യഹോവയിലുള്ള മഹത്തായ പ്രത്യാശ

യഹോവയിലുള്ള മഹത്തായ പ്രത്യാശ

സർവ്വശക്തനായ ദൈവം വരുത്തുവാൻ പോകുന്ന ഭയാനകമായ ശിക്ഷാവിധികളുടെ മുന്നറിയിപ്പുകൾ നീണ്ട പതിറ്റാണ്ടുകളായി നൽകിയിട്ടും അവ യിസ്രായേൽജനം അവഗണിക്കുകയും അവ പ്രവചിച്ച യിരെമ്യാവിനെ ദേഹോപദ്രവങ്ങൾക്കും പീഡനങ്ങൾക്കും കാരാഗൃഹവാസത്തിനും വിധേയനാക്കുകയും ചെയ്തു. എന്നാൽ അന്തിമമായി തന്നിലൂടെ അരുളിച്ചെയ്ത പ്രവചനങ്ങൾ ദൈവം പ്രാവർത്തികമാക്കിയപ്പോൾ അത് യിരെമ്യാവിന് ഉൾക്കൊള്ളാവുന്നതിലും അധികമായിരുന്നു. യൗവനക്കാരെയും കന്യകമാരെയും വൃദ്ധന്മാരെയുമെല്ലാം ബാബിലോണ്യസൈന്യം ക്രൂരമായി കൊന്നൊടുക്കി. തന്റെ ദൈവമായി യഹോവയുടെ ആലയം വെന്തെരിയുന്നതും യെരുശലേമിലെ രാജകൊട്ടാരങ്ങളും എല്ലാ ഭവനങ്ങളും കത്തി ചാമ്പലാകുന്നതും തകർന്ന ഹൃദയത്തോടെ യിരെമ്യാവ് കണ്ടു. യെരുശലേമിന്റെ മതിലുകൾ തകർത്ത ബാബിലോണ്യസൈന്യം, ജീവനോടെ അവശേഷിച്ചവരെ ബാബിലോണിലേക്ക് തടവുകാരായി കൊണ്ടുപോയി. അനാഥരായ കുഞ്ഞുങ്ങൾ നഗരവീഥിയിൽ തളർന്നുകിടന്നു. ഇതിന്റെ നടുവിൽ അണപൊട്ടി ഒഴുകിയ വിലാപധാരയിൽ കണ്ണുകൾ മങ്ങിപ്പോകുമ്പോഴും ഉള്ളം കലങ്ങി, കരൾ തകരുമ്പോഴും (വിലാ, 2:11) അവയൊക്കെയും വരുത്തിയ ദൈവത്തോടു പകയില്ലാതെ, അവന്റെ കരുണ “അവ രാവിലെ തോറും പുതുതാകുന്നു; നിന്റെ വിശ്വസ്തത വലുതാകുന്നു” എന്നു പ്രഘോഷിക്കുന്ന യിരെമ്യാവ് ദൈവജനത്തിനു മഹത്തായ മാതൃകയാണ്. ഈ ചോരക്കളത്തിന്റെയും ചാമ്പൽ കൂമ്പാരങ്ങളുടെയും ദീനരോദനങ്ങളുടെയും നടുവിൽ “യഹോവ എന്റെ ഓഹരി ആകുന്നു എന്ന് എന്റെ ഉള്ളം പറയുന്നു; അതുകൊണ്ട് ഞാൻ അവനിൽ പ്രത്യാശവയ്ക്കുന്നു. (വിലാ, 3:24) എന്നു പ്രഖ്യാപിക്കുന്ന യിരെമ്യാവ് ദൈവജനത്തിന്റെ പ്രത്യാശയുടെ നിദർശനമാണ്. തന്നെ കാത്തിരിക്കുന്നവർക്കും തന്നെ അന്വേഷിക്കുന്നവർക്കും യഹോവ നല്ലവനാണെന്ന് തുടർന്നു പറയുന്ന പ്രവാചകൻ അത്യുന്നതനായ ദൈവത്തിലുള്ള വിശ്വാസത്തിന്റെയും പ്രത്യാശയുടെയും മകുടമായി ശോഭിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *