തിരശ്ശീല

തിരശ്ശീല (vail)

അതിവിശുദ്ധസ്ഥലവും വിശുദ്ധസ്ഥലവും തമ്മിൽ വേർതിരിച്ചിരുന്ന മറയാണ് തിരശ്ശീല. മോശെ മരുഭൂമിയിൽ പണിത സമാഗമനകൂടാരത്തിലും, ശലോമോൻ പണിത ദൈവാലയത്തിലും അതിവിശുദ്ധസ്ഥലവും വിശുദ്ധസ്ഥലവും തമ്മിൽ വേർതിരിക്കാൻ തിരശ്ശീല ഉപയോഗിച്ചിരുന്നു. (പുറ, 26:33; 2ദിന, 3:14). നീലനുൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവ കൊണ്ടായിരുന്നു തിരശ്ശീലയുടെ നിർമ്മാണം. കെരൂബുകളെ അതിൽ ചിത്രണം ചെയ്തിരുന്നു. (പുറ, 26:31; 36:35; 2ദിന, 3:14). നാലു ഖദിര സ്തംഭങ്ങളിന്മേലായിരുന്നു സമാഗമന കൂടാരത്തിലെ തിരശ്ശീല തൂക്കിയിട്ടിരുന്നത്. (പുറ, 26:32). ലേവ്യ പുരോഹിതന്മാർക്കല്ലാതെ മറ്റാർക്കും തിരശ്ശീലക്കകത്തു പോകാൻ അനുവാദമില്ല. (സംഖ്യാ, 18:7). തിരശ്ശീലയ്ക്ക് അകത്തുള്ള കൃപാസനത്തിനു മുമ്പിൽ, മഹാപുരോഹിതനു മാത്രം വർഷത്തിലൊരിക്കൽ പാപപരിഹാരദിനത്തിൽ  കടന്നുചെല്ലാം. (ലേവ്യ, 16:2). യിസ്രായേൽ പാളയം യാത്രപുറപ്പെടുമ്പോൾ പുരോഹിതന്മാർ തിരശ്ശീല ഇറക്കി സാക്ഷ്യപ്പെട്ടകം മൂടുമായിരുന്നു. (സംഖ്യാ, 4:5).

തിരശ്ശീലയുടെ അളവ്: മിഷ്ണ’യിൽ പറയുന്നത്: ഒരു കൈപ്പത്തിയുടെ (4 ഇഞ്ച്) കനവും, 40 മുഴം (60 അടി) നീളവും, 20 മുഴം (30 അടി) വീതി അഥവാ, ഉയരവും ഉണ്ടായിരുന്നു. നീലനുൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവ കൊണ്ട്, വർഷത്തിൽ രണ്ടു തിരശ്ശീല നിർമ്മിച്ചിരുന്നു. തിരശ്ശീല മാറ്റി സ്ഥാപിക്കുവാൻ 300 പുരോഹിതന്മാർ ആവശ്യമായിരുന്നു. 82 യുവകന്യകമാരാണ് തിരശ്ശീല രൂപകല്പന ചെയ്തിരുന്നത്. (Mishnah Sheklim, 8:5). യെഹൂദാ ചരിത്രകാരനായ ജോസീഫസിൻ്റെ അഭിപ്രായത്തിൽ: ‘അന്തർമന്ദിരത്തിന് (അതിപരിശുദ്ധസ്ഥലം) 55 മുഴം (82½ അടി) ഉയരത്തിലും, 16 മുഴം (24 അടി) വീതിയിൽ സ്വർണ്ണവാതിൽ ഉണ്ടായിരുന്നു. അതേ ഉയരത്തിലും വീതിയിലും നീലനുൽ, ധൂമനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവകൊണ്ട് അലങ്കരിച്ച ബാബിലോണിയൻ തിരശ്ശീലയും ഉണ്ടായിരുന്നു. ഈ വർണ്ണ മിശ്രിതം പ്രപഞ്ചത്തിന്റെ ഒരുതരം പ്രതിച്ഛായയായിരുന്നു; നീലനൂൽ വായുവിനെയും, ധൂമ്രനൂൽ കടലിനെയും, ചുവപ്പുനൂൽ തീയെയും, പിരിച്ച പഞ്ഞിനൂൽ ഭൂമിയെയും സൂചിപ്പിക്കുന്നു. (War of the Jews, 5:5.4 Antiquities of the Jews, 3:6.4; 3:7.7; 8:3.3). യെഹൂദാ വിജ്ഞാനകോശം പറയുന്നത്: “ഹെരോദാവ് പുനർനിർമിച്ച ദൈവാലയം ശലോമോന്റെ ആലയത്തിൻ്റെ അതേ അളവുകളായിരുന്നു, അതായത്: 60 മുഴം നീളവും 20 മുഴം വീതിയും 40 മുഴം ഉയരവും. ഈ ഇടം അതിവിശുദ്ധസ്ഥലം വിശുദ്ധസ്ഥലം എന്നിങ്ങനെ വിഭജിക്കപ്പെട്ടു. ആദ്യത്തേത് 20 x 20 മുഴം അളന്നു; രണ്ടാമത്തേത്, 20 x 40 മുഴവും. ദൈവാലയത്തിന്റെ പ്രവേശന കവാടത്തിൽ നീലനൂൽ, വെള്ളനൂൽ, ചുവപ്പുനൂൽ, ധൂമ്രനൂൽ എന്നിവകൊണ്ട് അലങ്കരിച്ച ഒരു മൂടുപടം തൂക്കിയിരിക്കുന്നു; അതിവിശുദ്ധ സ്ഥലത്തെ വിശുദ്ധസ്ഥലത്തു നിന്ന് സമാനമായ തിരശ്ശീല കൊണ്ട് വേർതിരിക്കപ്പെട്ടു.” (Temple of Herod, jewish encyclopedia). യെഹൂദാ വിജ്ഞാനകോശം പറയുന്ന കണക്ക് ബൈബിളിലെ ശലോമോൻ്റെ ദൈവാലയത്തിൻ്റെ അളവുകളുമായി പൊരുത്തപ്പെടുന്നതാണ്. “ശലോമോൻ രാജാവു യഹോവെക്കു പണിത ആലയം അറുപതു മുഴം നീളവും ഇരുപതു മുഴം വീതിയും മുപ്പതു മുഴം ഉയരവും ഉള്ളതായിരുന്നു.” (1രാജാ, 6:2). “ആലയത്തിന്റെ അകത്ത് യഹോവയുടെ നിയമപെട്ടകം വെക്കേണ്ടതിനു അവൻ ഒരു അന്തർമ്മന്ദിരം ചമെച്ചു. അന്തർമ്മന്ദിരത്തിന്റെ അകം ഇരുപത് മുഴം നീളവും; ഇരുപത് മുഴം വീതിയും ഇരുപത് മുഴം ഉയരവും ഉള്ളതായിരുന്നു; അവൻ അതു തങ്കംകൊണ്ട് പൊതിഞ്ഞു, ദേവദാരുമരം കൊണ്ടുള്ള ധൂപപീഠവും പൊതിഞ്ഞു.” (1രാജാ, 6:19;20). മുകളിൽ കണ്ട കണക്കുപ്രകാരം; ദൈവാലയത്തിൻ്റെ തിരശ്ശീലയ്ക്ക്, 30 അടി ഉയരവും, 30 അടി വീതിയും; 4 ഇഞ്ച് കനവും ഉണ്ടായിരുന്നു എന്നു മനസ്സിലാക്കാം. ദൈവാലയത്തിലെ ഈ തിരശ്ശീലയാണ് ക്രിസ്തുവിൻ്റെ മരണത്തിങ്കൽ രണ്ടായി കീറിപ്പോയത്. “യേശു പിന്നെയും ഉറക്കെ നിലവിളിച്ചു പ്രാണനെ വിട്ടു. അപ്പോൾ മന്ദിരത്തിലെ തിരശ്ശീല മേൽതൊട്ടു അടിയോളം രണ്ടായി ചീന്തിപ്പോയി.” (മത്താ, 27:50-51; മർക്കൊ, 15:37-38; ലൂക്കൊ, 23:45). അതോടുകൂടി യെഹൂദാ പുരോഹിതന്മാർക്കു മാത്രം പ്രവേശനമുണ്ടായിരുന്ന ദൈവത്തിൻ്റെ തിരുനിവാസം എന്ന അതിപരിശുദ്ധസ്ഥലം സകലജാതികൾക്കുമായി തുറക്കപ്പെട്ടു. ദൈവം യെഹൂദന്മാരുടെ മദ്ധ്യസ്ഥനായ മഹാപുരോഹിതനെ മാത്രം കൂടിക്കണ്ടിരുന്ന സ്ഥലമാണ് അതിപരിശുദ്ധസ്ഥലം. (പുറ, 30:6). എന്നാൽ, ക്രിസ്തുവിൻ്റെ ക്രൂശുമരണം, യെഹൂദരെയും ജതികളെയും തമ്മിൽ ഭിന്നിപ്പിച്ചിരുന്ന ന്യായപ്രമാണമെന്ന ശത്രുത്വത്തിൻ്റെ നടുച്ചുവർ ഇടിച്ചു കളയുകവഴി, ഇരുപക്ഷത്തിനും ഒരുപോലെ തിരുനിവാസത്തിലേക്ക് പ്രവേശനം സാദ്ധ്യമായി. (എഫെ, 2:14-16). എബ്രായ ലേഖനത്തിൽ യേശുവിന്റെ ദേഹത്തെ തിരശ്ശീലയായി രൂപണം ചെയ്തിട്ടുണ്ട്. “അതുകൊണ്ടു സഹോദരന്മാരേ, യേശു തന്റെ ദേഹം എന്ന തിരശ്ശീലയിൽകൂടി നമുക്കു പ്രതിഷ്ഠിച്ച ജീവനുള്ള പുതുവഴിയായി.” (എബ്രാ, 10:20).

Leave a Reply

Your email address will not be published. Required fields are marked *