നൂറ്റിപ്പത്താം സങ്കീർത്തനം

Psalms 110:1

ദൈവമക്കൾ ഇത്രയധികം തെറ്റിദ്ധരിച്ചിരിക്കുന്ന അല്ലെങ്കിൽ, തെറ്റിദ്ധരിപ്പിക്കപ്പെട്ട ഒരു സങ്കീർത്തനം വേറെയില്ല. ഏകദൈവത്തെ ത്രിത്വമാക്കാൻ പണ്ഡിതന്മാർ ഈ സങ്കീർത്തനം തെറ്റായി വ്യാഖ്യാനിക്കുകവഴി, യേശുക്രിസ്തു ദൈവത്തിൻ്റെ വലത്തുഭാഗത്തിരിക്കുന്ന മറ്റൊരു ദൈവവ്യക്തിയാണെന്ന് അനേകർ വിശ്വസിക്കുന്നു. അതിനോടുള്ള ബന്ധത്തിൽ ചില കാര്യങ്ങൾ വ്യക്തമാക്കിയശേഷം സങ്കീർത്തനത്തിൻ്റെ വ്യാഖ്യാനത്തിലേക്ക് നമുക്കുവരാം: 1. ദാവീദ്, “എൻ്റെ കർത്താവു” എന്ന് സംബോധന ചെയ്യുന്നത് ദൈവത്തെയല്ല. 2. ദൈവത്തിൻ്റെ വലത്തുഭാഗത്തു മറ്റൊരു ദൈവമോ, വ്യക്തിയോ ഇല്ല. 3. വലത്തുഭാഗത്തിരിക്കുക എന്നത് ദൈവം തൻ്റെ ക്രിസ്തുവിന് കൊടുത്ത പദവിയാണ്; എന്നാൽ ആ ക്രിസ്തു യേശുക്രിസ്തുവല്ല. 4. ദൈവം ഒരുത്തൻ മാത്രമാണ്. 5. സങ്കീർത്തനക്കാരനായ ദാവീദിൻ്റെ സാക്ഷ്യം.

1. എൻ്റെ കർത്താവ്: ഈ സങ്കീർത്തനത്തിൽ, “എൻ്റെ കർത്താവു” (My Lord) എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന എബ്രായപദം “ല-അദോനീ/ലാദോനീ” (לַאדֹנִי – La-Adoni) ആണ്. ഈ പദം ദൈവത്തെ കുറിക്കുന്നതല്ല; മനുഷ്യരെ കുറിക്കുന്നത്: (കാണുക: ഉല്പ, 24:36; ഉല്പ, 24:54; ഉല്പ, 32:4; 1ശമൂ, 24:6; സങ്കീ, 110:1). ഒരിക്കൽപ്പോലും ഈ പദം ദൈവത്തെ കുറിക്കാൻ ഉപയോഗിച്ചിട്ടുമില്ല. “പ്രഭു, യജമാനൻ, എൻ്റെ യജമാനൻ” (My Master) എന്ന അർത്ഥത്തിൽ മനുഷ്യരെ കുറിക്കാൻ ഉപയോഗിച്ചിരിക്കുന്ന മറ്റൊരു പദം “അദോനീ” (אֲדֹנַי – adoni) ആണ്. (കാണുക: ഉല്പ, 23:6; ഉല്പ, 24:12; ഉല്പ, 24:18). ഈ പദവും ദൈവത്തെ കുറിക്കാൻ ഉപയോഗിച്ചിട്ടില്ല. എന്നാൽ “കർത്താവു, എൻ്റെ കർത്താവു” (My Lord) എന്ന അർത്ഥത്തിൽ ദൈവത്തെ കുറിക്കാൻ ഉപയോഗിച്ചിരിക്കുന്നത് “അദോനായ്” (אֲדֹנָי – adonai) എന്ന പദമാണ്. (കാണുക: ഉല്പ, 15:2; ഉല്പ, 15:8സങ്കീ, 16:2). “കർത്താവു” എന്ന അർത്ഥത്തിൽ ദൈവത്തിനു് ഉപയോഗിച്ചിരിക്കുന്ന മറ്റൊരു പദം “ല+അദോനായ്/ലാദോനായ്” (לַאדֹנָי – La-Adonai) ആണ്: (കാണുക: യെശ, 22:15; യെശ, 28:2; യിരെ, 46:10; യിരെ, 50:25). ഈ പദവും ഭൗമികരെ കുറിക്കാൻ ഒരിക്കൽപ്പോലും ഉപയോഗിച്ചിട്ടില്ല. “ലാദോനീ, അദോനീ” എന്നീ പദങ്ങള്ളെ സത്യവേദപുസ്തകത്തിൽ “യജമാനൻ, അധിപതി, ഉടമസ്ഥൻ, തിരുമനസ്സ്, തിരുമേനി, തമ്പുരാൻ, പ്രഭു, ഭർത്താവ്, കർത്താവു” എന്നിങ്ങനെയാണ് പരിഭാഷ ചെയ്തിരിക്കുന്നത്. അതിനാൽ, യഹോവയുടെ വലത്തുഭാഗത്ത് ഇരിക്കുന്നവനും ദാവീദ് “എൻ്റെ കർത്താവു” (യജമാനൻ) എന്നു സംബോധന ചെയ്യുന്നവനും ദൈവമല്ല; ഭൗമികനാണെന്ന് മനസ്സിലാക്കാം.

ഈ വസ്തുതയ്ക്ക് മറ്റൊരു തെളിവുണ്ട്: ഇംഗ്ലീഷിൽ God, Lord എന്നിങ്ങനെ ദൈവത്തെ കുറിക്കുന്നത് വലിയക്ഷരം (capital letter) ഉപയോഗിച്ചാണ്. എന്നാൽ, ഈ വേദഭാഗത്ത് “എൻ്റെ കർത്താവു” എന്നത്, my lord എന്ന് ചെറിയ അക്ഷരത്തിലാണ് (small letter) അനേകം ഇംഗ്ലീഷ് പരിഭാഷകളിൽ കാണുന്നത്: (ACV, BBE, EHV, ERV, GNT, JPOT, JPS Tanakh 1917, LEB, NAB, NEB70, NET, NIV, NRSV-CI, OEB-cw, OEB-us, RSV, RSV-CE, RSV-CI, RV, t4t). “lord” എന്ന് ചെറിയ അക്ഷരത്തിൽ എഴുതുന്നത്, ദൈവത്തെ കുറിക്കാനല്ല; ഭൗമിക കർത്താക്കന്മാരെ കുറിക്കാനാണ്. മിക്ക പരിഭാഷകളിലും യഹോവയെ LORD എന്ന് മുഴുവൻ വലിയ അക്ഷരത്തിലും, വലത്തുഭാഗത്തിരിക്കുന്ന കർത്താവിനെ കുറിക്കാൻ Lord എന്ന് ആദ്യ അക്ഷരം മാത്രം വലിയ അക്ഷരത്തിലും എഴുതിക്കൊണ്ട്, സ്വർഗ്ഗീയനെയും ഭൗഭികനെയും വേർതിച്ചുകാണിച്ചിട്ടുണ്ട്. (AB, AFV, AKJB, BSB, BSV, CEV, CSB, EHV, GB, GW’20, GWN, GET, HCSB, ISV, JUB, KJV, LBP, LHB, NASB, NCC, NHEB, NHEB-JM, NKJV, NLT’15, RHB, RWC+, WBT). യഹോവയും വലത്തുഭാഗത്ത് ഇരിക്കുന്നവനും ദൈവം ആണെങ്കിൽ, അങ്ങനെയൊരു വേർതിരിവിൻ്റെ ആവശ്യമില്ല. KJV-യുടെ പുനഃസ്ഥാപിച്ച പരിഭാഷകളിൽ “Master” എന്നാണ്: [ കാണുക: RKJV, RNKJV, SNKJV]. യെഹൂദന്മാരുടെ ബൈബിളിൽ: The Complete Tanakh-ൽ, “The word of the Lord to my master” എന്നാണ്. [കാണുക: Tanakh]. Masoretic Text-ൽ: “The LORD saith unto my lord” എന്നാണ്. [കാണുക: MT]. യെഹൂദൻ്റെ വിശേഷതയെന്താണെന്ന് ബൈബിൾ പഠിതാക്കൾക്കറിയാം: “സകലവിധത്തിലും വളരെ ഉണ്ടു; ഒന്നാമതു ദൈവത്തിന്റെ അരുളപ്പാടുകൾ അവരുടെ പക്കൽ സമർപ്പിച്ചിരിക്കുന്നതു തന്നേ.” (റോമ, 3:2). കഴിഞ്ഞില്ല, “പുത്രത്വവും അരുളപ്പാടുകളും ആരാധനയും തേജസ്സും നിയമങ്ങളും ന്യായപ്രമാണവും ചട്ടങ്ങളും വചനവും വാഗ്ദത്തങ്ങളും വിധികളും ഭരമേല്പിക്കപ്പെട്ടിരിക്കുന്ന ഭൂമുഖത്തെ ഏകജാതിയാണ് യിസ്രായേൽ.” (സങ്കീ, 147:19-20; യോഹ, 10:35; റോമ, 3:2; 9:4). പൂർവ്വപിതാക്കന്മാരും അവരുടേതാണ്; ജഡപ്രകാരം ക്രിസ്തു ജനിച്ചതും യെഹൂദന്മാരിൽ നിന്നാണ്: (റോമ, 9:5). രക്ഷ വന്നതും യെഹൂദന്മാരുടെ ഇടയിൽ നിന്നാണ്: (യോഹ, 4:22). ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടുവാൻ കാരണമായ ദൈവത്തിൻ്റെ വാഗ്ദത്തസന്തതിയും (ഉല്പ, 22:18; 28:14 → പ്രവൃ, 3:25), ദൈവം പഴയപുതിയ നിയമങ്ങൾ ചെയ്തിരിക്കുന്ന ഏകജാതിയും യിസ്രായേലാണ്: (പുറ, 20:1-18; പുറപ്പാട് 24:3-11 → യിരെ, 31:31-34; എബ്രാ, 8:8-12). ദൈവത്തിൻ്റെ വലത്തുഭാഗത്ത് മറ്റൊരു ദൈവം ഇരിക്കുന്ന കാര്യം, ദൈവത്തിൻ്റെ വചനം ഭരമേല്പിക്കപ്പെട്ട യെഹൂദാ ജനത്തിനുപോലും അറിയില്ല. ശരിക്കും ഒന്നാം വാക്യത്തിലെ “എൻ്റെ കർത്താവു” എന്ന സ്ഥാനത്ത് “എൻ്റെ യജമാനൻ” എന്നാണ് വരേണ്ടിയിരുന്നത്. പക്ഷെ, ത്രിത്വപരിഭാഷകർ പലരും ബോധപൂർവ്വം കർത്താവെന്നു തർജ്ജമചെയ്തു. ഇംഗ്ലീഷിലും മലയാളത്തിലും ശരിയായി തർജ്ജമ ചെയ്തിരിക്കുന്ന ഓരോ വാക്യം ചേർക്കുന്നു: “YHVH said unto my Master, Sit thou at my right hand, until I make thine enemies thy footstool.” (കാണുക: RNKJVRKJV). യഹോവ എൻ്റെ യജമാനനോടു പറഞ്ഞു, “നിൻ്റെ ശത്രുക്കളെ ഞാൻ നിൻ്റെ നിയന്ത്രണത്തിലാക്കുവോളം എൻ്റെ വലത്തുവശത്തിരിക്കുക.” (ഇ.ആ.വി).

2. ദൈവത്തിൻ്റെ വലത്തുഭാഗത്തു മറ്റൊരു ദൈവമോ, വ്യക്തിയോ ഇല്ല: സങ്കീർത്തനം 110:1-ൻ്റെ തനക്കിൻ്റെ (എബ്രായ ബൈബിൾ) ഇംഗ്ലീഷ് പരിഭാഷ ഇങ്ങനെയാണ്: “The word of the Lord to my master; “Wait for My right hand, until I make your enemies a footstool at your feet.” മലയാളം ഇപ്രകാരമാണ്: “എന്റെ യജമാനനോടുള്ള കർത്താവിന്റെ വചനം;  ഞാൻ നിന്റെ ശത്രുക്കളെ നിന്റെ കാൽക്കൽ പാദപീഠമാക്കുവോളം എന്റെ വലങ്കൈക്കായി കാത്തിരിക്കുക.” (കാണുക: Tanakh). ഈ പരിഭാഷപ്രകാരം, ദൈവത്തിൻ്റെ വലത്തുഭാഗത്ത് മറ്റൊരു ദൈവമോ, ദൈവവ്യക്തിയോ ഇല്ല. ദൈവത്തിൻ്റെ വലത്തും ഇടത്തും മുമ്പിലും പുറകിലും അഥവാ ചുറ്റിലുമുള്ളത് ദൂതന്മാരാണ്. യഹോവ കെരൂബുകൾക്ക് മദ്ധ്യേയും (1ശമൂ, 4:4; 1ദിന, 13:6; സങ്കീ, 80:1), കെരൂബുകൾക്ക് മീതെയും അധിവസിക്കുന്നവനും (2ശമൂ, 6:2; 2രാജാ, 19;15; യെശ, 37:16), കെരൂബുകളെ വാഹനമാക്കി സഞ്ചരിക്കുന്നവനുമാണ്. (2ശമൂ, 22:11; സങ്കീ, 18:10; 90:1). മീഖായാവും (1രാജാ, 22:19–2ദിന, 18:18), യെശയ്യാവും (6:1-3), ദാനീയേലും (7:9-10), യോഹന്നാനും (വെളി, 4:1-4) സ്വർഗ്ഗത്തിൽ യഹോവയെ കാണുന്നത് കെരൂബുകൾക്ക് മദ്ധ്യേയാണ്. യെഹെസ്ക്കേൽ ദൈവത്തിൻ്റെ സിംഹാസനവും മഹത്വവും കാണുന്നതും കെരൂബുൾക്ക് മീതെയാണ്. (യെഹെ, 10:1, 5, 18,19,20; 11:22). യഹോവ ഭൂമിയിൽ തന്നെത്തന്നെ പലനിലകളിൽ വെളിപ്പെടുത്തിയത് കൂടാതെ, ദൂതന്മാരുടെ മദ്ധ്യേ സ്വർഗ്ഗസിംഹാസനത്തിൽ ഇരിക്കുന്ന യഹോവയെ ദർശിച്ചവരാണ് മീഖായാവ്, യെശയ്യാവ്, ദാനീയേൽ, യെഹെസ്ക്കേൽ തുടങ്ങിയവർ. ഇവരാരും ദൂതന്മാരല്ലാതെ ദൈവത്തിൻ്റെ അടുക്കൽ മറ്റൊരു ദൈവവ്യക്തിയെ കണ്ടിട്ടില്ല. എന്നുവെച്ചാൽ, ദൈവത്തിൻ്റെ വലത്തുഭാഗത്തു ദൂതന്മാരല്ലാതെ മറ്റാരുമില്ലെ. ദൈവം ആകാശവും ഭൂമിയും സൃഷ്ടിക്കുമ്പോഴും (ഇയ്യോ, 38:4-7), ഏദെൻ തോട്ടത്തിൽ ഇറങ്ങിവന്നപ്പോഴും (ഉല്പ, 3:22-24), മമ്രേയുടെ തോപ്പിൽ പ്രത്യക്ഷനായപ്പോഴും (ഉല്പ, 18:2,16-19:1) ദൂതന്മാരാണ് കൂടെയുണ്ടായിരുന്നത്. അതിനർത്ഥം, ദൈവത്തിൻ്റെ കൂടെയോ വലത്തുഭാഗത്തോ ദൂതന്മാരല്ലാതെ മറ്റൊരു ദൈവമോ, ദൈവവ്യക്തിയോ ഇല്ല. “വലത്തുഭാഗത്തിരിക്കുക” എന്നത് ദൈവത്തിൻ്റെ വലങ്കയ്യുടെ അനുഗ്രഹത്തെ കുറിക്കുന്ന ഒരു ആത്മീയ പദവിയാണ്.”

3. “വലത്തുഭാഗത്തിരിക്കുക” എന്നത് ദൈവം തൻ്റെ ക്രിസ്തുവിന് കൊടുത്ത പദവിയാണ്; എന്നാൽ ആ ക്രിസ്തു യേശുക്രിസ്തുവല്ല: പലർക്കും “മശീഹ” എന്നു പറഞ്ഞാൽ, യേശുമശീഹ മാത്രമാണ്; “ക്രിസ്തു” എന്നു പറഞ്ഞാൽ, യേശുക്രിസ്തു മാത്രമാണ്. മറ്റൊരു ക്രിസ്തുവിനെക്കുറിച്ചുള്ള (മശീഹ) ചിന്തപോലും പലരെയും അസ്വസ്ഥരാക്കുന്നു. എന്നാൽ ദൈവത്തിനു് ഒരുപാട് മശീഹമാരുണ്ട്. ബൈബിളിൽ പേർപറഞ്ഞിരിക്കുന്ന ഇരുപതോളം മശീഹമാരുണ്ട്. ബൈബിളിലെ വാഗ്ദത്തമശീഹ യിസ്രായേലാണ്. (1ശമൂ, 2:10; 2:35; 2ശമൂ, 22:51; 1ദിന, 16:22; 2ദിന, 6:42; സങ്കീ, 2:2). ദൈവത്തിൻ്റെ അഭിഷിക്തനായ ഭൗമികരാജാവും യേശുക്രിസ്തുവല്ല; യിസ്രായേലാണ്. (സങ്കീ, 2:6; 20:9; 21:1, 7;  45:1, 5,6,11; 61:6; 72:1; 89:29, 36,37; 110:2; ദാനീ, 7:18, 21, 27). യിസ്രായേലിൻ്റെ വാഗ്ദത്തങ്ങളും അഭിധാനങ്ങളുളും അനവധിയാണ്: ദൈവം മിസ്രയീമ്യ ദാസ്യത്തിൽനിന്ന് വിടുവിച്ചു കൊണ്ടുവന്ന തൻ്റെ പുത്രനും ആദ്യജാതനും (പുറ, 3:22,23), ദൈവം ജനിപ്പിച്ചവനും ജാതികളെ ഇരുമ്പുകോൽകൊണ്ട് തകർക്കുന്നവനും ഭൂമിയിലെ രാജാക്കാന്മാർ ചുംബിച്ച് കീഴ്പടുന്നവനുമായ പുത്രനും (സങ്കീ, 2:7,9,12), ദൈവം തൻ്റെ കൈകളുടെ പ്രവൃത്തികൾക്കു അധിപതിയാക്കി, സകലത്തെയും കാൽകീഴെയാക്കിയിരിക്കുന്ന മർത്യനും മനുഷ്യപുത്രനും (സങ്കീ, 8:4-6), ദൈവത്തിൻ്റെ ദ്രവത്വം കാണാത്ത പരിശുദ്ധനും (സങ്ക, 16:10), മനുഷ്യപുത്രന്മാരിൽ അതിസുന്ദരനും ദൈവം കൂട്ടുകാരിൽ പരമായി ആനന്ദതൈലംകൊണ്ടു അഭിഷേകം ചെയത രാജാവും (സങ്കീ, 45:2,6), സൂര്യചന്ദ്രന്മാരുള്ളിടത്തോളം ശാശ്വത സിംഹാസനമുള്ളവനും (സങ്കീ, 89:36,37), ശത്രുക്കൾ പാദപീഠമാകുവോളം ദൈവത്തിൻ്റെ വലത്തുമാഗത്തിരിക്കുന്ന കർത്താവും (സങ്കീ, 110:1), ദൈവത്തിൻ്റെ നിത്യപുരോഹിതനും (സങ്കീ, 110:4), ആകാശമേഘങ്ങളോടെ വരുന്ന മനുഷ്യപുത്രനോടു സദൃശനും സകല ആധിപത്യങ്ങളും സേവിച്ചനുസരിക്കുന്ന നിത്യരാജാവും (ദാനീ, 7:13,27), പൂർവ്വപിതാക്കന്മാരുടെ വാഗ്ദത്ത സന്തതിയും (ഉല്പ, 22:17,18; 26:5; 28:14), ദാവീദിൻ്റെ വാഗ്ദത്തസന്തതിയും (2ശമൂ, 7:14-16; 1ദിന, 17: 13,14), നിശ്ചലകൃപകളുടെ അവകാശിയും (സങ്കീ, 88:36,37; യെശ, 55:3; പ്രവൃ, 13:34), വിശേഷാൽ ദൈവസന്തതിയുമാണ് യിസ്രായേൽ. “അവന്റെ സന്തതി ശാശ്വതമായും അവന്റെ സിംഹാസനം എന്റെ മുമ്പിൽ സൂര്യനെപ്പോലെയും ഇരിക്കും. അതു ചന്ദ്രനെപ്പോലെയും ആകാശത്തിലെ വിശ്വസ്തസാക്ഷിയെപ്പോലെയും എന്നേക്കും സ്ഥിരമായിരിക്കും.” (സങ്കീ, 89:36,37). ദൈവം സകല ശത്രുക്കളെയും യിസ്രായേലിൻ്റെ പാദപീഠമാകുവോളം അഥവാ, അവൻ്റെ രാജ്യം യഥാസ്ഥാനത്താക്കി കൊടുക്കുവോളം അവനെ തൻ്റെ വലത്തുഭാഗത്തു ഇരുത്തിയിരിക്കുകയാണ്. ദൈവത്തിൻ്റെ വലത്തുഭാഗത്തു ഇരിക്കുകയെന്നത് യിസ്രായേലിന്റെ ആത്മീയ പദവിയാണ്. അത് ദൈവത്തിൻ്റെ സംരക്ഷണത്തെയും അനുഗ്രഹത്തെയും സൂചിപ്പിക്കുന്ന ഒരു ആത്മീയ പ്രയോഗമാണ്. അല്ലാതെ, യിസ്രായേൽ ദൈവത്തിൻ്റെ വലത്തുഭാഗത്ത് ഇരിക്കുന്നവനല്ല. (സങ്കീ, 80:15:17). [കാണുക: മശീഹമാർ, ദാവീദിൻ്റെ സന്തതിയും കർത്താവുമായ രാജാവ്, വാഗ്ദത്തം ലഭിച്ച സന്തതിയും വാഗ്ദത്തം ചെയ്യപ്പെട്ട സന്തതിയും]

4. ദൈവം ഒരുത്തൻ മാത്രം: ദൈവം ഏകൻ അഥവാ, ഒരുത്തൻ മാത്രം എന്നതാണ് ബൈബിളിൻ്റെ മൗലിക ഉപദേശം. ദൈവം ഏകനാണെന്നത് കേവലമൊരറിവല്ല; അതൊരു പരിജ്ഞാനവും പ്രാർത്ഥനയുമാണ്. പഴയനിയമത്തിൻ്റെ ഭാഷയിൽ പറഞ്ഞാൽ: യഹോവയായ ദൈവം ഏകൻ ആണെന്നതും അവനെ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടും കൂടെ സ്നേഹിക്കേണം എന്നതും നമ്മുടെ ഹൃദയത്തിൽ ഇരിക്കേണ്ടതും വീട്ടിൽ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്ക്കുമ്പോഴും സംസാരിക്കേണ്ടതും നമ്മുടെ മക്കൾക്ക് ഉപദേശിച്ചു കൊടുക്കേണ്ടതും അതൊരു അടയാളമായി കൈയ്യിൽ കെട്ടേണ്ടതും ഒരു പട്ടമായി നെറ്റിയിൽ അണിയേണ്ടതും വീടിന്റെ കട്ടിളകളിന്മേലും പടിവാതിലുകളിലും എഴുതിവെക്കേണ്ടതുമാണ്. (ആവ, 6:4-9)
യഹോവ: ഞാൻ ഒരുത്തൻ മാത്രം ദൈവം → യഹോവയായ ഞാൻ നിൻ്റെ ദൈവമാകുന്നു, ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കുണ്ടാകരുത്. (പുറ, 20:2-3). സർവ്വഭൂമിയിലും എന്നെപ്പോലെ മറ്റൊരുത്തനുമില്ല” (പുറ, 9:14), ഞാൻ, ഞാൻ മാത്രമേയുള്ളു, ഞാനല്ലാതെ ദൈവമില്ല (ആവ, 32:39), ഞാനല്ലാതെ ഒരു ദൈവവുമില്ല (യെശ, 45:5), എനിക്ക് സദൃശനായി ആരുമില്ല; എനിക്ക് തുല്യനായി ആരുമില്ല (യെശ, 40:25), എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല; എന്റെ ശേഷം ഉണ്ടാകയുമില്ല (യെശ, 43:10), ഞാൻ ഒരുത്തനെയും അറിയുന്നില്ല എന്നൊക്കെയാണ് യഹോവ പഠിപ്പിച്ചത്: (യെശ, 44:8). സകല ഭൂസീമാവാസികളും ആയുള്ളോരേ, എങ്കലേക്കു തിരിഞ്ഞു രക്ഷപ്പെടുവിൻ; ഞാനല്ലാതെ വേറൊരു ദൈവവും ഇല്ലല്ലോ. (യെശ, 45:22)
ക്രിസ്തു: പിതാവു ഒരുത്തൻ മാത്രം ദൈവം → എല്ലാറ്റിലും മുഖ്യകല്പനയോ: “യിസ്രായേലേ, കേൾക്ക; നമ്മുടെ ദൈവമായ കർത്താവു ഏക കർത്താവു. (മർക്കൊ, 12:29).  ദൈവം ഒരുത്തൻ മാത്രം – The only God (യോഹ, 5:44), ഒരേയൊരു സത്യദൈവം പിതാവാണ് – Father, the only true God  (യോഹ, 17:3), പിതാവിനെ മാത്രം ആരാധിക്കണം (മത്താ, 4:10; ലൂക്കൊ, 4:8), എൻ്റെ പിതാവു് മാത്രമാണ് സകലവും അറിയുന്നതു (മത്താ, 24:36), എന്റെ പിതാവു എല്ലാവരിലും വലിയവൻ (യോഹ, 10:29), പിതാവു് എന്നെക്കാൾ വലിയവനാണു (യോഹ, 14:28), പിതാവു ചെയ്തു കാണുന്നതു അല്ലാതെ പുത്രന്നു സ്വതേ ഒന്നും ചെയ്‍വാൻ കഴികയില്ല (യോഹ, 5:19), മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു (യോഹ, 8:40), എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു (യോഹ, 20:17) എന്നൊക്കെയാണ് ക്രിസ്തു പഠിപ്പിച്ചത്.
പഴയനിയമം: യഹോവ ഒരുത്തൻ മാത്രം ദൈവം → “യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സകല രാജ്യങ്ങൾക്കും ദൈവം ആകുന്നു. (2രാജാ, 19:15), യഹോവ തന്നേ ദൈവം, അവനല്ലാതെ മറ്റൊരുത്തനുമില്ല (ആവ, 4:35), യെശൂരൂന്റെ ദൈവത്തെപ്പോലെ ഒരുത്തനുമില്ല (ആവ, 33:26), യഹോവ തന്നെ ദൈവം; മറ്റൊരുത്തനുമില്ല (1രാജാ, 8:59), യഹോവേ, നിന്നോടു തുല്യനായവൻ ആരുമില്ല (യിരേ, 10:6), യഹോവയോടു സദൃശൻ ആരുമില്ല (സങ്കീ, 50:5) എന്നൊക്കെയാണ് പഴയനിയമത്തിലെ മശീഹമാരും ഭക്തന്മാരും പഠിപ്പിച്ചത്.
പുതിയനിയമം: പിതാവു് ഒരുത്തൻ മാത്രം ദൈവം → ദൈവം ഒരുവൻ (God alone) അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ എന്നു ചിന്തിച്ചുതുടങ്ങി. (ലൂക്കോ, 5:21). ഏകജ്ഞാനിയായ ദൈവം – The only wise God (റോമ, 16:26), “ഏകദൈവം – The only God” (1തിമൊ, 1:17), പിതാവായ ഏകദൈവമേ നമുക്കുള്ളൂ (1കൊരി, 8:6), ദൈവവും പിതാവുമായവൻ ഒരുവൻ (എഫെ, 4:6) എന്നൊക്കെയാണ് അപ്പൊസ്തലന്മാർ പഠിപ്പിച്ചത്.
സ്വർഗ്ഗത്തിലും ഭൂമിയിലും ഒരേയൊരു ദൈവം → ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക. (ആവ, 4:39 ആവ, 3:24; യോശു, 2:11; 1രാജാ, 8:23; 2ദിന, 6:14; സങ്കീ, 73:25). [കാണുക: മോണോതീയിസം (Monotheism), പിതാവു് മാത്രം സത്യദൈവം, ഓഡിയോ കേൾക്കുക: ഏൽ ഏഹാദ്].

5. സങ്കീർത്തനക്കാരനായ ദാവീദിൻ്റെ സാക്ഷ്യം: “യഹോവ മാത്രം ദൈവം ആകുന്നു” (Thou art God alone) എന്നാണ് ദാവീദ് പറയുന്നത്. (സങ്കീ, 86:10 4:8; 71:16; 72:18; 136:4; 148:13). ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന പഴയനിയമത്തിൻ്റെ ഗ്രീക്കുപരിഭാഷയായ, സെപ്റ്റ്വജിൻ്റിൽ ഈ വേദഭാഗങ്ങളിൽ “മോണോസ്” ആണ് കാണുന്നത്. ഒറ്റയെ (only) കുറിക്കാൻ പഴയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്ന “യാഖീദിന്” തല്യമായ പദമാണ് ഗ്രീക്കിലെ മോണോസ്. അതായത്, ദൈവം ഒരുത്തൻ മാത്രമാണെന്ന് ദാവീദ് പറയുന്നത്; “yakhid” എന്ന പദത്തിനു തുല്യമായ “Mónos”കൊണ്ട് ഖണ്ഡിതമായ അർത്ഥത്തിലാണ്. വേറെയുമുണ്ട്: “അതുകൊണ്ടു കർത്താവായ യഹോവേ, നീ വലിയവൻ ആകുന്നു; നിന്നെപ്പോലെ ഒരുത്തനുമില്ല; ഞങ്ങൾ സ്വന്തചെവികൊണ്ടു കേട്ടതൊക്കെയും ഓർത്താൽ നീ അല്ലാതെ ഒരു ദൈവവും ഇല്ല.” (2ശമൂ, 7:22). അടുത്തവാക്യം: “യഹോവയല്ലാതെ ദൈവം ആരുള്ളു? നമ്മുടെ ദൈവം ഒഴികെ പാറ ആരുള്ളു?” (. 2 (ശമൂ, 22:32). അടുത്തവാക്യം: “യഹോവയല്ലാതെ ദൈവം ആരുള്ളു? നമ്മുടെ ദൈവം ഒഴികെ പാറയാരുള്ളു?” (സങ്കീ, 18:31). അടുത്തവാക്യം: “യഹോവേ, നിനക്കു തുല്യൻ ആർ?”(സങ്കീ, 35:10). അടുത്തവാക്യം: “യഹോവയോടു സദൃശൻ ആരുമില്ല.” (സങ്കീ, 40:5). അടുത്തവാക്യം: “ദൈവമേ, നിന്നോടു തുല്യൻ ആരുള്ളു?” (സങ്കീ, 71:19). യഹോവമാത്രമാണ് ദൈവം; അവനോട് സമനായോ, സദൃശനായോ മറ്റൊരുത്തനുമില്ലെന്ന് ആവർത്തിച്ചു പറഞ്ഞ ദാവീദ്, യഹോവയുടെ വലത്തുഭാഗത്ത് മറ്റൊരു ദൈവമുണ്ടെന്ന് പറയുമോ? തന്മൂലം, യഹോവയുടെ വലത്തുഭാഗത്ത് ഇരിക്കുക എന്ന പദവി സ്വർഗ്ഗീയൻ്റെയല്ല; ഭൗമികനാണെന്ന് സ്ഫടികസ്ഫുടം വ്യക്തമാണ്.

സങ്കീർത്തനവ്യാഖ്യാനം

വാക്യം 1: യഹോവ എന്റെ കർത്താവിനോടു അരുളിച്ചെയ്യുന്നതു: ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുവോളം നീ എന്റെ വലത്തുഭാഗത്തിരിക്ക. എൻ്റെ കർത്താവ്: എബ്രായ ബൈബിളിൽ: “യഹോവ എൻ്റെ യജമാനനോടു അരുളിച്ചെയ്തു” (נְאֻם יְהוָה, לַאדֹנִי) എന്നാണ്: അതിൻ്റെ ഇംഗ്ലീഷ് പരിഭാഷ (Translation) ഇപ്രകാരമാണ്: “A Psalm of David. The LORD saith unto my lord: ‘Sit thou at My right hand, until I make thine enemies thy footstool.” (കാണുക: Hebrew – English Bible). മലയാളം പരിഭാഷ ഇപ്രകാരമാണ്: “ദാവീദിന്റെ ഒരു സങ്കീർത്തനം. കർത്താവു എന്റെ യജമാനനോടു അരുളിച്ചെയ്യുന്നു: ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുവോളം നീ എന്റെ വലത്തുഭാഗത്തിരിക്ക.” ഇവിടെപ്പറയുന്ന “ലാദോനീ” (לַאדֹנִי – La-Adoni) എന്ന പദം മനുഷ്യരെ കുറിക്കുന്നതാണെന്ന് മുകളിൽ കണ്ടതാണ്. സത്യവേദപുസ്തകത്തിലെയും എബ്രായ ബൈബിളിലെയും തെളിവുകൾ കാണുക: “അവനും കൂടെയുള്ളവരും ഭക്ഷിച്ചു പാനം ചെയ്തു രാപാർത്തു. രാവിലെ അവർ എഴുന്നേറ്റശേഷം അവൻ: എന്റെ യജമാനന്റെ (לַאדֹנִי – master) അടുക്കൽ എന്നെ അയക്കേണമെന്നു പറഞ്ഞു.” (ഉല്പ, 24:54Hebrew). അടുത്തവാക്യം: “അവൻ തന്റെ ആളുകളോടു: യഹോവയുടെ അഭിഷിക്തനായ എന്റെ യജമാനന്റെ (לַאדֹנִי – lord) നേരെ കയ്യെടുക്കുന്നതായ ഈ കാര്യം ചെയ്‍വാൻ യഹോവ എനിക്കു ഇടവരുത്തരുതേ; അവൻ യഹോവയുടെ അഭിഷിക്തനല്ലോ എന്നു പറഞ്ഞു.” (1ശമൂ, 24:6Hebrew. ഒ.നോ: ഉല്പ, 24:36Hebrew; ഉല്പ, 32:4Hebrew; 1രാജാ, 20:9Hebrew; 1ദിന, 21:3Hebrew). “ലാദോനീ” എന്ന പദം മൂലഭാഷയിൽ ദൈവത്തെ കുറികുന്നതല്ല; എന്നാൽ പരിഭാഷകൾ മാറിമാറി വന്നപ്പോൾ, ചിലർ അബദ്ധത്തിലും മറ്റുചിലർ മനപ്പൂർവ്വവും “ദൈവം” ആണെന്നു തോന്നത്തക്കവണ്ണം പരിഭാഷ ചെയ്തതാണ്. തന്മൂലം, യഹോവയുടെ വലത്തുഭാഗത്ത് ഇരിക്കുന്ന കർത്താവ് ദൈവമല്ല; ഭൗമിക സന്തതിയായ യിസ്രായേലിന്റെ പദവിയാണെന്ന് മനസ്സിലാക്കാം. പൂർവ്വപിതാക്കന്മാരുടെയും ദാവീദിൻ്റെയും വാഗ്ദത്തസന്തതിയും നിശ്ചലകൃപകളുടെ അവകാശിയും വിശേഷാൽ, ദൈവത്തിൻ്റെ പുത്രനും ആദ്യജാതനും സകല അനുഗ്രഹങ്ങളുടെയും വാഗ്ദത്തങ്ങളുടെയും അവകാശിയും സകല പ്രവചനങ്ങളുടെയും കേന്ദ്രബിന്ദുവും ആകാശമുള്ള കാലത്തോളം സൂര്യനെപ്പോലെയും ചന്ദ്രനെപ്പോലെയും സ്ഥിരമായ സിംഹാസനത്തിൽ ഇരുന്നുകൊണ്ട്, ഈ ഭൂമിയെ ഭരിക്കേണ്ട നിത്യരാജാവായ വാഗ്ദത്തസന്തതിയാണ് (ഭൗമികസന്തതി) യിസ്രായേൽ.” (ഉല്പ, 22:17-18; ഉല്പ, 26:5; ഉല്പ, 28:142ശമൂ, 8:12-16; സങ്കീ, 89:3-4; യെശ, 55:3; പുറ, 4:22-23; സങ്കീ, 72:17; സങ്കീ, 89:29; സങ്കീ, 36-37; ദാനീ, 7:18; ദാനീ, 7:21; ദാനീ, 7:27). ഭൂമിയിലെ സകലജാതികളും അനുഗ്രഹിക്കപ്പെടുന്നത് യിസ്രായേലെന്ന വാഗ്ദത്തസന്തതി മുഖാന്തരമാണ്: (ഉല്പ, 22:18; ഉല്പ, 28:14; പ്രവൃ, 3:25. ഒ.നോ: പ്രവൃ, 13:32-35; റോമ, 4:13). “രക്ഷ യെഹൂദന്മാരുടെ ഇടയിൽ നിന്നല്ലോ വരുന്നതു” എന്നാണ് ക്രിസ്തു പറഞ്ഞത്: (യോഹ, 4:22;). 

ദൈവത്തിൻ്റെ ഭൗമികരാജാവാണ് യിസ്രായേൽ. ദാനീയേൽ കണ്ട ദർശനത്തിൽ ആകാശമേഘങ്ങളോടെ വന്ന് വയോധികനിൽ നിന്ന് നിത്യരാജത്വം പ്രാപിക്കുന്ന മനുഷ്യപുത്രനോട് സദൃശനായവൻ യിസ്രായേലാണ്. (ദാനീ, 7:13,14 → ദാനീ, 2:44; ദാനീ, 7:18; ദാനീ, 7:2121; ദാനീ, 7:27). “അവന്റെ സന്തതി ശാശ്വതമായും അവന്റെ സിംഹാസനം എന്റെ മുമ്പിൽ സൂര്യനെപ്പോലെയും ഇരിക്കും. അതു ചന്ദ്രനെപ്പോലെയും ആകാശത്തിലെ വിശ്വസ്തസാക്ഷിയെപ്പോലെയും എന്നേക്കും സ്ഥിരമായിരിക്കും.” (സങ്കീ, 89:36,37). ദാവീദിൻ്റെ വാഗ്ദത്തസന്തതിയായ യിസ്രായേലാണ് ആകാശമുള്ള കാലത്തോളവും സൂര്യചന്ദ്രന്മാരുള്ള കാലത്തോളവും ശ്വാശ്വത രാജത്വമുള്ളവൻ. (സങ്കീ, 89:29,36,37). യിസ്രായേൽ യഥാർത്ഥത്തിൽ ദാവിൻ്റെ പുത്രനല്ല; ദാവീദിൻ്റെ പുത്രനെന്നത് യിസ്രായേലിന്റെ പദവിയാണ്. ദാവീദിൻ്റെ വാഗ്ദത്തസന്തതിയായ യിസ്രായേൽ രാജാവാകയാൽ, പ്രജയെന്ന നിലയിൽ ദാവീദിൻ്റെ “യജമാനനാണ്” (കർത്താവ്) യിസ്രായേൽ. ദാവീദ് ആത്മാവിൽ “കർത്താവു” എന്ന് സംബോധണ ചെയ്യുന്നത് തൻ്റെ യജമാനനായ യിസ്രായേലെന്ന വാഗ്ദത്ത രാജാവിനെയാണ്. എന്നാൽ രാജാവാകട്ടെ, ഭൂമിയിലെ തൻ്റെ ശത്രുക്കളെല്ലാം പാദപീഠമാകുവോളം (ഹർമ്മഗെദ്ദോൻ യുദ്ധത്തിൽ ശത്രുക്കളെയെല്ലാം നശിപ്പിച്ചു ദൈവം യിസ്രായേലിനു രാജ്യം യഥാസ്ഥാനത്താക്കി കൊടുക്കുന്നതുവരെ) യഹോവയുടെ വലത്തുഭാഗത്ത് ഇരിക്കുകയാണ്. ദാവീദിൻ്റെ പുത്രനും കർത്താവായ രാജാവും യിസ്രായേൽ ആയതുകൊണ്ടാണ് സ്വന്തജനത്തെ അവരുടെ പാപങ്ങളിൽ നിന്ന് രക്ഷിക്കാൻ വന്ന ദൈവത്തിൻ്റെ പ്രത്യക്ഷതയായ ക്രിസ്തുവും ദാവീദിൻ്റെ പുത്രനെന്നും ദാവീദിൻ്റെ സിംഹാസനത്തിൽ ഇരിക്കുന്ന രാജാവ് അഥവാ, കാർത്താവെന്നും പദവി എടുത്തത്. (ലൂക്കൊ, 1:32,33).

വലത്തുഭാഗത്തിരിക്കുക: സങ്കീർത്തനം 110:1-ൻ്റെ തനക്കിൻ്റെ (എബ്രായ ബൈബിളായ) ഇംഗ്ലീഷ് പരിഭാഷ ഇങ്ങനെയാണ്: “The word of the Lord to my master; “Wait for My right hand, until I make your enemies a footstool at your feet.” മലയാളം ഇപ്രകാരമാണ്. എന്റെ യജമാനനോടുള്ള കർത്താവിന്റെ വചനം; ഞാൻ നിന്റെ ശത്രുക്കളെ നിന്റെ കാൽക്കൽ പാദപീഠമാക്കുവോളം എന്റെ വലങ്കൈക്കായി കാത്തിരിക്കുക.” (Jewish/Chapter-110). ഈ പരിഭാഷപ്രകാരം, ദൈവത്തിൻ്റെ വലത്തുഭാഗത്ത് യഥാർത്ഥത്തിൽ മറ്റൊരു വ്യക്തിയില്ല. അതുതന്നെയാണ് യഥാർത്ഥ വസ്തുത. വലത്തുഭാഗത്ത് ഇരിക്കുക എന്നത്, തൻ്റെ വലങ്കൈയുടെ അനുഗ്രഹത്തെ കുറിക്കുന്ന ഒരു ആത്മിയ പ്രയോഗമാണ്. ദൈവം മിസ്രയീമിൽ നിന്ന് കൊണ്ടുവന്ന് തൻ്റെ വലത്തുഭാത്തിരുത്തി അഥവാ, വലങ്കൈയുടെ അനുഗ്രഹത്താൽ പരിപാലിച്ച് വളർത്തിയ മനുഷ്യനും മനുഷ്യപുത്രനുമാണ് യിസ്രായേൽ. (സങ്കീ, 80:8,17; 8:5-6). യിസ്രായേൽ വസിക്കുന്നത് ഭൂമിയിലാണ്; അല്ലാതെ, സ്വർഗ്ഗത്തിൽ ദൈവത്തിൻ്റെ വലത്തുഭാഗത്തല്ല. ദാവീൻ്റെ വാഗ്ദത്ത സന്തതി രാജാവാകയാലാണ്, അവൻ അവനെ ആത്മാവിൽ കർത്താവ് എന്ന് വിളിക്കുന്നത്. അതായത്, ദാവീദിൻ്റെ വാഗ്ദത്ത പുത്രൻ രാജാവെന്ന നിലയിൽ അവൻ്റെ കർത്താവ് അഥവാ, യജമാനനും ആണ്.

യഹോവ തൻ്റെ ഭൗമിക രാജാവായ യിസ്രായേലിനു കൊടുത്തിരിക്കുന്ന പദവിയാണ് വലത്തുഭാഗത്തിരിക്കുക എന്നത്. ദൈവത്തിൻ്റെ വലത്തുഭാഗം എന്നത് വലങ്കയ്യുടെ അനുഗ്രഹത്തെയും പരിപാലനത്തെയും കാണിക്കുന്നു. (സങ്കീ, 80:15-18). വാഗ്ദത്തരാജാവ് യിസ്രായേലാണ്. (2ശമൂ, 7:12; 1ദിന, 7:11; സങ്കീ, 2:6; 20:9; 21:1, 7;  45:1, 5, 11; 61:6; 72:1; 89:29, 36,37; 110:2; ദാനീ, 7:14,18,21,27). ദൈവം മിസ്രയീമിൽനിന്ന് കൊണ്ടുവന്നിട്ട് ജാതികളെ നീക്കികളഞ്ഞു കനാനിൽ നട്ടുവളർത്തിയ മുന്തിരിവള്ളിയും ദൈവത്തിൻ്റെ വലത്തുഭാഗത്തെ പുരുഷനും ദൈവം പരിപാലിച്ചു വളർത്തിയ മനുഷ്യപുത്രനും യിസ്രായേലാണ്. (സങ്കീ, 80:8,15,17). ദൈവം തൻ്റെ കൈകളുടെ പ്രവൃത്തിക്കു അധിപതിയാക്കി, സകലത്തെയും അവന്റെ കാൽകീഴാക്കി കൊടുക്കാമെന്ന് വാഗ്ദത്തം ചെയ്തിരിക്കുന്ന മനുഷ്യപുത്രനും യിസ്രായേലത്രേ. (സങ്കീ, 8:6. ഒ.നോ: സങ്കീ, 47:3; 89:23; എബ്രാ, 2:8). ദാവീദിൻ്റെ പാട്ടിലും ഇതിൻ്റെ സൂചന കാണാം. (2ശമൂ, 22:39,48). ദാനീയേൽ കാണുന്ന ദർശനത്തിൽ, ന്യായാസനത്തിലിരിക്കുന്ന വയോധികന്റെ അടുക്കൽ ആകാശമേഘങ്ങളോടെ വന്ന് നിത്യരാജത്വം പ്രാപിക്കുന്ന മനുഷ്യപുത്രനും യിസ്രായേലാണ്. ദാനീ, 7:9-14. ഒ.നോ: ദാനീ, 7:18,21,27; 2:44). തൻ്റെ അഭിഷിക്തരാജാവായ യിസ്രായേലിൻ്റെ സകലശത്രുക്കളെയും അവൻ്റെ പാദപീഠം ആക്കിക്കൊടുക്കുവോളം യഹോവ അവനെ തൻ്റെ വലത്തുഭാഗത്ത് ഇരുത്തിയിരിക്കയാണ്. കർത്താവിൻ്റെ പുനരാഗമനത്തിൽ രാജ്യം അവർക്ക് യഥാസ്ഥാനത്താക്കി കൊടുക്കുമ്പോഴാണ് ആ പ്രവചനത്തിന് നിവൃത്തി വരുന്നത്. (പ്രവൃ, 1:6). യിസ്രായേലിന്റെ വാഗ്ദത്തങ്ങളെല്ലാം അവന് നിവൃത്തിച്ചുകൊടുക്കാൻ അവൻ്റെ ദൈവം അവൻ്റെ പദവികളുമായി ജഡത്തിൽ വെളിപ്പെട്ടതുകൊണ്ടാണ് യേശുക്രിസ്തുവിൽഅവൻ്റെ പദവികൾ ആരോപിച്ചിരിക്കുന്നത്. (മത്താ, 1:21; ലൂക്കോ, 1:68; ഫിലി, 2:6-8; 1തിമൊ, 3:14-16; എബ്രാ, 2:14-16). “യേശുവോ പാപങ്ങൾക്കു വേണ്ടി ഏകയാഗം കഴിച്ചിട്ടു എന്നേക്കും ദൈവത്തിന്റെ വലത്തു ഭാഗത്തു ഇരുന്നുകൊണ്ടു തന്റെ ശത്രുക്കൾ തന്റെ പാദപീഠം ആകുവോളം കാത്തിരിക്കുന്നു.” (എബ്രാ, 10:12,13). ഒന്നാം വാക്യം പുതിയനിയമത്തിൽ പലപ്രാവശ്യം ഉദ്ധരിച്ചിട്ടുണ്ട്. (മത്താ, 22:44; മർക്കൊ, 12:36; ലൂക്കൊ, 20:42; പ്രവൃ, 12:35; എബ്രാ, 1:13). [കാണുക: രണ്ടാം സങ്കീർത്തനം, എട്ടാം സങ്കീർത്തനം, ദാനീയേലിലെ മനുഷ്യപുത്രൻ, യിസ്രായേലിൻ്റെ പദവികൾ]

ദൈവത്തിൻ്റെ വലത്തുഭാഗത്തിരിക്കുക’ എന്ന പദവി യഥാർത്ഥത്തിൽ യേശുക്രിസ്തുവിൻ്റെ ആണെങ്കിൽ ആ പദവി നിത്യമായിരിക്കേണ്ടേ? എന്നാൽ ആ പദവിക്ക് ‘ശത്രുക്കൾ പാദപീഠമാകുവോളം’ എന്നൊരു പരിധി വെച്ചിട്ടുണ്ട്. (110:1). അതിനാൽ അത് യേശുക്രിസ്തുവിൻ്റെ പദവിയല്ലെന്ന് മനസ്സിലാക്കാമല്ലോ? ദൈവം യിസ്രായേലിൻ്റെ ശത്രുക്കളെ അവൻ്റെ കാല്ക്കീഴിൽ ആക്കിയിട്ട് രാജ്യം അവർക്ക് യഥാസ്ഥാനത്താക്കി കൊടുത്തുകഴിഞ്ഞാൽ (പ്രവൃ, 1:6), പിന്നെ ദൈവപുത്രനായ യിസ്രായേൽ ദൈവത്തിൻ്റെ വലത്തുഭാഗത്തല്ല; തനിക്ക് സകലവും കീഴാക്കിത്തന്ന ദൈവത്തിന് കീഴ്പ്പെട്ടിരുന്നുകൊണ്ട് ജാതികളെ ഭരിക്കുകയാണ് ചെയ്യുന്നത്. തൻ്റെ പുത്രനായ യിസ്രായേലിന് സകലവും കീഴാക്കിക്കൊടുക്കുന്നതിൻ്റെ ആത്മീയ ചിത്രണമാണ് കൊരിന്ത്യരിലുള്ളത്. (1കൊരി, 15:27,28. ഒ.നോ: സങ്കീ, 8:6-8). ദൈവത്തിന്റെ വലത്തുഭാഗം അക്ഷരാർത്ഥത്തിൽ യേശുക്രിസ്തുവിൻ്റെ പദവിയാണെന്ന് വിചാരിക്കുന്നവർക്ക് മൂന്ന് ദൈവമുണ്ട്; ഒരു ദൈവം മറ്റൊരു ദൈവത്തിന് കീഴ്പ്പെട്ടിരിക്കും എന്നാണ് അവർ വിചാരിക്കുന്നത്. (കാണുക: ദൈവത്തിന്റെ വലത്തുഭാഗം)

വാക്യം 2: നിന്റെ ബലമുള്ള ചെങ്കോൽ യഹോവ സീയോനിൽനിന്നു നീട്ടും; നീ നിന്റെ ശത്രുക്കളുടെ മദ്ധ്യേ വാഴുക.

നിന്റെ ബലമുള്ള ചെങ്കോൽ യഹോവ സീയോനിൽനിന്നു നീട്ടും: രണ്ടാം വാക്യത്തിൻ്റെ ആദ്യഭാഗം പ്രവചനപരമാണ്. അധികാരചിഹ്നമായി ഭരണാധികാരി വഹിക്കുന്ന കോലാണ് ചെങ്കോൽ. (ആമോ, 1:5; യെഹെ, 19:11,14). സീയോൻ വിശുദ്ധനഗരമായ യെരൂശലേമിൻ്റെ പര്യായമാണ്. (സങ്കീ, 126:1; യെശ, 1:26,27). കർത്താവിൻ്റെ പുനരാഗമനത്തിൽ യിസ്രായേലിൻ്റെ സകല ശത്രുക്കളെയും തോല്പിച്ചിട്ട് രാജ്യം യഥാസ്ഥാനത്താക്കി കൊടുക്കുമ്പോൾ യെരൂശലേം സീയോൻ എന്ന് വിളിക്കപ്പെടും. (യെശ, 1:26,27; 2:3; 4:4; യോവേ, 3:16; സെഖ, 1:16,17; 8:3-8). ഇളകാത്ത രാജ്യമായ പുതിയ യെരൂശലേമിൻ്റെ പേരും സീയോൻ എന്നാണ്. (എബ്രാ, 12:22-28). യഹോവയാണ് യിസ്രായേലെന്ന തൻ്റെ രാജാവിനെ സീയോനിൽ വാഴിക്കുന്നത്: “എന്റെ വിശുദ്ധപർവ്വതമായ സീയോനിൽ ഞാൻ എന്റെ രാജാവിനെ വാഴിച്ചിരിക്കുന്നു.” (സങ്കീ, 2:6). ജാതീയ ശത്രുക്കളുടെമേൽ യിസ്രായേലിന് അധികാരം നല്കിയതും യഹോവയാണ്; അതിനാലാണ് രാജാവിൻ്റെ ബലമുള്ള ചെങ്കോൽ യഹോവ സീയോനിൽനിന്നു നീട്ടും എന്ന് പറഞ്ഞിരിക്കുന്നത്: “ഇരിമ്പുകോൽകൊണ്ടു നീ അവരെ തകർക്കും; കുശവന്റെ പാത്രംപോലെ അവരെ ഉടെക്കും.” (സങ്കീ, 2:9. ഒ.നോ: സങ്കീ, 21:7,8; 45:3-5; 72:8; ദാനീ, 2:44; 7:14). ബെയോരിന്റെ മകനായ ബിലെയാമും ‘യിസ്രായേലിൽനിന്നു ഒരു ചെങ്കോൽ ഉയരും’ എന്ന് പ്രവചിച്ചിട്ടുണ്ട്. (സംഖ്യാ, 24:17). യേശുക്രിസ്തുവാണ് യഹോവയുടെ വലത്തുമാഗത്തിരിക്കുന്ന കർത്താവെങ്കിൽ ‘നിന്റെ ബലമുള്ള ചെങ്കോൽ യഹോവ സീയോനിൽനിന്നു നീട്ടും’ എന്ന് പറയേണ്ടതില്ലല്ലോ. അതായത്, ദൈവത്തിൻ്റെ വലത്തുഭാഗം എന്ന് പറയുന്നത്, തൻ്റെ പരിപാലനത്തെ കുറിക്കുന്ന ആത്മീയ പ്രയോഗമാണ്. യഥാർത്ഥത്തിൽ, ദൈവത്തിൻ്റെ വലത്തുഭാഗം യെരൂശലേമെന്ന സീയോനാണ്. അവടെനിന്നാണ് അധികാരത്തിൻ്റെ ചെങ്കോൽ ശത്രുക്കളുടെ നേരെ നീട്ടുന്നത്.

നീ നിന്റെ ശത്രുക്കളുടെ മദ്ധ്യേ വാഴുക: പ്രവചനപരമായ ഒന്നാംഭാഗം കഴിഞ്ഞിട്ട്, ചരിത്രപരമായ രണ്ടാംഭാഗം പറയുന്നു: നീ നിന്റെ ശത്രുക്കളുടെ മദ്ധ്യേ വാഴുക. ഇത് യേശുക്രിസ്തുവിനു് യോജിക്കുന്ന പ്രയോഗമാണോ? “വലത്തുഭാഗത്തിരിക്കുക” എന്നത് യേശുവിനെപ്പറ്റിയാണെങ്കിൽ സ്വർഗ്ഗത്തിൽ ദൈവത്തിൻ്റെ വലത്തുഭാഗത്ത് ഇരിക്കുന്ന യേശുക്രിസ്തുവിൻ്റെ ശത്രുക്കളാരാണ്? സ്വർഗ്ഗത്തിലെ ദൂതന്മാരൊക്കെ ക്രിസ്തുവിൻ്റെ ശത്രുക്കളാണോ? ഇനി, രണ്ടാം ഭാഗം ചരിത്രപരമല്ല; പ്രവചനപരമാണ്, ഭാവിയിൽ യേശുക്രിസ്തു ഭൂമിയിൽ വാഴും, അന്നാളിൽ ശത്രുക്കളുടെ മദ്ധ്യേയാണ് വാഴുന്നതെന്ന് പറയാൻ പറ്റുമോ? ഇല്ല. രണ്ടു കാര്യങ്ങൾകൊണ്ട് അതും ശരിയല്ല: ഒന്ന്; യേശുക്രിസ്തു ഭൂമിയിലെ രാജാവല്ല; യിസ്രായേലാണ് ഭൂമിയിലെ നിത്യരാജാവ്. (ദാനീ, 2:44; 7:13,14,18,21,27). രണ്ട്; ഇനി, വചനവിരുദ്ധമായി യേശുക്രിസ്തു ഭൂമിയിൽ വാഴുമെന്ന് വാദിച്ചാലും, ശത്രുക്കളെയെല്ലാം തൻ്റെ വായിലെ ശ്വാസത്താൽ നശിപ്പിച്ചശേഷമാണ് രാജ്യം സ്ഥാപിക്കുന്നത്. (2തെസ്സ, 2:8). അപ്പോൾ, ശത്രുക്കളുടെ മദ്ധ്യേയല്ല; നീതിയുടെയും സമാധാനത്തിൻ്റെയും മദ്ധ്യേയാണ് ആ രാജ്യം ഉണ്ടായിരിക്കുക. (യെശ, 1:26,27; 32:16-18; 54:13,14; 66:12,13). പിന്നെ, ശത്രുക്കളുടെ മദ്ധ്യേ വാഴുന്ന രാജാവ് യേശുക്രിസ്തുവല്ല; യിസ്രായേലാണ്. ദൈവം ജാതികളുടെ മദ്ധ്യേയാണ് യിസ്രായേലിനെ വെച്ചിരിക്കുന്നത്: “യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇതു യെരൂശലേം ആകുന്നു; ഞാൻ അതിനെ ജാതികളുടെ മദ്ധ്യേ വെച്ചിരിക്കുന്നു; അതിന്നു ചുറ്റും രാജ്യങ്ങൾ ഉണ്ടു.” (യെഹെ, 5:5. ഒ.നോ: 2ശമൂ, 22:50; സങ്കീ, 18:49; 57:9; 108:3; യെഹെ, 31:17). ജാതികളായ ശത്രുക്കളാൽ ചുറ്റപ്പെട്ട രാജ്യമാണ് യിസ്രായേൽ: “ഇപ്പോൾ എന്റെ ചുറ്റുമുള്ള ശത്രുക്കളുടെ മേൽ എന്റെ തല ഉയരും; ഞാൻ അവന്റെ കൂടാരത്തിൽ ജയഘോഷയാഗങ്ങളെ അർപ്പിക്കും; ഞാൻ യഹോവെക്കു പാടി കീർത്തനം ചെയ്യും.” (സങ്കീ, 27:6. ഒ.നോ: സങ്കീ, 31:5; 59:1; 143:9). ശത്രുക്കളുടെ മദ്ധ്യേ വാഴുന്ന ദൈവത്തിൻ്റെ വാഗ്ദത്ത രാജാവ് യേശുക്രിസ്തു അല്ല; യിസ്രായേലാണ്. ചരിത്രത്തിലേക്ക് നോക്കിയാലും അത് മനസ്സിലാകും. ഇസ്ലാമിക ശത്രുരാജ്യങ്ങളാൽ ചുറ്റപ്പെട്ടു കിടക്കുകയാണ് യിസ്രായേൽ. വചനവും ചരിത്രവും ഇഴചേർന്ന് കിടക്കുകയാണ്. വരുവാനിരിക്കുന്നതെല്ലാം കണ്ണുതുറന്ന് കണ്ടുകൊള്ളുക.

വാക്യം 3: നിന്റെ സേനാദിവസത്തിൽ നിന്റെ ജനം നിനക്കു സ്വമേധാദാനമായിരിക്കുന്നു; വിശുദ്ധ വസ്ത്രാലങ്കാരത്തോടുകൂടെ ഉഷസ്സിന്റെ ഉദരത്തിൽനിന്നു യുവാക്കളായ മഞ്ഞു നിനക്കു വരുന്നു.

നിന്റെ സേനാദിവസത്തിൽ നിന്റെ ജനം നിനക്കു സ്വമേധാദാനമായിരിക്കുന്നു: വാക്യത്തിൻ്റെ ആദ്യഭാഗത്തിൻ്റെ സത്യവേദപുസ്തകം സമകാലിക പരിഭാഷ: “നീ ശത്രുക്കളോടു യുദ്ധം ചെയ്യുന്ന ദിവസം നിന്‍റെ ജനം മടികൂടാതെ ആത്മസമര്‍പ്പണം ചെയ്യും.” പി.ഒ.സി. പരിഭാഷ: “വിശുദ്ധ പര്‍വതത്തിലേക്കു നീ സേനയെ നയിക്കുന്ന ദിവസം നിന്റെ ജനം മടികൂടാതെ തങ്ങളെത്തന്നെ നിനക്കു സമര്‍പ്പിക്കും.” “ദൈവത്തിൻ്റെ വലത്തുഭാഗത്തിത്തിരിക്കുന്നു” എന്നു ദാവീദ് ആത്മാവിൽ പറയുന്ന യിസ്രായേലിനോടാണ് ഇതൊക്കെ പറയുന്നത്; അല്ലാതെ യേശുവിനോടല്ല. യേശുവിനു് ഇതൊക്കെ യോജിക്കും എന്നു കരുതുന്നവർ ഏതാത്മാവിലാണ് വചനം വ്യാഖ്യാനിക്കുന്നത്? ദൈവം യിസ്രായേലിൻ്റെ  ശത്രുക്കളെയെല്ലാം അവൻ്റെ കാല്ക്കീഴിലാക്കുവാനുള്ള അന്ത്യയുദ്ധമാണ് സേനാദിവസം. ഹർമ്മഗെദ്ദോൻ എന്ന സ്ഥലത്തുവെച്ചായിരിക്കും യുദ്ധം. (വെളി, 16:16). ഈ യുദ്ധത്തിന് രണ്ട് ഘട്ടങ്ങളുണ്ട്. ആദ്യഘട്ടത്തീൽ യിസ്രായേൽ ദയനീയമായി പരാജയപ്പെടും. (യോവേ, 3:2; സെഖ, 14:2). അടുത്ത ഘട്ടത്തിൽ യിസ്രായേലിനെ എന്നേക്കുമായി നശിപ്പിക്കണമെന്ന ലക്ഷ്യത്തോടെ സർവ്വരാജ്യസഖ്യസൈന്യം ഹർമ്മഗദ്ദോനിൽ കൂടിച്ചേരും. ഈ വിഷമഘട്ടത്തിൽ തങ്ങൾ കുത്തിയവങ്കലേക്ക് നോക്കി യിസ്രായേൽ വിലപിക്കുകയും സഹായത്തിനായി അപേക്ഷിക്കുകയും ചെയ്യും. (സെഖ, 12:10; യോവേ, 3:11). അപ്പോൾ കർത്താവ് ഒലിവുമലയിൽ അവരുടെ സഹായത്തിനായി ഇറങ്ങിവരും. (സെഖ, 14:4,5; പ്രവൃ, 1:11). അന്നാളിൽ യിസ്രായേൽ ജനവും സ്വമേധാദാനമായി തങ്ങളെത്തന്നെ സമർപ്പിക്കും. (യോവേ, 3:9,10; ന്യായാ, 5:2). “ബഹുജനത്തിന്റെ ഘോഷംപോലെ പർവ്വതങ്ങളിൽ പുരുഷാരത്തിന്റെ ഒരു ഘോഷം! കൂടിയിരിക്കുന്ന ജാതികളുടെ രാജ്യങ്ങളുടെ ആരവം! സൈന്യങ്ങളുടെ യഹോവ യുദ്ധസൈന്യത്തെ പരിശോധിക്കുന്നു.” (യെശ, 13:4). 

വിശുദ്ധ വസ്ത്രാലങ്കാരത്തോടു കൂടെ ഉഷസ്സിന്റെ ഉദരത്തിൽനിന്നു യുവാക്കളായ മഞ്ഞു നിനക്കു വരുന്നു: വാക്യത്തിൻ്റെ രണ്ടാംഭാഗം സത്യവേദപുസ്തകം സമകാലിക പരിഭാഷ: “ഉഷസ്സിന്‍റെ ഉദരത്തില്‍നിന്നു പുറപ്പെടുന്ന തൂമഞ്ഞുപോലെ നിന്‍റെ യുവാക്കള്‍ നിന്‍റെ അടുക്കല്‍ വരും.” സഹസ്രാബ്ദരാജ്യത്തിൽ പഴയനിയമവിശുദ്ധന്മാർ ഉയിർത്തെഴുന്നേറ്റു വരുന്നതിനെ ഇത് സൂചിപ്പിക്കുന്നു. “നിന്റെ മൃതന്മാർ ജീവിക്കും; എന്റെ ശവങ്ങൾ എഴുന്നേല്ക്കും; പൊടിയിൽ കിടക്കുന്നവരേ, ഉണർന്നു ഘോഷിപ്പിൻ; നിന്റെ മഞ്ഞു പ്രഭാതത്തിലെ മഞ്ഞുപോലെ ഇരിക്കുന്നു; ഭൂമി പ്രേതന്മാരെ പ്രസവിക്കുമല്ലോ.” (യെശ, 26:19). രണ്ടാം സങ്കീർത്തനത്തിൻ്റെ നിവൃത്തി കൂടിയാണിത്: “ഞാൻ ഒരു നിർണ്ണയം പ്രസ്താവിക്കുന്നു: യഹോവ എന്നോടു അരുളിച്ചെയ്തതു: നീ എന്റെ പുത്രൻ; ഇന്നു ഞാൻ നിന്നെ ജനിപ്പിച്ചിരിക്കുന്നു.” (2:7. ഒ.നോ: ഇയ്യോ, 19:27; സങ്കീ, 17:15; 71:20; 88:10; 113:7; യെശ, 25:8; 51:17; 52:1,2; 60:1,2; 66:8; യെഹെ, 37:12; ദാനീ, 12:2; ഹോശേ, 6:2; മീഖാ, 5:7).

വാക്യം 4: നീ മൽക്കീസേദെക്കിന്റെ വിധത്തിൽ എന്നേക്കും ഒരു പുരോഹിതൻ എന്നു യഹോവ സത്യം ചെയ്തു, അനുതപിക്കയുമില്ല.

ദൈവം തൻ്റെ വാഗ്ദത്തസന്തതിയായ യിസ്രായേലിന് കൊടുത്ത പദവിയാണിത്. (പുറ, 19:6; സങ്കീ, 110:4; യെശ, 61:6; ഹോശേ, 4:6; സെഖ, 6:13). അഹരോന്യ ക്രമപ്രകാരമുള്ള ലേവീപൗരോഹിത്യം ആരംഭിക്കുന്നതിനു മുമ്പുതന്നെ പുരാഹിതരാജത്വം എന്ന പദവി ദൈവം യിസ്രായേൽ ജനത്തിനു മുഴുവനുമായി കൊടുത്തതായിരുന്നു. (പുറ, 19:4). എന്നാൽ പാപം നിമിത്തം ആ പദവി സാക്ഷാത്കരിക്കാൻ അവർക്കു കഴിഞ്ഞില്ല. സീനായി പർവ്വതത്തിൽ യഹോവയുടെ സന്നിധിയിൽ അവരെ കൊണ്ടുവന്നപ്പോൾ ദൈവത്തിൻ്റെ പ്രത്യക്ഷസാന്നിദ്ധ്യം അവർക്ക് അസഹ്യമായതിനാൽ തങ്ങളുടെ മദ്ധ്യസ്ഥനായി വർത്തിക്കാൻ അവർ മോശെയോട് ആവശ്യപ്പെട്ടു. (പുറ, 20:18,21). അങ്ങനെ പൗരോഹിത്യ പദവി മോശെയിലേക്കും (സങ്കീ, 99:6) അനന്തരം അഹരോനിലൂടെ ലേവീഗോത്രത്തിനു മുഴുവനുമായി നല്കപ്പെട്ടു. (പുറ, 28:1; സംഖ്യാ, 18:7). എന്നാൽ ലേവ്യാപൗരോഹിത്യം പോലെ ബലഹീനവും (എബ്രാ, 5:1-3) മാറിപ്പോകുന്നതും (എബ്രാ, 7:12) നിഷ്പ്രയോജനവുമായ (എബ്രാ, 7:18) പൗരോഹിത്യമല്ല ദൈവം തൻ്റെ വാഗ്ദത്തസന്തതിയും (2ശമൂ, 7:14; 1ദിന, 17:13) നിത്യരാജാവുമായ (ദാനീ, 7:14,18,21,27) യിസ്രായേലിന് നല്കിയത്; മൽക്കീസേദെക്കിന്റെ വിധത്തിൽ എന്നേക്കുമുള്ള പൗരോഹിത്യമാണ്. അവരുടെ രക്ഷിതാവായ യേശുക്രിസ്തുവിലൂടെയാണ് അവരുടെ എന്നേക്കമുള്ള പൗരോഹിത്യപദവി സാക്ഷാത്കരിക്കരിക്കപ്പെടുന്നത്: “നിങ്ങളോ യഹോവയുടെ പുരോഹിതന്മാർ‍ എന്നു വിളിക്കപ്പെടും; നമ്മുടെ ദൈവത്തിന്റെ ശുശ്രൂഷകന്മാർ‍ എന്നും നിങ്ങൾക്കു പേരാകും; നിങ്ങൾ ജാതികളുടെ സമ്പത്തു അനുഭവിച്ചു, അവരുടെ മഹത്വത്തിന്നു അവകാശികൾ ആയിത്തീരും.” (യെശ, 61:6). “യഹോവ സത്യം ചെയ്തു, അനുതപിക്കയുമില്ല.” യഥാർത്ഥത്തിൽ യേശുക്രിസ്തുവാണ് ഇവിടെപ്പറയുന്ന ദൈവത്തിൻ്റെ പുരോഹിതനെങ്കിൽ, അവനെ പുരോഹിതനാക്കിയതിനാൽ യഹോവ അനുതപിക്കുകയില്ല എന്നു പറയുമോ?

അന്നാളിൽ സ്വർഗ്ഗീയ രാജാവായ യഹോവയുടെയും ഭൗമികരാജാവായ യിസ്രായേലിൻ്റെയും പ്രതിനിധിയായി ഭൂമിയെ ഭരിക്കുന്നത് ദാവീദായിരിക്കും: “അവർ തങ്ങളുടെ ദൈവമായ യഹോവയെയും ഞാൻ അവർക്കു എഴുന്നേല്പിപ്പാനുള്ള രാജാവായ ദാവീദിനെയും സേവിക്കും.” (യിരെ, 30:9). അന്നാളിൽ ദാവീദ് യിസ്രായേലിൻ്റെ ഇടയനും പ്രഭുവും ആയിരിക്കും: “അവയെ മേയിക്കേണ്ടതിന്നു ഞാൻ ഒരേ ഇടയനെ അവെക്കായി നിയമിക്കും; എന്റെ ദാസനായ ദാവീദിനെ തന്നേ; അവൻ അവയെ മേയിച്ചു അവെക്കു ഇടയനായിരിക്കും. അങ്ങനെ യഹോവയായ ഞാൻ അവർക്കു ദൈവവും എന്റെ ദാസനായ ദാവീദ് അവരുടെ മദ്ധ്യേ പ്രഭുവും ആയിരിക്കും; യഹോവയായ ഞാൻ അതു അരുളിച്ചെയ്തിരിക്കുന്നു.” (യേഹെ, 34:23,24. ഒ.നോ: യെശ, 55:3,4; യിരെ, 33:15-21; യെഹെ, 37:24,25; ഹോശേ, 3:5; ആമോ, 9:11). പ്രഭു യാഗമർക്കുന്നതായും കാണാം; അതിനാൽ പൗരോഹിത്യ പദവിയും ദാവീദിനായിരിക്കും: “അന്നു പ്രഭു തനിക്കു വേണ്ടിയും ദേശത്തിലെ സകലജനത്തിന്നു വേണ്ടിയും പാപയാഗമായി ഒരു കാളയെ അർപ്പിക്കേണം.” (യെഹെ, 45:22). രാജാവും പുരോഹിതനും ഒരാളായിരിക്കുമെന്ന് വേറെയും സൂചനയുണ്ട്. (സെഖ, 6:13). പ്രഭുവായ ദാവീദ് യാഗം കഴിക്കുമ്പോൾ ആരാധന കഴിക്കുന്നതായും പറഞ്ഞിട്ടുണ്ട്: (യെഹെ, 46:2). യേശുക്രിസ്തുവാണ് ദൈവത്തിൻ്റെ വലത്തുഭാഗത്ത് ഇരിക്കുന്ന ഭൗമിക രാജാവും എന്നേക്കും പുരോഹിതനുമെന്ന് പറയുന്നവർ, അവൻ തനിക്കുവേണ്ടിയും ജനത്തിനുവേണ്ടിയും യാഗം കഴിക്കുകയും എന്നുകൂടി സമ്മതിക്കുമോ? [കാണുക: സ്വർഗ്ഗീയ രാജാവും ഭൗമിക രാജാവും, ദാവീദിൻ്റെ സന്തതിയും കർത്താവുമായ രാജാവ്]

വാക്യം 5: നിന്റെ വലത്തുഭാഗത്തിരിക്കുന്ന കർത്താവു തന്റെ ക്രോധദിവസത്തിൽ രാജാക്കന്മാരെ തകർത്തുകളയും.

നിന്റെ വലത്തുഭാഗത്തിരിക്കുന്ന കർത്താവു: ഒന്നാം വാക്യത്തിൽ ദാവീദ് “എൻ്റെ കർത്താവു” എന്ന് ആരെ സംബുധന ചെയ്യുന്നുവോ, അവനെയാണ് രണ്ടാം വാക്യം മുതൽ “നിൻ്റെ, നിൻ്റെ, നീ എന്നു മധ്യമപുരുഷനിൽ പറഞ്ഞുവന്നിട്ട്, അഞ്ചാം വാക്യത്തിൽ “നിൻ്റെ വലത്തുഭാഗത്തിരിക്കുന്ന കർത്താവു” എന്നാണ് പറയുന്നത്. അതായത്, ഒന്നാം വാക്യത്തിൽ “ദാവീദിൻ്റെ കർത്താവു” യഹോയുടെ വലത്തുഭാഗത്തു ആയിരുന്നെങ്കിൽ, അഞ്ചാം വാക്യത്തിൽ ദാവീദിൻ്റെ കർത്താവിൻ്റെ സ്ഥാനം ഇടത്തുഭാഗത്തായി. ഇവിടപ്പറുന്ന കർത്താവ് “അദോനായ്” (adonai) അഥവാ, യഹോവയാണ്. [കാണുക: Hebrew]. അഞ്ചാം വാക്യത്തിലെ കർത്താവ് യഹോവയാണെന്ന് സത്യവേദപുസ്തകം സമകാലിക പരിഭാഷയിൽനിന്ന് വ്യക്തമായി മനസ്സിലാക്കാം: “സര്‍വേശ്വരന്‍ അങ്ങയുടെ വലത്തുഭാഗത്തുണ്ട്; തന്‍റെ ക്രോധത്തിന്‍റെ ദിവസത്തില്‍ അവിടുന്നു രാജാക്കന്മാരെ തകര്‍ക്കും.” രാജാവിൻ്റെ വലത്തുഭാഗത്തു യഹോവ ഇരിക്കുന്നത് അവൻ്റെ സംരക്ഷണത്തിനാണ്: “ഞാൻ യഹോവയെ എപ്പോഴും എന്റെ മുമ്പിൽ വെച്ചിരിക്കുന്നു; അവൻ എന്റെ വലത്തുഭാഗത്തുള്ളതു കൊണ്ടു ഞാൻ കുലുങ്ങിപ്പോകയില്ല.” (സങ്കീ, 16:8. ഒ.നോ: സങ്കീ, 109:31). ഇതും യിസ്രായേലിനെക്കുറിച്ചാണ്.

കർത്താവു തന്റെ ക്രോധദിവസത്തിൽ രാജാക്കന്മാരെ തകർത്തുകളയും: യഹോവയുടെ ക്രോധദിവസം മഹോപദ്രവകാലമാണ്: “ദേശത്തെ ഒക്കെയും നശിപ്പിപ്പാൻ ദൂരദേശത്തുനിന്നും ആകാശത്തിന്റെ അറ്റത്തുനിന്നും യഹോവയും അവന്റെ കോപത്തിന്റെ ആയുധങ്ങളും വരുന്നു. യഹോവയുടെ ദിവസം സമീപിച്ചിരിക്കകൊണ്ടു മുറയിടുവിൻ; അതു സർവ്വശക്തങ്കൽനിന്നു സർവ്വനാശംപോലെ വരുന്നു.” (യെശ, 13:5. ഒ.നോ: സങ്കീ, 2:5; 21:8,9; 68:21; 149:7-9; യെശ, 13:13; 14:12; 60:12). മഹോപദ്രവത്തിൻ്റെ വിവിധ പേരൂകൾ: അന്ധകാരം, ഇരുട്ട്, കൂരിരുട്ട്: (യോവേ, 2:2; ആമോ, 5:18, 5:20; സെഫ, 1:15), ഈറ്റുനോവ്: (മത്താ, 24:8), കർത്താവിൻ്റെ ദിവസം: (2പത്രൊ, 3:10), കർത്താവിൻ്റെ നാൾ: (1തെസ്സ, 5:2; 2തെസ്സ, 2:2), കർത്താവിൻ്റെ വലുതും ഭയങ്കരവുമായ നാൾ: (പ്രവൃ, 2:20), കഷ്ടകാലം: (ദാനീ, 12:1), കുഞ്ഞാടിൻ്റെ കോപം: (വെളി, 6:16), കോപം: യെശ, 34:2; വെളി, 11:18; 1തെസ്സ, 1:19; 5:9), ക്രോധം: യെശ, 26:20; 34:2), ക്രോധകലശം: വെളി, 16:1), ക്രോധദിവസം: സങ്കീ, 105:5; സെഫ, 1:15), ജാതികളോടുള്ള വ്യവഹാരം: (യിരെ, 25:31), ദൈവകോപം: (വെളി, 14:19; 16:19), ദൈവക്രോധം: (വെളി, 15:1, 15:7), ന്യായവിധി: (വെളി, 16:5, 16:7; 19:2), പരീക്ഷാകാലം: (വെളി, 3:10), പ്രതികാരകാലം: (യെശ, 34:8; 61:2; 63:4; ലൂക്കൊ, 21:22; 2തെസ്സ, 1:6-8), മഹാകഷ്ടം: (വെളി, 7:14), മഹാകോപദിവസം: (വെളി, 6:17), യഹോവയുടെ ക്രോധദിവസം: (സെഫ, 1:18), യഹോവയുടെ ദിവസം: (യെശ, 13:6; 13:9; യോവേ, 1:15; 2:1, 2:11; 3:14; ആമോ, 5:18, 5:18, 5:20; സെഫെ, 1:7, 1:14; സെഖ, 14:1), യഹോവയുടെ നാൾ: (യെശ, 2:12; യെഹെ, 13:5; 30:3; ഓബ, 1:15), യഹോവയുടെ മഹാദിവസം: (സെഫെ, 1:14), യഹോവയുടെ വലുതും ഭയങ്കരവുമായ നാൾ: (മലാ, 4:5; യോവേ, 2:31), യാക്കോബിൻ്റെ കഷ്ടകാലം: (യിരെ, 30:7), വലിയകഷ്ടം: (മത്താ, 24:21), സംഹാരദിവസം: (സെഫ, 1:18), സർവ്വഭൂമിയിലും വരുവാൻ നിർണ്ണയിച്ചിട്ടുള്ള ഒരു സംഹാരം (യെശ, 28:22).

വാക്യം 6: അവൻ ജാതികളുടെ ഇടയിൽ ന്യായംവിധിക്കും; അവൻ എല്ലാടവും ശവങ്ങൾകൊണ്ടു നിറെക്കും; അവൻ വിസ്താരമായ ദേശത്തിന്റെ തലവനെ തകർത്തുകളയും.

“യഹോവ ജാതികളെ ന്യായംവിധിക്കുന്നു; യഹോവേ, എന്റെ നീതിക്കും പരമാർത്ഥതെക്കും തക്കവണ്ണം എന്നെ വിധിക്കേണമേ;” (സങ്കീ, 7:8). “അന്നു അവൻ കോപത്തോടെ അവരോടു അരുളിച്ചെയ്യും; ക്രോധത്തോടെ അവരെ ഭ്രമിപ്പിക്കും.” (സങ്കീ, 2:5). “യഹോവെക്കു സകലജാതികളോടും കോപവും അവരുടെ സർവ്വസൈന്യത്തോടും ക്രോധവും ഉണ്ടു; അവൻ അവരെ ശപഥാർപ്പിതമായി കുലെക്കു ഏല്പിച്ചിരിക്കുന്നു. അവരുടെ ഹതന്മാരെ എറിഞ്ഞുകളയും; അവരുടെ ശവങ്ങളിൽനിന്നു നാറ്റം പുറപ്പെടും; അവരുടെ രക്തം കൊണ്ടു മലകൾ ഒഴുകിപ്പോകും.” (യെശ, 34:2,3). “യഹോവ തന്റെ കോപത്തെ ഉഗ്രതയോടും തന്റെ ശാസനയെ അഗ്നിജ്വാലകളോടും കൂടെ നടത്തുവാൻ അഗ്നിയിൽ പ്രത്യക്ഷമാകും; അവന്റെ രഥങ്ങൾ ചുഴലിക്കാറ്റുപോലെയിരിക്കും. യഹോവ അഗ്നികൊണ്ടും വാൾകൊണ്ടും സകലജഡത്തോടും വ്യവഹരിക്കും; യഹോവയുടെ നിഹതന്മാർ‍ വളരെ ആയിരിക്കും. (യെശ, 66:15,16. ഒ.നോ: സങ്കീ, 18:38; 21:8,9; 68;21; 78:49,50; യെശ, 13:13; 42:13; 66:6,16; യെഹെ, 30:3; 38:22; സെഖ, 1:15; 14:12).

വാക്യം 7: അവൻ വഴിയരികെയുള്ള തോട്ടിൽനിന്നു കുടിക്കും; അതുകൊണ്ടു അവൻ തല ഉയർത്തും.

യിസ്രായേലെന്ന രാജാവാണ് വഴിയരികെയുള്ള തോട്ടിൽനിന്ന് കുടിക്കുന്നത്. ഇ.ആർ.വി. പരിഭാഷ: “വഴിയോരത്തിലെ അരുവിയിൽനിന്ന് രാജാവ് വെള്ളം കുടിക്കും. പിന്നെയവൻ തലയുയർത്തുകയും ബലവാനാകുകയും ചെയ്യും!” സഹസ്രാബ്ദ രാജ്യത്തിലെ സൗജന്യമായ രക്ഷയെയും അനുഗ്രഹത്തെയുമാണ് “തോട്ടിൽനിന്നു കുടിക്കും” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്: “അതുകൊണ്ടു നിങ്ങൾ സന്തോഷത്തോടെ രക്ഷയുടെ ഉറവുകളിൽനിന്നു വെള്ളം കോരും.” (യെശ, 12:3). ഇതുംനോക്കുക: “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾക്കു കുടിപ്പാൻ വേണ്ടി ഞാൻ അവൾക്കു നദിപോലെ സമാധാനവും കവിഞ്ഞൊഴുകുന്ന തോടുപോലെ ജാതികളുടെ മഹത്വവും നീട്ടിക്കൊടുക്കും.” (യെശ, 66:12). “സമുദ്രം വെള്ളംകൊണ്ടു നിറഞ്ഞിരിക്കുന്നതുപോലെ ഭൂമി യഹോവയുടെ പരിജ്ഞാനംകൊണ്ടു പൂർണ്ണമായിരിക്കയാൽ എന്റെ വിശുദ്ധപർവ്വതത്തിൽ എങ്ങും ഒരു ദോഷമോ നാശമോ ആരും ചെയ്കയില്ല.” (യെശ, 11:9). “എഴുന്നേറ്റു പ്രകാശിക്ക; നിന്റെ പ്രകാശം വന്നിരിക്കുന്നു; യഹോവയുടെ തേജസ്സും നിന്റെമേൽ ഉദിച്ചിരിക്കുന്നു. അന്ധകാരം ഭൂമിയെയും കൂരിരുട്ടു ജാതികളെയും മൂടുന്നു; നിന്റെമേലോ യഹോവ ഉദിക്കും; അവന്റെ തേജസ്സും നിന്റെമേൽ പ്രത്യക്ഷമാകും. ജാതികൾ നിന്റെ പ്രകാശത്തിലേക്കും രാജാക്കന്മാർ‍ നിന്റെ ഉദയശോഭയിലേക്കും വരും.” (യെശ, 60:1-3). മഹാദൈവമായ യേശുക്രിസ്തു തോട്ടിലെ വെള്ളംകുടിച്ച് ബലവാനായിട്ട് ഭൂമിയെ ഭരിക്കുമെന്നോർത്ത് ആരും മഞ്ഞുകൊള്ളണ്ട; അവൻ ഭൗമികരാജാവല്ല; സ്വർഗ്ഗത്തിലെ നിത്യരാജാവാണ്. (യോഹ, 18:36; യിരെ, 10:10).

സങ്കീർത്തനം പുതിയനിയമത്തിൽ

പുതിയനിയമത്തിൽ ഏറ്റവും കൂടുതൽ ഉദ്ധരണികൾ ഉള്ളത് ഈ സങ്കീർത്തനത്തിൽ നിന്നാണ്. ഒന്നാം വാക്യം പുതിയനിയമത്തിൽ അഞ്ചുപ്രാവശ്യം ഉദ്ധരിച്ചിട്ടുണ്ട്. (മത്താ, 22:44; മർക്കൊ, 12:36; ലൂക്കൊ, 20:42; പ്രവൃ, 12:35; എബ്രാ, 1:13). യേശുക്രിസ്തു ദൈവത്തിൻ്റെ വലത്തുഭാഗത്തേക്ക് ആരോഹണം ചെയ്തതായും വലത്തുഭാഗത്തു ഇരിക്കുന്നതായും അനേകം വാക്യങ്ങളുണ്ട്. (മത്താ, 26:64; മർക്കൊ, 14:62; 16:19; ലൂക്കൊ, 22:69; റോമ, 8:34; എഫെ, 1:21; കൊലൊ, 3:1; എബ്രാ, 1:3; 8:1; 10:12,13; 12:2; 1പത്രൊ, 3:22). നാലാം വാക്യം രണ്ടുപ്രാവശ്യം ഉദ്ധരിച്ചിട്ടുണ്ട്. (എബ്രാ, 5:6; 7:17). ഈ വാക്യം യേശുക്രിസ്തുവിൽ മൂന്നുവട്ടം ആരോപിച്ചിട്ടുണ്ട്. (എബ്രാ, 5:10; 620; 7:21). സ്വർഗ്ഗാരോഹണം ചെയ്ത യേശുക്രിസ്തു മറ്റൊരു വ്യക്തിയായി ദൈവത്തിൻ്റെ വലത്തുഭാഗത്തിരുന്നു പൗരോഹിത്യശുശ്രൂഷ ചെയ്യുന്നു എന്ന വീക്ഷണത്തിൻ്റെ അടിസ്ഥാനം ഇതാണ്.

പഴയനിയമത്തിൽ ദാവീദിൻ്റെ പുത്രനും ദാവീദിന്റെ കർത്താവും എന്നേക്കും പുരോഹിതനുമായ ദൈവത്തിൻ്റെ ക്രിസ്തുവിനെ അറിയാത്തതാണ് പലരുടെയും പ്രശ്നം. ദാവീദിൻ്റെ വാഗ്ദത്ത സന്തതിയും ദാവീദിൻ്റെ രാജാവായ കർത്താവും എന്നേക്കും പുരോഹിതനും ദൈവത്തിൻ്റെ യഥാർത്ഥ ക്രിസ്തുവും യിസ്രായേലാണ്. ജഡത്താലുള്ള ബലഹീനത നിമിത്തം യിസ്രായേലിന് ദൈവം നല്കിയ വാഗ്ദത്തങ്ങൾ സാക്ഷാത്കരിക്കാൻ അവനു് കഴിഞ്ഞിരുന്നില്ല. (റോമ, 8:3). തൻ്റെ സ്വന്തജനമായ യിസ്രായേലിനെ അവരുടെ പാപങ്ങളിൽ നിന്ന് രക്ഷിച്ച് അവരുടെ വാഗ്ദത്തങ്ങൾ അവർക്ക് സാക്ഷാത്കരിച്ചു കൊടുക്കാനാണ് അവരുടെ ദൈവം യേശുവെന്ന നാമത്തിൽ അവരുടെ പദവികളുമായി മനുഷ്യനായി വെളിപ്പെട്ടത്. അതാണ്, പിതാവും ക്രിസ്തുവും എന്ന ദൈവമർമ്മം അഥവാ, ദൈവഭക്തിയുടെ മർമ്മം: (കൊലൊ, 2:2; 1തിമൊ, 3:14-16).(കാണുക: യിസ്രായേലിൻ്റെ പദവികൾ). ക്രിസ്തു ആരാണെന്നറിഞ്ഞാൽ, ബൈബിളിലെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരംകുട്ടും. [കാണുക: ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക, പിതാവു് മാത്രം സത്യദൈവം]

6 thoughts on “നൂറ്റിപ്പത്താം സങ്കീർത്തനം”

Leave a Reply

Your email address will not be published. Required fields are marked *