സകല ഭൂസീമാവാസികളുടെയും ദൈവമായ യഹോവ ദൈവപുത്രനായ യേശുവിൻ്റെയും പിതാവും ദൈവവുമാണ്: (യെശ, 45:22). എന്നാൽ പുതിയനിയമത്തിൽ കാണുന്ന “പിതാവായ ദൈവം” യഹോവയല്ലെന്നാണ് പലരും വിചാരിക്കുന്നത്. അല്ലെങ്കിൽ, നമ്മുടെ കർത്താവായ യേശു “എൻ്റെ പിതാവു” എന്ന് സംബോധന ചെയ്തത് യഹോവയെ അല്ല; വേറെ ആരെയോ ആണെന്ന ഒരു നവീന ഉപദേശം രംഗപ്രവേശം ചെയ്തിട്ട് കുറച്ചുകാലമായി. അതിൻ്റെ ഉപജ്ഞാതാവ് ഒരു മുൻ പെന്തെക്കൊസ്തുകാരനാണ്. ചില പാസ്റ്റർമാർപോലും പുള്ളിയുടെ വാലുപിടിച്ച് ഈ ഉപദേശം പ്രചരിപ്പിച്ച് തുടങ്ങിയിട്ടുണ്ട്. അതിനാൽ ക്രിസ്തുവിൻ്റെ പിതാവും ദൈവവും യഹോവയാണോ, അല്ലയോ എന്നാണ് നാം പരിശോധിക്കുന്നത്:
☛ യഹോവ❜ (Yehovah) എന്ന പൂർണ്ണ ദൈവനാമം പുതിയനിയമത്തിൽ ഇല്ലെന്നത് ശരിയാണ്. എന്നാൽ. യഹോവ എന്ന ദൈവനാമത്തിൻ്റെ ചുരുക്കെഴുത്തായ യാഹ് (Yah) എന്ന നാമം പുതിയനിയമത്തിൽ നാലുപ്രാവശ്യമുണ്ട്. സ്തുതിപ്പിൻ (Praise) എന്നർത്ഥമുള്ള ഹല്ലേലു (Hallelu) എന്ന പദവും യഹോവയുടെ ചുരുക്കെഴുത്തായ യാഹ് (Yah) എന്ന നാമവും ചേർന്നതാണ് ഹല്ലേലുയ്യാ (Halleluyah). അതിൻ്റെ അർത്ഥം: “യാഹിനെ (യഹോവയെ) സ്തുതിപ്പിൻ” എന്നാണ്.
➟ ഹല്ലേലുയ്യാ! ⁃ വെളി, 19:1
➟ ഹല്ലേലുയ്യാ! ⁃ വെളി, 19:3
➟ ഹല്ലേലുയ്യാ! ⁃ വെളി, 19:4
➟ ഹല്ലേലുയ്യാ! ⁃ വെളി, 19:6
☛ യഹോവയും യാഹും ഒന്നുതന്നെയാണ്. യാഹ് (Yah) എന്ന നാമത്തെ സത്യവേദപുസ്തകത്തിൽ എല്ലായിടത്തും യഹോവ (Yehovah) എന്നാണ് കാണാൻ കഴിയുക. “പാപികൾ ഭൂമിയിൽനിന്നു മുടിഞ്ഞുപോകട്ടെ; ദുഷ്ടന്മാർ ഇല്ലാതെയാകട്ടെ; എൻ മനമേ, യഹോവയെ വാഴ്ത്തുക; യഹോവയെ (𝐘𝐞𝐡𝐨𝐯𝐚𝐡) സ്തുതിപ്പിൻ.” (സങ്കീ, 104:35 – 105;45; 106:1; 106:48; 111:1; 112:1; 113:1; 113:9; 115:18; 116;19; 117:2; 135:1; 135:3; 135:21; 146:1; 146:10; 147:1; 14720; 148:1; 148:14; 149:1; 149:9; 150:1; 150:6)
❶ യഹോവ ഒരുത്തൻ മാത്രം ദൈവം:
➟ ഷെമാ പ്രാർഥന: “യിസ്രായേലേ, കേൾക്ക; യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകൻ തന്നേ.❞ (ആവ, 6:4). യഹോവയല്ലാതെ മറ്റൊരു ദൈവം ഇല്ലെന്ന് യേശുവും ശാസ്ത്രിയുംകൂടി അസന്ദിഗ്ദ്ധമായി പറഞ്ഞിട്ടുണ്ട്: “എല്ലാറ്റിലും മുഖ്യകല്പനയോ: യിസ്രായേലേ, കേൾക്ക; നമ്മുടെ ദൈവമായ കർത്താവുഏക കർത്താവു.” (മർക്കൊ, 12:29 – ആവ, 6:4). ➟ശാസ്ത്രി അവനോടു: “നന്നു, ഗുരോ, നീ പറഞ്ഞതു സത്യം തന്നേ; ഏകനേയുള്ളൂ; അവനല്ലാതെ മറ്റൊരുത്തനുമില്ല.” (മർക്കൊ, 12:32 – ആവ, 4:39). ശാസ്ത്രി ബുദ്ധിയോടെ ഉത്തരം പറഞ്ഞു എന്നു യേശു കണ്ടിട്ടു: “നീ ദൈവരാജ്യത്തോടു അകന്നവനല്ല” എന്നു പറഞ്ഞു. (മർക്കൊ, 12:34). ദൈവം ത്രിത്വമാണെന്ന് വിശ്വസിക്കുന്നവരല്ല; യഹോവയായ പിതാവ് ഒരുത്തൻ മാത്രമാണ് ദൈവം എന്ന് വിശ്വസിക്കുന്നവരാണ് ദൈവരാജ്യത്തോട് അടുത്തുനില്ക്കുന്നത്: (യോഹ, 17:3; 1കൊരി, 8:5-6; എഫെ, 4:6). [കാണുക: എല്ലാറ്റിലും മുഖ്യകല്പന]
❷ യഹോവ ക്രിസ്തുവിൻ്റെ പിതാവ്:
➟ യഹോവയാണ് തൻ്റെ പിതാവെന്ന് യേശുക്രിസ്തു വ്യക്തമായി പറഞ്ഞിട്ടുണ്ട്: “യഹോവയുടെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ; ഞങ്ങൾ യഹോവയുടെ ആലയത്തിൽനിന്നു നിങ്ങളെ അനുഗ്രഹിക്കുന്നു.” (സങ്കീ, 118:26). “കർത്താവിൻ്റെ (യഹോവ നാമത്തിലാണ് ക്രിസ്തു വന്നതെന്ന് നാല് സുവിശേഷകന്മാരും പറഞ്ഞിട്ടുണ്ട്: (മത്താ, 21:9; മർക്കൊ, 11:9; ലൂക്കൊ, 19:38; യോഹ, 12:13). ഇനി യേശു പറയുന്നത് നോക്കുക: “ഞാൻ എന്റെ പിതാവിന്റെ നാമത്തിൽ വന്നിരിക്കുന്നു;” (യോഹ, 5:43). അതായത്, യഹോവ തൻ്റെ പിതാവാണെന്നാണ് യേശു സംശയലേയമെന്യേ പഠിപ്പിച്ചത്.
❸ പിതാവിനോടു കേട്ടുപഠിച്ചവൻ:
➟ യിസ്രായേൽ ജനം യഹോവാൽ ഉപദേശിക്കപ്പെട്ടവരാണ്: “നിന്റെ മക്കൾ എല്ലാവരും യഹോവയാൽ ഉപദേശിക്കപ്പെട്ടവരും നിന്റെ മക്കളുടെ സമാധാനം വലിയതും ആയിരിക്കും.” (യെശ, 54:13). യേശു യെഹൂദന്മാരോട് പറയുന്നത് നോക്കുക: “എല്ലാവരും ദൈവത്താൽ ഉപദേശിക്കപ്പെട്ടവർ ആകും എന്നു പ്രവാചക പുസ്തകങ്ങളിൽ എഴുതിയിരിക്കുന്നു. പിതാവിനോടു കേട്ടുപഠിച്ചവൻ എല്ലാം എന്റെ അടുക്കൽ വരും.” (യോഹ, 6:45). തൻ്റെ പിതാവായ യഹോവയോട് കേട്ടുപഠിച്ചവർ തൻ്റെ അടുക്കൽ വരുമെന്നാണ് അവൻ പറഞ്ഞത്.
❹ ജീവനുള്ള ദൈവമായ യഹോവയുടെ പുത്രൻ:
➟ യഹോവ ഒരുത്തൻ മാത്രമാണ് ജീവനുള്ള ദൈവം: “യഹോവയോ സത്യദൈവം; അവൻ ജീവനുള്ള ദൈവവും ശാശ്വതരാജാവും തന്നേ;❞ (യിരെ, 10:10). എന്നാൽ ക്രിസ്തു ജീവനുള്ള ദൈവത്തിൻ്റെ പുത്രനാണെന്നാണ് പത്രൊസ് പറയുന്നത്: “നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തു എന്നു ഉത്തരം പറഞ്ഞു.” (മത്തായി 16:16). ജീവനുള്ള ദൈവമായ യഹോവയാണ് ക്രിസ്തുവിൻ്റെ പിതാവെന്ന് സംശയലേശമന്യേ മനസ്സിലാക്കാം.
❺ സ്വർഗ്ഗത്തിന്നും ഭൂമിക്കും നാഥനായ യഹോവ:
➟ സ്വർഗ്ഗത്തിനും ഭൂമിക്കും കർത്താവ് (നാഥൻ) യഹോവയാണ്: “സ്വർഗ്ഗത്തിന്നും ഭൂമിക്കും നാഥനായി (Lord) അത്യുന്നതദൈവമായ യഹോവയിങ്കലേക്കു കൈ ഉയർത്തി സത്യം ചെയ്യുന്നു.” (ഉല്പ, 14:23). യേശു പിതാവായ ദൈവത്തെ വാഴ്ത്തുന്നത് നോക്കുക: “ആ സമയത്തു തന്നേ യേശു പറഞ്ഞതു: പിതാവേ, സ്വർഗ്ഗത്തിന്നും ഭൂമിക്കും കർത്താവായുള്ളോവേ (Lord), നീ ഇതു ജ്ഞാനികൾക്കും വിവേകികൾക്കും മറെച്ചു ശിശുക്കൾക്കു വെളിപ്പെടുത്തിയതുകൊണ്ടു ഞാൻ നിന്നെ വാഴ്ത്തുന്നു.” (മത്താ, 11:25). സ്വർഗ്ഗത്തിന്നും ഭൂമിക്കും നാഥനായ (കർത്താവ്) യഹോവയാണ് തൻ്റെ പിതാവെന്നാണ് ക്രിസ്തു പഠിപ്പിച്ചത്.
❻ യിസ്രായേലിൻ്റെ ദൈവം യേശുവിൻ്റെ പിതാവ്:
➟ യിസ്രായേലിൻ്റെ ദൈവമായ യഹോവയാണ് തൻ്റെ പിതാവാണെന്ന് യേശുതന്നെ പറഞ്ഞിട്ടുണ്ട്: “യിസ്രായേലിന്റെ ദൈവമായി കെരൂബുകളുടെ മീതെ അധിവസിക്കുന്നവനായ സൈന്യങ്ങളുടെ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സർവ്വരാജ്യങ്ങൾക്കും ദൈവമാകുന്നു; നീ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി.” (യെശ, 37:16). ഇനി, യേശു പറയുന്നത് നോക്കുക: “ഞാൻ എന്നെത്തന്നെ മഹത്വപ്പെടുത്തിയാൽ എന്റെ മഹത്വം ഏതുമില്ല; എന്നെ മഹത്വപ്പെടുത്തുന്നതു എന്റെ പിതാവു ആകുന്നു; അവനെ നിങ്ങളുടെ ദൈവം എന്നു നിങ്ങൾ പറയുന്നു. (യോഹ, 8:54). യിസ്രായേലിൻ്റെ ദൈവമായ യഹോവയാണ് ദൈവപുത്രനായ യേശുവിൻ്റെ പിതാവെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം.
❼ എന്റെ പിതാവിന്റെ ആലയം:
➟ ആലയം യഹോവയായ ദൈവത്തിൻ്റെയാണ്: “നമ്മുടെ ദൈവമായ യഹോവയുടെ ആലയംനിമിത്തം ഞാൻ നിന്റെ നന്മ അന്വേഷിക്കും.” ➟“എന്റെ ആലയം സകലജാതികൾക്കും ഉള്ള പ്രാർത്ഥനാലയം എന്നു വിളിക്കപ്പെടും.” (സങ്കീ, 122:9; യെശ, 56:7). യേശു പറയുന്നത് നോക്കുക: “പ്രാവുകളെ വില്ക്കുന്നവരോടു: ❝ഇതു ഇവിടെനിന്നു കൊണ്ടുപോകുവിൻ; എന്റെ പിതാവിന്റെ ആലയത്തെ വാണിഭശാല ആക്കരുതു” എന്നു പറഞ്ഞു.” (യോഹ, 2:16). ആലയം യഹോവയായ ഏകദൈവത്തിൻ്റെ ആയതുകൊണ്ടാണ്, “എൻ്റെ പിതാവിൻ്റെ ആലയം” എന്ന് ക്രിസ്തു പഠിപ്പിച്ചത്: (യെശ, 56:7 – മർക്കൊ, 11:17).
❽ സ്വർഗ്ഗസ്ഥനായ എന്റെ പിതാവ്:
➟ പിതാവു് സ്വർഗ്ഗത്തിൽ വസിക്കുന്നവനാണ്: “ഞങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവേ, നീ സ്വർഗ്ഗസ്ഥനായ ദൈവമല്ലോ; നീ ജാതികളുടെ സകലരാജ്യങ്ങളെയും ഭരിക്കുന്നുവല്ലോ; ആർക്കും എതിർപ്പാൻ കഴിയാത്ത ശക്തിയും പരാക്രമവും നിനക്കുണ്ടല്ലോ.” (2ദിന, 20:6). യേശു പറയുന്നത് നോക്കുക: “സ്വർഗ്ഗസ്ഥനായ എന്റെ പിതാവു നട്ടിട്ടില്ലാത്ത തൈ ഒക്കെയും വേരോടെ പറിഞ്ഞുപോകും.” (മത്താ, 15:13). ഏകദൈവമായ യഹോവയുടെ വാസസ്ഥലമാണ് സ്വർഗ്ഗം: (ആവ, 26:15; 1രാജാ, 8:30; 2ദിന, 6:30). സ്വർഗ്ഗത്തിലും ഭൂമിയിലും ഒരേയൊരു ദൈവമേയുള്ളൂ: (ആവ, 4:39 – ആവ, 3:24;യോശു, 2:11;1രാജാ, 8:23;2ദിന, 6:14;സങ്കീ, 73:25). ക്രിസ്തു സ്വർഗ്ഗസ്ഥനായ യഹോവയെയാണ്, “എൻ്റെ പിതാവു” എന്ന് സംബോധന ചെയ്തത്.
❾ പരിശുദ്ധനായ യഹോവ യേശുവിൻ്റെ പിതാവ്:
➟ യഹോവയെ ദൂതന്മാർ നിത്യം ആരാധിക്കുന്നതായി കാണാം: “ഒരുത്തനോടു ഒരുത്തൻ; സൈന്യങ്ങളുടെ യഹോവ പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ; സർവ്വഭൂമിയും അവന്റെ മഹത്വംകൊണ്ടു നിറഞ്ഞിരിക്കുന്നു എന്നു ആർത്തു പറഞ്ഞു.” (യെശ, 6:3).
➟“ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനുമായി സർവ്വശക്തിയുള്ള കർത്താവായ ദൈവം പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ എന്നു അവർ രാപ്പകൽ വിശ്രമം കൂടാതെ പറഞ്ഞുകൊണ്ടിരിക്കുന്നു.” (വെളി, 4:8). യഹോവയായ ദൈവത്തെ ദൂതന്മാർ രാപ്പകൽ (നിത്യം) വിശ്രമം കൂടാതെ ആരാധിച്ചുകൊണ്ടിരിക്കയാണ്. ഇനി യേശു പറയുന്നത് നോക്കുക: “സ്വർഗ്ഗത്തിൽ അവരുടെ ദൂതന്മാർ സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ മുഖം എപ്പോഴും കാണുന്നു എന്നു ഞാൻ നിങ്ങളോടു പറയുന്നു.” (മത്താ, 18:11). യേശുവിൻ്റെ പിതാവായ യഹോവയെയാണ് ദൂതന്മാർ എപ്പോഴും കാണുന്നതും ആരാധിക്കുന്നതെന്നും യേശുവിൻ്റെ വാക്കിനാൽ മനസ്സിലാക്കാം. [കാണുക: പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ]
❿ യേശുവിൻ്റെ ദൈവം:
➟ പഴയനിയമത്തിൽ യഹോവയെ “എൻ്റെ ദൈവം” (My God) എന്ന് സംബോധന ചെയ്യാൻ പ്രധാനമായും രണ്ട് പദങ്ങൾ ഉപയോഗിച്ചിട്ടുണ്ട്: ഏലി (אֵלִי – Eli) എന്ന എബ്രായപദവും എലോഹായ് (אֱלֹהָי – Elohy/Elohai) എന്ന ആരാമ്യപദവും. ഇവ നൂറിലേറെ പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്: 1.ഏലി: “എന്റെ ബലവും എന്റെ ഗീതവും യഹോവയത്രേ; അവൻ എനിക്കു രക്ഷയായ്തീർന്നു. അവൻ എന്റെ ദൈവം (Eli); ഞാൻ അവനെ സ്തുതിക്കും; അവൻ എന്റെ പിതാവിൻ ദൈവം; ഞാൻ അവനെ പുകഴ്ത്തും.” (പുറ, 15:2). 2.എലോഹായ്: “നിങ്ങൾ കൈവശമാക്കുവാൻ ചെല്ലുന്ന ദേശത്തു നിങ്ങൾ അനുസരിച്ചു നടപ്പാനായി എന്റെ ദൈവമായ (Elohai) യഹോവ എന്നോടു കല്പിച്ചതുപോലെ ഞാൻ നിങ്ങളോടു ചട്ടങ്ങളും വിധികളും ഉപദേശിച്ചിരിക്കുന്നു.” (ആവ, 4:5). ഈ രണ്ടുപദവും യേശുവിൻ്റെ ക്രൂശിലെ വിലാപത്തോടുള്ള ബന്ധത്തിൽ പറഞ്ഞിട്ടുണ്ട്: 1.“എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതെന്തു? (Eli Eli lama shevaktani) എന്നെ രക്ഷിക്കാതെയും എന്റെ ഞരക്കത്തിന്റെ വാക്കുകൾ കേൾക്കാതെയും അകന്നു നില്ക്കുന്നതെന്തു?” (സങ്കീ, 22:1 – മത്താ, 27:46) ➟“ഏകദേശം ഒമ്പതാംമണി നേരത്തു യേശു: “ഏലീ, ഏലീ, ലമ്മാ ശബക്താനി” എന്നു ഉറക്കെ നിലവിളിച്ചു; “എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതു എന്തു” എന്നർത്ഥം. 2.“ആറാം മണിനേരമായപ്പോൾ ഒമ്പതാം മണിനേരത്തോളം ദേശത്തു എല്ലാം ഇരുട്ടു ഉണ്ടായി. ഒമ്പതാം മണിനേരത്തു യേശു: എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതു എന്തു എന്നു അർത്ഥമുള്ള എലോഹീ, എലോഹീ ലമ്മാ ശബ്ബക്താനീ എന്നു അത്യുച്ചത്തിൽ നിലവിളിച്ചു.” (മർക്കൊ, 15:33-34). നമ്മുടെ കർത്താവായ ക്രിസ്തുവിൻ്റെ ദൈവമാണ് യഹോവയായ ഏകദൈവമെന്ന് മേല്പറഞ്ഞ വേദഭാഗങ്ങളിലൂടെ അസന്ദിഗ്ദ്ധമായി തെളിയുന്നു: (യോഹ, 20:17).
⓫ ആത്മാക്കളുടെ ഉടയവനായ യഹോവ:
➟ യഹോവ സകല ജഡത്തിൻ്റെയും ആത്മാക്കളുടെ ദൈവമാണ്: “സകല ജഡത്തിന്റെയും ആത്മാക്കളുടെ ദൈവമായ യഹോവ സഭയുടെ മേൽ ഒരാളെ നിയമിക്കുമാറാകട്ടെ എന്നു പറഞ്ഞു.” (സംഖ്യാ, 27:17). ➟“നിന്റെ കയ്യിൽ ഞാൻ എന്റെ ആത്മാവിനെ ഭരമേല്പിക്കുന്നു; വിശ്വസ്തദൈവമായ യഹോവേ, നീ എന്നെ വീണ്ടെടുത്തിരിക്കുന്നു.” (സങ്കീ, 31:5). യേശു മരണസമയത്ത് തൻ്റെ മനുഷ്യാത്മാവിനെ ആത്മാക്കളുടെ ഉടയവനായ യഹോവയുടെ കയ്യിൽ ഏല്പിച്ചിട്ടാണ് മരിച്ചത്: “യേശു അത്യുച്ചത്തിൽ പിതാവേ, ഞാൻ എന്റെ ആത്മാവിനെ തൃക്കയ്യിൽ ഏല്പിക്കുന്നു” എന്നു നിലവിളിച്ചു പറഞ്ഞു; ഇതു പറഞ്ഞിട്ടു പ്രാണനെ വിട്ടു.” (ലൂക്കൊ, 23:46). സകല ജഡത്തിൻ്റെയും ആത്മാക്കളുടെ ദൈവം, ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) ഏകമനുഷ്യനായ യേശുവിൻ്റെയും ദൈവമാണ്: (റോമ, 5:15). [കാണുക: യഹോവ സകലജഡത്തിൻ്റെയും ദൈവം]
⓬ പിതാക്കന്മാരുടെ ദൈവത്താൽ ഉയിർപ്പിക്കപ്പെട്ടവൻ:
➟ യഹോവ പൂർവ്വപിതാക്കന്മാരുടെ ദൈവമാണ്: “അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും ദൈവമായി, നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ എനിക്കു പ്രത്യക്ഷനായി കല്പിച്ചതു:” (പുറ, 3:16). അബ്രാഹാമിൻ്റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും ദൈവം യഹോവയാണെന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാകില്ല: (1രാജാ, 18:36; 1ദിന, 29:18; 2ദിന, 30:6 → പ്രവൃ, 3:13; പ്രവൃ, 5:30; പ്രവൃ, 7:32). പരിശുദ്ധനും നീതിമാനുമായ യേശുവിനെ യെഹൂദന്മാർ തള്ളുകയും കൊല്ലുകയും ചെയ്തപ്പോൾ, അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും ദൈവമായ പിതാക്കന്മാരുടെ ദൈവമാണ്, യേശുവിനെ മരണത്തിൽനിന്ന് ഉയിർപ്പിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്തത്: (പ്രവൃ, 3:13-15). യേശുവിനെ മരണത്തിൽനിന്ന് ഉയിർപ്പിച്ചത്, “പിതാക്കന്മാരുടെ ദൈവം” ആയ യഹോവയാണെന്ന് പത്രൊസും (പ്രവൃ, 3:13) “പിതാവായ ദൈവം” ആണെന്ന് പൗലൊസും അസന്ദിഗ്ദ്ധമായി പറഞ്ഞിട്ടുണ്ട്: “മനുഷ്യരിൽ നിന്നല്ല മനുഷ്യനാലുമല്ല യേശുക്രിസ്തുവിനാലും അവനെ മരിച്ചവരുടെ ഇടയിൽനിന്നു ഉയിർപ്പിച്ച പിതാവായ ദൈവത്താലുമത്രേ അപ്പൊസ്തലനായ പൌലൊസും കൂടെയുള്ള സകല സഹോദരന്മാരും ഗലാത്യസഭകൾക്കു എഴുതുന്നതു:” (ഗലാ, 1:1-2). അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും ദൈവമായ നമ്മുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയാണ്, അബ്രാമിൻ്റെയും ദാവീദിൻ്റെയും പുത്രനായ ക്രിസ്തുവിന്റെ പിതാവും ദൈവവും: (പ്രവൃ, 3:13 – മത്താ, 1:1; യോഹ, 20:17).
⓭ യേശുവിൻ്റെ പിതാവും ദൈവവും നമ്മുടെ പിതാവും ദൈവവും:
➟ ദൈവപുത്രനായ യേശുവിൻ്റെയും നമ്മുടെയും പിതാവും ദൈവവും ഒരുവനാണ്: “മറിയയോടു: എന്നെ തൊടരുതു; ഞാൻ ഇതുവരെ പിതാവിന്റെ അടുക്കൽ കയറിപ്പോയില്ല; എങ്കിലും നീ എന്റെ സഹോദരന്മാരുടെ അടുക്കൽ ചെന്നു: എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു എന്നു അവരോടു പറക എന്നു പറഞ്ഞു.❞ (യോഹ, 20:17). ഈ വേദഭാഗത്ത്, എന്റെ പിതാവും ദൈവവും നിങ്ങളുടെ പിതാവും ദൈവവും ഒരുവനാണെന്ന് പറയുന്നത് വായിൽ വഞ്ചനയില്ലാത്ത ക്രിസ്തുവാണ്: (1പത്രൊ, 2:22). ബന്ധം വ്യത്യസ്തമാണെങ്കിലും പിതാവായ യഹോവ, ദൈവപുത്രനായ യേശുക്രിസ്തുവിൻ്റെയും പിതാവും ദൈവവുമാണ്: (മത്താ, 27:46;മർക്കൊ, 15:33). യേശുക്രിസ്തുവിനെയല്ല; യേശുക്രിസ്തുവിൻ്റെ ദൈവത്തെയാണ് അപ്പൊസ്തലന്മാൻ വാഴുത്തുകയും സ്തുതിക്കുകയും സ്തോത്രം ചെയ്യുകയും ചെയ്തത്: “നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായി എന്നേക്കും വാഴ്ത്തപ്പെട്ടവൻ ഞാൻ ഭോഷ്കല്ല പറയുന്നതു എന്നറിയുന്നു.❞ (2കൊരി, 11:31 ⁃- എഫെ, 1:3; എഫെ, 1:17; റോമ, 15:5; 2കൊരി, 1:3; കൊലൊ, 1:5; 1പത്രൊ, 1:3). അതിനാൽ യേശുക്രിസ്തുവിൻ്റെ ദൈവവും പിതാവുമായവനാണ് യഹോവയെന്ന് സ്ഫടികസ്ഫുടം വ്യക്തമാകുന്നു.
☛ യേശു പഠിപ്പിച്ചതു മുഴുവൻ യഹോവയായ ഏകദൈവത്തെക്കുറിച്ചാണ്:
𝟭. മനുഷ്യൻ അപ്പംകൊണ്ടു മാത്രമല്ല, ദൈവത്തിന്റെ വായിൽകൂടി വരുന്ന സകലവചനംകൊണ്ടും ജീവിക്കുന്നു. (മത്താ, 4:4; ലൂക്കൊ, 4:4 ⁃ ആവ, 8:3).
𝟮. യേശു അവനോടു: “നിന്റെ ദൈവമായ കർത്താവിനെ പരീക്ഷിക്കരുതു എന്നും കൂടെ എഴുതിയിരിക്കുന്നു” എന്നു പറഞ്ഞു. (മത്താ, 4:7; ലൂക്കൊ, 4:12 ⁃ ആവ, 6:16)
𝟯. യേശു അവനോടു: “സാത്താനേ, എന്നെ വിട്ടുപോ; ‘നിന്റെ ദൈവമായ കർത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ ആരാധിക്കാവു’ എന്നു എഴുതിയിരിക്കുന്നുവല്ലോ” എന്നു പറഞ്ഞു. (മത്താ, 4:10; ലൂക്കൊ, 4:8 ⁃ ആവ, 6:13; 10:20)
𝟰. “ദരിദ്രന്മാരോടു സുവിശേഷം അറിയിപ്പാൻ കർത്താവു എന്നെ അഭിഷേകം ചെയ്കയാൽ അവന്റെ ആത്മാവു എന്റെമേൽ ഉണ്ടു; ബദ്ധന്മാർക്കു വിടുതലും കുരുടന്മാർക്കു കാഴ്ചയും പ്രസംഗിപ്പാനും പീഡിതന്മാരെ വിടുവിച്ചയപ്പാനും കർത്താവിന്റെ പ്രസാദവർഷം പ്രസംഗിപ്പാനും എന്നെ അയച്ചിരിക്കുന്നു. (ലൂക്കോ, 4:18-19 ⁃ യെശ, 61:1-2).
𝟱. അതിന്നു അവൻ: “സൃഷ്ടിച്ചവൻ ആദിയിൽ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു.” (മത്താ, 19:4; മർക്കൊ, 10:6 ⁃ ഉല്പ, 1:27)
𝟲. “എന്റെ ആലയം പ്രാർത്ഥാനാലയം എന്നു വിളിക്കപ്പെടും എന്നു എഴുതിയിരിക്കുന്നു.” (മത്താ, 21:13; മർക്കൊ, 11:17; ലൂക്കൊ, 19:46 ⁃ യെശ, 56:7; യിരെ, 7:11)
𝟳. “ഞാൻ അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും ആകുന്നു എന്നു അവൻ അരുളി ച്ചെയ്യുന്നു; എന്നാൽ അവൻ മരിച്ചവരുടെ ദൈവമല്ല, ജീവനുള്ളവരുടെ ദൈവമത്രേ.” (മത്താ, 22:32; മർക്കൊ, 12:26; പ്രവൃ, 7:32 ⁃ പുറ, 3:6)
𝟴. എല്ലാറ്റിലും മുഖ്യകല്പനയോ: “യിസ്രായേലേ, കേൾക്ക; നമ്മുടെ ദൈവമായ കർത്താവു ഏക കർത്താവു. നിന്റെ ദൈവമായ കർത്താവിനെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടും കൂടെ സ്നേഹിക്കേണം” എന്നു ആകുന്നു. (മർക്കൊ, 12:29-30; മത്താ, 22:37; ലൂക്കൊ, 10:27 ⁃ ആവ, 6:5; 10:12; 30:6)
𝟵. “ഏകദേശം ഒമ്പതാംമണി നേരത്തു യേശു: ഏലീ, ഏലീ, ലമ്മാ ശബക്താനി” എന്നു ഉറക്കെ നിലവിളിച്ചു; എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതു എന്തു എന്നർത്ഥം (മത്താ, 27:46; മർക്കൊ,15:34 ⁃ സങ്കീ, 22:1-3)
𝟭𝟬. യേശു അത്യുച്ചത്തിൽ “പിതാവേ, ഞാൻ എന്റെ ആത്മാവിനെ തൃക്കയ്യിൽ ഏല്പിക്കുന്നു എന്നു നിലവിളിച്ചു പറഞ്ഞു; ഇതു പറഞ്ഞിട്ടു പ്രാണനെ വിട്ടു.” (ലൂക്കോ, 23:46 ⁃ സങ്കീ, 31:5)
𝟭𝟭. “എല്ലാവരും ദൈവത്താൽ ഉപദേശിക്കപ്പെട്ടവർ ആകും എന്നു പ്രവാചകപുസ്തകങ്ങളിൽ എഴുതിയിരിക്കുന്നു. പിതാവിനോടു കേട്ടുപഠിച്ചവൻ എല്ലാം എന്റെ അടുക്കൽ വരും.” (യോഹ, 6:45 ⁃ യെശ, 54:13)
ക്രിസ്തു ആരാണ്? അല്ലെങ്കിൽ, അവൻ്റെ അസ്തിത്വം എന്താണ്? എന്നറിയാൻ: [കാണുക: ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക]
2 thoughts on “ക്രിസ്തുവിൻ്റെ പിതാവും ദൈവവുമായ യഹോവ”