❝നിന്റെ പിതാവു എവിടെ?❞ എന്നു ചോദിച്ച യെഹൂദന്മാരോടു ക്രിസ്തു പറഞ്ഞത്: “നിങ്ങൾ എന്നെ ആകട്ടെ എന്റെ പിതാവിനെ ആകട്ടെ അറിയുന്നില്ല; എന്നെ അറിഞ്ഞു എങ്കിൽ എന്റെ പിതാവിനെയും അറിയുമായിരുന്നു” എന്നാണ്: (യോഹ, 8:19). ക്രിസ്തു ആരാണ്? അല്ലെങ്കിൽ, അവൻ്റെ അസ്തിത്വം (Existence) എന്താണ്? എന്നറിയാത്തവരാണ്, അവൻ പഠിപ്പിച്ച ഒരേയൊരു സത്യദൈവമായ പിതാവിൽ (Father, the only true God) വിശ്വസിക്കാതെ, ത്രിത്വത്തിലും വൺനെസ്സിലും റസ്സൽമതത്തിലും വിശ്വസിക്കുന്നത്. ക്രിസ്തു ആരാണെന്ന് എന്ന് തിരിച്ചറിയുന്നുവോ, അന്ന് രട്ടിലും വെണ്ണീറിലും മാനസാന്തരപ്പെട്ടുകൊണ്ട്, ബൈബിൾ വെളിപ്പെടുത്തുന്ന “മോണോസ് തെയോസിനെ” (Mónos Theós) അഥവാ, ക്രിസ്തു പഠിപ്പിച്ച ഒരേയൊരു ദൈവമായ പിതാവിനെ തിരിച്ചറിയുകയും “ഏകദൈവവിശ്വാസം” (Monotheism) സ്വീകരിക്കുകയും ചെയ്യും: (യോഹ, 17:3 → യോഹ, 5:44)
☛ ക്രിസ്തു ആരാണ്: ക്രിസ്തു ജീവനുള്ള ദൈവമായ യഹോവയുടെ മനുഷ്യപ്രത്യക്ഷത അഥവാ, ജഡത്തിലെ വെളിപ്പാടാണ്: (1തിമൊ, 3:16). ദൈവഭക്തിയുടെ മർമ്മത്തിൽ, “അവൻ ജഡത്തിൽ വെളിപ്പെട്ടു” എന്നാണ് മലയാളം പരിഭാഷകളിലും പല ഇംഗ്ലീഷ് പരിഭാഷകളിലും ഏറിയ ഗ്രീക്കുപരിഭാഷകളിലും കാണുന്നത്: (1തിമൊ, 3:16; NIV → Study Bible, BGB, Nestle 1904, SBLGNT, WH1881, WHNA27, Tischendorf 8th, OGT). അവിടുത്തെ, “അവൻ” എന്ന പ്രഥമപുരുഷ “സർവ്വനാമം” മാറ്റിയിട്ട് തൽസ്ഥാനത്ത്, “നാമം” ചേർത്താൽ; “ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു” (The Living God manifest in the flesh) എന്ന് കിട്ടും: (1തിമൊ, 3:15-16). ജീവനുള്ള ദൈവവും ശാശ്വതരാജാവും പിതാവായ യഹോവയാണ്: (യിരെ, 10:10). The New Messianic Version ബൈബിൾ പരിശോധിച്ചാൽ: “God-The Father was manifest in the flesh” എന്ന് കാണാൻ കഴിയും: [കാണുക: NMV] അതാണ് പിതാവും ക്രിസ്തുവുമെന്ന ദൈവമർമ്മവും ദൈവഭക്തിയുടെ മർമ്മവും. (കൊലൊ, 2:2; 1തിമൊ, 3:16; 1കൊരി, 2:7 → യിരെ, 10:10; 1പത്രൊ, 1:20). [കാണുക: ദൈവഭക്തിയുടെ മർമ്മം].
☛ സത്യേകദൈവം:
➦ ദൈവത്തിൻ്റെ വെളിപ്പാട് (പ്രത്യക്ഷത) എന്താണെന്നും എന്തിനാണെന്നും മനസ്സിലാകണമെങ്കിൽ, ബൈബിൾ വെളിപ്പെടുത്തുന്ന ദൈവപ്രകൃതിയുടെ സവിശേഷതകൾ ആദ്യമറിയണം: ❝അക്ഷയനും അദൃശ്യനും (1തിമൊ, 1:17) അനാദിയായും ശ്വാശ്വതമായുമുള്ളവനും (സങ്കീ, 90:2) അമർത്യനും (1തിമൊ, 6:16) ആത്മാവും (യോഹ, 4:24; 2കൊരി, 3:17-18) ആകാശങ്ങളും ഭൂമിയും നിറഞ്ഞുനിൽക്കുന്നവനും (യിരെ, 23:24) ആരുമൊരുനാളും കാണാത്തവനും (1യോഹ, 4:12) കാണ്മാൻ കഴിയാത്തവനും (1തിമൊ, 6:16) എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനും (വെളി, 15:7) ഗതിഭേദത്താൽ ആഛാദനമില്ലാത്തവനും (യാക്കോ, 1:17) തന്നെത്താൻ ത്യജിക്കാൻ കഴിയാത്തവനും (2തിമൊ, 2:13) മാറ്റമില്ലാത്തവനും (മലാ, 3:6) നമ്മുടെ ഹൃദയത്തെക്കാൾ വലിയവനുമായ [നമ്മുടെ ചിന്തകൾക്കും വിചാരങ്ങൾക്കും യുക്തിക്കും ബുദ്ധിക്കും അതീതൻ] (1യോഹ, 3:20) ഒരേയൊരു ദൈവമാണ് (Mónos Theós – The only God) നമുക്കുള്ളത്:❞ (യോഹ, 5:44). ദൈവം അദൃശ്യനാണെന്നു മൂന്നുപ്രാവശ്യവും (കൊലൊ, 1:15; 1തിമൊ, 1:17; എബ്രാ, 11:27) ദൈവത്തെ ആരുമൊരുനാളും കണ്ടിട്ടില്ലെന്നു രണ്ടുപ്രാവശ്യവും (യോഹ, 1:18; 1യോഹ, 4:12) ദൈവത്തെ കാണ്മാൻ കഴിയില്ലെന്നു ഒരുപ്രാവശ്യവും പറഞ്ഞിട്ടുണ്ട്: (1തിമൊ, 6:16). ❝യിസ്രായേലിന്റെ ദൈവവും രക്ഷിതാവും ആയുള്ളോവേ, നീ മറഞ്ഞിരിക്കുന്ന ദൈവം ആകുന്നു സത്യം.❞ (യെശ, 45:15).
☛ വെളിപ്പാട്:
➦ ❝ഗതിഭേദത്താലുള്ള ആഛാദനമില്ലാത്ത അഗോചരനായ ഏകദൈവം, തൻ്റെ സ്ഥായിയായ അസ്തിത്വത്തിനും പ്രകൃതിക്കും മാറ്റംവരാത്തവനായി ഇരിക്കുമ്പോൾത്തന്നെ, സൃഷ്ടികൾക്ക് തന്നെത്തന്നെ ഗോചരമാക്കാൻ താൻ എടുക്കുന്ന പുതിയ അസ്തിത്വത്തെയാണ് വെളിപ്പാട് അഥവാ, പ്രത്യക്ഷത എന്ന് ബൈബിൾ പറയുന്നത്.❞
➦ ദൈവത്തിൻ്റെ പലനിലകളിലുള്ള പ്രത്യക്ഷതകൾ ബൈബിളിൽ കാണാം. ദൈവത്തിനു് മനുഷ്യപ്രത്യക്ഷത എടുക്കാനും ഒരു സ്ത്രീയുടെ സഹായം ആവശ്യമില്ല. അതിൻ്റെ വ്യക്തമായ തെളിവ് പഴയനിയമത്തിലുണ്ട്: യഹോവ മമ്രേയുടെ തോപ്പിൽ തൻ്റെ സ്നേഹിതനായ അബ്രാഹാമിൻ്റെ അടുക്കൽ മനുഷ്യപ്രത്യക്ഷത എടുത്തുവന്നത് സ്ത്രീയിലൂടെയല്ല: (ഉല്പ, 18:1-33; 19:1). എന്നാൽ ദൈവത്തിൻ്റെ പുത്രത്വവും അരുളപ്പാടുകളും ആരാധനയും തേജസ്സും നിയമങ്ങളും ന്യായപ്രമാണവും ചട്ടങ്ങളും വചനവും വാഗ്ദത്തങ്ങളും വിധികളും ഭരമേല്പിക്കപ്പെട്ടിരിക്കുന്ന തൻ്റെ പുത്രനും ആദ്യജാതനുമായ യിസ്രായേലിനെ അവൻ്റെ പാപങ്ങളിൽനിന്ന് രക്ഷിക്കാൻ, അവൻ്റെ ന്യായപ്രമാണത്തിൻ്റെ കീഴിൽ ജനിച്ച ❝പാപരഹിതനായ ഒരു മനുഷ്യനു❞ മാത്രമേ കഴിയുമായിരുന്നുള്ളു. (പുറ, 4:22-23; സങ്കീ, 147:19-20; മത്താ, 1:21; റോമ, 3:2; 9:4; ഗലാ, 4:4). അങ്ങനെയൊരു മനുഷ്യൻ ഭൂമിയിൽ ഇല്ലാത്തതുകൊണ്ടാണ്, ഒരു യെഹൂദാ കന്യകയുടെ ഉദരത്തിലൂടെ അബ്രാഹാമിൻ്റെയും ദാവീദിൻ്റെയും സന്തതിയായി, ദൈവം ഒരു മനുഷ്യപ്രത്യക്ഷത എടുത്തത്: (മത്താ, 1:1; 1:16; 1തിമൊ, 3:15-16). അതായത്, ❝ജഡത്തിൽ വെളിപ്പെട്ടത് ജീവനുള്ള ദൈവമായ പിതാവും; വെളിപ്പാട് പുത്രനുമാണ്.❞ (മത്താ, 16:16 – യോഹ, 1:18). [കാണുക: അവതാരവും വെളിപ്പാടും]
☛ ക്രിസ്തുവിൻ്റെ പ്രകൃതി (Nature): ദൈവപുത്രനായ ക്രിസ്തു മനുഷ്യഷ്യനാണ്: ❝ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം.❞ (മർക്കൊ, 15:39). ദൈവപുത്രൻ ദൈവമല്ല; ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ്: (റോമ, 5:15). അതായത്, പ്രവചനംപോലെ തൻ്റെ ജനത്തെ അവരുടെ പാപങ്ങളിൽനിന്നു രക്ഷിക്കാൻ യിസ്രായേലിൻ്റെ ദൈവമായ യഹോവ തൻ്റെ ജഡത്തിലെ വെളിപ്പാടിനായി മറിയയെന്ന കന്യകയിലൂടെ പ്രകൃത്യാതീതമായി ഉല്പാദിപ്പിച്ച വിശുദ്ധപ്രജ അഥവാ, പാപരഹിതനായ മനുഷ്യനാണ് യേശു: (സങ്കീ, 40:6 → എബ്രാ, 10:5; യെശ, 7:14 → മത്താ, 1:21; ഉല്പ, 3:15 → എബ്രാ, 2:14-15; ആവ, 18:15; 18:18 → സങ്കീ, 49:7-9 → എബ്രാ, 2:12; മത്താ, 1:18; 1:20; 1:35; 2:21; യോഹ, 8:40; 8:46; 1യോഹ, 3:5). ദൈവപുത്രൻ്റെ പ്രകൃതി (Nature) എന്താണെന്ന് ദൈവശ്വാസീയമായ തിരുവെഴുത്ത് സത്യംചെയ്ത് പറഞ്ഞിരിക്കുന്നതുകൂടാതെ (മർക്കൊ, 15:39), താൻ മനുഷ്യനാണെന്ന് ദൈവപുത്രൻതന്നെ അസന്ദിഗ്ദ്ധമായി പറഞ്ഞിട്ടുണ്ട്: ❝ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു.❞ (യോഹ, 8:40). ക്രിസ്തു മനുഷ്യനാണെന്നു അൻപതുപ്രാവശ്യം പറഞ്ഞിട്ടുണ്ട്. ഉദാ: “മനുഷ്യൻ” (മത്തി, 26:72), “മനുഷ്യനായ നസറായനായ യേശു” (പ്രവൃ, 2:23), “ഏകമനുഷ്യനായ യേശുക്രിസ്തു” (റോമ, 5:15), “മനുഷ്യൻ” (1കൊരി, 15:21), “രണ്ടാം മനുഷ്യൻ” (1കൊരി, 15:47), “മനുഷ്യനായ ക്രിസ്തുയേശു” (1തിമൊ, 2:6) മുതലായവ. [കാണുക: മനുഷ്യനായ ക്രിസ്തുയേശു]
☛ മനുഷ്യരെല്ലാം പാപികളായതുകൊണ്ട് (ഇയ്യോ, 15:14; ഇയ്യോ, 25:4; സഭാ, 7:20; റോമ, 3:23; റോമ, 5:12), മനുഷ്യനു് മനുഷ്യൻ്റെ പാപം പോക്കാൻ കഴിയാത്തതിനാൽ (സങ്കീ, 49:7-9) പാപത്തിൻ്റെ ശമ്പളം മരണം (റോമ, 6:23), പാപം ചെയ്യുന്ന ദേഹി മരിക്കും (യെഹെ, 18:4; 18:20), രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല (എബ്രാ, 9:22) എന്ന ദൈവനീതി നിവൃത്തിക്കാൻ മരണമോ, മാറ്റമോ ഇല്ലാത്തവനും തന്നെത്താൻ ത്യജിക്കാൻ കഴിയാത്തവനുമായ ഏകദൈവം (1തിമൊ, 6:16; മലാ, 3:6; യാക്കോ, 1:17; 2തിമൊ, 2:13), തൻ്റെ പ്രത്യക്ഷതയ്ക്കായി, യേശുവെന്ന തൻ്റെ പുതിയ നാമത്തിൽ (മത്താ, 1:21; ലൂക്കൊ, 1:31 → യോഹ, 5:43; യോഹ, 17:11; യോഹ, 17:12), കന്യകയുടെ ഉദരത്തിലൂടെ ഒരു പാപരിഹിതനായ മനുഷ്യനെ ഉല്പാദിപ്പിച്ചിട്ട്, അവൻ്റെ രക്തത്താലും മരണത്താലുമാണ് പാപപരിഹാരം വരുത്തിയത്. (മത്താ, 1:18; മത്താ, 1:20; കൊലൊ, 1:22; എബ്രാ, 2:14-15; 1പത്രൊ, 2:24; 1യോഹ, 1:7). ക്രിസ്തു ദൈവത്തിൻ്റെ ജഡത്തിലെ പ്രത്യക്ഷതയായതുകൊണ്ടാണ്, ❝അവര്‍ കുത്തിത്തുളച്ചവനായ എങ്കലേക്കു നോക്കും❞ (they shall look upon me whom they have pierced) എന്ന് പിതാവായ യഹോവ പറയുന്നതും (സെഖ, 12:10) ❝ദൈവം തന്‍റെ രക്തത്താല്‍ സമ്പാദിച്ച ദൈവത്തിന്‍റെ സഭ❞ എന്ന് പൗലൊസ് പറയുന്നതും: (പ്രവൃ, 20:28). [കാണുക: ദൈവം സ്വന്തരക്തത്താൽ സമ്പാദിച്ച സഭ, ദൈവം ഒരുത്തൻ മാത്രം, മോണോതീയിസം]
☛ യേശുവിൻ്റെ ചരിത്രപരത: ദൈവപുത്രനായ ക്രിസ്തു ആരാണെന്ന് തുടക്കത്തിൽത്തന്നെ നാം കണ്ടതാണ്. അവൻ ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ്. (1തിമൊ, 3:15-16). അതായത്, പിതാവായ ഏകദൈവം തൻ്റെ ജഡത്തിലെ വെളിപ്പാടിനായി (1തിമൊ, 3:16) കന്യകയിലൂടെ പ്രകൃത്യാതീതമായി ഉല്പാദിപ്പിച്ച ഒരു വിശുദ്ധപ്രജ അഥവാ, പാപരഹിതനായ മനുഷ്യനാണ്. (മത്താ, 1:18; മത്താ, 1:20; ലൂക്കൊ, 2:21; ലൂക്കൊ, 1:35; യോഹ, 8;40; 1യോഹ, 3:5). ദൈവം മനുഷ്യരുടെ രക്ഷയ്ക്കായി ❝യേശു❞ എന്ന നാമത്തിൽ ഒരു മനുഷ്യപ്രത്യക്ഷത എടുക്കുന്നത് എ.എം. 3755-ൽ (ബി.സി. 6) മാത്രമാണ്. അതിനുമുമ്പും ദൈവം മനുഷ്യപ്രത്യക്ഷത എടുത്തിട്ടുണ്ടെങ്കിലും, അത് മനുഷ്യരുടെ രക്ഷയ്ക്കുവേണ്ടി ആയിരുന്നില്ല; യേശുവെന്ന നാമത്തിലും ആയിരുന്നില്ല. (ഉല്പ, 18:1-2 → ഉല്പ, 18:22; ഉല്പ, 19:1). അതിനാൽ, എ.എം. 3755-മുമ്പ് (പഴയനിയമത്തിൽ) അവനെക്കുറിച്ചുള്ള പ്രവചനങ്ങൾ അല്ലാതെ, യേശുവെന്ന വ്യക്തിയെ കാണാൻ കഴിയില്ല: (ഉല്പ, 3:15; ആവ, 18:15; ആവ, 18:18-19; സങ്കീ, 40:6; യെശ, 7:14; യെശ, 52:13-15; യെശ, 53:1-12; യെശ, 61:1-2). അപ്പൊസ്തലനായ പത്രൊസും അക്കാര്യം അസന്ദിഗ്ദ്ധമായി വ്യക്തമാക്കിയിട്ടുണ്ട്. (1പത്രൊ, 1:20). [കാണുക: ദൈവപുത്രനായ ക്രിസ്തു പഴയനിയമത്തിൽ ഉണ്ടായിരുന്നോ?]. സുവിശേഷ ചരിത്രകാലത്ത് ഏകദൈവവും ദൈവത്തിൻ്റെ വെളിപ്പാടായ പാപം അറിയാത്ത മനുഷ്യനും എന്ന രണ്ടുപേർ ഉണ്ടായിരുന്നു. ❝ദൈവം ഒരുവനല്ലോ; ദൈവത്തിനും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കുംവേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നെ.❞ (1തിമൊ, 2:5-6). സുവിശേഷകാലത്ത്, ദൈവവും ക്രിസ്തുവും വിഭിന്നരായിരുന്നു എന്നതിന് 500-ലധികം വാക്യങ്ങൾ തെളിവായുണ്ട്. മനുഷ്യനായ ക്രിസ്തുയേശുതന്നെ അക്കാര്യം അസന്ദിഗ്ധമായി വ്യക്തമാക്കിയിട്ടുണ്ട്. (മത്താ, 24:36; മത്താ, 26:39; ലൂക്കൊ, 23:46; യോഹ, 8:16; യോഹ, 8:19; യോഹ, 12:28; യോഹ, 14:6; യോഹ, 14:23; യോഹ, 16:32; യോഹ, 17:3; യോഹ, 17:11; യോഹ, 17:21; യോഹ, 17:23; യോഹ, 20:17). ദൈവത്തിനു് ചരിത്രമില്ല; അവൻ ചരിത്രത്തിനതീതനാണ്. എന്നാൽ യേശുവെന്ന ക്രിസ്തു ജനിച്ചുജീവീച്ചു മരിച്ചുയിർത്ത് ആർക്കും ഭേദിക്കാൻ കഴിയാത്ത ചരിത്രം ചമച്ച അതുല്യവ്യക്തിയാണ്.
യേശു ആരുടെയും അവതാരമല്ല; പിതാവായ ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനായി (1തിമൊ, 3:16) പരിശുദ്ധാത്മാവ് മറിയയുടെ ഉദരത്തിൽ ഉല്പാദിപ്പിച്ചതാണ്: (മത്താ, 1:20 → മത്താ, 1:18; ലൂക്കൊ, 2:21). അവൻ അവളിൽനിന്ന് ഉത്ഭവിച്ചതും പരിശുദ്ധാത്മാവിലാണ്: (ലൂക്കൊ, 1:35). [കാണുക: പരിശുദ്ധാത്മാവും ക്രിസ്തുവും]. ആരംഭവും അവസാനവും ഇല്ലാത്ത സർവ്വശക്തിയുള്ള ദൈവത്തെയാണ് പരിശുദ്ധാത്മാവ് അവളിൽ ഉല്പാദിപ്പിച്ചതെന്ന് വിശ്വസിക്കുന്നവരുടെ ദൈവസങ്കല്പം, അമൃതാനന്ദമയിയെക്കാളും സായിബാബയെക്കാളും ഒട്ടും വിശേഷതയുള്ളതാകാൻ സാദ്ധ്യതയില്ല. ➟കന്യകയായ മറിയ പ്രസവിച്ചത് ദൈവത്തെയോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനെയോ, ദൈവപുത്രനെയോ, ക്രിസ്തുവിനെയോ അല്ല; അബ്രാഹാമിൻ്റെയും ദാവീദിൻ്റെയും പുത്രനും വിശേഷാൽ, അവളുടെ ആദ്യജാതനുമായ ഒരു മനുഷ്യക്കുഞ്ഞിനെയാണ്: (മത്താ, 1:1; മത്താ, 1:25; ലൂക്കൊ, 1:31; ലൂക്കൊ, 2:7; യോഹ, 8;40). ഒരു ദൈവത്തെയോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനെയോ ആണ് മറിയ പ്രസവിച്ചതെന്ന് വിശ്വസിക്കുന്നവർ അവളെയും ദൈവമാക്കുകയാണ്. മറിയയുടെ മകൻ, യേശുവിൻ്റെ അമ്മ എന്നിങ്ങനെ മുപ്പത്തേഴ് പ്രാവശ്യം പറഞ്ഞിട്ടുണ്ട്: (കാണുക: മറിയയുടേ മകൻ]. മറിയ പ്രസവിച്ചത് തൻ്റെ പുത്രനായ മനുഷ്യക്കുഞ്ഞ് ആയതുകൊണ്ടാണ്, എട്ടാം ദിവസം അവനെ പരിച്ഛേദന കഴിച്ചത്: (ലൂക്കൊ, 2:21). അബ്രാഹാമിൻ്റെ പുത്രന്മാരും ദാസന്മാരുമായ മനുഷ്യക്കുഞ്ഞുങ്ങളെ മാത്രം പരിച്ഛേദന കഴിക്കാനാണ് പ്രമാണമുള്ളത്: (ഉല്പ, 17:10-14). ജെന്റർ (Gender) ഇല്ലാത്ത ഒരു ദൈവത്തെയാണ് എട്ടാം ദിവസം പരിച്ഛേദന കഴിച്ചതെന്ന് പറഞ്ഞാൽ എങ്ങനെയിരിക്കും? ദൈവത്തെ പരിച്ഛേദന കഴിക്കാൻ സാധിക്കുകയുമില്ല; ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനെ പരിച്ഛേദന കഴിക്കാൻ പ്രമാണവുമില്ല. അവൻ മനുഷ്യൻ്റെ കടിഞ്ഞൂൽ ആയതുകൊണ്ടാണ്, പിന്നെയും മുപ്പത്തിമൂന്ന് ദിവസങ്ങൾ കഴിഞ്ഞപ്പോൾ, ദൈവാലയത്തിൽ കൊണ്ടുപോയി ആദ്യജാതൻ്റെ വീണ്ടെടുപ്പ് കർമ്മങ്ങൾ ചെയ്തത്: (മത്താ, 1:25; ലൂക്കൊ, 2:7; ലൂക്കൊ, 2:22-24; പുറ, 13:2; പുറ, 13:12; ലേവ്യ, 12:1-8; സംഖ്യാ, 3:13). മനുഷ്യൻ്റെ കടിഞ്ഞൂലിനെയും അശുദ്ധ മൃഗങ്ങളുടെ കടിഞ്ഞൂലിനെയുമല്ലാതെ മറ്റാരെയും വീണ്ടെടുക്കാൻ പ്രമാണമില്ല: (പുറ, 34:19-20; സംഖ്യാ, 18:15). അവൻ ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ ആയിരുന്നെങ്കിൽ; അവനെ പരിച്ഛേദന കഴിക്കാനോ, ദൈവത്തിനു് വിശുദ്ധമായി അർപ്പിക്കാനോ, ദൈവത്തിൽനിന്ന് വീണ്ടെടുക്കാനോ പ്രമാണമില്ല. ഒരു ദൈവത്തെ മറ്റൊരു ദൈവത്തിനു് വിശുദ്ധമായി അർപ്പിച്ചിട്ട്, ആ ദൈവത്തിൽനിന്ന് ഈ ദൈവത്തെ മനുഷ്യർ വീണ്ടെടുപ്പ് വിലകൊടുത്ത് മേടിച്ചു എന്നൊക്കെ വചനവിരുദ്ധമായി വിശ്വസിക്കുന്നവരെ സമ്മതിക്കണം. യേശുവെന്ന മനുഷ്യൻ ജനിച്ചത് ന്യായപ്രമാണത്തെ ലംഘിക്കാനല്ല; വള്ളിക്കോ, പുള്ളിക്കോ മാറ്റം വരാതെ അതിനെ നിവൃത്തിക്കാനാണ്: (മത്താ, 5:17-18). ചിലർ കരുതുന്നപോലെ; യേശു ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനോ ആയിരുന്നെങ്കിൽ, ന്യയപ്രമാണത്തിലെ വള്ളിക്കോ, പുള്ളിക്കോപോലും മാറ്റം വരാതെ, അതിനെ നിവൃത്തിക്കാൻ ജനിച്ചവൻ, തൻ്റെ ജനനം മുതൽ ന്യായപ്രമാണത്തെ നഗ്നമായി ലംഘിച്ചു എന്നുവരണം. അതാണ്, ത്രിമൂർത്തിവിശ്വാസം സഭയ്ക്കകത്ത് നുഴയിച്ചുകയറ്റിയ ഉപായിയായ സർപ്പത്തിൻ്റെ തന്ത്രം. ന്യായപ്രമാണത്തെ നിവൃത്തിക്കാൻ ന്യായപ്രമാണത്തിൻ്റെ കീഴിൽ ജനിച്ചവൻ അതിനെ എങ്ങനെ ലംഘിക്കും? (മത്താ, 5:17; ഗലാ, 4:4). ❝ന്യായപ്രമാണത്തിൽ ഒരു പുള്ളി വീണുപോകുന്നതിനെക്കാൾ ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുന്നത് എളുപ്പം❞ എന്ന് പഠിപ്പിച്ച ക്രിസ്തു അതിനെ ലംഘിച്ചു എന്ന് വിശ്വസിക്കുന്നതിനെക്കാൾ, വിശ്വാസം ത്യജിച്ചു കളയുന്നതാണ് നല്ലത്: (ലൂക്കൊ, 16:17). ⟦യേശുവിനെ ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനാക്കാൻ: പരിശുദ്ധാത്മാവിനാൽ മറിയയുടെ ഉദരത്തിൽ ദൈവത്വവും മനുഷ്യത്വവും ഒരുപോലെയുള്ള ഭ്രൂണം വിക്ഷേപിച്ചിപ്പിട്ടാണ് യേശു ജനിച്ചതെന്നാണ് ട്രിനിറ്റി പഠിപ്പിക്കുന്നത്. കാണുക: യേശു യെഹൂദനായത് എങ്ങനെ?⟧. യേശുവെന്ന മനുഷ്യക്കുഞ്ഞിനെയും കൊണ്ടാണ് അവൻ്റെ മാതാപിതാക്കൾ മിസ്രയീമിലേക്ക് പലായനം ചെയ്തത്: (മത്താ, 2:13-14). അവൻ സർവ്വശക്തിയുള്ള ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ ആയിരുന്നെങ്കിൽ, ഒരു മനുഷ്യരാജാവിനെപ്പേടിച്ച് അവനു് പലായനം ചെയ്യേണ്ടി വരുമായിരുന്നോ? വെള്ളപ്പൊക്കം വരുമ്പോൾ, ജാതികൾ തങ്ങളുടെ വിഗ്രഹങ്ങളായ ദൈവങ്ങളെയുംകൊണ്ട് സുരക്ഷിതസ്ഥാനത്തേക്ക് പലായനം ചെയ്യുന്നപോലെ, ദൈവത്തെയും കൊണ്ടാണ് യോസേഫും മറിയയും മിസ്രയീലേക്ക് ഓടിപ്പോയതെന്നാണ് ട്രിനിറ്റി കരുതുന്നത്. ചില അന്ധവിശ്വാസങ്ങൾക്കുപോലും അന്തസ്സുണ്ട്. അതിലും വികൃതമായ വിശ്വാസം വെച്ചുപുലർത്തുന്നവർക്കു മാത്രമേ, ഇതൊക്കെ വിശ്വസിക്കാൻ കഴിയുകയുള്ളു. ഹെരോദാവിൻ്റെ മരണശേഷം യിസ്രായേൽ ദേശത്തേക്കു മടങ്ങിവന്നെങ്കിലും അവൻ്റെ മകനായ അർക്കെലെയൊസിനെ പേടിച്ച് ഗലീല പ്രദേശങ്ങളിലേക്ക് മാറിപ്പോയത് യേശുവെന്ന മനുഷ്യക്കുഞ്ഞിനെയും കൊണ്ടാണ്: (മത്താ, 2:18-21). ഒരു മനുഷ്യനെ ഭയപ്പെട്ട് ദൈവത്തെയുംകൊണ്ട് യെഹൂദ്യയിൽ താമസിക്കാതെ, ഗലീലയിലേക്ക് മാറിപ്പോയെന്ന് പറഞ്ഞാൽ എങ്ങനെയിരിക്കും? അനന്തരം ദൈവകൃപയോടെ ആത്മാവിൽ ബലപ്പെട്ടുവന്നത്, യേശുവെന്ന മനുഷ്യക്കുഞ്ഞാണ്: (ലൂക്കൊ, 2:40). അവൻ ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ ആയിരുന്നെങ്കിൽ, അവനു് ബലപ്പെടുവാൻ മറ്റൊരു ദൈവത്തിൻ്റെ കൃപയും ആത്മാവിൻ്റെ സഹായവും എന്തിനാണ്? അവൻ സ്വയം ബലപ്പെട്ടുവന്നു എന്നു പറഞ്ഞാൽപ്പേരേ? ദുഷ്ടനായ അർക്കെലെയൊസിനെ പേടിച്ച് റോം അവനെ തിരികെ വിളിക്കുന്നതുവരെ അഥവാ, യേശുവിൻ്റെ പന്ത്രണ്ടാമത്തെ വയസ്സുവരെ അവനെ ദൈവാലത്തിൽ കൊണ്ടുപോയിരുന്നില്ല: (ലൂക്കൊ, 2:41-42). ❝ദൈവം ദൈവാലയത്തിൽ പോകുന്നു❞ എന്നു പറയുന്നതുതന്നെ ഒരു കോമഡിയാണ്. അതുപോട്ടെ; അവൻ ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ ആയിരുന്നെങ്കിൽ, ഒരു മനുഷ്യനെപ്പേടിച്ച് ദൈവാലയത്തിൽ പോകാതിരിക്കുമായിരുന്നോ? ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിലാണ് യേശുവെന്ന മനുഷ്യൻ മുതിർന്നുവന്നത്: (ലൂക്കൊ, 2:52). ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നുവന്നത് ഒരു ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ ആണെന്ന് പറഞ്ഞാൽ ശരിയാകുമോ? ത്രിത്വവിശ്വാസം ഉണ്ടായതുതന്നെ സത്യേകദൈവമായ പിതാവിനെയും ദൈവത്തിൻ്റെ ക്രിസ്തുവിനെയും കളിയാക്കാനാണ്.
അവനു് ഏകദേശം മുപ്പതു വയസ്സായപ്പോൾ യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനങ്ങളുടെ നിവൃത്തിയായി, യോർദ്ദാനിൽ വെച്ച് ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തപ്പോഴാണ് അവൻ ❝അഭിഷിക്തൻ❞ (ക്രിസ്തു) ആയത്: (യെശ, 61:1; ലൂക്കൊ, 2:11; ലൂക്കൊ, 3:22; പ്രവൃ, 4:27; പ്രവൃ, 10:38). താൻ ❝ക്രിസ്തു❞ ആയത് അപ്പോഴാണെന്ന് നസറെത്തിൽ വെച്ചുള്ള തൻ്റെ പ്രഥമശുശ്രൂഷയിൽ, യെശയ്യാപ്രവചനം ഉദ്ധരിച്ചുകൊണ്ട് യേശു തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്: (യെശ, 61:1-2; ലൂക്കൊ, 4:16-21). ❝നീ (ദൈവം) അഭിഷേകം ചെയ്ത യേശു എന്ന നിന്റെ പരിശുദ്ധദാസൻ❞ എന്നാണ് ആദിമസഭ അവനെ വിശേഷിപ്പിച്ചത്: (പ്രവൃ, 4:27 → പ്രവൃ, 3:13; പ്രവൃ, 3:26; പ്രവൃ, 4:30). അവൻ ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ ആയിരുന്നെങ്കിൽ; അവനു് അഭിഷേകത്തിൻ്റെ ആവശ്യമെന്താണ്? ദൂതന്മാർക്കു പോലും അഭിഷേകം ആവശ്യമില്ലാതിരിക്കേ, അവൻ ദൈവത്തിൻ്റെ നിത്യപുത്രനും ദൈവവും ആയിരുന്നെങ്കിൽ, എന്തിനായിരുന്നു; ദൈവം അവനെ തൻ്റെ ആത്മാവിനാൽ ശക്തിപ്പെടുത്തിയത്? (ലൂക്കൊ, 4:14). അവൻ ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന മനുഷ്യൻ ആയതുകൊണ്ടാണ് അവനു് അഭിഷേകം ആവശ്യമായി വന്നത്. (എബ്രാ, 2:9; യോഹ, 8;40). അഭിഷേകാനന്തരം, ❝അവൻ അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും; ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും❞ എന്നീ ഗബ്രീയേൽ ദൂതൻ്റെ രണ്ട് പ്രവചനങ്ങളുടെ നിവൃത്തിയായി, പിതാവായ ദൈവത്താൽ ❝ഇവൻ എന്റെ പ്രിയപുത്രൻ❞ എന്നു വിളിക്കപ്പെട്ടപ്പോഴാണ്, യേശുവെന്ന അഭിഷിക്തനായ മനുഷ്യൻ ദൈവത്തിൻ്റെ ❝പുത്രൻ❞ ആയത്: (ലൂക്കൊ, 1:32; ലൂക്കൊ, 1:35; ലൂക്കൊ, 3:22). പ്രവചനം ഭൂതവർത്തമാനകാലത്തിലെ ചരിത്രമല്ല; ഭാവിയിൽ സംഭവിപ്പാനുള്ളതാണ്. ഒരു പ്രവചനം നിവൃത്തിയാകുമ്പോഴാണ് അത് ചരിത്രം (യാഥാർത്ഥ്യം) ആകുന്നത്: (സംഖ്യാ, 24:14; ദാനീ, 2:28). അവൻ ദൈവത്തിൻ്റെ നിത്യപുത്രനായ ദൈവം ആയിരുന്നെങ്കിൽ, ❝അവൻ ദൈവപുത്രൻ എന്നു വിളിക്കപ്പെടും❞ എന്ന് ദൂതൻ രണ്ടുവട്ടം പ്രവചിച്ചത് എന്തിനായിരുന്നു? യോർദ്ദാനിലെ പ്രവചനനിവൃത്തിയുടെ ആവശ്യമെന്തായിരുന്നു? ബൈബിൾ ഒരു കോമഡി പുസ്തകം അല്ലെന്ന് ആദ്യം മനസ്സിലാക്കുക. ⟦യേശുവിനെക്കുറിച്ചുള്ള പ്രവചനങ്ങൾ ആവർത്തിക്കുകയാണ് ചെയ്തതെന്നാണ് ട്രിനിറ്റി പഠിപ്പിക്കുന്നത്. പ്രവചനം നിവൃത്തിയാകുകയല്ലേ; ആവർത്തിക്കുന്നത് എങ്ങനെയാണ്? കാണുക: പ്രവചനം ആവർത്തിക്കുകുകയാണ്⟧. അനന്തരം, ❝യേശു പരിശുദ്ധാത്മാവു നിറഞ്ഞവനായി യോർദ്ദാൻ വിട്ടു മടങ്ങി❞ എന്നാണ് ലൂക്കൊസ് പറയുന്നത്: (ലൂക്കൊ, 4:1). ഒരു ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ ആണ് ❝പരിശുദ്ധാത്മാവിൽ നിറഞ്ഞതു❞ എന്നു വിശ്വസിക്കുന്നവർക്ക് ദൈവം ആരാണെന്നോ, പരിശുദ്ധാത്മാവ് ആരാണെന്നോ വല്ല ബോധവുമുണ്ടോ? പിശാചിനാൽ പരീക്ഷിക്കപ്പെടാൻ ആത്മാവാണ് അവനെ മരുഭൂമിയിലേക്ക് നടത്തിയത്: (മത്താ, 4:1; ലൂക്കൊ, 4:1). ഒരു ദൈവത്തെ മറ്റൊരു ദൈവം പരീക്ഷയിലേക്ക് നടത്തിയെന്ന് പറഞ്ഞാൽ എങ്ങനെയിരിക്കും? പിശാച് അവനെ നാല്പതു ദിവസം പരീക്ഷിച്ചുകൊണ്ടിരുന്നു: (ലൂക്കൊ, 4:1 – മത്താ, 4:1). ഒരു ദൈവത്തെ അല്ലെങ്കിൽ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനെയാണ് പിശാച് നാല്പതുദിവസം പരീക്ഷിച്ചതെന്ന് വിശ്വസിക്കുന്നവരുടെ ദൈവസങ്കല്പം എന്താണാവോ? നാല്പതു ദിവസത്തിനുശേഷം യേശുവെന്ന മനുഷ്യനെ പിശാച് പിന്നെയും മൂന്നുവിധത്തിൽ പരീക്ഷിച്ചു: (മത്താ, 4:2-11; ലൂക്കൊ, 4:2:12). ഇയ്യോബ് എന്ന ഭക്തനായ മനുഷ്യനെ പരീക്ഷിക്കാനുള്ള അനുവാദം മേടിക്കാൻ, ദൈവസന്നിധിയിൽ പഞ്ചപുച്ഛമടക്കി കാത്തുനിന്ന സാത്താൻ; ദൈവത്തെയോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനെയോ ആണ് പരീക്ഷിച്ചതെന്ന് വിശ്വസിക്കുന്നവരെ എങ്ങനെ തിരുത്താൻ കഴിയും? (ഇയ്യോ, 1:6-12). [കാണുക: ക്രിസ്തുവും സാത്താനും]. അഭിഷേകത്താൽ ലഭിച്ച ആത്മാവിൻ്റെ ശക്തിയോടെ ഗലീലക്കു മടങ്ങിച്ചെന്നാണ് അവൻ ശുശ്രൂഷ ആരംഭിച്ചത്: (ലൂക്കൊ, 4:14-15). അതായത്, കന്യകയായ മറിയ പ്രസവിക്കുന്നതുവരെ, യേശുവെന്ന ❝പാപരഹിതനായ വ്യക്തി❞ ഇല്ലായിരുന്നു. യോർദ്ദാനിലെ അഭിഷേകത്തിനു മുമ്പെ, യേശുവെന്ന ❝ക്രിസ്തു❞ ഇല്ലായിരുന്നു. അഭിഷേകാനന്തരം, ഗബ്രീയേൽ ദൂതൻ്റെ രണ്ട് പ്രവചനങ്ങളുടെ നിവൃത്തിപോലെ, ❝ഇവൻ എൻ്റെ പ്രിയപുത്രൻ❞ എന്നു പിതാവ് അരുളിച്ചെയ്യുന്നതു വരെ, യേശുവെന്ന ❝ദൈവപുത്രനും❞ ഇല്ലായിരുന്നു. യേശുവെന്ന മനുഷ്യൻ ജനിച്ചത്, എ.എം. 3755-ൽ (ബി.സി. 6) ബേത്ത്ലേഹെമിലാണ്. (ലൂക്കൊ, 2:1-7). എന്നാൽ യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനങ്ങൾപോലെ, യേശുവെന്ന ക്രിസ്തുവും ദൈവപുത്രനും ജനിച്ചത്, എ.എം. 3789-ൽ (എ.ഡി. 29) യോർദ്ദാനിൽ വെച്ചാണ്. (യെശ, 61:1; ലൂക്കൊ, 1:32; 1:35; 2:11; 3:22; പ്രവൃ, 10:38). പഴയനിയമത്തിൽ ദൈവപുത്രനായ യേശുക്രിസ്തു ഇല്ല; അവനെക്കുറിച്ചുള്ള പ്രവചനങ്ങളാണ് ഉണ്ടായിരുന്നത്. (ഉല്പ, 3:15; ആവ, 18:15; 18:18-19; സങ്കീ, 40:6; യെശ, 7:14; 52:13-15; 53:1-12; 61:1-2). അതുകൊണ്ടാണ്, ❝അവൻ ലോകസ്ഥാപനത്തിന്നു മുമ്പെ മുന്നറിയപ്പെട്ടവനും അവൻ മുഖാന്തരം ദൈവത്തിൽ വിശ്വസിക്കുന്ന നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്തു വെളിപ്പെട്ടവനും ആകുന്നു❞ എന്ന് പത്രൊസ് അപ്പൊസ്തലൻ പറഞ്ഞത്: (1പത്രൊ, 1:20). വാക്യം ശ്രദ്ധിക്കുക: ലോകസ്ഥാപനത്തിനുമുമ്പെ ക്രിസ്തു ഉണ്ടായിരുന്നു എന്നല്ല; മൂന്നറിയപ്പെട്ടവൻ അഥവാ, പ്രവചനങ്ങളിലൂടെ മുമ്പേകൂട്ടി അറിയപ്പെട്ടവനും അന്ത്യകാലത്തുമാത്രം ലോകത്തിൽ വെളിപ്പെട്ടവനുമാണ്. നമ്മുടെ കർത്താവിൻ്റെ ❝യേശു❞ (യീസൂസ്) എന്ന പേർപോലും അവൻ ജനിക്കുന്നതിനും ഒൻപത് മാസവും ഒൻപത് ദിവസവും മുമ്പുമാത്രം വെളിപ്പെടുത്തപ്പെട്ടതാണ്. [കാണുക: അന്ത്യകാലത്ത് വെളിപ്പെട്ടവൻ, യഹോവയും ക്രിസ്തുവും, മോശെയുടെ സാക്ഷ്യം]
യേശുവെന്ന, ദൈവത്തിൻ്റെ ❝ക്രിസ്തു❞ (അഭിഷിക്തനായ മനുഷ്യൻ) യോർദ്ദാനിലെ അഭിഷേകത്താൽ ലഭിച്ച ആത്മാവിൻ്റെ ശക്തിയോടെയാണ് തൻ്റെ ശുശ്രൂഷ ആരംഭിച്ചത്: (ലൂക്കൊ, 4:1 → ലൂക്കൊ, 4:14-15). താൻ ദൈവാത്മാവിനാൽ അഥവാ, ദൈവത്താലാണ് അത്ഭുതങ്ങളെ പ്രവർത്തിച്ചത്: (മത്താ, 12:28. → യോഹ, 3:2; പ്രവൃ, 2:22; പ്രവൃ, 10:38). ദൈവത്താലാണ് പാപമോചനം നല്കിയത്: (ലൂക്കൊ, 5:21 – മത്താ, 9:8). [കാണുക: ക്രിസ്തു നല്കിയ പാപമോചനം]. മൂന്നരവർഷത്തെ മഹത്വകരമായ ശുശ്രൂഷയ്ക്കൊടുവിൽ, ഗെത്ത്ശെമനയിൽവെച്ച് മാനവകുലത്തിൻ്റെ പാപമെല്ലാം വഹിച്ച് പാപമറിയാത്ത ക്രിസ്തു പാപമാക്കപ്പെടുകയും, ❝പാപത്തിൻ്റെ ശമ്പളം മരണം❞ എന്ന ദൈവനീതി നിവൃത്തിക്കാൻ മരണത്തിനതീതനായിരുന്നവൻ മരണത്തിനധീതനായിത്തീരുകയും ചെയ്തു: (മത്താ, 26:36-39; 2കൊരി, 5:21; റോമ, 6:23). പിറ്റേദിവസം അവൻ നമ്മുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ ചുമന്നുകൊണ്ട് ക്രൂശിൽക്കയറി: (1പത്രൊ, 2:24). അനന്തരം ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന മനുഷ്യനായ ക്രിസ്തുയേശു തൻ്റെ ആത്മാവിനെ പിതാവിൻ്റെ കരങ്ങളിൽ ഏല്പിച്ചിട്ട്, ദൈവാത്മാവിനാൽ ദൈവത്തിനു് തന്നെത്താൻ നിഷ്കളങ്കമായി അർപ്പിച്ചുകൊണ്ട് മരണം ആസ്വദിച്ചു: (എബ്രാ, 2:9; 1തിമൊ, 2:6; എബ്രാ, 9:14). യോർദ്ദാനിൽവെച്ച് ദൈവത്താൽ അഭിഷേകം പ്രാപിച്ച് മഹാപുരോഹിതനായ യേശു, ദൈവത്തിനും മനുഷ്യർക്കുമിടയിൽ മദ്ധ്യസ്ഥനായി നിന്നുകൊണ്ട് മറുവിലയായ കുഞ്ഞാടായി തന്നെത്താൻ ദൈവത്തിനു സൗരഭ്യവാസനയായ വഴിപാടും യാഗവുമായി അർപ്പിക്കുകയായിരുന്നു. (എബ്രാ, 4:15; 1തിമൊ, 2:5:6; യോഹ, 1:29; എഫെ, 5:2). മൂന്നാം ദിവസം ദൈവാത്മാവിനാൽ അഥവാ, ദൈവത്താൽ അവൻ ഉയിർപ്പിക്കപ്പെട്ടു: (1പത്രൊ, 3:18; പ്രവൃ, 10:40). ഉയിർത്തെഴുന്നേറ്റ അന്നുതന്നെ, തൻ്റെ യാഗമരണത്തിൻ്റെ സാക്ഷ്യവുമായി തൻ്റെ ❝പിതാവും ദൈവവും❞ ആയവൻ്റെ അടുക്കലേക്ക് (തിരുനിവാസം) കരേറിപ്പോയതോടെ യേശുവെന്ന മനുഷ്യൻ്റെ ശുശ്രൂഷ ഒരിക്കലായി പൂർത്തിയായി: (യോഹ, 20:17; എബ്രാ, 9:11-12 → എബ്രാ, 7:27; എബ്രാ, 10:10).
പിന്നീടു് സ്വർഗ്ഗത്തിൽനിന്ന് പ്രത്യക്ഷനായത് ദൈവപുത്രനായ മനുഷ്യനല്ല; ദൈവമാണ്. അവനെയാണ്, ❝എൻ്റെ കർത്താവും എൻ്റെ ദൈവവും ആയുള്ളോവേ❞ എന്ന് തോമാസ് ഏറ്റുപറഞ്ഞത്. (യോഹ, 20:28). ❝ദൈവം❞ എന്ന് ബൈബിൾ പലരെയും വിശേഷിപ്പിച്ചിട്ടുണ്ട്. എന്നാൽ ഒരു യെഹൂദൻ യഹോവയായ ഏകദൈവത്തെയല്ലാതെ ❝എൻ്റെ ദൈവം❞ (My God) അഥവാ, “ഹോ തെയോസ് മൂ” (ὁ θεός μου – Ho Theós Mou) എന്ന് മറ്റാരെയും സംബോധന ചെയ്യില്ല. ❝എൻ്റെ ദൈവം❞ (My God) എന്ന പ്രയോഗം പഴയനിയമത്തിൽ നൂറിലധികം പ്രാവശ്യം കാണാൻ കഴിയും. ഉദാ: (ആവ, 4:5; 18:16; 26:14; യോശു, 14:8; 2ശമൂ, 24:24; 1രാജാ, 3:7). പുതിയനിയമത്തിൽ തോമാസ് പറയുന്നതൊഴികെ, പതിനാറ് പ്രാവശ്യം കാണാൻ കഴിയും. ദൈവപുത്രനായ ക്രിസ്തുവും (മത്താ, 27:46; മർക്കൊ, 15:33; യോഹ, 20:17) പൗലൊസും റോമ, 1:8; 1കൊരി, 1:4; ഫിലി, 1:6) മനുഷ്യപുത്രനോട് സദൃശനും (വെളി, 3:2; വെളി, 3:12) പിതാവിനെ എൻ്റെ ദൈവം എന്നു സംബോധന ചെയ്തിട്ടുണ്ട്. ആരെയാണോ, പഴയനിയഭക്തന്മാരും മനുഷ്യനായ ക്രിസ്തുയേശുവും പൗലൊസും മനുഷ്യപുത്രനോട് സദൃശനായവനും എൻ്റെ ദൈവം എന്ന് സംബോധന ചെയ്തത്, അവനെത്തന്നെയാണ് യെഹൂദനും വിശേഷാൽ അപ്പൊസ്തലനുമായ തോമാസും, എൻ്റെ ദൈവം (My God) എന്നേറ്റുപറഞ്ഞത്. യെഹൂദനു് രണ്ടു ദൈവമില്ല; ഒരേയൊരു ദൈവമേയുള്ളു: [കാണുക: എന്റെ കർത്താവും എന്റെ ദൈവവും ആയുള്ളോവേ]
☛ യേശു എന്ന ചരിത്രപുരുഷൻ: യേശുവെന്ന അഭിഷിക്തൻ (ക്രിസ്തു) ഒരു ചരിത്രപുരുഷനാണെന്ന് ചരിത്രത്തെക്കുറിച്ച് അല്പമെങ്കിലും അവബോധമുള്ള എല്ലാവരും അംഗീകരിക്കുന്ന കാര്യമാണ്. എന്താണ് ചരിത്രം (history) എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്? മനുഷ്യൻ, സമൂഹം, രാഷ്ട്രം, പ്രപഞ്ചം, ശസ്ത്രം, സാംസ്കാരിക പ്രസ്ഥാനങ്ങള്‍ തുടങ്ങിയവയുടെ ഉത്പത്തി, വികാസം എന്നിവയുടെ കാലാനുക്രമവും വസ്തുനിഷ്ഠവുമായ വിവരണം ഉൾക്കൊള്ളുന്നതാണ് ചരിത്രം. അത്തരം കാര്യങ്ങള്‍ പ്രദിപാദിക്കുന്ന ഗ്രന്ഥത്തെ ചരിത്രഗ്രന്ഥമെന്ന് പറയുന്നു. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ, മനുഷ്യൻ്റെ ഭൂതകാല പ്രവർത്തികളുടെ ശാസ്ത്രമാണ് ചരിത്രം. എന്നാൽ ദൈവം ചരിത്രത്തിൻ്റെ പരിധിയിൽ ഉൾപ്പെടുമോ? ഒരിക്കലുമില്ല. ദൈവം ചരിത്രത്തിനതീതനാണ്. ❝പണ്ടുപണ്ട് ഒരു ദൈവമുണ്ടായിരുന്നു❞ എന്നു പറഞ്ഞുകൊണ്ടല്ല; സകല ചരിത്രത്തിനും കാരണഭൂതനായി എന്നേക്കും ജീവിക്കുന്ന ഒരു ദൈവമുണ്ടെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ബൈബിൾ ആരംഭിക്കുന്നത്: ❝ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു.❞ (ഉല്പ, 1:1). ❝പർവ്വതങ്ങൾ ഉണ്ടായതിന്നും നീ ഭൂമിയെയും ഭൂമണ്ഡലത്തെയും നിർമ്മിച്ചതിന്നും മുമ്പെ നീ അനാദിയായും ശാശ്വതമായും ദൈവം ആകുന്നു.❞ (സങ്കീ, 90:2). ആരാണ് ചരിത്രപുരുഷന്മാർ? ലോകത്തിൽ ജനിച്ചുജീവിച്ച് തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ചവരെയാണ് ചരിത്രപുരുഷന്മാർ അല്ലെങ്കിൽ, ചരിത്രനായകന്മാർ എന്ന് പറയുന്നത്. അങ്ങനെയെങ്കിൽ, കാലസമ്പൂർണ്ണത വന്നപ്പോൾ സ്ത്രീയിൽനിന്നു ജനിച്ചുജീവിച്ച് സകല മനുഷ്യരുടെയും പാപങ്ങൾ തൻ്റെ ശരീരത്തിൽ വഹിച്ചുകൊണ്ട് ക്രൂശിൽമരിച്ച് പാപഹരനായി ഉയിർത്തെഴുന്നേറ്റ യേശുക്രിസ്തു എന്ന ഏകമനുഷ്യൻ എത്രയധികമായി ചരിത്രപുരുഷനാണ്: (1പത്രൊ, 2:24; പ്രവൃ, 10:43; റോമ, 5:15). ക്രിസ്തു ഒരു ചരിത്രപുരുഷനാണെന്ന് ദൈവമക്കൾ വിശ്വസിക്കേണ്ട ആവശ്യമുണ്ടോ? ❝യേശുവിനെ ക്രിസ്തുവല്ല എന്നു നിഷേധിക്കുന്നവൻ അല്ലാതെ കള്ളൻ ആർ ആകുന്നു?❞ (1യോഹ, 2:22). അടുത്തവാക്യം: ❝യേശുവിനെ ക്രിസ്തു എന്നു വിശ്വസിക്കുന്നവൻ എല്ലാം ദൈവത്തിൽനിന്നു ജനിച്ചിരിക്കുന്നു.❞ (1യോഹ, 5:1). ദൈവം അഭിഷിക്തനല്ല; അഭിഷേകദാതാവാണ്: (പ്രവൃ, 10:38). ദൈവം ദൈവത്തെയോ, ദൂതന്മാരെയോ അല്ല അഭിഷേകം ചെയ്യുന്നത്; മനുഷ്യരെയാണ്. മനുഷ്യനായ നസറായനായ യേശുവിനെ ദൈവം യോർദ്ദാനിൽവെച്ച് പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകംചെയ്തപ്പോഴാണ് അവൻ ക്രിസ്തു (അഭിഷിക്തൻ) ആയത്: (പ്രവൃ, 2:23; ലൂക്കൊ, 3:22; പ്രവൃ, 4:27; പ്രവൃ, 10:38). ബൈബിളിൽ പേർപറഞ്ഞിരിക്കുന്ന ഇരുപതോളം ക്രിസ്തുക്കളുണ്ട്; അതിൽ ഒരൊറ്റ ദൂതൻപോലുമില്ല. ദൂതന്മാർക്കുപോലും ആവശ്യമില്ലാത്ത അഭിഷേകം യേശുവിനു് ആവശ്യമായി വന്നത്, അവൻ ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന മനുഷ്യൻ ആയതുകൊണ്ടാണ്: (എബ്രാ, 2:9; 1തിമൊ, 2:6). യേശു, ദൈവത്തിൻ്റെ അഭിഷിക്തൻ (ക്രിസ്തു) അഥവാ, ദൈവത്താൽ അഭിഷേകം പ്രാപിച്ച മനുഷ്യൻ ആണെന്ന് വിശ്വസിക്കുന്നവനാണ് ദൈവത്തിൽനിന്നു ജനിച്ചവൻ: (പ്രവൃ, 4:27; പ്രവൃ, 10:38; യോഹ, 8:40). അല്ലാത്തവൻ കള്ളനാണ്. ❝ദൈവാത്മാവിനെ ഇതിനാൽ അറിയാം; യേശുക്രിസ്തു ജഡത്തിൽ വന്നു എന്നു സ്വീകരിക്കുന്ന ആത്മാവൊക്കെയും ദൈവത്തിൽനിന്നുള്ളതു. യേശുവിനെ സ്വീകരിക്കാത്ത യാതൊരു ആത്മാവും ദൈവത്തിൽനിന്നുള്ളതല്ല. അതു എതിർക്രിസ്തുവിന്റെ ആത്മാവു തന്നേ; അതു വരും എന്നു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ; അതു ഇപ്പോൾ തന്നേ ലോകത്തിൽ ഉണ്ടു.❞ (1യോഹ, 4:2-3). ❝ദൈവപുത്രനായ യേശുക്രിസ്തു ഒരു ചരിത്ര പുരുഷനാണെന്നും അവൻ എൻ്റെ പാപങ്ങൾക്കുവേണ്ടി ഈ ഭൂമിയിൽ ജനിച്ചുജീവിച്ച് മരിച്ചുയിർത്ത മനുഷ്യനാണെന്നും വിശ്വസിക്കുന്നവരാണ് ദൈവാത്മാവുള്ളവർ അഥവാ, വീണ്ടുംജനിച്ചവർ.❞ ദൈവപുത്രനും ദൈവമാണെന്നു വിശ്വസിക്കുന്നൊവർ, ദൈവപുത്രൻ്റെ അസ്തിത്വവും വ്യക്തിത്വവും ക്രിസ്തുത്വവും പുത്രത്വവും കർത്തൃത്വവും ചരിത്രപരതയും ഒരുപോലെ നിഷേധിക്കുന്ന കള്ളനും എതിർക്രിസ്തുവും ആണെന്ന് യോഹന്നാൻ വ്യക്തമാക്കുന്നു. ❝യേശുവിനെ കർത്താവു എന്നു വായികൊണ്ടു ഏറ്റുപറകയും ദൈവം അവനെ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേല്പിച്ചു എന്നു ഹൃദയംകൊണ്ടു വിശ്വസിക്കയും ചെയ്താൽ നീ രക്ഷിക്കപ്പെടും❞ എന്നാണ് വചനം പറയുന്നത്: (റോമ, 10:9). ഈ വാക്യംപോലും മര്യാദയ്ക്ക് മനസ്സിലാക്കാത്തവരാണ്, ദൈവം ത്രിത്വമാണെന്നും തങ്ങൾ രക്ഷിക്കപ്പെട്ടവരാണെന്നും അവകാശപ്പെടുന്നത്. മരണമില്ലാത്ത ഒരു ദൈവം മരിച്ചിട്ട് മറ്റൊരു ദൈവം ഉയിർപ്പിച്ചു എന്ന് വിശ്വസിക്കുന്നതാണോ രക്ഷ? മരണമില്ലാത്ത ദൈവം മരിച്ചുയിർത്തു എന്നു വിശ്വസിക്കുന്നത് രക്ഷയല്ല; ശിക്ഷയാണ്: (1തിമൊ, 6:16). ട്രിനിറ്റി വിശ്വസിക്കുന്നപോലെ, ഒരു പുത്രദൈവം വംശാവലിയോടെ ജനിച്ചുജീവിച്ചു മരിച്ചുയിർത്തുവെന്നോ; യഹോവസാക്ഷികൾ വിശ്വസിക്കുന്നപോലെ, ദൈവത്തിൻ്റെ ആദ്യസൃഷ്ടിയായ ദൂതൻ വംശാവലിയോടെ ജനിച്ചുജീവിച്ചു മരിച്ചുയിർത്തുവെന്നോ പറഞ്ഞാൽ; അത് വിശ്വാസമല്ല; അന്ധവിശ്വാസമാണ്. അന്ധവിശ്വാസത്താൽ ആരും രക്ഷപ്രാപിക്കില്ല. ചരിത്രപുരുഷനായ (ഏകമനുഷ്യൻ) ക്രിസ്തുയേശുവിലെ വിശ്വാസത്താലാണ് മനുഷ്യർ ദൈവത്തിൻ്റെ മക്കളാകുന്നത്: (റോമ, 5:15; ഗലാ, 3:26). ദൈവാത്മാവുള്ളവർക്ക് ഇതൊക്കെ മനസ്സിലാക്കാൻ പ്രയാസമൊന്നുമില്ല. ❝ദൈവകൃപയും ഏകമനുഷ്യനായ യേശുക്രിസ്തുവിന്റെ കൃപയാലുള്ള ദാനവുമാണ് മനുഷ്യൻ്റെ രക്ഷ.❞ (റോമ, 5:15 → പ്രവൃ, 15:11). അല്ലാതെ, ഇല്ലാത്ത ത്രിത്വദൈവത്തിൻ്റെ കൃപയല്ല രക്ഷ. അതിനാൽ, ത്രിത്വദൈവത്താൽ ആരെങ്കിലും രക്ഷപ്രാപിക്കുമെന്ന് വിചാരിക്കരുത്.
☛ ദൈവത്തിൻ്റെ ഇച്ഛ: ജാതികളെ വിശ്വാസവും സത്യവും അറിയിക്കാൻ ദൈവത്താൽ നിയമിക്കപ്പെട്ട പൗലൊസ് അപ്പൊസ്തലൻ, നമ്മുടെ രക്ഷയ്ക്കായി ദൈവം ഇച്ഛിക്കുന്നതും നമ്മൾ തക്കസമയത്ത് അറിയേണ്ടതും നമ്മൾ അറിയിക്കേണ്ടതുമായ ഒരു സാക്ഷ്യത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ട്: ➨❝ദൈവം സകല മനുഷ്യരും രക്ഷ പ്രാപിപ്പാനും സത്യത്തിന്റെ പരിജ്ഞാനത്തിൽ എത്തുവാനും ഇച്ഛിക്കുന്നു. ദൈവം ഒരുവനല്ലോ; ദൈവത്തിനും മനുഷ്യർക്കും മധ്യസ്ഥനും ഒരുവൻ: എല്ലാവർക്കുംവേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നെ. തക്കസമയത്തു അറിയിക്കേണ്ട ഈ സാക്ഷ്യത്തിനായി ഞാൻ പ്രസംഗിയും അപ്പൊസ്തലനുമായി, ഭോഷ്കല്ല, പരമാർഥംതന്നെ പറയുന്നു, ജാതികളെ വിശ്വാസവും സത്യവും ഉപദേശിപ്പാൻ നിയമിക്കപ്പെട്ടിരിക്കുന്നു.❞ (1തിമൊ, 2:4-7). ➟ഈ വേദഭാഗം ശ്രദ്ധയോടെ പഠിച്ചാൽ ചില കാര്യങ്ങൾ കാണാൻ കഴിയും:
❶ ദൈവം ഇച്ഛിക്കുന്ന വസ്തുത: ജാതികളായ സകല മനുഷ്യരും രക്ഷപ്രാപിപ്പാനും സത്യത്തിൻ്റെ പരിജ്ഞാനത്തിൽ എത്തുവാനും ദൈവം ഇച്ഛിക്കുന്ന ഒരു വിഷയമാണ് ഈ വേദഭാഗത്തുള്ളത്.
❷ ജാതികൾ രക്ഷയ്ക്കായി അറിയേണ്ട വസ്തുത: ദൈവം ഒരുവൻ അഥവാ, പിതാവായ ഏകദൈവവും ദൈവത്തിനും മനുഷ്യർക്കും മദ്ധ്യസ്ഥനായി നിന്നുകൊണ്ട്, മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശുവും നമുക്കുണ്ട് എന്നതാണ് ജാതികൾ (നമ്മൾ) അറിയേണ്ട സത്യം: (യോഹ, 17:3; 1കൊരി, 8:6 – 1യോഹ, 2:22-23; 2യോഹ, 1:9; 2യോഹ, 1:10).
❸ പിതാവിൻ്റെയും പുത്രൻ്റെയും പ്രകൃതി: ജാതികൾ അവരുടെ രക്ഷയ്ക്കായി പിതാവിൻ്റെയും പുത്രന്റെയും പ്രകൃതി (Nature) എന്താണെന്നും അറിയണം. അതും വ്യക്തമായി ദൈവം പൗലൊസിലൂടെ ഇവിടെ പറഞ്ഞിട്ടുണ്ട്: പിതാവ് ദൈവവും (Theós – God) ക്രിസ്തു മനുഷ്യനും (ánthrōpós – Man) ആണ്. (യോഹ, 17:3 –യോഹ, 8:40)
❹ പൗലൊസിൻ്റെ അപ്പൊസ്തലത്വത്തിൻ്റെ ഉദ്ദേശ്യം: തക്കസമയത്ത് അറിയേണ്ട ഈ സാക്ഷ്യത്തിനായാണ് അഥവാ, ജാതികളെ ഈ സത്യം ഉപദേശിപ്പാനും അതുമുഖാന്തരം അവർ രക്ഷപ്രാപിച്ച് സത്യത്തിൻ്റെ പരിജ്ഞാനത്തിൽ എത്തുവാനുമാണ് ദൈവം പൗലോസിനെ ജാതികളുടെ അപ്പൊസ്തലനാക്കിയത്: (റോമ, 11:13; ഗലാ, 2:8-9). ➟അതായത്, ദൈവം വൺനെസ്സാണെന്നോ, ത്രിത്വമാണെന്ന് വിശ്വസിക്കുന്നവരല്ല രക്ഷപ്രാപിക്കുന്നത്; ദൈവം ഏകനാണെന്ന് വിശ്വസിക്കുകയും ക്രിസ്തു നമുക്കുവേണ്ടി മരിച്ച മനുഷ്യനാണെന്ന് വിശ്വസിക്കുകയും ചെയ്യുന്നതാണ് രക്ഷ. ➟❝ഏകസത്യദൈവമായ നിന്നെയും (Father, the only true God) അഥവാ, ഒരേയോരു സത്യദൈവമായ പിതാവിനെയും പിതാവ് അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നെ നിത്യജീവൻ ആകുന്നു❞ എന്നാണ് യേശുക്രിസ്തു പഠിപ്പിച്ചത്: (യോഹ, 17:3). ➟അതുതന്നെയാണ് പൗലൊസും പഠിപ്പിച്ചത്: (1കൊരി, 8:6; എഫെ, 4:6). ➟ക്രിസ്തു ജീവനുള്ള ദൈവമായ പിതാവിൻ്റെ ജഡത്തിലെ വെളിപ്പാടാണെന്ന് പറഞ്ഞതും പൗലൊസാണ്: (1തിമൊ, 3:15-16). ➟അവൻ ഒന്നുകൂടി പറഞ്ഞിട്ടുണ്ട്: ❝ദൈവകൃപയും ഏകമനുഷ്യനായ യേശുക്രിസ്തുവിന്റെ കൃപയാലുള്ള ദാനവും അനേകർക്കുവേണ്ടി ഏറ്റവും അധികം കവിഞ്ഞിരിക്കുന്നു.❞ (റോമ, 5:15). ➟ദൈവകൃപയും ഏകമനുഷ്യനായ യേശുക്രിസ്തുവിൻ്റെ കൃപയാലുള്ള ദാനവുമാണ് മനുഷ്യൻ്റെ രക്ഷ. അതുകൊണ്ടാണ്, ❝കർത്താവായ യേശുവിന്റെ കൃപയാൽ രക്ഷപ്രാപിക്കും എന്നു നാം വിശ്വസിക്കുന്നതുപോലെ അവരും (ജാതികളും) വിശ്വസിക്കുന്നു❞ എന്ന് പത്രൊസ് പറഞ്ഞത്. (പ്രവൃ, 15:11). ➟നമ്മുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ ചുമന്നുകൊണ്ട് ക്രുശിൽമരിച്ച നസറായനായ യേശുവെന്ന മനുഷ്യനെയാണ്, ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ച്, നമ്മുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവും ആക്കി തൻ്റെ വലങ്കയ്യാൽ ഉയർത്തിയത്: (1പത്രൊ, 2:24 – പ്രവൃ, 2:23-24; 2:36; 5:31). ➟അതുകൊണ്ടാണ്, പിതാവായ ഏകദൈവും യേശുക്രിസ്തു എന്ന ഏകകർത്താവും നമുക്കുണ്ടെന്ന് പറയുന്നത്. (1കൊരി, 8:6). ➟അതിനാലാണ്, പിതാവിനും പരിശുദ്ധാത്മാവിനും ഒപ്പം മനുഷ്യനായ ക്രിസ്തുയേശുവിൻ്റെ കൃപയും ആംശംസിക്കുന്നത്: (2കൊരി, 13:14 – 2യോഹ, 1:3). ➟നമ്മുടെ ഏകദൈവം പിതാവും, നമ്മുടെ രക്ഷിതാവും കർത്താവുമായ പുത്രൻ ഏകമനുഷ്യനുമാണ്. (റോമ, 5:15). ➟എന്നാൽ യേശുക്രിസ്തു എന്ന രക്ഷിതാവായ മനുഷ്യൻ വൺനെസ്സിലുമില്ല; ട്രിനിറ്റിയിൽ ഇല്ല. ➟വൺനെസ്സുകാർക്ക് എല്ലാം യഹോവ (യേശുക്രിസ്തു) തന്നെയാണ്. അവർ കന്യകാജാതനായ യേശുവിൻ്റെ അസ്തിത്വത്തിലും വ്യക്തിത്വത്തിലും ക്രിസ്തുത്വത്തിലും പുത്രത്വത്തിലും കർത്തൃത്വത്തിലും ചരിത്രപരതയിലും വിശ്വസിക്കുന്നില്ല. ➟ട്രിനിറ്റിയിലുള്ള മൂന്നു വ്യക്തികളും ദൈവമാണ്. ക്രൂശിൽ മരിച്ച ദൈവപുത്രൻ നിത്യനായ ദൈവമാണെന്ന് Systematic Theology പറയുന്നു: (പേജ്, 228). ➟ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന ദേഹവും ദേഹിയും ആത്മാവുമുള്ള മനുഷ്യനായ ക്രിസ്തുയേശുവാണ് മരണം ആസ്വദിച്ചതെന്ന് ബൈബിൾ പറയുന്നു: (എബ്രാ, 2:9; 1പത്രൊ, 2:24; മത്താ, 26:38; ലൂക്കൊ, 23:46; 1തിമൊ, 2:6). ➟മരണമില്ലാത്ത ദൈവം മരിച്ചുവെന്ന് വിശ്വസിച്ചാൽ ആരെങ്കിലും രക്ഷപ്രാപിക്കുമോ❓ (1തിമൊ, 6:16). വൺനെസ്സ് വിശ്വാസവും ത്രിത്വവിശ്വാസവും ജീവനിലേക്കല്ല; മരണത്തിലേക്കാണ് നടത്തുന്നത്. ➟ക്രിസ്തു അപ്പൊസ്തലന്മാരോട് പറഞ്ഞത് ഇപ്രകാരമാണ്: ❝നിങ്ങളുടെ വാക്ക് കേൾക്കുന്നവൻ എന്റെ വാക്കു കേൾക്കുന്നു; നിങ്ങളെ തള്ളുന്നവൻ എന്നെ തള്ളുന്നു; എന്നെ തള്ളുന്നവൻ എന്നെ അയച്ചവനെ തള്ളുന്നു.❞ (ലൂക്കൊ, 10:16). ➟ചുരുക്കിപ്പറഞ്ഞാൽ, പിതാവിനെയും പുത്രനെയും ദൈവവചനത്തെയും സാക്ഷാൽ സഭാപിതാക്കന്മാരായ അപ്പൊസ്തലന്മാരെയും ഒരുപോലെ തള്ളിയ ഉപദേശമാണ് വൺനെസ്സും ട്രിനിറ്റിയും.
☛ യേശുവെന്ന അഭിഷിക്തനായ മനുഷ്യൻ്റെ (ക്രിസ്തു) നിസ്തുല്യത: ക്രിസ്തു മനുഷ്യനായതുകൊണ്ട്, സമാന്യമനുഷ്യരെപ്പോലെ ഒരുവനാണെന്ന് ആരും ധരിക്കരുത്. പൗലൊസ് പറയുന്നത് നോക്കുക: ❝മനുഷ്യരിൽ നിന്നല്ല മനുഷ്യനാലുമല്ല യേശുക്രിസ്തുവിനാലും അവനെ മരിച്ചവരുടെ ഇടയിൽനിന്നു ഉയിർപ്പിച്ച പിതാവായ ദൈവത്താലുമത്രേ അപ്പൊസ്തലനായ പൌലൊസും കൂടെയുള്ള സകല സഹോദരന്മാരും ഗലാത്യസഭകൾക്കു എഴുതുന്നതു:❞ (ഗലാ, 1:1-2). ഈ വേദഭാഗത്ത്, ദൈവത്തിൽനിന്നും സാമാന്യ മനുഷ്യരിൽനിന്നും ക്രിസ്തുവിനെ വേർതിരിച്ചാണ് പൗലൊസ് പറയുന്നത്. വേറെയും വാക്യമുണ്ട്: (1കൊരി, 11:3). പിതാവിനെ, ❝എൻ്റെ ദൈവം❞ എന്നും ❝നിങ്ങളുടെ ദൈവം❞ എന്നും ക്രിസ്തുവും വേർതിരിച്ചാണ് പറയുന്നത്: (യോഹ, 20:17). വിശുദ്ധീകരിക്കുന്ന ക്രിസ്തുവിൻ്റെയും വിശുദ്ധീകരിക്കപ്പെടുന്ന നമ്മുടെയും പിതാവും ദൈവവും ഒരുവാനാണ്: (യോഹ, 20:17; എബ്രാ, 2:11). എങ്കിലും ❝നമ്മുടെ പിതാവു❞ എന്നോ, ❝നമ്മുടെ ദൈവം❞ എന്നോ അവൻ ദൈവത്തെ ഒരിക്കലും വിശേഷിപ്പിച്ചിട്ടില്ല എന്നതും കുറിക്കൊള്ളുക. ക്രിസ്തു മനുഷ്യനാണെങ്കിലും നമ്മെപ്പോലെ സാധാരണ മനുഷ്യനല്ല; ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനായി പരിശുദ്ധാത്മാവിനാൽ പ്രകൃത്യാതീയമായി ഉല്പാദിപ്പിക്കപ്പെട്ട പാപരഹിതനായ മനുഷ്യനാണ്: (മത്താ, 1:18; 1:20; ലൂക്കൊ, 1:35; 2:21; യോഹ, 6:69; 8:40; 8:46; 1യോഹ, 3:5). മനുഷ്യരെന്ന നിലയിൽ ക്രിസ്തുവിൻ്റെയും നമ്മുടെയും പ്രകൃതി ഒന്നാണ്; അക്കാര്യത്തിൽ ആർക്കും സംശയം വേണ്ട; അല്ലെങ്കിൽ നമ്മുടെ പാപപരിഹാരം സാദ്ധ്യമാകില്ല. എന്നാൽ അവൻ പരിശുദ്ധനും നാം പാപികളുമാണ്. അതുകൊണ്ടാണ് പാപപരിഹാരം സാദ്ധ്യമായത്: (2കൊരി, 5:21; 1പത്രൊ, 2:24). അവൻ്റെ നിസ്തുല്യതകൾ അനവധിയാണ്:
1. അവൻ ലോകസ്ഥാപനത്തിനു മുമ്പേ മുന്നറിയപ്പെട്ടവനും അന്ത്യകാലത്ത് വെളിപ്പെട്ടവനുമാണ്: (1പത്രൊ, 1:20. ഒ.നോ: എഫെ, 1:4; എബ്രാ, 1:1). ആ നിലയിൽ അവൻ നിസ്തുല്യനാണ്.
2. ക്രിസ്തു പിതാവായ ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ്. (1തിമൊ, 3:15-16). അഥവാ, ദൈവത്തിൻ്റെ ജഡത്തിലെ പ്രത്യക്ഷതയ്ക്കായി പരിശുദ്ധാത്മാവിനാൽ പ്രകൃത്യാതീതമായി കന്യകയിൽ ഉല്പാദിതമായതമായവനാണ്. (മത്താ, 1:20; ലൂക്കൊ, 1:35, 2:21). ആ നിലയിലും അവൻ നിസ്തുല്യനാണ്.
3. അവൻ ജനനത്തിലും ജീവിതത്തിലും പവിത്രനും, നിർദോഷനും, നിർമ്മലനും, പരിശുദ്ധനും പാപമില്ലാത്തവനും, പാപികളോടു വേർവിട്ടവനും, പാപം അറിയാത്തവനും. വായിൽ വഞ്ചനയില്ലാത്തവനുമാണ്. (യോഹ, 6:69; 2കൊരി, 5:21; എബ്രാ, 7:26; 1പത്രൊ, 2:22; 1യോഹ, 3:5). മനുഷ്യകുലത്തിൽ ജന്മപാപമോ (ആദാമ്യപാപം), കർമ്മപാപമോ ഇല്ലാതെ ജനിച്ചുജീവിച്ചു മരിച്ചുയിർത്ത ഒരേയൊരുത്തൻ ക്രിസ്തു മാത്രമാണ്. ❝നിങ്ങളിൽ ആർ എന്നെ പാപത്തെക്കുറിച്ചു ബോധം വരുത്തുന്നു?❞ എന്ന് ലോകത്തോട് ഉറക്കെ ചോദിക്കുവാൻ തക്കവണ്ണം ധാർമ്മികമായും കാർമ്മികമായും വിശുദ്ധിയുള്ള മറ്റൊരു മനുഷ്യൻ ലോകത്തിൽ ഉണ്ടായിട്ടില്ല, ഉണ്ടാകുകയുമില്ല. (യോഹ, 8:46). ആ നിലയിലും അവൻ നിസ്തുല്യനാണ്. ദൈവം മാനവകുലത്തിൻ്റെ പാപം അവൻ്റെമേൽ ചുമത്തി അവനെ കുറച്ചുസമയത്തേക്ക് പാപം ആക്കിയതുകൊണ്ടാണ്, അവനു് മരിക്കാൻ കഴിഞ്ഞത്: (2കൊരി, 5:21). അല്ലെങ്കിൽ, മരണത്തിനു് അവനെ തൊടാൻപോലും കഴിയില്ലായിരുന്നു. അഥവാ, മരണത്തിനു് അവൻ്റെമേൽ യാതൊരു അധികാരവും ഉണ്ടാകുമായിരുന്നില്ല: (റോമ, 6:23 → യെഹെ, 18:4; 18:20;), അവൻ നമ്മുടെ പാപം ഏറ്റെടുത്ത് തന്നെത്തന്നെ സൗരഭ്യവാസനയായ യാഗമായി ദൈവത്തിനു് അർപ്പിച്ചതുകൊണ്ടാണ്, അവൻ്റെയും കൃപയാണ് നമ്മുടെ രക്ഷയെന്ന് പറയുന്നത്: (എഫെ, 5:2; എബ്രാ, 2:9; റോമ, 5:15; പ്രവൃ, 15:11).
4. അവൻ ദൈവത്തിൽനിന്ന് പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്യപ്പെട്ടവനാണ്: (ലൂക്കൊ, 3:22; ലൂക്കൊ, 4:1 → പ്രവൃ, 10:38). മശീഹമാർ (ക്രിസ്തുക്കൾ) അനവധിയുണ്ടെങ്കിലും ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും നേരിട്ട് അഭിഷേകം ചെയ്തു എന്ന് പറഞ്ഞിരിക്കുന്ന ഏകവ്യക്തി നമ്മുടെ കർത്താവായ യേശുവാണ്. ആ നിലയിലും അവൻ നിസ്തുല്യനാണ്.
5. അവൻ ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണതയും ദേഹരൂപമായി വസിച്ചവനാണ്: (കൊലൊ, 2:9). യോർദ്ദാനിലെ അഭിഷേക സമയത്താണ്, പരിശുദ്ധാത്മാവ് ദേഹരൂപമായി യേശുവിൻ്റെമേൽ ആവസിച്ചത്. (ലൂക്കൊ, 3:22). അതിനെയാണ്, ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണത ദേഹരൂപമായി വസിക്കുന്നു എന്ന് പൗലൊസ് പറഞ്ഞത്. ആ നിലയിലും അവൻ നിസ്തുല്യനാണ്. [കാണുക: ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണത ദേഹരൂപമായി വസിച്ചവൻ].
6. മരിച്ചിട്ട് ഇനിയും മരണമില്ലാത്തവനായി ഉയിർത്തെഴുന്നേറ്റ ഒരേയൊരുത്തൻ ക്രിസ്തുവാണ്: (റോമ, 6:9). ആ നിലയിലും അവൻ നിസ്തുല്യനാണ്.
7. അവൻ സ്വർഗ്ഗത്തെക്കാൾ ഉന്നതനായിത്തീർന്നവനാണ്: (എബ്രാ, 7:26). ആ നിലയിലും അവൻ നിസ്തുല്യനാണ്. യെഹൂദന്മാർ അധർമ്മികളുടെ കയ്യാൽ തറപ്പിച്ചുകൊന്ന മനുഷ്യനായ നസറായനായ യേശുവിനെ ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ച് മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവുമായി തൻ്റെ വലങ്കയ്യാൽ ഉയർത്തിയപ്പോഴാണ്, അവൻ സ്വർഗ്ഗത്തെക്കാൾ ഉന്നതനായത്: (പ്രവൃ, 2:23-24; 2:36; 5:31). ഇതുപോലെ അനവധി സവിശേഷതകൾ അവനുണ്ട്. തന്മൂലം, ക്രിസ്തുയേശു എന്ന പരിശുദ്ധ മനുഷ്യനൊപ്പം പറയാൻ ഭൂമുഖത്ത് ആരും ഉണ്ടായിട്ടില്ല; മേലിൽ ഉണ്ടാകുകയുമില്ല. [കാണുക: സ്വർഗ്ഗത്തെക്കാൾ ഉന്നതനായിത്തീർന്നവൻ]
☛ ഉപായിയായ സർപ്പത്തിൻ്റെ ചതി: ഏകസത്യദൈവത്തെ ബഹുദൈവമാക്കാനും ഒന്നാം കല്പനയെ ലംഘിപ്പിച്ചുകൊണ്ട്, എല്ലാവനെയും നരകത്തിലേക്ക് കെട്ടിയെടുക്കാനുമായി, നാലാം നൂറ്റാണ്ടിൽ ഉപായിയായ സർപ്പം സഭയിൽ നുഴയിച്ചുകയറ്റിയതാണ് ട്രിനിറ്റിയെന്ന ഉപദേശം. കൊരിന്ത്യലേഖനത്തിലൂടെ പൗലൊസ് തൻ്റെയൊരു ആശങ്ക പങ്കുവെച്ചിട്ടുണ്ട്. ❝ഞാൻ നിങ്ങളെക്കുറിച്ചു ദൈവത്തിന്റെ എരിവോടെ എരിയുന്നു; ഞാൻ ക്രിസ്തു എന്ന ഏകപുരുഷനു നിങ്ങളെ നിർമ്മലകന്യകയായി ഏല്പിപ്പാൻ വിവാഹനിശ്ചയം ചെയ്തിരിക്കുന്നു. എന്നാൽ സർപ്പം ഹവ്വയെ ഉപായത്താൽ ചതിച്ചതുപോലെ നിങ്ങളുടെ മനസ്സു ക്രിസ്തുവിനോടുള്ള ഏകാഗ്രതയും നിർമ്മലതയും വിട്ടു വഷളായിപ്പോകുമോ എന്നു ഞാൻ ഭയപ്പെടുന്നു.❞ (2കൊരി, 11:2-3). പൗലൊസ് ഭയപ്പെട്ടത് വെറുതയല്ല. ❝നീ എന്റെ പുത്രൻ; ഇന്നു ഞാൻ നിന്നെ ജനിപ്പിച്ചിരിക്കുന്നു❞ എന്ന രണ്ടാം സങ്കീർത്തനത്തിലെ പ്രവചനം, വാഗ്ദത്ത സന്തതിയായ യിസ്രായേലിനെക്കുറിച്ചാണ്. ക്രിസ്തുവിലൂടെ അത് യിസ്രായേലിന് നിവൃത്തിയായ കാര്യം പൗലൊസ് അപ്പൊസ്തലൻ സ്ഫടികസ്ഫുടം വ്യക്തമാക്കിയിട്ടുണ്ട്. (പ്രവൃ, 13:32-33 → പ്രവൃ, 3:25). എന്നാൽ അവൻ്റെ ഭയംപോലെ നാലാം നൂറ്റാണ്ടിലെ രണ്ട് സുനഹദോസുകളിലൂടെ ഉപായിയായ സർപ്പം പണി പറ്റിച്ചു. നിഖ്യാസുനഹദോസ് ആ പ്രവചനം ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ ക്രിസ്തുവിൽ ആരോപിച്ചുകൊണ്ട്, അവനെ സർവ്വലോകങ്ങൾക്കുമുമ്പെ സത്യദൈവത്തിൽ നിന്നു ജനിച്ച മറ്റൊരു സത്യദൈവം ആക്കി. ❝ഒരു ജനിപ്പിച്ച സത്യദൈവം, ഒരു ജനിച്ച സത്യദൈവം, ജനിപ്പിച്ച ദൈവത്തിൽനിന്നും ജനിച്ച ദൈവത്തിൽനിന്നും പുറപ്പെട്ട മൂന്നാമത്തെ ഒരു സത്യദൈവം; അതാണ്, ട്രിനിറ്റി വിശ്വാസം.❞ നിഖ്യാകോൺസ്റ്റാൻ്റിനോപ്പിൾ സുനഹദോസുകൾക്ക് മുമ്പും പിമ്പുമുള്ള സഭയുടെ ചരിത്രം പരിശോധിച്ചാൽ, പൗലൊസ് പറഞ്ഞ ക്രിസ്തുവിൻ്റെ നിർമ്മല കാന്തയെയും വഷളായിപ്പോയ കാന്തയെയും വേർതിരിച്ച് കാണാൻ കഴിയും. സർപ്പത്തിൻ്റെ വഞ്ചന ത്രിത്വത്തിൽ തീർന്നില്ല: ❝ദൈവം ഒരുവനല്ലോ. ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.❞ (1തിമൊ, 2:5-6 → 1കൊരി, 8:6; യോഹ, 17:3; 1യോഹ, 5:20). നമുക്ക് പിതാവായ ഒരേയൊരു ദൈവമേയുള്ളു. ഇത് പഴയപുതിയനിയമങ്ങൾ അസന്ദിഗ്ദ്ധമായി വ്യക്തമാക്കുന്ന വസ്തുതതയാണ്: (ആവ, 4:39; 32:39; 2രാജാ, 19:15; 19:19; യോഹ, 5:44; 17:3; 1കൊരി, 8:6). നമ്മുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ വഹിച്ചുകൊണ്ട് ക്രൂശിൽ മരിച്ച മനുഷ്യനായ ക്രിസ്തു ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണെന്നും ബൈബിൾ വ്യക്തമാക്കുന്നു: (1തിമൊ, 2:6 → 3:15-16). യെഹൂദന്മാർ അധർമ്മികളുടെ കയ്യാൽ ക്രൂശിച്ച മനുഷ്യനായ ക്രിസ്തുയേശുവിനെ മരണത്തിൽനിന്ന് ഉയിർപ്പിച്ച് മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവുമായി തൻ്റെ വലങ്കയ്യാൽ ഉയർത്തിയത് പിതാവായ ഏകദൈവമാണ്: (പ്രവൃ, 2:23-24; 2:36; 5:31). ഇതാണ് ബൈബിൾ വെളിപ്പെടുത്തുന്ന വസ്തുത. എന്നാൽ നാലാം നൂറ്റാണ്ടുമുതൽ ദൈവം സമനിത്യരായ മൂന്നു വ്യക്തിയാണെന്ന് പഠിപ്പിച്ചിരുന്നവർ, ഇപ്പോൾ പിതാവായ സത്യേകദൈവത്തെ പടിയടച്ച് പിണ്ഡം വെച്ചിട്ട്, ഒരേയൊരു സത്യദൈവം പിതാവാണെന്നു (Father, the only true God) പഠിപ്പിച്ച ദൈവപുത്രനായ യേശുവിനെ തൽസ്ഥാനത്ത് പ്രതിഷ്ഠിച്ചിരിക്കയാണ്. ❝യേശു മാത്രമാണ് ദൈവം❞ എന്നാണ് ഇപ്പോഴവർ പഠിപ്പിക്കുന്നത്. ❝ദൈവം ഒരുത്തൻ മാത്രം – The only God (യോഹ, 5:44), ഒരേയൊരു സത്യദൈവം പിതാവാണ് – Father, the only true God (യോഹ, 17:3), പിതാവിനെ മാത്രം ആരാധിക്കണം (മത്താ, 4:10; ലൂക്കൊ, 4:8), എൻ്റെ പിതാവു് മാത്രമാണ് സകലവും അറിയുന്നത് (മത്താ, 24:36), എന്റെ പിതാവു എല്ലാവരിലും വലിയവൻ (യോഹ, 10:29), പിതാവു് എന്നെക്കാൾ വലിയവൻ (യോഹ, 14:28), എനിക്കു സ്വതേ ഒന്നും ചെയ്‍വാൻ കഴിയുന്നതല്ല (യോഹ, 5:30), ഞാൻ മനുഷ്യനാണ് (യോഹ, 8:40), പിതാവ് എന്റെ ദൈവമാണ്❞ (യോഹ, 20:17) എന്നൊക്കെ യേശു പഠിപ്പിക്കുമ്പോൾ, ❝യേശു മാത്രം ദൈവം❞ എന്ന് പഠിപ്പിക്കുന്നത് എത്രവലിയ വഞ്ചനയാണ്? (യോഹ, 5:44; യോഹ, 17:3 → യോഹ, 14:28; യോഹ, 8:40; യോഹ, 5:30). ❝പഴയനിയമത്തിലെ ദൈവം യഹോവ, പുതിയനിമത്തിലെ ദൈവം യേശു❞ എന്നു പഠിപ്പിക്കുന്ന മറ്റൊരു കൊടിയ ദുരുപദേശവും നിങ്ങൾക്ക് സോഷ്യൽമീഡിയയിൽ കാണാൻ കഴിയും. ഇതൊക്കെ ഉപായിയായ സർപ്പത്തിൻ്റെ വഞ്ചനയല്ലാതെ മറ്റെന്താണ്? ഒറ്റവാക്കിൽ പറഞ്ഞാൽ: ❝ഉപായിയായ സർപ്പം ജയിച്ചു; ത്രിമൂർത്തികൾ തോറ്റു.❞ [ത്രിമൂർത്തി പണ്ഡിതന്മാരുടെ വീഡിയോ കാണുക: യേശുമാത്രം ദൈവം, യേശു അല്ലാതെ ഒരു ദൈവമില്ല, യേശു മാത്രം ദൈവം].
8 thoughts on “ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക”