Category Archives: Uncategorized

തേരഹിൻ്റെ ആയുഷ്കാലം

തേരഹിൻ്റെ ആയുഷ്കാലം

അബ്രാഹാമിൻ്റെ അപ്പനായ തേരഹിൻ്റെ ആയുഷ്കാലം 205 സംവത്സരം ആയിരുന്നുവെന്ന് ബൈബിളിലുണ്ട്. “തേരഹിന്റെ ആയുഷ്കാലം ഇരുനൂറ്റഞ്ചു സംവത്സരം ആയിരുന്നു; തേരഹ് ഹാരാനിൽവെച്ചു മരിച്ചു.” (ഉല്പ, 11:32). അബ്രാം ജനിക്കുമ്പോൾ തേരഹിന് 70 വയസ്സായിരുന്നു എന്നും കാണാം: “തേരഹിന്നു എഴുപതു വയസ്സായപ്പോൾ അവൻ അബ്രാം, നാഹോർ, ഹാരാൻ എന്നിവരെ ജനിപ്പിച്ചു.” (ഉല്പ, 11:26). ഹാരാനിൽ വെച്ചാണ് തേരഹ് മരിക്കുന്നത്. (11:32). ഹാരാനിൽനിന്ന് യഹോവയുടെ കല്പനപ്രകാരം കനാനിലേക്ക് യാത്ര പുറപ്പെടുമ്പോൾ അബ്രാഹാമിന് 75 വയസ്സായിരുന്നു. (12:4). ഇവിടെ അബ്രാഹാമിൻ്റെ അപ്പനായ തേരഹ് മരിക്കുന്ന സമയത്തുള്ള പ്രായത്തിൽ ഗണിതശസ്ത്രപരമായ ഒരു പ്രശ്നമുണ്ട്. 205 വയസ്സിലാണ് തേരഹ് മരിച്ചതെങ്കിൽ, ഹാരാനിൽനിന്ന് പുറപ്പെടുമ്പോൾ അബ്രാഹാമിൻ്റെ പ്രായം 135 ആയിരിക്കണം. അല്ലെങ്കിൽ, തേരഹ് മരിക്കുന്നത് 145-ാം വയസ്സിലാകണം. അബ്രാഹാം ഹാരാനിൽ നിന്ന് പുറപ്പെടുമ്പോഴുള്ള പ്രായം 75 വയസ്സെന്നുള്ളത് (12:4) കൃത്യമാണെന്നതിന് തുടന്നുള്ള വേദഭാഗങ്ങളും തെളിവു നല്കുന്നു: ഹാഗാർ അബ്രാമിന്നു യിശ്മായേലിനെ പ്രസവിച്ചപ്പോൾ അവന് 86 വയസ്സായിരുന്നു. (16:16). യഹോവ മൂന്നാം പ്രാവശ്യം അബ്രാഹാമിനു പ്രത്യക്ഷനാകുമ്പോൾ അവന് 99 വയസ്സായിരുന്നു. (17:1). 99-ാം വയസ്സിൽ തന്നെയാണ് അബ്രാഹാം പരിച്ഛേദനയേറ്റതും. (17:24). “തന്റെ മകനായ യിസ്ഹാൿ ജനിച്ചപ്പോൾ അബ്രാഹാമിന്നു 100 വയസ്സായിരുന്നു.” (ഉല്പ, 21:5). ഇതിൽനിന്ന് അബ്രാഹാമിൻ്റെ പ്രായം കൃത്യമാണെന്ന് മനസ്സിലാക്കാം. വ്യത്യാസമുള്ളത് തേരഹിൻ്റെ പ്രായത്തിലാണ്.

ഗണിതശാസ്ത്ര സംബന്ധമായ ഈ പ്രശ്നത്തിൻ്റെ ഒരു പരിഹാരമാർഗ്ഗം ഇങ്ങനെയാണ്: “മൂത്ത പുത്രനുണ്ടായി അറുപതു വർഷങ്ങൾക്കു ശേഷമാണ് ഇളയ പുത്രനായി അബ്രാഹാം ജനിച്ചതെന്നും, തന്റെ പ്രാധാന്യം കൊണ്ട് (മനശ്ശെയ്ക്കു മുമ്പ് എഫ്രയിം ആദ്യജാതനായതുപോലെ) പട്ടികയിൽ ആദ്യസ്ഥാനം നൽകിയിരിക്കുകയാണെന്നും അനുമാനിക്കുന്നു.” ഈ പരിഹാരപ്രകാരം അബ്രാഹാം ജനിക്കുമ്പോൾ തേരഹിന് പ്രായം 130 ആണ്.

ഈ പ്രശ്നപരിഹാരം രണ്ടു കാര്യങ്ങൾകൊണ്ട് നീതിയുക്തമല്ല: ഒന്ന്; മനശ്ശെയെ യോസേഫിന്റെ ആദ്യജാതൻ അഥവാ, മൂത്തപുത്രൻ എന്ന് പറഞ്ഞശേഷമാണ് (ഉല്പ, 42:51; 46:20), യാക്കോബ് അവരെ കൈകൾ പിണച്ചുവെച്ച് അനുഗ്രഹിക്കുകവഴി (ഉല്പ, 48:13,14), ദൈവം എഫ്രയീമിനെ തൻ്റെ ആദ്യജാതൻ (യിരെ, 31:9; 31:20) എന്ന് പറഞ്ഞിരിക്കുന്നത്. എന്നാൽ, തേരഹിൻ്റെ മക്കളെക്കുറിച്ചുള്ള രണ്ട് പട്ടിക മാത്രമാണുള്ളത്. അതിൽ രണ്ടിലും അബ്രാഹാമിനെ ആദ്യസ്ഥാനം അഥവാ, മൂത്ത പുത്രനായാണ് പറഞ്ഞിരിക്കുന്നത്. (ഉല്പ, 11:26; 11:27). രണ്ട്; യിസ്ഹാക്കിൻ്റെ ജനനം ഒരത്ഭുമാണെന്ന് ബൈബിളിൽനിന്ന് മനസ്സിലാക്കാം. സാറാ മച്ചിയായിരുന്നത് (ഉല്പ, 11:30) മാത്രമല്ല അത്ഭുതത്തിനു കാരണം. അവർ രണ്ടുപേരും വൃദ്ധരും ഒരു കാരണവശാലും മക്കൾ ജനിക്കാൻ സാദ്ധ്യതയില്ലാത്തവരും ആയിരുന്നു. അബ്രാഹാം കവിണ്ണുവീണ് ചിരിച്ചതും (ഉല്പ, 17:17), സാറായി ഉള്ളുകൊണ്ടു ചിരിച്ചതും (ഉല്പ, 18:11,12) അതേ കാരണത്താലാണ്. തൻ്റെ അപ്പൻ തന്നെ 130-ാം വയസ്സിലാണ് ജനിപ്പിച്ചതെങ്കിൽ, അബ്രാഹാമിൻ്റെ 100-ാം വയസ്സിൽ ജനിക്കുന്ന യിസ്ഹാക്കിൻ്റെ ജനനം എങ്ങനെ അത്ഭുതമാകും? നൂറു വയസ്സുള്ളവന്നു മകൻ ജനിക്കുമോ? തൊണ്ണൂറു വയസ്സുള്ള സാറാ പ്രസവിക്കുമോ? എന്ന് ചോദിച്ചുകൊണ്ട് അബ്രാഹാം എന്തിനാണ് കവിണ്ണുവീണു ചിരിച്ചത്? (ഉല്പത്തി 17:17). 

അപ്പോൾ, തേരഹ് 70-ാം വയസ്സിൽത്തന്നെയാണ് അബ്രാഹാമിനെ ജനിപ്പിച്ചതെന്ന് സ്പഷ്ടം. പ്രശ്നം തേരഹിൻ്റെ ആയുഷ്കാലമാണ്. “തേരഹിന്റെ ആയുഷ്കാലം ഇരുനൂറ്റഞ്ചു സംവത്സരം ആയിരുന്നു; തേരഹ് ഹാരാനിൽവെച്ചു മരിച്ചു.” (ഉല്പ, 11:32). ഇവിടെ 205 വർഷമെന്നത് എബ്രായ ബൈബിളിൻ്റെ പകർപ്പെഴുത്തിൽ വന്ന പിശകായിരിക്കും. യഥാർത്ഥത്തിൽ തേരഹ് മരിക്കുമ്പോൾ അവന് 145 വയസ്സാണ്. ശമര്യൻ പഞ്ചഗ്രന്ഥത്തിൽ ഇതിന് തെളിവുണ്ട്: (SPE) “And the days of Terah were hundred and forty five years: and Terah died in Haran.” (Genesis 11:32). തേരഹിന്റെ ആയുഷ്കാലം നൂറ്റിനാല്പത്തഞ്ചു സംവത്സരം ആയിരുന്നു; തേരഹ് ഹാരാനിൽവെച്ചു മരിച്ചു.

തേജസ്സും, മഹത്ത്വവും

തേജസ്സും, മഹത്ത്വവും (glory)

പര്യായങ്ങൾ എന്നപോലെ ബൈബിളിൽ പ്രയോഗിക്കപ്പെട്ടിട്ടുള്ള രണ്ടു പദങ്ങളാണ് തേജസ്സും മഹത്ത്വവും. ഇവയുടെ അർത്ഥവ്യത്യാസങ്ങൾ വ്യക്തമാക്കുക സുകരമല്ല. ഗ്രീക്കിലും എബ്രായയിലും രണ്ടു പദങ്ങളുടെയും സ്ഥാനത്ത് ഒരേ പദമാണ് അധികസ്ഥാനങ്ങളിലും പ്രയോഗിച്ചിട്ടുള്ളത്. ശോഭ, പ്രകാശം, ദീപ്തി, ചൈതന്യം, പ്രഭാവം, മഹത്ത്വം, ശക്തി, ശുക്ലം, ബലം, സൌന്ദര്യം, ശരീരകാന്തി, കീർത്തി, ആത്മീയ ശക്തി എന്നിവയാണ് തേജസ്സിന്റെ പ്രസിദ്ധാർത്ഥങ്ങൾ. വലിപ്പം, മഹിമ, ഉൽക്കർഷം, തേജസ്സ് എന്നീ അർത്ഥങ്ങൾ മഹത്ത്വത്തിനുണ്ട്. മേല്ക്കാണിച്ച അർത്ഥതലങ്ങളിലെല്ലാം തേജസ്സും മഹത്വവും തിരുവെഴുത്തുകളിൽ പ്രയോഗിച്ചിട്ടുണ്ട്. 

തേജസ്സ്, മഹത്വം എന്നിവയ്ക്ക് സമാനമായി എബ്രായയിൽ ‘കാവോദും’ ഗ്രീക്കിൽ ‘ഡോക്സാ’യും ആണ് പ്രയോഗിക്കുന്നത്. ഭാരമുള്ളതായിരിക്കുക എന്നർത്ഥമുള്ള കാവേദ് എന്ന ധാതുവിൽ നിന്നാണ് കാവോദ് എന്ന എബ്രായപദത്തിന്റെ നിഷ്പത്തി. സമ്പത്ത് (ഉല്പ, 31:1), സ്ഥാനം അഥവാ പദവി (ഉല്പ, 45:13), ശക്തി എന്നിവയുള്ള പുരുഷന് മഹത്വം ഉണ്ട്. ദൈവത്തിന്റെ തേജസ്സ് അഥവാ ദീപ്തി കാവോദിൽ സുചിതമാണ്. യഹോവയുടെ പ്രത്യക്ഷതകളിൽ അതു പ്രകടമായിരുന്നു. മഹത്വത്തെക്കുറിക്കുന്ന മറ്റൊരു പദമാണു് തിഫ്-എറെത്. തേജസ്സ്, സൌന്ദര്യം, അലങ്കാരം, അഭിമാനം എന്നീ അർത്ഥംങ്ങൾ അതിനുണ്ട്. പഴയനിയമത്തിൽ 51 സ്ഥാനങ്ങളിൽ ഈ പദം പ്രയോഗിച്ചിട്ടുണ്ട്. അതിന്റെ ആദ്യപ്രയോഗം പുറപ്പാട് 28:2-ലാണ്. അഹരോന്റെ മഹത്വത്തിനും അലങ്കാരത്തിനുമായി വിശുദ്ധവസ്ത്രം നിർമ്മിക്കുവാൻ യഹോവ കല്പിച്ചു. ഇവിടെ മഹത്വത്തിന് കാവോദും അലങ്കാരത്തിനു തിഫ്എറെതും ആണ് എബ്രായയിൽ. ഒരു വ്യക്തിയുടെ പദവിയെക്കുറിക്കുവാനും ഈ പദം പയോഗിച്ചിട്ടുണ്ട്. ഉദാഹരണം: മഹത്വകിരീടം (സദൃ, 4:9; 16:31). 1 ദിനവൃത്താന്തം 29:11-ൽ ഈ പദത്തിന് തേജസ്സ് എന്നു തർജ്ജമ. കാവോദ് എന്ന എബ്രായപദത്തെ പരിഭാഷപ്പെടുത്തുവാൻ സെപ്റ്റജിന്റിൽ സ്വീകരിച്ച ഗ്രീക്കുപദമാണ് ഡോക്സാ. ഒരു മനുഷ്യനു തന്നെക്കുറിച്ച് സ്വയം തോന്നുന്ന അഭിപ്രായവും (തോന്നുക) മറ്റുള്ളവർ അവനെക്കുറിച്ച് ചിന്തിക്കുന്നതും (ചിന്തിക്കുക) അതായത് കീർത്തിയും ഡൊക്സായിലുണ്ട്. അങ്ങനെ ഈ പദത്തിന് കീർത്തി, പ്രസിദ്ധി തുടങ്ങിയ അർത്ഥങ്ങൾ നിലവിൽ വന്നു. 

നിൻ്റെ തേജസ്സ് എനിക്കു കാണിച്ചു തരേണമേ എന്നു . മോശെ അപേക്ഷിച്ചു. (പുറ, 33:18). മേഘത്തിൽ വെളിപ്പെട്ട തേജസ്സല്ല (പുറ, 16:7, 10) ദൈവത്തിന്റെ പ്രത്യേക വെളിപ്പാടാണ് മോശെ അപേക്ഷിച്ചത്. മേഘത്തിൽ വെളിപ്പെട്ട തേജസ്സ് മോശെ കണ്ടുകഴിഞ്ഞതാണ്. ഫിലിപ്പോസ് യേശുവിനോടു ചോദിച്ച ചോദ്യവും ഈ സന്ദർഭത്തിൽ ചിന്താർഹമാണ്. (യോഹ, 14:8). തുടർന്നു യഹോവയുടെ മഹിമയും അവന്റെ നന്മയും വെളിപ്പെടുത്തുന്നതായി കാണാം. (പുറ, 33:19). ദൈവത്തിന്റെ മഹിമ ഇന്ദ്രിയങ്ങളെ പ്രസാദിപ്പിക്കുന്ന ബാഹ്യതേജസ്സു മാത്രമല്ല. അത് നൈതിക മഹത്വത്തെ ഉൾക്കൊളളുന്നു. യെശയ്യാവിനു നല്കിയ ദർശനത്തിൽ നയനഗോചരമായ തേജസ്സിനോടൊപ്പം ദൈവപ്രകൃതിയുടെ സവിശേഷഘടകമായ വിശുദ്ധിയും വെളിപ്പെടുത്തി. (യെശ, 6:3-5; യോഹ, 12:41). ജ്ഞാനത്തിലോ, ബലത്തിലോ, ധനത്തിലോ പ്രശംസിക്കരുതെന്നു കല്പിക്കുവാനുള്ള കാരണം ദൈവത്തിന്റെ അവാച്യമായ മഹിമയും പ്രതാപവുമാണ്. (യിരെ, 9:23,24). ഇവയെല്ലാം പ്രദാനം ചെയ്യുന്ന ദൈവത്തിലാണ് മനുഷ്യൻ പ്രശംസിക്കേണ്ടത്. 

ദൈവിക പരിപൂർണ്ണതകളുടെയും പരിച്ഛദങ്ങളുടെയും വെളിപ്പാടാണ് ദൈവതേജസ്സ്. (പുറ, 33:18,19; 16:7,10; യോഹ, 1:14; 2:11; 2പത്രൊ, 1:17). അത് അവന്റെ വിശുദ്ധവും മാററമില്ലാത്തതുമായ നീതിയോടു ബന്ധപ്പെട്ടിരിക്കുന്നു. (യെശ, 3:8). ദൈവം തന്റെ ജനത്തിന്റെ മഹത്വം അഥവാ തേജസ്സാണ്. (യിരെ, 2:11, സെഖ, 2:5). സ്വന്തജനത്തിന്റെ അനുഗ്രഹത്തിലും വിശുദ്ധിയിലും അവർക്കുവേണ്ടി താൻ ചെയ്യുന്ന അത്ഭുതങ്ങളിലുമാണ് മനുഷ്യരുടെ മുന്നിൽ ദൈവത്തിന്റെ തേജസ്സു വെളിപ്പെടുന്നത്. യഹോവയുടെ തേജസ്സ് തിരുനിവാസത്തെ നിറച്ചു. (പുറ, 40:34,35). ശലോമോൻ്റെ ദൈവാലയത്തിൽ യഹോവയുടെ തേജസ്സു നിറഞ്ഞു. (1രാജാ, 8:11; 2ദിന, 7:13). യെഹെസ്ക്കേൽ പ്രവാചകൻ ദർശനത്തിൽ കണ്ട ദൈവാലയത്തിലും ദൈവത്തിന്റെ തേജസ്സു നിറഞ്ഞു. (യെഹെ, 43:2,3,4). ‘ഭൂമി മുഴുവനും യഹോവയുടെ മഹത്വം കൊണ്ടു നിറയുമാറാകട്ടെ’ എന്നു ശലോമോൻ പ്രാർത്ഥിച്ചു. (സങ്കീ, 72:19). സർവ്വഭൂമിയും യഹോവയുടെ മഹത്വം കൊണ്ടു നിറഞ്ഞിരിക്കുന്നതായി സാറാഫുകൾ ആർത്തു. (യെശ, 6:3). ഭൂമി ദൈവത്തിന്റെ തേജസ്സു കൊണ്ടു പ്രകാശിച്ചത് യെഹെസ്കേൽ പ്രവാചകൻ ദർശിച്ചു. (43:2). തൻ്റെ മഹത്വം സകല ജഡവും കാണും എന്നത് യഹോവയുടെ വാഗ്ദാനമാണ്. (യെശ, 40:5). 

പുതിയനിയമത്തിൽ ദൈവത്തെ മഹത്വത്തിൻറ പിതാവെന്നു വിളിക്കുന്നു. (എഫെ, 1:17). ക്രിസ്തുവിൻ്റെ ജനനസമയത്ത് കർത്താവിന്റെ തേജസ്സ് ഇടയന്മാരെ ചുറ്റി മിന്നി. (ലൂക്കൊ, 2:9). പിതാവിന്റെ തേജസ്സ് പുത്രനു നല്കി: “ഞങ്ങൾ അവന്റെ തേജസ്സ് പിതാവിൽ നിന്നു ഏകജാതനായവൻ തേജസ്സായി കണ്ടു.” (യോഹ, 1:14). ഭൗമിക ശുശ്രൂഷാകാലത്ത് ക്രിസ്തുവിൻ്റെ തേജസ്സു വെളിപ്പെട്ടത് മറുരൂപ മലയിൽവച്ചു മാത്രമാണ്. അനന്തരം ശൗലും (പ്രവൃ, 9:3), യോഹന്നാൻ അപ്പൊസ്തലനും (വെളി, 1:12) ക്രിസ്തുവിൻറ തേജസ്സ് കണ്ടു. ക്രിസ്തു ദൈവതേജസ്സിന്റെ പ്രഭയാണ്. (എബ്രാ, 1:3). ദൈവതേജസ്സ് ലോകത്തിനു വെളിപ്പെട്ടതും ദൈവപ്രകൃതിയുടെ പൂർണ്ണത അറിയായ് വന്നതും ക്രിസ്തുവിലുടെയാണ്. ക്രിസ്തു തേജസ്സിന്റെ കർത്താവാണ്. (യാക്കോ, 2:1; 1കൊരി, 2:8). ജഡധാരണത്തിനു മുമ്പ് ക്രിസ്തു പിതാവിന്റെ അടുക്കൽ മഹത്വത്തിൽ വസിക്കുകയായിരുന്നു. (യോഹ, 17:5). തന്മൂലം പിതാവിന്റെ അടുക്കലേക്കുള്ള ക്രിസ്തുവിന്റെ മടങ്ങിപ്പോക്ക് മഹത്വത്തിലേക്കുള്ള പ്രവേശനമായിരുന്നു. (ലൂക്കൊ, 24:26). ക്രിസ്തു ഭൂമിയിൽ നിന്നു എടുക്കപ്പെട്ടതു തേജസ്സിൽ ആയിരുന്നു. (1തിമൊ, 3:16). ക്രിസ്തുവിന്റെ പുനരാഗമനവും ന്യായവിധിയും എല്ലാം തേജസ്സിലാണ്. (കൊലൊ, 3:4; തീത്തൊ, 2:13; മത്താ, 25:31). ക്രിസ്തു ഇരിക്കുന്നതു തേജസ്സിന്റെ സിംഹാസനത്തിലാണ്. 

ക്രിസ്തുവിന്റെ കഷ്ടാനുഭവത്തെ തേജസ്സായി പറഞ്ഞിട്ടുണ്ട്. “യേശു അവരോടു ഉത്തരം പറഞ്ഞതു: മനുഷ്യപുത്രൻ തേജസ്കരിക്കപ്പെടുവാനുളള നാഴിക വന്നിരിക്കുന്നു. “യോഹ, 12:23). കഷ്ടങ്ങളെ പിന്തുടർന്നു മഹിമ വരുന്നതായി പത്രൊസ് അപ്പൊസ്തലൻ രേഖപ്പെടുത്തിയിട്ടുണ്ട്. (1പത്രൊ, 1:11). ദൈവപ്രതിമയായ ക്രിസ്തുവിന്റെ സുവിശേഷം തേജസ്സുള്ള സുവിശേഷമാണ്. 2കൊരി, 4:4). പുതിയ നിയമത്തിലെ ആത്മാവിന്റെ ശുശ്രൂഷ തേജസ്സേറിയതാണ്. (2കൊരി, 3:7-11). കർത്താവിന്റെ തേജസ്സിനെ കണ്ണാടിപോലെ പ്രതിഫലിപ്പിക്കുന്നവരാണ് ക്രിസ്ത്യാനികൾ. അവർ ആത്മാവാകുന്ന കർത്താവിന്റെ ദാനമായി തേജസ്സിന്മേൽ തേജസ്സു പ്രാപിച്ചു അതേ പ്രതിമയായി രൂപാന്തരപ്പെടുന്നു. (2കൊരി, 3:18). ഇന്ന് അവർ ദൈവതേജസ്സിന്റെ പ്രത്യാശയിൽ പ്രശംസിക്കുന്നു. (റോമ, 5:2). മഹത്വത്തിന്റെ പ്രത്യാശയായ ക്രിസ്തു അവരിൽ വസിക്കുന്നു. (കൊലൊ, 1:27). ക്ഷണനേരത്തേക്കുളള ലഘുവായ കഷ്ടം തേജസ്സിന്റെ നിത്യഘനപ്രാപ്തിക്കു ഹേതുവാണ്. (2കൊരി, 4:17). 

ദൈവം മനുഷ്യനെ തന്നെക്കാൾ അല്പം മാത്രം താഴ്ത്തി തേജസ്സും ബഹുമാനവും അവനെ അണിയിച്ചു. (സങ്കീ, 8:5). പാപം ചെയ്തതോടുകൂടി മനുഷ്യനു ദൈവതേജസ്സ് നഷ്ടമായി. (റോമ, 3:23). പുരുഷൻ ദൈവത്തിന്റെ തേജസ്സും സ്ത്രീ പുരുഷന്റെ തേജസ്സും ആണ്. (1കൊരി, 11:7). മനുഷ്യന്റെ തേജസ്സ് അവൻ്റെ വൈശിഷ്ട്യത്തിന്റെയും ഔൽകൃഷ്ട്യത്തിന്റെയും ആവിഷ്കാരമാണ്. ആദരണീയമായ പദവി, വിവേകം, നീതി, ജിതേന്ദ്രിയത്വം എന്നിങ്ങനെയുളള സവിശേഷഭാവങ്ങൾ ഒത്തിണങ്ങിയതാണ് മനുഷ്യന്റെ തേജസ്സ്. ആലങ്കാരികമായി പറഞ്ഞാൽ അതു മനുഷ്യനെ തേജസ്സണിയിക്കുന്നു. സൃഷ്ടിയുടെ പരമമായ ഉദ്ദേശ്യം ദൈവത്തിൻറ മഹത്വമാണ്. പാപികളായ മനുഷ്യരെ ക്രിസ്തു കൈക്കൊണ്ടത് ദൈവത്തിന്റെ മഹത്വത്തിനാണ്. (റോമ, 15:7). അതിനാൽ എല്ലാ മനുഷ്യരും ദൈവത്തെ മഹത്വപ്പെടുത്തേണ്ടതാണ്. (പ്രവൃ, 4:21; 12:23; റോമ, 4:20; വെളി, 16:9). എല്ലാവരും യേശുക്രിസ്തു കർത്താവെന്നു ഏറ്റു പറയുന്നത് പിതാവായ ദൈവത്തിന്റെ മഹത്വത്തിനു വേണ്ടിയാണ്. (ഫിലി, 2:11). ഭക്തന്മാർ ദൈവത്തെ നിരന്തരം മഹത്വപ്പെടുത്തുന്നു. ദാവീദ് രാജാവ് യഹോവയെ സ്തുതിച്ചു പറഞ്ഞു: “യഹോവേ മഹത്വവും ശക്തിയും തേജസ്സും യശസ്സും മഹിമയും നിനക്കുള്ളത്.” (1ദിന, 29:11). ദൈവത്തിനു മഹത്വം കൊടുക്കുവാനുള്ള നിർദ്ദേശം തിരുവെഴുത്തുകളിൽ സുലഭമാണ്. (സങ്കീ, 29:1; 96:7,8). ദൈവത്തിന്റെ കൃപാമഹത്വത്തിൻറ പ്രകാശനവും പുകഴ്ചയുമാണു് സഭ. (എഫെ, 1:6,12,14).

ക്രിസ്തുവും തിരുവെഴുത്തും

ക്രിസ്തുവും തിരുവെഴുത്തും

ദൈവം മനുഷ്യനായി വെളിപ്പെട്ടതാണ് ക്രിസ്തു. യേശുക്രിസ്തുവിൽ മാനുഷികവും ദൈവികവും ആയ ഭാവങ്ങൾ സമവായമായി ഇരിക്കുന്നതുപോലെ ദൈവവചനത്തിലും മാനുഷികവും ദൈവികവുമായ അംശങ്ങൾ പ്രസ്പഷ്ടമായി മിളനം ചെയ്തിരിക്കുന്നു. ദൈവത്തിന്റെ വെളിപ്പാടുകൾ മാനുഷികഭാഷയിൽ രേഖപ്പെടുത്തിയിരിക്കുന്നതാണ് തിരുവെഴുത്തുകൾ. ലിഖിതവചനമായ തിരുവെഴുത്തുകൾക്കും ജീവിക്കുന്ന വചനമായ ക്രിസ്തുവിനും സമാനമായ പരിച്ഛദങ്ങളാണ് തിരുവെഴുത്തുകളിൽ നൽകിയിരിക്കുന്നത്. അവയിൽ ചിലത് താഴെ കൊടുക്കുന്നു:

1. നിന്റെ വചനം സത്യം ആകുന്നു:  (യോഹ, 17:17) — ഞാൻ തന്നെ സത്യം: (യോഹ, 14:6).

2. നിന്റെ കല്പനകൾ ഒക്കെയും സത്യം തന്നേ: (സങ്കീ, 119:151) — കൃപയും സത്യവും നിറഞ്ഞവൻ: (യോഹ, 1:14). 

3. സമാധാനസുവിശേഷം: (എഫെ, 6:15) — സമാധാനപ്രഭു: (യെശ, 9:6).

4. പുരുഷാരം ദൈവവചനം കേൾക്കേണ്ടതിന്നു അവനെ തിക്കിക്കൊണ്ടിരിക്കയാൽ: (ലൂക്കൊ, 5:1) — അവന്നു ദൈവവചനം എന്നു പേർ: (വെളി, 19:13).

5. നിന്റെ കല്പനകളുടെ പാതയിൽ എന്നെ നടത്തണമേ: (സങ്കീ, 119:35) — ഞാൻ മുഖാന്തരമല്ലാതെ ആരും  പിതാവിന്റെ അടുക്കൽ എത്തുന്നില്ല: (യോഹ, 14:6).

6. യഹോവേ, നിന്റെ ചട്ടങ്ങളുടെ വഴി എന്നെ ഉപദേശിക്കേണമേ: (സങ്കീ, 119:33) — യേശു അവനോട് ഞാൻ തന്നെ വഴി: (യോഹ, 14: 6).

7. യഹോവയുടെ വഴികൾ സത്യമായവ: (സങ്കീ, 19:9). — വിശുദ്ധനും സത്യവാനും ആയവൻ: (വെളി, 3:7).

8. ജീവന്റെ വചനം പ്രമാണിച്ചു കൊണ്ട്: (ഫിലി, 2:15) — അവൻ സത്യദൈവവും നിത്യജീവനും ആകുന്നു: (1യോഹ, 5:20).

9. തിരുവെഴുത്തിന്നു നീക്കം വന്നുകൂടായല്ലോ: (യോഹ, 10-35) — അവന്റെ ഒരു അസ്ഥിയും ഒടിഞ്ഞു  പോകയില്ല: (യോഹ, 19:36).

10. മനുഷ്യൻ അപ്പംകൊണ്ടു മാത്രമല്ല, ദൈവത്തിന്റെ വായിൽ കൂടിവരുന്ന സകല വചനം കൊണ്ടും ജീവിക്കുന്നു: (മത്താ, 4:4) — സ്വർഗ്ഗത്തിൽ നിന്നിറങ്ങിയ ജീവനുള്ള അപ്പം ഞാൻ ആകുന്നു; ഈ അപ്പം തിന്നുന്നവൻ എല്ലാം  എന്നേക്കും ജീവിക്കും: (യോഹ, 6:51).

11. ജ്ഞാനിയുടെ ഉപദേശം ജീവന്റെ ഉറവാകുന്നു: (സദ്യ, 13:14) — നിന്റെ പക്കൽ ജീവന്റെ ഉറവുണ്ടല്ലോ: (സങ്കീ, 36:9).

12. നിന്റെ വചനം എന്റെ കാലിനു ദീപം: (സങ്കീ, 119:105) — ഞാൻ ലോകത്തിന്റെ വെളിച്ചം ആകുന്നു: (യോഹ, 8:12).

13. കല്പന ഒരു ദീപവും ഉപദേശം ഒരു വെളിച്ചവും: (സദൃ, 6:23) — ജീവൻ മനുഷ്യരുടെ വെളിച്ചമായിരുന്നു: (യോഹ, 1:4).

14. നിന്റെ വചനം എന്റെ കാലിന്നു ദീപം: (സങ്കീ, 119:105) — യഹോവേ , നീ എന്റെ ദീപം ആകുന്നു: (2ശമൂ, 22:29).

15. ഞാൻ നിന്റെ വായിൽ എന്റെ വചനങ്ങളെ തീയും ഈ ജനത്തെ വിറകും ആക്കും: (യിരെ, 5:14) — യിസ്രായേലിന്റെ വെളിച്ചം ഒരു തീയായും അവന്റെ പരിശുദ്ധൻ ഒരുജ്വാലയായും ഇരിക്കും: (യെശ, 10:17).

16. എന്റെ വചനം തീ പോലെയും: (യിരെ, 23:29) — ഞാൻ അതിനുചുറ്റും തീമതിലായിരിക്കും: (സെഖ, 2:5).

17. ആയിരം ആയിരം പൊൻവെള്ളി നാണ്യത്തെക്കാൾ നിന്റെ വായിൽ നിന്നുള്ള ന്യായപ്രമാണം എനിക്കുത്തമം: (സങ്കീ, 119:12) — എന്റെ പ്രിയൻ പതിനായിരം പേരിൽ അതിശ്രഷ്ഠൻ തന്നെ: (ഉത്ത, 5:10).

18. തിരുവചനം എന്റെ അണ്ണാക്കിനു എത്ര മധുരം: (സങ്കീ, 119:103) — അവന്റെ വായ് ഏറ്റവും മധുരമുള്ളത്: (ഉത്ത, 5:16).

19. നിന്റെ സാക്ഷ്യങ്ങൾ അതിശയകരമാകുന്നു: (സങ്കീ, 119:129) —  അവന്നു അത്ഭുതമന്ത്രി …. എന്നു പേർ വിളിക്കപ്പെടും: :യെശ, 9:6).

20. സുവിശേഷം ദൈവശക്തിയാകുന്നു: (റോമ, 1:16) — ദൈവശക്തിയായ ക്രിസ്തു: (1കൊരി, 1:24).

21. യഹോവയുടെ വചനം നല്ലതു: (യെശ, 39:8) — നീ നല്ലവനും നന്മ ചെയ്യുന്നവനും ആകുന്നു: (സങ്കീ, 119:68).

22. നിന്റെ സാക്ഷ്യങ്ങളെ നീ എന്നേക്കും സ്ഥാപിച്ചിരിക്കുന്നു: (സങ്കീ, 119:152) — ദൈവമേ, നിന്റെ സിംഹാസനം എന്നും എന്നേക്കുമുള്ളതു: (എബ്രാ, 1:8).

23. കർത്താവിന്റെ വചനമോ എന്നേക്കും നിലനിൽക്കുന്നു: (1പത്രൊ, 1:25) — യഹോവ എന്നേക്കും വാഴുന്നു: (സങ്കീ, 9:7).

24. നിന്റെ സാക്ഷ്യങ്ങൾ എന്നേക്കും നീതിയുള്ളവ: സങ്കീ, 119:144) — നീ അനാദിയായും ശാശ്വതമായും ദൈവം ആകുന്നു: (സങ്കീ, 90:2).

25. നിലനിൽക്കുന്നതുമായ ദൈവവചനം: (1പത്രൊ, 1:23) — ക്രിസ്തു എന്നേക്കും ഇരിക്കും: (യോഹ, 12:34).

26. എന്റെ വചനം …. പാറയെ തകർക്കുന്ന ചുറ്റികപോലെ: ((യിരെ, 23:29) — അത് ആരുടെ മേൽ എങ്കിലും വീണാൽ അവനെ ധുളിപ്പിക്കും: (ലൂക്കൊ, 20:18).

27. വചനം അനുസരിക്കായ്കയാൽ ഇടറിപ്പോകുന്നു: (1പത്രൊ, 2:8) — തടങ്ങൽ പാറ: (റോമ, 9:33).

28. നിന്റെ കല്പനകൾ …. എപ്പോഴും എന്റെ പക്കൽ ഉണ്ട്: (സങ്കീ, 119:98) — ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ട്: (മത്താ, 28:20).

29. ക്രിസ്തുവിന്റെ വചനം ഐശ്വര്യമായി നിങ്ങളിൽ വസിക്കട്ടെ: (കൊലൊ, 3:16) — ക്രിസ്തു വിശ്വാസത്താൽ നിങ്ങളുടെ ഹ്യദയങ്ങളിൽ വസിക്കേണ്ടതിന്നും: (എഫെ, 3:17).

30. എന്റെ വചനം നിങ്ങളിലും വസിച്ചാൽ: (യോഹ, 15:7) — ഞാൻ നിങ്ങളിലും വസിക്കും: (യോഹ, 15:4).

31. ദലവവചനം നിങ്ങളിൽ വസിക്കയാലും: (1യോഹ, 2:14) — വൻ നമ്മിൽ വസിക്കുന്നു: (1യോഹ, 3:24).

ക്രിസ്തുവിലും തിരുവെഴുത്തുകളിലും ആരോപിക്കപ്പെട്ടിരിക്കുന്ന സമാനമായ ഫലങ്ങൾ

32. ദൈവവചനത്താൽ വീണ്ടും ജനിച്ചിരിക്കുന്നു: (1പത്രൊ, 1:23) —  നാം ദൈവത്തിൽ നിന്നു ജനിച്ചിരിക്കുന്നു: (1യോഹ, 5:18).

33. നിന്റെ വചനം എന്നെ ജീവിപ്പിച്ചിരിക്കുന്നതു: (സങ്കീ, 119:50) —  പുത്രനും താൻ ഇച്ഛിക്കുന്നവരെ ജീവിപ്പിക്കുന്നു: (യോഹ, 5:21).

34. ഞാൻ ഒരു നാളും നിന്റെ പ്രമാണങ്ങളെ മറക്കയില്ല; അവയെക്കൊണ്ടല്ലോ നീ എന്നെ ജീവിപ്പിച്ചിരിക്കുന്നതു: (സങ്കീ, 119:93) — അതിക്രമങ്ങളാലും പാപങ്ങളാലും മരിച്ചവരായിരുന്ന നിങ്ങളെയും അവൻ ഉയിർപ്പിച്ചു: (എഫെ, 2:1).

35. രക്ഷയ്ക്കായി വളരുവാൻ വചനമെന്ന മായമില്ലാത്ത പാൽ കുടിപ്പാൻ വാഞ്ചിപ്പിൻ: (1പത്രോ, 2:2) —  എന്നെ തിന്നുന്നവൻ എന്മുലം ജീവിക്കും: (യോഹ, 6:57).

36. സത്യം നിങ്ങളെ സ്വതന്ത്രന്മാരാക്കുകയും ചെയ്യും: (യോഹ, 8:32-37) — ക്രിസ്തു നമ്മെ സ്വതന്ത്രരാക്കി: (ഗലാ, 5:1).

37. ഞാൻ നിങ്ങളോടു സംസാരിച്ച വചനം നിമിത്തം നിങ്ങൾ ഇപ്പോൾ ശുദ്ധിയുള്ളവരാകുന്നു: (യോഹ, 15:3) — യേശുവിന്റെ രക്തം സകല പാപവും പോക്കി നമ്മെ ശുദ്ധീകരിക്കുന്നു: (1യോഹ, 1:7).

38. ദൈവവചനത്താലും പ്രാർത്ഥനയാലും വിശുദ്ധീകരിക്കപ്പെടുന്നുവല്ലോ: (1തിമൊ, 4:5) — ക്രിസ്തുയേശുവിൽ വിശുദ്ധീകരി ക്കപ്പെട്ടവരും: (1കൊരി, 1:2).

39. നിന്നെ രക്ഷക്കു ജ്ഞാനിയാക്കുവാൻ മതിയായ തിരുവെഴുത്തുകളെ: (2തിമൊ, 3:14) —  അവൻ നമുക്കു ദൈവത്തിങ്കൽ നിന്നു ജ്ഞാനവും: (1കൊരി, 1:30).

40. സത്യത്താൽ അവരെ വിശുദ്ധീകരിക്കേണമേ; നിന്റെ വചനം സത്യം ആകുന്നു: (യോഹ, 17:17) — ആ ഇഷ്ടത്തിൽ നാം യേശുക്രിസ്തു ഒരിക്കലായി കഴിച്ച ശരീരയാഗത്താൽ വിശുദ്ധീകരിക്കപ്പെട്ടിരിക്കുന്നു: (എബ്രാ, 10:10).

41. അവൻ തന്റെ വചനത്തെ അയച്ച് അവരെ സൗഖ്യമാക്കി: (സങ്കീ, 107:20) — അവൻ അവരെ സൗഖ്യമാക്കി: (മത്താ, 4:25).

42. ഞാൻ സംസാരിച്ച വചനം തന്നെ ഒടുക്കത്തെ നാളിൽ അവനെ ന്യായം വിധിക്കും: (യോഹ, 12:48) — ജീവികൾക്കും മരിച്ചവർക്കും ന്യായവിസ്താരം നടത്തുവാനുള്ള ക്രിസ്തുയേശുവിനെയും: (2തിമൊ, 4:1). 

43. നിന്റെ വചനങ്ങൾ എനിക്കു സന്തോഷവും എന്റെ ഹൃദയത്തിന്നു ആനന്ദവും ആയി: (യിരെ, 15:16) — എന്റെ പരമാനന്ദമായ ദൈവത്തിങ്കലേക്കു ചെല്ലും: (സങ്കീ, 43:4).

തിരഞ്ഞെടുപ്പ്

തിരഞ്ഞെടുപ്പ് (election)

“നിങ്ങളോ അന്ധകാരത്തിൽനിന്നു തന്റെ അത്ഭുത പ്രകാശത്തിലേക്കു നിങ്ങളെ വിളിച്ചവന്റെ സൽഗുണങ്ങളെ ഘോഷിപ്പാന്തക്കവണ്ണം തിരഞ്ഞെടുക്കപ്പെട്ട ഒരു ജാതിയും രാജകീയപുരോഹിതവർഗ്ഗവും വിശുദ്ധവംശവും സ്വന്തജനവും ആകുന്നു.” (1പത്രൊ, 2:9)

ചില പ്രത്യേക വ്യക്തികളെയോ ഗണത്തയോ പ്രത്യേക അനുഗ്രഹത്തിനും വിശിഷ്ടാനുകൂല്യങ്ങൾക്കുമായി വേർതിരിക്കുന്നതാണ് തിരഞ്ഞെടുപ്പ്. പാപികളുടെ രക്ഷയുമായി ബന്ധപ്പെടുമ്പോൾ തിരഞ്ഞെടുപ്പ് മുന്നിയമന സിദ്ധാന്തത്തിന്റെ പ്രയുക്തിയാണ്. പഴയനിയമത്തിലും പുതിയനിയമത്തിലും ഒരുപോലെ പ്രാധാന്യമർഹിക്കുന്ന വിഷയമാണിത്. പുതിയനിയമത്തിൽ മാത്രം തിരഞ്ഞെടുപ്പ് 48 സ്ഥാനങ്ങളിലുണ്ട്. 

തിരഞ്ഞെടുക്കുക എന്ന അർത്ഥത്തിൽ പഴയനിയമത്തിൽ ഉപയോഗിച്ചിട്ടുള്ള പ്രധാനപ്പെട്ട എബ്രായധാതു ‘ബാഹർ (בָּחַר – bachar) ആണ്. ഒരു വലിയ ഗണത്തിലോ കൂട്ടത്തിലോ ഉൾപ്പെടുന്നവയെ എല്ലാം സൂക്ഷ്മപരിശോധനയ്ക്കു വിധേയമാക്കിയശേഷം ഒരു വ്യക്തിയെയോ വസ്തുവിനെയോ സ്വന്തം ഇച്ഛപോലെ തിരഞ്ഞെടുക്കുക എന്ന ആശയമാണ് ബാഹർ എന്ന ധാതുവിനുള്ളത്. കവിണക്കല്ലുകളെ തിരഞ്ഞെടുക്കുക (1ശമൂ, 17:40), ഭാര്യയെ തിരഞ്ഞെടുക്കുക (ഉല്പ, 6:2), നന്മ തിരഞ്ഞെടുക്കുക (യെശ, 7:15), ജീവനെ തിരഞ്ഞെടുക്കുക (ആവ, 30:20), യഹോവയുടെ സേവ തിരഞ്ഞെടുക്കുക (യോശു, 24:22) എന്നിവ ഉദാഹരണങ്ങൾ. ഈ എബ്രായ ധാതുവിന് സമാനമായ ഗ്രീക്കു ധാതു എക്ലെഗോമായ് (ἐκλέγομαι – eklegomai – മർക്കൊ, 13:20) ആണ്. തിരഞ്ഞെടുക്കപ്പെട്ടവർ എന്ന അർത്ഥത്തിൽ എബ്രായയിൽ ബാഹിർ(בָּחִיר – bachiyr -2ശമൂ, 21:6)-ഉം ഗ്രീക്കിൽ എക്ലെക്ടൊസും (ἐκλεκτός – eklektos – മത്താ, 20:16) പ്രയോഗിക്കുന്നു. തിരഞ്ഞെടുക്കുന്നതു ദൈവമാണ്. മോശെ വൃതനാണ് (സങ്കീ, 106:23). യിസ്രായേല്യരെ ദൈവം തിരഞ്ഞെടുത്തു എന്ന് ആറു പ്രാവശ്യം പറഞ്ഞിട്ടുണ്ട്: (1ദിന, 16:12; സങ്കീ, 105:5, 43; 106:4; യെശ, 43:20; 45:4). ശൗൽ രാജാവിനെയും (2ശമൂ, 21:6), ദാവീദിനെയും (സങ്കീ, 89:3) വൃതൻ എന്നു ഓരോ പ്രാവശ്യം രേഖപ്പെടുത്തിയിട്ടുണ്ട്. പ്രവചനത്തിൽ മശീഹയെ ഒരുപ്രാവശ്യം (യെശ, 42:1) വൃതൻ എന്നു വിളിച്ചിട്ടുണ്ട്. വീണ്ടെടുക്കപ്പെട്ട യിസ്രായേൽ ഭാവിയിൽ ദൈവത്തിന്റെ വൃതർ ആയിരിക്കും. (യെശ, 65:9, 15, 22). ക്രിസ്തുവിനെ സ്വന്തം രക്ഷിതാവായി സ്വീകരിച്ചവരെ പുതിയനിയമത്തിൽ 20 പ്രാവശ്യം തിരഞ്ഞെടുക്കപ്പെട്ടവർ എന്നു വിളിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിനെ കുറിക്കുന്ന ഗ്രീക്കുപദം ‘എക്ലോഗീ’ (ἐκλογή – ekloge – പ്രവൃ, 9:15) ആണ്.

പഴയനിയമത്തിൽ യിസ്രായേൽ ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനമാണ്. രണ്ടു പരസ്പര ബദ്ധമായ പ്രവൃത്തികളിലൂടെയാണ് ദൈവം അവരെ തിരഞ്ഞെടുത്തത്. ഒന്നാമതായി, ദൈവം അബ്രാഹാമിനെയും സന്തതിയെയും തിരഞ്ഞെടുത്തു. കല്ദയരുടെ പട്ടണമായ ഊരിൽ നിന്നും അബ്രാഹാമിനെ വിളിച്ചു വേർതിരിച്ച് വാഗ്ദത്തനാടായ കനാനിൽ കൊണ്ടു വന്നു. അനന്തരം അബ്രാഹാമിനോടും അവന്റെ സന്തതികളോടും ശാശ്വത നിയമം ചെയ്തു. ഈ നിയമമനുസരിച്ച് അബ്രാഹാമിൻ്റെ സന്തതിയിലൂടെ ഭൂമി അനുഗ്രഹിക്കപ്പെടും. (ഉല്പ, 11:31-12:7; 15:17; 22:15-18; നെഹെ, 9:7; യെശ, 41:8). രണ്ടാമതായി, മിസ്രയീമിലെ അടിമത്തത്തിൽനിന്നും വീണ്ടടുത്തുകൊണ്ട് യിസ്രായേലിനെ ദൈവം തന്റെ ജനമായി തിരഞ്ഞെടുത്തു. അബ്രാഹാമിനോടു ചെയ്ത നിയമം സീനായിയിൽ വച്ചു പുതുക്കി വാഗ്ദത്തദേശം അവർക്കു ജന്മഭൂമിയായി നല്കി. (പുറ, 3:6-10; ആവ, 6:2-23; സങ്കീ, 105). ഈ തിരഞ്ഞെടുപ്പുകളെ ദൈവത്തിന്റെ വിളി എന്നും പ്രസ്താവിച്ചിട്ടുണ്ട്. അബ്രാഹാമിനെയും അബ്രഹാമിന്റെ സന്തതികളെയും ദൈവം വിളിച്ചത് തന്റെ ജനമായിരിക്കുവാൻ വേണ്ടിയാണ്. 

തിരഞ്ഞെടുപ്പും മുന്നിയമനവും: രക്ഷിക്കപ്പെടുന്നവർ ആരെന്നത് ദൈവം മുന്നിർണ്ണയിച്ചു കഴിഞ്ഞു എന്നു വ്യക്തമാക്കുന്ന അനേകം ഭാഗങ്ങളുണ്ട്. പൗലൊസും ബർന്നബാസും ജാതികളുടെ ഇടയിൽ സുവിശേഷം പ്രസംഗിച്ചപ്പോൾ ഉണ്ടായ ഫലത്തെക്കുറിച്ച് ലൂക്കൊസ് എഴുതി: “ജാതികൾ ഇതു കേട്ടു സന്തോഷിച്ചു ദൈവവചനത്തെ മഹത്വപ്പെടുത്തി, നിത്യജീവനായി നിയമിക്കപ്പെട്ടവർ എല്ലാവരും വിശ്വസിച്ചു.” (അപ്പൊ, 13:48). എത്രപേർ വിശ്വസിച്ചു എന്ന ചോദ്യത്തിനുത്തരം നിത്യജീവനായി നിയമിക്കപ്പെട്ടവർ എന്നത്രേ. (ഒ.നോ: റോമ, 8:28-30). ഏശാവിനെ ഉപേക്ഷിച്ച് ദൈവം യാക്കോബിനെ തിരഞ്ഞെടുത്തു. (റോമ, 9:11,12,13). യിസ്രായേലിൽ തിരഞ്ഞെടുക്കപ്പെട്ടവർ മാത്രമാണ് രക്ഷ പ്രാപിച്ചത്. (റോമ, 11:7). “നാം തന്റെ സന്നിധിയിൽ വിശുദ്ധരും നിഷ്ക്കളങ്കരും ആകേണ്ടതിനു അവൻ ലോകസ്ഥാപനത്തിനു മുമ്പ് നമ്മെ അവനിൽ തിരഞ്ഞെടുക്കു കയും . . . . . സ്നേഹത്തിൽ നമ്മെ മുന്നിയമിക്കുകയും ചെയ്തുവല്ലോ.” (എഫെ, 1:4-6. ഒ.നോ: എഫെ, 1:11,12; 1കൊരി, 2:7). 

തിരഞ്ഞെടുപ്പിന്റെ സവിശേഷതകൾ: പുതിയനിയമത്തിൽ പൗലൊസിന്റെ ലേഖനങ്ങളിലാണ് തിരഞ്ഞെടുപ്പിനെക്കുറിച്ചുളള ദൈവശാസ്ത്രപരമായ വിചിന്തനം വ്യക്തമായി കാണുന്നത്: 

1. ദൈവത്തിന്റെ തിരഞ്ഞെടുപ്പ് കൃപയാലാണ്: പാപത്തിൽ വീണുപോയ മനുഷ്യവർഗ്ഗത്തോട് ദൈവം സൗജന്യമായി കാട്ടിയ കൃപയാണ് തിരഞ്ഞെടുപ്പ്. (റോമ, 11:5). മനുഷ്യൻ സാക്ഷാൽ അർഹിക്കുന്നത് ദൈവക്രോധം മാത്രമാണ്. (റോമ, 1:18). 

2. തിരഞ്ഞെടുപ്പ് ദൈവത്തിന്റെ സർവ്വാധികാരത്തിൽ പെടുന്നു: തിരുഹിതത്തിന്റെ പ്രസാദപ്രകാരമാണ് ദൈവം മനുഷ്യരെ തിരഞ്ഞെടുത്തത്. മനുഷ്യരുടെ പ്രവൃത്തികൾ അതിനു കാരണമല്ല. (എഫെ, 1:5, 9; റോമ, 9:11). പാപികളിൽ നിന്ന് ഒരു വിഭാഗത്തെ തന്റെ തേജസ്സിന്റെ ധനം വെളിപ്പെടുത്താനായി ദൈവം കരുണാപാത്രങ്ങളായി തിരഞ്ഞെടുത്തു. (റോമ, 9:23). പാപികളിൽ ചിലരെ അവർ അർഹിക്കുന്നത് അനുസരിച്ച് ഹൃദയകാഠിന്യത്തിനും നാശത്തിനും ഏല്പിച്ചു. (റോമ, 9:18, 21; 11:7-10). ഈ വിവേചനത്തിൽ അനീതിയായി ഒന്നുംതന്നെയില്ല. മത്സരികളായ മനുഷ്യരോടു എന്തു ചെയ്യാനുമുള്ള അവകാശം സ്രഷ്ടാവിനുണ്ട്. (റോമ, 9:14-21). ചിലരോടു ദൈവം കരുണ കാണിക്കുന്നില്ലെന്നതിനേക്കാൾ പ്രധാനം ചിലരോടു ദൈവം കരുണ കാണിക്കുന്നു എന്നതാണ്. അബ്രാഹാമിനോടുള്ള വാഗ്ദാനം ഏശാവിനെ ഉപേക്ഷിച്ചുകൊണ്ട് യാക്കോബിനു മാത്രമായി പരിമിതപ്പെടുത്തിയതിൽ നിന്നും ഇതു വ്യക്തമാണ്. (റോമ, 9:7-13). യിസ്രായേലിൽ നിന്നു ജനിച്ചവരെല്ലാം യിസ്രായേല്യർ അല്ല. തിരഞ്ഞെടുക്കപ്പെട്ട ജനത്തിനു വാഗ്ദാനം ചെയ്തിട്ടുള്ള രക്ഷ അനുഭവിക്കുന്നവരത്രേ യിസ്രായേലിലെ ശേഷിപ്പ്. (റോമ, 11:5; 9:27-29). 

3. തിരഞ്ഞെടുപ്പു നിത്യമാണ്: ഭൂതകാലനിത്യതയിൽ തന്നെ തിരഞ്ഞെടുപ്പു പൂർത്തിയായി. ലോകസ്ഥാപനത്തിനു മുമ്പു തന്നെ ദൈവത്തിന്റെ നിത്യമായ ആലോചനയിൽ മനുഷ്യനെ സംബന്ധിക്കുന്ന സകലകാര്യങ്ങളും നിർണ്ണയിച്ചു കഴിഞ്ഞു. “നാം തന്റെ സന്നിധിയിൽ വിശുദ്ധരും നിഷ്ക്കളങ്കരും ആകേണ്ടതിനു അവൻ ലോകസ്ഥാപനത്തിനു മുമ്പേ നമ്മ അവനിൽ തിരഞ്ഞെടുക്കുകയും.” (എഫെ, 1:4). തിരഞ്ഞെടുപ്പും വിളിയും പരസ്പര ബദ്ധമാണ്. (2തിമൊ, 1:9; 2തെസ്സ, 2:13,14). തിരഞ്ഞെടുപ്പു ദൈവത്തിന്റെ നിത്യനിർണ്ണയത്തിന്റെ ഭാഗമാണ്. (എഫെ, 1:9). 

4. തിരഞ്ഞെടുപ്പു ക്രിസ്തുവിലാണ്: (എഫെ, 1:4). ക്രിസ്തുവിന്റെ ജഡധാരണവും പ്രായശ്ചിത്ത മരണവും ദൈവത്തിന്റെ നിത്യനിർണ്ണയത്തിൽ ഉൾപ്പെട്ടതാണ്. പത്രൊസ് അപ്പൊസ്തലൻ ഈ വിഷയം സ്പഷ്ടമായി പ്രസ്താവിച്ചു: “ദൈവം നിങ്ങൾക്കു കാണിച്ചുതന്ന പുരുഷനായി നസറായനായ യേശുവിനെ ദൈവം തന്റെ സ്ഥിരനിർണ്ണയത്താലും മുന്നറിവിനാലും ഏല്പിച്ചിട്ടു, നിങ്ങൾ അവനെ അധർമ്മികളുടെ കയ്യാൽ തറപ്പിച്ചു കൊന്നു.” (പ്രവൃ, 2:23). “അവൻ ലോകസ്ഥാപനത്തിനു മുമ്പെ മുന്നറിയപ്പെട്ടവനും അവൻ മുഖാന്തരം ദൈവത്തിൽ വിശ്വസിക്കുന്ന നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്തു വെളിപ്പെട്ടവനും ആകുന്നു.” (1പത്രൊ, 1:20). ക്രിസ്തുവിലൂടെയുള്ള തിരഞ്ഞെടുപ്പിന്റെ ഫലം തിരഞ്ഞെടുക്കപ്പെട്ടവർ ക്രിസ്തുവിന്റെ രൂപത്തോടു അനുരൂപരാകുകയും ക്രിസ്തുവിന്റെ തേജസ്സിനു പങ്കാളികളാകുകയും ചെയ്യുക എന്നതത്രേ. “അവൻ മുന്നറിഞ്ഞവരെ തന്റെ പുത്രൻ അനേകം സഹോദരന്മാരിൽ ആദ്യജാതൻ ആകേണ്ടതിനു അവന്റെ സ്വരൂപത്തോടു അനുരൂപരാകുവാൻ മുന്നിയമിച്ചുമിരിക്കുന്നു.” (റോമ, 8:29,30). ക്രിസ്തുവിലൂടെ രക്ഷ പ്രാപിക്കുന്നവർ ദൈവം ക്രിസ്തുവിനു നല്കിയ ഇഷ്ടദാനമാണ്. ദൈവം ക്രിസ്തുവിനു നല്കിയവരാണ് തിരഞ്ഞെടുക്കപ്പെട്ടവർ. അവർക്കു ക്രിസ്തു നിത്യജീവൻ നല്കുന്നു. (യോഹ, 17:2, 6, 9, 24). 

തിരഞ്ഞെടുപ്പിന്റെ ലക്ഷ്യവും ഫലവും: തിരഞ്ഞെടുപ്പിന്റെ ആത്യന്തികലക്ഷ്യം ദൈവനാമ മഹത്വമാണ്. തിരഞ്ഞെടുപ്പിലൂടെ ലഭിച്ച വിശിഷ്ട പദവിയും ആനുകൂല്യങ്ങളും നിമിത്തം യിസ്രായേൽ ദൈവത്തിനു സ്തോത്രം ചെയ്യുകയും അവന്റെ സ്തുതി പ്രസ്താവിക്കുകയും ചെയ്തുകൊണ്ട് ദൈവത്തിനു മഹത്വവും ബഹുമാനവും നല്കുന്നു. (യെശ, 43:20; സങ്കീ, 79:13; 96:1-10). ഒരു വിശ്വാസി ദൈവത്തിൽ പ്രശംസിച്ച് (1കൊരി, 1:31) ദൈവത്തിനു എന്നേക്കും മഹത്വം നല്കേണ്ടതാണ്. (റോമ, 11:36; എഫെ, 1:5,6, 12). തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള ദൈവിക വെളിപ്പാട് വാദപ്രതിവാദത്തിലേക്കല്ല ആരാധനയിലേക്കാണ് നയിക്കേണ്ടത്. 

1.ദൈവത്തിന്റെ ആർദ്രനേഹം വെളിപ്പെടുത്തുകയാണ് തിരഞ്ഞെടുപ്പ്: തന്റെ പ്രത്യേക സ്നേഹത്തിനു പാത്രമായതുകൊണ്ടാണ് യഹോവ യിസ്രായേലിനെ തിരഞ്ഞെടുത്തത്. യിസ്രായേൽ ദൈവത്തെ തിരഞ്ഞെടുക്കകയോ ദൈവത്തിന്റെ പ്രീതി അർഹിക്കുകയോ ചെയ്തില്ല. അവർ സംഖ്യയിൽ കുറവുളളവരും ദുർബലരും മത്സരികളും ആയിരുന്നു. (ആവ, 7:7; 9:4,5,6; 23:5). തിരുഹിതത്തിന്റെ പ്രസാദപ്രകാരമായിരുന്നു യിസ്രായേലിൻ്റെ തിരഞ്ഞെടുപ്പ്. പുതിയനിയമത്തിൽ സഭയുടെ തിരഞ്ഞടുപ്പിനും കാരണമായതു ദൈവത്തിന്റെ സ്നേഹം മാത്രം. പാപികളും അഭക്തരും ബലഹീനരും ശത്രുക്കളും (റോമ, 5:6, 8, 10) ആയി അതിക്രമങ്ങളാലും പാപങ്ങളാലും മരിച്ചവരെ (എഫെ, 2:1) ആണ് ദൈവം തിരഞ്ഞെടുത്തത്. (യോഹ, 3:16). 

2 തിരഞ്ഞെടുപ്പ് വിശ്വാസിയുടെ നിത്യരക്ഷ ഉറപ്പാക്കുന്നു. ഒരു വ്യക്തി ഇപ്പോൾ ക്യയിലാണെങ്കിൽ അവൻ എന്നേക്കും കൃപയിൽ തന്നെയാണ്. അവൻ നീതികരണം ഒന്നിനാലും ബാധിക്കപ്പെടുകയില്ല. (റോമ, 8:33). ക്രിസ്തുവിലുള്ള ദൈവസ്നേഹത്തിൽ നിന്ന് അവനെ വേർപെടുത്തുവാൻ ഒന്നിനും കഴിയുകയില്ല. (റോമ, 8:35-39). 

3. തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള ചിന്ത ഒരു വിശ്വാസിയെ സൽപ്രവൃത്തികൾക്കു പ്രേരിപ്പിക്കുന്നു. ദുർന്നടപ്പ്, അഹങ്കാരം തുടങ്ങിയവ വിട്ടൊഴിഞ്ഞ് സ്വയം താഴ്ത്തി ദൈവത്തിനു സ്തോത്രം ചെയ്തുകൊണ്ടു വിശുദ്ധജീവിതം ചെയ്യുവാൻ അവനു പ്രചോദനം നല്കുന്നു. (റോമ, 11:19-22; കൊലൊ, 3:12-17). 

പ്രതിവാദങ്ങൾ: 1. തിരഞ്ഞെടുക്കപ്പെടാത്തവരെ സംബന്ധിച്ചിടത്തോളം തിരഞ്ഞെടുപ്പ് അനീതിയും പക്ഷപാതപരവുമാണ്. എല്ലാ മനുഷ്യരും നല്ലവരാണെങ്കിൽ അവരിൽ നിന്ന് ഒരു വിഭാഗത്തെ തിരഞ്ഞെടുത്ത് മറ്റുള്ളവരെ പൂർണ്ണനാശത്തിനു ഉപേക്ഷിക്കുന്നത് അനീതിയാണ്. എന്നാൽ എല്ലാവരും പാപികളായിരിക്കെ അവരിൽ നിന്ന് ചിലരെയെങ്കിലും തിരഞ്ഞെടുക്കുന്നത് ദൈവത്തിന്റെ കൃപാമഹത്വം എന്നേ പറയേണ്ടു. അതിനു ദൈവത്തെ മഹത്വപ്പെടുത്തുകയാണു വേണ്ടത്. (റോമ, 3:23, 25). ദൈവിക തിരഞ്ഞെടുപ്പിന് അടിസ്ഥാനമായി ഒരു ഗുണവും മനുഷ്യനിലില്ല. ഏതെങ്കിലും ഗുണം അടിസ്ഥാനമായി ഉണ്ടെങ്കിലും അതു മാനദണ്ഡമായി സ്വീകരിക്കപ്പെട്ടിരുന്നെങ്കിലും അതിനു വിരുദ്ധമായി ചെയ്യുന്ന തിരഞ്ഞെടുപ്പിൽ മാത്രമേ പക്ഷപാതം ആരോപിക്കാനാവു. (റോമ, 9:18-24). 

2. തിരഞ്ഞെടുപ്പനുസരിച്ച് ക്രിസ്തുവിനെ സ്വീകരിക്കണമോ വേണ്ടയോ എന്നു തീരുമാനിക്കേണ്ട അവകാശം വ്യക്തിക്കില്ല. കാൽവിന്റെ ഉപദേശമനുസരിച്ച് രക്ഷിക്കപ്പെടുന്നവരുടെ സംഖ്യ മുന്നിർണ്ണയിച്ചു കഴിഞ്ഞു. ആ നിലയ്ക്കു സുവിശേഷവേല നിഷ്പ്രയോജനമാണ്. തിരിഞ്ഞെടുപ്പ് ഒരു രഹസ്യ നിർണ്ണയമാണ്. അതു സുവിശേഷവേലയ്ക്ക് തടസ്സം സൃഷ്ടിക്കാതെ പ്രചോദനം നല്കുന്നു. മുന്നിയമനം ഇല്ലെന്നു വരികിൽ എല്ലാവരും നഷ്ടപ്പെട്ടു പോകും. (പ്രവൃ, 18:10). ദൈവത്തിന്റെ തിരഞ്ഞെടുപ്പു പൂർത്തിയാകുന്നത് സുവിശേഷ പ്രവർത്തനത്തിലൂടെയാണ്. (പ്രവൃ, 13:48; 2തിമൊ, 2:10). ക്രിസ്തുവിനെ സ്വീകരിക്കുവാനും നിഷേധിക്കുവാനുമുളള സ്വാതന്ത്യം വ്യക്തികൾക്കുണ്ട്. വ്യക്തിയുടെ തീരുമാനം സ്വമേധയാ ഉള്ളതാണ്. എന്നാൽ ഈ തീരുമാനം പൂർണ്ണസ്വതന്ത്രമെന്നു പറയുവാൻ കഴിയുകയില്ല. ദൈവം ഇച്ഛാശക്തിയിലൂടെ പ്രവർത്തിക്കുകയും മുന്നിയമനം അനുസരിച്ചുളള തീരുമാനത്തിലേക്കു നയിക്കുകയും ചെയ്യുന്നു. 

3. തിരഞ്ഞെടുപ്പിന്റെ നിർണ്ണയം ശാപനിർണ്ണയം ഉൾക്കൊള്ളുന്നു. ഈ ശാപത്തിന്റെ ഉത്തരവാദിത്വം ദൈവത്തിനാണ്. സ്വയം തിരഞ്ഞെടുത്ത ലംഘനത്തിന്റെയും മത്സരത്തിൻ്റെയും ഫലം അനുഭവിക്കാൻ പാപിയെ ഉപേക്ഷിക്കുന്നത് ദൈവത്തിന്റെ അനുവദനീയ നിർണ്ണയം മാത്രമാണ്. തിരഞ്ഞെടുപ്പിൽ ദൈവം ഇടപെടുന്നത് പാപികളായ മനുഷ്യവർഗ്ഗത്തോടാണ്. ദൈവത്തിൻ്റെ തിരഞ്ഞെടുപ്പ് തൻ്റെ സർവ്വജ്ഞാനത്താലാണ്. ദൈവകൃപ സ്വീകരിക്കുന്നവർ ആരെന്നും, വൃഥാവാക്കുന്നവർ ആരെന്നുമുള്ള മുന്നറിവിലാണ് ദൈവത്തിൻ്റെ തിരഞ്ഞെടുപ്പ്. ഏതൊരു വ്യക്തിയും രക്ഷിക്കപ്പെടുന്നത് ദൈവകൃപയാലാണ്. തിരഞ്ഞെടുപ്പിൽ ഉൾപ്പെടാത്തവർ തങ്ങളുടെ പാപത്തിനു യോഗ്യമായ ശിക്ഷ മാത്രമേ അനുഭവിക്കുന്നുള്ളൂ. ദൈവം ചിലരെ നരകത്തിനു തിരഞ്ഞെടുത്തു എന്നു പറയുന്നതു തെറ്റാണ്. അവർ വചനം അനുസരിക്കായ്കയാൽ ഇടറിപ്പോകുന്നു (1പത്രൊ, 2:8) എന്നെഴുതുമ്പോൾ പത്രൊസ് വ്യക്തമാക്കുന്നത് അവർ അനുസരണക്കേടിനു നിയമിക്കപ്പെട്ടു എന്നല്ല, മറിച്ച് അനുസരണം കെട്ടവരാകയാൽ ഇടറിപ്പോകാൻ നിയമിക്കപ്പെട്ടു എന്നത്രേ. ആരും നശിച്ചുപോകാതെ എല്ലാവരും മാനസാന്തരപ്പെടണമെന്നതാണ് ദൈവഹിതം. (2പത്രൊ, 3:9; യെഹെ, 33:11; യോഹ, 3:16; 1തിമൊ, 2:6).

താക്കോൽ

താക്കോൽ (key)

പൂട്ടു തുറക്കുന്നതും പുട്ടുന്നതും താക്കോലുപയോഗിച്ചാണ്. സഭയിലായാലും, രാഷ്ടത്തിലായാലും അധികാരത്തിൻ്റെയും ശക്തിയുടെയും പ്രതീകമാണ് താക്കോൽ. രാജാവിന്റെ പ്രധാനോപദേഷ്ടാവായ എല്യാക്കീമിന്റെ കയ്യിൽ ദാവീദുഗൃഹത്തിന്റെ താക്കോൽ കൊടുക്കുമെന്നു യെശയ്യാവ് പ്രസ്താവിച്ചു. (22:22). രാജകീയ ഭണ്ഡാരത്തിൻ്റെ മേൽനോട്ടവും, രാജാവിന്റെ ശുശ്രൂഷയ്ക്കു സ്വീകരിക്കേണ്ടതും ഒഴിവാക്കേണ്ടതും ആരെയാണെന്നുള്ള വിവേചനാധികാരവും താക്കോലിൽ ഉൾപ്പെടുന്നു. ഉന്നതമായ അർത്ഥത്തിൽ ദാവീദു ഗൃഹത്തിന്റെ ഭരണം കർത്താവിന്റെ കരങ്ങളിലാണ്. അതിനാലാണ് ക്രിസ്തുവിനെ ദാവീദിന്റെ താക്കോലുളളവനെന്നു പറഞ്ഞിരിക്കുന്നത്. (വെളി, 3:7). ക്രിസ്തു ദൈവരാജ്യത്തിന്റെ താക്കോൽ അപ്പൊസ്തലന്മാരിൽ പ്രധാനിയായ പത്രോസിനും (മത്താ, 16:19), തുടർന്നു മറ്റപ്പൊസ്തലന്മാർക്കും നല്കി. (മത്താ, 18:18; യോഹ, 20:23). “ന്യായശാസ്ത്രിമാരായ നിങ്ങൾക്കു അയ്യോ കഷ്ടം; നിങ്ങൾ പരിജ്ഞാനത്തിന്റെ താക്കോൽ എടുത്തുകളഞ്ഞു; നിങ്ങൾ തന്നെ കടന്നില്ല; കടക്കുന്നവരെ തടുത്തും കള ഞ്ഞു.” (ലൂക്കൊ, 11:52). പരിജ്ഞാനത്തിന്റെ താക്കോൽ തിരുവെഴുത്തുകളാണ്. ന്യായശാസ്ത്രിമാർ അതു കൈക്കലാക്കി. അവർ കടക്കുകയോ മറ്റുളളവരെ കടക്കാൻ അനുവദിക്കുകയോ ചെയ്യുന്നില്ല. ‘മരണത്തിന്റെയും പാതാളത്തിന്റെയും താക്കോൽ’ (വെളി, 1:18) ക്രിസ്തുവിനു മനുഷ്യരുടെ ആത്മാക്കളുടെയും ശരീരങ്ങളുടെയും മേലുള്ള അധികാരത്തെ സൂചിപ്പിക്കുന്നു. സകലതിൻ്റെയും സൃഷ്ടിതാവെന്ന നിലയിലും മരിച്ചുയിർത്തവനെന്ന നിലയിലും ക്രിസ്തുവിനു മരണത്തിന്മേലും പാതാളത്തിന്മേലും അധികാരമുണ്ട്. അഗാധ കൂപത്തിന്റെ താക്കോൽ അതിന്മേലുള്ള അധികാരത്തെ കാണിക്കുന്നു. (വെളി, 9:1; 20:1).

തല്മൂദ്

തല്മൂദ് (Talmud)

യെഹൂദ വാമൊഴി പാരമ്പര്യങ്ങൾ ക്രോഡീകരിച്ച ഗ്രന്ഥം. ദൈവം സീനായിൽവെച്ച് മോശെയ്ക്ക് ഇതു പറഞ്ഞുകൊടുത്തു എന്നു യെഹൂദന്മാർ വിശ്വസിക്കുന്നു. യഥാർത്ഥത്തിൽ ഇത് യെഹൂദ റബ്ബിമാരുടെ വർഷങ്ങളായുള്ള ജ്ഞാനവചനങ്ങളുടെ ശേഖരമാണ്. തല്മൂദിൻ്റെ എഴുതപ്പെട്ട രണ്ടു വ്യത്യസ്ത പതിപ്പുകളുണ്ട്. ബാബിലോണിയൻ (ബാബ്ലി) അഥവാ ചെറിയത്. പൂർത്തിയാകാത്ത പലസ്തീനിയൻ അഥവാ യെറുഷല്മി.

തല്മൂദ് എന്ന നാലു വ്യഞ്ജനാക്ഷരങ്ങളുള്ള ഒരു സന്നിഗ്ദ്ധ ധാതുവിൽ നിന്നാണ് തല്മൂദ് എന്ന പദത്തെ നിഷ്പാദിപ്പിച്ചിരുന്നത. ലാമാദ് (പഠിക്കുക), ലിമ്മേദ് (പഠിപ്പിക്കുക) എന്നീ ധാതുക്കളിൽ നിന്നു തല്മൂദ് എന്ന പദം രൂപം കൊണ്ടതായി ഇന്നു പൊതുവെ കരുതപ്പെടുന്നുണ്ട്. എസ്രായുടെ കാലം മുതൽ എ.ഡി. ആറാം നൂറ്റാണ്ടിന്റെ മദ്ധ്യം വരെ ഉദ്ദേശം ആയിരം വർഷത്തിനിടയ്ക്ക് രൂപം കൊണ്ട ബൈബിൾ വ്യാഖ്യാനങ്ങളും, ചട്ടങ്ങളും, സുഭാഷിതങ്ങളും തലമുദ് ഉൾക്കൊള്ളുന്നു. തല്മൂദ് ആദ്യം വാചിക രൂപത്തിലായിരുന്നു. ലിഖിത ന്യായപ്രമാണത്തിനു പുറമെ, സീനായി പർവ്വതത്തിൽ വച്ച് ദൈവവും മോശയുമായി നടന്ന സംഭാഷണം മുതൽ ഒരു വാചികമായ ന്യായപ്രമാണം തലമുറകളിലേക്കു കൈമാറി വന്നു എന്ന വിശ്വാസത്തിൽ നിന്നു വികാസം പ്രാപിച്ചതാണു് തല്മൂദ്. ഈ വാചിക ന്യായപ്രമാണം ജനത്തിന്റെ ഉള്ളിൽ പ്രതിഷ്ഠിക്കുന്നതിന് ന്യായപ്രമാണ ദാതാവും പ്രവാചകന്മാരും അശ്രാന്ത പരിശ്രമം നടത്തി. പള്ളികളിലും പാഠശാലകളിലും ബൈബിളിനെ അടിസ്ഥാനമാക്കി ഉപദേഷ്ടാക്കന്മാർ നല്കിയ ഉപദേശങ്ങളുടെയും വ്യാഖ്യാനങ്ങളുടെയും ആധിക്യം നിമിത്തം അവ സ്മൃതിയിൽ സൂക്ഷിക്കുക പ്രയാസമായപ്പോൾ അവയെ സമാഹരിച്ചു പ്രസാധനം ചെയ്യേണ്ടിവന്നു. തല്മൂദിന്റെ ഉത്ഭവം അങ്ങനെയായിരുന്നു. എബ്രായ പഴയനിയമം കഴിഞ്ഞാൽ യെഹൂദ ജനതയുടെ മേൽ ഏറ്റവും സ്വാധീനം ചെലുത്തിയത് തല്മൂദാണ്. യാഥാസ്ഥിതിക യെഹൂദന്മാർ ജീവിതത്തിൻ്റെയും വിശ്വാസത്തിൻറയും മാനദണ്ഡമായി തല്മൂദിനെ മാനിക്കുന്നു. ഉല്പതിഷ്ണുക്കളായ യെഹൂദന്മാർ തല്മൂദിനെ ആദരണീയമായി കരുതുന്നു എങ്കിലും ആധികാരികമായി അംഗീകരിക്കുന്നില്ല. യെഹൂദന്മാരുടെ പഴയനിയമ വ്യാഖ്യാനരീതി തല്മൂദിൽ നിന്നു മനസ്സിലാക്കാവുന്നതാണ്. 

തല്മൂദ് ഒന്നാമതായി ലിഖിത ന്യായപ്രമാണത്തിലെ വിധികളെയും ചട്ടങ്ങളെയും വ്യാഖ്യാനിച്ച് അവയുടെ ഉള്ളടക്കവും വ്യാപ്തിയും വിശദമാക്കുന്നു. വാചിക ന്യായപ്രമാണം കൂടാതെ ലിഖിത ന്യായപ്രമാണം അനുഷ്ഠിക്കാൻ അസാദ്ധ്യമാണ്. ‘വേല’ എന്ന പദത്തിന്റെ വ്യാപ്തി അറിയാതെ ശബ്ബത്തിനെക്കുറിച്ചുള്ള കല്പന അനുസരിക്കുന്നതു പ്രയാസമാണ്. രണ്ടാമതായി ലിഖിത ന്യായപ്രമാണത്തിലെ വിധികളെയും ചട്ടങ്ങളെയും യിസ്രായേലിൻ മാറിവരുന്ന പരിതഃസ്ഥിതികളോടു തല്മൂദ് പൊരുത്തപ്പെടുത്തുന്നു. എസ്രായുടെ കാലത്തെ മഹാസഭയ്ക്ക് ഈ അധികാരം ഉണ്ടെന്നു കരുതപ്പെട്ടിരുന്നു. എന്നാൽ ഈ അവകാശവാദത്തിന് അനുകൂലമായി തെളിവുകളൊന്നും ഇല്ല.  

മിദ്രാഷും മിഷ്ണയും: തല്മൂദിന്റെ പൂർവ്വ വർത്തികളായിരുന്നു മിദ്രാഷും മിഷ്ണയും. ‘അന്വേഷിച്ചു കണ്ടെത്തുക, പരിശോധന കഴിക്കുക’ എന്നീ അർത്ഥങ്ങളുള്ള ‘ദാറാഷ്’ എന്ന എബായ ധാതുവിൽ നിന്നാണ് മിദ്രാഷിന്റെ നിഷ്പത്തി. ഉപരിതലത്തിൽ ദൃശ്യമല്ലാത്ത ഒരാശയം അഥവാ ചിന്ത കണ്ടെത്തുക എന്നർത്ഥം. ബൈബിൾ പാഠം വിശദമാക്കുമ്പോൾ നിയമപരമായ ഉപദേശം ഉരുത്തിരിയുകയാണെങ്കിൽ അതു മിദ്രാഷ് ഹലഖാഹ് ആണ്; നിയമപരമല്ലാത്തതും, നൈതികവും ഭക്തി പ്രധാനവും ആയ ഉപദേശം രൂപം കൊണ്ടാൽ അത് മിദ്രാഷ് ഹഗ്ഗദാഹ് ആണ്. ബി.സി. 444-ലെ മഹാസഭായോഗത്തിൽ ന്യായപ്രമാണം പരസ്യമായി വായിച്ചപ്പോൾ എസ്രായും കൂട്ടരും മിദ്രാഷ് മാതൃകയിലുള്ള വ്യാഖ്യാനരീതിയാണ് പിന്തുടർന്നത്. എസ്രായെ തുടർന്നു വന്ന ശാസ്ത്രിമാർ (സോഫെറീം) മിദ്രാഷ് രീതിയെ പിൻപറ്റി. ബി.സി. 270-ൽ ശാസ്ത്രിമാരുടെ പ്രവർത്തനം അവസാനിച്ചു. പിന്നീട് അഞ്ചു ജോടി ഗുരുക്കന്മാർ (സുഗോത്) ഉദയം ചെയ്തു. അവരിൽ ഏറ്റവും മഹാന്മാരും അന്ത്യന്മാരുമാണ് ഷമ്മായിയും ഹില്ലേലും (ബി.സി. ഒന്നാം ശതകത്തിൻറെ അന്ത്യം) ഗുരുക്കന്മാരുടെ (സുഗോത്) ഒരു പുതിയ അദ്ധ്യാപന രീതി ഉടലെടുത്തു. മിദ്രാഷ് രീതിക്കു വിരുദ്ധമായി തിരുവെഴുത്തുകളെ പരാമർശിക്കാതെ അവർ വാചിക ന്യായപ്രമാണം പഠിപ്പിച്ചു. ഏതു വിഷയവും പഠിപ്പിക്കാനുള്ള സാദ്ധ്യത അങ്ങനെ ഉരുത്തിരിഞ്ഞു. വാചികമായ ന്യായപ്രമാണത്തെ ഖണ്ഡിക്കുവാൻ ലിഖിത ന്യായപ്രമാണ പാഠത്തെ സദൂക്യർ ഉപയോഗപ്പെടുത്തിയതാണ് അതിനു പ്രധാന കാരണം. ആവർത്തനം കൊണ്ടാണ് വാചിക ന്യായപ്രമാണം നിലനിന്നത്. അതിനാൽ പുതിയ അദ്ധ്യാപനരീതിക്കു മിഷ്ണ (ആവർത്തനം) എന്ന പേർ ലഭിച്ചു. ഷമ്മായിയുടെയും ഹില്ലേലിന്റെയും കാലത്തു തന്നെ മിഷണയുടെ സമാഹൃതരൂപം ഉണ്ടായിരുന്നു. അക്കിബാ റബ്ബിയും മിഷ്ണ സമാഹരിച്ചിട്ടുണ്ട്. ഇവയെ പ്രയോജനപ്പെടുത്തി പ്രഭു എന്ന അപരനാമത്തിൽ അറിയപ്പെട്ട യെഹൂദാ റബ്ബി മിഷ്ണയെ സമാഹരിച്ചു. ഈ മിഷ്ണ ജനസമ്മതി നേടുകയും പലസ്തീനിലെയും ബാബിലോണിലെയും പാഠശാലകളിൽ പലനൂറ്റാണ്ടുകൾ പാഠപുസ്തകമായി തുടരുകയും ചെയ്തു. നിയമങ്ങൾക്ക് എ.ഡി. 200-500 കാലയളവിൽ റബ്ബിമാർ നല്കിയി വ്യാഖ്യാനങ്ങൾ ഗെമറ (പൂർത്തീകരണം) എന്ന പേരിലറിയപ്പെട്ടു. മിഷണയും ഗെമറയും കൂടിച്ചേർന്നതാണ് തല്മൂദ്.

തല്മൂദിൻ്റെ വിഭാഗങ്ങൾ: തല്മൂദിനെ വിഭാഗിച്ചിരിക്കുന്നത് മൂന്നു തത്വങ്ങളിലാണ്. 1. വിഷയം, 2. ബെബിളിലെ ക്രമം, 3. സംഖ്യ തുടങ്ങിയ കൃത്രിമ ഉപാധികൾ. തല്മൂദിന് ആറുവിഭാഗങ്ങൾ (സെദാറീം) ഉണ്ട് . ഓരോ വിഭാഗത്തെയും ലേഖനങ്ങൾ (മസ്സെഖ്തോത്) ആയി തിരിച്ചു. അറുപത്തിമൂന്നു ലേഖനങ്ങളുണ്ട്. ലേഖനത്ത അദ്ധ്യായങ്ങൾ (പെറാക്കീം) ആയി വിഭജിച്ചിട്ടുണ്ട്.

1. സെറായീം — വിത്തുകൾ (Seeds): കാർഷിക നിയമങ്ങൾ. ഭൂമി കൃഷി ചെയ്യുന്നതിനോടുള്ള ബന്ധത്തിൽ അനുഷ്ഠിക്കേണ്ട മതപരമായ കർത്തവ്യങ്ങളും, കാർഷികോത്പന്നങ്ങളിൽ നിന്നു പുരോഹിതനും, ലേവ്യനും, ദരിദ്രനും കൊടുക്കേണ്ട വിഹിതത്തെക്കുറിച്ചുള്ള കല്പനകളും ഉൾക്കൊള്ളുന്നു.

2. മൊ എദ് — പെരുനാളുകൾ (festivals): ശബ്ബത്തു, ഉത്സവങ്ങൾ, ഉപവാസങ്ങൾ എന്നിവയെക്കുറിച്ചുള്ള നിയമങ്ങൾ. ഉത്സവങ്ങൾക്ക് അർപ്പിക്കേണ്ട യാഗങ്ങളെക്കുറിച്ചുള്ള വിവരണങ്ങളും ഉണ്ട്. 

3. നാഷീം — സ്ത്രീകൾ (women): വിവാഹം, വിവാഹമോചനം, ദേവരവിവാഹം എന്നിവയെ സംബന്ധിക്കുന്ന നിയമങ്ങൾ; നാസീർ വതത്തിന്റെ വിധികൾ.

4. നെസിക്കിൽ — നഷ്ടപരിഹാരം (fines): പൗരസംബന്ധമായ നിയമങ്ങൾ, ശിക്ഷാനിയമങ്ങൾ, വാണിജ്യ ഇടപാടുകൾ, റബ്ബിമാരുടെ സുഭാഷിതങ്ങൾ. 

5. കൊദഷീം — വിശുദ്ധ വസ്തുക്കൾ (consecrated things): വിശുദ്ധമന്ദിരം, യാഗാർപ്പണങ്ങൾ ആദ്യജാതൻ എന്നിവയെ സംബന്ധിക്കുന്ന നിയമങ്ങൾ. ഹെരോദാവിൻറ ദൈവാലയത്തെക്കുറിച്ചുള്ള വർണ്ണനയും ഉണ്ട്. 

6. ഗൊഹൊറൊത് — ശുദ്ധീകരണം (purifications): കാർമ്മികമായ ശുദ്ധിയും അശുദ്ധിയും, ശുദ്ധാശുദ്ധ വ്യക്തികൾ വിശുദ്ധീകരണം.

രണ്ടുപാഠങ്ങൾ: സംക്ഷിപ്ത, വ്യക്തത, സമഗ്രത എന്നീ ഗുണങ്ങൾ മിഷ്ണയ്ക്കുണ്ട്. പലസ്തീനിലെയും ബാബിലോണിലെയും റബ്ബിമാരുടെ വിദ്യാകേന്ദ്രങ്ങളിൽ മിഷ്ണ പാഠ്യവിഷയമായി. തൽഫലമായി മിഷയ്ക്ക് പലസ്തീന്യൻ പാഠവും ബാബിലോന്യൻ പാഠവും നിലവിൽ വന്നു. ഈ പഠനകേന്ദ്രങ്ങളിൽ നടന്ന ചർച്ച ന്യായപ്രമാണ പഠനത്തിന്റെ കേന്ദ്രബിന്ദുവായി മാറി. അതാണ് തല്മൂദ് എന്നറിയപ്പെട്ടത്. തല്മൂദിലെ ചർച്ചകൾ അധികവും സംവാദരീതിയിലാണ്. ചോദ്യം അവതരിപ്പിക്കുകയും മറുപടി ആരായുകയും ചെയ്യുകയായിരുന്നു. നിലവിലുള്ള തല്മൂദ് മിഷ്ണയുടെ മൂന്നിൽ രണ്ടു ഭാഗത്തിന്റെ വ്യാഖ്യാനമാണ്. 

പലസ്തീനിയൻ തലമൂദിന് യെറുഷല്മി എന്നും പേരുണ്ട്. തിബെര്യാസ്. കൈസര്യ, സെഫോറിസ് എന്നീ വിദ്യാകേന്ദ്രങ്ങളാണ് പലസ്തീനിയൻ തല്മൂദിനു ജന്മം നല്കിയത്. ആദ്യത്തെ നാലു വിഭാഗങ്ങൾക്കു മാത്രമേ പലസ്തീനിയൻ തല്മൂദിൽ ഗെമറ ഉള്ളു. പാശ്ചാത്യ അരാമ്യ ഭാഷയിലാണു രചന. എ.ഡി. മൂന്നും നാലും നൂറ്റാണ്ടുകളിൽ പലസ്തീനിലെ യെഹൂദന്മാർ റോമൻ ഭരണാധികാരികളുടെ കഠിന പീഡനത്തിനു വിധേയരായി. അക്കാലത്തു ധൃതിയിൽ സമാഹരിച്ചതുകൊണ്ടു പലസ്തീനിയൻ തല്മൂദ് അപൂർണ്ണമായിപ്പോയി. ബാബിലോന്യൻ തല്മൂദ് പൌരസ്ത്യ അരാമ്യയിലാണ് രചിക്കപ്പെട്ടത്. യെഹൂദാറബ്ബിയുടെ മിഷണയെ അടിസ്ഥാനമാക്കി ബാബിലോന്യൻ കേന്ദ്രങ്ങളിൽ നടന്ന ചർച്ചകളാണ് ഈ തലമൂദിലെ ഉള്ളടക്കം. ബാബിലോന്യൻ തല്മൂദിൻറ ഉത്പത്തിക്കു ഹേതുഭൂതനായ അബ്ബാ അറികാ (Abba Arika) യെഹൂദാ റബിയുടെ കീഴിൽ മിഷ്ണ അഭ്യസിച്ച വ്യക്തിയാണ്. 

ഗെമറകൾ: യഹൂദമതത്തിലെ വാചിക നിയമങ്ങളുടെ കച്ചിക്കുറുക്കിയ സംഗ്രമായ മിഷ്ണ അതിന്റെ സംക്ഷിപ്തതയ്ക്കു പേരെടുത്തിരിക്കുന്നു. വിശദീകരണങ്ങളും കഥാഖ്യാനങ്ങളും അതിൽ തികച്ചും ഒഴിവാക്കപ്പെട്ടിരിക്കുന്നു. വിഷയ പ്രതിപാദനത്തിൽ ഇതിനു നേർവിപരീതമായ സമീപനം പിന്തുടരുന്ന ഗെമറകൾ എഴുതപ്പെട്ടിരിക്കുന്നത് അരമായ ഭാഷയിലാണ്. മിഷ്ണയിലെ വിടവുകൾ ദീർഘമായ വിശദീകരണങ്ങളും ഉദാഹരണങ്ങളും കൊണ്ട് നികത്താൻ ഗെമറകൾ ശ്രമിക്കുന്നു. ഇടക്ക് അവ കാടുകയറുന്നതായിപ്പോലും തോന്നാം. മിഷ്ണയുടെ ഉള്ളടക്കം മിക്കവാറും, നിയമാവതരണം എന്നു പറയാവുന്ന ‘ഹലഖ’ (Halakha) ആണെങ്കിൽ, മതനിയമങ്ങളുമായി നേരിട്ടു ബന്ധമില്ലാത്ത ചർച്ചകളും, കഥകളും ചേർന്ന ‘ഹഗ്ഗദ്ദ’ (Haggada) കൂടി ചേർന്നതാണ് ഗെമാറകൾ.

മനുഷ്യജീവിതത്തേയും മനുഷ്യാവസ്ഥയെ തന്നേയും സംബന്ധിച്ച് തീവ്രസംവാദങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന യഹൂദമനീഷിമാർ ഗെമറകളിൽ പ്രത്യക്ഷപ്പെടുന്നു.

“രണ്ടരവർഷക്കാലം ഷമ്മായി ഭവനവും ഹില്ലേൽ ഭവനവും തർക്കിച്ചുകൊണ്ടിരുന്നു: മനുഷ്യന് സൃഷ്ടിക്കപ്പെടുന്നതിനേക്കാൾ സൃഷ്ടിക്കപ്പെടാതിരിക്കുകയായിരുന്നു ഭേദം എന്നു ഷമ്മായി ഭവനം വാദിച്ചു; സൃഷ്ടിക്കപ്പെടാതെ ഇരിക്കുന്നതിനേക്കാൾ സൃഷ്ടിക്കപ്പെടുന്നതാണു നല്ലതെന്നു ഹില്ലേൽ ഭവനവും. ഒടുവിൽ അഭിപ്രായസമന്വയത്തിനു ശ്രമിച്ച അവർ ഈ നിഗമനത്തിൽ എത്തിച്ചേർന്നു: സൃഷ്ടിക്കപ്പെടുന്നതിനേക്കാൾ സൃഷ്ടിക്കപ്പെടാതിരിക്കുന്നതാണ് മനുഷ്യനു നന്ന്; എങ്കിലും സൃഷ്ടിക്കപ്പെട്ടു കഴിഞ്ഞ സ്ഥിതിക്ക് ഇനി അവൻ സ്വന്തം ചെയ്തികൾ ശ്രദ്ധിക്കട്ടെ.” (Talmud Eruvin 13b)

ദൈനംദിനജീവിതവുമായി തീവ്രബന്ധമുള്ള കഥകളും ഉദാഹരണങ്ങളും ഈ ചർച്ചകളിൽ കടന്നു വരുന്നു. രണ്ടുശിഷ്യന്മാരുടെ അഭിരുചികൾക്കിടയിൽ വിഷമിച്ച ഒരു റബ്ബി തന്റെ നില ഒരിടത്ത് ഇങ്ങനെ വിശദീകരിക്കുന്നു: “റബ്ബിമാരായ അമ്മിയും അസ്സിയും, റബ്ബി ഐസക്കിനൊപ്പം ഇരിക്കുമ്പോൾ, അവരിൽ ഒരാൾ അദ്ദേഹത്തോട് പറഞ്ഞു: ‘ഗുരു ഞങ്ങളോട് ചില നിയമകാര്യങ്ങൾ പറയുമോ?’ അപ്പോൾ അപരൻ പറഞ്ഞു: ‘ഗുരു ഞങ്ങൾക്ക് വല്ല ഗുണപാഠകഥകളും പറഞ്ഞു തരുമോ?’ അദ്ദേഹം നിയമം പറഞ്ഞപ്പോൾ ഒരുവന് അപ്രീതിയുണ്ടായി, ഗുണപാഠകഥകൾ അപരനേയും അപ്രീതിപ്പെടുത്തി. അപ്പോൾ അദ്ദേഹം അവരോട് പറഞ്ഞു: ‘ഇതെന്തു സ്ഥിതിയെന്നു വിശദീകരിക്കാൻ ഞാൻ ഒരു ഉപമ പറയട്ടെ? ചെറുപ്പക്കാരിയും വൃദ്ധയുമായി രണ്ടു ഭാര്യമാരുണ്ടായിരുന്ന ഒരുത്തന്റെ സ്ഥിതി തന്നെ. ചെറുപ്പക്കാരി അയാളുടെ നരച്ച മുടി പിഴുതു മാറ്റി; വൃദ്ധ കറുത്ത മുടിയും. അങ്ങനെ അയാളുടെ തലയിൽ മുടിയേ ഇല്ലാതായി.” (Babylonian Talmud: Tractate Baba Kamma 60b).

മേൽപ്പറഞ്ഞ സവിശേഷതകൾ ഗെമറകളെ കേവലം ശുഷ്കപാഠം എന്നതിനു പകരം ഒരു ജനതയുടേയും അവരുടെ ജീവിതത്തിന്റേയും മിഴിവുറ്റ ചിത്രമാക്കി മാറ്റിയിരിക്കുന്നു. ഗെമാറകളിൽ, വായനക്കാരന് വലിയ മനുഷ്യരുടെ സ്വകാര്യജീവിതത്തിന്റെ എത്തിനോട്ടത്തിനു പോലും അവസരം കിട്ടുന്നു.

ലിഖിതരൂപത്തിൽ പ്രത്യക്ഷപ്പെടുന്നതിനു മുമ്പു തന്ന തല്മൂദ് മഹാപീഡനം അനുഭവിച്ചു തുടങ്ങി. ഹദ്രിയൻ (117-138) തുടങ്ങിയ റോമാ ചക്രവർത്തിമാരും പാർസ്യ രാജാക്കന്മാരും ന്യായപ്രമാണപഠനം വിലക്കി. മദ്ധ്യയുഗത്തിൽ തല്മൂദിനെ അഗ്നിക്കിരയാക്കി. ക്രിസ്ത്യാനികളായിത്തീർന്ന യെഹൂദന്മാരായിരുന്നു ഇതിനു പിന്നിൽ. നിക്കൊളാസ് ദോനിൻ തല്മൂദിനെതിരെ അവതരിപ്പിച്ച ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ പോപ്പ് ഗ്രിഗറി രണ്ടാമൻ തല്മൂദ് കണ്ടുകെട്ടാൻ കല്പ്പന പുറപ്പെടുവിച്ചു. 1242 ജൂൺ മാസത്തിൽ ഇരുപത്തിനാലു വണ്ടി ഗ്രന്ഥങ്ങൾ കൊണ്ടുവന്നു; പാരീസിൽ വച്ചു പരസ്യമായി ചുട്ടു. റ്യൂഹ്ലിൻ്റെ (1453-1522) കാലം വരെ ഈ ദഹനം തുടർന്നു. യെഹൂദന്മാരോടുള്ള വൈരം തല്മൂദിനെ നശിപ്പിക്കുവാൻ അടുത്തകാലം വരെയും ശത്രുക്കളെ പ്രേരിപ്പിച്ചു. പ്രാഥമിക പാഠശാല മുതലുള്ള യെഹൂദ വിദ്യാഭ്യാസത്തിൽ തല്മൂദിന് പ്രധാന സ്ഥാനമുണ്ട്. 

കുറിപ്പുകൾ: എ.ഡി. 69-70-ൽ റോമിനെതിരെ നടന്ന യഹുദരുടെ ആദ്യകലാപത്തിന്റെ താൽമുദിലെ വിവരണത്തിൽ നായകസ്ഥാനം നൽകപ്പെട്ടിരിക്കുന്നത്, റബ്ബാൻ യോഹാനാൻ ബെൻ സക്കായ് എന്നയാൾക്കാണ്. കലാപകാരികൾ കൈയ്യടക്കിയിരുന്ന യെരുശലേമിൽ നിന്ന് ശത്രുപാളയത്തിലേക്ക് പലായനം ചെയ്ത്, റോമൻ സേനാധിപൻ വെസ്പേഷ്യന്റെ മേൽക്കോയ്മ അംഗീകരിക്കുകയാണ് ബെൻ സക്കായ് ചെയ്തത്. യെരുശലേമിന്റെ പതനത്തെ തുടർന്ന് യഹൂദ വേദപഠനത്തിന്റെ കേന്ദ്രമായിത്തീർന്ന യാംനിയയിലെ വിദ്യാപീഠത്തിന്റെ സ്ഥാപകൻ ബെൻ സക്കായ് ആയിരുന്നെന്ന് പറയപ്പെടുന്നു. യഹൂദകലാപകാരികളെ തല്മുദ്, റബ്ബിമാരുടെ ഉപദേശത്തിനു ചെവികൊടുക്കാതെ എടുത്തു ചാടി, മുഴുവൻ സമൂഹത്തേയും അപകടപ്പെടുത്തിയ ഉന്മത്തന്മാരായും ചിത്രീകരിച്ചു.

തിരുനാളുകളെ സംബന്ധിച്ച താൽമുദ് നിബന്ധമായ ബെറ്റ്സായുടെ തുടക്കത്തിലെ ഈ ഭാഗം ഇതിനെ ഉദാഹരിക്കുന്നു: “തിരുനാൾ ദിനത്തിൽ ഇട്ട കോഴിമുട്ട, ആ ദിവസം ഭക്ഷിക്കാമെന്ന് ഷമ്മായിയുടെ അനുയായികൾ പറയുന്നു. എന്നാൽ ഹില്ലേലിന്റെ ശിഷ്യന്മാരുടെ അഭിപ്രായം അത് ഭക്ഷിച്ചു കൂടെന്നാണ്.” (കേംബ്രിഡ്ജ് ബൈബിൾ സഹകാരി, പുറങ്ങൾ 428-32).

“പത്തളവ് ജ്ഞാനം ലോകത്തിലെത്തി. അതിൽ ഒൻപതളവുകൾ ഇസ്രായേലിന്റെ നിയമത്തിനും അവശേഷിച്ച ഒരളവ് ബാക്കി ലോകത്തിനും കിട്ടി. പത്തളവ് സൗന്ദര്യം ലോകത്തിലെത്തി. അതിൽ ഒൻപതളവ് യെരുശലേമിനും അവശേഷിച്ച ഒരളവ് ബാക്കി ലോകത്തിനും കിട്ടി എന്നു താൽമുദ്.” (H Polano, The Talmud Selections: Translated from the Original, പുറം 303).

തടുക്കുന്നവൻ

തടുക്കുന്നവൻ (restrains)

“അധർമ്മത്തിന്റെ മർമ്മം ഇപ്പോഴേ വ്യാപരിക്കുന്നുണ്ട്; ഇതുവരെ തടുക്കുന്നവൻ വഴിയിൽനിന്നു നീങ്ങിപ്പോക മാത്രം വേണം.” (2തെസ്സ, 2:7). തടുക്കുന്നവൻ വഴിയിൽനിന്നു നീങ്ങിപ്പോയശേഷം അധർമ്മമൂർത്തി പ്രത്യക്ഷപ്പെടുകയും കർത്താവിന്റെ നാൾ ആരംഭിക്കുകയും ചെയ്യും. ‘തടുക്കുന്നവൻ’ ആര് അഥവാ എന്താണ്?. 

I. റോമാസാമ്രാജ്യം: പൌലൊസിന്റെ വീക്ഷണത്തിലുണ്ടായിരുന്നതു റോമാസാമ്രാജ്യമാണ്; പക്ഷേ അതു തുറന്നു പറയുവാൻ മടിച്ചു  ‘തടുക്കുന്നവൻ’ എന്നു പറഞ്ഞു. റോമാസാമ്രാജ്യം മുഴുവൻ നിലനിന്ന വ്യവസ്ഥിതമായ നിയമവും നീതിയും അധർമ്മത്തെയും അധർമ്മ മൂർത്തിയെയും നിയന്ത്രിച്ചു. അലക്സാണ്ടർ, റീസ് തുടങ്ങിയവരുടെ അഭിപ്രായം ഇതാണ്. 

II. മാനുഷിക സർക്കാരും നിയമവും: മുമ്പു പറഞ്ഞതിനോടു ബന്ധപ്പെട്ട വാദഗതി. “ഏതു മനുഷ്യനും ശ്രേഷ്ഠാധികാരങ്ങൾക്കു കീഴടങ്ങട്ടെ. ദൈവത്താലല്ലാതെ ഒരധികാരവു മില്ലല്ലോ; ഉള്ള അധികാരങ്ങളോ ദൈവത്താൽ നിയമിക്കപ്പെട്ടിരിക്കുന്നു. (റോമ, 13:1). ഇതിൽ നിന്നും സർക്കാരുകളും നിയമ വ്യവസ്ഥകളുമാണ് തടുക്കുന്നവൻ എന്നു വ്യാഖ്യാനിക്കുന്നു. 

III. സാത്താൻ: അധർമ്മമൂർത്തിയുടെ പ്രത്യക്ഷതയെ തടഞ്ഞു നിറുത്തുന്നത് സാത്താനാണ്. ഈ വാദത്തിനു മറുപടി ക്രിസ്തുവിന്റെ വാക്കുകൾ തന്നെയാണ്. “ഒരു വീടു തന്നിൽ തന്നെ ഛിദിച്ചു എങ്കിൽ ആ വീടിനു നിലനില്പാൻ കഴിയുകയില്ല. സാത്താൻ തന്നോടുതന്നെ എതിർത്തു ഛിദിച്ചു എങ്കിൽ അവനു നിലനില്ക്കാൻ കഴിവില്ല; അവന്റെ അവസാനം വന്നു.” (മർക്കൊ, 3:25,26). മാത്രവുമല്ല, തടുക്കുന്നവൻ മാറ്റപ്പെടുന്നതോടുകൂടി സാത്താന്യ പ്രവർത്തനം രൂക്ഷമാവുകയാണ്, കുറയുകയല്ല.

IV. സഭ: വിശ്വാസികൾ ഉപ്പും വെളിച്ചവുമാണ്. വർത്തമാനകാലത്ത് അധർമ്മത്തിൻ്റെ പൂർണ്ണമായ പ്രത്യക്ഷതയെ തടയുന്ന ഒരു മാധ്യമമായി ദൈവം സഭയെ ഉപയോഗിക്കുന്നു. എന്നാൽ ശക്തിയോടെ തടയുന്നവൻ വിശ്വാസിയല്ല; വിശ്വാസിയെ ശക്തീകരിക്കുന്ന പരിശുദ്ധാത്മാവത്രേ. (യോഹ, 16:7; 1കൊരി, 6:19). പരിശുദ്ധാത്മാവിന്റെ സാന്നിദ്ധ്യത്തിലല്ലാതെ സഭയ്ക്കോ, സർക്കാരുകൾക്കോ സാത്താന്റെ ശക്തിയെയോ പരിപാടികളെയോ ചെറുക്കാനാവില്ല. 

V. പരിശുദ്ധാത്മാവ്: തടുക്കുന്നവൻ പരിശുദ്ധാത്മാവെന്നതിന്റെ തെളിവുകൾ:

1. തടുക്കുന്നവനെ കുറിച്ചുള്ള വിവരണം പരിശുദ്ധാത്മാവിനു മാത്രമേ ചേരുകയുള്ളു. 

2. അധർമ്മമൂർത്തി ആളത്തമാണ് (Personality). അവന്റെ പ്രവർത്തന മണ്ഡലത്തിൽ ആത്മീയലോകം ഉൾക്കൊള്ളുന്നു. അതിനാൽ തടുക്കുന്നവനും ഒരാളത്തവും ആത്മീയ സത്തയുമായിരിക്കണം. 

3. നിവർത്തിക്കേണ്ടതെല്ലാം പൂർത്തീകരിക്കേണ്ടതിന് തടുക്കുന്നവൻ അധർമ്മ മൂർത്തിയെക്കാളും, അധർമ്മമൂർത്തിയെ ബലപ്പെടുത്തുന്ന സാത്താനെക്കാളും ശക്തനായിരിക്കണം. ഈ യുഗം മുഴുവൻ അധർമ്മം തടുത്തു നിറുത്തുന്നതിന് തടുക്കുന്നവൻ നിത്യനായിരിക്കണം. പാപത്തിന്റെ കൂത്തരങ്ങ് ലോകം മുഴുവനാണ്. അതിനാൽ തടുക്കുന്നവൻ ദിക്കാലാതിവർത്തി ആയിരിക്കണം. 

4. ഇതു പരിശുദ്ധാത്മാവിന്റെ യുഗമാണ്. സഭായുഗം പരിശുദ്ധാത്മാവിൻ്റെ അവരോഹണത്തോടുകൂടി ആരംഭിച്ചു; പരിശുദ്ധാത്മാവ് മാറുന്നതോടുകൂടി അവസാനിക്കും. പഴയ നിയമകാലത്ത് പരിശുദ്ധാത്മാവ് ഭൂമിയിൽ വസിക്കാതിരുന്നിട്ടും അധർമ്മത്തെ തടയത്തക്കവണ്ണം സ്വാധീനം ചെലുത്തിയിരുന്നു.

ജ്ഞാനസാഹിത്യം

ജ്ഞാനസാഹിത്യം (Wisdom Literature) 

എബ്രായ മതസംസ്കാരത്തിൽ നിന്നുടലെടുത്ത ഒരു വിഭാഗം രചനകൾ ജ്ഞാനസാഹിത്യം എന്ന പേരിൽ അറിയപ്പെട്ടു. കാനോനിക തിരുവെഴുത്തുകളിലെ സദൃശവാക്യങ്ങൾ, ഇയ്യോബ്. സഭാപ്രസംഗി. ചില സങ്കീർത്തനങ്ങൾ (19, 37, 104, 107, 147, 148) എന്നിവയും അകാനോനിക ഗ്രന്ഥങ്ങളിലെ പ്രഭാഷകൻ, ശലോമോന്റെ വിജ്ഞാനം തുടങ്ങിയവയും ജ്ഞാനസാഹിത്യ സഞ്ചയത്തിൽ ഉൾപ്പെടുന്നു. വിവേകികളുടെയും ജ്ഞാനികളുടെയും തലമുറകളിലൂടെയുള്ള നിരീക്ഷണങ്ങളും നീതിമൊഴികളും ഈ പുസ്തകങ്ങളിൽ സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. ഇത് എബ്രായരുടെ ധാർമ്മിക പാരമ്പര്യത്തെ പാലൂട്ടി വളർത്തി. 

പഴഞ്ചൊല്ലുകൾ: പഴഞ്ചൊല്ലുകൾ എല്ലാ ജനതകൾക്കും എല്ലാകാലത്തും ഉണ്ട്. യിസ്രായേലിലും പൗരാണിക കാലം മുതൽക്കേ ഇമ്മാതിരി പഴഞ്ചൊല്ലുകൾ കാണാം. യഥാ മാതാ തഥാ പുതി (യെഹെ, 16:44), ദുഷ്ടത ദുഷ്ടനിൽ നിന്നു പുറപ്പെടുന്നു (1ശമൂ, 24:13), വൈദ്യാ നിന്നെത്തന്നേ സൗഖ്യമാക്കുക (ലൂക്കൊ, 4:23) തുടങ്ങിയ പഴഞ്ചൊല്ലുകൾ യിസ്രായേലിൽ സുപരിചിതമായിരുന്നു. തലമുറകൾ കൈമാറിയ ആഴമേറിയ സത്യങ്ങളാണവ. 

സദൃശവാക്യങ്ങൾ: ജ്ഞാനസാഹിത്യത്തിൽ ഏറ്റവും പഴക്കമുള്ളതും ദീർഘതരവും ആയ രചനയാണ് സദൃശവാക്യങ്ങൾ. ശലോമോനു മുമ്പുളള ജ്ഞാനികളുടെ വാക്യങ്ങൾ ഇതിൽ സമാഹരിക്കപ്പെട്ടിട്ടുണ്ട്. “ഇവയും ശലോമോന്റെ സദൃശവാക്യങ്ങൾ; യെഹൂദാ രാജാവായ ഹിസ്കീയാവിന്റെ ആളുകൾ അവയെ ശേഖരിച്ചിരിക്കുന്നു.” (സദൃ, 25:1). യുവാക്കന്മാർക്കു ജീവിതവിജയം നേടാനും, എല്ലാ കെണിയും അപകടങ്ങളും ഒഴിഞ്ഞു മാറാനും ഉദ്ദേശിക്കപ്പെട്ടതാണിത്. ലോകത്തിന്റെ നൈതികക്രമം മനസ്സിലാക്കുകയും ആ ക്രമത്തോടനുരൂപപ്പെട്ടു അതിന്റെ ഗുണങ്ങൾ സ്വായത്തമാക്കുകയും ചെയ്യേണ്ടതാണ്. മനുഷ്യൻ വിവേകപൂർവ്വം പെരുമാറണം. ജീവിതത്തിൽ അർഹമായതു അവനു ലഭിക്കും. ജ്ഞാനത്തിന്റെ ഗുണങ്ങൾ ഇന്ദ്രിയ നിഗ്രഹത്തിൻറ മൂല്യം, നല്ല ഭാര്യയുടെ മേന്മ, മനുഷ്യ പ്രകൃതിയെക്കുറിച്ചുള്ള സൂക്ഷ്മ നിരീക്ഷണങ്ങൾ, മനോഹരമായ അലങ്കാരപ്രയോഗങ്ങൾ എന്നിവ സദൃശവാക്യങ്ങളിലുണ്ട്. 

ഇയ്യോബ്: ജ്ഞാനസാഹിത്യത്തിലെ ഉത്തമവും ഉദാത്തവുമായ കൃതിയാണ് ഇയ്യോബ്. കാവ്യാത്മകത്വം, ഗാംഭീര്യം, ഓജസ്സ്, അഗാധത എന്നിവയിൽ അതിന്റെ സ്ഥാനം അദ്വിതീയമാണ്. ലോകസാഹിത്യത്തിൽത്തന്നെ ഉത്തമസ്ഥാനം അലങ്കരിക്കുന്ന വിശിഷ്ടകൃതിയാണത്.സംവാദ രൂപത്തിലാണ് രചന. പ്രധാന കഥാപാത്രം ഇയ്യോബാണ്. ഇയ്യോബിനോടൊപ്പം സംഭാഷണത്തിൽ പങ്കുകൊളളുന്ന മൂന്നു സുഹൃത്തുക്കളുണ്ട്. അവർ മൂന്നുപേരും പൗരസ്ത്യരാണ്. സെപ്റ്റജിന്റിൽ ഇവർ മൂന്നുപേരും രാജാക്കന്മാരാണെന്നു പറഞ്ഞിരിക്കുന്നു. ഓരോരുത്തരുടെയും ചിന്ത ഓരോ പ്രഭാഷണമായി മാറുന്നു. ഇതിലെ അന്തിമവാക്ക് ദൈവത്തിന്റേതാണ്. ദൈവിക കരുതലിനെ ഗ്രന്ഥകാരൻ നിഷേധിക്കുന്നില്ല. ദൈവിക നീതിയെക്കുറിച്ചുള്ള സാധാരണ ഗണിതത്തെയാണ് അദ്ദേഹം നിഷേധിക്കുന്നത്. ഇയ്യോബിൻ്റെ മുന്നു സുഹൃത്തുക്കളുടെയും പ്രഭാഷണങ്ങൾ ദൈവിക നീതിയെക്കുറിച്ചുള്ള സാമാന്യധാരണ വ്യക്തമാക്കുന്നു. 

സഭാപ്രസംഗി: സഭാപ്രസംഗി ശലോമോൻ എഴുതി എന്നാണ് ആന്തരികമായ തെളിവുകൾ കാണിക്കുന്നത്. നീതിമാൻ പ്രതിഫലം പ്രാപിക്കാതെയും ദുഷ്ടൻ ശിക്ഷ കൂടാതെയും കടന്നുപോകുന്നു എന്ന വ്യാജോപദേശത്തെ ഖണ്ഡിക്കുകയാണ് ഈ ഗ്രന്ഥം. ഇതിനെ ബൈബിൾ കാനോനിൽ ഉൾപ്പെടുത്തുന്നതിനെക്കുറിച്ചും എതിരഭിപ്രായമാണ് ഉണ്ടായിരുന്നത്. സ്വഗത വൈരുദ്ധ്യങ്ങളുള്ള ഈ ഗ്രന്ഥം ദൈവിക വെളിപ്പാടല്ലെന്നും ഒരു മനുഷ്യന്റെ അഭിപ്രായം മാത്രമാണെന്നും വാദിക്കപ്പെട്ടു. പരീക്ഷണ വിധേയമാകാത്ത ഒന്നിനെയും താൻ വിശ്വസിച്ചിട്ടില്ലെന്നാണ് സഭാപ്രസംഗി പറയുന്നത്. മാനദണ്ഡങ്ങൾ ഒന്നും കണക്കാക്കാതെ കൺമുമ്പിൽ കണ്ടവയെ മാത്രം സിദ്ധാന്തവത്ക്കരിക്കുകയാണ് സഭാപ്രസംഗി. ജീവിതത്തിലെ അല്പനാളുകളിൽ മനുഷ്യൻ ചെയ്യേണ്ടതെന്താണെന്നു കണ്ടുപിടിക്കുകയായിരുന്നു. ജ്ഞാനവും ഭ്രാന്തും ഭോഷത്വവും മനസ്സിലാക്കുവാൻ ശ്രമിച്ചിട്ട് എല്ലാം മായയും വൃഥാ പ്രയത്നവും എന്നു മനസ്സിലാക്കി. (1:14). ജീവപര്യന്തം സന്തോഷിക്കുന്നതും സുഖം അനുഭവിക്കുന്നതും അല്ലാതെ ഒരു നന്മയും മനുഷ്യർക്കു ഇല്ലെന്നു അറിഞ്ഞു. (3:12). എല്ലാറ്റിലും മിതത്വം എന്ന നിഗമനത്തിൽ സഭാപ്രസംഗി എത്തിച്ചേർന്നു. (7:16-18). ദൈവം നല്ലതും തീയതുമായ സകലപ്രവൃത്തിയെയും സകല രഹസ്യങ്ങളുമായി ന്യായവിസ്താരത്തിലേക്കു വരുത്തും എന്ന ബോധം സഭാപ്രസംഗിയുടെ ചിന്തയ്ക്കു കടിഞ്ഞാണിടുന്നു. ചില സങ്കീർത്തനങ്ങളും ജ്ഞാനസാഹിത്യത്തിന്റെ സ്വഭാവം പ്രദർശിപ്പിക്കുന്നുണ്ട്. ദൈവം നീതിമാനു പ്രതിഫലവും ദുഷ്ടനു ശിക്ഷയും നല്കുന്നു എന്നു സങ്കീർത്തനങ്ങൾ വ്യക്തമാക്കുന്നു. (സങ്കീ, 1, 34, 37). എഴുപത്തിമൂന്നാം സങ്കീർത്തനം ഇയ്യോബിന്റെ പുസ്തകത്തിനു സാധർമ്മ്യം വഹിക്കുന്നു.

ജീവവൃക്ഷം

ജീവവൃക്ഷം (Tree of life) 

ജീവവൃക്ഷത്തെക്കുറിച്ചു ഉല്പത്തിയിൽ മൂന്നും (2:9; 3:22; 3:24), സദൃശവാക്യങ്ങളിൽ നാലും (3:18; 11:30; 13:12; 15:4), വെളിപ്പാടിൽ മൂന്നും (2:7; 22:2; 22:19) പരാമർശങ്ങളുണ്ട്. ഏദെൻ തോട്ടത്തിലെ അത്ഭുതകരങ്ങളായ രണ്ടു വൃക്ഷങ്ങളായിരുന്നു ജീവവൃക്ഷവും നന്മ തിന്മകളെക്കുറിച്ചുളള അറിവിന്റെ വൃക്ഷവും. (ഉല്പ, 2:9). നന്മതിന്മകളെക്കുറിച്ചുളള അറിവിന്റെ വൃക്ഷഫലം ഭക്ഷിച്ചതോടുകൂടി മനുഷ്യൻ പാപത്തിൽ വീഴുകയും തോട്ടത്തിൽ നിന്ന് പുറത്താക്കപ്പെടുകയും ചെയ്തു. മനുഷ്യനെ തോട്ടത്തിൽനിന്ന് പുറത്താക്കിയതു ജീവവൃക്ഷത്തിന്റെ ഫലം പറിച്ചുതിന്നു അമർത്ത്യത നേടാതിരിക്കാൻ വേണ്ടിയായിരുന്നു. (3:22). മനുഷ്യന് ജീവവൃക്ഷ ഫലം പ്രാപ്യമായിരുന്നു എങ്കിൽ നേരത്തെതന്നെ അത് ഭക്ഷിച്ച് അമർത്ത്യനായിക്കൂടേ എന്ന പ്രശ്നം അവശേഷിക്കുന്നു. 

ജീവവൃക്ഷം, അതിന്റെ ഫലം, ഇല എന്നിവയെക്കുറിച്ച് ബൈബിളിൽ പറയുന്നു. ആദാമോ ഹവ്വയോ അതു ഭക്ഷിച്ചില്ല. ഭക്ഷിക്കാവുന്നതും അതിലൂടെ മരണം കൂടാതെയിരിക്കാവുന്നതുമായ ജീവവൃക്ഷത്തിന്റെ ഫലത്തെക്കാൾ ഹവ്വ കാമ്യമായി കണ്ടത് വിലക്കപ്പെട്ട വൃക്ഷഫലമായിരുന്നു. ഇതുപോലുള്ള വൃക്ഷങ്ങൾ സഹസ്രാബ്ദഭൂമിയിലും ഉണ്ടായിരിക്കുമെന്നു യെഹെസ്ക്കേൽ പ്രവചിച്ചിട്ടുണ്ട്. (47:7, 12). പുതിയ ഭൂമിയിൽ നദിക്കു ഇക്കരെയും അക്കരെയും ജീവവൃക്ഷം വളരുന്നു. പന്ത്രണ്ടു മാസവും പന്ത്രണ്ടുവിധം ഫലം കായ്ക്കുമെന്നാണ് കാണുന്നത്. വൃക്ഷത്തിന്റെ ഇല ജാതികൾക്ക് രോഗശാന്തി നല്കും. (വെളി, 22:1-2). എഫെസൊസ് സഭയ്ക്കുള്ള ദൂതിൽ ജയിക്കുന്നവന് ദൈവത്തിന്റെ പറുദീസയിലുളള ജീവവൃക്ഷത്തിന്റെ ഫലം തിന്മാൻ കൊടുക്കും എന്നാണു വാഗ്ദാനം. (വെളി, 2:7). ദൈവത്തിന്റെ പറുദീസ മൂന്നാം സ്വർഗ്ഗമാണ്. (2കൊരി, 12:2-3). അവിടെയുള്ള ജീവവൃക്ഷത്തിന്റെ ഫലമാണ് ഇവിടെ വാഗ്ദാനം ചെയ്തിരിക്കുന്നത്. സദൃശവാക്യങ്ങളിൽ വിവേകത്തെയും (3:18), ഇച്ഛാനിവൃത്തിയെയും (13:12), നാവിന്റെ ശാന്തതയെയും (15:4) ജീവവൃക്ഷമായി പറയുന്നു. നീതിമാന് ജീവവൃക്ഷം പ്രതിഫലമാണ്. (സദൃ, 11:30).

ജീവപുസ്തകം

ജീവപുസ്തകം (The Book of Life)

പ്രാചീനകാലത്ത് വംശാവലി രേഖകൾ സൂക്ഷിക്കുന്ന പതിവുണ്ടായിരുന്നു. (നെഹെ, 7:5, 64; 12:22, 23). വിവിധ ആവശ്യങ്ങൾക്കായി പൗരന്മാരുടെ സംഖ്യയും എടുത്തിരുന്നു. (യിരെ, 22:30; യെഹെ, 13:9). ഇതുപോലൊരു പുസ്തകം ദൈവവും സൂക്ഷിക്കുന്നതായി ബൈബിളിൽ പറയുന്നു. എല്ലാ മനുഷ്യരുടെയും പേർ അതിലുണ്ട്. “ഞാൻ പിണ്ഡാകാരമായിരുന്നപ്പോൾ നിന്റെ കണ്ണു എന്നെ കണ്ടു; നിയമിക്കപ്പെട്ട നാളുകളിൽ ഒന്നും ഇല്ലാതിരുന്നപ്പോൾ അവയെല്ലാം നിന്റെ പുസ്തകത്തിൽ എഴുതിയിരുന്നു.” (സങ്കീ, 139:16). ജീവപുസ്തകത്തിൽ നിന്നും പേർ നീക്കപ്പെടുന്നത് അകാലമരണത്തിനു കാരണമാണ്. “എങ്കിലും നീ അവരുടെ പാപം ക്ഷമിക്കേണമേ; അല്ലെങ്കിൽ നീ എഴുതിയ നിൻ്റെ പുസ്തകത്തിൽ നിന്നു എന്റെ പേർ മായിച്ചു കളയേണമേ. യഹോവ മോശെയോടു: എന്നോടു പാപം ചെയ്തവൻ്റെ പേർ ഞാൻ എന്റെ പുസ്തകത്തിൽ നിന്നു മായിച്ചുകളയും.” (പുറ, 32:32,33). “ജീവന്റെ പുസ്തകത്തിൽ നിന്നും അവരെ മായിച്ചു കളയേണമേ; നീതിമാന്മാരോടു കൂടെ അവരെ എഴുതരുതേ.” (സങ്കീ, 69:28). 

പുതിയനിയമത്തിൽ നിത്യജീവനെ അവകാശമാക്കുന്ന നീതിമാന്മാരുടെ പേരുകൾ ഉൾക്കൊള്ളുന്നതാണ് ജീവപുസ്തകം. (ഫിലി, 4:3; വെളി, 3:5). ലോകസ്ഥാപനം മുതൽ അറുക്കപ്പെട്ട കുഞ്ഞാടിന്റെ ജീവപുസ്തകം എന്നു അതിനെ വിളിക്കുന്നു. (വെളി, 13:8; 21:27). തിരഞ്ഞെടുക്കപ്പെട്ടവരുടെ പേരുകൾ ലോകസ്ഥാപനം മുതൽ ഇതിൽ രേഖപ്പെടുത്തിയിട്ടുണ്ട്. നിങ്ങളുടെ പേർ സ്വർഗ്ഗത്തിൽ എഴുതിയിരിക്കുന്നു എന്നു ക്രിസ്തു പറഞ്ഞതിന്റെ ആശയവും ഇതാണ്. (ലൂക്കൊ, 10:20). ജീവപുസ്തകത്തിൽ പേർ ഇല്ലാതിരിക്കുന്നതു രണ്ടാം മരണമാണ്. (വെളി, 20:15). അന്ത്യന്യായവിധിയിൽ ജീവപുസ്തകത്തിൽ പേരെഴുതി കാണാത്തവരെ തീപ്പൊയ്കയിൽ തള്ളിയിടും. (വെളി, 20:12, 15). കഷ്ടകാലത്തിനു ശേഷം പുസ്തകത്തിൽ പേരെഴുതി കാണുന്ന ഏവനും രക്ഷ പാപിക്കും. (ദാനീ, 12:1). “യെരൂശലേമിൽ ജീവനുള്ളവരുടെ കൂട്ടത്തിൽ പേർ എഴുതിയിരിക്കുന്ന ഏവനും” എന്നതിനു ‘ജീവനോടെ ശേഷിക്കുന്ന ഏവനും’ എന്ന അർത്ഥമേ ഉള്ളൂ. എന്നാൽ തർഗും ഇതിനെ നിത്യജീവൻ എന്നു വ്യാഖ്യാനിക്കുന്നു.