മനുഷ്യനും മഹാദൈവവും

മനുഷ്യനും മഹാദൈവവും

“ദൈവം ഒരുവനല്ലോ. ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.” (1തിമൊ, 2:5,6). “നാം ഭാഗ്യകരമായ പ്രത്യാശെക്കായിട്ടും മഹാദൈവവും നമ്മുടെ രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ തേജസ്സിന്റെ പ്രത്യക്ഷതെക്കായിട്ടും” (തീത്തൊ, 2:12). നമ്മുടെ പാപപരിഹാരാർത്ഥം ക്രൂശിക്കപ്പെട്ട മനുഷ്യനായ ക്രിസ്തുയേശുവിനെയും സകലത്തിൻ്റെയും സ്രഷ്ടാവും മഹാദൈവമായ യേശുക്രിസ്തുവിനെയും അനേകരും വേർതിരിച്ചു മനസ്സിലാക്കുന്നില്ലെന്നതാണ് വസ്തുത. ദൂതന്മാർക്കുപോലും വംശാവലിയോ ജനനമോ മരണമോ ഇല്ലാതിരിക്കെ, ദൈവം വംശാവലിയോടുകൂടെ ജനിച്ചുജീവിച്ചു മരിച്ചുയിർത്തുവെന്നു വിശ്വസിക്കുന്നിടത്തുനിന്നാണ് ക്രൈസ്തവ ദുരുപദേശങ്ങളുടെ ഘോഷയാത്ര ആരംഭിക്കുന്നത്. അക്ഷയനും അദൃശ്യനും ആത്മാവും ആകാശവും ഭൂമിയും നിറഞ്ഞുനില്ക്കുന്നവനും ആരുമൊരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായ ഏകദൈവം (monos theos) ആണ് നമുക്കുള്ളത്: (1തിമൊ, 1:17; യോഹ, 4:24; യിരെ, 23:23,24; യോഹ, 1:18; 1തിമൊ, 6:16). ആകാശവും ഭൂമിയും നിറഞ്ഞുനില്ക്കുന്ന ദൈവം ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവൻ അഥവാ മാറ്റമോ മാറ്റത്തിൻ്റെ നിഴലോ ഇല്ലാത്തവനാണ്: (യാക്കോ, 1:17; മലാ,3:6). അതിനാൽ ദൈവത്തിന് വെളിപ്പെടാനല്ലാതെ (manifestation) അവതാരമെടുക്കാൻ (incarnation) കഴിയില്ല. “ഗതിഭേദത്താലുള്ള ആഛാദനമില്ലാത്ത അഗോചരനായ ദൈവം തൻ്റെ സ്ഥായിയായ അവസ്ഥയിൽ ഇരിക്കുമ്പോൾത്തന്നെ, മറ്റെവിടെയും താൻ ഇച്ഛിക്കുന്നവരുടെ മുമ്പിൽ അവർക്കു ഗോചരമായ വിധത്തിൽ ദൈവമായോ, മനുഷ്യനായോ, വചനമായോ, തേജസ്സായോ തന്നെത്തന്നെ ദൃശ്യമാക്കുന്നതാണ് വെളിപ്പാട് അഥവാ പ്രത്യക്ഷത.” അവതാരമെന്നാൽ: തൻ്റെ സ്ഥായിയായ രൂപം ത്യജച്ചിട്ട് മറ്റൊരു രൂപമെടുക്കുന്നതാണ്. അദൃശ്യനായ ദൈവത്തിൻ്റെ ജഡത്തിലുള്ള വെളിപ്പാടായിരുന്നു മനുഷ്യനായ ക്രിസ്തു: (1തിമൊ, 3:15,16; 1പത്രൊ, 1:20). ആകാശവും ഭൂമിയും നിറഞ്ഞുനില്ക്കുന്ന ദൈവത്തിൻ്റെ പ്രത്യക്ഷതകളാണ് പഴയപുതിയനിയമങ്ങളിൽ കാണുന്നത്. അദൃശ്യനായ ദൈവത്തിൻ്റെ ജഡത്തിലുള്ള അഥവാ മനുഷ്യനായിട്ടുള്ള വെളിപ്പാടാണ് മമ്രേയുടെ തോപ്പിലും പുതിയനിയമത്തിലും ഉള്ളത്: (ഉല്പ,18:1-19-1;1തിമൊ, 3:15,16). നമ്മുടെ പാപപരിഹാരാർത്ഥം ക്രൂശിൽ മരിച്ചവൻ ‘ആരാകുന്നു‘ എന്നു ചോദിച്ചാൽ; ദൈവമല്ല, ദൈവത്തിൻ്റെ വെളിപ്പാടായ പാപമറിയാത്ത പൂർണ്ണമനുഷ്യനാകുന്നു: (1കൊരി, 15:21; 2കൊരി, 5:21; 1തിമൊ, 2:5,6; എബ്രാ, 2:14,15). എന്നാൽ അവൻ ‘ആരായിരുന്നു‘ എന്നു ചോദിച്ചാൽ; ജീവനുള്ള ദൈവമായ യഹോവ ആയിരുന്നു: (യിരെ, 10:10; 1തിമൊ, 3:15,16). പൗലൊസിനു വെളിപ്പെട്ട ദൈവഭക്തിയുടെ മർമ്മത്തിൽ ജീവനുള്ള ദൈവമാണ് ജഡത്തിൽ വെളിപ്പെട്ടതെന്ന് കൃത്യമായി പറഞ്ഞിട്ടുണ്ട്: (1തിമൊ, 3:14-16). [കാണുക: അവൻ ജഡത്തിൽ വെളിപ്പെട്ടു]

പുതിയനിയമം വെളിപ്പെടുത്തുന്ന പിതാവായ ദൈവത്തിൻ്റെ പേരും, ദൈവം തൻ്റെ പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തിട്ട് മദ്ധ്യസ്ഥനും മറുവിലയുമായി തന്നെത്താൻ യാഗമർപ്പിച്ച മഹാപുരോഹിതനായ മനുഷ്യൻ്റെ പേരും യേശുക്രിസ്തു എന്നാണ്. ഒന്നുകൂടി വ്യക്തമാക്കിയാൽ, പഴയനിയമം വെളിപ്പെടുത്തുന്ന യഹോവയായ ദൈവവും ലേഖനങ്ങളിൽ പരാമർശിച്ചിരിക്കുന്ന മഹാദൈവമായ യേശുക്രിസ്തുവും ഒരാളാണ്. ആ ദൈവത്തിൻ്റെ പ്രത്യക്ഷതയായ മനുഷ്യനാണ് നമ്മുടെ പാപപരിഹാരാർത്ഥം ക്രൂശിൽമരിച്ചുയിർത്ത യേശുക്രിസ്തു. ഈ വസ്തുത വേർതിരിച്ചറിയാതെ, ക്രിസ്തുവിന് ഒരു ശരീരത്തിൽത്തന്നെ ദൈവവും മനുഷ്യനുമെന്ന സങ്കരപ്രകൃതി ഉള്ളവനാണെന്നു അനേകരും വിശ്വസിക്കുന്നു. അതായത്, മനുഷ്യനെയും മഹാദൈവത്തെയും വേർതിരിച്ചു മനസ്സിലാക്കുന്നില്ല.

ക്രിസ്തുയേശു, ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാട് അഥവാ പ്രത്യക്ഷതയാണ്. “God was manifest in the flesh” ഇതാണ് ദൈവഭക്തിയെക്കുറിച്ചുള്ള മർമ്മം: (1തിമൊ, 3:14-16; 1പത്രൊ, 1:20). പ്രത്യക്ഷനായവൻ തൻ്റെ ജഡത്തിലെ ദൗത്യം പൂർത്തിയാക്കി അപ്രത്യക്ഷനായാൽ പിന്നെ, ആ പദവിയല്ലാതെ മറ്റൊരു മനുഷ്യവ്യക്തിയായി ഉണ്ടാകുകയില്ല അഥവാ ആ പ്രത്യക്ഷശരീരം പിന്നെയില്ല (എബ്രാ, 10:5), ഉണ്ടാകുക സാദ്ധ്യമല്ല, അല്ലെങ്കിൽ അതിൻ്റെ ആവശ്യമില്ല. ഇന്നലെയും ഇന്നും എന്നെന്നേക്കും ഉള്ളത് യേശുക്രിസ്തുവെന്ന മഹാദൈവമാണ്: (തീത്തൊ, 2:12; എബ്രാ, 13:8). നമ്മുടെ പാപപരിഹാരാർത്ഥം ക്രൂശിൽ മരിച്ചത് ദൈവമല്ല; ദൈവത്തിൻ്റെ വെളിപ്പാടായ പാപമറിയാത്ത മനുഷ്യനാണ്. ദൈവത്തിനു മരിക്കാൻ കഴിയില്ലെന്ന ശിശുസഹജമായ അറിവെങ്ങിലും വിശ്വാസികൾക്കുണ്ടാകണം. കന്യകയായ മറിയയിൽ ജനിച്ചത് ദൈവമോ, ദൈവപുത്രനോ, ക്രിസ്തുവോ ആയിരുന്നില്ല; പാപമറിയാത്ത ഒരു മനുഷ്യക്കുഞ്ഞായിരുന്നു: (1കൊരി, 15:21; 2കൊരി, 5:21; 1തിമൊ, 2:5,6; 3:15,16). മറിയ പ്രസവിച്ച വിശുദ്ധശിശുവിനെ എട്ടുദിവസം തികഞ്ഞപ്പോൾ പരിച്ഛേദന കഴിക്കയും ‘യേശു’ എന്നു പേർ വിളിക്കുകയും ചെയ്തു: (ലൂക്കൊ, 2:21). മറിയയുടെ ശുദ്ധീകരണകാലമായ മുപ്പത്തിമൂന്നു ദിവസം തികഞ്ഞപ്പോൾ എല്ലാ ആൺക്കുഞ്ഞുങ്ങളെപോലെ ന്യായപ്രമാണപ്രകാരം ദൈവാലയത്തിൽ കൊണ്ടുവന്നു ആദ്യജാതൻ്റെ വീണ്ടെടുപ്പിനുള്ള കർമ്മങ്ങൾ ചെയ്തു: (ലേവ്യ, 12:2-6; ലൂക്കൊ, 2:22-24). ആത്മാവിൽ ബലപ്പെട്ടു, ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നുവന്ന യേശുവെന്ന മനുഷ്യൻ ഏകദേശം മുപ്പതു വയസ്സായപ്പോൾ യോർദ്ദാനിൽ യോഹന്നാൻ്റെ കൈക്കീഴിൽ സ്നാനമേല്ക്കുമ്പോൾ, ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തപ്പോഴാണ് അവൻ ക്രിസ്തു അഥവാ അഭിഷിക്തനായത്: (മത്താ, 3:16; ലൂക്കൊ, 4:18,19; പ്രവൃ, 10:38). അനന്തരം, “ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും” എന്ന ഗബ്രീയേൽ ദൂതൻ്റെ പ്രവചനംപോലെ, ദൈവപിതാവിനാൽ ‘ഇവൻ എന്റെ പ്രിയപുത്രൻ’ എന്നു വിളിക്കപ്പെടുകയായിരുന്നു: (ലൂക്കൊ, 1:32,35; 3:22). പിന്നെ, ആത്മാവിൻ്റെ ശക്തിയോടെ യേശു ശുശ്രൂഷ ആരംഭിക്കുകയാണ് ചെയ്തത്: (ലൂക്കൊ, 4:14). പ്രവചനം ഭാവിയെക്കുറിച്ചുള്ളതാണ്; അല്ലാതെ, ഭൂതകാലത്തിലെ ചരിത്രത്തെക്കുറിച്ചല്ല; ഒരു പ്രവചനം നിവൃത്തിയാകുമ്പോഴാണ് അത് ചരിത്രമാകുന്നത്. മുമ്പെ അവൻ ദൈവപുത്രനായിരുന്നെങ്കിൽ “അവൻ അത്യുന്നതൻ്റെ പുത്രൻ എന്നു വിളിക്കപ്പെടും; ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പേടും’ എന്നീ പ്രവചനത്തിൻ്റെ അർത്ഥമെന്താണ്? അതായത്, തൻ്റെ ഐഹിക ജീവകാലത്തു താൻ മൂന്നരവർഷം മാത്രം ദൈവപുത്രൻ ആയിരുന്നവനെയാണ് ദൈവത്തിൻ്റെ നിത്യപുത്രനെന്ന് ത്രിത്വവിശ്വാസം പഠിപ്പിക്കുന്നത്. [കാണുക: വെളിപ്പാടും അവതാരവും, യേശുവിൻ്റെ ഇരുപ്രകൃതി സത്യമോ?]

ദൈവം ദൈവത്തെയല്ല; യേശുവെന്ന മനുഷ്യനെയാണ് അഭിഷേകം ചെയ്തത്. എന്തെന്നാൽ ദൈവം തൻ്റെ ശുശ്രൂഷകൾക്കായി മനുഷ്യർക്ക് നല്കുന്ന ഔദ്യോഗിക നിയമന കർമ്മമാണ് അഭിഷേകം. സുവിശേഷചരിത്രകാലത്ത് ദൈവവും ദൈവത്തിൻ്റെ വെളിപ്പാടായ മനുഷ്യനുമെന്ന രണ്ടു വ്യക്തികൾ ഉണ്ടായിരുന്നു. അതായത്, ദൈവം തൻ്റെ വെളിപ്പാടായ മനുഷ്യനെ പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്തിട്ടു അവനെ വിട്ടുപോകുകയല്ല ചെയ്തത്; അവനോടു കൂടെയിരിക്കുകയാണ് ചെയ്തത്: “നസറായനായ യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതും ദൈവം അവനോടുകൂടെ ഇരുന്നതുകൊണ്ടു അവൻ നന്മചെയ്തും പിശാചു ബാധിച്ചവരെ ഒക്കെയും സൌഖ്യമാക്കിയുംകൊണ്ടു സഞ്ചരിച്ചതുമായ വിവരം തന്നേ നിങ്ങൾ അറിയുന്നുവല്ലോ.” (പ്രവൃ, 10:38). അതിനാലാണ് പിതാവ് എന്നോടു കൂടെയുള്ളതിനാൽ ഞാൻ ഏകനല്ലെന്നു ക്രിസ്തു ആവർത്തിച്ചു പറഞ്ഞത്: (യോഹ, 8:16; 8:29; 16:32). ശുശ്രൂഷയിലുടനീളം പുത്രനോടു കൂടെയിരുന്നു പ്രവർത്തിച്ച ദൈവം ക്രൂശുമരണത്തിനു തൊട്ടുമുമ്പാണ് പുത്രനെ വിട്ടുമാറിയത്: (മത്താ, 27:46; മർക്കൊ, 15:33). [കാണുക: ദൈവത്തിൻ്റെ ക്രിസ്തു, യേശുക്രിസ്തു സാക്ഷാൽ ദൈവപുത്രനോ?]

മനുഷ്യനും ദൈവവും: കന്യകയായ മറിയയിലൂടെ ജഡത്തിൽ വെളിപ്പെട്ട ക്രിസ്തുയേശു എന്ന മനുഷ്യന് അമ്മയും വളർത്തച്ഛനും സ്വർഗ്ഗീയപിതാവും ദൈവവും ഉണ്ടായിരുന്നു. ‘യേശുക്രിസ്തുവിന്റെ ദൈവം’ എന്ന പ്രയോഗം പുതിയനിയമത്തിൽ പലപ്രാവശ്യമുണ്ട്: (2കൊരി, 11:31; എഫെ, 1:3; 1:17). ക്രിസ്തു പിതാവിനെ ‘എൻ്റെ ദൈവം’ എന്നും പലപ്രാവശ്യം സംബോധന ചെയ്തിട്ടുണ്ട്: (മത്താ, 27:46, 27:46; മർക്കൊ, 15:34, 15:34; യോഹ, 20:17). ജഡത്തിൽ വെളിപ്പെട്ട യേശു മനുഷ്യനെന്ന നിലയിൽ ‘ദൈവപുത്രൻ’ എന്ന് വിളിക്കപ്പെട്ടവനാണ്: (ലൂക്കൊ, 1:32,35). യോർദ്ദാനിലെ സ്നാനം മുതൽ അവൻ ദൈവപുത്രനെന്ന് അനേകം പ്രാവശ്യം വിളിക്കപ്പെട്ടിട്ടുണ്ട്. ക്രിസ്തു രാവിലെയും (മത്താ, 1:35), ഉച്ചയ്ക്കും (സങ്കീ, 55:17), വൈകുന്നേരവും (മത്താ, 14:23), രാത്രി മുഴുവനും (ലൂക്കൊ, 6:12) ദൈവത്തോടു പ്രാർത്ഥിച്ചതായി കാണാം. എബ്രായലേഖകൻ പറയുന്നതു നോക്കുക: “ക്രിസ്തു തന്റെ ഐഹിക ജീവകാലത്തു തന്നെ മരണത്തിൽനിന്നു രക്ഷിപ്പാൻ കഴിയുന്നവനോടു ഉറെച്ച നിലവിളിയോടും കണ്ണുനീരോടുംകൂടെ അപേക്ഷയും അഭയയാചനയും കഴിക്കയും ഭയഭക്തി നിമിത്തം ഉത്തരം ലഭിക്കയും ചെയ്തു.” (എബ്രാ, 5:7). ഇതൊരു മനുഷ്യൻ ദൈവത്തോടു പ്രാർത്ഥിച്ചതാണന്നല്ലാതെ, ദൈവം ദൈവത്തോടു പ്രാർത്ഥിച്ചതാണെന്നു ആരെങ്കിലും പറയുമോ? മേല്പറഞ്ഞതൊക്കെ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ ക്രിസ്തയേശു എന്ന മനുഷ്യനെക്കുറിച്ചുള്ള പരാമർശങ്ങളാണ്; അല്ലാതെ മഹാദൈവമായ യേശുക്രിസ്തുവിനെക്കുറിച്ചല്ല. യേശുവിന് ജഡത്തിൽ ദൈവവും മനുഷ്യനുമെന്ന സങ്കര പ്രകൃതിയുണ്ടായിരുന്നു എന്ന് ത്രിത്വം പഠിപ്പിക്കുന്നത് അവരുടെ ദുരുപദേശം സ്ഥാപിക്കാനാണ്; ബൈബിളിൽ അതിന് യാതൊരു തെളിവുമില്ല. സുവിശേഷചരിത്രത്തിൽ കാണുന്ന അഥവാ ജനനം മുതൽ ഉയിർത്തെഴുന്നേറ്റ് പിതാവിൻ്റെ സന്നിധിയിൽ കടന്നുപോകുന്നതു വരെയുള്ള ക്രിസ്തു (മത്താ, 1:1–യോഹ, 20:17) ദൈവമല്ല; ദൈവത്തിൻ്റെ വെളിപ്പാടായ പാപമറിയാത്ത മനുഷ്യൻ മാത്രമാണ്: (മത്താ, 26:72; 26:74; മർക്കൊ, 14:71; 15:39; ലൂക്കൊ, 23:4; 23:6; 23:14; 23:47; യോഹ, 1:30; 4:29; 5:12; 7:46; 8:40; 9:11; 9:16; 9:24; 10:33; 11:47; 18:14; 18:17; 18:29; 19:5). ലേഖനങ്ങളിൽ ക്രിസ്തുയേശു എന്ന മനുഷ്യനെയും (പ്രവൃ, 5:28; റോമ, 5:15; 1കൊരി, 15:21; 15:47; 1തിമൊ, 2:6) മഹാദൈവമായ യേശുക്രിസ്തു അഥവാ പിതാവായ യഹോവയെയും കുറിച്ചാണ് പറഞ്ഞിരിക്കുന്നത്: (റോമ, 9:5; തീത്തൊ, 2:12; 1യോഹ, 5:20). ദൈവത്തിൻ്റെ ജഡത്തിലെ പ്രത്യക്ഷതയായ ക്രിസ്തുയേശു എന്ന മനുഷ്യനാണ് നമ്മുടെ പാപങ്ങളുടെ പരിഹാരത്തിനായി കന്യകയായ മറിയയിലൂടെ ജനിച്ചുജീവിച്ചു മരിച്ചുയിർത്തു സ്വർഗ്ഗേകരേറി അപ്രത്യക്ഷനായത്: “എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.” (തിമൊ, 2:6). സുവിശേഷങ്ങളിൽ പറഞ്ഞിരിക്കുന്ന ക്രിസ്തുയേശു എന്ന മനുഷ്യൻ്റെ ശുശ്രൂഷയും ലേഖനങ്ങളിൽ പറഞ്ഞിരിക്കുന്ന യേശുക്രിസ്തുവെന്ന മഹാദൈവത്തെയും വേർതിരിച്ചു മനസ്സിലാക്കണം. യേശുവെന്ന മനുഷ്യൻ എന്നേക്കുമുള്ളവനല്ല; ജഡത്തിലുള്ള വെളിപ്പാടിൻ്റെ ദൗത്യം പൂർത്തിയാക്കി അപ്രത്യക്ഷനായാൽ ആ മനുഷ്യൻ അഥവാ പ്രത്യക്ഷശരീരം പിന്നെയില്ല: (എബ്രാ, 10:5). യഹോവ അഥവാ യേശുക്രിസ്തുവെന്ന മഹാദൈവമാണ് എന്നേക്കുമുള്ളത്: (തീത്തൊ, 2:12). “യേശുക്രിസ്തു ഇന്നലെയും ഇന്നും എന്നെന്നേക്കും അനന്യൻ തന്നേ.” (എബ്രാ, 13:8). [കാണുക: യേശുവിൻ്റെ ഇരുപ്രകൃതി സത്യമോ?]

മനുഷ്യനെന്നു പറഞ്ഞിരിക്കുന്ന പ്രധാനവാക്യങ്ങൾ:

1. ”എന്നാൽ ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു; അങ്ങനെ അബ്രാഹാം ചെയ്തില്ലല്ലോ.” (യോഹ, 8:40)
2.യേശു എന്നു പേരുള്ള മനുഷ്യൻ ചേറുണ്ടാക്കി എന്റെ കണ്ണിന്മേൽ പൂശി: ശിലോഹാംകുളത്തിൽ ചെന്നു കഴുകുക എന്നു എന്നോടു പറഞ്ഞു; ഞാൻ പോയി കഴുകി കാഴ്ച പ്രാപിച്ചു എന്നു ഉത്തരം പറഞ്ഞു.” (യോഹ, 9:11).
3.ഏകമനഷ്യനായ യേശുക്രിസ്തുവിന്റെ കൃപയാലുള്ള ദാനവും അനേകർക്കു വേണ്ടി ഏറ്റവും അധികം കവിഞ്ഞിരിക്കുന്നു.” (റോമ, 5:15)
4. ”മനുഷ്യൻ മൂലം മരണം ഉണ്ടാകയാൽ മരിച്ചവരുടെ പുനരുത്ഥാനവും മനുഷ്യൻ മൂലം ഉണ്ടായി.” (1കൊരി, 15:21)
5. ഒന്നാം മനുഷ്യനായ ആദാം ജീവനുള്ള ദേഹിയായിത്തീർന്നു എന്നു എഴുതിയുമിരിക്കുന്നുവല്ലോ, ഒടുക്കത്തെ ആദാം ജീവിപ്പിക്കുന്ന ആത്മാവായി. (1കൊരി, 15:45)
6. ”ഒന്നാം മനുഷ്യൻ ഭൂമിയിൽനിന്നു മണ്ണുകൊണ്ടുള്ളവൻ; രണ്ടാം മനുഷ്യൻ സ്വർഗ്ഗത്തിൽനിന്നുള്ളവൻ.” (1കൊരി, 15:47)
7. ”ദൈവം ഒരുവനല്ലോ. ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.” (1തിമൊ, 2:5,6. ഒ.നോ: മത്താ, 11:19; 26:72; 26:74; മർക്കൊ, 14:71; 15:39; ലൂക്കൊ, 23:4; 23:6; 23:14; 23:47; യോഹ, 1:30; 4:29; 5:12; 7:46; 8:40; 9:11; 9:16; 9:24; 10:33; 11:47; 18:14; 18:17; 18:29; 19:5; പ്രവൃ, 2:23; 5:28).

നമുക്കു ഏകദൈവം (monos theos) ആണുള്ളത്: (യോഹ, 5:44; 1തിമൊ, 1:17). മനുഷ്യരെല്ലാം പാപികളായതുകൊണ്ട് (ഇയ്യോ, 15:14; 25:4; സഭാ, 7:20; റോമ, 3:23; 5:12) മനുഷ്യനു മനുഷ്യൻ്റെ പാപം പോക്കാൻ കഴിയാത്തതിനാൽ (സങ്കീ, 49:7-9), മനുഷ്യരുടെ പാപത്തിൻ്റെ കുറ്റം സ്രഷ്ടാവായ തൻ്റെ കുറ്റമായി കണ്ടുകൊണ്ട്, പാപത്തിൻ്റെ ശമ്പളം മരണം (റോമ, 6:23), പാപം ചെയ്യുന്ന ദേഹി മരിക്കും (യെഹെ, 18:4), രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല (എബ്രാ, 9:22) എന്ന ദൈവനീതി നിവൃത്തിക്കാൻ ഏകദൈവമായ യഹോവ തന്നെയാണ് യേശുവെന്ന സംജ്ഞാനാമത്തിലും (മത്താ, 1:21; ലൂക്കൊ, 1:32) ദൈവപുത്രനെന്ന പദവിയിലും (ലൂക്കൊ, 1:32,35) പാപമറിയാത്ത മനുഷ്യനായി വെളിപ്പെട്ട് പാപപരിഹാരം വരുത്തിയത്. (മത്താ, 1:21; ലൂക്കൊ, 1:68; യോഹ, 3:13; 2കൊരി, 5:21; ഫിലി, 2:6-8; 1തിമൊ, 3:16; എബ്രാ, 2:14,15). ഏകദൈവത്തിൻ്റെ പ്രത്യക്ഷതയായ മനുഷ്യനായ ക്രിസ്തുയേശു തൻ്റെ ശുശ്രൂഷ തികച്ച് അപ്രത്യക്ഷനായാൽ ദൈവത്തിൽനിന്നും വിഭിന്നനായ വ്യക്തിയായി എങ്ങനെയുണ്ടാകും? സ്വർഗ്ഗാരോഹണം ചെയ്ത ക്രിസ്തുയേശു എന്ന മനുഷ്യൻ മറ്റൊരു വ്യക്തിയായി ഉണ്ടാകില്ലെന്നതിൻ്റെ ചില തെളിവുകൾ കാണാം:

1. തൻ്റെ അവസാന പ്രഭാഷണത്തിൽ യേശു പറഞ്ഞത്: തൻ്റെ നാമത്തിൽ അപേക്ഷിക്കുന്നത് പിതാവ് ചെയ്തുതരുമെന്നും (യോഹ, 15:16; 16:23), തൻ്റെ നാമത്തിൽ അപേക്ഷിക്കുന്നത് താൻ ചെയ്തു തരുമെന്നുമാണ്. (യോഹ, 14:13; 14:14). ഒടുവിൽ പറയുന്നത് ശ്രദ്ധിക്കുക: “ഇതു ഞാൻ സദൃശമായി നിങ്ങളോടു സംസാരിച്ചിരിക്കുന്നു; എങ്കിലും ഞാൻ ഇനി സദൃശമായി നിങ്ങളോടു സംസാരിക്കാതെ പിതാവിനെ സംബന്ധിച്ചു സ്പഷ്ടമായി നിങ്ങളോടു അറിയിക്കുന്ന നാഴിക വരുന്നു. അന്നു നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കും; ഞാൻ നിങ്ങൾക്കുവേണ്ടി പിതാവിനോടു അപേക്ഷിക്കും എന്നു ഞാൻ പറയുന്നില്ല.” (യോഹ, 16:25,26). അവസാന പ്രഭാഷണത്തിലാണിത് പറയുന്നതെന്നോർക്കണം. അപ്പോൾ താൻ സ്പഷ്ടമായി സംസാരിക്കുന്ന നാഴികയേതാണ്? പരിശുദ്ധാത്മാവിലൂടെ അഥവാ അദൃശ്യനായ ആത്മാവായി നിങ്ങളിൽ വസിച്ചുകൊണ്ട് സംസാരിക്കുന്ന നാളിൽ. (യോഹ, 14:26; 16:7-15). ‘ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു’ എന്നു ക്രിസ്തു പറഞ്ഞതും ഓർക്കുക: (മത്താ, 28:19). “അന്നു നിങ്ങൾ എൻ്റെ നാമത്തിൽ അപേക്ഷിക്കും.” എന്ന്? സഭ സ്ഥാപിതമായി കഴിയുമ്പോൾ. “ഞാൻ നിങ്ങൾക്കുവേണ്ടി പിതാവിനോടു അപേക്ഷിക്കും എന്നു ഞാൻ പറയുന്നില്ല.” അതെന്താണ്? അന്ന് പിതാവ് പുത്രനെന്ന വേർതിരിവ് ഉണ്ടാകില്ല. പിതാവായ ഏകദൈവമേ നമുക്കുള്ളു: (യോഹ, 17:3; 1കൊരി, 8:6; എഫെ, 4:6). ആ ദൈവം തന്നെയാണ് മനുഷ്യനും മറ്റൊരു വ്യക്തിയുമായി പ്രത്യക്ഷനായി നമ്മുടെ പാപത്തിനു പരിഹാരം വരുത്തിയത്: (1കൊരി, 15:21; 1തിമൊ, 2:5,6; യോഹ, 8:16,29; 16:32). അതിനാൽ പ്രത്യക്ഷനായ മനുഷ്യൻ അപ്രത്യക്ഷനായാൽ മറ്റൊരു മനുഷ്യവ്യക്തിയായി ഉണ്ടാകില്ലെന്നത് ഒരു വസ്തുതയാണ്. ആരാണോ മനുഷ്യനായി വെളിപ്പെട്ടത് അവനാണ് എന്നേക്കുമുള്ള മഹാദൈവം: (തീത്തൊ, 2:12; എബ്രാ, 13:8)

അപ്പോൾ ഒരു ചോദ്യം വരും: നമ്മുടെ മഹാപുരോഹിതനും മദ്ധ്യസ്ഥനും പക്ഷവാദം ചെയ്യുന്ന കാര്യസ്ഥനുമായി ക്രിസ്തുവിനെ പറഞ്ഞിട്ടുണ്ടല്ലോ? ക്രിസ്തുവിൻ്റെ മഹാപുരോഹിത ശുശ്രൂഷ തൻ്റെ ശരീരയാഗത്താൽ ഒരിക്കലായി പൂർത്തിയായതാണ്: (എബ്രാ, 7:27; 9:12; 10:10). മദ്ധ്യസ്ഥശുശ്രൂഷയും ക്രൂശുമരണത്തോടെ കഴിഞ്ഞതാണ്; അഥവാ താൻ ഏകശരീരത്തിൽ ദൈവത്തോടു നിരപ്പു വരുത്തിയപ്പോൾ പൂർത്തിയായി: (എഫെ, 2:16; 1തിമൊ, 2:5,6; എബ്രാ, 8:6; 9:15; 12:24). ഇനിയുള്ളത് പക്ഷവാദം ചെയ്യുന്ന കാര്യസ്ഥൻ്റെ ശുശ്രൂഷയാണ്: (റോമ, 8:34; എബ്രാ, 7:25; 1യോഹ, 2:1). അത് മനുഷ്യനായിട്ടല്ല, ദൈവമായിട്ടാണ് അഥവാ ആത്മാവായി നമ്മുടെ ഉള്ളിൽ വസിച്ചുകൊണ്ടാണ് അവൻ നമുക്കുവേണ്ടി പക്ഷവാദം ചെയ്യുന്നത്. പാരക്ലീറ്റൊസ് (prakletos) എന്ന ഗ്രീക്കുപദത്തിന്റെ പരിഭാഷയാണ് കാര്യസ്ഥൻ. യോഹന്നാൻ്റെ എഴുത്തുകളിൽ അഞ്ചു പ്രാവശ്യം ആ പദമുണ്ട്. സുവിശേഷത്തിൽ നാലുപ്രാവശ്യവും (യോഹ. 14:16; 14:26; 15:26; 16:7) ലേഖനത്തിൽ ഒരു പ്രാവശ്യവും: (1യോഹ. 2:1). സഹായത്തിനായി ഒരുവന്റെ അടുക്കലേക്കു വിളിക്കപ്പെടുന്ന വ്യക്തിയാണ് പാരാക്ലീറ്റൊസ്. സഹായകൻ എന്നർത്ഥം. കോടതിയിൽ ഒരു വ്യക്തിക്കു വേണ്ടി സന്നിഹിതനാകുന്ന അഭിഭാഷകൻ, ഒരുവനുവേണ്ടി വാദിക്കുന്ന മറ്റൊരുവൻ, മദ്ധ്യസ്ഥൻ, പക്ഷവാദം ചെയ്യുന്നവൻ എന്നിങ്ങനെ ഈ പദത്തിനു അർത്ഥവ്യാപ്തി ലഭിച്ചു: (1യോഹ, 2:1). സുവിശേഷത്തിൽ പരിശുദ്ധാത്മാവും ലേഖനത്തിൽ യേശുക്രിസ്തുവുമാണ് കാര്യസ്ഥൻ. എന്നാൽ യോഹന്നാൻ 14:16-ൽ സത്യത്തിന്റെ ആത്മാവ് എന്ന മറ്റൊരു കാര്യസ്ഥനെ നിങ്ങൾക്കു തരും എന്ന പ്രസ്താവനയിൽ താൻതന്നെയാണ് പരിശുദ്ധാത്മാവെന്ന ആ കാര്യസ്ഥനെന്നു ക്രിസ്തു വ്യക്തമാക്കുന്നു. 

യേശു തൻ്റെ പരസ്യശുശ്രൂഷ അവസാനിപ്പിച്ചതിൻ്റെ പിറ്റേന്ന്, അറസ്റ്റുവരിക്കുന്ന അന്നാണ് തൻ്റെ ശിഷ്യന്മാരോട് ഇതൊക്കെ പറയുന്നത്. യേശുവിൻ്റെ ജഡത്തിലുള്ള ശുശ്രൂഷ പിറ്റേന്ന് ക്രൂശുമരണം കൂടി കഴിഞ്ഞാൽ തീരുകയാണ്. എന്നുവെച്ചാൽ, ജഡപ്രകാരം യേശുവിനിനി ശിഷ്യന്മാരോടുകൂടി വസിക്കാൻ കഴിയില്ല. മറ്റൊരു കാര്യസ്ഥനെക്കുറിച്ചു പറഞ്ഞശേഷം അവൻ പറയുന്നതു നോക്കുക: “ലോകം അവനെ കാണുകയോ അറികയോ ചെയ്യായ്കയാൽ അതിന്നു അവനെ ലഭിപ്പാൻ കഴികയില്ല; നിങ്ങളോ അവൻ നിങ്ങളോടു കൂടെ വസിക്കയും നിങ്ങളിൽ ഇരിക്കയും ചെയ്യുന്നതുകൊണ്ടു അവനെ അറിയുന്നു.” (യോഹ, 14:17). അടുത്തവാക്യം: “ഞാൻ നിങ്ങളെ അനാഥരായി വിടുകയില്ല; ഞാൻ നിങ്ങളുടെ അടുക്കൽ വരും.” (യോഹ, 14:18). അപ്പോൾ മറ്റൊരു കാര്യസ്ഥനായി അഥവാ അദൃശ്യനായ ആത്മാവായി വരുന്നത് താൻതന്നെയാണ്. യഹോവയുടെ പ്രത്യക്ഷതയായ മനുഷ്യൻ്റെ ഭൂമിയിലെ ശുശ്രൂഷ കഴിഞ്ഞാൽ; താൻ സ്വർഗ്ഗാരോഹണം ചെയ്ത് അപ്രത്യക്ഷനാകും. പിന്നെ യേശുവെന്ന മനുഷ്യനില്ല; യഹോവ അഥവാ യേശുക്രിസ്തുവെന്ന മഹാദൈവം മാത്രമേയുള്ളു. മനുഷ്യനെന്ന നിലയിൽ തനിക്ക് എല്ലാക്കാലവും മനുഷ്യരോടുകൂടെ വസിക്കാൻ കഴിയില്ല; അതിനാൽ മറ്റൊരു കാര്യസ്ഥനായി അഥവാ അദൃശ്യനായ ആത്മാവായി ലോകാവസാനത്തോളം തൻ്റെ മക്കളോടൊപ്പം വസിക്കാൻ വരികയാണ്. അതിനടുത്തവാക്യം: “കുറഞ്ഞോന്നു കഴിഞ്ഞാൽ ലോകം എന്നെ കാണുകയില്ല; നിങ്ങളോ എന്നെ കാണും; ഞാൻ ജീവിക്കുന്നതുകൊണ്ടു നിങ്ങളും ജീവിക്കും.” (യോഹ, 14:19). ഈ വാക്യത്തിൻ്റെ ആദ്യഭാഗം തൻ്റെ മരണത്തെയും പുനരുത്ഥാനത്തെയും കുറിച്ചുള്ള പ്രസ്താവനയാണ്. യേശു പറയുന്നത് ശ്രദ്ധിക്കുക: “നിങ്ങളോ എന്നെ കാണും.” യേശു ജഡത്തിൽ വന്നപ്പോൾ ലോകം അവനെ കണ്ടു. പക്ഷെ, ആത്മശരീരത്തിൽ വരുമ്പോൾ ലോകം കാണുകയില്ല തൻ്റെ മക്കൾ മാത്രമേ കാണുകയും അറിയുകയും ചെയ്യുകയുള്ളു. അടുത്തഭാഗം: “ഞാൻ ജീവിക്കുന്നതുകൊണ്ടു നിങ്ങളും ജീവിക്കും.” നിത്യജീവനായ ക്രിസ്തുവാണ് വിശ്വാസിയോടെ ഉള്ളിൽ വന്ന് ജീവിക്കുന്നത്. അടുത്തവാക്യം: “ഞാൻ എന്റെ പിതാവിലും നിങ്ങൾ എന്നിലും ഞാൻ നിങ്ങളിലും എന്നു നിങ്ങൾ അന്നു അറിയും.” (യോഹ, 14:20). ഈ വാക്യം യേശു മൂന്നാം പ്രാവശ്യമാണ് പറയുന്നത്. “എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു” എന്നു പറഞ്ഞശേഷം രണ്ടുവട്ടം താൻ ഈ വാക്യം പറഞ്ഞു: (14:10,11). നിത്യമായ അർത്ഥത്തിൽ താനും പിതാവും ഭിന്നരല്ല; ഒരു വ്യക്തിതന്നെയാണെന്ന് വ്യക്തമാക്കുന്നതാണ് ആ വാക്യം. 28-ാം വാക്യം: “ഞാൻ പോകയും നിങ്ങളുടെ അടുക്കൽ മടങ്ങിവരികയും ചെയ്യും എന്നു ഞാൻ നിങ്ങളോടു പറഞ്ഞതു കേട്ടുവല്ലോ;” അപ്പോൾ ആരാണ് അദൃശ്യമായ ശരീരത്തിൽ അഥവാ ആത്മാവായി മടങ്ങിവരുന്നത്; താൻതന്നെയാണ്. സ്വർഗ്ഗാരോഹണത്തിനു തൊട്ടുമുമ്പ് മഹാനിയോഗം നല്കിയശേഷം യേശു ശിഷ്യന്മാരോട് വ്യക്തമായി അക്കാര്യം പറഞ്ഞു: “ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു.” (മത്താ, 28:19). ആത്മാവ് എന്നേക്കും കൂടെയിരിക്കുമെന്നും (യോഹ, 14:16); താൻ എന്നേക്കും കൂടെയിരിക്കുമെന്നും (മത്താ, 28:19) അഭിന്നമായി പറഞ്ഞിരിക്കുന്നതും നോക്കുക. യേശുവാണ് ജീവിപ്പിക്കുന്ന ആത്മാവും ജനിപ്പിക്കുന്ന പിതാവും: “ഒന്നാം മനുഷ്യനായ ആദാം ജീവനുള്ള ദേഹിയായിത്തീർന്നു എന്നു എഴുതിയുമിരിക്കുന്നുവല്ലോ, ഒടുക്കത്തെ ആദാം ജീവിപ്പിക്കുന്ന ആത്മാവായി.” (1കൊരി, 15:45). “അവൻ നീതിമാൻ എന്നു നിങ്ങൾ ഗ്രഹിച്ചിരിക്കുന്നു എങ്കിൽ നീതി ചെയ്യുന്നവൻ ഒക്കെയും അവനിൽനിന്നു ജനിച്ചിരിക്കുന്നു എന്നു നിങ്ങൾ അറിയുന്നു.” (1യോഹ, 2:29). യേശുക്രിസ്തു തന്നെയാണ് മറ്റൊരു കാര്യസ്ഥനായി അഥവാ ആത്മരൂപത്തിൽ വന്ന് നമ്മെ വീണ്ടുംജനിപ്പിച്ചുകൊണ്ട് നമ്മോടുകൂടെ വസിക്കുന്നതെന്ന് വ്യക്തമായില്ലേ? (എഫെ, 4:6). യേശുക്രിസ്തുവും പരിശുദ്ധാത്മാവും ഭിന്നരല്ലെന്നതിൻ്റെ മറ്റൊരു തെളിവ്: “അവർ ആസ്യയിൽ വചനം പ്രസംഗിക്കരുതെന്നു പരിശുദ്ധാത്മാവു വിലക്കുകയാൽ ഫ്രുഗ്യയിലും ഗലാത്യദേശത്തിലും കൂടി സഞ്ചരിച്ചു, മുസ്യയിൽ എത്തി ബിഥുന്യെക്കു പോകുവാൻ ശ്രമിച്ചു; യേശുവിന്റെ ആത്മാവോ അവരെ സമ്മതിച്ചില്ല.” (പ്രവൃ, 16:6,7). പരിശുദ്ധാത്മാവെന്നും യേശുവിൻ്റെ ആത്മാവെന്നും അഭിന്നമായി പറഞ്ഞിരിക്കുന്നതു നോക്കുക. [കാണുക: ഞാനും പിതാവും ഒന്നാകുന്നു, അദൃശ്യനായ ഏകദൈവവും പ്രത്യക്ഷതകളും, മറ്റൊരു കാര്യസ്ഥൻ]

നമ്മെ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കുന്നതും (മത്താ, 3:11; 1കൊരി, 12:12,13) നമ്മെ വീണ്ടും ജനിപ്പിച്ചുകൊണ്ട് നമ്മോടുകൂടെ വസിക്കുന്നവനും (യോഹ, 3:6,8; 1യോഹ, 2:29) ആത്മാവായി നമ്മോടുകൂടെ വസിച്ചുകൊണ്ട് ഉച്ചരിച്ചുകൂടാത്ത ഞരക്കങ്ങളാൽ നമുക്കുവേണ്ടി പക്ഷവാദം ചെയ്യുന്ന കാര്യസ്ഥനും യേശുക്രിസ്തുവാണ്: (റോമ, 8:26,27,34; 1യോഹ. 2:1). അവനാണ് ലോകാവസാനത്തോളം എല്ലാനാളും നമ്മോടുകൂടെ ഇരിക്കുന്നത്: (മത്താ, 28:19). ദൈവത്തിൻ്റെ ആത്മാവും (റോമ, 8:28) പിതാവിൻ്റെ ആത്മാവും (മത്താ, 10:20) യേശുക്രിസ്തുവിൻ്റെ ആത്മാവും (ഫിലി, 1:19) പുത്രൻ്റെ ആത്മാവും (ഗലാ, 4:6) ക്രിസ്തുവിൻ്റെ ആത്മാവും (റോമ, 8:29) പരിശുദ്ധാത്മാവും ഒന്നത്രേ. [കാണുക: പരിശുദ്ധാത്മാവ്]

2. അപ്പൊസ്തലിക കാലത്തൊന്നും ആരും പുത്രൻ്റെ നാമത്തിൽ പിതാവിനോട് അപേക്ഷിച്ചില്ല; യേശുക്രിസ്തു എന്ന ഏകനാമം വിളിച്ചാണ് അപേക്ഷിച്ചത്. സ്തെഫാനോസും (പ്രവൃ, 7:59), ദമസ്കൊസിലുള്ള സഭയും (പ്രവൃ, 9:14), യെരൂശലേം സഭയും (പ്രവൃ, 9:21), പൗലൊസും (പ്രവൃ, 23:16), കൊരിന്ത്യസഭയും (1കൊരി, 1:2), പൗലൊസ് മൂന്നുട്ടം അപേക്ഷിച്ചതും (2കൊരി, 12:8), തിമൊഥെയൊസിൻ്റെ സഭയും (2തിമൊ, 2:12), ബൈബിൾ എഴുതി അവസാനിപ്പിക്കുമ്പോൾ യോഹന്നാൻ അപ്പൊസ്തലനും (വെളി, 22:20) വിളിച്ചപേക്ഷിക്കുന്നത് യേശുക്രിസ്തു എന്ന ഏകനാമമാണ്. പിതാവിൻ്റെ നാമം ആരും വിളിച്ചപേക്ഷിച്ചില്ല എന്നതും, “അവിടെയും ഇവിടെയും എവിടെയും നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്നവർ” എന്ന പൗലൊസിൻ്റെ വാക്കുകളും കുറിക്കൊള്ളുക. (1കൊരി, 1:2). ക്രിസ്തുവിൻ്റെ ജഡത്തിലെ ശുശ്രൂഷ കഴിഞ്ഞാൽ താൻ പിതാവിൽനിന്നും വ്യതിരിക്തനായ വ്യക്തിയായിരിക്കില്ല എന്നതിൻ്റെ തെളിവാണ് ആരും യേശുവിൻ്റെ നാമത്തിൽ പിതാവിനോട് അപേക്ഷിക്കാതിരുന്നത്. പിതാവു മറ്റൊരു വ്യക്തിയായി ഉണ്ടായിരുന്നെങ്കിൽ ക്രിസ്തു പറഞ്ഞപോലെ തൻ്റെ നാമത്തിൽ പിതാവിനോടു അപേക്ഷിക്കുമായിരുന്നില്ലേ? അല്ലെങ്കിൽ യേശുവിൻ്റെ നാമത്തിനൊപ്പം പിതാവിൻ്റെ നാമംകൂടി വിളിച്ചപേക്ഷിക്കുമായിരുന്നില്ലേ? “അന്നു നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കും; ഞാൻ നിങ്ങൾക്കുവേണ്ടി പിതാവിനോടു അപേക്ഷിക്കും എന്നു ഞാൻ പറയുന്നില്ല” എന്നു ക്രിസ്തു പറഞ്ഞതുമോർക്കുക: (യോഹ, 16:26).

3. ക്രിസ്തുയേശുവെന്ന മനുഷ്യനെയും യേശുക്രിസ്തുവെന്ന മഹാദൈവത്തെയും വേർതിരിച്ചു മനസ്സിലാക്കാൻ ജഡത്തിലെ ശുശ്രൂഷയും പുനർത്ഥാന ശേഷമുള്ള ശുശ്രൂഷയും താരതമ്യം ചെയ്താൽ മതിയാകും. ക്രിസ്തുവിന് ജഡത്തിൽ സങ്കരപ്രകൃതി ഉണ്ടായിരുന്നെന്ന് വിശ്വസിക്കുന്നവരാണ് അധികവും. എന്നാൽ അത് ശരിയല്ല. ജഡത്തിൽ ക്രിസ്തു ദൈവത്തിൻ്റെ വെളിപ്പാടായ പാപമറിയാത്ത മനുഷ്യൻ മാത്രമായിരുന്നു: (1കൊരി, 15:21; 2കൊരി, 5:21; 1തിമൊ, 2:6; 3:16). തൻ്റെ ഐഹിക ജീവിതത്തിൽ താൻ ദൈവമാണെന്ന് അവകാശപ്പെടുകയോ, തന്നെയാരെങ്കിലും ദൈവമെന്ന് സംബോധന ചെയ്യുകയോ ഉണ്ടായില്ല. താൻ ദൈവപ്രവൃത്തികൾ ചെയ്തത് സ്നാനം മുതൽ തൻ്റെകൂടെ വസിച്ച പിതാവായ ദൈവത്താലാണ്: (മത്താ, 3:16; പ്രവൃ, 10:38). ജഡത്തിൽ താൻ ദൈവമാണെന്നു അവകാശപ്പെട്ടില്ലെന്നു മാത്രമല്ല, താൻ ദൈവമായിരുന്നില്ലെന്നു ക്രിസ്തു തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പിതാവ് ഒരുത്തൻ മാത്രമാണ് സത്യദൈവം (the only true God) എന്നു താൻ പറഞ്ഞിട്ടുണ്ട്: (യോഹ, 17:3). പിതാവാണ് ഏകദൈവം (monos theos) എന്നും (യോഹ, 5:44) അവനെ മാത്രമേ ആരാധിക്കാവു എന്നും പറഞ്ഞിട്ടുണ്ട്: (മത്താ, 4:10; ലൂക്കൊ, 4:8). ജഡത്തിൽ താൻ ദൈവമായിരുന്നെങ്കിൽ താനത് പറയില്ലായിരുന്നു. തന്നെ ‘നല്ല ഗുരോ’ വിളിച്ച പ്രമാണിയോട് യേശു പറഞ്ഞത്: “എന്നെ നല്ലവൻ എന്നു പറയുന്നതു എന്തു? ദൈവം ഒരുവൻ അല്ലാതെ നല്ലവൻ ആരുമില്ല” എന്നാണ്: (മർക്കൊ, 10:18). താൻ ജഡത്തിലായിരുന്നപ്പോൾ ‘നല്ല ഗുരോ’ എന്നു വിളിച്ചതുപോലും നിഷേധിച്ച യേശു പുനരുത്ഥാനശേഷം തോമാസ് അവനെ, “എൻ്റെ കർത്താവും എൻ്റെ ദൈവവും ആയുള്ളോവേ” എന്നു വിളിച്ചപ്പോൾ നിഷേധിച്ചില്ലെന്നോർക്കുക: (യോഹ, 20:28). ഒരു യെഹൂദൻ “എൻ്റെ ദൈവം” എന്നു യഹോവയെയല്ലാതെ മറ്റാരെയും വിളിക്കില്ലെന്ന വസ്തുതയും “എന്റെ ദൈവവും എന്റെ കർത്താവുമായുള്ളോവേ” എന്നു ദാവീദ് യഹോവയെ വിളിച്ചിരിക്കുന്നതും നോക്കിയാൽ (സങ്കീ, 35:23), യഹോവയായ ദൈവം തന്നെയാണ് ജഡത്തിൽ വെളിപ്പെട്ടതെന്ന് മനസ്സിലാകും. ജീവനുള്ള ദൈവമാണ് ജഡത്തിൽ വെളിപ്പെട്ടതെന്ന് ദൈവഭക്തിയെക്കുറിച്ചുള്ള മർമ്മത്തിൽ പൗലൊസ് പറഞ്ഞിട്ടുമുണ്ട്: (1തിമൊ, 3:14-16). ജീവനുള്ള ദൈവവും ശാശ്വതരാജാവും യഹോവയാണ്: (യിരെ, 10:10). അതായത്, മഹാദൈവമായ യഹോവയും മഹാദൈവമായ യേശുക്രിസ്തുവും ഒരാളാണെന്നു തെളിയുന്നു: (സങ്കീ, 95:3; തീത്തൊ, 2:12). അഥവാ സ്രഷ്ടാവും പിതാവുമായ യഹോവയുടെ പുതിയനിയമത്തിലെ പേരാണ് യേശുക്രിസ്തു എന്നു തെളിയുന്നു.

ഒരുകാര്യംകൂടി മനസ്സിലാക്കണം: പുനരുത്ഥാനം ചെയ്ത മനുഷ്യനായ ക്രിസ്തുയേശുവിനെ മഗ്ദലക്കാരത്തി മറിയ മാത്രമാണ് കണ്ടത്. എന്തെന്നാൽ, യേശു മരണസമയത്ത് തൻ്റെ മനുഷ്യാത്മാവിനെ പിതാവിൻ്റെ കയ്യിൽ ഏല്പിച്ചിട്ടാണ് ക്രൂശിൽ മരിച്ചത്: (ലൂക്കൊ, 23:46). താൻ ഉയിർത്തെഴുന്നേറ്റത് ദൈവാത്മാവിനാലാണ്: (റോമ, 8:11; 1പത്രൊ, 3:18). ഉയിർത്തെഴുന്നേറ്റ യേശു ആദ്യം പ്രത്യക്ഷനായത് മറിയയ്ക്കാണ്: (മർക്കൊ, 16:9). യേശുവിനെ തൊടാൻ ശ്രമിച്ച മറിയയോടു യേശു പറയുന്നത്: “എന്നെ തൊടരുതു; ഞാൻ ഇതുവരെ പിതാവിന്റെ അടുക്കൽ കയറിപ്പോയില്ല; എങ്കിലും നീ എന്റെ സഹോദരന്മാരുടെ അടുക്കൽ ചെന്നു: എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു എന്നു അവരോടു പറക” എന്നാണ്: (യോഹ, 20:17). നമുക്കറിയാം, പാപപരിഹാരയാഗം പൂർണ്ണമാകുന്നത് മഹാപുരോഹിതൻ യാഗരക്തവുമായി തിരുനിവാസത്തിൽ എത്തുമ്പോഴാണ്; യാഗരക്തം യാഗത്തിൻ്റെ സാക്ഷ്യമാണ്: (ലേവ്യ, 4:5-7; 16-18). അതുപോലെ, തൻ്റെ യാഗമരണത്തിൻ്റെ സാക്ഷ്യവുമായി മഹാപുരോഹിതനായ ക്രിസ്തു സ്വർഗ്ഗത്തിൽ പിതാവിൻ്റെയടുക്കൽ ചെന്നാൽ മാത്രമേ തൻ്റെ ജഡത്തിലെ ശുശ്രൂഷ പൂർണ്ണമാകുകയുള്ളു; അതിനാണ് താൻ സ്വർഗ്ഗത്തിൽ പിതാവിൻ്റെ സന്നിധിയിൽ കടന്നുപോയത്: (എബ്രാ, 9:11,12). ക്രിസ്തുവിൻ്റെ ഈ സ്വർഗ്ഗപ്രവേശനത്തോടെ മനുഷ്യനെന്ന നിലയിലുള്ള തൻ്റെ ശുശ്രൂഷ അവസാനിച്ചു. വീണ്ടും പ്രത്യക്ഷനാകുന്നത് മനുഷ്യനല്ല; ദൈവമാണ്. രണ്ടാമത് യേശുക്രിസ്തു പ്രത്യക്ഷനായത് കല്ലറകണ്ടു മടങ്ങിപ്പോയ സ്ത്രീകൾക്കാണ്. അവർക്ക് കർത്താവ് പ്രത്യക്ഷനായപ്പോൾ അവരവൻ്റെ കാൽപിടിച്ചു നമസ്കരിച്ചൂ: (മത്താ, 28:19). മഗ്ദലക്കാരത്തി മറിയയോടു പറഞ്ഞത്, “എന്നെ തൊടരുത്; ഞാൻ പിതാവിൻ്റെയടുക്കൽ കയറിപ്പോയിട്ടില്ല” എന്നാണ്: (യോഹ, 20:17). അവൻ സ്വർഗ്ഗത്തിൽ പോയി വീണ്ടും പ്രത്യക്ഷനാകുകയായിരുന്നു എന്നതിൻ്റെ തെളിവാണ് കല്ലറകണ്ട് മടങ്ങിയ സ്ത്രീകൾ അവൻ്റെ കാൽപിടിച്ചു നമസ്കരിച്ചത്. അന്നുതന്നെ യേശു ശിഷ്യന്മാർക്കു പ്രത്യക്ഷനായിരുന്നു; അന്ന് തോമാസ് ഇല്ലായിരുന്നു: (യോഹ, 20:19-24). വീണ്ടും എട്ടുദിവസം കഴിഞ്ഞു പ്രത്യക്ഷനായപ്പോഴാണ് തോമാസ് അവനെ “എൻ്റെ കർത്താവും എൻ്റെ ദൈവവുമേ” എന്നു വിളിച്ചത്: (20:26-29). സ്വർഗ്ഗത്തിൽ നിന്നു വീണ്ടും പ്രത്യക്ഷനായത് സാക്ഷാൽ ദൈവംതന്നെ ആയതുകൊണ്ടാണ് തോമാസ് ‘എൻ്റെ ദൈവമേ’ എന്നു വിളിച്ചപ്പോൾ അവൻ നിഷേധിക്കാതിരുന്നത്. അതായത്, മനുഷ്യരുടെ പാപപരിഹാരാർത്ഥം ജഡത്തിൽ വെളിപ്പെട്ട മനുഷ്യൻ്റെ ശുശ്രൂഷ താൻ പിതാവിൻ്റെ സന്നിധിയിലേക്കു കരേറിപ്പോയതോടുകൂടി അവസാനിച്ചു; പിന്നെ ആ മനുഷ്യനില്ല. എന്തെന്നാൽ മനുഷ്യരുടെ പാപപരിഹാരാർത്ഥം ദൈവം എടുത്ത മനുഷ്യശരീരമായിരുന്നു അത്: (എബ്രാ, 10:5). ‘വേഷത്തിൽ മനുഷ്യനായി’ എന്ന പൗലൊസിൻ്റെ പ്രയോഗം ശ്രദ്ധിക്കുക: (ഫിലി, 2:8). പ്രത്യക്ഷനായവൻ തൻ്റെ പ്രത്യക്ഷതയുടെ ദൗത്യം പൂർത്തിയാക്കി അപ്രത്യക്ഷനായാൽ മറ്റൊരു വ്യക്തിയായി ഉണ്ടാകുക സാദ്ധ്യമല്ല. വീണ്ടും പ്രത്യക്ഷനായത് യഹോയായ ദൈവം തന്നെയാണ്. അതിൻ്റെ തെളിവാണ് അപ്പൊസ്തലൻ അവനെ ‘എൻ്റെ ദൈവം’ എന്നു വിളിച്ചത്: (യോഹ, 20:28). പുതിയനിയമത്തിൽ പിതൃപുത്രാത്മാവായ അവൻ്റെ നാമം യേശുക്രിസ്തു എന്നാണ്: (യോഹ, 5:43; മത്താ, 1:21; യോഹ, 14:26. ഒ.നോ: മത്താ, 28:19; പ്രവൃ, 2:38; 8:16; 10:48; 19:5; 22:16)

4. പുതിയനിയമത്തിലെ ദൈവത്തിൻ്റെ വെളിപ്പാടുപോലെ, പഴയനിയമത്തിലും യഹോവയായ ദൈവം ജഡത്തിൽ വെളിപ്പെട്ടിരുന്നു: (ഉല്പ, 18:1-19:2). മമ്രേയുടെ തോപ്പിൽ അബ്രാഹാഹാമിനു പ്രത്യക്ഷനായ മൂന്നു പുരുഷന്മാരിൽ ഒരാൾ യഹോവയും (18:1,13,14,17,19,19,20,22,26,33) രണ്ടുപേർ ദൂതന്മാരും (18:22; 19:1) ആയിരുന്നു. അബ്രാഹാം ഭക്ഷണമൊരുക്കുന്നതുവരെ അഞ്ചാറുനാഴിക കാത്തിരിക്കുകയും അപ്പവും കാളയിറച്ചിയും വെണ്ണയും പാലും കൂട്ടി ഭക്ഷണം കഴിക്കുകയും ചെയ്തു: (18:4-8). അനന്തരം അവരെ അനുഗ്രഹിക്കുകയും (18:9-15) സോദോമിനെക്കുറിച്ച് അബ്രാഹാമുമായി ഒരു ദീർഘസംഭാഷണവും കഴിഞ്ഞിട്ടാണ് യഹോവ അവിടെനിന്നു പോയത്: (18:20-33). അബ്രാഹാമിൻ്റെ അടുക്കൽ പ്രത്യക്ഷനായ യഹോവയെന്ന മനുഷ്യനും തൻ്റെ പ്രത്യക്ഷതയുടെ ദൗത്യം പൂർത്തിയാക്കി അപ്രത്യക്ഷമായാൽ പിന്നെയുണ്ടാകില്ല. യഹോവയെന്ന മഹാദൈവമാണ് എന്നേക്കുമുള്ളത്. ക്രിസ്തു ഈ സംഭവം യെഹൂദന്മാരോടു പറയുന്നുണ്ട്: “നിങ്ങളുടെ പിതാവായ അബ്രാഹാം എന്റെ ദിവസം കാണും എന്നുള്ളതുകൊണ്ടു ഉല്ലസിച്ചു; അവൻ കണ്ടു സന്തോഷിച്ചുമിരിക്കുന്നു” എന്നു ഉത്തരം പറഞ്ഞു.” (യോഹ, 8:56). മമ്രേയുടെ തോപ്പിൽ അബ്രാഹാമിനു വെളിപ്പെട്ട യഹോവ തന്നെയാണ് പുതിയനിയമത്തിലും മനുഷ്യനായി വെളിപ്പെട്ടത്. പ്രത്യക്ഷനായവൻ തൻ്റെ ദൗത്യം പൂർത്തിയാക്കി അപ്രത്യക്ഷനായാൽ ആ പ്രത്യക്ഷശരീരം പിന്നെയുണ്ടാകില്ല. ജഡത്തിൽ വെളിപ്പെട്ട ക്രിസ്തുയേശു മറ്റൊരു വ്യക്തിയായി സ്വർഗ്ഗത്തിൽ ഉണ്ടാകുമെങ്കിൽ, അബ്രാഹാമിൻ്റെ അടുക്കൽ പ്രത്യക്ഷനായ യഹോവയെന്ന മനുഷ്യനും മറ്റൊരു വ്യക്തിയായി സ്വർഗ്ഗത്തിൽ ഉണ്ടാകണം. അതൊക്കെ എത്ര കുഴപ്പംപിടിച്ച ഉപദേശമായി മാറും. തന്നെയുമല്ല, ബൈബിളിൽ ഉടനീളം പറഞ്ഞിരിക്കുന്ന ദൈവത്തിൻ്റെ വെളിപ്പാട് അഥവാ പ്രത്യക്ഷതയെന്ന (manifestation) ആശയംതന്നെ അർത്ഥശൂന്യമാകും. 

5. പഴയനിയമഭക്തന്മാരായ മീഖായാവും (1രാജാ, 22:19) യെശയ്യാവും (6:1-3) യെഹെസ്ക്കേലും (1:28) ദാനീയേലും (7:9,10) യഹോവയെ കണ്ട സ്ഥാനത്താണ് സ്തഫാനോസ് യേശുക്രിസ്തുവിനെ കാണുന്നതും തൻ്റെ ആത്മാവിനെ യേശുവിൻ്റെ കരങ്ങളിൽ ഏല്പിക്കുന്നതും: (പ്രവൃ, 7:56-59). ആത്മാക്കളുടെ ഉടയവൻ യഹോവയായ ദൈവമാണ്: (സംഖ്യാ, 16:22; 27:17; സങ്കീ, 31:5; 42:1,2; സഭാ, 12:7; ലൂക്കൊ, 23:46; പ്രവൃ, 7:59; എബ്രാ, 12:9; 1പത്രൊ, 4:19). യഹോവയായ ദൈവം മറ്റൊരു വ്യക്തിയായി ഉണ്ടായിരുന്നെങ്കിൽ സ്തെഫാനോസ് തൻ്റെ ആത്മാവിനെ യേശുവിൻ്റെ കയ്യിൽ കൊടുക്കയില്ലായിരുന്നു. അവൻ കണ്ടത് അദൃശ്യനായ ദൈവത്തിൻ്റെ മഹത്വവും യേശുവിനെയുമാണ്: “എന്നാല്‍ അദ്ദേഹം പരിശുദ്ധാത്മാവു നിറഞ്ഞവനായി സ്വര്‍ഗത്തിലേക്ക് ഉറ്റുനോക്കി; ദൈവത്തിന്‍റെ തേജസ്സ് അദ്ദേഹം ദര്‍ശിച്ചു; അവിടുത്തെ വലത്തുഭാഗത്ത് യേശു നില്‌ക്കുന്നതും കണ്ടു.” (പ്രവൃ, 7:55. സ.വേ.പു.പ.ലി). യഹോവയും യേശുക്രിസ്തുവും ഒരാളായതുകൊണ്ടാണ് യഹോവയെ കാണേണ്ടസ്ഥാനത്ത് യേശുവിനെ കണ്ടത്. അഥവാ യഹോവയുടെ പുതിയനിയമത്തിലെ പേരാണ് യേശുക്രിസ്തു. “ഞാനും പിതാവു  ഒന്നാകുന്നു; എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു” എന്നൊക്കെ താൻ ഭൂമിയിലായിരിക്കുമ്പോൾ പറഞ്ഞതിൻ്റെ സ്ഥിരീകരണമാണ് സ്തെഫാനോസിൻ്റെ സ്വർഗ്ഗീയദർശനം. [കാണുക: സ്തെഫാനോസ് കണ്ട ദർശനം, അവൻ ജഡത്തിൽ വെളിപ്പെട്ടു]

6. നമ്മുടെ ദൈവം അക്ഷയനും അദൃശ്യനുമായ ഏകദൈവം (monos theos) ആണ്: (1തിമൊ, 1:17). ഒരേയൊരു ദൈവം അഥവാ ദൈവവ്യക്തി മാത്രമാണ് നമുക്കുള്ളത്. ആ ഏകദൈവത്തിൽ വ്യക്തികളല്ല; ദൈവത്തിന് വെളിപ്പാടുകളാണുള്ളത്. ദൈവത്തിൻ്റെ വെളിപ്പാടുകളാണ് സ്വർഗ്ഗത്തിലും ഭൂമിയിലും മനുഷ്യർ കണ്ടത്: (യെഹെ, 1:28; 1തിമൊ, 3:16; ലൂക്കൊ, 3:22). അതായത്, യഹോവയായ ദൈവം തന്നെയാണ് യേശുക്രിസ്തുവന്ന മഹാദൈവം. ആ ദൈവത്തിൻ്റെ ജഡത്തിലുള്ള വെളിപ്പാടായിരുന്നു ക്രിസ്തുയേശു എന്ന മനുഷ്യൻ. അതുകൊണ്ടാണ്, പിതാവ് മാത്രമാണ് സത്യദൈവമെന്നും (Father, the only true God: യോഹ, 17:3) അവനാണ് ഏകദൈവമെന്നും (God alone: യോഹ, 5:44) അവനെ മാത്രമേ ആരാധിക്കാവു (Him only: മത്താ, 4:10; ലൂക്കൊ, 4:8) എന്നും മനുഷ്യനായിരുന്ന ക്രിസ്തുയേശു പറഞ്ഞത്. ക്രിസ്തു യഹോവയായ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ മനുഷ്യൻ മാത്രമായതിനാലാണ് തനിക്കത് പറയാൻ കഴിഞ്ഞത്. ക്രിസ്തുയേശു എന്ന മനുഷ്യൻ തൻ്റെ ശുശ്രൂഷതികച്ച് അപ്രത്യക്ഷമായശേഷം മറ്റൊരു വ്യക്തിയായി സ്വർഗ്ഗത്തിലുണ്ടെങ്കിൽ ദൈവമല്ലാത്ത ഒരു യേശുവും സ്വർഗ്ഗത്തിൽ ഉണ്ടെന്നു പറയണം. തന്നെയുമല്ല; യേശുക്രിസ്തുവിനെ, ദൈവം (യോഹ, 20:28), മഹാദൈവം (തീത്തൊ, 2:12) വീരനാം ദൈവം (യെശ, 9:6) സത്യദൈവം (1യോഹ, 5:20) സർവ്വത്തിനും മീതെ ദൈവം (റോമ, 9:5) എന്നൊക്കെ വിശേഷിപ്പിച്ചിരിക്കുന്ന ബൈബിൾ പരസ്പരവിരുദ്ധമായി മാറും. [ഏകസത്യദൈവം]

7. പുതിയനിയമം വെളിപ്പെടുത്തുന്ന സ്രഷ്ടാവും പിതാവുമായ ദൈവത്തിൻ്റെ നാമവും മനുഷ്യരുടെ പാപപരിഹാരാർത്ഥം ക്രൂശിൽ മരിച്ചുയിർത്ത മനുഷ്യനായ ദൈവപുത്രൻ്റെ നാമവും യേശുക്രിസ്തു എന്നാണ്. അതായത്, പഴയനിയമത്തിലെ യഹോവയായ ദൈവവും ലേഖനങ്ങളിൽ കാണുന്ന മഹാദൈവമായ യേശുക്രിസ്തുവും ഒരാളാണ്. ആ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ അഥവാ മനുഷ്യനായ യേശുക്രിസ്തുവാണ് നമ്മുടെ പാപപരിഹാരാർത്ഥം മദ്ധ്യസ്ഥനും മറുവിലയുമായി തന്നെത്താൻ യാഗമായത്. “യഹോവയുടെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ; ഞങ്ങൾ യഹോവയുടെ ആലയത്തിൽനിന്നു നിങ്ങളെ അനുഗ്രഹിക്കുന്നു.” (സങ്കീ, 118:26. ഒ.നോ: മത്താ, 23:39; മർക്കൊ, 11:9; ലൂക്കൊ, 13:35; 18:38; യോഹ, 12:13). “ഞാൻ എന്റെ പിതാവിന്റെ നാമത്തിൽ വന്നിരിക്കുന്നു; എന്നെ നിങ്ങൾ കൈക്കൊള്ളുന്നില്ല; മറ്റൊരുത്തൻ സ്വന്തനാമത്തിൽ വന്നാൽ അവനെ നിങ്ങൾ കൈക്കൊള്ളും.” (യോഹ, 5:43). “എന്റെ പിതാവിന്റെ നാമത്തിൽ ഞാൻ ചെയ്യുന്ന പ്രവൃത്തികൾ എനിക്കു സാക്ഷ്യം ആകുന്നു.” (യോഹ, 10:25). “പിതാവേ, നിന്റെ നാമത്തെ മഹത്വപ്പെടുത്തേണമേ. അപ്പോൾ സ്വർഗ്ഗത്തിൽനിന്നു; ഞാൻ മഹത്വപ്പെടുത്തിയിരിക്കുന്നു; ഇനിയും മഹത്വപ്പെടുത്തും എന്നൊരു ശബ്ദം ഉണ്ടായി:” (യോഹ, 12:28). “പിതാവേ, നാഴിക വന്നിരിക്കുന്നു; നിന്റെ പുത്രൻ നിന്നെ മഹത്വപ്പെടുത്തേണ്ടതിന്നു പുത്രനെ മഹത്വപ്പെടുത്തേണമേ.” (യോഹ, 17:1). “നീ ലോകത്തിൽനിന്നു എനിക്കു തന്നിട്ടുള്ള മനുഷ്യർക്കു ഞാൻ നിന്റെ നാമം വെളിപ്പെടുത്തിയിരിക്കുന്നു.” (യോഹ, 17:6). “പരിശുദ്ധപിതാവേ, അവർ നമ്മെപ്പോലെ ഒന്നാകേണ്ടതിന്നു നീ എനിക്കു തന്നിരിക്കുന്ന നിന്റെ നാമത്തിൽ അവരെ കാത്തുകൊള്ളേണമേ.” (യോഹ, 17:11). “അവരോടുകൂടെ ഇരുന്നപ്പോൾ ഞാൻ അവരെ നീ എനിക്കു തന്നിരിക്കുന്ന നിന്റെ നാമത്തിൽ കാത്തുകൊണ്ടിരുന്നു;” (യോഹ, 17:12). “എന്നാൽ യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുന്നവൻ ഏവനും രക്ഷിക്കപെടും.” (യോവേ, 2:32). “എന്നാൽ കർത്താവിന്റെ നാമം വിളിച്ചപേക്ഷിക്കുന്നവൻ ഏവനും രക്ഷിക്കപ്പെടും എന്നു ദൈവം അരുളിച്ചെയ്യുന്നു.” (പ്രവൃ, 2:22. ഒ.നോ: യോഹ, 20:31; റോമ, 10:13). “മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല.” (പ്രവൃ, 4:12). “സകല ഭൂസീമാവാസികളുമായുള്ളോരേ, എങ്കലേക്കു തിരിഞ്ഞു രക്ഷപ്പെടുവിൻ; ഞാനല്ലാതെ വേറൊരു ദൈവവും ഇല്ലല്ലോ.” (യെശ, 45:22).

ഏകസത്യദൈവം: പുതിയനിയമം വെളിപ്പടുത്തുന്ന ഏകസത്യദൈവം യേശുക്രിസ്തുവാണ്. അതായത്, യഹോവയായ ദൈവം തന്നെയാണ് മഹാദൈവമായ യേശുക്രിസ്തു: (ആവ, 10:17; തീത്തൊ, 2:12). പഴയനിയമത്തിൽ ദൈവത്തിൻ്റെ പേര് യഹോവ അഥവാ യാഹ്വെ എന്നായിരുന്നു. “ഞാൻ യിസ്രായേൽഗൃഹത്തോടും യെഹൂദാഗൃഹത്തോടും പുതിയോരു നിയമം ചെയ്യുന്ന കാലം വരും” എന്ന യഹോവയുടെ വാഗ്ദത്തത്തിൻ്റെ ഫലമാണ് പുതിയനിയമം: (യിരെ, 31:31-34; എബ്രാ, 8:8-13. ഒ.നോ: യെഹെ, 11:19,20). പഴയനിയമം അഥവാ ന്യായപ്രമാണം നല്കുന്നതിനു മുന്നോടിയായാണ് ദൈവം തൻ്റെ യഹോവ എന്ന നാമം മോശെയ്ക്ക് വെളിപ്പെടുത്തിയത്. (പുറ, 3:14,15). അതിനു മുമ്പൊരിക്കലും, പൂർവ്വപിതാക്കന്മാർക്കുപോലും ആ നാമം വെളിപ്പെടുത്തിയിരുന്നില്ല. (പുറ, 6:3). അതുപോലെ, പുതിയനിയമം സ്ഥാപിക്കുന്നതിനു മുന്നോടിയായാണ് ജീവനുള്ള ദൈവമായ യഹോവയുടെ പ്രത്യക്ഷതയായ മനുഷ്യനു യേഹ്ശുവാ അഥവാ യേശു എന്ന പേർ നല്കിയത്. (മത്താ, 1:21; ലൂക്കൊ, 1:31; 1തിമൊ, 3:15,16). ദൈവത്തിൻ്റെ വാഗ്ദത്തംപോലെ (യിരെ, 31:31-34) തൻ്റെ വെളിപ്പാടായ ക്രിസ്തുവിൻ്റെ രക്തംമൂലം പുതിയനിയമം സ്ഥാപിതമായപ്പോൾ (ലൂക്കൊ, 22:20; എബ്രാ, 8:8-13; 9:16-20) പിതാവ് (യോഹ, 5:43; 17:11,12) പുത്രൻ (മത്താ, 1:23) പരിശുദ്ധാത്മാവ് (യോഹ, 14:26) എന്ന ഏകദൈവത്തിൻ്റെ നാമം യേശുക്രിസ്തു എന്നായി. (മത്താ, 28:19. ഒ.നോ: പ്രവൃ, 2:38; 8:16; 10:48; 19:5: 22:16; കൊലൊ, 3:17). സുവിശേഷചരിത്രകാലത്ത് ദൈവവും ദൈവത്തിൻ്റെ പ്രത്യക്ഷതയായ മനുഷ്യനും എന്ന രണ്ടുപേർ ഉണ്ടായിരുന്നു. (യോഹ, 8:16-18; 8:29; 16:32). ദൈവമല്ല നമുക്കുവേണ്ടി ക്രൂശിൽ മരിച്ചത്; ദൈവത്തിൻ്റെ പ്രത്യക്ഷതയായ പാപമറിയാത്ത മനുഷ്യനായിരുന്നു: (1കൊരി, 15:21; 2കൊരി, 5:21; 1തിമൊ, 2:5,6; 3:14-16). പ്രത്യക്ഷനായവൻ തൻ്റെ ശുശ്രൂഷ തികച്ച് അപ്രത്യക്ഷനായാൽ ആ പദവിയല്ലാതെ മറ്റൊരു വ്യക്തിയായി ഉണ്ടാകുകയില്ല. ആരാണോ മനുഷ്യനായി പ്രത്യക്ഷനായത്, അവനാണ് ഇന്നലെയും ഇന്നും എന്നെന്നേക്കും അനന്യനും മഹാദൈവവുമായ യഹോവ അഥവാ യേശുക്രിസ്തു: (ആവ, 10:17; തീത്തൊ, 2:12; എബ്രാ, 13:8). ആകാശത്തിനു കീഴിൽ മനുഷ്യരുടെ ഇടയിൽ രക്ഷയ്ക്കായി യേശുക്രിസ്തുവെന്ന ഏകനും ഏകനാമവുമല്ലാതെ മറ്റൊരു നാമമില്ലെന്ന് അപ്പൊസ്തലന്മാരിൽ പ്രഥമനും പ്രധാനിയുമായ പത്രൊസ് വിളിച്ചുപറഞ്ഞതോർക്കുക: (പ്രവൃ, 4:12). പഴയനിയമത്തിൽ സകലജാതികൾക്കും രക്ഷയ്ക്കായുള്ള ഏകദൈവവും നാമവും യഹോവയായിരുന്നു എന്നതുമോർക്കുക: (യെശ, 45:5,6,22). 

യഹോവ തന്നെയാണോ മനുഷ്യനായി വെളിപ്പെട്ട് ക്രൂശിൽ മരിച്ചതെന്നു പലർക്കും സംശയമുണ്ടാകാം: ദൈവഭക്തിയെക്കുറിച്ചുള്ള മർമ്മത്തിൽ “God was manifest in the flesh” എന്നാണ് കെ.ജെ.വി ഉൾപ്പെടെയുള്ള പല ഇംഗ്ലീഷ് പരിഭാഷകളിലും കാണുന്നത്; എന്നാൽ അത് പൂർണ്ണമായും ശരിയല്ല; ഭാഷയുടെ വ്യാകരണം അറിയാവുന്നവർ “അവൻ ജഡത്തിൽ വെളിപ്പെട്ടു” എന്നതിലെ ‘അവൻ’ എന്ന ‘സർവ്വനാമം’ മാറ്റിയിട്ട് തൽസ്ഥാനത്ത് ‘നാമം’ ചേർത്താൽ; “ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു എന്നു കിട്ടും.” (1തിമൊ, 3:14-16) ജീവനുള്ള ദൈവം യഹോവയാണ്: (യിരെ, 10:19). ഇനി യഹോവയായ ദൈവം പറയുന്നത് കേൾക്കുക: “And I will pour upon the house of David, and upon the inhabitants of Jerusalem, the spirit of grace and of supplications: and they shall look upon me whom they have pierced, and they shall mourn for him, as one mourneth for his only son, and shall be in bitterness for him, as one that is in bitterness for his firstborn.” “അവർ കുത്തിയ എന്നെ നോക്കും” (സെഖ, 12:10. KJV). എന്നെയാണ് അവർ കുത്തിത്തുളച്ചതെന്ന് യഹോവ പറയുമ്പോൾ വിശ്വസിക്കാതെ പറ്റില്ലല്ലോ? മലയാളം പരിഭാഷയും കാണുക:  “ഞാന്‍ ദാവീദ് ഗൃഹത്തിന്മേലും, യറുശലേം നിവാസികളുടെ മേലും കൃപയുടെയും ആശ്വാസത്തിന്‍റേയും ആത്മാവിനെ പകരും; അവര്‍ കുത്തിത്തുളച്ചവനായ എങ്കലേക്കു നോക്കുകയും ഏകജാതനെ പ്രതി വിലപിക്കുന്നതു പോലെ അവനു വേണ്ടി വിലപിക്കുകയും ചെയ്യും; ആദ്യജാതനുവേണ്ടി വ്യസനിക്കുന്നതുപോലെ അവനു വേണ്ടി വ്യസനിക്കും.” (സെഖ, 12:10. വി.ഗ്ര). അടുത്തത്; യഹോവ ഒലിവുമലയിൽ വരും; ഒലിവുമല കിഴക്കുപടിഞ്ഞാറായി നടുവെ പിളർന്നുപോകുമെന്നു സെഖര്യാവു പറയുന്നു: (14:3,4). ഒലിവുമലയിൽ നിന്നു യേശുക്രിസ്തു സ്വർഗ്ഗാരോഹണം ചെയ്തശേഷം രണ്ടു ദൂതന്മാർ വന്നു പറയുന്നു: യേശു പോയപോലെ വീണ്ടും വരും: (പ്രവൃ, 1:10,11). എവിടെയാണ് യേശു വരുന്നത്? ഒലിവുമലയിൽ. ആരാണ് വരുന്നത്? യഹോവ അഥവാ യേശുക്രിസ്തു.

“നിങ്ങൾ എന്നെ ആകട്ടെ എന്റെ പിതാവിനെ ആകട്ടെ അറിയുന്നില്ല; എന്നെ അറിഞ്ഞു എങ്കിൽ എന്റെ പിതാവിനെയും അറിയുമായിരുന്നു.” (യോഹ, 8:19). യേശു 2,000 വർഷംമുമ്പ് യെഹൂദന്മാരോട് പറഞ്ഞതാണിത്. എന്നാലിന്നും അനേകർക്ക് ദൈവപിതാവിനെയും ദൈവപുത്രനെയും മനസ്സിലായിട്ടില്ല എന്നതാണ് വസ്തുത. ബൈബിൾ വെളിപ്പെടുത്തുന്ന പിതാവ് മാത്രമാണ് ദൈവം: (യോഹ, 17:3; 1കൊരി, 8:6; എഫെ, 4:6). ആ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ് പുത്രൻ: (1തിമൊ, 3:14-16; 1പത്രൊ, 1:20). നിത്യജീവനെക്കുറിച്ചുള്ള പ്രധാനമായൊരു പ്രസ്താവന ക്രിസ്തുവിൻ്റേതായുണ്ട്: “ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.” (യോഹ, 17:3). എന്താണ് ഈ വേദഭാഗത്തിൻ്റെ അർത്ഥമെന്ന് പലർക്കുമറിയില്ല. ‘ഒറ്റ’ (single/alone/only) എന്ന ഖണ്ഡിതമായ അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന മോണോസ് (monos) എന്ന പദംകൊണ്ടാണ് യേശു പിതാവിനെ ഏക(monos)സത്യദൈവം (the only true God) എന്ന് വിശേഷിപ്പിച്ചിരിക്കുന്നത്. അതായത്, പിതാവ് മാത്രമാണ് സത്യദൈവം അഥവാ ഒരേയൊരു സത്യദൈവം പിതാവാണ് എന്നാണ് യേശു പറഞ്ഞത്. പിതാവ് മാത്രമാണ് സത്യദൈവമെന്ന് ഒരാൾ പറഞ്ഞാൽ, ആ പറയുന്നയാൾ ദൈവമല്ല; മനുഷ്യനാണെന്നാണ് ആദ്യം മനസ്സിലാക്കേണ്ടത്. ദൈവം ഒരുത്തൻ മാത്രമാണെന്നും (യോഹ, 5:44) അവനെ മാത്രമേ ആരാധിക്കാവു എന്നും (മത്താ, 4:10) പിതാവു മാത്രമാണ് സകലവും അറിയുന്നതെന്നും (മത്താ, 24:36) മോണോസ് ഉപയോഗിച്ച് ഖണ്ഡിതമായ അർത്ഥത്തിൽ യേശു പറഞ്ഞിട്ടുണ്ട്. താൻ ദൈവത്തിൻ്റെ വെളിപ്പാടായ മനുഷ്യൻ മാത്രമായതിനാലാണ്, പിതാവ് മാത്രമാണ് സത്യദൈവമെന്ന് തനിക്കു പറയാൻ കഴിഞ്ഞത്. അതായത്, യേശുക്രിസ്തുവെന്ന മനുഷ്യൻ പറയുന്നതിൻ്റെ അർത്ഥമിതാണ്: ഒരേയൊരു സത്യദൈവമായ പിതാവിനെയും പിതാവിനാൽ അയക്കപ്പെട്ട അഥവാ അവൻ്റെ വെളിപ്പാടായ മനുഷ്യനായ യേശുക്രിസ്തുവിനെയും അറിയുന്നതാണ് നിത്യജീവൻ: (യോഹ, 17:3). ഏകദൈവത്തെയും ആ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ മനുഷ്യനെയും വേർതിരിച്ചറിയുന്നതാണ് നിത്യജീവനെങ്കിൽ, ദൈവപിതാവിനെയും മനുഷ്യനായ പുത്രനെയും വേർതിരിച്ചറിയണ്ടേ???… പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക. [ഏകസത്യദൈവം, മുഴുവൻ തെളിവുകളും കാണാൻ : യഹോവയും യേശുവും ഒന്നാണോ?]