ഉയിർപ്പുഞായർ

ഉയിർപ്പുഞായർ ഒരു വിഹഗവീക്ഷണം

യേശുക്രിസ്തു ഉയിർത്തെഴുന്നേറ്റ ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസമായ ഞായറാഴ്ചയിലെ സംഭവങ്ങൾ നാലു സുവിശേഷങ്ങളും ചേർത്തു ചിന്തിക്കുമ്പോൾ ഇങ്ങനെ മനസ്സിലാക്കാം.

ഞായറാഴ്ച അതിരാവിലെ യേശു ഉയിർത്തെഴുന്നേറ്റു: “അവൻ ഇവിടെ ഇല്ല; താൻ പറഞ്ഞതുപോലെ അവൻ ഉയിർത്തെഴുന്നേറ്റു; അവൻ കിടന്ന സ്ഥലം വന്നു കാൺമിൻ” എന്ന ദൂതന്റെ വാക്കുകൾ നോക്കുക. (മത്താ, 28:6; ലൂക്കോ, 24:6). തുടർന്നു നിദ്രപ്രാപിച്ച വിശുദ്ധന്മാരുടെ ശരീരങ്ങൾ പലതും ഉയിർത്തെഴുന്നേറ്റു; വിശുദ്ധനഗരത്തിൽ ചെന്നു പലർക്കും പ്രത്യക്ഷമായി. (മത്താ, 27:52-53). അതിനുശേഷം കുറഞ്ഞത് അഞ്ചു സ്ത്രീകൾ യേശുവിനെ പൂശേണ്ടതിനു സുഗന്ധവർഗ്ഗങ്ങളുമായി കല്ലറയിലേക്കുപോയി. (മത്താ, 28:1; മർക്കൊ, 16:1; ലൂക്കോ, 8:2-3; 24:10). “കല്ലറയുടെ വാതിൽക്കൽനിന്നു നമുക്കുവേണ്ടി ആർ കല്ലുരുട്ടി ക്കളയും” എന്നു തമ്മിൽ പറഞ്ഞുകൊണ്ടണവർ പോയത്. (മർക്കൊ, 16:3). എന്നാൽ അവർ എത്തുന്നതിനു മുമ്പേ വലിയൊരു ഭൂകമ്പം ഉണ്ടായി; കർത്താവിന്റെ ദൂതൻ സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവന്നു കല്ലു ഉരുട്ടിനീക്കി അതിന്മേൽ ഇരുന്നിരുന്നു. (മത്താ, 28:2). മഗ്ദലക്കാരി മറിയ കല്ലറ തുറന്നുകിടക്കുന്നത് കണ്ടയുടനെ ഓടിപ്പോയി പത്രാസിനെയും യോഹന്നാനെയും വിവരമറിയിച്ചു. (യോഹ, 20:2). അപ്പോൾ മറിയ ഒഴികെയുള്ള സ്ത്രീകൾ ദൂതനുമായി സംസാരിച്ചു കൊണ്ട് നില്ക്കുകയായിരുന്നു. (മത്താ, 28:5-7; മർക്കൊ, 16:6-7; ലൂക്കോ, 24:5-7). സ്ത്രീകൾ കല്ലറയ്ക്കൽനിന്നു പോയശേഷം പത്രൊസും യോഹന്നാനും ഓടി അവിടെയെത്തി; മറിയ പറഞ്ഞകാര്യം കണ്ടു ബോധ്യപ്പെട്ടുവെങ്കിലും യേശു ഉയിർത്തെഴുന്നേറ്റ കാര്യം വിശ്വസിച്ചില്ല. (യോഹ, 20:3-10). പത്രൊസും യോഹന്നാനും മടങ്ങിപ്പോയശേഷവും മറിയ കരഞ്ഞുകൊണ്ട് അവിടെത്തന്നെ നിന്നു. (യോഹ, 20:11). അപ്പോൾ രണ്ടുദൂതന്മാർ യേശുവിന്റെ ശരീരം വെച്ചിരുന്ന സ്ഥലത്ത് ഒരാൾ തലയ്ക്കലും വേറൊരാൾ കാൽക്കലും ഇരിക്കുന്നതു കണ്ടു. (യോഹ, 20:12). മറിയ ദൂതന്മാരോട് സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ യേശുവും അവിടെയെത്തി. (യോഹ, 20:14). ആദ്യം മനസ്സിലായില്ലെങ്കിലും ‘മറിയയേ’ എന്നു വിളിച്ചപ്പോൾ യേശുവിനെ അവൾക്ക് മനസ്സിലായി. (യോഹ, 20:15,16). അതിനുശേഷം യേശു പിതാവിനെ അടുക്കൽ കയറിപ്പോയി. (യോഹ, 20:17). അതിന്റെശേഷം കല്ലറ കണ്ടുമടങ്ങിയ മറിയ ഒഴികെയുള്ള സ്ത്രീകൾക്ക് യേശു പ്രത്യക്ഷനായി. (മത്താ, 28:9). ശിഷ്യന്മാരോട് ഗലീലയ്ക്ക് പോകുവാനും അവിടെ അവർ തന്നെ കാണുമെന്നും പറയാൻ പറഞ്ഞു. (മത്താ, 28:10). അതിനുശേഷം യേശു പത്രൊസിനു പ്രത്യക്ഷനായി. (ലൂക്കോ, 24:34). അതിന്റെ ശേഷം എമ്മവുസ്സിലേക്കുപോയ രണ്ടു ശിഷ്യന്മാർക്ക് പ്രത്യക്ഷനായി. (ലൂക്കോ, 24:13-35). ഒടുവിലായി അന്നുവൈകിട്ട് തോമാസ് ഒഴികെയുള്ള ശിഷ്യന്മാർക്ക് യേശു പ്രത്യക്ഷനായി. (യോഹ, 20:19-23).

Leave a Reply

Your email address will not be published. Required fields are marked *