മോശെ വലിയ ധനമെന്നെണ്ണിയ നിന്ദ ആരുടെയാണ്?

ക്രൈസ്തവർ ആകമാനം തെറ്റിദ്ധരിച്ചിരിക്കുന്ന ഒരു വേദഭാഗമുണ്ട്: “പ്രതിഫലം നോക്കിയതുകൊണ്ടു ഫറവോന്റെ പുത്രിയുടെ മകൻ എന്നു വിളിക്കപ്പെടുന്നതു നിരസിക്കയും മിശ്രയീമിലെ നിക്ഷേപങ്ങളെക്കാൾ ക്രിസ്തുവിന്റെ നിന്ദ വലിയ ധനം എന്നു എണ്ണുകയും ചെയ്തു.” (എബ്രാ, 11:25, 26). ഇത്, എബ്രായ ലേഖകൻ മോശെ എന്ന ക്രിസ്തു അഥവാ, അഭിഷിക്തനെക്കുറിച്ച് പറയുന്നതാണ്. എന്നാൽ, എല്ലാവരുംതന്നെ ഈ വേദഭാഗത്തെ തെറ്റിദ്ധരിച്ചിരിക്കയാണ്. ഈ വാക്യപ്രകാരം, ദൈവപുത്രനായ ക്രിസ്തുവിൻ്റെ നിന്ദ വലിയ ധനമായി മോശെ എണ്ണിയെന്നാണ് പലരും മനസ്സിലാക്കുന്നത്. അവിടെ പറ്റിയതെന്താണെന്ന് ചോദിച്ചാൽ; മശീഹ (Messiah) എന്ന എബ്രായ പദത്തെ അഭിഷിക്തൻ (Anointed) എന്ന് പഴയനിയമത്തിൽ പരിഭാഷ ചെയ്താണ്  ചേർത്തിരിക്കുന്നത്. എന്നാൽ, ക്രിസ്റ്റോസ് (christos) എന്ന ഗ്രീക്കുപദത്തെ അഭിഷിക്തൻ (Anointed) എന്ന് പരിഭാഷ ചെയ്യാതെ, ക്രിസ്തുവെന്ന് ലിപ്യന്തരണം ചെയ്താണ് പുതിയനിയമത്തിൽ ചേർത്തിരിക്കുന്നത്. അതായത്, എബ്രായർ 9:26-ൽ പറഞ്ഞിരിക്കുന്ന ക്രിസ്തു അഥവാ, അഭിഷിക്തൻ യഥാർത്ഥത്തിൽ യേശുവല്ല; മോശെയാണ്. “അഭിഷിക്തൻ്റെ നിന്ദ വലിയ ധനം എന്നു എണ്ണി” എന്നാണ് പരിഭാഷ ചെയ്യേണ്ടിയിരുന്നത്. എന്നാൽ, ക്രിസ്റ്റൊസ് എന്ന ഗ്രീക്കുപദത്തെ അഭിഷിക്തൻ എന്ന് പരിഭാഷ ചെയ്യാതെ, ക്രിസ്തു എന്ന് ലിപ്യന്തരണം ചെയ്തപ്പോൾ, അഭിഷിക്തനായ മോശെ യേശുവെന്ന ക്രിസ്തു ആണെന്ന് തെറ്റിദ്ധരിക്കപ്പെട്ടു. ആ വാക്യത്തെ യഥാർത്ഥത്തിൽ പരിഭാഷ ചെയ്യേണ്ടത് ഇപ്രകാരമാണ്: “മിസ്രയീമിലെ നിക്ഷേപങ്ങളെക്കാൾ അഭിഷിക്തൻ്റെ നിന്ദ വലിയ ധനം എന്നു എണ്ണുകയും ചെയ്തു.” (എബ്രാ, 11:26). മിസ്രയീമിലെ നിക്ഷേപങ്ങളെക്കാൾ ദൈവത്തിൻ്റെ അഭിഷിക്തനായിരുന്ന് നിന്ദ സഹിക്കുന്നത് വലിയ ധനം എന്നാണ് മോശ എണ്ണിയത്. ദൈവത്തിൻ്റെ അഭിഷിക്തനായിരുന്ന് നാല്പതുവർഷം മരുഭൂമിയിൽ ജനത്തിൻ്റെ നിന്ദ അനുഭവിച്ചവനാണ് മോശെ. യഹോവയായ ഏകദൈവത്തിനുവേണ്ടി താൻ സഹിച്ച  നിന്ദയെ ആണ് അവൻ ധനമായി എണ്ണിയത്. അല്ലാതെ, ദൈവപുത്രനായ ക്രിസ്തുവിന്റെ നിന്ദയല്ല ധനമായി എണ്ണിയത്. പ്രസ്തുത വാക്യത്തിലെ ക്രിസ്തു അഥവാ, അഭിഷിക്തൻ യേശുവല്ല; മോശെയാണ് എന്നതിന്റെ പല തെളിവുകളും ബൈബിളിൽ ഉണ്ട്:

1. പഴയനിയമത്തിൽ മശീഹ എന്ന് മോശെയെ അക്ഷരംപ്രതി പറഞ്ഞിട്ടില്ല; പുതിയനിയമത്തിലാണ് പറഞ്ഞിട്ടുള്ളത്. മോശെയുടെ കാലത്ത് അവനെ അഭിഷേകം ചെയ്യിക്കാൻ ഒരു പ്രവാചകനോ, അഭിഷിക്തനോ ഇല്ലായിരുന്നു. എന്നാൽ, മോശെയെ ദൈവം നേരിട്ട് പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്തിരുന്നു എന്നതിൻ്റെ വ്യക്തമായ സൂചന പഴയനിമത്തിലുണ്ട്. ദൈവം പറയുന്നത് ശ്രദ്ധിക്കുക: “അപ്പോൾ യഹോവ മോശെയോടു കല്പിച്ചതു: യിസ്രായേൽമൂപ്പന്മാരിൽവെച്ചു ജനത്തിന്നു പ്രമാണികളും മേൽവിചാരകന്മാരും എന്നു നീ അറിയുന്ന എഴുപതു പുരുഷന്മാരെ സമാഗമനകൂടാരത്തിന്നരികെ നിന്നോടുകൂടെ നിൽക്കേണ്ടതിന്നു എന്റെ അടുക്കൽ കൂട്ടിക്കൊണ്ടു വരിക. അവിടെ ഞാൻ ഇറങ്ങിവന്നു നിന്നോടു അരുളിച്ചെയ്യും; ഞാൻ നിന്റെമേലുള്ള ആത്മാവിൽ കുറെ എടുത്തു അവരുടെ മേൽ പകരും. നീ ഏകനായി വഹിക്കാതിരിക്കേണ്ടതിന്നു അവർ നിന്നോടുകൂടെ ജനത്തിന്റെ ഭാരം വഹിക്കും.” (സംഖ്യാ, 11:16-17). ദൈവം മോശെയെ ആത്മാവിനാൽ അഭിഷേകം ചെയ്തിരുന്നു എന്നതിൻ്റെ തെളിവാണ് മേല്പറഞ്ഞ വേദഭാഗം. അടുത്തവാക്യം നോക്കുക: “എന്നാറെ യഹോവ ഒരു മേഘത്തിൽ ഇറങ്ങി അവനോടു അരുളിച്ചെയ്തു, അവന്മേലുള്ള ആത്മാവിൽ കുറെ എടുത്തു മൂപ്പന്മാരായ ആ എഴുപതു പുരുഷന്മാർക്കു കൊടുത്തു; ആത്മാവു അവരുടെ മേൽ ആവസിച്ചപ്പോൾ അവർ പ്രവചിച്ചു; പിന്നെ അങ്ങനെ ചെയ്തില്ലതാനും.” (സംഖ്യാ, 11:25). മോശെയുടെ മേലുള്ള ദൈവത്തിൻ്റെ ആത്മാവിനെ കുറേ എടുത്ത്, എഴുപതു പുരുഷന്മാർക്കു കൊടുത്തപ്പോൾ അവരും പ്രവാചകന്മാരായി മാറിയതായി കാണാം. തന്മൂലം, ദൈവം മോശെയെ ശക്തമായി അഭിഷേകം ചെയ്തിരുന്നു എന്ന് മനസ്സിലാക്കാം. അതുകൊണ്ടാണ്, “യഹോവ അഭിമുഖമായി അറിഞ്ഞ മോശെയെപ്പോലെ ഒരു പ്രവാചകൻ യിസ്രായേലിൽ പിന്നെ ഉണ്ടായിട്ടില്ല” എന്ന് പഴയനിയമം പറയുന്നത്. (ആവ, 34:12). “മോശെ മിസ്രയീമ്യരുടെ സകലജ്ഞാനവും അഭ്യസിച്ചു വാക്കിലും പ്രവൃത്തിയിലും സമർത്ഥനായിത്തീർന്നു” എന്ന് പുതിയനിയമവും പറയുന്നു. (പ്രവൃ, 7:22). അതുകൊണ്ടാണ്, മോശെ എന്ന പുരുഷൻ, ഭൂതലത്തിലുള്ള സകല മനുഷ്യരിലും അതിസൗമ്യൻ ആയിരുന്നത്. (സംഖ്യാ, 12:3). ദൈവം മോശെയെക്കുറിച്ച് പറഞ്ഞൊരു സാക്ഷ്യമുണ്ട്: “എന്റെ ദാസനായ മോശെയോ അങ്ങനെയല്ല; അവൻ എന്റെ ഗൃഹത്തിൽ ഒക്കെയും വിശ്വസ്തൻ ആകുന്നു. അവനോടു ഞാൻ അരുളിച്ചെയ്യുന്നതു മറപൊരുളായിട്ടല്ല അഭിമുഖമായിട്ടും സ്പഷ്ടമായിട്ടും അത്രേ; അവൻ യഹോവയുടെ രൂപം കാണുകയും ചെയ്യും.” (സംഖ്യാ, 12:7). അതുകൊണ്ടാണ്, മോശെ ദൈവത്തിൻ്റെ അഭിഷിക്തൻ അഥവാ, ക്രിസ്തു ആണെന്ന് എബ്രായലേഖകൻ പറഞ്ഞിരിക്കുന്നത്: (11:26).

2. ബൈബിളിൽ ദൈവപുത്രനായ യേശുവും മോശെയും ഉൾപ്പെടെ, അനേകം ക്രിസ്തുക്കൾ അഥവാ, മശീഹാമാരുണ്ട്. ദൈവം അഭിഷിക്തനല്ല; അഭിഷേക ദാതാവാണ്. അഭിഷിക്തൻ അഥവാ, ക്രിസ്തു എന്നാൽ; ദൈവത്താൽ അഭിഷേകം പ്രാപിച്ചവൻ എന്നാണ്. അതായത്, ദൈവം തൻ്റെ ശുശ്രൂഷകൾ ചെയ്യാൻ തൻ്റെ ആത്മാവിനാൽ ബലപ്പെടുത്തുന്ന കർമ്മമാണ് അഭിഷേകം. യേശു, പരിശുദ്ധാത്മാവിനാലും ശക്തിയാലും ദൈവത്താൽ അഭിഷേകം പ്രാപിച്ചവനാണ്. (ലൂക്കൊ, 3:22; പ്രവൃ, 4:27; 10:38). യോർദ്ദാനിൽ വെച്ച് ലഭിച്ച അഭിഷേകത്തിൻ്റെ ശക്തിയോടെയാണ് യേശു ശുശ്രൂഷ ആരംഭിച്ചത്. (ലൂക്കൊ, 4:14). പേർ പറയപ്പെട്ട 20-ഓളം അഭിഷിക്തന്മാർ ബൈബിളിൽ ഉണ്ട്. അതിൽ ഒറ്റ ദൂതൻപോലും ഇല്ല. ദൂതന്മാരെ ദൈവം ശക്തന്മാരായിട്ടാണ് സൃഷ്ടിച്ചിരിക്കുന്നത്. അതിനാൽ, അവർക്ക് അഭിഷേകത്തിൻ്റെ ആവശ്യമില്ല. ദൈവത്താൽ, അഭിഷേകം പ്രാപിച്ച എല്ലാവരും മനുഷ്യരാണ്. യേശുവും ദൂതന്മാരെക്കാൾ അല്പം ഒരു താഴ്ചവന്നവനായ മനുഷ്യൻ ആയതുകൊണ്ടാണ് അവന് അഭിഷേകം ആവശ്യമായി വന്നത്. (യോഹ, 8:40; എബ്രാ, 2:9). അഭിഷിക്തൻ അഥവാ, ക്രിസ്തു ദൈവമല്ല; മനുഷ്യനാണെന്ന് ക്രൈസ്തവർക്ക് അറിയില്ലെങ്കിലും ദൈവപുരുഷനായ മോശെയ്ക്ക് നല്ലവണ്ണം അറിയാം. തന്മൂലം, തന്നെപ്പോലൊരു അഭിഷിക്തൻ്റെ നിന്ദ അവൻ വലിയ ധനമായി എണ്ണില്ല.

3. ദൈവത്തെക്കുറിച്ചുള്ള മോശെയുടെ വാക്കുകൾ കേൾക്കുക: “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക. (ആവ, 4:39). യഹോവയല്ലാതെ മറ്റൊരു ദൈവവും സ്വർഗ്ഗത്തിലോ ഭൂമിയിലോ ഇല്ലെന്നും യഹോവയ്ക്ക് സമനായും സദൃശനായും ആരുമില്ലെന്നും ആവർത്തിച്ചു സാക്ഷ്യം പറഞ്ഞവനാണ് മോശെ. (പുറ, 8:10; 9:14; 15:11; 20:3; 22:20; ആവ, 3:24; 4:35; 5:7; 6:4; 32:12,38; 33:26). സ്വർഗ്ഗത്തിലും ഭൂമിയിലും യഹോവയല്ലാതെ മറ്റൊരു ദൈവമില്ലെന്ന് ഖണ്ഡിതമായി പറഞ്ഞ മോശെ, യഹോവയുടെ നിന്ദ അഥവാ, യഹോവയെപ്രതിയല്ലാതെ മറ്റൊരുത്തനുവേണ്ടി നിന്ദ സഹിക്കുമോ?

4. യഹോവ ക്രിസ്തുവിനെക്കുറിച്ച് മോശെയോട് പറഞ്ഞത് ഇപ്രകാരമാണ്: “നിന്നെപ്പോലെ ഒരു പ്രവാചകനെ ഞാൻ അവർക്ക് അവരുടെ സഹോദരന്മാരുടെ ഇടയിൽനിന്ന് എഴുന്നേല്പിച്ച് എന്റെ വചനങ്ങളെ അവന്റെ നാവിന്മേൽ ആക്കും; ഞാൻ അവനോടു കല്പിക്കുന്നതൊക്കെയും അവൻ അവരോടു പറയും.” (ആവ, 18:18). ഇത് ക്രിസ്തുവിനെക്കുറിച്ച് യഹോവയായ ദൈവം മോശെയോട് പറഞ്ഞതാണ്. (പ്രവൃ, 3:22; 7:37). ഈ വേദഭാഗം ശ്രദ്ധിക്കുക: നിന്നെപ്പോലെ അഥവാ, മോശെയെപ്പോലെ ഒരു പ്രവാചകനെന്നാണ് അവനെ ആദ്യം വിശേഷിപ്പിക്കുന്നത്. ദൈവം ഒരു ദൈവത്തെ പ്രവാചകനായി എഴുന്നേല്പിച്ചു എന്ന് പറയുന്നതുതന്നെ വിഡ്ഢിത്തമാണ്. ഇനി, ക്രിസ്തു യഹോവയ്ക്ക് തുല്യനായ ദൈവമാണെങ്കിൽ, മനുഷ്യനായ മോശെയെപ്പോലൊരു പ്രവാചകനെന്ന് അവനെ പറയുമായിരുന്നോ? ദൈവത്തിൻ്റെ ശ്രേഷ്ഠ പ്രവാചകനാണ് മോശെ എന്നുള്ളത് തർക്കമറ്റ സംഗതിയാണ്. എന്നിരുന്നാലും, മോശെ ദൈവത്തിൻ്റെ ദാസനായ മനുഷ്യൻ തന്നെയാണ്. എത്ര പ്രശംസകൾക്കും വിശേഷണങ്ങൾക്കും യോഗ്യനാണെങ്കിലും മനുഷ്യൻ ദൈവത്തിന് തുല്യനാകുമോ? ക്രിസ്തു യഹോവയ്ക്ക് തുല്യനായ ദൈവമാണെങ്കിൽ, എനിക്ക് സമനായും സദൃശനായും ആരുമില്ലെന്ന് പറഞ്ഞ യഹോവതന്നെ ഭോഷ്ക്ക് പറയുന്നവനാകും. (യെശ, 40:25; 46:5). തന്നെയുമല്ല, ദൈവത്തെ മോശെയെന്ന മനുഷ്യനോട് സമനാക്കിയാൽ താൻതന്നെ നിന്ദ്യനായി മാറില്ലേ? പലരും തങ്ങളുടെ ദുരുപദേശത്താൽ, ദൈവത്തെ ഭോഷ്ക്ക് പറയുന്നവനും നിന്ദ്യനും ആക്കുകയാണ് ചെയ്യുന്നത്. ദൈവം മനുഷ്യനല്ല; താൻ മരണമില്ലാത്തവനും മാറ്റമില്ലാത്തവനും അഥവാ, ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവനും ആകയാൽ, മനുഷ്യനായി അവസ്ഥാഭേദം വരാനും മരണത്തിലൂടെ പാപപരിഹാരം വരുത്താനും കഴിയില്ല. (ഇയ്യോ, 9:32; ഹോശേ, 11:9; 1തിമൊ, 6:16; മലാ, 3:6; യാക്കോ, 1:17). തന്മൂലം, ക്രിസ്തു ദൈവമാണെങ്കിൽ അവനൊരിക്കലും മോശെയ്ക്ക് തുല്യനായ മനുഷ്യനാകാനോ, മരണത്തിലൂടെ പാപപരിഹാരം വരുത്താനോ കഴിയുമായിരുന്നില്ല. പിന്നെ പറയുന്നത്, ക്രിസ്തുവിനെ യിസ്രായേൽ സഹോദരന്മാരുടെ ഇടയിൽനിന്ന് എഴുന്നേല്പിക്കും എന്നാണ്. യഹോവയുടെ വാക്കുപോലെ, യിസ്രായേൽ കന്യകയിലൂടെ യിസ്രായേലിൽനിന്നാണ് അവൻ എഴുന്നേറ്റത്. (മത്താ, 1:21; ലൂക്കൊ, 2:5-7; റോമ, 9:5). ദൈവം ത്രിത്വമാണെങ്കിലോ, ക്രിസ്തു ദൈവമാണെങ്കിലോ, അവനെ സ്വർഗ്ഗത്തിൽനിന്ന് അയച്ച് നിങ്ങളെ രക്ഷിക്കുമെന്നല്ലാതെ, അവൻ മോശെയെപ്പോലൊരു പ്രവാചകനാണെന്നും യിസ്രായേൽ സഹോദരന്മാരുടെ ഇടയിൽനിന്ന് അവനെ എഴുന്നേല്പിക്കും എന്നൊന്നും ദൈവം പറയുമായിരുന്നില്ല. ഒരു ദൈവത്തിന് തനിക്കു തുല്യനായ മറ്റൊരു ദൈവത്തെ എങ്ങനെ മനുഷ്യനോട് സമനാക്കി ഡീഗ്രേഡ് (degrade) ചെയ്യാൻ പറ്റും?

5. ക്രിസ്തുവിനെക്കുറിച്ച് ദൈവപുരുഷനായ മോശെ പറഞ്ഞിരിക്കുന്നത് നോക്കാം: “നിന്റെ ദൈവമായ യഹോവ നിനക്കു എന്നെപ്പോലെ ഒരു പ്രവാചകനെ നിന്റെ മദ്ധ്യേ നിന്റെ സഹോദരന്മാരുടെ ഇടയിൽനിന്നു എഴുന്നേല്പിച്ചുതരും; അവന്റെ വചനം നിങ്ങൾ കേൾക്കേണം.” (ആവ, 18:15. ഒ.നോ: 3:22; 7:37). മോശെ പറയുന്നത് ശ്രദ്ധിക്കുക: എന്നെപ്പോലൊരു പ്രവാചകനെന്നാണ് ക്രിസ്തുവിനെക്കുറിച്ച് പറയുന്നത്. മോശെയോടുള്ള ബന്ധത്തിൽ മൂന്ന് കാര്യങ്ങൾ പറയാം: 1. ക്രിസ്തു ദൈവത്തോട് സമനായ ദൈവമാണെങ്കിൽ, യഹോവയ്ക്ക് സമനായോ, സദൃശനായോ ആരുമില്ലെന്നും, യഹോവയല്ലാതെ മറ്റൊരു ദൈവം സ്വർഗ്ഗത്തിലോ ഭൂമിയിലോ ഇല്ലെന്നും മോശെ പറയുമായിരുന്നോ; താൻതന്നെ കള്ളനായി മാറില്ലേ? 2. താൻ പറഞ്ഞ പ്രവാചകൻ അഥവാ, ക്രിസ്തു ദൈവം ആയിരുന്നെങ്കിൽ, എന്നെപ്പോലെ ഒരു പ്രവാചകനെന്ന് കേവലം മനുഷ്യനായ മോശെ, പറയാൻ ധൈര്യപ്പെടുമായിരുന്നോ? മനുഷ്യൻ എങ്ങനെ ദൈവത്തിന് തുല്യനാകും? തന്നെയുമല്ല, ഒരു ദൈവം മറ്റൊരു ദൈവത്തെ പ്രവാചകനായി എഴുന്നേല്പിക്കില്ല. ഇനി, അങ്ങനെയൊരു മണ്ടത്തരം നമ്മൾ വിശ്വസിച്ചാൽത്തന്നെ, എന്നെക്കാൾ വലിയ പ്രവാചകനെന്നോ, ശ്രേഷ്ഠ പ്രവാചകനെന്നോ അല്ലാതെ, എന്നെപ്പോലെ ഒരു പ്രവാചകനെന്ന് ദൈവത്തിൻ്റെ ദാസനായ മോശെ ഒരിക്കലും പറയില്ലായിരുന്നു. 3. എന്നെപ്പോലെ ഒരു പ്രാചകനെന്ന് ക്രിസ്തുവിനെക്കുറിച്ച് മോശെ പറഞ്ഞതിൻ്റെ തെളിവ് പുതിയനിയമത്തിൽ കാണാം: ദൈവം യോർദ്ദാനിൽവെച്ച് ക്രിസ്തുവിനെ പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതായി പറഞ്ഞിട്ടുണ്ട്. (ലൂക്കൊ, 3:22; പ്രവൃ, 10:38). മോശെയെ അഭിഷേകം ചെയ്തതായി പറഞ്ഞിട്ടില്ലെങ്കിലും, ആത്മാവ് ശക്തമായി അവനോടുകൂടെ ഉണ്ടായിരുന്നു. ദൈവം അവന്റെമേലുള്ള ആത്മാവിൽ കുറേയെടുത്ത് എഴുപത് പുരുഷന്മാർക്ക് നല്കിയപ്പോൾ, അവരും പ്രവചിച്ചതായി മുകളിൽ നാം കണ്ടതാണ്. (സംഖ്യാ, 11:16-17,25). പുതിയനിയമത്തിൽ, മോശെ ദൈവത്തിൻ്റെ അഭിഷിക്തനാണെന്ന് വ്യക്തമായി പറഞ്ഞിട്ടുമുണ്ട്. (എബ്രാ, 11:26). തന്മൂലം, ക്രിസ്തുവിനെപ്പോലെതന്നെ അഭിഷേകം ചെയ്യപ്പെട്ടവനാണ് മോശെയെന്ന് മനസ്സിലാക്കാം. പ്രവൃത്തിയിലും വാക്കിലും ശക്തിയുള്ള പ്രവാചകൻ എന്നാണ് ക്രിസ്തുവിനെയും മോശെയെയും അഭിന്നമായി പറഞ്ഞിരിക്കുന്നത്. (ലൂക്കൊ, 24:19; പ്രവൃ, 3:22; 7:22). ദൈവം ക്രിസ്തുവിനോടുകൂടെ ഇരുന്നതുകൊണ്ടാണ് അവൻ അത്ഭുതങ്ങൾ പ്രവർത്തിച്ചത്. (പ്രവൃ, 10:38; യോഹ, 3:2). ദൈവം ക്രിസ്തുവിനോടുകൂടെ ഇരുന്നപോലെ മോശെയോടുകൂടെയും ഇരുന്നിരുന്നതായി പറഞ്ഞിട്ടുണ്ട്. (പ്രവൃ, 7:10). ക്രിസ്തു മൂന്നരവർഷം ദൈവത്താൽ അത്ഭുതങ്ങൾ പ്രവർത്തിച്ചുവെങ്കിൽ, മോശെ നാല്പത് വർഷം അത്ഭുതങ്ങൾ പ്രവർത്തിച്ചു. (പ്രവൃ, 7:36). ന്യായപ്രമാണം മോശെ മുഖാന്തരം ലഭിച്ചുവെങ്കിൽ, കൃപയും സത്യവും യേശുക്രിസ്തു മുഖാന്തരമാണ് വന്നത്. (യോഹ, 1:17). മോശെ ദൈവഭവനത്തിലൊക്കെയും വിശ്വസ്തനായിരുന്നതുപോലെ യേശുവും തന്നെ നിയമിച്ചാക്കിയവനു വിശ്വസ്തൻ ആകുന്നു. (എബ്രാ, 3:2). അതിനാൽ, തന്നെപ്പോലൊരു പ്രവാചകനെന്ന് താൻതന്നെ സാക്ഷ്യംപറഞ്ഞ ദൈവപുത്രനായ യേശുവിൻ്റെ നിന്ദ മോശെ ധനമായി എണ്ണില്ലെന്ന് അസന്ദിഗ്ധമായി മണസ്സിലാക്കാം.

6. ക്രിസ്തു മോശെയെക്കുറിച്ച് പറയുന്ന ഒരു കാര്യമുണ്ട്: “നിങ്ങൾ മോശെയെ വിശ്വസിച്ചു എങ്കിൽ എന്നെയും വിശ്വസിക്കുമായിരുന്നു; അവൻ എന്നെക്കുറിച്ച് എഴുതിയിരിക്കുന്നു. എന്നാൽ അവന്റെ എഴുത്ത് നിങ്ങൾ വിശ്വസിക്കുന്നില്ല എങ്കിൽ എന്റെ വാക്ക് എങ്ങനെ വിശ്വസിക്കും?” (യോഹ, 5:46-47). വാക്യം ശ്രദ്ധിക്കുക: നിങ്ങൾ മോശെയെ വിശ്വസിച്ചില്ലെങ്കിലും എന്നെ വിശ്വസിക്കണം എന്നല്ല; മോശെയെ വിശ്വസിച്ചു എങ്കിൽ എന്നെയും വിശ്വസിക്കുമായിരുന്നു എന്നാണ്. അടുത്തഭാഗം: അവൻ്റെ എഴുത്ത് വിശ്വസിച്ചില്ലെങ്കിലും എൻ്റെ വാക്ക് വിശ്വസിക്കണം എന്നല്ല; അവന്റെ എഴുത്ത് നിങ്ങൾ വിശ്വസിക്കുന്നില്ല എങ്കിൽ എന്റെ വാക്ക് എങ്ങനെ വിശ്വസിക്കും എന്നാണ് ചോദിക്കുന്നത്. അതായത്, ക്രിസ്തു തൻ്റെ ഐഹികജീവകാലത്ത്, മോശയെക്കൾ ശ്രേഷ്ഠനാണെന്ന് അവകാശപ്പെടുന്നില്ല. എന്നാൽ, തൻ്റെ മനുഷ്യാത്മാവിനെ പിതാവിൻ്റെ കരങ്ങളിൽ ഏല്പിച്ചിട്ട്, ദൈവാത്മാവിനാൽ ക്രൂശിൽമരിച്ച യേശുവെന്ന പാപം അറിയാത്ത മനുഷ്യനെ, ദൈവം മരണത്തിൽ നിന്ന് ഉയിർപ്പിച്ച് മനുഷ്യരുടെ കർത്താവും ക്രിസ്തുവും ആക്കിയപ്പോൾ, അവൻ; സകല മനുഷ്യരിലും ശ്രേഷ്ഠൻ ആയിത്തീർന്നു. (ലൂക്കൊ, 23:46; എബ്രാ, 9:14; പ്രവൃ, 2:22-24,36; 5:31; 1തിമൊ, 2:6). അതായത്, പുനരുത്ഥാനത്തിന് ശേഷമാണ് അവൻ സകല മനുഷ്യരെക്കാളും ഉന്നതൻ ആയത്. എബ്രായ ലേഖകൻ പറയുന്നത്; അവൻ സ്വർഗ്ഗത്തെക്കാൾ ഉന്നതൻ ആണെന്നല്ല; ഉന്നതൻ ആയിത്തീർന്നു എന്നാണ്,. ഇംഗ്ലീഷിൽ, made higher than the heavens എന്നാണ്. (എബ്രാ, 7:26). ദൈവം അവനെ മരണത്തിൽനിന്ന് ഉയിർപ്പിച്ച് മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവും ആക്കിയപ്പോഴാണ് അവൻ സകലത്തിനും ഉന്നതൻ ആയത്. (പ്രവൃ, 2:22-24,36; 5:31). ക്രിസ്തു ആരാണെന്ന് അറിയാത്തവരും അവൻ്റെ വാക്കുകളെപ്പോലും വിശ്വസിക്കാത്തവരാണ്, അവനെ ദൈവമാക്കാൻ വൃഥാ ശ്രമിക്കുന്നത്. തന്മൂലം, ദൈവപുത്രനായ യേശുവിൻ്റെ വാക്കുകളാലും, മോശെ ധനമെന്നെണ്ണിയ നിന്ദ യേശുവിൻ്റെയല്ലെന്ന് മനസ്സിലാക്കാം.

7. ദൈവം യേശുവിനോട് കൂടെയിരുന്ന് അത്ഭുതങ്ങൾ പ്രവർത്തിച്ചതായി പറഞ്ഞിട്ടുണ്ട്:  നസറായനായ യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതും ദൈവം അവനോടുകൂടെ ഇരുന്നതുകൊണ്ട് അവൻ നന്മ ചെയ്തും പിശാചു ബാധിച്ചവരെയൊക്കെയും സൗഖ്യമാക്കിയുംകൊണ്ടു സഞ്ചരിച്ചതുമായ വിവരംതന്നെ നിങ്ങൾ അറിയുന്നുവല്ലോ.” (പ്രവൃ, 10:38. ഒ.നോ: 2:22; യോഹ, 3:2). ദൈവം മോശെയോടുകൂടെ ഇരുന്നതായും പറഞ്ഞിട്ടുണ്ട്: “എന്നാൽ ദൈവം അവനോടുകൂടെ ഇരുന്നു സകല സങ്കടങ്ങളിൽനിന്നും അവനെ വിടുവിച്ച് മിസ്രയീം രാജാവായ ഫറവോന്റെ മുമ്പാകെ അവനു കൃപയും ജ്ഞാനവും കൊടുത്തു: അവൻ അവനെ മിസ്രയീമിനും തന്റെ സർവഗൃഹത്തിനും അധിപതിയാക്കി വച്ചു.” (പ്രവൃ, 7:10). ദൈവപുത്രനായ യേശു മൂന്നരവർഷം ദൈവത്താൽ അനേകം അത്ഭുതങ്ങൾ പ്രവർത്തിച്ചു. (യോഹ, 20:30; പ്രവൃ, 2:22; 10:38). മോശെ നാല്പത് വർഷം മിസ്രയീമിലും ചെങ്കടലിലും മരുഭൂമിയിലും അത്ഭുതങ്ങൾ പ്രവർത്തിച്ചു. (പ്രവൃ, 7:36). മോശെ ദൈവത്തിൻ്റെ പ്രവാചകനും പുരോഹിതനുമാണ്. (ആവ, 18:15,18; സങ്കീ, 99:6). അതായത്, തന്നെ സകല സങ്കടങ്ങളിൽനിന്നും വിടുവിച്ച്, തൻ്റെ കൂടെയിരുന്ന് അത്ഭുതങ്ങൾ പ്രവർത്തിച്ച യഹോവയായ ഏകദൈവത്തിൻ്റെ അഭിഷിക്തൻ അഥവാ, ക്രിസ്തു ആയിരുന്നുകൊണ്ടാണ് മോശെ ജനത്തിൻ്റെ നിന്ദ സഹിച്ചതെന്ന് വ്യക്തമാണ്. അല്ലാതെ, യേശുവിൻ്റെ നിന്ദയല്ല മോശെ അനുഭവിച്ചത്. അല്ലെങ്കിൽത്തന്നെ, യേശുവിൻ്റെ നിന്ദ എന്തിനാണ് മോശെ അനുഭവിക്കുന്നത്? യേശുവിൻ്റെ നിന്ദ മോശെയല്ല അനുഭവിച്ചത്; മാനവകുലത്തിനുവേണ്ടി യേശു തന്നെയാണ് അനുഭവിച്ചത്. (യെശ, 53:3-5). യഹോവയായ ഏകദൈവമാണ് നമ്മുടെ എല്ലാവരുടെയും അകൃത്യം യേശുവിൻ്റെമേൽ ചുമത്തി അവനെ നിന്ദ അനുഭവിക്കുവാൻ ഇടയാക്കിയത്. (യെശ, 53:3,6). അതായത്, ദൈവം യേശുവെന്ന അഭിഷിക്തൻ്റെ അഥവാ, ക്രിസ്തുവിൻ്റെമേൽ ഭരമേല്പിച്ച നിന്ദ യേശുവും വഹിച്ചു. മോശയെന്ന അഭിഷിക്തനെ ഭരമേല്പിച്ച നിന്ദ മോശയും വഹിച്ചു. അതിനാൽ, ദൈവത്തിൻ്റെ അഭിഷിക്തനായിരുന്ന് താൻ സഹിച്ച നിന്ദയെ ആണ് വലിയ ധനമെന്ന് അവൻ എണ്ണിയതെന്ന് സ്ഫടികസ്ഫുടം വ്യക്തമാണ്.

8. ഇനി ചരിത്രപരമായ ഒരു തെളിവുതരാം: കന്യകയായ മറിയ പ്രസവിക്കുന്നതുവരെ യേശുവെന്ന് പേരുള്ള ഒരു വ്യക്തിയില്ല. (യോഹ, 8:40; 2കൊരി, 5:21). യോർദ്ദാനിലെ അഭിഷേകത്തിനു മുമ്പെ, യേശുവെന്ന് പേരുള്ള ഒരു അഭിഷിക്തൻ അഥവാ, ക്രിസ്തു ഇല്ല. അതായത്, യേശുവെന്ന മനുഷ്യൻ ജനിച്ചത്, ബി.സി. 6-ൽ അഥവാ, എബ്രായ വർഷം 3755-ൽ ബേത്ത്ലേഹെമിലാണ്. (ലൂക്കൊ, 2:5-7). എന്നാൽ, യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനംപോലെ, യേശുവെന്ന ക്രിസ്തുവും ദൈവപുത്രനും ജനിച്ചത്, എ.ഡി. 29-ൽ യോർദ്ദാനിൽ വെച്ചാണ്. (യെശ, 61:1; ലൂക്കൊ, 1:32,25; 2:11; 3:22; പ്രവൃ, 4:27; 10:38). താൻ ക്രിസ്തു ആയത് യോർദ്ദാനിൽ വെച്ചാണെന്ന് യെശയ്യാപ്രവചനം ഉദ്ധരിച്ചുകൊണ്ട്, യേശുതന്നെ സാക്ഷ്യം പറഞ്ഞിട്ടുണ്ട്. (യെശ, 61:1; ലൂക്കൊ, 4:16-21). പഴയനിയമത്തിൽ, ദൈവപുത്രനായ ക്രിസ്തു ഇല്ല; അവനെക്കുറിച്ചുള്ള പ്രവചനങ്ങളാണ് ഉണ്ടായിരുന്നത്. (ഉല്പ, 3:15; ആവ, 18:15,18; യെശ, 7:14; 52:13-15; 53:1-12; 61:1-2). പ്രവചനമെന്നാൽ, ഭൂതവർത്തമാനകാലത്തിലെ ചരിത്രമല്ല; ഭാവിയിൽ സംഭവിപ്പാനുള്ളതാണ്. യേശുവിൻ്റെ ജനനവും (ഉല്പ, 3:15; ആവ, 18:15,18; യെശ, 7:14) ക്രിസ്തുത്വവും (യെശ, 61:1; ലൂക്കൊ, 2:11), പുത്രത്വവും (ലൂക്കൊ, 1:32,35) കഷ്ടാനുഭവവും (യെശ, 53:3-7) മരണവും (യെശ, 53:8,12) അടക്കവും (യെശ, 53:9) പുരുത്ഥാനവും (സങ്കീ, 8:6) പ്രവചനങ്ങളായിരുന്നു. ഒരു പ്രവചനം നിവൃത്തിയാകുമ്പോഴാണ് അത് ചരിത്രമാകുന്നത്. (സംഖ്യാ, 24:14; ദാനീ, 2:28). അതുകൊണ്ടാണ്, “ലോകസ്ഥാപനത്തിന്നു മുമ്പെ മുന്നറിയപ്പെട്ടവനും; നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്തു വെളിപ്പെട്ടവനും” എന്ന് പത്രൊസ് അപ്പൊസ്തലൻ യേശുവിനെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. (1പത്രൊ, 1:20). യേശുവെന്ന പേർപോലും അവൻ ജനിക്കുന്നതിനും ഒൻപത് മാസവും, ഒൻപത് ദിവസവും മുമ്പുമാത്രം വെളിപ്പെടുത്തപ്പെട്ടതാണ്. യേശു ജനിക്കുന്നതിനും ആയിരത്തി അഞ്ചൂറ് വർഷംമുമ്പ് ജീവിച്ചിരുന്ന മോശെ എങ്ങനെയാണ്, യേശുവിൻ്റെ നിന്ദ അനുഭവിക്കുന്നത്?

[ദൈവപുത്രനായ യേശു ആരാണെന്ന് അറിയാത്തവർ അവനെ ദൈവത്തിൽനിന്ന് വിഭിന്നനായ ദൈവമാക്കാനാണ് വചനത്തെ ദുർവ്യാഖ്യാനം ചെയ്യുന്നത്. ക്രിസ്തു ആരാണെന്നറിയാൻ ദൈവഭക്തിയുടെ മർമ്മം ലേഖനം കാണുക: ദൈവഭക്തിയുടെ മർമ്മം]

Leave a Reply

Your email address will not be published. Required fields are marked *