❝അനന്തരം ദൈവം: നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക; അവർ സമുദ്രത്തിലുള്ള മത്സ്യത്തിന്മേലും ആകാശത്തിലുള്ള പറവജാതിയിന്മേലും മൃഗങ്ങളിന്മേലും സർവ്വഭൂമിയിന്മേലും ഭൂമിയിൽ ഇഴയുന്ന എല്ലാ ഇഴജാതിയിന്മേലും വാഴട്ടെ എന്നു കല്പിച്ചു. ഇങ്ങനെ ദൈവം തന്റെ (𝐇𝐢𝐬) സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു, ദൈവത്തിന്റെ സ്വരൂപത്തിൽ അവനെ സൃഷ്ടിച്ചു, ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു.❞
(ഉല്പത്തി 1:26-27)
☛ ഉല്പത്തി പുസ്തകത്തിൽ ദൈവം മനുഷ്യനെ സൃഷ്ടിക്കുന്നതിനു മുമ്പ് ❛നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക❜ എന്ന് ബഹുവചനത്തിൽ പറയുന്നതായി കാണാം. ➟ഉല്പത്തിയിൽ മൂന്നു വാക്യങ്ങളിലായി അഞ്ചുപ്രാവശ്യവും യെശയ്യാവിൽ ഒരുപ്രാവശ്യവും, ഇങ്ങനെ ആറുപ്രാവശ്യം ദൈവം ബഹുവചനം ഉപയോഗിക്കുന്നതായി കാണാം. (ഉല്പ, 1:26; 3:22; 11:7; യെശ, 6:8). ➟ദൈവം ബഹുവചനം പറഞ്ഞിരിക്കയാൽ, അത് ദൈവത്തിന്റെ ബഹുത്വമാണെന്നും, അതിനാൽ ദൈവം ത്രിത്വമാണെന്നും ട്രിനിറ്റി പണ്ഡിതന്മാർ വാദിക്കുന്നു.
☛ ബഹുവചനം:
➦ ബഹുവചനം (𝐏𝐥𝐮𝐫𝐚𝐥) എന്നാൽ മൂന്നെന്ന ഖണ്ഡിതമായ അർത്ഥമില്ല; ➟അത് രണ്ടാകാം, അഞ്ചാകാം, പത്താകാം, നൂറാകാം, മില്യനോ, ബില്യനോ, ട്രില്യനോ ആകാം; വേണമെങ്കിൽ മൂന്നുമാകാം എന്നേയുള്ളു. ➟പിന്നെങ്ങനെ അവിടെപ്പറയുന്നത് ത്രിത്വത്തെക്കുറിച്ചാണെന്ന് പറയും? ➟ബൈബിളിൽ ദൈവം മാത്രമല്ല ബഹുവചനം പറഞ്ഞിരിക്കുന്നത്. ➟പ്രവാചകന്മാരും (യെശ, 1:9; 2:3; 9:6; യിരെ, 4:13; 8:14) ➟ക്രിസ്തുവും (മത്താ, 17:27; 20:18; 26:46; മർക്കൊ, 1:38; 4:35) ➟അപ്പോസ്തലന്മാരും (മത്താ, 17:4; പ്രവൃ, 4:12; 14:22; 17:28; 17:29) ➟ലൂക്കൊസും (16:10,11,12,13,16; 20:7) ആവർത്തിച്ചു ബഹുവചനം പറഞ്ഞിട്ടുണ്ട്. ➟സ്വർഗ്ഗത്തിലെ ദൂതനും ബഹുവചനം പറഞ്ഞിട്ടുണ്ട്: (വെളി, 7:3). ➟ഇവരെല്ലാം ബഹുവചനം പറഞ്ഞിട്ടും ഇവർക്കാർക്കും തന്നിൽത്തന്നെ ബഹുത്വമുണ്ടെന്ന് ആരും പറയുന്നില്ല. ➟ഇവരുടെകൂടെ മറ്റാരെങ്കിലും ഉള്ളതുകൊണ്ടാണ് ബഹുവചനം പറയുന്നതെന്ന് എല്ലാവർക്കും മനസ്സിലാകും. ➟എന്നാൽ ദൈവം ബഹുവചനം പറഞ്ഞാൽ ഞങ്ങൾ സമ്മതിക്കില്ല; അത് ദൈവത്തിൻ്റെ ബഹുത്വമാണ്. ➟ഇതെവിടുത്തെ ബൈബിൾ വ്യാഖ്യാനമാണ്? ➟ബൈബിളിൻ്റെ ആദ്യ എഴുത്തുകാരൻ മുതൽ അവസാന എഴുത്തുകാരൻവരെ ദൈവം ഏകൻ അല്ലെങ്കിൽ ഒരുത്തൻ മാത്രമാണെന്ന് ഖണ്ഡിതമായി ആലേഖനംചെയ്ത് വെച്ചിരിക്കെയാണ്, ഏകസത്യദൈവത്തിൽ (𝐇𝐨 𝐦𝐨𝐧𝐨𝐬 𝐚𝐥𝐞𝐭𝐡𝐢𝐧𝐨𝐬 𝐓𝐡𝐞𝐨𝐬 ⁃ 𝐓𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝) ട്രിനിറ്റി ബഹുത്വം ആരോപിക്കുന്നത്. ➟എന്നാൽ ദൈവശ്വാസീയമായ തിരുവെഴുത്തുകൾ ഇക്കാര്യത്തിൽ എന്തുപറയുന്നു എന്ന് നമുക്കു നോക്കാം:
☛ നാം നമ്മുടെ സ്വരൂപത്തിൽ:
➦ ❝അനന്തരം ദൈവം: നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക; അവർ സമുദ്രത്തിലുള്ള മത്സ്യത്തിന്മേലും ആകാശത്തിലുള്ള പറവജാതിയിന്മേലും മൃഗങ്ങളിന്മേലും സർവ്വഭൂമിയിന്മേലും ഭൂമിയിൽ ഇഴയുന്ന എല്ലാ ഇഴജാതിയിന്മേലും വാഴട്ടെ എന്നു കല്പിച്ചു.❞ (ഉല്പ, 1:26). ➟ഇതാണ് ത്രിത്വം എടുത്തുകാണിക്കുന്ന ഒന്നാമത്തെ വാക്യം. ➟ദൈവം ആരോടാണ് ബഹുവചനം പറയുന്നതെന്ന് ഇയ്യോബിൻ്റെ പുസ്തകത്തിലുണ്ട്: ➨❝ഞാൻ ഭൂമിക്കു അടിസ്ഥാനമിട്ടപ്പോൾ നീ എവിടെയായിരുന്നു? നിനക്കു വിവേകമുണ്ടെങ്കിൽ പ്രസ്താവിക്ക. ⁵അതിന്റെ അളവു നിയമിച്ചവൻ ആർ? നീ അറിയുന്നുവോ? അല്ല, അതിന്നു അളവുനൂൽ പിടിച്ചവനാർ? പ്രഭാതനക്ഷത്രങ്ങൾ ഒന്നിച്ചു ഘോഷിച്ചുല്ലസിക്കയും ദൈവപുത്രന്മാരെല്ലാം സന്തോഷിച്ചാർക്കുകയും ചെയ്തപ്പോൾ അതിന്റെ അടിസ്ഥാനം ഏതിന്മേൽ ഉറപ്പിച്ചു? അല്ല, അതിന്റെ മൂലക്കല്ലിട്ടവൻ ആർ?❞ (ഇയ്യോ, 38:4-7). ➟ഇവിടെ ദൈവം സൃഷ്ടി നടത്തുമ്പോൾ, ഘോഷിച്ചുല്ലസിക്കയും സന്തോഷിച്ചാർക്കുകയും ചെയ്ത ❛പ്രഭാതനക്ഷത്രങ്ങളും ദൈവപുത്രന്മാരും❜ ദൂതന്മാരാണ്. ➟❛𝗞𝗼𝘄𝗸𝗯𝗲 𝗕𝗼𝗾𝗲𝗿❜ എന്ന എബ്രായപദത്തിന് ❛പ്രഭാതനക്ഷത്രങ്ങൾ❜ (𝐌𝐨𝐫𝐧𝐢𝐧𝐠 𝐬𝐭𝐚𝐫𝐬) എന്നാണ്. ➟❛𝗕𝗲𝗻𝗲 𝗘𝗹𝗼𝗵𝗶𝗺❜ എന്നതിന് ❛ദൈവപുത്രന്മാർ❜ (𝐒𝐨𝐧𝐬 𝐨𝐟 𝐆𝐨𝐝) എന്നാണ്. ➟ഇവിടെപ്പറയുന്ന ദൈവപുത്രന്മാർ ദൂതന്മാരാണെന്ന് ഇയ്യോബിൽത്തന്നെ മനസ്സിലാക്കാം: (1:6; 2:1). ➟ദാനീയേലിൽ അത് ഒന്നുകൂടി വ്യക്തമായി മനസ്സിലാക്കാം: (3:25 ⁃⁃ 3:28). ➟ദൈവം ഒന്നാംദിവസമാണ് ഭൂമിക്ക് അടിസ്ഥാനമിട്ടത്. ➟നാലാം ദിവസമാണ് യഥാർത്ഥ നക്ഷത്രങ്ങളെ സൃഷ്ടിക്കുന്നത്. ➟അതിനാൽ ഭൂമിക്ക് അടിസ്ഥാനമിട്ടപ്പോൾ സന്തോഷിച്ചാർത്ത ❛പ്രഭാതനക്ഷത്രങ്ങൾ❜ ദൂതന്മാരാണെന്ന് വ്യക്തമാണ്. ➟എബ്രായ കവിതകളുടെ ഒരു പ്രധാന പ്രത്യേകതയാണ് ❛സമാന്തരത/സമാന്തരത്വം❜ (𝐏𝐚𝐫𝐚𝐥𝐥𝐞𝐥𝐢𝐬𝐦). ➟അതായത്, ഒരേ ആശയം തന്നെ തൊട്ടടുത്തഭാഗത്ത് മറ്റൊരു വാക്ക് ഉപയോഗിച്ച് വീണ്ടും പറയുന്ന രീതി. ➟സങ്കീർത്തനങ്ങളിൽ ഈ രീതി ആവർത്തിച്ച് കാണാം: (സങ്കീ, 19:1; 119:105). ➟തന്മൂലം, ദൈവപുത്രന്മാരും പ്രഭാതനക്ഷത്രങ്ങളും ദൂതന്മാരാണ് സംശയലേശമന്യേ തെളിയുന്നു.
☛ യെഹൂദന്മാരുടെ ഔദ്യോഗിക ബൈബിളായ 𝗧𝗮𝗻𝗮𝗸𝗵-ൻ്റെ ഇംഗ്ലീഷ് പരിഭാഷ ഇപ്രകാരമാണ്: ➟❝When the morning stars sing together, and all 𝘁𝗵𝗲 𝗮𝗻𝗴𝗲𝗹𝘀 𝗼𝗳 𝗚𝗼𝗱 shout?❞ (Tanakh). ➟ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന ഗ്രീക്ക് സെപ്റ്റ്വജിൻ്റിൽ (𝐋𝐗𝐗) ദൈവപുത്രന്മാരെ ദൂതന്മാർ (𝐀𝐧𝐠𝐞𝐥𝐨𝐢 ⁃⁃ 𝐀𝐧𝐠𝐞𝐥𝐬) എന്നാണ് പരിഭാഷ ചെയ്തിരിക്കുന്നത്. (Greek Septuagint). ➟𝗔𝗕𝗣, 𝗕𝗦𝗧, 𝗖𝗘𝗩, 𝗖𝗩𝗕, 𝗟𝗕, 𝗡𝗖𝗩, 𝗡𝗜𝗩, 𝗡𝗟𝗧 തുടങ്ങിയവയും കാണുക. ➟അനാദിയിൽ സ്വർഗ്ഗവും ദൂതന്മാരുമുൾപ്പെടുന്ന അദൃശ്യലോകത്തിൻ്റെ സൃഷ്ടിയാണ് ദൈവം ആദ്യം നടത്തിയത്. (നെഹെ, 9:6). ➟അതെപ്പോഴാണെന്ന് ബൈബിളിൽ പറഞ്ഞിട്ടില്ല. ➟അതിനുശേഷമാണ് ആകാശവും ഭൂമിയും മനുഷ്യനെയും സൃഷ്ടിക്കുന്നത്. ➟അപ്പോൾ ദൂതന്മാരാണ് ദൈവത്തോടൊപ്പം ഉണ്ടായിരുന്നതെന്ന് അസന്ദിഗ്ധമായി മനസ്സിലാക്കാം. ➟ദൈവം ഇയ്യോബിനോട് അത് സ്പഷ്ടമായി പറയുന്ന കാര്യമാണ് നാം മുകളിൽ കണ്ടത്. ➟അതായത്, ❝ദൈവം ദൈവത്തോടല്ല; ദൂതന്മാരോടാണ് ബഹുവചനം പറഞ്ഞിരിക്കുന്നത്.❞
☛ ഉല്പത്തിയിൽ ദൈവം ❛നാം നമ്മുടെ❜ എന്നിങ്ങനെ ദൂതന്മാരെയും ചേർത്താണ് ബഹുവചനം പറയുന്നത് എനതിന് വേറെയും തെളിവുണ്ട്: ➟യഹോവ കെരൂബുകൾക്ക് മദ്ധ്യേയും (1ശമൂ, 4:4; 1ദിന, 13:6; സങ്കീ, 80:1),➟ കെരൂബുകൾക്ക് മീതെയും അധിവസിക്കുന്നവനും (2ശമൂ, 6:2; 2രാജാ, 19;15; യെശ, 37:16), ➟കെരൂബുകളെ വാഹനമാക്കി സഞ്ചരിക്കുന്നവനുമാണ്: (2ശമൂ, 22:11; സങ്കീ, 18:10). ➟മീഖായാവും (1രാജാ, 22:19–2ദിന, 18:18), ➟യെശയ്യാവും (6:1-3), ➟ദാനീയേലും (7:9-10), ➟യോഹന്നാനും (വെളി, 4:1-4) യഹോവയെ കാണുന്നത് കെരൂബുകൾക്ക് മദ്ധ്യേയാണ്. ➟യെഹെസ്ക്കേൽ ദൈവത്തിൻ്റെ സിംഹാസനവും മഹത്വവും കാണുന്നതും കെരൂബുൾക്ക് മീതെയാണ്: (യെഹെ, 10:1, 5, 18,19,20; 11:22). ➟യഹോവ പ്രത്യക്ഷമാകുന്നിടത്തൊക്കെയും ഒരു ദൂതസാന്നിദ്ധ്യം കാണാൻ കഴിയും: (ഉല്പ, 3:22-24; 18:1-19:1; യെശ, 6:1-5). ➟ദൂതൻ മുഖാന്തരം പ്രത്യക്ഷനായതായി പല വേദഭാഗങ്ങളിലും കാണാം: (ഉല്പ, 6:7-14; 21:17,18; 22:1-3; 31:11-13; 32:24:30; പുറ, 3:2-6). ➟ആകയായാൽ ദൈവത്തോടൊപ്പം ദൂതന്മാരാണ് ഉണ്ടായിരുന്നതെന്ന് സംശയലേശമെന്യേ മനസ്സിലാക്കാം. ➟താഴെവരുമ്പോൾ മറ്റു വേദഭാഗങ്ങളിൽ നിന്ന് കൂടുതൽ മനസ്സിലാക്കാം:
☛ അല്പവിശ്വാസികൾക്കുപോലും ബോധംവരുത്താൻ കഴിയുന്ന ചില തെളിവുകൾ കാണിക്കാം:
❶ ഒന്നാം പ്രമാണം:
☛ ❝യഹോവയായ ഞാൻ നിൻ്റെ ദൈവം ആകുന്നു; ഞാൻ അല്ലാതെ അന്യദൈവങ്ങൾ നിനക്കുണ്ടാകരുതു.❞ (പുറ, 20:2-3 ⁃⁃ ആവ, 5:6-7). ➟ഇതാണ് ഒന്നാമത്തെ കല്പന. ➟സ്രഷ്ടാവ് ഒന്നിലധികംപേർ ആയിരുന്നെങ്കിൽ, അഥവാ, ട്രിനിറ്റിയുടെ ഭാഷയിൽ ക്രിസ്തുവും പരിശുദ്ധാത്മാവും വിഭിന്നവ്യക്തികളായി ദൈവത്തോടൊപ്പം സൃഷ്ടിയിങ്കൽ ഉണ്ടായിരുന്നെങ്കിൽ, ➟പത്തു കല്പനകളിൽ ഒന്നാമത്തെ കല്പന തെറ്റാണെന്ന് പറയേണ്ടിവരും. ➟ഒന്നാം കല്പന അല്പസ്വല്പം വ്യത്യാസങ്ങളോടെ 𝟭𝟯𝟬-തോളം പ്രാവശ്യം ബൈബിളിൽ ആവർത്തിച്ചിട്ടുണ്ട്. ➟യഹോവതന്നെ ഒന്നാംകല്പന 𝟮𝟱 പ്രാവശ്യം ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്: ➨❝സർവ്വഭൂമിയിലും എന്നെപ്പോലെ മറ്റൊരുത്തനുമില്ല; ഞാൻ, ഞാൻ മാത്രമേയുള്ളു, ഞാനല്ലാതെ ദൈവമില്ല; ഞാനല്ലാതെ വേറൊരു ദൈവമില്ല; എനിക്ക് സദൃശനായി ആരുമില്ല; എനിക്ക് തുല്യനായി ആരുമില്ല; എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല; എന്റെ ശേഷം ഉണ്ടാകയുമില്ല; ഞാൻ ഒരുത്തനെയും അറിയുന്നില്ല❞ എന്നൊക്കെയാണ് യഹോവ പറയുന്നത്. (പുറ, 9:14; 20:2-3; ആവ, 32:39; യെശ, 40:25, 43:10; 44:8; 45:5; 46:9). ➟ത്രിത്വത്തിൻ്റെ വാദംപോലെ സൃഷ്ടിയിങ്കൽ ദൈവത്തിന് ബഹുത്വമുണ്ടായിരുന്നെങ്കിൽ പത്തുകല്പനകൾ നല്കുമ്പോൾ എന്തുകൊണ്ടാണ് ദൈവം ബഹുവചനം പറയാതിരുന്നത്❓ ➟ദൈവം മൂന്നു വ്യക്തിയായിരുന്നെങ്കിൽ, ❛ഞങ്ങൾ അല്ലാതെ അന്യദൈവങ്ങൾ ഉണ്ടാകരുതു❜ എന്നു പറയില്ലായിരുന്നോ❓ ➟മനുഷ്യനെ സൃഷ്ടിക്കുമ്പോൾ ബഹുത്വമുണ്ടായിരുന്ന ദൈവത്തിന്റെ ബഹുത്വം കല്പന നല്കിയപ്പോൾ എങ്ങനെ ഇല്ലാതായിപ്പോയി? ➟ദൈവം മാറാത്തവൻ ആണെന്നു പഴയനിയമത്തിലും (മലാ, 3:6) ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവൻ ആണെന്ന് പഴയനിയമത്തിലും പറഞ്ഞിട്ടുണ്ട്: (യാക്കോ, 1:17). ➟ദൈവം ഏകനായിക്കോട്ടെ, ത്രിത്വമായിക്കോട്ടെ രണ്ടായാലും സാഹചര്യങ്ങൾക്കനുസരിച്ച് തൻ്റെ പ്രകൃതിക്ക് വ്യതിയാനം സംഭവിക്കുന്ന അഥവാ, സ്ഥിരതയില്ലാത്തവനല്ല. ➟ചിലപ്പോൾ ഏകനും മറ്റു ചിലപ്പോൾ ത്രിത്വമാകാനും അവൻ മായവിയല്ല; മാറാത്തവനാണ്. ➟അതായത്, അലംഘനീയമായ ഒന്നാം കല്പനയ്ക്കുതന്നെ പണികൊടുത്ത ഉപദേശമാണ് ത്രിത്വം.
❷ ഞാൻ ഒറ്റയ്ക്ക് സൃഷ്ടിച്ചു:
☛ യഹോവ ഒരു വെല്ലുവിളിയെന്നവണ്ണം ചോദിക്കുന്നത് ഇപ്രകാരമാണ്: ➨❝നിന്റെ വീണ്ടെടുപ്പുകാരനും ഗർഭത്തിൽ നിന്നെ നിർമ്മിച്ചവനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യഹോവയായ ഞാൻ സകലവും ഉണ്ടാക്കുന്നു; ഞാൻ തന്നേ ആകാശത്തെ വിരിക്കയും ഭൂമിയെ പരത്തുകയും ചെയ്തിരിക്കുന്നു; ആർ എന്നോടുകൂടെ ഉണ്ടായിരുന്നു?❞ (യെശ, 44:24). ➟ഈ വേദഭാഗത്ത്, ❛ഞാൻ തന്നേ ആകാശത്തെയും ഭൂമിയെയും സൃഷ്ടിച്ചു❜ എന്നിടത്ത്, എബ്രായയിൽ ❛ഒറ്റയ്ക്ക്, തനിച്ചു❜ എന്നൊക്കെ അർത്ഥമുള്ള ❛𝗕𝗮𝗱❜ എന്ന പദവും ഇംഗ്ലീഷിൽ ❛𝗔𝗹𝗼𝗻𝗲❜ എന പദവുമാണ്. ➟അതായത്, ❛ഞാൻ ഒറ്റയ്ക്കു❜ സൃഷ്ടിച്ചു എന്നാണ് യഹോവ പറയുന്നത്. ➟ട്രിനിറ്റിയുടെ ഭാഷയിൽ, ദൈവം സൃഷ്ടി നടത്തുമ്പോൾ മൂന്നുപേർ ഉണ്ടായിരുന്നെങ്കിൽ, താൻ ഒറ്റയ്ക്കാണ് സൃഷ്ടി നടത്തിയതെന്ന് ദൈവം പറയുമായിരുന്നോ? ➟ദൈവത്തെപ്പോലും കള്ളനാക്കുന്ന ഉപദേശമാണ് പലരും വിശ്വസിക്കുന്നത്.
❸ ക്രിസ്തുവിൻ്റെ സാക്ഷ്യം:
☛ മനുഷ്യനെ സൃഷ്ടിക്കുമ്പോൾ ആദ്യത്തെ സൃഷ്ടിയായി യേശു ഉണ്ടായിരുന്നു എന്ന് യഹോവസാക്ഷികളും, ➟ദൈവത്തോടൊപ്പം ദൈവത്തിന് സമനായ ക്രിസ്തു ഉണ്ടായിരുന്നെന്ന് ട്രിനിറ്റിയും പഠിപ്പിക്കുന്നു. ➟ഇരുകൂട്ടരുടെയും ഉപദേശം വഞ്ചനാപരമാണെന്ന് ദൈവപുത്രനായ ക്രിസ്തു സാക്ഷ്യപ്പെടുത്തുന്നു. ➨❛ഭാര്യയെ ഉപേക്ഷിക്കുന്നത് വിഹിതമോ❜ എന്നുചോദിച്ച പരീശന്മാരോട് യേശു പറയുന്നത് നോക്കുക: ➨❝സൃഷ്ടിച്ചവൻ ആദിയിൽ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു.❞ (മത്താ, 19:4 ⁃⁃ മർക്കൊ, 10:6). ➟ഈ വാക്യത്തോടുള്ള ബന്ധത്തിൽ മൂന്നുകാര്യങ്ങൾ പറയാം:
𝟭. ക്രിസ്തു പഠിപ്പിച്ചത്: ❛സൃഷ്ടിച്ച അവൻ❜ (𝐡𝐞 𝐰𝐡𝐢𝐜𝐡 𝐦𝐚𝐝𝐞) എന്നാണ്: (KJV). ➟സ്രഷ്ടാവായ ദൈവത്തിനു ഒരു ബഹുത്വം ഉണ്ടായിരുന്നെങ്കിൽ അഥവാ, പിതാവായ യഹോവയോടൊപ്പം സ്രഷ്ടാവായി താനും ഉണ്ടായിരുന്നെങ്കിൽ, ❛സൃഷ്ടിച്ച അവൻ❜ എന്ന ഏകവചനമല്ല, ❛സൃഷ്ടിച്ച ഞങ്ങൾ❜ (𝐰𝐞 𝐰𝐡𝐢𝐜𝐡 𝐦𝐚𝐝𝐞/𝐰𝐞 𝐰𝐡𝐨 𝐦𝐚𝐝𝐞) എന്ന ബഹുവചനം പറയുമായിരുന്നു.
𝟮. ട്രിനിറ്റിയുടെ വ്യാഖ്യാനപ്രകാരം; ദൈവത്തിലെ മൂന്നു പേർ ചേർന്ന് ആദവും ഹവ്വായും എന്ന രണ്ടു പേരെയാണ് ഉണ്ടാക്കിയത്. ➟എന്നാൽ ക്രിസ്തു പറഞ്ഞത്: ➨❝സൃഷ്ടിച്ച അവൻ ആദിയിൽ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു❞ എന്നാണ്. ➟വാക്യം ശ്രദ്ധിക്കണം: ആദത്തിനെയും ഹവ്വായെയും ചേർത്താണ് ❛അവരെ❜ (𝐭𝐡𝐞𝐦) എന്ന ബഹുവചനം ക്രിസ്തു പറഞ്ഞത്. ➟സൃഷ്ടികളായ രണ്ടു പേരെച്ചേർത്ത് ബഹുവചനം പറഞ്ഞ ക്രിസ്തു, സ്രഷ്ടാവ് ഒന്നിലധികം പേർ ആയിരുന്നെങ്കിൽ ബഹുവചനം എന്തുകൊണ്ട് പറഞ്ഞില്ല?
𝟯. കൊയ്നേ ഗ്രീക്കിൽ സൃഷ്ടിയെ കുറിക്കുന്ന രണ്ട് ക്രിയാപദങ്ങളാണ് ഈ വാക്യത്തിലുള്ളത്: ➟ആദ്യത്തെപദം, ❛𝗛𝗼 𝗽𝗼𝗶𝗲𝘀𝗮𝘀❜ ആണ്. ➟അതിൽ ❛𝗛𝗼❜ എന്നത് ❛𝗧𝗵𝗲❜ എന്ന ❛നിശ്ചയോപപദം❜ (𝐃𝐞𝐟𝐢𝐧𝐢𝐭𝐞 𝐀𝐫𝐭𝐢𝐜𝐥𝐞) ആണ്. ➟ഇതൊരു പുല്ലിംഗ ഏകവചനം (𝐒𝐢𝐧𝐠𝐮𝐥𝐚𝐫 𝐌𝐚𝐬𝐜𝐮𝐥𝐢𝐧𝐞) ആണ്. ➟❛𝗽𝗼𝗶𝗲𝘀𝗮𝘀❜ എന്ന പദത്തിന് ❛സൃഷ്ടിച്ചവൻ/ഉണ്ടാക്കിയവൻ❜ (𝐓𝐡𝐞 𝐌𝐚𝐤𝐞𝐫/𝐂𝐫𝐞𝐚𝐭𝐨𝐫) എന്നാണർത്ഥം. ➟ഇത് പുല്ലിംഗ ഏകവചന ക്രിയാപദം (𝐒𝐢𝐧𝐠𝐮𝐥𝐚𝐫 𝐌𝐚𝐬𝐜𝐮𝐥𝐢𝐧𝐞 𝐕𝐞𝐫𝐛) ആണ്. ➟അതായത്, സൃഷ്ടികർത്താവിന് ബഹുത്വമില്ല; അവൻ ഏകനാണെന്ന് ആദ്യപദം അസന്ദിഗ്ദ്ധമായി വ്യക്തമാക്കുന്നു. ➟അടുത്തപദം, ❛𝗲𝗽𝗼𝗶𝗲𝘀𝗲𝗻❜ ആണ്. ➟ഇതൊരു പ്രഥമപുരുഷ ഏകവചന ക്രിയാപദം (𝟑𝐫𝐝 𝐏𝐞𝐫𝐬𝐨𝐧 𝐒𝐢𝐧𝐠𝐮𝐥𝐚𝐫 𝐕𝐞𝐫𝐛) ആണ്. ➟ഇതിൻ്റെ അർത്ഥം ❛അവൻ സൃഷ്ടിച്ചു❜ (𝐇𝐞 𝐦𝐚𝐝𝐞) എന്നാണ്. ➟അതായത്, സൃഷ്ടിച്ചത് ❛ഞങ്ങൾ❜ അല്ല; ❛അവൻ❜ ആണ്. ➟❛അവൻ സൃഷ്ടിച്ചു❜ (𝐇𝐞 𝐦𝐚𝐝𝐞) എന്ന് പറയാൻ പ്രഥമപുരുഷനിലുള്ള (𝟑𝐫𝐝 𝐏𝐞𝐫𝐬𝐨𝐧) പദമാണ് ഉപയോഗിച്ചിരിക്കുന്നത്. ➟അതായത്, ഉത്തമപുരുഷനായ ക്രിസ്തു (𝟏𝐬𝐭 𝐏𝐞𝐫𝐬𝐨𝐧), മധ്യമപുരുഷനായ യെഹൂദന്മാരോട് (𝟐𝐧𝐝 𝐏𝐞𝐫𝐬𝐨𝐧), സ്രഷ്ടാവായ ദൈവത്തെ ഏകവചനത്തിലും (𝐒𝐢𝐧𝐠𝐮𝐥𝐚𝐫) പ്രഥമപുരുഷനിലും (𝟑𝐫𝐝 𝐏𝐞𝐫𝐬𝐨𝐧) വിശേഷിപ്പിച്ചുകൊണ്ട്, ➟തനിക്ക് സൃഷ്ടിയിൽ യാതൊരു പങ്കുമില്ലെന്ന് സംശയലേശമന്യേ വ്യക്തമാക്കി. ➟ട്രിനിറ്റി പഠിപ്പിക്കുന്നപോലെ: ദൈവം സമനിത്യരായ മൂന്നുപേരാണെങ്കിലോ, ക്രിസ്തു ദൈവമാണെങ്കിലോ, ➟യഹോവസാക്ഷികൾ പറയുമ്പോലെ: ആദ്യത്തെ സൃഷ്ടിയെന്ന നിലയിൽ ദൈവത്തോടൊപ്പം സഹായിയായോ, ശില്പിയായോ അവൻ ഉണ്ടായിരുന്നെങ്കിലോ ❛സൃഷ്ടിച്ച അവൻ❜ (𝐡𝐞 𝐰𝐢𝐜𝐡 𝐦𝐚𝐝𝐞/𝐡𝐞 𝐰𝐡𝐨 𝐦𝐚𝐝𝐞) എന്ന് ഏകവചനത്തിലും ❛അവൻ സൃഷ്ടിച്ചു❜ (𝐇𝐞 𝐦𝐚𝐝𝐞) എന്ന് പ്രഥമപുരുഷനിലും പറയാതെ, ❛ഞങ്ങൾ സൃഷ്ടിച്ചു❜ എന്ന് ഉത്തമപുരുഷ ബഹുവചനത്തിൽ പറയുമായിരുന്നു. ➟മർക്കൊസിൽ പറയുന്നതും ❛ദൈവം അവരെ സൃഷ്ടിച്ചു❜ (𝐆𝐨𝐝 𝐦𝐚𝐝𝐞 𝐭𝐡𝐞𝐦) എന്ന് പ്രഥമ പുരുഷനിലാണ്. (മർക്കൊ, 10:6 ⁃⁃ മർക്കൊ, 13:19). ➟സൃഷ്ടിയിങ്കൽ താനും ഉണ്ടായിരുന്നെങ്കിൽ, ❛ഞങ്ങൾ സൃഷ്ടിച്ചു❜ എന്നോ, ❛ദൈവവും ഞാനുകൂടി സൃഷ്ടിച്ചു❜ എന്നോ പറയുമായിരുന്നു. ➟അതാണ് ഭാഷയുടെ നിയമം. ➟തന്മൂലം, സൃഷ്ടിയിൽ തനിക്ക് യാതൊരു പങ്കുമില്ലെന്ന് ക്രിസ്തുവിൻ്റെ വാക്കിനാൽ അസന്ദിഗ്ധമായി മനസ്സിലാക്കാം. ➟❝മനുഷ്യർക്ക് മനസ്സിലാകാൻ മനുഷ്യരുടെ ഭാഷയിൽ മനുഷ്യരെക്കൊണ്ട് ദൈവം എഴുതിച്ച വചനത്തിൽ വ്യാകരണവിരുദ്ധമായി ഒന്നും ഉണ്ടാകില്ല; ഉണ്ടാകാൻ പാടില്ല.❞ ➟ദൈവശ്വാസീയമായ തിരുവെഴുത്തുകളെയും ഭാഷയെയും അതിക്രമിച്ചുകൊണ്ടല്ലാതെ, ദൈവം ത്രിത്വമാണെന്നോ, ക്രിസ്തു സ്രഷ്ടാവാണെന്നോ, ആദ്യസൃഷ്ടിയാണെന്നോ പറയാൻ ആർക്കും കഴിയില്ല.
❹ മോശെയുടെ സാക്ഷ്യം:
☛ യഹോവ ഒറ്റയ്ക്കാണ് സൃഷ്ടിച്ചതെന്ന് എഴുത്തുകാരനായ മോശെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. 𝟮𝟲-ാം വാക്യത്തിൽ സംസാരിക്കുന്നത് (𝟏𝐬𝐭 𝐏𝐞𝐫𝐬𝐨𝐧) യഹോവയാണ്: ➨❝നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക.❞ ➟ട്രിനിറ്റി പറയുന്നതുപോലെ ദൈവത്തിൻ്റെ കൂടെയുള്ളത് പുത്രനും പരിശുദ്ധാത്മാവും അല്ലെന്നതിൻ്റെ തെളിവാണ് അടുത്തവാക്യം: ➨❝ഇങ്ങനെ ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു ദൈവത്തിന്റെ സ്വരൂപത്തിൽ അവനെ സൃഷ്ടിച്ചു , ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു.❞ (ഉല്പ, 1:27). ➟ഇവിടുത്തെ ❛𝗯𝗲𝘁𝘀𝗮𝗹𝗺𝗼❜ എന്ന എബ്രായ പദത്തിന് ❛അവൻ്റെ സ്വരൂപത്തിൽ❜ (𝐈𝐧 𝐡𝐢𝐬 𝐨𝐰𝐧 𝐢𝐦𝐚𝐠𝐞) എന്നാണർത്ഥം. ➟വാക്യം ശ്രദ്ധിക്കുക: ദൈവം മനുഷ്യനെ ❛അവരുടെ സ്വരൂപത്തിൽ സൃഷ്ടിച്ചു❜ എന്ന് ബഹുവചനത്തിലല്ല; ➟❛ദൈവം മനുഷ്യനെ അവൻ്റെ സ്വരൂപത്തിൽ സൃഷ്ടിച്ചു❜ (𝐆𝐨𝐝 𝐜𝐫𝐞𝐚𝐭𝐞𝐝 𝐦𝐚𝐧 𝐢𝐧 𝐡𝐢𝐬 𝐨𝐰𝐧 𝐢𝐦𝐚𝐠𝐞) എന്ന് ഏകവചനത്തിലാണ് മോശെ പറഞ്ഞിരിക്കുന്നത്. ➟ആദ്യവാക്യത്തിൽ പറയുന്നത് സ്രഷ്ടാവായ ദൈവത്തിന്റെ ബഹുത്വം ആയിരുന്നെങ്കിൽ, ➟അഥവാ, സൃഷ്ടിയിങ്കൽ ദൈവപുത്രനായ ക്രിസ്തുവും പരിശുദ്ധാത്മാവും വ്യത്യസ്ത വ്യക്തികളായി ദൈവത്തോടൊപ്പം ഉണ്ടായിരുന്നെങ്കിൽ, ➟❛ദൈവം മനുഷ്യനെ അവരുടെ സ്വരൂപത്തിൽ സൃഷ്ടിച്ചു❜ (𝐆𝐨𝐝 𝐜𝐫𝐞𝐚𝐭𝐞𝐝 𝐦𝐚𝐧 𝐢𝐧 𝐭𝐡𝐞𝐢𝐫 𝐨𝐰𝐧 𝐢𝐦𝐚𝐠𝐞) എന്ന് ബഹുവചനത്തിൽ പറയാതെ, ➟ദൈവം മനുഷ്യനെ അവൻ്റെ സ്വരൂപത്തിൽ സൃഷ്ടിച്ചു (𝐆𝐨𝐝 𝐜𝐫𝐞𝐚𝐭𝐞𝐝 𝐦𝐚𝐧 𝐢𝐧 𝐡𝐢𝐬 𝐨𝐰𝐧 𝐢𝐦𝐚𝐠𝐞) എന്ന് ഏകവചനത്തിൽ എഴുത്തുകാരൻ എങ്ങനെ പറയും? ➟𝟮𝟲-ാം വാക്യത്തിൽ സൃഷ്ടിയെക്കുറിച്ച് ആലോചിച്ചപ്പോൾ ദൈവം ത്രിത്വമായിരുന്നെങ്കിൽ 𝟮𝟳-ാം വാക്യത്തിൽ സൃഷ്ടി നടത്തിയപ്പോൾ ത്രിത്വം ഇല്ലാതായിപ്പോയോ? ➟ആദ്യവാക്യത്തിലുള്ളത് സ്രഷ്ടാക്കൾ ആയിരുന്നെങ്കിൽ, അടുത്തവാക്യത്തിൽ മൂവരെയും ചേർത്ത് ഏകവചനം പറയാൻ വ്യാകരണത്തിൽ വ്യവസ്ഥയില്ല. ➟ബൈബിൾ എഴുതിയിരിക്കുന്നത് മനുഷ്യരുടെ ഭാഷയിലാണ്. ➟എഴുത്ത് ഭാഷയ്ക്ക് ഒറ്റ നിയമമേ ഉള്ളു. ➨❝നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക❞ എന്ന് പറഞ്ഞത് ദൈവമാണ്. ➟ആ വാക്യത്തിൽ ദൈവം ❛നാം, നമ്മുടെ❜ എന്ന് ബഹുവചനം പറഞ്ഞത് തൻ്റെ കൂടെയുള്ള ദൂതന്മാരെയും ചേർത്താണെന്ന് മുകളിൽ നാം കണ്ടതാണ്. ➟കൂടെയുള്ളവർ സ്രഷ്ടാക്കളല്ല; സൃഷ്ടികളാണ്. ➟അടുത്തവാക്യത്തിൽ ദൈവം ഒറ്റയ്ക്ക് സൃഷ്ടി നടത്തിയ കാര്യമാണ് എഴുത്തുകാരനായ മോശെ പറയുന്നത്. ➟ആദ്യവാക്യത്തിൽ പറയുന്ന എല്ലാവർക്കും സൃഷ്ടിയിൽ പങ്കുണ്ടെങ്കിൽ, ➟അടുത്തവാക്യം പൂർവ്വാപരവൈരുദ്ധ്യമാകും. ➟ബൈബിളിലെന്നല്ല; ബാലമംഗളത്തിൽപ്പോലും ഒരുകാര്യം അങ്ങനെ പറയില്ല. ➟സ്രഷ്ടാവായ ദൈവം ത്രിത്വമായിരുന്നെങ്കിൽ, ❛അവരുടെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു❜ എന്ന് ബഹുവചനത്തിൽ മോശെ പറയുമായിരുന്നു. ➟അതായത്, തൻ്റെകൂടെ ഉണ്ടായിരുന്ന ദൂതന്മാരെയും ചേർത്ത് ബഹുവചനം പറഞ്ഞശേഷം, യഹോവയായ ദൈവം ഒറ്റയ്ക്കാണ് മനുഷ്യനെ സൃഷ്ടിക്കുന്നതെന്ന് സ്ഫടികസ്ഫുടം വ്യക്തം. ➟ഇതും നോക്കുക: (ഉല്പ, 2:7; 5:1). ➟യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്നും, യഹോവയ്ക്ക് തുല്യനായി ആരുമില്ലെന്നും, മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം മറ്റൊരുത്തനുമില്ലെന്നും ആവർത്തിച്ചു സാക്ഷ്യം പറഞ്ഞവനാണ് മോശെ: (പുറ, 8:10; 15:11; 22:20; ആവ, 3:24; 4:35,39; 6:4; 32:12; 33:26). ➟യഹോവയ്ക്ക് സൃഷ്ടിയിങ്കൽ ബഹുത്വമുണ്ടായിരുന്നെങ്കിൽ, ➟സ്വർഗ്ഗത്തിലും ഭൂമിയിലും യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്നും ➟ഒരുത്തൻ മാത്രമാണ് സ്രഷ്ടാവെന്നും മോശെയ്ക്ക് എങ്ങനെ പറയാൻ കഴിയും?
❺ പഴയനിയമത്തിലെ മറ്റ് മശീഹമാരുടെയും ഭക്തന്മാരുടെയും സാക്ഷ്യം:
☛ ❝ഹിസ്കീയാവു യഹോവയുടെ മുമ്പാകെ പ്രാർത്ഥിച്ചുപറഞ്ഞതു എന്തെന്നാൽ: കെരൂബുകൾക്കുമീതെ അധിവസിക്കുന്ന യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സകലരാജ്യങ്ങൾക്കും ദൈവം ആകുന്നു; നീ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി ⁃⁃ Hezekiah prayed before the LORD, and said, O LORD God of Israel, which dwellest between the cherubims, 𝘁𝗵𝗼𝘂 𝗮𝗿𝘁 𝘁𝗵𝗲 𝗚𝗼𝗱, 𝗲𝘃𝗲𝗻 𝘁𝗵𝗼𝘂 𝗮𝗹𝗼𝗻𝗲, 𝗼𝗳 𝗮𝗹𝗹 𝘁𝗵𝗲 𝗸𝗶𝗻𝗴𝗱𝗼𝗺𝘀 𝗼𝗳 𝘁𝗵𝗲 𝗲𝗮𝗿𝘁𝗵; 𝘁𝗵𝗼𝘂 𝗵𝗮𝘀𝘁 𝗺𝗮𝗱𝗲 𝗵𝗲𝗮𝘃𝗲𝗻 𝗮𝗻𝗱 𝗲𝗮𝗿𝘁𝗵.❞ (2രാജാ, 19:15). ➟ഈ വേദഭാഗത്ത് ആദ്യം പറയുന്നത്: ❛യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സകലരാജ്യങ്ങൾക്കും ദൈവം ആകുന്നു❜ എന്നാണ്. ➟ഇവിടെ ❛നീ❜ (𝐭𝐡𝐨𝐮) എന്ന ഏകവചനവും ❛𝗔𝗹𝗼𝗻𝗲. 𝗢𝗻𝗹𝘆❜ എന്നർത്ഥമുള്ള ❛𝗕𝗮𝗱❜ എന്ന എബ്രായപദവും ഒരുപോലെ ഉപയോഗിച്ചിട്ടുണ്ട്. ➟അടുത്തഭാഗം: ❛നീ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി❜ (𝐭𝐡𝐨𝐮 𝐡𝐚𝐬𝐭 𝐦𝐚𝐝𝐞 𝐡𝐞𝐚𝐯𝐞𝐧 𝐚𝐧𝐝 𝐞𝐚𝐫𝐭𝐡). ➟യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്ന് പറഞ്ഞശേഷം, ❛നീ (𝐭𝐡𝐨𝐮) ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി❜ എന്ന് വീണ്ടും ഏകവചനത്തിലാണ് പറയുന്നത്. ➟യഹോവ ഒരുത്തൻ മാത്രമാണ് സ്രഷ്ടാവെന്ന് സ്ഫടികസ്ഫുടം വ്യക്തമല്ലേ? ➨❝നീ, നീ മാത്രം യഹോവ ആകുന്നു; നീ ആകാശത്തെയും സ്വർഗ്ഗാധിസ്വർഗ്ഗത്തെയും അവയിലെ സകലസൈന്യത്തെയും ഭൂമിയെയും അതിലുള്ള സകലത്തെയും സമുദ്രങ്ങളെയും അവയിലുള്ള സകലത്തെയും ഉണ്ടാക്കി; നീ അവയെ ഒക്കെയും രക്ഷിക്കുന്നു; ആകാശത്തിലെ സൈന്യം നിന്നെ നമസ്കരിക്കുന്നു.❞ (നെഹെ, 9:6). ➟ഈ വേദഭാഗത്തും ❛𝗔𝗹𝗼𝗻𝗲. 𝗢𝗻𝗹𝘆❜ എന്നർത്ഥമുള്ള ❛𝗕𝗮𝗱❜ എന്ന പദംകൊണ്ട്, യഹോവ ഒരുത്തൻ മാത്രമാണെന്ന് പറഞ്ഞശേഷമാണ്; നീ (𝐭𝐡𝐨𝐮) സകലത്തെയും സൃഷ്ടിച്ചു എന്ന് ഏകവചനത്തിലാണ് പറയുന്നത്. ➟ദൈവത്തിന് ബഹുത്വമുണ്ടെങ്കിൽ അഥവാ, സൃഷ്ടി നടത്തിയത് മൂന്നുപേരാണെങ്കിൽ യഹോവ ഒറ്റയ്ക്ക് സകലവും സൃഷ്ടിച്ചു എന്ന് പറയുമായിരുന്നോ? ➨❝അവൻ തനിച്ചു ആകാശത്തെ വിരിക്കുന്നു; സമുദ്രത്തിലെ തിരമാലകളിന്മേൽ അവൻ നടക്കുന്നു.❞ (ഇയ്യോ, 9:8). ➟ഈ വേദഭാഗത്തും ❛𝗔𝗹𝗼𝗻𝗲. 𝗢𝗻𝗹𝘆❜ എന്നർത്ഥമുള്ള ❛𝗕𝗮𝗱❜ എന്ന പദംകൊണ്ട് യഹോവ ഒറ്റ്ക്കാണ് സകലവും സൃഷ്ടിച്ചതെന്നാണ് പറഞ്ഞിരിക്കുന്നത്. ➨❝യിസ്രായേലിന്റെ ദൈവമായി കെരൂബുകളുടെ മീതെ അധിവസിക്കുന്നവനായ സൈന്യങ്ങളുടെ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സർവ്വരാജ്യങ്ങൾക്കും ദൈവമാകുന്നു; നീ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി.❞ (യെശ, 37:16). ➟ഹിസ്കീയാവിൻ്റെ പ്രാർത്ഥന യെശയ്യാവ് എടുത്ത് ഉദ്ധരിക്കുമ്പോഴും, ❛𝗔𝗹𝗼𝗻𝗲. 𝗢𝗻𝗹𝘆❜ എന്നർത്ഥമുള്ള ❛𝗕𝗮𝗱❜ എന്ന പദംകൊണ്ട്, യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്നും അവൻ ഒറ്റയ്ക്കാണ് സകലവും സൃഷ്ടിച്ചതെന്നാണ് പറയുന്നത്. ➨❝നമുക്കെല്ലാവർക്കും ഒരു പിതാവല്ലോ ഉള്ളതു; ഒരു ദൈവം തന്നേയല്ലോ നമ്മെ സൃഷ്ടിച്ചതു;❞ (മലാ, 2:10). ➟പിതാവായ യഹോവ ഒറ്റയ്ക്കാണ് സൃഷ്ടി നടത്തിയതെന്ന് ഈ വേദഭാഗത്തും വ്യക്തമാണല്ലോ. ➨❝എങ്കിലോ യഹോവേ, നീ ഞങ്ങളുടെ പിതാവു; ഞങ്ങൾ കളിമണ്ണും നീ ഞങ്ങളെ മനയുന്നവനും ആകുന്നു; ഞങ്ങൾ എല്ലാവരും നിന്റെ കൈപ്പണിയത്രേ.❞ (യെശ, 64:8). ➟ഈ വേദഭാഗവും ശ്രദ്ധിക്കുക: ❛യഹോവേ, നീ ഞങ്ങളുടെ പിതാവു❜ എന്ന് പറഞ്ഞശേഷം, ❛നീ❜ (𝐭𝐡𝐨𝐮) ഞങ്ങളെ മനയുന്നവൻ എന്ന് ഏകവചനത്തിൽ പറഞ്ഞുകൊണ്ട്, ➟യഹോവ ഒരുത്തൻ മാത്രമാണ് സ്രഷ്ടാവെന്ന് അസന്ദിഗ്ധമായിട്ടാണ് പറയുന്നത്. ➟ഇതെല്ലാം നോക്കുക: (പുറ, 20:11; 1ദിന, 16:26; ഇയ്യോ, 38:4; സങ്കീ, 8:3; 33:6; 95:6-7; 90:2; 96:5; 102:25; 104:24,30; 115:15; 121:2; 124:8; 134:3; 136:5; 139:13; 146:6; സദൃ, 3:19; 16:4; 40:26,28; 42:5; 45:18; 53:13,16; യിരെ, 10:2; 32:17; 51:15; സെഖ, 12:1; മലാ, 2:10; മർക്കൊ, 13:19; പ്രവൃ, 4:24; 14:15; 17:24; 1കൊരി, 8:6; എഫെ, 3:19; എബ്രാ, 1:10; 3:14; 2പത്രൊ, 3:5; വെളി, 4:11; 14:7)
❻ അപ്പൊസ്തലന്മാരുടെ സാക്ഷ്യം:
☛ ❝പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു.❞ (1കൊരി, 8:6 ⁃⁃ 11:12; എബ്രാ, 2:10). ➟പിതാവായ ഏകദൈവമാണ് സകലത്തിന്നും കാരണഭൂതൻ അഥവാ, സൃഷ്ടികർത്താവ് എന്നാണ് അപ്പൊസ്തലൻ പറയുന്നത്. ➨❝തന്നെ സൃഷ്ടിച്ചവന്റെ പ്രതിമപ്രകാരം പരിജ്ഞാനത്തിന്നായി പുതുക്കം പ്രാപിക്കുന്ന പുതിയ മനുഷ്യനെ ധരിച്ചിരിക്കുന്നവല്ലോ.❞ (കൊലൊ, 3:10). ➟ഈ വാക്യം ശ്രദ്ധിക്കുക: ❛തന്നെ സൃഷ്ടിച്ച അവൻ്റെ പ്രതിമപ്രകാരം❜ (𝐓𝐡𝐞 𝐢𝐦𝐚𝐠𝐞 𝐨𝐟 𝐡𝐢𝐦 𝐭𝐡𝐚𝐭 𝐜𝐫𝐞𝐚𝐭𝐞𝐝 𝐡𝐢𝐦) എന്നാണ്. ➟സൃഷ്ടാവ് അവർ അല്ല; അവൻ (ഒരുത്തൻ മാത്രം) ആണ്. ➨❝കർത്താവേ, നീ സർവ്വവും സൃഷ്ടിച്ചവനും എല്ലാം നിന്റെ ഇഷ്ടംഹേതുവാൽ ഉണ്ടായതും സൃഷ്ടിക്കപ്പെട്ടതും ആകയാൽ മഹത്വവും ബഹുമാനവും ശക്തിയും കൈക്കൊൾവാൻ യോഗ്യൻ എന്നു പറഞ്ഞുംകൊണ്ടു തങ്ങളുടെ കിരീടങ്ങളെ സിംഹാസനത്തിൻ മുമ്പിൽ ഇടും.❞ (വെളി, 4:11 ⁃⁃ വെളി, 10:7). ➟ഈ വാക്യവും ശ്രദ്ധിക്കുക: ❛കർത്താവേ, നീ സർവ്വവും സൃഷ്ടിച്ചു❜ (𝐎 𝐋𝐨𝐫𝐝, 𝐭𝐡𝐨𝐮 𝐡𝐚𝐬𝐭 𝐜𝐫𝐞𝐚𝐭𝐞𝐝 𝐚𝐥𝐥 𝐭𝐡𝐢𝐧𝐠𝐬). ➟പലർ ചേർന്നല്ല; ❛നീ❜ (𝐭𝐡𝐨𝐮) അഥവാ, ഒരുത്തൻ മാത്രമാണ് സൃഷ്ടിച്ചത്. ➟അടുത്തഭാഗം: ❛എല്ലാം നിന്റെ ഇഷ്ടംഹേതുവാൽ ഉണ്ടായി❜ (𝐭𝐡𝐲 𝐩𝐥𝐞𝐚𝐬𝐮𝐫𝐞 𝐭𝐡𝐞𝐲 𝐚𝐫𝐞 𝐚𝐧𝐝 𝐰𝐞𝐫𝐞 𝐜𝐫𝐞𝐚𝐭𝐞𝐝). ➟പലരുരുടെ ഇഷ്ടത്താലല്ല; ❛നിൻ്റെ❜ (𝐭𝐡𝐲) അഥവാ, ഒരുത്തൻ്റെ ഇഷ്ടത്താലാണ് സകലവും ഉണ്ടായത്. ➟ഈ വേദഭാഗങ്ങളിലൂടെ സ്രഷ്ടാവ് ഒരുത്തൻ മാത്രമാണെന്ന് ഖണ്ഡിതമായാണ് അപ്പൊസ്തലന്മാർ പറയുന്നത്.
❼ എലോഹീമിന് ബഹുത്വമുണ്ടോ?
☛ ദൈവം (God) എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന ❛𝗘𝗹𝗼𝗵𝗶𝗺❜ എന്ന എബ്രായ പദം ബഹുവചനമാണ്. ➟എന്നാൽ ബൈബിളിൽ ആ പദം സത്യദൈവത്തിന് ഏകവചനത്തിനും ജാതികളുടെ ദൈവങ്ങൾക്ക് ഏകവചനത്തിലും ബഹുവചനത്തിലും ഉപയോഗിച്ചിട്ടുണ്ട്. ➟എന്നാൽ സത്യദൈവത്തിന് എലോഹീം ബഹുവചനത്തിലാണ് ഉപയോഗിച്ചിരിക്കുന്നത് എന്ന് ട്രിനിറ്റി വിചാരിക്കുന്നു. ➟അത് ശരിയാണോന്ന് നോക്കാം: ➨❝വരുവിൻ, നാം വണങ്ങി നമസ്കരിക്ക; നമ്മെ നിർമ്മിച്ച യഹോവയുടെ മുമ്പിൽ മുട്ടുകുത്തുക. അവൻ നമ്മുടെ ദൈവമാകുന്നു; നാമോ അവൻ മേയിക്കുന്ന ജനവും അവന്റെ കൈക്കലെ ആടുകളും തന്നേ.❞ (സങ്കീ, 95:6-7). ➨❝എന്തു മിത്ഥ്യാത്വത്തിന്നായി നീ മനുഷ്യപുത്രന്മാരെ ഒക്കെയും സൃഷ്ടിച്ചു?❞ (സങ്കീ, 89:47). ➨❝നീയല്ലോ എന്റെ അന്തരംഗങ്ങളെ നിർമ്മിച്ചതു, എന്റെ അമ്മയുടെ ഉദരത്തിൽ നീ എന്നെ മെടഞ്ഞു.❞ (സങ്കീ, 139:13). ➟ഈ മൂന്ന് വാക്യങ്ങളും ശ്രദ്ധിക്കുക: ❛അവൻ, നീ, നീയല്ലോ❜ എന്നിങ്ങനെയുള്ള മധ്യമപുരുഷ, പ്രഥമപുരുഷ ഏകവചന സർവ്വനാമങ്ങളാണ് (𝟐𝐧𝐝, 𝟑𝐫𝐝 𝐏𝐞𝐫𝐬𝐨𝐧 𝐒𝐢𝐧𝐠𝐮𝐥𝐚𝐫 𝐏𝐫𝐨𝐧𝐨𝐮𝐧𝐬) ഭക്തന്മാർ എലോഹീമിന് ഉപയോഗിച്ചിരിക്കുന്നത്. ➟വേറെയും അനേകം വാക്യങ്ങളുണ്ട്: (ഉല്പ, 1:27; 2:3; ഇയ്യോ, 37:7; സങ്കീ, 89:12; 94:9; 119:73; യെശ, 27:11; 40:26,28; 45:9,12,18; യിരെ, 10:12,16; 14:22; 51:15,19). ➟സ്രഷ്ടാവായ എലോഹിമിന് ബഹുത്വം (𝐏𝐥𝐮𝐫𝐚𝐥𝐢𝐭𝐲) ഉണ്ടായിരുന്നെങ്കിൽ അഥവാ, ബഹുവചനത്തിലാണ് (𝐏𝐥𝐮𝐫𝐚𝐥) പദം ഉപയോഗിച്ചിരുന്നതെങ്കിൽ, എകവചന സർവ്വനാമങ്ങൾ (𝐒𝐢𝐧𝐠𝐮𝐥𝐚𝐫 𝐏𝐫𝐨𝐧𝐨𝐮𝐧𝐬) ഉപയോഗിക്കാൻ വ്യാകരണത്തിൽ വ്യവസ്ഥയില്ല. ➟അടുത്ത തെളിവ്: ➨❝ഞാൻ സൃഷ്ടിച്ചിട്ടുള്ള മനുഷ്യനെ ഭൂമിയിൽ നിന്നു നശിപ്പിച്ചുകളയും.❞ (ഉല്പ, 6:7). ➨❝ഞാൻ എനിക്കു വേണ്ടി നിർമ്മിച്ചിരിക്കുന്ന ജനം എന്റെ സ്തുതിയെ വിവരിക്കും.❝ (യെശ, 43:21). ➨❝ഞാൻ ഭൂമിയെ ഉണ്ടാക്കി അതിൽ മനുഷ്യനെയും സൃഷ്ടിച്ചു; എന്റെ കൈ തന്നേ ആകാശത്തെ വിരിച്ചു അതിലെ സകലസൈന്യത്തെയും ഞാൻ കല്പിച്ചാക്കിയിരിക്കുന്നു.❞ (യെശ, 45:12). ➟ഈ വേദഭാഗങ്ങളിൽ ❛ഞാൻ, എൻ്റെ, എനിക്കു❛ എന്നിങ്ങനെ സ്രഷ്ടാവായ ദൈവം ഉത്തമപുരുഷ ഏകവചന സർവ്വനാമങ്ങളാണ് (𝟏𝐬𝐭 𝐏𝐞𝐫𝐬𝐨𝐧 𝐒𝐢𝐧𝐠𝐮𝐥𝐚𝐫 𝐏𝐫𝐨𝐧𝐨𝐮𝐧𝐬) പറഞ്ഞിരിക്കുന്നത്. ഇതും നോക്കുക: (2രാജാ, 19:15; യേശ, 37:26; 43:1; 44:2; 43:1,7; 44:21; 45:8,12; 54:16; 57:16; യിരെ, 38:16). ➟എലോഹീം ബഹുവചനത്തിലാണ് ദൈവത്തിന് ഉപയോഗിച്ചിരുന്നതെങ്കിൽ സ്രഷ്ടാവായ എലോഹീം ഏകവചന സർവ്വനാമങ്ങൾ (𝐒𝐢𝐧𝐠𝐮𝐥𝐚𝐫 𝐏𝐫𝐨𝐧𝐨𝐮𝐧𝐬) ഒരിക്കലും ഉപയോഗിക്കുമായിരുന്നില്ല. ➟നാമത്തിനു പകരം ഉപയോഗിക്കുന്ന പദമാണ് സർവ്വനാമങ്ങൾ. അഥവാ, നാമം ആവർത്തിച്ചു ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന വിരസത ഒഴിവാക്കാനാണ് സർവ്വനാമങ്ങൾ ഉപയോഗിക്കുന്നത്. ➟ഏകവചന നാമപദങ്ങൾക്ക് ഏകവചന സർവ്വനാമവും ബഹുവചന നാമപദങ്ങൾക്ക് ബഹുവചന സർവ്വനാമവുമാണ് ഉപയോഗിക്കേണ്ടത്. ➟അല്ലെങ്കിൽ അത് പൂർവ്വാപരവൈരുദ്ധ്യമായി മാറും. ➟ഭാഷ അറിയാവുന്നവരും വചനം ദൈവശ്വാസീയമാണെന്ന് വിശ്വസിക്കുന്നവരും സത്യേകദൈവത്തിന് ബഹുത്വമുണ്ടെന്ന് പറയാൻ ധൈര്യപ്പെടില്ല. ➟അതായത്, വചനത്തെയും ഭാഷയെയും കോട്ടിക്കളയുന്നവർക്കല്ലാതെ, ദൈവത്തിന് ബഹുത്വമുണ്ടെന്ന് പറയാൻ കഴിയില്ല. ➨[കാണുക: എലോഹീം (Elohim), തെയോസ് (Theos)]
❽ 𝗠𝗼𝗻𝗼𝘀 𝗧𝗵𝗲𝗼𝘀 ⁃ 𝗧𝗵𝗲 𝗼𝗻𝗹𝘆 𝗼𝗻𝗲 𝗚𝗼𝗱
☛ പഴയനിയമത്തിൽ ദൈവം ഏകനാണെന്ന് 𝟭𝟬𝟬 വാക്യങ്ങളിലാണ് പറഞ്ഞിരിക്കുന്നത്. ➟അതിൽ ❛ഒരേയൊരു, മാത്രം, ഒരുത്തൻ മാത്രം❜ (𝐀𝐥𝐨𝐧𝐞, 𝐎𝐧𝐥𝐲) എന്ന അർത്ഥത്തിൽ 𝗔𝗸, 𝗥𝗮𝗾, 𝗕𝗮𝗱, 𝗕𝗮𝗱𝗮𝗱 എന്നീ എബ്രായ പദങ്ങൾ 𝟯𝟯 പ്രാവശ്യം ദൈവത്തിന് ഉപയോഗിച്ചിട്ടുണ്ട്. ➟⟦ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന സെപ്റ്റ്വജിൻ്റ് ഗ്രീക്കിൽ (𝐋𝐗𝐗) തൽസ്ഥാനത്ത് (𝟐𝟑 വാക്യങ്ങൾ) 𝗠𝗼𝗻𝗼𝘀 ആണ് കാണുന്നത്⟧. ➟ഉദാ: (2രാജാ, 19:15; 2രാജാ, 19:19; നെഹെ, 9:6; ഇയ്യോ, 9:8; സങ്കീ, 83:18; സങ്കീ, 86:10; യെശ, 37:16; യെശ, 37:20; യെശ, 44:24). ➟പുതിയനിയമത്തിൽ ദൈവം ഏകനാണെന്ന് പറഞ്ഞിരിക്കുന്നത് 𝟮𝟴 പ്രാവശ്യമാണ്. ➟അതിൽ ❛ഒരേയൊരു, മാത്രം❜ (𝐎𝐧𝐥𝐲) എന്ന അർത്ഥത്തിൽ 𝗠𝗼𝗻𝗼𝘀 എന്ന പദം 𝟭𝟮 പ്രാവശ്യം കാണാം. ➟ഉദാ: (ലൂക്കൊ, 5:21; യോഹ, 5:44; യോഹ, 17:3; റോമ, 16:26; 1തിമൊ, 1:17; യൂദാ, 1:24).
☛ എബ്രായയിലെ ❛𝗔𝗸, 𝗥𝗮𝗾, 𝗕𝗮𝗱, 𝗕𝗮𝗱𝗮𝗱❜ എന്നീ പദങ്ങളും ഗ്രീക്കിലെ ❛𝗠𝗼𝗻𝗼𝘀❜ എന്ന പദവും ഇംഗ്ലീഷിലെ ❛𝗔𝗹𝗼𝗻𝗲, 𝗢𝗻𝗹𝘆❜ എന്നീ പദങ്ങളും മലയാളത്തിലെ ❛ഒരേയൊരു, തനിയെ, മാത്രം❜ എന്ന പദങ്ങളും മറ്റാരെയും ഉൾപ്പെടുത്താത്ത (𝐄𝐱𝐜𝐥𝐮𝐬𝐢𝐯𝐞) പദങ്ങളാണ്. ➟അതായത്, ദൈവം ഒരുത്തൻ മാത്രമാണന്ന് (𝐀𝐥𝐨𝐧𝐞, 𝐎𝐧𝐥𝐲) എബ്രായഗ്രീക്ക് പഴയപുതിയനിയമങ്ങളിൽ 𝟰𝟱 പ്രാവശ്യം ഖണ്ഡിതമായി പറഞ്ഞിട്ടുണ്ട്.
☛ പുതിയനിയമത്തിൽ പിതാവാണ് ❛ഏകദൈവം❜ (𝐌𝐨𝐧𝐨𝐬 𝐓𝐡𝐞𝐨𝐬 ⁃⁃ 𝐓𝐡𝐞 𝐨𝐧𝐥𝐲 𝐆𝐨𝐝) എന്നും (യോഹ, 5:44), ❛ഏകസത്യദൈവം❜ (𝐇𝐨 𝐦𝐨𝐧𝐨𝐬 𝐚𝐥𝐞𝐭𝐡𝐢𝐧𝐨𝐬 𝐓𝐡𝐞𝐨𝐬 ⁃⁃ 𝐓𝐡𝐞 𝐨𝐧𝐥𝐲 𝐓𝐫𝐮𝐞 𝐆𝐨𝐝) എന്നും (യോഹ, 17:3) യേശുക്രിസ്തു അസന്ദിഗ്ധമായി പഠിപ്പിച്ചിട്ടുണ്ട്. ➟ ദൈവം ❛𝗠𝗼𝗻𝗼𝘀 𝗧𝗵𝗲𝗼𝘀 ⁃ 𝗧𝗵𝗲 𝗼𝗻𝗹𝘆 𝗼𝗻𝗲 𝗚𝗼𝗱❜ ആണെങ്കിൽ, സ്രഷ്ടാവ് മൂന്നുപേർ ആകുന്നത് എങ്ങനെയാണ്?
☛ ഒരു ചോദ്യം:
➦ ദൈവത്തോടൊപ്പം ഉണ്ടായിരുന്നത് ദൂതന്മാരാണെന്നും ദൈവം ഒറ്റയ്ക്കാണ് മനുഷ്യനെ സൃഷ്ടിച്ചതെന്നും തെളിഞ്ഞുകഴിഞ്ഞു. അപ്പോൾ ഒരു ചോദ്യംവരും: ➨❝നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക❞ എന്നാണല്ലോ പറയുന്നത്. ➟അപ്പോൾ ദൂതന്മാരുടെയും ദൈവത്തിൻ്റെയും സ്വരൂപവും സാദൃശ്യവും ഒന്നാണോ?
☛ ദൂതന്മാർ അഥവാ, സ്വർഗ്ഗീയ ജീവികളെയും ദൈവപുത്രന്മാർ എന്നാണ് വിളിച്ചിരിക്കുന്നത്. (ഇയ്യോ, 1:6; 2:1; 38:6; സങ്കീ, 8:5; ദാനീ, 3:25⁃⁃3:28). ➟ദൈവപുത്രന്മാർക്ക് ദൈവത്തിൻ്റെ ഛായയല്ലെന്ന് പറയാൻ എന്ത് ന്യായമാണുള്ളത്? ➟ആകാശവും ഭൂമിയും ആദ്യമനുഷ്യനായ ആദാമിനെയും സൃഷ്ടിക്കുന്നതിനു മുമ്പാണ് അദൃശ്യലോകത്തെയും ദൂതന്മാരെയും ദൈവം സൃഷ്ടിച്ചത്. (നെഹെ, 9:6). ➟ദൈവം സൃഷ്ടിച്ച ആദാമിനെ ദൈവത്തിൻ്റെ പുത്രനെന്ന് വിളിച്ചിട്ടുണ്ട്. (ലൂക്കൊ, 3:38). ➟ആദാമിനെ തൻ്റെ സ്വരൂപത്തിലും സാദൃശ്യത്തിലും സൃഷ്ടിച്ച ദൈവം തൻ്റെ സ്വർഗ്ഗീയ പുത്രന്മാരെ തൻ്റെ സ്വരൂപത്തിലും സാദൃശ്യത്തിലുമല്ല സൃഷ്ടിച്ചിരിക്കുന്നതെന്ന് എങ്ങനെ പറയും? ➟എങ്കിലും കൂടുതൽ തെളിവുകൾ നോക്കാം:
☛ ദൈവത്തിൻ്റെയും ദൂതന്മാരുടെയും സാദൃശ്യം:
➦ സ്വർഗ്ഗത്തിൽ പ്രത്യക്ഷനായിരിക്കുന്ന ദൈവത്തിൻ്റെ മനുഷ്യസാദൃശ്യത്തിലാണ് മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നത്: ➨❝അവയുടെ തലെക്കു മീതെയുള്ള വിതാനത്തിന്നു മീതെ നീലക്കല്ലിന്റെ കാഴ്ചപോലെ സിംഹാസനത്തിന്റെ രൂപവും സിംഹാസനത്തിന്റെ രൂപത്തിന്മേൽ അതിന്നു മീതെ മനുഷ്യസാദൃശ്യത്തിൽ ഒരു രൂപവും ഉണ്ടായിരുന്നു.❞ (യെഹെ, 1:26). ➟യെഹെസ്ക്കേൽ സ്വർഗ്ഗസിംഹാസനത്തിൽ കണ്ട ദൈവത്തിന് മനുഷ്യസാദൃശ്യമാണുള്ളത്. ➟ദാനീയേൽ ദൈവത്തെ കാണുന്നതും മനുഷ്യരൂപത്തിലാണ്: ➨❝ഞാൻ നോക്കിക്കൊണ്ടിരിക്കെ അവർ ന്യായാസനങ്ങളെ വെച്ചു. വയോധികനായ ഒരുത്തൻ ഇരുന്നു. അവന്റെ വസ്ത്രം ഹിമംപോലെ വെളുത്തതും അവന്റെ തലമുടി നിർമ്മലമായ ആട്ടുരോമംപോലെയും അവന്റെ സിംഹാസനം അഗ്നിജ്വാലയും അവന്റെ രഥചക്രങ്ങൾ കത്തുന്ന തീയും ആയിരുന്നു.❞ (ദാനീ, 7:9). ➟ഇവിടെ ദൈവത്തെ വയോധികൻ എന്ന് പറഞ്ഞിരിക്കുന്നത് വയസ്സായവൻ എന്നർത്ഥത്തിലല്ല; ➟❛പുരാതനനായവൻ❜ (Ancient of Days) എന്നർത്ഥത്തിലാണ്. ➟ഇവിടെ ❛മനുഷ്യസാദൃശ്യം❜ എന്ന് വ്യക്തമായി പറയുന്നില്ലെങ്കിലും, ❛ഇരിപ്പ്, തലമുടി, വസ്ത്രം❜ മുതലായവ മനുഷ്യസാദൃശ്യത്തെയാണ് സൂചിപ്പിക്കുന്നത്: (വെളി, 4:2). ➟യഹോവയ്ക്കു ചുറ്റുമുള്ള ജീവികൾക്കും മനുഷ്യസാദൃശ്യമായിരുന്നു: ➨❝അതിന്റെ നടുവിൽ നാലു ജീവികളുടെ സാദൃശ്യം കണ്ടു; അവയുടെ രൂപമോ: അവെക്കു മനുഷ്യസാദൃശ്യം ഉണ്ടായിരുന്നു.❞ (യെഹെ, 1:5 ⁃⁃ 10:2; ദാനീ, 8:16). ➟ദാനീയേൽ ഊലായിതീരത്തുവെച്ചു കണ്ട ദർശനത്തിലെ ദൂതന് മനഷ്യരൂപമായിരുന്നു: ➨❝എന്നാൽ ദാനീയേലെന്ന ഞാൻ ഈ ദർശനം കണ്ടിട്ടു അർത്ഥം ആലോചിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു പുരുഷരൂപം എന്റെ മുമ്പിൽ നില്ക്കുന്നതു കണ്ടു.❞ (ദാനീ, 8:15 ⁃⁃ 9:21; 10:16; 10:18). ➟കേട്ട ശബ്ദം മനുഷ്യൻ്റെയായിരുന്നു: (ദാനീ, 8:16). ➟അതായത്, സ്വർഗ്ഗീയ സിംഹാസനത്തിൽ പ്രത്യക്ഷനായിരിക്കുന്ന ദൈവത്തിൻ്റെയും ദൂതന്മാരുടെയും സ്വരൂപവും സാദൃശ്യവും ഒന്നുതന്നെയാണ്. ➟അതുകൊണ്ടാണ്, ➨❝നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക❞ എന്ന് ദൈവം ദൂതന്മാരോട് പറഞ്ഞത്: (ഉല്പ, 1:26). [കാണുക: സ്വരൂപവും (Image) സാദൃശ്യവും (Likeness)]
☛ നമ്മിൽ ഒരുത്തനെപ്പോലെ:
➦ ❝മനുഷ്യൻ നന്മതിന്മകളെ അറിവാൻ തക്കവണ്ണം നമ്മിൽ ഒരുത്തനെപ്പോലെ ആയിത്തീർന്നിരിക്കുന്നു; ഇപ്പോൾ അവൻ കൈനീട്ടി ജീവവൃക്ഷത്തിന്റെ ഫലംകൂടെ പറിച്ചു തിന്നു എന്നേക്കും ജീവിപ്പാൻ സംഗതിവരരുതു എന്നു കല്പിച്ചു.❞ (ഉല്പ, 3:22). ➟ഈ വാക്യത്തിൻ്റെ ആദ്യഭാഗത്തു ദൈവത്തിൻ്റെ പ്രസ്താവനയും രണ്ടാംഭാഗത്ത് കല്പനയുമാണ് കാണുന്നത്. ➟❛അമർ❜ (𝐚𝐦𝐚𝐫) എന്ന പദത്തെ ❛കല്പന❜ (𝐜𝐨𝐦𝐦𝐚𝐧𝐝 ⁃⁃ പുറ, 8:27; 1ശമൂ, 16:16; 𝐜𝐨𝐦𝐦𝐚𝐧𝐝𝐦𝐞𝐧𝐭 ⁃⁃ 1ദിന, 14:12; 2ദിന, 24:8) എന്നു 𝟯𝟬 പ്രാവശ്യം ബൈബിളിൽ പരിഭാഷ ചെയ്തിട്ടുണ്ട്. ➟ആദ്യഭാഗത്ത്, മനുഷ്യന് സംഭവിച്ച മാറ്റത്തെക്കുറിച്ചുള്ള ഒരു വിലയിരുത്തലും അനന്തരഭാഗത്ത്, അതിനെത്തുടർന്ന് മനുഷ്യന്റെ അമരത്വം തടയാൻ ദൈവം നടപ്പിലാക്കുന്ന കല്പനയുമാണ് ഈ വാക്യത്തിൽ അടങ്ങിയിരിക്കുന്നത്. ➟ഇവിടെ ❛നമ്മിൽ ഒരുത്തനെപ്പോലെ❜ എന്നു യഹോവ പറയുന്നത് തൻ്റെയൊപ്പമുള്ള കെരൂബുകളോടാണെന്നും അവരോട് തന്നെയാണ് കല്പന എന്നതിനും തെളിവാണ്, തൻ്റെ കൂടെയുള്ള കെരൂബുകളെ തോട്ടം കാവൽ ചെയ്യാൻ ദൈവം നിർത്തിയത്: ➨❝ഇങ്ങനെ അവൻ മനുഷ്യനെ ഇറക്കിക്കളഞ്ഞു; ജീവന്റെ വൃക്ഷത്തിങ്കലേക്കുള്ള വഴികാപ്പാൻ അവൻ ഏദെൻ തോട്ടത്തിന്നു കിഴക്കു കെരൂബുകളെ തിരിഞ്ഞുകൊണ്ടിരിക്കുന്ന വാളിന്റെ ജ്വാലയുമായി നിർത്തി.❞ (ഉല്പ, 3:24). ➟തോട്ടം കാവൽ ചെയ്യാൻ പുത്രനെയും പരിശുദ്ധാത്മാവിനെയുമാണ് യഹോവ നിർത്തിയതെന്ന് ത്രിത്വം സമ്മതിക്കുമോ? ➟യഹോവയ്ക്കൊപ്പം ദൂതന്മാരാണ് ഉണ്ടായിരുന്നതെന്ന് ഈ വാക്യത്തിൽ വ്യക്തമല്ലേ? കെരൂബുകൾക്ക് മദ്ധ്യേയിരുന്ന് നിത്യം ആരാധന സ്വീകരിക്കുന്നവനും (വെളി, 4:6-8) കെരൂബുകളെ വാഹനമാക്കി സഞ്ചരിക്കുന്നവനുമായ (2ശമൂ, 22:11; സങ്കീ, 18:10) യഹോവയോടൊപ്പം സൃഷ്ടിയിങ്കൽ ഉണ്ടായിരുന്നത് ദൂതന്മാരല്ലെന്ന് ആർക്ക് പറയാൻ കഴിയും?
☛ വരുവിൻ നാം ഇറങ്ങിച്ചെല്ലാം:
➦ ❝വരുവിൻ; നാം ഇറങ്ങിച്ചെന്നു, അവർ തമ്മിൽ ഭാഷതിരിച്ചറിയാതിരിപ്പാൻ അവരുടെ ഭാഷ കലക്കിക്കളക എന്നു അരുളിച്ചെയ്തു.❞ (ഉല്പ, 11:7). ➟ബാബേലിലെ ഭാഷ കലക്കുന്നതിനോടുള്ള ബന്ധത്തിലും യഹോവ ബഹുവചനം പറയുന്നതായി കാണാം. ➟ദൂതന്മാരാണ് എല്ലായിപ്പോഴും ദൈവത്തോടൊപ്പം ഉള്ളതെങ്കിൽ സ്വാഭാവികമായും അത് ദൂതന്മാരോടാണ് പറയുന്നതെന്ന് മനസ്സിലാക്കാമല്ലോ❓ ➟ദൂതന്മാരാണ് യഹോവയോടൊപ്പം ഉണ്ടായിരുന്നത് എന്നതിനു വേറെയും തെളിവുകളുണ്ട്: ➟അബ്രാഹാമിനു മമ്രേയുടെ തോപ്പിൽവെച്ചു യഹോവ പ്രത്യക്ഷനായപ്പോഴും രണ്ടു ദൂതന്മാർ കൂടെയുണ്ടായിരുന്നു. (18:1,2). ➟യഹോവ അബ്രാഹാമിൻ്റെ സന്നിധിൽ നില്ക്കുമ്പോൾ രണ്ടുപേർ സോദോമിലേക്ക് പോകുന്നതായി 18:22-ലും, 19:1-ൽ സോദോമിൽ ചെന്നത് രണ്ട് ദൂതന്മാരാണെന്നും കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. ➨[കാണുക: മമ്രേയുടെ തോപ്പിൽ അബ്രാഹാം കണ്ടത് ആരെയാണ്?]
☛ ആർ നമുക്കുവേണ്ടി പോകും:
➦ ❝അനന്തരം ഞാൻ ആരെ അയക്കേണ്ടു? ആർ നമുക്കു വേണ്ടി പോകും? എന്നു ചോദിക്കുന്ന കർത്താവിന്റെ ശബ്ദം കേട്ടിട്ടു: അടിയൻ ഇതാ അടിയനെ അയക്കേണമേ എന്നു ഞാൻ പറഞ്ഞു.❞ (യെശ, 6:8). ➟സ്വർഗ്ഗത്തിൽ സാറാഫുകളുടെ മദ്ധ്യേയാണ് യഹോവയെ യെശയ്യാവ് കണ്ടത്. ➟ആറാറു ചിറകുകളുള്ള സാറാഫുകൾ രണ്ടുകൊണ്ടു മുഖംമൂടിയും രണ്ടുകൊണ്ടു പാദം മൂടിയും രണ്ടുകൊണ്ട് പറന്നുനിന്നും പരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധൻ എന്ന് നിത്യം ദൈവത്തെ സ്തുതിച്ചുകൊണ്ടിരിക്കുകയാണ്. (വെളി, 4:1-8). ➟അനന്തരം എട്ടാം വാക്യത്തിൽ ❛ആർ നമുക്കുവേണ്ടി പോകും❜ എന്ന് യഹോവ യെശയ്യാവിനോടു ചോദിക്കുന്നത് ബഹുവചനത്തിലാണ്. ➟അവിടെയും നമുക്കുവേണ്ടിയെന്ന ബഹുവചനം യഹോവ ഉപയോഗിക്കുന്നത് ദൂതന്മാരെയും ചേർത്താണ്. അവിടെ ദൂതന്മാരോടാണ് യഹോവ പറയുന്നതെന്ന് കൃത്യമായി മനസ്സിലാക്കാം. ➟യെശയ്യാവ് സ്വർഗ്ഗത്തിൽ യഹോവയെയും ദൂതന്മാരെയുമല്ലാതെ പുത്രനെയും പരിശുദ്ധാത്മാവിനെയും കാണുന്നില്ല. ➟ത്രിത്വം വിചാരിക്കുന്നപോലെ, പുത്രനും പരിശുദ്ധാത്മാവും വ്യത്യസ്ത വ്യക്തികളായി യഹോവയോടുകൂടെ ഉണ്ടായിരുന്നെങ്കിൽ സ്വർഗ്ഗത്തിൽ കാണേണ്ടതല്ലേ? ➟യെശയ്യാവ് മാത്രമല്ല; ➟മീഖായാവും (1രാജാ, 22:19), ➟യെഹെസ്ക്കേലും (1:26-28), ➟ദാനീയേലും (7:9,10) യഹോവയെയും ദൂതന്മാരെയുമല്ലാതെ, പുത്രനെയും പരിശുദ്ധാത്മാവിനെയും വിഭിന്ന വ്യക്തികളായി കാണുന്നില്ല. ➟വിഭിന്ന വ്യക്തികളായി സ്വർഗ്ഗത്തിൽ ഇല്ലാത്തവരെ ചേർത്ത് ബഹുവചനം പറയാൻ പറ്റുമോ? ➟അതിനാൽ ദൈവത്തോടൊപ്പമുള്ള ദൂതന്മാരെ ചേർത്താണ് ബഹുവചനം പറഞ്ഞതെന്ന് മനസ്സിലാക്കാം. ➟മോശെയ്ക്ക് ദൈവം ന്യായപ്രമാണം കൊടുത്തത് നേരിട്ടല്ല; ദൂതന്മാർ മുഖാന്തരമാണ്. (പ്രവൃ, 7:53; ഗലാ, 3:19; എബ്രാ, 2:2). ➟അതായത് സ്വർഗ്ഗത്തിൽ കെരൂബുകളുടെ മദ്ധ്യേ വസിക്കുന്ന ദൈവം ഭൂമിയിൽ പ്രത്യക്ഷനായി മനുഷ്യരോട് ഇടപെടുമ്പോഴെല്ലാം ഒരു ദൂതസാന്നിദ്ധ്യം ദൃശ്യമാണ്. ➟അപ്പോൾ ദൈവം ❛നാം, നമ്മുടെ, നമ്മിൽ, നമുക്കുവേണ്ടി❜ എന്നൊക്കെ ബഹുവചനത്തിൽ പറയുന്നത് ദൂതന്മാരെയും ചേർത്താണെന്ന് സ്ഫടികസ്ഫുടം വ്യക്തമാണ്. ➟നമുക്കുള്ളത് സ്രഷ്ടാക്കളല്ല; യഹോവ എന്ന ഒരേയോരു സ്രഷ്ടാവാണ്. ➟സങ്കീർത്തകനൊപ്പം നാം നമസ്കരിക്കേണ്ടത് ഇല്ലാത്ത ത്രിത്വസ്രഷ്ടാക്കളെയല്ല; നമ്മെ സൃഷ്ടിച്ച ഏകദൈവമായ യഹോവയാണ്: ➨❝വരുവിൻ, നാം വണങ്ങി നമസ്കരിക്ക; നമ്മെ നിർമ്മിച്ച യഹോവയുടെ മുമ്പിൽ മുട്ടുകുത്തുക. അവൻ നമ്മുടെ ദൈവമാകുന്നു; നാമോ അവൻ മേയിക്കുന്ന ജനവും അവന്റെ കൈക്കലെ ആടുകളും തന്നേ.❞ (സങ്കീ, 95:6-7)
Good! God bless you
What a beautiful explanation.
ഇത്രയും സുവ്യക്തമായി എഴുതിയിട്ടും ക്രിസ്ത്രിയ ലോകം എന്തേ ഇങ്ങനെ ആയി പോയി ….
Thank God! God bless you 🙏
ദൈവത്തിനോടൊപ്പമുണ്ടായിരുന്ന 24 ശ്രേഷ്ഠാത്മാക്കളോടല്ലേ നമുക്ക് നമ്മുടെ സാദൃശ്യത്തിൽ മനുഷ്യെനെ ഉണ്ടാക്കാമെന്ന് പറഞ്ഞത്. അവ ആദി മുതൽ ദൈവത്തിൽ തന്നെയായിരുന്നല്ലോ.