഷ്യനെ സൃഷ്ടിച്ചത്. “സൃഷ്ടികളുടെ ആരംഭത്തിൽ അവരെ ആണും പെണ്ണുമായി ഉണ്ടാക്കി” എന്നു ബഹുവചനത്തിൽ പറഞ്ഞാൽ; ആദാമിനെയും ഹവ്വയെയുമാണ് ദൈവം ആദ്യം സൃഷ്ടിച്ചതെന്ന് അർത്ഥം വരും; അത് വാസ്തവം അല്ലാത്തതിനാലാണ് “സൃഷ്ടിയുടെ ആരംഭം” എന്ന ഏകവചനം പറഞ്ഞിരിക്കുന്നത്. ബഹുവചനത്തെ കുറിക്കുന്ന ഗ്രീക്കുപദം, ക്റ്റിസ്മ (ktisma – creatures) ആണ്. ബഹുവചനത്തിന് തെളിവു കാണുക: “നാം അവന്റെ സൃഷ്ടികളിൽ ഒരുവിധം ആദ്യഫലമാകേണ്ടതിന്നു അവൻ തന്റെ ഇഷ്ടം ഹേതുവായി സത്യത്തിന്റെ വചനത്താൽ നമ്മെ ജനിപ്പിച്ചിരിക്കുന്നു.” (യാക്കോ, 1:18. ഒ.നോ: വെളി, 8:9). “അവന്‍ സൃഷ്ടിച്ച എല്ലാറ്റിനെക്കാളും നമുക്കു പ്രാധാന്യം ഉണ്ടാക്കുവാന്‍ അവനാഗ്രഹിച്ചു” എന്നാണ് ഈ.ആർ.വി. പരിഭാഷ. ഇവിടെ “സൃഷ്ടികൾ” എന്ന ബഹുവചനം നോക്കുക: വീണ്ടുംജനിച്ചവർ സൃഷ്ടിക്ക് കാരണമല്ല; സൃഷ്ടികളിൽ ആദ്യസ്ഥാനം അഥവാ ഒന്നാമത്തേത് ആകാൻ വേണ്ടിയാണ് വീണ്ടും ജനിപ്പിച്ചിരിക്കുന്നത്. അതിനാൽ, ‘ദൈവസൃഷ്ടിയുടെ ആരംഭം’ എന്നു പറഞ്ഞാൽ; ദൈവസൃഷ്ടിക്ക് കാരണം, മൂലാധാരം എന്നൊക്കെയാണ് അർത്ഥം. (എബ്രാ, 1:10). അദൃശ്യദൈവത്തിൻ്റെ ദൃശ്യരൂപം അഥവാ നിത്യമായ പ്രത്യക്ഷതയായ യഹോവ അഥവാ യേശുക്രിസ്തുവാണ് സ്വർഗ്ഗസിംഹാസനത്തിൽ ദൂതന്മാരുടെ മദ്ധ്യത്തിൽ ഇരുന്നുകൊണ്ട് സൃഷ്ടി നടത്തിയതെന്ന് മനസ്സിലാക്കാമല്ലോ? (കാണുക: ദൈവസൃഷ്ടിയുടെ ആരംഭം)
14. സ്രഷ്ടാവായ ദൈവം: “യഹോവ തനിച്ചു (alone) ആകാശത്തെ വിരിക്കുന്നു; സമുദ്രത്തിലെ തിരമാലകളിന്മേൽ അവൻ നടക്കുന്നു.” (ഇയ്യോ, 9:8). യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്നും താൻ ഒറ്റയ്ക്കാണ് ആകാശവും ഭൂമിയും സൃഷ്ടിച്ചതെന്നും ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്. (ആവ, 6:4; 2രാജാ, 19:15; 19:19; നെഹെ, 9:6; സങ്കീ, 83:18; യെശ, 37:16; 20; 44:24). താൻ ആകാശഭൂമികൾ സൃഷ്ടിക്കുമ്പോൾ ആർ തൻ്റെകൂടെ ഉണ്ടായിരുന്നുവെന്ന് യഹോവ ഒരു വെല്ലുവിളിയോടെ ചോദിക്കുന്നു: “നിന്റെ വീണ്ടെടുപ്പുകാരനും ഗർഭത്തിൽ നിന്നെ നിർമ്മിച്ചവനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യഹോവയായ ഞാൻ സകലവും ഉണ്ടാക്കുന്നു; ഞാൻ തന്നേ ആകാശത്തെ വിരിക്കയും ഭൂമിയെ പരത്തുകയും ചെയ്തിരിക്കുന്നു; ആർ എന്നോടുകൂടെ ഉണ്ടായിരുന്നു?” (യെശ, 24:44). എന്നാൽ 102-ാം സങ്കീർത്തനം ഉദ്ധരിച്ചുകൊണ്ട്, ആകാശഭൂമികൾ സൃഷ്ടിച്ച കർത്താവ് അഥവാ യഹോവ ക്രിസ്തുവാണെന്ന് എബ്രായലേഖകൻ വ്യക്തമാക്കുന്നു. “കർത്താവേ, നീ പൂർവ്വകാലത്തു ഭൂമിക്കു അടിസ്ഥാനം ഇട്ടു, ആകാശവും നിന്റെ കൈകളുടെ പ്രവൃത്തി ആകുന്നു.” (എബ്രാ 1:10; സങ്കീ, 102:25). രണ്ട് ദൈവമോ, ദൈവത്തിൽ രണ്ട് വ്യക്തികളോ ഇല്ലാത്തതിനാൽ, യഹോവ തന്നെയാണ് യേശുക്രിസ്തുവെന്ന മഹാദൈവമെന്ന് മനസ്സിലാക്കാമല്ലോ. അദൃശ്യദൈവത്തിന്റെ സർവ്വസമ്പൂർണ്ണതയും ദേഹരൂപമായി വസിക്കുന്ന പ്രതിമ അഥവാ പ്രതിരൂപമാണ് യഹോവ അഥവാ യേശുക്രിസ്തു. (യെഹെ, 1:28; 2കൊരി, 4:4; കൊലൊ, 1:15; 1:17; 2:9; എബ്രാ, 1:3. ഒ.നോ: ഉല്പ, 1:27; റോമ, 5:14; 8:29; 2കൊരി, 3:18; എഫെ, 4:24; ഫിലി, 3:21; കൊലൊ, 3:10). അതിനാലാണ് വരുവാനുള്ളവൻ്റെ പ്രതിരൂപമാണ് ആദാമെന്ന് പറഞ്ഞിരിക്കുന്നത്. (റോമ, 5:14). ദൈവത്തിൻ്റെ പ്രതിരൂപമായവനാണ് സ്വർഗ്ഗസിംഹാസനത്തിൽ മനഷ്യസാദൃശ്യത്തിൽ പ്രത്യക്ഷനായിരുന്നുകൊണ്ട് (യെഹെ, 1:26) ദൃശ്യവും അദൃശ്യവുമായ സകലവും സൃഷ്ടിച്ചതും (കൊലൊ, 1:16; എബ്രാ, 1:2); ആദ്യമനുഷ്യനായ ആദാമിനെ നിലത്തെ പൊടികൊണ്ട് തൻ്റെ സ്വരൂപത്തിലും സാദൃശ്യത്തിലും മെനഞ്ഞതും. (ഉല്പ, 1:26,27; 2:7; റോമ, 5:14).
15. യേശുക്രിസ്തു മുഖാന്തരം സൃഷ്ടിക്കപ്പെട്ടു: “സ്വർഗ്ഗത്തിലുള്ളതും ഭൂമിയിലുള്ളതും ദൃശ്യമായതും അദൃശ്യമായതും സിംഹാസനങ്ങൾ ആകട്ടെ കർത്തൃത്വങ്ങൾ ആകട്ടെ വാഴ്ചകൾ ആകട്ടെ അധികാരങ്ങൾ ആകട്ടെ സകലവും അവൻ മുഖാന്തരം സൃഷ്ടിക്കപ്പെട്ടു; അവൻ മുഖാന്തരവും അവന്നായിട്ടും സകലവും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.” (കൊലൊ, 1:15,16). അവൻ അദൃശ്യദൈവത്തിൻ്റെ പ്രതിമയാണെന്ന് പറഞ്ഞശേഷമാണ്; ദൃശ്യമായതും അദൃശ്യമായതുമെല്ലാം അവൻ മുഖാന്തരം സൃഷ്ടിക്കപ്പെട്ടു എന്ന് പറഞ്ഞിരിക്കുന്നത്. (കൊലൊ, 1:15). “കർത്താവേ, നീ പൂർവ്വകാലത്തു ഭൂമിക്കു അടിസ്ഥാനം ഇട്ടു, ആകാശവും നിന്റെ കൈകളുടെ പ്രവൃത്തി ആകുന്നു.” (എബ്രാ, 1:10). അദൃശ്യദൈവത്തിൻ്റെ പ്രത്യക്ഷതയും പ്രതിമയുമായി സ്വർഗ്ഗസിംഹാസനത്തിൽ ഇരിക്കുന്നവനാണ് സൃഷ്ടികർത്താവ് എന്നതിനാൽ; അവൻ സൃഷ്ടിച്ചുവെന്ന് പറഞ്ഞാലും അവൻ മുഖാന്തരം സൃഷ്ടിച്ചുവെന്ന് പറഞ്ഞാലും ശരിയാണ്. അവൻ ദൈവതേജസ്സിൻ്റെ പ്രഭയും തത്വത്തിൻ്റെ മുദ്രയുമാകയാൽ; ‘അവൻ മുഖാന്തരം ലോകത്തെയും ഉണ്ടാക്കി’ എന്നു പറഞ്ഞാലും ശരിയാണ്. (എബ്രാ, 1:2,3). അദൃശ്യദൈവത്തിൻ്റെ നിത്യമായ പ്രത്യക്ഷതയായ യഹോവ അഥവാ യേശുക്രിസ്തുവാണ് സ്വർഗ്ഗസിംഹാസനത്തിൽ ഇരിന്നുകൊണ്ട് സകലവും സൃഷ്ടിക്കുന്നത്; അതിനാലാണ് അവൻ സൃഷ്ടിച്ചുവെന്ന് എബ്രായലേഖകൻ പറയുന്നതും അവൻ മുഖാന്തരം സകലവും സൃഷ്ടിക്കപ്പെട്ടുവെന്ന് പൗലൊസ് പറഞ്ഞിരിക്കുന്നതും.
16. മൂവുലകരുടെയും മുഴങ്കാൽ മടങ്ങുന്നവൻ: “അങ്ങനെ യേശുവിന്റെ നാമത്തിങ്കൽ സ്വർല്ലോകരുടെയും ഭൂലോകരുടെയും അധോലോകരുടെയും മുഴങ്കാൽ ഒക്കെയും മടങ്ങുകയും എല്ലാ നാവും “യേശുക്രിസ്തു കർത്താവു”എന്നു പിതാവായ ദൈവത്തിന്റെ മഹത്വത്തിന്നായി ഏറ്റുപറകയും ചെയ്യേണ്ടിവരും.” (ഫിലി, 2:10,11). ആരുമൊരുനാളും കണ്ടിട്ടില്ലാത്ത കാണ്മാൻ കഴിയാത്ത അദൃശ്യദൈവത്തെ കാണാനോ, അവൻ്റെ മുമ്പിൽ മുഴങ്കാൽ മടക്കാനോ ആർക്കും കഴിയില്ല; അദൃശ്യദൈവത്തിൻ്റെ പ്രതിമയായ യേശുക്രിസ്തുവിൻ്റെ മുമ്പിലാണ് സകലരുടെയും മുഴങ്കാൽ മടങ്ങുന്നത്. അപ്പോൾ അദൃശ്യനായ ദൈവപിതാവിന് മഹത്വമുണ്ടാകും. ഇതുതന്നെയാണ് യെശയ്യാവിൽ യഹോവ പറയുന്നതും: “എന്നാണ എന്റെ മുമ്പിൽ ഏതു മുഴങ്കാലും മടങ്ങും; ഏതു നാവും സത്യം ചെയ്യും എന്നിങ്ങനെ എന്റെ വായിൽനിന്നു നീതിയും മടങ്ങാത്ത ഒരു വചനവും പുറപ്പെട്ടിരിക്കുന്നു.” (യെശ, 45:23). യഹോവയും യേശുവും ഒരാളാണന്ന് വ്യക്തമായല്ലോ. “എന്റെ ത്വൿ ഇങ്ങനെ നശിച്ചശേഷം ഞാൻ ദേഹസഹിതനായി ദൈവത്തെ കാണും. ഞാൻ തന്നേ അവനെ കാണും; അന്യനല്ല, എന്റെ സ്വന്തകണ്ണു അവനെ കാണും; എന്റെ അന്തരംഗം എന്റെ ഉള്ളിൽ ക്ഷയിച്ചിരിക്കുന്നു.” (ഇയ്യോ, 19:25,26). ഇയ്യോബിന്റെ പ്രത്യാശ വെറുതയല്ല. സ്തെഫാനോസ് സ്വർഗ്ഗത്തിൽ കണ്ട് തൻ്റെ ആത്മാവിനെ ഏല്പിച്ചുകൊടുത്ത അദൃശ്യദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണതയും ദേഹരൂപമായി വസിക്കുന്ന പ്രതിമയായ യേശുക്രിസ്തുവിനെ ഇയ്യോബ് മാത്രമല്ല; ഏകദൈവത്തിൽ പ്രത്യാശവെച്ചിരിക്കുന്നവരും അല്ലാത്തവരുമായ എല്ലാവരും സ്വന്തകണ്ണുകൊണ്ട് കാണുകയും വീണ് നമസ്കരിക്കുകയും ചെയ്യും. യേശുക്രിസ്തു വിനെ ഏകസത്യദൈവമായി അംഗീകരിക്കാത്തവരുടെ കാര്യം പിന്നെ എന്തായിത്തീരും എന്നറിയില്ല.
മേല്പഞ്ഞ വസ്തുതകളുടെ സ്ഥിരീകരണമാണ് സ്തെഫാനോസ് സ്വർഗ്ഗത്തിൽ കണ്ട ദർശനം: “അവനോ പരിശുദ്ധാത്മാവു നിറഞ്ഞവനായി സ്വർഗ്ഗത്തിലേക്കു ഉറ്റുനോക്കി, ദൈവമഹത്വവും ദൈവത്തിന്റെ വലത്തുഭാഗത്തു യേശു നില്ക്കുന്നതും കണ്ടു: ഇതാ, സ്വർഗ്ഗം തുറന്നിരിക്കുന്നതും മനുഷ്യപുത്രൻ ദൈവത്തിന്റെ വലത്തു ഭാഗത്തു നില്ക്കുന്നതും ഞാൻ കാണുന്നു എന്നു പറഞ്ഞു.” (പ്രവൃ, 7:55,56). സ്തെഫാനോസ് പിതാവിനെയും പുത്രനെയും അഥവാ രണ്ട് വ്യക്തികളെയാണ് സ്വർഗ്ഗത്തിൽ കണ്ടതെന്ന് കരുതുന്നവരുണ്ട്; പരിശുദ്ധാത്മാവ് ഭൂമിയിലുമുണ്ട്; അപ്പോൾ ത്രിത്വം പറയുന്ന മൂന്നു വ്യക്തികളുമായി. അപ്പോൾ അദൃശ്യനായ ദൈവം ആരാണെന്ന് പറയും? എന്നാൽ വസ്തുതയെന്താണ്: അദൃശ്യനായ ദൈവത്തിൻ്റെ മഹത്വം അഥവാ തേജസ്സാണ് കണ്ടത്. സത്യവേദപുസ്തകം നൂതന പരിഭാഷയിൽനിന്ന് ആ വാക്യം ചേർക്കുന്നു: “എന്നാല്‍ അദ്ദേഹം പരിശുദ്ധാത്മാവു നിറഞ്ഞവനായി സ്വര്‍ഗത്തിലേക്ക് ഉറ്റുനോക്കി; ദൈവത്തിന്‍റെ തേജസ്സ് അദ്ദേഹം ദര്‍ശിച്ചു; അവിടുത്തെ വലത്തുഭാഗത്ത് യേശു നില്ക്കുന്നതും കണ്ടു.” അതായത്, അദൃശ്യനായ ദൈവത്തിൻ്റെ തേജസ്സും വലത്തുഭാഗത്ത് അദൃശ്യനായ ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണതയും ദേഹരൂപമായി വസിക്കുന്ന യഹോവ അഥവാ യേശുവിനെയുമാണ് കണ്ടത്. പഴയനിയമ ഭക്തന്മാർ കണ്ട യഹോവയും യേശുവും ഒരാളാണെന്നതിന് കൃത്യമായ ഒരു തെളിവുകൂടിതരാം: ആത്മാക്കളുടെ ഉടയവൻ യഹോവയായ ദൈവമാണ്; “അപ്പോൾ അവർ കവിണ്ണുവീണു: സകലജനത്തിന്റെയും ആത്മാക്കൾക്കു ഉടയവനാകുന്ന ദൈവമേ.” (സംഖ്യാ, 16:22). “സകല ജഡത്തിന്റെയും ആത്മാക്കളുടെ ദൈവമായ യഹോവ.” (സംഖ്യാ, 27:17. ഒ.നോ: സങ്കീ, 31:5; 42:1,2; സഭാ, 12:7; എബ്രാ, 12:9; 1പത്രൊ, 4:19). ആത്മാക്കളുടെ ഉടയവൻ യഹോവയാണെന്ന് എല്ലാ യെഹൂദന്മാർക്കും അറിയാമായിരിക്കുമല്ലോ; പിന്നെന്തുകൊണ്ടാണ് മരണസമയത്ത് സ്തെഫാനോസ് തൻ്റെ ആത്മാവിനെ കർത്താവായ യേശുവിൻ്റെ കരങ്ങളിൽ ഏല്പിച്ചത്? (പ്രവൃ, 7:59). ഒന്നെങ്കിൽ യഹോവയും യേശുവും ഒരാളാണ്; അല്ലെങ്കിൽ സ്തെഫാനോസിന് ആളുമാറിപ്പോയി. ഇതിലേതാണ് ശരി: തൻ്റെ ആത്മാവിനെ ഉടയവനെ ഏല്പിക്കുമ്പോൾ അവൻ ഒറ്റയ്ക്കായിരുന്നില്ല; സത്യത്തിൻ്റെയും സുബോധത്തിൻ്റെയും ആത്മാവായ പരിശുദ്ധാത്മാവ് അവനിൽ വന്ന് നിറഞ്ഞപ്പോഴാണ് അവൻ സ്വർഗ്ഗം തുറന്നിരിക്കുന്നതും അദൃശ്യനായ ദൈവത്തിൻ്റെ തേജസ്സും വലത്തുഭാഗത്തു ആത്മാക്കളുടെ ഉടയവനെയും കണ്ടത്. (പ്രവൃ, 7:55,56). സ്തെഫാനോസിന് തെറ്റുപറ്റിയാലും പരിശുദ്ധാത്മാവിന് തെറ്റുപറ്റില്ലല്ലോ? “ഞാനും പിതാവും ഒന്നാകുന്നു; എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു” എന്നൊക്കെ പറഞ്ഞത്, യഹോവയുടെ പ്രത്യക്ഷതയായ മനുഷ്യനായിരുന്നു. (1തിമൊ, 3:14-16). പ്രത്യക്ഷനായ മനുഷ്യൻ അപ്രത്യക്ഷനായാൽ പിന്നെ, മറ്റൊരു വ്യക്തിയായും മനുഷ്യനായും ഉണ്ടാകില്ല; അഥവാ ആ പ്രത്യക്ഷയരീരം ഉണ്ടാകില്ല: (എബ്രാ, 10:5). ദൈവം മാത്രമാണ് എന്നേക്കും ഉള്ളവൻ. (തീത്തൊ, 2:12; എബ്രാ, 13:8). സകല ജഡത്തിൻ്റെയും ആത്മാക്കളുടെ ഉടയവനായ ദൈവത്തിൻ്റെ കയ്യിൽത്തന്നെയാണ് സ്തെഫാനോസ് തൻ്റെ ആത്മാവിനെ ഏല്പിച്ചുകൊടുത്തത്. (കാണുക: സ്തെഫാനോസ് കണ്ട ദർശനം, ഞാനും പിതാവും ഒന്നാകുന്നു)
II. മനുഷ്യപ്രത്യക്ഷത: “അനന്തരം യഹോവ അവന്നു മമ്രേയുടെ തോപ്പിൽവെച്ചു പ്രത്യക്ഷനായി.” (ഉല്പ, 18:1) “അവൻ (ജീവനുള്ള ദൈവം) ജഡത്തിൽ വെളിപ്പെട്ടു.” (1തിമൊ, 3:16). ദൈവത്തിന് പഴയനിയമത്തിലും പുതിയനിയമത്തിലും മനുഷ്യപ്രത്യക്ഷതയുണ്ട്:
പഴയനിയമത്തിലെ പ്രത്യക്ഷത: “അനന്തരം യഹോവ അവന്നു മമ്രേയുടെ തോപ്പിൽവെച്ചു പ്രത്യക്ഷനായി; വെയിലുറെച്ചപ്പോൾ അവൻ കൂടാരവാതിൽക്കൽ ഇരിക്കയായിരുന്നു. അബ്രാഹാം തലപൊക്കി നോക്കിയപ്പോൾ മൂന്നു പുരുഷന്മാർ തന്റെ നേരെ നില്ക്കുന്നതു കണ്ടു; അവരെ കണ്ടപ്പോൾ അവൻ കൂടാരവാതിൽക്കൽ നിന്നു അവരെ എതിരേല്പാൻ ഓടിച്ചെന്നു നിലംവരെ കുനിഞ്ഞു:” (ഉല്പ, 18:2). അബ്രാഹാം മമ്രേയുടെ തോപ്പിൽ കണ്ടത് ദൈവത്തെയല്ല; മൂന്നു പുരുഷന്മാർ അഥവാ മനുഷ്യരെയാണ്. അബ്രാഹാമിനു പ്രത്യക്ഷനായ മൂന്നു പുരുഷന്മാരിൽ ഒരാൾ യഹോവയും രണ്ടുപേർ ദൂതന്മാരും ആയിരുന്നു. ഒൻപത് പ്രാവശ്യം അവിടെ യഹോവയെന്ന് പേർ പറഞ്ഞിട്ടുണ്ട്. (ഉല്പ, 18:1,13,14,17,19,20,22,26,33). രണ്ടുപേർ ദൂതന്മാരായിരുന്നു: “അങ്ങനെ ആ പുരുഷന്മാർ അവിടെനിന്നു തിരിഞ്ഞു സൊദോമിലേക്കു പോയി. അബ്രാഹാമോ യഹോവയുടെ സന്നിധിയിൽ തന്നേ നിന്നു.” (ഉല്പ, 18:22). അബ്രാഹാം യഹോവയുടെ അടുക്കൽ നില്ക്കുമ്പോൾ, രണ്ട് ദൂതന്മാർ സോദോമിലേക്ക് പോയതായി മനസ്സിലാക്കാമല്ലോ. ഇല്ലെങ്കിൽ അടുത്ത അദ്ധ്യായത്തിൻ്റെ ആരംഭത്തിൽ കൃത്യമായി പറഞ്ഞിട്ടുണ്ട്: “ആ രണ്ടുദൂതന്മാർ വൈകുന്നേരത്തു സൊദോമിൽ എത്തി; ലോത്ത് സൊദോംപട്ടണ വാതിൽക്കൽ ഇരിക്കയായിരുന്നു; അവരെ കണ്ടിട്ടു ലോത്ത് എഴുന്നേറ്റു എതിരേറ്റു ചെന്നു നിലംവരെ കുനിഞ്ഞു നമസ്കരിച്ചു:” (ഉല്പ, 19:1). പൂർണ്ണമനുഷ്യരായിട്ടാണ് യഹോവയും ദൂതന്മാരും അവരുടെ മുമ്പിൽ പ്രത്യക്ഷരായതെന്നതിന് തെളിവാണ്, അബ്രാഹാം യഹോവയെയും ചേർത്ത് മൂന്നു മനുഷ്യരെ നിലംവരെ കുനിഞ്ഞു നമസ്കരിച്ചതും, ലോത്ത് ദൂതന്മാരായ രണ്ടു മനുഷ്യരെ നിലംവരെ കുനിഞ്ഞു നമസ്കരിച്ചതും. എബ്രായയിലും ഗ്രീക്കിലും ദൈവത്തെ ആരാധിക്കുന്നതിനും മനുഷ്യരെ ആചാരപരമായി നമസ്കരിക്കുന്നതിനും ഒരേ പദങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. യഹോവ കൂടെയുള്ളപ്പോഴും ദൂതന്മാർ മാത്രമുള്ളപ്പോഴും നിലംവരെ കുനിഞ്ഞു നമസ്കരിച്ചത് പൂർണ്ണമനുഷ്യർ മാത്രമായി പ്രത്യക്ഷരായതുകൊണ്ടാണ്. യഹോവ ദൈവമായിട്ടു തന്നെയാണ് പ്രത്യക്ഷനായതെങ്കിൽ, അവരെ എതിരേറ്റു നിലംവരെ കുനിഞ്ഞു (meet them and bowed low to the ground) എന്നു പറയാതെ, ദൈവത്തെ പ്രത്യേകമായി ‘അവനെ കുനിഞ്ഞു നമസ്കരിച്ചു’ എന്നു പറയുമായിരുന്നു.
അബ്രാഹാം അവരോടു പറഞ്ഞത്: “യജമാനനേ, എന്നോടു കൃപയുണ്ടെങ്കിൽ അടിയനെ കടന്നുപോകരുതേ. അസാരം വെള്ളം കൊണ്ടുവന്നു നിങ്ങളുടെ കാലുകളെ കഴുകട്ടെ; വൃക്ഷത്തിൻ കീഴിൽ ഇരിപ്പിൻ. ഞാൻ ഒരു മുറി അപ്പം കൊണ്ടുവരാം; വിശപ്പു അടക്കീട്ടു നിങ്ങൾക്കു പോകാം; ഇതിന്നായിട്ടല്ലോ നിങ്ങൾ അടിയന്റെ അടുക്കൽ കയറിവന്നതു എന്നു പറഞ്ഞു. നീ പറഞ്ഞതുപോലെ ആകട്ടെ എന്നു അവർ പറഞ്ഞു.” (ഉല്പത്തി 18:3-5). അബ്രാഹാമിൻ്റെ അടുക്കൽ ഭക്ഷണം കഴിക്കാൻ വന്ന വഴിയാത്രക്കാരായാണ് അവൻ അവരെ മനസ്സിലാക്കിയത്. തുടർന്ന്, അവൻ സാറയോട് മാവു കുഴച്ച് ഭക്ഷണമുണ്ടാക്കുവാൻ കല്പിക്കുകയും, ഇളയതും നല്ലതുമായൊരു കാളക്കുട്ടിയെ പിടിച്ചു ഒരു ബാല്യക്കാരന്റെ പക്കൽ കൊടുത്തു, അതിനെ പാകം ചെയ്യാനും കല്പിച്ചു. (18:6,7). അതിൻ്റെശേഷം, വെണ്ണയും പാലും അപ്പവും കാളയിറച്ചിയും കൂട്ടി അവർ ഭക്ഷണം കഴിച്ചതായും കാണാം. (18:9). തുടർന്ന്, യഹോവ യിസ്ഹാക്കിനെക്കുറിച്ചുള്ള വാഗ്ദത്തം പുതുക്കുകയും സോദോമിൻ്റെ ന്യായവിധിയെക്കുറിച്ച് അബ്രാഹാമുമായി ദീർഘമായൊരു സംഭാഷണം കഴിഞ്ഞശേഷം മടങ്ങിപ്പോയതായി കാണാം. (18:9-33). കുറഞ്ഞത്, ആറേഴുനാഴിക യഹോവ അബ്രാഹാമിനൊപ്പം അവിടെ ചിലവഴിച്ചതായിക്കാണാം. യേശു യെഹൂദന്മാരോട് പറയുന്നത് ഈ സംഭവത്തെക്കുറിച്ചാണെന്ന് ന്യായമായിട്ടും മനസ്സിലാക്കാം: “നിങ്ങളുടെ പിതാവായ അബ്രാഹാം എന്റെ ദിവസം കാണും എന്നുള്ളതുകൊണ്ടു ഉല്ലസിച്ചു; അവൻ കണ്ടു സന്തോഷിച്ചുമിരിക്കുന്നു.” (യോഹ, 8:56). യഹോവയായ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ മനുഷ്യനായതുകൊണ്ട് ദൈവപുത്രനായ യേശുവിന് ഇത് പറയാൻ കഴിഞ്ഞത്: (കാണുക: അബ്രാഹാമിനു മുമ്പേയുള്ളവൻ]
പുതിയനിയമത്തിലെ പ്രത്യക്ഷത: “അവൻ ജഡത്തിൽ വെളിപ്പെട്ടു; ആത്മാവിൽ നീതീകരിക്കപ്പെട്ടു; ദൂതന്മാർക്കു പ്രത്യക്ഷനായി; ജാതികളുടെ ഇടയിൽ പ്രസംഗിക്കപ്പെട്ടു; ലോകത്തിൽ വിശ്വസിക്കപ്പെട്ടു; തേജസ്സിൽ എടുക്കപ്പെട്ടു എന്നിങ്ങനെ ദൈവഭക്തിയുടെ മർമ്മം സമ്മതമാംവണ്ണം വലിയതാകുന്നു.” (1തിമൊ, 3:16). പഴയനിയമത്തിൽ മമ്രേയുടെ തോപ്പിൽ പ്രത്യക്ഷനായവൻ തന്നെയാണ് പുതിയനിയമത്തിലും പ്രത്യക്ഷനായതെന്നതിന് കൃത്യമായ തെളിവ് യേശുവിൻ്റെ വാക്കുകളിലുണ്ട്: “നിങ്ങളുടെ പിതാവായ അബ്രാഹാം എന്റെ ദിവസം കാണും എന്നുള്ളതുകൊണ്ടു ഉല്ലസിച്ചു; അവൻ കണ്ടു സന്തോഷിച്ചുമിരിക്കുന്നു” എന്നു ഉത്തരം പറഞ്ഞു.” (യോഹ, 8:56). അബ്രാഹാം കണ്ടു സന്തോഷിച്ചവൻ തന്നെയാണ് യെഹൂദന്മാരോടിത് പറഞ്ഞത്. യേശു ദൈവത്തോടൊപ്പം ഉണ്ടായിരുന്ന നിത്യപുത്രനും ദൈവവുമായിരുന്നു; ജഡത്തിലും അവന് ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉണ്ടായിരുന്നു എന്നൊക്കെ വിശ്വസിക്കുന്നവരാണ് അധികവും. എന്നാൽ ബൈബിളിൽ അതിന് യാതൊരു തെളിവുമില്ല. കന്യകയായ മറിയയിൽ ഉരുവാകുന്നതിനു മുമ്പെ യേശുവെന്നൊരു മനുഷ്യൻ ഇല്ലായിരുന്നു. (മത്താ, 1:16; ലൂക്കൊ, 2:7). യോർദ്ദാനിലെ സ്നാനത്തിൽ ദൈവം തൻ്റെ പരിശുദ്ധാത്മാവിലും ശക്തിയാലും അഭിഷേകം ചെയ്യുന്നതുവരെ യേശുവെന്ന് പേരുള്ള ഒരു അഭിഷിക്തൻ അഥവാ ക്രിസ്തു ദൈവത്തിനില്ലായിരുന്നു. (മത്താ, 3:16; പ്രവൃ, 10:38). സ്നാനാനന്തരം “ഇവൻ എന്റെ പ്രിയപുത്രൻ” എന്ന് സ്വർഗ്ഗത്തിൽനിന്ന് പിതാവ് അരുളിച്ചെയ്യുന്നതുവരെ യേശുവെന്ന് പേരുള്ള ഒരു ദൈവപുത്രനും ഇല്ലായിരുന്നു. (മത്താ, 1:17). ‘അവൻ ദൈവപുത്രനെന്നു വിളിക്കപ്പെടും’ എന്ന ഗബ്രിയേൽ ദൂതൻ്റെ പ്രവചനത്തിൻ്റെ നിവൃത്തിയായിരുന്നു സ്വർഗ്ഗത്തിൽനിന്നു കേട്ട പിതാവിൻ്റെ ശബ്ദം. (ലൂക്കൊ, 1:32,35). ജനനത്തിനു മുമ്പെ ഉണ്ടായിരുന്നത് ക്രിസ്തുവിനെക്കുറിച്ചുള്ള പ്രവചനങ്ങളാണ്: “അവൻ ലോകസ്ഥാപനത്തിന്നു മുമ്പെ മുന്നറിയപ്പെട്ടവനും അവൻ മുഖാന്തരം ദൈവത്തിൽ വിശ്വസിക്കുന്ന നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്തു വെളിപ്പെട്ടവനും ആകുന്നു.” (1പത്രൊ, 1:20. ഒ.നോ: ലൂക്കൊ, 22:37; 24:44; യോഹ, 5:46; എബ്രാ, 1:2; 10:7). പഴയനിയമം, ദൈവത്തിൻ്റെ വാഗ്ദത്തസന്തതിയെ കുറിച്ചുള്ള പ്രവചനവും [വാഗ്ദത്തസന്തതി യേശുക്രിസ്തുവല്ല; മറ്റൊരു ക്രിസ്തുവാണ്; ആ സന്തതിക്ക് അവൻ്റെ വാഗ്ദത്തങ്ങൾ നിവൃത്തിച്ചുകൊടുത്ത, കൊടുക്കുന്ന സന്തതിയാണ് യേശുക്രിസ്തു] പുതിയനിയമം അതിൻ്റെ നിവൃത്തിയുമാണ്. പ്രവചനമെന്നാൽ; ‘മേലാൽ അഥവാ ഭാവിയിൽ സംഭവിപ്പാനുള്ളതു’ എന്നാണ്. (ദാനീ, 2:45). ആരംഭത്തിങ്കൽ തന്നേ അവസാനവും പൂർവ്വകാലത്തു തന്നേ മേലാൽ സംഭവിപ്പാനുള്ളതും പ്രസ്താവിക്കുന്നത് ദൈവമാണ്. (യെശ, 46:10). അവന് ഭോഷ്കു പറയായാൻ കഴിയില്ല. (എബ്രാ, 6:18). എന്തെന്നാൽ വ്യാജം പറവാൻ അവൻ മനുഷ്യനല്ല. (സംഖ്യാ, 23:19). പിന്നെങ്ങനെ, ജനനത്തിനു മുമ്പെ അഭിഷിക്തമനുഷ്യനായ യേശു ഉണ്ടായിരുന്നെന്ന് പറയും? (കാണുക: അവൻ ജഡത്തിൽ വെളിപ്പെട്ടു)
ജഡത്തിൽ വെളിപ്പെട്ട ക്രിസ്തുവിന് പൂർവ്വാസ്തിത്വമോ (pre-existence) നിത്യാസ്തിക്യമോ (Eternity) ഇല്ലായിരുന്നു എന്നല്ല മേൽപ്പറഞ്ഞതിൻ്റെ സാരം. ദൈവപുത്രനെന്ന നിലയിലല്ല അവൻ്റെ പൂർവ്വാസ്തിത്വവും നിത്യാസ്തിക്യവും സ്ഥിതിചെയ്തിരുന്നത്; സാക്ഷാൽ യഹോവയായ ദൈവമെന്ന നിലയിലാണ്. ത്രിത്വം പഠിപ്പിക്കുന്നതുപോലെ ദൈവത്തിൻ്റെ നിത്യപുത്രനായ ദൈവം അവതരിച്ചതല്ല ക്രിസ്തു; പ്രത്യുത, ജീവനുള്ള ദൈവമായ യഹോവയുടെ ജഡത്തിലുള്ള പ്രത്യക്ഷതയാണ് ക്രിസ്തു. (1തിമൊ, 3:14-16). ദൈവം മാറാത്തവനും ഗതിഭേദത്താൽ ആഛാദനം അഥവാ മാറ്റമോ മാറ്റത്തിൻ്റെ നിഴലോ ഇല്ലാത്തവനാകയാൽ, തനിക്ക് അവതാരമെടുക്കാൻ കഴിയില്ല; വെളിപ്പാട് അഥവാ പ്രത്യക്ഷനാകുകയാണ് ചെയ്യുന്നത്. (മലാ, 3:6; യാക്കോ, 1:17). അതാണ് ദൈവഭക്തിയുടെ അഥവാ ആരാധനാ ജീവിതത്തിൻ്റെ രഹസ്യം. (1തിമൊ, 3:14-16). ഒന്നുകൂടി പറഞ്ഞാൽ; യേശുവെന്ന അഭിഷിക്തമനുഷ്യൻ എന്നേക്കുമുള്ളവനല്ല; യേശുക്രിസ്തുവെന്ന മഹാദൈവമാണ് ഇന്നലെയും ഇന്നുമെന്നെന്നേക്കും അനന്യൻ. (തീത്തൊ, 2:12; എബ്രാ, 13:8). യേശുവെന്ന ക്രിസ്തുവിന് മനുഷ്യനെന്ന നിലയിൽ ഉത്ഭവമുണ്ട്; അതിനെയാണ്, പരിശുദ്ധാത്മാവിനാൽ ഉല്പാദിതമായി (മത്താ, 1:20), കന്യക ഗർഭിണിയായി മകനെ പ്രസവിച്ചു (മത്താ, 1:22); വചനം ജഡമായിത്തീർന്നു (യോഹ, 1:14), സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവന്നു (യോഹ, 6:38), ദൈവം തൻ്റെ പുത്രനെ പാപജഡത്തിൻ്റെ സാദൃശ്യത്തിൽ അയച്ചു (റോമ, 8:3), യിസ്രായേലിൽനിന്നു ഉത്ഭവിച്ചവൻ (റോമ, 9:5), ന്യയപ്രമാണത്തിൻ കീഴ് ജനിച്ചവൻ (ഗലാ, 4:4), ദൈവസമാനത മുറുകെപ്പിടിക്കാതെ ദാസരൂപമെടുത്തു (ഫിലി, 2:7), ദൈവം തൻ്റെ പുത്രനെ ലോകത്തിലേക്കു അയച്ചു (1യോഹ, 4:9) എന്നൊക്കെ പറഞ്ഞിരിക്കുന്നത്. അക്ഷരാർത്ഥത്തിൽ ജീവനുള്ള ദൈവമായ യഹോവയുടെ ജഡത്തിലുള്ള വെളിപ്പാടാണ് ക്രിസ്തു. (1തിമൊ, 3:14-16). ‘ഞാനും പിതാവും ഒന്നാകുന്നു’ ‘എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു’ എന്നൊക്ക ക്രിസ്തു പറഞ്ഞിരിക്കുന്നത് നോക്കുക. (യോഹ, 10:30; 14:9). ലോകത്തിൽ ദൈവത്തിൻ്റെ ക്രിസ്തുവിനു മാത്രമേ അങ്ങനെ പറയാൻ കഴികയുള്ളു; എന്തെന്നാൽ യേശുവെന്ന നാമത്തിൽ മനുഷ്യനായി പ്രത്യക്ഷനായത് സാക്ഷാൽ യഹോവയായ ദൈവമാണ്. പ്രത്യക്ഷ്യനായവൻ അപ്രത്യക്ഷനായാൽ മറ്റൊരു വ്യക്തിയായി ഉണ്ടാകയുമില്ല. നിത്യമായ അസ്തിത്വത്തിൽ താനും പിതാവും ഒരു വ്യക്തിതന്നെ ആയതുകൊണ്ടാണ് അത് പറയാൻ കഴിഞ്ഞത്. “എന്നെ വീണ്ടെടുക്കുന്നവൻ ജീവിച്ചിരിക്കുന്നു എന്നും അവൻ ഒടുവിൽ പൊടിമേൽ നില്ക്കുമെന്നും ഞാൻ അറിയുന്നു” എന്ന ഇയ്യോബിൻ്റെ പ്രവചനത്തിൻ്റെ നിവൃത്തി കൂടിയാണ് ദൈവം വീണ്ടെടുപ്പുകാരനായി ജഡത്തിൽ വെളിപ്പെട്ടത്. (ഇയ്യോ, 19:25). (കാണുക: ദൈവപുത്രൻ, ഞാനും പിതാവും ഒന്നാകുന്നു)
യേശുക്രിസ്തു ജഡത്തിൽ ദൈവമായിരുന്നില്ല; പൂർണ്ണമനുഷ്യൻ ആയിരുന്നു. (മത്താ, 1:16; 2കൊരി, 5:21; 1തിമൊ, 2:6). അബ്രാഹാമിൻ്റെയും ദാവീദിൻ്റെയും സന്തതിയായി കന്യകയായ ഒരു സ്ത്രീയിൽ ജനിച്ച്, ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നുവന്നിട്ട്, യോർദ്ദാനിലെ സ്നാനത്തിൽ ദൈവം തൻ്റെ പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തപ്പോഴാണ് യേശു, ക്രിസ്തു ആയതും തന്നെത്താൻ യാഗമർപ്പിക്കാൻ മഹാപുരോഹിതനായതും. (മത്താ, 1:16; ലൂക്കൊ, 2:52; മത്താ, 3:16; പ്രവൃ, 10:38; എബ്രാ, 3:1). ആ മനുഷ്യ മഹാപുരോഹിതനായ ക്രിസ്തുവാണ് മദ്ധ്യസ്ഥനും മറുവിലയും സൃരഭ്യവാസനയുമായി തന്നെത്തന്നെ ദൈവത്തിന് യാഗമാക്കിയത്. (എഫെ, 5:2; 1തിമൊ, 2:5,6). മനുഷ്യരെല്ലാം പാപികളായതുകൊണ്ട് (ഇയ്യോ, 15:14; 25:4; സഭാ, 7:20; റോമ, 3:23; 5:12) മനുഷ്യനു മനുഷ്യൻ്റെ പാപം പോക്കാൻ കഴിയാത്തതിനാൽ (സങ്കീ, 49:7-9), മനുഷ്യൻ്റെ പാപത്തിൻ്റെ കുറ്റം സ്രഷ്ടാവായ തൻ്റെ കുറ്റമായി കണ്ടുകൊണ്ട്, പാപത്തിൻ്റെ ശമ്പളം മരണം (റോമ, 6:23), പാപം ചെയ്യുന്ന ദേഹി മരിക്കും (യെഹെ, 18:4), രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല (എബ്രാ, 9:22) എന്ന ദൈവനീതി നിവൃത്തിക്കാൻ ദൈവംതന്നെയാണ് യേശുവെന്ന സംജ്ഞാനാമത്തിൽ (മത്താ, 1:21; ലൂക്കൊ, 1:32) പാപമറിയാത്ത മനുഷ്യനായി വെളിപ്പെട്ടു പാപപരിഹാരം വരുത്തിയത്. (മത്താ, 1:22; ലൂക്കൊ, 1:68; 2കൊരി, 5:21; ഫിലി, 2:6-8; 1തിമൊ, 3:16; എബ്രാ, 2:14,15). (കാണുക: യേശുവിൻ്റെ ഇരുപ്രകൃതി സത്യമോ?)
ദൈവത്തിൻ്റെ പിതാവെന്ന പദവിയിലുള്ള സ്വർഗ്ഗത്തിലെ പ്രത്യക്ഷത മാത്രമാണ് നിത്യമായിട്ടുള്ളതെന്ന് മുകളിൽ നാം കണ്ടതാണ്. ഭൂമിയിലെ പ്രത്യക്ഷതകളെല്ലാം താല്ക്കാലികമാണ്. മനുഷ്യൻ്റെ പാപപരിഹാരാർത്ഥം ദൈവപുത്രനെന്ന അഭിധാനത്തിലുള്ള ജഡത്തിലെ പ്രത്യക്ഷത നിത്യമാണെങ്കിൽ (ലൂക്കൊ, 1:32,35; 1തിമൊ, 3:16; 1പത്രൊ, 1:20), അബ്രാഹാമിൻ്റെ അടുക്കൽ പ്രത്യക്ഷനായ മനുഷ്യനും (ഉല്പ, 18:1,2), മോശെയ്ക്കും അഹരോനും പ്രത്യക്ഷമായ തേജസ്സും (സംഖ്യാ, 20:6), യിസ്രായേൽ ജനത്തിനു പ്രത്യക്ഷമായ മേഘസ്തംഭവും (പുറ, 3:21), അഗ്നിസ്തംഭവും (പുറ, 3:1), മേഘത്തിൽ വെളിപ്പെട്ട തേജസ്സും (പുറ, 16:10), ശമൂവേലിനും വെളിപ്പെട്ട വചനവും (1ശമൂ, 3:11) യേശുവിൻ്റെ സ്നാനസമയത്തെ പരിശുദ്ധാത്മാവിൻ്റെ ദേഹരൂപവും (ലൂക്കൊ, 3:22), പെന്തെക്കൊസ്തിലെ അഗ്നിജ്വാലപോലെ പിളർന്നിരിക്കുന്ന നാവും (പ്രവൃ, 2:3), പൗലൊസിനു വെളിപ്പെട്ട സൂര്യൻ്റെ പ്രകാശത്തെ കവിഞ്ഞ വെളിച്ചവും (പ്രവൃ, 26:13; 22:9), യോഹന്നാൻ സ്വർഗ്ഗത്തിൽ കണ്ട ഏഴാത്മാവായ ഏഴ് വിളക്കുകളും (വെളി, 4:5), ലോകസ്ഥാപനംമുതൽ അറുക്കപ്പെട്ടതായി കണ്ട കുഞ്ഞാടും (വെളി, 5:6: 13:8) നിത്യമായിരിക്കണം. മനുഷ്യരുടെ പാപപരിഹാരാർത്ഥം മരിച്ചുയിർത്ത അഭിഷിക്തനായ മനുഷ്യൻ അഥവാ ക്രിസ്തു അതുപോലെതന്നെ സ്വർഗ്ഗത്തുണ്ടെങ്കിൽ; മമ്രേയുടെ തോപ്പിൽ പ്രത്യക്ഷനായ മനുഷ്യനും ദൈവത്തിൻ്റെ മറ്റു പ്രത്യക്ഷതകളുമെല്ലാം സ്വർഗ്ഗത്തിൽ ദൈവത്തിൻ്റെ വലത്തുമിടത്തുമായി ഇരിക്കുന്നുണ്ടെന്ന് പറയണം. മേല്പറഞ്ഞ എല്ലാ പ്രത്യക്ഷതകളുടെയും ഉടയവൻ ആരാണോ അവൻ മാത്രമാണ് ഇന്നലെയും ഇന്നും എന്നെന്നേക്കും ഇരിക്കുന്ന മഹാദൈവം. (തീത്തൊ, 2:12; എബ്രാ, 13:8).
പൂർവ്വപിതാക്കന്മാർക്ക് ദൈവം യഹോവയെന്ന നാമത്തിൽ വെളിപ്പെട്ടിരുന്നില്ല. (പുറ, 6:3). യിസ്രായേൽ ജനത്തിന് ന്യായപ്രമാണം നല്കുന്നതിനു മുന്നോടിയായിട്ടാണ് ദൈവം തൻ്റെ ഞാനാകുന്നവൻ ഞാനാകുന്നു (I will be who I will be) അഥവാ യഹോവ എന്ന നാമം മോശെയ്ക്ക് വെളിപ്പെടുത്തിയത്. (പുറ, 3:14,15). അതുപോലെ, പുതിയനിയമം സ്ഥാപിക്കുന്നതിനു മുന്നോടിയായാണ് തൻ്റെ പ്രത്യക്ഷതയായ മനുഷ്യന് യഹോശുവാ അഥവാ യഹോവ രക്ഷയാകുന്നു എന്നർത്ഥമുള്ള യേശു എന്ന നാമം നല്കിയത്. (മത്താ, 1:21; ലൂക്കൊ 1:31). തൻ്റെ നാമം, പിതാവിൻ്റെ നാമം തന്നെയാണെന്നും പിതാവ് തനിക്കു നല്കിയ നാമമാണെന്നും ക്രിസ്തു വെളിപ്പെടുത്തി. (യോഹ, 5:43; 10:25; 12:28; 16:6; യോഹ, 17:11,12). അതായത്, പുതിയനിയമം വെളിപ്പെടുത്തുന്ന ദൈവപിതാവിൻ്റെ പേരും മനുഷ്യനായ ദൈവപുത്രൻ്റെ പേരും യേശുക്രിസ്തു എന്നാകുന്നു: (മത്താ, 1:21; സങ്കീ, 118:26–മത്താ, 23:39; യോഹ, 5:43; 10:25; യോഹ, 12:28–17:1; 17:6; 17:11,12; യോവേ, 2:32–പ്രവൃ, 2:22;–റോമ, 10:13–പ്രവൃ, 4:12–യെശ, 45:22; മത്താ, 28:19–പ്രവൃ, 2:38; 8:16; 10:48; 19:5: 22:16). അതുകൊണ്ടാണ്, ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ രക്ഷയ്ക്കായി യേശുക്രിസ്തുവിൻ്റെ നാമമല്ലാതെ മറ്റൊരു നാമവും ഇല്ലെന്ന് അപ്പൊസ്തലന്മാരിൽ പ്രഥമനും പ്രധാനിയുമായ പത്രോസ് വിളിച്ചുപറഞ്ഞത്. (പ്രവൃ, 4:12). പഴയനിയമത്തിൽ സകല ഭൂസീമാവാസികൾക്കും രക്ഷയ്ക്കായുള്ള ഏകദൈവും നാമവും യഹോവയായിരുന്നു എന്നതും കുറിക്കൊള്ളുക. (യെശ, 45:22). യഹോവയായ ദൈവവും യേശുക്രിസ്തുവെന്ന ദൈവവും വ്യതിരിക്തരായാൽ പഴയപുതിയനിയമങ്ങൾ തമ്മിൽ ഛിദ്രിച്ചുപോകും; ഒരു രാജ്യം തന്നിൽത്തന്നെ ഛിദ്രിച്ചാൽ അതുപിന്നെ നിലനില്ക്കുകയില്ലെങ്കിൽ, വിശ്വാസവും അതുപോലെതന്നെയാണ്.
പുതിയനിയമത്തിൽ ദൈവം മനുഷ്യനായത് കൂടാതെ, ദൈവമായുള്ള പ്രത്യക്ഷതകളും പലപ്രാവശ്യമുണ്ട്. ദൈവപുത്രനായ യേശുക്രിസ്തു ദൈവമല്ല; ദൈവത്തിൻ്റെ പ്രത്യക്ഷതയായ മനുഷ്യനും മറ്റൊരു വ്യക്തിയുമായിരുന്നു. സുവിശേഷങ്ങൾ മുഴുവനും ദൈവവും ദൈവത്തിൻ്റെ അഭിക്തമനുഷ്യനും അഥവാ ക്രിസ്തുവും എന്നിങ്ങനെ രണ്ട് വ്യക്തികളെക്കുറിച്ചാണ് പറഞ്ഞിരിക്കുന്നത്. (ഉദാ: മത്താ, 7:21; 10:32; 11:27; 12:50; 15:13; 16:17; 17:5; 18:19,35; 20:23; 24:36; 25:34; 26:38,53). ക്രിസ്തു സ്ഫടികസ്ഫുടം അത് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. പിതാവിനെ, തന്നെക്കുറിച്ച് സാക്ഷ്യം പറയുന്ന ‘മറ്റൊരുത്തൻ‘ എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. (യോഹ, 5:32,37). ഞാൻ ഏകനല്ല അഥവാ ഒറ്റയ്ക്കല്ല എന്ന് പിതാവിനെയും ചേർത്ത് പറഞ്ഞിട്ടുണ്ട്. (യോഹ, 8:16; 8:29; 16:32). യോർദ്ദാനിലെ സ്നാനംമുതൽ ദൈവപിതാവ് മനുഷ്യനായ യേശുവിൻ്റെ കൂടെ മറ്റൊരു വ്യക്തിയായി ഉണ്ടായിരുന്നു; അതിനാലാണ് താൻ ഏകനല്ല അഥവാ ഒറ്റയ്ക്കല്ലെന്ന് പറഞ്ഞത്. (മത്താ, 3:16; യോഹ, 3:2; പ്രവൃ, 10:38). പിതാവിനെയും ചേർത്ത് ‘ഞങ്ങൾ‘ എന്നും പറഞ്ഞിട്ടുണ്ട്. (യോഹ, 14:23). അതിനാൽ, ജഡത്തിലെ ശുശ്രൂഷയോടുള്ള ബന്ധത്തിൽ ദൈവവും അവൻ്റെ പ്രത്യക്ഷതയായ മനുഷ്യനുമെന്ന രണ്ടു വ്യക്തിയുണ്ടായിരുന്നു എന്നു മനസ്സിലാക്കാം. പ്രത്യക്ഷനായവൻ ശുശ്രൂഷ തികച്ച് അപ്രത്യക്ഷനായാൽ മറ്റൊരു വ്യക്തിയായി ഉണ്ടാകുക സാദ്ധ്യമല്ല. പുനരുത്ഥാനശേഷം യേശുക്രിസ്തു സ്വർഗ്ഗത്തിൽ പിതാവിൻ്റെ സന്നിധിയിൽ കടന്നുപോയതോടുകൂടി മനുഷ്യനെന്ന നിലയിലുള്ള തൻ്റെ ശുശ്രൂഷയ്ക്കു വിരാമമായി; വീണ്ടും പ്രത്യക്ഷനായത് ദൈവമാണ്. അതിനാലാണ്, ‘എൻ്റെ ദൈവമേ’ എന്നു തോമാസ് അവനെ വിളിച്ചത്. ഒരു യെഹൂദൻ യഹോവയെ അല്ലാതെ മറ്റാരെയും ‘എൻ്റെ ദൈവം’ (my God) എന്നു വിളിക്കില്ല. ദാവദ്, “എൻ്റെ ദൈവവും എൻ്റെ കർത്താവും ആയുള്ളോവേ” എന്നു വിളിച്ചവനെ തന്നെയാണ് (സങ്ങീ, 35:23) യെഹൂദനും വിശേഷാൽ അപ്പൊസ്തലനുമായ തോമാസ് ‘എൻ്റെ ദൈവം’ എന്നു വിളിച്ചത്.
മനുഷ്യരുടെ പാപപരിഹാരാർത്ഥം മദ്ധ്യസ്ഥനും മറുവിലയുമായി തന്നെത്താൻ യാഗമാക്കിയ ക്രിസ്തുയേശുവെന്ന മനുഷ്യനെയും യേശുക്രിസ്തുവെന്ന മഹാദൈവത്തെയും വേർതിരിച്ചു മനസ്സിലാക്കണം. (1തിമൊ, 2:5,6; തീത്തൊ, 2:12). സുവിശേഷങ്ങളിൽ കാണുന്നത് (യോഹ, 20:17 വരെ) യേശുവെന്ന അഭിഷിക്തനായ മനുഷ്യനാണ്; ലേഖനങ്ങളിൽ കാണുന്നത് യഹോവ അഥവാ യേശുക്രിസ്തുവെന്ന മഹാദൈവമാണ്. (തീത്തൊ, 2:12). യേശുവിൻ്റെ ഐഹിക ജീവകാലത്ത് ആരുമവനെ ദൈവമെന്ന് വിളിക്കുകയോ താൻതന്നെ ദൈവമാണെന്ന് അവകാശപ്പെടുകയോ ചെയ്തില്ല; എന്നു മാത്രമല്ല, താൻ ദൈവമല്ലെന്ന് ദൈവപുത്രനും അപ്പൊസ്തലന്മാരും അസന്ദിഗ്ധമായി പറഞ്ഞിട്ടുണ്ട്: (യോഹ, 5:44; 17:3: മത്താ, 4:10; 24:36; ലൂകൊ, 4:8; യോഹ, 5:41; 1കൊരി, 8:6; എഫെ, 4:6). യേശു പൂർണ്ണമനുഷ്യൻ മാത്രമായിരുന്നു എന്നതിന് അനേകം തെളിവുകളുമുണ്ട്. ദൈവത്തെയും മനുഷ്യനെയും വേർതിരിച്ചു മനസ്സിലാക്കാൻ ഒരു സംഭവം പറയാം: യേശുവിൻ്റെ അടുക്കൽ വന്ന ഒരു പ്രമാണി തന്നെ ‘നല്ല ഗുരോ’ എന്നു സംബോധന ചെയ്യുന്നതായി കാണാം. അതിനു യേശുവിൻ്റെ മറുപടി ശ്രദ്ധേയമാണ്: “എന്നെ നല്ലവൻ എന്നു പറയുന്നതു എന്തു? ദൈവം ഒരുവൻ അല്ലാതെ നല്ലവൻ ആരുമില്ല” എന്നാണ്. (മർക്കൊ, 10:17,18; ലൂക്കൊ, 18:18,19). താൻ നല്ലവനല്ലെന്നല്ല പറഞ്ഞതിനർത്ഥം; ആത്യന്തികമായ അർത്ഥത്തിൽ ദൈവം മാത്രമാണ് നല്ലവൻ. “യഹോവ നല്ലവനല്ലോ, അവന്റെ ദയ എന്നേക്കുമുള്ളതു.” (സങ്കീ, 100:5; നഹൂം, 1:7). ദൈവപുത്രൻ മനുഷ്യൻ മാത്രമായതിനാലാണ് ‘നല്ലവൻ’ എന്ന പദവി താൻ നിഷേധിച്ചത്. എന്നാൽ ദൈവപുത്രൻ തൻ്റെ പ്രത്യക്ഷതയുടെ ദൗത്യം പൂർത്തിയാക്കി അഥവാ മരിച്ചുയിർത്തു സ്വഗ്ഗത്തിൽ കരേറി അപ്രത്യക്ഷമായശേഷം, വീണ്ടും പ്രത്യക്ഷനാകുന്നത് സാക്ഷാൽ യഹോവയായ ദൈവം തന്നെയാണ്. അതുകൊണ്ടാണ് തോമാസ് അവനെ “എന്റെ കർത്താവും എന്റെ ദൈവവും ആയുള്ളോവേ” എന്നു വിളിച്ചപ്പോൾ നിഷേധിക്കാതിരുന്നത്. (യോഹ, 20:28). (കാണുക: യേശുവിൻ്റെ ഇരുപ്രകൃതി സത്യമോ?)
ദൈവപുത്രൻ ദൈവമല്ലെന്നതിന് കൃത്യമായൊരു തെളിവുകൂടി തരാം: കന്യകയായ മറിയയിലൂടെ ലോകത്തിൽ ജനിച്ച യേശുവെന്ന മനുഷ്യൻ അഥവാ ശിശു ദൈവമോ, ദൈവപുത്രനോ, ക്രിസ്തുവോ ആയിരുന്നില്ല; പാപമറിയാത്ത ഒരു മനുഷ്യക്കുഞ്ഞായിരുന്നു: (ലൂക്കൊ, 1:35; 2കൊരി, 5:21. ഒ.നോ: യോഹ, 8:40; 9:11; പ്രവൃ, 2:23; റോമ, 5:15; 1കൊരി, 15:21; 15:47; 1തിമൊ, 2:5,6). മറിയ പ്രസവിച്ച വിശുദ്ധശിശുവിനെ എട്ടുദിവസം തികഞ്ഞപ്പോൾ പരിച്ഛേദന കഴിക്കയും ‘യേശു’ എന്നു പേർ വിളിക്കുകയും ചെയ്തു: (ലൂക്കൊ, 2:21). മറിയയുടെ ശുദ്ധീകരണകാലമായ മുപ്പത്തിമൂന്നു ദിവസം തികഞ്ഞപ്പോൾ എല്ലാ ആൺക്കുഞ്ഞുങ്ങളെപോലെ ന്യായപ്രമാണപ്രകാരം ദൈവാലയത്തിൽ കൊണ്ടുവന്നു ആദ്യജാതൻ്റെ വീണ്ടെടുപ്പിനുള്ള കർമ്മങ്ങൾ ചെയ്തു: (ലേവ്യ, 12:2-6; ലൂക്കൊ, 2:22-24). ആത്മാവിൽ ബലപ്പെട്ടു, ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നുവന്ന യേശുവെന്ന മനുഷ്യൻ (ലൂക്കൊ, 2:40,52). ഏകദേശം മുപ്പതു വയസ്സായപ്പോൾ യോർദ്ദാനിൽ യോഹന്നാൻ്റെ കൈക്കീഴിൽ സ്നാനമേല്ക്കുമ്പോൾ, ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തപ്പോഴാണ് അവൻ ക്രിസ്തു അഥവാ അഭിഷിക്തനായത്: (മത്താ, 3:16; ലൂക്കൊ, 4:18,19; പ്രവൃ, 10:38). അനന്തരം, “ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും” എന്ന ഗബ്രീയേൽ ദൂതൻ്റെ പ്രവചനംപോലെ, ദൈവപിതാവിനാൽ ‘ഇവൻ എന്റെ പ്രിയപുത്രൻ’ എന്നു വിളിക്കപ്പെടുകയായിരുന്നു: (ലൂക്കൊ, 1:32,35; 3:22). പിന്നെയാണ്, യേശു ആത്മാവിൻ്റെ ശക്തിയോടെ ശുശ്രൂഷ ആരംഭിച്ചത്: (ലൂക്കൊ, 4:14). ‘ദൈവപുത്രനെന്നു വിളിക്കപ്പെടും’ എന്ന് ഒന്നല്ല; രണ്ട് പ്രവചനങ്ങളാണ് യോർദ്ദാനിൽ നിവൃർത്തിയായത്. പ്രവചനം ഭാവിയെക്കുറിച്ചുള്ളതാണ്; അല്ലാതെ, ഭൂതവർത്തമാനകാലത്തിലെ ചരിത്രമല്ല. ഒരു പ്രവചനം നിവൃത്തിയാകുമ്പോഴാണ് അത് ചരിത്രമാകുന്നത്. മുമ്പെ അവൻ ദൈവപുത്രനായിരുന്നെങ്കിൽ, ‘ദൈവപുത്രൻ നിൻ്റെ ഉദരത്തിൽ വന്ന് ജനിക്കും’ എന്നു ദൂതൻ പറയുമായിരുന്നു. അല്ലാതെ, ‘നിൻ്റെ ഉദരത്തിൽ നിന്നു ജനിക്കുന്ന ശിശു ദൈവപുത്രൻ എന്നു വിളിക്കപ്പെടും’ എന്നു പ്രവചിക്കില്ലായിരുന്നു. അതായത്, യേശു തൻ്റെ ഐഹിക ജീവകാലത്തു അഥവാ സ്നാനം മുതൽ ക്രൂശുമരണംവരെയുള്ള മൂന്നരവർഷം മാത്രമാണ് ദൈവപുത്രൻ ആയിരുന്നത്. അവനെങ്ങനെ ദൈവത്തിൻ്റെ നിത്യപുത്രനും ദൈവവുമാകും.
പുനരുത്ഥാനം ചെയ്ത ദൈവപുത്രനെ അഥവാ യേശുവെന്ന മനുഷ്യനെ കണ്ടത് മഗ്ദലക്കാരത്തി മറിയ മാത്രമാണ്: “യേശുക്രിസ്തു ആഴ്ചവട്ടത്തിന്റെ ഒന്നാം നാൾ രാവിലെ ഉയിർത്തെഴുന്നേറ്റിട്ടു താൻ ഏഴു ഭൂതങ്ങളെ പുറത്താക്കിയിരുന്ന മഗദലക്കാരത്തി മറിയെക്കു ആദ്യം പ്രത്യക്ഷനായി.” (മർക്കൊ, 16:9). എന്നിട്ട് യേശു അവളോട് പറയുന്നത്: “എന്നെ തൊടരുതു; ഞാൻ ഇതുവരെ പിതാവിന്റെ അടുക്കൽ കയറിപ്പോയില്ല; എങ്കിലും നീ എന്റെ സഹോദരന്മാരുടെ അടുക്കൽ ചെന്നു: എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു എന്നു അവരോടു പറക.” (യോഹ, 20:14-17). ക്രിസ്തുവിന് എല്ലാ മനുഷ്യനെപ്പോലെ ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38; ലൂക്കൊ, 23:46) ആത്മാവും (ലൂക്കൊ, 23:46) ഉണ്ടായിരുന്നു. അവൻ മരണസമയത്ത് തൻ്റെ മനുഷ്യാത്മാവിനെ പിതാവിൻ്റെ കയ്യിൽ ഏല്പിച്ചു. (ലൂക്കൊ, 23:46). താൻ തന്നെത്തന്ന മരണത്തിന് ഏല്പിച്ചത് ദൈവാത്മാവിനാലാണ്: (എബ്രാ, 9:14). മൂന്നാംനാൾ ക്രിസ്തു ഉയിർത്തെഴുന്നേല്ക്കുന്നതും ദൈവാത്മാവിലാണ്: “ജഡത്തിൽ മരണശിക്ഷ ഏൽക്കയും ആത്മാവിൽ ജീവിപ്പിക്കപ്പെടുകയും ചെയ്തു.” (1പത്രൊ, 3:18. ഒ.നോ: റോമർ 8:11; എഫെ, 1:20). അവൻ ഉയിർത്തെഴുന്നേറ്റ് പിതാവിൻ്റെ സന്നിധിയിൽ ചെന്നശേഷമാണ് തൻ്റെ പാപപരിഹാര ശുശ്രൂഷ പൂർണ്ണമായത്. മഗ്ദലക്കാരത്തിയോടുള്ള യേശുവിൻ്റെ വാക്കുകൾ അതാണ് വ്യക്തമാക്കുന്നത്. (യോഹ, 20:17). യോർദ്ദാനിലെ സ്നാനത്തിൽ ദൈവം തൻ്റെ പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്പ്പോഴാണ് യേശു മഹാപുരോഹിതനായത്. (മത്താ, 3:11; പ്രവൃ, 10:48; എബ്രാ, 3:1). മഹാപുരോഹിതനായ ക്രിസ്തു മദ്ധ്യസ്ഥനും മറുവിലയും ദൈവകുഞ്ഞാടുമായി തന്നെത്താൻ ദൈവത്തിനു സൗരഭ്യവാസനയായ വഴിപാടും യാഗവുമായി അർപ്പിക്കുകയായിരുന്നു. (യോഹ, 1:29; എഫെ, 5:2; 1തിമൊ, 2:5:6). യാഗമർപ്പിച്ച മഹാപുരോഹിതൻ യാഗരക്തവുമായി തിരുനിവാസത്തിൽ അതിപരിശുദ്ധ സ്ഥലത്തെത്തി യാഗരക്തം കൃപാസനത്തിൽ സമർപ്പിക്കുന്നതുവരെ ഒരു യാഗവും പൂർണ്ണമാകുന്നില്ല. (ലേവ്യ, 16:17-19). യാഗരക്തം യാഗം കഴിച്ചതിൻ്റെ സാക്ഷ്യമാണ്. ദൈവകുഞ്ഞാടായി തന്നെത്താൻ യാഗമർപ്പിച്ച മഹാപുരോഹിതനായ ക്രിസ്തു സ്വർഗ്ഗത്തിലെ തിരുനിവാസത്തിൽ പിതാവിൻ്റെ സന്നിധിയിൽ തൻ്റെ യാഗമരണത്തിൻ്റെ സാക്ഷ്യവുമായി എത്തേണ്ടതുണ്ടായിരുന്നു. (ക്രൂശിൻ്റെ ചുവട്ടിൽനിന്ന് രക്തം കൈകളിൽ കോരിയെടുത്തുകൊണ്ടാണ് ക്രിസ്തു സ്വർഗ്ഗത്തിൽ പ്രവേശിച്ചതെന്ന് അതിനർത്ഥമില്ല) അങ്ങനെ തൻ്റെ സ്വർഗ്ഗപ്രവേശനത്തിലൂടെയാണ് വീണ്ടെടുപ്പുവേല പൂർത്തിയാകുന്നത്: (യോഹ, 20:17). “ക്രിസ്തുവോ വരുവാനുള്ള നന്മകളുടെ മഹാപുരോഹിതനായി വന്നിട്ടു: കൈപ്പണിയല്ലാത്തതായി എന്നുവെച്ചാൽ ഈ സൃഷ്ടിയിൽ ഉൾപ്പെടാത്തതായി വലിപ്പവും തികവുമേറിയ ഒരു കൂടാരത്തിൽകൂടി ആട്ടുകൊറ്റന്മാരുടെയും പശുക്കിടാക്കളുടെയും രക്തത്താലല്ല, സ്വന്ത രക്തത്താൽ തന്നേ ഒരിക്കലായിട്ടു വിശുദ്ധ മന്ദിരത്തിൽ പ്രവേശിച്ചു എന്നേക്കുമുള്ളോരു വീണ്ടെടുപ്പു സാധിപ്പിച്ചു.” (എബ്രാ, 9:11,12. ഒ.നോ: യോഹ, 20:17). ‘ഒരിക്കലായിട്ടു വിശുദ്ധ മന്ദിരത്തിൽ പ്രവേശിച്ചു‘ അതിനാൽ ദൈവപുത്രൻ്റെ ശുശ്രൂഷ അവിടെ തീർന്നു എന്നു മനസ്സിലാക്കാമല്ലോ? പിന്നെ യേശുവെന്ന മനുഷ്യനില്ല; വീണ്ടും പ്രത്യക്ഷനാകുന്നത് മനുഷ്യനല്ല; ദൈവമാണ്. അതിനാലാണ് തോമാസ്, തന്നെ ദൈവമെന്ന് വിളിച്ചപ്പോൾ നിഷേധിക്കാതിരുന്നത്. (യോഹ, 20:28). ദൈവപുത്രൻ സ്വർഗ്ഗത്തിൽ പോയി എന്നതിനും തെളിവുണ്ട്. മഗ്ദലക്കാരത്തി മറിയയോടു പറയുന്നത്; “എന്നെ തൊടരുതു; ഞാൻ ഇതുവരെ പിതാവിന്റെ അടുക്കൽ കയറിപ്പോയില്ല” എന്നാണ്. (യോഹ, 20:17). എന്നാൽ അടുത്തസമയംതന്നെ കല്ലറകണ്ടു മടങ്ങിയ യാക്കാബിൻ്റെ അമ്മ മറിയ, യോഹന്നാ, ശലോമ തുടങ്ങിയ സ്ത്രീകൾക്ക് യേശുക്രിസ്തു പ്രത്യക്ഷനായപ്പോൾ, “അവർ അടുത്തുചെന്നു അവന്‍റെ കാൽ പിടിച്ചു അവനെ നമസ്കരിച്ചു” എന്നെഴുതിയിട്ടുണ്ട്. (മത്താ, 28:9). അതിനാൽ, ദൈവപുത്രനെന്ന നിലയിലുള്ള തൻ്റെ ശുശ്രൂഷ പൂർത്തിയായതായും; വീണ്ടും പ്രത്യക്ഷനായത് സ്വർഗ്ഗത്തിൻ്റെയും ഭൂമിയുടെയും സർവ്വാധികാരിയായ സാക്ഷാൽ യഹോവയായ ദൈവം തന്നെയാണെന്ന് മനസ്സിലാക്കാം. (മത്താ, 28:18). ഈ സംഭവത്തിനും എട്ടു ദിവസങ്ങൾക്കു ശേഷം യേശു എല്ലാ ശിഷ്യന്മാർക്കുമായി പ്രത്യക്ഷനായപ്പോഴാണ് തോമാസ് യേശുവിനെ, “എൻ്റെ കർത്താവും എൻ്റെ ദൈവവും ആയുള്ളോവേ” എന്നു ഏറ്റുപറഞ്ഞത്: (യോഹ, 20:28). ഒരു യെഹൂദൻ യഹോവയെയല്ലാതെ മറ്റാരെയും എൻ്റെ ദൈവം (My God) എന്നു വിളിക്കില്ലെന്നും ഓർക്കുക: (സങ്കീ, 35:23).
മഹാദൈവമായ യേശുക്രിസ്തു പറയുന്ന കാര്യങ്ങളും ശ്രദ്ധേയമാണ്; “യേശു പിന്നെയും അവരോടു: നിങ്ങൾക്കു സമാധാനം; പിതാവു എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയക്കുന്നു എന്നു പറഞ്ഞു.” (യോഹ, 20:21). അതായത്, യോഹന്നാൻ്റെ ക്രിസ്തു ദൈവത്തിൻ്റെ വായിലെ വചനം ജഡമായവനാണ്: (ആവ, 8:3; 2ദിന, 36:12; ഇയ്യോ, 22:22; സങ്കീ, 119:72; യെശ, 45:23; 55:11; 59:21; യിരെ, 9:20; യെഹെ, 3:17; 33:7; മത്താ, 4:4; ലൂക്കൊ, 4:4). ദൈവഭക്തിയുടെ മർമ്മമായ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിൻ്റെ മറ്റൊരു പ്രയോഗമാണ് ദൈവത്തിൻ്റെ വചനം ജഡമാത്തീർന്നു: (യോഹ, 1:14). സുവിശേഷചരിത്രകാലത്തു മാത്രമാണ് ദൈവവും മനുഷ്യനുമെന്ന രണ്ടുവ്യക്തി ഉണ്ടായിരുന്നത്. ദൈവപുത്രൻ്റെ ഐഹിക ശുശ്രൂഷ കഴിഞ്ഞാൽ അവൻ മറ്റൊരു വ്യക്തിയായി ഉണ്ടാകില്ല. “ഞാനും പിതാവും ഒന്നാകുന്നു എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു” എന്നൊക്കെ ദൈവപുത്രൻ പറയുന്നത്; നിത്യമായ അസ്തിത്വത്തിൽ താനും പിതാവും ഒരുവ്യക്തി ആയതുകൊണ്ടാണ്: (യോഹ, 10:30; 14:9). അതായത്, യേശുക്രിസ്തുവെന്ന മഹാദൈവം തന്നെയാണ് മനുഷ്യനായി വെളിപ്പെട്ടത്. അതുകൊണ്ടാണ് ‘പിതാവ് എന്നെ അയച്ചതുപോലെ’ എന്നു പറയുന്നത്. പിതാവായ ദൈവം തൻ്റെ വചനത്തെയാണ് അയച്ചത്; വചനം ഭൂമിയിൽ മറിയയുടെ ഉദരത്തിൽ ജഡമാകുകയായിരുന്നു. ദൈവമായ പിതാവ് മനുഷ്യനായ പുത്രനെ അയച്ചപോലെ, ദൈവമായ യേശുക്രിസ്തു, ശിഷ്യന്മാരെ ശുശ്രൂഷയ്ക്കായി അയക്കുകയും അവർക്ക് അധികാരം നല്കുകയുമാണ്. അടുത്തവാക്യം: “ഇങ്ങനെ പറഞ്ഞശേഷം അവൻ അവരുടെമേൽ ഊതി അവരോടു: പരിശുദ്ധാത്മാവിനെ കൈക്കൊൾവിൻ. ആരുടെ പാപങ്ങൾ നിങ്ങൾ മോചിക്കുന്നവോ അവർക്കു മോചിക്കപ്പെട്ടിരിക്കുന്നു; ആരുടെ പാപങ്ങൾ നിർത്തുന്നുവോ അവർക്കു നിർത്തിയിരിക്കുന്നു എന്നു പറഞ്ഞു.” (യോഹ, 20:22,23). യോർദ്ദാനിലെ സ്നാനത്തിൽവെച്ച് ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും യേശുവെന്ന മനുഷ്യനെ അഭിഷേകം ചെയ്തപ്പോഴാണ് അവൻ ദൈവരാജ്യം പ്രഘോഷിക്കാൻ അയക്കപ്പെട്ടവനെന്ന നിലയിൽ അപ്പൊസ്തലനായതും തന്നെത്താൻ യാഗമർപ്പിപ്പാൻ മഹാപുരോഹിതനായതും: (മത്താ, 3:16: പ്രവൃ, 10:38; എബ്രാ, 3:1). അതേ യോർദ്ദാൻ ഇവിടെ ആവർത്തിക്കുകയാണ്. മഹാദൈവമായ യഹോവ അഥവാ യേശുക്രിസ്തു അവരുടെമേൽ ഊതി പരിശുദ്ധാത്മാവിനെ അവർക്കു നല്കി അധികാരപ്പെടുത്തി. പിന്നീട്, മനുഷ്യനായിരുന്ന യേശുവിന് പാപമോചനത്തിനുള്ള അധികാരം ദൈവം നല്കിയിരുന്നപോലെ (മർക്കൊ, 2:7; മത്താ, 9:6,9), ശിഷ്യന്മാർക്കും ആ അധികാരം നല്കി. അപ്പൊസ്തലന്മാരിൽ തുടങ്ങി സുവിശേഷത്തിലൂടെ ഇന്നും അനേകർക്ക് പാപമോചനം ലഭിച്ചുകൊണ്ടിരിക്കുന്നു. പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്തിട്ട് യേശുവിനോടുകൂടെ പിതാവിരുന്നപോലെ (യോഹ, 5:32,37; 8:16; 8:29; 14:23; 16:32), തൻ്റെ മക്കളോടുകൂടെ ഇരിക്കുന്നത് യേശുക്രിസ്തു അഥവാ പിതാവായ ദൈവമാണ്. “ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു.” (മത്താ, 28:19. ഒ.നോ: യോഹ, 14:18-20). ആദാമിനെ സൃഷ്ടിച്ചശേഷം അവൻ്റെ മൂക്കിൽ ജീവശ്വാസം ഊതിയവൻ തന്നെയാണ് ജീവിപ്പിക്കുന്ന ആത്മാവായി സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവന്നിട്ട് പരിശുദ്ധാത്മാവിനെ ഊതി നല്കിയത്. (1കൊരി, 15:45). [കാണുക: വചനം ദൈവത്തോടുകൂടെ ആയിരുന്നു; ദൈവം തന്റെ പുത്രനെ അയച്ചു]
ദൈവമായ യേശുക്രിസ്തു ഒലിവുമലയിൽനിന്ന് സ്വർഗ്ഗാരോഹണം ചെയ്യുന്നതിനു മുമ്പും പിമ്പുമായി പന്ത്രണ്ട് പ്രാവശ്യം കൂടി യേശു പ്രത്യക്ഷനായിട്ടുണ്ട്. അതെല്ലാം ദൈവമെന്ന നിലയിൽ തന്നെയാണ്. 1. യാക്കാബിൻ്റെ അമ്മ മറിയ, യോഹന്നാ, ശലോമ തുടങ്ങിയവർക്ക്: (മത്താ, 28:8-10). 2. പത്രൊസിനു: (ലൂക്കോ, 24:34; 1കൊരി, 15:3,4). 3. എമ്മവുസ്സിലേക്കുപോയ രണ്ടു ശിഷ്യന്മാക്ക്: (മർക്കൊ, 16:12; ലൂക്കൊ, 24:13-35). 4. തോമാസ് ഒഴികെയുള്ള അപ്പൊസ്തലന്മാർക്ക്: (മർക്കൊ, 16:14; ലൂക്കൊ, 24:36-40; യോഹ, 20:19-24; 1കൊരി, 15:5). 5. തോമാസ് ഉൾപ്പെടെയുള്ള അപ്പൊസ്തലന്മാർക്ക്: (യോഹ, 20:26). 6. മൂന്നാം പ്രാവശ്യം അപ്പൊസ്തലന്മാർക്ക്: (യോഹ, 21:1; 21:14). 7. അഞ്ഞൂറിൽ അധികം സഹോദരന്മാർക്കു: (1കൊരി, 15:6). 8. കർത്താവിന്റെ സഹോദരനായ യാക്കോബിനു: (1കൊരി, 15:7). 9. മറ്റു അപ്പൊസ്തലന്മാർക്കു: (1കൊരി, 15:7). 10. സ്തെഫാനോസിനു; (പ്രവൃ, 7:56). 11. പൗലൊസിനു: (1കൊരി, 15:8; പ്രവൃ, 9:17). 12. യോഹന്നാനു: (വെളി, 1:12-17). (കാണുക: യഹോവയുടെ പ്രത്യക്ഷതകൾ, യേശുവിൻ്റെ പുനരുത്ഥാനശരീരം)
സകലജഡത്തിൻ്റെയും ആത്മാക്കളുടെ ഉടയവനായ ദൈവപിതാവ് തന്നെയാണ് മനുഷ്യരുടെ പാപപരിഹാരാർത്ഥം മനുഷ്യനും മറ്റൊരു വ്യക്തിയുമായി പ്രത്യക്ഷനായി നിന്നുകൊണ്ട് പാപപരിഹാരം വരുത്തി, ഉയിർത്തെഴുന്നേറ്റ് അപ്രത്യക്ഷനായത് എന്നതിൻ്റെ കൃത്യമായ തെളിവാണ്, മരണസമയത്ത് സ്തെഫാനോസ് തൻ്റെ ആത്മാവിനെ കർത്താവായ യേശുവിൻ്റെ കരങ്ങളിൽ ഏല്പിച്ചത്. (പ്രവൃ, 7:59. ഒ.നോ: (സംഖ്യാ, 16:22; 27:17; സങ്കീ, 31:5; 42:1,2; സഭാ, 12:7; എബ്രാ, 12:9; 1പത്രൊ, 4:19). അദൃശ്യദൈവത്തിൻ്റെ തേജസ്സും നിത്യമായ പ്രത്യക്ഷതയെയുമാണ് സ്തെഫാനോസ് സ്വർഗ്ഗത്തിൽ കണ്ടത്. യേശുവിനെ, അദൃശ്യനായ ദൈവത്തിൻ്റെ പ്രതിമയെന്ന് പൗലൊസ് പറയുന്നതോർക്കുക. (കൊലൊ, 1:15). “യേശു ഫിലിപ്പോസിനോടു പറഞ്ഞതുമോർക്കുക: ഞാൻ ഇത്രകാലം നിങ്ങളോടുകൂടെ ഇരുന്നിട്ടും നീ എന്നെ അറിയുന്നില്ലയോ ഫിലിപ്പൊസേ? എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു; പിന്നെ പിതാവിനെ ഞങ്ങൾക്കു കാണിച്ചുതരേണം എന്നു നീ പറയുന്നതു എങ്ങനെ?” (യോഹ, 14:9). ആത്മാക്കളുടെ ഉടയവനായ പിതാവ് തന്നെയാണ് ജഡത്തിൽ വെളിപ്പെട്ട് പാപപരിഹാരം വരുത്തിയത്. (1തിമൊ, 2:5,6; 3:16; എബ്രാ, 12:9). പ്രത്യക്ഷതയുടെ ദൗത്യം പൂർത്തിയാക്കി ജഡത്തിൽ വെളിപ്പെട്ടവൻ അപ്രത്യക്ഷമായാൽ, ആ മനുഷ്യവ്യക്തി അഥവാ പ്രത്യക്ഷശരീരം പിന്നെയില്ല (എബ്രാ, 10:5); ആരാണോ മനുഷ്യനായി പ്രത്യക്ഷനായത് അവൻ മാത്രമേ ഉണ്ടാകുകയുള്ളു; അവൻ്റെ പുതിയനിയമത്തിലെ പേരാണ് യേശുക്രിസ്തു. (മത്താ, 28:19; പ്രവൃ, 2:38; 8:16; 10:48; 19:5: 22:16; കൊലൊ, 3:17). ആത്മാക്കളുടെ ഉടയവനായ അവൻ്റെ കയ്യിൽത്തന്നെയാണ് സ്തഫാനോസ് തൻ്റെ ആത്മാവിനെ ഏല്പിച്ചുകൊടുത്തത്. [സ്തെഫാനോസ് കണ്ട ദർശനം]
III. പരിശുദ്ധാത്മാവെന്ന നിലയിലെ പ്രത്യക്ഷത: “ഞാനോ അവനെ അറിഞ്ഞില്ല; എങ്കിലും വെള്ളത്തിൽ സ്നാനം കഴിപ്പിപ്പാൻ എന്നെ അയച്ചവൻ എന്നോടു: ആരുടെമേൽ ആത്മാവു ഇറങ്ങുന്നതും വസിക്കുന്നതും നീ കാണുമോ അവൻ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കുന്നവൻ ആകുന്നു എന്നു പറഞ്ഞു.” (യോഹ, 1:33).
“ദൈവം ആത്മാവു ആകുന്നു; അവനെ നമസ്കരിക്കുന്നവർ ആത്മാവിലും സത്യത്തിലും നമസ്കരിക്കേണം.” (യോഹ, 4:24). പരിശുദ്ധാത്മാവിനെ ദൈവത്തിൽനിന്നും വിഭിന്നനായ വ്യക്തിയായി ത്രിത്വം മനസ്സിലാക്കുന്നു. ദൈവത്തിൻ്റെ ആത്മാവ് ദൈവം തന്നെയാണ്. അഥവാ മനുഷ്യരിൽ തൻ്റെ പ്രത്യേക പ്രവർത്തികൾക്കായുള്ള ദൈവത്തിൻ്റെ അദൃശ്യമായ പ്രത്യക്ഷതയാണ് പരിശുദ്ധാത്മാവ്. ദൈവത്തിൻ്റെ ആത്മാവ് ദൈവത്തിൽനിന്ന് വിഭിന്നനല്ലെന്ന് പഴയനിയമത്തിൽത്തന്നെ മനസ്സിലാക്കാം: “⁷നിന്റെ ആത്മാവിനെ ഒളിച്ചു ഞാൻ എവിടേക്കു പോകും? തിരുസന്നിധി വിട്ടു ഞാൻ എവിടേക്കു ഓടും? ⁸ഞാൻ സ്വർഗ്ഗത്തിൽ കയറിയാൽ നീ അവിടെ ഉണ്ടു; പാതാളത്തിൽ എന്റെ കിടക്ക വിരിച്ചാൽ നീ അവിടെ ഉണ്ടു. ⁹ഞാൻ ഉഷസ്സിൻ ചിറകു ധരിച്ചു, സമുദ്രത്തിന്റെ അറ്റത്തു ചെന്നു പാർത്താൽ ¹⁰അവിടെയും നിന്റെ കൈ എന്നെ നടത്തും; നിന്റെ വലങ്കൈ എന്നെ പിടിക്കും.” (സങ്കീ, 139:7-10). ഈ വേദഭാഗം പരിശോധിച്ചാൽ ദൈവവും ആത്മാവും ഒരാളാണെന്നു മനസ്സിലാകും: ഏഴാം വാക്യം ആദ്യഭാഗത്ത്: നിൻ്റെ അഥവാ യഹോവയുടെ ആത്മാവിനെ ഒളിച്ചു ഞാൻ എവിടേക്കു പോകുമെന്ന് ഭക്തൻ ചോദിക്കുന്നു. അടുത്തഭാഗം: തിരുസന്നിധി അഥവാ ദൈവസാന്നിദ്ധ്യം വിട്ടു ഞാൻ എവിടേക്കു ഓടും? അപ്പോൾ ആത്മാവാരാണ്? ദൈവം തന്നെയാണ്; അഥവാ ദൈവത്തിൻ്റെ അദൃശ്യസാന്നിദ്ധ്യമാണ്. എട്ടാം വാക്യം ആദ്യഭാഗം: ഞാൻ സ്വർഗ്ഗത്തിൽ കയറിയാൽ നീ അവിടെ ഉണ്ട്. നിൻ്റെ ആത്മാവിനെ ഒളിച്ചു ഒരിടത്തും പോകാൻ കഴിയില്ലെന്നു പറഞ്ഞാണ് ആരംഭിച്ചത്. പിന്നെ പറയുന്നു; ഞാൻ സ്വർഗ്ഗത്തിൽ വന്നാൽ നീ അവിടെയുണ്ട്. അപ്പോൾ യഹോയും ആത്മാവും തമ്മിൽ എന്താണ് വ്യത്യാസം? ഒന്നുമില്ല. അടുത്തഭാഗം: പാതാളത്തിൽ എന്റെ കിടക്ക വിരിച്ചാൽ നീ അവിടെ ഉണ്ട്. ആര്? ഒളിക്കാൻ കഴിയാത്ത ആത്മാവ് അവിടെയുണ്ടെന്നല്ല; യഹോവ അവിടെയുണ്ട്. ഒൻപത് പത്ത് വാക്യം: സമുദ്രത്തിന്റെ അറ്റത്തു ചെന്നു പാർത്താൽ അവിടെയും നിന്റെ കൈ എന്നെ നടത്തും. നിൻ്റെ ആത്മാവെന്നു പറഞ്ഞുതുടങ്ങിയിട്ട്, ഇപ്പോൾ നിൻ്റെ കയ്യെന്നാണ് പറയുന്നത്. അവസാനഭാഗം: നിന്റെ വലങ്കൈ എന്നെ പിടിക്കും. ദൈവം പിടിക്കും, ദൈവത്തിൻ്റെ ആത്മാവ് പിടിക്കും, ദൈവത്തിൻ്റെ വലങ്കൈ പിടിക്കും എന്നൊക്കെ പറഞ്ഞാൽ ഒന്നുതന്നെയാണെന്ന് മനസ്സിലാകാം. ഈ വേദഭാഗപ്രകാരം ദൈവത്തിൻ്റെ ആത്മാവ് മറ്റൊരു വ്യക്തിയാണെന്ന് പറഞ്ഞാൽ, ദൈവത്തിൻ്റെ കയ്യും മറ്റൊരു വ്യക്തിയാണെന്ന് പറയണം. ദൈവത്തിൻ്റെ ആത്മാവായ പരിശുദ്ധാത്മാവ് ആരാണെന്നു ചോദിച്ചാൽ; ദൈവം തന്നെയാണ്. അഥവാ മനുഷ്യരിൽ തൻ്റെ പ്രത്യേക പ്രവർത്തികൾക്കായുള്ള ദൈവത്തിൻ്റെ അദൃശ്യമായ പ്രത്യക്ഷതയാണ് പരിശുദ്ധാത്മാവ്. ക്രിസ്തു ദൈവത്തിൻ്റെ ഭൂമിയിലെ ദൃശ്യമായ പ്രത്യക്ഷതയും പരിശുദ്ധാത്മാവ് അദൃശ്യമായ പ്രത്യക്ഷതയുമാണ്.
പഴയനിയമത്തിൽ പലരിലും പരിശുദ്ധാത്മാവ് ആവസിച്ചിരുന്നു. ദൈവത്തിൻ്റെ പ്രവർത്തനനിരതമായ ശക്തിയായിട്ടും ദിവ്യജ്ഞാനമായിട്ടും ആത്മാവ് അവരിൽ പ്രവർത്തിച്ചിരുന്നു. യോസേഫിന് സ്വപ്നം വ്യാഖ്യാനിക്കാനുള്ള ജ്ഞാനമായിട്ടും (ഉല്പ, 41:38), മോശെയ്ക്കും എഴുപത് മൂപ്പന്മാക്കും യോശുവയ്ക്കും തൻ്റെ ജനത്തെ നടത്തുവാനുള്ള ശക്തിയായിട്ടും (സംഖ്യാ, 11:17; 11:25; 27:18), ബെസലേലിന് സമാഗമനകൂടാരം പണിയുവാൻ ദിവ്യജ്ഞാനമായിട്ടും (പുറ, 31:2-5), കാലേബിനും ഗിദെയോനും യിഫ്താഹിനും ശിംശോനും ശത്രുക്കളിൽനിന്ന് തൻ്റെ ജനത്തെ രക്ഷിക്കുവാൻ അതീന്ദ്രിയ ശക്തിയായിട്ടും (ന്യായാ, 3,9,10; 6:34; 11:29; 13:25; 14:6,19; 25:14), ശൗൽ ദാവീദ് തുടങ്ങിയവർക്ക് തൻ്റെ ജനത്തെ ഭരിക്കുവാനുള്ള കൃപയായിട്ടും (1ശമൂ, 10:6; 16:13), ദാനീയേയേലിനു സ്വപ്നവ്യാഖ്യാനത്തിനുള്ള ജ്ഞാനമായിട്ടും (4:8), പ്രവാചകന്മാരിൽ ഭാവിസംഭങ്ങളെ വെളിപ്പെടുത്തുന്ന അതീന്ദ്രിയ ജ്ഞാനമായിട്ടും ദൈവത്തിൻ്റെ ആത്മാവ് പ്രവർത്തിച്ചിരുന്നു. (1പത്രൊ, 1:11). ജനത്തിൻ്റെ മത്സരത്താൽ പരിശുദ്ധാത്മാവ് ദുഃഖിച്ചതായും പറഞ്ഞിട്ടുണ്ട്. (യെശ, 63:10). എന്നാൽ പരിശുദ്ധാത്മാവിനെ ദൈവത്തിൽനിന്നും വ്യതിരിക്തനായ വ്യക്തിയായി ഒരിടത്തും പറഞ്ഞിട്ടില്ല.
പുതിയനിയമത്തിൽ ആളത്തത്തിൻ്റെ സവിശേഷതകൾ പരിശുദ്ധാത്മാവിൽ കാണാൻ കഴിയും: സ്നേഹം (റോമ, 15:30), ബുദ്ധി (1കൊരി, 2:10,11; റോമ, 8:27), ഇച്ഛാശക്തി (1കൊരി, 12:11), ദുഃഖം (എഫെ, 4:30). ആളത്തത്തിൻ്റെ പ്രവൃത്തികൾ പരിശുദ്ധാത്മാവ് ചെയ്യുന്നു: ഉപദേശിക്കുന്നു (യോഹ, 14:26), സാക്ഷ്യം പറയുന്നു (യോഹ, 15:26), സംസാരിക്കുന്നു (പ്രവൃ, 8:29; 10:19,20; 11:12; 13:2; 28:27), എടുത്തുകൊണ്ടു പോകുന്നു (പ്രവൃ, 8;39), നിയോഗിക്കുന്നു (പ്രവൃ, 13:2), വിലക്കുന്നു (പ്രവൃ, 16:6), നടത്തുന്നു (റോമ, 8;14), ഞരങ്ങിക്കൊണ്ടു പക്ഷവാദം ചെയ്യുന്നു (റോമ, 8:36), ആരായുന്നു (1കൊരി, 2:10), വിളിക്കുന്നു (ഗലാ, 4:6). ആളത്തത്തോടു ചെയ്യുന്ന പ്രവൃത്തികൾ പരിശുദ്ധാത്മാവിനോടു ചെയ്യുന്നതായി പറഞ്ഞിരിക്കുന്നു: ദൂഷണം പറയുന്നു (മത്താ, 12:30,31; മർക്കൊ, 3:29; ലൂക്കൊ, 12:10), വ്യാജം കാണിക്കുന്നു (പ്രവൃ, 5:3), ദുഃഖിപ്പിക്കുന്നു (എഫെ, 4:30). പരിശുദ്ധാത്മാവ് ദൈവംതന്നെ ആയതുകൊണ്ട് അഥവാ ദൈവത്തിൻ്റെ അദൃശ്യമായ പ്രത്യക്ഷത ആയതുകൊണ്ടാണ് ആളത്തത്തിൻ്റെ സവിശേഷഗുണങ്ങളെല്ലാം ആത്മാവിൽ കണുന്നത്; അല്ലാതെ മറ്റൊരു വ്യക്തിയായതുകൊണ്ടല്ല.
പൊതുവെ പരിശുദ്ധാത്മാവിൻ്റെ പ്രവർത്തനങ്ങളെല്ലാം അദൃശ്യമായതിനാൽ, ആത്മാവിനെ ദൈവത്തിൻ്റെ അദൃശ്യമായ വെളിപ്പാടാണെന്നു പറയുമ്പോൾത്തന്നെ പുതിയനിയമത്തിൽ രണ്ടു സന്ദർഭങ്ങളിൽ പരിശുദ്ധാത്മാവ് ദൃശ്യരൂപത്തിൽ വെളിപ്പെട്ടതായി കാണാം: ഒന്ന്; യേശുവിൻ്റെ സ്നാനസമയത്ത്: (ലൂക്കൊ, 3:22).. രണ്ട്; സഭാസ്ഥാപനസമയത്ത്: (പ്രവൃ, 2:3).
യേശുവിൻ്റെമേൽ പരിശുദ്ധാത്മാവ് അവരോഹണം ചെയ്തതിനെ, മത്തായി, മർക്കൊസ്, യോഹന്നാൻ തുടങ്ങിയവർ “ദൈവാത്മാവു പ്രാവെന്നപോലെ ഇറങ്ങി തന്റെ മേൽ വരുന്നതു അവൻ കണ്ടു” എന്നാണ് പറഞ്ഞിരിക്കുന്നത്: (മത്താ, 3:16; മർക്കൊ, 1:10; യോഹ, 1:32). പ്രാവിനെയല്ല യോഹന്നാൻ കണ്ടത്; പ്രാവെന്നപോലെ (like a dove) അഥവാ പ്രാവ് പറന്നു വരുന്നതുപോലെയാണ് കണ്ടത്. പക്ഷെ, അവൻ കണ്ടു: എന്നാൽ ഏത് രൂപത്തിലാണ് കണ്ടതെന്ന് മൂന്നു സുവിശേഷകന്മാരും പറഞ്ഞിട്ടില്ല. എന്നാൽ ലൂക്കൊസിൻ്റെ സുവിശേഷത്തിൽ “പരിശുദ്ധാത്മാവു ദേഹരൂപത്തിൽ പ്രാവു എന്നപോലെ അവന്റെമേൽ ഇറങ്ങിവന്നു” എന്നാണ്. (ലൂക്കൊ, 3:22). ദൈവാത്മാവിനു ഒരു ദേഹരൂപം അഥവാ ശരീരത്തിൻ്റെ രൂപമുണ്ടായിരുന്നു; ആ ശരീരരൂപം (bodily shape/physical form) പ്രാവെന്നപോലെ (like a dove) അഥവാ പ്രാവ് പറന്നിറങ്ങുന്നതുപോലെ, യേശുവിൻ്റെമേൽ പറന്നിറങ്ങുകയായിരുന്നു. അപ്പോൾ യോഹന്നാൻ സ്നാപകൻ യേശുവിൻ്റെമേൽ ഇറങ്ങിവന്ന പരിശുദ്ധാത്മാവിനെ കണ്ടത് ഒരു ശരീരരൂപത്തിൽ അഥവാ ഒരു മനുഷ്യൻ്റെ രൂപത്തിലാണ് കണ്ടത്. സഭാസ്ഥാപനത്തോടുള്ള ബന്ധത്തിൽ ലൂക്കൊസിൻ്റെതന്നെ പ്രവൃത്തികളുടെ പുസ്തകത്തിൽ “അഗ്നിജ്വാലപോലെ പിളർന്നിരിക്കുന്ന നാവുകൾ അവർക്കു പ്രത്യക്ഷമായി അവരിൽ ഓരോരുത്തന്റെ മേൽ പതിഞ്ഞു.” (പ്രവൃ, 2:3). അവിടെയും പിളർന്നിരിക്കുന്ന നാവിൻ്റെ രൂപത്തിലാണ് (cloven tongues) ആത്മാവ് അവർക്കു പ്രത്യക്ഷമായത്; അത് അഗ്നിജ്വാലപോലെ (like as of fire) അഥവാ തീനാളം പോലെയായിരുന്നു. പുതിയനിയമത്തിലെ ഈ രണ്ടു പ്രത്യേക സന്ദർഭങ്ങളിൽ പരിശുദ്ധാത്മാവ് ദൃശ്യമായ രൂപത്തിൽ വെളിപ്പെട്ടതായി കാണാം. കൂടാതെ, ദൈവത്തിൻ്റെ മറ്റൊരു പ്രത്യക്ഷതയായ ഏഴ് ആത്മാക്കളെ സിംഹാസനത്തിനു മുമ്പിൽ ജ്വലിക്കുന്ന ദീപങ്ങളായി യോഹന്നാൻ കണ്ടതായി വെളിപ്പാട് പുസ്തകത്തിൽ പറഞ്ഞിട്ടുണ്ട്: (4:5. ഒ.നോ: 1:4; 3:1).
മനുഷ്യരിൽ പരിശുദ്ധാത്മാവിൻ്റെ പ്രവർത്തനം: പഴയപുതിയനിയമങ്ങളിൽ പരിശുദ്ധാത്മാവ് അദൃശ്യമായിട്ടാണ് മനുഷ്യരിൽ പ്രവർത്തിക്കുന്നത്. വീണ്ടുംജനനത്തോടുള്ള ബന്ധത്തിൽ യേശുക്രിസ്തുവും അത് വ്യക്തമാക്കിയിട്ടുണ്ട്: “കാറ്റു ഇഷ്ടമുള്ളേടത്തു ഊതുന്നു; അതിന്റെ ശബ്ദം നീ കേൾക്കുന്നു; എങ്കിലും അതു എവിടെനിന്നു വരുന്നു എന്നും എവിടേക്കു പോകുന്നു എന്നും അറിയുന്നില്ല; ആത്മാവിനാൽ ജനിച്ചവൻ എല്ലാം അതുപോലെ ആകുന്നു” എന്നു ഉത്തരം പറഞ്ഞു.” (യോഹ, 3:8). ആത്മസ്നാനത്തിൽ ആത്മാവ് ലഭിച്ചതിൻ്റെ ചില അടയാളങ്ങൾ ശമര്യയിലും (പ്രവൃ, 8:18), കൊർന്നേല്യൊസിൻ്റെ ഭവനത്തിലും (10:45), എഫെസൊസിലും (19:6) ഉണ്ടായിട്ടുണ്ട്. പരിശുദ്ധാത്മാവ് വ്യക്തികളിൽ പ്രവർത്തിക്കുന്നത് അദൃശ്യമായിട്ടാണെങ്കിലും ദൃശ്യമായ ചില വരങ്ങളും ഫലങ്ങളും ആത്മാവ് നല്കുന്നതിനാൽ അവനെ അറിയാനും അനുഭവിക്കാനും കഴിയും. (യോഹ,14:17).
പരിശുദ്ധാത്മാവ് ദൈവപിതാവിൽനിന്നു വ്യതിരിക്തനല്ലെന്ന് ക്രിസ്തുവിനോടുള്ള ബന്ധത്തിൽ മനസ്സിലാക്കാം: ഒന്ന്; സ്നാനത്തിൽ ശരിരരൂപത്തിൽ പരിശുദ്ധാത്മാവാണ് യേശുവിൻ്റമേൽ ആവസിച്ചത്. (മത്താ, 3:16). പിതാവിൻ്റെ ശബ്ദം സ്വർഗ്ഗത്തിൽനിന്നു കേൾക്കുകയും ചെയ്തു. (മത്താ, 3:17; മർക്കൊ, 1:11; ലൂക്കൊ, 3:22). യേശുക്രിസ്തു ദൈവാത്മാവിനാലും കർത്താവിൻ്റെ ശക്തിയാലും അത്ഭുതങ്ങളെ പ്രവർത്തിച്ചതായും പറഞ്ഞിട്ടുണ്ട്. (മത്താ, 12:28; ലൂക്കൊ, 5:17). എന്നാൽ പത്രൊസ് പറഞ്ഞിരിക്കുന്നു: “നസറായനായ യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതും ദൈവം അവനോടുകൂടെ ഇരുന്നതുകൊണ്ടു അവൻ നന്മചെയ്തും പിശാചു ബാധിച്ചവരെ ഒക്കെയും സൌഖ്യമാക്കിയുംകൊണ്ടു സഞ്ചരിച്ചതുമായ വിവരം തന്നേ നിങ്ങൾ അറിയുന്നുവല്ലോ.” (പ്രവൃ, 10:38). ദൈവത്തിൻ്റെ ആത്മാവാണ് യേശുവിൻ്റെമേൽ ആവസിച്ചത്; എന്നാൽ ദൈവമാണ് യേശുവിൻ്റെ കൂടെയിരുന്നതെന്ന് പത്രൊസ് പറയുന്നു; പിതാവും ആത്മാവും ഒന്നാണെന്ന് വ്യക്തമല്ലേ?
രണ്ട്; പരിശുദ്ധാത്മാവിനാൽ അഭിഷേകം പ്രാപിച്ച ശേഷമാണ് ക്രിസ്തു തൻ്റെ ശുശ്രൂഷ ആരംഭിച്ചത്. (ലൂക്കൊ, 4:18,19). എന്നാൽ പരിശുദ്ധാത്മാവ് തൻ്റെകൂടെയുള്ള മറ്റൊരു വ്യക്തിയായി യേശും ഒരിക്കലും പറഞ്ഞിട്ടില്ല; അപ്പോൾത്തന്നെ പിതാവ് തൻ്റെകൂടെയുള്ള മറ്റൊരു വ്യക്തിയായി ആവർത്തിച്ചു പറഞ്ഞിട്ടൂമുണ്ട്: പിതാവിനെ, തന്നെക്കുറിച്ചു സാക്ഷ്യം പറയുന്ന ‘മറ്റൊരുത്തൻ‘ എന്നു പറഞ്ഞിരിക്കുന്നു. (യോഹ, 5:32,37). പിതാവ് തൻ്റെകൂടെ ഉള്ളതുകൊണ്ട് ‘ഞാൻ ഏകനല്ല‘ എന്നു പറഞ്ഞിരിക്കുന്നു. (യോഹ, 8:16; 8:29; 16:32). ‘ഞാൻ പിതാവിലും പിതാവു എന്നിലും ആകുന്നു എന്നു പറഞ്ഞിരിക്കുന്നു.’ (യോഹ, 10:38; 14:10,11). പിതാവിനെയും ചേർത്ത് ‘ഞങ്ങൾ‘ എന്നു പറഞ്ഞിരിക്കുന്നു. (യോഹ, 14:23). പരിശുദ്ധാത്മാവ് തൻ്റെമേൽ ആവസിച്ചു; പിതാവ് തൻ്റെകൂടെ വസിക്കുന്നുവെന്ന് ക്രിസ്തു പറഞ്ഞു; പതാവും പരിശുദ്ധാത്മാവും ഒരാൾ തന്നെയല്ലേ?
മൂന്ന്; പിതാവ് മറ്റൊരു വ്യക്തിയായി തൻ്റെകൂടെ വസിക്കുന്നുവെന്ന് ക്രിസ്തു ആവർത്തിച്ചു പറഞ്ഞിരിക്കുന്നതു കൂടാതെ, ദൈവപിതാവ ക്രിസ്തുവിൻ്റെ കൂടെവസിച്ചതിനാലാണ് അവൻ അത്ഭുതങ്ങളും അടയാളങ്ങളും പ്രവർത്തിച്ചതെന്ന് അപ്പസ്തലന്മാരിൽ പ്രഥമനും പ്രധാനിയുമായി പ്രത്രൊസും പറഞ്ഞിട്ടുണ്ട്. (പ്രവൃ, 10:38). എന്നാൽ, താൻ ചെയ്ത അത്ഭുതപ്രവൃത്തികൾ ബെയെത്സെബൂലിൽ ആരോപിച്ച യെഹൂദന്മാരോട് യേശു പറയുന്നു: “ആരെങ്കിലും മനുഷ്യപുത്രന്നു നേരെ ഒരു വാക്കു പറഞ്ഞാൽ അതു അവനോടു ക്ഷമിക്കും; പരിശുദ്ധാത്മാവിന്നു നേരെ പറഞ്ഞാലോ ഈ ലോകത്തിലും വരുവാനുള്ളതിലും അവനോടു ക്ഷമിക്കയില്ല.” (മത്താ, 12:32; മർക്കൊ, 3:29; ലൂക്കോ, 12:10). ദൈവപിതാവാണ് യേശുവിൻ്റെ കൂടെയുള്ളതെന്നു പത്രൊസും തൻ്റെകൂടെയുള്ള വ്യക്തി പിതാവാണെന്നും യേശുവും പറഞ്ഞു; എന്നാൽ തൻ്റെകൂടെയിരുന്ന് പ്രവർത്തിക്കുന്ന അഥവാ താൻ ചെയ്യുന്ന പ്രവൃത്തികളെ ദുഷിച്ചുപറഞ്ഞാൽ; അത് ആത്മാവിനെതിരെയുള്ള ദൂഷണമാണ്. അപ്പോൾ, പിതാവും പരിശുദ്ധാത്മാവും ഒന്നാണെന്ന് വ്യക്തമായില്ലേ? പിതാവും പരിശുദ്ധാത്മാവും വ്യതിരിക്തരാണെങ്കിൽ, തൻ്റെ പ്രവൃത്തികൾക്ക് എതിരെയുള്ള ദൂഷണം തൻ്റെകൂടെയിരിക്കുന്ന പിതാവിന് എതിരെയാണല്ലോ; അപ്പോൾ പിതാവിനെതിരെയുള്ള ദൂഷണം ക്ഷമിക്കയില്ല എന്നല്ലേ പറയേണ്ടത്? പിതാവും പരിശുദ്ധാത്മാവും ഒന്നാകയാലാണ് ക്രിസ്തു അങ്ങനെ പറഞ്ഞത്.
നാല്; പിതാവും പരിശുദ്ധാത്മാവും ഒരാളായിരിക്കുന്നതുപോലെ, യേശുവും പരിശുദ്ധാത്മാവും നിത്യമായ അസ്തിത്വത്തിൽ ഒരാളാണെന്നു മനസ്സിലാക്കാം: “എന്നാൽ ഞാൻ പിതാവിനോടു ചോദിക്കും; അവൻ സത്യത്തിന്റെ ആത്മാവു എന്ന മറ്റൊരു കാര്യസ്ഥനെ എന്നേക്കും നിങ്ങളോടു കൂടെ ഇരിക്കേണ്ടതിന്നു നിങ്ങൾക്കു തരും.” (രോഹ, 14:16. ഒ.നോ: 16:7). യേശു തൻ്റെ പരസ്യശുശ്രൂഷ അവസാനിപ്പിച്ചതിൻ്റെ പിറ്റേന്ന്, അറസ്റ്റുവരിക്കുന്ന അന്നാണ് തൻ്റെ ശിഷ്യന്മാരോട് ഇതൊക്കെ പറയുന്നത്. യേശുവിൻ്റെ ജഡത്തിലുള്ള ശുശ്രൂഷ പിറ്റേന്ന് ക്രൂശുമരണം കൂടി കഴിഞ്ഞാൽ തീരുകയാണ്. എന്നുവെച്ചാൽ, ജഡപ്രകാരം യേശുവിനിനി ശിഷ്യന്മാരോടുകൂടി വസിക്കാൻ കഴിയില്ല. മറ്റൊരു കാര്യസ്ഥനെക്കുറിച്ചു പറഞ്ഞശേഷം അവൻ പറയുന്നതു നോക്കുക: “ലോകം അവനെ കാണുകയോ അറികയോ ചെയ്യായ്കയാൽ അതിന്നു അവനെ ലഭിപ്പാൻ കഴികയില്ല; നിങ്ങളോ അവൻ നിങ്ങളോടു കൂടെ വസിക്കയും നിങ്ങളിൽ ഇരിക്കയും ചെയ്യുന്നതുകൊണ്ടു അവനെ അറിയുന്നു.” (യോഹ, 14:17). അടുത്തവാക്യം: “ഞാൻ നിങ്ങളെ അനാഥരായി വിടുകയില്ല; ഞാൻ നിങ്ങളുടെ അടുക്കൽ വരും.” (യോഹ, 14:18). അപ്പോൾ മറ്റൊരു കാര്യസ്ഥനായി വരുന്നത് താൻതന്നെയാണ്. പിതാവും പരിശുദ്ധാത്മാവും ഒരാളാണെന്ന് മുകളിൽ നാം കണ്ടതാണ്. യഹോവയുടെ പ്രത്യക്ഷതയായ മനുഷ്യൻ്റെ ഭൂമിയിലെ ശുശ്രൂഷ കഴിഞ്ഞാൽ; താൻ സ്വർഗ്ഗാരോഹണം ചെയ്ത് അപ്രത്യക്ഷനാകും. പിന്നെ യേശുവെന്ന മനുഷ്യനില്ല; യഹോവ അഥവാ യേശുക്രിസ്തുവെന്ന മഹാദൈവം മാത്രമേയുള്ളു. തനിക്കു മനുഷ്യനെന്ന നിലയിൽ എല്ലാക്കാലവും മനുഷ്യരോടുകൂടെ വസിക്കാൻ കഴിയില്ല; അതിനാൽ മറ്റൊരു കാര്യസ്ഥനായി അഥവാ അദൃശ്യനായ ആത്മാവായി ലോകാവസാനത്തോളം തൻ്റെ മക്കളോടൊപ്പം വസിക്കാൻ വരികയാണ്. അതിനടുത്തവാക്യം: “കുറഞ്ഞോന്നു കഴിഞ്ഞാൽ ലോകം എന്നെ കാണുകയില്ല; നിങ്ങളോ എന്നെ കാണും; ഞാൻ ജീവിക്കുന്നതുകൊണ്ടു നിങ്ങളും ജീവിക്കും.” (യോഹ, 14:19). യേശു പറയുന്നത് ശ്രദ്ധിക്കുക: “നിങ്ങളോ എന്നെ കാണും.” യേശു ജഡത്തിൽ വന്നപ്പോൾ ലോകം അവനെ കണ്ടു. പക്ഷെ, ആത്മാവായി വരുമ്പോൾ ലോകം കാണുകയില്ല തൻ്റെ മക്കൾ മാത്രമേ കാണുകയും അറിയുകയും ചെയ്യുകയുള്ളു. സ്വർഗ്ഗാരോഹണത്തിനു തൊട്ടുമുമ്പ് മഹാനിയോഗം നല്കിയശേഷം യേശു ശിഷ്യന്മാരോട് വ്യക്തമായി അക്കാര്യം പറഞ്ഞു: “ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു.” (മത്താ, 28:19). ആത്മാവ് എന്നേക്കും കൂടെയിരിക്കുമെന്നും (യോഹ, 14:16); താൻ എന്നേക്കും കൂടെയിരിക്കുമെന്നും അഭിന്നമായി പറഞ്ഞിരിക്കുന്നതും നോക്കുക. ദൈവപുത്രനായ യേശുവും പരിശുദ്ധാത്മാവും പിതാവും നിത്യമായ നിത്യമായ അസ്തിത്വത്തിൽ ഒന്നുതന്നെ ആയതുകൊണ്ടാണ് മനുഷ്യനായ ദൈവപുത്രന് ഇതൊക്കെ പറയാൻ കഴിഞ്ഞത്. ആത്മസ്നാനദാതാവും ജനയിതാവും ജീവദാതാവും ജീവിപ്പിക്കുന്ന ആത്മാവും യേശുക്രിസ്തു. ആത്മസ്നാനദാതാവ്: “യേശുക്രിസ്തു നിങ്ങളെ പരിശുദ്ധാത്മാവിൽ സ്നാനം ഏല്പിക്കും.” (മത്താ, 3:11; ഒ.നോ: 1കൊരി, 12:13). ജനയിതാവ്: “അവൻ നീതിമാൻ എന്നു നിങ്ങൾ ഗ്രഹിച്ചിരിക്കുന്നു എങ്കിൽ നീതി ചെയ്യുന്നവൻ ഒക്കെയും അവനിൽനിന്നു ജനിച്ചിരിക്കുന്നു എന്നു നിങ്ങൾ അറിയുന്നു.” (1യോഹ, 2:29). ജീവദാതാവ്: “ഞാൻ അവയ്ക്കു നിത്യജീവൻ കൊടുക്കുന്നു; അവ ഒരുനാളും നശിച്ചു പോകയില്ല; ആരും അവയെ എന്റെ കയ്യിൽ നിന്നു പിടിച്ചുപറിക്കയും ഇല്ല.” (യോഹ, 10:28). ജീവിപ്പിക്കുന്ന ആത്മാവ്: “ഒന്നാം മനുഷ്യനായ ആദാം ജീവനുള്ള ദേഹിയായിത്തീർന്നു എന്നു എഴുതിയുമിരിക്കുന്നുവല്ലോ, ഒടുക്കത്തെ ആദാം ജീവിപ്പിക്കുന്ന ആത്മാവായി.” (1കൊരി, 15:45). ദൈവമായ യേശുക്രിസ്തുവും പരിശുദ്ധാത്മാവും ഭിന്നരല്ലെന്നതിൻ്റെ തെളിവ്: “അവർ ആസ്യയിൽ വചനം പ്രസംഗിക്കരുതെന്നു പരിശുദ്ധാത്മാവു വിലക്കുകയാൽ ഫ്രുഗ്യയിലും ഗലാത്യദേശത്തിലും കൂടി സഞ്ചരിച്ചു, മുസ്യയിൽ എത്തി ബിഥുന്യെക്കു പോകുവാൻ ശ്രമിച്ചു; യേശുവിന്റെ ആത്മാവോ അവരെ സമ്മതിച്ചില്ല.” (പ്രവൃ, 16:6,7). പരിശുദ്ധാത്മാവെന്നും യേശുവിൻ്റെ ആത്മാവെന്നും അഭിന്നമായി പറഞ്ഞിരിക്കുന്നതു നോക്കുക. “എല്ലാവരിലും കൂടി വ്യാപരിക്കുന്നവനും എല്ലാവരിലും ഇരിക്കുന്നവനുമായി എല്ലാവർക്കും ദൈവവും പിതാവുമായവൻ ഒരുവൻ” (എഫെ, 4:6). ദൈവമായ യേശുക്രിസ്തുവാണ് മറ്റൊരു കാര്യസ്ഥനായി അഥവാ ആത്മരൂപത്തിൽ വന്ന് നമ്മെ വീണ്ടുംജനിപ്പിച്ചുകൊണ്ട് നമ്മോടുകൂടെ വസിക്കുന്നതെന്ന് വ്യക്തമായില്ലേ?
അഞ്ച്; ന്യായപ്രമാണത്തിൻ്റെ അവസാനത്തെ പ്രവാചകനായ യോഹന്നാൻ സ്നാപകൻ്റെ യേശുവിനെക്കുറിച്ചൊരു പ്രവചനമുണ്ട്: “അവൻ (യേശു) നിങ്ങളെ പരിശുദ്ധാത്മാവിലും തീയിലും സ്നാനം ഏല്പിക്കും.” (മത്താ, 3:11; മർക്കൊ, 1:8; ലൂക്കൊ, 3:16; യോഹ, 1:33). ഫിലിപ്പിൻ്റെ കൈസര്യയിൽവെച്ച് യേശുക്രിസ്തു സഭയെക്കുറിച്ചുള്ള തൻ്റെ നിർണ്ണയം പ്രഖ്യാപിച്ചിരുന്നു: “ഈ പാറമേൽ ഞാൻ എന്റെ സഭയെ പണിയും; പാതാളഗോപുരങ്ങൾ അതിനെ ജയിക്കയില്ല.” (മത്താ, 16:18). പരിശുദ്ധാത്മാവ് യേശുക്രിസ്തുവിൽ നിന്ന് വ്യതിരിക്തനാണെന്ന് വിചാരിച്ചുകൊണ്ട് ചിലർ പറയുന്നത് കേട്ടിട്ടുണ്ടാകും: യേശുക്രിസ്തു ഒരു സഭയും സ്ഥാപിച്ചിട്ടില്ല; പരിശുദ്ധാത്മാവാണ് സഭ സ്ഥാപിച്ചത്. അങ്ങനെയെങ്കിൽ, യോഹന്നാൻ്റെ പ്രവചനവും ക്രിസ്തുവിൻ്റെ പ്രഖ്യാപനവും അസ്ഥാനത്താണ്; രണ്ടും അബദ്ധപ്രവചനമാണെന്ന് പറയേണ്ടിവരും. എന്നാൽ വസ്തുതയെന്താണ്: പിതാവായദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും മനുഷ്യനായ യേശുവിനെ അഭിഷേകം ചെയ്തിട്ട് അവനോടു കൂടെയിരുന്നപോലെ, മഹാദൈവമായ യേശുക്രിസ്തുവാണ് പരിശുദ്ധാത്മാവിനാൽ സ്നാനം നല്കിക്കൊണ്ട് സഭ സ്ഥാപിച്ചതും ലോകാവസാനത്തോളം തൻ്റെ മക്കളോടുകൂടെ വസിക്കുന്നതും. (മത്താ,28;19). എന്തെന്നാൽ, അദൃശ്യനായ ഏകദൈവത്തിൻ്റെ മൂന്നു വെളിപ്പാടുകളായ പിതാവും പുത്രനും പരിശുദ്ധാത്മാവും നിത്യമായ അസ്തിത്വത്തിൽ ഒന്നുതന്നെയാണ്.
അദൃശ്യദൈവത്തിൻ്റെ മൂന്നു പ്രത്യക്ഷതകളും യോർദ്ദാനിലെ സ്നാനത്തിൽ സമ്മേളിച്ചിരുന്നതായി കാണാം: 1. യേശു: “അനന്തരം യേശു യോഹന്നാനാൽ സ്നാനം ഏല്ക്കുവാൻ ഗലീലയിൽ നിന്നു യോർദ്ദാൻകരെ അവന്റെ അടുക്കൽ വന്നു. യോഹന്നാനോ അവനെ വിലക്കി: നിന്നാൽ സ്നാനം ഏല്ക്കുവാൻ എനിക്കു ആവശ്യം; പിന്നെ നീ എന്റെ അടുക്കൽ വരുന്നുവോ എന്നു പറഞ്ഞു. യേശു അവനോടു: “ഇപ്പോൾ സമ്മതിക്ക; ഇങ്ങനെ സകലനീതിയും നിവർത്തിക്കുന്നതു നമുക്കു ഉചിതം എന്നു ഉത്തരം പറഞ്ഞു; എന്നാറെ അവൻ അവനെ സമ്മതിച്ചു.” (മത്തായി 3:13-15). ജീവനുള്ള ദൈവത്തിൻ്റെ പ്രത്യക്ഷതയായ മനുഷ്യനാണ് യോർദ്ദാനിൽവെച്ച് ആത്മാവിനാൽ നീതീകരിക്കപ്പെട്ടത്: അവൻ (ജീവനുള്ള ദൈവം) ജഡത്തിൽ വെളിപ്പെട്ടു; ആത്മാവിനാൽ നീതീകരിക്കപ്പെട്ടു.” (1തിമൊ, 3:14-16). 2. പരിശുദ്ധാത്മാവ്: യേശു സ്നാനം ഏറ്റ ഉടനെ വെള്ളത്തിൽനിന്നു കയറി അപ്പോൾ സ്വർഗ്ഗം തുറന്നു ദൈവാത്മാവു പ്രാവെന്നപോലെ ഇറങ്ങി തന്റെ മേൽ വരുന്നതു അവൻ കണ്ടു.” (മത്താ, 3:16). 3. ദൈവപിതാവിൻ്റെ ശബ്ദം അഥവാ വചനം: “ഇവൻ എന്റെ പ്രിയപുത്രൻ; ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്നു സ്വർഗ്ഗത്തിൽ നിന്നു ഒരു ശബ്ദവും ഉണ്ടായി.” (മത്താ, 3:17). ദൈവം വചനമായി അഥവാ ശബ്ദമായി പഴയനിയമത്തിലും വെളിപ്പെട്ടതിൻ്റെ കൃത്യമായ രേഖ ബൈബിളിലുണ്ട്. യഹോവ നാലുപ്രാവശ്യം ശമൂവേലിനു വചനമായി വെളിപ്പെട്ടതായി കാണാം: (1ശമൂ, 3:4; 3:6,7; 3:8; 3:10). “ഇങ്ങനെ യഹോവ ശീലോവിൽ വെച്ചു ശമൂവേലിന്നു യഹോവയുടെ വചനത്താൽ വെളിപ്പെട്ടശേഷം യഹോവ വീണ്ടും വീണ്ടും ശീലോവിൽവെച്ചു പ്രത്യക്ഷനായി.” (1ശമൂ, 3:21).
ദൈവത്തിൻ്റെ ആത്മാവ് ദൈവത്തിൽനിന്ന് വിഭിന്നനാണെങ്കിൽ താഴെപ്പറയുന്ന ആത്മാക്കൾക്കൊക്കെ ആരു സമാധാനം പറയും? 1. ദൈവത്തിൻ്റെ ആത്മാവ് (ഉല്പ, 1:2), യഹോവയുടെ ആത്മാവ് (ന്യായാ, 3:10), യഹോവയായ കർത്താവിൻ്റെ ആത്മാവ് (യെശ, 61:1), പിതാവിൻ്റെ ആത്മാവ് (മത്താ, 10:20), കർത്താവിൻ്റെ ആത്മാവ് (പ്രവൃ, 5:9), ജീവനുള്ള ദൈവത്തിൻ്റെ ആത്മാവ് (2കൊരി, 3:3). 2. യേശുക്രിസ്തുവിന്റെ ആത്മാവ് (ഫിലി, 1:19), കർത്താവിന്റെ ആത്മാവ് (2കൊരി, 3:17), ക്രിസ്തുവിൻ്റെ ആത്മാവ് (റോമ, 8:9), യേശുവിൻ്റെ ആത്മാവ് (പ്രവൃ, 16:7), പുത്രൻ്റെ ആത്മാവ് (ഗലാ, 4:6), 3. ആത്മാവ് (മത്താ, 4:1). പരിശുദ്ധാത്മാവ് (മത്താ, 12:32), നിത്യാത്മാവ് (എബ്രാ, 9:14), ജീവൻ്റെ ആത്മാവ് (റോമ, 8:2), പുതിയൊരു ആത്മാവ് (യെശ, 11:19). പിന്നെ, സിംഹാസനത്തിനു മുമ്പിലുള്ള ഏഴാത്മാക്കൾ (വെളി, 1:4; 4:5) ഈ ആത്മാക്കളൊക്കെ ആരാണെന്നു പറയും? ദൈവം ആത്മാവാണ് (യോഹ, 4:24) യേശുക്രിസ്തുവും ആത്മാവാണ്. (2കൊരി, 3:16-18). ദൈവത്തിൻ്റെ ആത്മാവ് മറ്റൊരു വ്യക്തിയാണെങ്കിൽ, യേശുക്രിസ്തുവിന്റെ ആത്മാവ് (ഫിലി, 1:19) മറ്റൊരു വ്യക്തിയല്ലെന്ന് ഏത് കാരണത്താൽ പറയും???… ബൈബിൾ ആഖ്യാനത്തെ വിസ്മരിച്ചുകൊണ്ട് തോന്നുംപടി വ്യാഖ്യാനിക്കാൻ പറ്റുമോ? സത്യം അറികയും സത്യം ഏവരെയും സ്വതന്ത്രന്മാരാക്കുകയും ചെയ്യും. പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കട്ടെ! (പരിശുദ്ധാത്മാവിനെക്കുറിച്ച് കൂടുതലറിയാൻ കാണുക: പരിശുദ്ധാത്മാവ്)
ദൈവത്തിൻ്റെ എല്ലാ പ്രത്യക്ഷതകളെക്കുറിച്ചു അറിയാൻ കാണുക:
:യഹോവയുടെ പ്രത്യക്ഷതകൾ