യഹോവയ്ക്ക് വഴി ഒരുക്കുവിൻ
“കേട്ടോ ഒരുത്തൻ വിളിച്ചുപറയുന്നതു: മരുഭൂമിയിൽ യഹോവെക്കു വഴി ഒരുക്കുവിൻ; നിർജ്ജനപ്രദേശത്തു നമ്മുടെ ദൈവത്തിന്നു ഒരു പെരുവഴി നിരപ്പാക്കുവിൻ.” (യെശ, 40:3). ക്രിസ്തുവിനെക്കുറിച്ചു പഴയനിയമത്തിലുള്ള അനവധി പ്രവചനങ്ങളിൽ ഒന്നാണിത്. സംഭവിക്കാനിരിക്കുന്ന ഒരു കാര്യം മുൻകൂട്ടി പറയുന്നതിനെയാണ് പ്രവചനം എന്നു പറയുന്നത്. ഭാവിസംഭവങ്ങളെ മറനീക്കി കാണിക്കാൻ ദൈവത്തിനു മാത്രമേ കഴിയു. ദൈവം തൻ്റെ വചനം പ്രവാചകനും പ്രവാചകൻ ജനത്തോടും അറിയിക്കുകയാണ് ചെയ്യുന്നത്. ദൈവത്തിൻ്റെ അരുളപ്പാടുകളെ നിസ്സങ്കോചം വിളിച്ചുപറയാൻ നിയമിക്കപ്പെട്ടവനാണ് പ്രവാചകൻ. താൻ ആത്മാവിൽ കാണുന്ന കാഴ്ചയും കേൾക്കുന്ന കേൾവിയുമാണ് പ്രവചനവിഷയം. ഇവിടെ 700 വർഷങ്ങൾക്കുശേഷം സംഭവിക്കാനുള്ള ഒരുകാര്യം ദൈവം തൻ്റെ പ്രവാചകനായ യെശയ്യാവിനു അനാവരണം ചെയ്തു കൊടുത്തിരിക്കയാണ്. ”കേട്ടോ ഒരുത്തൻ വിളിച്ചുപറയുന്നതു” എന്ന ആമുഖത്തോടെ, പ്രഥമപുരുഷ സർവ്വനാമത്തിലാണ് പ്രവചനം. ‘ആ ഒരുത്തൻ’ ആരാണ്? ക്രിസ്തുവിന് വഴി ഒരുക്കുവാൻ വന്ന യോഹന്നാൻ മരുഭൂമിയിൽ മാനസാന്തരം പ്രസംഗിക്കുമ്പോൾ (മത്താ, 3:1,2), പ്രഥമസുവിശേഷകനായ മത്തായി രേഖപ്പെടുത്തുന്നു: ”യെശയ്യാ പ്രവാചകൻ പറഞ്ഞവൻ ഇവൻ തന്നേ.” (മത്താ, 3:3). യെശയ്യാവിൻ്റെ പ്രവചനം അക്ഷരാർത്ഥത്തിൽ നിവൃത്തിയായതായി മത്തായി സാക്ഷ്യപ്പെടുത്തുന്നു. ഒരുത്തൻ വിളിച്ചുപറയുന്നത് യെശയ്യാവ് കേട്ടു. എന്താണവൻ വിളിച്ചുപറഞ്ഞത്; “കേട്ടോ ഒരുത്തൻ വിളിച്ചുപറയുന്നതു: മരുഭൂമിയിൽ യഹോവെക്കു വഴി ഒരുക്കുവിൻ; നിർജ്ജനപ്രദേശത്തു നമ്മുടെ ദൈവത്തിന്നു ഒരു പെരുവഴി നിരപ്പാക്കുവിൻ.” മത്തായിയും അതുതന്നെ സാക്ഷ്യപ്പെടുത്തുന്നു: ”മരുഭൂമിയിൽ വിളിച്ചുപറയുന്നവന്റെ വാക്കാവിതു: കർത്താവിന്റെ വഴി ഒരുക്കി അവന്റെ പാത നിരപ്പാക്കുവിൻ” എന്നിങ്ങനെ യെശയ്യാ പ്രവാചകൻ പറഞ്ഞവൻ ഇവൻ തന്നേ. (മത്താ, 3:3. ഒ.നോ: മർക്കൊ, 1:3; ലൂക്കൊ, 3:4). വഴിയൊക്കുന്നവനെക്കുറിച്ചും; വഴിയൊക്കപ്പെണ്ടവനെക്കുറിച്ചുമാണ് യെശയ്യാവിൻ്റെ പ്രവചനം. വഴിയൊരുക്കുന്നവനെക്കുറിച്ചുള്ള പ്രവചനം കൃത്യമാണെങ്കിൽ, ഒരുക്കപ്പെടേണ്ടവെനെക്കുറിച്ചുള്ള പ്രവചനവും കൃത്യമാകണ്ടേ? അല്ലെങ്കിൽ പ്രവചനത്തിനെങ്ങനെ നിവൃത്തിവരും? തന്മൂലം പുതിയനിയമത്തിൽ വഴിയൊരുക്കപ്പെട്ട ‘കർത്താവു’ യെശയ്യാവ് പ്രവചിച്ച ”നമ്മുടെ ദൈവമായ യഹോവ” തന്നെ. അതായത്, യഹോവ തന്നെയാണ് രക്ഷകൻ എന്നർത്ഥമുള്ള ‘യേശു’ എന്ന നാമത്തിലും ‘പുത്രൻ’ എന്ന അഭിധാനത്തിലും മനുഷ്യനായി മന്നിൽ വെളിപ്പെട്ടതെന്ന് പകൽപോലെ വ്യക്തം.
ബൈബിൾ നേരെചൊവ്വേ പറയുന്ന കാര്യങ്ങളെ വളച്ചൊടിച്ച് വ്യാഖ്യാനിച്ച് വേറെവിധത്തിൽ ആക്കുന്നതാണ് പല ക്രൈസ്തവ പണ്ഡിതന്മാരുടെയും പണി. ബൈബിളാഖ്യാനവുമായി യാതൊരു ബന്ധവുമില്ലാത്ത ദുർവ്യാഖ്യാനങ്ങളാണ് ദൈവത്തെക്കുറിച്ച് ഇന്നുള്ളത്. യേശു ദൈവമല്ലെന്നു പറയുന്നവരും, ദൈവത്തിൽ മൂന്നു വ്യത്യസ്ത വ്യക്തികളുണ്ടെന്നു പറയുന്നവരും ഒരുപോലെ ദോഷകാരികളാണ്. ക്രിസ്റ്റാഡെൽഫിയൻസും, യഹോവ സാക്ഷികളും ക്രിസ്തുവിലൂടെയുള്ള രക്ഷയെ വിശ്വസിക്കുന്നുണ്ടെങ്കിലും ക്രിസ്തു ദൈവമാണെന്ന് അംഗീകരിക്കുന്നില്ല. ത്രിത്വക്കാർ യേശു ദൈവമാണെന്ന് വിശ്വസിക്കുന്നെങ്കിലും അവർക്ക് ദൈവം ഒരു വ്യക്തിയല്ല; മൂന്നു വ്യത്യസ്ത വ്യക്തികളാണ്. ഇവരുടെയൊക്കെ വീക്ഷണത്തിൽ ക്രിസ്തുവിനെ അയച്ച ദൈവപിതാവും അയക്കപ്പെട്ട പുത്രനും രണ്ടു വ്യക്തിയാണ്. ചിലർക്ക് പുത്രൻ സൃഷ്ടിയാണെങ്കിൽ, മറ്റുചിലർക്ക് പിതാവിനോട് സമനിത്യനും വ്യതിരിക്തനുമാണ്. ക്രിസ്റ്റാഡെൽഫിയൻസിനു ദൈവം രക്ഷകനായി തിരഞ്ഞെടുത്ത സാധാരണ മനുഷ്യൻ മാത്രമാണ് ക്രിസ്തു. യഹോവസാക്ഷികൾക്ക് ദൈവത്തിൻ്റെ സൃഷ്ടികളായ സ്വർഗ്ഗീയജീവികളിൽ ഒരാളും. (പ്രധാനദൂതനായ മീഖായേൽ). ത്രിത്വം ഒരുപടികൂടി കടന്ന് ദൈവത്തോടു ഒപ്പമുണ്ടായിരുന്ന നിത്യപുത്രനാണെന്നു പറയുന്നു. ഇവരെല്ലാവരും കരുതുന്നത് യഹോവയ്ക്ക് പകരം തൻ്റെ പ്രതിനിധിയായിട്ട് പുത്രൻ വന്നുവെന്നാണ്. ഒരുദാഹരണത്തിലുടെ ഇവരുടെ ഭോഷത്വം വ്യക്തമാക്കാം: അടുത്ത ആഴ്ച (17/08/2018) പ്രളയക്കെടുതി വിലയിരുത്താൻ പ്രധാനമന്ത്രി ‘നരേന്ദ്രമോദി’ കേരളത്തിൽ വരുമെന്ന് അറിയിച്ചിട്ടുണ്ട്. ഇപ്പോൾത്തന്നെ പ്രധാനമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ കേരളത്തിൽ എത്തിയിട്ടുണ്ടാകും. അവരുടെ ജോലി ബൈബിൾ ഭാഷയിൽ പറഞ്ഞാൽ; പ്രധാന മന്ത്രിയുടെ വഴി ഒരുക്കലാണ്. മന്ത്രി സഞ്ചരിക്കേണ്ട വഴികളുടെ രൂപരേഖ തയ്യാറാക്കുക; ആ വഴികളിലെ തടസ്സം നീക്കുക; ആ വഴികളിൽ സുരക്ഷയൊരുക്കുക ഇതൊക്കെയാണ് അവരുടെ ജോലി. കേരള സർക്കാരും പ്രധാനമന്ത്രിക്കായി വലിയ ഒദ്യോഗിക സ്വീകരണം ഒരുക്കിയിട്ടുണ്ട്. ഇനി ഇങ്ങനെ ചിന്തിക്കുക; പ്രധാനമന്ത്രി ഡൽഹിയിൽനിന്ന് കേരളത്തിലേക്ക് പുറപ്പെടുവാൻ തുടങ്ങുന്ന സൂക്ഷ്മ സമയത്തുതന്നെ ഇതിനേക്കാൾ പ്രധാനമായ മറ്റൊരു ആവശ്യമുണ്ടായി എന്നിരിക്കട്ടെ. ഉദാ: നയതന്ത്രപരമായ ഒരു വിഷയമാകാം; അല്ലെങ്കിൽ ശാരീരിക അസ്വസ്ഥതയാകാം; അല്ലെങ്കിൽ മറ്റെന്തെങ്കിലും വിഷയമാകട്ടെ. അങ്ങനെ വന്നാൽ പകരം തന്റെ പ്രതിനിധിയായി മറ്റൊരാളെ നിയമിച്ചയക്കാൻ വ്യവസ്ഥയുണ്ട്. അത് ഒരുപക്ഷെ തന്റെ പ്രൈവറ്റ് സെക്രട്ടറിയായ ‘രാജീവ് കുമാർ സിംഗള’ ആണെന്നിരിക്കട്ടെ. പ്രധാനമന്ത്രിയുടെ പകരക്കാരനായി സിംഗള കേരളത്തിൽ വന്നാൽ; പ്രധാനമന്ത്രിക്ക് കൊടുക്കുന്ന എല്ലാ ഔദ്യോഗിക ബഹുമതികളും സ്വീകരണവും സിംഗളയ്ക്കും കൊടുക്കണം. അതുപോലെ പ്രളയദുരിതത്തെ സിംഗള നോക്കിക്കാണുന്നത് പ്രധാനമന്ത്രി കാണുന്നതുപോലെയാണ്. ദൂരിതാശ്വാസ പ്രവർത്തനങ്ങൾക്കായി അഞ്ഞൂറോ ആയിരമോ കോടിരൂപ സിംഗള പ്രഖ്യാപിച്ചാൽ, അതു പ്രധാനമന്ത്രി പ്രഖ്യാപിക്കുന്നതു പോലെ തന്നെയാണ്. ദുരുപദേശക്കാരുടെ ഭാഷയിൽ യഹോവയ്ക്കൊരുക്കിയ വഴിയിൽ യേശു വന്നത് ഇതുവരെ കൃത്യമാണ്. പക്ഷെ, സിംഗള കേരളത്തിലെ ദുരിതാശ്വാസ ക്യാമ്പുകളെല്ലാം സന്ദർശിച്ച് അവർക്ക് ആവശ്യമുള്ള സഹായങ്ങളെല്ലാം വാഗ്ദാനം ചെയ്തശേഷം മടക്കയാത്രക്ക് ഒരുങ്ങുമ്പോൾ, ഫിലിപ്പോസ് എന്നുപേരുള്ള ഒരു ക്യാമ്പുനിവാസി സിംഗളയോടു ഇങ്ങനെ ചോദിച്ചെന്നിരിക്കട്ടെ; ‘അങ്ങുന്നേ, പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഞങ്ങൾക്കു കാണിച്ചു തരേണം; എന്നാൽ ഞങ്ങൾക്കു മതി’ എന്നു പറഞ്ഞാൽ; പ്രധാനമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായ ‘രാജീവ് കുമാർ സിംഗള’ എന്തു മറുപടിപറയും? ഇങ്ങനെ പറയുമോ: ഞാൻ ഇത്രയും നേരം നിങ്ങളോടു കൂടെ ഇരുന്നിട്ടും നീ എന്നെ അറിയുന്നില്ലയോ സഹോദരാ? എന്നെ കണ്ടവൻ നരേന്ദ്രമോദിയെ കണ്ടിരിക്കുന്നു പിന്നെ പ്രധാനമന്ത്രിയെ ഞങ്ങൾക്കു കാണിച്ചു തരേണം എന്നു നീ പറയുന്നതു എങ്ങനെ? അതോ, ഞാനും നരേന്ദ്രമോദിയും ഒന്നാകുന്നു എന്നു പറയുമോ? മേല്പറഞ്ഞതിൽ ഏതെങ്കിലുമൊന്ന് സിംഗള പറഞ്ഞാൽ സംഭവിക്കുന്നത്; സിംഗള സിങ്കിളായി ജയിലിൽ പോകേണ്ടിവരും. അല്ലെങ്കിൽ ഇതിൽ ഏതെങ്കിലും ഒരുകാര്യം സിംഗളയ്ക്ക് പറയാൻ കഴിയുമെന്ന് സ്ഥാപിച്ചാൽ, ദുരുപദേശക്കാർ പറയുംപോലെ യഹോവയുടെ ഉദ്ദേശം നടപ്പാക്കാൻ തന്റെ പ്രതിനിധിയായിട്ടാണ് യേശുവിനെ അയച്ചെതെന്ന് ഞാനും വിശ്വസിക്കാം.
തങ്ങളുടെ കൂടെ മൂന്നരവർഷം നടക്കുകയും ഇരിക്കുകയും ഉണ്ണുകയും ഉറങ്ങുകയും ചെയ്തവനോടാണ് ഫിലിപ്പോസ് ചോദിക്കുന്നത്; ”കർത്താവേ, പിതാവിനെ ഞങ്ങൾക്കു കാണിച്ചു തരേണം.” യേശുവിൻ്റെ മറുപടി: ”നീ എന്നെ അറിയുന്നില്ലയോ ഫിലിപ്പൊസേ?” അപ്പോൾ ഞാനാരാണ്? ”ഞാൻ തന്നെയാണ് പിതാവ്!” (യോഹ, 14:8,9). എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു’ എന്നു ക്രിസ്തു പറഞ്ഞതിൻ്റെ സ്ഥിരീകരണമാണ് സ്തെഫാനോസിൻ്റെ സ്വർഗ്ഗീയ ദർശനം. (പ്രവൃ, 7:55,56). ‘ഞാനും പിതാവും ഒന്നാകുന്നു’ എന്നു പറഞ്ഞിരക്കുന്നതിനെ ഐക്യത്തിൽ ഒന്നാകുന്നതാണെന്ന് ദുരുപദേശകർ വ്യാഖ്യാനിക്കുന്നു. ലോകത്തിൽ ഐക്യത്തിൽ ഒന്നായിരിക്കുന്ന ആർക്കുമത് പറയാൻ കഴിയില്ല; ദൈവത്തിൻ്റെ ക്രിസ്തുവിന് മാത്രം പറയാൻ കഴിയന്ന പ്രയോഗമാണത്; എന്തെന്നാൽ നിത്യമായ അസ്ഥിത്വത്തിൽ പിതാവും പുത്രനും ഒരു വ്യക്തിയായാൽ മാത്രമേ അങ്ങനെ പറയാൻ കഴിയുകയുള്ളു. മറ്റാരെങ്കിലും പറഞ്ഞാൽ ഭാഷയുടെ വ്യാകരണനിയമപ്രകാരം അത് തെറ്റായിരിക്കും. (കാണുക: ഞാനും പിതാവും ഒന്നാകുന്നു). വഴി ഒരുക്കുന്നവനെക്കുറിച്ചും ഒരുക്കപ്പെടുന്നവനെക്കുറിച്ചും മലാഖിയിലുമുണ്ടല്ലോ: “എനിക്കു മുമ്പായി വഴി നിരത്തേണ്ടതിന്നു ഞാൻ എന്റെ ദൂതനെ അയക്കുന്നു. നിങ്ങൾ അന്വേഷിക്കുന്ന കർത്താവും നിങ്ങൾ ഇഷ്ടപ്പെടുന്ന നിയമദൂതനുമായവൻ പെട്ടെന്നു തന്റെ മന്ദിരത്തിലേക്കു വരും; ഇതാ, അവൻ വരുന്നു എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.” (3:1). ത്രിത്വക്കാർക്കാണെങ്കിൽ മൂന്നു വ്യത്യസ്ത വ്യക്തികളിൽ (യഹോവ, യേശു, ആത്മാവ്) ഒരാൾ മാത്രമാണ് യഹോവയെന്നോർക്കണം. യെശയ്യാവിൽ പ്രഥമപുരുഷ സർവ്വനാമത്തിലാണ് യഹോവയെക്കുറിച്ച് പറയുന്നതെങ്കിൽ; മലാഖിയിൽ ഉത്തമപുരുഷനിൽ മൂന്നുവട്ടവും (എനിക്കു മുമ്പായി വഴി നിരത്തേണ്ടതിന്നു, ഞാൻ എന്റെ ദൂതനെ അയക്കുന്നു, സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു), പ്രഥമപുരുഷനിൽ ഒരുവട്ടവും (അവൻ വരുന്നു) യഹോവ പ്രസ്തുതനാണ്. മനുഷ്യനു മനുഷ്യൻ്റെ പാപം പോക്കാൻ കഴിയാത്തതുകൊണ്ട് (സങ്കീ, 49:7-9), തീക്ഷ്ണതയുള്ള ദൈവമായ യഹോവ (പുറ, 20:5), പാപം ചെയ്യുന്ന ദേഹി മരിക്കും (യെഹെ, 18:4), പാപത്തിൻ്റെ ശമ്പളം മരണം (റോമ, 6:23), രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല (എബ്രാ, 9:22) എന്ന ദൈവനീതി നിവൃത്തിക്കാൻ, ലോകത്തിൻ്റെ പാപം ചുമക്കുന്ന കുഞ്ഞാടായി മണ്ണിൽ വരുകയാണ് ചെയ്തത്. (ഇയ്യോ, 19:25; യോഹ, 1:29). ”നിങ്ങൾ അന്വേഷിക്കുന്ന കർത്താവും നിങ്ങൾ ഇഷ്ടപ്പെടുന്ന നിയമദൂതനുമായി അവൻ വരുന്നു.” (മലാ, 3:1). ന്യായപ്രമാണമെന്ന ചുമപ്പാൻ കഴിയാത്ത നുകം (പ്രവൃ, 15:10) ഒടിച്ചുകളഞ്ഞിട്ട് സൗമ്യതയും താഴ്മയുമുള്ള നുകമായും (മത്താ, 11:29) ലോകം കാത്തിരുന്ന മശീഹായായും മനുഷ്യപുത്രനായും യഹോവ ജഡത്തിൽ വെളിപ്പെട്ടു. (യോഹ, 1:1, 14, 18; ഫിലി, 2:6-8; 1തിമൊ, 3:15,16; എബ്രാ, 2:14,15). ഇതല്ലേ ബൈബിൾ പഠിപ്പിക്കുന്നത്? മനുഷ്യനു തന്നെത്തന്നെ വീണ്ടെടുക്കാനോ ദൈവത്തിനു വീണ്ടെടുപ്പുവില കൊടുക്കാനോ ഒരുനാളും കഴിയില്ലെന്നു (സങ്കീ, 49:6-9) ബൈബിൾ പറയുമ്പോൾ; യേശു ഒരു സാധാരണ മനുഷ്യൻ മാത്രമായിരുന്നെങ്കിൽ എങ്ങനെ പാപപരിഹാരം സാദ്ധ്യമാകും? പാപംചെയ്ത ദൂതന്മാരെ ദൈവം ആദരിക്കാതെ അന്ധതമസ്സിന്റെ ചങ്ങലയിട്ടു ന്യായവിധിക്കായി സൂക്ഷിച്ചിരിക്കേ (2പത്രോ, 2:4) അതേ ഗണത്തിൽപ്പെട്ട മീഖായേൽ എന്ന ദൂതൻ്റെ മരണംകൊണ്ട് മനുഷ്യരുടെ പാപപരിഹാരം വരുത്തുന്നത് ദൈവത്തിനു നീതിയാണോ? ആദ്യം ബന്ധനത്തിൽ കിടക്കുന്ന ദൂതന്മാരെ വീണ്ടെടുത്തിട്ടുവേണ്ടേ ദൂതനെക്കൊണ്ടു മനുഷ്യനെ വീണ്ടെടുക്കാൻ? പഴയനിയമത്തിൽ യഹോവയാണ് വീണ്ടെടുപ്പുകാരനെന്നും (സങ്കീ, 19:14; 78:35; യെശ, 41:14) യഹോവയ്ക്കാണ് വഴിയൊരുക്കേണ്ടതെന്നും (യെശ, 40:3; മലാ, 3:1) വീണ്ടെടുപ്പുകാരൻ ഒടുവിൽ പൊടിമേൽ നില്ക്കുമെന്നും (ഇയ്യോ, 19:25) എഴുതിവെച്ചിട്ട്, ത്രിത്വക്കാരുടെ ഭാഷയിൽ മറ്റൊരു വ്യക്തിയായ പുത്രൻ വന്നാൽ മതിയാകുമോ? പഴയനിയമ പ്രവചനങ്ങളെല്ലാം ചീറ്റിപ്പോയോ? ക്രമംകെട്ട അന്യഭാഷയും വെളിവുകെട്ട പ്രവചനവും പോലെതന്നെ ത്രിത്വവിശ്വാസവും ക്രൈസ്തവ സഭയെ ലോകത്തിനു മുമ്പിൽ പരിഹാസപാത്രമാക്കുകയാണ്. ബൈബിളിൽ തരിമ്പുപോലും തെളിവില്ലാത്തതും ബുദ്ധിക്കും യുക്തിക്കും നിരക്കാത്തതാണ് ത്രിത്വോപദേശം.
എ.ഡി. 33 മെയ് 24-ാം തീയതി അപ്പൊസ്തലന്മാരെ കൂടാതെ പെന്തെക്കൊസ്തു പെരുന്നാളിനു വന്ന യെഹൂദന്മാരിൽ മൂവായിരത്തോളം പേരുമായി ഒരു ക്രൈസ്തവ സഭ യെരൂശലേമിൽ സ്ഥാപിതമാകണമെങ്കിൽ ജഡത്തിൽ വന്നവൻ ആരാണെന്ന് പഴയനിയമത്തിൽനിന്ന് അവർക്ക് കൃത്യമായ തെളിവുകൊടുക്കണം. യഹോവയല്ലാതെ മറ്റൊരു ദൈവം യെഹൂദനില്ല. പിതാവ് പുത്രൻ പരിശുദ്ധാത്മാവെന്ന പ്രയോഗമുള്ളത് പുതിയനിയമത്തിലാണ്. പുതിയനിയമം എഴുതിത്തുടങ്ങിയത് പിന്നെയും പതിനഞ്ചു വർഷങ്ങൾക്ക് ശേഷമാണ്. പഴയനിയമത്തിലാകട്ടെ, ദൈവത്തിനോരു പുത്രനുള്ളതായി യാതൊരു സൂചനയുമില്ല. ജാതികളിൽനിന്നു വന്നവരുടെ കാര്യംപോട്ടെ. പിതാവിൽനിന്നു വ്യതിരിക്തനാണ് പുത്രനെങ്കിൽ 2,000 വർഷം ഏകദൈവമായ യഹോവയെ വിളിച്ചപേക്ഷിച്ചിരുന്ന യെഹൂദന്മാർ രക്ഷയുടെ അനുഭവത്തിലേക്കു വരുമായിരുന്നോ? യഹോവയായ ദൈവം ജഡത്തിൽ വെളിപ്പെട്ടപ്പോൾ എടുത്ത പദവിയാണ് ‘പുത്രൻ, ക്രിസ്തു’ എന്ന് പത്രൊസിൻ്റെ പ്രസംഗത്തിലുടെ പരിശുദ്ധാത്മാവ് അവർക്ക് ബോധ്യം നൽകിയപ്പോഴാണ് ദൈവസഭ സ്ഥാപിതമായത്. അതിനു നൂറുകണക്കിനു തെളിവ് പഴയനിയമത്തിലുണ്ട്. ബെരോവയിലുള്ള യെഹൂദന്മാർ പൗലൊസ് പ്രസംഗിച്ച സുവിശേഷം ശ്രദ്ധയോടെ കേട്ടുവെങ്കിലും പഴയനിയമ തിരുവെഴുത്തുകൾ പരിശോധിച്ച് ക്രിസ്തു ആരാണെന്ന ബോദ്ധ്യം വന്നശേഷമാണ് വിശ്വസിച്ചത്. (പ്രവൃ, 17:11). ആദിമസഭ വിളിച്ചപേക്ഷിച്ച നാമമേതാണ്? യഹോവയോടുള്ള തീക്ഷ്ണത നിമിത്തം ക്രിസ്ത്യാനികളെ മുച്ചൂടും മുടിക്കാൻ ഇറങ്ങിപ്പുറപ്പെട്ട പൗലൊസ് അടക്കം ആദിമസഭയിലെ യെഹൂദരിൽ നിന്നും ജാതികളിൽ നിന്നും വന്ന എല്ലാ ക്രൈസ്തവരും വിളിച്ചപേക്ഷിച്ച നാമം യേശുവിൻ്റെ മാത്രമാണ്. (പ്രവൃ, 2:21; 7:59; 9:14, 21; 15;17; 22:16; റോമ, 10:13, 14; 1കൊരി, 1:2; 2തിമൊ, 2:22). ഇനി, പിതാവിൽനിന്ന് വ്യത്യസ്തനാണ് യേശുവെന്ന് അപ്പൊസ്തലന്മാർ അവർക്ക് ബോധ്യം വരുത്തിയിരുന്നെങ്കിൽ അവർ യേശുവിനൊപ്പം പിതാവിനെയും വിളിച്ചപേക്ഷിക്കില്ലായിരുന്നോ? ഒരുപക്ഷെ പറയുമായിരിക്കും; യേശു പിതാവിനോട് പ്രാർത്ഥിക്കാൻ പറയുകയും പഠിപ്പിക്കുകയും ചെയ്തുവല്ലോ; ലേഖനങ്ങളിൽ പിതാവിനു സ്തോത്രം കരേറ്റുണ്ടല്ലോ എന്നൊക്കെ. ഒന്നാമത്; പിതാവെന്നതും പുത്രനെന്നതും യഹോവയുടെ ദൈവത്വവും മനുഷ്യത്വവും വേർതിരിച്ചു കാണിക്കുന്ന പദവികളാണ്. ജഡത്തിൽ വെളിപ്പെട്ട ക്രിസ്തു പൂർണ്ണമനുഷ്യൻ അഥവാ പരിശുദ്ധമനുഷ്യൻ മാത്രമായതുകൊണ്ടാണ് സ്വർഗ്ഗീയ പിതാവിനോട് പ്രാർത്ഥിക്കാൻ ആവശ്യപ്പെട്ടതും താൻതന്നെ പിതാവിനോട് പ്രാർത്ഥിച്ചതും. മാത്രമല്ല, തൻ്റെ നാമത്തിൽ പിതാവിനോട് പ്രാർത്ഥിക്കാനാണ് പറയുന്നത്. ലേഖനങ്ങളിൽ പുത്രൻ്റെ നാമത്തിലാണ് പിതാവിന് സ്തോത്രം ചെയ്യുന്നതെന്നും ഇതിനൊപ്പം ഓർക്കുക. കൂടാതെ, “അന്നു നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കും; ഞാൻ നിങ്ങൾക്കുവേണ്ടി പിതാവിനോടു അപേക്ഷിക്കും എന്നു ഞാൻ പറയുന്നില്ല” (യോഹ, 16:26) എന്ന് യേശു പറയുന്നതെന്താണ്? ജഡത്തിൽ പ്രത്യക്ഷനായവൻ അപ്രത്യക്ഷനായാൽ മറ്റൊരു വ്യക്തിയായി ഉണ്ടാകുകയല്ല. പിന്നെ ഉണ്ടായിരിക്കുന്നത് ആ പദവി മാത്രമാണ്. സകലവും യഥാസ്ഥാനപ്പെടുത്തിക്കഴിഞ്ഞാൽ പിതാവ് പുത്രനെന്ന വേർതിരിവോ പദവിയോപോലും ഉണ്ടാകില്ല; ഏകനാമമായിരിക്കും ഉണ്ടാകുക. (സെഖ, 14:9; 1കൊരി, 15:20-28; വെളി, 7:17; 21:22,23; 22:3-5). യഹോവ ‘പുത്രൻ’ എന്ന അഭിധനത്തിൽ മനുഷ്യൻ മാത്രമായി വെളിപ്പെട്ട് ദൈവത്തിനും മനുഷ്യർക്കും മദ്ധ്യസ്ഥം വഹിച്ചതുകൊണ്ടാണ് മനുഷ്യരുടെ പാപപരിഹാരം സാദ്ധ്യമായത്. (1തിമൊ, 2:5,6; യോഹ, 1:1; 14; ഫിലി, 2:6-8; 1തിമൊ, 3:15,16; എബ്രാ, 2:14,15). പുത്രനെന്നത് സാക്ഷാൽ യഹോവ മനുഷ്യനായി പ്രത്യക്ഷനായപ്പോൾ എടുത്ത പദവിയാണ്. [കാണുക: യേശുക്രിസ്തു സാക്ഷാൽ ദൈവപുത്രനോ?]
ക്രിസ്തുവിൻ്റെ മഹത്ത്വപ്രത്യക്ഷത പഴയനിയമവും പുതിയനിയമവും ഒരുപോലെ പ്രസ്താവിക്കുന്ന വിഷയമാണ്. (സെഖ, 12:10:14; 14:3,4; മത്താ, 24:30; പ്രവൃ, 1:11; എബ്രാ, 1:6; വെളി, 1:7). യേശുക്രിസ്തു സ്വർഗ്ഗാരോഹണം ചെയ്തത് ഒലിവുമലയിൽ നിന്നാണ്. (പ്രവൃ, 1:12, 9). യേശു ആകാശമേഘങ്ങളിലൂടെ കരേറിപ്പോകുന്നത് നോക്കിനില്ക്കുന്ന അപ്പൊസ്തലന്മാരുടെ അടുക്കൽ രണ്ടു ദൂതന്മാർ വന്നു പറയുന്നത്; “ഗലീലാപുരുഷന്മാരേ, നിങ്ങൾ ആകാശത്തിലേക്കു നോക്കിനില്ക്കുന്നതു എന്തു? നിങ്ങളെ വിട്ടു സ്വർഗ്ഗാരോഹണം ചെയ്ത ഈ യേശുവിനെ സ്വർഗ്ഗത്തിലേക്കു പോകുന്നവനായി നിങ്ങൾ കണ്ടതുപോലെ തന്നേ അവൻ വീണ്ടും വരും” എന്നാണ്. (പ്രവൃ, 1:11). അതായത്, എവിടെനിന്ന് പോയോ അവിടേക്കുതന്നെ അവൻ മടങ്ങിവരും. സെഖർയ്യാവ് ഇതു കൃത്യമായി പ്രവചിച്ചിട്ടുണ്ട്: “എന്നാൽ യഹോവ പുറപ്പെട്ടു, താൻ യുദ്ധദിവസത്തിൽ പൊരുതതുപോലെ ആ ജാതികളോടു പൊരുതും. അന്നാളിൽ അവന്റെ കാൽ യെരൂശലേമിന്നെതിരെ കിഴക്കുള്ള ഒലിവു മലയിൽ നില്ക്കും; ഒലിവുമല കഴിക്കുപടിഞ്ഞാറായി നടുവെ പിളർന്നുപോകും; ഏറ്റവും വലിയോരു താഴ്വര ഉളവായ്വരും; മലയുടെ ഒരു പാതി വടക്കോട്ടും മറ്റെ പാതി തെക്കോട്ടും വാങ്ങിപ്പോകും.” (14:3). സെഖര്യാവിൻ്റെ പ്രവചനവും ദൂതന്മാരുടെ പ്രവചനവും രണ്ടു വ്യത്യസ്ത സംഭവങ്ങളാണോ? അല്ലല്ലോ, ഒരേ സംഭവമല്ലേ? ഭാവിയിൽ നടക്കുവാനുള്ള ഒരു സംഭവം രണ്ടു വ്യത്യസ്ത വ്യക്തികളിലൂടെ എങ്ങനെ സംഭവിക്കും? ത്രിത്വപ്രകാരം രണ്ടു വ്യത്യസ്ത വ്യക്തികളാണ് യഹോവയും യേശുവും. സെഖര്യാവിൻ്റെ പ്രവചനപ്രകാരം യഹോവ ഒലിവുമലയിൽ വന്നാൽ പുതിയനിയമത്തിലെ ദൂതന്മാരുടെ പ്രവചനം എങ്ങനെ നിറവേറും? ദൂതന്മാരുടെ പ്രവചനം നിറവേറിയാൽ സെഖ്യര്യാവിൻ്റെ പ്രവചനവും എങ്ങനെ നിറവേറും? ബൈബിൾ പ്രവചനങ്ങൾ പരസ്പരവരദ്ധമാണോ? യഹോവ തന്നെയാണ് മനുഷ്യനായി വെളിപ്പെട്ട യേശുക്രിസ്തുവെന്ന് മനസ്സോടെ വിശ്വസിക്കുന്നവർക്ക് രണ്ടു പ്രവചനങ്ങളും ഒരുപോലെ ശരിയാണ്. യഹോവയ്ക്ക് വഴിയൊരുക്കാൻ യോഹന്നാൻ വിളിച്ചുപറയുന്നത് ആത്മാവിൽ കണ്ട യെശയ്യാവിൻ്റെയും മലാഖിയുടേയും പ്രവചനം അക്ഷരംപ്രതി നിവൃത്തിയായതായി സമവീക്ഷണ സുവിശേഷകന്മാർ അടിവരയിടുന്നു. എന്നിട്ടും ത്രിത്വം സമ്മതിക്കുന്നില്ല; യഹോവയുടെ കൂടെയുണ്ടായിരുന്ന മറ്റൊരു വ്യക്തിയായ പുത്രനാണ് വന്നതെന്നു പറയുന്നു. യഹോവ ഒലിവുമലയിൽ മടങ്ങിവരുമെന്ന സെഖര്യാവിൻ്റെ പ്രവചനവും ത്രിത്വക്കാർ അംഗീകരിക്കുന്നില്ല. അവരുടെ കാഴ്ചപ്പാടിൽ ബൈബിലുള്ളത് പ്രവചനങ്ങളല്ല; പ്രഹസനങ്ങളാണ്. ബൈബിൾ പ്രവചനങ്ങളെ പ്രഹസനങ്ങളാക്കാൻ ആഗ്രഹിക്കുന്ന ഒരു കക്ഷിയുണ്ട്; പഴയപാമ്പായ സാത്താൻ. ടിയാനോട് അച്ചാരം കൈപ്പറ്റിയിട്ടുള്ളവർക്ക് മാത്രമേ ത്രിത്വോപദേശം പിൻതുടരുവാൻ കഴിയുകയുള്ളു.
പഴയനിയമത്തിൽ യഹോവയാൽ നിവൃത്തിയാകേണ്ട അനേകം പ്രവചനങ്ങൾ ബാക്കിനില്ക്കേയാണ് (ഉദാ: സെഖ, 9:14-16 = 1തെസ്സ, 4:16; യെശ, 66:14-16 = 2തെസ്സ, 16,7; സെഖ, 14:4–പ്രവൃ, 1:11,12; സങ്കീ, 10:16 = ലൂക്കൊ, 1:33; യോഹ, 1:49; യെശ, 45:23,24–ഫിലി, 2:10,11), ന്യായപ്രമാണത്തെ പൂർത്തികരിക്കാനായി ക്രിസ്തു വെളിപ്പെട്ടത്. “ഞാൻ ന്യായപ്രമാണത്തെയൊ പ്രവാചകന്മാരെയോ നീക്കേണ്ടതിന്നു വന്നു എന്നു നിരൂപിക്കരുതു; നീക്കുവാനല്ല നിവർത്തിപ്പാനത്രെ ഞാൻ വന്നതു.” (മത്താ, 5:17). യഹോവയാൽത്തന്നെ നിവൃത്തിയാകണം എന്ന് പ്രവചനമിരിക്കെ, മറ്റൊരു വ്യക്തിയായ പുത്രനെങ്ങനെ ന്യായപ്രമാണം പൂർത്തിയാക്കാൻ കഴിയും? “അവൻ മരണത്തെ സദാകാലത്തേക്കും നീക്കിക്കളയും; യഹോവയായ കർത്താവു സകലമുഖങ്ങളിലുംനിന്നു കണ്ണുനീർ തുടെക്കയും തന്റെ ജനത്തിന്റെ നിന്ദ സകലഭൂമിയിലുംനിന്നു നീക്കിക്കളകയും ചെയ്യും. യഹോവയല്ലോ അരുളിച്ചെയ്തിരിക്കുന്നതു. അന്നാളിൽ: ഇതാ, നമ്മുടെ ദൈവം; അവനെയത്രേ നാം കാത്തിരുന്നതു; അവൻ നമ്മെ രക്ഷിക്കും; അവൻ തന്നേ യഹോവ; അവനെയത്രേ നാം കാത്തിരുന്നതു; അവന്റെ രക്ഷയിൽ നമുക്കു ആനന്ദിച്ചു സന്തോഷിക്കാം എന്നു അവർ പറയും.” (യെശ, 25:8,9. ഒ.നോ: 35:3-6). ഇവിടെ എത്ര കൃത്യമായിട്ട് എഴുതിയിരിക്കുന്നു: “ഇതാ, നമ്മുടെ ദൈവം; അവനെയത്രേ നാം കാത്തിരുന്നതു; അവൻ നമ്മെ രക്ഷിക്കും; അവൻ തന്നേ യഹോവ; അവനെയത്രേ നാം കാത്തിരുന്നതു; അവന്റെ രക്ഷയിൽ നമുക്കു ആനന്ദിച്ചു സന്തോഷിക്കാം.” തൻ്റെ മരണംകൊണ്ട് രക്ഷയൊരുക്കിയ അവൻ (ക്രിസ്തു) തന്നെ യഹോവ (എബ്രാ, 2:14,15) എന്ന് ബൈബിൾ കട്ടായം പറയുമ്പോൾ; അങ്ങനല്ലെന്നു പറയാൻ നിങ്ങൾ അന്തിക്രിസ്തുക്കളാണോ? അടുത്തൊരുവാക്യം നോക്കുക: “ഇതാ, നിങ്ങളുടെ ദൈവം! പ്രതികാരവും ദൈവത്തിന്റെ പ്രതിഫലവും വരുന്നു! അവൻ (യഹോവ) വന്നു നിങ്ങളെ രക്ഷിക്കും.” (യെശ, 35:4). “വരുവാനുള്ളവൻ നീയോ, ഞങ്ങൾ മറ്റൊരുവനെ കാത്തിരികയോ” എന്ന് യോഹന്നാൻ സ്നാപകൻ തൻ്റെ ശിഷ്യന്മാരെ അയച്ച് യേശുവിനോട് ചോദിച്ചപ്പോൾ പറഞ്ഞ വേദഭാഗത്തോടു ബന്ധപ്പെട്ടതാണ് മുകളിൽ പറഞ്ഞ വചനം. (ലൂക്കൊ, 7:19-23). പുത്രനെ അയച്ചു രക്ഷിക്കുമെന്നല്ല, മറ്റാരെങ്കിലും വന്ന് രക്ഷിക്കുമെന്നല്ല; യഹോവ വന്നു രക്ഷിക്കും. ന്യായപ്രമാണത്തിനു വള്ളിപുള്ളി മാറ്റം വരാൻ പാടില്ലെന്ന് ക്രിസ്തുതന്നെ പറഞ്ഞിരിക്കെ (മത്താ, 5:18), യഹോവയ്ക്ക് പകരം തൻ്റെ നിത്യപുത്രനാണ് വന്നതെന്ന് പറകവഴി, യഹോവയുടെ ന്യായപ്രമാണവും ചീറ്റിപ്പോയെന്ന് സ്ഥാപിക്കാനല്ലേ സാത്താൻ ദുരുപദേശകരിലൂടെ ശ്രമിക്കുന്നത്???…
ദൈവത്തിൽ വ്യക്തികളല്ല; ദൈവത്തിനു വെളിപ്പാടുകളാണുള്ളത്: അനേകർക്കും ദൈവത്തിൻ്റെ പ്രകൃതിപോലും അറിയില്ലെന്നതാണ് വസ്തുത: അക്ഷയനും അദൃശ്യനും ആത്മാവും ആരുമൊരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമാണ് ദൈവം. ദൈവം അദൃശ്യനാണെന്ന് മൂന്നുവട്ടം പറഞ്ഞിട്ടുണ്ട്: (യോഹ, 4:24കൊലൊ, 1:15; 1തിമൊ, 1:17; എബ്രാ, 11:27). ബൈബിൾ പുസ്തകങ്ങളിൽ അവസാനം അഞ്ചു പുസ്തകങ്ങളെഴുതിയ യോഹന്നാൻ അപ്പോസ്തലൻ, ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ലെന്നു രണ്ടുവട്ടം പറഞ്ഞിരിക്കുന്നു: (യോഹ, 1:18; 1യോഹ, 4:12). ദൈവത്തെ കാണ്മാൻ കഴയില്ലെന്നു പൗലൊസ് അപ്പൊസ്തലനും പറഞ്ഞിരിക്കുന്നു: (1തിമൊ, 6:16). എന്നാൽ പിതാവിനെയും പുത്രനെയും പരിശുദ്ധാത്മാവിനെയും പലരും കണ്ടിട്ടുണ്ട്. എൻ്റെ പിതാവിൻ്റെ മുഖം ദൂതന്മാർ എപ്പോഴും കാണുന്നുവെന്നു ക്രിസ്തു പറഞ്ഞു: (മത്താ, 18:10). യഹോവയായ ദൈവം ഭൂമിയിൽ പലനിലകളിൽ മനുഷ്യർക്കു തന്നെത്തന്നെ വെളിപ്പെടുത്തിയതുകൂടാതെ, സ്വർഗ്ഗസിംഹാസനത്തിൽ ദൂതന്മാരുടെ മദ്ധ്യേ ഇരിക്കുന്ന യഹോവയെ, മീഖായാവ് (1രാജാ, 22:19), യെശയ്യാവ് (6:1-5), യെഹെസ്ക്കേൽ (1:26-28), ദാനീയേൽ (7:9,10), യോഹന്നാൻ (വെളി, 4:1,2) തുടങ്ങിയവർ കണ്ടിട്ടുണ്ട്. യഹോവ സ്വർഗ്ഗസിംഹാസനത്തിലിരുന്ന് നിത്യം ദൂതന്മാരുടെ ആരാധന സ്വീകരിക്കുകയാണ്: (യെശ,6:3; വെളി, 4:8). സ്വർഗ്ഗത്തിൽ പിതാവായ യഹോവയെ യെഹെസ്ക്കേലും ദാനീയേലും കണ്ടത് മനുഷ്യസാദൃശ്യത്തിലാണ്. (യെഹെ, 1:26; 8:2; ദാനീ, 7:9). മനുഷ്യനായി വെളിപ്പെട്ട പുത്രനെയും അനേകർ കണ്ടിട്ടുണ്ട്: (1കൊരി, 15:21; 1തിമൊ, 2:6; 3:16; 1പത്രൊ,1:20). പരിശുദ്ധാത്മാവിനെ ദേഹരൂപത്തിൽ അഥവാ മനുഷ്യരൂപത്തിൽ യോഹന്നാൻ സ്നാപകനും (ലൂക്കൊ, 3:22) പിളർന്നിരിക്കുന്ന നാവുകളുടെ രൂപത്തിൽ പെന്തെക്കൊസ്തുനാളിൽ അപ്പൊസ്തലന്മാരും കണ്ടിട്ടുണ്ട്: (പ്രവൃ, 2:3). പിതാവിനെയും പുത്രനെയും പരിശുദ്ധാത്മാവിനെയും അനേകർ കണ്ടിട്ടുണ്ട്. അപ്പോൾ, അക്ഷയനും അദൃശ്യനും ആരുമൊരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായ ദൈവം ആരാണ്???… ആരുമൊരുനാളും കാണാത്തതും കാണ്മാൻ കഴിയാത്തതുമായ കാരണത്താൽ ആ ദൈവം വ്യക്തിയല്ലെന്നുവരുമോ???… അപ്പോൾ ആകെയെത്ര ദൈവവ്യക്തികളാകും???… അക്ഷയനും അദൃശ്യനുമായ ഏകദൈവത്തിൻ്റെ മൂന്നു പ്രത്യക്ഷതകളും പദവികളുമാണ് പിതാവ് പുത്രൻ പരിശുദ്ധാത്മാവെന്നത്; നാമമാണ് യേശുക്രിസ്തു: (മത്താ, 28:19) [കാണുക: അദൃശ്യനായ ഏകദൈവവും പ്രത്യക്ഷതകളും, പരിശുദ്ധാത്മാവിൻ്റെ ദേഹരൂപം]
ബൈബിളാഖ്യാനത്തോടു കൂട്ടുവാനോ കുറയ്ക്കുവാനോ സ്വർഗ്ഗത്തിലും ഭൂമിയിലും ആർക്കും അധികാരം നല്കപ്പെട്ടിട്ടില്ല. കൂട്ടുകയും കുറക്കുകയും ചെയ്യുന്നവൻ ശിക്ഷാവിധി മേടിച്ചുകെട്ടും. എനിക്കെൻ്റെ കർത്താവ് വെളിപ്പെടുത്തുന്ന കാര്യങ്ങൾ വള്ളിപുള്ളി വ്യത്യാസമില്ലാതെ ഞാനെഴുതും. അതിന് ക്രൈസ്തവസമൂഹമോ, ഞാൻ കൂടുന്ന പ്രദേശിക സഭയോ, ലോകമോ, ജഡമോ, മരണമോ ഒന്നുമെനിക്കു പ്രതിബന്ധമല്ല. ഞാനെഴുതിയ കാരണത്താൽ നിങ്ങളിതൊന്നും വിശ്വസിക്കേണ്ട ആവശ്യമില്ല. നിങ്ങളുടെ കയ്യിലുള്ള ബൈബിളിൽ ഇക്കാര്യങ്ങൾ ഇങ്ങനെതന്നെ ഉണ്ടെങ്കിൽ മാത്രം വിശ്വസിക്കുക. നിങ്ങളും ഞാനും ഉഭയസമ്മതം ചെയ്തിരിക്കുന്നത് ക്രിസ്തുവുമായിട്ടാണ്. നാം കണക്കു കൊടുക്കേണ്ടതും അവനാണ്. നിങ്ങളെ തെറ്റിക്കുന്നവർ ആരായാലും അവർക്കു തക്കശിക്ഷ കിട്ടുകതന്നെ ചെയ്യും. പക്ഷെ, അതു വ്യാജം വിശ്വസിച്ച് തെറ്റിപ്പോയവർക്ക് ഒരിക്കലും ഗുണം ചെയ്യില്ല. കാരണം, ബൈബിൾ സത്യവചനമാണ്; അതു പരിശോധിച്ച് സത്യം അറിയുവാനുള്ള ഉത്തരവാദിത്വം ഓരോ ദൈവമക്കൾക്കുമുണ്ട്. അതിനായി ഓരോരുത്തർക്കും കർത്താവ് സഹായിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു!
“സത്യം അറികയും സത്യം നിങ്ങളെ സ്വതന്ത്രന്മാരാക്കുകയും ചെയ്യും.” (യോഹ, 8:32).
യേശുവിനെ വാക്കിൽ കുടുക്കാൻ നടന്ന റോമാ സാമ്രാജ്യം തന്നെയാണ് ത്രിത്വക്കാർ. ” ……. ഞങ്ങളോട് തെറ്റ് ചെയ്തവരോട് ഞങ്ങൾ ക്ഷമിക്കും പോൽ ഞങ്ങളുടെ തെറ്റുകളും നീ ക്ഷമിക്കണമേ …..”എന്നത് വച്ചവർ തെറ്റുകൾ ചെയ്തു കൊണ്ടിരിക്കുന്നു. ത്രിത്യം രൂപീകരിച്ചാലതും ക്ഷമിച്ചോളും എന്ന വിചാരത്തോടെ തോന്നിയതെല്ലാം ചെയ്തു ദൈവ വചനത്തിനെതിരായി കൊണ്ട് ദൈവത്തിൽ നിന്ന് അകന്നു കൊണ്ടിരിക്കുന്നു. അവർ അധരം കൊണ്ട് ദൈവത്തിലും ഹൃദയം കൊണ്ട് ദൈവത്തിൽ നിന്ന് അകലെയുമാണ്. അവരിലൂടെ ആർക്കും രക്ഷ ലഭിക്കില്ല.