ക്രിസ്തു ക്രൂശിക്കപ്പെട്ടത് ബുധനാഴ്ചയാണെന്നും വ്യാഴാഴ്ചയാണെന്നും കരുതുന്നവരുണ്ട്. എന്നാൽ അല്ല. മനുഷ്യനായ ക്രിസ്തുയേശു ദൈവത്തിനും മനുഷ്യർക്കുമിടയിൽ മദ്ധ്യസ്ഥനായ മഹാപുരോഹിതനായി നിന്നുകൊണ്ട്, ദൈവകുഞ്ഞാടായി ദൈവത്തിന് സൗരഭ്യവാസനയായി തന്നെത്തന്നെ അർപ്പിച്ചത്, AM 3793 (AD 33) വെള്ളിയാഴ്ച (Abib/Nisan 15) ഉച്ചതിരിഞ്ഞ് മൂന്നു മണിക്കാണ്. ദൈവം അവനെ മരണത്തിൽനിന്ന് ഉയിർപ്പിച്ചത് ഞായറാഴ്ച (Abib/Nisan 17) രാവിലെയായിരുന്നു.
❶ പെസഹയും പുളിപ്പില്ലാത്തപ്പവും:
➦ “ഒന്നാംമാസം പതിന്നാലം തിയ്യതി സന്ധ്യാസമയത്തു യഹോവയുടെ പെസഹ.” (ലേവ്യ, 23:5). “ആട്ടിൻ കുട്ടി ഊനമില്ലാത്തതും ഒരു വയസ്സു പ്രായമുള്ള ആണുമായിരിക്കേണം; അതു ചെമ്മരിയാടോ കോലാടോ ആകാം. ഈ മാസം പതിന്നാലാം തിയ്യതിവരെ അതിനെ സൂക്ഷിക്കേണം. യിസ്രായേൽസഭയുടെ കൂട്ടമെല്ലാം സന്ധ്യാസമയത്തു അതിനെ അറുക്കേണം.” (പുറ, 12:5-6). യഹൂദന്മാരുടെ ദിവസം ആരംഭിക്കുന്നത് സന്ധ്യ (6 PM) മുതലാണ്. ഈ വേദഭാഗങ്ങളിൽ പറയുന്നത്, നീസാൻ 14 അവസാനിക്കുന്ന സന്ധ്യയാണ്. ഈ സമയത്താണ് പെസഹക്കുഞ്ഞാടിനെ അറുത്ത് പെസഹ ഒരുക്കേണ്ടത്. സൂര്യൻ പൂർണ്ണമായും അസ്തമിച്ചു കഴിയുമ്പോൾ നീസാൻ15 ആരംഭിക്കുന്നു. ആ രാത്രിയിലാണ് പെസഹാ ഭക്ഷിക്കുന്നത്. “അന്നു രാത്രി അവർ തീയിൽ ചുട്ടതായ ആ മാംസവും പുളിപ്പില്ലാത്ത അപ്പവും തിന്നേണം; കൈപ്പുചീരയോടുകൂടെ അതു തിന്നേണം.” (പുറ, 12:8). കുഞ്ഞാടിന്റെ മാംസവും പുളിപ്പില്ലാത്ത അപ്പവും കഴിക്കുന്നതോടൊപ്പം ഏഴു ദിവസം നീണ്ടുനിൽക്കുന്ന പുളിപ്പില്ലാത്ത അപ്പത്തിൻ്റെ പെരുന്നാൾ ആരംഭിക്കുന്നു: “ഒന്നാം മാസം പതിന്നാലാം തിയ്യതി വൈകുന്നേരം മുതൽ ആ മാസം ഇരുപത്തൊന്നാം തിയ്യതി വൈകുന്നേരംവരെ നിങ്ങൾ പുളിപ്പില്ലാത്ത അപ്പം തിന്നേണം.” (പുറ, 12:18; സംഖ്യാ, 28:17).
☛ സത്യവേദപുസ്തകത്തിൽ ലേവ്യർ 23:5-ൽ ‘സന്ധ്യാസമയത്തു’ എന്നും പുറപ്പാട് 12:18-ൽ ‘വൈകുന്നേരം’ എന്ന് പറയുന്നതും സംശയം ജനിപ്പിക്കുന്നതാണ്. യഥാർത്ഥത്തിൽ അത് തിരിച്ചാണ് വരേണ്ടത്. BSI-യുടെതന്നെ സത്യവേദപുസ്തകം CL കാണുക. ലേവ്യരിൽ ഉപയോഗിച്ചിരിക്കുന്നത് ‘Bein Ha-Arbayim’ എന്ന പ്രയോഗമാണ്. ഇതിൻ്റെ അർത്ഥം: ‘രണ്ട് സന്ധ്യകൾക്കിടയിൽ’ (between th evening) എന്നാണ്. മലയാളത്തിൽ അത് വൈകുന്നേരമാണ്. വൈകുന്നേരം (evening) എന്നാൽ പകലിന്റെ അവസാനഭാഗവും രാത്രിയുടെ തുടക്കവുമായ സമയമാണ്. എന്നാൽ പുറപ്പാടിൽ ഉപയോഗിച്ചിരിക്കുന്ന ‘Beaerev’ എന്ന എബ്രായ പദത്തിന്, ‘സന്ധ്യാസമയത്തു’ (in the evening) എന്നാണർത്ഥം. സൂര്യൻ അസ്തമിക്കുന്ന സമയമാണ് സന്ധ്യാസമയം (സായംകാലം) എന്ന് പറയുന്നത്. അതായത്, നീസാൻ 14 അവസാനിക്കുന്നതും 15 ആരംഭിക്കുന്നതുമായ വൈകുന്നേരത്താണ് പെസഹാക്കുഞ്ഞാടിനെ അറുത്ത് പാകം ചെയ്യേണ്ടത്. സൂര്യൻ അസ്തമിച്ചു കഴിഞ്ഞാൽ നീസാൻ 15 ആരംഭിക്കുന്നു. ഈ രാത്രിയിലാണ് പെസഹ ഭക്ഷിക്കുന്നത്: (പുറ, 12:8). ലളിതമായി പറഞ്ഞാൽ: “നീസാൻ 14-ന് പകൽ അവസാനിക്കുന്നതിന് മുമ്പ് (സൂര്യൻ അസ്തമിക്കുന്നതിന് മുമ്പ്) കുഞ്ഞാടിനെ അറുത്ത് പാകം ചെയ്യുന്നു. സൂര്യൻ അസ്തമിച്ച് നീസാൻ 15 ആരംഭിക്കുന്ന രാത്രിയിൽ പെസഹ ഭക്ഷിക്കുന്നു.” സംഹാരകൻ കടന്നുപോയതതും ആ രാത്രിയിലാണ്: (പുറ, 12:23).
❷ പെസഹ എന്ന പുളിപ്പില്ലാത്ത അപ്പം:
➦ ഒന്നാം നൂറ്റാണ്ടായപ്പോഴേക്കും പെസഹയും (നീസാൻ 14) പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാളും (നീസാൻ 15-21) ചേർത്ത് ഒരൊറ്റ ആഘോഷമായിട്ടാണ് കണ്ടിരുന്നത്: “രണ്ടു ദിവസം കഴിഞ്ഞിട്ടു പെസഹയുടെയും പുളിപ്പില്ലാത്ത അപ്പത്തിന്റെയും ഉത്സവം ആയിരുന്നു.” (മർക്കൊ 14:1). “പെസഹ എന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാൾ അടുത്തു.” (ലൂക്കൊ, 22:1). അതിനാൽ ഈ എട്ടു ദിവസത്തെയും പൊതുവായി “പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാൾ” എന്നാണ് വിളിച്ചിരുന്നത്:
☛ പെസഹക്കുഞ്ഞാടിനെ അറുക്കുന്ന നീസാൻ 14-നെ “പുളിപ്പില്ലാത്ത അപ്പത്തിന്റെ ഒന്നാം നാൾ” എന്നാണ് വിളിച്ചിരുന്നത്: “പെസഹകുഞ്ഞാടിനെ അറുക്കുന്നതായ പുളിപ്പില്ലാത്ത അപ്പത്തിന്റെ ഒന്നാം നാളിൽ” (മർക്കൊ, 14:12), “പെസഹകുഞ്ഞാടിനെ അറുക്കേണ്ടുന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാൾ” (ലൂക്കൊ, 23:7) എന്നീ പ്രയോഗങ്ങൽ നോക്കുക.
☛ ശിഷ്യന്മാർ പെസഹ ഒരുക്കിയത് നീസാൻ 14-ൻ്റെ പകലിലാണ്. അന്ന് ഉച്ചയ്ക്ക് ശേഷമാണ് ദൈവാലയത്തിൽ കുഞ്ഞാടുകളെ അറുക്കുന്നത്: “പെസഹകുഞ്ഞാടിനെ അറുക്കുന്നതായ പുളിപ്പില്ലാത്ത അപ്പത്തിന്റെ ഒന്നാം നാളിൽ ശിഷ്യന്മാർ അവനോടു: നീ പെസഹ കഴിപ്പാൻ ഞങ്ങൾ എവിടെ ഒരുക്കേണം എന്നു ചോദിച്ചു. അവൻ ശിഷ്യന്മാരിൽ രണ്ടുപേരെ അയച്ചു; നഗരത്തിൽ ചെല്ലുവിൻ; അവിടെ ഒരു കുടം വെള്ളം ചുമന്നുകൊണ്ടു ഒരു മനുഷ്യൻ നിങ്ങളെ എതിർപെടും. …….. ശിഷ്യന്മാർ പുറപ്പെട്ടു നഗരത്തിൽ ചെന്നു അവൻ തങ്ങളോടു പറഞ്ഞതുപോലെ കണ്ടു പെസഹ ഒരുക്കി.” (മർക്കൊ, 14:12-16 – ലൂക്കൊ, 22:7-13). അതായത്, പുളിപ്പില്ലാത്ത അപ്പത്തിൻ്റെ ഒന്നാംനാളിൽ (നീസാൻ 14) ഉച്ചയ്ക്ക് ശേഷമാണ് പത്രോസും യോഹന്നാനും പോയി യേശു പറഞ്ഞ മാളികമുറി കണ്ടെത്തി, അവിടെ കുഞ്ഞാടിനെ അറുത്ത് പാകം ചെയ്യുകയും പുളിപ്പില്ലാത്ത അപ്പം, കയ്പുള്ള ചീര, വീഞ്ഞ് എന്നിവ സജ്ജീകരിക്കുകയും ചെയ്തത്.
☛ പുളിപ്പില്ലാത്ത അപ്പത്തിൻ്റെ ഒന്നാം നാളായ നീസാൻ 14 കഴിഞ്ഞുള്ള സന്ധ്യയിൽ അഥവാ, നീസാൻ 15-ൻ്റെ ആരംഭത്തിലാണ് യേശുവും ശിഷ്യന്മാരും പെസഹ ഭക്ഷിച്ചത്: “സന്ധ്യയായപ്പോൾ അവൻ പന്ത്രണ്ടു ശിഷ്യന്മാരോടുകൂടെ പന്തിയിൽ ഇരുന്നു.” (മത്താ, 26:20 – മർക്കൊ, 14:17; ലൂക്കൊ, 22:14).
➦ യേശുവും ശിഷ്യന്മാരും പെസഹാ ഭക്ഷിച്ച നീസാൻ 15-ൻ്റെ രാത്രിയാണ് യേശുവിനെ അറസ്റ്റ് ചെയ്തത്. ആ രാത്രിമുതൽതന്നെ വിസ്താരം ആരംഭിച്ചു. ആദ്യം ഹന്നാവാണ് വാസ്തരിച്ചത്: “ഒന്നാമതു ഹന്നാവിന്റെ അടുക്കൽ കൊണ്ടുപോയി; അവൻ ആ സംവത്സരത്തെ മഹാപുരോഹിതനായ കയ്യഫാവിന്റെ അമ്മായപ്പൻ ആയിരുന്നു.” (യോഹ, 18:13). ഹന്നാവ് കയ്യഫാഫിൻ്റെ അടക്കലേക്കു അയച്ചു: “ഹന്നാവു അവനെ കെട്ടപ്പെട്ടവനായി മഹാപുരോഹിതനായ കയ്യഫാവിന്റെ അടുക്കൽ അയച്ചു.” (യോഹ, 18:24).
☛ “പുലർച്ചെക്കു അവർ യേശുവിനെ കയ്യഫാവിന്റെ അടുക്കൽ നിന്നു ആസ്ഥാനത്തിലേക്കു കൊണ്ടുപോയി; തങ്ങൾ അശുദ്ധമാകാതെ പെസഹ കഴിപ്പാന്തക്കവണ്ണം ആസ്ഥാനത്തിൽ കടന്നില്ല.” (യോഹ, 18:28). ആസ്ഥാനം പീലാത്തൊസിൻ്റെ വസതിയാണ്: “പുലർച്ചെക്കു മഹാപുരോഹിതന്മാരും ജനത്തിന്റെ മൂപ്പന്മാരും എല്ലാം യേശുവിനെ കൊല്ലുവാൻ കൂടിവിചാരിച്ചു, അവനെ ബന്ധിച്ചു കെണ്ടുപോയി നാടുവാഴിയായ പീലാത്തൊസിനെ ഏല്പിച്ചു.” (മത്താ, 27:1-2).
❸ പെസഹ ഭക്ഷിച്ചിരുന്നില്ല:
➦ പിലാത്തൊസിൻ്റെ ആസ്ഥാനത്തുവെച്ച് സംഭവിച്ച ഒരു കാര്യം യോഹന്നാൻ പറയുന്നത് ശ്രദ്ധിക്കുക: “തങ്ങൾ അശുദ്ധമാകാതെ പെസഹ കഴിപ്പാന്തക്കവണ്ണം ആസ്ഥാനത്തിൽ കടന്നില്ല.” (യോഹ, 18:28). യെഹൂദന്മാർ യേശുവിനെ ക്രൂശിക്കുന്നതുവരെ പെസഹ ഭക്ഷിച്ചിരുന്നില്ല.
☛ അതായത്, യേശുവും ശിഷ്യന്മാരും നിസാൻ 15 ആരംഭിച്ച രാത്രിയിലും യേശുവിനെ ക്രൂശിച്ച യെഹൂദന്മാർ അവനെ ക്രൂശിച്ചശേഷം, നീസാൻ 15-ൻ്റെ പകലിലുമാണ് പെസഹ ഭക്ഷിച്ചത്.
❹ ക്രൂശിക്കപ്പെട്ട ദിവസം (The day of the crucifixion):
➦ യേശുവിനെ ക്രൂശിച്ച ദിവസം ‘ഒരുക്കനാൾ’ (The day of the preparation) ആയിരുന്നു എന്ന് നാല് സുവിശേഷകന്മാരും രേഖപ്പെടുത്തിയിട്ടുണ്ട്: യേശു ക്രൂശിക്കപ്പെട്ടതും (യോഹ, 19:31), അരിമത്ഥ്യയിലെ യോസേഫ് പീലാത്തൊസിനോടു ശരീരം ചോദിച്ചതും (മർക്കൊ, 15:42), അവനെ അടക്കിയതും ഒരുക്കനാളിലാണ്: (ലൂക്കൊ, 25:53; യോഹ, 19:42). ഒരുക്കനാൾ കഴിയുന്ന സന്ധ്യ മുതലാണ് (6 PM) ശബ്ബത്ത് ആരംഭിക്കുന്നത്. ഒരുക്കനാളിൻ്റെ പിറ്റേ ദിവസമായ ശബ്ബത്തിലാണ് മഹാപുരോഹിതന്മാരും പരീശന്മാരും പീലാത്തൊസിൻ്റെ അനുവാദം വാങ്ങി കല്ലെറ അടച്ചുറപ്പാക്കിയത്: (മത്താ, 27:62-66). ശബ്ബത്തിൻ്റെ തലേനാൾ ആയ വെള്ളിയാഴ്ച ദിവസത്തെയാണ്, ‘ഒരുക്കനാൾ’ എന്ന് പറയുന്നത്.
☛ അതായത്, യേശുവും അപ്പൊസ്തലന്മാരും പെസഹ ഭക്ഷിച്ച നീസാൻ 15 വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്നുമണിക്കാണ്, നമ്മുടെ പെസഹക്കുഞ്ഞാടായ ക്രിസ്തു നമുക്കുവേണ്ടി അറുക്കപ്പെട്ടത്: (1കൊരി, 5:7). അന്നുതന്നെ ശബ്ബത്ത് ആരംഭിക്കുന്നതിന് മുമ്പെ യേശുവിനെ അടക്കി (ലൂക്കൊ, 23:53). മുന്നാം ദിവസം നീസാൻ 17-ന് ഞായറാഴ്ച ആദ്യഫലക്കറ്റ യഹോവയ്ക്ക് നീരാജനം ചെയ്യുന്ന ആദ്യഫല പെരുനാളിൻ്റെ അന്ന് യേശു ആദ്യഫലമായി ഉയിർത്തെഴുന്നേറ്റു: (ലേവ്യ, 23:10-11 – 1കൊരി, 15:23). “അവൻ ആഴ്ചവട്ടത്തിന്റെ ഒന്നാം നാൾ രാവിലെ ഉയിർത്തെഴുന്നേറ്റിട്ടു താൻ ഏഴു ഭൂതങ്ങളെ പുറത്താക്കിയിരുന്ന മഗദലക്കാരത്തി മറിയെക്കു ആദ്യം പ്രത്യക്ഷനായി.” (മർക്കൊ, 16:9 – മത്താ, 28:1; മർക്കൊ, 16:2; ലൂക്കൊ, 24:1; യോഹ, 20:1).
❺ 11 തെളിവുകൾ:
➦ യേശു മുന്നാം ദിവസം ഉയിർത്തെഴുന്നേറ്റു എന്നതിൻ്റെ പതിനൊന്ന് തെളിവുകൾ വചനത്തിലുണ്ട്: “അവർ അവനെ കൊല്ലുകയും മൂന്നാം നാൾ അവൻ ഉയിർത്തെഴുന്നേൽക്കയും ചെയ്യും എന്നു പറഞ്ഞു; അവരോ ഏറ്റവും ദുഃഖിച്ചു.” (മത്താ, 17:23 ⁃⁃ മത്താ, 16:21; മത്താ, 20:19; ലൂക്കൊ, 9:22; ലൂക്കൊ, 18:33; ലൂക്കൊ, 24:7; ലൂക്കൊ, 24:21; ലൂക്കൊ, 24:46; യോഹ, 2:19). “ദൈവം അവനെ മൂന്നാം നാൾ ഉയിർത്തെഴുന്നേല്പിച്ചു,” (പ്രവൃ,10:40). “തിരുവെഴുത്തുകളിൻ പ്രകാരം മൂന്നാംനാൾ ഉയിർത്തെഴുന്നേറ്റു.” (1കൊരി, 15:4). യോനായുടെ അടയാളം മുറുകെപ്പിടിക്കുന്നവർ ഈ പതിനൊന്ന് തെളിവുകളെ എന്ത് ചെയ്യും? യോനായുടെ അടയാളപ്രകാരം മൂന്ന് രാവും മൂന്ന് പകലും (72 മണിക്കൂർ) യേശു കല്ലറക്കുള്ളിൽ ഇരുന്നാൽ യേശുവിന് മൂന്നാം നാൾ ഉയിർക്കാൻ പറ്റുമോ? ➟വചനത്തെ വചനംകൊണ്ടല്ലേ വ്യാഖ്യാനിക്കേണ്ടത്?
☛ എ.ഡി. 33 ഏപ്രിൽ 3 വെള്ളിയാഴ്ച മരിച്ചടക്കപ്പെട്ട യേശു മൂന്നാം ദിവസമായ എ.ഡി. 33 ഏപ്രിൽ 5 ഞായറാഴ്ച രാവിലെ ഉയിർത്തെഴുന്നേറ്റു. അന്നാണ് ആദ്യഫലത്തിൻ്റെ പെരുനാൾ.
❻ മർക്കൊസിൻ്റെ വിവരണം:
➦ മർക്കൊസിൻ്റെയും ലൂക്കൊസിൻ്റെയും വിവരണത്തിൽ ചെറിയ വ്യത്യാസം കാണാം: “ശബ്ബത്തു കഴിഞ്ഞശേഷം മഗ്ദലക്കാരത്തി മറിയയും യാക്കോബിന്റെ അമ്മ മറിയയും ശലോമയും ചെന്നു അവനെ പൂശേണ്ടതിന്നു സുഗന്ധവർഗ്ഗം വാങ്ങി. ആഴ്ചവട്ടത്തിന്റെ ഒന്നാം നാൾ അതികാലത്തു സൂര്യൻ ഉദിച്ചപ്പോൾ അവർ കല്ലറെക്കൽ ചെന്നു.” (മർക്കൊ, 16:1-2).
☛ ലൂക്കൊസിൻ്റെ വിവരണം:
➦ “ഗലീലയിൽ നിന്നു അവനോടുകൂടെ പോന്ന സ്ത്രീകളും പിന്നാലെ ചെന്നു കല്ലറയും അവന്റെ ശരീരം വെച്ച വിധവും കണ്ടിട്ടു മടങ്ങിപ്പോയി സുഗന്ധവർഗ്ഗവും പരിമളതൈലവും ഒരുക്കി; കല്പന അനുസരിച്ചു ശബ്ബത്തിൽ സ്വസ്ഥമായിരന്നു.” (ലൂക്കൊ, 23:54-55). “അവർ ആരെന്നാൽ മഗ്ദലക്കാരത്തി മറിയ, യോഹന്നാ, യാക്കോബിന്റെ അമ്മ മറിയ എന്നവർ തന്നേ. അവരോടുകൂടെയുള്ള മറ്റു സ്ത്രീകളും അതു അപ്പൊസ്തലന്മാരോടു പറഞ്ഞു.” (ലൂക്കൊ, 24:10),
☛ രണ്ടിടത്ത് പറയുന്നതും മൂന്ന് സ്ത്രീകളുടെ പേരാണ്: മർക്കൊസിലും ലൂക്കൊസിലും മഗ്ദലക്കാരത്തി മറിയയും യാക്കോബിന്റെ അമ്മ മറിയയുമുണ്ട്. എന്നാൽ മൂന്നാമത്തെ സ്ത്രീയുടെ പേര് മർക്കൊസ് ‘ശലോമ’ എന്ന് പറയുമ്പോൾ, ലൂക്കൊസ് ‘യോഹന്നാ’ എന്നാണ് പറയുന്നത്. അവരോടുകൂടെ മറ്റു സ്ത്രീകളും ഉണ്ടായിരുന്നതായി ലൂക്കൊസ് പറഞ്ഞിട്ടുണ്ട്: (24:10). നാല് സുവിശേഷങ്ങളും ചേർത്ത് പഠിച്ചാൽ, കല്ലറ കാണാൻ അഞ്ചിലേറെ സ്ത്രീകൾ ഉണ്ടായിരുന്നു എന്ന് കാണാൻ കഴിയും. (മത്താ, 27:61, 28:1; മർക്കൊ, 15:47, 16:1-3; ലൂക്കൊ, 23:54,55, 24:1; യോഹ, 20:1). അതിൽ, മൂന്നുപേരുടെ പേരുവീധമാണ് രണ്ടുപേരും പറഞ്ഞിരിക്കുന്നത്. അതിനാലാണ് ഒരു പേരിൽ വ്യത്യാസം വന്നിരിക്കുന്നത്. എന്നാൽ രണ്ടുപേരുടെ വിവരണത്തിലും “മഗ്ദലക്കാരത്തി മറിയത്തെയും യാക്കോബിന്റെ അമ്മ മറിയത്തെയും” പരാമർശിച്ചിരിക്കയാൽ അവർ ഒറ്റക്കൂട്ടമായിരുന്നു എന്ന് മനസ്സിലാക്കാം.
☛ ഇവിടുത്തെ വ്യത്യാസം എന്താണെന്ന് ചോദിച്ചാൽ: “ശബ്ബത്തു കഴിഞ്ഞശേഷം സുഗന്ധവർഗ്ഗം വാങ്ങി” എന്നാണ് മർക്കൊസ് പറയുന്നത്. എന്നാൽ ലൂക്കൊസാകട്ടെ: “സുഗന്ധവർഗ്ഗവും പരിമളതൈലവും ഒരുക്കി ശബ്ബത്തിൽ സ്വസ്ഥമായിരന്നു” എന്നാണ് പറയുന്നത്. ഇതാണ് ആ ആഴ്ചയിൽ രണ്ട് ശബ്ബത്ത് ഉണ്ടായിരുന്നു എന്ന് തെറ്റിദ്ധരിക്കാൻ കാരണം. എന്നാൽ ഇതൊരു പരിഭാഷപ്രശ്നമാകാം. ഇനി, വിവരണം സത്യമാണെന്ന് വന്നാലും രണ്ട് വ്യത്യസ്ത ശബ്ബത്താകുമോ? ആകില്ല.
☛ കാരണം, ഇവിടുത്തെ പ്രധാനവിഷയം യേശുവിൻ്റെ കല്ലെറക്കൽച്ചെന്ന് പരിമളതൈലം പൂശുക എന്നതാണ്: “ആഴ്ചവട്ടത്തിൻ്റെ ഒന്നാം നാൾ അതികാലത്ത് അവർ കല്ലറെക്കൽ എത്തി” എന്നാണ് രണ്ട് സുവിശേഷകന്മാരും അഭിന്നമായി പറഞ്ഞിരിക്കുന്നത്: (മർക്കൊ, 16:2 ⁃⁃ ലൂക്കൊ, 24:1). ആഴ്ചവട്ടത്തിൻ്റെ ഒന്നാമത്തെ ദിവസം ഞായറാഴ്ചയാണെന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാകില്ല. രണ്ട് വ്യത്യസ്ത ശബ്ബത്തുകളുടെ വിവരണമാണ് സുവിശേഷകന്മാർ നല്കിയിരുന്നതെങ്കിൽ, രണ്ട് ശബ്ബത്ത് കഴിഞ്ഞശേഷവും അവർ സുഗന്ധവർഗ്ഗം പൂശാൻ കല്ലെറക്കൽ വന്നതായി പറയുമായിരുന്നു. ആഴ്ചയുടെ ഒന്നാം നാളായ ഞായറാഴ്ചയല്ലാതെ മറ്റൊരു ദിവസം കല്ലെക്കൽ വന്നതായി തെളിവില്ല.
❽ ബുധനാഴ്ച വാദികളുടെ കെണി:
➦ അവർ കരുതുന്നപോലെ, മർക്കൊസും ലൂക്കൊസും രണ്ട് വ്യത്യസ്ത ശബ്ബത്തുകളെക്കുറിച്ചാണ് പറഞ്ഞിരിക്കുന്നതെങ്കിൽ, രണ്ട് ശബ്ബത്തിനും ഓരോ ഒരുക്കനാളും ഉണ്ട്. ശബ്ബത്തിൻ്റെ തലേനാളായ ഒരുക്കനാളിലാണ് യേശു മരിച്ചടക്കപ്പെട്ടതെന്ന് രണ്ടുപേരും വ്യക്തമായി പറഞ്ഞിട്ടുമുണ്ട്: (മർക്കൊ, 15:42 – ലൂക്കൊ, 23:53). അതിൽ ശ്രദ്ധേയമായ കാര്യം എന്താണെന്നു ചോദിച്ചാൽ: മർക്കൊസ് പറയുന്ന സ്ത്രികളും ലൂക്കൊസ് പറയുന്ന സ്ത്രീകളും യേശുവിൻ്റെ ക്രൂശീകരണവും അടക്കവും കണ്ടവരാണ്: (മർക്കൊ, 15:40,47 – ലൂക്കൊ, 23:54). അപ്പോൾ മർക്കൊസും ലൂക്കൊസും പറയുന്നത് രണ്ട് വ്യത്യസ്ത ഒരുക്കനാളിനെക്കുറിച്ച് ആണെങ്കിൽ, യേശു രണ്ട് ഒരുക്കനാളിലും മരിച്ചടക്കപ്പെട്ടു എന്നുവരും. അതെങ്ങനെ ശരിയാകും? ഈ കെണിയിൽനിന്ന് പുറത്തുവരാൻ വിഭിന്ന ശബത്തുവാദികൾക്ക് കഴിയില്ല.
❻ ബുധനാഴ്ച വാദികളുടെ കണക്ക്:
➦ “യോനാ കടലാനയുടെ വയറ്റിൽ മൂന്നു രാവും മൂന്നു പകലും ഇരുന്നതു പോലെ മനുഷ്യപുത്രൻ മൂന്നു രാവും മൂന്നു പകലും ഭൂമിയുടെ ഉള്ളിൽ ഇരിക്കും.” (മത്താ, 12:40). ➟°യേശു യെഹൂദന്മാരോട് തൻ്റെ മരണപുനരുത്ഥാനങ്ങളുടെ സാദൃശ്യമായിപ്പറഞ്ഞ യോനായുടെ അടയാളത്തെ പിർതുടർന്നാണ് “മൂന്നു രാവും മൂന്നൂ പകലും” യേശു ഭൂമിക്കുള്ളിൽ ഇരുന്നെന്ന് ഇവർ പറയുന്നത്. അവരുടെ കണക്കൊന്ന് പരിശോധിക്കാം:
➟ ദിവസം 1 ബുധൻ 6 PM മുതല്‍ വ്യാഴം 6 AM വരെ ഒരു രാത്രി ⁃ വ്യാഴം 6 AM മുതല്‍ വ്യാഴം 6 PM വരെ ഒരു പകൽ.
➟ ദിവസം 2 വ്യാഴം 6 PM മുതല്‍ വെള്ളി 6 AM വരെ ഒരു രാത്രി ⁃ വെള്ളി 6 AM മുതല്‍ വെള്ളി 6 PM വരെ ഒരു പകല്‍.
➟ ദിവസം 3 വെള്ളി 6 PM മുതല്‍ ശനി 6 AM വരെ ഒരു രാത്രി ⁃ ശനി 6 AM മുതല്‍ ശനി 6 PM വരെ ഒരു പകല്‍. ആകെ മൂന്നു രാത്രിയും മൂന്നു പകലും. ഇതാണവരുടെ കണക്ക്.
☛ എന്നാൽ യേശു ഉയിർക്കുന്നത് ശനിയാഴ്ച 6PM-ന് ആല്ല; ഞായറാഴ്ച രാവിലെയാണ്: “അവൻ ആഴ്ചവട്ടത്തിന്റെ ഒന്നാം നാൾ രാവിലെ ഉയിർത്തെഴുന്നേറ്റിട്ടു താൻ ഏഴു ഭൂതങ്ങളെ പുറത്താക്കിയിരുന്ന മഗദലക്കാരത്തി മറിയെക്കു ആദ്യം പ്രത്യക്ഷനായി.” (മർക്കൊ, 𝟏𝟔16:9). എബ്രായദിവസം രാത്രി കഴിഞ്ഞിട്ടാണ് രാവിലെ വരുന്നത്: (ഉല്പ, 1:5). ഞായറാഴ്ച രാവിലെ (6 PM) ആകണമെങ്കിൽ കൃത്യം 12 മണിക്കൂർ കൂടി കഴിയണം. അപ്പോൾ “മൂന്നു രാവും മൂന്നൂ പകലും” എന്ന യോനായുടെ അടയാളം തെറ്റും. “നാലു രാവും മൂന്നൂ പകലും” എന്ന പുതിയൊരു അടയാളമാകും!
☛ വ്യാഴാഴ്ച വാദികളുടെ കണക്ക്:
➦ വ്യാഴാഴ്ച വാദികളെയും യോനായുടെ അടയാളം ചതിക്കും. ➟അവരുടെ കണക്കൊന്ന് പരിശോധിക്കാം:
➟ ദിവസം 1 വ്യാഴം 6 PM മുതല്‍ വെള്ളി 6 AM വരെ ഒരു രാത്രി ⁃ വെള്ളി 6 PM മുതല്‍ വെള്ളി 𝟲6 AM വരെ ഒരു പകൽ.
➟ ദിവസം 2 വെള്ളി 6 PM മുതല്‍ ശനി 6 AM വരെ ഒരു രാത്രി ⁃ ശനി 6 AM മുതല്‍ ശനി 6 PM വരെ ഒരു പകല്‍.
➟ ദിവസം 3 ശനി 6 PM മുതല്‍ ഞായർ 6 AM വരെ ഒരു രാത്രി. ഞായറാഴ്ച രാവിലെ യേശു ഉയിർത്തു: (മർക്കൊ, 16:9). ആകെ മൂന്നു രാത്രിയും രണ്ട് പകലും. ഇതാണ് വ്യാഴാഴ്ച വാദികളുടെ കണക്ക്. അപ്പോൾ “മൂന്നു രാവും മൂന്നു പകലും” എന്ന യോനായുടെ അടയാളം ഇവർക്കും ഫലിക്കില്ല.
☛ ബുധനാഴ്ചവാദികളുടെ കണക്കുപ്രകാരം യേശു അഞ്ചാം ദിവസമാണ് ഉയിർത്തത്. വ്യാഴാഴ്ചവാദികളുടെ കണക്കുപ്രകാരം നാലാം ദിവസമാണ് ഉയിർത്തത്. എന്നാൽ യോനായുടെ അടയാളം ഒരു സാദൃശ്യമായി പറഞ്ഞ യേശുതന്നെ താൻ മൂന്നാം ദിവസം ഉയിർക്കുമെന്ന് പറഞ്ഞ 8 തെളിവുകൾ (പ്രവചനങ്ങൾ) ബൈബിളിലുണ്ട്: (മത്താ, 16:21; മത്താ, 17:23; മത്താ, 20:19; ലൂക്കൊ, 9:22; ലൂക്കൊ, 18:33; ലൂക്കൊ, 24:7; ലൂക്കൊ, 24:46; യോഹ, 2:19). യേശു ഉയിർത്തെഴുന്നേറ്റ മൂന്നാം ദിവസം ഞായറാഴ്ച യെരൂശലേമിൽനിന്നു എമ്മവുസ്സിലേക്ക് പോയ ശിഷ്യന്മാർ പറയുന്നു: “ഇതു സംഭവിച്ചിട്ടു ഇന്നു മൂന്നാം നാൾ ആകുന്നു” എന്നാണ്: (ലൂക്കൊ, 24:21). ഉയിർത്തെഴുന്നേറ്റ യേശു അവരുടെകൂടെ നടക്കുമ്പോൾ, അവനോടുതന്നെയാണ് അവരിത് പറയുന്നതെന്നോർക്കണം. “ദൈവം അവനെ മൂന്നാം നാൾ ഉയിർത്തെഴുന്നേല്പിച്ചു” എന്ന് പത്രൊസും (പ്രവൃ,10:40), “തിരുവെഴുത്തുകളിൻ പ്രകാരം മൂന്നാംനാൾ ഉയിർത്തെഴുന്നേറ്റു” എന്ന് പൗലൊസും സാക്ഷ്യപ്പെടുത്തുന്നു. (𝟏കൊരി, 15:4). യോനായുടെ അടയാളത്തിനെതിരെ കുലുങ്ങാതെ എന്നേക്കും നില്ക്കുന്ന സീയോൻ പർവ്വതം പോലെത്തെ 11 തെളിവുകൾ പോരായോ? വചനത്തെ വചനംകൊണ്ടാണ് വ്യാഖ്യാനിക്കണ്ടത് എന്ന സാമാന്യതത്വംപോലും അറിയാത്തവരാണ് പലരും.
❾ ചരിത്രപരമായ ഒരു തെളിവ്:
➦ ദൈവം യിസ്രായേലിന് നിയമിച്ചുകൊടുത്ത ഏഴ് പെരുനാളുകൾ രക്ഷാകരപ്രവൃത്തിയുടെ നിഴലുകളാണ്:
𝟭. നീസാൻ മാസം 14-ാം തീയതി (മാർച്ച്/ഏപ്രിൽ) പെസഹ: (പുറ, 12:21 ലേവ്യ, 23:5 -1കൊരി, 15:7)
𝟮. നീസാൻ 15-മുതൽ 21-വരെ പുളിപ്പില്ലാത്ത അപ്പം: (പുറ, 12:17, ലേവ്യ, 23:6 – 1കൊരി, 5:8)
𝟯. നീസാൻ മാസം 17-ാം തീയതി ആദ്യഫലപ്പെരുനാൾ: (പുറ, 34:26, ലേവ്യ, 23:10 – 1കൊരി, 15:20-23).
𝟰. സിവാൻ മാസം 6-ാം തീയതി (ഏപിൽ/മേയ്) പെന്തെക്കൊസ്തു പെരുനാൾ: (ലേവ്യ, 23:15-16 – യോഹ, 7:37-39; 14:16; പ്രവൃ, 2:33)
𝟓. തിഷ്റി മാസം 1-ാം തീയതി (സെപ്തംബർ/ഒക്ടോബർ) കാഹളനാദോത്സവം: (ലേവ്യ, 23:23-26, സംഖ്യ, 29:1 – 𝟏കൊരി, 15:52)
𝟲. തിഷ്റി മാസം 10-ാം തീയതി: പാപപരിഹാദിവസം: (ലേവ്യ, 𝟐𝟑:𝟐𝟕, സംഖ്യ, 29:7-11; സെഖ, 12:9-14; സെഖ, 13:1 – വെളി, 7:17; 21:3-4)
𝟳. തിഷ്റി മാസം 15-മുതൽ 21-വരെ കൂടാരപ്പെരുനാൾ: (ലേവ്യ,23:33-36, ആവ, 16:13). ഇതാ, മനുഷ്യരോട് കൂടെ ദൈവത്തിന്റെ കൂടാരം. (വെളി, 21:2-5).
☛ ബുധനാഴ്ച വാദികളുടെ കണക്ക് ഇപ്രകാരമാണ്:
➦ നീസാൻ മാസം 14-ാം തീയതി ബുധനാഴ്ചയാണ് പെസഹ. അന്നാണ് ക്രിസ്തു മരിച്ചടക്കപ്പെട്ടത്. പിറ്റേദിവസം വ്യാഴാഴ്ച നീസാൻ 15-ാം തീയതി പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാൾ ആരംഭിക്കുന്നു. നീസാൻ 16-ാം തീയതി വെള്ളിയാഴ്ച ശബ്ബത്തിൻ്റെ ഒരുക്കനാളിൽ സ്വസ്ഥമായിരുന്നു. നീസാൻ മാസം 17-ാം തീയതി ശബ്ബത്ത് ശനിയാഴ്ചയാണ് ആദ്യഫലപ്പെരുന്നാൾ. ബുധനാഴ്ച വാദികളുടെ കണക്കുപ്രകാരം ശനിയാഴ്ച യേശു ഉയിർക്കണം. പുരോഹിതൻ ആദ്യഫലക്കറ്റ യഹോവയ്ക്ക് നീരാജനം ചെയ്യേണ്ടത് ആദ്യഫല പെരുനാളിൻ്റെ അന്നാണ്: (ലേവ്യ, 23:10-11). തന്നെയുമല്ല, പെരുനാളിൻ്റെ പകലിൽ രാവിലെ സമയത്താണ് ആദ്യഫലം യഹോവയ്ക്ക് നീരാജനം ചെയ്യേണ്ടത്. അതിനാൽ, അവരുടെ കണക്കുപ്രകാരം യേശു ആദ്യഫലമായി ഉയിർത്തെഴുന്നേല്ക്കേണ്ടത് ശനിയാഴ്ച രാവിലെയാണ്: (1കൊരി, 15:20-23). എന്നാൽ അവൻ അന്ന് ഉയിർത്തില്ല; പെരുനാളിൻ്റെ പിറ്റേ ദിവസം നീസാൻ 18-ാം തീയതി ഞായറാഴ്ച രാവിലെയാണ് അവൻ ഉയിർത്തത്: (മർക്കൊ, 16:9). ഇതവരുടെ ചരിത്രപരമായ അബദ്ധമാണ്.
☛ ÀD 33 ഏപ്രിൽ 3 വെള്ളിയാഴ്ച മരിച്ചടക്കപ്പെട്ട യേശു, മൂന്നാം ദിവസമായ AD 33 ഏപ്രിൽ 5 ഞായറാഴ്ച രാവിലെ ഉയിർത്തെഴുന്നേറ്റു. അന്നാണ് ആദ്യഫലത്തിൻ്റെ പെരുനാൾ. ഇതാണ് വചനപരമായും ചരിത്രപരമായുമുള്ള വസ്തുത.
❿ പെസഹക്കുഞ്ഞാട് പെഹയ്ക്കല്ലേ അറുക്കപ്പെടേണ്ടത്?
➦ ഇതാണ് ബുധനാഴ്ച വാദികൾ ഉന്നയിക്കുന്ന ചോദ്യം. പെസഹക്കുഞ്ഞാട് പെസഹദിവസംതന്നെ അറുക്കപ്പെട്ടല്ലോ; അതെന്തേ നിങ്ങൾ കാണാത്തത്? എ.ഡി. 33-ലെ പെസഹയ്ക്ക് രണ്ട് പെസഹക്കുഞ്ഞാടുകൾ അറുക്കപ്പെട്ടു. ഒന്നാമത്തേത്, യഥാർത്ഥ പെസഹക്കുണ്ടാടായ മൃഗവും (പുറ, 12:5-6), രണ്ടാമത്തേത്, നമ്മുടെ ദൈവകുഞ്ഞാടായ (ആത്മീയ പെസഹക്കുഞ്ഞാട്) പാപരഹിതനായ മനുഷ്യനും: (1യോഹ, 3:5; യോഹ, 8:40; 1കൊരി, 5:7). ➟നീസാൻ 14 പെസഹദിവസം വൈകുന്നേരം യഥാർത്ഥ പെസക്കുഞ്ഞാടിനെ അറുത്ത് ആ സന്ധ്യയ്ക്ക് നീസാൻ 15 ആംഭിച്ചപ്പോൾ പെസഹ ഭക്ഷിച്ചിട്ടാണ് ആത്മീയ പെസഹക്കുഞ്ഞാടായ നമ്മുടെ കർത്താവ് തന്നെത്തന്നെ ദൈവകുഞ്ഞാടായി യാഗം കഴിച്ചത്: (യോഹ, 1:29; എഫെ, 5:2; 1തിമൊ, 2:5-6). രണ്ട് പെസക്കുഞ്ഞാടും ഒരു ദിവസം അറുക്കപ്പെടുക സാദ്ധ്യമല്ലായിരുന്നു. പെസഹയ്ക്ക് മുമ്പെ യഥാർത്ഥ കുഞ്ഞാടിനെ അറുക്കാൻ പ്രമാണമില്ല. പിന്നെങ്ങനെ ഒറ്റദിവസം രണ്ട് കുഞ്ഞാടും അറുക്കപ്പെടും? നീസാൻ 15 വെള്ളിയാഴ്ച നമ്മുടെ പെസഹക്കുഞ്ഞാടായ ക്രിസ്തു അറുക്കപ്പെട്ടശേഷമാണ് യെഹൂദന്മാർ പെസഹ ഭക്ഷിച്ചത്: (1കൊരി, 15:7-8 – യോഹ, 18:28). പെസഹഭോജനം കഴിയാതെ ഒരു പെഹയും പൂർണ്ണമാകുന്നില്ല. അത് വിളിച്ചുപറയുന്നത്, യെഹൂദന്മാരുടെ പെസഹ അവസാനിക്കുന്നതിന് മുമ്പെ നമ്മുടെ പെസഹക്കുഞ്ഞാടും അറുക്കപ്പെട്ടു എന്ന ആത്മീയ സത്യത്തെയാണ്. 🙏
☛ യേശു നീസാൻ 14 പെസഹദിവസമാണ് അറുക്കപ്പെട്ടതെന്ന് വാദിക്കുന്നവർ, യഥാർത്ഥ പെസഹക്കുഞ്ഞാടിനെ അറുത്ത് യേശുവും ശിഷ്യന്മാരും പെസഹ ഭക്ഷിച്ചത് എന്നാണെന്ന് പറയും? വചനത്തെ ദുർവ്യാഖ്യാനം ചെയ്യാതെ, യേശു ബുധനാഴ്ചയോ, വ്യാഴാഴ്ചയോ, മരിച്ചെന്ന് ആർക്കും തെളിയിക്കാൻ കഴിയില്ല.
☛ യേശു വെള്ളിയാഴ്ചയാണ് ക്രൂശിക്കപ്പെട്ടതെന്നതിന് ചരിത്രപരമായ തെളിവുകളുമുണ്ട്:
☛ Justin Martyr:
➦ ജസ്റ്റിൻ മാർട്ടിയർ (Justin Martyr – AD 150) തന്റെ “First Apology” എന്ന ലേഖനത്തിൽ പറയുന്നത്: “അവൻ (യേശു) ശനിയാഴ്ചയുടെ തലേദിവസം ക്രൂശിക്കപ്പെട്ടു; ശനിയാഴ്ചയുടെ പിറ്റേദിവസമായ സൂര്യന്റെ ദിവസം (ഞായറാഴ്ച), തന്റെ അപ്പോസ്തലന്മാർക്കും ശിഷ്യന്മാർക്കും പ്രത്യക്ഷപ്പെടുകയും ചെയ്തു.” [Justin Martyr Ch, 67].
☛ Irenaeus of Lyons:
➦ പോളികാർപ്പിന്റെ ശിഷ്യനായിരുന്ന ലിയോൺസിലെ ഐറേനിയസിൻ്റെ (Irenaeus of Lyons – 130 – 202) “Against Heresies” എന്ന പുസ്തകത്തിൽ: “മനുഷ്യൻ സൃഷ്ടിക്കപ്പെട്ട ആറാം ദിവസത്തിൽ (വെള്ളിയാഴ്ച) തന്നെയാണ് ക്രിസ്തുവും കഷ്ടം അനുഭവിച്ചതെന്നും, ശബ്ബത്തിന് (ശനിയാഴ്ച) തലേന്നുള്ള വെള്ളിയാഴ്ച (The day of Preparation) ആയിരുന്നു മരിച്ചതെന്നും കാണാം.” [Book V, Chapter 23]
☛ Hippolytus of Rome:
➦ റോമിലെ ഹിപ്പോളിറ്റസ് (Hippolytus of Rome – AD 170 – 240) തൻ്റെ “Commentary on Daniel” എന്ന പുസ്തകത്തിൽ പറയുന്നത്: “ഒരുക്കനാളിൽ (വെള്ളിയാഴ്ച) മുപ്പത്തിമൂന്നാമത്തെ വയസ്സിൽ യേശു മരിച്ചു” എന്നാണ്. [C on D]
☛ Peter of Alexandria:
➦ പീറ്റർ ഓഫ് അലക്സാൻഡ്രിയ (Peter of Alexandria – c. 300 AD) എഴുതിയ ഒരു കാനോനിക ലേഖനനത്തിൽ (Canonical Epistle / Easter Letter) പറയുന്നത് ഇപ്രകാരമാണ്: “നാലാം ദിവസം (ബുധനാഴ്ച) യഹൂദന്മാർ കർത്താവിനെ ഒറ്റുകൊടുക്കാൻ ഗൂഢാലോചന നടത്തി. ആറാം ദിവസം (വെള്ളിയാഴ്ച/ Preparation) ക്രിസ്തു നമുക്കുവേണ്ടി പീഡകൾ സഹിച്ചു (suffered). കർത്താവിന്റെ ദിവസം (ഞായറാഴ്ച) സന്തോഷത്തിന്റെ ദിവസമായി ആഘോഷിക്കുന്നു.” [Canon 15].
☛ Josephus) Antiquities:
➦ ജോസീഫസിൻ്റെ (Josephus) Antiquities of the Jews എന്ന പുസ്തകത്തിൽ യേശുവിൻ്റെ മരണത്തെയും ഉയിർപ്പിനെയും കുറിച്ച് പറഞ്ഞിട്ടുണ്ട്: “He was [the] Christ. And when Pilate, at the suggestion of the principal men among us, had condemned him to the cross; (7) those that loved him at the first did not forsake him. For he appeared to them alive again, the third day: (8).” [Book XVIII, 3:3]. ഇത്, 1737ൽ ‘വില്യം വിസ്റ്റൺ’ (William Whiston) പരിഭാഷ ചെയ്തതാണ്. ഇതിൻ്റെ അടിക്കുറിപ്പിൽ. മരണത്തിൻ്റെ തിയതി A.D. 33, Apr. 3 എന്നും ഉയിർപ്പിൻ്റെ തീയതി Apr. 5 എന്നും പരിഭാഷകൻ കൊടുത്തിട്ടുണ്ട്. [Footnote]
⓫ 𝗙𝗼𝗼𝘁𝗻𝗼𝘁𝗲:
☛ വലിയ ശബ്ബത്ത്:
➦ യോഹന്നാനിൽ ‘വലിയ ശബ്ബത്തു’ എന്നൊരു പ്രയോഗം കാണാം: “അന്നു ഒരുക്കനാളും ആ ശബ്ബത്ത് നാൾ വലിയതും ആകകൊണ്ടു ശരീരങ്ങൾ ശബ്ബത്തിൽ ക്രൂശിന്മേൽ ഇരിക്കരുതു എന്നുവെച്ചു അവരുടെ കാൽ ഒടിച്ചു എടുപ്പിക്കേണം എന്നു യെഹൂദന്മാർ പീലാത്തൊസിനോടു അപേക്ഷിച്ചു.” (യോഹ, 19:31). ഇവിടെപ്പറയുന്ന ‘വലിയ ശബ്ബത്തു’ എന്നത് പെരുനാളിന് ഇടയ്ക്ക് വരുന്ന ആഴ്ചതോറുമുള്ള ശബ്ബത്തിനെ തന്നെയാണ്. അതിൻ്റെ തെളിവ് വചനത്തിൽത്തന്നെ കാണാം: ഒരുക്കനാളായ വെള്ളിയാഴ്ച അവസാനിക്കാറായ സമയത്താണ് ഇത് പറയുന്നത്. “അന്നു ഒരുക്കനാളും ആ ശബ്ബത്ത് നാൾ വലിയതും ആകകൊണ്ടു ശരീരങ്ങൾ ശബ്ബത്തിൽ ക്രൂശിന്മേൽ ഇരിക്കരുതു” എന്ന് പറയുന്നത് ശ്രദ്ധിക്കുക. ഇത് ഏഴുദിവസം നീണ്ടുനില്ക്കുന്ന പുളില്ലാത്തപ്പത്തിൻ്റെ പെരുനാളിൻ്റെ (Festival of Unleavened bread) ആരംഭത്തിലോ, ഇടയ്ക്കോ വരുന്ന ശബ്ബത്ത് ആയതുകൊണ്ടാണ് ‘വലിയ ശബ്ബത്തു’ എന്ന് പറയുന്നത്.
☛ പെസഹയുടെ ഒരുക്കനാൾ:
➦ “അപ്പോൾ പെസഹയുടെ ഒരുക്കനാൾ ഏകദേശം ആറാം മണിനേരം ആയിരുന്നു. അവൻ യെഹൂദന്മാരോടു ഇതാ നിങ്ങളുടെ രാജാവു എന്നു പറഞ്ഞു.” (യോഹ, 19:14). ‘ശബ്ബത്തിൻ്റെ ഒരുക്കനാൾ’ എന്നല്ലാതെ, ‘പെസഹയുടെ ഒരുക്കനാൾ’ എന്നൊരു പ്രയോഗം യഹൂദന്മാരുടെ ഇടയിൽ നിലവിലില്ല. ‘പെരുനാളിൻ്റെ തലേദിവസം’ എന്ന് പറയും; ‘ഒരുക്കനാൾ’ എന്ന് പറയാറില്ല. അതിനാൽ, ‘പെസഹയുടെ ഒരുക്കനാൾ’ എന്ന പ്രയോഗത്തെ അക്ഷരാർത്ഥത്തിൽ മനസ്സിലാക്കാൻ കഴിയില്ല. യോഹന്നാൻ ഇത് പറയുന്നത് പെസഹായുടെ തലേനാളോ, പെസഹാദിവസമോ അല്ല; യേശുവും അപ്പസ്തലന്മാരും പെസഹ ഭക്ഷിച്ച വെള്ളിയാഴ്ചയുടെ രാവിലെ സമയമാണ്. തന്നെയുമല്ല, പെസഹയുടെ ഒരുക്കനാൾ എന്ന് പറയുന്നത് ശബ്ബത്തിൻ്റെ ഒരുക്കനാളായ വെള്ളിയാഴ്ച ദിവസത്തെയാണെന്ന് രണ്ട് വാക്യങ്ങളിൽ യോഹന്നാർതന്നെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. “അന്നു ഒരുക്കനാളും ആ ശബ്ബത്ത് നാൾ വലിയതും ആകകൊണ്ടു ശരീരങ്ങൾ ശബ്ബത്തിൽ ക്രൂശിന്മേൽ ഇരിക്കരുതു എന്നുവെച്ചു അവരുടെ കാൽ ഒടിച്ചു എടുപ്പിക്കേണം എന്നു യെഹൂദന്മാർ പീലാത്തൊസിനോടു അപേക്ഷിച്ചു.” (യോഹ, 19:31). യേശു ക്രൂശിക്കപ്പെട്ടത് ശബ്ബത്തിൻ്റെ ഒരുക്കനാളായ വെള്ളിയാഴ്ച്ചയാണ്. അടുത്തവാക്യം: “ആ കല്ലറ സമീപം ആകകൊണ്ടു അവർ യെഹൂദന്മാരുടെ ഒരുക്കനാൾ നിമിത്തം യേശുവിനെ അവിടെ വച്ചു.” (യോഹ, 19:42). ‘യെഹൂദന്മാരുടെ ഒരുക്കനാൾ’ എന്ന പ്രയോഗം ശ്രദ്ധിക്കുക. ഇത് മത്തായിയും മർക്കൊസും ലൂക്കൊസും ഒരുപോലെ പറയുന്ന കാര്യമാണെന്ന് മുകളിൽ നാം കണ്ടതാണ്. യേശു ക്രൂശിക്കപ്പെട്ടതും അവനെ അടക്കിയതും ശബ്ബത്തിൻ്റെ ഒരുക്കനാളായ വെള്ളിയാഴ്ചയാണെന്ന് യോഹന്നാൻതന്നെ പറഞ്ഞിരിക്കയാൽ, ‘പെസഹയുടെ ഒരുക്കനാൾ’ എന്ന പ്രയോഗം അക്ഷരാർത്ഥത്തിലല്ലെന്ന് മനസ്സിലാക്കാം. അവൻ പറയുന്ന സമയത്തിനും വ്യത്യാസമുണ്ട്. യേശും മൂന്നാം മണി നേരത്താണ് ക്രൂശിക്കപ്പെട്ടത്. ആ ദിവസം ആറാംമണി നാരത്ത് യേശു ക്രൂശിലാണ്: (മത്താ, 27:45; മർക്കൊ, 15:33; ലൂക്കൊ, 23:44). അവൻ പറയുന്നത് യേശുവിൻ്റെ കൂശീകരണത്തോട് അടുക്കുന്ന ഏകദേശം മൂന്നാം മണി സമയത്താണ്. ഏകദേശം മൂന്നാംമണി നേരത്ത് ‘ഏകദേശം ആറാം മണിനേരം’ എന്നെങ്ങനെ പറയും? ➟തന്മൂലം, നമ്മുടെ പെസഹാക്കുഞ്ഞാട് അറുക്കപ്പെടുന്നതിനോട് ബന്ധപ്പെട്ട ഒരു ആത്മീയ പ്രയോഗമാണ് ഇതെന്ന് മനസ്സിലാക്കാം: (1കൊരി, 5:7).
☛ പെസഹ ഒരുക്കത്തിൻ്റെ ആറാം മണിനേരം:
➦ യോഹന്നാൻ പറയുന്ന വാക്യവും അതിലെ സമയവും ഒന്നുകൂടി ശ്രദ്ധിക്കുക: “പെസഹയുടെ ഒരുക്കനാൾ ഏകദേശം ആറാം മണിനേരം ആയിരുന്നു. അവൻ യെഹൂദന്മാരോടു ഇതാ നിങ്ങളുടെ രാജാവു എന്നു പറഞ്ഞു.” പീലാത്തോസിൻ്റെ അവസാന വിസ്താരവും കഴിഞ്ഞ് യേശുവിനെ ക്രൂശിക്കാൻ ഏല്പിക്കുന്ന സമയത്താണ് യോഹന്നാൻ ഇത് പറയുന്നത്. നമ്മുടെ കർത്താവ് ക്രൂശിക്കപ്പെടുന്നത് മൂന്നാം മണി (9 AM) നേരത്താണ്: (മർക്കൊ, 15:25). യേശുവിൻ്റെ ക്രൂശീകരണത്തോട് അടുത്ത ഏകദേശം മൂന്നാം മണി നേരത്ത്, “പെസഹയുടെ ഒരുക്കനാൾ ഏകദേശം ആറാം മണിനേരം” എന്ന് യോഹന്നാൻ പറയുന്നത് ഏത് പെസഹയുടെ ആറാം മണിയാണ്? സകല മനുഷ്യർക്കും ജീവകാരണമായ പെസഹക്കുഞ്ഞാട് അറുക്കപ്പെടുന്നത് (മരിക്കുന്നത്) പിന്നെയും ഏകദേശം ആറു മണിക്കുറിനുശേഷം ഒമ്പതാം മണി (3 PM) നേരത്താണ്: (മത്താ, 27:46-50; മർക്കൊ, 15:34-37). അതായത്, നമ്മുടെ പെസഹക്കുഞ്ഞാട് അറുക്കപ്പെടുവാൻ ഏകദേശം ആറുമണിക്കൂർ ശേഷിക്കുമ്പോഴാണ്, “പെസഹയുടെ ഒരുക്കനാൾ ഏകദേശം ആറാം മണിനേരം” എന്ന് അവൻ പറയുന്നത്. തന്മൂലം, നമ്മടെ ജീവരക്ഷയായ പെസഹാഭോജനം (ദൈവകുഞ്ഞാടിൻ്റെ മരണം) ഒരുക്കപ്പെടുന്നതിനും ഏകദേശം ആറു മണിക്കൂർ മുമ്പത്തെ സമയത്തെയാണ്, “പെസഹയുടെ ഒരുക്കനാൾ ഏകദേശം ആറാം മണിനേരം” എന്നതുകൊണ്ട് അവൻ സൂചിപ്പിക്കുന്നതെന്ന് മനസ്സിലാക്കാം.