സ്ത്രീധനം

സ്ത്രീധനം (dowry)

☛ സ്ത്രീധനം: ബൈബിൾ സത്യവും ഇന്നത്തെ ദുരാചാരവും
➦ ക്രൈസ്തവർക്കിടയിൽ ഏറ്റവും കൂടുതൽ നടക്കുന്ന ബൈബിൾ വിരുദ്ധമായ കാര്യങ്ങളിൽ ഒന്നാണ് വ്യവസ്ഥയില്ലാത്ത സ്ത്രീധനസമ്പ്രദായം. ➟ദൈവമക്കൾ എന്ന് അഭിമാനിക്കുന്ന നമ്മൾതന്നെ വചനത്തിന് വചനത്തിന് വിരുദ്ധമായാണ് പ്രവർത്തിക്കുന്നത്.

ബൈബിളിലെ സ്ത്രീധനം എന്താണ്
➦ സ്ത്രീധനത്തെ (dowry) കുറിക്കുന്ന ❛മോഹർ❜ (mōhar – dowry) എന്ന എബ്രായ പദം മൂന്നിടത്തുണ്ട്: (ഉല്പ, 34:12; പുറ, 22:17; 1ശമൂ, 18:25). ➟ഭാര്യയ്ക്കുവേണ്ടി നല്കുന്ന ധനം എന്നാണ് മോഹറിൻ്റെ അർത്ഥം.

ആര് ആർക്കാണ് മോഹർ കൊടുക്കേണ്ടത്
➦ മോഹർ എന്നാൽ വരൻ വധുവിന് കൊടുക്കുന്നതാണ്; അല്ലാതെ വധുവിന്റെ വീട്ടുകാർ വരന് വാങ്ങുനതല്ല. ➟വിവാഹം ക്രമീകരിക്കുമ്പോൾ പിതാവിന്റെ അനുവാദം കിട്ടിക്കഴിഞ്ഞാൽ വിവാഹാർത്ഥി വധുവിനു സ്ത്രീധനവും വധുവിന്റെ മാതാപിതാക്കൾക്കും സഹോദരന്മാർക്കും സമ്മാനങ്ങളും നല്കും. ➟യിസ്രായേല്യർ മാതാപിതാക്കളിൽ നിന്നോ ബന്ധുക്കളിൽ നിന്നോ വധുവിനെ വിലയ്ക്കു വാങ്ങിയിരുന്നു എന്ന ധാരണ ശരിയല്ല. ➟പ്രത്യുത, പുരുഷൻ സ്ത്രീയുടെ കുടുംബത്തിന് മൂല്യം നൽകുന്ന രീതിയായിട്ടാണ് കണക്കാക്കുന്നത്. ➟അതായത്, സ്ത്രീയെ വിലയ്ക്ക് വാങ്ങുന്ന ഒന്നായിട്ടല്ല, മറിച്ച് അവളെയും അവളുടെ കുടുംബത്തെയും ആദരിക്കുന്ന ഒന്നായിട്ടാണ് മനസ്സിലാക്കേണ്ടത്. ➟വധുവിനുവേണ്ടി പിതാവിനെ ഏല്പിക്കുന്ന ഈ ധനം (മോഹർ), പിന്നീട് എന്തെങ്കിലും കാരണവശാൽ വധു ഒറ്റപ്പെട്ടാൽ (വിവാചമോചനം, ഭർത്താവിൻ്റെ വിയോഗം) അവൾക്ക് ഒരു സുരക്ഷാ നിധിയായി ഉപയോഗിക്കാനും ഉദ്ദേശിച്ചിട്ടുള്ളതായിരുന്നു.

മോഹറും മതാനും:
➦ വരൻ വധുവിന് കൊടുക്കുന്ന ധനത്തെ ❛മോഹർ❜ (mōhar – dowry) എന്നും ബന്ധുക്കൾക്ക് കൊടുക്കുന്ന ദാനത്തെ/സമ്മാനത്തെ (matān – gift) എന്നും പറയും. ➟വിവാഹനിശ്ചയത്തോടുള്ള ബന്ധത്തിലാണ് സ്ത്രീധനവും പാരിതോഷികങ്ങളും നല്കുന്നത്.

പഴയനിയമത്തിലെ തെളിവുകൾ:
➦ റിബെക്കായ്ക്ക് വേണ്ടി എലീയാസർ ആഭരണങ്ങളും അവളുടെ അമ്മയ്ക്കും സഹോദരനും വിശേഷവസ്തുക്കളും കൊടുത്തു: (ഉല്പ, 24:53).
➦ ലേയയ്ക്കും റാഹേലിനും വേണ്ടി യാക്കോബ് പതിനാലുവർഷം സേവനം ചെയ്തു. (ഉല്പ, 29:18-30).
➦ ശെഖേം ദീനായുടെ അപ്പനോടും സഹോദരന്മാരോടും പറയുന്നത് നോക്കുക: ➤❝നിങ്ങൾക്കു എന്നോടു കൃപ തോന്നിയാൽ നിങ്ങൾ പറയുന്നതു ഞാൻ തരാം. എന്നോടു സ്ത്രീധനവും ദാനവും എത്രയെങ്കിലും ചോദിപ്പിൻ; നിങ്ങൾ പറയുംപോലെ ഞാൻ തരാം; ബാലയെ എനിക്കു ഭാര്യയായിട്ടു തരേണം എന്നു പറഞ്ഞു.❞ (ഉല്പ, 34:12).
➦ മോശെ യിത്രോവിന്റെ ആടുകളെ മേയ്ച്ചു. (പുറ, 3:1).
➦ മീഖളിനു വേണ്ടി ദാവീദ് ഇരുന്നൂറു ഫെലിസ്ത്യരുടെ അഗ്രചർമ്മമാണ് നല്കിയത്: (1ശമൂ, 18:25). ➟പഴയനിയമത്തിൽ സ്ത്രീധനമായാലും, ദാനമായാലും, സമ്മാനമായാലും വധുവോ, വധുവിൻ്റെ വീട്ടുകാരോ വരന് നല്കുന്നതല്ല; വരനും വരൻ്റെ വീട്ടുകാരും വധുവിനും വീട്ടുകാർക്കും നല്കുന്ന പാരിതോഷികങ്ങളാണ്.

പുതിയനിയമത്തിലെ വിവാഹവും വിവാഹനിശ്ചയവും:
➦ പുതിയനിയമത്തിൽ ഒരു വിവാഹത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ടെങ്കിലും സ്ത്രീധനത്തെക്കുറിച്ച് പറഞ്ഞിട്ടില്ല: (യോഹ, 2:1).
➦ രണ്ടു വിവാഹ നിശ്ചയത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ട്: 𝟭.മറിയയുടേയും യോസേഫിൻ്റേതും (മത്താ, 1:18; ലൂക്കൊ, 1:27; 2:4). ➟അതിലും സ്ത്രീധനത്തെക്കുറിച്ച് പറയുന്നില്ല.𝟮.ക്രിസ്തുവും സഭയുമായുള്ളതാണ്. (2കൊരി, 11:2; എഫെ, 5:23-33, വെളി, 19:7:9).

ക്രിസ്തു സഭയുമായുള്ള വിവാഹനിശ്ചയം:
➦ പൗലൊസ് പറയുന്നത് നോക്കുക: ➤❝ഞാൻ നിങ്ങളെക്കുറിച്ചു ദൈവത്തിന്റെ എരിവോടെ എരിയുന്നു; ഞാൻ ക്രിസ്തു എന്ന ഏകപുരുഷന്നു നിങ്ങളെ നിർമ്മലകന്യകയായി ഏല്പിപ്പാൻ വിവാഹനിശ്ചയം ചെയ്തിരിക്കുന്നു.❞ (2കൊരി, 11:2). ➟യെഹൂദന്മാരുടെ വിവാഹനിയമപ്രകാരം നിശ്ചയ സമയത്താണ് സ്ത്രീധനം കൈമാറേണ്ടത്. ➟ക്രിസ്തു ക്രൂശിൽ ചൊരിഞ്ഞ രക്തമാണ് സ്ത്രീധനമായി കാന്തയായ സഭയ്ക്ക് നല്കിയത്: ➤❝വ്യർത്ഥവും പിതൃപാരമ്പര്യവുമായുള്ള നിങ്ങളുടെ നടപ്പിൽനിന്നു നിങ്ങളെ വീണ്ടെടുത്തിരിക്കുന്നതു പൊന്നു, വെള്ളി മുതലായ അഴിഞ്ഞുപോകുന്ന വസ്തുക്കളെക്കൊണ്ടല്ല, ക്രിസ്തു എന്ന നിർദ്ദോഷവും നിഷ്കളങ്കവുമായ കുഞ്ഞാടിന്റെ വിലയേറിയ രക്തംകൊണ്ടത്രേ എന്നു നിങ്ങൾ അറിയുന്നുവല്ലോ.❞ (1പത്രൊ, 1:18,19). ➟സഭയായ തൻ്റെ മണവാട്ടിയെ ശുദ്ധയും നിഷ്കളങ്കയുമായി തനിക്കുതന്നേ തേജസ്സോടെ മുന്നിറുത്തേണ്ടതിനാണ് ക്രിസ്തു അവൾക്കുവേണ്ടി മരണം വരിച്ചത്: (എഫെ, 5:27). ➟അല്ലാതെ, കാന്തയായ സഭ കാന്തനായ കർത്താവിന് സ്ത്രീധനമായി ഒന്നും കൊടുത്തിട്ടില്ല.

വചനവിരുദ്ധവും നിയമവിരുദ്ധവും:
➦ പുരുഷൻ സ്ത്രീയ്ക്ക് അഥവാ, മണവാളൻ മണവാട്ടിക്ക് നല്കുന്ന ദാനമാണ് സ്ത്രീധനം എന്നത് പഴയപുതിയനിയമങ്ങൾ അസന്ദിഗ്ദ്ധമായി വ്യക്തമാക്കുന്ന വസ്തുതയാണ്. ➟നിർഭാഗ്യവശാൽ, ക്രൈസ്തരുടെ ഇടയിൽ അത് നേരേ തിരിച്ചാണ്. ➟സ്ത്രീ പുരുഷനാണ് ധനം നല്കുന്നതെന്നു മാത്രമല്ല, പുരുഷന്മാർ മദ്ധ്യസ്ഥന്മാർ മുഖാന്തരം അതാവോളം കണക്കുപറഞ്ഞ് വാങ്ങുകയും ചെയ്യും. ➟ഇത് ശുദ്ധ വേദവിപരീതമാണ്.

നിയമലംഘനം:
➦ ഇന്ത്യയിൽ 1961-മുതൽ സ്ത്രീധനസമ്പ്രദായം നിയമം മൂലം നിരോധിച്ചിട്ടുണ്ട്. ➟പുരുഷാധിപത്യ സമൂഹത്തിൽ കാണപ്പെടുന്ന സ്ത്രീവിരുദ്ധമായ ഒരു ദുരാചാരമായിട്ടാണ് സ്ത്രീധനത്തെ പരിഷ്കൃത രാജ്യങ്ങൾ കണക്കാക്കുന്നത്. ➟സ്ത്രീധനത്തിൻ്റെ പേരിൽ വർദ്ധിച്ചുവരുന്ന വഴക്കുകളും, വിവാഹമോചനങ്ങളും, മരണങ്ങളും ഈ സമ്പ്രദായം എത്ര ദുഷിച്ചതാണെന്ന് വെളിവാക്കുന്നു. ➟ക്രിസ്ത്യാനികളെന്നും ദൈവമക്കളെന്നും അവകാശപ്പെടുന്നവർതന്നെ സ്ത്രീധനം വചനവിരുദ്ധമായി വധുവിനോടു വാങ്ങിക്കുകയും, സ്ത്രീകളുടെ മാതാപിതാക്കൾ വാരിക്കോരി വരന് കൊടുക്കുകയും ചെയ്യാറുണ്ട്.

പൗലൊസിൻ്റെ ഭയം:
➦ ക്രിസ്തുവും സഭയുമായിട്ടുള്ള വിവാഹനിശ്ചയത്തെക്കുറിച്ച് പറഞ്ഞ പൗലൊസിൻ്റെ ഒരു ഭയത്തെക്കുറിച്ച് അടുത്തവാക്യത്തിൽ പറഞ്ഞിട്ടുണ്ട്: ➤❝എന്നാൽ സർപ്പം ഹവ്വയെ ഉപായത്താൽ ചതിച്ചതുപോലെ നിങ്ങളുടെ മനസ്സു ക്രിസ്തുവിനോടുള്ള ഏകാഗ്രതയും നിർമ്മലതയും വിട്ടു വഷളായിപ്പോകുമോ എന്നു ഞാൻ ഭയപ്പെടുന്നു.❞ (2കൊരി, 11:3). ➟ക്രിസ്തുവിനോടുള്ള ഏകാഗ്രതയും നിർമ്മലതയും നഷ്ടപ്പെട്ടുകഴിയുമ്പോഴാണ് ബൈബിൾവിരുദ്ധമായ ആചാരദുരാചാരങ്ങളിലേക്കും നിയമലംഘനങ്ങളിലേക്കും വിശ്വാസികൾ വഴുതിവീഴുന്നത്.  

രാജകീയ ന്യായപ്രമാണം:
➦ നമ്മുടെ കർത്താവിൻ്റെ സഹോദരനും യെരൂശലേം സഭയുടെ അദ്ധ്യക്ഷനുമായിരുന്ന യാക്കോബ് ➤❝കൂട്ടുകാരനെ നിന്നെപ്പോലെ സ്നേഹിക്കുക❞ എന്ന രാജകീയ ന്യായപ്രമാണത്തെക്കുറിച്ച് പറഞ്ഞിട്ട് (യാക്കോ, 2:8), അടുത്ത് പറയുന്നത് നോക്കുക: ➤❝ഒരുത്തൻ ന്യായപ്രമാണം മുഴുവനും അനുസരിച്ചു നടന്നിട്ടും ഒന്നിൽ തെറ്റിയാൽ അവൻ സകലത്തിന്നും കുറ്റക്കാരനായിത്തീർന്നു.❞ (യാക്കോ, 2:10). ➟തൊണ്ണൂറ്റൊമ്പത് കാര്യങ്ങളും ശരിയായി ചെയ്താലും ഒന്നിൽ തെറ്റായാൽ മുഴുവനും തെറ്റുമെന്ന് യാക്കോബ് അപ്പൊസ്തലൻ ഓർമ്മിപ്പിക്കുന്നു. ➟പഴയനിയമത്തിന് മാത്രമല്ല; സ്നേഹസ്വരൂപനായ ക്രിസ്തുവിലൂടെ ലഭിച്ച സ്നേഹത്തിൻ്റെ പ്രമാണമായ പുതിയനിയമത്തിനും ക്രൈസ്തവരുടെ സ്ത്രീധനസമ്പ്രദായം എതിരാണ്. ➟ബൈബിളിൻ്റെ വക്താക്കളെന്ന് അവകാശപ്പെടുന്നവർ തന്നെ അതിനു വിരുദ്ധമായി പ്രവർത്തിക്കുന്നത് ശരിയാണോ❓

☛  ഉപസംഹാരം:
☛ വിവാഹസമയത്ത് വധുവിന് ധനമായിട്ടോ, വീട്ടുകാർക്ക് ദാനമായിട്ടോ കൊടുക്കാൻ കഴിവുള്ളവർ കൊടുക്കുക; കൊടുക്കാൻ കഴിയാത്തവർ അവളോട് ഒരു ചില്ലാക്കാശുപോലും വാങ്ങാതിരിക്കട്ടെ. ➟വചനവരുദ്ധമായി സ്ത്രീയുടെ ധനംവാങ്ങുന്ന വിവാഹങ്ങൾക്ക് സഭാ നേതൃത്വം കൂട്ടുനിൽക്കാതിരിക്കുക; അതിനെതിരെ ശക്തമായി പ്രബോധിപ്പിക്കുക.➟അങ്ങനെ ദൈവനാമം മഹത്വപ്പെടുവാൻ ഇടയാകട്ടെ!

One thought on “സ്ത്രീധനം”

Leave a Reply

Your email address will not be published. Required fields are marked *