എബ്രായലേഖനം ആമുഖം

☛ എബ്രായലേഖനത്തിൽ യേശുക്രിസ്തു ദൈവമാണെന്നും ➟പിതാവ് പുത്രനെ ദൈവമേ (O God) എന്ന് വിളിച്ചെന്നും ➟പുത്രൻ സ്രഷ്ടാവാണെന്നും ഒക്കെയുള്ള വലിയ തെറ്റിദ്ധാരണകളാണ് പലർക്കുമുള്ളത്. ➟ചിലർ പിതാവിൻ്റെ ദൈവമാണ് യേശുക്രിസ്തു എന്നാണ് വ്യാഖ്യാനിക്കുന്നത്. ➟എബ്രായലേഖനം എന്താണെന്ന് പലർക്കും ഇതുവരെ മനസ്സിലായിട്ടില്ല. ➟എബ്രായലേഖനം മനസ്സിലാകണമെങ്കിൽ പ്രധാനമായും മൂന്ന് കാര്യങ്ങൾ അറിയണം. ➟അതിൽ പ്രധാനമായി ദൈവത്തിൻ്റെ വാഗ്ദത്തസന്തതിയായ രാജാവിനെ അറിയണം: 
❶ ബൈബിൾ വെളിപ്പെടുത്തുന്ന വാഗ്ദത്തസന്തതി (ഭൗമികസന്തതി) ആരാണ്?
❷ ലേഖനരചനയുടെ ചരിത്ര പശ്ചാത്തലവും രചനാലക്ഷ്യവും എന്താണ്?
❸ ലേഖനത്തിൻ്റെ വിഷയം എന്താണ്?

വാഗ്ദത്തസന്തതി ആരാണ്?
☛ ദൂതന്മാരും മനുഷ്യരുമായി ദൈവത്തിന് അനേകം പുത്രന്മാരുണ്ടെങ്കിലും, ബൈബിൾ പ്രധാനമായും രണ്ട് സന്തതിയെക്കുറിച്ചാണ് പഠിപ്പിക്കുന്നത്. ➟ആദ്യത്തേത് ഭൗമികസന്തതിയും, ➟അടുത്തത് ആത്മീകസന്തതിയുമാണ്. ➟അതിൽ ഭൗമികസന്തതിയാണ് ബൈബിൾ വെളിപ്പെടുത്തുന്ന വാഗ്ദത്തസന്തതി അല്ലെങ്കിൽ, ദൈവത്തിൽനിന്ന് വാഗ്ദത്തം ലഭിച്ച സന്തതി. ➟ആത്മികസന്തതി ദൈവപുത്രനായ യേശുക്രിസ്തുവാണ്. ➟അവനാണ് വാഗ്ദത്തവിഷയം അഥവാ, ദൈവത്താൽ വാഗ്ദത്തം ചെയ്യപ്പെട്ട സന്തതി: (ഉല്പ, 3:15; ആവ, 18:15-18; യെശ, 7:14; മീഖാ, 5:2-3). ➟വാഗ്ദത്തം ലഭിച്ച സന്തതിയെയും വാഗ്ദത്തം ചെയ്യപ്പെട്ട സന്തതിയെയും വേർതിരിച്ചറിയാതെ, ➟ദൈവപുത്രനായ യേശുക്രിസ്തുവാണ് വാഗ്ദത്തം ലഭിച്ച സന്തതിയെന്ന് വിചാരിക്കുന്നവരാണ് ക്രൈസ്തവരിൽ ഭൂരിപക്ഷം പേരും. 

𝗜. വാഗ്ദത്തം ലഭിച്ച സന്തതി:
☛ സകല അനുഗ്രഹങ്ങളുടെയും വാഗ്ദത്തങ്ങളുടെയും അവകാശിയും ➟സകല പ്രവചനങ്ങളുടെയും ക്രേന്ദ്രബിന്ദുവും ➟ദൈവത്തിൻ്റെ വചനം ഭരമേല്പിക്കപ്പെട്ടവരും➟ദൈവം പഴയപുതിയനിയമങ്ങൾ ചെയ്തിരിക്കുന്നവനും ➟സകലജാതികളും അനുഗ്രഹിക്കപ്പെടുവാൻ കാരണവുമായ ഒരു സന്തതി ബൈബിളിലുണ്ട്. ➟ആ സന്തതി യേശുക്രിസ്തുവല്ല. ➟പുതിയനിയമത്തിൽ പൗലൊസ് അപ്പൊസ്തലൻ രണ്ടു സന്തതിയെയും വ്യക്തമായി വേർതിരിച്ച് പഠിപ്പിച്ചിട്ടുണ്ട്: ➟എന്നാൽ അബ്രാഹാമിന്നും അവന്റെ സന്തതിക്കും വാഗ്ദത്തങ്ങൾ ലഭിച്ചു; സന്തതികൾക്കും എന്നു അനേകരെക്കുറിച്ചല്ല, നിന്റെ സന്തതിക്കും എന്നു ഏകനെക്കുറിച്ചത്രേ പറയുന്നതു; അതു ക്രിസ്തു തന്നേ. (ഗലാ, 3:16). ➟അബ്രാഹാമിന്നും അവന്റെ സന്തതിക്കും വാഗ്ദത്തങ്ങൾ ലഭിച്ചു. ➟ഇത് പഴയനിയമത്തിൽ നിന്നുള്ള ഉദ്ധരണിയാണ്: (ഉല്പ, 13:15; 17:7-8). ➟ഇവിടെ സന്തതി (Sperma – Seed) എന്ന് ഏകവചനത്തിൽ പറഞ്ഞിരിക്കയാലും, ➟അതു ക്രിസ്തു തന്നേ (Which is Christ) എന്ന് പറഞ്ഞിരിക്കയാലും, ➟അബ്രാഹാമിൻ്റെ പുത്രൻ (Son of Abraham) എന്ന് പുതിയനിയമത്തിൽ യേശുവിനെ വിശേഷിപ്പിച്ചിരിക്കയാലും, ➟ദൈവത്തിൽനിന്ന് വാഗ്ദത്തങ്ങൾ ലഭിച്ച അബ്രാഹാമിൻ്റെ സന്തതി യേശുക്രിസ്തു ആണെന്ന് അനേകരും കരുതുന്നു. (മത്താ, 1:1). 

𝗜𝗜. വാഗ്ദത്തം:
☛ വാഗ്ദത്തത്തെ കുറിക്കുന്ന 𝗘𝗽𝗮𝗻𝗴𝗲𝗹𝗶𝗮 എന്ന പദത്തിൽ ദൈവത്തിന്റെ പരമാധികാരം, മനുഷ്യന്റെ നന്മ, ഉറപ്പു എന്നീ മൂന്ന് കാര്യങ്ങൾ അടങ്ങിയിട്ടുണ്ട്. ➟അതായത്, ദൈവം മനുഷ്യൻ്റെ നന്മയ്ക്കായി തൻ്റെ പരമാധികാരത്താൽ നൽകുന്ന ഉറപ്പിനെയാണ് വാഗ്ദത്തം എന്ന് പറയുന്നത്. ➟മനുഷ്യർക്കല്ലാതെ, യേശുക്രിസ്തുവിന് എന്തിനാണ് ദൈവത്തിൽനിന്നുള്ള നന്മ എന്നുപോലും ആരും ചിന്തിക്കാറില്ല. ➟എന്നാൽ പ്രസ്തുത വാക്യത്തിലുള്ളത്, അബ്രാഹാമിൻ്റെ യഥാർത്ഥ അവകാശിയും ഭൗമികസന്തതിയുമായ ക്രിസ്തുവാണ്. ➟ആ ക്രിസ്തു യേശുക്രിസ്തു അല്ല; മറ്റൊരു ക്രിസ്തുവാണ്. ➟ബൈബിളിൽ യേശുവെന്ന ക്രിസ്തുവിനെ കൂടാതെ, അനേകം ക്രിസ്തുക്കൾ (മശീഹമാർ) ഉണ്ട്. ➟അതിൽ പഴയപുതിയനിയമങ്ങളിൽ നിറഞ്ഞുനില്ക്കുന്ന ഏക ക്രിസ്തുവാണ് വാഗ്ദത്തസന്തതി (ഭൗമികസന്തതി). ➟ഭൗമികസന്തതിയുടെ വാഗ്ദത്തങ്ങളും പദവികളുമാണ് ആത്മികസന്തതിയായ യേശുക്രിസ്തുവിലൂടെ നിവൃത്തിയാകുന്നത്. ➟അതുകൊണ്ടാണ്, യേശുവിനെ അബ്രാഹാമിൻ്റെ പുത്രൻ, ദാവീദുപുത്രൻ, ദൈവപുത്രൻ, മനുഷ്യപുത്രൻ എന്നൊക്കെ വിശേഷിപ്പിച്ചിരിക്കുന്നത്. ➟ഭൗമികസന്തതയെക്കുറിച്ച് നമുക്ക് താഴെ വിശദമായി മനസ്സിലാക്കാം. 

𝗜𝗜𝗜. വാഗ്ദത്തം ചെയ്യപ്പെട്ട സന്തതി:  
എന്നാൽ ന്യായപ്രമാണം എന്തിന്നു? വാഗ്ദത്തം ലഭിച്ച സന്തതിവരുവോളം അതു ലംഘനങ്ങൾ നിമിത്തം കൂട്ടിച്ചേർത്തതും ദൂതന്മാർ മുഖാന്തരം മദ്ധ്യസ്ഥന്റെ കയ്യിൽ ഏല്പിച്ചതുമത്രേ. (ഗലാ, 3:19). ➟സത്യവേദപുസ്തകത്തിലെ വാഗ്ദത്തം ലഭിച്ച സന്തതി വരുവോളം എന്ന പരിഭാഷ കൃത്യമല്ല. ➟ഗ്രീക്കിൽ, 𝗮𝗰𝗵𝗿𝗶𝘀 𝗼𝘂 𝗲𝗹𝘁𝗵𝗶 𝘁𝗼 𝘀𝗽𝗲𝗿𝗺𝗮 𝗼 𝗲𝗽𝗶𝗻𝗴𝗲𝗹𝘁𝗮𝗶 എന്നാണ്. ➟അതിൻ്റെ അർത്ഥം: വാഗ്ദത്തം ചെയ്യപ്പെട്ട സന്തതി വരുന്നതുവരെ (until the promised seed comes) എന്നാണ്. ➟𝗲𝗽𝗶𝗻𝗴𝗲𝗹𝘁𝗮𝗶 എന്നതിൻ്റെ അർത്ഥം വാഗ്ദത്തം ചെയ്യപ്പെട്ടതു (the promise was made) എന്നാണ്. ➟𝗞𝗝𝗩-യിൽ 𝘁𝗶𝗹𝗹 𝘁𝗵𝗲 𝘀𝗲𝗲𝗱 𝘀𝗵𝗼𝘂𝗹𝗱 𝗰𝗼𝗺𝗲 𝘁𝗼 𝘄𝗵𝗼𝗺 𝘁𝗵𝗲 𝗽𝗿𝗼𝗺𝗶𝘀𝗲 𝘄𝗮𝘀 𝗺𝗮𝗱𝗲 എന്നാണ്. ➟വാഗ്ദത്തം ചെയ്യപ്പെട്ട സന്തതി വരുവോളം എന്നാണ് ശരിയായ പരിഭാഷ. ➟സത്യവേദപുസ്തകം സമകാലിക പരിഭാഷ ചേർക്കുന്നു: ➟അങ്ങനെയെങ്കില്‍ നിയമം എന്തിന്? വാഗ്ദാനം ചെയ്യപ്പെട്ട സന്തതിയുടെ ആഗമനംവരെ നിയമലംഘനം ചൂണ്ടിക്കാണിച്ചു തരുന്നതിനുവേണ്ടി അതു വാഗ്ദാനത്തോടു ചേര്‍ത്തുതന്നതാണ്. മാലാഖമാര്‍ മുഖേന അതൊരു മധ്യസ്ഥനെ ഏല്പിച്ചു. (ഒ.നോ: MSV’17). ➟ഈ വാക്യത്തിൽ പറയുന്ന ദൈവത്താൽ വാഗ്ദാനം ചെയ്യപ്പെട്ട സന്തതിയാണ് യേശുക്രിസ്തു. 

𝗜𝗩. ന്യായപ്രമാണം എന്തിന്?
☛ അതായത്, വാഗ്ദത്തം ലഭിച്ച ഭൗമികസന്തതിയായ ക്രിസ്തുവിനെയും ➟ആ സന്തതിക്കായി ദൈവത്താൽ വാഗ്ദത്തം ചെയ്യപ്പെട്ട ആത്മിക സന്തതിയായ യേശുവിനെയും വ്യക്തമായി വേർതിരിച്ചാണ് പൗലൊസ് പഠിപ്പിക്കുന്നത്. ➟ഇവിടെ വളരെ ശ്രദ്ധേയമായ ഒരു ചോദ്യമുണ്ട്: ➟എന്നാൽ ന്യായപ്രമാണം എന്തിന്?” ➟ന്യായപ്രമാണം നല്കുന്നതിന് മുമ്പാണ് ദൈവം അബ്രാഹാമിനും അവൻ്റെ സന്തതിക്കും വാഗ്ദത്തങ്ങൾ നല്കിയത്. ➟ഭൗമികസന്തതി പഴയപുതിയനിയമങ്ങളിൽ നിറഞ്ഞുനില്ക്കുന്നവനാണ്. ➟എന്നാൽ, ആത്മികസന്തതിയായ യേശുക്രിസ്തു പഴയനിയമത്തിൽ ഇല്ല; ➟അവൻ അന്ത്യകാലത്താണ് വെളിപ്പെട്ടത്: (1പത്രൊ, 1:20; എബ്രാ, 1:2). 

𝗩. പ്രവചനങ്ങളിൽ മാത്രം ഉണ്ടായിരുന്നവൻ:
☛ പഴയനിയമത്തിൽ ദൈവപുത്രനായ യേശുവിനെക്കുറിച്ചുള്ള പ്രവചനങ്ങളല്ലാതെ, യേശുവെന്ന വ്യക്തിയെ കാണാൻ കഴിയില്ല. ➟യേശുവിൻ്റെ ജന്മസ്ഥലം (മീഖാ, 5:2), ➟കന്യകാജനനം (യെശ, 7:14), ➟അഭിഷേകം (യെശ, 61:1), ➟പുത്രത്വം (ലൂക്കൊ, 1:32; ലൂക്കൊ, 1:35 ⁃⁃ ലൂക്കൊ, 3:22), ➟പ്രവാചകത്വം (ആവ, 18:15; 18:18-19), ➟ശുശ്രൂഷ (യെശ, 42:1-3), ➟കഷ്ടാനുഭവവും (യെശ, 52:14; യെശ, 53:2-8), ➟മരണം (യെശ, 53:10-12), ➟അടക്കം (യെശ, 53:9), ➟പുനരുത്ഥാനം (സങ്കീ, 16:10), ➟കർത്തൃത്വം (ലൂക്കൊ, 2:11 ⁃⁃ പ്രവൃ, 2:36), ➟പിൻവരുന്ന മഹിമ (1പത്രൊ, 1:11) മുതലായ എല്ലാം പ്രവചനങ്ങളായിരുന്നു. ➟ആദ്യപ്രവചനം ഉല്പത്തി 3:15 ആണ്. ➟അതിനുമുമ്പ് അവനെക്കുറിച്ച് പരാമർശംപോലുമില്ല. ➟ഒരു പ്രവചനം നിവൃത്തിയാകുമ്പോഴാണ് അത് ചരിത്രമാകുന്നത്. ➟പ്രവചനനിവൃത്തിയായി 𝗔𝗠 𝟯𝟳𝟱𝟱-ലാണ് (BC 6) യേശു എന്ന് പേരുള്ള മനുഷ്യൻ മറിയത്തിൻ്റെ ആദ്യജാതനായി ജനിക്കുന്നത്: (ലൂക്കൊ, 2:7). ➟അപ്പോൾ മുതലാണ് യേശുവെന്ന വ്യക്തിയുടെ ചരിത്രം ആരംഭിക്കുന്നത്. ➟യേശു/യേസൂസ് (𝗜𝗲𝘀𝗼𝘂𝘀) എന്ന പേർപോലും അവൻ ജനിക്കുന്നതിനും ഒൻപത് മാസവും ഒൻപത് ദിവസവും മുമ്പുമാത്രം വെളിപ്പെടുത്തപ്പെട്ടതാണ്: (ലൂക്കൊ, 1:31; മത്താ, 1:21). 

𝗩𝗜. ന്യായപ്രമാണം:
☛ ദൈവം അബ്രാഹാമിനും അവൻ്റെ സന്തതിക്കും വാഗ്ദത്തങ്ങൾ നല്കിയശേഷം നാനൂറ്റിമുപ്പതു ആണ്ടു കഴിഞ്ഞിട്ടാണ് ന്യായപ്രമാണം ഉണ്ടായത്: (ഗലാ, 3:17). ➟ന്യായപ്രമാണകാലം ഏകദേശം ആയിരത്തി അഞ്ചൂറ് വർഷമാണ്. ➟ന്യായപ്രമണകാലത്തിൻ്റെ അവസാനമാണ് ആത്മികസന്തതിയായ യേശുക്രിസ്തു ലോകത്തിൽ വെളിപ്പെട്ടത്: (റോമ, 10:4). ➟ഭൗമികസന്തതിക്ക് പൂർവ്വപിതാക്കന്മാർ മുഖാന്തരം ദൈവത്തിൽനിന്ന് വാഗ്ദത്തങ്ങൾ ലഭിച്ചശേഷം, ➟അവൻ്റെ വാഗ്ദത്തങ്ങൾ അവന് നിവൃത്തിച്ചു കൊടുക്കാനുള്ള ആത്മികസന്തതിയായ യേശുക്രിസ്തു വെളിപ്പെടുംമുമ്പെ, ➟ഒരു ന്യായപ്രമാണം ഇടയിൽ കയറിവന്നത് എന്തിനാണെന്ന ചോദ്യമാണ്, ➟പ്രശ്നരൂപേണ പൗലൊസ് അവതരിപ്പിക്കന്നത്. ➟അതിൻ്റെ ഉത്തരമാണ്: ➟“വാഗ്ദത്തം ചെയ്യപ്പെട്ട സന്തതി വരുവോളം, അതു ലംഘനങ്ങൾ നിമിത്തം കൂട്ടിച്ചേർത്തതാണ്.” ➟അതായത്, ദൈവം ലോകസ്ഥാപനംമുതൽ വാഗ്ദത്തം ചെയ്യപ്പെട്ട ആത്മികസന്തതി അന്ത്യകാലത്ത് വെളിപ്പെടുംവരെ, ➟ഭൗമികസന്തതിയുടെ പാപം അവനെ ബോധ്യപ്പെടുത്താനാണ് അല്ലെങ്കിൽ, ചൂണ്ടിക്കാണിക്കാനാണ് ന്യായപ്രമാണം നല്കിയത്: (റോമ, 7:7). 

𝗩𝗜𝗜. ആത്മികസന്തതിയുടെ ദൗത്യം:
☛ അബ്രാഹാമിന്നും അവന്റെ സന്തതിക്കും ദൈവത്തിൽനിന്ന് വാഗ്ദത്തങ്ങൾ ലഭിച്ചശേഷം, ➟കുറഞ്ഞത് രണ്ടായിരം വർഷങ്ങൾക്കു ശേഷമാണ്, ആ സന്തതിയുടെ രക്ഷയ്ക്കായി ദൈവം വാഗ്ദത്തം ചെയ്തിരുന്ന യേശുക്രിസ്തുവെന്ന ആത്മികസന്തതി വെളിപ്പെട്ടത്: (1പത്രൊ, 1:20). ➟അതിനാൽ, വാഗ്ദത്തങ്ങൾ ലഭിച്ച അഥവാ, വാഗ്ദത്തങ്ങളുടെ ഗുണഭോക്താവായ ഭൗമികസന്തതിയും, ➟വാഗ്ദത്തം ചെയ്യപ്പെട്ട അഥവാ, വാഗ്ദത്തവിഷയമായ യേശുക്രിസ്തുവെന്ന ആത്മികസന്തതിയും ഒന്നല്ലെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം. ➟അതായത്, ദൈവത്തിൽനിന്ന് നന്മയുടെ വാഗ്ദത്തം ലഭിച്ച ഭൗമികസന്തതിക്ക് അവൻ്റെ വാഗ്ദത്തങ്ങൾ നിവൃർത്തിച്ചുകൊടുക്കാനാണ് ആത്മീയസന്തതിയായ യേശുക്രിസ്തു അന്ത്യകാലത്ത് വെളിപ്പെട്ടത്: (1പത്രൊ, 1:20). ➟ദൈവത്തിൻ്റെ സകല അനുഗ്രഹങ്ങളുടെയും വാഗ്ദത്തങ്ങളുടെയും ഉടയവൻ അഥവാ, അവകാശിയായ ഭൗമികസന്തതിയെ അറിയാതെ, ➟അവൻ്റെ പാപത്തിൽനിന്ന് അവനെ രക്ഷിച്ച് അവൻ്റെ അനുഗ്രഹങ്ങളും വാഗ്ദത്തങ്ങളും അവന് സാക്ഷാത്കരിച്ചുകൊടുക്കാൻ ➟അന്ത്യകാലത്ത് ലോകത്തിൽ വെളിപ്പെട്ട യേശുക്രിസ്തുവെന്ന ആത്മികസന്തതിയെയും ➟അവൻ്റെ ഭൗമിക ശുശ്രൂഷയെയും ഒരാൾക്കും യഥാർത്ഥമായി മനസ്സിലാക്കാൻ കഴിയില്ല. 

𝗩𝗜𝗜𝗜. വാഗ്ദത്ത സന്തതി:
☛ അബ്രാഹാമിലൂടെ വാഗ്ദത്തങ്ങൾ ലഭിച്ച സന്തതിയായ ക്രിസ്തു (അഭിഷിക്തൻ) ആരാണെന്ന് യേശുവിൻ്റെ ജനനത്തിന് മുമ്പേതന്നെ, ➟അവൻ്റെ അമ്മയുടെ സ്തോത്രഗീതത്തിൽ വ്യക്തമായി വെളിപ്പെടുത്തിയിട്ടുണ്ട്: ➟നമ്മുടെ പിതാക്കന്മാരോടു അരുളിച്ചെയ്തതുപോലെ അബ്രാഹാമിന്നും അവന്റെ സന്തതിക്കും എന്നേക്കും കരുണ ഓർക്കേണ്ടതിന്നു, തന്റെ ദാസനായ യിസ്രായേലിനെ തുണെച്ചിരിക്കുന്നു. (ലൂക്കൊ, 1:54-55). ➟ഈ വാക്യം ശ്രദ്ധിക്കുക: ➟അബ്രാഹാമിന്നും അവന്റെ സന്തതിക്കും എന്നേക്കും കരുണ ഓർക്കേണ്ടതിന്നു, തന്റെ ദാസനായ യിസ്രായേലിനെ തുണെച്ചിരിക്കുന്നു ➟അബ്രാഹാമിന്റെ വാഗ്ദത്ത സന്തതി ആരാണെന്ന് വചനംതന്നെ വ്യക്തമാക്കുന്നത് നോക്കുക. ➟മറിയം ഇവിടെ അബ്രാഹാമിന്റെ സന്തതി എന്ന് വിശേഷിപ്പിക്കുന്നത് തൊട്ടുപിന്നാലെ പറയുന്ന തന്റെ ദാസനായ യിസ്രായേലിനെ ആണ്. ➟സന്തതി (Seed) എന്ന ഏകവചനം ശ്രദ്ധിക്കുക. ➟മറിയത്തിൽ ഉരുവായ യേശുവിനെ അനുഗ്രഹിച്ചുകൊണ്ടും, ദൈവത്തിൻ്റെ അരുളപ്പാട് ഏറ്റെടുത്തുകൊണ്ട് യിസ്രായേലിൻ്റെ രക്ഷിതാവാകാനുള്ളവനെ ഉദരത്തിൽ വഹിച്ചവളെ ഭാഗ്യവതി എന്ന് എലീശബെത്ത് പ്രശംസിക്കുകയും ചെയ്തപ്പോഴാണ്, മറിയ ഈ സ്തോത്രഗീതം ആലപിക്കുന്നത്. ➟അതായത്, ദൈവം കരുണ കാണിക്കാൻ ഓർത്തത് അബ്രാഹാമിനോടും അവന്റെ സന്തതിയായ യിസ്രായേലിനോടുമാണ്. ➟ആ കരുണ പ്രാവർത്തികമാക്കാൻ വേണ്ടിയാണ് യേശുക്രിസ്തു മറിയത്തിലൂടെ ജഡത്തിൽ വെളിപ്പെടുന്നത്. ➟അതോർത്താണ് അവൻ്റെ അമ്മ സ്തോത്രം പാടിയത്. ➟യോഹന്നാൻ്റെ അപ്പൻ പരിശുദ്ധാത്മാവ് നിറഞ്ഞവനായി പ്രവചിക്കുമ്പോഴും അക്കാര്യം വ്യക്തമായി പറഞ്ഞിട്ടുണ്ട്: (ലൂക്കൊ, 1:68-75). ➟ഈ ലോകത്തിൻ്റെ അവകാശിയാകുമെന്ന് വാഗ്ദത്തം ലഭിച്ച അബ്രാഹാമിൻ്റെ സന്തതിയാണ് വാഗ്ദത്തസന്തതി. ➟ആ സന്തതി യേശുക്രിസ്തു അല്ല; എബ്രായ ജാതിയാണ്: (റോമർ 4:13). 

𝗜𝗫. വാഗ്ദത്തസന്തതി മുഖാന്തരമുള്ള അനുഗ്രഹം:
☛ നിൻ്റെ സന്തതി മുഖാന്തരം ഭൂമിയിലെ സകല ജാതികളും അനുഗ്രഹിക്കപ്പെടും എന്ന് ദൈവം തന്നെക്കൊണ്ടുതന്നെ സത്യംചെയ്ത് അബ്രാഹാമിനോട് പറഞ്ഞ സന്തതി യേശുക്രിസ്തുവല്ല; യിസ്രായേലാണ്: ➟നീ എന്റെ വാക്കു അനുസരിച്ചതു കൊണ്ടു നിന്റെ സന്തതി മുഖാന്തരം ഭൂമിയിലുള്ള സകലജാതികളും അനുഗ്രഹിക്കപ്പെടും എന്നു ഞാൻ എന്നെക്കൊണ്ടു തന്നേ സത്യം ചെയ്തിരിക്കുന്നു എന്നു യഹോവ അരുളിച്ചെയ്യുന്നു. (ഉല്പ, 22:18). ➟ദൈവം യിസ്ഹാക്കിനോടും യാക്കോബിനോടും ഇതേകാര്യം വ്യക്തമായി പറഞ്ഞിട്ടുണ്ട്: (ഉല്പ, 26:5 ⁃⁃ ഉല്പ, 28:14). ➟ആകാശത്തിലെ നക്ഷത്രങ്ങൾപോലെയും കടൽക്കരയിലെ മണൽപോലെയും അത്യന്തം വർദ്ധിക്കുന്ന ആ സന്തതി യേശുവല്ല; ➟യിസ്രായേലാണെന്ന് പൂർവ്വപിതാക്കന്മാരോടുള്ള വാഗ്ദത്തത്തിൽത്തന്നെ അസന്ദിഗ്ധമായി മനസ്സിലാക്കാം: (ഉല്പ, 22:17 ⁃⁃ ഉല്പ, 26:5 ⁃⁃ ഉല്പ, 28:14). ➟തന്നെയുമല്ല, അപ്പൊസ്തലന്മാരിൽ പ്രഥമനും പ്രധാനിയുമായ പ്രത്രൊസ് തൻ്റെ രണ്ടാമത്തെ പ്രസംഗത്തിൽ അത് വ്യക്തമാക്കിയിട്ടുണ്ട്: ➟ഭൂമിയിലെ സകലവംശങ്ങളും നിന്റെ സന്തതിയിൽ അനുഗ്രഹിക്കപ്പെടും. എന്നു ദൈവം അബ്രാഹാമിനോടു അരുളി നിങ്ങളുടെ പിതാക്കന്മാരോടു ചെയ്ത നിയമത്തിന്റെയും പ്രവാചകന്മാരുടെയും മക്കൾ നിങ്ങൾ തന്നേ. നിങ്ങൾക്കു ആദ്യമേ ദൈവം തന്റെ ദാസനായ യേശുവിനെ എഴുന്നേല്പിച്ചു ഓരോരുത്തനെ അവനവന്റെ അകൃത്യങ്ങളിൽ നിന്നു തിരിക്കുന്നതിനാൽ നിങ്ങളെ അനുഗ്രഹിക്കേണ്ടതിന്നു അവനെ അയച്ചിരിക്കുന്നു. (പ്രവൃ, 3:25-26). ➟ഈ വേദഭാഗത്ത് രണ്ട് കാര്യങ്ങൾ കാണാം: 
𝟭. ദൈവത്തിൽനിന്ന് വാഗ്ദത്തങ്ങൾ ലഭിച്ച സന്തതി യേശുക്രിസ്തുവല്ല; യിസ്രായേലാണ്. 
𝟮. യേശുക്രിസ്തു മുഖാന്തരമാണ് ദൈവം യിസ്രായേലിനോടുള്ള വാഗ്ദത്തങ്ങൾ നിവർത്തിക്കുന്നത്. ➟മറ്റൊരു വിധത്തിൽ യേശുവും അത് വ്യക്തമാക്കിയിട്ടുണ്ട്: (യോഹ, 4:22).

𝗜𝗫. പരിച്ഛേദനക്കാരുടെ ശുശ്രൂഷകൻ:
പിതാക്കന്മാർക്കു ലഭിച്ച വാഗ്ദത്തങ്ങളെ ഉറപ്പിക്കേണ്ടതിന്നു ക്രിസ്തു ദൈവത്തിന്റെ സത്യംനിമിത്തം പരിച്ഛേദനെക്കു ശുശ്രൂഷക്കാരനായിത്തീർന്നു എന്നും ജാതികൾ ദൈവത്തെ അവന്റെ കരുണനിമിത്തം മഹത്വീകരിക്കേണം എന്നും ഞാൻ പറയുന്നു. (റോമ, 15:8-9). ➟ദൈവം പൂർവ്വപിതാക്കന്മാരോട് തന്നെക്കൊണ്ടുതന്ന സത്യംചെയ്ത് പറഞ്ഞ വാഗ്ദത്തസന്തതിയായ യിസ്രായേലിനോടുള്ള ദൈവത്തിന്റെ വിശ്വസ്തതയും സത്യവും നിവർത്തിക്കാൻ വേണ്ടിയാണ്, ➟ദൈവത്താൽ വാഗ്ദത്തം ചെയ്യപ്പെട്ട ആത്മീയ സന്തതിയായ യേശുക്രിസ്തു അവരുടെ ഇടയിലേക്ക് വന്ന് അവരുടെ ശുശ്രൂഷക്കാരനായത്. ➟യിസ്രായേലിനോട് ദൈവം ചെയ്ത ആ വാഗ്ദത്തം യേശുക്രിസ്തുവിലൂടെ നിവർത്തിക്കപ്പെട്ടപ്പോൾ, അതിന്റെ ഫലമായി യഹൂദേതരായവർക്കും (Gentiles) അവർ മുഖാന്തരം ദൈവത്തിന്റെ കരുണയും രക്ഷയും ലഭിച്ചു: (യോഹ, 4:22). ➟അതായത്, പൗലൊസ് പറയുന്ന അബ്രാഹാമിലൂടെ വാഗ്ദത്തം ലഭിച്ച സന്തതിയായ ക്രിസ്തു (ഭൗമിക സന്തതി) യിസ്രായേലാണ്. ➟ആ സന്തതിയെ രക്ഷിക്കാൻ ദൈവത്താൽ വാഗ്ദത്തം ചെയ്യപ്പെട്ട സന്തതിയാണ് (ആത്മീയ സന്തതി) യിസ്രായേലിന്റെ ശുശ്രൂഷക്കാരനായി വന്ന യേശുക്രിസ്തു. ➟യിസ്രായേലെന്ന പൂർവ്വപിതാക്കന്മാരുടെ സന്തതി യേശുക്രിസ്തുവിലൂടെ അനുഗ്രഹിക്കപ്പെട്ടപ്പോൾ, ➟അവരോടൊപ്പം ദൈവത്തിൻ്റെ കരുണയാൽ ജാതികളായ നമ്മളും യേശുക്രിസ്തുവിലൂടെ ദൈവത്തെ അറിയാനും മഹത്വപ്പെടുത്തുവാനും ഇടയായി. 

𝗫𝗜. യേശു എന്ന് പേരുള്ള മനുഷ്യൻ:
☛ യേശുവെന്ന വ്യക്തിയെ അല്ലെങ്കിൽ, യേശു എന്ന് പേരുള്ള മനുഷ്യനെ പഴയനിയമത്തിൽ നിങ്ങൾക്ക് കാണാൻകഴിയില്ല. ➟അവനെക്കുറിച്ചുള്ള പ്രവചനങ്ങൾ മാത്രമാണ് പഴയനിയമത്തിൽ ഉണ്ടായിരുന്നതെന്ന് മുകളിൽ പറഞ്ഞതാണ്. ➟ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനായി (1Tim, 3:16) ➟പരിശുദ്ധാത്മാവിനാൽ മറിയത്തിൽ ഉല്പാദിതനായവനും (മത്താ, 1:20; ലൂക്കൊ, 2:21) ➟അവളുടെ ആദ്യജാതനായി ഉത്ഭവിച്ചവനും (ലൂക്കൊ, 1:35; ലൂക്കൊ, 2:7) ➟എട്ടാംനാളിൽ പരിച്ഛേദന ഏറ്റവനും (ലൂക്കൊ, 2:21) ➟ആത്മാവിനാൽ ബലപ്പെട്ട് (ലൂക്കൊ, 2:40) ➟ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നുവന്നവനാണ് (ലൂക്കൊ, 2:52) ➟യേശു എന്ന് പേരുള്ള മനുഷ്യൻ: (യോഹ, 9:11). 

𝗫𝗜𝗜. യേശു എന്ന ക്രിസ്തുവും ദൈവപുത്രനും:
☛ യേശു എന്ന് പേരുള്ള മനുഷ്യൻ എപ്പോഴാണ് ക്രിസ്തുവും ദൈവപുത്രനും ആയതെന്ന് പലർക്കും അറിയില്ല: (യോഹ, 9:11). ➟അവന് ഏകദേശം മുപ്പത് വയസ്സുള്ളപ്പോൾ, യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനങ്ങളുടെ നിവൃത്തിയായി, യോർദ്ദാനിൽ വെച്ച് ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അവനെ അഭിഷേകം ചെയ്തപ്പോഴാണ് അവൻ ക്രിസ്തു (അഭിഷിക്തൻ) ആയത്: (യെശ, 61:1;ലൂക്കൊ, 2:11;ലൂക്കൊ, 3:22 ⁃⁃ പ്രവൃ, 10:38;പ്രവൃ, 4:27). ➟നസറെത്തിലെ പള്ളിയിലെ തൻ്റെ പ്രഥമശുശ്രൂഷയിൽ യെശയ്യാപ്രവചനം ഉദ്ധരിച്ചുകൊണ്ട് താൻ അഭിഷിക്തൻ (ക്രിസ്തു) ആയത് അപ്പോഴാണെന്ന് യേശു തന്നെ സാക്ഷ്യം പറയുകയുണ്ടായി: (യെശ, 61:1-2;ലൂക്കൊ, 4:16-21). ➟അഭിഷേകാനന്തരം, ➟അവൻ അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും, ➟ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും എന്നീ ഗബ്രീയേൽ ദൂതൻ്റെ രണ്ട് പ്രവചനങ്ങളുടെ നിവൃത്തിയായി, ➟പിതാവായ ദൈവത്താൽ നീ എന്റെ പ്രിയപുത്രൻ” എന്നു വിളിക്കപ്പെട്ടപ്പോഴാണ്, ➟യേശു എന്നു പേരുള്ള അഭിഷിക്തനായ മനുഷ്യന് ദൈവപുത്രൻ (Son of God) എന്ന സവിശേഷ പദവി ലഭിച്ചത്: (ലൂക്കൊ, 1:32;ലൂക്കൊ, 1:35 ⁃⁃ലൂക്കൊ, 3:22; യോഹ, 9:11). ➟പ്രവചനം ഭൂതവർത്തമാനകാലത്തിലെ ചരിത്രമല്ല; ഭാവിയിൽ സംഭവിപ്പാനുള്ളതാണ്. ➟ഒരു പ്രവചനം നിവൃത്തിയാകുമ്പോഴാണ് അത് ചരിത്രമാകുന്നത്: (സംഖ്യാ, 24:14;ദാനീ, 2:28). ➟ 𝗔𝗠 𝟯𝟳𝟱𝟱-ൽ (BC 6) ജനിച്ച്, 𝗔𝗠 𝟯𝟳𝟴𝟵-ൽ (AD 29) ക്രിസ്തുവും ദൈവപുത്രനും ആയവൻ പഴയനിയമത്തിൽ ഉണ്ടായിരുന്നില്ലെന്ന് മനസ്സിലാക്കാമല്ലോ. ➟പത്രൊസ് അപ്പൊസ്തലൻ അക്കാര്യം അസന്ദിഗ്ധമായി പറഞ്ഞിട്ടുണ്ട്: ➟അവൻ ലോകസ്ഥാപനത്തിന്നു മുമ്പെ മുന്നറിയപ്പെട്ടവനും അവൻ മുഖാന്തരം ദൈവത്തിൽ വിശ്വസിക്കുന്ന നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്തു വെളിപ്പെട്ടവനും ആകുന്നു. (1പത്രൊ, 1:20 ⁃⁃ എബ്രാ, 1:2). ➟ലോകസ്ഥാപനത്തിനുമുമ്പേ യേശു ഉണ്ടായിരുന്നു എന്നല്ല പറയുന്നത്; ➟മുന്നറിയപ്പെട്ടവൻ അഥവാ, പ്രവചനങ്ങളിലൂടെ മുമ്പുകൂട്ടി അറിയപ്പെട്ടവനാണ്. 

𝗫𝗜𝗜𝗜. പഴയപുതിയനിയമത്തിലെ ക്രിസ്തു:
☛ എന്നാൽ പഴയപുതിയനിയമങ്ങളിൽ നിറഞ്ഞുനില്ക്കുന്ന ഏക ക്രിസ്തുവും (അഭിഷിക്തൻ) എന്നേക്കും ഇരിക്കുന്ന ക്രിസ്തുവും വാഗ്ദത്ത സന്തതിയായ യിസ്രായേലാണ്. 
☛ പഴയനിയമം: യഹോവ തന്റെ ജനത്തിന്റെ ബലമാകുന്നു; തന്റെ അഭിഷിക്തന്നു അവൻ രക്ഷാദുർഗ്ഗം തന്നേ. (സങ്കീ, 28:8 ⁃⁃ 1ശമൂ, 2:10; 2:35; 2ശമൂ, 22:51; 1ദിന, 16:22; സങ്കീ, 2:2; 18:50; 20:6; 45:7; 84:9; 89:38; 89:51; 105:15; 132:10; വിലാ, 4:20; ഹബ, 3:13).
☛ പുതിയനിയമം: എന്നാൽ അബ്രാഹാമിന്നും അവന്റെ സന്തതിക്കും വാഗ്ദത്തങ്ങൾ ലഭിച്ചു; സന്തതികൾക്കും എന്നു അനേകരെക്കുറിച്ചല്ല, നിന്റെ സന്തതിക്കും എന്നു ഏകനെക്കുറിച്ചത്രേ പറയുന്നതു; അതു ക്രിസ്തു തന്നേ. (ഗലാ, 3:16 ⁃⁃ മത്താ, 22:42-44; മർക്കൊ, 12:35-37; ലൂക്കൊ, 20:41-43; യോഹ, 12:34; വെളി, 11:15; 12:10; 20:4; 20:6). ➟പഴയനിയമത്തിൽ പുരോഹിതൻ, പ്രവാചകൻ രാജാവ് എന്നീ മൂന്ന് പദവികളുമുള്ള ഏക മശീഹ യിസ്രായേലാണ്. (സങ്കീ, 110:4; 1ദിന, 16:22; ദാനീ, 7:27). ➟യേശുക്രിസ്തു തൻ്റെ മരണവിധം സൂചിപ്പിച്ചപ്പോൾ (യോഹ, 12:32-33), പുരുഷാരം അവനോടു പറഞ്ഞത്: ➟ക്രിസ്തു എന്നേക്കും ഇരിക്കും എന്നു ഞങ്ങൾ ന്യായപ്രമാണത്തിൽ വായിച്ചുകേട്ടിരിക്കുന്നു എന്നാണ്. (യോഹ, 12:34). ➟ആ ക്രിസ്തു യിസ്രായേലാണ്. ➟ദൈവത്തിൽനിന്ന് വാഗ്ദത്തം പ്രാപിച്ച നിത്യരാജാവ് യിസ്രായേലാണ്: (2ശമൂ, 7:16; 1ദിന, 17:14; സങ്കീ, 89:3-4; 89:29;89:36-37; ദാനീ, 2:44; 7:18; 7:21; 7:27). ➟അവനാണ് ഈ ഭൂമിയെ ഭരിക്കേണ്ട അഭിഷിക്തനായ നിത്യരാജാവ്. [കാണുക: ദാവീദിൻ്റെ സന്തതിയും കർത്താവുമായ രാജാവാരാണ്?]

𝗫𝗜𝗩. യെഹൂദന്നു എന്തു വിശേഷത?
സകലവിധത്തിലും വളരെ ഉണ്ടു; ഒന്നാമതു ദൈവത്തിന്റെ അരുളപ്പാടുകൾ അവരുടെ പക്കൽ സമർപ്പിച്ചിരിക്കുന്നതു തന്നേ. (റോമ, 3:1-2). ➟പൂർവ്വപിതാക്കന്മാരുടെയും ദാവീദിൻ്റെയും വാഗ്ദത്തസന്തതിയും ➟നിശ്ചലകൃപകളുടെ അവകാശിയും ➟വിശേഷാൽ, ദൈവത്തിൻ്റെ പുത്രനും ആദ്യജാതനും ➟സകല അനുഗ്രഹങ്ങളുടെയും വാഗ്ദത്തങ്ങളുടെയും അവകാശിയും ➟സകല പ്രവചനങ്ങളുടെയും കേന്ദ്രബിന്ദുവും ➟ആകാശമുള്ള കാലത്തോളവും സൂര്യനെപ്പോലെയും ചന്ദ്രനെപ്പോലെയും സ്ഥിരമായ സിംഹാസനത്തിൽ ഇരുന്നുകൊണ്ട്, ➟ഈ ഭൂമിയെ ഭരിക്കേണ്ട നിത്യരാജാവും ➟ലോകാവകാശിയും ➟ലോകത്തിൻ്റെ പ്രഭുക്കന്മാരും ➟ലോകസൃഷ്ടിക്ക് കാരണവുമാണ് വാഗ്ദത്തസന്തതിയായ യിസ്രായേൽ: (ഉല്പ, 22:17-18; ഉല്പ, 26:5; ഉല്പ, 28:14; 2ശമൂ, 8:12-16; 2ശമൂ, 23:5; സങ്കീ, 89:3-4; സങ്കീ, 89:28; സങ്കീ, 89:35; യെശ, 55:3; പുറ, 4:22-23; സങ്കീ, 72:17; സങ്കീ, 89:29; സങ്കീ, 36-37; ദാനീ, 7:18; ദാനീ, 7:21; ദാനീ, 7:27; പ്രവൃ, 13:34; റോമ, 4:13; 1കൊരി, 2:8; വെളി, 3:14). ➟പുത്രത്വവും അരുളപ്പാടുകളും ആരാധനയും തേജസ്സും നിയമങ്ങളും ന്യായപ്രമാണവും ചട്ടങ്ങളും വചനവും വാഗ്ദത്തങ്ങളും വിധികളും ഭരമേല്പിക്കപ്പെട്ടിരിക്കുന്ന ഭൂമുഖത്തെ ഏകജാതിയാണ് യിസ്രായേൽ: (സങ്കീ, 147:19-20; യോഹ, 10:35; റോമ, 3:2; റോമ, 9:4). ➟പൂർവ്വപിതാക്കന്മാരും അവരുടേതാണ്; ജഡപ്രകാരം ക്രിസ്തു ജനിച്ചതും അവരിൽ നിന്നാണ്: (റോമ, 9:5). ➟ഭൂമിയിലെ സകല ജാതികളും (വംശങ്ങളും) അനുഗ്രഹിക്കപ്പെടുവാൻ കാരണമായ ദൈവത്തിൻ്റെ വാഗ്ദത്തസന്തതിയും (ഉല്പ, 22:17-18; ഉല്പ, 26:5; ഉല്പ, 28:13-14 ⁃⁃ പ്രവൃ, 3:25), ➟ദൈവം പഴയപുതിയ നിയമങ്ങൾ ചെയ്തിരിക്കുന്ന ഏകജാതിയും യിസ്രായേലാണ്: (പുറ, 20:1-18; പുറ, 24:3-11 ⁃⁃ യിരെ, 31:31-34; എബ്രാ, 8:8-12). ➟പൂർവ്വപിതാക്കന്മാരുടെയും ദാവീദിൻ്റെയും വാഗ്ദത്ത സന്തതി യിസ്രായേൽ ആണന്ന് മറിയത്തിൻ്റെ സ്തോത്രഗീതത്തിലും ➟സെഖര്യാപുരോഹിതൻ പരിശുദ്ധാത്മാവ് നിറഞ്ഞവനായി ദൈവത്തെ സ്തുതിക്കുമ്പോഴും വ്യക്തമായി പറഞ്ഞിട്ടുണ്ട്: (ലൂക്കൊ, 1:54-55 ⁃⁃ ലൂക്കൊ, 1:68-75). ➟യിസ്രായേൽ എന്ന ദൈവസന്തതിയെ അവൻ്റെ പാപങ്ങളിൽനിന്ന് രക്ഷിച്ച് ➟അവന്റെ വാഗ്ദത്തങ്ങൾ അവന് നിവർത്തിച്ച് കൊടുക്കാനും ➟അവനെ അനുഗ്രഹിക്കാനുമാണ് അവൻ്റെ ശുശ്രൂഷക്കാരനായ മനുഷ്യനായി ➟അവൻ്റെ ദൈവം ഒരു മനുഷ്യപ്രത്യക്ഷത എടുത്തത്: (മത്താ, 1:21; പ്രവൃ, 3:25-26; റോമ, 15:8-9; 1തിമൊ, 3:16; എബ്രാ, 2:14-16 ⁃⁃ യോഹ, 8:40; യോഹ, 9:11). ➟ക്രിസ്തുവിൻ്റെ പരമയാഗം നടന്നതും ദൈവസഭ സ്ഥാപിതമായതും യെഹൂദന്മാരുടെ ഇടയിലാണ്: (1കൊരി, 15:3-4; 2തിമൊ, 2:8 ⁃⁃ പ്രവൃ, 2:1-4). ➟ദൈവസഭയുടെ പ്രഥമാഗംങ്ങളും യെഹൂദന്മാരാണ്: (പ്രവൃ, 2:36-41). ➟സകല ജാതികൾക്കും രക്ഷ വന്നതും യെഹൂദന്മാരുടെ ഇടയിൽ നിന്നാണ്: (യോഹ, 4:22). ➟യെഹൂദൻ്റെ ഉത്ഭവവും വർത്തമാനകാലവും ഭാവികാലവുമാണ് ബൈബിളിൻ്റെ ചരിത്രപരമായ വിഷയം. ➟ബൈബിളിൻ്റെ ചരിത്രം അറിയണമെങ്കിലും യേശുവെന്ന ക്രിസ്തുവിലൂടെയുള്ള രക്ഷയെക്കുറിച്ചും അറിയണമെങ്കിലും ➟ലോകത്തിൻ്റെ ഭാവി അറിയണമെങ്കിലും യിസ്രായേലിനെ അറിയണം. ➟യിസ്രായേൽ ആരാണെന്ന് പഠിക്കാതെ, സ്രഷ്ടാവായ ഏകദൈവത്തെക്കുറിച്ചോ, ➟ദൈവത്തിൻ്റെ ക്രിസ്തുവിനെക്കുറിച്ചോ, ➟ബൈബിളിൻ്റെ ഉള്ളടക്കത്തെക്കുറിച്ചോ യഥാർത്ഥമായി മനസ്സിലാക്കാൻ ആർക്കും കഴിയില്ല. ➟മേല്പറഞ്ഞ വാഗ്ദത്തങ്ങളെല്ലാം യിസ്രായേലിന് (എബ്രായർ) ലഭിക്കുന്നത് അവൻ്റെ ദൈവത്തിൻ്റെ മനുഷ്യപ്രത്യക്ഷതയായ (1Tim, 3:16) യേശുക്രിസ്തു മുഖാന്തരമാണ്. ➟അതുകൊണ്ടാണ്, എബ്രായരുടെ രക്ഷിതാവായ യേശു അവരെ പ്രതിനിധീകരിച്ചുകൊണ്ട് അവരുടെ രാജകീയ പദവിയുമായി ജനിച്ചത്: (മത്താ, 1:21 ⁃⁃ മത്താ, 2:6; ലൂക്കൊ, 1:32). 

ലേഖനത്തിൻ്റെ ചരിത്ര പശ്ചാത്തലം:
☛ എബ്രായ ലേഖനത്തിന്റെ രചനാലക്ഷ്യവും ചരിത്ര പശ്ചാത്തലവും മനസ്സിലാക്കാതെ ഈ പുസ്തകം പഠിക്കുന്നതിൽ അർത്ഥമില്ല.

𝗜. ആർക്കെഴുതി? (സ്വീകർത്താക്കൾ):
☛ യെഹൂദ പശ്ചാത്തലത്തിൽ നിന്നും ക്രിസ്തുവിശ്വാസത്തിലേക്ക് കടന്നുവന്നവർക്കാണ് (എബ്രായ ക്രിസ്ത്യാനികൾ) ഈ ലേഖനം എഴുതിയിരിക്കുന്നത്. ➟ഇവർ അപ്പോസ്തലന്മാരിലൂടെ അത്ഭുതങ്ങളും അടയാളങ്ങളും വീര്യപ്രവൃത്തികളും കണ്ടും കേട്ടും അറിഞ്ഞും അനുഭവിച്ചും രക്ഷയിലേക്ക് വന്നവരാണ്.

𝗜𝗜. എന്നെഴുതി? (രചനാകാലം):
☛ 𝗔𝗗 𝟳𝟬-ലാണ് യെരൂശലേം ദൈവാലയം റോമാക്കാർ നശിപ്പിക്കുന്നത്. ➟എന്നാൽ ഈ ലേഖനത്തിൽ ദൈവാലയ ആരാധനകളും യാഗങ്ങളും അപ്പോഴും നടന്നുകൊണ്ടിരിക്കുന്നതായി സൂചനകളുണ്ട്. ഉദാ: (എബ്രാ. 9:6-9; 10:1-3). ➟𝗔𝗗 𝟲𝟬-കളിലെ പീഡനത്തിൻ്റെ സൂചനകളും കാണാം: (എബ്രാ. 10:32-34; 12:4). ➟അതിനാൽ ദൈവാലയ നാശത്തിന് മുമ്പ്, 𝗔𝗗 𝟲𝟬–𝟳𝟬-കളുടെ മധ്യത്തിൽ ഇത് എഴുതപ്പെട്ടു എന്ന് കരുതാം.

𝗜𝗜𝗜. എന്തിനെഴുതി? (രചനാലക്ഷ്യം):
☛ ക്രിസ്തീയ വിശ്വാസത്തിലേക്ക് വന്ന എബ്രായർക്ക് അക്കാലത്ത് നേരിട്ട കടുത്ത പ്രതിസന്ധികൾ അവരെ പിന്മാറ്റത്തിൻ്റെ അവസ്ഥയിൽ എത്തിച്ചതാണ് ലേഖനരചനയ്ക്ക് കാരണമായത്. ➟𝗔𝗗 𝟲𝟬-കളിൽ റോമാ സാമ്രാജ്യത്തിൽ ക്രിസ്ത്യാനികൾക്കെതിരെ വലിയ പീഡനങ്ങൾ ആരംഭിച്ചു. ➟സ്വന്തജനമായ യെഹൂദന്മാരിൽ നിന്നും റോമൻ അധികാരികളിൽ നിന്നും കടുത്ത സാമൂഹിക ബഹിഷ്കരണവും പീഡനങ്ങളും ഇവർക്ക് നേരിടേണ്ടി വന്നു (എബ്രാ. 10:32-34; 12:4). ➟തന്നെയുമല്ല, ആരംഭകാലത്ത് ഉണ്ടായിരുന്നതുപോലെ വലിയ അത്ഭുതങ്ങളോ അടയാളങ്ങളോ പിൽക്കാലത്ത് നടക്കാതിരുന്നതും, പീഡനങ്ങൾ നീണ്ടുപോയതും അവരുടെ വിശ്വാസത്തിൽ മടുപ്പുണ്ടാക്കി (എബ്രാ. 5:11-14). 

☛ അക്കാലത്ത് യെഹൂദമതം റോമാ സാമ്രാജ്യത്തിൽ നിയമപരമായ അംഗീകാരമുള്ള മതമായിരുന്നു (Legal Religion). ➟ക്രിസ്തുവിശ്വാസം വിട്ട് യെഹൂദമതത്തിലേക്ക് മടങ്ങിപ്പോയാൽ റോമൻ പീഡനങ്ങളിൽ നിന്ന് രക്ഷപ്പെടാമായിരുന്നു. ➟മാത്രമല്ല, അവർക്ക് പരിചിതമായ ദൈവാലയം, പുരോഹിതന്മാർ, ശബ്ബത്ത്, യാഗങ്ങൾ, പെരുനാളുകൾ തുടങ്ങിയ ബാഹ്യമായ ആകർഷണങ്ങൾ യെഹൂദമതത്തിൽ ഉണ്ടായിരുന്നു. ➟ഇതെല്ലാം എബ്രായ ക്രിസ്ത്യാനികളെ ഒരു പിൻമാറ്റത്തിൻ്റെ വക്കിലെത്തിച്ചു. 

☛ അതിനാൽ, അവരോടുള്ള വാഗ്ദത്തത്തിൻ്റെ നിവൃത്തിയാണ് ക്രിസ്തുവിലൂടെയുള്ള പുതിയനിയമം എന്ന് കാണിക്കുക (യിരെ, 31:31-34 ⁃⁃ എബ്രാ, 8:8-12), ➟യെഹൂദാ മതാചാരങ്ങളെക്കാൾ ശ്രഷ്ഠനാണ് യേശുക്രിസ്തു എന്ന് തെളിയിക്കുക, ➟ക്രിസ്തുവിശ്വാസത്തിൽ നിന്നുള്ള അവരുടെ പിന്മാറ്റത്തെ തടയുക, ➟അവരെ വിശ്വാസത്തിൽ ഉറപ്പിച്ചു നിർത്തുക എന്നിവയാണ് ലേഖകന്റെ പ്രധാന ലക്ഷ്യം. ➟അതിനായി ദൈവം പൂർവ്വപിതാവായ അബ്രാഹാമിലൂടെ വാഗ്ദത്തസന്തതിയായ എബ്രായയരോട് ചെയ്ത പുതിയനിയമത്തെക്കുറിച്ചും, ➟അവരോടുള്ള പഴയനിയമ വാഗ്ദത്തങ്ങൾ യേശുക്രിസ്തുവിലൂടെ അവർക്ക് നിറവേറിയതായും എബ്രായലേഖകൻ പഴയനിയമ ഉദ്ധരണികൾ എടുത്തുകൊണ്ട് അവരെ ബോധ്യപ്പെടുത്തുകയാണ്. 

എബ്രായലേഖനത്തിൻ്റെ വിഷയം:
☛ എബ്രായലേഖനത്തിൻ്റെ വിഷയം പ്രധാനമായും രണ്ടാണ്: ➟യേശുക്രിസ്തുവിൻ്റെ ശ്രേഷ്ഠതയും വാഗ്ദത്തസന്തതിയായ എബ്രായരുടെ ശ്രഷ്ഠതയും. ➟അതിൽ പ്രധാനപ്പെട്ടത് യേശുക്രിസ്തുവിൻ്റെ ശ്രേഷ്ഠതയാണ്. 𝟭.ദൈവകൃപയാൽ എല്ലാവർക്കും വേണ്ടി മരണം ആസ്വദിപ്പാൻ ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്നവനായി ജനിച്ച യേശു മഹത്വവും ബഹുമാനവും അണിഞ്ഞ് ദൂതന്മാരെക്കാളും സ്വർഗ്ഗത്തെക്കാളും ഉന്നതായിത്തീർന്നതാണ് ഒന്നാമത്തെ വിഷയം. (എബ്രാ, 2:9 ⁃⁃ 1:4; 7:26). ➟നമുക്കുവേണ്ടി തന്നെത്താൻ ദൈവത്തിന് സൗരഭ്യവാസനായായി അർപ്പിച്ചുകൊണ്ട് മരണം ആസ്രദിച്ചത് അമർത്യനായ ദൈവമല്ല; ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന മനുഷ്യനായ ക്രിസ്തുയേശുവാണ്: (1തിമൊ, 6:16 ⁃⁃ 1തിമൊ, 2:6; എബ്രാ, 2:9). ➟യേശുവെന്ന മനുഷ്യൻ (Man) ദൂതന്മാരെക്കാളും മനുഷ്യരെക്കാളും ശ്രേഷ്ഠനായി സ്വർഗ്ഗത്തെക്കാൾ ഉന്നതനായിത്തീർന്നു എന്നാണ് എബ്രായലേഖകൻ പറയുന്നത്. [കാണുക: മനുഷ്യനായ ക്രിസ്തുയേശു]. 
☛ ദൈവം ഗതിഭേദത്താൽ ആഛാദനമില്ലാത്തവനും (യാക്കോ, 1:17) മാറാത്തവനും (മലാ, 3:6) ആകയാൽ, അവന് തന്നെത്താൻ ത്യജിച്ചുകൊണ്ട് ദൂതന്മാരെക്കാൾ താഴ്ചയുള്ള മനുഷ്യൻ ആകാനും കഴിയില്ല: (എബ്രാ, 2:9), താൻ അത്യുന്നതനാകയാൽ സ്വർഗ്ഗത്തെക്കാൾ ഉന്നതനാകാൻ ആവശ്യവുമില്ല. (ലൂക്കൊ, 1:32 ⁃⁃ എബ്രാ, 7:26). 𝟮.എബ്രായരുടെ രക്ഷകനാകാൻ (മത്താ, 1:21) അവരുടെ പ്രകൃതിയായ (എബ്രാ, 2:14-16) ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവവന്നവനായി ജനിച്ച യേശു (സങ്കീ, 8:5-6 ⁃⁃ എബ്രാ, 2:9) തൻ്റെ മരണപുനരുത്ഥാനങ്ങളാൽ ദൂതന്മാരെക്കാൾ ശ്രേഷ്ഠനാകുകയും (1:4; 2:9), ➟വാഗ്ദത്തസന്തതിയായ എബ്രായരെ ദൂതന്മാരെക്കാൾ ശ്രേഷ്ഠനാക്കിത്തീർത്തീർക്കുകയും ചെയ്തു: (1:5-9; 13-14). ➟എന്നാൽ ക്രിസ്തുവിൽ നിലനില്ക്കാതെ അവരോടുള്ള ദൈവത്തിൻ്റെ വാഗ്ദത്തം അവർക്ക് പ്രാപിക്കാൻ കഴിയില്ല: (4:1; 9:15; 10:23; 10:36). ➟ഇതാണ് എബ്രായ ലേഖനത്തിൻ്റെ വിഷയം.  

𝗜. എബ്രായലേഖനത്തിലെ യേശു: 
☛ എബ്രായലേഖനത്തിൽ യേശു ദൈവമാണെന്നാണ് പലരും വിചാരിക്കുന്നത്. ➟എന്നാൽ എബ്രായലേഖനം പരിശോധിച്ചാൽ അവൻ ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്നവനായിരുന്നിട്ട് മഹത്വം പ്രാപിച്ചവനാണെന്ന് മനസ്സിലാക്കാം: 

𝟭. ദൂതന്മാരിൽ അല്പം ഒരു താഴ്ചവന്നവൻ:
എങ്കിലും ദൈവകൃപയാൽ എല്ലാവർക്കുംവേണ്ടി മരണം ആസ്വദിപ്പാൻ ദൂതന്മാരിലും അല്പം ഒരു താഴ്ച വന്നവനായ യേശു മരണം അനുഭവിച്ചതുകൊണ്ട് അവനെ മഹത്ത്വവും ബഹുമാനവും അണിഞ്ഞവനായി നാം കാണുന്നു. (എബ്രാ, 2:9). ➟എബ്രായലേഖകൻ പറയുന്ന ക്രിസ്തു ദൂതന്മാരിൽ അല്പമൊരു താഴ്ചവന്നവനായിരുന്നു; മരണം അനുഭവിച്ചതുകൊണ്ട് അവൻ ദൂന്മാരെക്കാൾ ശ്രേഷ്ഠനായവനാണ്. ➟എന്നാൽ സത്യദൈവം ദൂതന്മാരെ സൃഷ്ടിച്ചവനാണ്: (നെഹെ, 9:6). ➟ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്നവനായിരുന്നവൻ, പിന്നീട് മഹത്വം പ്രാപിച്ച് ദൈവമായി എന്ന് പറയാൻ പറ്റുമോ? ➟അതിൽഭേദം, ദൈവപുത്രൻ മനുഷ്യനാണെന്ന് അക്ഷരംപ്രതി ആലേഖനം ചെയ്തുവെച്ചിരിക്കുന്ന വചനം വിശ്വസിക്കുന്നതല്ലേ? (മർക്കൊ, 15:39). ➟ദൈവപുത്രൻ മനുഷ്യനാണെന്ന് അമ്പതുപ്രാവശ്യം വചനത്തിൽ പറഞ്ഞിട്ടുണ്ട്: ➟[കാണുക: മനുഷ്യനായ ക്രിസ്തുയേശു]. 

𝟮. എല്ലാവർക്കും പിതാവ് ഒരുവൻ:
വിശുദ്ധീകരിക്കുന്നവനും വിശുദ്ധീകരിക്കപ്പെടുന്നവർക്കും എല്ലാം ഒരുവനല്ലോ പിതാവ്; അതു ഹേതുവായി അവൻ അവരെ സഹോദരന്മാർ എന്ന് വിളിപ്പാൻ ലജ്ജിക്കാതെ: (എബ്രാ, 2:11 ⁃⁃ യോഹ, 20:17). ➟നമ്മെ തന്റെ രക്തത്താൽ വിശുദ്ധീകരിച്ച ക്രിസ്തുവിൻ്റെയും വിശുദ്ധീകരിക്കപ്പെട്ട നമ്മുടെയും പിതാവാണ് ദൈവം. ➟ബന്ധം വ്യത്യസ്തമാണെങ്കിലും, ദൈവപുത്രനായ ക്രിസ്തുവിൻ്റെയും നമ്മുടെയും പിതാവും ദൈവവും ഒരുവനാണ്. ➟ഇത് നമ്മുടെ കർത്താവ് സ്വന്തവായ്കൊണ്ട് അരുളിച്ചെയ്തതാണ്: (യോഹ, 20:17 ⁃⁃ മത്താ, 27:46; മർക്കൊ, 15:34). ➟ക്രിസ്തുവിൻ്റെയും നമ്മുടെയും പിതാവും ദൈവവും ഒരുവനാണെങ്കിൽ, ക്രിസ്തു എങ്ങനെ ദൈവമാകും? (യോഹ, 17:3). ➟[കാണുക: ദൈവപുത്രനായ ക്രിസ്തു ദൈവമാണോ?, യേശുക്രിസ്തുവിൻ്റെ ദൈവവും പിതാവും].

𝟯. തന്നെ നിയമിച്ചാക്കിയവന് വിശ്വസ്തൻ:
മോശെ ദൈവഭവനത്തിൽ ഒക്കെയും വിശ്വസ്തനായിരുന്നതുപോല യേശുവും തന്നെ നിയമിച്ചാക്കിയവന്നു വിശ്വസ്തൻ ആകുന്നു. (എബ്രാ, 3:2). ➟ഒരു ദൈവത്തെ മറ്റൊരു ദൈവം നിയമിച്ചാക്കി എന്നൊക്കെ പറയാൻ പറ്റുമോ? ➟ക്രിസ്തുവിനെ സ്ത്രീയുടെ സന്തതി എന്നും മോശെയെപ്പോലൊരു പ്രവാചകൻ എന്നുമാണ് യഹോവ വിശേഷിപ്പിച്ചത്: (ഉല്പ, 3:15;ആവ, 18:18 ⁃⁃ഗലാ, 4:4;എബ്രാ, 2:14-15). ➟എന്നെപ്പോലെ ഒരു പ്രവാചകൻ എന്നാണ് മോശെ പ്രവചിച്ചത്: (ആവ, 18:15). ➟[കാണുക:യഹോവയും ക്രിസ്തുവും, ക്രിസ്തുവും മോശെയും]

𝟰. അപേക്ഷയും അഭയയാചനയും:
ക്രിസ്തു തന്റെ ഐഹിക ജീവകാലത്തു തന്നെ മരണത്തിൽനിന്നു രക്ഷിപ്പാൻ കഴിയുന്നവനോടു ഉറെച്ച നിലവിളിയോടും കണ്ണുനീരോടുംകൂടെ അപേക്ഷയും അഭയയാചനയും കഴിക്കയും ഭയഭക്തി നിമിത്തം ഉത്തരം ലഭിക്കയും ചെയ്തു. (എബ്രാ, 5:7). ➟ദൂതന്മാർ ദൈവത്തിൻ്റെ സൃഷ്ടികളും ദൈവത്തെ നിത്യം ആരാധിക്കുന്നവരും ആണെങ്കിലും, അവർക്കുപോലും പ്രാർത്ഥന ആവശ്യമുള്ളതായി ബൈബിൾ പറയുന്നില്ല: (വെളി, 4:8;യെശ, 6:3). ➟എന്നാൽ ക്രിസ്തു ഇടവിടാതെ പ്രാർത്ഥിച്ചിരുന്നതായി കാണാം. ➟അവൻ ദൈവമല്ല; ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചയുള്ള (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യൻ (റോമ, 5:15) ആയതുകൊണ്ടാണ് പ്രാർത്ഥന ആവശ്യമായിരുന്നത്: (യോഹ, 8:40). ➟അവൻ ദൈവമായിരുന്നെങ്കിൽ, തന്നെ മരണത്തിൽനിന്ന് രക്ഷിക്കാൻ ഉറെച്ച നിലവിളിയോടും കണ്ണുനീരോടുംകൂടെ അപേക്ഷിച്ചത് ആരോടാണ്? ➟[കാണുക: ക്രിസ്തുവും പ്രാർത്ഥനയും

𝟱. നിത്യരക്ഷയുടെ കാരണഭൂതനായിത്തീർന്നു:
പുത്രൻ എങ്കിലും താൻ അനുഭവിച്ച കഷ്ടങ്ങളാൽ അനുസരണം പഠിച്ചു തികഞ്ഞവനായി തന്നെ അനുസരിക്കുന്ന ഏവർക്കും നിത്യരക്ഷയുടെ കാരണഭൂതനായിത്തീർന്നു. (എബ്രാ, 5:8-9). ➟ഈ വാക്യം ശ്രദ്ധിച്ചാൽ, പുത്രൻ നിത്യരക്ഷയുടെ കാരണഭൂതൻ ആകുന്നു (is) എന്നല്ല; ആയിത്തീർന്നു (egeneto – became) എന്നാണ് പറയുന്നത്. ➟താൻ സഹിച്ച കഷ്ടങ്ങളാൽ അവൻ തികഞ്ഞവനായപ്പോഴാണ്, നിത്യരക്ഷയുടെ കാരണഭൂതനും സ്വർഗ്ഗത്തെക്കാൾ ഉന്നതനും ആയിത്തീത്തീർന്നത്: (എബ്രാ, 7:26). ➟അവൻ ദൈവമായിരുന്നെങ്കിൽ, അവൻ നിത്യരക്ഷയുടെ കാരണഭൂതൻ ആണെന്നല്ലാതെ, ആയിത്തീർന്നു എന്ന് പറയുമായിരുന്നോ?

𝟲. ദൈവപുത്രന്നു തുല്യനായ മൽക്കീസേദെക്ക്:
മൽക്കീസേദെക്കിന്നു പിതാവില്ല, മാതാവില്ല, വംശാവലിയില്ല, ജീവാരംഭവും ജീവാവസാനവും ഇല്ല; അവൻ ദൈവപുത്രന്നു തുല്യനായി എന്നേക്കും പുരോഹിതനായിരിക്കുന്നു. (എബ്രാ, 7:3). ➟ദൈവപുത്രനും മൽക്കീസേദെക്കും തുല്യനാണെന്നാണ് എബ്രായലേഖകൻ പറയുന്നത്. ➟ഇവിടുത്തെ വിഷയം പൗരോഹിത്യപരമായ തുല്യതയാണെങ്കിലും, ചിലർ കരുതുന്നപോലെ എബ്രായ ലേഖനത്തിലെ ക്രിസ്തു ദൈവമായിരുന്നെങ്കിൽ, ➟ദൈവപുത്രനും മൽക്കീസേദെക്ക് എന്ന മനുഷ്യനും തുല്യനാണെന്ന് എബ്രായലേഖകൻ പറയുമായിരുന്നോ? ➟[കാണുക: ദൈവപുത്രനും മൽക്കീസേദെക്കും]  

𝟳. സ്വർഗ്ഗത്തെക്കാൾ ഉന്നതനായിത്തീർന്നവൻ:
ഇങ്ങനെയുള്ള മഹാപുരോഹിതനല്ലോ നമുക്കു വേണ്ടിയതു: പവിത്രൻ, നിർദ്ദോഷൻ, നിർമ്മലൻ, പാപികളോടു വേറുവിട്ടവൻ, സ്വർഗ്ഗത്തെക്കാൾ ഉന്നതനായിത്തീർന്നവൻ. (എബ്രാ, 7:26). ➟ഒന്നാമത്, പവിത്രൻ, നിർദ്ദോഷൻ, നിർമ്മലൻ, പാപികളോടു വേറുവിട്ടവൻ എന്നീ പ്രയോഗങ്ങൾ, സ്വഗ്ഗംപോലും തൃക്കണ്ണിന് നിർമ്മലമല്ലാത്തെ ദൈവത്തെ കുറിക്കുന്നതല്ല; പാപരഹിതനായ മനുഷ്യനെ കുറിക്കുന്നതാണ്: (ഇയ്യോ, 15:15). ➟രണ്ടാമത്, ദൈവപുത്രൻ സ്വർഗ്ഗത്തെക്കാൾ ഉന്നതൻ ആണെന്നല്ല; സ്വർഗ്ഗത്തെക്കാൾ ഉന്നതനായിത്തീർന്നു (Made higher than the heaven) എന്നാണ് പറയുന്നത്. ➟അവൻ ദൈവമാണെങ്കിൽ, സ്വർഗ്ഗത്തെക്കാൾ ഉന്നതൻതന്നെ ആയിരിക്കുമല്ലോ; പിന്നെ ഉന്നതനായിത്തീരേണ്ട ആവശ്യമെന്താണ്? ➟ബൈബിൾ വെളിപ്പെടുത്തുന്ന ഏകദൈവം ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവനും മാറാത്തവനുമാണ്: (യാക്കോ, 1:17;മലാ, 3:6). ➟അതിനാൽ അവന് തന്നെത്താൻ താഴ്ത്തി മനുഷ്യനായി അവസ്ഥാഭേദം വരാൻ കഴിയില്ല. ➟താൻ അത്യുന്നതൻ ആകയാൽ തന്നെത്താൻ ഉയർത്താൻ ആവശ്യവുമില്ല: (പ്രവൃ, 7:48). ➟എന്നാൽ യെഹൂദന്മാർ അധർമ്മികളുടെ കയ്യാൽ തറെപ്പിച്ചുകൊന്ന മനുഷ്യനായ നസറായനായ യേശുവിനെ ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ചിട്ട്, മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവുമായി തൻ്റെ വലങ്കയ്യാൽ ഉയർത്തിയപ്പോഴാണ്, അവൻ സ്വർഗ്ഗത്തെക്കാൾ ഉന്നതനായിത്തീർന്നത്: (പ്രവൃ, 2:23-24;പ്രവൃ, 2:36;പ്രവൃ, 5:30-31). ➟അവൻ ദൈവമായിരുന്നെങ്കിൽ, അവൻ സ്വർഗ്ഗത്തെക്കാൾ ഉന്നതൻതന്നെ ആയിരിക്കുമല്ലോ; പിന്നെ ഉന്നതനായിത്തീർന്നു എന്ന് ലേഖകൻ പറയുമായിരുന്നോ?

𝟴. തന്നെത്താൻ നിഷ്കളങ്കനായി അർപ്പിച്ചവൻ:
നിത്യാത്മാവിനാൽ ദൈവത്തിന്നു തന്നെത്താൻ നിഷ്കളങ്കനായി അർപ്പിച്ച ക്രിസ്തുവിന്റെ രക്തം ജീവനുള്ള ദൈവത്തെ ആരാധിപ്പാൻ നിങ്ങളുടെ മനസ്സാക്ഷിയെ നിർജ്ജീവപ്രവൃത്തികളെ പോക്കി എത്ര അധികം ശുദ്ധീകരിക്കും? (എബ്രാ, 9:14). ➟സത്യദൈവം മരണമില്ലാത്തവനാണ്: (1തിമൊ, 6:16). ➟എന്നാൽ ക്രിസ്തു നിത്യാത്മാവിനാൽ ദൈവത്തിന്നു തന്നെത്താൻ നിഷ്കളങ്കനായി അർപ്പിച്ചവനാണ്. ➟അഥവാ, ദൈവത്തിനും മനുഷ്യർക്കുമിടയിൽ മദ്ധ്യസ്ഥനായ മഹാപുരോഹിതനായി നിന്നുകൊണ്ട് തന്നെത്താൻ മറുവിലയായി മരണത്തിന് ഏല്പിച്ചുകൊടുത്തവനാണ്: (1തിമൊ, 2:5-6). ➟മൂന്നാം ദിവസം ദൈവത്താലാണ് അവൻ ഉയിർത്തെഴുന്നേറ്റത്: (പ്രവൃ, 2:24; പ്രവൃ, 10:40). ➟അവൻ ദൈവമായിരുന്നെങ്കിൽ, അവൻ തന്നെത്താൻ ദൈവത്തിനർപ്പിച്ചു എന്ന് എബ്രായലേഖകൻ പറയുമായിരുന്നോ? ➟ദൈവത്തിൽനിന്ന് യേശുവിനെ വേർതിരിച്ചാണ് പറയുന്നതെന്നാണ് ഒന്നാമത്തെ കാര്യം. ➟രണ്ടാമത്, ദൈവത്തിൻ്റെ സൃഷ്ടികളായ ദൂതന്മാർക്കുപോലും വംശാവലിയോ, ജനനമോ, മരണമോ ഇല്ലാതിരിക്കെ, ഒരു ദൈവം വംശാവലിയോടെ ജനിച്ചുജീവിച്ച് മരിച്ചിട്ട് മറ്റൊരു ദൈവത്താൽ ഉയിർപ്പിക്കപ്പെട്ടു എന്ന് പറഞ്ഞാൽ ശരിയാകുമോ? ➟[കാണുക: മരിച്ചിട്ട് ഉയിർത്തവൻ]. 

𝟵. ദൈവവും ക്രിസ്തുവും:
☛ എബ്രായലേഖകൻ ദൈവത്തെയും ക്രിസ്തുവിനെയും വേർതിരിച്ച് പറയുന്ന പല വാക്യങ്ങളുമുണ്ട്: ➟𝟭.നിത്യാത്മാവിനാൽ ദൈവത്തിന്നു തന്നെത്താൻ നിഷ്കളങ്കനായി അർപ്പിച്ച ക്രിസ്തുവിന്റെ രക്തം ജീവനുള്ള ദൈവത്തെ ആരാധിപ്പാൻ നിങ്ങളുടെ മനസ്സാക്ഷിയെ നിർജ്ജീവപ്രവൃത്തികളെ പോക്കി എത്ര അധികം ശുദ്ധീകരിക്കും?” (എബ്രാ, 9:14). ➟𝟮.അവൻ (ക്രിസ്തു) മുഖാന്തരം നാം ദൈവത്തിന്നു അവന്റെ നാമത്തെ ഏറ്റു പറയുന്ന അധരഫലം എന്ന സ്തോത്രയാഗം ഇടവിടാതെ അർപ്പിക്കുക. (എബ്രാ, 13:15). 𝟯.നിത്യനിയമത്തിന്റെ രക്തത്താൽ ആടുകളുടെ വലിയ ഇടയനായ നമ്മുടെ കർത്താവായ യേശുവിനെ മരിച്ചവരുടെ ഇടയിൽനിന്നു മടക്കിവരുത്തിയ സമാധാനത്തിന്റെ ദൈവം. (എബ്രാ, 13:20). ➟ക്രിസ്തു ദൈവമായിരുന്നെങ്കിൽ, അവനെ ദൈവത്തിൽനിന്ന് വേർതിരിച്ച് പറയുമായിരുന്നോ? ➟അതിനാൽ ബൈബിൾ വെളിപ്പെടുത്തുന്ന വിശേഷാൽ, എബ്രായ ലേഖനത്തിലെ യേശു ദൈവമല്ല; ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന പാപരഹിതനായ മനുഷ്യനാണെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം: (എബ്രാ, 2:9; എബ്രാ, 7:26). ➟യേശു ആരാണെന്നറിയാത്തതും അറിഞ്ഞിട്ടും വിശ്വസിക്കാത്തതുമാണ് പലരുടെയും പ്രശ്നം. ➟[കാണുക: ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക]

𝗜𝗜. എബ്രായലേഖനം ഒന്നാം അദ്ധ്യായത്തിൻ്റെ വിഭജനവും വിഷയവം:
📌വാക്യങ്ങൾ 𝟭–𝟰: ദൂതന്മാരെക്കാൾ ശ്രേഷ്ഠനായിത്തീർന്ന യേശുക്രിസ്തു.
📌വാക്യങ്ങൾ 𝟱–𝟵: ദൈവത്തിൻ്റെ വാഗ്ദത്തസന്തതിയും ദൈവപുത്രനുമായ എബ്രായരും ദൂതന്മാരും തമ്മിലുള്ള താരതമ്യം.
📌വാക്യങ്ങൾ 𝟭𝟬–𝟭𝟮: സ്രഷ്ടാവായ ദൈവത്തിൻ്റെ അനശ്വരത്വവും സൃഷ്ടിയുടെ നശ്വരത്വവും.
📌വാക്യം 𝟭𝟯: വീണ്ടും വാഗ്ദത്തസന്തതിയും ദൂതന്മാരും തമ്മിലുള്ള താരതമ്യം. 
📌വാക്യം 𝟭𝟰: വാഗ്ദത്ത സന്തതിയായ എബ്രായർ ദൂതന്മാരെക്കാൾ ശ്രേഷ്ഠരാണെന്ന് തെളിയിക്കുന്നു.

𝗜𝗜𝗜. എബ്രായരിൽ യേശുവിൻ്റെ ശ്രേഷ്ഠത:
𝟭. യേശു പഴയനിയമ പ്രവാചകന്മാരെക്കാൾ ശ്രേഷ്ഠൻ: (1:1-3)
𝟮. അവൻ ദൂതന്മാരെക്കാൾ ശ്രേഷ്ഠൻ: (1:4)
𝟯. അവൻ മോശെയെക്കാൾ ശ്രേഷ്ഠൻ: (3:1-6)
𝟰. അവൻ യോശുവയെക്കാൾ ശ്രേഷ്ഠൻ: (4:8-16)
𝟱. അവൻ മഹാപുരോഹിതന്മാരെക്കാൾ ശ്രേഷ്ഠൻ: (5:1-10)
𝟲. അവൻ അബ്രാഹാമിനെക്കാൾ ശ്രേഷ്ഠൻ: (6:13-20; 7:1-28)
𝟳. അവൻ പഴയനിയമത്തെക്കാൾ ശ്രേഷ്ഠൻ: (8:1-13
𝟴. അവൻ തിരുനിവാസത്തെക്കാൾ ശ്രേഷ്ഠൻ: (9:1-12; 9:24)
𝟵. അവൻ പഴയനിയമ യാഗങ്ങളെക്കാൾ ശ്രേഷ്ഠൻ: (9:13-28; 10:1-22
𝟭𝟬. അവൻ വിശ്വാസവീരന്മാരെക്കാൾ ശ്രേഷ്ഠൻ: (11:1-40)
𝟭𝟭. അവൻ പഴയനിയമ ദർശനത്തെക്കാൾ ശ്രേഷ്ഠൻ: (12:18-24)
𝟭𝟮. അവൻ നിസ്തുല്യൻ: (13:8).
☛ പലരും കരുതുന്നപോലെ പുത്രൻ ദൈവമായിരുന്നെങ്കിൽ, സൃഷ്ടികളായ ദൂതന്മാരും മനുഷ്യരുമായും പഴയനിയമവുമായും പഴയനിയമ യാഗങ്ങളുമായും ലേഖകൻ അവനെ താരതമ്യം ചെയ്യുമായിരുന്നോ?

𝗜𝗩. യേശു ആരാണ്?
☛ യേശു ആരാണ്; അല്ലെങ്കിൽ അവൻ്റെ അസ്തിത്വം (𝗘𝘅𝗶𝘀𝘁𝗲𝗻𝗰𝗲) എന്താണ് എന്ന് ചോദിച്ചാൽ: ➟അവൻ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ്. ➟ആദ്യകാല ആധുനിക ഇംഗ്ലീഷ് പരിഭാഷകളിലും (Early Modern English Translations), സാമാന്തര ഗ്രീക്ക് വേഷനുകളിലും മലയാളത്തിലെ ബെഞ്ചമിൻ ബെയ്ലി പരിഭാഷകളിലും 𝗧𝗵𝗲𝗼𝘀 𝗲𝗽𝗵𝗮𝗻𝗲𝗿𝗼𝘁𝗵𝗲 𝗲𝗻 𝘀𝗮𝗿𝗸𝗶 ⁃⁃ 𝗚𝗼𝗱 𝘄𝗮𝘀 𝗺𝗮𝗻𝗶𝗳𝗲𝘀𝘁 𝗶𝗻 𝘁𝗵𝗲 𝗳𝗹𝗲𝘀𝗵 (ദൈവം ജഡത്തിൽ വെളിപ്പെട്ടു) എന്നാണ്: (Stephanus 1550, Beza 1598, Elzevir 1624, Scrivener 1894 ⁃⁃ Tyndale 1526, 1534, Coverdale 1535, Matthew’s 1537, The Great 1539, Geneva 1560, Bishops 1568, King James 1611 ⁃⁃ ബെ,ബെ). ➟അതാണ് പൗലൊസിലൂടെ വെളിപ്പെടുത്തപ്പെട്ട ദൈവഭക്തിയുടെ മർമ്മം: (1Tim. 3:16). ➟മശീയാനിക് യെഹൂദന്മാരുടെപരിഭാഷ (NMV) പരിശോധിച്ചാൽ 𝗚𝗼𝗱-𝗧𝗵𝗲 𝗙𝗮𝘁𝗵𝗲𝗿 𝘄𝗮𝘀 𝗺𝗮𝗻𝗶𝗳𝗲𝘀𝘁 𝗶𝗻 𝘁𝗵𝗲 𝗳𝗹𝗲𝘀𝗵 എന്ന് കാണാൻ കഴിയും: [കാണുക: NMV]. ➟അതായത്, ദൈവം അവതാരം (Incarnation) എടുത്തതോ, വേഷംമാറി (Disguise) വന്നതോ അല്ല; ➟ദൈവം തൻ്റെ ജഡത്തിലെ വെളിപ്പാടിനായി (1തിമൊ, 3:16) കന്യകയിൽ പ്രകൃതൃതീതമായി ഉല്പാദിപ്പിച്ച (മത്താ, 1:20; ലൂക്കൊ, 2:21) ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ് യേശുക്രിസ്തു: (റോമ, 5:15). ➟❝ജഡത്തിൽ വെളിപ്പെട്ടത് ഏകദൈവമായ പിതാവും; വെളിപ്പാട് പുത്രനുമാണ്.❞ (യോഹ, 1:18). ➟അതായത്, യേശു എന്ന് പേരുള്ള മനുഷ്യൻ്റെ അസ്തിത്വം (𝗘𝘅𝗶𝘀𝘁𝗲𝗻𝗰𝗲) എന്നത്: ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാട് (𝗧𝗵𝗲 𝗠𝗮𝗻𝗶𝗳𝗲𝘀𝘁𝗮𝘁𝗶𝗼𝗻 𝗼𝗳 𝗚𝗼𝗱 𝗶𝗻 𝘁𝗵𝗲 𝗙𝗹𝗲𝘀𝗵) അല്ലെങ്കിൽ, ദൈവത്തിൻ്റെ മനുഷ്യപ്രത്യക്ഷത (𝗧𝗵𝗲 𝗵𝘂𝗺𝗮𝗻 𝗺𝗮𝗻𝗶𝗳𝗲𝘀𝘁𝗮𝘁𝗶𝗼𝗻 𝗼𝗳 𝗚𝗼𝗱) എന്നാണ്. ➟യേശു യഹോവയായ ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാകയാൽ, അവൻ്റെ പൂർവ്വാസ്തിത്വം (𝗣𝗿𝗲-𝗘𝘅𝗶𝘀𝘁𝗲𝗻𝗰𝗲) സകലത്തിനും കാരണഭൂതനായ യഹോവ എന്ന നിലയിലാണ്. ➟അവൻ ഏകദൈവമായ യഹോവയുടെ ജഡത്തിലെ വെളിപ്പാടായതുകൊണ്ടും, അവൻ്റെ പൂർവ്വാസ്തിത്വം യഹോവയിൽത്തന്നെ ആയതുകൊണ്ടുമാണ്, ➟യഹോവയെക്കുറിച്ചുള്ള പ്രവചനങ്ങളെല്ലാം യേശുവിൽ നിവൃത്തിയാകുന്നത്. ➟ഉദാ: (യെശ, 25:8-9⁃⁃എബ്രാ, 2:14-15; യെശ, 29:18; യെശ, 35:3-6⁃⁃ലൂക്കൊ, 7:22; യെശ, 40:3; മലാ, 31⁃⁃യോഹ, 1:23; സെഖ, 12:10 വി.ഗ്ര; KJV⁃⁃യോഹ, 19:37). ➟[കാണുക: ദൈവഭക്തിയുടെ മർമ്മം; ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക]. 

𝗩. 𝗧𝗵𝗲 𝗡𝗲𝘄 𝗠𝗲𝘀𝘀𝗶𝗮𝗻𝗶𝗰 𝗩𝗲𝗿𝘀𝗶𝗼𝗻
☛ മശീയാനിക് യെഹൂദന്മാരുടെ പരിഭാഷയെക്കുറിച്ച് മുകളിൽ സൂചിപ്പിച്ചതാണ്. ➟ഈ പരിഭാഷയിൽ സവിശേഷമായ മറ്റൊരു കാര്യംകൂടി കാണാം. ➟പഴയപുതിയനിയമങ്ങളിൽ യഹോവ (Yehovah) എന്ന ദൈവനാമം വരുന്നിടത്തൊക്കെ 𝗟𝗢𝗥𝗗-𝗬𝗲𝗵𝗼𝘃𝗮𝗵 (𝗠𝗲𝘀𝘀𝗶𝗮𝗵 𝗣𝗿𝗲-𝗜𝗻𝗰𝗮𝗿𝗻𝗮𝘁𝗲) എന്നാണ് കാണുന്നത്: (Gen, 2:4 ⁃⁃ Mat, 4:7). ➟യഹോവയായ കർത്താവ് (മിശിഹാ അവതാരത്തിനു മുമ്പേ) എന്നാണർത്ഥം. ➟എന്നുവെച്ചാൽ, ക്രിസ്തു മനുഷ്യനായി വെളിപ്പെടുംമുമ്പേ യഹോവ ആയിരുന്നു എന്നാണ് അവർ മനസ്സിലാക്കുന്നത്. ➟അവതാരം (𝗜𝗻𝗰𝗮𝗿𝗻𝗮𝘁𝗶𝗼𝗻) എന്നൊരു പദം മൂലഭാഷയിൽ ഉള്ളതല്ല. ➟ക്രിസ്തു ആരുടെയും അവതാരമല്ല. ➟പിതാവായ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണെന്ന് 𝗡𝗠𝗩-ടെ പരിഭാഷയിൽത്തന്നെ പറഞ്ഞിട്ടുണ്ട്. ➟ദൈവഭക്തിയുടെ മർമ്മത്തിൽ: 𝗚𝗼𝗱-𝗧𝗵𝗲 𝗙𝗮𝘁𝗵𝗲𝗿 𝘄𝗮𝘀 𝗺𝗮𝗻𝗶𝗳𝗲𝘀𝘁 𝗶𝗻 𝘁𝗵𝗲 𝗳𝗹𝗲𝘀𝗵 എന്നാണ് കാണുന്നത്: (1Tim, 3:16). ➟ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനെക്കുറിച്ച് മുകളിൽ നാം കണ്ടതാണ്. ➟അതിനാൽ, 𝗣𝗿𝗲-𝗜𝗻𝗰𝗮𝗿𝗻𝗮𝘁𝗶𝗼𝗻 എന്നതിനെ: 𝗣𝗿𝗲-𝗠𝗮𝗻𝗶𝗳𝗲𝘀𝘁𝗮𝘁𝗶𝗼𝗻 എന്നോ, 𝗣𝗿𝗲-𝗘𝘅𝗶𝘀𝘁𝗲𝗻𝗰𝗲 എന്നോ മനസ്സിയാക്കിയാൽ മതി. ➟അതായത്, മനുഷ്യനായി മറിയത്തിലൂടെ വെളിപ്പെട്ട യേശുവിൻ്റെ പൂർവ്വാസ്തിത്വത്തെ സകലത്തിനും കാണഭൂതനായ യഹോവ എന്ന നിലയിലാണ് മശീയാനിക് യെഹൂദന്മാർ മനസ്സിലാക്കുന്നത്. ➟ദൈവത്തിൻ്റെ വചനം ഭരമേല്പിക്കപ്പെട്ടവരും (സങ്കീ, 147:19-20; യോഹ, 10:35; റോമ, 3:2; റോമ, 9:4) ➟ദൈവം പഴയപുതിയനിയമങ്ങൾ ചെയ്തിരിക്കുന്ന ഏകജാതിയും എന്ന നിലയിൽ മശീയാനിക് യെഹൂദന്മാരുടെ ഉപദേശം വിശ്വാസയോഗ്യമാണ്: (പുറ, 20:1-18; പുറ, 24:3-11 ⁃⁃ യിരെ, 31:31-34; എബ്രാ, 8:8-12).

𝗩𝗜. വാഗ്ദത്തസന്തതിയുടെ ബലഹീനത:
ജഡത്താലുള്ള ബലഹീനത നിമിത്തം ന്യായപ്രമാണത്തിന്നു കഴിയാഞ്ഞതിനെ സാധിപ്പാൻ ദൈവം തന്റെ പുത്രനെ പാപജഡത്തിന്റെ സാദൃശ്യത്തിലും പാപം നിമിത്തവും അയച്ചു, പാപത്തിന്നു ജഡത്തിൽ ശിക്ഷ വിധിച്ചു. (റോമ, 8:3). ➟ഇവിടെപ്പറയുന്ന കഴിവില്ലായ്മ ന്യായപ്രമാണത്തിൻ്റെയല്ല. ➟ദൈവം മോശെയിലുടെ നല്കിയ ന്യായപ്രമാണത്തിന് സ്വന്തമായി യാതൊരു തെറ്റോ, കുറവോ ഉണ്ടായിരുന്നില്ല. ➟അത് വിശുദ്ധവും ആത്മികവും നല്ലതുമാണ്: (റോമ, 7:12; 7:14; 7:16). ➟എന്നാൽ അത് പാലിക്കേണ്ട ന്യായപ്രമാണ സന്തതിയുടെ ബലഹീനത നിമിത്തമാണ് ന്യായപ്രമാണത്തിന് അവരെ രക്ഷിക്കാൻ കഴിയാതിരുന്നത്. ➟ന്യായോചിതമായി ഉപയോഗിച്ചാൽ ന്യായപ്രമാണം നല്ലതു തന്നേ എന്നു നാം അറിയുന്നു എന്നാണ് വചനം പറയുന്നത്: (1തിമൊ, 1:10). ➟നിയമം എത്ര ശ്രേഷ്ഠമായാലും അതനുസരിക്കേണ്ടവർ അനുസരിച്ചില്ലെങ്കിൽ അതുകൊണ്ട് പ്രയോജനമില്ല. ➟ജഡത്താലുള്ള ബലഹീനത നിമിത്തം ന്യായപ്രമാണത്തിന് വാഗ്ദത്തസന്തതിയെ രക്ഷിക്കാൻ കഴിയാതെ വന്നപ്പോൾ, ➟അവൻ്റെ വാഗ്ദത്തങ്ങൾ നിവൃത്തിച്ചുകൊടുക്കാൻ അവൻ്റെ ദൈവമായ യഹോവ അവൻ്റെ പുത്രനെന്ന പദവിയുമായി ജഡത്തിൽ വെളിപ്പെട്ട്, ➟അവൻ്റെ വാഗ്ദത്തങ്ങൾ അവന് നിവർത്തിച്ചു കൊടുക്കുകയായിരുന്നു, ➟ഞാൻ ന്യായപ്രമാണത്തെയൊ പ്രവാചകന്മാരെയോ നീക്കേണ്ടതിന്നു വന്നു എന്നു നിരൂപിക്കരുതു; നീക്കുവാനല്ല നിവർത്തിപ്പാനത്രെ ഞാൻ വന്നതു. സത്യമായിട്ടു ഞാൻ നിങ്ങളോടു പറയുന്നു: ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുംവരെ സകലവും നിവൃത്തിയാകുവോളം ന്യായപ്രമാണത്തിൽനിന്നു ഒരു വള്ളി എങ്കിലും പുള്ളി എങ്കിലും ഒരുനാളും ഒഴിഞ്ഞുപോകയില്ല. (മത്താ, 5:17-18 ⁃⁃ ലൂക്കൊ, 16:17).

ക്രൈസ്തവർ ആകമാനം തെറ്റിദ്ധരിച്ചിരിക്കുന്ന എബ്രായർ ഒന്നാം ആദ്ധ്യായത്തിൻ്റെ വ്യാഖ്യാനം കാണാൻ താഴെയുള്ള ലിങ്ക് കാണുക:
എബ്രായർ ഒന്നാം അദ്ധ്യായത്തിൻ്റെ വ്യാഖ്യാനം

One thought on “എബ്രായലേഖനം ആമുഖം”

Leave a Reply

Your email address will not be published. Required fields are marked *