ദമേത്രിയൊസ്

ദമേത്രിയൊസ് (Demetrius)

പേരിനർത്ഥം – സീസറിൻ്റെ സ്വന്തം

ഈ പേരിൽ രണ്ടുപേർ പുതിയനിയമത്തിലുണ്ട്: 

1. എഫെസൊസ് പട്ടണത്തിൽ പൗലൊസിനു വിരോധമായി കലഹമുണ്ടാക്കിയ ഒരു തട്ടാൻ. (പ്രവൃ, 19:24). ഇവൻ വെളളികൊണ്ട് അർത്തെമിസ് ദേവിയുടെ ക്ഷേത രൂപങ്ങളെ തീർക്കുന്നവനായിരുന്നു.

2. എല്ലാവരാലും സാക്ഷ്യം ലഭിച്ചവൻ എന്നു യോഹന്നാൻ്റെ ലേഖനത്തിൽ പ്രകീർത്തീക്കപ്പെടുന്ന ഒരു ക്രിസ്ത്യാനി. (3യോഹ, 1:12).

ദിയൊനുസ്യോസ്

ദിയൊനുസ്യോസ് (Dionysius) 

പേരിനർത്ഥം – ബച്ചസിനു സമർപ്പിച്ച

പൗലൊസ് അപ്പൊസ്തലൻ അഥേനയിലെ അരയോപഗക്കുന്നിൽ പ്രസംഗിച്ചതിനെ തുടർന്നു ക്രിസ്തുവിൽ വിശ്വസിച്ച ഒരു അരയോപഗസ്ഥാനി. പൊതുയോഗങ്ങൾക്കു സൗകര്യമായ ഒരു സ്ഥാനമായിരുന്നു അരയോപഗക്കുന്നുണ്ട്. അവിടെ ചിന്തകന്മാരും മതപണ്ഡിതന്മാരും തമ്മിൽ വാദപ്രതിവാദങ്ങൾ നടക്കുക പതിവായിരുന്നു. ആ സ്ഥലത്തെ ഉന്നതാധികാര കൗൺസിലിലെ പന്ത്രണ്ടു ജഡ്ജിമാരിൽ ഒരാളായിരുന്നു ദിയൊനുസ്യോസ്. (പ്രവൃ, 17:19-34).

ദിയൊത്രെഫേസ്

ദിയൊത്രെഫേസ് (Diotrephes)

പേരിനർത്ഥം – വ്യാഴദേവൻ്റെ പോഷണം

അപ്പൊസ്തലനായ യോഹന്നാൻ്റെ അധികാരത്തെ ധിക്കരിക്കയും പരസ്യമായി എതിർക്കുകയും ചെയ്ത ഒരു വ്യക്തി. യോഹന്നാൻ ഗായോസിനു കത്തെഴുതിയപ്പോൾ ഇക്കാര്യം സൂചിപ്പിച്ചു. അപ്പൊസ്തലിക അധികാരത്തെ അനാദരിക്കുന്നവനും ദുരാഗ്രഹിയുമായ ദിയൊതെഫേസ് സഹോദരന്മാരെ കൈക്കൊണ്ടില്ല. അതിനു മനസ്സുള്ളവരോടു വിരോധം കാണിക്കുകയും അവരെ സഭയിൽ നിന്നു പുറത്താക്കുകയും ചെയ്തു. (3യോഹ, 9-10).

ദാര്യാവേശ്

ദാര്യാവേശ് (Darius)

പേരിനർത്ഥം – അധികാരി

ബൈബിളിൽ ദാര്യാവേശ് എന്നപേരിൽ മൂന്നു രാജാക്കന്മാരെക്കുറിച്ചു പറയുന്നുണ്ട്. ഇവരിൽ ഒരാൾ മേദ്യനും മറ്റു രണ്ടുപേർ പാർസ്യരും ആണ്. 

1. ദാര്യാവേശ് ഹിസ്റ്റാസ്പെസ് (Darius Hystaspes): കാലം ബി.സി. 521-486. മഹാനായ കോരെശ് ചക്രവർത്തി സ്ഥാപിച്ച പാർസ്യസാമ്രാജ്യത്തെ ഉറപ്പിച്ചത് ഭാര്യാവേശ് ആണ്. കോരെശിനുശേഷം പുത്രനായ കാംബിസസ് ബി.സി. 529-ൽ ചക്രവർത്തിയായി. ഉത്തരാഫ്രിക്കയും എത്യോപ്യയും ആക്രമിക്കാനുളള ശ്രമത്തിൽ കാംബിസസ് പരാജയപ്പെട്ടു. ഈ ദുരവസ്ഥയിൽ കോരെശിന്റെ പുത്രനെന്ന കാപട്യത്തിൽ ഒരുവൻ സിംഹാസനം പിടിച്ചെടുത്തു. ഉടൻ കാംബിസസ് സ്വന്തം ജീവനൊടുക്കി. ബി.സി. 521-ൽ ഹിസ്റ്റാസ്പെസിന്റെ പുത്രനായ ദാര്യാവേശ് അധികാരം പിടിച്ചെടുത്തു. കോരെശിന്റെ കാലത്തു സാമ്രാജ്യം സമാധാനവും സംതൃപ്തിയും അനുഭവിക്കുകയായിരുന്നു. എന്നാൽ കാംബിസസ്സിൻ്റെ കാലത്തു ദുർഭരണം ഹേതുവായി പ്രക്ഷോഭണങ്ങൾ ഉടലെടുത്തു. ആറു വർഷത്തെ കഠിന പരിശ്രമം കൊണ്ട് എല്ലാ ലഹളയും ദാര്യാവേശ് അടിച്ചമർത്തി. ബി.സി. 515-ാം വർഷത്തോടു കൂടി കോരെശും കാംബിസസ്സും കീഴടക്കിയിരുന്ന സർവ്വപദേശങ്ങളും ഭാര്യാവേശിന്റെ അധികാരത്തിൽ വന്നു. വിധേയരാജ്യങ്ങൾക്ക് സ്വാതന്ത്ര്യം നല്കുന്ന നയമാണ് കോരെശ് സ്വീകരിച്ചിരുന്നത്. പ്രാദേശികഭരണത്തിൽ വളരെക്കുറച്ചു മാത്രമേ ചക്രവർത്തി ഇടപെട്ടിരുന്നുളളു. ദാര്യാവേശ് ഈ രീതി മാറ്റി. രാജ്യത്തെ സാത്രപുകളായി വിഭജിക്കുകയും അവയുടെ അധിപനായി പൂർണ്ണ അധികാരത്തോടു കൂടിയ സാത്രപിനെ നിയമിക്കുകയും ചെയ്തു. ഈ വ്യവസ്ഥ പലസ്തീനിലും ഏർപ്പെടുത്തി. മടങ്ങിവന്ന യെഹൂദാ പ്രവാസികൾ പേർഷ്യൻ പ്രവിശ്യയായ യെഹൂദയെയാണ് തങ്ങളടെ വാസസ്ഥാനമാക്കിയത്. ബി.സി. 512-ൽ ദാര്യാവേശ് ഭാരതത്തിന്റെ വടക്കു പടിഞ്ഞാറുഭാഗം ആക്രമിച്ചു. പേർഷ്യൻ സാമ്രാജ്യം കാക്കസസ് മുതൽ ഉത്തര ഗ്രീസിന്റെ അതിരുകൾ വരെയും ഹിന്ദുസ്ഥാൻ മുതൽ കുശു വരെയും വ്യാപിച്ചു. (എസ്ഥേ, 1:1). 

യെഹൂദന്മാരെ ഉപദ്രവിക്കാതെ അവരുടെ ദൈവാലയം പണിയുന്നതിന് ദാര്യാവേശ് അനുവാദവും സഹായവും നല്കി. കോരെശിന്റെ കാലത്തു ദൈവാലയത്തിൻ്റെ പണി ആരംഭിച്ചു എങ്കിലും ശമര്യരുടെയും മറ്റു ശതുക്കളുടെയും എതിർപ്പുമൂലം പണി പൂർത്തിയാക്കുവാൻ കഴിഞ്ഞില്ല. (എസ്ര, 4:5,24). കോാശിന്റെ പിൻഗാമിയായ കാബിസസിന് ഇതിൽ ഇടപെടാൻ കഴിഞ്ഞില്ല. അങ്ങനെ വിശുദ്ധമന്ദിരത്തിന്റെ പുനസ്ഥാപനം പതിനേഴു വർഷം മുടങ്ങിക്കിടന്നു. ഭാര്യാവേശിന്റെ സിംഹാസനാരോഹണം പ്രതീക്ഷയ്ക്കു വകനല്കി. ദേശധിപതിയായ തത്നായിയും കൂട്ടരും ഭാര്യാവേശിനു പ്രതിക എഴുതി അയച്ചു. (എസ്രാ, 5:3-17). പഴയ രേഖകളിൽ നിന്നും കോരെശിന്റെ കല്പന കണ്ടെടുത്തു. (എസ്രാ, 6:1-5) ഭാര്യാവശ് അത് സ്ഥിരീകരിക്കുകയും പണിക്കാവശ്യമായ പണവും സാധനങ്ങളും കൊടുക്കണമെന്നു കാണിച്ചു കല്പന പുറപ്പെടുവിക്കുകയും ചെയ്തു. (എസ്രാ, 6:6, 12). ദേശാധിപതിയും ഉദ്യോഗസ്ഥന്മാരും ഭാര്യാവേശിന്റെ കല്പനയെ ജാഗ്രതയോടു കൂടെ നടപ്പിലാക്കി. തത്ഫലമായി ബി.സി. 516-ൽ ദൈവാലയത്തിന്റെ പണിപൂർത്തിയായി ദൈവാലയം പ്രതിഷ്ഠിക്കപ്പെട്ടു. 

2. മേദ്യനായ ദാര്യാവേശ്: ദാനീയേൽ പ്രവചനത്തിൽ മേദ്യനായ ദാര്യാവേശ് 62 വയസ്സുളളവനായി രാജത്വം പ്രാപിച്ചു എന്നു കാണുന്നു. (ദാനീ, 5:31; 6 : 1 , 6, 9, 25, 28; 9:1; 11:1). ദാര്യാവേശ് എന്ന പേരിൽ ഒരു ചക്രവർത്തി ഈ കാലത്തു രാജ്യം ഭരിച്ചിരുന്നില്ല എന്നും തന്മൂലം ദാനീയേൽ പ്രവചനം പില്ക്കാലത്തു എഴുതപ്പെട്ടതാണെന്നും വിമർശകർ ചൂണ്ടിക്കാട്ടി. എന്നാൽ കോരെശിൻ്റെ കാലത്തു ബാബേലിലെ ഗവർണറായി അയച്ചിരുന്ന ഗോബ്രിയാസ് (ഗുബാരു) തന്നെയാണ് ഇദ്ദേഹം എന്നു ചരിത്ര പണ്ഡിതന്മാർ തെളിയിച്ചിട്ടുണ്ട്. ദാര്യാവേശ് എന്നതു ഗുബാരുവിന്റെ മറുപേര് ആയിരിക്കണം. കല്ദയ രാജാവായ ബേൽശസ്സറിന്റെ ഭരണകാലത്തെ തുടർന്നു തന്നെയാണു മേദ്യനായ ദാര്യാവേശിന്റെ കാലം ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്നത്. പിന്നീടു കണ്ടെടുക്കപ്പെട്ട രേഖകളിൽ ഗുബാരു ഈ കാലഘട്ടത്തിൽ 14 വർഷം ബാബേലിൽ ഗവർണറായിരുന്നു എന്നു വ്യക്തമായി പറഞ്ഞിട്ടുണ്ട്. രാജത്വം പ്രാപിച്ചു എന്നതുകൊണ്ടു (ദാനീ, 5:31) കോരെശിന്റെ അധികാരം ഇല്ലാതാകുന്നില്ല. രാജ്യത്തിൽ ദേശാധിപതിമാരെ നിയമിക്കുവാനും സിവിൽക്രിമിനൽ അധികാരങ്ങൾ നടത്തുവാനും മറ്റുമുള്ള വിപുലമായ അധികാരം തനിക്കുണ്ടായിരുന്നതു കൊണ്ടാണു രാജത്വം പ്രാപിച്ചു എന്ന് എഴുതിയിരിക്കുന്നത്. ‘കല്ദയ രാജ്യത്തിനു രാജാവായി തീർന്നവൻ’ (ദാനീ, 9:1) , ‘ദാര്യാവേശിന്റെ വാഴ്ചയിലും കോരെശിന്റെ വാഴ്ചയിലും’ (ദാനീ, 6:28) എന്നീ പ്രയോഗങ്ങളും ശ്രദ്ധിക്കുക. തുടർന്നു വരുന്ന രണ്ടു രാജാക്കന്മാരുടെ വാഴ്ചയിലെന്നല്ല ഒരേ കാലത്തു ഭരണം നടത്തിയ രണ്ടുപേരുടെ വാഴ്ചയിൽ എന്ന അർത്ഥമാണ് 6:28-നുളളത്. ദാനീയേൽ 6:25-ലെ കല്പന 6:7-ലെ കല്പന തിരുത്തുവാനാണല്ലോ പുറപ്പെടുവിച്ചത്. ‘എന്റെ രാജാധിപത്യത്തിൽ ഉൾപ്പെട്ട’ എന്നു മാത്രമാണ് അതിൽ പറഞ്ഞിരിക്കുന്നത്. കോരെശിന്റെ രാജ്യാർത്തി മുഴുവൻ താൻ അവകാശപ്പെടുന്നില്ല. മാത്രമല്ല, ഗുബാരു അഹശ്വേരോശിന്റെ പുത്രനും മേദ്യനും ആണ്. അതു കൊണ്ടു മേദ്യനായ ദാര്യാവേശ് ഗുബാരു ആണെന്നും, ദാനീയേൽ പ്രവചനം ചരിത്രപരമായി ശരിയാണെന്നും വ്യക്തമാണ്. 

3. പാർസിരാജാവായ ദാര്യാവേശ്: പാർസിരാജ്യം ഭരിച്ച അവസാനത്തെ രാജാവായ (ബി.സി. 336-330) ദാര്യാവേശ് കൊദൊമന്നുസ്. മഹാപുരോഹിതനായ യദുവാ ഇദ്ദേഹത്തിന്റെ കാലത്തു ജീവിച്ചിരുന്നു. (നെഹെ, 12:12). അലക്സാണ്ടർ ചക്രവർത്തിയെ സ്വാഗതം ചെയ്ത ഒരു യദുവായെക്കുറിച്ചു ജൊസീഫസ് പറയുന്നു. പാർസി രാജ്യത്തെ നശിപ്പിച്ചത് അലക്സാണ്ടർ ചക്രവർത്തി ആയിരുന്നു.

ദാൻ

ദാൻ (Dan) 

പേരിനർത്ഥം – ന്യായാധപൻ

യാക്കോബിന്റെ അഞ്ചാമത്തെ പുത്രനും റാഹേലിന്റെ ദാസിയായ ബിൽഹയുടെ മൂത്തമകനും. യാക്കോബിനു റാഹേലിന്റെയും ലേയയുടെയും ദാസിമാരിൽ ജനിച്ച നാലു പുത്രന്മാരിൽ ആദ്യനാണ് ദാൻ. ലേയ നാലു പുത്രന്മാരെ പ്രസവിച്ചപ്പോൾ സഹോദരിയായ റാഹേൽ വന്ധ്യയായിരുന്നു. നിരാശയായ റാഹേൽ തന്റെ ദാസി ബിൽഹയെ യാക്കോബിന് വെപ്പാട്ടിയായി നല്കി. അവൾ ഒരു പുത്രനെ പ്രസവിച്ചു. ആ കുഞ്ഞിനെ സ്വന്തമായി അംഗീകരിച്ചുകൊണ്ട് റാഹേൽ പറഞ്ഞു. “ദൈവം എനിക്കു ന്യായം നടത്തി എന്റെ അപേക്ഷ കേട്ടു. എനിക്ക് ഒരു മകനെ തന്നു എന്നു പറഞ്ഞു; അതുകൊണ്ടു അവനു ദാൻ എന്നു പേരിട്ടു. (ഉല്പ, 30:6). ദാനിനെ സംബന്ധിച്ചു മറ്റു വിവരങ്ങളൊന്നും ലഭ്യമല്ല. യാക്കോബിന്റെ മരണശയ്യക്കരികെ അനുഗ്രഹത്തിനു വേണ്ടി പുത്രന്മാർ കൂടിനിന്നപ്പോൾ ദാനും ഉണ്ടായിരുന്നു. അർദ്ധ സഹോദരന്മാരോടൊപ്പം ദാനിനെയും പിതാവ് അനുഗ്രഹിച്ചു; അവർക്കു തുല്യമായ ഓഹരി ദാനിനും നല്കി. (ഉല്പ, 49:16-18).

ദാൻഗോത്രം: യിസ്രായേലിലെ പന്ത്രണ്ടു ഗോത്രങ്ങളിലൊന്ന്. ദാനിൽ നിന്നു ദാൻഗോതം ഉത്ഭവിച്ചു. ദാനിന്റെ പുത്രനാണ് ഹൂശീം. ഹൂശീം ബഹുവചനമായതു കൊണ്ട് അതിനെ കുടുംബത്തിന്റെ പേരായി കരുതുന്നവരുണ്ട്. പുറപ്പാടിന്റെ കാലത്ത് ഒന്നാമത് ജനസംഖ്യ എടുത്തപ്പോൾ ദാൻ ഗോത്രത്തിൽ പ്രായപൂർത്തിയായ 62,700 പുരുഷന്മാർ ഉണ്ടായിരുന്നു. (സംഖ്യാ, 1:39). അടുത്ത ജനസംഖ്യയെടുപ്പിൽ 64,400 ആയി വർദ്ധിച്ചു. (സംഖ്യാ, 26:43). ജനസംഖ്യയിൽ രണ്ടാംസ്ഥാനം ദാൻഗോത്രത്തിനാണ്. മരുഭൂമി പ്രയാണത്തിൽ ആശർ, നഫ്താലി എന്നീ ഗോത്രങ്ങളോടൊപ്പം സമാഗമനകൂടാരത്തിന്റെ വടക്കുഭാഗത്തായിരുന്നു ദാനിന്റെ സ്ഥാനം. (സംഖ്യാ, 2:25). ദാനിന്റെ കൊടി വെളുപ്പും ചുവപ്പും ഉള്ളതും സർപ്പവൈരിയായ കഴുകൻ്റെ അടയാളത്തോടു കൂടിയതും ആയിരുന്നു. സർപ്പമായിരുന്നു ദാനിന്റെ കൊടിയടയാളം. യാക്കോബു തൻ്റെ അനുഗ്രഹത്തിൽ ദാനിനെ സർപ്പത്തോടാണ് താരതമ്യപ്പെടുത്തിയത്. തന്റെ കൊടിയിൽ സർപ്പത്തെ വഹിക്കുന്നതിന് വൈമുഖ്യം കാണിച്ച അഹീയേസറാണ് (ദാൻ ഗോത്രത്തിന്റെ പ്രഭു) കഴുകനെ കൊടിയടയാളമായി സ്വീകരിച്ചത്. ദാൻഗോത്രത്തിൽ ചില പ്രധാന വ്യക്തികളുണ്ടായിരുന്നു. സമാഗമനകൂടാരത്തിലെ പാത്രങ്ങളും ഉപകരണങ്ങളും നിർമ്മിച്ച അഹോലിയാബ് ഒരു ദാന്യനായിരുന്നു. സോർ രാജാവായ ഹൂരാം ആലയപ്പണിക്കു വേണ്ടി ശലോമോനു നല്കിയ വിദഗ്ദ്ധനായ വേലക്കാരൻ ഒരു ദാന്യസ്ത്രീയുടെ മകനായിരുന്നു. (2ദിന, 2:13,14). ന്യായാധിപനായ ശിംശോൻ ഒരു ദാന്യനായിരുന്നു. (ന്യായാ, 13:2). 

ഗോത്രങ്ങളിൽ വച്ച് ഒടുവിൽ ഓഹരി ലഭിച്ചത് ദാനിനാണ്. അവരുടെ ഓഹരി ചെറുതായിരുന്നു. അത് എഫ്രയീം, ബെന്യാമീൻ, യെഹൂദാ, മനശ്ശെ എന്നീ ഗോത്രങ്ങൾക്കിടയിൽ ആയിരുന്നു. (യോശു, 19:40-46). ജനസംഖ്യയിൽ വലിയ ഗോത്രങ്ങളിലൊന്നായതു കൊണ്ട് ഈ പ്രദേശം അവർക്കു മതിയായിരുന്നില്ല. കൂടാതെ അമോര്യർ ദാന്യരെ മലനാട്ടിലേക്ക് തള്ളിക്കയറ്റി. (ന്യായാ, 1:34). അമോര്യരാകട്ടെ മെഡിറ്ററേനിയൻ തീരദേശത്തുള്ള ഫെലിസ്ത്യരാൽ ഞെരുക്കപ്പെട്ടുകൊണ്ടിരുന്നു. അതിനാൽ യാതൊരു മുന്നറിയിപ്പും കൂടാതെ ദാന്യർ ശാന്തശീലരായിരുന്ന ലേശെമിലെ ജനതയോട് യുദ്ധം ചെയ്തു ലേശെമിനെ പിടിച്ചെടുത്തു ദാൻ എന്നു പേരിട്ടു, വടക്കുള്ള ബാശാന്റെ പുതിയ പ്രദേശത്ത് പാർപ്പുറപ്പിച്ചു. (യോശു, 19:47; ന്യായാ, 18:1-27). ദാന്യർക്കു ശക്തി ഉണ്ടായിരുന്നിട്ടും സീസെര രാജ്യത്തെ ഭീഷണിപ്പെടുത്തിയപ്പോൾ അവർ രംഗത്തില്ലായിരുന്നു. അനന്തരം ദെബോര പരിഹാസ നിർഭരമായി ചോദിച്ചു; “ദാൻ കപ്പലുകൾക്കരികെ താമസിക്കുന്നതെന്ത്?” (ന്യായാ, 5:18). 

യാക്കോബിന്റെ സന്തതികളുടെ വിവരണം 1ദിനവൃത്താന്തം 2-8 അദ്ധ്യായങ്ങളിൽ നല്കിയിട്ടുണ്ട്. എന്നാൽ 1ദിനവൃത്താന്തം 2:2-ൽ യാക്കോബിന്റെ പുത്രന്മാരെ പട്ടികയിൽ ഉൾക്കൊള്ളിച്ച ശേഷം ദാനിനെക്കുറിച്ചോ അവന്റെ സന്തതികളെക്കുറിച്ചോ ഒരു സൂചനപോലും നല്കിയിട്ടില്ല. മഹാപീഡനകാലത്തു രക്ഷയ്ക്കായി മുദ്രയിടപ്പെടുന്ന ഗോത്രങ്ങളുടെ പട്ടികയിൽനിന്നും ദാൻ ഒഴിവാക്കപ്പെട്ടിരിക്കുന്നു. (വെളി, 7:6). എതിർക്രിസ്തു ദാൻഗോത്രത്തിൽ നിന്നു എഴുന്നേല്ക്കും എന്നതിന്റെ സൂചനയായി പലരും ഇതിനെ കരുതുന്നു. ഈ ധാരണ ഉല്പത്തി 49:17-നെ അടിസ്ഥാനമാക്കി ഉള്ളതും ഐറേനിയൂസിന്റെ കാലത്തോളം പഴക്കമുള്ളതുമാണ്. വിഗ്രഹാരാധനയിലേക്കു തിരിഞ്ഞ ആദ്യ ഗോത്രമാകയാലാണ് ഈ ഒഴിവാക്കൽ എന്നു കരുതുന്നവരുണ്ട്. വെളിപ്പാട് 7:6-ൽ ദാനിന്റെ സ്ഥാനം മനശ്ശെയുടെ അർദ്ധഗോത്രം കരസ്ഥമാക്കിയിരിക്കുന്നു. അതിനാൽ മനശ്ശെ ദാനിനു പകരം പകർപ്പെഴുത്തിൽ വന്ന പിഴയായിരിക്കണം. വിഗ്രഹാരാധനയിലേക്കു തിരിഞ്ഞ ആദ്യഗോത്രം ദാൻ ആയിരുന്നു. (ന്യായാ, 18). പത്തുഗോത്രങ്ങൾ പിരിഞ്ഞുപോയി യൊരോബെയാമിനെ രാജാവായി വാഴിച്ചപ്പോൾ ദാൻ യിസ്രായേൽ രാജ്യത്തിൻറെ വടക്കെ അറ്റവും പൊന്നുകൊണ്ടുള്ള കാളക്കുട്ടിയുടെ ആരാധനാകേന്ദ്രവും ആയി. (1രാജാ, 12:28-30). ഫിനിഷ്യരും മറ്റുജാതികളും ആയുള്ള മിശ്രവിവാഹവും ദാന്യരുടെ വിഗ്രഹാരാധനാ പ്രവണതയെ വർദ്ധിപ്പിച്ചു. ദാനിന്റെ സന്തതിയായ ഒരുവൻ യഹോവയുടെ നാമം ദുഷിച്ചു ശപിച്ചു. അതിനാൽ അവനെ കല്ലെറി ഞ്ഞു കൊന്നു. (ലേവ്യ, 24:10-16 .