☛ ദൈവത്തിൻ്റെ ആത്മാവ് (റോമ, 8:9) അല്ലെങ്കിൽ ദൈവത്തിൻ്റെ പരിശുദ്ധാത്മാവ് (എഫെ, 4:30) ദൈവത്തിൽനിന്ന് വിഭിന്നനായ വ്യക്തിയാണെന്ന് പലരും വിചാരിക്കുന്നു. പരിശുദ്ധാത്മാവ് ദൈവത്തിൻ്റെ അദൃശ്യമായ സാന്നിധ്യമാണ്. അല്ലാതെ, ദൈവത്തിൽനിന്ന് വിഭിന്നനായ ദൈവമാണെന്നോ, വ്യക്തിയാണെന്നോ വചനം പഠിപ്പിക്കുന്നില്ല. അതായത്, ആകാശങ്ങളും ഭൂമിയും നിറഞ്ഞുനിൽക്കുന്ന ആത്മാവായ ഏകദൈവം (യോഹ, 4:24) മനുഷ്യനിൽ തൻ്റെ പ്രത്യേക പ്രവൃത്തികൾ ചെയ്യന്നത് പരിശുദ്ധാത്മാവെന്ന തൻ്റെ അദൃശ്യമായ സാന്നിധ്യത്തിലൂടെയാണ്: (യിരെ, 23:24; യോഹ, 4:24 – യോഹ, 3:6-8; 2ശമൂ, 23:2). അതുകൊണ്ടാണ്, ആത്മാവ് വരും (യോഹ, 16:13), ആത്മാവിനെ തരും (യോഹ, 14:16), ആത്മാവിനെ അയക്കും (യോഹ, 16:7), അത്മാവ് അവൻ്റെമേൽ വന്നു (ന്യായാ, 14:6) എന്നേക്കും കൂടെയിരിക്കും (യോഹ, 14:16), ആത്മാവ് വിട്ടുപോയി (1ശമൂ, 16:14) എന്നൊക്കെ പറയുന്നത്. സർവ്വപ്രപഞ്ചവും നിറഞ്ഞുനില്ക്കുന്ന ആത്മാവായ ദൈവം പുൽക്കൊടിക്ക് സമനായ മനുഷ്യനോട് ഇടപെടാനും അവൻ്റെ ഉള്ളിൽ വസിക്കാനും എടുക്കുന്ന അദൃശ്യമായ തൻ്റെ സാന്നിധ്യമാണ് പരിശുദ്ധാത്മാവ്.
☛ ദൈവത്തിൻ്റെ അദൃശ്യമായ സാന്നിധ്യം:
പഴയനിയമത്തിൽ പരിശുദ്ധാത്മാവിനെ “ദൈവത്തിൻ്റെ അദൃശ്യമായ സാന്നിധ്യം” (Invisible Presence of God) എന്ന അർത്ഥത്തിൽ പറഞ്ഞിരിക്കുന്ന പല വേദഭാഗങ്ങളുമുണ്ട്. അഞ്ച് വാക്യങ്ങൾ തെളിവായി തരാം:
❶ “ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു. ഭൂമി പാഴായും ശൂന്യമായും ഇരുന്നു; ആഴത്തിന്മീതെ ഇരുൾ ഉണ്ടായിരുന്നു. ദൈവത്തിന്റെ ആത്മാവു വെള്ളത്തിൻ മീതെ പരിവർത്തിച്ചുകൊണ്ടിരുന്നു.” (ഉല്പ, 1:1). ഒന്നാം വാക്യത്തിൽ, “ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു” എന്നും, രണ്ടാം വാക്യത്തിൽൾ “ദൈവത്തിൻ്റെ ആത്മാവു വെള്ളത്തിൻ മീതെ പരിവർത്തിച്ചുകൊണ്ടിരുന്നു” എന്നുമാണ്. ആരാണോ, സകലവും സൃഷ്ടിച്ചത് അവൻ്റെ ആത്മാവ് അല്ലെങ്കിൽ അവൻ്റെ സജീവമായ സാന്നിധ്യം വെള്ളത്തിന്മേൽ ഉണ്ടായിരുന്നു എന്നാണ് രണ്ടാം വാക്യത്തിൻ്റെ എബ്രായയിലെ അർത്ഥം. അല്ലാതെ, ഒരു വ്യക്തി സൃഷ്ടിച്ചു; മറ്റൊരു വ്യക്തി വെള്ളത്തിന്മേൽ ഉണ്ടായിരുന്നു എന്നല്ല.
☛ ഉല്പത്തി 1:1-ലെ “ദൈവം” (God) അഥവാ, “എലോഹീം” (Elohim) ത്രിത്വമാണെന്നാണ് ഒരു വലിയ വിഭാഗം വിശ്വസിക്കുന്നു. ഇവരുടെ ഉപദേശ വൈരുദ്ധ്യം ബൈബിളിൻ്റെ ആദ്യഭാഗത്തുതന്നെ മനസ്സിലാക്കാം. ഇവരുടെ “ദൈവം” (God) എന്നത് ഒരുത്തനല്ല; മൂന്ന് വ്യക്തികളുടെ സാരാംശമാണ്. ആദ്യവാക്യത്തിൽ, മൂന്ന് വ്യക്തികളുടെ സാരാംശമായ ദൈവമാണ് (Elohim) സൃഷ്ടി നടത്തുന്നത്. അടുത്തവാക്യത്തിൽ, മൂന്ന് വ്യക്തികളിൽ ഒരുവനായ ആത്മാവല്ല; മൂവരുടെയും സാരാശമായ ദൈവത്തിൻ്റെ ആത്മാവാണ് വെള്ളത്തിന്മേൽ പരിവർത്തിച്ചുകൊണ്ടിരുന്നത്. ഒന്നാം വാക്യത്തിലെ ദൈവം ത്രിത്വമാണെങ്കിൽ, രണ്ടാം വാക്യത്തില ദൈവത്തിൻ്റെ (ത്രിത്വം) ആത്മാവ് നാലാമത്തെ വ്യക്തിയാകും. ഇതാണവരുടെ ഉപദേശം!
❷ “എന്റെ സാന്നിദ്ധ്യം നിന്നോടുകൂടെ പോരും; ഞാൻ നിനക്കു സ്വസ്ഥത നല്കും” എന്നു ദൈവം മോശെയോട് അരുളിച്ചെയ്തതായി കാണാം: (പുറ, 33:14). യെശയ്യാവ് ഇതിനെക്കുറിച്ച് പറയുമ്പോൾ, “താഴ്വരയിലേക്കു ഇറങ്ങിച്ചെല്ലുന്ന കന്നുകാലികളെപ്പോലെ യഹോവയുടെ ആത്മാവു അവരെ തഞ്ചുമാറാക്കി; അങ്ങനെ നീ നിനക്കു മഹത്വമുള്ളോരു നാമം ഉണ്ടാക്കേണ്ടതിന്നു നിന്റെ ജനത്തെ നടത്തി” എന്നാണ്: (യെശ, 63:14). “തഞ്ചുമാറാക്കി” എന്നതിന് “വിശ്രമം നൽകുമാറാക്കി” എന്നാണർഥത്ഥം. യഹോയുടെ ആത്മാവ് അവർക്ക് വിശ്രമം നല്കി എന്നാണ്. അതാണ് എബ്രായയിലെ ആശയവും. അതായത്, ദൈവത്തിൻ്റെ സാന്നിദ്ധ്യം എന്ന് പുറപ്പാടിൽ പറയുന്നത് ദൈവത്തിൻ്റെ ആത്മാവിനെയാണ്. അല്ലെങ്കിൽ ആത്മസാന്നിധ്യത്തെയാണ്.
❸ “നിന്റെ സന്നിധിയിൽനിന്നു എന്നെ തള്ളിക്കളയരുതേ; നിന്റെ പരിശുദ്ധാത്മാവിനെ എന്നിൽനിന്നു എടുക്കയുമരുതേ.” (സങ്കീ, 51:11). എബ്രായയിലെ “പാനിം” (Pānîm) എന്ന പദമാണ് ഇവിടെ കാണുന്നത്. “സാന്നിധ്യം” (Presence) എന്നാണർത്ഥം. പരിശുദ്ധാത്മാവിലൂടെയുള്ള നിൻ്റെ സാന്നിധ്യം എന്നിൽനിന്ന് എടുക്കരുതേ എന്നാണ് ദാവീദ് തൻ്റെ പാപത്തെയോർത്ത് പശ്ചാത്തപിച്ചുകൊണ്ട് ദൈവത്തോട് പ്രാർത്ഥിക്കുന്നത്. ഈ കാവ്യരീതിയെ എബ്രായയിലെ “പര്യായ സമാന്തരത്വം” (Synonymous Parallelism): എന്നാണ് പറയുന്നത്. അതായത്, ഒരേ കാര്യത്തെ പര്യായ പദങ്ങൾകൊണ്ട് ആവർത്തിച്ഛു പറയുന്ന രീതിയാണിത്. ഇവിടെ, ദൈവത്തിൻ്റെ സന്നിധി അല്ലെങ്കിൽ സാന്നിധ്യം എന്ന് പറയുന്നത് പരിശുദ്ധാത്മാവിനെയാണ്.
❹ “നിന്റെ ആത്മാവിനെ ഒളിച്ചു ഞാൻ എവിടേക്കു പോകും? തിരുസന്നിധി വിട്ടു ഞാൻ എവിടേക്കു ഓടും?” (സങ്കീ, 139:7). ഇവിടെയും അതേ ആശയമാണ്. ദൈവത്തിൻ്റെ ആത്മാവിനെ തിരുസന്നിധി അല്ലെങ്കിൽ ദൈവസാന്നിധ്യമായാണ് ദാവീദുതന്നെ പറഞ്ഞിരിക്കുന്നത്.
❺ “യഹോവയുടെ അരുളപ്പാടു; ഞാൻ നിങ്ങളോടുകൂടെ ഉണ്ടല്ലോ എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു. നിങ്ങൾ മിസ്രയീമിൽ നിന്നു പുറപ്പെട്ടപ്പോൾ ഞാൻ നിങ്ങളോടു ചെയ്തിരിക്കുന്ന നിയമത്തിന്റെ വചനം ഓർപ്പിൻ; എന്റെ ആത്മാവു നിങ്ങളുടെ ഇടയിൽ വസിക്കുന്നു; നിങ്ങൾ ഭയപ്പെടേണ്ടാ.” (ഹഗ്ഗാ, 2:4-5). ആദ്യവാക്യത്തിൽ “ഞാൻ നിങ്ങളോടുകൂടെ ഉണ്ടു” എന്നും, അടുത്തവാക്യത്തിൽ, “എന്റെ ആത്മാവു നിങ്ങളുടെ ഇടയിൽ വസിക്കുന്നു” എന്നും അഭിന്നമായി ദൈവം പറഞ്ഞിരിക്കുന്നത് നോക്കുക. ഈ വേദഭാഗത്തുനിന്ന്, ദൈവത്തിൻ്റെ അദൃശ്യമായ സാന്നിധ്യമാണ് പരിശുദ്ധാത്മാവ് എന്ന് വ്യക്തമായി മനസ്സിലാക്കാം. ➟ഒന്നുകൂടി ശ്രദ്ധിക്കുക: “എന്റെ ആത്മാവു നിങ്ങളുടെ ഇടയിൽ വസിക്കുന്നു” എന്ന് പറഞ്ഞശേഷം, “നിങ്ങൾ ഭയപ്പെടേണ്ടാ” എന്ന് ദൈവം അവരോട് പറയുന്നത് നോക്കുക. ദൈവം അദൃശ്യനായ ആത്മാവ് എന്ന നിലയിൽ അവരോടുകൂടെ വസിക്കുന്നതുകൊണ്ട്, അവർ ദൈവത്തെ കാണുന്നില്ല. നേരിട്ട് ദൈവം അവർക്ക് പ്രത്യക്ഷനായിരുന്നെങ്കിൽ, അവർ ദേവത്തെ തങ്ങളുടെ കണ്ണുകൊണ്ട് കാണുന്നതുകൊണ്ട് “നിങ്ങൾ ഭയപ്പെടേണ്ടാ” എന്ന് പറയാൻ ആവശ്യമില്ല. അതിനാൽ പരിശുദ്ധാത്മാവ് ദൈവത്തിൻ്റെ അദൃശ്യമായ സാന്നിധ്യമാണെന്ന് സംശയലേശമെന്യേ മനസ്സിലാക്കാം. പുതിയനിയമത്തിലും പല തെളിവുകളുണ്ട്; അത് താഴെക്കാണാം.
☛ എബ്രായ ഭാഷയിൽ “സന്നിധി/സാന്നിധ്യം” (Presence) എന്നതിന് ഉപയോഗിക്കുന്ന “പാനിം” (פָּנִים ⁃ pānîm) എന്ന വാക്കിൻ്റെ അക്ഷരാർത്ഥം “മുഖം” (Face) എന്നാണ്. ഒരു വ്യക്തിയുടെ മുഖം ആ വ്യക്തിയുടെ നേരിട്ടുള്ള സാന്നിധ്യത്തെ സൂചിപ്പിക്കുന്നതുപോലെ, ദൈവത്തിൻ്റെ അദൃശ്യമായ സാന്നിധ്യത്തെയും പ്രവർത്തനത്തെയും കുറിക്കാൻ പഴയനിയമ എഴുത്തുകാർ ആത്മാവിനെ (Spirit) കുറിക്കുന്ന “റൂഹ്” (רוּחַ ⁃ rûaḥ) പദമാണ് ഉപയോഗിച്ചിരിക്കുന്നത്.
☛ കാണപ്പെടാത്തതും എന്നാൽ പ്രവർത്തിക്കുന്നതുമായ ദൈവസാന്നിധ്യമാണ് പരിശുദ്ധാത്മാവ് അല്ലെങ്കിൽ ആത്മാവ്. എബ്രായയിലെ റൂഹ് (rûaḥ) എന്ന വാക്കിൻ്റെയും ഗ്രീക്കില “ന്യൂമ” (Pneuma) എന്ന പദത്തിൻ്റെയും അടിസ്ഥാനാർത്ഥങ്ങളിൽ ഒന്ന് “കാറ്റ്” (wind) അല്ലെങ്കിൽ “ശ്വാസം” (breath) എന്നാണ്. കാറ്റിനെ നമുക്ക് നേരിട്ട് കാണാൻ കഴിയില്ലെങ്കിലും, അത് വീശുമ്പോൾ ഉണ്ടാകുന്ന ചലനങ്ങളിലൂടെയും ഫലങ്ങളിലൂടെയും അതിൻ്റെ സാന്നിധ്യം അറിയാൻ സാധിക്കും. അതുപോലെ ആത്മാവ് സൃഷ്ടിയിലും പ്രവാചകന്മാരിലും വിശുദ്ധന്മാരിലും പ്രവർത്തിക്കുന്ന അദൃശ്യമായ ദൈവവ ദൈവസാന്നിധ്യമാണ്.
☛ ദൈവത്തിൽ വ്യക്തികളില്ല;
➟ ദൈവം മൂന്ന് വ്യക്തികളാണെന്ന് കരുതുന്നവരുണ്ട്. എന്നാൽ “വ്യക്തി” (Person) എന്ന പദം ദൈവത്തെ കുറിക്കുന്നതല്ല; മനുഷ്യരെ കുറിക്കുന്നതാണ്. ദൈവം വ്യക്തിയാണെന്നോ, ദൈവത്തിൽ വ്യക്തികളുണ്ടെന്നോ ദൈവശ്വാസീയമായ തിരുവെഴുത്തുകളിൽ എവിടെയും പറഞ്ഞിട്ടില്ല. ഏകദൈവത്തിന് വെളിപ്പാടുകൾ (Manifestations) അഥവാ, പ്രത്യക്ഷതകളും ദൈവത്തിൻ്റെ അദൃശ്യമായ സാന്നിധ്യവുമാണുള്ളത്. “ദൈവത്തിൻ്റെ വചനം ഭരമേല്പിക്കപ്പെട്ടവരും ദൈവം പഴയപുതിയ നിയമം ചെയ്തിരിക്കുന്നവരുമായ യെഹൂദന്മാരും “പരിശുദ്ധാത്മാവിനെ” (Ruach Ha-Kodes) ദൈവത്തിൽനിന്ന് വിഭിന്നനായി മനസ്സിലാക്കുന്നില്ല.”
☛ നമ്മുടെ കർത്താവായ ക്രിസ്തു, വീണ്ടുംജനനത്തെക്കുറിച്ച് പഠിപ്പിച്ചപ്പോൾ ആത്മാവിനെക്കുറിച്ചുള്ള ഈ വസ്തുത വളരെ വ്യക്തമായി പഠിപ്പിച്ചിട്ടുണ്ട്: “ജഡത്താൽ ജനിച്ചതു ജഡം ആകുന്നു; ആത്മാവിനാൽ ജനിച്ചതു ആത്മാവു ആകുന്നു. നിങ്ങൾ പുതുതായി ജനിക്കേണം എന്നു ഞാൻ നിന്നോടു പറകയാൽ ആശ്ചര്യപ്പെടരുതു. കാറ്റു ഇഷ്ടമുള്ളേടത്തു ഊതുന്നു; അതിന്റെ ശബ്ദം നീ കേൾക്കുന്നു; എങ്കിലും അതു എവിടെനിന്നു വരുന്നു എന്നും എവിടേക്കു പോകുന്നു എന്നും അറിയുന്നില്ല; ആത്മാവിനാൽ ജനിച്ചവൻ എല്ലാം അതുപോലെ ആകുന്നു” എന്നു ഉത്തരം പറഞ്ഞു.” (യോഹ, 3:6-8). അതിനാൽ ആത്മാവ് ദൈവത്തിൽനിന്ന് വിഭിന്നനായ ദൈവമോ, വ്യക്തിയോ അല്ല; പിതാവായ ഏകസത്യദൈവത്തിൻ്റെ (Father, the only true God) അദൃശ്യമായ സാന്നിധ്യമാണെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം.
☛ പിതാവായ ദൈവവും പരിശുദ്ധാത്മാവും വിഭിന്നരല്ല എന്നതിന് അനേകം തെളിവുകൾ പഴയപുതിയ നിയമങ്ങളിൽ കാണാം:
𝟭. യഹോവയുടെ ആത്മാവ്:
➟ “നിന്റെ (യഹോവ) ആത്മാവിനെ ഒളിച്ചു ഞാൻ എവിടേക്കു പോകും? തിരുസന്നിധി വിട്ടു ഞാൻ എവിടേക്കു ഓടും? ഞാൻ സ്വർഗ്ഗത്തിൽ കയറിയാൽ നീ അവിടെ ഉണ്ടു; പാതാളത്തിൽ എന്റെ കിടക്ക വിരിച്ചാൽ നീ അവിടെ ഉണ്ടു. ഞാൻ ഉഷസ്സിൻ ചിറകു ധരിച്ചു, സമുദ്രത്തിന്റെ അറ്റത്തു ചെന്നു പാർത്താൽ അവിടെയും നിന്റെ കൈ എന്നെ നടത്തും; നിന്റെ വലങ്കൈ എന്നെ പിടിക്കും.” (സങ്കീ, 139:7-10). ഈ വേദഭാഗം പരിശോധിച്ചാൽ; ദൈവവും ആത്മാവും ഒന്നാണെന്ന് വ്യക്തമായി മനസ്സിലാക്കാം. നിൻ്റെ ആത്മാവിനെ അഥവാ, ദൈവത്തിൻ്റെ ആത്മാവിനെ ഒളിച്ച് ഞാൻ എവിടേക്ക് പോകും എന്ന് ചോദിച്ചു തുടങ്ങുന്ന ദാവീദ്, പിന്നെ പറയുന്നത് ശ്രദ്ധിക്കുക: ➟ഞാൻ സ്വർഗ്ഗത്തിൽ കയറിയാൽ നിൻ്റെ ആത്മാവ് അവിടെ ഉണ്ടെന്നല്ല; നീ അവിടെയുണ്ടെന്നാണ് പറയുന്നത്. ➟പാതാളത്തിൽ കിടക്ക വിരിച്ചാൽ നിൻ്റെ ആത്മാവ് അവിടെ ഉണ്ടെന്നല്ല; നീ അവിടെയുണ്ടെന്നാണ് പറയുന്നത്. ➟സമുദ്രത്തിന്റെ അറ്റത്തു ചെന്നു പാർത്താൽ നിൻ്റെ ആത്മാവ് എന്നെ പിടിക്കുമെന്നല്ല; നിന്റെ കൈ എന്നെ പിടിക്കും എന്നാണ് പറയുന്നത്. ഈ വേദഭാഗത്ത്, യഹോവയായ ദൈവത്തിൻ്റെ ആത്മാവിനെ വിഭിന്ന വ്യക്തിയായി മനസ്സിലാക്കിയാൽ, ദൈവത്തിൻ്റെ “കൈ” ദൈവത്തിൽനിന്ന് വിഭിന്ന വ്യക്തിയാണെന്ന് മനസ്സിലാക്കണം. ദൈവവും അവൻ്റെ ആത്മാവും ഒരർത്ഥത്തിലും വിഭിന്നരല്ല എന്നതിൻ്റെ സുവ്യക്തമായ തെളിവാണിത്.
𝟮. യഹോയുടെയും പരിശുദ്ധാത്മാവിൻ്റെയും ഭാഷണം:
➟ യെശയ്യാവ് 6:8-10-ൽ പ്രവാചകൻ കേട്ട ഭാഷണം യഹോവയായ ദൈവത്തിൻ്റെയാണ്. എന്നാൽ യെശയ്യാവ് കേട്ടത് പരിശുദ്ധാത്മാവിൻ്റെ ഭാഷണമാണെന്ന് പൗലൊസ് വ്യക്തമാക്കുന്നു. (പ്രവൃ, 28:26-27). യഹോവയും പരിശുദ്ധാത്മാവും ഏതെങ്കിലും വിധത്തിൽ വിഭിന്നരായിരുന്നെങ്കിൽ പൗലൊസ് ഇപ്രകാരം പറയുമായിരുന്നില്ല.
𝟯. യഹോവയും ആത്മാവും സൃഷ്ടിച്ചു:
➟ താൻ ഒറ്റയ്ക്കാണ് സൃഷ്ടി നടത്തിയതെന്ന് യഹോവ ഖണ്ഡിതമായി പറഞ്ഞിട്ടുണ്ട്: (യേശ, 44:24). പഴയനിയമ ഭക്തന്മാർ പല വേദഭാഗങ്ങളിലൂടെ അക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്: (2രാജാ, 19:15; നെഹെ, 9:6; യെശ, 37:16; മലാ, 2ൻ്റെ10; യെശ, 64:8). പിതാവായ യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്നും (യോഹ, 5:44; 17:3), ഒരുത്തൻ മാത്രമാണ് സ്രഷ്ടാവെന്ന് യേശുവും പഠിപ്പിച്ചിട്ടുണ്ട്: (മത്താ, 19:4). എന്നാൽ “ദൈവത്തിന്റെ ആത്മാവാണ് തന്നെ സൃഷ്ടിച്ചതെന്ന് ഇയ്യോബ് പറഞ്ഞിരിക്കുന്നു. (ഇയ്യോ, 33:4 ). ദൈവം തൻ്റെ ആത്മാവിനെ അയച്ച് സൃഷ്ടിക്കുന്നതായി വേറെയും വാക്യമുണ്ട്. (സങ്കീ, 104:30). ഈ വേദഭാഗത്ത്, ആത്മാവിനെ സത്യവേദപുസ്തകത്തിൽ “ശ്വാസം” എന്നാണ് പരിഭാഷ ചെയ്തിരിക്കുന്നത്. യഹോവ ഒരുത്തൻ മാത്രമാണ് സ്രഷ്ടാവെന്ന് ഖണ്ഡിതമായി അനേകം വാക്യങ്ങളിൽ പറഞ്ഞിരിക്കെ, പരിശുദ്ധാത്മാവ് ദൈവത്തിൽനിന്ന് ഏതെങ്കിലും വിധത്തിൽ വിഭിന്നനാണെങ്കിൽ, ആത്മാവ് സൃഷ്ടിച്ചു എന്ന് ഒരിക്കലും പറയില്ലായിരുന്നു,. അങ്ങനെവന്നാൽ, ബൈബിൾ പരസ്പര വിരുദ്ധമെന്നേ വരൂ.
☛ ആത്മാവ് സൃഷ്ടിച്ചു എന്ന് പറഞ്ഞിരിക്കയാൽ, ആത്മാവ് ദൈവത്തിൽനിന്ന് വിഭിന്നനാണെന്ന് കരുതുന്നവരുണ്ട്. സൃഷ്ടിയെ കുറിക്കുന്ന ഏഴ് പ്രയോഗങ്ങൾ നോക്കുക:.
❶ യഹോവ ഒറ്റയ്ക്ക് (Bad ⁃ Alone) ആകാശവും ഭൂമിയും സൃഷ്ടിച്ചു. (യെശ, 44:24),
❷ ദൈവത്തിൻ്റെ ആത്മാവ് സഷ്ടിച്ചു: (ഇയ്യോ, 33;4; സങ്കീ, 33:6; സങ്കീ, 104:30),
❸ യഹോവയുടെ വചനത്താൽ ഉളവാക്കി: (സങ്കീ, 33:6),
❹ യഹോവയുടെ ജ്ഞാനത്താൽ സ്ഥാപിച്ചു: (സദൃ, 3:19; യിരെ, 10:12; 51:15),
❺ യഹോവയുടെ വിവേകത്താൽ ഉറപ്പിച്ചു/വിരിച്ചു: (സദൃ, 3:19; യിരെ, 10:12; 51:15),
❻ യഹോവയുടെ ശക്തിയാൽ സൃഷ്ടിച്ചു. (യിരെ, 10:12; 51:12),
❼ യഹോവയുടെ ഭുജത്താൽ ഉണ്ടാക്കി: (യിരെ, 27:5; 32:17)
☛ ഇതുപ്രകാരം, യഹോവയായ ദൈവത്തിൻ്റെ ആത്മാവ് ദൈവത്തിൽനിന്ന് വിഭിന്നനാണെങ്കിൽ, യഹോവയുടെ വായിൽനിന്ന് പുറപ്പെട്ട വചനവും, ജ്ഞാനവും വിവേകവും ശക്തിയും ഭൂജവും ദൈവത്തിൽനിന്ന് വിഭിന്നരാണെന്ന് സമ്മതിക്കേണ്ടിവരും. അത് വല്ലാത്ത ഉപദേശമായിമാറും.
𝟰. യേശുവിൻ്റെ പിതാവ്:
➟ യേശുവിനെ കന്യകയിൽ ഉല്പാദിതമാക്കിയത് അല്ലെങ്കിൽ, അവനെ ജനിപ്പിച്ചത് പരിശുദ്ധാത്മാവാണ്. (മത്താ, 1:18; 1:20; ലൂക്കൊ, 2:21). എന്നാൽ “ഇവൻ എൻ്റെ പ്രിയപുത്രൻ” എന്ന് അവനെ സംബോധന ചെയ്തത് പിതാവായ ദൈവമാണ്: (മത്താ, 3:17; 17:5; 2പത്രൊ, 1:17). ജനയിതാവിന് മാത്രമേ ജനിച്ചവനെ “പുത്രൻ” എന്ന് സംബോധന ചെയ്യാൻ കഴിയുകയുള്ളൂ. പിതാവും പരിശുദ്ധാത്മാവും വിഭിന്നരാണെങ്കിൽ ഇതൊരു വൈരുദ്ധ്യമായിമാറും.
𝟱. പരിശുദ്ധാത്മാവും പിതാവും:
➟ പരിശുദ്ധാത്മാവാണ് ദേഹരൂപത്തിൽ യേശുവിൻ്റെമേൽ ആവസിച്ചത്. (ലൂക്കൊ, 3:22). പിതാവ് യേശുവിൻ്റെമേൽ ആവസിച്ചതായി പറഞ്ഞിട്ടില്ല. എന്നാൽ പിതാവാണ് തൻ്റെകൂടെ ഉള്ളതെന്നാണ് യേശു പറഞ്ഞത്. (യോഹ, 16:32. ഒ.നോ: 3:2; 8:16,29). പിതാവും പരിശുദ്ധാത്മാവുമെന്ന വിഭിന്നരായ രണ്ടുപേർ, യേശുവിൻ്റെ കൂടെ ഉണ്ടായിരുന്നു എന്ന് ചിലർ കരുതുന്നു,. എന്നാൽ മരണസമയത്ത് പിതാവായ ദൈവം മാത്രമാണ് യേശുവിനെ വിട്ടുമാറിയത്. (മത്താ, 27:46; മർക്കൊ, 15;33). പരിശുദ്ധാത്മാവ് ക്രിസ്തുവിനെ വിട്ടുമാറിയതായി എവിടെയും പറഞ്ഞിട്ടില്ല. തന്നെയുമല്ല, പരിശുദ്ധാത്മാവ് അവൻ്റെകൂടെ മരിച്ചില്ല; പരിശുദ്ധാത്മാവിലാണ് അവൻ മരണം ആസ്വദിച്ചത്. (എബ്രാ, 9:14). പിതാവും പരിശുദ്ധത്മാവും വിഭിന്നർ ആയിരുന്നെങ്കിൽ, ഇതും വലിയ വൈരുദ്ധ്യമാകുമായിരുന്നു.
𝟲. ദൈവാത്മാവിനാലും ദൈവത്താലും:
➟ താൻ ദൈവാത്മാവിനാൽ അത്ഭുതങ്ങൾ പ്രവർത്തിക്കുന്നു എന്നാണ് യേശു പറഞ്ഞത്. (മത്താ, 12:28). എന്നാൽ ദൈവമാണ് അവനെക്കൊണ്ട് അത്ഭുതങ്ങൾ ചെയ്യിച്ചതെന്ന് പത്രൊസ് പറയുന്നു. (പ്രവൃ, 2:22. ഒ.നോ: യോഹ, 3:2). ദൈവം കൂടെയിരുന്നതുകൊണ്ടാണ് അവൻ അത്ഭുതങ്ങൾ ചെയ്തതെന്നും പറഞ്ഞിട്ടുണ്ട്. (പ്രവൃ, 10:38). ദൈവവും പരിശുദ്ധാത്മാവും വിഭിന്നരാണെങ്കിൽ രണ്ടുപേരാലാണ് യേശു അത്ഭുതങ്ങൾ പ്രവർത്തിച്ചതെന്ന് പറയണം. അതിനാൽ, ദൈവവും പരിശുദ്ധാത്മാവും ഒന്നുതന്നെയാണെന്ന് അസന്ദിഗ്ധമായി മനസ്സിലാക്കാം.
𝟳. പിതാവിനോടുള്ള പ്രാർത്ഥന:
➟ പിതാവിനോടു പ്രാർത്ഥിക്കാൻ പറഞ്ഞിരിക്കുന്നത് ബൈബിളിൽ ആവർത്തിച്ചുകാണാം. “സ്വർഗ്ഗസ്ഥനായ പിതാവേ” എന്ന് സംബോധന ചെയ്തുകൊണ്ട് പ്രാർത്ഥിക്കാൻ പഠിപ്പിച്ചത് ക്രിസ്തുവാണ്. (മത്താ, 6:9-13; ലൂക്കൊ, 11:2-4). പിതാവിനോട് പ്രാർത്ഥിക്കാൻ ക്രിസ്തു ആവർത്തിച്ച് പറഞ്ഞിട്ടുമുണ്ട്. (യോഹ, 14:13; 15:16; 16:23), പിതാവിനെ സബോധന ചെയ്തുകൊണ്ട് ക്രിസ്തുവും പലവട്ടം പ്രാർത്ഥിച്ചിട്ടുണ്ട്. (യോഹ, 11:41; 12:27; 17:1,5,11,21,24,25). പരിശുദ്ധാത്മാവിൽ പ്രാർത്ഥിക്കാൻ അപ്പൊസ്തലന്മാർ പറഞ്ഞിട്ടുണ്ട്. (എഫെ, 6:18; യൂദാ, 1:20). എന്നാൽ പരിശുദ്ധാത്മാവിനോട് പ്രാർത്ഥിക്കാൻ ബൈബിളിൽ ഒരിക്കൽപ്പോലും പറഞ്ഞിട്ടില്ല. പിതാവും പരിശുദ്ധാത്മാവും വിഭിന്നരായിരുന്നുവെങ്കിൽ, ഒരിക്കലെങ്കിലും പരിശുദ്ധാത്മാവിനോട് പ്രാർത്ഥിക്കാൻ പറയുമായിരുന്നു. അല്ലെങ്കിൽ, അതുതന്നെ ആത്മാവിനെതിരെയുള്ള ദൂഷണമാകുമായിരുന്നു.
𝟴. യേശുവിൻ്റെ ഉയിർപ്പ്:
➟ ക്രിസ്തു മരണത്തിൽനിന്ന് ജീവിപ്പിക്കപ്പെട്ടത് ആത്മാവിനാലാണെന്നും (1പത്രൊ, 3:18), പിതാവായ ദൈവത്താലാണെന്നും അഭിന്നമായി പറഞ്ഞിട്ടുണ്ട്. (ഗലാ, 1:1. ഒ.നോ: പ്രവൃ, 2:24,31; 4:10; 5:31). ക്രിസ്തുവിനെ രണ്ടുപേർ ഉയിർപ്പിക്കേണ്ട ആവശ്യമില്ല; അവൻ രണ്ടുപ്രാവശ്യം ഉയിർക്കേണ്ട ആവശ്യവുമില്ല. അതിനാൽ പിതാവും പരിശുദ്ധാത്മാവും അഭിന്നരാണെന്ന് സ്ഫടികസ്ഫുടം വ്യക്തമാണ്.
𝟵. വീണ്ടുംജനനം:
➟ വ്യക്തികൾ വീണ്ടും ജനിക്കുന്നത് ആത്മാവിനാലാണെന്നും (യോഹ, 3:5; 3:6), ദൈവത്താലാണെന്നും അഭിന്നമായി പറഞ്ഞിട്ടുണ്ട്. (1യോഹ, 5:1; 5:18). ഒരു വ്യക്തി രണ്ടുപ്രാവശ്യം ജനിക്കുകയോ, വ്യത്യസ്തരായ രണ്ടുപേരാൽ വീണ്ടുംജനിക്കേണ്ടതോ ഇല്ല. തന്മൂലം, ദൈവവും പരിശുദ്ധാത്മാവും വിഭിന്നരല്ലെന്ന് അർത്ഥശങ്കയ്ക്ക് ഇടയില്ലാതെ തെളിയുന്നു.
𝟭𝟬. അനന്യാസും സഫീരയും:
➟ അനന്യാസ് വ്യാജം കാണിച്ചത് പരിശുദ്ധാത്മാവിനോടാണെന്നും ദൈവത്തോടാണെന്നും അഭിന്നമായി പറഞ്ഞിട്ടുണ്ട്. (പ്രവൃ, 5:3-4). ഒരാൾ രണ്ടുപേരാടോ, രണ്ട് ദൈവത്തോടോ വ്യാജം കാണിച്ചുവെന്ന് എന്തായാലും പറയാൻ പറ്റില്ല. അതിനാൽ, ദൈവവും പരിശുദ്ധാത്മാവും ഒന്നാണെന്നുള്ളത് തർക്കമറ്റ സംഗതിയാണ്.
𝟭𝟭. ദൈവത്തിൻ്റെ മന്ദിരം:
➟ വീണ്ടുംജനിച്ചവർ ദൈവത്തിൻ്റെ മന്ദിരമാണെന്നും (1കൊരി, 3:16) പരിശുദ്ധാത്മാവിൻ്റെ മന്ദിരമാണെന്നും അഭിന്നമായി പറഞ്ഞിട്ടുണ്ട്. (1കൊരി, 6:19). ആദ്യവാക്യം ഇപ്രകാരമാണ്: “നിങ്ങള് ദൈവത്തിന്റെ മന്ദിരം എന്നും ദൈവത്തിന്റെ ആത്മാവ് നിങ്ങളില് വസിക്കുന്നു എന്നും അറിയുന്നില്ലയോ?” (1കൊരി, 3:16). വിശ്വാസിയെ ദൈവത്തിൻ്റെ മന്ദിരമെന്ന് പറയുന്നത് എന്തുകൊണ്ടാണെന്ന് ഈ വാക്യത്തിൽ വ്യക്തമാണ്: ദൈവത്തിൻ്റെ ആത്മാവായ പരിശുദ്ധാത്മാവ് വ്യക്തിയിൽ വാസം ചെയ്യുന്നതുകൊണ്ടാണ്, അവനെ ദൈവത്തിൻ്റെ മന്ദിരം എന്ന് വിശേഷിപ്പിക്കുന്നത്: (എഫെ, 4:30). വീണ്ടുംജനിച്ച ഓരോരുത്തരും രണ്ടുപേരുടെ അല്ലെങ്കിൽ, രണ്ട് ദൈവത്തിൻ്റെ മന്ദിരമാണെന്ന് പറയാൻ പറ്റില്ല. തന്നെയുമല്ല, പുത്രൻ്റെ മന്ദിരമാണെന്ന് പറഞ്ഞിട്ടുമില്ല.
➟ അടുത്തവാക്യം: “ദൈവത്തിന്റെ ദാനമായി നിങ്ങളിൽ ഇരിക്കുന്ന പരിശുദ്ധാത്മാവിന്റെ മന്ദിരമാകുന്നു നിങ്ങളുടെ ശരീരം എന്നും നിങ്ങളെ വിലെക്കു വാങ്ങിയിരിക്കയാൽ നിങ്ങൾ താന്താങ്ങൾക്കുള്ളവരല്ല എന്നും അറിയുന്നില്ലയോ?” (1കൊരി, 6:19). ഈ വേദഭാഗത്ത്, വിശ്വാസിയുടെ ശരീരം “പരിശുദ്ധാത്മാവിൻ്റെ മന്ദിരം” എന്നു പറയുന്നത് നോക്കുക. മറ്റൊരു വാക്യം: “ദൈവത്തിന്റെ മന്ദിരം നശിപ്പിക്കുന്നവനെ ദൈവം നശിപ്പിക്കും; ദൈവത്തിന്റെ മന്ദിരം വിശുദ്ധമല്ലോ; നിങ്ങളും അങ്ങനെ തന്നേ.” (1കൊരി, 3:17). ശ്രദ്ധിക്കുക: “ദൈവത്തിന്റെ മന്ദിരം” നശിപ്പിക്കുന്നവനെ ദൈവം നശിപ്പിക്കും. വിശ്വാസിയുടെ ഉള്ളിൽ പരിശുദ്ധാത്മാവ് വാസം ചെയ്യുന്നതുകൊണ്ടാണ്, “ദൈവത്തിൻ്റെ മന്ദിരം” എന്ന് വിശേഷിപ്പിക്കുന്നത്. തന്നൂലം, ദൈവവും പരിശുദ്ധാത്മാവും അഭിന്നരാണെന്ന് ഭാഷണവും വാക്കുകളും കൂടാതെ മനസ്സിലാക്കാം.
𝟭𝟮. എല്ലാരിലും വ്യാപരിക്കുന്നവൻ:
➟ ഇനി വളരെ വ്യക്തമായ ഒരു തെളിവ് തരാം: “നിങ്ങള് ദൈവത്തിന്റെ മന്ദിരം എന്നും ദൈവത്തിന്റെ ആത്മാവ് നിങ്ങളില് വസിക്കുന്നു എന്നും അറിയുന്നില്ലയോ?” (1കൊരി, 3:16). ഇത് പറഞ്ഞിരിക്കുന്നത് പൗലൊസ് അപ്പൊസ്തലനാണ്. ദൈവത്തിൻ്റെ ആത്മാവാണ് പരിശുദ്ധാത്മാവ് എന്ന് സംശയലേശമെന്യേ പഠിപ്പിച്ചിരിക്കുന്നതും പൗലൊസാണ്: (എഫെ, 4:30). അവൻതന്നെ പറയുന്ന അടുത്തവാക്യം ശ്രദ്ധിക്കുക: “എല്ലാവർക്കും മീതെയുള്ളവനും എല്ലാവരിലും കൂടി വ്യാപരിക്കുന്നവനും എല്ലാവരിലും ഇരിക്കുന്നവനുമായി എല്ലാവർക്കും ദൈവവും പിതാവുമായവൻ ഒരുവൻ.” (എഫെ, 4:6). ദൈവത്തിൻ്റെ ആത്മാവാണ് നമ്മളിൽ വസിക്കുന്നതെന്നും ദൈവവും പിതാവുമായവനാണ് എല്ലാവരിലും ഇരിക്കുന്നതെന്നും അഭിന്നമായി പറഞ്ഞിരിക്കുന്നത് നോക്കുക. അതിനാൽ പിതാവും പരിശുദ്ധാത്മാവും അഭിന്നരാണെന്ന കാര്യത്തിൽ യാതൊരു സംശയവും ആർക്കും വേണ്ട. ദൈവവും പരിശുദ്ധാത്മാവും വ്യത്യസ്ത വ്യക്തികളാണെന്ന് പഠിപ്പിക്കുന്നവർ, നിങ്ങളെ ശരിയായ വഴിയിലല്ല നടത്തുന്നത്.
𝟭𝟯. പിതാവിൻ്റെയും പുത്രൻ്റെയും സ്നേഹം:
➟ പിതാവു പുത്രനെ സ്നേഹിക്കുന്നതായും പുത്രൻ പിതാവിനെ സ്നേഹിക്കുന്നതായും പിതാവും പുത്രനും ശിഷ്യന്മാരെ സ്നേഹിക്കുന്നതായും പറഞ്ഞിട്ടുണ്ട്. (യോഹ, 3:35; 5:20; 10:17; 15:9; 17:23,26). എന്നാൽ പിതാവും പരിശുദ്ധാത്മാവും തമ്മിലോ, പുത്രനും പരിശുദ്ധാത്മാവും തമ്മിലോ അങ്ങനെയൊന്ന് കാണാൻ കഴിയില്ല. പുത്രൻ “പിതാവിനെ” അഭിസംബോധന ചെയ്ത് സംസാരിക്കുന്നതും, പിതാവ് “പുത്രനെ” അഭിസംബോധന ചെയ്തും സംസാരിക്കുന്നത് കാണാം. (മത്താ, 3:17 11:25; 17:5; 26:39; യോഹ, 12:28). എന്നാൽ പിതാവും പരിശുദ്ധാത്മാവും തമ്മിലോ യേശുവും ആത്മാവും തമ്മിലോ അങ്ങനെയൊന്ന് കാണാൻ കഴിയില്ല. പിതാവ് തന്നെയാണ് പരിശുദ്ധാത്മാവ് അല്ലെങ്കിൽ, പരിശുദ്ധാത്മാവ് പിതാവായ ദൈവത്തിൻ്റെ അദൃശ്യമായ സാന്നിധ്യം ആയതുകൊണ്ടാണ് ആത്മാവുമായി അങ്ങനെയൊരു ഇടപെടൽ കാണാത്തത്.
𝟭𝟰. ബഹുവചനം:
➟ പിതാവിനെയും പുത്രനെയും ചേർത്ത് ബഹുവചനം പറഞ്ഞിരിക്കുന്ന പല വാക്യങ്ങളുമുണ്ട്. ഉദാ: (യോഹ, 14:23; 17:11; 17:21; 17:23). എന്നാൽ പിതാവിനെയും പുത്രനെയും പരിശുദ്ധാത്മാവിനെയും ചേർത്തോ, പിതാവിനെയും പരിശുദ്ധാത്മാവിനെയും ചേർത്തോ, പരിശുദ്ധാത്മാവിനെയും പുത്രനെയും ചേർത്തോ ഒരിക്കലും ബഹുവചനം പറഞ്ഞതായി കാണാൻ കഴിയില്ല. പിതാവും പരിശുദ്ധാത്മാവും ഒന്നുതന്നെ ആകയാലാണ് അപ്രകാരം കാണാത്തത്. പിതാവും പരിശുദ്ധാത്മാവും വിഭിന്ന ദൈവമോ, വ്യക്തികളോ ആയിരുന്നെങ്കിൽ, പിതാവിനോഠും പരിശുദ്ധാത്മാവിനോടും ഒരുപോലെ പുത്രൻ ഇടപെടുമായിരുന്നു.
𝟭𝟱. ആത്മാവായ ദൈവം:
➟ മറ്റൊരു ശക്തമായ തെളിവ് തരാം. “ദൈവം ആത്മാവു ആകുന്നു; അവനെ നമസ്കരിക്കുന്നവർ ആത്മാവിലും സത്യത്തിലും നമസ്കരിക്കേണം.” (യോഹ, 4:24). ഇവിടെ, “ദൈവം ആത്മാവാകുന്നു” (God is Spirit) എന്ന് പറയാൻ ഗ്രീക്കിൽ “പ്ന്യൂമ ഹോ തെയോസ്” (Pneuma ho Theos) ആണ്. ഇതിലെ ”പ്ന്യൂമ” (Pneuma) ⟦ഉച്ചാരണം (Pronunciation) ‘ന്യൂമ’⟧ എന്ന നാമപദം (Noun) പ്രധാനമായും ആത്മാവിനെ (പരിശുദ്ധാത്മാവ്) കുറിക്കുന്നതാണ്. 250-തോളം പ്രാവശ്യം പരിശുദ്ധാത്മാവിന് ഈ പദം ഉപയോഗിച്ചിട്ടുണ്ട്. “ആത്മാവായ കർത്താവു” (യഹോവ) എന്ന് പറയാനും ഈ പദമാണ് ഉപയോഗിച്ചിരിക്കുന്നത്: (2കൊരി, 3:18). ദൈവവും ആത്മാവും വിഭിന്നരായിരുന്നെങ്കിൽ, ദൈവം പ്ന്യൂമയാണെന്നും, പ്ന്യൂമ കർത്താവാണെന്നും അഭിന്നമായി പറയുമായിരുന്നില്ല. അങ്ങനെവന്നാൽ രണ്ട് ദൈവങ്ങളാകും.
𝟭𝟲. അവനെ നമസ്ക്കരിക്കുന്നവർ:
➟ ഏറ്റവും ശ്രദ്ധേയമായ ഒരു കാര്യം ഇവിടെക്കാണാം: “ദൈവം ആത്മാവാകുന്നു” എന്ന് പറഞ്ഞശേഷം, “അവനെ” (Him) നമസ്കരിക്കുന്നവർ ആത്മാവിലും സത്യത്തിലും നമസ്കരിക്കേണം” എന്നാണ് പറയുന്നത്. ഇവിടെ “അവൻ” (Him) എന്ന് പറയാൻ Autos എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്. “അവൻ, He, Autos” എന്നീ പദങ്ങൾ പുല്ലിംഗ ഏകവചനത്തിലുള്ള സർവ്വനാമമാണ് (Masculine Singular Pronoun). അതായത്, ആത്മാവ് രണ്ടില്ല; ഒന്നേയുള്ളൂ. പിന്നെങ്ങനെയാണ്, ആത്മാവായ ദൈവത്തിൻ്റെ പരിശുദ്ധാത്മാവ് വിഭിന്ന വ്യക്തിയാകുന്നത്?
☛ “പരിശുദ്ധൻ” (Holy) എന്നത് ദൈവത്തിൻ്റെ ഉപനാമമാണ്: (യെശ, 57:15). “പരിശുദ്ധൻ” ദൈവത്തിൻ്റെ വിശേഷണമായും (Adjective) ഉപയോഗിച്ചിട്ടുണ്ട്: (യെശ, 10:20). “പരിശുദ്ധനും ആത്മാവും” ചേർന്നതാണ് “പരിശുദ്ധ ആത്മാവു” അല്ലെങ്കിൽ “പരിശുദ്ധാത്മാവു” (Holy Spirit) എന്ന പ്രയോഗം. പിന്നെങ്ങനെ പരിശുദ്ധാത്മാവ് ദൈവത്തിൽനിന്ന് വിഭിന്നനായ വ്യക്തിയാണെന്ന് പറയാൻ കഴിയും?
𝟭𝟳. പരിശുദ്ധാത്മാവിനോടുള്ള ദൂഷണം:
➟ പരിശുദ്ധാത്മാവാണ് ദേഹരൂപത്തിൽ യേശുവിൻ്റെമേൽ ആവസിച്ചത്: (ലൂക്കൊ, 3:22; മത്താ, 3:16; 4:1; ലൂക്കൊ, 4:1). എന്നാൽ പിതാവാണ് തൻ്റെ കൂടെയുള്ളതെന്നാണ് യേശു പറഞ്ഞത്. (യോഹ, 8:16,29; 16:32). പിതാവായ ദൈവമാണ് യേശുവിനെക്കൊണ്ട് അത്ഭുതങ്ങളും അടയാളങ്ങളും ചെയ്യിച്ചതെന്ന് പത്രൊസും വ്യക്തമാക്കിയിട്ടുണ്ട്. (പ്രവൃ, 2:22). ദൈവം കൂടെയിരുന്നതുകൊണ്ടാണ് അവൻ അത്ഭുതങ്ങൾ ചെയ്തത് എന്നും പത്രൊസ് പറഞ്ഞു. (പ്രവൃ, 10:38). നിക്കോദേമൊസും അക്കാര്യം പറഞ്ഞിട്ടുണ്ട്. (യോഹ, 3:2. ഒ.നോ: ലൂക്കൊ, 5:7). എന്നാൽ ദൈവത്താൽ താൻ ചെയ്ത അത്ഭുതപ്രവൃത്തികൾ ഭൂതങ്ങളുടെ തലവനായ ബെയെത്സെബൂലിൽ ആരോപിച്ച യെഹൂദന്മാരോട് യേശു പറയുന്നത്; “പരിശുദ്ധാത്മാവിന്നു നേരെയുള്ള ദൂഷണം ഈ ലോകത്തിലും വരുവാനുള്ളതിലും ക്ഷമ കിട്ടാതെ നിത്യശിക്ഷയ്ക്കു യോഗ്യനാക്കും” എന്നാണ്. (മത്താ, 12:24,32; മർക്കൊ, 3:22,29). പിതാവിനെക്കുറിച്ച് ദൂഷണം പറയരുതെന്ന് എവിടെയും താൻ പറഞ്ഞിട്ടുമില്ല. അതായത്, തൻ്റെകൂടെ വസിക്കുന്ന പിതാവ് തന്നെയാണ് പരിശുദ്ധാത്മാവെന്നാണ് ക്രിസ്തു അസന്ദിഗ്ധമായി വ്യക്തമാക്കിത്: (യോഹ, 8:16,29; 16:32).
𝟭𝟴. ദൈവത്തിൻ്റെ ആത്മാവ് ദൈവത്തിൽനിന്ന് വിഭിന്നമല്ല എന്നതിൻ്റെ ഭാഷാപരമായ തെളിവുമുണ്ട്:
➟ പഴയനിയമത്തിൽ ദൈവത്തെ (God) കുറിക്കുന്ന ‘എലോഹീം’ (Elohim) എന്ന എബ്രായപദവും പുതിയനിയമത്തിൽ ‘തെയോസ്’ (Theos) എന്ന ഗ്രീക്കുപദവും “പുല്ലിംഗ നാമപദം” (Masculine noun) ആണ്. അതുപോലെതന്നെ, പിതാവിനെ കുറിക്കുന്ന ‘അബ്’ (Ab) എന്ന എബ്രായപദവും, ‘പറ്റീർ’ (Pater) എന്ന ഗ്രീക്കുപദവും, പുത്രനെ കുറിക്കുന്ന ‘ഹൂയൊസ്’ (Huios) എന്ന ഗ്രീക്കുപദവും “പുല്ലിംഗ നാമപദം” (Masculine noun) ആണ്. എന്നാൽ ദൈവത്തിൻ്റെ ആത്മാവിനെ (Spirit) കുറിക്കാൻ ഉപയോഗിച്ചിരിക്കുന്ന എബ്രായപദമായ ‘റൂഹ്’ (Ruah) ”സ്ത്രീലിംഗ നാമപദവും” (Feminine noun), ഗ്രീക്കുപദമായ ‘പ്ന്യൂമ’ (Pneuma) “നപുംസകലിംഗ നാമപദവും” (Neuter noun) ആണ്.
❶ ദൈവം പിതാവ്, പുത്രൻ എന്ന് പറയാൻ ഒരുപോലെ ഉപയോഗിച്ചിരിക്കുന്നത് പുല്ലിംഗ പദവും, ദൈവത്തിൻ്റെ ആത്മാവിനെ കുറിക്കാൻ സ്ത്രീലിംഗവും നപുസകലിംഗവുമാണ് ഉപയോഗിച്ചിരിക്കുന്നത്. ദൈവത്തിൻ്റെ ആത്മാവ് ദൈവത്തിൽനിന്നും വിഭിന്നമായ ദൈവമോ, വ്യക്തിയോ അല്ലാത്തതുകൊണ്ടാണ് ഭാഷാപരമായി അങ്ങനെ ഉപയോഗിച്ചിരിക്കുന്നത്.
❷ ട്രിനിറ്റിയുടെ ഭാഷയിൽ, പരിശുദ്ധാത്മാവ് ദൈവത്തിൽനിന്ന് വിഭിന്നനായ വ്യക്തിയും ദൈവവുമാണ്. അഥവാ, പിതാവ്, പുത്രൻ പരിശുദ്ധാത്മാവ് എല്ലാ അർത്ഥത്തിലും സമത്വമുള്ള മൂന്ന് വ്യക്തികളാണ്. ട്രിനിറ്റിയുടെ വാദം സത്യമായിരുന്നെങ്കിൽ, സമത്വമുള്ള മൂവരിൽ രണ്ടുപേരെ പുല്ലിഗത്തിലും ഒരുത്തന് മാത്രം സ്ത്രീലിംഗവും നപുംസകലിഗംവും ഉപയോഗിക്കുമായിരുന്നില്ല. പരിശുദ്ധാത്മാവുമായി സമത്വം പങ്കിടുന്ന എന്ന് നിങ്ങൾ അവകാശപ്പെടുന്ന പിതാവിനും പുത്രനും പുല്ലിംഗവും പരിശുദ്ധാത്മാവിന് സ്ത്രീലിഗംവും നപുംസകലിംഗവും ഉപയോഗിക്കുന്നത് വ്യാകരണവിരുദ്ധമാണ്. നിങ്ങളുടെ സമത്വം എന്ന ഉപദേശത്തിന് ഭാഷാപരമായിപ്പോലും തെളിവില്ല.
☛ പഴയപുതിയനിയമങ്ങളിൽ മനുഷ്യനെ കുറിക്കാനും പുല്ലിംഗമാണ് ഉപയോഗിച്ചിരിക്കുന്നത്: മനുഷ്യനെ (Man) കുറിക്കുന്ന ‘ആദം’ (Adam) എന്ന എബ്രായപദവും ‘ആന്ത്രൊപൊസ്’ (Anthropos) എന്ന ഗ്രീക്കുപദവും “പുല്ലിംഗ നാമപദം” (Masculine Noun) ആണ്. മനുഷ്യനെ കുറിക്കാൻപോലും പുല്ലിംഗ നാമപദം ഉപയോഗിച്ച എഴുത്തുകാർ, ദൈവത്തിൻ്റെ ആത്മാവ് ദൈവത്തിൽനിന്ന് വിഭിന്നനായ വ്യക്തിയോ, ദൈവമോ ആയിരുന്നെങ്കിൽ; ആത്മാവിന് സ്ത്രീലിംഗപദവും നപുംസകലിംഗപദവും ഉപയോഗിക്കുമായിരുന്നില്ല. പിതാവായ ദൈവത്തിൻ്റെ ആത്മാവ് ദൈവത്തിൽ നിന്നും യേശുക്രിസ്തുവിൻ്റെ ആത്മാവ് യേശുക്രിസ്തുവിൽനിന്നും വിഭിന്നനല്ലാത്തതുകൊണ്ടാണ്, ആത്മാവിനു മാത്രം പഴയനിയമത്തിൽ സ്ത്രീലിംഗപദവും പുതിയനിയമത്തിൽ നപുസകലിംഗപദവും ഉപയോഗിച്ചിരിക്കുന്നതെന്ന് വചനം വിശ്വസിക്കുന്നവർക്കും ഭാഷ അറിയാവുന്നവർക്കും മനസ്സിലാകും.
☛ യഹോവയായ ഏകദൈവവും (യെശ, 40:25; 46:9), യേശുക്രിസ്തുവും (മർക്കൊ, 12:29; യോഹ, 5:45; 17:3), പഴയനിയമ ഭക്തന്മാരും (ആവ, 3:24; 4:39; യോശു, 2:22; 1രാജാ, 8:23; 2ദാനൾ 6:14; സങ്കീ, 73:25), അപ്പൊസ്തലന്മാരും പഠിപ്പിച്ച (റോമ, 16:26; 1കൊരി, 8:6; എഫെ, 4:6; 1തിമൊ, 2:17; യൂദാ, 1:25), പിതാവായ ഏകസത്യദൈവത്തെ ബഹുദൈവമാക്കാനാണ് പല വ്യക്തികൾ എന്ന ഉപദേശക്കാർ ശ്രമിക്കുന്നത്.
☛ പരിശുദ്ധാത്മാവ് കേവലം ശക്തിയല്ല എന്നതിൻ്റെ തെളിവുകൾ:
𝟭. “നസറായനായ യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തു.” (പ്രവൃ, 10:38). ഇവിടെ പരിശുദ്ധാത്മാവിനെയും ദൈവത്തിൻ്റെ ശക്തിയെയും വേർതിരിച്ചു പറഞ്ഞിരിക്കുന്നത് കാണാം. പരിശുദ്ധാത്മാവ് ദൈവത്തിൻ്റെ ശക്തിയാണെങ്കിൽ, പരിശുദ്ധാത്മാവിനെയും ദൈവത്തിൻ്റെ ശക്തിയെയും വേർതിരിച്ച് പറയുമായിരുന്നില്ല.
𝟮. “പ്രത്യാശ നല്കുന്ന ദൈവം പരിശുദ്ധാത്മാവിന്റെ ശക്തിയാൽ നിങ്ങൾ പ്രത്യാശയിൽ സമൃദ്ധിയുള്ളവരായി വിശ്വസിക്കുന്നതിലുള്ള സകല സന്തോഷവും സമാധാനവുംകൊണ്ടു നിങ്ങളെ നിറെക്കുമാറാകട്ടെ. (റോമർ 15:13 – 15:18). ഈ രണ്ട് വാക്യങ്ങളിൽ പരിശുദ്ധാത്മാവിൻ്റെ ശക്തിയെക്കുറിച്ച് പറഞ്ഞിരിക്കുന്നത് കാണാം. പരിശുദ്ധാത്മാവ് ദൈവത്തിൻ്റെ ശക്തിയാണെങ്കിൽ, ആ ശക്തിക്ക് മറ്റൊരു ശക്തിയുണ്ടാകുമായിരുന്നില്ല.
𝟯. “പരിശുദ്ധാത്മാവു ദേഹരൂപത്തിൽ പ്രാവു എന്നപോലെ അവന്റെമേൽ ഇറങ്ങിവന്നു.” (ലൂക്കൊ, 3:22). “യോഹന്നാൻ പിന്നെയും സാക്ഷ്യം പറഞ്ഞതു: ആത്മാവു ഒരു പ്രാവുപോലെ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവരുന്നതു ഞാൻ കണ്ടു; അതു അവന്റെ മേൽ വസിച്ചു.” (യോഹ, 1:32). ഈ രണ്ട് വാക്യങ്ങൾ ചേർത്തുപഠിച്ചാൽ, “പരിശുദ്ധാത്മാവ് ദേഹരൂപത്തിൽ” ഒരു പ്രാവ് പറന്നിറങ്ങുന്നതുപോലെ യേശുവിൻ്റെമേൽ ആവസിച്ചതായി യേഹന്നാൻ കണ്ടു. പരിശുദ്ധാത്മാവ് ശക്തിയാണങ്കിൽ, ആ ശക്തിയെ യോഹന്നാൻ സ്നാപകൻ കണ്ടെന്ന് പറയുമായിരുന്നില്ല.
𝟰. “ആത്മാവു ഫിലിപ്പൊസിനോടു: നീ അടുത്തുചെന്നു തേരിനോടു ചേർന്നുനടക്ക എന്നു പറഞ്ഞു.” (പ്രവൃ, 8:29). പരിശുദ്ധാത്മാവ് പലപ്രാവശ്യം സംസാരിച്ചതായി പറഞ്ഞിട്ടുണ്ട്: പ്രവൃ, 10;19-20; 13:2; 21:11). പരിശുദ്ധാത്മാവ് ശക്തിയാണെങ്കിൽ, ആ ശക്തിക്ക് സംസാരിക്കാൻ കഴിയുമായിരുന്നില്ല.
𝟱. “പിതാവു എന്റെ നാമത്തിൽ അയപ്പാനുള്ള പരിശുദ്ധാത്മാവു എന്ന കാര്യസ്ഥൻ നിങ്ങൾക്കു സകലവും ഉപദേശിച്ചുതരികയും ഞാൻ നിങ്ങളോടു പറഞ്ഞതു ഒക്കെയും നിങ്ങളെ ഓർമ്മപ്പെടുത്തുകയും ചെയ്യും.” (യോഹ, 14:26). “നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിക്കുക.” (മത്താ, 28:19). ഈ വാക്യങ്ങളിൽ, പരിശുദ്ധാത്മാവിൻ്റെ നാമത്തെക്കുറിച്ച് കാണാം. പരിശുദ്ധാത്മാവ് ശക്തിയാണങ്കിൽ, ആ ശക്തിയോട് ചേർത്ത് ഒരു നാമം (Onoma – Name) പറയുമായിരുന്നില്ല.
𝟲. “ദൈവത്തിന്റെ ദാനമായി നിങ്ങളിൽ ഇരിക്കുന്ന പരിശുദ്ധാത്മാവിന്റെ മന്ദിരമാകുന്നു നിങ്ങളുടെ ശരീരം എന്നും നിങ്ങളെ വിലെക്കു വാങ്ങിയിരിക്കയാൽ നിങ്ങൾ താന്താങ്ങൾക്കുള്ളവരല്ല എന്നും അറിയുന്നില്ലയോ?” (1കൊരി, 6:19). “നിങ്ങൾ ദൈവത്തിന്റെ മന്ദിരം എന്നും ദൈവത്തിന്റെ ആത്മാവു നിങ്ങളിൽ വസിക്കുന്നു എന്നും അറിയുന്നില്ലയോ?” (1കൊരി, 3:16). ഈ വാക്യങ്ങളിൽ, വിശ്വാസിയുടെ ശരീരം പരിശുദ്ധാത്മാവിൻ്റെ മന്ദിരമാണെന്നും, ആ മന്ദിരത്തിൽ പരിശുദ്ധാത്മാവ് വാസം ചെയ്യുന്നതായും പറഞ്ഞിട്ടുണ്ട്. പരിശുദ്ധാത്മാവ് ശക്തിയാണെങ്കിൽ, പരിശുദ്ധാത്മാവ് വ്യക്തികളുടെ മന്ദിരമാണെന്നും വാസം ചെയ്യുന്നു എന്നും പറയുമായിരുന്നില്ല.
𝟳. “വിഗ്രഹാർപ്പിതം, രക്തം, ശ്വാസംമുട്ടിച്ചത്തതു, പരസംഗം എന്നിവ വർജ്ജിക്കുന്നതു ആവശ്യം എന്നല്ലാതെ അധികമായ ഭാരം ഒന്നും നിങ്ങളുടെ മേൽ ചുമത്തരുതു എന്നു പരിശുദ്ധാത്മാവിന്നും ഞങ്ങൾക്കും തോന്നിയിരിക്കുന്നു.” (പ്രവൃ, 15:28). ജാതികളിൽനിന്നു വിശ്വാസത്തിലേക്ക് വന്നവരുടെമേൽ അധികമായ ഭാരം ഒന്നും ചുമത്തരുതെന്ന് പ്രഥമ യെരൂശലേം കൗൺസിലിൽ തീരുമാനം എടുത്ത കാര്യമാണ് പറയുന്നത്. പരിശുദ്ധാത്മാവ് ശക്തിയാണെങ്കിൽ, നിർണ്ണായകമായ തീരുമാനങ്ങൾ എടുക്കാൻ കഴിയുമായിരുന്നില്ല.
𝟴. പരിശുദ്ധാത്മാവിനോടുള്ള ദൂഷണണത്തെപ്പറ്റി സമവീക്ഷണ സുവിശേഷങ്ങളിലെല്ലാം പറഞ്ഞിട്ടുണ്ട്: (മത്താ, 12:31; മർക്കൊ, 3:29; ലൂക്കൊ, 12:10). പരിശുദ്ധാത്താവിനോടു വ്യാജം കാണിക്കുന്നതായി പറഞ്ഞിട്ടുണ്ട്: (പ്രവൃ, 5:3). പരിശുദ്ധാത്താവിനോടു മറുത്തുനില്ക്കുന്നതായി പറഞ്ഞിട്ടുണ്ട്: (പ്രവൃ, 7:51). ദൈവത്തിൻ്റെ പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കരുതെന്ന് പറഞ്ഞിട്ടുണ്ട്: (എഫെ, 4:30). ഇതൊക്കെ, ഒരു ശക്തിയോട് ചെയ്യാൻ കഴിയുന്ന കാര്യങ്ങളല്ല.
𝟵. ആത്മാവിൻ്റെ സ്നേഹത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ട്: (റോമ, 15:32). ആത്മാവ് അറിയുന്നതായും ആരായുന്നതായും പറഞ്ഞിട്ടുണ്ട്: (റോമ, 8:27; 1കൊരി, 2:10-11). ആത്മാവ് ഇച്ഛിക്കുന്നതായി പറഞ്ഞിട്ടുണ്ട്: (1കൊരി, 12:11). അറിവ്, ഇച്ഛ, വികാരം പോലുള്ളവ ഒരു ശക്തിയിൽനിന്ന് ഉളവാകുന്നതല്ല.
𝟭𝟬. പരിശുദ്ധാത്മാവ് വീണ്ടുംജനിപ്പിക്കുന്നതായും (യോഹ, 3:6,8), ഉപദേശിക്കുന്നതായും (യോഹ, 15:26), സാക്ഷ്യം പറയുന്നതായും (യോഹ, 15:26), പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ബോധം വരുത്തുന്നതായും (യോഹ, 16:8), അയക്കുന്നതായും (പ്രവൃ, 10:20) സംസാരിക്കുന്നതായും (പ്രവൃ, 8:29), എടുത്തുകൊണ്ട് പോകുന്നതായും (പ്രവൃ, 8:39), കല്പിക്കുന്നതായും (പ്രവൃ, 11:12), നിയോഗിക്കുന്നതായും (പ്രവൃ, 13:2), വിലക്കുന്നതായും (പ്രവൃ, 16:6), നടത്തുന്നതായും (റോമ, 8:14), പക്ഷവാദം ചെയ്യുന്നതായും പറഞ്ഞിട്ടുണ്ട്. (റോമ, 8:26-27). ഇതൊക്കെ ഒരു ശക്തിക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങളല്ല.
𝟭𝟭. “ദൈവം ആത്മാവു ആകുന്നു; അവനെ നമസ്കരിക്കുന്നവർ ആത്മാവിലും സത്യത്തിലും നമസ്കരിക്കേണം.” (യോഹ, 4:24). ഇവിടെ, “ദൈവം ആത്മാവാകുന്നു” (God is Spirit) എന്ന് പറയാൻ ഗ്രീക്കിൽ “പ്ന്യൂമ ഹോ തെയോസ്” (Pneuma ho Theos) എന്നാണ്. ഇതിലെ ⟦‘പ്ന്യൂമ’ ഉച്ചാരണം (Pronunciation) ‘ന്യൂമ’⟧ എന്ന നാമപദം (Noun) പ്രധാനമായും ആത്മാവിനെ (പരിശുദ്ധാത്മാവ്) കുറിക്കുന്നതാണ്. 250-തോളം പ്രാവശ്യം പരിശുദ്ധാത്മാവിന് ഈ പദം ഉപയോഗിച്ചിട്ടുണ്ട്. “ആത്മാവായ കർത്താവു” (യഹോവ) എന്ന് പറയാനും ഈ പദമാണ് ഉപയോഗിച്ചിരിക്കുന്നത്: (2കൊരി, 3:18). അതിനാൽ ആത്മാവ് ശക്തിയാണെന്ന് പറയാൻ യാതൊരു നിർവ്വാഹവുമില്ല.
“ദൈവം ഒരുത്തൻ മാത്രം” (Monos ho Theos ⁃ The only God) ആണെന്ന് പഴയപുതിയ തിരുവെഴുത്തുകൾ ആവർത്തിച്ച് പഠിപ്പിക്കുമ്പോൾ (2രാജാ, 19:15; 19:19; സങ്കീ, 86:10; യെശ, 37:16; 37:20 ⁃ ലൂക്കൊ, 5:21; യോഹ, 5:44; 17:3; റോമ, 16:26; 1കൊരി, 8:6; എഫെ, 4:6; 1തിമൊ, 1:17; യൂദാ, 1:24), പരിശുദ്ധാത്മാവ് ദൈവത്തിൽ നിന്ന് വിഭിന്നനായ വ്യക്തിയാണെന്ന് പറയുന്നവരും, പരിശുദ്ധാത്മാവ് കേവലം ശക്തിയാണെന്ന് പറയുന്നവരും ആത്മാവിനെതിരെ ദൂഷണം പറയുകയാണ് ചെയ്യുന്നത്. (മത്താ, 12:24,32; മർക്കൊ, 3:22,29). ആത്മാവിനെതിരെയുള്ള ദൂഷണം ഈ ലോകത്തിലും വരുവാനുള്ളതിലും ക്ഷമിക്കപ്പെടുന്ന കുറ്റമല്ല.”
5 thoughts on “പരിശുദ്ധാത്മാവ് ആരാണ്?”