☛ ത്രിത്വവും ഇരുപ്രകൃതിവാദവും ബൈബിളിൽ ഇല്ലെന്ന് മാത്രമല്ല; പല വിധത്തിൽ ഇതൊരു അബദ്ധ സിദ്ധാന്തമാണെന്ന് മനസ്സിലാക്കാം:
☛ “പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് സമനിത്യരും വ്യതിരിക്തരുമായ മൂന്ന് വ്യക്തികളും സാരാംശത്തിൽ ഒരു ദൈവവും ആണെന്നാണ് ത്രിത്വവിശ്വാസം പറയുന്നത്. പിതാവല്ല പുത്രൻ, പുത്രനല്ല പരിശുദ്ധാത്മാവ്, പരിശുദ്ധാത്മാവല്ല പിതാവ്; ഓരോരുത്തരും തന്നിൽത്തന്നെ പൂർണ്ണ ദൈവമാണെന്നും പറയുന്നു.” ഇതാണ് ത്രിത്വത്തിൻ്റെ അടിസ്ഥാന ഉപദേശം.
𝟭. മൂന്ന് വ്യക്തികൾ:
➟ വ്യക്തികൾ (Persons) എന്നാൽ: “ആളുകൾ, മനുഷ്യർ” എന്നൊക്കെയാണർത്ഥം. അതായത്, മൂന്ന് മനുഷ്യർ ചേർന്ന ഏകദൈവം എന്നാണ് ത്രിത്വ നിർവ്വചനം പറയാതെ പറയുന്നത്. അതിനാൽ ഇതുതന്നെ ബൈബിൾവിരുദ്ധ നിർവ്വചനമാണെന് മനസ്സിലാക്കാം.
𝟮. മൂന്നു പൂർണ്ണദൈവങ്ങൾ:
➟ വ്യക്തികൾ എന്നാൽ മനുഷ്യർ എന്നാണെങ്കിലും, ഇവർ പറയുന്ന വ്യതിരിക്തരായ (വ്യത്യസ്തർ) വ്യക്തികളുടെ പ്രകൃതി (Nature) എന്താണെന്ന് ചോദിച്ചാൽ: പിതാവ് പൂർണ്ണദൈവം, പരിശുദ്ധാത്മാവ് പൂർണ്ണദൈവം പുത്രൻ പൂർണ്ണദൈവം എന്നാണ് പറയുന്നത്. അതായത്, സാധാരണ “വ്യക്തിയുടെ” (Person) “പ്രകൃതി” (Nature) “മനുഷ്യൻ” (Man) എന്നാണ്. എന്നാൽ ട്രിനിറ്റി അതിനെ മാറ്റി, “ദൈവം” (God) എന്നാക്കി. അങ്ങനെ ത്രിത്വത്തിലുള്ള ഓരോ വ്യക്തിയുടെയും പ്രകൃതി ദൈവമായി. പിതാവല്ല പുത്രൻ, പുത്രനല്ല പരിശുദ്ധാത്മാവ്, പരിശുദ്ധാത്മാവല്ല പിതാവ് എന്നും ഇവർതന്നെ പറയുന്നു. പിതാവും പുത്രനും പരിശുദ്ധാത്മാവും വ്യത്യസ്തരും ഓരോരുത്തരും പൂർണ്ണദൈവവും ആണെങ്കിൽ, മൂന്ന് പൂർണ്ണദൈവങ്ങൾ അല്ലാതെ, ഏകദൈവം ആകില്ല. അതിനാൽ ത്രിത്വ കൃത്യമായി ബഹുദൈവ ഉപദേശമാണ്.
𝟯. പുത്രൻ്റെ ഇരുപ്രകൃതി:
➟ പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് സമനിത്യരും വ്യത്യസ്തരുമായ മൂന്ന് വ്യക്തികൾ എന്നാണ് ഇവർ പറയുന്നത്. അതിൽ പുത്രൻ്റെ ഇരുപ്രകൃതി ഇവർ ആദ്യം പറയില്ല. പുത്രൻ മനുഷ്യനാണെന്ന് ബൈബിൾ ആവർത്തിച്ച് പറഞ്ഞിരിക്കുന്നത് വായിച്ചിട്ട്, അവൻ ദൈവമാണോ, മനുഷ്യനാണോ എന്ന ചോദ്യം ഉയരുമ്പോഴാണ്: പുത്രന് പൂർണ്ണദൈവവും പൂർണ്ണമനുഷ്യനും എന്ന ഇരുപ്രകൃതി അല്ലെങ്കിൽ സങ്കരപ്രകൃതി ഉണ്ടെന്ന് ഇവർ പറയുന്നത്. അപ്പോൾ, പിതാവ് പൂർണ്ണദൈവം, പരിശുദ്ധാത്മാവ് പൂർണ്ണദൈവം, പുത്രൻ പൂർണ്ണദൈവവും പൂർണ്ണമനുഷ്യനുമായി ഇരുപ്രകൃതി. അപ്പോൾ ഇവരുടെ പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും “സമത്വം” (Equality) എന്ന ഉപദേശം സ്വാഹ!
𝟰. മൂന്നല്ല; നാല് വ്യക്തികൾ:
➟ “പിതാവ് പൂർണ്ണദൈവം, പരിശുദ്ധാത്മാവ് പൂർണ്ണദൈവം, പുത്രൻ പൂർണ്ണദൈവം” ഇത് ഇവരുടെ അടിസ്ഥാന ഉപദേശമാണ്. ഇതിൽത്തന്നെ ട്രിനിറ്റിയുടെ മൂന്ന് വ്യക്തികളുണ്ട്. പിന്നെ പുത്രൻ്റെ രണ്ടാമത്തെ പ്രകൃതിയായ “പൂർണ്ണമനുഷ്യൻ” എന്ന ഒരു വ്യക്തികൂടിയുണ്ട്. പുത്രൻ്റെ പൂർണ്ണദൈവവും പൂർണ്ണമനുഷ്യനും എന്ന ഇരുപ്രകൃതിയിൽ, മനുഷ്യപ്രകൃതി വ്യക്തിയല്ലെന്ന് ഇവർക്ക് വാദിക്കാൻ പറ്റില്ല. കാരണം, മനുഷ്യനെ മാത്രമേ “വ്യക്തി” (Person) എന്ന് ഖണ്ഡിതമായി പറയാൻ കഴിയുകയുള്ളൂ. ദൈവം വ്യക്തിയാണെന്നോ, ദൈവത്തിൽ വ്യക്തികളുണ്ടെന്നോ വചനം പറയുന്നില്ല. ഇവർ പുത്രൻ്റെ ദൈവപ്രകൃതി വ്യക്തിയല്ലെന്ന് പറഞ്ഞാൽ, പിതാവും പരിശുദ്ധാത്മാവും വ്യക്തികളല്ലെന്ന് വരും. ഇവർക്ക് പറ്റിയത് എന്താണെന്ന് ചോദിച്ചാൽ: മൂന്ന് വ്യക്തികൾ ചേർന്ന ത്രിത്വം എന്ന ഉപദേശമാണ് ഇവർ ആദ്യം ഉണ്ടാക്കിയത്. അതായത്, AD 325-ൽ നിഖ്യാ സുനഹദോസ് പുത്രനെ സത്യദൈവത്തിൽനിന്ന് ജനിച്ച സത്യദൈവമാക്കി. AD 362-ൽ അലക്സാണ്ട്രിയ സുനഹദോസിൽവെച്ച് സാരാംശത്തിൽ മൂന്ന് വ്യക്തികൾ എന്ന ത്രിത്വോപദേശം ഉണ്ടാക്കി. പിന്നെയും 89 വർഷങ്ങൾക്ക് ശേഷം, AD 451-ലെ കൽക്കദോൻ സൂനഹദോസാണ് യേശുവിനെ ഇരുപ്രകൃതി ഉള്ളവനാക്കിയത്. പുത്രൻ്റെ മറ്റൊരു പ്രകൃതികൂടി കടന്നുവന്നപ്പോൾ, മൂന്നല്ല; നാല് വ്യക്തികളായി.
𝟱. ഒരു വ്യക്തിയിൽ ഇരുപ്രകൃതി:
➟ മൂന്ന് വ്യക്തികൾ എന്നത് നാല് വ്യക്തികൾ ആകാതിരിക്കാൻ അവർ കണ്ടെത്തിയതാണ്, “ഒരു വ്യക്തിയിൽ ഇരുപ്രകൃതി” (Two natures in one person) എന്ന ഉപദേശം. ഇതാണ് എല്ലാറ്റിലും വലിയ മരണ ഉപദേശം. ഒരു വ്യക്തിക്ക് ഒരു പ്രകൃതിയെ ഉണ്ടാകാൻ പാടുള്ളു. രണ്ട് പ്രകൃതി ഒരുപോലെ ഉണ്ടെങ്കിൽ, ഓരോ പ്രകൃതിയും പൂർണ്ണമായിരിക്കില്ല; ഭാഗികമായിരിക്കും. ഇവരുടെ പിതാവ് ഒരു വ്യക്തിയിൽ പൂർണ്ണദൈവമാണ്. പരിശുദ്ധാത്മാവ് ഒരു വ്യക്തിയാൽ പൂർണ്ണദൈവമാണ്. പിന്നെങ്ങനെ പുത്രൻ ഒരു വ്യക്തിയിൽ പൂർണ്ണദൈവവും പൂർണ്ണമനുഷ്യനും എന്ന ഇരുപ്രകൃതി ഉള്ളവനാകുന്നത്? അന്ധവിശ്വാസമാണെങ്കിലും പറയുന്ന കാര്യങ്ങൾക്ക് ഒരു ലോജിക്ക് വേണ്ടേ? ⟦അർദ്ധനാരീശ്വരൻ (Ardhanarishvara) എന്നത് ഹൈന്ദവ വിശ്വാസത്തിലെ അവരുടെ ഏറ്റവും മഹത്തായ ഒരു സങ്കല്പമാണ്. പരമശിവനും പാർവ്വതിയും ചേർന്ന് ഒരേ ശരീരത്തിന്റെ പകുതി വീതമായി നിലകൊള്ളുന്നു എന്നതാണ് ഈ സങ്കല്പം. അതായത്, ഒരു വ്യക്തിയിൽ പകുതി വ്യക്തി ശിവനും പകുതി വ്യക്തി പാർവ്വതിയും എന്നാണ് അവർ മനസ്സിലാക്കുന്നത്. സങ്കല്പമാണെങ്കിലും ഇതിലൊരു ലോജിക്കുണ്ട്.⟧. ഒരു വ്യക്തിയിൽ പൂർണ്ണദൈവവും പൂർണ്ണമനുഷ്യനും എന്നതിൽ എന്ത് ലോജിക്കാണുള്ളത്? ഇവരുടെതന്നെ വിശ്വാസപ്രകാരം: പൂർണ്ണദൈവം എന്നത് ഒരു പൂർണ്ണ വ്യക്തിയാണ്; ഭാഗിക വ്യക്തിയല്ല. പിതാവും പരിശുദ്ധാത്മാവും അങ്ങനെയാണ്. അതിനാൽ പുത്രനിലെ പൂർണ്ണദൈവവും ഒരു പൂർണ്ണവ്യക്തിതന്നെ ആയിരിക്കണം. പൂർണ്ണമനുഷ്യനും ഒരു പൂർണ്ണവ്യക്തിയാണ്. അപ്പോൾ, ഒരുവ്യക്തിയിൽ, പൂർണ്ണദൈവവും പൂർണ്ണമനുഷ്യനും എന്ന രണ്ട് വ്യക്തി ഉണ്ടെന്ന് പറയുന്നത് കൊടിയ അന്ധവിശ്വാസം മാത്രം.
𝟲. വചനപരമായ തെളിവ്:
➟ ഇരുപ്രകൃതിവാദം ബൈബിൾ വിരുദ്ധമാണെന്നതിന് വചനപരമായ തെളിവുണ്ട്. യേശുക്രിസ്തുവിന് ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുണ്ടെന്ന് വാദിക്കുന്നവർതന്നെ സമ്മതിക്കുന്ന ഒരു കാര്യമുണ്ട്: അവൻ്റെ “ദൈവം” (God) എന്ന പ്രകൃതിക്ക് ജനിക്കാനോ, മരിക്കാനോ കഴിയില്ല; അതിനാൽ ഉയിർക്കേണ്ട ആവശ്യവുമില്ല. അതായത്, ദൈവം അനാദ്യന്ത്യനും (യെശ, 44:6) ആത്മാവും (യോഹ, 4:24) അമർത്യനും (1തിമൊ, 6:16) മാറ്റമോ, ഗതിഭേദത്താൽ ആഛാദനമോ ഇല്ലാത്തവനാകയാൽ (യാക്കോ, 1:17); അവന് ജനിക്കാനും മരിക്കാനും കഴിയില്ല. ഇത് ഇരുപ്രകൃതിക്കാരെന്നല്ല; ഏത് പൊട്ടനും സമ്മതിക്കുന്ന കാര്യമാണ്. അപ്പോൾ പരിശുദ്ധാത്മാവിനാൽ മറിയത്തിൽ ഉല്പാദിതനായതും (മത്താ, 1:20) അവൾ തൻ്റെ ആദ്യജാതനായി പ്രസവിച്ചതും (ലൂക്കൊ, 2:7) എട്ടാം നാളിൽ പരിച്ഛേദനയേറ്റതും (ലൂക്കൊ, 2:21) ആത്മാവിൽ ബലപ്പെട്ടതും ((ലൂക്കൊ, 2:40) ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നതും (ലൂക്കൊ, 2:52) ദൈവത്താൽ അഭിഷേകം പ്രാപിച്ചതും (ലൂക്കൊ, 2:22; പ്രവൃ, 10:38) ആത്മാവിൻ്റെ ശക്തിയോടെ ശുശ്രൂഷിച്ചതും (ലൂക്കൊ, 4:14-15) ദൈവാത്മാവിനാൽ അത്ഭുതങ്ങൾ പ്രവർത്തിച്ചതും (മത്താ, 12:28) ദൈവത്താൽ പാപമോചനം നൽകിയതും (മത്താ, 9:8) മനുഷ്യരുടെ പാപം വഹിച്ചതും മരിച്ചതും (1പത്രൊ, 2:24) ദൈവത്താൽ ഉയിർപ്പിക്കപ്പെട്ടതും (പ്രവൃ, 10:40) തൻ്റെ ദൈവവും പിതാവുമായവൻ്റെ അടുക്കൽ കരേറിപ്പോയതും (യോഹ, 20:17) ദൈവത്തിൻ്റെ വലത്തുഭാഗത്ത് ഇപ്പോൾ ഇരിക്കുന്നതും (മർക്കൊ, 16:19) യേശു എന്ന് പേരുള്ള മനുഷ്യനാണെന്ന് മനസ്സിലാക്കാം: (യോഹ, 9:11).
𝟳. മരിച്ചിട്ട് ഉയിർത്തിരിക്കയാൽ ഇനി മരിക്കയില്ല:
➟ പൗലൊസ് അപ്പൊസ്തലൻ പറയുന്ന ഒരു കാര്യമുണ്ട്: “ക്രിസ്തു മരിച്ചിട്ടു ഉയിർത്തെഴുന്നേറ്റിരിക്കയാൽ ഇനി മരിക്കയില്ല; മരണത്തിന്നു അവന്റെമേൽ ഇനി കർത്തൃത്വമില്ല എന്നു നാം അറിയുന്നുവല്ലോ.” (റോമർ 6:9). പൗലൊസ് ഇവിടെപ്പറയുന്ന മരിച്ചിട്ട് ഇനിയും മരണമില്ലാത്തവനായി ഉയിർത്തെഴുന്നേറ്റത് മരണമില്ലാത്ത ദൈവമല്ല (1തിമൊ, 6:16); ഏകദൈവത്തിനും മനുഷ്യർക്കുമിടയിൽ മദ്ധ്യസ്ഥനും മറുവിലയുമായി തന്നെത്താൻ ഏല്പിച്ചുകൊടുത്ത മനുഷ്യനായ ക്രിസ്തുയേശുവാണെന്ന കാര്യത്തിൽ ട്രിനിറ്റിക്കുപോലും തർക്കമുണ്ടാകില്ല: (1തിമൊ, 2:5-6). അപ്പോൾ ഇവരുടെ പൂർണ്ണ പുത്രദൈവം എവിടെപ്പോയി?
☛ ഉയിർത്തെഴുന്നേറ്റ് തൻ്റെ ദൈവവും പിതാവുമായവൻ്റെ അടുക്കലേക്ക് കരേറിപ്പോയതും (യോഹ, 20:17) ദൈവത്തിൻ്റെ വലത്തുഭാഗത്ത് ഇരിക്കുന്നതും (മർക്കൊ, 16:19), സ്തെഫാനോസ് സ്വർഗ്ഗത്തിൽ മനുഷ്യപുത്രനായി കണ്ടതും (പ്രവൃ, 7:56) മരിച്ചിട്ട് ഇനിയും മരണമില്ലാത്തവനായി ഉയിർത്തെഴുന്നേറ്റ യേശു എന്ന് പേരുള്ള മനുഷ്യനും (യോഹ, 9:11), മനുഷ്യപുത്രനും (മത്താ, 8:29) ആണെന്ന കാര്യത്തിലും ആർക്കും തർക്കമുണ്ടാകില്ല. എന്തെന്നാൽ ദൈവം മനുഷ്യനും മനുഷ്യപുത്രനും അല്ല: (ഹോശേ, 11:9 ⁃ സംഖ്യാ, 23:19; 1ശമൂ, 15:29; ഇയ്യോ, 9:32).
☛ അപ്പോൾ ചോദ്യമിതാണ്: യേശുവിന് ഉണ്ടെന്ന് ട്രിനിറ്റി പറയുന്ന “പൂർണ്ണദൈവം” എന്ന പ്രകൃതി എവിടെപ്പോയി? “ദൈവം” (God) എന്നൊരു പ്രകൃതി (Nature) യേശുവിന് ഉണ്ടായിരുന്നെങ്കിൽ, ആ പ്രകൃതിക്ക് അവൻ്റെ പുനരുത്ഥാനശേഷം എന്തുസംഭവിച്ചു?
☛ ദൈവത്തിൻ്റെ വലത്തുഭാഗത്ത് ഇരിക്കുന്നത് ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവൻ ആയിരുന്നെങ്കിൽ, “മനുഷ്യപുത്രൻ” (Son of God) എന്ന് അവനെ പരിശുദ്ധാത്മാവ് നിറഞ്ഞവനായ സ്തെഫാനോസ് വിശേഷിപ്പിക്കില്ലായിരുന്നു: (പ്രവൃ, 7:56). തന്നെയുമല്ല, ഇവർക്ക് ദൈവം എന്നത് ഒരു വ്യക്തിയല്ല; മൂന്ന് വ്യക്തികളാണ്. സിംഹാസനത്തിൽ ഇരിക്കുന്ന “ദൈവം” നിങ്ങളുടെ മൂന്ന് വ്യക്തികളുടെ സാരാംശമാണ്. ആ ദൈവത്തിൻ്റെ വലത്തുഭാഗത്ത്, പിന്നെയും ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവൻ ഇരിക്കുന്നു എന്ന് പറയാൻ പറ്റില്ല. മൊത്തത്തിൽ പരസ്പരവിരുദ്ധവും, പൂർവ്വാപരവൈരുദ്ധ്യവും നിറഞ്ഞ ഒരു ബൈബിൾവിരുദ്ധ ഉപദേശമാണ് ത്രിത്വവും, ക്രിസ്തുവിൻ്റെ ഇരുപ്രകൃതി എന്ന ഉപദേശവും.