ഇരുപ്രകൃതിയെന്ന അന്ധവിശ്വാസം

☛ യേശുവിന് ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുണ്ടെന്ന് ക്രൈസ്തവരിൽ ബഹൂഭൂരിപക്ഷംപേരും വിശ്വസിക്കുന്നു. എന്നാൽ അക്കാര്യം യേശുക്രിസ്തുവിനുപോലും അറിയില്ലെന്നതാണ് യഥാർത്ഥ വസ്തുത:

☛ ഒരേയൊരു സത്യദൈവം:
➟ പിതാവാണ്, “ഏകദൈവം” (Monos Theos), “പിതാവാണ് ഏകസത്യദൈവം” (Pater ho monos alethinos Theos) എന്നൊക്കെയാണ് യേശുക്രിസ്തു പഠിപ്പിച്ചത്: (യോഹ, 5:44; യോഹ, 17:3). ഗ്രീക്കിലെ Monos Theos-ൻ്റെ അർത്ഥം: ഒരു ദൈവം എന്നല്ല; ഒരേയൊരു ദൈവം (The only God) എന്നാണ്. പിതാവാണ്, “ഒരേയൊരു ദൈവം” എന്ന് യേശു പഠിപ്പിച്ചാൽ, പിന്നെ താനും മറ്റൊരുത്തനും ദൈവം അല്ലെന്നാണർത്ഥം. Pater ho monos alethinos Theos-ൻ്റെ അർത്ഥം: പിതാവ് ഒരു സത്യദൈവമാണ് എന്നല്ല; പിതാവാണ് ഒരേയോരു സത്യദൈവം (Father, the only true God) എന്നാണ്. പിതാവാണ് ഒരേയൊരു സത്യദൈവം എന്ന് ക്രിസ്തു പഠിപ്പിച്ചാൽ, താനും സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള മറ്റൊരുത്തനും സത്യദൈവം അല്ലെന്നാണർത്ഥം. അതായത്, “ദൈവം” (സത്യദൈവം) എന്ന പ്രകൃതി (Nature) പിതാവിനല്ലാതെ, മറ്റാർക്കുമില്ലെന്നാണ് യേശുക്രിസ്തു അസന്ദിഗ്ദ്ധമായി പഠിപ്പിച്ചത്. എന്തെന്നാൽ ഗ്രീക്കിലെ Monos, ഇംഗ്ലീഷിലെ Alone, Only, മലയാളത്തിലെ “ഒരേയൊരു, മാത്രം, തനിയെ” എന്നിവ മറ്റാരെയും ഉൾപ്പെടുത്താത്ത (Exclusive) പദങ്ങളാണ്. ഞാൻ “മനുഷ്യൻ” (Anthropos ⁃ Man) ആണെന്നും, പിതാവ് എൻ്റെയും നിങ്ങളുടെയും ദൈവമാണെന്നും യേശു സംശയലേശമെന്യ പഠിപ്പിച്ചിട്ടുണ്ട്: (യോഹ, 8:40; മത്താ, 11:19 ⁃ യോഹ, 20:17). അതിനാൽ യേശുക്രിസ്തു ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ ആണെന്ന് പറയണമെങ്കിൽ, ആദ്യം അവൻ പഠിപ്പിച്ചതെല്ലാം ഭോഷ്ക്കാണെന്ന് സമ്മതിക്കണം. അതായത്, പിതാവ് മാത്രമാണ് ദൈവം എന്ന് പഠിപ്പിച്ച ക്രിസ്തുവിനോട് എതിർത്തുകൊണ്ടല്ലാതെ അല്ലെങ്കിൽ, എതിർക്രിസ്തു ആകാതെ പിതാവല്ലാതെ മറ്റൊരും ദൈവമാണെന്ന് പറയാൻ കഴിയില്ല.

☛ മരിച്ചിട്ട് ഉയിർത്തവൻ:
➟ “ക്രിസ്തു മരിച്ചിട്ടു ഉയിർത്തെഴുന്നേറ്റിരിക്കയാൽ ഇനി മരിക്കയില്ല; മരണത്തിന്നു അവന്റെമേൽ ഇനി കർത്തൃത്വമില്ല എന്നു നാം അറിയുന്നുവല്ലോ.” (റോമർ 6:9) ⁃⁃ “അവൻ സ്വർഗ്ഗത്തിലേക്കു പോയി ദൈവത്തിന്റെ വലത്തുഭാഗത്തു ഇരിക്കുന്നു. ദൂതന്മാരും അധികാരങ്ങളും ശക്തികളും അവന്നു കീഴ്പെട്ടുമിരിക്കുന്നു.” (1പത്രൊ, 3:22). ദൈവത്തിനും മനുഷ്യർക്കുമിടയിൽ മദ്ധ്യസ്ഥനായി മരിച്ചത് ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന മനുഷ്യനാണ്: (1തിമൊ, 2:5-6; എബ്രാ, 2:9). ദൈവം മരണത്തിൽ ഉയിർപ്പിച്ചതും നസറായനായ യേശു എന്ന പുരുഷനെയാണ്: (പ്രവൃ, 2:23-24; 10:40). “ക്രിസ്തു മരിച്ചിട്ടു ഉയിർത്തെഴുന്നേറ്റിരിക്കയാൽ ഇനി മരിക്കയില്ല” എന്നും വചനം പറയുന്നു: (റോമർ 6:9).

☛ ദൈവത്തിൻ്റെ വലത്തുഭാഗത്ത് ഇരിക്കുന്നു:
➟ ഉയിർത്തെഴുന്നേറ്റ് സ്വർഗ്ഗത്തിൽ തൻ്റെ പിതാവും ദൈവവും ആയവൻ്റെ അടുക്കലേക്ക് കരേറിപ്പോയ ക്രിസ്തു (യോഹ, 20:17; പ്രവൃ, 1:9), ദൈവത്തിൻ്റെ വലത്തുഭാഗത്ത് ഇരിക്കുന്നതായി പറഞ്ഞിരിക്കുന്ന അനേകം വാക്യങ്ങളുണ്ട്: “ഇങ്ങനെ കർത്താവായ യേശു അവരോടു അരുളിച്ചെയ്തശേഷം സ്വർഗ്ഗത്തിലേക്കു എടുക്കപ്പെട്ടു. ദൈവത്തിന്റെ വലത്തുഭാഗത്തു ഇരുന്നു.” (മർക്കൊസ് 16:19 ⁃ മത്താ, 26:64; പ്രവൃ, 2:33; പ്രവൃ, 7:56; റോമർ 8:34; എഫെ, 1:21; കൊലൊ, 3:1; എബ്രാ, 1:3; എബ്രാ, 8:1; എബ്രാ, 10:12; എബ്രാ, 12: 1പത്രൊ, 3:22). യേശു സ്വർഗ്ഗത്തിലേക്ക് കരേറി സിംഹാസനത്തിൽ ഇരിക്കുന്നു എന്നല്ല; ദൈവത്തിൻ്റെ വലത്തുഭാഗത്തിരിക്കുന്നു എന്നാണ് വചനം അസന്ദിഗ്ദ്ധമായി പഠിപ്പിക്കുന്നത്. അതിനാൽ യേശുക്രിസ്തു ഏകദൈവമാണെന്ന് പറയുന്ന വൺനെസ്സ് ഉപദേശം ഭോഷ്ക്കിൻ്റെ ഉപദേശമാണെന്ന് മനസ്സിലാക്കാം.

☛ മനുഷ്യപുത്രനായ യേശു:
➟ “ഞാൻ മനുഷ്യനല്ല ദൈവം അത്രേ” എന്നാണ് യഹോവായ ഏകദൈവം പറയുന്നത്: (ഹോശേ, 11:9). യഹോവ “മനുഷ്യനും മനുഷ്യപുത്രനും അല്ലെന്നു” പഴയനിയമ ഭക്തന്മാരും പറയുന്നു: (സംഖ്യാ, 23:19; 1ശമൂ, 15:29; ഇയ്യോ, 9:32). എന്നാൽ സ്തെഫാനോസ് സ്വർഗ്ഗത്തിൽ ദൈവത്തിൻ്റെ വലത്തുഭാഗത്ത് കാണുന്നത് ദൈവത്തെയോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനെയോ അല്ല; യേശു എന്ന മനുഷ്യപുത്രനെയാണ്. “ഇതാ, സ്വർഗ്ഗം തുറന്നിരിക്കുന്നതും മനുഷ്യപുത്രൻ ദൈവത്തിന്റെ വലത്തു ഭാഗത്തു നില്ക്കുന്നതും ഞാൻ കാണുന്നു എന്നു പറഞ്ഞു.” (പ്രവൃ, 7:56). അതിനാൽ യേശു ദൈവത്തോടു സമനായ ദൈവമാണെന്നും, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനാണെന്ന് പറയുന്ന ട്രിനിറ്റിയുടെ ഉപദേവും ഭോഷ്ക്കാണെന്ന് മനസ്സിലാക്കാം. ഇവരുടെ ഉപദേശംപോലെ യേശു ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ ആയിരുന്നെങ്കിൽ, സ്വർഗ്ഗത്തിൽ അവനെ കാണുമ്പോൾ അവനെ “മനുഷ്യപുത്രൻ” (Son of Man) എന്ന് സ്തെഫാനോസ് വിശേഷിപ്പിക്കുമായിരുന്നില്ല. പരിശുദ്ധാത്മാവ് നിറഞ്ഞവനായ സ്തെഫാനോസ് ഭോഷ്ക്ക് പറയുമോ?

☛ ദൈവവും വലത്തുഭാഗത്ത് ഇരിക്കുന്നവനും:
➟ നിലവിൽ ദൈവത്തിൻ്റെ വലത്തുഭാഗത്താണ് യേശുക്രിസ്തുവിൻ്റെ സ്ഥാനം. സ്വർഗ്ഗത്തിലെ സിംഹാസനത്തിൽ ദൈവം ഇരിക്കുന്നു: (വെളി, 4:2; 1രാജാ, 22:19; യെശ, 6:1). ദൈവത്തിൻ്റെ വലത്തുഭാഗത്ത് യേശുക്രിസ്തു ഇരിക്കുന്നു: (1പത്രൊ, 3:22). ഇത് അനേകം വാക്യങ്ങളിൽ എഴുതിവെച്ചിട്ടുള്ള വസ്തുതയാണ്. തന്നെയുമല്ല; പരിശുദ്ധാത്മാവ് നിറഞ്ഞവനായ സ്തെഫാനോസ് സ്വർഗ്ഗത്തിൽ കണ്ടതുമാണ്: (പ്രവൃ, 7:56). അതായത്, ദൈവത്തിൽനിന്ന് യേശുക്രിസ്തുവിനെ വ്യക്തമായി വേർതിരിച്ചാണ് പറഞ്ഞിരിക്കുന്നത്. വൺനെസ്സ് വിശ്വാസംപോലെ യേശുക്രിസ്തു ഏകദൈവമാണെങ്കിൽ, യേശുക്രിസ്തുവിൻ്റെ ഇടത്തുഭാഗത്ത് സിഹാസനത്തിൽ ഇരിക്കുന്ന ദൈവം ആരാണ്? വൺനെസ്സ് ഏകദൈവ വിശ്വാസമോ, ബഹുദൈവവിശ്വാസമോ? ട്രിനിറ്റിയുടെ വിശ്വാസപ്രകാരം, യേശുക്രിസ്തു ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനാണ്. അപ്പോൾ ദൈവത്തിൻ്റെ വലത്തുഭാഗത്തിരിക്കുന്ന ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവൻ ആരാണ്? ഒരു ദൈവം സിംഹാനനത്തിൽ ഇരിക്കുന്നു; ആ ദൈവത്തിൽനിന്ന് വിഭിന്നനായ ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ള യേശുക്രിസ്തു ദൈവത്തിൻ്റെ വലത്തുഭാഗത്ത് ഇരിക്കുന്നു. ഇതൊക്കെ ഭോഷ്ക്കിൻ്റെ ഉപദേശങ്ങളല്ലാതെ മന്തെന്താണ്?

☛ ഏകദൈവവും ഏകകർത്താവും:
➟ പിതാവായ ഏകദൈവവും യേശുക്രിസ്തു എന്ന ഏകകർത്താവുമാണ് നമുക്കുള്ളത്: (1കൊരി, 8:6). നമ്മുടെ പിതാവ് ഏകസത്യദൈവവും (Father, the only true God) യേശുക്രിസ്തു മനുഷ്യനുമാണ്: (യോഹ, 17:3; യോഹ, 8:40; 1തിമൊ, 2:5-6). നമ്മുടെ പാപങ്ങൾ തൻ്റെ ശരീരത്തിൽ ചുമന്നുകൊണ്ട് ക്രൂശിൽമരിച്ച പുരുഷനായ (Man) നസറായനായ യേശുവിനെ ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ച് തൻ്റെ വലങ്കയ്യാൽ ഉയർത്തിയപ്പോഴാണ് (1പത്രൊ, 2:24; പ്രവൃ, 2:23-24; പ്രവൃ, 5:31), ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന മനുഷ്യനായ യേശുക്രിസ്തു മഹത്വവും ബഹുമാനവും അണിഞ്ഞതും (യോഹ, 8:40; എബ്രാ, 2:9; 1പത്രൊ, 1:21), ദൂതന്മാരെക്കാൾ ശ്രേഷ്ഠനായതും (എബ്രാ, 1:4), സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള സകല അധികാരം ലഭിച്ചതും (മത്താ, 28:18). സ്വർഗ്ഗത്തെക്കാൾ ഉന്നതനായിത്തീർന്നതും. (എബ്രാ, 7:26). ➟ദൈവം തൻ്റെ വലങ്കയ്യാൽ ഉയർത്തിയപ്പോൾ മഹത്വമണിഞ്ഞ മനുഷ്യനായ യേശുക്രിസ്തുവാണ് ദൈവത്തിൻ്റെ വലത്തുഭാഗത്തിരുന്ന് നമുക്കുവേണ്ടി പക്ഷവാദം ചെയ്യുന്നത്. അല്ലാതെ, ദൈവത്തിൻ്റെ വലത്തുഭാഗത്ത് മറ്റൊരു ദൈവമല്ല ഇരിക്കുന്നത്.

☛ ത്രിത്വത്തിലെ വ്യക്തികളുടെ പ്രകൃതി:
➟ ബൈബിളിലെ ദൈവം ഒരുത്തൻ മാത്രം (Monos Theos ⁃ The only God) ആണ്: (യോഹ, 5:44; 17:3; റോമ, 16:27; 1തിമൊ, 1:17; യൂദാ, 1:25). ഈ ദൈവം വ്യക്തിയാണെന്നോ, ദൈവത്തിൽ വ്യക്തികളുണ്ടെന്നോ വചനം പറയുന്നില്ല. “വ്യക്തി” (Person) എന്നാൽ “മനുഷ്യൻ, ആൾ, ഒരാൾ” എന്നൊക്കെയാണർത്ഥം. ഒരു വ്യക്തിയിൽ ഇരുപ്രകൃതി എങ്ങനെയുണ്ടാകുമെന്ന് ആരും ചോദിക്കരുത്. യേശു എന്ന് പേരുള്ള ദേഹവും (1പത്രൊ, 2:24), ദേഹിയും (മത്താ, 26:38), ആത്മാവുമുള്ള (ലൂക്കൊ, 23:46) മനുഷ്യനിൽ (യോഹ, 9:11) ദൈവം എന്ന മറ്റൊരു പ്രകൃതികൂടി ഉണ്ടെന്നാണ് ട്രിനിറ്റിയുടെ അവകാശവാദം. പിതാവല്ല പുത്രൻ; പുത്രനല്ല പരിശുദ്ധാത്മാവ്; പരിശുദ്ധാത്മാവല്ല പിതാവ്. സമനിത്യരും വ്യത്യസ്തരുമായ മൂന്ന് വ്യക്തിയാണ് ട്രിനിറ്റിക്കുള്ളത്. അതായത്, എല്ലാ അർത്ഥത്തിലും സമന്മാരായ മൂന്നു വ്യക്തികളാണ് അവരുടെ ദൈവം എന്നാണ് അവർ അവകാശപ്പെടുന്നത്. ഇനി ട്രിനിറ്റിയിലെ വ്യക്തികളുടെ പ്രകൃതി (Nature) അവരുടെ ഭാഷയിൽ ഒന്നു പരിശോധിക്കാം: ➟പിതാവ് പൂർണ്ണദൈവം, ➟പരിശുദ്ധാത്മാവ് പൂർണ്ണദൈവം, ➟പുത്രൻ പൂർണ്ണദൈവവും പൂർണ്ണമനുഷ്യനും. ➟പിതാവിനും പരിശുദ്ധാത്മാവിനും ഏകപ്രകൃതിയും പുത്രന് ഇരുപ്രകൃതിയും. ഇതിലെവിടെയാണ് സമത്വമുള്ളത്? അപ്പോൾ, മൂന്ന് വ്യക്തികളുടെ സമത്വമെന്ന ഉപദേശം സ്വാഹ! ദുരുപദേശങ്ങൾ എല്ലായ്പ്പോഴും പരസ്പരവിരുദ്ധമായിരിക്കും. ആരും ഇതൊന്നും കാര്യമാക്കണ്ട. ശക്തിയോടെ പിന്നെയും അതിൽത്തന്നെ വിശ്വസിക്കുക. [കാണുക: യേശുവിൻ്റെ ഇരുപ്രകൃതിവാദം വാസ്തവമോ?]

Leave a Reply

Your email address will not be published. Required fields are marked *