
☛ ലോകത്തിൻ്റെ പാപപരിഹാരാർത്ഥം പരിശുദ്ധാത്മാവിനാൽ ഉല്പാദിതമായി വംശാവലിയോടെ ജനിച്ചുജീവിച്ച് മരിച്ചുയിർത്ത് മാനവജാതിക്ക് രക്ഷയൊരുക്കിയത് മനുഷ്യനായ ക്രിസ്തുയേശുവാണ്: (1തിമൊ, 2:6). എന്നാൽ ചരിത്രത്തിനതീതനായ ദൈവത്തെയും ചരിത്രത്തിനധീനനായ യേശുക്രിസ്തുവിനെയും അനേകർക്കും വേർതിരിച്ചറിയില്ല. ➟അതിനാൽ അവൻ ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ ആണെന്ന് വൺനെസ്സും ട്രിനിറ്റിയും വിശ്വസിക്കുന്നു. ➟ദൂതനാണെന്ന് യഹോവസാക്ഷികൾ വിചാരിക്കുന്നു. ➟എന്നാൽ അങ്ങനെയൊരു യേശു ബൈബിളിലില്ല. ➟മേല്പറഞ്ഞവരെല്ലാം മനുഷ്യനായ ക്രിസ്തുയേശുവിൻ്റെ അസ്തിത്വവും (𝐄𝐱𝐢𝐬𝐭𝐞𝐧𝐜𝐞) മനുഷ്യത്വവും (𝐇𝐮𝐦𝐚𝐧𝐢𝐭𝐲) ക്രിസ്തുത്വവും (𝐂𝐡𝐫𝐢𝐬𝐭𝐡𝐨𝐨𝐝) പുത്രത്വവും (𝐒𝐨𝐧𝐬𝐡𝐢𝐩) കർത്തൃത്വവും (𝐋𝐨𝐫𝐝𝐬𝐡𝐢𝐩) ചരിത്രപരതയും (𝐇𝐢𝐬𝐭𝐨𝐫𝐢𝐜𝐢𝐭𝐲) നിഷേധിക്കുന്നവരാണ്. ➟ നാല് സുവിശേഷങ്ങളിൽ പറഞ്ഞിരിക്കുന്ന യേശുവിൻ്റെ ജീവചരിത്രംപോലും പലരും പഠിച്ചിട്ടുള്ളവരല്ല. യേശുവിൻ്റെ സംക്ഷിപ്തമായ ചരിത്രം നമുക്കൊന്ന് പരിശോധിക്കാം:
❶ യേശുവിൻ്റെ അസ്തിത്വം (𝐄𝐱𝐢𝐬𝐭𝐞𝐧𝐜𝐞):
➤ ❝ജീവനുള്ള ദൈവത്തിന്റെ സഭയാകുന്ന ദൈവാലയത്തിൽ നടക്കേണ്ടതു എങ്ങനെയെന്നു നീ അറിയേണ്ടതിന്നു ഇതു എഴുതുന്നു. അവൻ ജഡത്തിൽ വെളിപ്പെട്ടു;❞ (1തിമൊ, 3:15-16).
➦ ക്രിസ്തു ജീവനുള്ള ദൈവമായ പിതാവിൻ്റെ ജഡത്തിലെ വെളിപ്പാട് (𝐌𝐚𝐧𝐢𝐟𝐞𝐬𝐭𝐚𝐭𝐢𝐨𝐧) അഥവാ, മനുഷ്യപ്രത്യക്ഷതയാണ്: (മത്താ, 16:16) ➟𝐓𝐡𝐞 𝐍𝐞𝐰 𝐌𝐞𝐬𝐬𝐢𝐚𝐧𝐢𝐜 𝐕𝐞𝐫𝐬𝐢𝐨𝐧-ൽ, ❝𝐆𝐨𝐝-𝐓𝐡𝐞 𝐅𝐚𝐭𝐡𝐞𝐫 𝐰𝐚𝐬 𝐦𝐚𝐧𝐢𝐟𝐞𝐬𝐭 𝐢𝐧 𝐭𝐡𝐞 𝐟𝐥𝐞𝐬𝐡❞ എന്ന് കാണാൻ കഴിയും: (1Tim, 3:16). ➟അതായത്, പിതാവായ യഹോവ തൻ്റെ ജഡത്തിലെ വെളിപ്പാടിനായി മറിയയെന്ന കന്യകയിലൂടെ പ്രകൃത്യാതീതമായി ഉല്പാദിപ്പിച്ച (മത്താ, 1:20, ലൂക്കൊ, 2:21) ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ് യേശു: (റോമ, 5:15). ➟❝ജഡത്തിൽ വെളിപ്പെട്ടത് ജീവനുള്ള ദൈവമായ പിതാവും; വെളിപ്പാട് മനുഷ്യനായ പുത്രനുമാണ്.❞ (മത്താ, 16:16; യോഹ, 1:18 ⁃⁃ യോഹ, 8:40). [കാണുക: മനുഷ്യനായ ക്രിസ്തുയേശു, പിതാവിൻ്റെ മാർവ്വിടത്തിലുള്ള പുത്രൻ, പുത്രൻ പിതാവിനെ വെളിപ്പെടുത്തിയിരിക്കുന്നു]. ➟ക്രിസ്തു ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാകയാൽ, പൂർവ്വാസ്തിത്വത്തിലും (𝐏𝐫𝐞-𝐞𝐱𝐢𝐬𝐭𝐞𝐧𝐜𝐞) സുവിശേഷ ചരിത്രകാലം ഒഴികെയുള്ള നിത്യമായ അസ്തിത്വത്തിലും (𝐄𝐭𝐞𝐫𝐧𝐚𝐥 𝐞𝐱𝐢𝐬𝐭𝐞𝐧𝐜𝐞) പിതാവും പുത്രനും ഒന്നുതന്നെയാണ്: ((യെശ, 40:3; ലൂക്കൊ, 1:16-17; 1:68; 1:76-77; യോഹ, 1:30 ⁃⁃ യോഹ, 10:30; 14:9). ➟അതാണ്, പിതാവും ക്രിസ്തുവുമെന്ന ദൈവമർമ്മവും ദൈവഭക്തിയുടെ മർമ്മവും. (കൊലൊ, 2:2; 1തിമൊ, 3:16). ➤[കാണുക: ക്രിസ്തുവിൻ്റെ അസ്തിത്വവും പൂർവ്വാസ്തിത്വവും, ക്രിസ്തുവിനെ അറിയുക, ക്രിസ്ത്യാനിയാകുക, ദൈവം ഒരുത്തൻ മാത്രം, മോണോതീയിസം, ഞാനും പിതാവും ഒന്നാകുന്നു, പിതാവും പുത്രനും ഒന്നാകുന്നു]
❷ യേശുവിൻ്റെ മനുഷ്യത്വം (𝐇𝐮𝐦𝐚𝐧𝐢𝐭𝐲):
➦ യേശു ജനനത്തിൽ മനുഷ്യനായിരുന്നു (ലൂക്കൊ, 1:35), വളർച്ചയിൽ മനുഷ്യനായിരുന്നു (ലൂക്കൊ, 2:52), ശുശ്രൂഷയിൽ മനുഷ്യനായിരുന്നു (യോഹ, 8:40), അത്ഭുതങ്ങൾ പ്രവർത്തിച്ചപ്പോൾ മനുഷ്യനായിരുന്നു (യോഹ, 9:11), പാപമോചനം നല്കിയപ്പോൾ മനുഷ്യനായിരുന്നു: (മത്താ, 9:8), മരണത്തിൽ മനുഷ്യനായിരുന്നു (മർക്കൊ, 15:39), ഉയിർപ്പിൽ മനുഷ്യനായിരുന്നു (പ്രവൃ, 2:23-24), ഉയിർത്തെഴുന്നേറ്റ അന്നുതന്നെ തൻ്റെ പിതാവും ദൈവവുമായവൻ്റെ അടുക്കലേക്ക് കരേറിപ്പോയപ്പോഴും അവൻ മനുഷ്യനായിരുന്നു: (യോഹ, 20:17). ➟മാറ്റമില്ലാത്തവനും ഗതിഭേദത്താൽ ആഛാദനമില്ലാത്തവനും തന്നെത്താൻ ത്യജിക്കാൻ കഴിയാത്തവനുമായ ദൈവത്തിനു് മനുഷ്യനായി അവസ്ഥാഭേദം വരുവാനോ (അവതാരം), ഒരു മനുഷ്യനായി വേഷംമാറാനോ കഴിയില്ല: (മലാ, 3:6; യാക്കോ, 1:17; 2തിമൊ, 2:13). ➟അതുകൊണ്ടാണ്, ദൈവം തൻ്റെ ജഡത്തിലെ വെളിപ്പാടിനായി ഒരു പാപരഹിതനായ മനുഷ്യനെ ഉല്പാദിപ്പിച്ചത്: (1യോഹ, 3:5; യോഹ, 8:40; മത്താ, 1:20; ലൂക്കൊ, 2:21). ➤[കാണുക: ദൈവപ്രകൃതിയുടെ സവിശേഷതകൾ]
☛ യേശുവിൻ്റെ ഉത്ഭവവും ശൈശവവും:
➤ ❝അവളിൽ (മറിയ) ഉല്പാദിതമായതു പരിശുദ്ധാത്മാവിനാൽ ആകുന്നു.❞ (മത്താ, 1:20).
➦ പരിശുദ്ധാത്മാവിനാൽ പ്രകൃത്യാതീതമായി കന്യകയായ മറിയയിൽ ഉല്പാദിതമായത് ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ, ദൂതനോ, ദൈവപുത്രനോ, ക്രിസ്തുവോ അല്ല; ഒരു വിശുദ്ധപ്രജയാണ്: (മത്താ, 1:20; ലൂക്കൊ, 2:21; ⁃⁃ ലൂക്കൊ, 1:35; 2:7). ➟പരിശുദ്ധാത്മാവ് മറിയത്തിൻ്റെ ഉദരത്തിൽ ഉല്പാദിപ്പിച്ചത് ഒരു ദൈവത്തെയോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനെയോ ആണെന്ന് വിചാരിക്കുന്നവരുടെ ദൈവസങ്കല്പം എന്തായിരിക്കും?
☛ വംശാവലി:
➤ ❝അബ്രാഹാമിന്റെ പുത്രനായ ദാവീദിന്റെ പുത്രനായ യേശുക്രിസ്തുവിന്റെ വംശാവലി:❞ (മത്താ, 1:1).
➦ ദൂതന്മാർക്കുപോലും വംശാവലിയോ, ജനനമോ, മരണമോ ഇല്ല. എന്നാൽ ആദ്യമനുഷ്യനായ ആദാം മുതലുള്ള ഒരു മാനുഷിക വംശാവലിയും പൂർവ്വപിതാവായ അബ്രാഹാമിൽ തുടങ്ങി ദാവീദ് വഴിയുള്ള ഒരു രാജകീയ വംശാവലിയും ക്രിസ്തുവിനുണ്ട്: (ലൂക്കൊ, 3:23-38; മത്താ, 1:1-16). ➟ഇതൊരു ദൈവത്തിൻ്റെയോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവൻ്റെയോ, ദൂതൻ്റെയോ വംശാവലിയല്ല; മനുഷ്യൻ്റെ വംശാവലിയാണ്. ➟അനാദിയായും ശാശ്വതമായും ദൈവമായവൻ്റെയോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവൻ്റെയോ, ഒരു ദൂതൻ്റെയോ വംശാവലിയാണെന്ന് വിചാരിക്കുന്നവരെ എങ്ങനെ തിരുത്താൻ പറ്റും?
☛ മറിയയുടെ ആദ്യജാതൻ:
➤ ❝അവൾ ആദ്യജാതനായ മകനെ പ്രസവിച്ചു.❞ (ലൂക്കൊ, 2:7)
➦ കന്യകയായ മറിയ പ്രസവിച്ചത് ദൈവത്തെയോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനെയോ, ദൂതനെയോ, ദൈവപുത്രനെയോ, ക്രിസ്തുവിനെയോ അല്ല; അബ്രാഹാമിൻ്റെയും ദാവീദിൻ്റെയും പുത്രനും വിശേഷാൽ, അവളുടെ ആദ്യജാതനുമായ ഒരു മനുഷ്യക്കുഞ്ഞിനെയാണ്: (മത്താ, 1:1; 1:25; ലൂക്കൊ, 1:31; 2:7; യോഹ, 8;40). ➟ഒരു ദൈവത്തെയോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനെയോ ആണ് ഒരു മനുഷ്യസ്ത്രീ പ്രസവിച്ചതെന്നു വിചാരിക്കുന്നവരുടെ ദൈവസങ്കല്പം മോശെയെപ്പോലെ ഒരു മനുഷ്യദൈവം ആകാനേ തരമുള്ളൂ: (പുറ, 4:16; 7:1). ➟അവൾ പ്രസവിച്ചത് ഒരു ദൂതനെയാണെന്ന് കരുതുന്നവരുടെ കാര്യവും കഷ്ടംതന്നെ!
☛ പരിച്ഛേദന:
➤ ❝പരിച്ഛേദന കഴിപ്പാനുള്ള എട്ടു ദിവസം തികെഞ്ഞപ്പോൾ അവൻ ഗർഭത്തിൽ ഉല്പാദിക്കുംമുമ്പെ ദൂതൻ പറഞ്ഞതുപോലെ അവന്നു യേശു എന്നു പേർ വിളിച്ചു.❞ (ലൂക്കൊ, 2:21).
➦ മറിയ പ്രസവിച്ചത് തൻ്റെ ➤മകനായ മനുഷ്യക്കുഞ്ഞ് ആയതുകൊണ്ടാണ്, എട്ടാം ദിവസം അവനെ പരിച്ഛേദന കഴിച്ചത്: (ലൂക്കൊ, 2:7; ലൂക്കൊ, 2:21). ➟അബ്രാഹാമിൻ്റെ പുത്രന്മാരും ദാസന്മാരുമായ മനുഷ്യക്കുഞ്ഞുങ്ങളെ മാത്രം പരിച്ഛേദന കഴിക്കാനാണ് പ്രമാണമുള്ളത്: (ഉല്പ, 17:10-14). ➟ജെന്റർ (Gender) ഇല്ലാത്ത ദൈവത്തെയോ, ദൂതനെയോ ആണ് എട്ടാം ദിവസം പരിച്ഛേദന കഴിച്ചതെന്ന് പറഞ്ഞാൽ എങ്ങനെയിരിക്കും! ➟ദൈവത്തെ പരിച്ഛേദന കഴിക്കാൻ സാധിക്കുകയുമില്ല; ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനെയും ദൂതനെയും പരിച്ഛേദന കഴിക്കാൻ നിയമം അനുവദിക്കുന്നുമില്ല.
☛ ആദ്യജാതൻ്റെ വീണ്ടെടുപ്പ്:
➤ ❝മോശെയുടെ ന്യായപ്രമാണപ്രകാരം അവളുടെ ശുദ്ധീകരണകാലം തികഞ്ഞപ്പോൾ കടിഞ്ഞൂലായ ആണൊക്കെയും കർത്താവിന്നു വിശുദ്ധം ആയിരിക്കേണം എന്നു കർത്താവിന്റെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നതുപോലെ അവനെ കർത്താവിന്നു അർപ്പിപ്പാനും ഒരു ഇണ കുറപ്രാവിനെയോ രണ്ടു പ്രാകൂഞ്ഞിനെയോ കർത്താവിന്റെ ന്യായപ്രമാണത്തിൽ കല്പിച്ചതുപോലെ യാഗം കഴിപ്പാനും അവർ അവനെ യെരൂശലേമിലേക്കു കൊണ്ടുപോയി.❞ (ലൂക്കൊ, 2:22-24).
➦ അവൻ മനുഷ്യൻ്റെ കടിഞ്ഞൂൽ ആയതുകൊണ്ടാണ്, പിന്നെയും മുപ്പത്തിമൂന്ന് ദിവസങ്ങൾ കഴിഞ്ഞപ്പോൾ, ദൈവാലയത്തിൽ കൊണ്ടുപോയി ആദ്യജാതൻ്റെ വീണ്ടെടുപ്പ് കർമ്മങ്ങൾ ചെയ്തത്. (മത്താ, 1:25; ലൂക്കൊ, 2:7; 2:22-24; പുറ, 13:2; 13:12; ലേവ്യ, 12:1-8; സംഖ്യാ, 3:13). ➟മനുഷ്യൻ്റെ കടിഞ്ഞൂലിനെയും അശുദ്ധ മൃഗങ്ങളുടെ കടിഞ്ഞൂലിനെയുമല്ലാതെ മറ്റാരെയും വീണ്ടെടുക്കാൻ പ്രമാണമില്ല: (പുറ, 34:19-20; സംഖ്യാ, 18:15). ➟അവൻ ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ, ദൂതനോ ആയിരുന്നെങ്കിൽ; അവനെ ദൈവത്തിനു് വിശുദ്ധമായി അർപ്പിക്കാനോ, ദൈവത്തിൽനിന്ന് വീണ്ടെടുക്കാനോ പ്രമാണമില്ല. ➟ഒരു ദൈവത്തെ മറ്റൊരു ദൈവത്തിനു് വിശുദ്ധമായി അർപ്പിച്ചിട്ട്, ആ ദൈവത്തിൽനിന്ന് ഈ ദൈവത്തെ മനുഷ്യർ വീണ്ടെടുപ്പ് വിലകൊടുത്ത് മേടിച്ചു എന്നൊക്കെ വചനവിരുദ്ധമായി വിശ്വസിക്കുന്നവരെ സമ്മതിക്കണം! ➟ദൂതനെയും വീണ്ടെടുക്കാൻ ആവശ്യമില്ല. ➟യേശുവെന്ന മനുഷ്യൻ ജനിച്ചത് ന്യായപ്രമാണത്തെ ലംഘിക്കാനല്ല; വള്ളിക്കോ, പുള്ളിക്കോ മാറ്റം വരാതെ അതിനെ നിവൃത്തിക്കാനാണ്: (മത്താ, 5:17-18). ➟ചിലർ കരുതുന്നപോലെ; യേശു ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനോ, ദൂതനോ ആണങ്കിൽ ന്യയപ്രമാണത്തിലെ വള്ളിക്കോ, പുള്ളിക്കോപോലും മാറ്റം വരാതെ അതിനെ നിവൃത്തിക്കാൻ ജനിച്ചവൻ, തൻ്റെ ജനനം മുതൽ അതിനെ നഗ്നമായി ലംഘിച്ചു എന്നുവരണം. ➟അതാണ്, ദുരുപദേശം സഭയ്ക്കകത്ത് നുഴയിച്ചുകയറ്റിയ ഉപായിയായ സർപ്പത്തിൻ്റെ തന്ത്രം. ➟ന്യായപ്രമാണത്തെ നിവൃത്തിക്കാൻ ന്യായപ്രമാണത്തിൻ്റെ കീഴിൽ ജനിച്ചവൻ അതിനെ എങ്ങനെ ലംഘിക്കും? (മത്താ, 5:17; ഗലാ, 4:4). ➤❝ന്യായപ്രമാണത്തിൽ ഒരു പുള്ളി വീണുപോകുന്നതിനെക്കാൾ ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുന്നത് എളുപ്പം❞ എന്ന് പഠിപ്പിച്ച ക്രിസ്തു അതിനെ ലംഘിച്ചു എന്ന് വിശ്വസിക്കുന്നതിനെക്കാൾ, വിശ്വാസം ത്യജിച്ചു കളയുന്നതാണ് നല്ലത്: (ലൂക്കൊ, 16:17).
☛ ആത്മാവിൽ ബലപ്പെട്ടുവളർന്നവൻ:
➤ ❝പൈതൽ വളർന്നു ജ്ഞാനം നിറഞ്ഞു, ആത്മാവിൽ ബലപ്പെട്ടുപോന്നു; ദൈവകൃപയും അവന്മേൽ ഉണ്ടായിരുന്നു.❞ (ലൂക്കൊ, 2:40)
➦ അനന്തരം ദൈവകൃപയോടെ ആത്മാവിൽ ബലപ്പെട്ടുവന്നത്, യേശുവെന്ന മനുഷ്യക്കുഞ്ഞാണ്: (യോഹ, 8;40). ➟അവൻ ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ ആണെങ്കിൽ, അവനു് വളരാൻ ആത്മാവിൻ്റെ ശക്തിയോ, ദൈവത്തിൻ്റെ കൃപയോ വേണമോ?
☛ ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നവൻ:
➤ ❝യേശുവോ ജ്ഞാനത്തിലും വളർച്ചയിലും ദൈവത്തിന്റെയും മനുഷ്യരുടെയും കൃപയിലും മുതിർന്നു വന്നു.❞ (ലൂക്കൊ, 2:52)
➦ ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിലാണ് യേശുവെന്ന പേരുള്ള മനുഷ്യൻ മുതിർന്നുവന്നത്: (യോഹ, 9:11). ➟ഒരു മനുഷ്യക്കുഞ്ഞിനു് വളരാനല്ലാതെ, ഒരു ദൈവത്തിനോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയള്ളവനോ വളരുവാൻ മനുഷ്യരുടെ കൃപ വേണമോ? ➟ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നുവന്നത് ഒരു ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ ആണെന്ന് വിചാരിക്കുന്നവരുടെ മനസ്സിൽ യേശു ഒരു ആൾ ദൈവമായിരിക്കും!
❸ യേശുവിൻ്റെ ക്രിസ്തുത്വം (𝐂𝐡𝐫𝐢𝐬𝐭𝐡𝐨𝐨𝐝):
➤ ❝യേശുവിന്നു താൻ പ്രവൃത്തി ആരംഭിക്കുമ്പോൾ ഏകദേശം മുപ്പതു വയസ്സായിരുന്നു.❞ (ലൂക്കൊ, 3:23). ➤❝അനന്തരം യേശു യോഹന്നാനാൽ സ്നാനം ഏല്ക്കുവാൻ ഗലീലയിൽ നിന്നു യോർദ്ദാൻ കരെ അവന്റെ അടുക്കൽ വന്നു.❞ (മത്താ, 3:13)
➦ അവനു് ഏകദേശം മുപ്പതു വയസ്സായപ്പോൾ, തൻ്റെ ശുശ്രൂഷ ആരംഭിക്കുന്നതിൻ്റെ മുന്നോടിയായി ക്രിസ്തുത്വവും പുത്രത്വവും സ്വീകരിക്കാനാണ് തൻ്റെ സ്വന്തപട്ടണമായ ഗലീലയിൽനിന്ന് യെഹൂദ്യാ ദേശത്തെ യോർദ്ദാൻകരെ യോഹന്നാൻ്റെ അടുക്കൽ എത്തിയത്.
➤ ❝എളിയവരോടു സദ്വർത്തമാനം ഘോഷിപ്പാൻ യഹോവ എന്നെ അഭിഷേകം ചെയ്തിരിക്കകൊണ്ടു യഹോവയായ കർത്താവിന്റെ ആത്മാവു എന്റെ മേൽ ഇരിക്കുന്നു.❞ (യെശ, 61:1 ⁃⁃ ലൂക്കൊ, 2:11).
➦ യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനങ്ങളുടെ നിവൃത്തിയായി, യോർദ്ദാനിൽ വെച്ച് ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അവനെ അഭിഷേകം ചെയ്തപ്പോഴാണ് അവൻ ❝ക്രിസ്തു❞ (അഭിഷിക്തൻ) ആയത്: (യെശ, 61:1; ലൂക്കൊ, 2:11; ലൂക്കൊ, 3:22; പ്രവൃ, 4:27; പ്രവൃ, 10:38). ➟നസറെത്തിലെ പള്ളിയിലെ തൻ്റെ പ്രഥമശുശ്രൂഷയിൽ യെശയ്യാപ്രവചനം ഉദ്ധരിച്ചുകൊണ്ട് താൻ ❝ക്രിസ്തു❞ ആയത് അപ്പോഴാണെന്ന് യേശു തന്നെ സാക്ഷ്യം പറയുകയുണ്ടായി: (യെശ, 61:1-2; ലൂക്കൊ, 4:16-21). ➤❝നീ അഭിഷേകം ചെയ്ത യേശു എന്ന നിന്റെ പരിശുദ്ധദാസൻ❞ എന്നാണ് ആദിമസഭ അവനെ വിശേഷിപ്പിച്ചത്: (പ്രവൃ, 4:27 ⁃⁃ പ്രവൃ, 3:13; പ്രവൃ, 3:26; പ്രവൃ, 4:30). ➟അവൻ ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ ആയിരുന്നെങ്കിൽ; അവനു് അഭിഷേകത്തിൻ്റെ ആവശ്യമില്ലായിരുന്നു. ദൂതന്മാർക്കുപോലും അഭിഷേകം ആവശ്യമില്ല; അവരെ ദൈവം ശക്തന്മാരായാണ് സൃഷ്ടിച്ചിരിക്കുന്നത്: (2രാജാ, 19:35). ➟യേശു ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളൊനോ ആയിരുന്നെങ്കിൽ, എന്തിനായിരുന്നു, ദൂതന്മാർക്കുപോലും ആവശ്യമില്ലാത്ത അഭിഷേകത്താൽ ദൈവം അവനെ ശക്തിപ്പെടുത്തിയത്? (ലൂക്കൊ, 4:14). ➟അവൻ ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന മനുഷ്യൻ ആയതുകൊണ്ടാണ് അവനു് അഭിഷേകം ആവശ്യമായി വന്നത്: (എബ്രാ, 2:9; യോഹ, 8;40). ➟പിതാവായ ദൈവം യോർദ്ദാനിൽവെച്ച് ഒരു ദൈവത്തെയോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനെയോ, ദൂതനെയോ ആണ് തൻ്റെ ആത്മാവിനാൽ അഭിഷേകംചെയ്ത് ശക്തിപ്പെടുത്തിയത് എന്ന് വിചാരിക്കൂന്നവരെ എങ്ങനെ തിരുത്താൻ പറ്റും? ➤[കാണുക: മശീഹമാർ]
❹ യേശുവിൻ്റെ പുത്രത്വം (𝐒𝐨𝐧𝐬𝐡𝐢𝐩):
➤ ❝അവൻ വലിയവൻ ആകും; അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും.❞ (ലൂക്കൊ, 1:32). ➤❝ആകയാൽ ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും.❞ (ലൂക്കൊ, 1:35).
➦ അഭിഷേകാനന്തരം, ❝അവൻ അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും, ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും❞ എന്നീ ഗബ്രീയേൽ ദൂതൻ്റെ രണ്ട് പ്രവചനങ്ങളുടെ നിവൃത്തിയായി, പിതാവായ ദൈവത്താൽ ❝ഇവൻ എന്റെ പ്രിയപുത്രൻ❞ എന്നു വിളിക്കപ്പെട്ടപ്പോഴാണ്, യേശുവെന്ന അഭിഷിക്തനായ മനുഷ്യൻ ദൈവത്തിൻ്റെ ❝പുത്രൻ❞ എന്ന സവിശേഷ പദവിക്ക് അർഹനായത്: (ലൂക്കൊ, 1:32; ലൂക്കൊ, 1:35; ലൂക്കൊ, 3:22). ➟യിസ്രായേൽ ജനം ദൈവത്തിൻ്റെ പുത്രനും പുത്രന്മാരുമാണ്: (പുറ, 4:23, ആവ, 14:1). ➟ആ നിലയിൽ യെഹൂദാ ഗോത്രത്തിൽ ദാവീദിൻ്റെ സന്തതിയായി ജനിച്ച യേശു ജനനത്തിൽത്തന്നെ ദൈവപുത്രനാണ്: (ഹോശേ, 11:1 ⁃⁃ മത്താ, 2:15). ➟എന്നാൽ ദൂതൻ്റെ പ്രവചനം യേശുവിനു് മാത്രമുള്ള സവിശേഷമായ പുത്രത്തെക്കുറിച്ചയിരുന്നു. ➟ജനനത്തിൽത്തന്നെ ദൈവമക്കളാകുന്ന ഭൂമുഖത്തെ ഒരേയൊരു ജാതി യെഹൂദന്മാരാണ്. ➟എന്നിരുന്നാലും, ദൈവം തങ്ങളുടെ സ്വന്തപിതാവെന്ന നിലയിൽ ❝എൻ്റെ പിതാവു❞ എന്ന് അവർ ദൈവത്തെ വ്യക്തിപരമായി സംബോധന ചെയ്യില്ലായിരുന്നു. ➟എന്നാൽ യേശു ദൈവത്തെ തൻ്റെ സ്വന്തപിതാവെന്ന നിലയിൽ ❝എൻ്റെ പിതാവു❞ എന്ന് അധികാരത്തോടെയും അവകാശത്തോടെയും സംബോധന ചെയ്തത്, രണ്ട് പ്രവചനങ്ങളുടെ നിവൃത്തിയായി യോർദ്ദാനിൽവെച്ച് ദൈവത്താൽ ലഭിച്ച പുത്രത്വത്തിൻ്റെ അധികാരത്താലാണ്. യെഹൂദന്മാരുടെ ഇടർച്ചയ്ക്കുള്ള പ്രധാനകാരണവും അതായിരുന്നു: (യോഹ, 5:17-18). ➟പ്രവചനം ഭൂതവർത്തമാനകാലത്തിലെ ചരിത്രമല്ല; ഭാവിയിൽ സംഭവിപ്പാനുള്ളതാണ്. ➟ഒരു പ്രവചനം നിവൃത്തിയാകുമ്പോഴാണ് അത് ചരിത്രമാകുന്നത്: (സംഖ്യാ, 24:14; ദാനീ, 2:28). ➟ചിലർ കരുതുന്നപോലെ, അവൻ ദൈവത്തിൻ്റെ നിത്യപുത്രനായ ദൈവം ആയിരുന്നെങ്കിൽ, ദൈവത്താൽ അയക്കപ്പെട്ട ദൂതനു് അക്കാര്യം അറിയില്ലായിരുന്നോ? ➟യേശു മുമ്പേ ദൈവപുത്രൻ ആയിരുന്നെങ്കിൽ ❝അവൻ ദൈവപുത്രൻ എന്നു വിളിക്കപ്പെടും❞ എന്ന് ദൂതൻ രണ്ടുവട്ടം പ്രവചിച്ചത് എന്തിനായിരുന്നു? ➟യോർദ്ദാനിലെ പ്രവചനനിവൃത്തിയുടെ ആവശ്യമെന്തായിരുന്നു? ➟ബൈബിൾ ഒരു കോമഡി പുസ്തകം അല്ലെന്ന് ആദ്യം മനസ്സിലാക്കുക. ➟ക്രിസ്തുത്വവും പുത്രത്വവും സ്വീകരിച്ചശേഷം, ആത്മാവ് നിറഞ്ഞവനായിട്ടാണ് അവൻ യോർദ്ദാൻ വിട്ടുമടങ്ങിയത്: (ലൂക്കൊ, 4:1). ➟ഒരു ദൈവം പരിശുദ്ധാത്മാവിനാൽ നിറഞ്ഞു എന്നു പറഞ്ഞാൽ എങ്ങനെയിരിക്കും? ➟അവൻ ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ ആയിരുന്നെങ്കിൽ, അവനു് മനുഷ്യരെപ്പോലെ ആത്മനിറവിൻ്റെ ആവശ്യമുണ്ടായിരുന്നോ? ➟വൺനെസ്സിൻ്റെയും ട്രിനിറ്റിയുടെ ദൈവം ഇത്രയ്ക്ക് ബലഹീനനാണോ? ➟അനന്തരം, അവൻ ആത്മാവിനാലാണ് പരീക്ഷയിലേക്ക് നടത്തപ്പെട്ടത്: (മത്താ, 4:1; മർക്കൊ, 1:12; ലൂക്കൊ, 4:1). ➟നിങ്ങളുടെ ഒരു ദൈവം മറ്റൊരു ദൈവത്തെ പരീക്ഷയ്ക്ക് ഏല്പിച്ചുകൊടുക്കുന്ന ദയനീയ സന്ദർഭമാണിത്. ➟അനന്തരം, യേശുവിനെ നാല്പതുദിവസം സാത്താൻ പരീക്ഷിച്ചു: (ലൂക്കൊ, 4:1 ⁃⁃ മത്താ, 4:2; മർക്കൊ, 1:13). ➟ഇയ്യോബ് എന്ന മനുഷ്യനെ പരീക്ഷിക്കാൻ ദൈവത്തിൻ്റെ അനുവാദത്തിനായി പഞ്ചപുച്ഛമടക്കി കാത്തുനിന്ന സാത്താൻ, യേശു ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ ആയിരുന്നെങ്കിൽ, അവനെ പരീക്ഷിക്കുമായിരുന്നോ; അതും നാല്പതുദിവസം? ➟ട്രിനിറ്റിയും വൺനെസ്സും വിശ്വസിക്കുന്ന ഉപദേശത്തിനു് ബൈബിളിൽ യാതൊരടിസ്ഥാനവും ഉള്ളതല്ല. ➤[കാണുക: ക്രിസ്തുവും സാത്താനും]
☛ അന്ത്യകാലത്ത് വെളിപ്പെട്ടവൻ:
➤ ❝അവൻ ലോകസ്ഥാപനത്തിന്നു മുമ്പെ മുന്നറിയപ്പെട്ടവനും അവൻ മുഖാന്തരം ദൈവത്തിൽ വിശ്വസിക്കുന്ന നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്തു വെളിപ്പെട്ടവനും ആകുന്നു.❞ (1പത്രൊ, 1:20).
➦ കന്യകയായ മറിയ പ്രസവിക്കുന്നതുവരെ, യേശുവെന്ന ❝വ്യക്തി❞ ഇല്ലായിരുന്നു. യോർദ്ദാനിലെ അഭിഷേകത്തിനു മുമ്പെ, യേശുവെന്ന ❝ക്രിസ്തു❞ ഇല്ലായിരുന്നു. അഭിഷേകാനന്തരം, ഗബ്രീയേൽ ദൂതൻ്റെ രണ്ട് പ്രവചനങ്ങളുടെ നിവൃത്തിപോലെ, ❝ഇവൻ എൻ്റെ പ്രിയപുത്രൻ❞ എന്നു പിതാവ് അരുളിച്ചെയ്യുന്നതുവരെ, യേശുവെന്ന ❝ദൈവപുത്രനും❞ ഇല്ലായിരുന്നു. ➟യേശുവെന്ന മനുഷ്യൻ ജനിച്ചത്, എ.എം. 𝟑𝟕𝟓𝟓-ൽ (ബി.സി. 6) ബേത്ത്ലേഹെമിലാണ്: (ലൂക്കൊ, 2:1-7). ➟എന്നാൽ യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനങ്ങൾപോലെ, യേശുവെന്ന ക്രിസ്തുവും ദൈവപുത്രനും ജനിച്ചത്, എ.എം. 𝟑𝟕𝟖𝟗-ൽ (എ.ഡി. 29) യോർദ്ദാനിൽ വെച്ചാണ്: (യെശ, 61:1; ലൂക്കൊ, 1:32; 1:35; 2:11; 3:22; പ്രവൃ, 10:38). ➟പഴയനിയമത്തിൽ ദൈവപുത്രനായ യേശുക്രിസ്തു ഇല്ല; അവനെക്കുറിച്ചുള്ള പ്രവചനങ്ങളാണ് ഉണ്ടായിരുന്നത്. (ഉല്പ, 3:15; ആവ, 18:15; 18:18-19; സങ്കീ, 40:6; യെശ, 7:14; 52:13-15; 53:1-12; 61:1-2). ➟അതുകൊണ്ടാണ്, ❝അവൻ ലോകസ്ഥാപനത്തിന്നു മുമ്പെ മുന്നറിയപ്പെട്ടവനും അവൻ മുഖാന്തരം ദൈവത്തിൽ വിശ്വസിക്കുന്ന നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്തു വെളിപ്പെട്ടവനും ആകുന്നു❞ എന്ന് പത്രൊസ് അപ്പൊസ്തലൻ പറഞ്ഞത്: (1പത്രൊ, 1:20). ➟വാക്യം ശ്രദ്ധിക്കുക: ➤❝ലോകസ്ഥാപനത്തിനുമുമ്പെ ക്രിസ്തു ഉണ്ടായിരുന്നു❞ എന്നല്ല; മൂന്നറിയപ്പെട്ടവൻ അഥവാ, പ്രവചനങ്ങളിലൂടെ മുമ്പേകൂട്ടി അറിയപ്പെട്ടവനും അന്ത്യകാലത്തുമാത്രം ലോകത്തിൽ വെളിപ്പെട്ടവനുമാണ്. ➟നമ്മുടെ കർത്താവിൻ്റെ ❝യേശു❞ എന്ന പേർപോലും അവൻ ജനിക്കുന്നതിനും ഒൻപത് മാസവും ഒൻപത് ദിവസവും മുമ്പുമാത്രം വെളിപ്പെടുത്തപ്പെട്ടതാണ്. ➟അനാദിയായും ശാശ്വതമായും ഉള്ളവനും എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനുമാണ് ബൈബിൾ വെളിപ്പെടുത്തുന്ന ദൈവം: (സങ്കീ, 90:2; യെശ, 57:15; വെളി, 4:10). ➟പുതിയനിയമത്തിൽ മാത്രം വെളിപ്പെട്ടവൻ എങ്ങനെ ദൈവമാകും? ➤[കാണുക: ദൈവപുത്രനായ ക്രിസ്തു പഴയനിയമത്തിൽ ഉണ്ടായിരുന്നോ?, അന്ത്യകാലത്ത് വെളിപ്പെട്ടവൻ]
☛ യേശുവിൻ്റെ ശുശ്രൂഷ:
➤ ❝യേശു ആത്മാവിന്റെ ശക്തിയോടെ ഗലീലെക്കു മടങ്ങിച്ചെന്നു; അവന്റെ ശ്രുതി ചുറ്റുമുള്ള നാട്ടിൽ ഒക്കെയും പരന്നു. അവൻ അവരുടെ പള്ളികളിൽ ഉപദേശിച്ചു; എല്ലാവരും അവനെ പ്രശംസിച്ചു.❞ (ലൂക്കൊ, 4:14-15)
➦ യേശുവെന്ന ദൈവത്തിൻ്റെ ❝ക്രിസ്തു❞ (അഭിഷിക്തൻ) യോർദ്ദാനിലെ അഭിഷേകത്താൽ ലഭിച്ച ആത്മാവിൻ്റെ ശക്തിയോടെയാണ് തൻ്റെ ശുശ്രൂഷ ആരംഭിച്ചത്. ➟അവൻ ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ ആയിരുന്നെങ്കിൽ ശുശ്രൂഷിക്കാൻ ആത്മാവിൻ്റെ ശക്തി അവനു് വേണമായിരുന്നോ? ➟അതിൽ രസകരമായ കാര്യം എന്താണെന്ന് ചോദിച്ചാൽ: ➤ട്രിനിറ്റിയുടെ രണ്ടാമത്തെ ദൈവം (ത്രിത്വത്തിൽ രണ്ടാമൻ) മൂന്നാമത്തെ ദൈവത്തിൻ്റെ ശക്തിയോടെയാണ് ശുശ്രൂഷ ആരംഭിച്ചത്. ➟വേറൊരൊത്മാവിനാൽ അല്ലാതെ ഇതൊക്കെ വിശ്വസിക്കാൻ ആർക്കുകഴിയും? ➟അവൻ ദൈവാത്മാവിനാൽ അഥവാ, ദൈവത്താലാണ് അത്ഭുതങ്ങളെ പ്രവർത്തിച്ചത്: (മത്താ, 12:28; ലൂക്കൊ, 5:17; യോഹ, 3:2; പ്രവൃ, 2:22; പ്രവൃ, 10:38). ➟ദൈവത്താലാണ് പാപമോചനം നല്കിയത്: (ലൂക്കൊ, 5:21 ⁃⁃ മത്താ, 9:8). ➤[കാണുക: ക്രിസ്തുവും അത്ഭുതങ്ങളും, ക്രിസ്തു നല്കിയ പാപമോചനം].
☛ യേശുവിൻ്റെ ശുശ്രൂഷയുടെ പരിസമാപനം:
➤ ❝നാം പാപം സംബന്ധിച്ചു മരിച്ചു നീതിക്കു ജീവിക്കേണ്ടതിന്നു അവൻ തന്റെ ശരീരത്തിൽ നമ്മുടെ പാപങ്ങളെ ചുമന്നുകൊണ്ടു ക്രൂശിന്മേൽ കയറി; അവന്റെ അടിപ്പിണരാൽ നിങ്ങൾക്കു സൌഖ്യം വന്നിരിക്കുന്നു.❞ (1പത്രൊ, 2:24). ➤❝എങ്കിലും ദൈവകൃപയാൽ എല്ലാവർക്കും വേണ്ടി മരണം ആസ്വദിപ്പാൻ ദൂതന്മാരിലും അല്പം ഒരു താഴ്ചവന്നവനായ യേശു മരണം അനുഭവിച്ചതുകൊണ്ടു അവനെ മഹത്വവും ബഹുമാനവും അണിഞ്ഞവനായി നാം കാണുന്നു.❞ (എബ്രാ, 2:9)
➦ മൂന്നരവർഷത്തെ മഹത്വകരമായ ശുശ്രൂഷയ്ക്കൊടുവിൽ, ഗെത്ത്ശെമനയിൽവെച്ച് മാനവകുലത്തിൻ്റെ പാപമെല്ലാം വഹിച്ച് പാപമറിയാത്ത ക്രിസ്തു പാപമാക്കപ്പെടുകയും, ❝പാപത്തിൻ്റെ ശമ്പളം മരണം, പാപം ചെയ്ത ദേഹി മരിക്കണം, രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല❞ എന്ന ദൈവനീതി നിവൃത്തിക്കാൻ മരണത്തിനതീതനായിരുന്നവൻ ദൈവത്താൽ മരണത്തിനധീതനായിത്തീർന്നു: (റോമ, 6:23; യെഹെ, 18:4; എബ്രാ, 9:22 ⁃⁃ മത്താ, 26:36-39; 2കൊരി, 5:21). ➟പിറ്റേദിവസം അവൻ നമ്മുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ ചുമന്നുകൊണ്ട് ക്രൂശിൽക്കയറി: (1പത്രൊ, 2:24). ➟അനന്തരം ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന മനുഷ്യനായ ക്രിസ്തുയേശു തൻ്റെ ആത്മാവിനെ പിതാവിൻ്റെ കരങ്ങളിൽ ഏല്പിച്ചുകൊടുത്തു: (ലൂക്കൊ, 23:46; 1തിമൊ, 2:6).
☛ യേശുവിൻ്റെ മരണം:
➤ ❝യേശു പുളിച്ചവീഞ്ഞു കുടിച്ചശേഷം: നിവൃത്തിയായി എന്നു പറഞ്ഞു തല ചായ്ച്ചു ആത്മാവിനെ ഏല്പിച്ചുകൊടുത്തു.❞ (യോഹ, 19:30). ➤❝യേശു ഉറക്കെ നിലവിളിച്ചു പ്രാണനെ വിട്ടു. ഉടനെ മന്ദിരത്തിലെ തിരശ്ശീല മേൽതൊട്ടു അടിയോളവും രണ്ടായി ചീന്തിപ്പോയി. അവന്നു എതിരെ നിന്നിരുന്ന ശതാധിപൻ അവൻ ഇങ്ങനെ പ്രാണനെ വിട്ടതു കണ്ടിട്ടു: ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം എന്നു പറഞ്ഞു.❞ (മർക്കൊ, 15:37-39).
➦ ദൈവപുത്രനായ യേശു നമ്മുടെ രക്ഷയ്ക്ക് ആവശ്യമുള്ളതെല്ലാം ചെയ്തുതീർത്തശേഷം, ❝നിവൃത്തിയായി❞ എന്ന് പറഞ്ഞുകൊണ്ട് ദൈവാത്മാവിനാൽ ദൈവത്തിനു് തന്നെത്താൻ നിഷ്കളങ്കമായി അർപ്പിച്ചുകൊണ്ട് മരണം ആസ്വദിച്ചു: (എബ്രാ, 2:9; ; എബ്രാ, 9:14). ക്രൂശിൽമരിച്ച ദൈവപുത്രൻ മനുഷ്യൻ (𝐌𝐚𝐧) ആണെന്ന് അവൻ്റെ മരണം നേരിൽകണ്ട ശതാധിപൻ സത്യംചെയ്ത് സാക്ഷ്യപ്പെടുത്തിയകാര്യം ദൈവശ്വാസീയമായ വചനത്തിൽ അക്ഷരംപ്രതി ആലേഖനം ചെയ്ത് വെച്ചിട്ടുണ്ട്.➟ ജനിച്ചുജീവിച്ചു നമ്മുടെ പാപത്തിനു് സ്വന്തമരണത്താൽ പ്രയശ്ചിത്തംചെയ്ത യേശു മനുഷ്യനാണെന്നതിനു് അമ്പത് വചനത്തെളിവുകളുണ്ട്. ആ പരിശുദ്ധനായ (പാപരഹിതൻ) മനുഷ്യൻ്റെ അസ്തിത്വവും മനുഷ്യത്വവും ക്രിസ്തുത്വവും പുത്വത്വവും കർത്തൃത്വവും ചരിത്രപരതയും എങ്ങനെ നമുക്കു നിഷേധിക്കാൻ കഴിയും❓ ➤[കാണുക: മനുഷ്യനായ ക്രിസ്തുയേശു]
☛ യേശുവെന്ന മഹാപുരോഹിതൻ:
➤ ❝അതുകൊണ്ടു ജനത്തിന്റെ പാപങ്ങൾക്കു പ്രായശ്ചിത്തം വരുത്തുവാൻ അവൻ കരുണയുള്ളവനും ദൈവകാര്യത്തിൽ വിശ്വസ്തമഹാപുരോഹിതനും ആകേണ്ടതിന്നു സകലത്തിലും തന്റെ സഹോദരന്മാരോടു സദൃശനായിത്തീരുവാൻ ആവശ്യമായിരുന്നു.❞ (എബ്രാ, 2:17)
➦ യോർദ്ദാനിൽവെച്ച് ദൈവത്തിൻ്റെ അഭിഷേകത്താൽ മഹാപുരോഹിതനായ ക്രിസ്തു, ദൈവത്തിനും മനുഷ്യർക്കുമിടയിൽ മദ്ധ്യസ്ഥനായി നിന്നുകൊണ്ട് മറുവിലയായ കുഞ്ഞാടായി തന്നെത്താൻ ദൈവത്തിനു സൗരഭ്യവാസനയായ വഴിപാടും യാഗവുമായി അർപ്പിക്കുകയായിരുന്നു: (എബ്രാ, 4:15; 1തിമൊ, 2:5:6; യോഹ, 1:29; എഫെ, 5:2). ➟മൂന്നാം ദിവസം ദൈവാത്മാവിനാൽ അഥവാ, ദൈവത്താൽ അവൻ ഉയിർപ്പിക്കപ്പെട്ടു: (1പത്രൊ, 3:18; പ്രവൃ, 10:40).
☛ യേശുവിൻ്റെ സ്വർഗ്ഗപ്രവേശനം:
➤ ❝യേശു അവളോടു: എന്നെ തൊടരുതു; ഞാൻ ഇതുവരെ പിതാവിന്റെ അടുക്കൽ കയറിപ്പോയില്ല; എങ്കിലും നീ എന്റെ സഹോദരന്മാരുടെ അടുക്കൽ ചെന്നു: എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു എന്നു അവരോടു പറക എന്നു പറഞ്ഞു.❞ (യോഹ, 20:17). ➤❝ആകയാൽ ദൈവപുത്രനായ യേശു ആകാശത്തിൽകൂടി കടന്നുപോയോരു ശ്രേഷ്ഠമഹാപുരോഹിതനായി നമുക്കു ഉള്ളതുകൊണ്ടു നാം നമ്മുടെ സ്വീകാരം മറുകെപ്പിടിച്ചുകൊൾക.❞ (എബ്രാ, 4:14).
➦ ഉയിർത്തെഴുന്നേറ്റ അന്നുതന്നെ, യേശു തൻ്റെ യാഗമരണത്തിൻ്റെ സാക്ഷ്യവുമായി തൻ്റെ ❝പിതാവും ദൈവവും❞ ആയവൻ്റെ അടുക്കലേക്ക് കരേറിപ്പോയതോടെ യേശുവെന്ന മനുഷ്യൻ്റെ ശുശ്രൂഷ ഒരിക്കലായി പൂർത്തിയായി: (യോഹ, 20:17; എബ്രാ, 9:11-12 ⁃⁃ എബ്രാ, 7:27; 10:10). പിതാവായ ഏകദൈവം യേശുക്രിസ്തുവിൻ്റെയും ദൈവമാണ്: (യോഹ, 20:17 ⁃⁃ യോഹ, 17:3; 1കൊരി, 8:5-6; എഫെ, 4:6). ബന്ധം വ്യത്യസ്തമാണെങ്കിലും യേശുവിൻ്റെയും നമ്മുടെയും പിതാവും ദൈവവും ഒരുവനാണ്: (മർക്കൊ, 12:29 ⁃⁃ യോഹ, 20:17; മത്താ, 27:46; മർക്കൊ, 15:33). [കാണുക: എൻ്റെ ദൈവം, എൻ്റെ പിതാവ്, ക്രിസ്തു ദൈവമാണോ?, പൗലൊസിൻ്റെ ദൈവം, യേശുക്രിസ്തുവിൻ്റെ ദൈവവും പിതാവും]
❺ യേശുവിൻ്റെ കർത്തൃത്വം (𝐋𝐨𝐫𝐝𝐬𝐡𝐢𝐩):
➤❝നാം പാപം സംബന്ധിച്ചു മരിച്ചു നീതിക്കു ജീവിക്കേണ്ടതിന്നു അവൻ തന്റെ ശരീരത്തിൽ നമ്മുടെ പാപങ്ങളെ ചുമന്നുകൊണ്ടു ക്രൂശിന്മേൽ കയറി; അവന്റെ അടിപ്പിണരാൽ നിങ്ങൾക്കു സൌഖ്യം വന്നിരിക്കുന്നു.❞ (പത്രൊ, 1 2:24). ➤❝ദൈവം നിങ്ങൾക്കു കാണിച്ചു തന്ന പുരുഷനായി നസറായനായ യേശുവിനെ ദൈവം തന്റെ സ്ഥിര നിർണ്ണയത്താലും മുന്നറിവിനാലും ഏല്പിച്ചിട്ടു, നിങ്ങൾ അവനെ അധർമ്മികളുടെ കയ്യാൽ തറെപ്പിച്ചു കൊന്നു; ദൈവമോ മരണപാശങ്ങളെ അഴിച്ചിട്ടു അവനെ ഉയിർത്തെഴുന്നേല്പിച്ചു. മരണം അവനെ പിടിച്ചു വെക്കുന്നതു അസാദ്ധ്യമായിരുന്നു.❞ (പ്രവൃ, 2:23-24). ➤❝ആകയാൽ നിങ്ങൾ ക്രൂശിച്ച ഈ യേശുവിനെ തന്നേ ദൈവം കർത്താവും ക്രിസ്തുവുമാക്കിവെച്ചു എന്നു യിസ്രായേൽ ഗൃഹം ഒക്കെയും നിശ്ചയമായി അറിഞ്ഞുകൊള്ളട്ടെ.❞ (പ്രവൃ, 2:36). ➤❝യിസ്രായേലിന്നു മാനസാന്തരവും പാപമോചനവും നല്കുവാൻ ദൈവം അവനെ പ്രഭുവായും രക്ഷിതാവായും തന്റെ വലങ്കയ്യാൽ ഉയർത്തിയിരിക്കുന്നു.❞ (പ്രവൃ, 5:31).
➦ നമ്മുടെ പാങ്ങളെ തൻ്റെ ശരീരത്തിൽ ചുമന്നുകൊണ്ട് അധർമ്മികളുടെ കയ്യാൽ ക്രൂശിൽമരിച്ച പുരുഷനായ (𝐌𝐚𝐧) നസറായനായ യേശുവിനെ, ദൈവം മരണത്തിൽ നിന്നു ഉയിർപ്പിച്ചിട്ടാണ്, മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവും പ്രഭുവുമായി തൻ്റെ വലങ്കയ്യാൽ ഉയർത്തിയത്. ➟അപ്പൊസ്തലന്മാരിൽ പ്രഥമനും പ്രധാനിയുമായ പത്രോസ്, പെന്തെക്കൊസ്തുനാളിൽ ഈ സത്യം വിളിച്ചുപറഞ്ഞപ്പോഴാണ് മൂവായിരം യെഹൂദന്മാരുടെ ഹൃദയത്തിൽ കുത്തുകൊണ്ടതും ദൈവത്താൽ നിയമിതനായ കർത്താവും ക്രിസ്തുവുമായ യേശുവിലൂടെ രക്ഷപ്രാപിച്ചതും: (പ്രവൃ, 2:22-24; പ്രവൃ, 2:36-42). ➟അതുകൊണ്ടാണ്, പിതാവായ ഏകദൈവവും യേശുക്രിസ്തു എന്ന ഏകകർത്താവും നമുക്കുണ്ടെന്ന് പൗലോസ് പറയുന്നത്: (1കൊരി, 8:6 ⁃⁃ യോഹ, 17:3; 1തിമൊ, 2:5-6; 1യോഹ, 5:20). ➟അതിനാലാണ്, ➤❝യേശുവിനെ കർത്താവു എന്നു വായ് കൊണ്ടു ഏറ്റുപറകയും ദൈവം അവനെ മരിച്ചവരിൽനിന്നു ഉയിർത്തെഴുന്നേല്പിച്ചു എന്നു ഹൃദയംകൊണ്ടു വിശ്വസിക്കയും ചെയ്താൽ നീ രക്ഷിക്കപ്പെടും❞ എന്ന് പറഞ്ഞിരിക്കുന്നത്: (റോമ, 10:9). ➟ദൈവകൃപയും ഏകമനുഷ്യനായ യേശുക്രിസ്തുവിൻ്റെ കൃപയാലുള്ള ദാനവുമാണ് മനുഷ്യരുടെ രക്ഷ: (റോമ, 5:15). ➟അതുകൊണ്ടാണ്, ➤❝കർത്താവായ യേശുവിന്റെ കൃപയാൽ രക്ഷപ്രാപിക്കും എന്നു നാം വിശ്വസിക്കുന്നതുപോലെ അവരും (ജാതികളും) വിശ്വസിക്കുന്നു❞ എന്ന് പത്രോസ് പറഞ്ഞത്: (പ്രവൃ, 15:11). ➟അതിനാലാണ്, ദൈവമായ പിതാവിനും പരിശുദ്ധാത്മാവിനുമൊപ്പം ➤❝ഏകമനുഷ്യനായ❞ പുത്രൻ്റെ കൃപയും ആശംസിക്കുന്നത്: (2കൊരി, 13:14). ➟പിതാവിങ്കലേക്കുള്ള വഴിയും സത്യവും ജീവനും ഏകമനുഷ്യനുമായ യേശുക്രിസ്തുവിലൂടെയാണ് ഏകസത്യദൈവത്തെ പുതിയനിയമത്തിൽ വെളിപ്പെടുത്തിയിരിക്കുന്നത്: (യോഹ, 14:6; യോഹ, 1:18). ➟തന്മൂലം, മദ്ധ്യസ്ഥനും മറുവിലയുമായ ഏകമനുഷ്യനെ അറിയാതെ, ഏകസത്യദൈവത്തെ അറിയാൻ ആർക്കും കഴിയില്ല: (യോഹ, 8:19). ➟ഏകസത്യദൈവമായ പിതാവിനെയും (𝐅𝐚𝐭𝐡𝐞𝐫, 𝐭𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝) അവൻ അയച്ച യേശുക്രിസ്തുവിനെയും (ഏകമനുഷ്യൻ) അറിയുന്നതാണ് നിത്യജീവൻ: (യോഹ, 17:3; റോമ, 5:15 ⁃⁃ 1യോഹ, 5:20). ➟ഇതാണ്, സകലമനുഷ്യരും രക്ഷ പ്രാപിപ്പാനും സത്യത്തിൻ്റെ പരിജ്ഞാനത്തിൽ എത്തുവാനും ദൈവം ഇച്ഛിക്കുന്ന വസ്തുത. ➟ഈ വിശ്വാസവും സത്യവും ജാതികളെ അറിയിക്കാനാണ്, ദൈവം പൗലൊസിനെ പ്രസംഗിയും അപ്പൊസ്തലുനുമായി നിയമിച്ചത്: (1തിമൊ, 2:4-7). ➤[കാണുക: പിതാവിൻ്റെ മാർവ്വിടത്തിലുള്ള പുത്രൻ, പുത്രൻ പിതാവിനെ വെളിപ്പെടുത്തിയിരിക്കുന്നു, പിതാവു് ഏകദൈവവും പുത്രൻ ഏകമനുഷ്യനും, ദൈവത്തിൻ്റെ ഇച്ഛ]
❻ യേശുവിൻ്റെ ചരിത്രപരത (𝐇𝐢𝐬𝐭𝐨𝐫𝐢𝐜𝐢𝐭𝐲):
➦ ലോകത്തിൽ ജനിച്ചുജീവിച്ച് തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ചവരെയാണ് ചരിത്രപുരുഷന്മാർ അല്ലെങ്കിൽ, ചരിത്രനായകന്മാർ എന്ന് പറയുന്നത്. ➟അങ്ങനെയെങ്കിൽ, കാലസമ്പൂർണ്ണത വന്നപ്പോൾ സ്ത്രീയിൽനിന്നു ജനിച്ചുജീവിച്ച് സകല മനുഷ്യരുടെയും പാപങ്ങൾ തൻ്റെ ശരീരത്തിൽ വഹിച്ചുകൊണ്ട് ക്രൂശിൽമരിച്ച് പാപഹരനായി ഉയിർത്തെഴുന്നേറ്റ യേശുക്രിസ്തു എന്ന ഏകമനുഷ്യൻ എത്രയധികമായി ചരിത്രപുരുഷനാണ്: (1പത്രൊ, 2:24; പ്രവൃ, 10:43; റോമ, 5:15). ➟യേശു ചരിത്രപുരുഷനാണെന്ന് നാം വിശ്വസിക്കണോ? അതിൻ്റെ ഉത്തരം യോഹന്നാൻ പറയും:
➤ ❝യേശുവിനെ ക്രിസ്തുവല്ല എന്നു നിഷേധിക്കുന്നവൻ അല്ലാതെ കള്ളൻ ആർ ആകുന്നു? പിതാവിനെയും പുത്രനെയും നിഷേധിക്കുന്നവൻതന്നെ എതിർക്രിസ്തു ആകുന്നു.❞ (1യോഹ, 2:22). ➤❝യേശുവിനെ ക്രിസ്തു എന്നു വിശ്വസിക്കുന്നവൻ എല്ലാം ദൈവത്തിൽനിന്നു ജനിച്ചിരിക്കുന്നു.❞ (1യോഹ, 5:1).
➦ ❝ക്രിസ്തു❞ എന്ന ഗ്രീക്കുപദത്തിനും ❝മശീഹാ❞ എന്ന എബ്രായ പദത്തിനും അഭിഷിക്തൻ (ദൈവത്താൽ അഭിഷേകം പ്രാപിച്ചവൻ) എന്നാണർത്ഥം. ➟❝ദൈവം തൻ്റെ ശുശ്രൂഷകൾക്കായി മനുഷ്യരെ തൻ്റെ ആത്മാവിനാൽ ബലപ്പെടുത്തുന്ന ശുശ്രൂഷയാണ് അഭിഷേകം.❞ ➟പ്രവചനംപോലെ, യേശുവും ആ വിധത്തിൽ ദൈവത്താൽ അഭിഷേകം പ്രാപിച്ച് ക്രിസ്തു (അഭിഷിക്തൻ) ആയവനും (യെശ, 61:1; 3:22; പ്രവൃ, 10:38 – പ്രവൃ, 4:27), ആത്മാവിൽ നിറഞ്ഞവനും (ലൂക്കൊ, 4:1), ആത്മാവിൻ്റെ ശക്തിയോടെ തൻ്റെ ശുശ്രൂഷ ചെയ്തവനുമാണ്: (ലൂക്കൊ, 4:14-15). ➟ദൈവം അഭിഷിക്തൻ (ക്രിസ്തു) അല്ല; അഭിഷേകദാതാവാണ്: (പ്രവൃ, 10:38). ➟ദൈവം ദൈവത്തെയല്ല ക്രിസ്തു (അഭിഷിക്തൻ) ആക്കുന്നത്; മനുഷ്യനെയാണ്. ➟ദൈവം തൻ്റെ ആത്മാവിനാൽ അഭിഷേകം ചെയ്ത അല്ലെങ്കിൽ, ക്രിസ്തു ആക്കിയ പാപരഹിതനായ മനുഷ്യനാണ് യേശു: (യോഹ, 8:40; 1യോഹ, 3:5). ➟യേശു ദൈവത്താൽ അഭിഷിക്തനായ മനുഷ്യനാണെന്ന് (ക്രിസ്തു) വിശ്വസിക്കുന്നവരാണ് ദൈവത്തിൽനിന്ന് ജനിച്ചവർ. ➟യേശുവിനെ ക്രിസ്തു എന്ന് വിശ്വസിക്കാത്തവർ കള്ളനും എതിർക്രിസ്തുവും ആണെന്നാണ് യോഹന്നാൻ പറയുന്നത്.
☛ എ.എം. 𝟑𝟕𝟓𝟓-മുതൽ എ.എം 𝟑𝟕𝟗𝟑-വരെയുള്ള മുപ്പത്തെട്ടുവർഷം ഈ ഭൂതലത്തിൽ ജീവിച്ചിരുന്ന ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ് യേശു: (റോമ, 5:15). ➟അവൻ്റെ ജനനം എ.എം. 𝟑𝟕𝟓𝟓-ലും (ബി.സി. 6) ക്രിസ്തുവും ദൈവപുത്രനും ആയത് എ.എം. 𝟑𝟕𝟖𝟗-ലും (എ.ഡി. 29) മരണം എ.എം 𝟑𝟕𝟗𝟑 (എ.ഡി. 33) വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്നു മണിക്കും ഉയിർപ്പ് ഞായറാഴ്ച രാവിലെയായിരുന്നു.
➤ ❝ദൈവകൃപയും ഏകമനുഷ്യനായ യേശുക്രിസ്തുവിന്റെ കൃപയാലുള്ള ദാനവും അനേകർക്കു വേണ്ടി ഏറ്റവും അധികം കവിഞ്ഞിരിക്കുന്നു.❞ (റോമ, 5:15). ➤❝ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു.❞ (യോഹ, 8:40). ➤❝യേശു എന്നു പേരുള്ള മനുഷ്യൻ ചേറുണ്ടാക്കി എന്റെ കണ്ണിന്മേൽ പൂശി:❞ (യോഹ, 9:11). ➤❝ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം❞ (മർക്കൊ, 15:39). ➤❝പുരുഷനായ (𝐌𝐚𝐧) നസറായനായ യേശു❞ (പ്രവൃ, 2:23), ➤❝രണ്ടാം മനുഷ്യൻ❞ (1കൊരി, 15:47), ➤❝മനുഷ്യനായ ക്രിസ്തുയേശു❞ (1തിമൊ, 2:6) എന്നിവയും നോക്കുക.
➦ ചരിത്രത്തിനതീതനായ ദൈവത്തെയും ചരിത്രത്തിനധീനനായ ക്രിസ്തുവിനെയും അനേകർക്കും വേർതിരിച്ചറിയില്ല. ➟ബൈബിൾ വെളിപ്പെടുത്തുന്ന ദൈവത്തിനു് ചരിത്രമില്ല; അവൻ ചരിത്രത്തിനു് അതീതനാണ്. ➟എന്നാൽ ദൈവപുത്രനായ ക്രിസ്തു ചരിത്രപുരുഷനാണ്. ➟പുതിയനിയമത്തിലെ ആദ്യത്തെ നാലു പുസ്തകങ്ങൾ യേശുവെന്ന പാപരഹിതനായ മനുഷ്യൻ്റെ ചരിത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ➟പുതിയനിയമത്തിൻ്റെ ആമുഖവാക്യംതന്നെ ആ വസ്തുത അസന്ദിഗ്ധമായി വ്യക്തമാക്കിയിട്ടുണ്ട്: ➤❝അബ്രാഹാമിന്റെ പുത്രനായ ദാവീദിന്റെ പുത്രനായ യേശുക്രിസ്തുവിന്റെ വംശാവലി:❞ (മത്താ, 1:1). ➟ദൈവത്തിൻ്റെ സ്നേഹിതനെന്ന് പേർപെട്ടവനും പൂർവ്വപിതാവുമായ അബ്രാഹാമെന്ന മനുഷ്യൻ്റെയും ദൈവത്തിൻ്റെ ഹൃദയപ്രകാരമുള്ള പുരുഷനായ ദാവീദെന്ന മനുഷ്യൻ്റെയും വംശാവലിയിൽ ജനിച്ച യേശുവെന്ന പാപരഹിതനായ മനുഷ്യൻ്റെ ചരിത്രമാണ് സുവിശേഷങ്ങളിൽ കാണുന്നത്. ➟ബൈബിൾ വെളിപ്പെടുത്തുന്ന പിതാവായ യഹോവ ❝മനുഷ്യനല്ല ദൈവം അത്രേ.❞ (ഹോശേ, 11:9 – ഇയ്യോ, 9:32). ➟താൻ നിത്യനും മരണമില്ലാത്തവനും മാറ്റമില്ലാത്തവനും ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവനും തന്നെത്താൻ ത്യജിക്കാൻ കഴിയാത്തവനും ആകയാൽ; തനിക്ക് മനഷ്യനായി അവസ്ഥാഭേദം വരുവാനോ (അവതാരം), മനുഷ്യരുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ വഹിക്കാനോ, രക്തംചിന്തി മരിക്കാനോ കഴിയില്ല. (യെശ, 40:28; 1തിമൊ, 6:16; മലാ, 3:6; യാക്കോ, 1:17; 2തിമൊ, 2:13). ➟എന്നാൽ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ യേശു (1തിമൊ, 3:15-16), ജഡരക്തങ്ങളോടുകൂടിയവൻ ആകയാൽ (എബ്രാ, 2:14), അവനാണ് തൻ്റെ ശരീരത്തിൽ നമ്മുടെ പാപങ്ങളെ ചുമന്നുകൊണ്ട് രക്തംചിന്തി മരിച്ചത്. (1പത്രൊ, 1:19; 2:24; റോമ, 8:34). ➟ദൈവമാണ് അവനെ മൂന്നാം ദിവസം മരണത്തിൽനിന്ന് ഉയിർത്തെഴുന്നേല്പിച്ചത്. (പ്രവൃ, 10:40; റോമ, 10:9). ➟സത്യേകദൈവത്തിനു് വംശാവലിയോ, ജനനമോ, ശൈശവമോ, ബാല്യമോ, കൗമാരമോ, യവ്വനമോ, മരണമോ, അമ്മയോ, സഹോദരങ്ങളോ, വളർത്തച്ഛനോ, പിതാവോ, ദൈവമോ ഇല്ല. ➟എന്നാൽ ദൈവപുത്രനായ ക്രിസ്തുവിന് ഇതെല്ലാമുണ്ട്. ജനിച്ചുജീവിച്ച് ക്രൂശിൽമരിച്ചുയിർത്ത് ആർക്കും ഭേദിക്കാൻ കഴിയാത്ത ചരിത്രം ചമച്ചവനാണ് ദൈവപുത്രനായ യേശു. ➟എന്നാൽ ദൈവം വംശാവലിയോ, ജനനമോ, മരണമോ ഇല്ലാത്തവനാണ്. ➟അതുകൊണ്ടാണ്, ദൈവം ചരിത്രപുരുഷൻ അല്ലാത്തതും, ദൈവപുത്രനായ ക്രിസ്തു ചരിത്രപുരുഷൻ ആകുന്നതും. ➟ട്രിനിറ്റി കരുതുന്നപോലെ, ക്രിസ്തു ദൈവത്തിൻ്റെ നിത്യപുത്രനായ ദൈവമാണെങ്കിൽ, അവനു് നമ്മുടെ പാപങ്ങളെ വഹിച്ചുകൊണ്ട് മരിക്കാൻ കഴിയുമായിരുന്നില്ല. ➟മരണമില്ലാത്ത ദൈവമെങ്ങനെ മരിക്കും? ➟ദൈവമല്ല മരിച്ചത്; ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന ക്രിസ്തുയേശു എന്ന മനുഷ്യനാണ് മരിച്ചത്. (1തിമൊ, 2:6; എബ്രാ, 2:9). ➟അവനെ മരണത്തിൽനിന്ന് ഉയിർപ്പിച്ച് മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവുമായി തൻ്റെ വലങ്കയ്യാൽ ഉയർത്തിയവനാണ് ദൈവം: (പ്രവൃ, 2:23-24; 2:36; 5:31). ➟ദൈവം മരിച്ചുവെന്ന് വിശ്വസിക്കുന്നത് രക്ഷയല്ല; ശിക്ഷയാണ്. (റോമ, 10:9). [കാണുക: ക്രിസ്തുവിൻ്റെ ജനനവർഷം]
❼ മനുഷ്യനും ദൈവവും (𝐌𝐚𝐧 𝐚𝐧𝐝 𝐆𝐨𝐝):
➤ ❝യേശു അവളോടു: എന്നെ തൊടരുതു; ഞാൻ ഇതുവരെ പിതാവിന്റെ അടുക്കൽ കയറിപ്പോയില്ല; എങ്കിലും നീ എന്റെ സഹോദരന്മാരുടെ അടുക്കൽ ചെന്നു: എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു എന്നു അവരോടു പറക എന്നു പറഞ്ഞു.❞ (യോഹ, 20:17).
➦ ഉയിർത്തെഴുന്നേറ്റ അന്നുതന്നെ, തൻ്റെ യാഗമരണത്തിൻ്റെ സാക്ഷ്യവുമായി തൻ്റെ ❝പിതാവും ദൈവവും❞ ആയവൻ്റെ അടുക്കലേക്ക് (തിരുനിവാസം) കരേറിപ്പോയതോടെ യേശുവെന്ന മനുഷ്യൻ്റെ ശുശ്രൂഷ ഒരിക്കലായി പൂർത്തിയായി: (യോഹ, 20:17; എബ്രാ, 9:11-12 → എബ്രാ, 7:27; എബ്രാ, 10:10). ➟പിന്നീടു് സ്വർഗ്ഗത്തിൽനിന്ന് പ്രത്യക്ഷനായത് ദൈവപുത്രനായ മനുഷ്യനല്ല; ദൈവമാണ്. അവനെയാണ്, ❝എൻ്റെ കർത്താവും എൻ്റെ ദൈവവും ആയുള്ളോവേ❞ എന്ന് തോമാസ് ഏറ്റുപറഞ്ഞത്. (യോഹ, 20:28). ➤❝ദൈവം❞ എന്ന് ബൈബിൾ പലരെയും വിശേഷിപ്പിച്ചിട്ടുണ്ട്. ➟എന്നാൽ ഒരു യെഹൂദൻ യഹോവയായ ഏകദൈവത്തെയല്ലാതെ ❝എൻ്റെ ദൈവം❞ (𝐌𝐲 𝐆𝐨𝐝) അഥവാ, “ഹോ തെയോസ് മൂ” (ὁ θεός μου – Ho Theós Mou) എന്ന് മറ്റാരെയും സംബോധന ചെയ്യില്ല. ➤❝എൻ്റെ ദൈവം❞ (My God) എന്ന പ്രയോഗം പഴയനിയമത്തിൽ നൂറിലധികം പ്രാവശ്യം കാണാൻ കഴിയും. ➟ഉദാ: (ആവ, 4:5; 18:16; 26:14; യോശു, 14:8; 2ശമൂ, 24:24; 1രാജാ, 3:7). ➟പുതിയനിയമത്തിൽ തോമാസ് പറയുന്നതൊഴികെ, പതിനാറ് പ്രാവശ്യം കാണാൻ കഴിയും. ➟ദൈവപുത്രനായ ക്രിസ്തുവും (മത്താ, 27:46; മർക്കൊ, 15:33; യോഹ, 20:17) പൗലൊസും റോമ, 1:8; 1കൊരി, 1:4; ഫിലി, 1:6) മനുഷ്യപുത്രനോട് സദൃശനും (വെളി, 3:2; വെളി, 3:12) പിതാവിനെ ❝എൻ്റെ ദൈവം❞ എന്നു സംബോധന ചെയ്തിട്ടുണ്ട്. ➟ആരെയാണോ, പഴയനിയഭക്തന്മാരും മനുഷ്യനായ ക്രിസ്തുയേശുവും പൗലൊസും മനുഷ്യപുത്രനോട് സദൃശനായവനും ❝എൻ്റെ ദൈവം❞ എന്ന് സംബോധന ചെയ്തത്, ➟അവനെത്തന്നെയാണ് യെഹൂദനും വിശേഷാൽ അപ്പൊസ്തലനുമായ തോമാസും, എൻ്റെ ദൈവം (𝐌𝐲 𝐆𝐨𝐝) എന്നേറ്റുപറഞ്ഞത്. ➟യെഹൂദനു് രണ്ടു ദൈവമില്ല; ഒരേയൊരു ദൈവമേയുള്ളു. ➤[കാണുക: എന്റെ കർത്താവും എന്റെ ദൈവവും ആയുള്ളോവേ!, ക്രിസ്തു ദൈവമാണോ?, എൻ്റെ ദൈവം, എൻ്റെ പിതാവ്, പൗലൊസിൻ്റെ ദൈവം, യേശുക്രിസ്തുവിൻ്റെ ദൈവവും പിതാവും, പിതാവു് ഏകദൈവവും പുത്രൻ ഏകമനുഷ്യനും]
☛ ഉപസംഹാരം:
➦ ദൈവപുത്രനായ യേശു ദൈവമാണെന്ന് വിചാരിക്കുന്നവരോടു: ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ മനുഷ്യനായ ക്രിസ്തുയേശു തൻ്റെ ജനനംമുതൽ മരണംവരെയുള്ള സമയത്ത് ദൈവമെന്ന നിലയിൽ സ്വയമായി ചെയ്ത ഒരുകാര്യംപോലും നിങ്ങൾക്ക് ബൈബിളിൽ കാണാൻ കഴിയില്ല, (1തിമൊ, 3:15-16; 1തിമൊ, 2:6). ❝എനിക്കു സ്വതേ ഒന്നും ചെയ്‍വാൻ കഴിയുന്നതല്ല❞ എന്നാണ് ദൈവപുത്രനായ യേശു പറഞ്ഞത്: (യോഹ, 5:30). അതിനുമുകളിൽ ഒരു അപ്പീൽ (𝐀𝐩𝐩𝐞𝐚𝐥) ഉണ്ടോ?
➤ ❝ക്രിസ്തുവും നിങ്ങളെ സ്നേഹിച്ചു നമുക്കു വേണ്ടി തന്നെത്താൻ ദൈവത്തിന്നു സൌരഭ്യവാസനയായ വഴിപാടും യാഗവുമായി അർപ്പിച്ചതു പോലെ സ്നേഹത്തിൽ നടപ്പിൻ.❞ (എഫെ, 5:2).
➦ ക്രിസ്തു തന്നെത്താൻ ദൈവത്തിനർപ്പിച്ചു എന്ന് ആവർത്തിച്ചു കാണാം: (എഫെ, 5:27; 1തിമൊ, 2:6; തിത്തൊ, 2:14; എബ്രാ, 7:27). ➟എന്നാൽ ദൂതന്മാരിലും അല്പമൊരു താഴ്ചവന്ന മനുഷ്യനുമായ ക്രിസ്തുയേശു, ദൈവത്തിനും മനുഷ്യർക്കുമിടയിൽ മഹാപുരോഹിതനായ മദ്ധ്യസ്ഥനായി നിന്നുകൊണ്ട്, ദൈവകുഞ്ഞാടായ തന്നെത്തന്നെ സൗരഭ്യവാസനയായ വഴിപാടും യാഗവും മറുവിലയുമായി ദൈവത്തിനു് അർപ്പിച്ചത് സ്വയമായിട്ടല്ല; നിത്യാത്മാവിനാലാണ്: (എഫെ, 5:2; 1തിമൊ, 2:5-6; എബ്രാ, 2:9 ⁃⁃ എബ്രാ, 9:14). ➟അതും അവൻ ജഡരക്തങ്ങളോടുകൂടിയ മനുഷ്യനായതുകൊണ്ട് സാധിച്ചതാണ്: (എബ്രാ, 2:14; യോഹ, 8:40). ➟പ്രത്യുത, അവൻ അമർത്യനായ ദൈവമായിരുന്നെങ്കിൽ അതും സാധിക്കില്ലായിരുന്നു: (1തിമൊ, 6:26). ➟യേശുക്രിസ്തു പിതാവായ ദൈവത്താൽ അവൻ്റെ നാമത്തിലാണ് ഒന്നൊഴിയാതെ എല്ലാക്കാര്യങ്ങളും ചെയ്തത്: (മത്താ, 12:28; ലൂക്കൊ, 5:17; യോഹ, 3:2; പ്രവൃ, 2:22; പ്രവൃ, 10:38 ⁃⁃ യോഹ, 10:25). ➟തന്നെയുമല്ല, യേശുവിൻ്റെ മുഴുജീവിതവും പരിശുദ്ധാത്മാവിൽ ആയിരുന്നു. ➤[കാണുക: പരിശുദ്ധാത്മാവിലുള്ള യേശുവിൻ്റെ ജീവചരിത്രം].
➦ ദൈവപുത്രനായ യേശുക്രിസ്തു പഠിപ്പിച്ച (മർക്കൊ, 12:29; യോഹ, 5:44; 17:3) യേശുവിൻ്റെ പിതാവും ദൈവവുമായ യഹോവയാണ് ആദിമ ക്രൈസ്തവരുടെ ഏകദൈവം: (യോഹ, 20:17 ⁃⁃ യോഹ, 17:3; 1കൊരി, 8:5-6; എഫെ, 4:6). ➟സഭ സ്ഥാപിതമായി എട്ടു വർഷത്തിനുശേഷം ജാതികൾ സഭയുടെ ഭാഗമാകാൻ തുടങ്ങി: (പ്രവൃ, 10:1-48; 11:1-18). ➟ആദ്യകാലത്ത് അവരുടെ ദൈവവും ഏകദൈവമായ യഹോവയായിരുന്നു. ➟എന്നാൽ 𝟐𝟗𝟐 വർഷം കഴിഞ്ഞപ്പോൾ, ജാതികൾ അവരുടെ ബഹുദൈവസ്വഭാവം പുറത്തെടുത്തു. ➟എ,ഡി. 𝟑𝟐𝟓-ൽ നിഖ്യായിൽക്കൂടിയ സുനഹദോസ് ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനായി കന്യകയിൽ ഉല്പാദിതമായ മനുഷ്യനായ ക്രിസ്തുയേശുവിനെ, ❝സത്യദൈവത്തിൽനിന്ന് ജനിപ്പിച്ച് സത്യദൈവം❞ ആക്കി: (1തിമൊ, 3:15-16; മത്താ, 1:20). ➟എ.ഡി. 𝟑𝟖𝟏-ലെ കോൺസ്റ്റാൻ്റാനോപ്പിൾ സുനഹദോസും 𝟏𝟒𝟑𝟏-𝟏𝟒𝟒𝟓-ലെ ഫ്ലോറൻസ് സുനഹദോസും ചേർന്ന് പരിശുദ്ധാത്മാവിനെ ജനിപ്പിച്ച സത്യദൈവത്തിൽനിന്നും ജനിച്ച സത്യദൈവത്തിൽനിന്നും പുറപ്പെടുന്ന മറ്റൊരു സത്യദൈവമാക്കി. ➟എ.ഡി. 𝟑𝟐𝟓-മുതൽ 𝟏𝟒𝟒𝟓-വരെയുള്ള 𝟏𝟏𝟐𝟎 വർഷം കത്തോലിക്കസഭ തച്ചിനിരുന്ന് ഉണ്ടാക്കിയ ബൈബിൾവിരുദ്ധ ഉപദേശമാണ് ത്രിത്വം.
☛ ക്രിസ്തു ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാകയാൽ, പൂർവ്വാസ്തിത്വത്തിലും (𝐏𝐫𝐞-𝐞𝐱𝐢𝐬𝐭𝐞𝐧𝐜𝐞) സുവിശേഷ ചരിത്രകാലം ഒഴികെയുള്ള നിത്യമായ അസ്തിത്വത്തിലും (𝐄𝐭𝐞𝐫𝐧𝐚𝐥 𝐞𝐱𝐢𝐬𝐭𝐞𝐧𝐜𝐞) പിതാവും പുത്രനും ഒന്നുതന്നെയാണ്: (യെശ, 40:3; ലൂക്കൊ, 1:16-17; 1:68; 1:76-77; യോഹ, 1:30 ⁃⁃ യോഹ, 10:30; 14:9). ➟അതാണ്, പിതാവും ക്രിസ്തുവുമെന്ന ദൈവമർമ്മവും ദൈവഭക്തിയുടെ മർമ്മവും. (കൊലൊ, 2:2; 1തിമൊ, 3:16). ➤[കാണുക: ക്രിസ്തുവിൻ്റെ അസ്തിത്വവും പൂർവ്വാസ്തിത്വവും, ക്രിസ്തുവിനെ അറിയുക, ക്രിസ്ത്യാനിയാകുക, ഞാനും പിതാവും ഒന്നാകുന്നു, പിതാവും പുത്രനും ഒന്നാകുന്നു]
══✿══╡••✦🙏✦••╞══✿══
4 thoughts on “യേശുവിൻ്റെ സംക്ഷിപ്ത ചരിത്രം”