“അനന്തരം ദൈവം: നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക; അവർ സമുദ്രത്തിലുള്ള മത്സ്യത്തിന്മേലും ആകാശത്തിലുള്ള പറവജാതിയിന്മേലും മൃഗങ്ങളിന്മേലും സർവ്വഭൂമിയിന്മേലും ഭൂമിയിൽ ഇഴയുന്ന എല്ലാ ഇഴജാതിയിന്മേലും വാഴട്ടെ എന്നു കല്പിച്ചു. ഇങ്ങനെ ദൈവം തന്റെ (His) സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു, ദൈവത്തിന്റെ സ്വരൂപത്തിൽ അവനെ സൃഷ്ടിച്ചു, ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു.”
(ഉല്പത്തി 1:26-27)
☛ ഉല്പത്തി പുസ്തകത്തിൽ ദൈവം മനുഷ്യനെ സൃഷ്ടിക്കുന്നതിനു മുമ്പ്, “നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക” എന്ന് ബഹുവചനത്തിൽ പറയുന്നതായി കാണാം. ഉല്പത്തിയിൽ മൂന്നു വാക്യങ്ങളിലായി അഞ്ചുപ്രാവശ്യവും യെശയ്യാവിൽ ഒരുപ്രാവശ്യവും, ഇങ്ങനെ ആറുപ്രാവശ്യം ദൈവം ബഹുവചനം ഉപയോഗിക്കുന്നതായി കാണാം. (ഉല്പ, 1:26; 3:22; 11:7; യെശ, 6:8). ദൈവം ബഹുവചനം പറഞ്ഞിരിക്കയാൽ, അത് ദൈവത്തിന്റെ ബഹുത്വമാണെന്നും, അതിനാൽ ദൈവം ത്രിത്വമാണെന്നും ട്രിനിറ്റി പണ്ഡിതന്മാർ വാദിക്കുന്നു.
☛ ബഹുവചനം:
➦ ബഹുവചനം (Plural) എന്നാൽ മൂന്നെന്ന ഖണ്ഡിതമായ അർത്ഥമില്ല; അത് രണ്ടാകാം, അഞ്ചാകാം, പത്താകാം, നൂറാകാം, മില്യനോ, ബില്യനോ, ട്രില്യനോ ആകാം; വേണമെങ്കിൽ മൂന്നുമാകാം എന്നേയുള്ളു. പിന്നെങ്ങനെ അവിടെപ്പറയുന്നത് ത്രിത്വത്തെക്കുറിച്ചാണെന്ന് പറയും? ബൈബിളിൽ ദൈവം മാത്രമല്ല ബഹുവചനം പറഞ്ഞിരിക്കുന്നത്. പ്രവാചകന്മാരും (യെശ, 1:9; 2:3; 9:6; യിരെ, 4:13; 8:14), ക്രിസ്തുവും (മത്താ, 17:27; 20:18; 26:46; മർക്കൊ, 1:38; 4:35), അപ്പോസ്തലന്മാരും (മത്താ, 17:4; പ്രവൃ, 4:12; 14:22; 17:28; 17:29), ലൂക്കൊസും (16:10,11,12,13,16; 20:7) ആവർത്തിച്ചു ബഹുവചനം പറഞ്ഞിട്ടുണ്ട്. സ്വർഗ്ഗത്തിലെ ദൂതനും ബഹുവചനം പറഞ്ഞിട്ടുണ്ട്: (വെളി, 7:3). ഇവരെല്ലാം ബഹുവചനം പറഞ്ഞിട്ടും ഇവർക്കാർക്കും തന്നിൽത്തന്നെ ബഹുത്വമുണ്ടെന്ന് ആരും പറയുന്നില്ല. ഇവരുടെകൂടെ മറ്റാരെങ്കിലും ഉള്ളതുകൊണ്ടാണ് ബഹുവചനം പറയുന്നതെന്ന് എല്ലാവർക്കും മനസ്സിലാകും. എന്നാൽ ദൈവം ബഹുവചനം പറഞ്ഞാൽ ഞങ്ങൾ സമ്മതിക്കില്ല; അത് ദൈവത്തിൻ്റെ ബഹുത്വമാണ്. ഇതെവിടുത്തെ ബൈബിൾ വ്യാഖ്യാനമാണ്? ബൈബിളിൻ്റെ ആദ്യ എഴുത്തുകാരൻ മുതൽ അവസാന എഴുത്തുകാരൻവരെ ദൈവം ഏകൻ അല്ലെങ്കിൽ ഒരുത്തൻ മാത്രമാണെന്ന് ഖണ്ഡിതമായി ആലേഖനംചെയ്ത് വെച്ചിരിക്കെയാണ്, ഏകസത്യദൈവത്തിൽ (Ho monos alethinos Theos – The only true God) ട്രിനിറ്റി ബഹുത്വം ആരോപിക്കുന്നത്. എന്നാൽ ദൈവശ്വാസീയമായ തിരുവെഴുത്തുകൾ ഇക്കാര്യത്തിൽ എന്തുപറയുന്നു എന്ന് നമുക്കു നോക്കാം:
☛ നാം നമ്മുടെ സ്വരൂപത്തിൽ:
➦ “അനന്തരം ദൈവം: നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക; അവർ സമുദ്രത്തിലുള്ള മത്സ്യത്തിന്മേലും ആകാശത്തിലുള്ള പറവജാതിയിന്മേലും മൃഗങ്ങളിന്മേലും സർവ്വഭൂമിയിന്മേലും ഭൂമിയിൽ ഇഴയുന്ന എല്ലാ ഇഴജാതിയിന്മേലും വാഴട്ടെ എന്നു കല്പിച്ചു.” (ഉല്പ, 1:26). ഇതാണ് ത്രിത്വം എടുത്തുകാണിക്കുന്ന ഒന്നാമത്തെ വാക്യം. ദൈവം ആരോടാണ് ബഹുവചനം പറയുന്നതെന്ന് ഇയ്യോബിൻ്റെ പുസ്തകത്തിലുണ്ട്: “ഞാൻ ഭൂമിക്കു അടിസ്ഥാനമിട്ടപ്പോൾ നീ എവിടെയായിരുന്നു? നിനക്കു വിവേകമുണ്ടെങ്കിൽ പ്രസ്താവിക്ക. ⁵അതിന്റെ അളവു നിയമിച്ചവൻ ആർ? നീ അറിയുന്നുവോ? അല്ല, അതിന്നു അളവുനൂൽ പിടിച്ചവനാർ? പ്രഭാതനക്ഷത്രങ്ങൾ ഒന്നിച്ചു ഘോഷിച്ചുല്ലസിക്കയും ദൈവപുത്രന്മാരെല്ലാം സന്തോഷിച്ചാർക്കുകയും ചെയ്തപ്പോൾ അതിന്റെ അടിസ്ഥാനം ഏതിന്മേൽ ഉറപ്പിച്ചു? അല്ല, അതിന്റെ മൂലക്കല്ലിട്ടവൻ ആർ?” (ഇയ്യോ, 38:4-7). ഇവിടെ ദൈവം സൃഷ്ടി നടത്തുമ്പോൾ, ഘോഷിച്ചുല്ലസിക്കയും സന്തോഷിച്ചാർക്കുകയും ചെയ്ത “പ്രഭാതനക്ഷത്രങ്ങളും ദൈവപുത്രന്മാരും” ദൂതന്മാരാണ്. 𝗞𝗼𝘄𝗸𝗯𝗲 𝗕𝗼𝗾𝗲𝗿 എന്ന എബ്രായപദത്തിന് ‘പ്രഭാതനക്ഷത്രങ്ങൾ’ (Morning stars) എന്നാണ്. 𝗕𝗲𝗻𝗲 𝗘𝗹𝗼𝗵𝗶𝗺 എന്നതിന് ‘ദൈവപുത്രന്മാർ’ (Sons of God) എന്നാണ്. ഇവിടെപ്പറയുന്ന ദൈവപുത്രന്മാർ ദൂതന്മാരാണെന്ന് ഇയ്യോബിൽത്തന്നെ മനസ്സിലാക്കാം: (1:6; 2:1). ദാനീയേലിൽ അത് ഒന്നുകൂടി വ്യക്തമായി മനസ്സിലാക്കാം: (3:25 – 3:28). ദൈവം ഒന്നാംദിവസമാണ് ഭൂമിക്ക് അടിസ്ഥാനമിട്ടത്. നാലാം ദിവസമാണ് യഥാർത്ഥ നക്ഷത്രങ്ങളെ സൃഷ്ടിക്കുന്നത്. അതിനാൽ ഭൂമിക്ക് അടിസ്ഥാനമിട്ടപ്പോൾ സന്തോഷിച്ചാർത്ത ‘പ്രഭാതനക്ഷത്രങ്ങൾ’ ദൂതന്മാരാണെന്ന് വ്യക്തമാണ്. എബ്രായ കവിതകളുടെ ഒരു പ്രധാന പ്രത്യേകതയാണ് ‘സമാന്തരത/സമാന്തരത്വം’ (Parallelism). അതായത്, ഒരേ ആശയം തന്നെ തൊട്ടടുത്തഭാഗത്ത് മറ്റൊരു വാക്ക് ഉപയോഗിച്ച് വീണ്ടും പറയുന്ന രീതി. സങ്കീർത്തനങ്ങളിൽ ഈ രീതി ആവർത്തിച്ച് കാണാം: (സങ്കീ, 19:1; 119:105). തന്മൂലം, ദൈവപുത്രന്മാരും പ്രഭാതനക്ഷത്രങ്ങളും ദൂതന്മാരാണ് സംശയലേശമന്യേ തെളിയുന്നു.
☛ യെഹൂദന്മാരുടെ ഔദ്യോഗിക ബൈബിളായ Tanakh-ൻ്റെ ഇംഗ്ലീഷ് പരിഭാഷ ഇപ്രകാരമാണ്: “When the morning stars sing together, and all 𝘁𝗵𝗲 𝗮𝗻𝗴𝗲𝗹𝘀 𝗼𝗳 𝗚𝗼𝗱 shout?” (Tanakh). ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന ഗ്രീക്ക് സെപ്റ്റ്വജിൻ്റിൽ (LXX) ദൈവപുത്രന്മാരെ ദൂതന്മാർ (Angeloi – Angels) എന്നാണ് പരിഭാഷ ചെയ്തിരിക്കുന്നത്. (Greek Septuagint). ABP, BST, CEV, LB, NCV, NIV, NLT മുതലായ പരിഭാഷകളും കാണുക. അനാദിയിൽ സ്വർഗ്ഗവും ദൂതന്മാരുമുൾപ്പെടുന്ന അദൃശ്യലോകത്തിൻ്റെ സൃഷ്ടിയാണ് ദൈവം ആദ്യം നടത്തിയത്: (നെഹെ, 9:6). അതെപ്പോഴാണെന്ന് ബൈബിളിൽ പറഞ്ഞിട്ടില്ല. അതിനുശേഷമാണ് ആകാശവും ഭൂമിയും മനുഷ്യനെയും സൃഷ്ടിക്കുന്നത്. അപ്പോൾ ദൂതന്മാരാണ് ദൈവത്തോടൊപ്പം ഉണ്ടായിരുന്നതെന്ന് അസന്ദിഗ്ധമായി മനസ്സിലാക്കാം. ദൈവം ഇയ്യോബിനോട് അത് സ്പഷ്ടമായി പറയുന്ന കാര്യമാണ് നാം മുകളിൽ കണ്ടത്. അതായത്, “ദൈവം ദൈവത്തോടല്ല; ദൂതന്മാരോടാണ് ബഹുവചനം പറഞ്ഞിരിക്കുന്നത്.”
☛ ഉല്പത്തിയിൽ ദൈവം ‘നാം നമ്മുടെ’ എന്നിങ്ങനെ ദൂതന്മാരെയും ചേർത്താണ് ബഹുവചനം പറയുന്നത് എനതിന് വേറെയും തെളിവുണ്ട്: യഹോവ കെരൂബുകൾക്ക് മദ്ധ്യേയും (1ശമൂ, 4:4; 1ദിന, 13:6; സങ്കീ, 80:1), കെരൂബുകൾക്ക് മീതെയും അധിവസിക്കുന്നവനും (2ശമൂ, 6:2; 2രാജാ, 19;15; യെശ, 37:16), കെരൂബുകളെ വാഹനമാക്കി സഞ്ചരിക്കുന്നവനുമാണ്: (2ശമൂ, 22:11; സങ്കീ, 18:10). മീഖായാവും (1രാജാ, 22:19–2ദിന, 18:18), യെശയ്യാവും (6:1-3), ദാനീയേലും (7:9-10), യോഹന്നാനും (വെളി, 4:1-4) യഹോവയെ കാണുന്നത് കെരൂബുകൾക്ക് മദ്ധ്യേയാണ്. യെഹെസ്ക്കേൽ ദൈവത്തിൻ്റെ സിംഹാസനവും മഹത്വവും കാണുന്നതും കെരൂബുൾക്ക് മീതെയാണ്: (യെഹെ, 10:1, 5, 18,19,20; 11:22). യഹോവ പ്രത്യക്ഷമാകുന്നിടത്തൊക്കെയും ഒരു ദൂതസാന്നിദ്ധ്യം കാണാൻ കഴിയും: (ഉല്പ, 3:22-24; 18:1-19:1; യെശ, 6:1-5). ദൂതൻ മുഖാന്തരം പ്രത്യക്ഷനായതായി പല വേദഭാഗങ്ങളിലും കാണാം: (ഉല്പ, 6:7-14; 21:17,18; 22:1-3; 31:11-13; 32:24:30; പുറ, 3:2-6). ആകയായാൽ ദൈവത്തോടൊപ്പം ദൂതന്മാരാണ് ഉണ്ടായിരുന്നതെന്ന് സംശയലേശമെന്യേ മനസ്സിലാക്കാം. താഴെവരുമ്പോൾ മറ്റു വേദഭാഗങ്ങളിൽ നിന്ന് കൂടുതൽ മനസ്സിലാക്കാം:
☛ അല്പവിശ്വാസികൾക്കുപോലും ബോധംവരുത്താൻ കഴിയുന്ന ചില തെളിവുകൾ കാണിക്കാം:
❶ ഒന്നാം പ്രമാണം:
➦ “യഹോവയായ ഞാൻ നിൻ്റെ ദൈവം ആകുന്നു; ഞാൻ അല്ലാതെ അന്യദൈവങ്ങൾ നിനക്കുണ്ടാകരുതു.” (പുറ, 20:2-3 – ആവ, 5:6-7). ഇതാണ് ഒന്നാമത്തെ കല്പന. സ്രഷ്ടാവ് ഒന്നിലധികംപേർ ആയിരുന്നെങ്കിൽ, അഥവാ, ട്രിനിറ്റിയുടെ ഭാഷയിൽ ക്രിസ്തുവും പരിശുദ്ധാത്മാവും വിഭിന്നവ്യക്തികളായി ദൈവത്തോടൊപ്പം സൃഷ്ടിയിങ്കൽ ഉണ്ടായിരുന്നെങ്കിൽ, പത്തു കല്പനകളിൽ ഒന്നാമത്തെ കല്പന തെറ്റാണെന്ന് പറയേണ്ടിവരും. ഒന്നാം കല്പന അല്പസ്വല്പം വ്യത്യാസങ്ങളോടെ 𝟭𝟯𝟬-തോളം പ്രാവശ്യം ബൈബിളിൽ ആവർത്തിച്ചിട്ടുണ്ട്. യഹോവതന്നെ ഒന്നാംകല്പന 𝟮𝟱 പ്രാവശ്യം ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്: “സർവ്വഭൂമിയിലും എന്നെപ്പോലെ മറ്റൊരുത്തനുമില്ല; ഞാൻ, ഞാൻ മാത്രമേയുള്ളു, ഞാനല്ലാതെ ദൈവമില്ല; ഞാനല്ലാതെ വേറൊരു ദൈവമില്ല; എനിക്ക് സദൃശനായി ആരുമില്ല; എനിക്ക് തുല്യനായി ആരുമില്ല; എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല; എന്റെ ശേഷം ഉണ്ടാകയുമില്ല; ഞാൻ ഒരുത്തനെയും അറിയുന്നില്ല” എന്നൊക്കെയാണ് യഹോവ പറയുന്നത്. (പുറ, 9:14; 20:2-3; ആവ, 32:39; യെശ, 40:25, 43:10; 44:8; 45:5; 46:9). ത്രിത്വത്തിൻ്റെ വാദംപോലെ സൃഷ്ടിയിങ്കൽ ദൈവത്തിന് ബഹുത്വമുണ്ടായിരുന്നെങ്കിൽ പത്തുകല്പനകൾ നല്കുമ്പോൾ എന്തുകൊണ്ടാണ് ദൈവം ബഹുവചനം പറയാതിരുന്നത്? ദൈവം മൂന്നു വ്യക്തിയായിരുന്നെങ്കിൽ, “ഞങ്ങൾ അല്ലാതെ അന്യദൈവങ്ങൾ ഉണ്ടാകരുതു” എന്നു പറയില്ലായിരുന്നോ? മനുഷ്യനെ സൃഷ്ടിക്കുമ്പോൾ ബഹുത്വമുണ്ടായിരുന്ന ദൈവത്തിന്റെ ബഹുത്വം കല്പന നല്കിയപ്പോൾ എങ്ങനെ ഇല്ലാതായിപ്പോയി? ദൈവം മാറാത്തവൻ ആണെന്നു പഴയനിയമത്തിലും (മലാ, 3:6) ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവൻ ആണെന്ന് പഴയനിയമത്തിലും പറഞ്ഞിട്ടുണ്ട്: (യാക്കോ, 1:17). ദൈവം ഏകനായിക്കോട്ടെ, ത്രിത്വമായിക്കോട്ടെ രണ്ടായാലും സാഹചര്യങ്ങൾക്കനുസരിച്ച് തൻ്റെ പ്രകൃതിക്ക് വ്യതിയാനം സംഭവിക്കുന്ന അഥവാ, സ്ഥിരതയില്ലാത്തവനല്ല. ചിലപ്പോൾ ഏകനും മറ്റു ചിലപ്പോൾ ത്രിത്വമാകാനും അവൻ മായവിയല്ല; മാറാത്തവനാണ്. അതായത്, അലംഘനീയമായ ഒന്നാം കല്പനയ്ക്കുതന്നെ പണികൊടുത്ത ഉപദേശമാണ് ത്രിത്വം.
❷ ഞാൻ ഒറ്റയ്ക്ക് സൃഷ്ടിച്ചു:
➦ യഹോവ ഒരു വെല്ലുവിളിയെന്നവണ്ണം ചോദിക്കുന്നത് ഇപ്രകാരമാണ്: “നിന്റെ വീണ്ടെടുപ്പുകാരനും ഗർഭത്തിൽ നിന്നെ നിർമ്മിച്ചവനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യഹോവയായ ഞാൻ സകലവും ഉണ്ടാക്കുന്നു; ഞാൻ തന്നേ ആകാശത്തെ വിരിക്കയും ഭൂമിയെ പരത്തുകയും ചെയ്തിരിക്കുന്നു; ആർ എന്നോടുകൂടെ ഉണ്ടായിരുന്നു?” (യെശ, 44:24). ഈ വേദഭാഗത്ത്, “ഞാൻ തന്നേ ആകാശത്തെയും ഭൂമിയെയും സൃഷ്ടിച്ചു” എന്നിടത്ത്, എബ്രായയിൽ ‘ഒറ്റയ്ക്ക്, തനിച്ചു’ എന്നൊക്കെ അർത്ഥമുള്ള 𝗕𝗮𝗱 എന്ന പദവും ഇംഗ്ലീഷിൽ 𝗔𝗹𝗼𝗻𝗲 എന്ന പദവുമാണ്. അതായത്, ‘ഞാൻ ഒറ്റയ്ക്കു’ സൃഷ്ടിച്ചു എന്നാണ് യഹോവ പറയുന്നത്. ട്രിനിറ്റിയുടെ ഭാഷയിൽ, ദൈവം സൃഷ്ടി നടത്തുമ്പോൾ മൂന്നുപേർ ഉണ്ടായിരുന്നെങ്കിൽ, താൻ ഒറ്റയ്ക്കാണ് സൃഷ്ടി നടത്തിയതെന്ന് ദൈവം പറയുമായിരുന്നോ? ദൈവത്തെപ്പോലും കള്ളനാക്കുന്ന ഉപദേശമാണ് പലരും വിശ്വസിക്കുന്നത്.
❸ ക്രിസ്തുവിൻ്റെ സാക്ഷ്യം:
➦ മനുഷ്യനെ സൃഷ്ടിക്കുമ്പോൾ ആദ്യത്തെ സൃഷ്ടിയായി യേശു ഉണ്ടായിരുന്നു എന്ന് യഹോവസാക്ഷികളും, ദൈവത്തോടൊപ്പം ദൈവത്തിന് സമനായ ക്രിസ്തു ഉണ്ടായിരുന്നെന്ന് ട്രിനിറ്റിയും പഠിപ്പിക്കുന്നു. ഇരുകൂട്ടരുടെയും ഉപദേശം വഞ്ചനാപരമാണെന്ന് ദൈവപുത്രനായ ക്രിസ്തു സാക്ഷ്യപ്പെടുത്തുന്നു. “ഭാര്യയെ ഉപേക്ഷിക്കുന്നത് വിഹിതമോ” എന്നുചോദിച്ച പരീശന്മാരോട് യേശു പറയുന്നത് നോക്കുക: “സൃഷ്ടിച്ചവൻ ആദിയിൽ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു.” (മത്താ, 19:4 – മർക്കൊ, 10:6). ഈ വാക്യത്തോടുള്ള ബന്ധത്തിൽ മൂന്നുകാര്യങ്ങൾ പറയാം:
𝟭. ക്രിസ്തു പഠിപ്പിച്ചത്: ‘സൃഷ്ടിച്ച അവൻ’ (He which made) എന്നാണ്: (KJV). സ്രഷ്ടാവായ ദൈവത്തിന് ഒരു ബഹുത്വം ഉണ്ടായിരുന്നെങ്കിൽ അഥവാ, പിതാവായ യഹോവയോടൊപ്പം സ്രഷ്ടാവായി താനും ഉണ്ടായിരുന്നെങ്കിൽ, ‘സൃഷ്ടിച്ച അവൻ’ എന്ന ഏകവചനമല്ല, ‘സൃഷ്ടിച്ച ഞങ്ങൾ’ (We which made/We who made) എന്ന ബഹുവചനം പറയുമായിരുന്നു.
𝟮. ട്രിനിറ്റിയുടെ വ്യാഖ്യാനപ്രകാരം; ദൈവത്തിലെ മൂന്നു പേർ ചേർന്ന് ആദവും ഹവ്വായും എന്ന രണ്ടു പേരെയാണ് ഉണ്ടാക്കിയത്. എന്നാൽ ക്രിസ്തു പറഞ്ഞത്: “സൃഷ്ടിച്ച അവൻ ആദിയിൽ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു” എന്നാണ്. വാക്യം ശ്രദ്ധിക്കണം: ആദത്തിനെയും ഹവ്വായെയും ചേർത്താണ് ‘അവരെ’ (them) എന്ന ബഹുവചനം ക്രിസ്തു പറഞ്ഞത്. സൃഷ്ടികളായ രണ്ടു പേരെച്ചേർത്ത് ബഹുവചനം പറഞ്ഞ ക്രിസ്തു, സ്രഷ്ടാവ് ഒന്നിലധികം പേർ ആയിരുന്നെങ്കിൽ ബഹുവചനം എന്തുകൊണ്ട് പറഞ്ഞില്ല? എന്തെന്നാൽ, സ്രഷ്ടാവ് ഒരുത്തൻ മാത്രമാണ്. (ഉല്പ, 1:27; ഉല്പ, 2:7; ഉല്പ, 5:1; ഉല്പ, 9:6; നെഹെ, 9:6; 2രാജാ, 19:15; യെശ, 37:16; യെശ, 44:24; 64:8; മലാ, 2:10).
𝟯. കൊയ്നേ ഗ്രീക്കിൽ സൃഷ്ടിയെ കുറിക്കുന്ന രണ്ട് ക്രിയാപദങ്ങളാണ് ഈ വാക്യത്തിലുള്ളത്: ആദ്യത്തെപദം: 𝗛𝗼 𝗽𝗼𝗶𝗲𝘀𝗮𝘀 ആണ്. അതിൽ 𝗛𝗼 എന്നത് 𝗧𝗵𝗲 എന്ന ‘നിശ്ചയോപപദം’ (Definite Article) ആണ്. ഇതൊരു പുല്ലിംഗ ഏകവചനം (Singular Masculine) ആണ്. 𝗽𝗼𝗶𝗲𝘀𝗮𝘀 എന്ന പദത്തിന് ‘സൃഷ്ടിച്ചവൻ/ഉണ്ടാക്കിയവൻ’ (The Maker/Creator) എന്നാണർത്ഥം. ഇത് പുല്ലിംഗ ഏകവചന ക്രിയാപദം (Singular Masculine Verb) ആണ്. അതായത്, സൃഷ്ടികർത്താവിന് ബഹുത്വമില്ല; അവൻ ഏകനാണെന്ന് ആദ്യപദം അസന്ദിഗ്ദ്ധമായി വ്യക്തമാക്കുന്നു. അടുത്തപദം: 𝗲𝗽𝗼𝗶𝗲𝘀𝗲𝗻 ആണ്. ഇതൊരു പ്രഥമപുരുഷ ഏകവചന ക്രിയാപദം (3rd Person Singular Verb) ആണ്. ഇതിൻ്റെ അർത്ഥം: ‘അവൻ സൃഷ്ടിച്ചു’ (He made) എന്നാണ്. അതായത്, സൃഷ്ടിച്ചത് ‘ഞങ്ങൾ’ അല്ല; ‘അവൻ’ ആണ്. ‘അവൻ സൃഷ്ടിച്ചു’ (He made) എന്ന് പറയാൻ പ്രഥമപുരുഷനിലുള്ള (3rd Person) പദമാണ് ഉപയോഗിച്ചിരിക്കുന്നത്. അതായത്, ഉത്തമപുരുഷനായ ക്രിസ്തു (1st Person), മധ്യമപുരുഷനായ യെഹൂദന്മാരോട് (2nd Person), സ്രഷ്ടാവായ ദൈവത്തെ ഏകവചനത്തിലും (Singular) പ്രഥമപുരുഷനിലും (3rd Person) വിശേഷിപ്പിച്ചുകൊണ്ട്, തനിക്ക് സൃഷ്ടിയിൽ യാതൊരു പങ്കുമില്ലെന്ന് സംശയലേശമന്യേ വ്യക്തമാക്കി. ട്രിനിറ്റി പഠിപ്പിക്കുന്നപോലെ: ദൈവം സമനിത്യരായ മൂന്നുപേരാണെങ്കിലോ, ക്രിസ്തു സ്രഷ്ടാവായ ദൈവമാണെങ്കിലോ, യഹോവസാക്ഷികൾ പറയുമ്പോലെ: ആദ്യത്തെ സൃഷ്ടിയെന്ന നിലയിൽ ദൈവത്തോടൊപ്പം സഹായിയായോ, ശില്പിയായോ അവൻ ഉണ്ടായിരുന്നെങ്കിലോ ‘സൃഷ്ടിച്ച അവൻ’ (He which made) എന്ന് ഏകവചനത്തിലും ‘അവൻ സൃഷ്ടിച്ചു’ (He made) എന്ന് പ്രഥമപുരുഷനിലും പറയാതെ, ‘ഞങ്ങൾ സൃഷ്ടിച്ചു’ (We which made) എന്ന് ഉത്തമപുരുഷ ബഹുവചനത്തിൽ പറയുമായിരുന്നു. മർക്കൊസിൽ പറയുന്നതും “ദൈവം അവരെ സൃഷ്ടിച്ചു” (God made them) എന്ന് പ്രഥമ പുരുഷനിലാണ്. (മർക്കൊ, 10:6 – മർക്കൊ, 13:19). അതായത്, സൃഷ്ടിയിങ്കൽ താനും ഉണ്ടായിരുന്നെങ്കിൽ, ‘ഞങ്ങൾ സൃഷ്ടിച്ചു’ എന്നോ, “ദൈവവും ഞാനുകൂടി സൃഷ്ടിച്ചു” എന്നോ പറയുമായിരുന്നു. അതാണ് ഭാഷയുടെ നിയമം. തന്മൂലം, സൃഷ്ടിയിൽ തനിക്ക് യാതൊരു പങ്കുമില്ലെന്ന് ക്രിസ്തുവിൻ്റെ വാക്കിനാൽ അസന്ദിഗ്ധമായി മനസ്സിലാക്കാം. “മനുഷ്യർക്ക് മനസ്സിലാകാൻ മനുഷ്യരുടെ ഭാഷയിൽ മനുഷ്യരെക്കൊണ്ട് ദൈവം എഴുതിച്ച വചനത്തിൽ വ്യാകരണവിരുദ്ധമായി ഒന്നും ഉണ്ടാകില്ല; ഉണ്ടാകാൻ പാടില്ല.” ദൈവശ്വാസീയമായ തിരുവെഴുത്തുകളെയും ഭാഷയെയും അതിക്രമിച്ചുകൊണ്ടല്ലാതെ, ദൈവം ത്രിത്വമാണെന്നോ, ക്രിസ്തു സ്രഷ്ടാവാണെന്നോ, ആദ്യസൃഷ്ടിയാണെന്നോ പറയാൻ ആർക്കും കഴിയില്ല.
❹ മോശെയുടെ സാക്ഷ്യം:
➦ യഹോവ ഒറ്റയ്ക്കാണ് സൃഷ്ടിച്ചതെന്ന് എഴുത്തുകാരനായ മോശെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. 26-ാം വാക്യത്തിൽ സംസാരിക്കുന്നത് (1st Person) യഹോവയാണ്: “നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക.” ട്രിനിറ്റി പറയുന്നതുപോലെ ദൈവത്തിൻ്റെ കൂടെയുള്ളത് പുത്രനും പരിശുദ്ധാത്മാവും അല്ലെന്നതിൻ്റെ തെളിവാണ് അടുത്തവാക്യം: “ഇങ്ങനെ ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു ദൈവത്തിന്റെ സ്വരൂപത്തിൽ അവനെ സൃഷ്ടിച്ചു, ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു.” (ഉല്പ, 1:27). ഇവിടുത്തെ 𝗯𝗲𝘁𝘀𝗮𝗹𝗺𝗼 എന്ന എബ്രായ പദത്തിന് ‘അവൻ്റെ സ്വരൂപത്തിൽ’ (In his own image) എന്നാണർത്ഥം. വാക്യം ശ്രദ്ധിക്കുക: ദൈവം മനുഷ്യനെ “അവരുടെ സ്വരൂപത്തിൽ സൃഷ്ടിച്ചു” എന്ന് ബഹുവചനത്തിലല്ല; “ദൈവം മനുഷ്യനെ അവൻ്റെ സ്വരൂപത്തിൽ സൃഷ്ടിച്ചു” (God created man in his own image) എന്ന് ഏകവചനത്തിലാണ് മോശെ പറഞ്ഞിരിക്കുന്നത്. ആദ്യവാക്യത്തിൽ പറയുന്നത് സ്രഷ്ടാവായ ദൈവത്തിന്റെ ബഹുത്വം ആയിരുന്നെങ്കിൽ, അഥവാ, സൃഷ്ടിയിങ്കൽ ദൈവപുത്രനായ ക്രിസ്തുവും പരിശുദ്ധാത്മാവും വ്യത്യസ്ത വ്യക്തികളായി ദൈവത്തോടൊപ്പം ഉണ്ടായിരുന്നെങ്കിൽ, “ദൈവം മനുഷ്യനെ അവരുടെ സ്വരൂപത്തിൽ സൃഷ്ടിച്ചു” (God created man in his their image) എന്ന് ബഹുവചനത്തിൽ പറയാതെ, ദൈവം മനുഷ്യനെ അവൻ്റെ സ്വരൂപത്തിൽ സൃഷ്ടിച്ചു (God created man in his own image) എന്ന് ഏകവചനത്തിൽ എഴുത്തുകാരൻ എങ്ങനെ പറയും?26-ാം വാക്യത്തിൽ സൃഷ്ടിയെക്കുറിച്ച് ആലോചിച്ചപ്പോൾ ദൈവം ത്രിത്വമായിരുന്നെങ്കിൽ 27-ാം വാക്യത്തിൽ സൃഷ്ടി നടത്തിയപ്പോൾ ത്രിത്വം ഇല്ലാതായിപ്പോയോ? ആദ്യവാക്യത്തിലുള്ളത് സ്രഷ്ടാക്കൾ ആയിരുന്നെങ്കിൽ, അടുത്തവാക്യത്തിൽ മൂവരെയും ചേർത്ത് ഏകവചനം പറയാൻ വ്യാകരണത്തിൽ വ്യവസ്ഥയില്ല. ബൈബിൾ എഴുതിയിരിക്കുന്നത് മനുഷ്യരുടെ ഭാഷയിലാണ്. എഴുത്ത് ഭാഷയ്ക്ക് ഒറ്റ നിയമമേ ഉള്ളു. “നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക” എന്ന് പറഞ്ഞത് ദൈവമാണ്. ആ വാക്യത്തിൽ ദൈവം ‘നാം, നമ്മുടെ’ എന്ന് ബഹുവചനം പറഞ്ഞത് തൻ്റെ കൂടെയുള്ള ദൂതന്മാരെയും ചേർത്താണെന്ന് മുകളിൽ നാം കണ്ടതാണ്. കൂടെയുള്ളവർ സ്രഷ്ടാക്കളല്ല; സൃഷ്ടികളാണ്. അടുത്തവാക്യത്തിൽ ദൈവം ഒറ്റയ്ക്ക് സൃഷ്ടി നടത്തിയ കാര്യമാണ് എഴുത്തുകാരനായ മോശെ പറയുന്നത്. ആദ്യവാക്യത്തിൽ പറയുന്ന എല്ലാവർക്കും സൃഷ്ടിയിൽ പങ്കുണ്ടെങ്കിൽ, അടുത്തവാക്യം പൂർവ്വാപരവൈരുദ്ധ്യമാകും. ബൈബിളിലെന്നല്ല; ബാലമംഗളത്തിൽപ്പോലും ഒരുകാര്യം അങ്ങനെ പറയില്ല. സ്രഷ്ടാവായ ദൈവം ത്രിത്വമായിരുന്നെങ്കിൽ, “അവരുടെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു” എന്ന് ബഹുവചനത്തിൽ മോശെ പറയുമായിരുന്നു. അതായത്, തൻ്റെകൂടെ ഉണ്ടായിരുന്ന ദൂതന്മാരെയും ചേർത്ത് ബഹുവചനം പറഞ്ഞശേഷം, യഹോവയായ ദൈവം ഒറ്റയ്ക്കാണ് മനുഷ്യനെ സൃഷ്ടിക്കുന്നതെന്ന് സ്ഫടികസ്ഫുടം വ്യക്തം. ഇതും നോക്കുക: (ഉല്പ, 2:7; 5:1). യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്നും, യഹോവയ്ക്ക് തുല്യനായി ആരുമില്ലെന്നും, മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം മറ്റൊരുത്തനുമില്ലെന്നും ആവർത്തിച്ചു സാക്ഷ്യം പറഞ്ഞവനാണ് മോശെ: (പുറ, 8:10; 15:11; 22:20; ആവ, 3:24; 4:35,39; 6:4; 32:12; 33:26). യഹോവയ്ക്ക് സൃഷ്ടിയിങ്കൽ ബഹുത്വമുണ്ടായിരുന്നെങ്കിൽ, സ്വർഗ്ഗത്തിലും ഭൂമിയിലും യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്നും ഒരുത്തൻ മാത്രമാണ് സ്രഷ്ടാവെന്നും മോശെയ്ക്ക് എങ്ങനെ പറയാൻ കഴിയും?
❺ പഴയനിയമത്തിലെ മറ്റ് മശീഹമാരുടെയും ഭക്തന്മാരുടെയും സാക്ഷ്യം:
➦ “ഹിസ്കീയാവു യഹോവയുടെ മുമ്പാകെ പ്രാർത്ഥിച്ചുപറഞ്ഞതു എന്തെന്നാൽ: കെരൂബുകൾക്കുമീതെ അധിവസിക്കുന്ന യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സകലരാജ്യങ്ങൾക്കും ദൈവം ആകുന്നു; നീ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി – Hezekiah prayed before the LORD, and said, O LORD God of Israel, which dwellest between the cherubims, 𝘁𝗵𝗼𝘂 𝗮𝗿𝘁 𝘁𝗵𝗲 𝗚𝗼𝗱, 𝗲𝘃𝗲𝗻 𝘁𝗵𝗼𝘂 𝗮𝗹𝗼𝗻𝗲, 𝗼𝗳 𝗮𝗹𝗹 𝘁𝗵𝗲 𝗸𝗶𝗻𝗴𝗱𝗼𝗺𝘀 𝗼𝗳 𝘁𝗵𝗲 𝗲𝗮𝗿𝘁𝗵; 𝘁𝗵𝗼𝘂 𝗵𝗮𝘀𝘁 𝗺𝗮𝗱𝗲 𝗵𝗲𝗮𝘃𝗲𝗻 𝗮𝗻𝗱 𝗲𝗮𝗿𝘁𝗵.” (2രാജാ, 19:15). ഈ വേദഭാഗത്ത് ആദ്യം പറയുന്നത്: “യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സകലരാജ്യങ്ങൾക്കും ദൈവം ആകുന്നു” എന്നാണ്. ഇവിടെ ‘നീ’ (thou) എന്ന ഏകവചനവും 𝗔𝗹𝗼𝗻𝗲. 𝗢𝗻𝗹𝘆 എന്നർത്ഥമുള്ള 𝗕𝗮𝗱 എന്ന എബ്രായപദവും ഒരുപോലെ ഉപയോഗിച്ചിട്ടുണ്ട്. അടുത്തഭാഗം: “നീ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി” (thou hast made heaven and earth). യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്ന് പറഞ്ഞശേഷം, “നീ (thou) ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി” എന്ന് വീണ്ടും ഏകവചനത്തിലാണ് പറയുന്നത്. യഹോവ ഒരുത്തൻ മാത്രമാണ് സ്രഷ്ടാവെന്ന് സ്ഫടികസ്ഫുടം വ്യക്തമല്ലേ?
☛ “നീ, നീ മാത്രം യഹോവ ആകുന്നു; നീ ആകാശത്തെയും സ്വർഗ്ഗാധിസ്വർഗ്ഗത്തെയും അവയിലെ സകലസൈന്യത്തെയും ഭൂമിയെയും അതിലുള്ള സകലത്തെയും സമുദ്രങ്ങളെയും അവയിലുള്ള സകലത്തെയും ഉണ്ടാക്കി; നീ അവയെ ഒക്കെയും രക്ഷിക്കുന്നു; ആകാശത്തിലെ സൈന്യം നിന്നെ നമസ്കരിക്കുന്നു.” (നെഹെ, 9:6). ഈ വേദഭാഗത്തും 𝗔𝗹𝗼𝗻𝗲. 𝗢𝗻𝗹𝘆 എന്നർത്ഥമുള്ള 𝗕𝗮𝗱 എന്ന പദംകൊണ്ട്, യഹോവ ഒരുത്തൻ മാത്രമാണെന്ന് പറഞ്ഞശേഷമാണ്; “നീ (thou) സകലത്തെയും സൃഷ്ടിച്ചു” എന്ന് ഏകവചനത്തിലാണ് പറയുന്നത്. ദൈവത്തിന് ബഹുത്വമുണ്ടെങ്കിൽ അഥവാ, സൃഷ്ടി നടത്തിയത് മൂന്നുപേരാണെങ്കിൽ യഹോവ ഒറ്റയ്ക്ക് സകലവും സൃഷ്ടിച്ചു എന്ന് പറയുമായിരുന്നോ?
☛ “അവൻ തനിച്ചു ആകാശത്തെ വിരിക്കുന്നു; സമുദ്രത്തിലെ തിരമാലകളിന്മേൽ അവൻ നടക്കുന്നു.” (ഇയ്യോ, 9:8). ഈ വേദഭാഗത്തും 𝗔𝗹𝗼𝗻𝗲. 𝗢𝗻𝗹𝘆 എന്നർത്ഥമുള്ള 𝗕𝗮𝗱 എന്ന പദംകൊണ്ട് യഹോവ ഒറ്റ്ക്കാണ് സകലവും സൃഷ്ടിച്ചതെന്നാണ് പറഞ്ഞിരിക്കുന്നത്.
☛ “യിസ്രായേലിന്റെ ദൈവമായി കെരൂബുകളുടെ മീതെ അധിവസിക്കുന്നവനായ സൈന്യങ്ങളുടെ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സർവ്വരാജ്യങ്ങൾക്കും ദൈവമാകുന്നു; നീ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി.” (യെശ, 37:16). ഹിസ്കീയാവിൻ്റെ പ്രാർത്ഥന യെശയ്യാവ് എടുത്ത് ഉദ്ധരിക്കുമ്പോഴും, 𝗔𝗹𝗼𝗻𝗲. 𝗢𝗻𝗹𝘆 എന്നർത്ഥമുള്ള 𝗕𝗮𝗱 എന്ന പദംകൊണ്ട്, യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്നും അവൻ ഒറ്റയ്ക്കാണ് സകലവും സൃഷ്ടിച്ചതെന്നാണ് പറയുന്നത്.
☛ “നമുക്കെല്ലാവർക്കും ഒരു പിതാവല്ലോ ഉള്ളതു; ഒരു ദൈവം തന്നേയല്ലോ നമ്മെ സൃഷ്ടിച്ചതു;” (മലാ, 2:10). പിതാവായ യഹോവ ഒറ്റയ്ക്കാണ് സൃഷ്ടി നടത്തിയതെന്ന് ഈ വേദഭാഗത്തും വ്യക്തമാണല്ലോ.
☛ “എങ്കിലോ യഹോവേ, നീ ഞങ്ങളുടെ പിതാവു; ഞങ്ങൾ കളിമണ്ണും നീ ഞങ്ങളെ മനയുന്നവനും ആകുന്നു; ഞങ്ങൾ എല്ലാവരും നിന്റെ കൈപ്പണിയത്രേ.” (യെശ, 64:8). ഈ വേദഭാഗവും ശ്രദ്ധിക്കുക: “യഹോവേ, നീ ഞങ്ങളുടെ പിതാവു” എന്ന് പറഞ്ഞശേഷം, “നീ (thou) ഞങ്ങളെ മനയുന്നവൻ” എന്ന് ഏകവചനത്തിൽ പറഞ്ഞുകൊണ്ട്, യഹോവ ഒരുത്തൻ മാത്രമാണ് സ്രഷ്ടാവെന്ന് അസന്ദിഗ്ധമായിട്ടാണ് പറയുന്നത്. ഇതെല്ലാം നോക്കുക: (പുറ, 20:11; 1ദിന, 16:26; ഇയ്യോ, 38:4; സങ്കീ, 8:3; 33:6; 95:6-7; 90:2; 96:5; 102:25; 104:24,30; 115:15; 121:2; 124:8; 134:3; 136:5; 139:13; 146:6; സദൃ, 3:19; 16:4; 40:26,28; 42:5; 45:18; 53:13,16; യിരെ, 10:2; 32:17; 51:15; സെഖ, 12:1; മലാ, 2:10; മർക്കൊ, 13:19; പ്രവൃ, 4:24; 14:15; 17:24; 1കൊരി, 8:6; എഫെ, 3:19; എബ്രാ, 1:10; 3:14; 2പത്രൊ, 3:5; വെളി, 4:11; 14:7)
❻ അപ്പൊസ്തലന്മാരുടെ സാക്ഷ്യം:
➦ “പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു.” (1കൊരി, 8:6 – 11:12; എബ്രാ, 2:10). പിതാവായ ഏകദൈവമാണ് സകലത്തിന്നും കാരണഭൂതൻ അഥവാ, സൃഷ്ടികർത്താവ് എന്നാണ് അപ്പൊസ്തലൻ പറയുന്നത്. “തന്നെ സൃഷ്ടിച്ചവന്റെ പ്രതിമപ്രകാരം പരിജ്ഞാനത്തിന്നായി പുതുക്കം പ്രാപിക്കുന്ന പുതിയ മനുഷ്യനെ ധരിച്ചിരിക്കുന്നവല്ലോ” (കൊലൊ, 3:10). ഈ വാക്യം ശ്രദ്ധിക്കുക: “തന്നെ സൃഷ്ടിച്ച അവൻ്റെ പ്രതിമപ്രകാരം” (The image of him that created him) എന്നാണ്. സൃഷ്ടാവ് ‘അവർ’ അല്ല; ‘അവൻ’ (ഒരുത്തൻ മാത്രം) ആണ്. “കർത്താവേ, നീ സർവ്വവും സൃഷ്ടിച്ചവനും എല്ലാം നിന്റെ ഇഷ്ടംഹേതുവാൽ ഉണ്ടായതും സൃഷ്ടിക്കപ്പെട്ടതും ആകയാൽ മഹത്വവും ബഹുമാനവും ശക്തിയും കൈക്കൊൾവാൻ യോഗ്യൻ എന്നു പറഞ്ഞുംകൊണ്ടു തങ്ങളുടെ കിരീടങ്ങളെ സിംഹാസനത്തിൻ മുമ്പിൽ ഇടും.” (വെളി, 4:11 – വെളി, 10:7). ഈ വാക്യവും ശ്രദ്ധിക്കുക: “കർത്താവേ, നീ സർവ്വവും സൃഷ്ടിച്ചു” (O Lord, thou hast created all things). പലർ ചേർന്നല്ല; ‘നീ’ (thou) അഥവാ, ഒരുത്തൻ മാത്രമാണ് സൃഷ്ടിച്ചത്. അടുത്തഭാഗം: “എല്ലാം നിന്റെ ഇഷ്ടംഹേതുവാൽ ഉണ്ടായി” (thy pleasure they are and were created). പലരുരുടെ ഇഷ്ടത്താലല്ല; ‘നിൻ്റെ’ (thy) അഥവാ, ഒരുത്തൻ്റെ ഇഷ്ടത്താലാണ് സകലവും ഉണ്ടായത്. ഈ വേദഭാഗങ്ങളിലൂടെ സ്രഷ്ടാവ് ഒരുത്തൻ മാത്രമാണെന്ന് ഖണ്ഡിതമായാണ് അപ്പൊസ്തലന്മാർ പറയുന്നത്.
❼ എലോഹീമിന് ബഹുത്വമുണ്ടോ?
➦ ദൈവം (God) എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന 𝗘𝗹𝗼𝗵𝗶𝗺 എന്ന എബ്രായ പദം ബഹുവചനരൂപമാണ്. എന്നാൽ ബൈബിളിൽ ആ പദം സത്യദൈവത്തിന് ഏകവചനത്തിനും ജാതികളുടെ ദൈവങ്ങൾക്ക് ഏകവചനത്തിലും ബഹുവചനത്തിലും ഉപയോഗിച്ചിട്ടുണ്ട്. എന്നാൽ സത്യദൈവത്തിന് എലോഹീം ബഹുവചനത്തിലാണ് ഉപയോഗിച്ചിരിക്കുന്നത് എന്ന് ട്രിനിറ്റി വിചാരിക്കുന്നു. അത് ശരിയാണോന്ന് നോക്കാം: “വരുവിൻ, നാം വണങ്ങി നമസ്കരിക്ക; നമ്മെ നിർമ്മിച്ച യഹോവയുടെ മുമ്പിൽ മുട്ടുകുത്തുക. അവൻ നമ്മുടെ ദൈവമാകുന്നു; നാമോ അവൻ മേയിക്കുന്ന ജനവും അവന്റെ കൈക്കലെ ആടുകളും തന്നേ.” (സങ്കീ, 95:6-7). “എന്തു മിത്ഥ്യാത്വത്തിന്നായി നീ മനുഷ്യപുത്രന്മാരെ ഒക്കെയും സൃഷ്ടിച്ചു?” (സങ്കീ, 89:47). “നീയല്ലോ എന്റെ അന്തരംഗങ്ങളെ നിർമ്മിച്ചതു, എന്റെ അമ്മയുടെ ഉദരത്തിൽ നീ എന്നെ മെടഞ്ഞു.” (സങ്കീ, 139:13). ഈ മൂന്ന് വാക്യങ്ങളും ശ്രദ്ധിക്കുക: ‘അവൻ, നീ, നീയല്ലോ’ എന്നിങ്ങനെയുള്ള മധ്യമപുരുഷ, പ്രഥമപുരുഷ ഏകവചന സർവ്വനാമങ്ങളാണ് (2nd, 3rd Person Singular Pronouns ) ഭക്തന്മാർ എലോഹീമിന് ഉപയോഗിച്ചിരിക്കുന്നത്. വേറെയും അനേകം വാക്യങ്ങളുണ്ട്: (ഉല്പ, 1:27; 2:3; ഇയ്യോ, 37:7; സങ്കീ, 89:12; 94:9; 119:73; യെശ, 27:11; 40:26,28; 45:9,12,18; യിരെ, 10:12,16; 14:22; 51:15,19). സ്രഷ്ടാവായ എലോഹിമിന് ബഹുത്വം (Plurality) ഉണ്ടായിരുന്നെങ്കിൽ അഥവാ, ബഹുവചനത്തിലാണ് (Plural) പദം ഉപയോഗിച്ചിരുന്നതെങ്കിൽ, എകവചന സർവ്വനാമങ്ങൾ (Singular Pronoun) ഉപയോഗിക്കാൻ വ്യാകരണത്തിൽ വ്യവസ്ഥയില്ല. അടുത്ത തെളിവ്: “ഞാൻ സൃഷ്ടിച്ചിട്ടുള്ള മനുഷ്യനെ ഭൂമിയിൽ നിന്നു നശിപ്പിച്ചുകളയും.” (ഉല്പ, 6:7). “ഞാൻ എനിക്കു വേണ്ടി നിർമ്മിച്ചിരിക്കുന്ന ജനം എന്റെ സ്തുതിയെ വിവരിക്കും.” (യെശ, 43:21). “ഞാൻ ഭൂമിയെ ഉണ്ടാക്കി അതിൽ മനുഷ്യനെയും സൃഷ്ടിച്ചു; എന്റെ കൈ തന്നേ ആകാശത്തെ വിരിച്ചു അതിലെ സകലസൈന്യത്തെയും ഞാൻ കല്പിച്ചാക്കിയിരിക്കുന്നു.” (യെശ, 45:12). ഈ വേദഭാഗങ്ങളിൽ: ‘ഞാൻ, എൻ്റെ, എനിക്കു’ എന്നിങ്ങനെ സ്രഷ്ടാവായ ദൈവം ഉത്തമപുരുഷ ഏകവചന സർവ്വനാമങ്ങളാണ് (1st Person Singular Pronouns) പറഞ്ഞിരിക്കുന്നത്. ഇതും നോക്കുക: (2രാജാ, 19:15; യേശ, 37:26; 43:1; 44:2; 43:1,7; 44:21; 45:8,12; 54:16; 57:16; യിരെ, 38:16). എലോഹീം ബഹുവചനത്തിലാണ് ദൈവത്തിന് ഉപയോഗിച്ചിരുന്നതെങ്കിൽ സ്രഷ്ടാവായ എലോഹീം ഏകവചന സർവ്വനാമങ്ങൾ (Singular Pronouns) ഒരിക്കലും ഉപയോഗിക്കുമായിരുന്നില്ല. നാമത്തിനു പകരം ഉപയോഗിക്കുന്ന പദമാണ് സർവ്വനാമങ്ങൾ. അഥവാ, നാമം ആവർത്തിച്ചു ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന വിരസത ഒഴിവാക്കാനാണ് സർവ്വനാമങ്ങൾ ഉപയോഗിക്കുന്നത്. ഏകവചന നാമപദങ്ങൾക്ക് ഏകവചന സർവ്വനാമവും ബഹുവചന നാമപദങ്ങൾക്ക് ബഹുവചന സർവ്വനാമവുമാണ് ഉപയോഗിക്കേണ്ടത്. അല്ലെങ്കിൽ അത് പൂർവ്വാപരവൈരുദ്ധ്യമായി മാറും. ഭാഷ അറിയാവുന്നവരും വചനം ദൈവശ്വാസീയമാണെന്ന് വിശ്വസിക്കുന്നവരും സത്യേകദൈവത്തിന് ബഹുത്വമുണ്ടെന്ന് പറയാൻ ധൈര്യപ്പെടില്ല. അതായത്, വചനത്തെയും ഭാഷയെയും കോട്ടിക്കളയുന്നവർക്കല്ലാതെ, ദൈവത്തിന് ബഹുത്വമുണ്ടെന്ന് പറയാൻ കഴിയില്ല. [കാണുക: എലോഹീം (Elohim), തെയോസ് (Theos)]
❽ 𝗠𝗼𝗻𝗼𝘀 𝗧𝗵𝗲𝗼𝘀 ⁃ 𝗧𝗵𝗲 𝗼𝗻𝗹𝘆 𝗼𝗻𝗲 𝗚𝗼𝗱
➦ പഴയനിയമത്തിൽ ദൈവം ഏകനാണെന്ന് 𝟭𝟬𝟬 വാക്യങ്ങളിലാണ് പറഞ്ഞിരിക്കുന്നത്. അതിൽ ‘ഒരേയൊരു, മാത്രം, ഒരുത്തൻ മാത്രം’ (alone, only) എന്ന അർത്ഥത്തിൽ 𝗔𝗸, 𝗥𝗮𝗾, 𝗕𝗮𝗱, 𝗕𝗮𝗱𝗮𝗱 എന്നീ എബ്രായ പദങ്ങൾ 𝟯𝟯 പ്രാവശ്യം ദൈവത്തിന് ഉപയോഗിച്ചിട്ടുണ്ട്. ⟦ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന സെപ്റ്റ്വജിൻ്റ് ഗ്രീക്കിൽ (LXX) തൽസ്ഥാനത്ത് (23 വാക്യങ്ങൾ) 𝗠𝗼𝗻𝗼𝘀 ആണ് കാണുന്നത്⟧. ഉദാ: (2രാജാ, 19:15; 2രാജാ, 19:19; നെഹെ, 9:6; ഇയ്യോ, 9:8; സങ്കീ, 83:18; സങ്കീ, 86:10; യെശ, 37:16; യെശ, 37:20; യെശ, 44:24). പുതിയനിയമത്തിൽ ദൈവം ഏകനാണെന്ന് പറഞ്ഞിരിക്കുന്നത് 𝟮𝟴 പ്രാവശ്യമാണ്. അതിൽ ‘ഒരേയൊരു, മാത്രം’ (only) എന്ന അർത്ഥത്തിൽ 𝗠𝗼𝗻𝗼𝘀 എന്ന പദം 𝟭𝟮 പ്രാവശ്യം കാണാം. ഉദാ: (ലൂക്കൊ, 5:21; യോഹ, 5:44; യോഹ, 17:3; റോമ, 16:26; 1തിമൊ, 1:17; യൂദാ, 1:24).
☛ എബ്രായയിലെ 𝗔𝗸, 𝗥𝗮𝗾, 𝗕𝗮𝗱, 𝗕𝗮𝗱𝗮𝗱 എന്നീ പദങ്ങളും ഗ്രീക്കിലെ 𝗠𝗼𝗻𝗼𝘀 എന്ന പദവും ഇംഗ്ലീഷിലെ 𝗔𝗹𝗼𝗻𝗲, 𝗢𝗻𝗹𝘆 എന്നീ പദങ്ങളും മലയാളത്തിലെ ഒരേയൊരു, തനിയെ, മാത്രം എന്നീ പദങ്ങളും മറ്റാരെയും ഉൾപ്പെടുത്താത്ത (𝐄𝐱𝐜𝐥𝐮𝐬𝐢𝐯𝐞) പദങ്ങളാണ്. അതായത്, ദൈവം ഒരുത്തൻ മാത്രമാണന്ന് (alon, only) എബ്രായഗ്രീക്ക് പഴയപുതിയനിയമങ്ങളിൽ 𝟰𝟱 പ്രാവശ്യം ഖണ്ഡിതമായി പറഞ്ഞിട്ടുണ്ട്.
☛ പുതിയനിയമത്തിൽ പിതാവാണ് ‘ഏകദൈവം’ (Monos Theos – The only God) എന്നും (യോഹ, 5:44), ‘ഏകസത്യദൈവം’ (Ho monos alethinos Theos – The only true God) എന്നും (യോഹ, 17:3) യേശുക്രിസ്തു അസന്ദിഗ്ധമായി പഠിപ്പിച്ചിട്ടുണ്ട്. ദൈവം 𝗠𝗼𝗻𝗼𝘀 𝗧𝗵𝗲𝗼𝘀 ⁃ 𝗧𝗵𝗲 𝗼𝗻𝗹𝘆 𝗚𝗼𝗱 ആണെങ്കിൽ, സ്രഷ്ടാവ് മൂന്നുപേർ ആകുന്നത് എങ്ങനെയാണ്?
☛ ഒരു ചോദ്യം:
➦ ദൈവത്തോടൊപ്പം ഉണ്ടായിരുന്നത് ദൂതന്മാരാണെന്നും ദൈവം ഒറ്റയ്ക്കാണ് മനുഷ്യനെ സൃഷ്ടിച്ചതെന്നും തെളിഞ്ഞുകഴിഞ്ഞു. അപ്പോൾ ഒരു ചോദ്യംവരും: “നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക” എന്നാണല്ലോ പറയുന്നത്. അപ്പോൾ ദൂതന്മാരുടെയും ദൈവത്തിൻ്റെയും സ്വരൂപവും സാദൃശ്യവും ഒന്നാണോ?
☛ ദൂതന്മാർ അഥവാ, സ്വർഗ്ഗീയ ജീവികളെയും ദൈവപുത്രന്മാർ എന്നാണ് വിളിച്ചിരിക്കുന്നത്. (ഇയ്യോ, 1:6; 2:1; 38:6; സങ്കീ, 8:5; ദാനീ, 3:25–3:28). ദൈവപുത്രന്മാർക്ക് ദൈവത്തിൻ്റെ ഛായയല്ലെന്ന് പറയാൻ എന്ത് ന്യായമാണുള്ളത്? ആകാശവും ഭൂമിയും ആദ്യമനുഷ്യനായ ആദാമിനെയും സൃഷ്ടിക്കുന്നതിനു മുമ്പാണ് അദൃശ്യലോകത്തെയും ദൂതന്മാരെയും ദൈവം സൃഷ്ടിച്ചത്. (നെഹെ, 9:6). ദൈവം സൃഷ്ടിച്ച ആദാമിനെ ദൈവത്തിൻ്റെ പുത്രനെന്ന് വിളിച്ചിട്ടുണ്ട്. (ലൂക്കൊ, 3:38). ആദാമിനെ തൻ്റെ സ്വരൂപത്തിലും സാദൃശ്യത്തിലും സൃഷ്ടിച്ച ദൈവം തൻ്റെ സ്വർഗ്ഗീയ പുത്രന്മാരെ തൻ്റെ സ്വരൂപത്തിലും സാദൃശ്യത്തിലുമല്ല സൃഷ്ടിച്ചിരിക്കുന്നതെന്ന് എങ്ങനെ പറയും? എങ്കിലും കൂടുതൽ തെളിവുകൾ നോക്കാം:
☛ ദൈവത്തിൻ്റെയും ദൂതന്മാരുടെയും സാദൃശ്യം:
➦ സ്വർഗ്ഗത്തിൽ പ്രത്യക്ഷനായിരിക്കുന്ന ദൈവത്തിൻ്റെ മനുഷ്യസാദൃശ്യത്തിലാണ് മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നത്: “അവയുടെ തലെക്കു മീതെയുള്ള വിതാനത്തിന്നു മീതെ നീലക്കല്ലിന്റെ കാഴ്ചപോലെ സിംഹാസനത്തിന്റെ രൂപവും സിംഹാസനത്തിന്റെ രൂപത്തിന്മേൽ അതിന്നു മീതെ മനുഷ്യസാദൃശ്യത്തിൽ ഒരു രൂപവും ഉണ്ടായിരുന്നു.” (യെഹെ, 1:26). യെഹെസ്ക്കേൽ സ്വർഗ്ഗസിംഹാസനത്തിൽ കണ്ട ദൈവത്തിന് മനുഷ്യസാദൃശ്യമാണുള്ളത്. ദാനീയേൽ ദൈവത്തെ കാണുന്നതും മനുഷ്യരൂപത്തിലാണ്: “ഞാൻ നോക്കിക്കൊണ്ടിരിക്കെ അവർ ന്യായാസനങ്ങളെ വെച്ചു. വയോധികനായ ഒരുത്തൻ ഇരുന്നു. അവന്റെ വസ്ത്രം ഹിമംപോലെ വെളുത്തതും അവന്റെ തലമുടി നിർമ്മലമായ ആട്ടുരോമംപോലെയും അവന്റെ സിംഹാസനം അഗ്നിജ്വാലയും അവന്റെ രഥചക്രങ്ങൾ കത്തുന്ന തീയും ആയിരുന്നു.” (ദാനീ, 7:9). ഇവിടെ ദൈവത്തെ വയോധികൻ എന്ന് പറഞ്ഞിരിക്കുന്നത് വയസ്സായവൻ എന്നർത്ഥത്തിലല്ല; ‘പുരാതനനായവൻ’ (Ancient of Days) എന്നർത്ഥത്തിലാണ്. ഇവിടെ ‘മനുഷ്യസാദൃശ്യം’ എന്ന് വ്യക്തമായി പറയുന്നില്ലെങ്കിലും, ‘ഇരിപ്പ്, തലമുടി, വസ്ത്രം’ മുതലായവ മനുഷ്യസാദൃശ്യത്തെയാണ് സൂചിപ്പിക്കുന്നത്: (വെളി, 4:2). യഹോവയ്ക്കു ചുറ്റുമുള്ള ജീവികൾക്കും മനുഷ്യസാദൃശ്യമായിരുന്നു: “അതിന്റെ നടുവിൽ നാലു ജീവികളുടെ സാദൃശ്യം കണ്ടു; അവയുടെ രൂപമോ: അവെക്കു മനുഷ്യസാദൃശ്യം ഉണ്ടായിരുന്നു.” (യെഹെ, 1:5 – 10:2; ദാനീ, 8:16). ദാനീയേൽ ഊലായിതീരത്തുവെച്ചു കണ്ട ദർശനത്തിലെ ദൂതന് മനഷ്യരൂപമായിരുന്നു: “എന്നാൽ ദാനീയേലെന്ന ഞാൻ ഈ ദർശനം കണ്ടിട്ടു അർത്ഥം ആലോചിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു പുരുഷരൂപം എന്റെ മുമ്പിൽ നില്ക്കുന്നതു കണ്ടു.” (ദാനീ, 8:15 ⁃⁃ 9:21; 10:16; 10:18). കേട്ട ശബ്ദം മനുഷ്യൻ്റെയായിരുന്നു: (ദാനീ, 8:16). അതായത്, സ്വർഗ്ഗീയ സിംഹാസനത്തിൽ പ്രത്യക്ഷനായിരിക്കുന്ന ദൈവത്തിൻ്റെയും ദൂതന്മാരുടെയും സ്വരൂപവും സാദൃശ്യവും ഒന്നുതന്നെയാണ്. അതുകൊണ്ടാണ്, “നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക” എന്ന് ദൈവം ദൂതന്മാരോട് പറഞ്ഞത്: (ഉല്പ, 1:26). അതായത്, ദൈവം മനുഷ്യസൃഷ്ടിയെക്കുറിച്ച് ആലോചിക്കുന്നത് തൻ്റെ സ്വരൂപത്തിലും സാദൃശ്യത്തിലുമുള്ള ദൂതന്മാരോടാണ്: (ഉല്പ, 1:26). എന്നാൽ മനുഷ്യനെ സൃഷ്ടിക്കുന്നത് ഒറ്റയ്ക്കാണ്: (ഉല്പ, 1:27). [കാണുക: സ്വരൂപവും (Image) സാദൃശ്യവും (Likeness)]
☛ നമ്മിൽ ഒരുത്തനെപ്പോലെ:
➦ “മനുഷ്യൻ നന്മതിന്മകളെ അറിവാൻ തക്കവണ്ണം നമ്മിൽ ഒരുത്തനെപ്പോലെ ആയിത്തീർന്നിരിക്കുന്നു; ഇപ്പോൾ അവൻ കൈനീട്ടി ജീവവൃക്ഷത്തിന്റെ ഫലംകൂടെ പറിച്ചു തിന്നു എന്നേക്കും ജീവിപ്പാൻ സംഗതിവരരുതു എന്നു കല്പിച്ചു.” (ഉല്പ, 3:22). ഈ വാക്യത്തിൻ്റെ ആദ്യഭാഗത്തു ദൈവത്തിൻ്റെ പ്രസ്താവനയും രണ്ടാംഭാഗത്ത് കല്പനയുമാണ് കാണുന്നത്. ‘അമർ’ (amar) എന്ന പദത്തെ ‘കല്പന’ (command – പുറ, 8:27; 1ശമൂ, 16:16; commandment – 1ദിന, 14:12; 2ദിന, 24:8) എന്ന് 𝟯𝟬 പ്രാവശ്യം പരിഭാഷ ചെയ്തിട്ടുണ്ട്. ആദ്യഭാഗത്ത്, മനുഷ്യന് സംഭവിച്ച മാറ്റത്തെക്കുറിച്ചുള്ള ഒരു വിലയിരുത്തലും അനന്തരഭാഗത്ത്, മനുഷ്യന്റെ അമരത്വം തടയാനുള്ള കല്പനയുമാണ് കാണുന്നത്. ഇവിടെ “നമ്മിൽ ഒരുത്തനെപ്പോലെ” എന്നു യഹോവ പറയുന്നത് തൻ്റെയൊപ്പമുള്ള കെരൂബുകളോടാണെന്നും, അവരോട് തന്നെയാണ് കല്പന എന്നതിനും തെളിവാണ്, തൻ്റെ കൂടെയുള്ള കെരൂബുകളെ തോട്ടം കാവൽ ചെയ്യാൻ ദൈവം നിർത്തിയത്: “ഇങ്ങനെ അവൻ മനുഷ്യനെ ഇറക്കിക്കളഞ്ഞു; ജീവന്റെ വൃക്ഷത്തിങ്കലേക്കുള്ള വഴികാപ്പാൻ അവൻ ഏദെൻ തോട്ടത്തിന്നു കിഴക്കു കെരൂബുകളെ തിരിഞ്ഞുകൊണ്ടിരിക്കുന്ന വാളിന്റെ ജ്വാലയുമായി നിർത്തി.” (ഉല്പ, 3:24). തോട്ടം കാവൽ ചെയ്യാൻ പുത്രനെയും പരിശുദ്ധാത്മാവിനെയുമാണ് യഹോവ നിർത്തിയതെന്ന് ത്രിത്വം സമ്മതിക്കുമോ? യഹോവയ്ക്കൊപ്പം ദൂതന്മാരാണ് ഉണ്ടായിരുന്നതെന്ന് ഈ വാക്യത്തിൽ വ്യക്തമല്ലേ? കെരൂബുകൾക്ക് മദ്ധ്യേയിരുന്ന് നിത്യം ആരാധന സ്വീകരിക്കുന്നവനും (വെളി, 4:6-8) കെരൂബുകളെ വാഹനമാക്കി സഞ്ചരിക്കുന്നവനുമായ (2ശമൂ, 22:11; സങ്കീ, 18:10) യഹോവയോടൊപ്പം സൃഷ്ടിയിങ്കൽ ഉണ്ടായിരുന്നത് ദൂതന്മാരല്ലെന്ന് ആർക്ക് പറയാൻ കഴിയും?
☛ വരുവിൻ നാം ഇറങ്ങിച്ചെല്ലാം:
➦ “വരുവിൻ; നാം ഇറങ്ങിച്ചെന്നു, അവർ തമ്മിൽ ഭാഷതിരിച്ചറിയാതിരിപ്പാൻ അവരുടെ ഭാഷ കലക്കിക്കളക എന്നു അരുളിച്ചെയ്തു.” (ഉല്പ, 11:7). ബാബേലിലെ ഭാഷ കലക്കുന്നതിനോടുള്ള ബന്ധത്തിലും യഹോവ ബഹുവചനം പറയുന്നതായി കാണാം. ദൂതന്മാരാണ് എല്ലായിപ്പോഴും ദൈവത്തോടൊപ്പം ഉള്ളതെങ്കിൽ സ്വാഭാവികമായും അത് ദൂതന്മാരോടാണ് പറയുന്നതെന്ന് മനസ്സിലാക്കാമല്ലോ? ദൂതന്മാരാണ് യഹോവയോടൊപ്പം ഉണ്ടായിരുന്നത് എന്നതിനു വേറെയും തെളിവുകളുണ്ട്: അബ്രാഹാമിനു മമ്രേയുടെ തോപ്പിൽവെച്ചു യഹോവ പ്രത്യക്ഷനായപ്പോഴും രണ്ടു ദൂതന്മാർ കൂടെയുണ്ടായിരുന്നു. (18:1,2). യഹോവ അബ്രാഹാമിൻ്റെ സന്നിധിൽ നില്ക്കുമ്പോൾ രണ്ടുപേർ സോദോമിലേക്ക് പോകുന്നതായി 18:22-ലും, 19:1-ൽ സോദോമിൽ ചെന്നത് രണ്ട് ദൂതന്മാരാണെന്നും കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. [കാണുക: മമ്രേയുടെ തോപ്പിൽ അബ്രാഹാം കണ്ടത് ആരെയാണ്?]
☛ ആർ നമുക്കുവേണ്ടി പോകും:
➦ “അനന്തരം ഞാൻ ആരെ അയക്കേണ്ടു? ആർ നമുക്കു വേണ്ടി പോകും? എന്നു ചോദിക്കുന്ന കർത്താവിന്റെ ശബ്ദം കേട്ടിട്ടു: അടിയൻ ഇതാ അടിയനെ അയക്കേണമേ എന്നു ഞാൻ പറഞ്ഞു.” (യെശ, 6:8). സ്വർഗ്ഗത്തിൽ സാറാഫുകളുടെ മദ്ധ്യേയാണ് യഹോവയെ യെശയ്യാവ് കണ്ടത്. ആറാറു ചിറകുകളുള്ള സാറാഫുകൾ രണ്ടുകൊണ്ടു മുഖംമൂടിയും രണ്ടുകൊണ്ടു പാദം മൂടിയും രണ്ടുകൊണ്ട് പറന്നുനിന്നും പരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധൻ എന്ന് നിത്യം ദൈവത്തെ സ്തുതിച്ചുകൊണ്ടിരിക്കുകയാണ്. (വെളി, 4:1-8). അനന്തരം എട്ടാം വാക്യത്തിൽ “ആർ നമുക്കുവേണ്ടി പോകും” എന്ന് യഹോവ യെശയ്യാവിനോടു ചോദിക്കുന്നത് ബഹുവചനത്തിലാണ്. അവിടെയും നമുക്കുവേണ്ടിയെന്ന ബഹുവചനം യഹോവ ഉപയോഗിക്കുന്നത് ദൂതന്മാരെയും ചേർത്താണ്. അവിടെ ദൂതന്മാരോടാണ് യഹോവ പറയുന്നതെന്ന് കൃത്യമായി മനസ്സിലാക്കാം. യെശയ്യാവ് സ്വർഗ്ഗത്തിൽ യഹോവയെയും ദൂതന്മാരെയുമല്ലാതെ പുത്രനെയും പരിശുദ്ധാത്മാവിനെയും കാണുന്നില്ല. ത്രിത്വം വിചാരിക്കുന്നപോലെ, പുത്രനും പരിശുദ്ധാത്മാവും വ്യത്യസ്ത വ്യക്തികളായി യഹോവയോടുകൂടെ ഉണ്ടായിരുന്നെങ്കിൽ സ്വർഗ്ഗത്തിൽ കാണേണ്ടതല്ലേ? യെശയ്യാവ് മാത്രമല്ല; മീഖായാവും (1രാജാ, 22:19), യെഹെസ്ക്കേലും (1:26-28), ദാനീയേലും (7:9,10) യഹോവയെയും ദൂതന്മാരെയുമല്ലാതെ, പുത്രനെയും പരിശുദ്ധാത്മാവിനെയും വിഭിന്ന വ്യക്തികളായി കാണുന്നില്ല. വിഭിന്ന വ്യക്തികളായി സ്വർഗ്ഗത്തിൽ ഇല്ലാത്തവരെ ചേർത്ത് ബഹുവചനം പറയാൻ പറ്റുമോ? അതിനാൽ ദൈവത്തോടൊപ്പമുള്ള ദൂതന്മാരെ ചേർത്താണ് ബഹുവചനം പറഞ്ഞതെന്ന് മനസ്സിലാക്കാം. മോശെയ്ക്ക് ദൈവം ന്യായപ്രമാണം കൊടുത്തത് നേരിട്ടല്ല; ദൂതന്മാർ മുഖാന്തരമാണ്. (പ്രവൃ, 7:53; ഗലാ, 3:19; എബ്രാ, 2:2). അതായത് സ്വർഗ്ഗത്തിൽ കെരൂബുകളുടെ മദ്ധ്യേ വസിക്കുന്ന ദൈവം ഭൂമിയിൽ പ്രത്യക്ഷനായി മനുഷ്യരോട് ഇടപെടുമ്പോഴെല്ലാം ഒരു ദൂതസാന്നിദ്ധ്യം ദൃശ്യമാണ്. അപ്പോൾ ദൈവം “നാം, നമ്മുടെ, നമ്മിൽ, നമുക്കുവേണ്ടി” എന്നൊക്കെ ബഹുവചനത്തിൽ പറയുന്നത് ദൂതന്മാരെയും ചേർത്താണെന്ന് സ്ഫടികസ്ഫുടം വ്യക്തമാണ്. നമുക്കുള്ളത് സ്രഷ്ടാക്കളല്ല; യഹോവ എന്ന ഒരേയോരു സ്രഷ്ടാവാണ്. °സങ്കീർത്തകനൊപ്പം നാം നമസ്കരിക്കേണ്ടത് ഇല്ലാത്ത ത്രിത്വസ്രഷ്ടാക്കളെയല്ല; നമ്മെ സൃഷ്ടിച്ച ഏകദൈവമായ യഹോവയാണ്: “വരുവിൻ, നാം വണങ്ങി നമസ്കരിക്ക; നമ്മെ നിർമ്മിച്ച യഹോവയുടെ മുമ്പിൽ മുട്ടുകുത്തുക. അവൻ നമ്മുടെ ദൈവമാകുന്നു; നാമോ അവൻ മേയിക്കുന്ന ജനവും അവന്റെ കൈക്കലെ ആടുകളും തന്നേ.” (സങ്കീ, 95:6-7).
Good! God bless you
What a beautiful explanation.
ഇത്രയും സുവ്യക്തമായി എഴുതിയിട്ടും ക്രിസ്ത്രിയ ലോകം എന്തേ ഇങ്ങനെ ആയി പോയി ….
Thank God! God bless you 🙏
ദൈവത്തിനോടൊപ്പമുണ്ടായിരുന്ന 24 ശ്രേഷ്ഠാത്മാക്കളോടല്ലേ നമുക്ക് നമ്മുടെ സാദൃശ്യത്തിൽ മനുഷ്യെനെ ഉണ്ടാക്കാമെന്ന് പറഞ്ഞത്. അവ ആദി മുതൽ ദൈവത്തിൽ തന്നെയായിരുന്നല്ലോ.